ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

9. ചില്ലുമേടയാണേ കല്ലെറിയല്ലേ

രവി

വാങ്കുവിളിക്ക് അനുവാദം നൽകിയത് ആരായിരിക്കും.

ചരിത്രത്തിൽ പള്ളി പണിയാൻ സ്ഥലം കൊടുത്തു എന്നെല്ലാം കാണാറുണ്ടല്ലോ. അപ്പോൾ തീർച്ചയായും ആരെങ്കിലും അനുമതി അരുളിയിട്ടുതന്നെയാവും ആ ആചാരം ഇവിടെ ആരംഭിച്ചതും.

ആരെങ്കിലും എന്നു വെച്ചാൽ ആ കാലത്തെ രാജാവോ നാടുവാഴിയോ.

വീടിനു തൊട്ടടുത്തുതന്നെ ഒരു പള്ളിയുള്ളതുകൊണ്ട് റോസ് വല്ലാതെ വിഷമിക്കുന്നുണ്ട്.

എത്ര ഭംഗിയായി ആലപിച്ചാലും പ്രദേശത്തെ ശാന്തതയെ ഭഞ്ജിക്കുന്നതു തന്നെയല്ലേ ആ ഒച്ച. ഓരി എന്നു കൂടി അതിനെ വിളിക്കുന്നവരുണ്ട്. തീർച്ചയായും ആദ്യകാലത്ത് അതിന് ഉയർന്ന അധികാരികൾ ആരുടെയെങ്കിലും - അന്നത്തെ അരചനോ, അധിപനോ, അല്ലാതാര് - സമ്മതം കിട്ടിയിട്ടുണ്ടാവാതെ തരമില്ല.
അത് നിർത്തിച്ചു കിട്ടാനായി മുൻകൈ എടുക്കാനൊന്നും അവളെക്കൊണ്ടാവില്ല. എന്തിന്, ഒരു അപേക്ഷ എഴുതിക്കൂടേ സർക്കാരിന്. പക്ഷേ അതൊന്നും സാദ്ധ്യമല്ല എന്നാണ് അവൾ ഭയക്കുന്നത്. മതവികാരം വ്രണപ്പെടുമേത്ര.

അപ്പോൾ അല്ലാ തന്നെ രക്ഷിക്കട്ടെ.

ആ വീട് എങ്ങനെയെങ്കിലും ഒന്നു വിൽക്കാം എന്നു വിചാരിച്ചപ്പോഴോ. ഒരു ഹാജ്യാരാണ് ഇവരുടെ മോഹവില തരാൻ തയ്യാറായി വന്ന് സ്ഥലം നോക്കിയത്. ബാങ്കുവിളി കേട്ടതോടെ മൂപ്പര് ഉടനെ കയ്ച്ചിലാവുകയും ചെയ്തു.

എങ്ങനെയുണ്ട്.
ഈ സങ്കുചിത ചിന്താഗതികൾ ആളിക്കത്തുമോ! .

ആലോചന അവിടെ നിർത്തിവെച്ച് ആ ഇടുങ്ങിയ കുളിമുറിയിൽ നിന്നുകൊണ്ട് ഡാലിയ തിരക്കിട്ട് വേഷം മാറി. രണ്ടു സ്ത്രീകൾക്കു കൂടി ഒരുങ്ങാനുണ്ട്. എന്നിട്ടു വേണം ദേവസ്യാച്ചേട്ടന്റെ വീട്ടിൽ പോയി അത്താഴം കഴിക്കാൻ. നാലുചാൽ നടക്കാനുള്ള ദൂരമേയുള്ളൂ, അതിനാൽ വണ്ടി അയയ്ക്കുന്നില്ല എന്നാണ് പുള്ളി കല്പിച്ചത്.

തടി അനങ്ങട്ടെ പെണ്ണുങ്ങളുടെ.
ചുമ്മാ മേലനങ്ങാതെ തിന്നു കൊണ്ടിരുന്നാൽ മതിയോ.
ചൂടോടെ കഞ്ഞിയും പയറും കൊടുക്കുന്നില്ലേ ഞാൻ. അപ്പം ഇച്ചിരി നടക്കട്ടെന്നേ
എന്നുതന്നെ ആയിരുന്നിരിക്കണം അയാളുടെ മനോഗതം. നേരിൽ കാണുമ്പോൾ അത്യാവശ്യം ബഹുമാനമൊക്കെ കാണിക്കുമെങ്കിലും പെണ്ണുങ്ങളെ വിലവെയ്ക്കാൻ ഇഷ്ടമല്ല ഇപ്പോഴും ആർക്കും. എനിക്കാണ് മുഖ്യചുമതല എന്നു കേട്ടപ്പോൾ തന്നെ ആ മുഖം ചുളിഞ്ഞു.

ഈ പെണ്ണുങ്ങൾക്ക് ചാർജ് കിട്ടിയാൽ പുകിലാണെന്നേ. ഒടുക്കത്തെ സംശയമാണ് എല്ലാത്തിനും. പിന്നെ പണി അറിയാവുന്ന ആണുങ്ങൾ കൂടെയുണ്ടെങ്കിൽ ഡ്യൂട്ടി ഒക്കെ മര്യാദയ്ക്ക് നടന്നു പോവും എന്നു മാത്രം- അങ്ങനെ അയാൾ ഉച്ചരിച്ചില്ല എന്നേയുള്ളൂ. മനസ്സിൽ എന്താണെന്ന് ആ മുഖം വിളിച്ചു പറഞ്ഞു.

ഓർത്താൽ ഞങ്ങൾ അദ്ധ്യാപികമാരെക്കൊണ്ട് എന്തെല്ലാം വൃത്തികെട്ട ജോലികളാണ് ചെയ്യിക്കുന്നത്. ഡാലിയ ഇടയ്ക്ക് ധാർമികരോഷം കൊണ്ട് ആകെ ചുവന്നു പോവും.

ബേ, എനിക്കൊക്കെ പറ്റുന്നതാണോ ഈ പ്രിസൈഡിംഗ് ഓഫീസർ പദവി. ഇതിപ്പോൾ മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് എനിക്ക്. ജനാധിപത്യം പൂത്തുലഞ്ഞു പരിലസിക്കുന്ന രാഷ്ട്രീയമായതിനാൽ ഇടയ്ക്കിടയ്ക്കുണ്ടല്ലോ അത്. സമ്മതിദാനം നടക്കുന്നതിന്റെ തലേദിവസം അവിടെ വന്ന് താമസിക്കുക എന്ന ഈ പരിപാടിയാണ് ഏറ്റവും കഠിനം എന്നോട് ചോദിച്ചാൽ. ഒരു സൗകര്യവുമില്ലാത്ത സ്കൂൾ മുറികളിൽ പത്രങ്ങളുടെ മേലെ ചാക്കും തുണിയുമൊക്കെ വിരിച്ച് കിടക്കണം, കൊതുകുണ്ടാവും എല്ലായിടത്തും ധാരാളം, കുളിമുറിയൊക്കെ മിക്കവാറും ശോചനീയമായിരിക്കും, .ഇതൊന്നും പോരാഞ്ഞിട്ട് ഇത്തരം ദേവസ്യാചേട്ടന്മാരുടെ കകൂസ് മുഖവും കാണണം.

എനിക്ക് മടിയൊന്നുമില്ല പക്ഷേ പ്രതികരിക്കാൻ.
തന്റെ കടമ ചെയ്യുകയാണ് അയാൾ എന്ന മട്ടിലേ ഞാൻ ഇതൊക്കെ കാണൂ. സഹായം സ്വീകരിക്കുകയാണ് എന്ന ഭാവമേ എന്റെ മുഖത്ത് വരില്ല.

മറ്റു സ്ത്രീകൾ പക്ഷേ അങ്ങനെയാവണമെന്നില്ലല്ലോ.

വിനീതവിധേയവനിതാകുസുമങ്ങൾ.
അയ്യേ, എന്നാണ് ഇവിടത്തെ പെണ്ണുങ്ങൾക്ക് ഇത്തിരി തന്റേടം വെയ്ക്കുക.
എന്റെ അനിയത്തിയായിട്ടെന്താണ്, റോസ് പോലും ഇങ്ങനെയൊക്കെ തന്നെ.
ഒരു കാലത്തും ഉപ്പ് ശകലം കൂടാതെ ഒരു കറിയോ തോരനോ ഉണ്ടാക്കാൻ അവൾക്ക് പറ്റിയിട്ടില്ല.

പക്ഷേ, അതിന് ഇങ്ങനെ കീഴടങ്ങിക്കൊണ്ട് കഴിയണോ.
കണവൻ അത് എന്നും ക്ഷമിച്ചുതരുന്നു എന്നത് ഒരു വലിയ ഔദാര്യമായി അവൾ കാണുന്നു. അയാൾക്ക് രുചി തിരിച്ചറിയാനാവാഞ്ഞിട്ടാണ് അത് എന്നു കൂടി അവൾക്ക് മനസ്സിലാവുന്നില്ല.

എങ്ങനെ, ബോധം വേണ്ടേ -
സ്വാദ് മനസ്സിലാവാൻ അയാൾക്ക്.
അതേപോലെ അയാളുടെ നിലവാരം തിരിച്ചറിയാൻ അവൾക്ക്.
ആർക്കും ഇല്ലല്ലോ ബോധം.
അയാൾ എന്റെ ഭർത്താവോ മറ്റോ ആവേണ്ടിയിരുന്നു!

പക്ഷേ ഒന്നുണ്ട് കേട്ടോ.
ഡാലിയ, നീ ആണായി ജനിക്കേണ്ടതായിരുന്നു - ഇത്തിരി ശസ്ത്രക്രിയകൾ ചെയ്താൽ മാറാവുന്നതാണ് വേണമെങ്കിൽ - ആലോചിക്കുന്നോ നീ ഡാലിയാ? എന്ന് ആരെങ്കിലും കളിയാക്കിയാൽ ഞാൻ നാണിച്ചുപോവും. അങ്ങനെ ചോദിക്കുന്നവർ ഉണ്ടെന്നേ. മാസത്തിൽ ഒരിക്കലെങ്കിലും നേരിടേണ്ടി വരാറുണ്ട് എനിക്ക് അത്തരം ആളുകളെ.

അതായത് ഹൊമോഫൊബിയാ ഇല്ല എനിക്ക് എന്ന് ചുരുക്കം.
അതുകേട്ട് നാണിക്കുകയാണല്ലോ ഞാൻ. അപകർഷതാബോധം ഉളവാകുന്നില്ലല്ലോ എന്റെ മനസ്സിൽ.

പക്ഷേ ഇസ്​ലാമോഫൊബിയാ ഉണ്ട് കേട്ടോ.
​ഞാൻ എന്തിന് അത് നിഷേധിക്കണം. ലോകത്തിലെ നല്ല രാജ്യങ്ങളിലുള്ള പൗരന്മാർക്കെല്ലാം ഉള്ള ഒരു അസുഖമല്ലേ അത്.

ആഗോളവ്യാപകമായിക്കൊണ്ടിരിക്കുന്ന ഫാഷൻ അല്ലേ.
പിന്നെ പേടിച്ചുകൂടേ ഒരാൾക്ക്. ഫൊബിയാ, മാനിയാ ഒക്കെ ഉണ്ടാവില്ലേ ആർക്കും. അതിൽ എന്തു തെറ്റ്.

ഇപ്പോൾ കുറച്ചു കാലമായിട്ട് ഒരു ഹിന്ദ്വോഫൊബിയാ കൂടി ഉണ്ടെന്നു മാത്രം. ദശാവതാരങ്ങളിൽ ഒന്നാണ് എന്ന പേരിൽ പന്നിയിറച്ചി തിന്നുന്നത് അവർ നിരോധിച്ചാലോ. അയ്യോ, കേരളത്തിലെങ്കിലും അവർ ഒരിക്കലും ഭരണത്തിൽ വരാതിരിക്കട്ടെ. അതിനുവേണ്ടി എന്ത് അതിക്രമം ചെയ്യാനും ഞാൻ തയ്യാർ.

മന്തി വിന്ദാലൂ

വിസ്മയ: എന്താണ് ചെറിമാ ഒന്നും മിണ്ടാതെ?
ചെറി: വിസ്മു, ഞാൻ നിന്നോട് ഉണ്ണിഷ്​ണന്റെ കഥ പറഞ്ഞ്വോ?
വിസ്മയ: ഏത് ഉണ്ണിഷ്ണൻ.
ചെറി: നമ്മുടെ ഉണ്ണിഷ്ണനേയ് - ഹ ഹ ഹ, ഉണ്ണികൃഷ്ണൻ എന്നല്ലേ ശരിക്കും അയാൾടെ പേര്. പക്ഷേ ചിലർ ചിലപ്പോൾ വിളിക്കുക ഉൺഷ്ണൻ എന്നാണ്.
വിസ്മയ: ചിലർ എന്നു വെച്ചാൽ ചെറിയമ്മയെപ്പോലെ ചിലർ?
ചെറി: കൃത്യായിട്ട് അങ്ങനെ അല്ല. ആങ്, ചിലപ്പോൾ ഞാൻ അതിൽ പെട്ടു എന്നു വരും.
വിസ്മയ: (കളിയാക്കി ചിരിച്ച് ) വകയിൽ ഒരു അമ്മാവനായി വന്നൂന്ന് വരും.
ചെറി: ഹ ഹ ഹാ - ഹ്ം, ഈ ഉൺഷ്ണനുണ്ടല്ലോ വിസ്മു, ഈയിടെയായി എപ്പോഴും സങ്കടമാണ്. ഒന്നല്ലെങ്കിൽ മറ്റൊന്ന്. ഇപ്പോൾ എന്താണെന്നറിയാമോ അത് -
വിസ്മയ: (ഓർമ വന്ന് ) ഓ, പ്ലസ്റ്റു കഴിഞ്ഞ മകനെ പുനെ, ചെനൈ എവിടെയോ കൊണ്ടുപോയി ചേർത്ത ആ ഉണ്ണികൃഷ്ണൻ അൻക്ൾ?
ചെറി: ഓ, നീ അയാളെ അൻക്ൾ ആക്കിയോ അപ്പോഴേയ്ക്കും.
വിസ്മയ : ബഹുമാനം വേണ്ടേ ചെറിമാ.
ചെറി: അതുശരി, ഞാൻ പറഞ്ഞുവന്നതേയ് - ഈ ഉൺഷ്ണൻ ഒന്നരാടം ജോലി കഴിഞ്ഞ് പോവുമ്പോൾ മകന് മന്തി വാങ്ങിക്കൊണ്ടുപോവുമായിരുന്നു ട്ട്വോ.
വിസ്മയ: കുഴി - മന്തി.
ചെറി: ഊം, ആവും, എന്തായാലും ഇപ്പോൾ അയാൾ അത് മിസ് ചെയ്യുന്നു വല്ലാതെ - ഇനി ഞാനാർക്ക് മന്തി വാങ്ങിക്കൊടുക്കും?
വിസ്മയ: ശ്ശ്യോ ശ്ശ്യോ ശ്ശ്യോ, ഇനി ഞാനാർക്ക് മന്തി വാങ്ങിക്കൊടുക്കും!
ചെറി: പെട്ടെന്നൊരു ഷോക് ആയി അയാൾക്ക് വാസ്തവത്തിൽ - ഒറ്റ കുട്ടിയല്ലേ. ഇത്രയും കാലം ആളുകൾ പറഞ്ഞപ്പോഴൊന്നും വിശ്വസിച്ചില്ല ഉൺഷ്ണൻ. അതായത് പ്ലസ്റ്റു കഴിഞ്ഞാൽ വിട്ടുപോവും മക്കൾ - പിന്നെ അവർക്ക് അവരുടെ ലോകം - എന്നൊക്കെ പറയുമല്ലോ മറ്റുള്ളവർ.
വിസ്മയ: അപ്പോൾ അദ്ദ്യം അതു വിശ്വസിച്ചില്ലേ?
ചെറി: അതൊക്കെ വെറും പറച്ചിലാണെന്ന് വിചാരിച്ചിട്ടുണ്ടാവും വിസ്മു. പിന്നെ അത്ര വലിയ അകൽച്ച ഉണ്ടാവില്ലാന്നും. കുട്ടികൾ മനഃപൂർവ്വം അകലുന്നതും അല്ലല്ലോ. പുതിയ ക്യാംപസ് - ഓൾനൈറ്റ് ലൈബ്രറി - അർദ്ധരാത്രിക്കും ലാബ് - കഫെറ്റെറിയാ ..... പിന്നെ എന്താ സിലബസ് - നേരം വേണ്ടേ!
വിസ്മയ: ശരി - ശരിയാണ് ചെറിമാ. ഞാൻ പഠിക്കുമ്പോഴേ ഏകദേശം ഇങ്ങനെയൊക്കെ ആയിട്ടുണ്ടായിരുന്നു.
ചെറി: അയാളേയ് - മകൻ ദൂരെ പോയി താമസിക്കുന്നതിന്റെ വിഷമമല്ല പക്ഷേ പ്രകടിപ്പിക്കുന്നത് വിസ്മൂ, എന്തു സൂത്രക്കാരനാണ് ഉൺഷ്ണൻ എന്നു നോക്കൂ.
വിസ്മയ: സൂത്രമോ?!
ചെറി: ആങ്, ഒപ്പം ഇല്ല മകൻ ഇപ്പോൾ എന്നതിന്റെയല്ല സങ്കടം എന്നു ഭാവിക്കുന്നത് ഒരു സൂത്രമല്ലേ. ഇനി ഞാനാർക്ക് മന്തി വാങ്ങിക്കൊടുക്കും, ഇനി ഞാനാർക്ക്.
വിസ്മയ: ഓ ഓ ഓ ചെറിമാ, ഒരു പല്ലവി ആയീല്ലോ ഇത്.
ചെറി: ഏങ്?
വിസ്മയ: ഇനി ഞാനാർക്ക് മന്തി വാങ്ങും ഇനി ഞാനാർക്ക് മന്തി വാങ്ങും.
ചെറി: (വിസ്മയയെ നുള്ളിക്കൊണ്ട് ) നല്ല രസമുണ്ട് അത് പറയാൻ ഇപ്പോൾ, അല്ലേ - മന്തി!
വിസ്മയ: ഔച്! .... (ചിരിച്ചുകൊണ്ട് ) എന്നെ മന്തി എന്നൊന്നും വിളിക്കണ്ടാട്ട്വോ ചെറിമാ. മുമ്പൊരിക്കൽ ഞാൻ സ്യൂ ചെയ്തിട്ടുണ്ട് ഒരാളെ അതിന്.
ചെറി: അതാരാ?
വിസ്മയ: പേർ പറയില്ല ഞാൻ, വേണമെങ്കിൽ ഒരൂസം ചൂണ്ടിക്കാണിച്ചു തരാം.
ചെറി: പോടീ, മരമന്തി!
(അവർ ഇരുവരും ഒരുമിച്ച് ചിരിക്കുന്നു )
ചെറി: പക്ഷേ വിസ്മു, ഉൺഷ്ണന് ചെറീയ ഒരു സംതോഷം ഉണ്ടായിട്ടുണ്ട് ഇന്നലെ, ട്ട്വോ.
വിസ്മയ: അതെന്താണ് അൻക്ൾ, മൂപ്പർക്ക് മന്തി വാങ്ങിക്കൊടുക്കാൻ മറ്റാരെയെങ്കിലും കിട്ടിയോ.
ചെറി: (അടക്കം) വിസ്മു, നീ അയാളെ അൻക്ൾ എന്നൊന്നും റെഫർ ചെയ്യണ്ടാട്ട്വോ. പിന്നെ മൂപ്പർ, അതയാൾക്ക് ഒട്ടും ഇഷ്ടമാവില്ല.
വിസ്മയ: പിന്നെ ഞാനെന്തു വിളിക്കും ചെറിമാ.
ചെറി: എല്ലാവരും ഉൺഷ്ണൻ എന്നു വിളിക്കണം എന്നാണ് അയാൾടെ ഒരു -
വിസ്മയ: പക്ഷേ ഞാനൊക്കെ എങ്ങനെ-
ചെറി: നീ കാണുന്നില്ലല്ലോ ആളെ, കണ്ടുമുട്ടാനും പോവുന്നില്ലല്ലോ ഒരിക്കലും - പിന്നെന്താ.
വിസ്മയ: എന്നാലും ചെറിമായോട് സംസാരിക്കുമ്പോൾ -
ചെറി: (ശാസന) മാഞ്ഞാലം പറയാതെ!, ആങ്, ഞാൻ പറഞ്ഞുവന്നതേയ് - ഉൺഷ്ണന് ചെറിയ ഒരു സമാധാനം ഉണ്ടായിട്ടുണ്ട് ഇപ്പോൾ, മകനേയ് - അവന് അവിടെ വെന്താലൂ കിട്ടൂത്രേ -
വിസ്മയ: വിന്ദാലൂ അല്ലേ അത് ചെറിമാ.
ചെറി: വെന്തതാണോ വേവാത്തതാണോ എന്നൊന്നും നിശ്ചയമില്ല - മന്തി അല്ലാത്ത എന്തോ. വരാഹമാംസം ആണെന്നു തോന്നുന്നു.
വിസ്മയ: ഹായ്, മതിയല്ലോ! ഉൺഷ്ണന് എല്ലാ സങ്കടവും മറക്കാൻ കിട്ടിയില്ലേ ഒരു സൂത്രം ഇപ്പോൾ -
ചെറി: (കണ്ണുമിഴിച്ച് ) അതെന്താ?
വിസ്മയ: എനിക്കു പറ്റുന്നില്ലല്ലോ അവന് വിന്ദാലൂ വാങ്ങിക്കൊടുക്കാൻ, എനിക്കു പറ്റുന്നില്ലല്ലോ - എന്നു മാറ്റിയാൽ പോരേ പല്ലവി!

രു വറ്റ് എടുത്ത് വേവു നോക്കുന്നതല്ലേ സമ്പ്രദായം.
ഒരു ന്യായം കൂടി ഉണ്ട് അങ്ങനെ. എന്നാൽ എന്റെ വേവ് വേറെയാണെന്ന് വിളിച്ചു കൂവുന്ന ഒരു വറ്റ് ഉണ്ടെങ്കിലോ.

വിളംബരം വേണ്ട, ആത്മഗതം ആവാം.

തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരം നേടുന്ന നാട്. ജനാധിപത്യത്തിനു വഴങ്ങിയെന്നു നടിച്ചുകൊണ്ടുള്ള സംഘടനാപ്രവർത്തനം. ഈ ചുറ്റുപാടിൽ ചുരുങ്ങിയത് ഒരു താരമെങ്കിലും ആവുമല്ലോ സ്വാഭാവികമായും എന്റേതു പോലുള്ള അഭിരുചികളുള്ള ഒരാൾ.

പരമഹംസൻ തന്റെ താടിയിൽ തലോടിക്കൊണ്ട് പുഞ്ചിരിച്ചു.
അത് മടുത്തപ്പോൾ അയാൾ പുഞ്ചിരിച്ചുകൊണ്ട് താടിയിൽ തലോടാൻ തുടങ്ങി.

ഹ ഹ ഹ, എന്നെ പരമഹംസർ എന്നു വിളിക്കാനായിരുന്നു അച്ഛന് ആഗ്രഹം. പക്ഷേ അത് പൂജകബഹുവചനമാണ് എന്ന് ആരോ ചൂണ്ടിക്കാണിച്ചതിനാലാണേത്ര അച്ഛൻ എന്നെ പരമഹംസൻ ആക്കിയത്. ഇല്ലെങ്കിൽ ഒരു പത്രാധിപർ ആവുമായിരുന്നേനെ ഞാൻ.

മൂന്നാറിൽ ഇപ്പോൾ വാങ്ങിയ കുന്ന് തരക്കേടില്ല.
അതിന്റെ ചെരിവിൽ ഉള്ള ആ വീട് ഒന്ന് പരിഷ്‌കരിച്ചെടുക്കണം. അവിടെ മാത്രം വളരുന്ന പൂച്ചെടികൾ വെച്ചു പിടിപ്പിച്ച് ഒരു നല്ല തോട്ടം ഉണ്ടാക്കാം ആദ്യം.

അവിടത്തെ ഡാലിയ, റോസ് ഒക്കെ ശ്രദ്ധിച്ചിട്ടില്ലേ - എന്തു വലിപ്പവും നിറവുമാണ്.
ചെറിയ ഒരു താമരക്കുളവും ഏതാനും വള്ളിക്കുടിലുകളും കൂടി വേണം. കേഴമാനും കാട്ടുകോഴിയും കാണാക്കുയിലും പിന്നെ വിഹരിക്കുമായിരിക്കും അവിടെ. പന്നികൾ പക്ഷേ പ്രശ്‌നമുണ്ടാക്കും. അപ്പപ്പോൾ പിടികൂടി തിന്നു തീർക്കണം അവയെ.

കേഴയുടെ ഇറച്ചിയും പുളിക്കുകയൊന്നുമില്ല...
പിന്നെ ഇത് എന്റെ സ്വപ്നഭവനം ആക്കിത്തീർക്കാനാണ് ഉദ്ദേശ്യം.
പുകമഞ്ഞും മേഘങ്ങളും നീങ്ങിക്കൊണ്ടിരിക്കും അതിനു ചുറ്റും. അതിനാൽ എനിക്ക് അവിടെ വേണ്ടത് ഒരു ചില്ലുമേട. എന്നാൽ സാധാരണ ചില്ലല്ല, സ്ഫടികം. നിലം ഒഴികെ എല്ലാ വശത്തും ചില്ല്. അതായത് സ്ഫടികം കൊണ്ടുള്ള ചുമരുകൾ. പുറത്തേയ്ക്കു നോക്കിയാൽ പച്ചയും മഞ്ഞും. പക്ഷികൾക്ക് കൊത്തിക്കളിക്കാനായി ചെറിയ കണ്ണാടികൾ തൂക്കിയിടാം പുറത്ത്. തൂങ്ങുന്ന ചട്ടികളിൽ അവർക്കായി വിത്തുകളും കായകളും വിതറിയിടാം.

എത്ര വിനീതമായ, എന്നാൽ എന്തൊരു പ്രകൃതിരമണീയമായ ആശയം.
പളുങ്കു കൊണ്ടൊരു കൊട്ടാരം, പവിഴം കൊണ്ടൊരു കൂടാരം എന്നൊരു പാട്ടില്ലേ. അതും പാടിക്കൊണ്ട് മദ്യം നുണഞ്ഞുകൊണ്ട് ആ മട്ടുപ്പാവിൽ അങ്ങനെ ഇരിക്കണം.

അരികിൽ ആ അവളും ആവാം.

ബൂഷ്വാ എന്നോ ബൊഹീമിയൻ എന്നോ വിളിച്ചു കൊൾക എന്നെ. മടിക്കേണ്ടെന്നേ. എന്റെ ദൗർബല്യങ്ങൾ മറച്ചുവെയ്ക്കാനൊന്നും മുതിരില്ല ഞാൻ.
വൾനെറബ്ൾ ആണെന്നേ - എന്നാ ചെയ്യാനാ!

ആരും പക്ഷേ പരസ്യമായി വിമർശിക്കാൻ തുനിയാറില്ല. എളിയ നിലയിൽ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയർന്നു വന്ന സഖാവല്ലേ. ദലിതനാണ്, എന്നാൽ കണ്ടാൽ അങ്ങനെ തോന്നുകയേയില്ല. നിറമുണ്ട്, പൊക്കമുണ്ട്, താടി വളർത്തിയാൽ ഒരു നിത്യകാമുകന്റെ ബായയുമുണ്ട്.

ഹ ഹ ഹ, ഇതൊന്നും പോരാഞ്ഞിട്ടാണ് എന്റെ നാമധേയം.
കൊടിയ ഹിന്ദുതീവ്രവാദികൾ പോലും വിളിച്ച് അധിക്ഷേപിക്കാൻ മടിക്കും. പരമഹംസർ.

പണ്ടത്തെ ആ നാടകഗാനത്തിലെ ഒരു പാളിച്ച നോക്കൂ.
ചില്ലുമേടയിലാണു ഞാൻ, എന്നെ കല്ലെറിയല്ലേ എന്നു പാടിയാലല്ലേ കൃത്യമാവൂ. അയാൾ അല്ലേ പേടിക്കേണ്ടത്.

അതുകൊണ്ടാണ് ഞാൻ വെറും ചില്ല് പോരാ എന്ന് ഉറപ്പിച്ചത്. സ്ഫടികം എന്ന് ഒരു ഓളത്തിൽ പറഞ്ഞു എന്നേയുള്ളൂ. വാസ്തവത്തിൽ അത് പൊട്ടിത്തകരാത്ത കട്ടിച്ചില്ലാണ്. എന്നെ കല്ലെറിയാനായി ഈ കാട്ടിലേയ്‌ക്കൊക്കെ ജനം എത്തിപ്പെട്ടാൽ തന്നെ അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവില്ല.

ഊരുസനം എന്നൊരു രസികൻ വാക്കില്ലേ തമിഴിൽ ...

ആ ചെംതീ കഠിനമായ ഇച്ഛാഭംഗത്തിൽ ഉഴറുകയാണേത്ര.
ഇതെന്ത് ഇടതുപക്ഷം എന്നാണ് അയാളുടെ മുറവിളി. കള്ളക്കടത്തിനും ഒക്കെ കൂട്ടുനിൽക്കാമോ ഇങ്ങനെയുള്ള ഒരു സർകാർ.

സമകാലികരാഷ്ട്രീയം അയാളെ വല്ലാതെ നിരാശപ്പെടുത്തുന്നു - പോലും.

ഉവ്വുവ്വ്, അവന് ചിത്രപ്രദർശനം നടത്താനുള്ള ധനസഹായം നല്കിയതൊക്കെ പിന്നെ ഏതു ഖജനാവിൽ നിന്നാണെന്നായിരിക്കും അവൻ വിചാരിച്ചിരിക്കുക.
വെറും ഒരു അലക്ഷ്യവാചകം അല്ലല്ലോ. ഉന്നം വെയ്ക്കുന്നുണ്ട് സഖാവ്. തിരിച്ചടി കിട്ടിയാൽ താങ്ങാനുള്ള ത്രാണി ഉണ്ടോ തനിക്ക് എന്നൊന്നും ചിന്തിച്ചു കാണില്ല.
നാട്ടിൽ ഇടത് എന്നൊരു സാദ്ധ്യത തന്നെ ഇല്ലാതാക്കി, പ്രത്യയശാസ്ത്രം കളഞ്ഞുകുളിച്ചു, മറ്റൊരു കുത്തക മാത്രമായി മാറി, എന്തെല്ലാം ആരോപണങ്ങളാണ് സഖാവ് എയ്യുന്നത്.

അതിനിടയിൽ എതിർസ്വരങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്നുണ്ട് എന്നും ഒരു പരാതി പ്രകടിപ്പിച്ചു കക്ഷി ഭരണകൂടത്തെപ്പറ്റി.

കല്ലെറിഞ്ഞു തളർന്നുവോ നിൻ കൈ കളങ്കമൊന്നുമേശാത്ത കുട്ടീ നീയെങ്കിലുമുണ്ടായല്ലോ നിൻ കൈ ആരെങ്കിലുമരിഞ്ഞീടും വരെ ....

​​​​​​​(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments