ചിത്രീകരണം: ബൈജു ലൈലാ രാജ്

ബ്ലാ

23. ആവശ്യക്കാരിക്കും ഇല്ല ഔചിത്യം

രവി

തിരഞ്ഞെടുപ്പ് എവിടെ ഉണ്ടോ, ഉദ്യോഗസ്ഥ ആയി അവിടെയെല്ലാം ഡാലിയ ഉണ്ട്.
അനധികൃത സ്വാധീനം ചെലുത്തി ചുമതലയിൽ നിന്ന് ഒഴിവാവാൻ ശ്രമിക്കാറില്ലല്ലോ ഞാൻ. ആരോടെങ്കിലും കൊഞ്ചിയാൽ പറ്റുന്നതേയുള്ളൂ. പക്ഷേ അതിലും ഭേദം കൊതുകടി കൊണ്ട് നിലത്തുകിടന്ന് ഒരു രാത്രി ഉറക്കമൊഴിക്കുന്നതാണ് എന്നു തോന്നും.

പൊട്ടിപ്പൊളിയാത്ത നല്ല നിലം കിട്ടിയാൽ തന്നെ ഭാഗ്യം. പാറ്റ നക്കുകയോ എലി മാന്തുകയോ തേൾ കുത്തുകയോ ചെയ്യാതെ കടന്നുകിട്ടണം രാത്രി. ചിലപ്പോൾ പഴുത് പരതി നടക്കുന്ന ഇഴജന്തുക്കളും ഉണ്ടായേയ്ക്കാം.

ഈ ജോലിക്ക് നിയോഗിക്കപ്പെട്ട രണ്ടു സ്ത്രീകൾ കണ്ടുമുട്ടിയാൽ ഒറ്റ വിഷയമേയുള്ളൂ സംസാരിക്കാൻ. ആയിട്ടുണ്ടോ, ആവാറായോ. മരുന്ന് കഴിച്ച് വൈകിക്കാനോ നേരത്തേ ആക്കാനോ മുതിരും എല്ലാവരും. വല്ലാത്ത പാടുതന്നെയാണ് പൊതിച്ചോറുമായി ജോലിക്ക് പോകേണ്ടിവന്നാൽ.
ഡാലിയയ്ക്ക് പക്ഷേ ആ ആധി ഇല്ല. ഏതായാലും ആണുതന്നെയാണ് എന്ന് ആണയിടുന്നു മറ്റുള്ളവർ. എന്നാൽ അതങ്ങോട്ട് എടുത്തുകളഞ്ഞ് സുഖമായി കയ്യുംവീശി നടന്നുകൂടേ എന്നാണ് അവൾ ആലോചിച്ചത്.

ചിലർ അർബുദം വന്നാൽ കൂടി വിഷമത്തോടെയാണ് അതെല്ലാം ഉപേക്ഷിക്കുക. കേടില്ലാത്ത ഗ്രന്ഥി വല്ലതും ബാക്കി വെയ്ക്കാനാവുമോ എന്ന് ശസ്ത്രക്രിയാവിദഗ്ധരോട് കെഞ്ചി നോക്കും. പെണ്ണിന്റെ ലക്ഷണമായി ഒരു സ്രവമെങ്കിലും സൂക്ഷിക്കാനാണേത്ര.

എന്നിട്ട് ഹൊർമോൺ പ്രശ്‌നങ്ങൾ കാരണം വലഞ്ഞാലും ശരി.
ഞാൻ പക്ഷേ സകലതും അങ്ങോട്ട് കളയാം എന്നു വെച്ചു. കുഴപ്പം ഉണ്ടായിട്ടുകൂടി ആയിരുന്നില്ല. ഈ ലിംഗപദവി എന്നതിനുവേണ്ടി ഇത്ര വലിയ വില കൊടുക്കണമെന്നൊന്നും എനിക്ക് തോന്നിയില്ല.

എന്തൊരു സൗകര്യമാണ് ഇപ്പോൾ. എല്ലാ ഭാണ്ഡങ്ങളും എറിഞ്ഞുകളഞ്ഞപ്പോൾ വല്ലാത്ത ഒരു ലാഘവം. സത്യം എന്ന മുപ്പത്തിയേഴുകാരി ഇത്തിരി മുമ്പ് പുറപ്പെടുവിച്ച ഒരു പ്രസ്താവന എത്ര ചിരിപ്പിച്ചു എല്ലാവരെയും.

അങ്ങനെ കഴിഞ്ഞ പതിനൊന്നു കൊല്ലമായി ഇല്ലാത്ത സമാധാനം ഇന്നലെ ഒറ്റ ദിവസം കൊണ്ട് കിട്ടി എനിക്ക് ... എന്റെ ഭർത്താവിന്റെ മൂന്നു നംബേർസ് - എല്ലാം ബ്ലോക് ചെയ്തു ഞാൻ. ഹോ, എന്റെ ദൈവമേ, എന്തൊരു ആശ്വാസം ഇപ്പോൾ!

വല്ല ആണുങ്ങളും കേട്ടിരുന്നെങ്കിൽ അവരും ചിരിച്ചുപോകുമായിരുന്നു. അത്ര രസമായിട്ടാണ് അവൾ അത് അവതരിപ്പിച്ചത്. അവസാനം കുറച്ച് തന്റേടമൊക്കെ വന്നു തുടങ്ങിയിട്ടുണ്ട് പെണ്ണുങ്ങൾക്ക് എന്നാണോ.

പ്രാഥമിക സൗകര്യങ്ങൾ കൂടി ഇല്ലാത്ത സ്ഥലത്തു തന്നെയാണ് എത്തിപ്പെട്ടിട്ടുള്ളത്. പാളികളില്ലാത്ത ജനലുകൾ, പൊളിഞ്ഞ നിലം, വൃത്തിയില്ലാത്ത ശൗചാലയം, എന്തെങ്കിലും പരാതി പറഞ്ഞാൽ പക്ഷേ ഉടനെ വരും പ്രതികരണം.

ഇത്ര ബലിഷ്ഠയായ മാഡം ഒക്കെ ഇങ്ങനെ ചിണുങ്ങിയാലോ. എത്ര അധികാരമുള്ളതാണ് അങ്ങയ്ക്ക്. വെടിവെയ്ക്കാൻ ഉത്തരവിടാം വേണമെങ്കിൽ. എന്നിട്ട് ഇങ്ങനെ പരാതിപ്പെട്ടാലോ.

ഉവ്വുവ്വേ, വെടിവെയ്ക്കാൻ കല്പന കൊടുക്കാമേത്ര - ആരെയാണാവോ. ശരിയാണ്, ഒരു മൂന്നാംലോകത്തിൽ ഇതുകൂടി ആർഭാടം ആവാം. ഇക്കുറി സ്ഥലത്തെ പ്രമാണികൾ സഹായിക്കാൻ എത്തുന്നതായും കാണുന്നില്ല. വേറെ നിർവ്വാഹമില്ല എന്നു തോന്നിയതു കൊണ്ടാണ് ഞങ്ങൾ അയൽപക്കത്ത് യാചിക്കാൻ ചെല്ലാമെന്നു വിചാരിച്ചത്.

മര്യാദയ്ക്ക് ഒന്ന് അപ്പിയിടാനും കുളിക്കാനും പറ്റണം എന്നേയുള്ളൂ. ഞങ്ങളും മനുഷ്യരല്ലേ. ജനാധിപത്യത്തിന്റെ കാവൽപ്പോരാളികൾ കൂടിയല്ലേ.
അങ്ങനെ അന്വേഷിച്ചു പോയപ്പോഴാണ് ബേവസീഞ് എന്ന ചേട്ടനെ പരിചയപ്പെട്ടത്. എഴുപതുകളിൽ പ്രായം. എഴുപതുകളിലെ വിപ്ലവകാരി. ഒരു ഭൂപ്രഭുവിനെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതികളിൽ ഒരാൾ.
അയാളുടെ കേമത്തം എന്നാൽ ഇതൊന്നുമല്ല.
ഇതുവരെ സമ്മതിദാനം ചെയ്തിട്ടില്ല അയാൾ. വിദ്യാർത്ഥിയായിരിക്കുമ്പോൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു തുടങ്ങിയതാണ്. പിന്നീട് ഇന്നേവരെയും അതൊന്ന് മാറ്റണമെന്ന് തോന്നിയില്ല അയാൾക്ക്.

ഇപ്പോൾ വ്യവസ്ഥിതിയോട് പ്രത്യേകിച്ച് യോജിപ്പോ വിരോധമോ ഒന്നുമില്ല. പക്ഷേ അവിടെ പോയി വരിനിന്ന് ഒരു ചിത്തിൽ കുത്തിവരാൻ അങ്ങോട്ട് തോന്നുന്നില്ല, അത്രതന്നെ.

അയാൾ മുതിർന്നതിനുശേഷമുണ്ടായ തിരഞ്ഞെടുപ്പുകളിലെല്ലാം മുൻകാല പ്രാബല്യത്തോടെ സമ്മതി രേഖപ്പെടുത്തണം എന്ന വിധി ഉണ്ടായാൽ പെട്ടതുതന്നെ.

ഒരു പ്രത്യേകതരം മറവിരോഗമാണ് പുള്ളിക്ക്, ആ വീട്ടിലെ സ്ത്രീ പറഞ്ഞു. നിങ്ങളിവിടെ താമസിച്ചോളൂ എന്നൊക്കെ ക്ഷണിക്കും പുള്ളി. എന്നിട്ട് നിങ്ങൾ ഉറങ്ങുമ്പോൾ നെഞ്ചത്തോ മുഖത്തോ വന്ന് അപ്പിയിട്ടുവെയ്ക്കുകയും ചെയ്യും - അതും കുട്ടക്കണക്കിന്, ഈ ഉണങ്ങിയ ദേഹത്തിൽ എവിടെ നിന്നാണാവോ ഇത്രയും! ... എന്തായാലും നന്നായി ആലോചിച്ചു തീരുമാനിച്ചോ ചേച്ചിമാരേ -
അവരുടെ ആതിഥ്യം സ്വീകരിക്കേണ്ട എന്ന് അതിനാൽ ഞങ്ങൾ എല്ലാവരും ഒററശ്വാസത്തിൽ ഉറപ്പിച്ചു.

നിങ്ങള് ചെറുപ്പക്കാരികളെ കാണുമ്പോൾ എനിക്ക് ഒരു സന്തോഷമാ, ബേവസീഞ് അപ്പോഴേയ്ക്കും ഡാലിയയുടെ കരം കവർന്നു കൊണ്ട് സൊറ തുടങ്ങിയിരുന്നു, എന്റെ ഈ വ്രതമുണ്ടല്ലോ - അത് മുടങ്ങും എന്ന് ഒന്ന് പേടിച്ചുപോയി ഞാൻ കേട്ടോ മോളേ. ഹനൂമാൻസേന ഇവിടത്തെ സ്ഥാനാർത്ഥിയായി ആ നിത്യയെ നിർത്തുന്നു എന്നു കേട്ടപ്പോൾ എന്റെ ചങ്ക് കലങ്ങി. അവൾ ഉണ്ടെങ്കിൽ അവളെ സമ്മതിക്കാതിരിക്കാൻ എന്നെക്കൊണ്ട് എങ്ങനെ ആവും -

ചേച്ച്യേ, ആ കൈ വിടുവിച്ച് വെക്കം പോവാൻ നോക്ക്. മാർദ്ദവമുള്ള ഒരു കയ്യ് കിട്ടിയാൽ പിന്നെ വിടില്ല പുള്ളി, വീട്ടമ്മ ഡാലിയയെ ശാസിച്ചു. ഓർമ്മക്കുറവ് എന്ന ഏതാണ്ട് രോഗമുണ്ടെന്ന പേരിൽ എല്ലാം മുതലെടുത്തു കൊണ്ടിരിക്കും. വായിട്ടലയ്ക്കാൻ തുടങ്ങിയാൽ നിർത്തില്ല. ഇനി എപ്പോഴാണാവോ നക്‌സലൈറ്റ്​ആയിരുന്നപ്പം നാടൻബോംബ് ഉണ്ടാക്കിയ വിധം വിവരിക്കാൻ തുടങ്ങുക - ചേച്ച്യേ, ജീവൻ വേണേൽ കൈ വലിച്ചെടുത്ത് സ്ഥലം വിട്ടോ. പുള്ളി എപ്പോഴാണ് ആ കയ്യ് എങ്ങോട്ടെങ്കിലും കൊണ്ടുപോകുക എന്ന് അറിയില്ല - കുഴപ്പമാവുമേ ... കുറേയായി കരുതി വെച്ച പശയത്രയും കയ്യിലേയ്ക്ക് തരുമേ - സൂക്ഷിച്ചോ ! ....

ഡാലിയയ്ക്ക് താൻ നാണിച്ചു എന്നു തോന്നി.

വേതാളം പെണ്ണാവാനേ വഴിയുള്ളൂ

(കാട്ടിൽ കൂരിരുട്ടിൽ വിക്രമാദിത്യനും വേതാളവും)
വേ: ഏയ്, രാജാവേ -
വി: ഹ്ം, എന്താണ് ? ...ചിലയ്ക്കാതിരിക്ക്!
വേ: എങ്ങോട്ടാണിത് എന്നെയും കൊണ്ട്?
വി: എന്തിന് നീ അത് അറിയണം.
വേ: നല്ല കഥ! അത് എനിക്കറിയണ്ടേ പിന്നെ - വെറുതേ ഒരു മരക്കൊമ്പിൽ തൂങ്ങിക്കിടന്നിരുന്ന എന്നെ വാരി തോളിലിട്ട് ഒറ്റ നടത്തം. ഏയ്, ഇതെങ്ങോട്ടാ മാഷേ -
വി: മിണ്ടാതിരിക്ക് - പണ്ടാരം.
വേ: പണ്ടാരം അല്ല, വേതാളം ആണ് ഞാൻ. വേതാളം ഐ ക്യു.
വി: ശരി, മിണ്ടാതിരി - വേതാളമേ.
വേ: അല്ല, ഒന്നു പറഞ്ഞുകൂടേ - എന്നെയും കൊണ്ട് ധൃതിയിൽ എങ്ങോട്ടാണീ നടക്കുന്നത് എന്ന് .... കുറേ ദൂരം പോവാനുണ്ടോ - ഉം?
വി: ങ്ഹാ, കുറേ നടക്കാനുണ്ട്.
വേ: എന്നാൽ ഒന്ന് മെല്ലെ നടക്കണംട്ട്വോ. ഉളുക്കും അല്ലെങ്കിൽ.
വി: ഉളുക്കുകയൊന്നുമില്ല എനിക്ക് - പിന്നെ ഈ വഴി ഇത്തിരി കഠിനം ആണെന്നേയുള്ളൂ.
വേ: അതു തന്നെയല്ലേ ഞാനും പറഞ്ഞത് - ഭയങ്കര ദുർഘടം. വിഷമം മാഷ്‌ക്കല്ല, എനിക്കാണ്.
വി: മാഷൊന്നുമല്ല ഞാൻ. എന്നെ മാഷ് എന്നു വിളിക്കുന്നത് ഇഷ്ടവുമല്ല എനിക്ക്.
വേ: ശരി, അങ്ങനെയാവട്ടെ - ഏട്ടാ.
വി: അതും വേണ്ട - ഏട്ടൻ, ആരുടേയും ഏട്ടനും അനിയനും ഒന്നും അല്ല ഞാൻ.
വേ: പിന്നെ എന്തു വിളിക്കും - സർ.
വി: ആദ്യം വിളിച്ചതു തന്നെ മതി -
വേ: അതെന്തായിരുന്നു, ഹ്ം.... ?
വി: (സസങ്കോചം) രാജാവേ - എന്ന് .... ഒരു രാജാവിനോടെന്നതു പോലെ എന്നോട് പെരുമാറുക. കാരണം, ഞാൻ അത് ആണ് - മനസ്സിലായോ.
വേ: ഓ, അത് ഞാൻ വെറുതെ വിളിച്ചു പോയതാട്ട്വോ ആദ്യം .... കോമിക്‌സ്? കാണില്ലേ - തമാശയ്ക്ക് അങ്ങനെ ഫാൻസി ഡ്രസ്? വേഷം കെട്ടിയതാണെന്ന് വിചാരിച്ചു ഞാൻ - അയ്യേ, ഞാൻ കളിയാക്കിയതായിരുന്നൂ -
വി: ഹ്ം, വേഷംകെട്ട് തമാശയൊന്നുമല്ല. ശരിക്കും ഒരു - ഒരു - ഒരു രാജാവ് തന്നെയാണ് ഞാൻ.
വേ: ഓഹോ ... ശരി, എന്നാൽ എന്താണ് ഈ രാജാവിന്റെ സൽപ്പേര്.
വി: വിക്രമാദിത്യൻ.
വേ: വിക്ര... ?
വി: മാദിത്യൻ - വിക്രമാദിത്യൻ.
വേ: ഹേയ്, അത് ഒരു രസല്ല്യ. വിക്ര - മാ - ദിത്യൻ? ഞാൻ വിക്രം എന്നു വിളിക്കാം - ഉം?
വി: വേണ്ട, ഒരു മഹാരാജാവാണ് ഞാൻ. എനിക്ക് ഒരു ഓമനപ്പേരിന്റെ ആവശ്യമില്ല. നിനക്ക് വേണമെങ്കിൽ എന്നെ രാജാവ് എന്നോ വിക്രമാദിത്യൻ എന്നോ -
വേ: വല്ലാത്ത വാശിയാണല്ലോ -
വി: വാശിയൊന്നുമല്ല, അതാണ് സമ്പ്രദായം. ഒരു രാജാവിനോട് ബഹുമാനം കാണിക്കേണ്ടിയിരിക്കുന്നു.
വേ: ഫൂയ്! അതിനു ഞാൻ ഇയാളുടെ പ്രജ ഒന്നുമല്ലല്ലോ. ആരാധികയും അല്ല. പിന്നെ എനിക്കെന്താണാവശ്യം -
വി: ഹ്ം, അതൊന്നും സാരമില്ല, ഒരു രാജാവിനോട് മറ്റൊരു രാജാവ് പോലും ആദരവാണ് ഭാവിക്കുക.
വേ: അങ്ങനെയെങ്കിൽ - ശരി, രാജാവേട്ടാ.
വി: വേണ്ട, ഏട്ടൻ വേണ്ട.
വേ: വേണ്ടാ? ശരി, വേണ്ട! .... അല്പം അടുപ്പം ഇരുന്നോട്ടെ എന്നു വെച്ചിട്ടായിരുന്നു. കുറേ ദൂരം ഒപ്പം നീങ്ങേണ്ടതല്ലേ.
വി: ഏയ്, അതിന്റെയൊന്നും ആവശ്യമില്ല, ഇനി നിനക്ക് എന്താണ് ബോധിപ്പിക്കാനുള്ളത് എന്നു വെച്ചാൽ -
വേ: ഹി ഹി ഹീ, ബോധിപ്പിക്കാനോ! .... അതേയ് രാജാവേ, കുറച്ചു മുമ്പ് ഞാൻ നിർദ്ദേശിച്ചു ഇങ്ങനെ വേഗം വേഗം നടക്കണ്ടാ എന്ന് - എന്തിനാ ഈ ആക്രാന്തം.
വി: വാക്കുകൾ സൂക്ഷിക്കണം - ഒരു രാജാവിന് അതുണ്ടാവില്ല.
വേ: ഹെ ഹെ ഹെന്ത്!
വി: ഇപ്പോൾ ഉച്ചരിച്ചില്ലേ ഒരു വൃത്തികേട് - അത്.
വേ: ഓഹോഹോ ആക്രാന്തമോ - അത് ചീത്ത വാക്കാണോ .... എന്നാൽ നമുക്കത് വലിച്ചെറിഞ്ഞു കളയാംട്ട്വോ. പോ കാക്കേ ആ വാക്കും കൊത്തിക്കൊണ്ട് ദൂരെ പോ!
വി: പരിഹാസം കുറേ കൂടുന്നു .... ശരി, ഇനി നിനക്ക് തുടങ്ങാം എന്താണ് ഉണർത്തിക്കാനുള്ളതെന്നുവെച്ചാൽ -
വേ: ഉണർത്തിക്കുകയോ - ഹഹാ എന്തിനെ!
വി: വേതാളം അല്ലേ നീ -
വേ: അതെ, അതിനെന്താണ്.
വി: അപ്പോൾ ഒരു കഥ പറയാനുണ്ടാവില്ലേ.
വേ: ഓ, അതോ - അത് ഞാൻ തരാം. ഒരു ഫിൽം ആയി കാണിച്ചു തരാം - പോരേ ?
വി: എന്താണ് മിഡിയാ സ്റ്റഡീസ്? വിദ്യാർത്ഥിയാണോ ഞാൻ.
വേ: ആരായാലെന്താ. ഒരു ചെറിയ മൂവീ കണ്ടതുകൊണ്ട് കുഴപ്പമൊന്നുമില്ല. നല്ല രസണ്ട് - വിക്കി കണ്ടോളൂട്ട്വോ.
വി: ഇങ്ങനെ നടന്നു കൊണ്ടിരിക്കുമ്പോൾ - ഛെ!, എങ്ങനെയാണ്!
വേ: നിന്നൂടേ - നിൽക്കൂന്നേ! .... നിന്ന് കണ്ടിട്ട് പോവാം - വേണമെങ്കിൽ ഇരിക്കുകയും ആവാമല്ലോ.
വി: തോളിൽ നിന്നെയും ചുമന്നുകൊണ്ടോ.
വേ: അതിപ്പോൾ ഞാൻ ആവശ്യപ്പെട്ടിട്ടായിരുന്നോ.
വി: അല്ലെങ്കിലും അത് ശരിയാവില്ല. ആരെങ്കിലും കണ്ടാൽ തെററിദ്ധരിച്ചേയ്ക്കും. ഞാൻ - ഞാൻ നിന്നു തന്നെ കണ്ടു കൊള്ളാം .... ശരി, പ്ലേ ചെയ്യ് നിന്റെ സ്ററഫ്.
വേ: ഒരു ഗുരുവും ഏതാനും ശിഷ്യരും - ഇതിന്റെ സിക്വെൽ പിന്നെ വരും.
വി: ഒരു ശിഷ്യയും ഏതാനും ഗുരുക്കളും.
വേ: എങ്ങനെ മനസ്സിലായി!
വി: അതു മനസ്സിലാക്കാൻ അത്ര ബുദ്ധിയൊക്കെ വേണോ.
വേ: ശരിയാണ്, വേണ്ട വേണ്ട. അപ്പോൾ കഥ: ഒരു ഗുരുവിന് കുറേ ശിഷ്യരുണ്ട്. അവരെ എല്ലാവരെയും ഒരു പരീക്ഷയ്ക്കായി വിളിച്ചു വരുത്തുകയാണ് ഗുരു. ഇതാ ഇപ്പോൾ ഇങ്ങനെ ...

ഞാൻ പറഞ്ഞിരുന്നല്ലോ റ്റിന്ററിൻ, മമ്മായ്ക്ക് അത്യാവശ്യമായി ഒരിടം വരെ പോവാനുണ്ടെന്ന്. എവിടെയാണെന്നെല്ലാം ഞാൻ പിന്നീട് പറയാം. എന്താണിത് മോനേ, എന്റെ എല്ലാ ആവശ്യവും നിന്നോട് പറയാൻ പററുമോ, അല്ലല്ല, നിനക്ക് നിറവേറ്റാൻ പറ്റുന്ന ആവശ്യമൊന്നുമല്ല ... ആവശ്യം എന്നു വെച്ചാൽ ആവശ്യം, അത്രതന്നെ!. നീ ഞാൻ പറയുന്നതു കേൾക്ക് റ്റിൻറിൻ: നിന്റെ മേശവലിപ്പിൽ ഞാൻ കാശ് വെച്ചിട്ടുണ്ട്. നിനക്കുണ്ടല്ലോ ഫോൺ, അതിൽ ഞംഞം ആപ് നീയും ഡൗൺലോഡ് ചെയ്യ്. എന്നിട്ട് എന്താണ് ഇഷ്ടമെങ്കിൽ വരുത്തിക്കോ നീ. ഓ, മറ്റൺ സ്​റ്റ്യൂ വാങ്ങിക്കോ. വേണ്ട, എനിക്കൊന്നും വെയ്ക്കണ്ട, ൻ കഴിച്ചിട്ടേ വരൂ. ആങ്, ഇവിടെ നിന്ന് നല്ലവണ്ണം കഴിക്കും ഞാൻ. ഓ, ഡൗൺലോഡ് ചെയ്ത ഉടനെ കൊടുക്കാം ഓഡർ - കിട്ടും. ശരി റ്റിന്ററിൻ, എന്റെ ആവശ്യം അത്യാവശ്യം നടന്നാൽ ഞാൻ തിരിച്ചു വരും - കേട്ടോ, സൂക്ഷിക്ക് തിന്നുമ്പോൾ എല്ലൊന്നും തൊണ്ടയിൽ കുടുങ്ങാതെ, ആങ് മോനേ, ശരിശരി.

ഞാൻ ഇടയ്ക്ക് ഒന്ന് ഓവറയിൽ പോയി തിരിച്ചുവന്നപ്പോഴും അവൾ മകനോട് സംസാരിക്കുകയാണ്. ഇതെന്താണ്, പുത്രവാത്സല്യം ചുരത്താൻ തുടങ്ങിയാൽ അതിനൊരു അവസാനമില്ലേ. എന്താണിത് അത്യാവശ്യക്കാരി ഇങ്ങനെ.
അവൾക്ക് എന്നെക്കുറിച്ചുള്ള മതിപ്പാണ് എന്നെ അസ്ത്രപ്രജ്ഞനാക്കിക്കളഞ്ഞത്. ഞാൻ ഒരു യോഗിയാണ് എന്ന് അവൾ വിശ്വസിക്കുന്നു. സാമാന്യമനുഷ്യരുമായി ഒരു സാമ്യവുമില്ല എനിക്ക്. ഈ രതിക്രീഡയിൽ ഏർപ്പെടുന്നതുപോലും വേറെ ഒരു വിധത്തിലാണേത്ര ഞാൻ.

അതെന്താണ് ഈ മറ്റൊരുവിധം.
ഒരു യോഗി എങ്ങനെയായിരിക്കും, അതേപോലെ - ഒരാൾ ഇപ്പോൾ എന്റെ ഒപ്പം ഇങ്ങനെ എന്തെല്ലാമാണ് എത്ര നന്നായിട്ടാണ് ചെയ്യുക. പക്ഷേ അത് വേണ്ട എന്നു വെയ്ക്കാനും പറ്റും ഒരാൾക്ക്. എനിക്ക് നല്ല ഉന്മാദമുള്ളതുകൊണ്ട് ഒരാളും അതിൽ ഒരുമിച്ചു നിൽക്കുന്നു, അത്രയേയുള്ളൂ.

ഓഹോ, അങ്ങനെയോ. അപ്പോൾ അത്രയേ ഉള്ളൂ ഞാൻ. എനിക്ക് ചിരി വന്നു. ചിലർ നമ്മെക്കുറിച്ച് ഓരോ നിഗമനത്തിലെത്തുന്നതെല്ലാം എത്ര സുഗമമായാണെന്നു നോക്കൂ.

അപ്പോഴായിരുന്നു എനിക്ക് അവളോട് ചിലത് ചോദിച്ചറിയണമെന്നു തോന്നിയത്. ഉദാഹരണത്തിന് മനസ്സിൽ മുളച്ചുവളരാനിടയുള്ള കുറ്റബോധം. നല്ല ഒരു മതവിശ്വാസിയാണല്ലോ അവൾ. പാപം ആസ്വദിക്കുന്നുണ്ടെങ്കിൽ അതിൽ തെററില്ല എന്നാണോ അവളും വിചാരിക്കുന്നത്.

എനിക്കെന്തിനാണ് ഫയം. എന്റെ ഈ ഫയങ്കര കാമുകൻ എന്നെ വിട്ടുപോവരുതെന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. ഈ ചെയ്യുന്നതിനെല്ലാം ദൈവം എന്നെ ഫീകരമായി അഫിനന്ദിക്കുകയേ ഉള്ളൂ.

അത് തരക്കേടില്ലല്ലോ, ആ വീക്ഷണകോൺ. ഞാൻ അവളുടെ ജഘനത്തിൽ തഴുകിക്കൊണ്ട് ഊറിച്ചിരിച്ചു. അത് ഇത്തിരി കൂടി നന്നായി ഒന്ന് വിശദീകരിക്കാമോ റോസ്?.

ഓ, അതിനെന്താണ് വിഷമം. അതായത് ഞാൻ ഒരു സത്യക്രിസ്ത്യാനിയല്ലേ - ആണല്ലോ? എന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് എങ്ങനെയാണെന്നു നോക്കിക്കേ. ഇത്രമാത്രം ആസകതിയുള്ള ഒരാളായിട്ട് എന്നെ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള വഴിയും ദൈവം തന്നെ തരേണ്ടതല്ലേ. ചിലപ്പോൾ പുള്ളിക്ക് സമയം കിട്ടാഞ്ഞിട്ടാവും. അത്രയും തിരക്കുള്ള ഒരാളെ പഴിക്കാമോ നമ്മൾ. അപ്പോൾ ഞാനായിട്ട് കണ്ടുപിടിക്കാം എനിക്കു വേണ്ടത് എന്നു കരുതി ഞാൻ. അത് ദൈവത്തിന് ഗുണമല്ലേ ചെയ്യുന്നത്.

ആർക്ക് എതിർക്കാനാവും ആ വാദത്തെ. കർത്താവിന്റെ ജോലിഫാരം കുറയ്ക്കുകയല്ലേ അവൾ ഫലത്തിൽ. അല്ല, ഈ ഫകാരം ഇത്ര അനുഫവവേദ്യവും അനുഫൂതിജനകവും ആയിത്തീർന്നത് പെട്ടെന്നാണെന്നത് ശ്രദ്ധിച്ചോ.
പിന്നെ അവൾ ഫർത്താവിനെ ചതിക്കുന്നതൊന്നുമില്ല. എത്രയോ കാലമായി അവർ ഒന്നിച്ച് ഉറങ്ങിയിട്ടോ ഉണർന്നിട്ടോ. എന്നേ വേർപിരിഞ്ഞതാണ് മാനസികമായും.
എന്നിട്ട് അവൾ കണ്ടുപിടിച്ചതോ - ഈ എന്നെ.

അവൾ വന്നാൽ ശരീരമാസകലം അങ്ങോട്ട് വിട്ടുകൊടുത്താൽ മതി. എന്നാലും എന്തു കണ്ടിട്ടാണാവോ അവൾക്ക് എന്നോട് ഇത്രയേറെ കമ്പം. ഒരു പക്ഷേ വേറെ ആണുങ്ങളെയൊന്നും ഇത്ര അടുത്ത് കിട്ടിയിട്ടില്ലായിരിക്കും. വലിയ /ഭംഗിയുള്ള / തരക്കേടില്ലാത്ത ഒരു ഗിഘം കൂടിയില്ലാത്ത എന്നോട് അവൾക്ക് ഇത്ര പ്രേമം തോന്നണമെങ്കിലോ.

പാവം.
അവളുടെ അർപ്പണമനോഫാവത്തിനു മുന്നിൽ എേന്റത് ഒന്നും അല്ല തന്നെ. എന്നിട്ടും എത്ര മോശമായിട്ടാണ് അവളോട് സംസാരിച്ചത് ഞാൻ. ഇന്നാളൊരു ദിവസമോ മറ്റോ.

പകരുന്ന പുണ്ണൊന്നും ഇല്ലല്ലോ നിനക്ക് റോസ്?. നിനക്കാണ് ഡോക്‌റ്റർനെ കാണാൻ പോവേണ്ടി വരുന്നതെങ്കിൽ കുഴപ്പമില്ല, നിനക്കൊരു ഫർത്താവ് ഉള്ളതല്ലേ, എന്നെപ്പററി എന്തു വിചാരിക്കും, ഒരു ഫാര്യ ഇല്ലല്ലോ എനിക്ക് ... ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments