അധ്യായം 28: മുന്‍വിധികളേ നയിച്ചാലും
എന്നാലും ഞാന്‍ ഒരു സഹൃദയയാണെന്ന് ആ സംവിധായകന് എങ്ങനെ പിടികിട്ടി. ദ്യുതി തേഞ്ഞപാലം എന്ന് അറിയപ്പെട്ടുകൂടേ എന്ന് ആരാഞ്ഞല്ലോ എന്നോട്. എന്റെ ശരീരഭാഷയില്‍ കൃത്രിമം കാണിച്ചിട്ടും അയാള്‍ ഞാന്‍ ഒരു ബുദ്ധിജീവിയാണെന്ന് മനസ്സിലാക്കിക്കളഞ്ഞല്ലോ.
അപാരമായ നിരീക്ഷണപാടവമാണ് ചിലര്‍ക്ക്. പ്രച്ഛന്നവേഷം കൊണ്ടൊന്നും അവരെ കബളിപ്പിക്കാന്‍ പറ്റില്ല. അവരില്‍ മിക്കവരും തങ്ങളുടെ ധാരണ ശരിയല്ല എന്നു കണ്ടാല്‍ കൂടി തിരുത്താന്‍ കൂട്ടാക്കാത്തവരുമായിരിക്കും .
ചിലപ്പോള്‍ ദുസ്സഹമായി തോന്നും വാഴ്വ്.
ആളുകള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലെന്നേ. മാനദണ്ഡങ്ങളുമായി കാത്തിരിക്കുകയാണ് ചാടി വീഴാന്‍. അല്പം ദുര്‍ബ്ബലരാണ് നമ്മളെങ്കില്‍ തുലഞ്ഞു.
എന്റെ കക്ഷികളില്‍ ആരെങ്കിലും പറഞ്ഞറിഞ്ഞതുതന്നെയാവണം അയാള്‍. ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് (ആണായാലും പെണ്ണായാലും ) സംസാരിക്കാനും ഒപ്പം ആഹാരം കഴിക്കാനും മറ്റും വാടകയ്ക്ക് വിളിക്കാവുന്ന ഒരു കൂട്ടുകാരി എന്നോ മറ്റോ വിശദീകരിച്ചിട്ടുണ്ടാവണം വല്ലവരും എന്നെപ്പറ്റി. അത്യാവശ്യം തൊട്ടുകളി ആയിക്കൂടേ എന്നുപക്ഷേ വളരെ മര്യാദയോടെയാണ് അയാള്‍ ചോദിച്ചത്.
അല്ലെങ്കിലും വിടന്മാരും മുരടന്മാരും ലമ്പടന്മാരും അല്ലല്ലോ എല്ലാവരും ....
ഇന്നലെ നൂററിയൊന്ന് വായിച്ചപ്പോള്‍ മൂന്ന് വാര്‍ത്തകളില്‍ നോട്ടം ഉടക്കി നിന്നു പോയി. വഷള് രാഷ്ട്രീയവാചകങ്ങള്‍ക്കിടയില്‍ അവ ശ്രദ്ധിക്കപ്പെട്ടു. യഥാക്രമം അവ ഇപ്രകാരം:
(i) വെള്ള മയിലിനെ കൊന്ന മലയാളി പിടിയില്‍.
(ii) പൂരം നിരോധിക്കണമെന്ന് സാംസ്കാരിക നായകന്‍ ഇഷ്ടമൂര്‍ത്തി.
(iii) കവി ത്രൂങ്ങാലി മരിച്ച നിലയില്‍.
മയിലിനെ വേട്ടയാടാന്‍ നിയോഗിക്കപ്പെട്ടതാണ് അയാള്‍. ഒരു വിദൂരദ്വീപിലാണ് സംഭവം. സാധാരണ മയിലിനെ കൊല്ലുന്നതിനു പകരം വംശനാശഭീഷണി നേരിടുന്ന വെളുത്തതിനെ അയാള്‍ മനഃപൂര്‍വ്വം തിരഞ്ഞുപിടിച്ചു എന്നതാണ് കുറ്റം. കേട്ടപ്പോള്‍ അയാള്‍ എന്റെ ആരെങ്കിലും ആണെന്നു തോന്നിയോ എന്ന് ഒരു സംശയമുണ്ടായി. അല്ലെങ്കില്‍ എനിക്ക് പരിചയമുള്ള ആരോ.
നൂറ്റിയൊന്ന് വായിക്കാന്‍ കിട്ടാത്ത ആ തൃക്കേട്ടയോട് ഞാന്‍ കുറേ നുണ പറഞ്ഞിട്ടുണ്ട്, അല്ലേ ...
മാറിയ സാഹചര്യങ്ങളില്‍ പണ്ടത്തെ രീതിയില്‍ പൂരം നടത്തിപ്പോവുന്നത് ആശാസ്യമല്ല എന്ന് ഇഷ്ടമൂര്‍ത്തി. മേളവും എഴുന്നെള്ളത്തും വെടിക്കെട്ടും എല്ലാം നിയമം മൂലം നിരോധിക്കേണ്ടതാണ് നാം. ഉച്ചത്തില്‍ ഒരു ആഹ്വാനം പോലെയാണ് അയാള്‍ അത് ആവശ്യപ്പെട്ടത്.
ആ തലക്കെട്ട് കണ്ടതും ചീഫ് പൊട്ടിത്തെറിച്ചു. ആവേശത്തള്ളിച്ച കാരണം അയാള്‍ കസേരയില്‍ നിന്ന് വീഴേണ്ടതായിരുന്നു. അതു കണ്ടിട്ട് എനിക്ക് ചിരിപൊട്ടി എന്നത് വാസ്തവം.
എന്താണ് ദ്യുതി ചിരിക്കുന്നത്, ങ്‌ഹേ! ...
ഈ ഹിപോക്രറ്റ്- കള്ളന്‍ - അവനെ അസ്സലായി അറിയാം എനിക്ക്. കുറച്ചുകാലം മുമ്പ് എല്ലാ ഉത്സവപ്പറമ്പിലെയും നിറസാന്നിദ്ധ്യമായിരുന്നു അവന്‍ - അറിയാമോ, ഒരു ഒന്നാംതരം ആനേപ്രമി. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് താപ്പാനകളെയെല്ലാം പരിചയപ്പെടും, ഓരോന്നിന്റെയും തലപ്പൊക്കമൊക്കെ രേഖപ്പെടുത്തും. മറ്റുള്ളവര്‍ക്ക് മുഷിഞ്ഞാലും ഈ ആനകളുടെ എടുപ്പ്, നിൽപ്, കിടപ്പ് എന്നൊക്കെ വര്‍ണിക്കം - റാസ്കല്‍ .... അന്നൊന്നും അവന്‍ അവയുടെ കാലിലെ വ്രണങ്ങളൊന്നും കണ്ടിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ ഇതാ പെട്ടെന്ന് ആനകളെ ദ്രോഹിക്കുന്നതിനെതിരെ ഒപ്പുവെക്കാൻ തുടങ്ങിയിരിക്കുന്നു - അവസരവാദി.
എന്തൊരു ക്ഷോഭമാണ് അയാള്‍ക്ക്. ഇതാണ് ഈ മൂത്ത മദ്ധ്യവയസ്കരുടെ കുഴപ്പം. ആവശ്യമില്ലാത്തതെല്ലാം വെറുതേ ഓര്‍ത്തിരിക്കും. എന്നിട്ട് ഓരോരോ ധര്‍മ്മസങ്കടങ്ങളില്‍ ഉഴലും. ഈ ഇഷ്ടമൂര്‍ത്തി ആനക്കമ്പക്കാരന്‍ തന്നെയായിരുന്നു എന്നു വെക്കുക. പക്ഷേ എന്തിന് അയാള്‍ അതേപോലെ തുടരണം എന്ന് വാശിപിടിക്കുന്നു. വേണമെങ്കില്‍ വാരിക്കുഴി ഉണ്ടാക്കുന്ന ഒരാളായി കൂടി മാറാമല്ലോ അയാള്‍ക്ക്.
അല്ലെങ്കില്‍ ഒരു നായാട്ടുകാരന്‍.
ഒരു പക്ഷേ അയാള്‍ ചെയ്യുന്നതെല്ലാം വാര്‍ത്ത ആയിത്തീരുന്നത് കണ്ടിട്ടുള്ള അസഹിഷ്ണുതയാവും. വെള്ളിവെളിച്ചം എന്നോ മറ്റോ എന്തോ ഇല്ലേ. അസൂയ തന്നെ അല്ലേ ഇത് സര്‍.
അയ്യയ്യേ ചീഫ്, കുശുമ്പ് പാടുമോ.
കവി ത്രൂങ്ങാലിയുടെ കാര്യം കേട്ടപ്പോള്‍ പക്ഷേ സങ്കടം തോന്നി. അയാള്‍ തന്നത്താന്‍ മരിച്ചതാവില്ല എന്നു തന്നെയായിരുന്നു ആദ്യമേ നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. എന്തായാലും കഷ്ടം തന്നെ.
നമുക്ക് സംഭവസ്ഥലത്തു നിന്ന് അഭിരാമി പറയുന്നത് എന്താണ് എന്ന് ശ്രദ്ധിക്കാം.
മൂന്നാറിലെ കുളിരുള്ള പ്രഭാതം ആ കാഴ്ച കണ്ട് ഞെട്ടിത്തെറിച്ചു. നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തി ഒരു പ്രവാചകനെപ്പോലെ തെരുവില്‍ അലഞ്ഞു നടന്നിരുന്ന കവിയുടെ ദാരുണാന്ത്യം. കവി ത്രൂങ്ങാലിയാണ് അത് എന്ന് തിരിച്ചറിഞ്ഞത് ഒരു ആരാധകന്‍.
പ്രസ്തുത വായനക്കാരന്‍ ഇപ്പോള്‍ നമ്മോടൊപ്പം ഉണ്ട്.
അപ്പോള്‍, സുഹൃത്തേ, എന്താണ് ഇതേപ്പറ്റി താങ്കള്‍ക്കുള്ള അഭ്യൂഹം?
ഞാനാണ് ഇത് കവി ത്രൂങ്ങാലിയാണെന്ന് തിരിച്ചറിഞ്ഞത്.
ശരി, എന്നിട്ട് താങ്കള്‍ എന്തു ചെയ്തു ?
ഞാന്‍ വീണ്ടും തിരിച്ചറിഞ്ഞു.
ശരി സുഹൃത്തേ, അത് സമ്മതിച്ചു. ഇതിനകം ലോകം മുഴുവനും പാട്ടായിട്ടുമുണ്ട് അത് ... ഇദ്ദേഹം, ത്രൂങ്ങാലി എങ്ങനെയാണ് മരിച്ചത് എന്നാണ് താങ്കള്‍ കരുതുന്നത്?
കരുതല്‍ ഒന്നുമല്ല, തീര്‍ച്ച തന്നെയാണ് ഇത് എനിക്ക്. പുള്ളിക്കാരന്‍, അതായത്, മഹാകവി ഇവിടെ യാചകരുടെ ഒപ്പമൊക്കെയാണ് കിടന്ന് ഉറങ്ങിയിരുന്നത് എന്ന് ഇപ്പോള്‍ ഞാന്‍ പലരില്‍ നിന്നും കേട്ടറിഞ്ഞു. ഇന്നലെ അത്യാവശ്യം വട്ടുള്ള ഒരു തെണ്ടി - അയ്യോ, ഇത് തെറി അല്ല കേട്ടോ, അലഞ്ഞുനടക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് - പതിവായി കിടക്കുന്ന ഇടത്താണ് ത്രൂങ്ങാലി ചെന്നു വീണത്. ഭ്രാന്തന്‍ ഉറങ്ങാന്‍ വന്നു നോക്കുമ്പോള്‍ അവിടമതാ മറ്റൊരാള്‍ കയ്യേറിയിരിക്കുന്നു .... കയ്യിലുള്ള ഒരു തുരുമ്പു പിടിച്ച കത്തി കൊണ്ട് കുത്തിക്കുത്തി ക്കൊല്ലുകയാണുണ്ടായത് മലയാളമേ, മലയാളികളേ, ആ കവിയെ ... നാം!
നാം ?
അതെ, എന്താണു സംശയം. ഇങ്ങനെ ഒരു ദുര്‍മ്മരണം നടന്നതിനു കാരണക്കാര്‍ നാമല്ലാതെ മററാരാണ്.
ഓ, അങ്ങനെ, ശരി വായനക്കാരാ, വളരെ നന്ദി ....
കൂടുതല്‍ വിഷമിപ്പിക്കുകയാണല്ലോ ഇവര്‍ എന്നെ. ദ്യുതിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. പക്ഷേ എന്തുകൊണ്ടാണ് ആ വര്‍ത്തമാനം തന്നെ അത്രമാത്രം സ്വാധീനിച്ചത് എന്ന് അവള്‍ക്ക് മനസ്സിലായതേയില്ല.
നോക്കിയിട്ട് അയാളുടെ കവിത ഒന്നും കിട്ടിയില്ല. അവസാനമായി അയാള്‍ കുറേ ചെകുത്താന്‍ കഥകളാണ് എഴുതിയത് എന്നു കേട്ടു. പാവം.
പേരയ്ക്ക അല്ലാത്ത പരിണതഫലം
പേരറിയാത്ത ഈ കായ എനിക്ക് വളരെ ഇഷ്ടമാണ്, ചെകുത്താന്‍ വിചാരിക്കുകയായിരുന്നു. പക്ഷേ വലിയ ബുദ്ധിമുട്ടാണ് ഇതിന്റെ പുറംതോട് പൊളിച്ചു കളയാനും മറ്റും. അത് ചെയ്തു തരാനായി ഒരാള്‍ അടുത്തുതന്നെ നില്‍ക്കുന്നുണ്ടെങ്കില്‍ തരക്കേടില്ല, നല്ല രസമാണ് ഇത് കൊറിച്ചു കൊണ്ടിരിക്കാന്‍.
ഇഷ്ടം പോലെ കിങ്കരന്മാരും ശിങ്കിടികളും ഉണ്ട് എനിക്ക് ചുറ്റും എന്നത് ശരിയാണ്. എന്നാല്‍ വിശ്വസിച്ച് ഏല്പിക്കാന്‍ വയ്യ ഇത് ആരെയും. വൃത്തിയായി സൂക്ഷിച്ച് ചെയ്യേണ്ടതായ ഇത്തരം ജോലികള്‍ക്ക് മര്യാദക്കാരായ മനുഷ്യര്‍ തന്നെ വേണം.
ഇതിന് ഒരു വഴിയുണ്ട്, കണ്ടോളൂ. ഈ ഒരു രത്‌നവുമായി ഞാന്‍ ഇതാ ഭൂമിയിലേക്കിറങ്ങുകയാണ്. ചെകുത്താന്‍ തന്റെ നിധിപേടകത്തില്‍ നിന്ന് നല്ല ഒരു രത്‌നം തിരഞ്ഞെടുത്ത് കൊണ്ടുവന്നു. ഒരു കായ പൊളിച്ചിട്ട് അതിനുള്ളിലെ പഴത്തോടൊപ്പം രത്‌നം വെച്ചതിനുശേഷം ചെകുത്താന്‍ അതിന്റെ പുറംതോട് വീണ്ടും ഒട്ടിച്ചുചേര്‍ത്തു. ഇനി ഒന്നേ ചെയ്യേണ്ടൂ, ഇത് അത്യാഗ്രഹിയായ ഏതെങ്കിലും മനുഷ്യന് കിട്ടണം. ബാക്കി അയാള്‍ ചെയ്തുകൊള്ളും. ആര്‍ത്തിയോടെ ഒരു കൂടയിലെ കായകള്‍ മുഴുവനും ഓരോന്നോരോന്നായി പൊളിച്ച് കയ്യില്‍ തരും അയാള്‍ എനിക്ക്.
അങ്ങനെ ചെകുത്താന്‍ ഒരു താടിക്കാരന്‍ വൃദ്ധനായി വേഷം കെട്ടിയിട്ട് ഭൂമിയിലേക്ക് തിരിച്ചു. കൂടെ ഒരു കൂട നിറയെ ആ കായകളും എടുത്തിരുന്നു. അതില്‍ ഏറ്റവും മേലെയായി ചെകുത്താന്‍ രത്‌നം നിറച്ച ആ കായ സൂക്ഷിച്ചുവെച്ചു. എന്നിട്ട് ഒരു പാതയോരത്ത് ചെകുത്താന്‍ കാത്തിരിപ്പ് തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കര്‍ഷക സ്ത്രീ അതിലേ വന്നു.
ഏയ്, ചെകുത്താന്‍ ആ സ്ത്രീയോട് ചോദിച്ചു, കൊറിക്കാന്‍ ഒരു കായ തരട്ടെ?
സ്ത്രീ തന്റെ മുന്നില്‍ കണ്ട താടിക്കാരന്‍ വൃദ്ധനെ സംശയത്തോടെയാണ് നോക്കിയത്. എന്നാല്‍ പിന്നീട് നീരസമൊന്നും കാണിക്കാതെ സ്ത്രീ ചെകുത്താനുനേരെ കൈ നീട്ടുകയും ചെയ്തു, ആവാമല്ലോ, ഒരെണ്ണമൊക്കെ ആവാം - തന്നോളൂ.
ചെകുത്താന്‍ ഉത്സാഹത്തോടെ ആ വിശേഷമായ കായ എടുത്ത് സ്ത്രീയുടെ കയ്യില്‍ വെച്ചു കൊടുത്തു.
എന്നാല്‍ അത്ഭുതം എന്നല്ലേ പറയേണ്ടൂ, സ്ത്രീ ആ കായ പൊളിച്ചിട്ട് അതിനുള്ളിലെ പഴം എടുത്ത് തിന്നു. എന്നിട്ട് യാതൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കായയുടെ പുറംതോട് വലിച്ചെറിഞ്ഞു കളഞ്ഞു കൊണ്ട് സ്ത്രീ തന്റെ പാട്ടിന് പോയി. ചെകുത്താന്‍ അതുകണ്ട് അന്തംവിട്ട് ഇരുന്നുപോയി.
അസാധാരണമായിരിക്കുന്നു, ചെകുത്താന്‍ ആശ്ചര്യം കൂറി, ഒന്നുകില്‍ അവള്‍ എന്റെ രത്‌നവും അങ്ങോട്ട് വിഴുങ്ങിക്കളഞ്ഞു. അല്ലെങ്കില്‍ ഞാന്‍ തിരഞ്ഞെടുത്തു കൊടുത്ത കായ തെറ്റിപ്പോയി. ഹാവൂ, അങ്ങനെയാണെങ്കില്‍ ... അത് മാറിപ്പോയതാണെങ്കില്‍ ഇനി അത് എങ്ങനെ കണ്ടുപിടിക്കാനാണ്!
ചെകുത്താന്‍ മുകളില്‍ കണ്ട ഏതാനും കായകള്‍ പൊളിച്ചുനോക്കി. പക്ഷേ രത്‌നം കിട്ടിയില്ല. പിന്നെ പത്തെണ്ണം, ഇരുപതെണ്ണം… എന്നിട്ടും രത്‌നം കിട്ടിയില്ല. അന്ന് വൈകുന്നേരം വരെ കായകള്‍ പൊളിച്ചു കൊണ്ടിരുന്നെങ്കിലും ചെകുത്താന് തന്റെ രത്‌നം വീണ്ടെടുക്കാന്‍ കഴിഞ്ഞതേയില്ല. അവസാനത്തെ കായയും പൊളിച്ചു കഴിഞ്ഞപ്പോഴേക്കും ചെകുത്താന്‍ ക്ഷീണിച്ച് അവശനായിരുന്നു. അപ്പോള്‍ അതുതന്നെ, അവള്‍ അത് തിന്നു കളഞ്ഞു - ഏന്ത്യാനിച്ചി!, ചെകുത്താന്‍ പ്രാകി,
പൊളിച്ച കായകളിലെ പഴങ്ങളെല്ലാം അപ്പപ്പോള്‍ തിന്നുകൊണ്ടിരുന്നതിനാല്‍ ചെകുത്താന് ഒരു വയറുവേദനയും വന്നു കൂടിയിരുന്നു. ക്ഷോഭിച്ചുകൊണ്ട് ചെകുത്താന്‍ നരകത്തിലേക്ക് മടങ്ങി.
അതിനിടയില്‍ ചന്തയില്‍ എത്തിയ സ്ത്രീ തന്റെ നാവിനടിയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്ന രത്‌നം പതുക്കെ പുറത്തെടുത്തു. അത് കൊടുത്ത് പകരം നാല് മുള്ളങ്കിയും ഒരു കുപ്പി വീഞ്ഞും മാത്രം വാങ്ങിച്ച് സ്?ത്രീ തെന്റ വീട്ടിലേയ്ക്ക് മടങ്ങി, പതിവു പോലെ സംതൃപ്തയായി.
നാം എല്ലാവരും ഒരേപോലെ അതിമോഹികളാണ് എന്നത് ചെകുത്താന്റെ ഒരു തെററിദ്ധാരണ മാത്രമാണ്.
ആരാണ് ഒരു ഫലസ്തീനി
പത്രങ്ങളിലും ഒക്കെ അങ്ങനെയാണല്ലോ കാണുക. ഞാന്‍ തിരഞ്ഞപ്പോള്‍ പക്ഷേ പലസ്‌റ്റൈന്‍ എന്നൊരു ഉച്ചാരണമേ കണ്ടുള്ളൂ. ഈ തീനി ഒക്കെ ഇവര്‍ക്ക് എവിടെ നിന്നു കിട്ടുന്നു ആവോ.
ഉറുമ്പുതീനി എന്നതു മാതിരി മലയാളം പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വിദേശഭാഷകളിലെ വാക്കുകള്‍ ഉച്ചരിക്കാനുള്ള ഒരു പ്രവണതയുണ്ട് ഇവിടെ. ഫലം, തീനി, എന്നെല്ലാം കാണുമ്പോള്‍ ഒരു ചാരിതാര്‍ത്ഥ്യം.
പോരാഞ്ഞിട്ട് അവരുടെ പക്ഷവുമാണല്ലോ നാം.
അയ്യോ, ഞാന്‍ മറ്റേ പക്ഷത്തെ പിന്‍താങ്ങാന്‍ പോയിട്ട് പരിഗണിക്കാന്‍ പോലും മുതിരില്ല, അതെന്തിന്. മൂരാച്ചി എന്നു മുദ്രയടിക്കപ്പെടേണ്ടാത്തവര്‍ ഇഷ്‌മേല്‍ എന്ന രാഷ്ട്രത്തെ മുന്നും പിന്നും നോക്കാതെ ഭര്‍ത്സിക്കുകയല്ലേ വേണ്ടത്.
ചരിത്രാതീതകാലം മുതല്‍ വേട്ടയാടപ്പെടുന്നവരേത്ര യഹൂദര്‍. മോശേ, യേശു എന്നിങ്ങനെ അനവധി പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് ജൂതരുടെ പരമ്പര. അവരുടെ സംഭാവനകള്‍ കൊണ്ടാണ് ഈ ലോകം ഇങ്ങനെ രൂപീകരിക്കപ്പെട്ടത്. ആ വര്‍ഗ്ഗം ഇപ്പോള്‍ മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്തുകൊണ്ടായിരിക്കും.
ഏയ്, അങ്ങനെയെല്ലാം ആലോചിച്ചു നോക്കാന്‍ കൂടി ഞാനില്ല എന്റെ പടച്ചോനേ. യറുശലേമോ പുണ്യഭൂമിയോ എന്തു വേണമെങ്കിലും കത്തിയെരിഞ്ഞോട്ടേ. ഏങ്ങാണ്ടോ കിടക്കുന്നകുറേ ആളുകള്‍ വെടി നിര്‍ത്തില്ല എന്നു ശഠിച്ചാല്‍ എനിക്കെന്ത്.
എനിക്ക് പറ്റാത്തതൊന്നുമല്ല സ്വതന്ത്രചിന്താഗതി. പക്ഷേ എന്തിനാണിപ്പോള്‍ അത്. ഓളത്തില്‍ താളം തുള്ളി ഇങ്ങനെ നിന്നാല്‍ പോരേ.
ഏതായാലും ഒന്നുണ്ട് - നെതഞ്യാഹൂ എന്നു കേട്ടാല്‍ നൊസ്ഫെരാതുവിനെ ഓര്‍മ്മ വരും എനിക്ക്.
അടുത്ത വീട്ടിലെ ദ്രാക്യുല മരിച്ചു എന്നാണ് തോന്നുന്നത്. ഇന്നലെ നോക്കുമ്പോഴുണ്ട് രാവിലെ നേരത്തേ ആ മുറ്റത്തു നിന്ന് ആരോ കൈ കൊട്ടുന്നു. മുറ്റത്ത് വാഴയിലയില്‍ കുറേ ചോറും മറ്റും. കാക്കയെ മാടിവിളിക്കുകയായിരുന്നു ആ രൂപം എന്ന് പിന്നീട് മനസ്സിലായി.
ഏയ്, അത് ദ്രാക്യുല അല്ല, വേറെ ആരെങ്കിലും ആവും. ദ്രാക്യുല തന്നയായിരിക്കണം മരിച്ചത് എന്ന് എന്റെ മനസ്സും പറഞ്ഞല്ലോ.
അപ്പോള്‍ അത് ബലിച്ചോറായിരുന്നു, പക്ഷേ ഒറ്റ കാക്കയും ആ വഴിയേ വന്നില്ല. കാക്കകള്‍ കഷ്ടിയാണ് ഇവിടെ എന്ന് അയാള്‍ക്ക് അറിയില്ലായിരിക്കും.
ആദ്യം അത് വിളിച്ചറിയിക്കണോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ പിന്നെ അത് വേണ്ട എന്ന് നിശ്ചയിച്ചു. ഒന്നാമത് അത്ര ഉറക്കെ ഒച്ചയിടാനൊന്നും വയ്യ എന്നു തോന്നി. അയാളുടെ കേള്‍വിവട്ടത്തില്‍ എത്തണമല്ലോ എന്റെ ശബ്ദം. പിന്നെ എന്തിന് വെറുതേ ഞാന്‍ എന്റെ ഊര്‍ജ്ജം അതിനായി പാഴാക്കുന്നു. കുറേനേരം കയ്യടിച്ചു മടുത്താല്‍ അയാള്‍ തന്നെ സ്വയമേവ അത് നിര്‍ത്തിക്കൊള്ളുമല്ലോ.
എന്തായാലും ദ്രാക്യുല തന്നെ മരിച്ചത് ....
യസ്മിന്‍ താന്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന കുരുടിമൂങ്ങ എന്ന പുസ്തകം അടച്ച് മാറ്റിവെച്ചു. പെട്ടെന്ന് അവള്‍ക്ക് തന്റെ മുലകളെ ഓമനിക്കണമെന്നു തോന്നി. വാതില്‍ പൂട്ടി വന്ന് മെത്തയിലേക്കു ചെരിഞ്ഞ് അവള്‍ അണിഞ്ഞിരുന്ന മേലുടുപ്പ് അഴിച്ചു മാറ്റി.
ഇത് ലൈംഗികാവയവമല്ല എന്ന് വിധിച്ച ന്യായാധിപനെ വെടിവെച്ചു കൊല്ലേണ്ടേ.
ശ്ശ്യോ, മറ്റാരാലും താലോലിക്കപ്പെടാതെ തുള്ളിത്തുളുമ്പിക്കൊണ്ടിരിക്കുന്ന രണ്ട് മധുരഫലങ്ങള്‍. അവയുടെ ഞെട്ടുകളില്‍ ചുംബിക്കാനായി അവള്‍ മാറിലേക്ക് മുഖം താഴ്ത്തി. ആഹാ, ഉണര്‍ന്നിരിക്കുന്നല്ലോ മൊട്ടുകള്‍.
അമ്മ പലകുറി ആവര്‍ത്തിച്ച ഒരു കഥയും അപ്പോള്‍ അവള്‍ക്ക് ഓര്‍മ്മ വന്നു. മുലകള്‍ ഉണ്ടായിരിക്കുന്നതു കൊണ്ടുള്ള ഒരു ദോഷം. അതിന് വല്ലാത്ത ഭാരമാവാനും കഴിയും.
എനിക്ക് നാലുമാസം പ്രായമായപ്പോള്‍ അമ്മക്ക് ജോലിക്കു പോകേണ്ടി വന്നിട്ടുണ്ട്. അന്ന് അത്രയേ അവധി കിട്ടിയുള്ളൂ. എന്നിട്ട് അമ്മിഞ്ഞയില്‍ പാല്‍ നിറഞ്ഞ് ആകെ കനക്കും. കുഞ്ഞിന് കൊടുത്തുകൂടാ എന്നതിനാല്‍ അതത്രയും ഞെക്കിപ്പിഴിഞ്ഞു കളയണം ഉച്ച തിരിഞ്ഞ് വീട്ടിലെത്തിയാല്‍ ആദ്യം.
ഇപ്പോഴും അമ്മ അതോര്‍ത്ത് ഏങ്ങലടിക്കും.
ഈ ഫാലസ്തനി എന്നുവെച്ചാല്‍ എന്താണാവോ.
(തുടരും)