(ഒരു ശീതളഛായയിൽ നിഷ്‌കളങ്കയും ശ്രീമാനും)
ശ്രീ: നിഷ് - കളങ്ക, അല്ലേ?
നി: ഉം, അതെ - യാ.
ശ്രീ: നിനക്കുള്ള കുഴപ്പം - ഉണ്ട്, ഒരു കുഴപ്പം ഉണ്ട് നിനക്ക് - കുട്ടീ. അത് നിന്റെ ശബ്ദം തന്നെയാണ്. അതായത്, ആ പേരോടു ചേർത്ത് നിന്റെ സല്ലാപവും ഓർത്തിരിക്കും എല്ലാവരും. ഇനി മറ്റൊരു പേർ പറഞ്ഞ് നിനക്ക് ആ ഷോ - കാതോടുകാതോരത്തിൽ പങ്കെടുക്കാനാവില്ല. അല്ലെങ്കിൽ പിന്നെ മിമിക്രി ചെയ്യാനറിയണം നിനക്ക്.
നി: നായയുടെയും പൂച്ചയുടെയും ശബ്ദമുണ്ടാക്കാനൊക്കെ എനിക്കറിയാം. പിന്നെ കുതിര ഓടുന്ന ഒച്ചയും .... (കുളമ്പടിയൊച്ച അനുകരിച്ച് കാണിച്ച് ) ... ഇതും വയ്ക്കും.
ശ്രീ: (സൗമ്യനായി തുടരുന്നു ) അതല്ല കുട്ടീ ഞാൻ ഉദ്ദേശിച്ചത്. ശബ്ദം മാറ്റി സംസാരിക്കുക. വേറെ ഒരാൾ ആയിട്ട് - അതുപോലെ ... ഉദാഹരണത്തിന് ഒരു നങ്ങേമക്കുട്ടി. പിന്നെ ഒരു ബീവാത്തു. ഒരു - ഒരു - ഒരു ...
നി: സിസ്? അഭയ?
ശ്രീ: ങ്ഹാ, അങ്ങനെ ആരെങ്കിലുമെല്ലാം ആയി മാറാൻ സാധിക്കുന്നുണ്ടാവുമോ നിനക്ക്.
നി: ഏയ്, എനിക്കിഷ്ടമല്ല അതൊന്നും.
ശ്രീ: (ഗൗരവം പൂണ്ട് ) പെട്ടെന്നങ്ങോട്ട് നിശ്ചയിച്ചോ.
നി: എന്താത്ര സംശ്യം! നിഷ്‌കലൻകാ എന്ന പേരു വിട്ടിട്ട് ഒരു കളിക്കൂല്യ ഞാൻ - ആ ഏട്ടൻ പറഞ്ഞില്ല്യേ അത്.
ശ്രീ: ഏത് ഏട്ടൻ.
നി: റ്റിന്ററിൻ - കാതോടുകാതോരത്തിലെ ഏട്ടൻ.
ശ്രീ: ഹേയ്, നീ എന്നോട് ആണല്ലോ അത് സംസാരിക്കേണ്ടിയിരുന്നത്. ഞാനല്ലേ നിന്നെ തിരഞ്ഞെടുക്കേണ്ടത്.
നി: വാശിക്കാരനാണ്, അല്ലേ.
ശ്രീ: ദ്രോഹിക്കുന്ന വിധത്തിലൊന്നുമില്ല, പ്രത്യേകിച്ച് നിർമ്മലർ പേടിക്കുകയേ വേണ്ട എന്നെ.
നി: അല്ലെങ്കിലും എനിക്കെന്തിനാ പേടി. ഞാൻ തെറ്റും കുറ്റവും ഒന്നും ചെയ്യാറില്ലല്ലോ.
ശ്രീ: എന്നാൽ ഒരിത്തിരി ബഹുമാനം, ഒന്നുമില്ലെങ്കിലും ഒരു മുതിർന്ന ആളല്ലേ ഞാൻ, മെഹ്സ്യേ വൈ.
നി: ആങ്, അതാണ് ഞാൻ ചോദിക്കണംന്നു വിചാരിച്ചത്. എന്താ മറന്നത്, എന്താ മറന്നത് എന്ന് ആലോചിച്ചും കൊണ്ടേയിരിക്കുകയായിരുന്നൂട്ട്വോ ഞാൻ ഇതുവരെ - ഉം, എന്താണീ വൈ?
ശ്രീ: വൈ വൈ! ... ഹ ഹ ഹാ, എന്റെ പേരാണത് നിഷ്‌കളൻകാ - മെഹ്സ്യേ വൈ. ആദ്യം വേറെ ഒന്നായിരുന്നു - എല്ലാവരും വിളിക്കുന്ന ഒരു പേർ. അതായത് ഏകദേശം നിന്റേതുപോലെ തന്നെയാണ് എന്റെ കാര്യവും. ഞാൻ സ്വീകരിച്ച മെഹ്‌സ്യേ വൈ എന്ന അപരനാമമാണ് എനിക്ക് - ഇഷ്ടം .... ഒരു കഥ ഉണ്ട് അതിനു പിന്നിൽ കുട്ടീ. അയായത്, ആദ്യമൊക്കെ എല്ലാവരും എന്നെ എന്റെ അന്നത്തെ പേർ ചൊല്ലി വിളിച്ചു പോന്നിരുന്നതാണ്. പിന്നെപ്പിന്നെ ഈ ചാനെൽ - ഷാനെൽ വൈ - വളർന്നപ്പോൾ - ഞാനും വലുതായപ്പോൾ മറ്റുള്ളവർക്ക് എന്തോ മടിയായിത്തുടങ്ങി എന്നെ പേർ വിളിക്കാൻ. അപ്പോൾ അവർക്കുവേണ്ടി - അവരുടെ സൗകര്യത്തിനായി സ്വീകരിച്ചതാണു ഞാനീ മെഹ്‌സ്യേ വൈ.
നി: ഫ്രെൻച് ആണ്, അല്ലേ.
ശ്രീ: അതാണ് മറ്റൊരു രസം. ഫ്രെൻച് ഒന്നുമല്ല ഞാൻ. പിന്നെ മെഹ്‌സ്യേ എടുത്തത് എന്തിനാണ് എന്നല്ലേ. ഇവിടെ നമ്മൾ സ്വയം പരിചയപ്പെടുത്തുമ്പോൾ ശ്രീമാൻ എന്നു ചേർക്കില്ല. പക്ഷേ ഫ്രെൻച് ആവുമ്പോൾ ആ സൗകര്യം ഉണ്ട് - ഞാൻ മെഹ്സ്യേ വൈ.
നി: (കുസൃതി) എന്തുതന്നെ ആയാലും ഒരു വിവരണം ഉണ്ടാവും കൂടെ - അല്ലേ.
ശ്രീ: കഥകളല്ലേ നിഷ്‌കളൻകാ ഈ പ്രപഞ്ചത്തെ നിലനിർത്തുന്നത് - ചെറുകഥകൾ, നീണ്ടകഥകൾ - കഥയില്ലെങ്കിൽ എന്തു കാര്യം!
നി: ഇനി ഞാൻ വിളിക്കുമ്പോഴേയ്ക്കും നല്ല കുറേ കഥ കണ്ടുപിടിച്ചുവെയ്ക്കണമെന്ന് ആ റ്റിന്ററിൻ ഏട്ടനോട് പറഞ്ഞോളുണ്ടു.
ശ്രീ: ഉ - ഉത്തരവ്.
നി: ആൾടെ പേര് വൈ. ചാനെൽ ആവട്ടെ, അതും വൈ. ഇതിനു പിന്നിലൂണ്ടോ വല്ല രഹസ്യവും ആവോ.
ശ്രീ: ഹ ഹ, ആരും ഉന്നയിക്കാത്ത സംശയം. ധൈര്യം കാണിച്ചില്ല ആരും ഇതുവരെ എന്നോട് ഇങ്ങനെ ചോദിക്കാൻ - ഏയ്, എന്തുകൊണ്ട് ആരും ഉണ്ടായില്ല അത്! .... ഹ ഹ ഹ, അവരാരും നിഷ്‌കളങ്കർ അല്ലല്ലോ. ശരിക്കും നിഷ്‌കളങ്ക ആയതിനാൽ നീ ചോദിച്ചു അത് .... ഹ്ം, പക്ഷേ നിഷ്‌കളൻകാ, രണ്ടും വൈ ആയത് - കേവലം ആകസ്മികം മാത്രം. ഒരു നിഗൂഢതയുമില്ല അതിനുപിന്നിൽ. ഷാനെൽ വൈ ആദ്യം വന്നു, കുറച്ചു കഴിഞ്ഞ് ഞാനും വൈ ആയി. പക്ഷേ തീർച്ചയായും അത് ചാനെൽ -s ന്റെ പേർ ആയതുകൊണ്ടല്ല. സത്യമായും വൈ എന്ന അക്ഷരം പ്രിയപ്പെട്ടതായതിനാൽ ഞാൻ മെഹ്സ്യേ വൈ ആയി. അല്ലാതെ ദുരുദ്ദേശ്യം ഒന്നുമില്ല നിഷ്‌കളൻകാ - സത്യം.
നി: ശരി, തൽക്കാലം ഇത് വിശ്വസിക്കാം ഞാൻ.
ശ്രീ: ഓ, വളരെ നന്ദി നിഷ്‌കളൻകാ .... ആരെങ്കിലും ഒരാൾ എങ്കിലും അതൊന്ന് മനസ്സിലാക്കണം എന്നുണ്ടായിരുന്നു - ഒരു സ്വേച്ഛാധിപതിയാവാനൊന്നും താല്പര്യമേയില്ലല്ലോ എനിക്ക് ... ഷാനെൽ വൈ എല്ലാവരുടേതുമാണ് - ഇതാ, ഇപ്പോൾ നിന്റേതുകൂടി. പക്ഷേ ഇതെല്ലാം ആര് കേൾക്കുന്നു. ആരെങ്കിലും ഒന്ന് നിന്നു തരണ്ടേ, ശ്രദ്ധിക്കണ്ടേ.
നി: (കിലുങ്ങിച്ചിരിച്ചു കൊണ്ട്) പാവം ഞാൻ.
ശ്രീ: (കൂടെ ചിരിച്ച് ) അതെയതെ, പച്ചപ്പാവം ...
▮
ഉറൂബ് ഉറങ്ങില്ല ഉറക്കുകയുമില്ല
നൊഴമ്പല്ല ഇപ്പോൾ പ്രശ്‌നം, ഉറുമ്പാണ്.
കുട്ടിക്ക് പക്ഷേ ഉറുമ്പ് ഒരു ഗവേഷണവിഷയം ആയിരുന്നു. മനസ്സിൽ എണ്ണാൻ പഠിച്ചിരുന്ന കുട്ടി വീട്ടിൽ ഏഴുതരം ഉറുമ്പുകൾ ഉണ്ടെന്ന് കണ്ടുപിടിച്ചു. എപ്പോഴും അനങ്ങിക്കൊണ്ടിരിക്കും അവർ. വെറുതേ ഇരിക്കുന്ന ഒരു ഉറുമ്പിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ. പിന്നെയല്ലേ ഉറക്കം. എവിടെയെങ്കിലും ഉറച്ചു കാണുക ആഹാരത്തിന്റെ തരികളിലോ തുള്ളികളിലോ അവർ തങ്ങിനിൽക്കുമ്പോഴാണ്.
ഈ വീടിന്റെ അടിത്തറയിൽ മുഴുവനും ഉറുമ്പുകളായിരിക്കണം. എവിടെ നോക്കിയാലും ഉറുമ്പ്, എത്ര ചാഴിപ്പൊടി വിതറിയാലും വിഷലായനി തളിച്ചാലും അവർ ഇല്ലാതാവുന്നില്ല.
പക്ഷേ ഒന്ന് കുട്ടി കണ്ടുപിടിച്ചു. കഠിനാദ്ധ്വാനത്തിന്റെ പ്രതീകമായി ഉദാഹരിക്കാറുണ്ടല്ലോ ഈ പ്രാണിയെ പലരും. ആ ധാരണ വാസ്തവത്തിൽ ഒന്നു പുനഃപരിശോധിക്കേണ്ടതു തന്നെയാണ്.
അതായത്, ഒരു പയർമണി കിട്ടുന്നു ഒരു ഉറുമ്പിന് എന്നു വിചാരിക്കുക. കുറേ പേർ ഓടിയെത്തി അതുമായി മല്ലടിക്കാൻ തുടങ്ങുന്നതാണ് പിന്നെ നാം കാണുക. ചിലർ ഇങ്ങോട്ടും മറ്റു പലരും അങ്ങോട്ടും പിടിച്ചുവലിച്ചുകൊണ്ടിരിക്കും. ഫലത്തിൽ ഊർജ്ജം അനാവശ്യമായി ചെലവഴിക്കുന്നതിൽ ഏറ്റവും മുന്നിലായിരിക്കും ഇവർ.
കട്ടുറുമ്പ് കടിച്ചാൽ കുറച്ചുനേരം നിൽക്കും അതിന്റെ കടച്ചിൽ. പുളിയുറുമ്പും കടിക്കും, പക്ഷേ വീടിന്റെ അകത്ത് അവരെ അധികമായി കാണാറില്ല. അങ്ങനെ നോക്കിയാൽ ലോകത്തിൽ ഭൂരിപക്ഷവും കടിക്കാത്ത ഉറുമ്പുകളാണ്.
പരപരപരാ എന്ന് ഓടിപ്പരക്കുന്ന ഒരു ചെറിയ കറുത്ത ഉറുമ്പില്ലേ. എന്താണ് അവർ ഏറ്റിക്കൊണ്ടു നടക്കുന്ന വെളുത്ത തരി. മുട്ടയോ തീറ്റയോ. പെട്ടെന്നാണ് അവ ഒന്നിച്ച് അപ്രത്യക്ഷമാവുക എന്നതും ശ്രദ്ധേയമാണ്.
ഉറുമ്പുകടി സഹിക്കാനാവാതെ കുട്ടിയുടെ അമ്മ പെട്ടെന്ന് പിടഞ്ഞെഴുന്നേൽക്കുന്നു.
(രാഗവിവശയാണെങ്കിലോ ഓമനേ നീ നിന്റെ ജാരനെ സ്വഭവനത്തിലേയ്ക്കാവാഹിച്ചാലും ... - അജ്ഞാതവിരചിതം)
കർത്താവേ, ഈ ഉറുമ്പിനെക്കൊണ്ടുള്ള ശല്യം - അത് കയറാത്ത ഇടമില്ല. അടുക്കളയിൽ, കുളിമുറിയിൽ, ഇസ്തിരിപ്പെട്ടിമേൽ, പൂച്ചട്ടിയിൽ. കുരിശുരൂപത്തിൽ വരെ അരിക്കുന്നത് കണ്ടു ഒരിക്കൽ. എത്ര സ്വിച് ആയി അവറ്റ കേടുവരുത്തിയിട്ട് മാറ്റിവെപ്പിക്കുന്നു. ഇവിടെ ഒരു ഗൃഹനാഥൻ ഉണ്ടായിട്ടെന്താണ്, ഇതെല്ലാം അന്വേഷിക്കാൻ പുള്ളിക്കെവിടെ നേരം, കവിയല്ലേ, മഹാകവി!
നോക്ക് റോസ്, നിന്റെ വർത്തമാനം വല്ലാതെ കൂടുന്നു. ഇത്തരം ചില്ലറ സംഗതികളൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ലായിരിക്കാം. പക്ഷേ കൃത്യവിലോപമൊക്കെ പതിവുണ്ടെങ്കിലും ഞാൻ ജോലി ചെയ്യുന്നുണ്ട്. അതിൽ നിന്നു കിട്ടുന്ന ശമ്പളം തന്നെയാണ് ഈ കുടുംബത്തിന്റെ വരുമാനം. നിനക്ക് മനസ്സിലാവില്ലെങ്കിലും ഞാൻ പറയാം - മലയാളത്തിലെ ബുദ്ധിരാക്ഷസൻ എന്ന് സ്വയം വാഴ്ത്തുന്ന ഒരു കവിയുണ്ടല്ലോ. അയാളെപ്പോലെയല്ലല്ലോ ഞാൻ. അയാൾ ജീവിതത്തിൽ ആകെ ചെയ്തിട്ടുള്ളത് എന്താണെന്നറിയാമോ. അയാളുടെ ഭാര്യ പല ലൊട്ടു ലൊഡുക്കു ജോലികളും ചെയ്ത് നിത്യനിദാനത്തിനുള്ള പണമുണ്ടാക്കും. അയാൾ വീട്ടിൽ നിലത്ത് മുട്ടുകുത്തിയിഴഞ്ഞ് പരതി നോക്കി അവിടെ വല്ല അഷ്ടപദിയെയും കണ്ടാൽ അതിനെ നിരീക്ഷിക്കും. എന്നിട്ട് അതിനെപ്പറ്റി കവിത എഴുതും.
എനിക്കൊന്നും കേൾക്കണ്ട ഓരോ ന്യായീകരണം! ....
തന്റെ രക്ഷിതാക്കൾ കലഹിച്ചുകൊണ്ടിരിക്കുന്നതൊന്നും ഗൗനിക്കാതെ കുട്ടി ഉറുമ്പുകളെ എണ്ണിക്കൊണ്ടിരുന്നു. വൃഥാവ്യായാമമാണ് അത് എന്ന് അറിഞ്ഞുവെച്ചു കൊണ്ടു തന്നെ. എണ്ണപ്പെട്ട ഏതെങ്കിലും ഉറുമ്പ് വിളിച്ചറിയിക്കുമോ എന്നെ ഒരിക്കൽ എണ്ണിയതാണേ എന്ന്.
അങ്ങനെയും ഒരു തരം ഉറുമ്പിനെ കണ്ടു ഞാൻ ഇടയ്ക്ക്, കുട്ടി ഓർത്തു. ചിറകുകൾ കൂടി മുളച്ചത്. അവർ പക്ഷേ സങ്കോചമില്ലാതെ മറ്റുള്ളവരോടൊപ്പം ഇടപഴകുന്നുണ്ട്.
ചിതൽ എന്നൊരു പ്രാണി ഇല്ലേ.
ഹൗ, ഈ ഉറുമ്പ് - കിടക്കയിലും സമാധാനം തരില്ല, റോസ് പ്രാകിക്കൊണ്ട് കിടപ്പിൽ നിന്ന് ചാടിയെഴുന്നേറ്റു, നാശം, അവ ഉറങ്ങുകയുമില്ല, നമ്മളെ ഉറക്കുകയുമില്ല ....
ഉറൂബ്?
എന്താ റ്റിന്ററിൻ - നിനക്ക് എന്താണ് വേണ്ടത് ഇനി.
ഉറൂബ് പാവം, ചിറ്റ അല്ലാ.
അതെ, നിനക്കാണല്ലോ അറിയുക. നീ നിന്റെ പാട്ടിനു പോ കുട്ടീ .... അവൻ അനുകമ്പയും കൊണ്ട് വന്നിരിക്കുന്നു.
റ്റിന്ററിൻ പുഞ്ചിരി തൂകിയതേയുള്ളൂ. മൂന്നര വയസ്സായിരുന്നു അവന്. മറ്റുള്ളവരെല്ലാം തെറ്റാണ് എന്ന് ഒരാൾക്ക് മനസ്സിലാവുന്ന ആ പ്രായം.
▮
(സ്ത്രീയും വിഡ്ഢിയും മത്സ്യകന്യകയെ കണ്ടുമുട്ടുന്നതുവരെ)
സ്ത്രീ: ഈ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് അറിയുമ്പോഴും ഞാൻ ആലോചിച്ചു കൊണ്ടേയിരുന്നത് ഇതാണ്: എങ്ങനെ ഒരാളുടെ പേർ വിഡ്ഢി എന്നാവും. വിഡ്ഢികൾ ഉണ്ട്, ശരിയാണ്. പക്ഷേ ആർക്കും പേർ ആവില്ലല്ലോ അത്.
വിഡ്ഢി: അല്ല മ്േം, എന്റെ പേർ അതു തന്നെയാണ്. എനിക്ക്, എന്തിന് എനിക്ക്, എല്ലാവർക്കും ഓർമ്മ വെച്ച കാലം മുതലേ - അതതാണ്.
സ്ത്രീ: എന്നിട്ട് - നിനക്ക് പ്രയാസമൊന്നും തോന്നുന്നില്ലേ.
വിഡ്ഢി: അതെന്തിന് - ഹ ഹ ഹ, സുന്ദരൻ എന്ന് പേരുണ്ടാവില്ലേ ചിലർക്ക് - അതേ മാതിരി സുശീല എന്നും സുഹാസിനി എന്നും സുഭാഷിണി എന്നും ... സുശീലയ്ക്ക് നല്ല സ്വഭാവം ആവണമെന്നുണ്ടോ.
സ്ത്രീ: ഉവ്വ്, അങ്ങനെ ഒരു സാദ്ധ്യതയുണ്ട്. ഒരു പക്ഷേ വിഡ്ഢിത്തം കുറവുള്ളത് നിനക്കായിരിക്കാം.
വിഡ്ഢി: അതേയ് - മേ്ം, സാർവ്വഭൗമൻ എന്നൊരു എഴുത്തുകാരൻ ഇല്ലേ. അയാളുടെ നാടകത്തിൽ ഉണ്ടാവും വിഡ്ഢി എന്നൊരു കഥാപാത്രം. എല്ലാവരും വിഡ്ഢി എന്നു തന്നെയാണ് അയാളെ വിളിക്കുക. പക്ഷേ തത്വങ്ങളും സിദ്ധാന്തങ്ങളുമെല്ലാം അയാൾ ആവും അവതരിപ്പിക്കുക. ഉദാഹരണം വേണോ ഉദാഹരണം?
സ്ത്രീ: ഉം ഉം, ഇപ്പോൾ വേണ്ട.
വിഡ്ഢി: അറിയാമായിരിക്കും - വായിച്ചിട്ടുണ്ടാവും, അല്ലേ.
സ്ത്രീ: (സഹാനുഭൂതിയോടെ ) കാര്യം പറയാൻ വിഡ്ഢിയെ ഉപയോഗിക്കും.
വിഡ്ഢി: ഏകദേശം അതു തന്നെ. ഓരോ ചർച്ചയും തർക്കവും ഒക്കെ നടക്കില്ലേ. അവിടെയെല്ലാം അവസാനം കേൾക്കുക ഇതു തന്നെയാണ്. ഇനി വിഡ്ഢിയുടെ അഭിപ്രായം വരട്ടെ!
സ്ത്രീ: ഓ, അതു രസമുണ്ടല്ലോ. ഇനി കേൾക്കാം വിഡ്ഢിയുടെ അഭിപ്രായം!
വിഡ്ഢി: അല്ല, മിക്കപ്പോഴും തീർപ്പ് കല്പിക്കുന്നത് ഞാൻ തന്നെ ആവുമേ ... എന്നെപ്പറ്റി തന്നെ വർണ്ണിച്ച് സ്വയം മറന്നുപോയി ഞാൻ. മേ്ം എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചതേയില്ലാ.
സ്ത്രീ: ഓ, അങ്ങനെ എന്തെങ്കിലും ചെയ്യണം എന്നുണ്ടോ ഒരാൾ.
വിഡ്ഢി: ഇല്ല, വേണമെന്നില്ല - വിശേഷിച്ച് ഗേൾസ് ആവുമ്പോൾ.
സ്ത്രീ: ആങ്, ഇപ്പോഴാണ് ഞാൻ തെറ്റുക. ഒന്നാമത് ഞാൻ ഗേൾ അല്ല. ഒരു സ്ത്രീ ആണ്. ഫെമിനിസ്റ്റ് എന്നു വിളിച്ച് എന്നെ കളിയാക്കാം എന്നാണ് ചിലരുടെ വിചാരം .... പക്ഷേ ഞാൻ വൂമനിസ്റ്റ് എന്നൊന്നിലാണ് വിശ്വസിക്കുന്നത്.
വിഡ്ഢി: ഇനി വിഡ്ഢി പറയട്ടെ?
സ്ത്രീ: അഭിപ്രായം?
വിഡ്ഢി: അതുണ്ടല്ലോ മേ്ം, എന്തൊക്കെയായാലും നിനക്ക് നല്ല തന്റേടമുണ്ടെന്ന് എനിക്ക് മനസ്സിലായി.
സ്ത്രീ: (പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ് ) ഏയ് - എന്താ, ഇതെന്താ!
(ഒരു കപ്പൽ ജോലിക്കാരൻ മൂക്കറ്റം മദ്യപിച്ചതിനു ശേഷം തൊട്ടപ്പുറത്ത് വന്നിരുന്ന് ഛർദ്ദിക്കുകയാണ്)
മറ്റാരോ: (അതിലേ കടന്നുപോവുന്നതിനിടയിൽ ) ഹി ഹി ഹീ, ഏതായാലും എല്ലാം അവസാനിക്കുകയാണ്. അങ്ങനെയാണെങ്കിൽ അസ്സലായി അർമാദിച്ചുകൊണ്ടായിക്കൂടേ അത് ഡാ ശവീ...
വിഡ്ഢി: (സ്വകാര്യമായി സ്ത്രീയോട്) എനിക്ക് സംശയമുണ്ട് മേ്ം ഇയാൾ ഇത് അഭിനയിക്കുന്നതാണെന്ന്. കുടിക്കാനുള്ളതെല്ലാം കഴിഞ്ഞു എന്നല്ലേ ക്യാപ്‌റ്റൻ പറഞ്ഞത്. പിന്നെ എവിടെനിന്നാണ് ഇയാൾക്ക് അത് കിട്ടുക.
സ്ത്രീ: വ്യാജമദ്യം ആയിക്കൂടേ, വിഡ്ഢി.
വിഡ്ഢി: കപ്പലിലോ - അതും ഈ മുങ്ങുന്ന കപ്പലിലോ.
സ്ത്രീ: ഉണ്ടാവില്ല എന്നു തീർച്ചയാണോ വിഡ്ഢിക്ക്.
വിഡ്ഢി: ഹാവൂ, കൂൾ ആയി വിളിക്കുന്നുണ്ടല്ലോ മേ്ം ഇപ്പോൾ എന്റെ പേർ - ശീലമായി, അല്ലേ.
സ്ത്രീ: ഉം, ഒരു കാര്യം ചെയ്യൂ - ഇവിടെത്തന്നെ നിൽക്കൂ വിഡ്ഢി. എനിക്ക് കുറച്ചുനേരത്തേയ്ക്ക് ഒരു പണിയുണ്ട്. ഇപ്പോൾ ഓർമ്മ വന്നതാണ്, നീ ക്യാപ്‌റ്റൻ എന്നു പറഞ്ഞപ്പോൾ. അയാളുണ്ടല്ലോ - ഒരു ഭയങ്കര ഷോവനിസ്റ്റ് ആണ് വിഡ്ഢി. കുറച്ചു മുമ്പ് ഒരു വാഗ്വാദമുണ്ടായി ഞങ്ങൾ തമ്മിൽ. അപ്പോൾ വിട്ടുപോയ ഒരു വാദം ഇപ്പോഴാണ് കൃത്യമായി രൂപമായത് - എന്റെ ഉള്ളിൽ .... ഹ്ം, അങ്ങനെ വെറുതേ വിടാൻ പാടില്ലല്ലോ ആ കട്ടബൊമ്മനെ.
വിഡ്ഢി: അല്ല മേ്ം, ഇനിയിപ്പോൾ വേണോ വാക്കേറ്റമൊക്കെ -
സ്ത്രീ: (സ്നേഹപൂർവ്വം ) നീ മിണ്ടാതിരിക്ക് വിഡ്ഢി, ഇപ്പോൾ തിരിച്ചടിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഡാ. അവസാനിക്കാൻ പോവുകയല്ലേ നമ്മുടെ ലോകം... അനങ്ങാണ്ടെ ഇവിടെത്തന്നെ നിൽക്കൂട്ട്വോ ... (വാത്സല്യപുരസ്സരം) സുന്ദരവിഡ്ഢി!
(സ്ത്രീ സ്ഥലം വിട്ടെങ്കിലും വിഡ്ഢി ഒറ്റയ്ക്കാവുന്നുണ്ടോ?)
വിഡ്ഢി: (സ്വഗതം) എല്ലാവരും കൂടി ലാളിച്ചു വഷളാക്കും എന്നെ എന്നാണ് തോന്നുന്നത്. എന്നാലും എനിക്കിപ്പോഴും മനസ്സിലാവാത്തത് ഈ സ്ത്രീ എന്തിനാണ് ആ മുരടന് നല്ല ബുദ്ധി ഉപദേശിക്കാൻ പോവുന്നത് എന്നാണ്.
മത്സ്യകന്യക: (പെട്ടെന്ന്) ഏയ്, വിഡ്ഢിയേട്ടാ.
വിഡ്ഢി: (ഞെട്ടിക്കൊണ്ട്) ങ്‌ഹേ, ആരാണത്.
മത്സ്യ: ഞാനാണ് വിഡ്‌ഢ്യേട്ടാ, മത്സ്യകാമിനി.
വിഡ്ഢി: വെറുതെ പറ്റിക്കണ്ടാട്ട്വോ, ഒളിച്ചിരുന്നിട്ട് കളിപ്പിക്കാൻ വരുന്നു .... ആരാച്ചാൽ നേരെ വെളിച്ചത്തിലേയ്ക്കു വന്നാട്ടെ.
മത്സ്യ: അതിന് ... എനിക്ക് അങ്ങനെ പ്രത്യക്ഷപ്പെടാൻ പറ്റില്ല വിഡ്‌ഢ്യേട്ടാ - ഹ്ം ....നാണമാവും എനിക്ക്.
വിഡ്ഢി: നന്നായി. എന്നാൽ അവിടെ ഒളിച്ചിരുന്നോ, ഞാൻ പോകുന്നു .... ഓരോന്ന് വരും, മനുഷ്യനെ പേടിപ്പിക്കാൻ!
മത്സ്യ: (വിഡ്ഢി മറഞ്ഞതിനു പിന്നാലെ, ആരോടെന്നില്ലാതെ) ഇതിപ്പോൾ എനിക്ക് തോന്നുന്നത് ഈ കപ്പൽ മുങ്ങുന്നതു കൊണ്ട് ഏറ്റവും ഗുണമുണ്ടാവുന്നത് എനിക്കായിരിക്കും എന്നാണ്. ഈ കുടുക്കിൽ നിന്നു വിട്ട് വെള്ളത്തിൽ തിരിച്ചെത്താൻ പറ്റുമല്ലോ എനിക്ക്... ഹോ, പിന്നെയും അതാ ആരോ വരുന്നുണ്ടല്ലോ ഇവിടേയ്ക്ക്. മിണ്ടാതിരിക്കാം - ശ് ശ് ശ് ഷ്! ▮
(തുടരും)