വെറുപ്പിച്ച് വൈറൽ ആക്കുക എന്ന ലക്ഷ്യമൊന്നും എനിക്ക് ഇല്ലായിരുന്നു. കോമുണ്ഡിയിലെ തീറ്റപ്പണ്ടാരങ്ങൾ എന്ന കുറിപ്പിനു പിന്നിൽ പ്രത്യേകിച്ച് സ്പർദ്ധകളൊന്നും ഇല്ല എന്ന് എങ്ങനെ ബോദ്ധ്യപ്പെടുത്തും ഇനി മറ്റുള്ളവരെ എന്ന് നിശ്ചയമില്ല.
മിക്കവരുടെയും ഉള്ളിൽ ആ ധാരണ പതിഞ്ഞു പോയി.
തീറ്റപ്പണ്ടാരം എന്ന പ്രയോഗം ഇത്തിരി കടന്നുപോയി എന്ന് എനിക്കറിയാം.
ഈ പ്രദേശത്തെ ആളുകൾ ഇത്രമാത്രം തിന്നുന്നത് എന്തുകൊണ്ടാണെന്ന് ഗവേഷണം നടത്തിയിട്ടുണ്ട് ചിലർ. ഒരു കാലത്ത് നിറയെ പട്ടിണി കിടന്നിട്ടുണ്ടേത്ര മുൻതലമുറകൾ. അതിനാൽ ജീൻ വഴി വരുന്നതാണ് ഈ ആർത്തി എന്നാണ് ന്യായീകരണം.
അതായത് ഈ ആക്രാന്തം ...
അതേസമയം പണ്ട് മുരിങ്ങക്കായയുടെയും വെണ്ടയ്ക്കയുടെയും ഉള്ളിലെ കുരു മാത്രം തിന്നാൻ ഇഷ്ടപ്പെട്ട ഒരു കുട്ടിയുണ്ടായിരുന്നു. ബൂഷ്വാ അഭിരുചി തന്നെ, അല്ലേ. എന്നെങ്കിലും ആ കുരുക്കൾ മാത്രമായിട്ട് വാങ്ങാൻ കിട്ടുന്ന കാലം വരുമോ എന്ന് അവൻ അുതപ്പെടുമായിരുന്നു. ഹഹഹ, ആ അവസരം ഇതാ വന്നു ചേർന്നിരിക്കുന്നു.
പക്ഷേ ഇത്തരം വിത്തുകൾ ഇത്രമാത്രം ഭുജിച്ചിട്ട് എന്താണു ഫലം. ഈ അരിയ ചെറുമണികളൊക്കെ നാം ഭക്ഷിച്ചാൽ അത് ദഹിക്കാതെ അതേപോലെ അപ്പിയിൽ പുറത്തുപോവുകയല്ലേ ഉണ്ടാവുക. പക്ഷികളുടെ കാഷ്ഠം കണ്ടിട്ടില്ലേ - പൂപ്- അതേപോലെ.
പിന്നെ പനംകുരു കാഷ്ഠിക്കില്ലേ കുറുക്കന്മാർ.
രാത്രി ഏഴു മുതൽ ഒൻപത് വരെയുള്ള ഈ വാർത്താധിഷ്ഠിത സംവാദം കാണുന്നത് ഒരു പതിവായി ഇപ്പോൾ. തമാശയ്ക്ക് വേറെ എവിടെയും പോവേണ്ട. പണ്ടത്തെ സഖാവ് അനിരുദ്ധകണ്ഠനൊക്കെ മുക്കിയും ഞരങ്ങിയും ഓരോ വാദഗതി ഉന്നയിക്കുന്നത് ശ്രദ്ധിച്ചിരുന്നാൽ ക്ഷമ പഠിക്കും.
പലവട്ടം ചുമയ്ക്കുമ്പോൾ ക്ഷമിക്കാൻ പഠിക്കും - അംശുമാൻ പണ്ടത്തെ ഒരു ലളിതഗാനത്തിന്റെ ചില വരികൾ ഓർത്തു. എന്റെ കുട്ടിക്കാലം അത്ര ആഹ്ലാദകരം ഒന്നും ആയിരുന്നില്ലെങ്കിലും ചെറിയ ചില മധുരസ്മരണകളൊക്കെ ഇടയ്ക്ക് തികട്ടി വരാറുണ്ട്. അന്നു മനഃപാഠമാക്കിയ ചില പദ്യങ്ങളൊക്കെ നല്ല രസമായിരുന്നു.
അച്ഛാ നമ്മുടെ നാരോത്തിന്മേൽ
തിത്തൈ എന്നൊരു മയിലാട്ടം...
പിന്നെ അന്ന് അമ്മമ്മ പഠിപ്പിച്ചു തന്ന ഒരു പാട്ടില്ലേ.
ബളബള ബുളുബുളു തുള്ളും ഞാൻ
ഗുംഗുംഗുംഗും മൂളും ഞാൻ
ബളബളബുളുബുളുഗുംഗുംഗുംഗും
തകിടതകിടധിമി കൊട്ടും ഞാൻ..
ഇല്ല, അത് അങ്ങനെ തീർന്നിട്ടില്ല. ഇനിയുമുണ്ട് വരികൾ - അനുപല്ലവിയും ചരണവും ഒക്കെ.
കുഞ്ച്യേട്‌ത്ത്യേ ചീര്വേട്‌ത്ത്യേ
പാറ്വേട്‌ത്ത്യേ നാണ്യേട്‌ത്ത്യേ
ഇംബിം ജിംഝം ചിന്നും ഞാൻ
താളമേളമിളക്കും ഞാൻ
ഇണ്ണേങ് കുണ്ണേങ് മോങ്ങും ഞാൻ
വാദ്യവൃന്ദമതാകും ഞാൻ ...
പിന്നെ മടിയോടെ ഉച്ചരിക്കുന്ന മറ്റൊരു ചിന്ത് ഇല്ലേ.
അത്തിത്തിപ്പൊടി മുത്തങ്ങാപ്പൊടി
അപ്പേടെ നീരിലരച്ചുകുടിച്ചാൽ
അപ്പോൾ വരും മുല രണ്ടെണ്ണം ...
ഈ നിരുദ്ധകണ്ഠനും അറിയാം ഇതെല്ലാം. ഈയിടെ ഏതോ പരിപാടിക്ക് പോയപ്പോൾ അവിടെ വെച്ച് കുറേ നേരം സംസാരിച്ചിരുന്നല്ലോ ഞങ്ങൾ. ബാല്യകാലസ്മരണകൾ കുറേ അയവിറക്കി അപ്പോൾ.
അന്ന് കയ്യെഴുത്തു മാസികയിൽ അവൻ ഒരു കവിത എഴുതി. കേക വൃത്തത്തിലാണ് അത് എന്ന് അവൻ അവകാശപ്പെടുകയും ചെയ്തു. മനുഷ്യാ നീ നിൻ മലം എന്നാണ് അതിന്റെ തുടക്കം എന്നു മാത്രം ഇപ്പോഴും നന്നായി ഓർത്തിരിക്കുന്നു.
റ്റി. സി. നിരുദ്ധകണ്ഠൻ നമ്പൂതിരിപ്പാട്. അതിലെ ആ നമ്പൂതിരിപ്പാട് എടുത്തു കളയാൻ അന്ന് അവനോട് എത്ര കലഹിക്കേണ്ടിവന്നു എനിക്ക്. ഇല്ലെങ്കിൽ ഈ കാലത്ത് എങ്ങനെ ജീവിക്കുമായിരുന്നു അവൻ.
മനുജാ നീ നിൻ മലം...
പക്ഷേ ആ മലം എല്ലാവരെയും ഓക്കാനിപ്പിച്ചു. മാഷന്മാർ മത്സരിച്ച് അവനെ അധിക്ഷേപിച്ചു. ഈ മ്ലേച്ഛമായ ഭാവന നിനക്ക് എവിടെ നിന്നു കിട്ടി മരമണ്ടൂസേ - ഒരാൾ അവന്റെ ചെവി പിടിച്ചു തിരുമ്മി, മറ്റൊരാൾ അവന്റെ തലമണ്ടയിൽ കിഴുക്കി.
നിരുദ്ധകണ്ഠൻ പക്ഷേ കുലുങ്ങിയില്ല. പച്ചയായി എഴുതുന്നതാണ് എന്റെ രീതി എന്ന് അവൻ വെല്ലുവിളിച്ചു. താൻ ആ മാർഗ്ഗത്തിൽ തന്നെ തുടരുമെന്നും...
എന്തായാലും ഇപ്പോൾ ഒരു ചർച്ചാതൊഴിലാളിയായി അവനെ കാണുമ്പോൾ എന്തോ ഒരു രസമുണ്ട്. നിരുദ്ധകണ്ഠൻ, നിരീക്ഷകൻ.
അവനെ കുറ്റപ്പെടുത്താൻ വയ്യ. ആർ. മണിപ്രവാളൻ നായർ എന്നൊക്കെ ഓരോന്നാണല്ലോ അന്ന് അറിയപ്പെട്ടിരുന്ന തൂലികാനാമങ്ങൾ. എം. റ്റി. വിജയശ്രീലാളിതൻ മേനോൻ.
നിരുദ്ധകണ്ഠൻ നമ്പൂതിരിപ്പാടായി തുടർന്നിരുന്നെങ്കിൽ ജാതിക്കോമരം എന്നു പരിഹസിക്കുമായിരുന്നില്ലേ അവനെ ആളുകൾ. അപ്പോൾ അവനെ രക്ഷിച്ചത് ആരാണ്. ആ അംശുമാൻ ഇപ്പോൾ എവിടെയാണ്.
അയാൾ വാർത്തകൾ വായിക്കുന്നു, പിന്നെ ചിലപ്പോൾ വർത്തമാനപ്രാധാന്യമുള്ള കുറിപ്പുകൾ എഴുതുന്നു. കൂടാതെ മിക്കവാറും എന്നും നിരുദ്ധകണ്ഠന്റെ തർക്കങ്ങൾ കാണുന്നു.
അവനും വല്ലാത്ത നീരസമുണ്ട് ഇവിടത്തെ തീറ്റപ്രാന്ത് കണ്ടിട്ട്. എണ്ണയിൽ പൊരിക്കുന്നതിന്റെയും കനലിൽ ചുടുന്നതിന്റെയും മണം മാത്രമാണ് അന്തരീക്ഷത്തിൽ. കടലിന്റെ ഉപ്പ് ചുവയ്ക്കുന്നതിനാൽ ഇവിടത്തെ വായു എനിക്ക് പണ്ടേ ഇഷ്ടമല്ല. ഒരു ദുഷിച്ച എണ്ണമയവും കുറച്ചുകാലമായി അതിൽ നിറഞ്ഞു നിൽക്കുന്നു.
സസ്യാഹാരി അല്ലാത്ത എനിക്കു കൂടി ഇത്ര അസഹ്യത. അപ്പോൾ അവന്റെ കാര്യം പറയേണ്ടല്ലോ. കോമുണ്ഡിയിലെ തീറ്റപ്പണ്ടാരങ്ങൾ അവൻ പക്ഷേ കണ്ടുകാണുമോ ആവോ.
ഞാൻ ഇങ്ങനെ എന്തെഴുതിയാലും എന്നെ എതിർക്കുന്ന ഒരു സുന്ദരിയുണ്ട് ഇപ്പോൾ. ഇവിടെ അടുത്ത് എവിടെയോ ആണ് അവൾ ഉള്ളത് എന്നു തോന്നുന്നു. ആളുകൾക്ക് സദാ തീറ്റയെക്കുറിച്ചാണ് വിചാരം, അതല്ലാതെ വേറെ ഒരു വിഷയമേയില്ല ആർക്കും - എന്നെല്ലാം ഞാൻ ഉന്തിക്കൊണ്ടിരുന്നപ്പോൾ അവൾ അതാ ഒരു ഉദീരണം.
പിന്നെ എന്താണ് അവർ അമേധ്യത്തെക്കുറിച്ചും കൂടി ചർച്ച ചെയ്യണം എന്നാണോ - ഓരോതരം ആഹാരം കഴിക്കുമ്പോഴും മലം എങ്ങനെ മാറി വരും എന്നൊക്കെ ...
അവസാനത്തെ ആ മൂന്ന് കുത്തുകൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അംശുമാൻ കോട്ടുവായിട്ടു കൊണ്ട് പിന്നിലേയ്ക്ക് ചാരിയിരുന്നു. നല്ല അരുമയായ ചെറിയ മുലകളായിരിക്കും അവൾക്കുള്ളത്, അല്ലേ?
വരം വേണോ തരാം
നരകത്തിൽ ഇരുന്ന് മുഷിയുമ്പോൾ ചെകുത്താൻ പതുക്കെ ഭൂമിയിലേയ്ക്ക് ഇറങ്ങും. കുറേ ആളുകളെ ഉപദ്രവിക്കാൻ കിട്ടിയാലേ ഒരു സുഖമാവൂ. ഒരു അമ്മമാലാഖയുടെ വേഷമാണ് ഇപ്പോൾ ചെകുത്താൻ തിരഞ്ഞെടുത്തത്. നോക്കട്ടെ, ചെന്ന് കുറേ പേർക്ക് വരം നല്കി അവരെ പൊറുതി മുട്ടിച്ചു കളയാം.
ജീവിതഭാരം കൊണ്ട് കൂനിയായിത്തീർന്ന ഒരു സ്ത്രീ ഒരു വിറകുകെട്ടുമായി നീങ്ങുന്നതാണ് ചെകുത്താൻ ആദ്യം കണ്ടത്.
നമസ്കാരം സഹോദരീ, ചെകുത്താൻ ഏറ്റവും മസൃണമായ ഒരു സ്വരം സ്വാംശീകരിച്ചിരുന്നു. നല്ല തെളിച്ചമുള്ള ഒരു ദിവസം - അല്ലേ?
ഉവ്വുവ്വ്, സ്ത്രീ മുറുമുറുത്തു, കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയിൽ ഒരൊറ്റ നല്ല ദിവസം പോലും ഞാൻ കണ്ടിട്ടില്ല.
ഇത്ര കാലവും?
ഇരുപതുമല്ല, ഒരു നല്ല ദിവസം ഉണ്ടായിട്ട് ഒരു പത്തുമുപ്പത് കൊല്ലമൊക്കെ കഴിഞ്ഞിട്ടുണ്ടാവും.
ഓഹ്, ചെകുത്താൻ നെടുവീർപ്പിട്ടു. എന്നാൽ ഒരു കാര്യം ചെയ്യാം. സഹോദരിക്ക് ഒരു വരം തരാം ഞാൻ. ഒറ്റ വരം. അതുകൊണ്ട് എന്തു വേണമെങ്കിലും ചെയ്യാം, ആഗ്രഹിക്കാം.
ഒരു വരമോ?
അതെ, ഒറ്റ ഒന്ന്.
എന്നാൽ ശരി, സ്ത്രീ വിറകുകെട്ട് താഴേക്കെറിഞ്ഞിട്ട് സാധിക്കുന്നത്ര ഞെളിഞ്ഞു നിന്നു, എനിക്ക് ഏറ്റവും കണ്ടു കൂടാത്ത ഒന്ന് ഈ സഹതപിക്കുന്ന മാലാഖമാരാണ്. അതിനാൽ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് ഈ നിൽക്കുന്ന സാധനം എവിടെ നിന്നാണോ വന്നത്, അവിടേയ്ക്കു തന്നെ എത്രയും പെട്ടെന്ന് തിരിച്ചു പോവട്ടെ എന്നാണ്.
അത് ചെകുത്താനെ ശരിക്കും ഉലച്ചു കളഞ്ഞു. അടുത്ത നിമിഷം ചെകുത്താൻ തെറിച്ച് നരകത്തിലെ തന്റെ ഇരിപ്പിടത്തിലേയ്ക്ക് പറന്നുചെന്ന് വീണു. അതാവട്ടെ, വിറക് പെറുക്കി നടക്കുന്ന ഒരു വഴക്കാളി സ്ത്രീയുടെ ആഗ്രഹപ്രകാരം. ചെകുത്താന് അരിശം അടക്കാനായില്ല. നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കൂനിത്തള്ളേ - വരട്ടെ, കാണാം - ഒരു ദിവസം, ചെകുത്താൻ ആണയിട്ടു. എന്നിട്ട് അമ്മ മാലാഖയുടെ വേഷത്തിൽ വീണ്ടും ഭൂമിയിലേയ്ക്കിറങ്ങി മറ്റൊരു ഇരയെ അന്വേഷിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി.
ഇപ്പോൾ ചെകുത്താൻ കണ്ടത് ഒരു മരച്ചുവട്ടിൽ എങ്ങോട്ടെന്നില്ലാതെ അന്തം വിട്ട് നോക്കിക്കൊണ്ടിരിക്കുന്ന ഒരു കിഴവനെ.
നമസ്കാരം ശ്രീ കിഴവൻ, ചെകുത്താൻ തന്റെ ശബ്ദം പിന്നെയും മധുരതരമാക്കിയിരുന്നു.
ഒരു നല്ല ദിവസമാണല്ലോ ഇന്ന്, അല്ലേ.
ഓ, തരക്കേടില്ല എന്നു മാത്രം, കിഴവൻ പറഞ്ഞു, ഇങ്ങനെയുള്ള എത്രയോ ദിവസങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഇത് അവയിൽ ഒന്നു മാത്രം.
ചെകുത്താന് ആ മറുപടി ഇഷ്ടമായില്ല. അതിൽ ഒരു സംതൃപ്തി ഉണ്ടല്ലോ. അതിരു കടന്ന ഒരു നിസ്സംഗതയും. ഓഹോ, അങ്ങനെയാണോ?, ചെകുത്താൻ എന്തായാലും വിടാൻ ഒരുക്കമായിരുന്നില്ല. എന്നാലും ശരി, ഞാൻ താങ്കൾക്ക് ഒരു വരം തരാം എന്നു വെയ്ക്കുകയാണ് ... ഹ്ം, താങ്കളുടെ ഏറ്റവും വലിയ അഭീഷ്ടം എന്താണെന്ന് ഞാൻ ഊഹിക്കട്ടെ?
എന്താണത്?
ജീവിതം അവസാനിക്കാറായിരിക്കുകയല്ലേ, ഇപ്പോൾ വീണ്ടും ഒരു കുട്ടിയായിക്കിട്ടണമെന്നുണ്ടാവും, അല്ലേ?
കിഴവൻ തന്റെ താടിയിൽ തലോടിക്കൊണ്ട് ഏതാനും നിമിഷം ആലോചിച്ചു കൊണ്ടിരുന്നു, വേണ്ട, അതിൽ എനിക്ക് താല്പര്യമില്ല. കുട്ടിയായിരിക്കുന്നത് രസമാണ്, എന്നാൽ മുഴുവനും സന്തോഷകരം അല്ല തന്നെ.
എന്നാൽ, യുവാവായി മാറാനുള്ള ഒരു വരം ലഭിക്കുകയാണെങ്കിലോ?
ഏയ്, അതും വേണ്ട, യുവത്വം ഇഷ്ടമല്ല എന്നല്ല - ഹ്ം, ചെറുപ്പക്കാരനായിരിക്കുമ്പോൾ പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട് എനിക്ക്.
എന്നാൽ, ചെകുത്താൻ ദേഷ്യം മറച്ചുപിടിക്കാൻ കഷ്ടപ്പെട്ടു, ഒരു നാല്പതോ അൻപതോ വയസ്സുള്ള ഒരാൾ ആയിക്കൂടേ - ഒരു മദ്ധ്യവയസ്കൻ?
വേണ്ട, കിഴവൻ നിരസിച്ചു, അതും എനിക്ക് വേണ്ട. ആ പ്രായങ്ങളിൽ കുറേ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട് എനിക്ക്.
പിന്നെ ഏതു പ്രായത്തിലേയ്ക്കാണ് നിങ്ങൾക്ക് പോവേണ്ടത് ഇപ്പോൾ? ക്ഷമകെട്ട് ചെകുത്താൻ മുരണ്ടു.
ഞാൻ എന്തിന് എവിടേയ്‌ക്കെങ്കിലും പോവണം. കിഴവൻ പ്രാകി, എന്റെയല്ല, നിങ്ങളുടെ ആശയമായിരുന്നു അത്. ഏതു പ്രായത്തിലും നല്ല കാര്യങ്ങൾ നടന്നിട്ടുണ്ട്. അതേ മാതിരി വിഷമങ്ങളും ഉണ്ടായിട്ടുണ്ട്. വ്യത്യസ്തമായ എന്തെങ്കിലും സംഭവിക്കാനാണ് വേണമെങ്കിൽ ഞാൻ ആഗ്രഹിക്കുക - ശരിക്കും ഒരു വരം എനിക്ക് കിട്ടുന്നുണ്ടെങ്കിൽ. പക്ഷേ എന്താണ് അത് എന്ന് എനിക്ക് തിട്ടമില്ല.
മതി, ചെകുത്താൻ കുരച്ചു, ഞാൻ തീരുമാനം മാറ്റുകയാണ്. നിനക്ക് ഒരു വരവും ലഭിക്കുന്നില്ല.
ഞാൻ വിചാരിച്ചിട്ടുമില്ലല്ലോ കിട്ടുന്നുണ്ടെന്ന്. വെറുതേ ഇരിക്കുന്ന എന്നെ വർത്തമാനത്തിലേയ്ക്ക് വലിച്ചിഴച്ചിട്ട്, ഛേ, കിഴവൻ തന്റെ നോട്ടം മാറ്റി പഴയ ഇരിപ്പിലേയ്ക്കു തന്നെ തിരിച്ചെത്തി.
ഛീ, ആർക്കു വേണം നിന്റെ വരം, ശവി.
ചെകുത്താൻ കോപം സഹിക്കാനാവാതെ പല്ലിറുമ്മി. ചെകുത്തന്റെ ചെവികളിൽ നിന്ന് പുക പുറത്തേയ്ക്ക് വന്നു. മറ്റാരെയെങ്കിലും കണ്ടുപിടിക്കുകയല്ലാതെ ഇനി വേറെ നിവൃത്തിയില്ല. ഹോ, എന്തൊരു ലോകം. ഈ ആളുകളൊക്കെ ഇങ്ങനെ മാറി മറിഞ്ഞാൽ ഈ പാവം ചെകുത്താൻ പിന്നെ എന്തു ചെയ്യും.
അങ്ങനെ നീങ്ങുമ്പോൾ ചെകുത്താൻ സുമുഖനായ ഒരു യുവാവ് അശ്വാരൂഢനായി അതിലേ വരുന്നത് കണ്ടു. നിറപ്പകിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച അയാളുടെ അടുത്തേയ്ക്ക് ചെകുത്താൻ തന്റെ മാലാഖാരൂപവുമായി ചെന്നു.
നമസ്കാരം അനിയാ, ചെകുത്താൻ ചിരിച്ചു, നല്ല രസമുള്ള ഒരു ദിവസം, അല്ലേ?
തീർച്ചയായും അതെ ഭവതി, തന്റെ തൊപ്പി ഉയർത്തിപ്പിടിച്ചുകൊണ്ട് യുവാവ് അഭിവാദ്യം ചെയ്തു, തികച്ചും മികച്ച ഒരു ദിവസം.
മിടുക്കന്മാരായ യുവാക്കളെ എനിക്ക് നല്ല ഇഷ്ടമാണ്, ചെകുത്താൻ തുടർന്നു, അതിനാൽ ഒരു വരം തരാം അനിയന് എന്ന് ഞാൻ വിചാരിക്കുകയാണ്. ഒരു വരം, എന്നാൽ എന്തു വേണമെങ്കിലും ആവശ്യപ്പെടാം, എന്തു പറയുന്നു?
വരമോ, എനിക്കു തരാമെന്നോ, അതു തരക്കേടില്ലല്ലോ, ആഹ്ലാദവാനായി യുവാവ് കുതിരപ്പുറത്തു നിന്ന് ചാടിയിറങ്ങി. ഏയ്, ഞാൻ ആഗ്രഹിക്കുന്നതെന്തും - എന്തും എനിക്ക് കിട്ടുമെന്നോ?
ഉവ്വ്, ചെകുത്താൻ വെളുക്കെ പുഞ്ചിരിച്ചു, എന്താണാവോ അത്ര വലിയ ഒരു ആഗ്രഹം?
എന്തും ആഗ്രഹിക്കാമെന്നല്ലേ പറഞ്ഞത് - ഇഷ്ടം പോലെ സ്വത്തും പണവും ഒക്കെ ചോദിക്കാമോ എനിക്ക്?
ഓ, ആവാം.
അല്ലെങ്കിൽ ലോകത്തിലെ സുന്ദരിമാരെല്ലാം എന്നെ പ്രേമിക്കട്ടെ എന്ന് ആശിക്കാം, അല്ലേ ... ഒരു രാജകുമാരൻ, രാജാവ്, അല്ലെങ്കിൽ ... എന്തിന്, ചക്രവർത്തി തന്നെ ആയിക്കൂടേ എനിക്ക്.
ആവാമല്ലോ.
അതിനേക്കാളുമൊക്കെ നല്ലത് പക്ഷേ എന്നും ചെറുപ്പമായിരിക്കുന്നതാണ്.
അതും ശരി തന്നെ.
പക്ഷേ, യുവാവ് അപ്പോഴേയ്ക്കും ആനന്ദാശ്രുക്കൾ പൊഴിച്ചു തുടങ്ങിയിരുന്നു. ആ - ആരോഗ്യമല്ലേ ഏറ്റവും ആവശ്യം. സുഖക്കേട് വന്നാൽ വേറെ എന്തുണ്ടായിട്ടെന്താണ്? ഒരിക്കലും രോഗങ്ങളൊന്നും പിടിക്കരുത് എന്ന വരം വാങ്ങുന്നതാവും നല്ലത്.
അതെയതെ, ചെകുത്താൻ ചിരിച്ചുകൊണ്ടേയിരുന്നു.
ഓ - ഓ - ഓ, എന്തു ചെയ്യും ഞാൻ, യുവാവ് നിലവിളിയുടെ വക്കത്തെത്തിയിരുന്നു. ഏതാണ് ഞാൻ തിരഞ്ഞെടുക്കുക, എന്ത് ആവശ്യപ്പെടും ഞാൻ? ആരോഗ്യം, സ്വത്ത്, അധികാരം, നിത്യയൗവനം .... ഒന്നിനൊന്ന് മികച്ചതാണ് ഇവ ഓരോന്നും. ഇതിൽ ഏതാണ് ഇപ്പോൾ ഞാൻ വരമായി ചോദിക്കുക.
എന്റെ പൊന്നു മാലാഖേ, നിങ്ങൾ തന്നെ എനിക്ക് അത് ഒന്നു പറഞ്ഞുതന്നെങ്കിൽ!
അതാണ് നിനക്ക് വേണ്ടതെങ്കിൽ ആവട്ടെ, ഒരു വരം കിട്ടിയാൽ - ഒറ്റ വരമേ ഉള്ളൂ എങ്കിൽ ആഗ്രഹിക്കേണ്ടത് ഇങ്ങനെയാണ് എന്നാണ് പറയുക: അതായത്, ഞാൻ ആഗ്രഹിക്കുന്നതെല്ലാം, എല്ലാം നടക്കട്ടെ എന്ന് നിങ്ങൾക്ക് ആവശ്യപ്പെടാം.
അതുതന്നെ, അതുതന്നെ, യുവാവ് ആവേശഭരിതനായി മാലാഖവേഷം ധരിച്ച ചെകുത്താനെ പുണരാൻ ഒരുമ്പെട്ടു. അതു തന്നെയാണു വേണ്ടത്, ഞാൻ ആഗ്രഹിക്കുന്നതെല്ലാം നടക്കട്ടെ, ആ വരം മതി എനിക്ക്!
പക്ഷേ വൈകിപ്പോയല്ലോ അനിയാ.
യുവാവ് അമ്പരന്നു. വൈകി എന്നോ? എന്തും ആഗ്രഹിക്കാം എന്നല്ലേ നിങ്ങൾ എന്നോടു പറഞ്ഞത്.
ഉവ്വ്, ഞാൻ പറഞ്ഞു, ശരിയാണ്, ചെകുത്താൻ ഇളിച്ചു കാണിച്ചു. പക്ഷേ ആ വരം നീ ഉപയോഗിച്ചു കഴിഞ്ഞില്ലേ.
ങ്‌ഹേ, ഞാനോ, എപ്പോൾ?
എന്ത് വരമാണ് ആവശ്യപ്പെടുക എന്ന് ഒന്നു പറഞ്ഞു തരാമോ - എന്ന് അപേക്ഷിച്ചില്ലേ നീ, വിഡ്ഢീ!
യുവാവ് അലറിക്കരയുന്നത് കേട്ടുകൊണ്ട് ചെകുത്താൻ നരകത്തിലേയ്ക്ക് മടങ്ങി. തൽക്കാലത്തേയ്ക്ക് ഇത്ര മതി, ചെകുത്താൻ സാമാന്യം സന്തുഷ്ടനായിരുന്നു.
ഹ ഹ ഹാ, ചെക്കെന്റയൊരു അതിമോഹം.
മുന്നോടിയായി മൂക്കിൽ ഒരു കുരു വരും.
അല്ലെങ്കിൽ താഴെ അവിടെ. പിന്നെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അത് പ്രതീക്ഷിക്കാം, മാസമുറ.
ഒറ്റയാൾ ആയതിനുശേഷം അത്ര പ്രശ്‌നമില്ല. പ്രസ്ഥാനത്തിൽ അംഗമായിരുന്നപ്പോൾ മാറിയിരിക്കുകയൊക്കെ വേണമായിരുന്നു. ഒരു കൂട്ടുകുടുംബം പോലെ തന്നെയാണെന്നേ കമ്യൂൺ.
പുണ്യാഹം തളിക്കൽ ഉണ്ടാവില്ല എന്നേയുള്ളൂ. പീഡനങ്ങളെല്ലാം അനവരതം നടക്കും. ഒറ്റയ്ക്കുള്ള കലാപങ്ങൾ മതി എന്നു നിശ്ചയിച്ച് ഞാൻ വിട്ടുവന്നത് അതുകൊണ്ടല്ലേ.
എന്നിട്ട് എന്തു മല മറിച്ചു എന്നോ.
ഞാനോ.
അരിയൂണ് എന്ന ആശയത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നില്ലേ എത്രയോ കാലം ഞാൻ. എന്തൊരു അഹങ്കാരവും അഭിമാനവും ഒക്കെയാണ് ഊണു കഴിക്കുന്നവർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ കൂട്ടർക്ക്. മുൻകാല പ്രാബല്യത്തോടെ നിർത്തിവെയ്‌ക്കേണ്ടതായിരുന്നു വാസ്തവത്തിൽ ഈ ചോറൂണ് എന്ന ആചാരം.
കൊടും ഭീകരവാദികൾക്കും ഉച്ചയ്ക്ക് ഊണുതന്നെ വേണം.
പണ്ടത്തെ എത്ര പാട്ടുകളിലാണ് ഈ ആഹാരസമ്പ്രദായത്തെ മഹത്വവൽക്കരിച്ചിരിക്കുന്നത്. വായോ വായോ വയനാടൻ കാറ്റേ വയറു നിറച്ചും ചോറു തരാം (കാറ്റിനെ ഊട്ടാൻ വീട്ടമ്മയ്ക്ക് എന്തൊരു ധൃതി), ഉണ്ണാൻ വാ ഉറങ്ങാൻ വാ ഊഞ്ഞാലാടാൻ വാ ( മണിച്ചിയും കൊതിച്ചിയും നുണച്ചിയുമായ മറ്റൊരു കാറ്റിനോട് കുട്ടികൾ), ഉരുളി നിറച്ചും പാൽച്ചോറ് വെച്ചു (ഭഗവാന്റെ വിഗ്രഹത്തിനു മുന്നിൽ നിവേദ്യവുമായി ബാലിക ), പരിപ്പു പച്ചടി കിച്ചടി കൂട്ടി പിറന്നാളുണ്ണാൻ വന്നാട്ടെ ( കാളനോലനവിയൽ കൂട്ടി പിറന്നാളുണ്ണാൻ വന്നാട്ടെ ), ഉണ്ണാൻ വാ മച്ചുനനേ ( തമിഴിലാണെങ്കിൽ മുറൈമാമൻ?), കുട്ടനാടൻ വള്ളസദ്യയുണ്ണാൻ വന്ന കളിത്തോഴീ (അതെന്താണാവോ!), ഇലയെവിടെ എൻ ഊണെവിടെ എന്നെ കാലം തളിച്ചുണർത്തിയ പനിനീർവിശറികളെവിടെ (അവസാനം അസ്തിത്വവാദിക്കും അവസരം ) .... എന്നിങ്ങനെയുള്ള ചലച്ചിത്രഗാനശകലങ്ങളായിരിക്കാം കുറേ തലമുറകളെ തന്നെ വഷളാക്കിയത് എന്നു തോന്നും ചിലപ്പോൾ.
അന്നലക്ഷ്മി, അന്നദാതാവ്, അന്നപൂർണ്ണിമ എന്നിങ്ങനെയുള്ള കുറേ പ്രയോഗങ്ങളും ...
പണ്ട് എപ്പോഴോ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോഴാണേത്ര ചക്ക തിന്നാവുന്നതാണ് എന്ന് കണ്ടുപിടിച്ചത്. ചുള മാത്രമല്ല, അതിന്റെ കുരുവും ഞവുണിയും മടലും എല്ലാം തിന്നാം എന്നു കണ്ടുപിടിച്ചു. അന്നും ആളുകൾക്ക് വേണ്ടിയിരുന്നത് അരിയായിരുന്നു. അതായത്, ആ കാലത്തേ അത് ഏറ്റവും പ്രിയപ്പെട്ട ഭോജ്യവസ്തുവായി മാറിയിരുന്നു എന്ന് ചരിത്രം. ചാമ, റാഗി, തിന എന്നിങ്ങനെയുള്ള വിളകളെല്ലാം അതിനകം ഉപേക്ഷിച്ചിരുന്നു.
ഈ ചോറിനു വേണ്ടി.
അതിനോടുള്ള കമ്പം മാറ്റണം എന്ന് എന്നെപ്പോലെ ഒരാൾ ആഹ്വാനം ചെയ്യാൻ കാത്തുനിൽക്കുകയായിരുന്നല്ലോ ജനത.
അവൾക്ക് ഭ്രഷ്ട് കല്പിക്കാൻ.
അഗ്നി അത്താഴത്തിനായി പച്ചക്കറി കഴുകിയെടുത്ത് മുറിക്കുകയായിരുന്നു. വിശക്കുന്നുണ്ടോ എന്നതല്ല പ്രശ്‌നം. നാളെ രാവിലെ വല്ലതും വിസർജ്ജിക്കേണ്ടേ.
വായിക്കാനുണ്ട് ഒരു വാരിക. ജോൺ എന്ന ഒരാൾ കഥ പോലെ എന്തോ എഴുതുന്നുണ്ട് ഇതിൽ, പിശാചിനെക്കുറിച്ചൊക്കെ. നല്ല രസമാണ് വായിക്കാൻ. മുമ്പ് കവിതകളൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടേത്ര ഇയാൾ. പക്ഷേ ഞാൻ ഒന്നും കണ്ടിട്ടില്ല. ഇതെന്തായാലും കൊള്ളാം.
മനുഷ്യാ നീയല്ല പിശാച്. ▮
(തുടരും)