ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

അധ്യായം 26: ഫലിതോൽപ്പത്തി

രവി

രുണ്ട ഹാസ്യം തന്നെയല്ലേ നമുക്കെല്ലാം ഇഷ്ടമാവുക. അല്ലാതെ കലക്കത്ത് നമ്പ്യാർ എഴുതുന്ന പദങ്ങളാണോ.

ഒരാൾ പഴത്തൊലിയിൽ ചവിട്ടി വഴുതിവീഴുന്നതു കണ്ടിട്ട് ആർത്തു ചിരിക്കുന്ന തരം ആളല്ല എന്തായാലും ഞാൻ.

ക്രൂരമായ ഒരു നർമ്മമാണ് ത്രൂങ്ങാലിയുടെ കൈമുതൽ. അയാളുടെ പുതിയ ചെകുത്താൻ കഥ വായിച്ച് അതിനെപ്പററി ഓർത്തുകൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഇന്ദിര കയറി വന്നത്.

പതിവുപോലെ ഞങ്ങളുടെ വർത്തമാനം ശണ്ഠയിൽ തന്നെ കലാശിച്ചു.
അഗ്നി, നിന്നെപ്പോലെ പ്രെവിലിജ്‌സ് ഉള്ള ഒരാൾ അല്ല ഞാൻ. ഉള്ള ആനുകൂല്യങ്ങൾ കൂടി വേണ്ട എന്നു വെച്ചിട്ടാണ് ഞാൻ ഇരിക്കുന്നത്. പഴയ സങ്കല്പമായിരിക്കും, പക്ഷേ ഒരു പോരാളി അങ്ങനെയാണു വേണ്ടത് എന്ന് ഞാൻ വിചാരിക്കുന്നു.

ഇന്ദിരയുടെ വീരവാദം ഇപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. അഗ്നി കൈവിരലുകൾ കൊണ്ട് തന്റെ രണ്ടു ചെവികൾക്കുള്ളിലും തുടച്ചു.
ഛെ, ചുഴിഞ്ഞാലോചിച്ചാൽ ഇന്ദിരയും പല സൗകര്യങ്ങളും ആസ്വദിക്കുന്നില്ലേ. അല്ലെങ്കിൽ വേണ്ട, അനുഭവിക്കുന്നില്ലേ. നിൽക്കട്ടെ, ഞാൻ ഒന്നുകൂടി ഒന്ന് ആലോചിച്ചു നോക്കട്ടെ.

തീർച്ചയായും ഞാൻ അങ്ങനെയുള്ള ഒരാൾ തന്നെ. പക്ഷേ എന്തിന് എന്നെ കുറ്റപ്പെടുത്തണം. ഔദാര്യങ്ങൾ വേണ്ട എന്നു വെച്ചിട്ടുണ്ട് എന്ന് അവൾ ആണയിടുന്നു. പക്ഷേ അത് എത്രത്തോളം ശരിയാണ്.

കേരളത്തിലൊക്കെ ഒരു അടിമയായിരിക്കുന്നതിനുപോലും കുറേ ഗുണങ്ങളുണ്ട്. ഇതാ, ഇപ്പോൾ ഈ ഇന്ദിര. അവളെപ്പോലെ ഓരോരോ അഭിപ്രായ പ്രകടനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഓരോരുത്തരും എന്തെങ്കിലുമെല്ലാം സൗജന്യങ്ങൾ കൈപ്പററിക്കൊണ്ടിരിക്കുന്നവരല്ലേ.

ഇന്ദിരാ, എന്റെ നോട്ടത്തിൽ നമ്മൾ എല്ലാവർക്കും ഉണ്ട് സൗഭാഗ്യങ്ങൾ - ഏറിയും കുറഞ്ഞും... അതൊന്നും ഇല്ലാത്തവർ ഇല്ലെന്നല്ല. അവർ വിദൂരദേശങ്ങളിൽ കുടിവെള്ളത്തിനു വേണ്ടി നാഴികകൾ താണ്ടി നടന്നുകൊണ്ടിരിക്കുകയാണ്. മിക്കപ്പോഴും നിശ്ശബ്ദമായി ചത്തൊടുങ്ങുകയാണ് - അവരൊന്നും ഇങ്ങനെ സംവാദത്തിൽ പങ്കെടുക്കാൻ വരില്ല.

തൽക്കാലത്തേയ്ക്ക് നിശ്ശബ്ദയായി അപ്പോൾ ഇന്ദിര.
ഭാവം കണ്ടാൽ തോന്നും അവൾ ഒരു വലിയ ആദിവാസിയോ അധഃകൃതയോ ആണെന്ന്. ഞാൻ മനസ്സിലാക്കിയിടത്തോളം പിന്നാക്ക വിഭാഗത്തിന്റെ സംവരണം കിട്ടുന്ന ഒരാൾ മാത്രമാണ് ഈ ഇന്ദിര. എന്നിട്ട് അവളുടെ ഗർവ്വോ.

പക്ഷേ നല്ല സ്ഥലത്താണ് അവൾ താമസിക്കുന്നത് - നാഗരംചാൽ.
അച്ഛച്ഛൻ ഇവിടെ ഗ്രാമസേവകനായിരുന്നപ്പോൾ താമസിച്ചത് അവിടെയായിരുന്നു. എപ്പോഴും ഓർക്കുക അവിടത്തെ കേണിയാണ്.

ആ കാലത്ത് അവിടെ പാടത്ത് മൂന്നോ നാലോ അടി വ്യാസമുള്ള ചെറിയ കിണർ ഉണ്ടായിരുന്നു. നിറയെ കോഡ ഇറങ്ങി മൂടുമായിരുന്ന കാലം. ഈ കേണിയിൽ നിന്ന് എത്ര കോരി എടുത്താലും അത്രത്തോളം വന്നു നിറഞ്ഞുകൊണ്ടിരിക്കും വെള്ളം.

അതിനാവട്ടെ എന്തൊരു കുളിര്.

അതിരാവിലെ വയലിന്റെ വരമ്പിൽ കൂടി നടന്ന് അവിടെ എത്തുന്നതു തന്നെ ദുഷ്‌കരം. കണ്ണിൽ വന്നു കുത്തിയാൽ അറിയാത്ത അത്ര മഞ്ഞാണ്. ആ കൊടും തണുപ്പത്ത് ആ പച്ചവെള്ളം കോരി മേൽ ഒഴിച്ച് കോച്ചിവിറച്ചു കൊണ്ടാണ് ആ അച്ഛച്ഛൻ കുളിച്ചിരുന്നത്. പല്ലുകൾ കൂട്ടിമുട്ടി കിടുകിടുകിടാ എന്ന് ശബ്ദിച്ചു കൊണ്ടിരിക്കും.

ആ കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയെപ്പററി അച്ഛനും അച്ഛച്ഛനും ഇരിക്കുമ്പോൾ ഒരിക്കൽ സംസാരിച്ചത് ഓർക്കുന്നു. താൻ കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതി എന്ന് അച്ഛച്ഛൻ ഗാന്ധിയെ വിശേഷിപ്പിച്ചു. എന്നാൽകൂടി ഒരു സ്ത്രീക്ക് അത് സാധിച്ചതിനെപ്പററി ഒരു മതിപ്പുണ്ടായിരുന്നു അച്ഛച്ഛന്. അച്ഛൻ പക്ഷേ ദുഷ്ടയായ ആ സ്ത്രീക്ക് മാപ്പുകൊടുക്കാൻ ഒരിക്കലും തയ്യാറല്ല.
അത് നേരെ തിരിച്ചാവുമെന്നാണ് ഞാൻ വിചാരിച്ചത്. അന്ന് കുട്ടിയായിരുന്ന അച്ഛനാണ് ഗാന്ധിയോട് കുടുതൽ അമർഷം ഉള്ളത് ഇപ്പോൾ. സ്ത്രീ എന്ന നിലയിലുള്ള പരിഗണന നൽകേണ്ടത് വാസ്തവത്തിൽ അച്ഛനല്ലേ. പിന്നീടാണല്ലോ അത്തരം നിരൂപണ ആലോചനാരീതികൾ ഇവിടെ പ്രാബല്യത്തിൽ വന്നത്.
അച്ഛന് ഇത്രയും വിരോധമുണ്ടെങ്കിൽ അത്രയും ഭയങ്കരി തന്നെ ആയിരുന്നിരിക്കണം ഈ ഗാന്ധി.

ആ ഗാന്ധിയുടെ പേരല്ലേ ഇവൾക്ക്. അഗ്നി ആലോചിച്ചു. ഇന്ദിരാ പ്രിയദർശിനി എന്നാണോ മുഴുവൻ പേർ എന്ന് ചോദിച്ചു നോക്കണം എപ്പോഴെങ്കിലും. എന്റെ അച്ഛനൊക്കെ ഏററവും വെറുക്കുന്ന ഒരാൾ ആയിരുന്നു ആ നേതാവ് എന്നും ചൂണ്ടിക്കാണിക്കാം.
ആനുഷംഗികമായി?
വൈകുന്നേരം നാഗരംചാലിലേയ്ക്ക് തിരിച്ചു പോവുമ്പോഴും ഇന്ദിര തന്നെ കാണാനായി സമയം കണ്ടെത്തുമെന്ന് നിനച്ചതേയില്ല അഗ്നി.
അഗ്നി, സംസ്കൃതം എന്ന ഒരു ഭാഷയില്ലേ - വെറുതേ കുറേ കോളൻ ഇടുന്നത് -
വിസർഗ്ഗം?
ആങ്, അഗ്നി ... ഈ കുശു എന്ന വാക്ക് സംസ്കൃതമാണോ, ഉം?
ഏയ്, എനിക്ക് തോന്നുന്നില്ല. മലയാളത്തിൽ തന്നെയും സ്ലാങ് ആണ് അത് എന്നാണ് സംശയം. നിഘണ്ടുവിൽ ഒന്നും കാണില്ലായിരിക്കും.
പിന്നെ എങ്ങനെയാണാവോ ആ കാളിദാസൻ അങ്ങനെ എഴുതിയത്, അല്ലേ.
എങ്ങനെ?

കുശുവേ കുശുവോല്പത്തി ശ്രൂയതേ ച ന ദൃശ്യതേ...

കിം അകുർവ്വത സഞ്ജയ:

ഉർവ്വി: പുരോ, നീ ഒരു പേറ്റാ പക്ഷപാതി ഒക്കെയല്ലേ. അപ്പോൾ, ഈ കൊതു ഇല്ലേ? ഇങ്ങനെ പറന്നുവന്ന്, ചിലപ്പോൾ മൂളിക്കൊണ്ട്, നമ്മളെ കുത്തി രോഗാണുക്കൾ നമ്മുടെ മേൽ നിക്ഷേപിച്ചിട്ട് പോവുന്ന ആ പ്രാണി - അതിനെ എങ്ങനെയാണ് - കൊല്ലുമോ?
പുരോ: ഇല്ലാ.
ഉർവ്വി: ഇല്ലാ?! കൊതുവിനെ കൊല്ലില്ലാ?
പുരോ: അതായത്, ഉർവ്വി, ശ്രദ്ധിക്കണം ഇത്. ഞാൻ ഒരിക്കലും ഇപ്പോൾ കുറേ കൊതുകിനെ കൊന്നുകളയാം എന്ന് കച്ച കെട്ടി വേട്ടയാടാനായി ഇറങ്ങുന്നില്ല. ഒരു കൊതു, അഥവാ കൊതുക് - പറക്കുന്നത് കണ്ടാൽ ഉടനെ ചാടി വീണ് കൈകൾ കൂട്ടിയടിച്ച് അവളെ കൊല്ലുകയുമില്ല ഞാൻ.
ഉർവ്വി: അവൾ?
പുരോ: ആങ്, പെൺകൊതുകല്ലേ കടിക്കുക.
ഉർവ്വി: ഓ, വായിച്ചിട്ടുണ്ട് ഞാൻ. ആൺ ബീർ മാത്രമേ കുടിക്കൂ.
പുരോ: (ചിരിച്ചുകൊണ്ട് ) ങ്ഹാ, ഉർവ്വി, പിന്നെ നടക്കുന്നത് ഇതാണ്. എന്റെ മേൽ ഒരു കൊതുക് വന്ന് ഇരുന്ന് കടിക്കുന്നു എന്നു സങ്കല്പിക്കുക, അപ്പോൾ ഞാൻ കൈ കൊണ്ട് ഉറക്കെ അവിടെ അടിച്ചുപോവും. അത് ഏതൊരു ജീവിയുടേയും സ്വാഭാവിക പ്രതികരണമാണ്. പാടുള്ളതാണ് - ഏത് ജീവിയും ചെയ്യുന്നതാണ്.
ഉർവ്വി: ഏയ്, പയ്യൊന്നും ചെയ്യില്ല... കൊതുവും വേറെ എന്തൊക്കെയോ പ്രാണികളും എത്രയാണ് കടിച്ചു കൊണ്ടിരിക്കുന്നുണ്ടാവുക അതിനെ, അതു പക്ഷേ ശ്രദ്ധിക്കുകയേയില്ലാ.
പുരോ: എന്നാൽ കുരങ്ങനെ നോക്കൂ. എപ്പോഴും അവർ മേൽ വന്നിരിക്കുന്ന പ്രാണികളെ അടിച്ചു കൊന്നുകൊണ്ടേയിരിക്കും.
ഉർവ്വി: അപ്പോൾ... (കുസൃതി) അത് കുറ്റമല്ല - പേറ്റാ പ്രകാരം?
പുരോ: ഓ ഉർവ്വി, അങ്ങനെ ചോദിച്ചാൽ - പേറ്റാ എന്നത് മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരതയെ തടയുക എന്ന ലക്ഷ്യത്തോടെ...
ഉർവ്വി: (കളിയാക്കി) പക്ഷേ കൊതുവിനെ കൊല്ലാം!
പുരോ: ഹായ്, അത് കൊല്ലലല്ല ഉർവ്വീ ഞാൻ ചെയ്യുന്നത്. ആ അടിയിൽ കൊതുക് മരിച്ചു പോവുന്നു എന്നേയുള്ളൂ.
ഉർവ്വി: ഉവ്വുവ്വേ, എന്താണ് സൂത്രം. വലിയ വീരവാദമാണ്, പക്ഷേ കൊതു കടിച്ചാൽ കൊല്ലും. ഹ ഹ ഹ, ഇതെന്തു ന്യായമാണ്.
പുരോ: എന്നെ തോല്പിക്കാനായി ഒരാൾ ഒരുമ്പെട്ടിറങ്ങിയാൽ ഞാൻ എന്തു ചെയ്യാനാണ്.
ഉർവ്വി: അപ്പോൾ കീഴടങ്ങി, അല്ലേ.
പുരോ: ഹേ, എന്താണിത് ഉർവ്വി. നമുക്കിടയിൽ അങ്ങനെയൊക്കെയുണ്ടോ.
ഉർവ്വി: ആയ്‌ക്കോട്ടെ, ശരി ശരി, അപ്പോൾ ഇനി ബാക്കി പുരാണം വരട്ടെ.
പുരോ: ഉർവ്വി, ഒരു പത്തറുപത് കൊല്ലം മുമ്പൊക്കെയാണ് സഞ്ജയൻ എന്ന എഴുത്തുകാരൻ ഒരു തമാശമാസികയിൽ കോഴിക്കോട്ടെ കൊതുകുകളെപ്പററി എഴുതിക്കൊണ്ടിരുന്നത്.
ഉർവ്വി: പാവം കൊതുവിനെ കളിയാക്കിക്കൊണ്ടോ?
പുരോ: അതായത് - മുനിസിപാലിറ്റി എന്ന ഭരണകൂടത്തെയായിരുന്നു അദ്ദേഹം അധിക്ഷേപിച്ചിരുന്നത്.
ഉർവ്വി: ആങ്ഹാ - അതെയോ?
പുരോ: അതായത്, കാലം എത്ര മാറിയിട്ടെന്താണ് - കൊതുകുകൾ പണ്ടത്തേതുപോലെ തന്നെ.
ഉർവ്വി: ഏയ്, അന്ന് മന്തും മലമ്പനിയും ആയിരുന്നില്ലേ. ഇന്ന് അവർ പരത്തുന്ന രോഗങ്ങൾ കൂടിയില്ലേ. ഇപ്പോൾ ചില കൊതുക്കൾ കടിക്കുക കൂടി വേണ്ടാ, നമ്മുടെ അടുത്തുകൂടി പറന്നു പോവുമ്പോൾ കൂടി വിതറുന്നുണ്ടേത്ര രോഗാണുക്കൾ.
പുരോ: സഞ്ജയനും എഴുതിയിട്ടുണ്ട് അത് എന്നു തോന്നുന്നു. ക്രാന്തദർശി എന്നോ മറ്റോ പറയും.

ഉർവ്വി: എന്തേ, തീർന്നോ സുവിശേഷം.
പുരോ: ഹ ഹ ഹല്ല, ഒരു .... ഒരു പരസ്യമില്ലേ ഉർവ്വി. കൊതുകുകളും മനുഷ്യക്കുട്ടികളും തമ്മിൽ തർക്കിക്കുന്നതു പോലെ ഒന്ന്. അതിൽ കുട്ടികൾ ഒടുക്കം വെല്ലുവിളിക്കുന്നു, ആങ്ഹാ, എന്നാൽ നിന്നെ ഞങ്ങൾ ഉണ്ടാവാനേ സമ്മതിക്കില്ല ചീത്ത കൊതുകേ.
ഉർവ്വി: (കുട്ടിയുടെ ശബ്ദം അനുകരിച്ച് ) ആങ്ഹാ, എന്നാൽ നിന്നെ ഞങ്ങൾ ഉണ്ടാവാനേ സമ്മതിക്കില്ല ചീത്ത കൊതുകേ.
പുരോ: കൊല്ലുന്നതിനേക്കാളും എനിക്ക് യോജിപ്പ് അതിനോടാണ്. കൊതുകിനെ ഉണ്ടാവാനേ സമ്മതിക്കാത്തത്.
ഉർവ്വി: അല്ല പുരോ .... (കള്ളച്ചിരി) റിഫ്ലെക്​സ്​ പോലെ അടിച്ചു കൊല്ലുന്നതിലും കുഴപ്പം ഒന്നുല്ല്യാന്നേ -ബ്രോ.
പുരോ: ഒരു റ്റ്​സെൻ ഗുരുവോ മറ്റോ - അതോ സന്യാസിയോ - താടിയിൽ കടന്നുപെട്ട ഉറുമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കഥയില്ലേ - അതൊന്നു പറയാമോ ഉർവ്വി.
ഉർവ്വി: ഞാൻ, പറയണോ?
പുരോ: ആങ്, അറിയുമെങ്കിൽ ദയവായി ഒന്ന്.
ഉർവ്വി: അറിയാം, പക്ഷേ ഞാൻ എന്തിന് നിന്നോട് അത് ....
പുരോ: എനിക്കൊന്ന് കേൾക്കാനാണ് ഉർവ്വി. ഒരു അനുമാനത്തിലെത്താൻ.
​എന്നിട്ട് ഉണ്ടായ ഒരു സംഭവം ഞാൻ വിവരിക്കാം, ഉം?
ഉർവ്വി: ശരി നോക്കാം. (സ്വരം പാകപ്പെടുത്തിയതിനു ശേഷം) പ്രിയപ്പെട്ട കുട്ടികളേ. ഒരിക്കൽ ഒരിടത്ത് ഒരു സന്യാസി ഉണ്ടായിരുന്നു. ഒരു ദിവസം അയാൾ പെട്ടെന്ന് തന്റെ താടിരോമങ്ങൾക്കിടയിൽ പെട്ട് ഉഴലുന്ന ഒരു ഉറുമ്പിനെ കണ്ടു. അതിനെ കൈ കൊണ്ട് പിടിച്ചെടുത്തു കളയാൻ അയാളുടെ മനഃസാക്ഷി അയാളെ അനുവദിച്ചില്ല. നോവില്ലേ അതിന്. അപ്പോൾ അയാൾ ഒരു മരക്കൊമ്പിലേയ്ക്ക് താടി പടർത്തിവെച്ചിട്ട് ഉറുമ്പിനോട് ഇറങ്ങിപ്പോവാൻ പറഞ്ഞു. അപ്പോൾ സംഭവിച്ചത് എന്താണെന്നോ കൂട്ടുകാരേ. ഈ ആദ്യത്തെ ഉറുമ്പ് ഇറങ്ങിപ്പോയില്ല എന്നു മാത്രമല്ല, മരക്കൊമ്പിൽ നിന്ന് വേറെ കുറേ എണ്ണം ഇയാളുടെ താടിയിലേയ്ക്ക്...
അല്ലേ പുരോ?
പുരോ: ങ്ഹാ, അതെ ഉർവ്വി, അതേയ്, ഈയിടെ ഒരു ദിവസം - ഞാൻ ശനിയാഴ്ച വീട്ടിലേയ്ക്ക് പുറപ്പെടുകയായിരുന്നു. അപ്പോൾ മുറിയിൽ തങ്ങുന്ന കുറേ കൊതുക് ഉണ്ടാവുമല്ലോ. ഞാനില്ലെങ്കിൽ അവർക്ക് ആർ കൊടുക്കും ആഹാരം.
ഉർവ്വി: അതെയതെ, പുരോ വളർത്തുന്ന ഓമനകളല്ലേ.
പുരോ: അവർ പുറത്തുപോയ്‌ക്കോട്ടെ എന്നുവെച്ച് ഞാൻ ജനൽ തുറന്നിട്ടു ഉർവ്വി. പക്ഷേ അവർ പുറത്തുപോയില്ല എന്നു മാത്രമല്ല...
ഉർവ്വി: കുറേ പേർ അകത്തേയ്ക്ക് വരുകയും ചെയ്തു?
പുരോ: ഓ ഹോ ഹോ, ഉർവ്വി... എങ്ങനെ മനസ്സിലായി?
ഉർവ്വി: (ചിരിച്ചു മറിഞ്ഞുവീണുകൊണ്ട് ) എന്റെ ദീനദയാലോ മഹാനുഭാവുലൂ... പുരോ! ....

ഹതാപം സഹിക്കാൻ സാധിക്കില്ല. നീയൊക്കെ എങ്ങനെ ജീവിക്കും യോഹന്നാനേ. മൂക്കത്ത് വിരൽ വെച്ചുകൊണ്ട് ചിലർ അതിശയിക്കും.
പുതിയ വെളിപാട് ഒന്നുമല്ല. എന്തുചെയ്യാം, എന്റെ ഗതി ഇതായിപ്പോയി. പോരെങ്കിൽ മൂത്രച്ചൂടും പിടിപെട്ടിരിക്കുന്നു.

വെള്ളം കുടിക്കാതെ ഇരുന്നാൽ വരുന്ന ആ സുഖക്കേട് ആണെന്നു വിചാരിച്ചാണ് കാണിക്കാൻ ചെന്നത്. യൂറോളജിസ്​റ്റ്​ പക്ഷേ മൂത്രത്തിൽ പഴുപ്പ് ഉണ്ടെന്ന് കണ്ടുപിടിച്ചു. എന്നാൽ സരസമായിത്തന്നെയായിരുന്നു അയാൾ സംസാരിച്ചത്.
ഇത് പീ ചെയ്യാനല്ലാതെ വല്ലതിനും ഉപയോഗിച്ചോ ഈയിടെ?
ഏയ്, ഇല്ല ഡോക്‌റ്റർ.

ഉള്ളിൽ മുറിഞ്ഞ് പഴുത്തതാണ്. നല്ല ഇൻഫെക്ഷൻ ഉണ്ട്. അറ്റത്ത് വെളുത്ത് കാണുന്നത് ചലമാണ്. മനസ്സിലായോ യോയോയോഹന്നാനേ.

തുറന്നുകാണിച്ചു കൊടുക്കേണ്ടി വരും എന്ന് പ്രതീക്ഷിച്ചിരുന്നതല്ല. ഹ ഹ ഹ, സാമാനം കാണാതെ എങ്ങനെയാണ് പിന്നെ എന്ന് അയാൾ കുലുങ്ങിച്ചിരിച്ചപ്പോൾ അതിനാൽ ചൂളിപ്പോയി. രോമാവൃതമാണ് ഗുഹ്യഭാഗം എന്ന് സങ്കോചത്തോടെ പറഞ്ഞപ്പോഴാവട്ടെ, അതൊന്നും സാരമില്ല, കാട്ട് എന്ന് അയാൾ ആംഗ്യം കാണിച്ചു.
മരുന്നൊക്കെ കുറിച്ചു തന്നതിനുശേഷം അയാൾ പിന്നെയും ഇളിച്ചു. വേറെ എന്തെങ്കിലുമെല്ലാം ചെയ്യ്ട്ടാ അതുകൊണ്ട് യോഹന്നാനേ. സ്വയംഭോഗം എന്നൊക്കെ കേട്ടിട്ടില്ലേ...

അത് അല്പം അതിക്രമിച്ചില്ലേ. വലിയ രസികസാമ്രാട്ട് ആണെന്നാണ് പുള്ളിയുടെ ഭാവം. നിരുപദ്രവകരമെങ്കിലും ഒരു ദുഃസ്വാതന്ത്ര്യം ആയില്ലേ ആ പറച്ചിൽ.
അങ്ങനെ നോക്കിയാൽ ഇന്നലെ ശീലച്ചേച്ചിയും എന്നെ പരിഹസിക്കുക തന്നെയാണുണ്ടായിട്ടുള്ളത്, അല്ലേ.

ഓഹോ, യോഹനാൻ ഗോൾ അടിച്ചിട്ടുണ്ടോ.

എന്താണ്, എനിക്ക് ഗോൾ അടിച്ചുകൂടേ. കുറേ പന്തുകളി ഉണ്ടായിട്ടുണ്ടല്ലോ ഞാൻ കുട്ടിക്കാലത്ത്. അന്ന് ഞാൻ അടിച്ചിട്ടുള്ള ഗോൾ ഒന്നും ആരും അലിവ് തോന്നി അനുവദിച്ചുതന്നതായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.
ഒരു പക്ഷേ ഗോളി ദുർബലനായിരുന്നിരിക്കാം. എന്നാലും ഗോൾ ഗോൾ തന്നെയല്ലേ. ഏതാണ്ട് പത്തോളം ഗോൾ ഞാൻ അടിച്ചിട്ടുണ്ട് ആ കാലത്ത് എന്നാണ് ഓർമ്മ.

ശീലച്ചേച്ചി സ്വന്തം മകന്റെ ഒരു ഗതികേടിനെപ്പററി വിവരിക്കുകയായിരുന്നു. ഈ പുസ്തകശാലയിൽ ജോലി അന്വേഷിച്ച് വന്നപ്പോൾ ഞാൻ ആദ്യം കണ്ടത് ശീലച്ചേച്ചിയെയാണ്. ശീലച്ചേച്ചി ശുപാർശ ചെയ്തതുകൊണ്ടാണ് ഇതിന്റെ മുതലാളി എന്നെ എടുത്തത്.

ചെക്കനെ ഗോൾ അടിക്കാൻ സമ്മതിക്കില്ലാന്നേ സീനിയേർസ്. പ്ലസ് വൺ അല്ലേ ഇവൻ. പ്ലസ് ടു പിള്ളേർ മാത്രമേ ഗോൾ അടിക്കാവൂ എന്ന് എന്തൂട്ടാ, ആങ്, അലിഖിതനിയമം ഉണ്ടേത്ര. ഒരിക്കൽ അറിയാതെ ഗോൾ അടിച്ചിട്ട് വേറെ ഒരു കുട്ടീടെ കാലില് അവന്മാര് ഷൂസ് ഇട്ടിട്ട് ചവിട്ടി. എല്ലല്ലാതെ വേറെ എന്തോ സാധനമില്ലേ - ആങ്, ലിഗമെൻട് - അത് ഒടിഞ്ഞൂേത്ര. എന്താ ഒരു അഹമ്മതി.

ശീലച്ചേച്ചി പക്ഷേ കളിയാക്കുന്നെങ്കിലും അത് സ്നേഹത്തോടെ തന്നെയാവും. അനുജൻ എന്നു വിളിച്ച് ആശ്ലേഷിക്കാൻ ആയും. എനിക്ക് സങ്കോചം ഉള്ളതു കൊണ്ടുമാത്രമാണ് കെട്ടിപ്പിടുത്തം നടക്കാതിരിക്കുന്നത്.

ഒരു പെറ്റ്​ വളർത്തിക്കൂടേ യോ, ഇന്നലെ പെട്ടെന്നായിരുന്നു ശീലച്ചേച്ചിക്ക് ആ ആശയം തോന്നിയത്, ഇങ്ങനെ നിന്നെപ്പോലെ ഒററയ്ക്ക് കഴിയുന്ന ഒരാൾക്ക് ഏറ്റവും നല്ലത് അതാണ്. വിദേശത്തൊക്കെ എത്രയോ ആളുകൾക്ക് അവരുടെ നായയോടും പൂച്ചയോടും മാത്രമേ അടുപ്പമുണ്ടാവൂേത്ര, കാണാറില്ലേ നീ വിഡീയോസ്?

അതു കേട്ടപ്പോൾ പേൾ എന്തായിരിക്കും അതിനെപ്പററി പറയുക എന്ന് അറിയണമെന്നു തോന്നി. ഉടനെ അവൾ കുറേ നായകളുടെ പേരുകൾ എന്റെ മുന്നിലേയ്ക്ക് പെറുക്കിയിടാൻ തുടങ്ങി. അതിൽ ഏതു വേണമെന്ന് ഞാൻ നിശ്ചയിക്കണം.

പെട്ടെന്ന് എനിക്ക് ഓർമ വരുന്നത് പോം ആണ്. ആൽസാഷൻ, ബോക്‌സർ, ലാബ്, ഡാഷ് ഒന്നും വേണ്ട... അല്ലെങ്കിൽ ഒരു പഗ് ആയാലോ. നിന്റെ മുഖത്തേയ്ക്കു തന്നെ നോക്കിക്കൊണ്ട് നിൽക്കും.

നീ എങ്ങോട്ട് തിരിഞ്ഞാലും അവിടെ എത്തി തുറിച്ചുനോട്ടം തുടരും. എപ്പോഴും ഒരാൾ ഒപ്പമുണ്ട് എന്ന തോന്നലുണ്ടാവും. നിനക്കായതു കൊണ്ട് ഞാൻ ഒറ്റ മാസ്റ്റർ നായ വേണോ എന്ന് ആലോചിച്ചു. പക്ഷേ റട് വേലർ ഒരു മാതിരി വല്ലാത്ത രൂപമാണ്. അല്ലെങ്കിൽ വേണ്ട, പിന്നെ, ലാസാപ്‌സോ എന്നൊരു അരുമനായ ഉണ്ട്‌ ബ്രോ, അതു മതി.

അവൾ ബ്രോ എന്നു വിളിക്കുമ്പോൾ എനിക്ക് ഒരു സമാധാനമാണ്.

എന്തായാലും ഒരു നായയെ വാങ്ങുന്നത് കുറേ ചിന്തിച്ചിട്ടു മതി. തൽക്കാലം രാവിലെയും വൈകുന്നേരവും കുറേ തെരുവുപട്ടികൾക്ക് എന്തെങ്കിലുമെല്ലാം വാങ്ങി തിന്നാൻ കൊടുക്കാം. റസ്ക് ഒക്കെ ഇഷ്ടമാവുമായിരിക്കും ചിലപ്പോൾ അവർക്ക്.

പേൾ കുറച്ചുനേരം ഒന്നും മിണ്ടാതെ ഇരുന്നിരുന്നു. അപ്പോൾ അവളുടെ ശ്വാസോച്ഛാസം ഉച്ചത്തിലായത് എനിക്ക് കേൾക്കാമായിരുന്നു. അണയ്ക്കുകയോ കിതയ്ക്കുകയോ ആണോ അവൾ എന്നു തോന്നി. അത് എന്തുകൊണ്ടാണെന്നു പക്ഷേ മനസ്സിലായില്ല. ഞാൻ അത് ചോദിക്കാൻ ഒരുങ്ങിയപ്പോഴേയ്ക്കും...

ബ്രോ, നീ വേദപുസ്തകം വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കില്ല ഞാൻ. എന്നാൽ അതിൽ ഏററവും തമാശയുള്ള ഭാഗം ഏതാണെന്നാണ് നിനക്ക് തോന്നിയിട്ടുള്ളത്?
അവളുടെ ശബ്ദം ഏററവും വശ്യമായിരുന്നു.
തമാശയോ പേൾ, തമാശയോ?
അതെയെന്നേ, തമാശ.... എനിക്ക് ഉല്പത്തി വായിക്കുമ്പോഴാണ് ഏററവും ചിരി വരുക.

തുടക്കം, ഹ ഹ ഹ, എന്റെ ചക്കരേ... ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments