രാഷ്ട്രീയം വേണം. അല്ലാതെ സാങ്കേതികമേന്മ കൊണ്ടുമാത്രം ശ്രദ്ധ പിടിച്ചു പറ്റാനാവില്ല. ലഹരി വീണ്ടും സ്വയം ബോധിപ്പിച്ചു. അല്ലാതെ ആത്മസാക്ഷാൽക്കാരത്തിനു വേണ്ടി കലാസൃഷ്ടിയിൽ ഏർപ്പെടുന്ന കാലമൊക്കെ കഴിഞ്ഞില്ലേ.
വിവാദവിഷയമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവണം. എന്നിട്ട് അത് ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയാണോ എന്ന് ഇരുന്ന് തർക്കിക്കണം ആളുകൾ. വീക്ഷണകോൺ വികലമാണ് എന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചു തുടങ്ങിയാൽ രക്ഷപ്പെട്ടു.
അതിനുള്ള വക ഇട്ടുകൊടുത്തിരിക്കണം.
സ്വന്തം ഭാര്യയെ അടിമയായി കാണാൻ മാത്രം കഴിയുന്നവർ ഇരുന്ന് സ്ത്രീപക്ഷം പിടിച്ച് വാദിക്കുന്നതു കാണുമ്പോൾ ചിരി വരും. ചിലപ്പോൾ ചിരിച്ചും പോവും. അതിലെ അർത്ഥഗർഭം തിരിച്ചറിഞ്ഞ് അവരും ചിരിച്ചെന്നു വരുത്തും. ഇളിഭ്യച്ചിരി.
ഇന്നലെ രാത്രി ഒരു പുതിയ കഥാതന്തു കിട്ടി. പക്ഷേ അത് ഇവിടെയൊന്നും ചെയ്യാൻ പറ്റുന്ന ഒരു ചിത്രമാവില്ല. ലോകനിലവാരത്തിലാണ് അത് നിൽക്കുക.
അതായത് യസ്മിൻ, ഒരു ലാറ്റിൻ അമെരികൻ രാഷ്ട്രത്തിലെ ഏകാധിപതി. പല തവണ കലാപകാരികളും പട്ടാളക്കാരും അയാളെ വധിക്കാൻ ഒരുമ്പെട്ട് എത്തുന്നു. പക്ഷേ ആര് എപ്പോൾ വളയുമ്പോഴും അയാൾ ഇണചേരുകയാവും. ആ നാട്ടിലാണെങ്കിൽ ആ ഒരു അവസ്ഥയിൽ ആരെയും കൊല്ലാൻ പാടില്ല എന്നൊരു അന്ധവിശ്വാസമുണ്ട്.
ഇപ്പോഴും അതെ, അവളോടായിട്ടാണ് എല്ലാ വിവരണങ്ങളും. അവൾ പിണങ്ങിയിരിക്കുകയാണെന്നൊന്നും ഓർക്കില്ല. എന്നിട്ട് ഇതു കേട്ടിട്ട് അവൾ ഓ ലഹരി, നീ നടക്കുന്ന കാര്യം വല്ലതും പറ എന്ന് തട്ടിമാററി എന്ന് വിചാരിക്കുക.
എന്നാൽ ഇതു കേൾക്ക്, കഴിഞ്ഞ ആഴ്ച തോന്നിയതാണ്. ഒരു പതിനാറുകാരി സുന്ദരിക്കുട്ടിയും അച്ഛനും. അവൾ ഒരു അച്ഛൻകുട്ടിയാണ്. അമ്മ വേറെ എവിടെയോ ജോലി ചെയ്യുന്നു. എന്നിട്ട് ഒരു ദിവസം ഈ കുട്ടി എങ്ങനെയോ ഗർഭിണി ആയി. ഒന്നുകിൽ ഒപ്പം കളിക്കുന്ന ഒരു ചങ്ക് ബ്രോ, അല്ലെങ്കിൽ അച്ഛൻ കാരണം. അത് നമുക്ക് പിന്നെ തീർച്ചയാക്കാം. എന്തായാലും അവൾ അച്ഛനോട് സംഗതി പറയുന്നു. അയാളുടെ സുഹൃത്ത് ഒരു ഗൈനക് ഉണ്ട്. അച്ഛനും മകളും കൂടി അയാളെ സമീപിക്കുന്നു. അയാൾ അവരെ സഹായിക്കാനുള്ള ഏർപ്പാട് ചെയ്യുന്നു. എന്നിട്ട് ഈ ഗേൾ ഇങ്ങനെ മുന്നിൽ കിടക്കുന്നതു കണ്ടിട്ട് അയാൾക്ക് സഹിക്കുന്നില്ല. ആരും അറിയാതെ അയാളും അവളെ ഒന്ന്.
ഓ, ഇതൊക്കെ മുമ്പ് വന്നിട്ടുള്ളതാവില്ലേ ലഹരി എന്നാണ് യസ്മിൻ പ്രതികരിക്കുന്നതെങ്കിലോ.
എന്നാൽ അത് വേണ്ട. കഥ എത്ര വേണമെങ്കിലും ഉണ്ടല്ലോ. നിൽക്ക്, ഒരു ഇടിവെട്ട് സാധനമുണ്ട് - ഒറ്റ നിമിഷം നീ വേറെ എവിടേയ്‌ക്കെങ്കിലും നോട്ടം മാററിയിട്ട് എന്റെ മുഖത്തേയ്ക്കു തന്നെ തിരിച്ചു വാ, അപ്പോഴേയ്ക്കും.
വേണ്ട, ഞാൻ പറഞ്ഞുതരാം അത്. ലഹരി എന്നൊരു പെൺകുട്ടി. മിടുക്കിയൊക്കെ ആയിരുന്നു അവൾ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒരു സ്വപ്നമായിരുന്നു അവൾക്ക്, പക്ഷേ എന്തോ, നടന്നില്ല. അച്ഛൻ ബാൻക് ഓഫീസർ, അമ്മ ലെക്ചറർ. അവൾ ഒറ്റ മകൾ. എം.എ കഴിഞ്ഞ് റീസേർച് ഒന്നും ചെയ്യാൻ ഒത്തുവന്നില്ല. ജോലി കിട്ടാൻ ഒട്ടു പരിശ്രമിച്ചതുമില്ല. അപ്പോൾ അവൾ വീട്ടിൽ തന്നെ ഇങ്ങനെ ഉഴപ്പിക്കൊണ്ടിരുന്നു. പത്തിരുപത്തിയേഴ് വയസ്സു വരെ എല്ലാവരും കല്ല്യാണം കഴിക്കാൻ നിർബന്ധിച്ചു നോക്കി. അതിൽ അവൾക്ക് താല്പര്യമേയില്ലായിരുന്നു.
ഇടയ്ക്ക് ഒന്ന് വിട്ടു. ഒരിക്കൽ അവൾ പാതിസമ്മതം മൂളിയിട്ട് ഒരു വിവാഹം ഉറപ്പിച്ചു. പക്ഷേ ഒരുക്കങ്ങളൊക്കെ പൂർത്തിയായി മുഹൂർത്തത്തിന് ഒരാഴ്ച മാത്രം ഉള്ളപ്പോൾ അവൾക്ക് ഒരു മനംമാറ്റു. ഞാൻ സജ്ജയല്ലല്ലോ സന്നദ്ധയല്ലല്ലോ സമ്മതിദായകയല്ലല്ലോ. രക്ഷിതാക്കൾ അവൾക്ക് ഒരു കൗൺസെലിങ് കൊടുത്തുനോക്കാം എന്നു കരുതി. തന്റെ ഇംഗിതം അവൾ അറിയിച്ചതും ഡോക് അവൾക്ക് അനുകൂലമായി തീരുമാനത്തിലെത്തി; ശങ്കയുണ്ടെങ്കിൽ പാടില്ല തന്നെ.
പിന്നെ അവൾക്ക് ആകെ ഉള്ളത് സ്വന്തമായി ഒരു പടം പിടിക്കണമെന്ന മോഹമാണ്. ഒരു ഹ്രസ്വചിത്രത്തിനു വേണ്ട പണം തരാം എന്ന് അവളുടെ അച്ഛൻ ഏറ്റു. പക്ഷേ അവൾക്ക് അത് പോരല്ലോ. ഒരു വിശ്വോത്തര ചലച്ചിത്രമാണ് അവളുടെ ലക്ഷ്യം. വൈശ്രവണന്റെ പേരക്കുട്ടി മുത്തുലക്ഷ്മിയാണ് എന്നാണ് അവളുടെ ഭാവം. എന്നാൽ സ്വത്ത് ഇല്ലെന്നല്ല. ഇൻഫിനിറ്റി പൂൾ ഒക്കെയുള്ള ഒരു ഫ്ലാറ്റ് അവൾക്കു വേണ്ടി വാങ്ങിയതേയുള്ളൂ അച്ഛൻ. അത് വിറ്റിട്ടാണെങ്കിലും ഞാൻ ഒരു മൂവീ ചെയ്യും എന്ന് അവൾ ചിണുങ്ങുമ്പോൾ അവളുടെ അച്ഛൻ മന്ദഹസിക്കും. അവൾക്ക് അയാൾ ഒരു ഹീറോ ഒക്കെ തന്നെ.
ഇത്ര വാചാലയാവാനൊക്കെ അവളെക്കൊണ്ട് പറ്റുമോ എന്നോ.
ഹോ, നിങ്ങൾക്കറിയാഞ്ഞിട്ടാണ്. ഒരു ഒന്നാംതരം കസർത്തുകാരിയാണ് യസ്മിൻ.
നർമബോധം ഇല്ല എന്ന് പറഞ്ഞുകൂടാ. സ്ഥലത്തെ പ്രധാന ദിവ്യന്മാരോട് അവൾക്ക് പക്ഷേ ബഹുമാനമേയില്ല. എഴുത്തുകാരോട് പുച്ഛം കൂടിയുണ്ട്.
എഴുത്തുകാരോട് പുച്ഛം എന്നതിൽ അവൾ ഒരു വിരൽ ഊന്നിയതുപോലെ തോന്നി. അത് ഉള്ളതൊക്കെത്തന്നെ എനിക്ക്. ഇടതുപക്ഷം എന്ന് സ്വയം ഞെളിയുന്നവർ. പക്ഷേ എന്തെങ്കിലും അപ്പക്കഷ്ണം കിട്ടാൻ വേണ്ടി മാത്രമാണെന്നേ ഇവർ ഒരു ചേരിയിൽ കൂടുക. നെറി എന്നത് ഇല്ല. ഏററവും നന്നായി എഴുതുന്ന കഥാകൃത്ത് എന്ന് ഞാൻ കരുതിയിരുന്ന ഒരാൾ - എങ്ങനെ നിരാശപ്പെടുത്തി അയാൾ ഈയിടെ എന്നെ എന്നറിയാമോ.
വഴിഞ്ഞം പെൺവാണിഭം എന്നത് യാഥാർത്ഥ്യമാണ്. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ ഉന്നതേശ്രണികളിലുള്ള ചിലർ അടക്കം പലരും പീഡിപ്പിച്ചു. എന്നാൽ മലയാളം കണ്ട മഹാനടന്മാരിൽ ഒരാളായ ശ്രീവത്സനെ - അയാൾ ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി - ആ ഒരു പേരിൽ നിയമക്കുടുക്കിൽ പെടുത്താൻ ശ്രമിക്കുന്ന ഈ സമൂഹം എത്ര അപരിഷ്‌കൃതമാണ് - ലജ്ജാവഹം!
ഈ പ്രസ്താവന കണ്ട നിമിഷം വെറുത്തു ഞാൻ അയാളെ. മാനുഷികവികാരങ്ങളെക്കുറിച്ചും മൂല്യങ്ങളെപ്പററിയും ബ്ലാ ബ്ലാ വാചകമടിക്കുമെന്നേയുള്ളൂ. ആൾ നികൃഷ്ടൻ തന്നെ.
അതുശരി, പക്ഷേ ഈ യസ്മിൻ - അവൾക്ക് എന്നെപ്പററി എന്തോരമാണ് അറിയാവുന്നത്. കൊല്ലണം എനിക്ക് അവളെ ഉടനെ. അല്ലെങ്കിൽ അവളുടെ ഓർമ്മശകതി നശിപ്പിക്കുകയെങ്കിലും വേണം.
ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടേത്ര ഉൾക്കടലിൽ. കുറേ ദിവസം കനത്ത മഴ ഉണ്ടാവും ഇനി.
അത് അക്രം എന്ന ചുഴലിക്കാററായി രൂപം കൊണ്ട് തീരം തൊട്ടിട്ട് മാറിപ്പോവും എന്നാണ്.
▮
ഉപമയും കാളിദാസനും പോലെ ഇവർ
(വേതാളവും വിക്രമാദിത്യനും ഒരിക്കൽ കൂടി)
വേ: കഥാഗതി എങ്ങനെയുണ്ട്, കൊള്ളാമോ?
വി: തഥാഗതനോടു പോയി ചോദിക്ക്.
വേ: ആങ്ഹാ, ആരാണീ പുതിയ കഥാപാത്രം, ഹ ഹ ഹ, രോഷാകുലനാണല്ലോ ഒരാൾ - ഹെന്തു പറ്റി.
വി: (മുരളുന്നു) ഹ്ം, അല്ലാതെ അധോഗതിയെപ്പററി ഞാൻ എന്ത് ഉലത്താനാണ്.
വേ: പിന്നെയും കൂടി ശുണ്ഠി. എന്താഹേ ഇങ്ങനെ സ്റ്റിഫ് ആയി ഇരിക്കുന്നത്? കൂൾ ആയിക്കൂടേ.
വി: ഞാൻ, മറ്റേത് പ്രതീക്ഷിച്ചിരിക്കുകയാണ്.
വേ: എന്ത്?
വി: അല്ല, ഒരു ചോദ്യം വരാനുണ്ടല്ലോ ഇപ്പോൾ - കഥ കഴിഞ്ഞ ഉടനെ.
വേ: അതിന് കഴിയണ്ടേ ഈ കഥ .... സത്യം പറ വിക്രം, ഞാൻ ആദ്യം ചോദിച്ചത് എന്റെ ചോദ്യമാണെന്നു വിചാരിച്ച് വിരണ്ടോ ഒരാൾ.
വി: എന്നു ചോദിച്ചാൽ, തീർച്ചയില്ല എനിക്ക്.
വേ: ഹോ, അതും നിശ്ചയമില്ലേ ... ഹ്ം, ശരി. ആകപ്പാടെ വിനയാന്വിതൻ ആയിട്ടുണ്ടല്ലോ ഒരാൾ. എന്താ, ചക്രവർത്തി ആയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന് തോന്നിത്തുടങ്ങിയോ.
വി: വിനയാന്വിതൻ ഒന്നുമല്ല, വിക്രമാദിത്യൻ.
വേ: ഓ, ഇത്തിരി ഉശിര് വന്നു. പക്ഷേ, ഹി ഹി ഹീ, ചോദ്യത്തിനെ പേടിയാണല്ലേ. സൂചികുത്തുന്നതും ഇഷ്ടക്കേടുണ്ടാവുമല്ലോ അപ്പോൾ. അല്ല വിക്രം, എന്തിനാണ് ചോദ്യത്തിനെ ഇത്ര പേടി.
വി: അല്ലാ, തല പൊട്ടിത്തെറിക്കും എന്നല്ലേ.
വേ: അതിനെന്താണ് ഹേ മഹാരാജാവിന് വേറെ ഒരു തല കിട്ടാനാണോ പ്രയാസം .... ആ ഭട്ടിയൊക്കെ ഇല്ലേ അവിടെ.
വി: എനിക്ക് നല്ല ഇഷ്ടമാണ് എന്റെ മുഖം. വിശേഷിച്ച് ഈ മൂക്ക്.
വേ: കൊച്ചുകള്ളൻ, സ്വാർത്ഥത മാേത്രള്ളൂ ... വലിയ രാജാവാണെന്നു പറഞ്ഞിട്ടെന്താണ്? അപ്പോൾ, കുഴപ്പമില്ല എന്ന് മറുപടി തരാവുന്ന ഒരു കൊച്ചുചോദ്യം തൊടുക്കും ഞാൻ ഒരു ധീരോദാത്തനതിപ്രതാപഗുണവാെന്റ നേർക്ക് എന്ന് എങ്ങനെ തോന്നി മിടുക്കന്.
വി: കളിയാക്കരുത് എന്നെ, ഇയാൾ.
വേ: എന്നാൽ ശരി, ഗൗരവം ഭാവിക്കാം. ഈ പ്രശ്‌നോത്തരി എന്നതൊക്കെ ഒരു വെറും ചടങ്ങാണ് ഹേ.
വി: പരീക്ഷയല്ലേ പക്ഷേ, പരീക്ഷണം.
വേ: ഹായ്, അങ്ങനെ ഭയക്കാനൊന്നുമില്ല. വയറിളകുന്നതു പോലെ കുറേ കഥിച്ചു കൊണ്ടിരിക്കും. എന്നിട്ട് ചിലപ്പോൾ അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു ചോദ്യം എറിയും. ഹ ഹാ, ഉത്തരം ശരിയാണ് എന്ന് ബോദ്ധ്യപ്പെട്ടിട്ടാണോ ഞാൻ ഒരാളെ വെറുതെ വിടാറ് .... അയ്യേ, ചന്ദുമാ വായിക്കാറില്ലേ.
വി: എന്താണത്.
വേ: ചന്ദുമാ ദ്വൈവാരിക. അതിൽ എത്ര കഥ വരുന്നു നമ്മുടെ - എത്ര വിഡ്ഢിച്ചോദ്യങ്ങൾ. വിചിത്രമായ എന്തൊക്കെ ഉത്തരങ്ങൾ. അയ്യേ വിക്രം, ഇതൊക്കെ വെറും - ഒരു ഷോ അല്ലേ.
വി: (ദീർഘനിശ്വാസത്തോടെ) അങ്ങനെയാണല്ലേ.
വേ: പിന്നെ ഒരു വേദാന്തിയെപ്പോലെ ചിന്തിച്ചാൽ - ഹ ഹ ഹ, ഒരു ഉത്തരം എങ്ങനെ തെറ്റാവും.
വി: ഞാൻ വല്ലാതെ - വളരെ ...
വേ: എന്നിട്ടിപ്പോൾ ആ കുണ്ഠിതം മാറിയോ.
വി: അപ്പോൾ, എന്നോട് ഒന്നും ചോദിക്കുന്നില്ല - എന്നാണോ.
വേ: അതാ, പിന്നെയും തുടങ്ങി വേവലാതി.
വി: അതായത്.... ഇയാൾ എന്തെങ്കിലും ഒന്ന് ചോദിച്ച് ഇത് അവസാനിപ്പിച്ചാൽ എനിക്ക്...
വേ: സമാധാനമാവും, അല്ലേ. എന്നാൽ ശരി, ആവാം. ഒരു വഴിപാട് അല്ലേ - നോക്കാം, ഹ്ം,
ലഡുവാണോ ഇഡലിയാണോ ആദ്യം ഉണ്ടായത്.
വി: (പതറി) ങ്‌ഹേ? എന്നുവെച്ചാൽ.
വേ: കേട്ടില്ലേ - ഇഡലിയാണോ ലഡുവാണോ ആദ്യം ഉണ്ടായത്.
വി: അങ്ങനെ ഒരു വിഷയം, പാഠത്തിൽ ഇല്ലായിരുന്നല്ലോ.
വേ: ശരി, സിലബസ് വിട്ടുള്ള അഭ്യാസമാണെന്നു വിചാരിച്ചോളൂ - ഉടനെ പറയണം പക്ഷേ.
വി: ഏയ്, ഇത് എന്നെ പെടുത്താനല്ലേ. ഈ പരിപാടി എനിക്കറിയാം. ഞാൻ ലഡു തിരഞ്ഞെടുത്താൽ ശരിയുത്തരം ഇഡലി ആവും. ഇഡലിയാണെങ്കിൽ തിരിച്ചും. എങ്ങനെയായാലും എന്റെ ഉത്തരം തെറ്റ്. ആർക്കും ഒന്നും തെളിയിക്കാനാവില്ലല്ലോ.
വേ: ഏഹേയ് - ഈ വേതാളം അങ്ങനെ കാണിക്കുമോ. വിക്കു എടുക്കുന്നത് ഏതാണോ അതുതന്നെ ഉത്തരം. അതുതന്നെയാണ്. പക്ഷേ പറയണം ഒന്ന് -
വി: പക്ഷേ - പക്ഷേ - പക്ഷേ ...
വേ: ഇനിയും ആശയക്കുഴപ്പമോ.
വി: അല്ല, എന്റെ തല -
വേ: തലയോട് പോവാൻ പറ വിക്കി.
വി: അല്ല, എന്റെ ഈ മുഖം.
വേ: വിശേഷിച്ച് ആ ചപ്പട്ട മൂക്ക്, അല്ലേ ... ബെ, ഞാൻ പറഞ്ഞില്ലേ ഉത്തരം എതായാലും കുഴപ്പമില്ല എന്ന്. ഇനിയെങ്കിലും വേഗം ഒന്ന് -
വി: എന്നാലും ...
വേ: ദേ വിക്കീ, ഇങ്ങോട്ടു നോക്കൂ, ലഡുവോ ഇഡലിയോ, ഏതു വേണം.
വി: പെട്ടെന്ന് ഒരു തീരുമാനം ...
വേ: പെട്ടെന്നോ? എത്രനേരമായി ഇതു തുടങ്ങിയിട്ട്! - ഇതാ, നോക്കൂ - എന്റെ കയ്യിൽ ഒരു ലഡു. ഇതിൽ ഒരു ഇഡലി. രണ്ടും ഞാൻ വിക്കിയുടെ നേരെ നീട്ടുന്നു. ഏത് എടുക്കും വിക്കി.
വി: മൂന്നാമത്തെ കയ്യിലോ?
വേ: കളിക്കല്ലേ വിക്കീ, നേരം പോകുന്നു. ഏതാണിഷ്ടം. ലഡു മധുരമല്ലേ. ഇഡലിയാണെങ്കിൽ ചമ്മന്തി ഒന്നും ഒപ്പിത്തിന്നാനില്ലെങ്കിൽ രസമില്ലല്ലോ ... ആവൂ, ഇത്രയും എത്തിച്ചു തന്നു ഞാൻ. ഇനി ഏതെടുക്കും വിക്കി.
വി: അതിപ്പോൾ - എനിക്ക് പെട്ടെന്നങ്ങോട്ട് ...
വേ: പോരെങ്കിൽ ഇതാ, ഇഡലിയിൽ ഒരു .... ഒരു .... ഒരു ഈച്ച പറന്നുവന്നിരിക്കുന്നുണ്ട്. ഹോ, ലഡുവിലല്ലാതെ ഇഡലിയിൽ കൊണ്ടുപോയി ഈച്ചയെ ഇരുത്താൻ ഞാൻ പെട്ട പാട്! ... ഒരു തീരുമാനമെടുക്കാൻ സൗകര്യമാവട്ടെ എന്നു കരുതി മാത്രമാണ്. (കെഞ്ചി) ഇനിയെങ്കിലും ഒന്ന് ഉരച്ചുതുലയ്ക്കാമോ വിക്കീ - ഏതാണ്.
വി: ഞാൻ, ഞാൻ, ഞാൻ ...
വേ: ഹോ, എന്റെ പൊന്നു വിക്രമാദിത്യാ, ഈ ജീവിതത്തിൽ എന്തെങ്കിലും ഒരു ഉത്തരം - ഒറ്റ ഉത്തരം പറഞ്ഞിട്ടുണ്ടോ താൻ വിക്കി വിക്കി, ങ്‌ഹേ?!
(അത് ഏകദേശം ഒരു അലർച്ചയായിരുന്നു.)
ഇങ്ങളെ കൂടെ ഇണ്ടായിർന്ന പെണ്ണിനെ കണ്ടാ ഇങ്ങളെ ബാര്യ ആണ്ന്ന് തോന്നൂല്ലാ, അലവി കുശലപ്രശ്‌നത്തിനായിട്ടാണ് അടുത്തേയ്ക്കു വന്നത് എന്ന് പിന്നീടാണ് മനസ്സിലായത്.
ഏത്, ഇന്നലെ കണ്ട ആളോ?
ആങ്, അതിപ്പം ഇങ്ങളെ കൂടെ ബരണ ആരെ കണ്ടാലും ഇങ്ങളെ ബാര്യ ആണ്ന്ന് തോന്നൂല്ലാ.
ഹ ഹ ഹാ... അതിപ്പോൾ അലവിക്കാ, എന്റെ ഭാര്യ ഒപ്പം വന്നാൽ കൂടി അതങ്ങനെതന്നെയാവും കേട്ടോ .... അതുകൊണ്ട് സാരമില്ല, ഇങ്ങള് ബേജാറാവുകയൊന്നും വേണ്ടാ.
ഏയ്, എനക്കെന്ത് ബേജാറ്? ബെർതേ തൊള്ള തൊറന്നുപോയീന്നേള്ള്, സാറേ! ...
എന്തൊരു മഹാമനസ്കരാണ് ഈ കാവൽക്കാർ. ഇയാളെ തന്നെ നോക്കുക. എന്റെ ഒപ്പം ഭാര്യയുടെ മട്ടും ചിട്ടയുമില്ലാതെ ആരെല്ലാമോ വരുന്നു എന്നു മാത്രമേ അയാൾ ആലോചിക്കുന്നുള്ളൂ. അനാശാസ്യം, വ്യഭിചാരം എന്നീ സങ്കല്പങ്ങളൊന്നും ആ മനസ്സിൽ കൂടി ഒന്ന് ഓടുക കൂടിയില്ല.
ഇന്നിപ്പോൾ അയാൾ അത് എടുത്തുപറയാൻ കാരണം ഋതു തന്നെ. അവൾ ഇവിടേയ്ക്കു വന്നത് രാജസ്ഥാനിൽ നിന്നാണ്. ജയ്‌സാൽമിർ പോയിട്ട് പൊക്രാനിൽ അവൾക്ക് ആരെയോ കാണാനുണ്ടായിരുന്നു. അവിടെ നിന്നു കിട്ടിയ വർണശബളമായ തലപ്പാവുമായാണ് അവൾ കേരളത്തിലേയ്ക്ക് വന്നത്.
എന്റെ ഒപ്പം നഗരത്തിൽ അലഞ്ഞുനടക്കുമ്പോഴെല്ലാം അവൾ അത് അണിഞ്ഞിരുന്നു. കടപ്പുറത്ത് പോയി അസ്തമയം കണ്ടുകൊണ്ട് മണലിൽ ഇരിക്കുമ്പോഴും തിരകളിലേയ്ക്ക് ഇറങ്ങി കാലുകൾ നനയ്ക്കുമ്പോഴും അവൾ അത് അഴിച്ചുവെച്ചില്ല. ഒരു പക്ഷേ ഞാൻ എങ്ങാനും നിർദ്ദേശിച്ചാൽ വേണമെങ്കിൽ ഊരാം എന്നു വിചാരിച്ചു കൊണ്ടിരുന്നതാവാം.
ഇടയ്ക്കിടയ്ക്ക് നോക്കുമല്ലോ എന്റെ മുഖത്തേയ്ക്ക്.
ജ്ഞാ സർവ്വകലാശാലയിലെ കുറേ വിശേഷങ്ങൾ അവൾ വർണിച്ചുതന്നു. കൂട്ടത്തിൽ കഞ്ചാവ് എല്ലാവർക്കും വെറുതേ കിട്ടും എന്നും ലഹരിക്ക് അടിമപ്പെടാതെ ഇരിക്കാൻ നല്ല ചങ്കുറപ്പ് വേണമെന്നും മറ്റും മറ്റും. വല്ല്യേട്ടന്മാർ അവിടെയും ഉണ്ട്. പക്ഷേ എന്തു തന്നെയായാലും ഭയങ്കര അഭിമാനമാണ് അവൾക്ക് ജ്ഞായെ ചൊല്ലി.
വല്ലാതെ ഊതിപ്പെരുപ്പിച്ച ഒരു സംഗതിയല്ലേ എന്നാലും അത്, സഹിക്കാൻ വയ്യാതെ ആയപ്പോൾ ഗുപ്തൻ ചോദിച്ചു, എന്തൊരു വീമ്പടിയാണ് അവിടെ പഠിച്ചു എന്ന പേരിൽ ചിലർ. ഈ അരാജകത്വത്തിന്റെ തൊട്ടടുത്തെത്തുന്ന സ്വാതന്ത്ര്യം തന്നെയല്ലേ അതിന്റെ കേമത്തം.
അത് എന്തായാലും ഗുപ്ത് - ഒരു സംഭവം തന്നെയാണ് ജ്ഞാ.
നന്നായി, ആയ്‌ക്കോട്ടെ, ഗുപ്തൻ മുരണ്ടു, എനിക്കെന്ത് ചേതം - ആയ്‌ക്കോട്ടേന്നേ! എന്തിന് നമ്മൾ പിണങ്ങണം?
ഇവിടത്തെ പുല്ല് വേണമെന്ന് അവൾ ആഗ്രഹിക്കുന്നുണ്ടാവാം. ഇടുക്കി പടക്കം എന്നൊക്കെ ചിലതുണ്ടല്ലോ. അവളുടെ ഒപ്പം നടക്കുമ്പോൾ അയാൾ ആലോചിച്ചു. മടി കാരണം എന്നോട് ചോദിക്കില്ലായിരിക്കും, ഞാൻ മുൻകൈ എടുത്ത് അത് വാങ്ങിക്കൊടുത്താൽ സന്തോഷമാവും.
ഗുപ്തൻ അത് അറിഞ്ഞില്ലെന്ന് ഭാവിച്ചു. ഋതു ഒരു പെട്ടിക്കടയിൽ നിന്ന് ബീഡി വാങ്ങി. ചുരുട്ട് കിട്ടും അവിടെ എന്ന് അയാൾ ചൂണ്ടിക്കാണിച്ചില്ല. ദൂരെ മാറിനിന്ന് മാത്രം പുകവലിക്കാൻ അവൾ പ്രത്യേകം സൂക്ഷിച്ചു.
പുകവലി കഴിഞ്ഞ് വായ കഴുകി അതിന്റെ മണം കളഞ്ഞിട്ടാണ് അവൾ അടുത്തേയ്ക്കു വരുന്നത് എന്നും അയാൾ അുതപ്പെട്ടു.
ചുംബിച്ചേയ്ക്കും എന്നു കരുതിയാവുമോ! ...
ഇഡലി, ദോശ, വട, അപ്പം - ഇതെല്ലാം അവൾക്ക് നല്ല പരിചയമുണ്ട്, പഥ്യവുമാണ്. ബിര്യാണി പക്ഷേ ഇപ്പോൾ വേണമെന്നില്ല. ഉച്ചയ്ക്ക് ഇലയിൽ സദ്യ വിളമ്പുന്ന ഒരു ഭോജനശാലയിൽ കൊണ്ടുപോയപ്പോൾ അവൾ അതീവസന്തുഷ്ടയായി. മൃഷ്ടാന്നം കഴിഞ്ഞ് ആട്ടുകട്ടിലിൽ കിടന്നുള്ള മയക്കം അവളെ സംപ്രീതയാക്കി.
എന്നാൽ മുപ്പത്തിമൂന്നാം നിലയിലെ മട്ടുപ്പാവിൽ നിന്ന് കടലിലേയ്ക്ക് നോക്കിനിൽക്കുന്നതാണ് അവളെ കോരിത്തരിപ്പിച്ചത്. എത്രകാലം വേണമെങ്കിലും അങ്ങനെ നിൽക്കാം, വേണമെങ്കിൽ അങ്ങനെ നിന്നുകൊണ്ട് മരിക്കാം, അവിടെ നിന്ന് ആകാശത്തിലേയ്ക്ക് പുകച്ചുരുളുകൾ ഊതി വിടുമ്പോൾ നിർവൃതി തന്നെയാണ് അവൾക്ക് തോന്നിയിട്ടുണ്ടാവുക എന്ന് ഊഹിക്കാം.
നിങ്ങളുടെ കരേലാ പോലെ ഒരു നല്ല സ്ഥലമില്ല ഗുപ്ത്. നന്നായി സംവിധാനം ചെയ്തിരിക്കുന്നു ഈ സംസ്ഥാനം. ഞാൻ ഇവിടെയാണ് ആവേണ്ടിയിരുന്നത് ... ഒരു ജോലി കിട്ടുമോ എനിക്ക് ഇവിടെ ഗുപ്ത്?...
കൊൽകൊറ്റാ വിട്ടിട്ടൊക്കെ വരുമോ അവൾ. ഭംഗിവാക്ക് പോലെ ചോദിച്ചതാവും അവൾ അത് എന്ന് അയാൾക്ക് മനസ്സിലായി. ഹ ഹ ഹ, കരേലാ എന്നു തന്നെയാണ് വിളിക്കേണ്ടത് ഇതിനെ. കയ്പക്ക അല്ലേ അത്. ഭൂപടം എടുത്തുനോക്കൂ, ഒരു കരേലാ പോലെ തന്നെയാണ് അത് ഇരിക്കുന്നത്. കേരം ഒന്നുമല്ല കാര്യം, കയ്പാണ്.
കാരസ്കരം എന്ന കാഞ്ഞിരം തൽക്കാലം ചർച്ചയിൽ എടുക്കേണ്ടതില്ല എന്ന് അയാൾ അനുമാനിച്ചു. അത് പിന്നെ കഷായത്തിലേയ്ക്കും തിക്തകത്തിലേയ്ക്കും ഒക്കെ ചെന്നെത്തിയാലോ. ഇടയ്ക്ക് എനിക്ക് ഒരു മൂന്നര ആചമിക്കാൻ ഇടവേള കിട്ടണ്ടേ.
ഗുഗുലുതികതകം എന്നു കേട്ടാൽ രസിക്കുമായിരിക്കും അവൾക്ക്. ഋതു എന്ന ഋതംവര. അനിയത്തി ഋജുവിനു വേണ്ടി അവൾ ചില കരകൗശല വസ്തുക്കളെല്ലാം വാങ്ങി. കൂട്ടത്തിൽ ഒരു പാളത്തൊപ്പിയും.
അയാൾ അവൾക്ക് കൊടുക്കാനായി അണ്ടിപ്പരിപ്പ്, ശർക്കര ഉപ്പേരി, താമരവളയം കൊണ്ടാട്ടം, ചെമ്മീൻ അച്ചാർ എന്നിവ വാങ്ങി ഏല്പിച്ചു.
എനിക്ക് ഋജുവിനെയും കണ്ടാൽ തരക്കേടില്ല.
അതായത്, കണ്ടാൽ കൊള്ളാം, കാണണമെന്നൊക്കെയുണ്ട് എന്നർത്ഥം. ഋതുവിനെപ്പോലെയല്ല, മെലിഞ്ഞു വിളറിയ ഒരു സുന്ദരിയാണ് അവൾ. പ്രസരിപ്പൊക്കെ പക്ഷേ ഋതുവിനാണ് കൂടുതൽ.
നിങ്ങൾക്ക് ഈ ഓക്ര വളരെ പ്രിയമാണ്, അല്ലേ. സാമ്പാറിൽ നിറയെ അത് കണ്ടു -
അതായത് നിങ്ങളുടെ ഭിംഡി?.
അവൾക്ക് ഒരു ഖാദി കുർതി വേണമെന്നുണ്ടായിരുന്നു, അതും വാങ്ങിക്കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിയപ്പോൾ പെട്ടെന്ന് അയാളുടെ മനസ്സിൽ ഒരു ലഡു മിന്നി. ഇതാ വരുന്നൂ എന്റെ തുറുപ്പുചീട്ട്!
ഋതു, നമ്മൾ ഇപ്പോൾ പോവുന്നത് ഇവിടത്തെ അതിവിശിഷ്ടമായ ഒരു പലഹാരം കഴിക്കാനാണ്. ആവിയിൽ വേവിച്ച വിഭവം. ചിരട്ടയിൽ ഉണ്ടാക്കിയെടുക്കുന്നത് അമ്മിഞ്ഞ പോലെ ഇരിക്കും. കടല, ചെറുപയർകറി, പഴം, പപ്പടം, ഒക്കെ കൂട്ടി കഴിക്കും. വടക്കൻ ജില്ലകളിൽ ബീഫ്, മീൻകറി, ചിക്കൻ എന്നിവ ചേർത്തും സാപ്പിടാറുണ്ട്. എങ്ങനെ ഋതു - നോക്കാം?
ഹ ഹ, പിട്ടല്ലേ അത്?
ഏയ്, ബ്രാഡ് പിട്ടൊന്നുമല്ല, ഏയ് - നിന്നെ ആരോ പറ്റിച്ചതാണ് ഋതു. ഹ്ം... മുക്രയാണ്. മുക്രയാണ് അത്. വാ, വേഗം വേഗം വാ. നമുക്ക് ഒന്നിച്ച് - ഇത്തിരി മുക്രയിടാം ... ▮
(തുടരും)