നാളുകൾ പെൺകുട്ടികൾക്ക് പേരായിടുന്ന സമ്പ്രദായം മുമ്പേ ഇവിടെ ഉണ്ട്. എന്നാൽ തൃക്കേട്ട, പൂരുരുട്ടാതി, മകീര്യം എന്നൊന്നും പതിവില്ല അത്. തന്റെ തോന്ന്യാസം മൂലം ആ കുട്ടിക്ക് ഭാവിയിൽ എത്ര പ്രയാസം ഉണ്ടാവും എന്ന് ആലോചിച്ചതേയില്ല താൻ - അല്ലേ ഹേ !...
തന്റെ അച്ഛനോട് കാരണവർ ശുണ്ഠിയെടുക്കുന്നത് കേട്ടു കൊണ്ട് അവൾ നിന്നു. തന്നെ വിറപ്പിക്കുന്ന അച്ഛൻ പഞ്ചപുച്ഛമടക്കി മറ്റൊരാളുടെ മുന്നിൽ നിൽക്കുന്നല്ലോ എന്നൊരു സന്തോഷമൊന്നും അവൾക്ക് തോന്നിയില്ല. എന്നാൽ അവിട്ടം എന്നു തന്നെ വിളിച്ചതിലുള്ള അനിഷ്ടം അവളുടെ ഉള്ളിൽ വർദ്ധിക്കുന്നുമുണ്ടായിരുന്നു.
അമ്പലക്കുളത്തിലും പാടത്തെ ഒരു ചതുരക്കുളത്തിലും ആൺകുട്ടികളോടൊപ്പം അവളും നീന്തി തിമർക്കും. മിക്കവരും അവളുടെ സമപ്രായക്കാർ. എത്രയോ മണിക്കൂർ ഒന്നിച്ച് വെള്ളത്തിൽ കിടന്നെന്നു വരും അവൾ. ശരീരം ആകെ കുതിർന്നിട്ടുണ്ടാവും വീട്ടിൽ എത്തുമ്പോൾ.
അമ്പലക്കുളത്തിൽ ആഫ്രിക്കൻ പായലും കുളവാഴയും ഉണ്ട്. വല്ലപ്പോഴും ആമ്പൽ വിരിഞ്ഞും കാണും. പാടത്തേതിൽ അടിയിൽ നിറയെ ചെളിയുണ്ടെന്നാണ് കേട്ടിട്ടുള്ളത്. അതിൽ പൂന്തിപ്പോവാതെ സൂക്ഷിക്കണം നമ്മൾ. അവിടെ ആരോ താമര കൊണ്ടുവന്നിട്ടിട്ടുണ്ട് ഈയിടെ.
ഏറ്റവും കൂടുതൽ നേരം വെള്ളത്തിനടിയിൽ കിടക്കുന്ന രണ്ടാമത്തെ ആൾ ഞാനാണ് ഇപ്പോൾ. ആ സുരേഷ് കുമാർ മാത്രമാണ് എന്നെ അതിൽ തോല്പിക്കുക. അവനെ കൂടി വെട്ടിച്ചാൽ പിന്നെ ഞാൻ ഒന്നാമി.
അഥവാ അതിൽ ഒന്നാമത്തി.
പിള്ളേരുടെ കൂടെ ഏർപ്പെടുന്ന ഒരു പ്രധാന വിനോദം വളിയിട്ടുകളിയാണ്. കുമിളകൾ മുകളിലേയ്ക്ക് വന്നും കൊണ്ടിരിക്കുമല്ലോ. ആൺകുട്ടികൾ അതിൽ വിദഗ്ധരാണെങ്കിലും ഒരു പെൺകുട്ടി പോലും വളിയിടുന്ന പതിവില്ല. അഥവാ അതിനു വയ്ക്കുമെങ്കിൽ കൂടി ആരും പുറത്തേയ്ക്ക് അറിയിക്കില്ല. മൂടി വെയ്ക്കുകയേ ഉള്ളൂ അധോവായു.
ഇവള് പെണ്ണൊന്നും അല്ലെടാ കൂവേ. ഏതേലും പെണ്ണ് ഇങ്ങനെ വളിയിടുവോ. എന്നാൽ ഇവളെത്ര ഫംഗിയായാണ് അത് ചെയ്യുന്നതെന്നു നോക്കിക്കേ. എനിക്കും കൂടി പററില്ല ഇതിന്റെ കാൽ ഫാഗം പോലും -
ആ കാർത്തവീര്യാർജ്ജുനെന്റ മോന്തയ്ക്കിട്ട് ഒന്നു ചാമ്പണം. അല്ലെങ്കിൽ അവന്റെ ചെപ്പക്കുറ്റി അടിച്ചു പൊളിക്കണം. അവിട്ടം ആലോചിച്ചു. എന്തൊരു കെണിയനാണ്. ആകെ ഒരു പൊടിഡപ്പിയുടെ വലിപ്പമേ ഉള്ളൂ. അവന്റെ ഒരു ഒച്ചയോ.
അവന്മാർക്ക് ഞാൻ കളിയിൽ കൂടുകയും വേണം, എന്നിട്ട് ആ പേരിൽ എന്നെ കളിയാക്കുകയും വേണം.
സ്ത്രീപ്രാതിനിധ്യം അനുവദിക്കുന്ന ലോകം.
മുക്കിമുക്കി ഒടുക്കത്തെ തുള്ളി വായു വരെ കുമിളയായി പറത്തി വിട്ടിട്ട് അവന്മാർ ചാർത്തിത്തരുന്നത് ചീത്തപ്പേര്.
ഇനിയീ യോനിയിൽ വായുവില്ലാ ...
പിന്നെ പെണ്ണല്ലാ പോലും ഞാൻ. അതുകൊള്ളാമല്ലോ കാർത്തവീര്യാർജ്ജുനാ, കാണിച്ചു തന്ന് ബോധിപ്പിക്കണോ ഞാൻ എന്റെ സൂത്രം.
കുശുമ്പിന് ഒരു കുറവുമില്ല. ഊളിയിട്ട് പോയി ഇവന്മാരുടെ കുട്ടിത്തോർത്ത് അഴിച്ചിടുന്നതിന്റെ അരിശവുമുണ്ടാവുമല്ലോ പിന്നെ. ഈ കൊണാപ്പന്മാരെയൊക്കെ അമ്പലക്കുളത്തിലെ ഏററവും മുകളിലെ കൂപ്പിൽ നിന്ന് താഴേയ്‌ക്കെറിയണം, അതാണു വേണ്ടത്.
ഇനി മുങ്ങാങ്കുഴി മത്സരത്തിൽ ഞാൻ ജയിക്കുക കൂടിയേ വേണ്ടൂ ...
പക്ഷേ നല്ല പിള്ളേരും ഉണ്ട് കേട്ടോ. മരുന്നിനു മാത്രമാണെങ്കിലും ഉണ്ട്. പൂച്ചക്കണ്ണുള്ള വെളുത്ത ഫിറോസിനെ കാണുമ്പോൾ എന്റെ മേലാസകലം തരിക്കുകയോ കുഴയുകയോ വിയർക്കുകയോ ഒക്കെ ചെയ്യാറില്ലേ. എന്നിട്ട് അയൽവാസി താഹിറുമായി ഞാൻ ആ രഹസ്യം പങ്കുവെയ്ക്കുകയും ചെയ്തില്ലേ.
എന്നിട്ടോ ഔട്ടം, നീ അവനെ കെട്ടുമോ?
എന്നൊക്കെ ആഗ്രഹമുണ്ട് എനിക്ക് താഹിറേ, നടക്കുമോ എന്തോ.
അതെങ്ങനെയാണ് ഔട്ടം. നിന്റെ മുത്തച്ഛൻ ഹിന്ദുമതസംരക്ഷണത്തിനു വേണ്ടി ഗർജ്ജിക്കുന്ന സിംഹമല്ലേ?
എന്റെ കാത് പൊട്ടിപ്പോവാതിരുന്നത് ഭാഗ്യം. ഒരു വിവരവുമില്ലാത്ത ആ പൊട്ടൻ താഹിർ അതിനു മുമ്പോ പിമ്പോ അത്തരം വാക്കുകളൊന്നും ഉച്ചരിച്ചിട്ടുണ്ടാവില്ല. ഒരു നിമിഷത്തേയ്ക്ക് എവിടെ നിന്നു കിട്ടി ആവോ അവന് ആ വ്യുല്പത്തി.
പറയെടീ ഔട്ടം, പറ.
നീ പോടാ, കഠിനപദഘടോൽക്കചാ.
ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തി! -
നീ എന്തു വേണമെങ്കിലും വാക്യത്തിൽ പ്രയോഗിച്ചോ താഹിറേ. കല്ല്യാണപ്രായമാവുമ്പോൾ അപ്പോഴും എനിക്കിഷ്ടമാണ് അവനെയെങ്കിൽ - നോക്കിക്കോ, അവനെ ഞാൻ കെട്ടിയിരിക്കും -
ഹ ഹ ഹാ, എന്തൊരു പ്രയോഗമതി! ...
കുട്ടിയായിരുന്നു ഞാൻ. മറ്റേത് ആയിട്ടും കൂടിയുണ്ടായിരുന്നില്ല. ആ പ്രായത്തിലൊന്നും പാടില്ലല്ലോ വിവാഹം.
മറ്റേത് പിന്നെ തുടങ്ങിയത് വീട്ടിൽ ഇരിക്കുമ്പോഴായിരുന്നു. ഭാഗ്യം എന്നല്ലേ പറയേണ്ടൂ, അതെങ്ങാനും കുളത്തിൽ കിടക്കുമ്പോഴാണ് സംഭവിച്ചിരുന്നതെങ്കിലോ. വെള്ളം മുഴുവനും എന്റെ ചോര കൊണ്ട് ചെഞ്ചെമ്മേ ആവുമായിരുന്നില്ലേ - എന്റമ്മേ.
ചോര ഒലിക്കുന്നതു കണ്ട് ഞാൻ ഞെട്ടി. അമ്മ പക്ഷേ പേടിക്കേണ്ട എന്ന് സമാധാനിപ്പിച്ചു. അലക്കി വെച്ചിരുന്ന പഴംതുണി അവിടെ വെച്ചു തരുകയും ചെയ്തു.
പിന്നെ അത് മാസം തോറും ഉണ്ടാവും എന്നു കേട്ടപ്പോൾ എനിക്കുണ്ടായ ഒരു ഞെട്ടൽ. മേലാൽ കുളത്തിൽ പോയി ചാടിമറിയരുതെന്ന് വിലക്കുകയും ചെയ്തു അമ്മ. വലിയ കുട്ടിയായി പോലും ഞാൻ.
കന്യക ആയി എന്നും വിശേഷിപ്പിച്ചു.
എന്നാലും എന്തെല്ലാം കസർത്താണ് കാണിച്ചിരുന്നത് ആ അവിട്ടം കുട്ടി. നാട് കുലുക്കി നടന്നിരുന്ന ചിമിട്ട് ചീനിമുളക്. അവളാണ് എന്നിട്ട് ഇപ്പോൾ ഋ വരയ്ക്കാൻ പററാതെ ഈ കിണുങ്ങി നിൽക്കുന്നത്.
പിള്ളയ്ക്കില്ലേ ഒരു തള്ളവിരൽ
(മകീര്യ, വിശാഖ്, രോഹിണി, അനിഴൻ)
അനിഴൻ: (ഓർത്തു ചിരിച്ച് ) പണ്ടേയ്, എല്ലാവരും ആണയിട്ടിരുന്നത് ഇങ്ങനെ എന്തോ പറഞ്ഞല്ലേ - തംതയ്ക്ക് ജനിക്കണം.
മകീര്യ: (കണ്ണുമിഴിച്ച് )ഛെ .... ആണോ?
അനിഴൻ: തംതയ്ക്ക് ജനിക്കണം, എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല അതിന്റെ അർത്ഥം എന്താണെന്ന്. തംതയ്ക്ക് ജനിക്കണമെങ്കിൽ ജനിച്ചോട്ടെ, മരിക്കണമെങ്കിൽ മരിച്ചോട്ടെ. ആരാണ് വിലക്കുന്നത് അത്. എന്തിന് ഒച്ചയിടുന്നു .... (ചിരിക്കുന്നു)
രോഹിണി: ഈ ശാപവാക്കുകൾ എപ്പോഴും ഇങ്ങനെയാവുമല്ലോ.
വിശാഖ്: മലയാളം അല്ലാത്ത - മറ്റു ഭാഷകളിലും ഉണ്ട് അത് എന്ന് തോന്നുന്നു. ആപ് കാ ബാപ് എന്നൊക്കെ ഇല്ലേ?
മകീര്യ: എന്തായാലും ഈ ആണയിടൽ എപ്പോഴും ആണുങ്ങളാണല്ലോ പതിവ്. ഞങ്ങളൊന്നും ഈ തരം വാക്കുകളൊന്നും ഒരിക്കലും -
രോഹിണി: ആങ്, അതു ശരിയാണല്ലോ, ഉണ്ണിയാർച്ച കൂടി ഉണ്ടായിട്ടുണ്ടാവില്ല ഇങ്ങനെ.
അനിഴൻ: തംത എന്നൊന്നും പറയില്ല നിങ്ങൾ?
മകീര്യ: ഏയ്, ഒന്നാമത് ആവശ്യം വരാറില്ല. പിന്നെ, ചീത്ത വാക്കല്ലേ അത്.
വിശാഖ്: അപ്പോൾ നീ തള്ള ആവുമ്പോഴോ.
മകീര്യ: ബി, മിണ്ടാതിരിക്ക് ബ്രോ. ഞാനൊന്നും അത് ആവില്ല.
രോഹിണി: ഡാകിനി പോലുള്ള ദുർമന്ത്രവാദിനികളൊക്കെ അല്ലേ തൾ.... തൾ - തൾ - തൾളാ.
അനിഴൻ: ഓഹോ, അപ്പോൾ അറിയാം പറയാൻ, അല്ലേ.
രോഹിണി: എന്നു വെച്ചാൽ. പറയാൻ പിന്നെ അറിയാതിരിക്കുമോ, ഈ തെറിവാക്കുകളൊക്കെ ഒരാൾ പറഞ്ഞു തന്നാൽ അതേ പോലെ ഉച്ചരിക്കാൻ എന്താണ് ബുദ്ധിമുട്ട്.
മകീര്യ: ഇഷ്ടമില്ലാത്തത് എന്തിനു പറയണം? പിന്നെ ഇൻവെറ്റഡ് കൊമാസിൽ ഇട്ടിട്ടു പറയാം ചിലത്.
വിശാഖ്: ശരി, അപ്പോൾ നിങ്ങൾ രണ്ടാളും തള്ള ആവില്ല എന്നു തീർച്ചയായി -
മകീര്യ: ആങ്, എന്തിനാണ് വെറുതേ വയസ്സാവുന്നത്.
അനിഴൻ: നിങ്ങൾ ചീത്ത വാക്ക് എന്നു പറഞ്ഞില്ലേ? ഇതായിരുന്നു കുറേ കാലം ഇവിടെ വിവാദം. ഏതോ ആശാന്റെ കവിതയിലെ തള്ള എടുത്തു മാറ്റി അമ്മ എന്നാക്കി പരിഷ്‌കരിച്ചതിന്.
വിശാഖ്: ആ വിവാദം അവിടെ നിൽക്കട്ടെ. നീ ആദ്യം എടുത്തിട്ട ആ വാചകമില്ലേ - തന്തയ്ക്ക് ജനിക്കണം .... ഛെ, എന്തു മോശമാണല്ലേ ആ പറച്ചിൽ. അച്ഛനെക്കുറിച്ചൊക്കെ ഊറ്റം കൊള്ളുക!
അനിഴൻ: ഹ്ം, അവനവനേക്കാൾ വീമ്പടിക്കുന്നത് അച്ഛനെച്ചൊല്ലി - തംത നന്നാവണം! നല്ല തംതയ്ക്ക് ജനിക്കണം!
വിശാഖ്: പിന്നെ അത് വീര്യം കൂട്ടി ഇങ്ങനെയായില്ലേ - ഒറ്റ തംതയ്ക്ക് ജനിക്കണം!
മകീര്യ: ബീ, നിങ്ങൾക്ക് വേറെ ഒന്നും സംസാരിക്കാനില്ലേ, കുറേ നേരമായല്ലോ ഈ അച്ഛാ ബാപ് വാർതാലാപ്.
രോഹിണി: കുറേ നേരം ഇനി തൾ - തൾ - തൾ -തൾള വിഷയമാക്കണം എന്നല്ലാ ട്ട്വോ.
വിശാഖ്: ഏങ്, ഇതെന്താണ്? ആ വാക്കൊന്നും മിണ്ടുകയേയില്ല എന്നു പറഞ്ഞിട്ട് ഇപ്പോൾ ഇവൾക്ക് അത് വീണ്ടും വീണ്ടും ഉച്ചരിക്കാൻ - ഉത്സാഹമായല്ലോ.
രോഹിണി: എന്നു വെച്ചാൽ ഒരു പാട്ടിലൊക്കെ അതു വന്നാൽ അറിയാതെ പാടിപ്പൊയ്‌ക്കോളും.
അനിഴൻ: ഉദാഹരണം?
രോഹിണി: ഉദാഹരണം ... ഹ്ം, ങ്ഹ്ം ... ആങ്.
ആരോരുമില്ലാത്ത തെണ്ടി, പക്ഷേ ആറടി മണ്ണിന്റെ ജന്മി ...
അനിഴൻ: ഹഹാ, അതു പക്ഷേ തന്തയും തള്ളയും അല്ലല്ലോ -
രോഹിണി : ഞാൻ ഉദ്ദേശിച്ചത് - ആ തരം വാക്കുകൾ.
വിശാഖ്: ഒരു കണക്കിന് ശരിയാണ് - നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഒരു കാരണവശാലും അത് പറയരുത് ... എന്റെ പിൻതുണയുണ്ട് നിങ്ങൾക്ക്, ആർക്കു വേണം തംതയും തൾളയും.
മകീര്യ: നോക്കൂ, സ്ലാങ് പാടില്ല എന്നൊന്നും വാശി പിടിക്കില്ല, പക്ഷേ ചൂസ് ചെയ്യാം നമ്മൾ ഓരോരുത്തർക്കും - കേൾക്കുന്നവർക്കും - റൈറ്റ്?
രോഹിണി: ചില വാക്കുകൾ ഹാംഫുൾ ആയി തോന്നുന്നു ഒരാൾക്ക് എങ്കിൽ അത് അയാളുടെ കുറ്റമാണോ.
മകീര്യ: മൂവീസ് കാണുമ്പോൾ സഹിക്കില്ല ചിലപ്പോൾ - അലറുകയാണ് ആണുങ്ങൾ - തംതയ്ക്ക് ജനിക്കണമെടാ - തംതയ്ക്ക്!
അനിഴൻ: അങ്ങനെ അവളും പറഞ്ഞു ആ വാക്ക്.
മകീര്യ: കോമാസ് ഇട്ട് അതിനുള്ളിൽ.
വിശാഖ്: നിങ്ങളുടെ പ്രതിഷേധത്തിൽ കാര്യമില്ല എന്നല്ല. എന്നാലും ഇത്തിരി വ്യത്യാസം വന്നിട്ടില്ലേ. പുതിയ ആൾക്കാർ മൂവീസ് ചെയ്തു തുടങ്ങിയപ്പോൾ.
രോഹിണി: സാങ്കേതികമായി മികച്ചതായി എന്നേ ഉള്ളൂ അപ്പോഴും. ആണുങ്ങൾ ആണുങ്ങൾ തന്നെ.
മകീര്യ: മറ്റേ വിളി ഇപ്പോഴും ഉണ്ട് ബ്രോ.
അനിഴൻ: ഉവ്വോ. തംതയ്ക്ക് ജനിക്കണം, ഒറ്റ തംതയ്ക്ക് ജനിക്കണം, ഇപ്പോൾ എന്താണത്.
മകീര്യ: കേട്ടിട്ടില്ലേ - ഊം, സത്യായിട്ടും?
വിശാഖ് : പറയൂ ബ്രോ, മനസ്സിലുള്ളത് തെളിച്ചു പറയൂ.
മകീര്യ: എന്റെ തത്തയല്ല നിന്റെ തത്ത - ഊം ഉം, തെറ്റി - നിന്റെ തത്തയല്ല എന്റെ തത്ത.
അനിഴൻ: ഹാ ഹ ഹ, നിന്റെ തത്തയല്ല എന്റെ തത്ത.
രോഹിണി: ഹി ഹീ, നിന്റെ തത്തയല്ല എന്റെ തത്ത.
വിശാഖ്: ഹേയ്, നിന്റെ തത്തയല്ലെടാ എന്റെ തത്ത.
(എല്ലാവരും ഒരുമിച്ച് ആർത്തുചിരിക്കുന്നു)
പൊട്ടൻ. അതിയാന് ആ മുപ്പത്തിനാലാംനില കിട്ടിയത് അതിന്റെ മുതലാളി അതിയാന്റെ ആരാധകൻ ആയതുകൊണ്ടാണ് എന്നാണ് അതിയാന്റെ വിചാരം. നിത്യാമ്മ അയച്ചിട്ടാണ് ബീരാൻകോയ തന്നെ സമീപിച്ചതെന്ന് ഈ ഗുപ്തൻ ഒരു കാലത്തും അറിയില്ല.
ഗുപ്തനാണേത്ര, ഗുപ്തൻ - എന്തു ഗുപ്തനാണിയാൾ.
എത്ര കാലമായി ഞാൻ അതിയാനെ ഒരു കാര്യം ഏല്പിച്ചിട്ട്. എന്താണ് അതിയാന് ശകലം ശുഷ്‌കാന്തി കാണിച്ചാൽ. എനിക്ക് ഒരു കാരണവശാലും ഉർവ്വശിപ്പട്ടം വാങ്ങിക്കൊടുക്കരുതെന്ന് ആരെങ്കിലും നിർബന്ധിക്കുന്നുണ്ടാവുമോ അതിയാനെ.
അതിയാൻ എന്നേ വിളിക്കൂ ഞാൻ. അത് ബഹുമാനം കൊണ്ടാണെന്നു വെയ്ക്കണമെങ്കിൽ അങ്ങനെ കരുതിക്കോ. അതിയാനെൻ ഗാനം കേൾക്കാൻ ചെവിയോർത്തിട്ടരികിലിരിക്കേ...
പണ്ടത്തെ ഓരോരോ പാട്ടുകൾ. എന്നാദ്യകാമുകനെ എന്തു വിളിക്കും ... ഇതെല്ലാം ഓർത്തുപോയത് ആവശ്യവാണിയിൽ നിന്ന് വല്ല്യത്താൻ വിളിച്ചപ്പോഴാണ്.
തന്റെ ഘനഗാംഭീര്യമുള്ള ശബ്ദം കൊണ്ട് സുപ്രസിദ്ധൻ. പക്ഷേ നേരിൽ കണ്ടപ്പോൾ എനിക്ക് തോന്നിയത് അയ്യേ എന്നാണ്. അയ്യയ്യേ എന്ന്. അയ്യയ്യയ്യേ, ഈ തക്കിടിമുണ്ടനെയാണോ ഞാൻ ഇഷ്ടപ്പെട്ടത്.
വല്ല്യത്താൻ വിളിച്ചിട്ട് ഞാൻ എന്റെ ഇഷ്ടഗാനങ്ങൾ അവതരിപ്പിക്കണം എന്ന് വിനീതമായി ആവശ്യപ്പെട്ടു. പത്തു പന്ത്രണ്ട് പാട്ടുകൾ മതിയാവും; ഒരു മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രഗാനപരിപാടി. ഓരോ പാട്ടിനെക്കുറിച്ചും കുറച്ചെന്തെങ്കിലും സംസാരിക്കുകയും വേണം.
ഞാൻ ഉടനെ ഒരു കടലാസിൽ ഒന്നിനുതാഴെ ഒന്നായി പ്രിയപ്പെട്ട ചലച്ചിത്രഗാനങ്ങളുടെ ആദ്യത്തെ വരികൾ എഴുതാൻ തുടങ്ങിയില്ലേ:
താലീപീലീ കാടുകളിൽ താളം തുള്ളി നടക്കുമ്പോൾ ...
പണ്ടു മുഗൾ കൊട്ടാരത്തിൽ പവിഴമല്ലിപ്പൂവനത്തിൽ ...
കഥകഥപ്പൈങ്കിളിയും കണ്ണുനീർപ്പൈങ്കിളിയും ...
വെള്ളിലക്കിങ്ങിണിത്താഴ്വരയിൽ ഓ ഓ ഓ ഓ ...
താതെയ്യം കാട്ടിലെ തക്കാളിക്കാട്ടിലെ ...
പച്ചമലയിൽ പവിഴമലയിൽ ...
കൂട്ടിനിളം കിളി കുഞ്ഞാററക്കിളി ...
അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് ...
ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി...
ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി...
കിഴക്കുകിഴക്കൊരാന പൊന്നണിഞ്ഞു നിൽക്കണ് ...
ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ ചിപ്പിക്കു മുക്കുവൻ വലവീശി ...
കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം...
ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തി ...
കാററുമൊഴുക്കും കിഴക്കോട്ട് കാവേരിവള്ളം ....
നാഴിയുരിപ്പാലു കൊണ്ട് നാടാകെ കല്ല്യാണം ...
കുണുക്കിട്ട കോഴി കുളക്കോഴി കുന്നിൻ ചെരിവിലെ വയറ്റാട്ടി ...
നിത്യാമ്മേ, ഇതൊത്തിരിയുണ്ടല്ലോ എണ്ണം - എന്നിട്ടും എല്ലാം ഒരു മാതിരി ബാലസാഹിത്യം ആണല്ലോ -
എന്തേ, അതുകൊണ്ട് കുഴപ്പമുണ്ടോ?
അല്ല, ഞാൻ കരുതി നിത്യാമ്മേ - പ്രാണനാഥനെനിക്കു നൽകിയ, വല്ലഭൻ പ്രാണവല്ലഭൻ, ശൃംഗാരദേവത മിഴിതുറന്നു, പ്രീതിയായോ പ്രിയമുള്ളവനേ, പല്ലവകോമളപാണിതലം കൊണ്ടെൻ, ജീവൻ പതഞ്ഞു പൊങ്ങും വീഞ്ഞിൻകണം, പ്രണയകലാ വല്ലഭാ, .... ഇതിൽ ഏതെങ്കിലും രണ്ടുമൂന്നെണ്ണമെങ്കിലും ഉണ്ടാവുമെന്ന് -
ബീ, എന്താണ് വല്ല്യത്താൻ ചേട്ടാ - ആളുകൾ എന്നെപ്പററി എന്തുവിചാരിക്കും...
വല്ല്യത്താന് അത് രസിച്ചു. സാകൂതം നിത്യയെ നോക്കിക്കൊണ്ട് അയാൾ കസേരയിൽ ഒന്ന് ഇളകിയിരുന്നു. ഒച്ചയുണ്ടാക്കിക്കൊണ്ട് അവർക്കു മേലെ ഒരു പങ്ക കറങ്ങിക്കൊണ്ടിരുന്നു.
ഞാൻ വേറെ ചില പാട്ടുകൾ ഓർത്തിരുന്നു കേട്ടോ വല്ല്യത്താൻ ചേട്ടാ, ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാൻ അതിഗൂഢമെന്നുടെ ആരാമത്തിൽ - അതിലെ ആ മുറി തന്നെയാണോ നിന്റെ നാലുകെട്ടിന്റെ പടിപ്പുരമുററത്ത് ഞാനൈന്റ മുറി കൂടി പണിയിച്ചോട്ടെ ആഹഹാ ഓഹഹോ എന്നതിൽ ഉള്ളത് -
ഹ ഹ ഹ, രസികത്തിയാണല്ലോ നിത്യാമ്മ, വല്ല്യത്താൻ സങ്കോചം വെടിഞ്ഞ് കുലുങ്ങിച്ചിരിച്ചു, വാടകയ്‌ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ - എന്നത് വിട്ടുപോയതാവും, അല്ലേ.
പിന്നെ, വല്ല്യത്താൻ ചേട്ടന് അത്ര മോഹമുണ്ടെങ്കിൽ ഒരു ഇക്കിളി സ്വകാര്യം ഞാൻ ഇതിൽ ചേർക്കാം - വേണോ ചേട്ടാ?
ഹ, ചോദിക്കാനുണ്ടോ - പറ നിത്യാമ്മേ, പറ പറ പറ!
ഈ ലക്‌സ് സോപ് പരസ്യം ഇല്ലേ - അതിൽ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു അന്ന് അതിലേയ്ക്ക് അവർ എന്നെ വിളിക്കണമെന്ന്.
നിത്യാമ്മ അന്ന് ചെറുതായി ഒന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിൽ നടക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
വേറെ ചിലരും ഇതേപോലെ - വല്ല്യത്താൻ ചേട്ടൻ പറഞ്ഞതുതന്നെ.
പക്ഷേ നിത്യാമ്മേ, അതിൽ ചെറിയ ഒരു പ്രശ്‌നമുണ്ട്. ലക്‌സ് സോപ് എന്ന് ഉച്ചരിക്കാൻ പാടില്ല നമ്മൾ ഈ പരിപാടിയിൽ. അനാവശ്യമായി പരസ്യം കൊടുത്തതു പോലെയാവും അത്. അപ്പോൾ ഞങ്ങൾ ചെയ്യുക എന്താണെന്നറിയാമോ - ശബ്ദലേഖനത്തിൽ ലക്‌സ് എന്നതിലെ ല അങ്ങോട്ട് മായ്ച്ചു കളയും.
എന്നിട്ടോ?
- ക്‌സ് എന്നു കേൾക്കും അത്.
-ക്‌സ് എന്നോ! അയ്യേ, അതുവേണ്ടാ - ആളുകൾ അത് സെക്‌സ് എന്നാണെന്നു വിചാരിച്ചാലോ.
പിന്നെ വിപണിയിൽ ഇല്ലാത്ത ഒരു സാങ്കല്പിക സോപ് എടുക്കാം. അപ്പോൾ പക്ഷേ നിത്യാമ്മ ഉദ്ദേശിക്കുന്ന ഇഫെക്‌റ്റ് കിട്ടാതെ പോവും.
വല്ലാത്ത വാശികൾ തന്നെ നിങ്ങൾക്ക്. എന്താണാവോ ഈ കുന്ത്രാണ്ടം കടലെടുക്കാത്തത്?
ഞാനൊക്കെ ഇവിടെ പണിയെടുക്കുന്നതു കൊണ്ടു തന്നെ ഭവതീ -
എത്ര സ്വയം പുകഴ്ത്തിയാലും അയാൾക്ക് മടുക്കില്ല എന്ന് നിത്യയ്ക്ക് തോന്നി. കൗശലത്തോടെ ആത്മപ്രശംസ നടത്തുന്നതിൽ അയാൾ വിജയിക്കുന്നുണ്ടെന്നും. ഉദാഹരണത്തിന് തന്റെ സ്ഥാനം എന്താണെന്ന് എടുത്തു കാണിക്കാൻ അയാൾ മറ്റാരോ പരിഹാസരൂപേണ ഉരച്ചത് ഉദ്ധരിച്ചില്ലേ.
ആവേശവാണിയുടെ പഴയ പ്രൗഢിയൊക്കെ ക്ഷയിച്ചു. പണ്ട് ആരെല്ലാമായിരുന്നു അവിടെ - * - *, * * *, - - *, - * -, .... ഇപ്പോൾ ആകെയുള്ളതൊരു വല്ല്യത്താൻ!
അവിടെ നിന്ന് ഇറങ്ങാൻ പുറപ്പെടുമ്പോഴാണ് അംശുമാനെ കണ്ടത്. കുറേ കേട്ടിട്ടുണ്ടല്ലോ അയാൾ വാർത്ത വായിക്കുന്നത്. വല്ല്യത്താനെപ്പോലെയല്ല, ആൾ കാണാനും കൊള്ളാം. വേണ്ടത്ര പൊക്കവും വണ്ണവും നിറവും എല്ലാമുണ്ട്. ശരിക്കും കൊള്ളാം, തരക്കേടില്ല.
അയാളുടെ വായന കേട്ടിട്ടുണ്ട് ഞാൻ എന്ന് കൊഞ്ചിയിട്ടും പക്ഷേ എന്താണാവോ പുള്ളിക്ക് ഐന്റ കൂടെ നിന്ന് ഒരു സെൽഫീ എടുക്കണം എന്നു തോന്നാഞ്ഞത് -
എനിക്ക് വയസ്സാവുന്നുണ്ട് എന്നാണോ ... ▮
(തുടരും)