ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

15. നഖശിഖാന്തം

രവി

ല്ലാത്ത ഒരു സ്വപ്നം കണ്ടു.

ഞാൻ വീട്ടിൽ നിന്നു പുറത്തേയ്ക്കിറങ്ങുമ്പോൾ അവനോട് വിളിച്ചു പറയുകയാണ് ഇങ്ങനെ: മോനേ റ്റിന്ററിൻ, ഞാൻ വരാൻ വൈകുമേ. എനിക്ക് എന്റെ കാമുകനെ കാണാനുള്ള ദിവസമാ. വിശക്കുമ്പോൾ ആഹാരം എടുത്തു കഴിക്കാൻ മറക്കല്ലേ.

ശ്ശ്യോ, ഞാൻ അങ്ങനെയൊക്കെ.

കാമുകൻ ഇല്ല എനിക്ക് എന്നല്ല. ഞാൻ അയാളുമായി കൂടാറില്ല എന്നുമല്ല. പക്ഷേ ഇങ്ങനെ ഇത്രമാത്രം വാക്കുകളിൽ അത് വിളംബരം ചെയ്യുമോ ഞാൻ എന്നെങ്കിലും എന്റെ ഈശോയേ.

കഴുത്തിലും മാറിലും കക്ഷത്തിലും ചെറുതും വലുതുമായി പതിനേഴ് പാലുണ്ണികളും അരിമ്പാറകളുമാണ് ഉണ്ടായിരുന്നത്. അവർ മൂവായിരം രൂപ വാങ്ങി അതെല്ലാം കരിച്ചുകളയാൻ. മുറിഞ്ഞിട്ട് ചുവന്ന പാടുകളുണ്ട് ഇപ്പോൾ. അതു പക്ഷേ ഒരാഴ്ചയ്ക്കകം മാഞ്ഞു പോവുമേത്ര.

എനിക്ക് ആ സംഖ്യ അത്ര ചെറുതല്ല എന്നറിയാമല്ലോ. അപ്പോൾ ഇതുവരെ സൗന്ദര്യ സംരക്ഷണത്തിനായി ഒരു ചെറുവിരൽ പോലും അനക്കാതിരുന്ന ഞാൻ ഇതിനൊക്കെ മുതിർന്നതുതന്നെ അത്ഭുതമല്ലേ.

മമ്മാ, കുറേ കരിമ്പാറയും പുള്ളിയുമൊക്കെ ഉണ്ടായിരുന്നതല്ലേ. ഇപ്പോൾ കാണുന്നില്ലല്ലോ അതൊന്നും.

ഞാനും ശ്രദ്ധിച്ചു റ്റിന്ററിൻ, ഒരു സീസൺ കഴിഞ്ഞപ്പം താനേ കൊഴിഞ്ഞു പോയതാവും ചിലപ്പോൾ, വയസ്സായി വരുന്നതിന്റെയും ആകാം.
ഏയ്, മുറിഞ്ഞിട്ടുണ്ടല്ലോ കഴുത്തിൽ. ചുവന്നു തിണർത്തിരിക്കുന്നു, മമ്മാ ചെത്തിക്കളഞ്ഞതൊന്നുമല്ലല്ലോ, വെറുതേ പണിയുണ്ടാക്കല്ലേ കേട്ടോ.
ഉവ്വുവ്വ്, റോസ് മുറുമുറുത്തു. മൂവായിരം രൂപ എണ്ണിക്കൊടുത്തിട്ടാണ് ആ ചേച്ചി ഇത്രയും ചെയ്തുതന്നത്. ഞാൻ ചെത്തിക്കളഞ്ഞതു പോലെ തോന്നുന്നേത്ര കാണുമ്പോൾ. ഇവൻ എന്താണു വിചാരിച്ചിരിക്കുന്നത്. ഞാൻ കേവലം ഒരു മണ്ടിയാണെന്നോ.

ഈ ശസ്ത്രക്രിയ തന്നെ പാടുമോ എന്നു സംശയിച്ചു കൊണ്ടിരുന്നതാണ് ഞാൻ. അങ്ങനെ കരിയിച്ചു കളയുന്നത് ദോഷമാവുമോ എന്ന് ഭയം തോന്നി ആദ്യം. വേദനിക്കും എന്നും കേട്ടിരുന്നല്ലോ.

കാഴ്ചയ്ക്ക് വൃത്തികേടല്ലേ എന്നോർത്തപ്പോൾ സഹിക്കാം എന്നങ്ങോട്ട് ഉറപ്പിച്ചു. അതിനു വരുന്ന പണച്ചെലവും വഹിക്കാം. ചർമകാന്തി വെറുതേ കിട്ടില്ലല്ലോ.
അയാൾ തരിമ്പും അനിഷ്ടം കാണിച്ചിട്ടില്ലെങ്കിലും കൂടി ഞാൻ അതങ്ങോട്ട് കളയാമെന്ന് നിശ്ചയിച്ചു.

അതിശയം അതല്ല, എനിക്ക് വിയർപ്പുനാറ്റം എന്നൊന്നുണ്ടെന്നേ തോന്നില്ല എന്നോടുള്ള അയാളുടെ സമീപനം കാണുമ്പോൾ. കക്ഷത്തിലൊക്കെ എത്ര നേരമാണ് അമർത്തി ചുംബിച്ചുകൊണ്ടിരിക്കുക. ആ ഗന്ധം അയാളെ വീണ്ടും വീണ്ടും ഉണർത്തുന്നതു പോലെയാണ് തോന്നുക.

ഈശ്, ഹെന്റമ്മേ, എന്നെ ആസകലം അങ്ങോട്ട്.

എന്തൊരു ഭ്രാന്താണ് ഈ കാണിക്കുന്നത്. മുമ്പൊന്നും കണ്ടിട്ടില്ലാത്ത പോലെ.

കണ്ടിട്ടില്ലല്ലോ റോസ്, ഹോ, ഇതല്ലേ പെണ്ണ്.

ഓഹോ, കളിയാക്കാതെ പൊന്നേ.

സത്യമായും റോസ്, നീ എങ്ങനെ ഇതെല്ലാം ഇത്രയും കാലം ഒളിപ്പിച്ചുവെച്ചു?

എവിടെ, എന്തോന്ന്?

ഈ ആസക്തി, ഈ ദാഹം മുഴുവനും എങ്ങനെ അടക്കിപ്പിടിച്ചു നീ.

ഓ ചുമ്മാ, അത് ഈ ഒരാൾ ഉണർത്തിയതു കൊണ്ടുമാത്രം ഉണ്ടായതല്ലേ. അല്ലാതിരുന്നപ്പോൾ എന്ത് ദാഹം, എന്ത് ആസക്തി. ജീവനുണ്ടായിരുന്നു എന്നു മാത്രം.

അങ്ങനെയോ റോസ്?, സത്യമായിട്ടും?

അതേന്നേ, ഒന്നു വിശ്വസിക്ക് എന്നെ ചക്കരേ.

പണ്ടത്തെ ഒരു ചലച്ചിത്രഗാനം ഇല്ലേ; നഖശിഖാന്തം നമ്മൾ രണ്ടും നിധികൾ പരതുകയായിരുന്നൂ, ആ ലഹരി നുണയുകയായിരുന്നൂ... എത്ര കൃത്യമായി ഞാൻ അത് ഓർത്തിരിക്കുന്നു എന്നു നോക്കൂ. ജീവിതത്തിലെ ഈ ഒരു സന്ദർഭത്തിനു വേണ്ടി ഞാൻ സൂക്ഷിച്ചു വെച്ചതാവാം. ഒരു പക്ഷേ മനസ്സിന്റെ ചിമിഴിലോ മറ്റോ -
അല്ല, അതല്ലേ ലളിതസംഗീത മത്സരത്തിൽ ഞാൻ പാടിയ പാട്ട്. എന്നിട്ട് അത് തിരഞ്ഞെടുത്തതിന് എനിക്കു കേട്ട ചീത്ത. ഹോ, എവിടന്നു കിട്ടി റോസ് നിനക്കീ പാട്ട്, ഇതിന്റെ വല്ലോം അർത്ഥം അറിഞ്ഞിട്ടാണോടീ നീയീ പാടുന്നേ?

എന്താണ് അത്ര ഭയങ്കരമായ അർത്ഥം ആവോ. രാത്രി മുഴുവൻ മഴയായിരുന്നു എന്നാണ് തുടക്കം. പിന്നെ മദനലീല, മയിലിനങ്ങൾ, മഴവിൽച്ചാറ്, അങ്ങനെ എന്തെല്ലാമോ വരുന്നുണ്ട്. പക്ഷേ പാട്ടുകൾ പിന്നെ അങ്ങനെതന്നെയല്ലേ. അതിലെന്താണ് ഇത്ര ലജ്ജിപ്പിക്കുന്നതായി ഉള്ളത് ആവോ.

അന്ന് നേരെ ചൊവ്വേ മനസ്സിലായില്ലെങ്കിലും ഇപ്പോൾ എനിക്കു തോന്നുന്നുണ്ട് ഈ വരികൾക്കിടയിൽ എന്തെല്ലാമോ ഒളിഞ്ഞിരിപ്പുണ്ടെന്ന്. എന്നാലും ഈ പ്രായത്തിലെങ്കിലും എനിക്ക് ഇതെല്ലാം അനുഭവിക്കാൻ ഒത്തല്ലോ. ആരോടാണ് ഞാൻ ഇതിനെല്ലാം നന്ദി പ്രകടിപ്പിക്കേണ്ടത് - കർത്താവിനോടല്ലെങ്കിൽ ...

എന്നാൽ എനിക്കുള്ള പേടി ഇപ്പോൾ എന്താണെന്നറിയാമോ. എന്റെ അരിമ്പാറയും പാലുണ്ണിയും മറ്റും ഇല്ലാതായത് ഇഷ്ടപ്പെടാതെ വരുമോ പുള്ളിക്ക് എന്നാണ് സംശയം. ഇല്ലേ, ആശങ്കയ്ക്കു വകയില്ലേ. വിയർപ്പുനാറ്റം അയാളെ ആകർഷിക്കുന്നതായല്ലേ കണ്ടത്.

എന്തായാലും ഒരൂട്ടം ഞാൻ ചെയ്തു തരുന്നുണ്ട് ഇനി വരുമ്പോൾ, റോസ് അയാളുടെ ചെവിയിൽ മന്ത്രിച്ചു, പെഡിക്യുർ ചെയ്യുന്നത് എങ്ങനെയാണെന്ന് പഠിച്ചിട്ടുണ്ട് ഞാൻ. കുറച്ചു നേരം ക്ഷമയോടെ നേർത്ത ചൂടുള്ള വെള്ളത്തിൽ കാലുകൾ ആഴ്ത്തി ഇരുന്നു തരണം. പിന്നെ അതിനു മുമ്പ് അപ്പക്കാരവും നാരങ്ങാനീരും ഒക്കെ ചേർത്ത ഒരു മിശ്രിതം പുരട്ടിയിട്ട് - ഏയ്, കൂടുതൽ വിവരിക്കുന്നില്ല ഞാൻ, വരട്ടെ, ചെയ്തു കാണിച്ചു തരാം.

അമ്ലവും ക്ഷാരവും, എന്റെ കാൽ പൊള്ളിക്കുമോ നീ റോസ്?

ഇല്ലില്ല എന്റെ പൊന്നേ. ഞാൻ പരീക്ഷിച്ചു നോക്കി ഇതാദ്യം, അവനില്ലേ, റ്റിന്ററിൻ - അവന് നന്നായി ഇഷ്ടപ്പെട്ടു സംഭവം. ഇടയ്ക്കിടയ്ക്ക് ചെയ്തുകൊടുക്കണം ത്രേ. പാദം വൃത്തിയായിക്കിട്ടിയപ്പോൾ എന്തൊരു പുളകോദ്ഗമം.

അതൊക്കെ ശരി റോസ്, എന്നാൽ എന്റെ കയ്യും കാലും ഇങ്ങനെ നിർമ്മലമാക്കുന്നതെന്തിനാണ് ഓമനേ, വിശേഷിച്ച് കാൽവിരലുകൾ, ഊം?
ഓരോന്നായി ഉറുഞ്ചി നുണഞ്ഞു രസിക്കാൻ, പിന്നല്ലാതെ.

ദൃശ്യസന്നിവേശം എന്ന വിദ്യ

(അരുൺ, സുസീ, വിസ്മയ, യോഹനാൻ )

യോ: സൂസീ, അറിഞ്ഞോ നീ നിന്റെ പുതിയ റോൾ.
സു: അതല്ലേ ഞാൻ ചെയ്യാൻ പോവുന്നത് ഇന്ന്.
യോ: അതിനെപ്പറ്റി വല്ലതും അറിഞ്ഞോ എന്നാണ് ചോദിച്ചത് ഞാൻ ഇപ്പോൾ.
സു: ഇല്ലാ, എന്തേ, മോശമായിട്ട് എന്തെങ്കിലും ഉണ്ടോ?
യോ: മോശമായിട്ട് എന്നു വെച്ചാൽ - ഏയ്, ഒന്നുമില്ല. നീ വല്ലതും അറിഞ്ഞുവോ എന്നു ചോദിച്ചെന്നേ ഉള്ളൂ.
സു: അല്ലാ അല്ലാ അല്ലാ... എന്തോ ഉണ്ട് നിന്റെ മനസ്സിൽ, ഒന്നു പറ ബ്രോ.
യോ: ഏയ്, അങ്ങനെയൊന്നും ഇല്ല സൂസീ. എന്തായാലും മോശമായിട്ടൊന്നും ഉണ്ടാവില്ല തന്നെ.
സു: സ - ത്യം?
യോ: ഉം ... യാ, മോശമായിട്ടൊന്നും ഉണ്ടാവില്ല. പക്ഷേ, ഒരു പക്ഷേ...
സു: ഒരു പക്ഷേ?
യോ: ഒരു പക്ഷേ. ഒരു പക്ഷേ നിനക്ക് മുമ്പത്തേതു പോലെ ഇക്കുറിയും.
സു: ഇക്കുറിയും? (ആകാംക്ഷ)
യോ: കിണറ്റിൽ വീഴേണ്ടി - വരും - എന്ന് തോന്നുന്നു
സു: എപ്പോഴും കിണറ്റിൽ വീഴാൻ ഞാനെന്താണ് ചേരയോ - (മുനിഞ്ഞ്) ഇത് ശരിയാവില്ല - സമ്മതിക്കില്ല ഞാൻ. കിണറ്റിലോ ചെളിയിലോ വീഴേണ്ടി വന്നാൽ അതിന് ഞാൻ തന്നെ വേണം. മറ്റേ അവൾക്ക് ഒരിക്കലും ഇതൊന്നും വേണ്ടാ ...
യോ: ഹ, അത് നീ നന്നായി കരഞ്ഞു നിലവിളിക്കുന്നതു കൊണ്ടല്ലേ.
സു: അപ്പോൾ, നന്നായി ചിരിക്കുകയും ചെയ്യുമല്ലോ ഞാൻ. അത് ശ്രദ്ധിക്കുന്നതേയില്ലല്ലോ അവർ. ശ്ശ്യോ, നിനക്കെങ്കിലും ഒന്ന് നോക്കിക്കൂടേ ബ്രോ.
യോ: ഞാൻ, ഞാൻ ഇതാ, ഇപ്പോൾ വരാം സുസീ. എനിക്ക്... ആങ്, ഇത്തിരിയൊന്ന്​ധ്യാനിക്കണം.
വി: (ഓടിയെത്തിക്കൊണ്ട് ) സുസീ, ഏയ് സുസീ, അറിഞ്ഞോ നീ വിശേഷം.
സു: എന്താണാവോ.
വി: (ഔപചാരികം) സുസീക്ക് വീണ്ടും കിണറ്റിൽ വീഴാൻ അവസരം.
സു: ഓ, അതിലെന്താണ് വിസ്മയാ നിനക്കിത്ര ആഘോഷിക്കാനുള്ളത്.
വി: അല്ല, കിണറ്റിൽ വീഴുന്നത് എപ്പോഴും നീയാണല്ലോ എന്ന് ശ്രദ്ധിച്ചു പോയതാണ് സുസീ.
സു: ഓ, അതിന് തക്കതായ കാരണം ഉണ്ടാവാം. ഉദാഹരണത്തിന്, നന്നായി കരഞ്ഞു നിലവിളിക്കുന്നത് ഞാൻ ആയിരിക്കാം.
വി: യാ, യാ, സ്ഥിരമായി പ്രസവവേദനയും കിട്ടാതിരിക്കട്ടെ സുസീ.
സു: അതിനെന്താണ്, കിണറ്റിൽ വീണതായി നടിക്കുകയല്ലേ വേണ്ടൂ. ശരിക്കും വീഴുകയൊന്നും വേണ്ടല്ലോ.
വി: ആങ്, അതെയതെ. ഇതു തന്നെ പ്രസവവേദനയെക്കുറിച്ചും പറയണം ട്ട്വോ. ഹംമ്മേ - ഓഹ് - ആഹ് - ഔഹ് - ഈശ്!
സു: എന്താണ് ഒരു പുച്ഛം. അസൂയ മറച്ചു പിടിക്കാനായിട്ടുതന്നെ?
വി: അല്ല സുസീ, ഈയിടെ ഒരു മൂവി വന്നല്ലോ, ഒരു കാട്ടാനയുടെ പിന്നാലെ കുറേ ആൾക്കാർ ഓടുന്നത്. പാവം ആന കിണറ്റിൽ വീഴുന്നുമുണ്ട്. ഒരു പക്ഷേ അവർ ആനയെ കിണറ്റിലേയ്ക്ക് ഉന്തിയിട്ടൊന്നും ഉണ്ടാവില്ല അത് ഷൂട്ട്​ ചെയ്യാൻ. അനിമെയ്ഷൻ ആവാം കുറേ. എന്നാലും സങ്കല്പം ഇല്ലേ. സങ്കല്പത്തിലാണെങ്കിലും ആനയെ വല്ലാതെ ​ദ്രോഹിക്കുന്നില്ലേ - അത് കുറ്റമല്ലേ. മൂവി തുടങ്ങുമ്പോൾ പക്ഷേ എന്താണ് എഴുതിക്കാണിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുമ്പോൾ ഒരു മൃഗത്തേയും ദ്രോഹിച്ചിട്ടില്ല എന്നല്ലേ.
സു: ശ്ഷ്ഷ്ഷ്ശൂ! ... എന്താണ് നീ ഉദ്ദേശിച്ചുവരുന്നത് അസൂയേ.
വി: നിന്റെ അമ്മൂമ്മയാണ് അസൂയ. വിഡ്ഢി കൂശ്മാണ്ഡം, നീ ഇവിടെ ഇരുന്ന് കിനാവ് കണ്ടോ. ഞാൻ പോകുന്നൂ.
സു: ഊഫ്‌സ് (ഉറക്കെ ചിരിക്കുന്നു).
അ: അപ്പോൾ സുസി, പ്രമേയം പശ്ചാത്തലം ഒക്കെ ഒരു ഏകദേശ രൂപം കിട്ടിക്കാണുമല്ലോ നിങ്ങൾക്ക് ഇതിനകം?
സു: ഉവ്വ് സർ, ഉവ്വെന്നു തോന്നുന്നു.
അ: കിണറ്റിൽ വീഴുന്ന കഥാപാത്രമായി വീണ്ടും വരുന്നതിൽ വിഷമമൊന്നുമില്ലല്ലോ സുസീ - പ്രതിച്ഛായ അപകടത്തിലാവുമെന്ന് ഭയമുണ്ടോ?
സു: കാൻ, വെനിസ്, റ്റൊറന്റേറാ ഒക്കെ പോവുന്ന മൂവീ അല്ലേ - സാരമില്ല സർ.
അ: എന്നു വെച്ചാൽ, അതൊന്നും തീർച്ചയായിട്ടില്ല സുസി - നമുക്ക് നോക്കാം.
സു: എനിക്ക് ഒരു സംശയം - സർ, ആ കൊമ്പനാന ഈ സ്ഥലങ്ങളിലൊക്കെ ചെന്നിട്ടുണ്ടാവുമോ.
അ: ഏതു കൊമ്പനാന സുസി, ഏതാന?
സു: നല്ല നടൻ പ്രൈസ്​ കിട്ടിയ ആന. സമ്മാനം വാങ്ങാൻ അങ്ങു വരെ പോയിക്കാണുമോ. അഥവാ അതിനെ കൊണ്ടുപോയിട്ടില്ലെങ്കിൽ ക്രൂരത അല്ലേ സർ അത്?
അ: ഹം, എനിക്കറിയില്ല അതൊന്നും സുസി. എന്തിന് നടിക്കുന്ന ആനകളെച്ചൊല്ലി ആധി പുലർത്തുന്നു നീ, നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരേ?
സു: ആപാദചൂഡം ചെളിയിൽ കുഴഞ്ഞ് പുതഞ്ഞു കിടക്കുന്ന ഒരു സീൻ ഉണ്ടെങ്കിൽ ചോകലെയ്‌റ്റ്​ കൊണ്ട് ചെയ്യാമായിരിക്കും അത്, അല്ലേ സർ.
അ: ഇത്... ഒരു ഓഫർ വെയ്ക്കുന്നതാണോ സുസി?
സു: ആണെങ്കിലും അത് പിന്നീടല്ലേ. ഇപ്പോൾ പഴയ കിണർ തന്നെയല്ലേ നമ്മുടെ മുന്നിൽ ഉള്ളത്. അപ്പോൾ, പറയൂ സർ, ഈ കിണറ്റിൽ വിഷവാതകം ഉണ്ടാവുമോ.
അ: അതെന്തിനാണ് സുസി, അതെന്തിനാണ്.
സു: എനിക്ക് കുറച്ച് ശ്വസിച്ചു നോക്കാനാണ് സർ, ശ്വസിച്ചു നോക്കാനാണ്.
അ: ഓ - ഓ - ഓ - ഐന്റ സുസി!

ലിംഗാരാധന എന്നു കേട്ടപ്പോൾ കാണേണ്ടിയിരുന്നു ഒരാൾടെ ഒരു നാണം!

ഈ ഒരാൾക്ക് എന്താണ്, പേരില്ലേ. എപ്പോഴും ഇയാൾ, ഒരാൾ എന്നൊക്കെയേ വിളിക്കൂ അവൾ. ഒരിക്കലും ഒരു വിധത്തിലും എന്റെ പേരിന്റെ അടുത്തു കൂടി കൂടി പോവില്ല.

അത് പരമഹംസൻ എന്നായതുകൊണ്ടാണോ ഇനി.

പാവനത്വം തോന്നിയിട്ടാവുമോ എന്തോ. പരമഹംസൻ ചേട്ടൻ എന്നതൊക്കെ തമാശയായി തോന്നും. എന്നാൽ മറ്റെന്തെങ്കിലും സംബോധന ആവാമല്ലോ. പക്ഷേ ഈ ഒന്നും പ്രകടമായി വിളിക്കാതെ കഴിക്കാനുള്ള ആ മിടുക്ക് പ്രശംസനീയം തന്നെ.

ഇവിടെ അടുത്തെവിടെയോ തന്നെയാണ് അവളുടെ ആസനം. ത്രിപുരസുന്ദരി എന്നോ മറ്റോ ആവാം പേർ എന്നു തോന്നും കണ്ടാൽ. വർണ്ണശബള വസ്ത്രധാരി, സർവ്വാഭരണവിഭൂഷിത. അവൾക്ക് മഴവെള്ളം സംഭരിച്ചു വിൽക്കാനുള്ള അനുമതി വേണം.

നിലത്തു വീഴാതെ ശേഖരിച്ച ഏറ്റവും ശുദ്ധമായ ജലം എന്ന പേരിൽ വിനോദസഞ്ചാരികൾക്ക് വിൽക്കും അവൾ ഈ വെള്ളം. ക്രമേണ വിദേശങ്ങളിലേയ്ക്ക് കയറ്റിയയച്ചു തുടങ്ങണം എന്നുമുണ്ട്. ഇവിടെ വന്ന് ചില്ലുമേടയിൽ രണ്ടോ മൂന്നോ രാത്രി എന്റെ ഒപ്പം താമസിക്കട്ടെ എന്നു ചോദിച്ചപ്പോൾ, എന്തോ, എന്താണെന്നറിയില്ല, നിരസിക്കാൻ തോന്നിയില്ല.

ഭയങ്കര വൾനറബ്ൾ തന്നെ പരമഹംസർ, അല്ലേ?

മറ്റുള്ളവർക്ക് അങ്ങനെ കളിയാക്കുകയല്ലേ വേണ്ടൂ. അനുഭവിക്കുന്നത് ഞാൻ അല്ലേ. എന്തെല്ലാം ദൗർബല്യങ്ങളെയാണ് ഈ ഒരാൾ പ്രീതിപ്പെടുത്തേണ്ടത്.
ആരും അറിയാതെ വന്നു കൊള്ളാം എന്ന് അവൾ ഇങ്ങോട്ട് നിർദ്ദേശിക്കുകയാണുണ്ടായത്. കുറച്ചുമാറി ഒരു വാഹനത്തിൽ നിന്നിറങ്ങിയിട്ട് ബാക്കി ദൂരം നടന്നു വരാനായിരിക്കും പരിപാടി.
ഭവാൻ എന്നോ ആര്യപുത്രൻ എന്നോ വിളിച്ചു കൊള്ളട്ടെ. മുഷിയില്ല. ഞാൻ തന്നെ നിർദ്ദേശിക്കാം അത്, വരട്ടെ.
എന്താണ് എന്നെ കണ്ടാൽ അറിയില്ലേ ഒറ്റനോട്ടത്തിൽ ഞാൻ ഒരു ലോലഹൃദയനും അതികാല്പനികനും മറ്റും മറ്റുമാണെന്ന്.

ചരക്ക് വരാനുള്ള ഈ കാത്തിരിപ്പ് രസകരമാണ്.

ഈയിടെയായി മുരിങ്ങയുടെ പൊടി കറികളിലെല്ലാം ചേർത്തു കഴിക്കുന്നുണ്ട്. ഇല ഉണക്കി പൊടിച്ചത് എന്നാണ് അവരുടെ പരസ്യത്തിൽ. പക്ഷേ കായയുടെ തോടും ഒക്കെ ചേർത്ത് പൊടിച്ചിട്ടാവും ഇത് ഉണ്ടാക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്.

അതുതന്നെയാവില്ലേ നല്ലതും.

ഗൂഗ്ൾ ഏർപ്പാടാക്കിയ മോൾക്ക് എന്തൊക്കെയാണ് എന്നെ ഓർമ്മിപ്പിക്കാനുള്ളത് എന്നു നോക്കാം.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അങ്ങയെ അലട്ടുന്നത് പ്രധാനമായി മൂന്ന് സംഗതികളാണ്. അതായത് ഈ മൂന്നു പ്രശ്‌നങ്ങൾക്ക് ഉടനടി പരിഹാരം കാണേണ്ടതുണ്ടെന്നു തോന്നുന്നു. അവ ഇപ്രകാരം ക്രോഡീകരിക്കാം യഥാക്രമം. ഒന്ന്: ഭാവിയിൽ ഇരയോ പരാതിക്കാരിയോ ആയി മാറാനിടയുള്ള ഒരു പ്രൗഢയുടെ സന്ദർശനം.
രണ്ട്: തന്നെ നിയമക്കുരുക്കുകളിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കാൻ അപേക്ഷിച്ചു കൊണ്ടുള്ള ഒരു പുരോഹിതെന്റ നിവേദനം.
മൂന്ന്: തന്റെ പുതിയ കവിതയെപ്പറ്റി എന്തെങ്കിലും അഭിപ്രായപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മന്ത്രി ലോഹിതാക്ഷന്റെ ​പ്രേമലേഖനം.

ശരി മോൾ, ഓർമിപ്പിച്ചതിനു നന്ദി.
ഇതിൽ മന്ത്രിയുടെ കവിത നോക്കാം ആദ്യം.

ആനേ ആനേ തടിയെടുക്ക് നേന്ത്രപ്പഴവും ചക്കരയും ആനേ ആനേ തിടമ്പേറ്റ് നേദ്യച്ചോറും പനം നൊങ്കും ആനേ ആനേ അടങ്ങിനിൽക്ക് ആനയ്ക്കു കാലിൽ ചങ്ങല...

ഇതിന്റെ തലക്കെട്ട് പക്ഷേ ആന എന്നല്ല. അത് ഒട്ടകം എന്നാണ്. അതിൽ ഒരു കടംകഥ ഇല്ലേ. അവിടെ എങ്ങനെ ഒട്ടകം വന്നു ചേർന്നു എന്നു ചിന്തിച്ചു തന്നെ പുകയ്ക്കാമല്ലോ തല.

പിന്നെ മറ്റൊന്നുണ്ട്. കുറേ ഓർത്തുനോക്കിയപ്പോൾ പിടികിട്ടിയതാണേ എനിക്ക് ഇത്. എത്ര താല്പര്യമില്ലാത്ത ഒരാൾക്കും, എത്ര വേണ്ട എന്നു വിചാരിക്കുന്ന ഒരാൾക്കും അറിയാതെ ഹൃദിസ്ഥം ആയിപ്പോവുന്ന വരികൾ അല്ലേ ഇത്. അല്ലേ.
ഓ, ഇത്രയും കേട്ടാൽ തന്നെ സമാധാനമാവും അയാൾക്ക്. സ്ഥലത്തെ പ്രമുഖ അഴിമതിവിരുദ്ധനാണല്ലോ. ഞാൻ ഒരു സ്ത്രീവിദ്വേഷി അല്ലാത്തതിലും അയാൾക്ക് രസക്കേടുണ്ട്. എന്നിട്ടും ആദ്യം എനിക്ക് അയച്ചു തന്നല്ലോ ഈ ചൂടപ്പം.
സാഹിത്യസംഗീതാദികളുമായി എനിക്ക് പുലബന്ധമുണ്ട് എന്ന ധാരണ തന്നെയാവാം ലോഹ്യയെ അതിനു പ്രേരിപ്പിച്ചത്.

ഇനി പാതിരി. എന്തൊക്കെ സൗകര്യം ഉള്ള കൂട്ടരാണ് ഇവർ. ഇങ്ങനെ പോയി കഴുത്ത് വെച്ചുകൊടുക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നുവോ. എങ്ങനെ ഈരും ആവോ അയാൾ ഈ പെട്ടിരിക്കുന്ന കെണിയിൽ നിന്ന്. പദവി കൊണ്ട് ബിഷപ്പ്​ഒക്കെ ആണെങ്കിലും വാലിന്റെ തുമ്പ് വരെ വലിച്ചു പുറത്തേയ്‌ക്കെടുക്കാൻ പറ്റണ്ടേ.
അയാളുടെ ഒരു വായയോ. ആരെല്ലാമുണ്ട് ചുറ്റും എന്നൊന്നും നോക്കാതെ അങ്ങോട്ട് അടിച്ചു വിട്ടോളുമല്ലോ വചനങ്ങൾ വിടുവായൻ.

അല്ല കൂവേ, ഈ കന്യാസ്ത്രീകൾ പിന്നെ എന്തിനായുള്ളതാ?
എന്നാറ്റിനാ ....
അവളുടെ വാഗ്ദാനം പക്ഷേ ഇതിനെല്ലാം മേലെ നിൽക്കും. എന്റെ മാദകത്തിടമ്പേ, ഒന്നിങ്ങെഴുന്നെള്ളെടീ. മന്ദാക്രാന്തേ, നതോന്നതേ, സ്രഗ്ദ്ധരേ.

അതേയ്, ഒരാൾ ഇന്ന് ശരിക്കും നിർവൃതിയടയുവാൻ പോവുകയാ കേട്ടോ. മാനിക്യുർ, പെഡിക്യുർ എന്നതൊക്കെ പോലെ ഫാലിക്യുർ എന്നൊരു സൂത്രം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. എന്താണതെന്നൊന്നും വിവരിക്കുന്നില്ല. ഹ ഹാ, നേരിട്ട് അനുഭവിക്കേണ്ടതല്ലേ പൂരം.

സുഗന്ധദ്രവ്യം എന്തെല്ലാമോ ചേർത്ത ഇളം ചൂടുവെള്ളത്തിൽ എത്ര നേരമാണ് അന്നൊരിക്കൽ മറ്റാരോ എന്റെ കൈകൾ മുക്കിവെച്ചത്. അവ ചുവന്നു തുടുത്തു, പതുക്കെ കുതിർന്നു. രാമച്ചമോ മറ്റോ കൊണ്ട് മെല്ലെ ഉരച്ചുരച്ചു കഴുകിക്കൊണ്ടിരുന്നു അവൾ എന്റെ കൈകൾ. വെള്ളത്തിനുള്ളിൽ വെച്ച് അവളുടെ കൈകളുമായി എന്റെ കൈകൾ ഇണചേർന്നുകൊണ്ടേയിരുന്നു. എന്റെ ഓരോ വിരൽത്തുമ്പും നഖവും കൈപ്പത്തികളിലെ ഓരോ രേഖയും അവളുടെ പരിലാളനം നല്കിയ അനുഭൂതിയിൽ മുഴുകിയങ്ങനെ...

അതാ, മറ്റേ അവൾ ഇങ്ങെത്തിയെന്നു തോന്നുന്നു. ഇത്തിരി തിരക്കുണ്ടേ എനിക്ക്. ശരി മാന്യരേ, ഇനി പിന്നെ. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments