ഒരു വിവരവുമില്ല എനിക്ക്.
ജീവിതത്തിൽ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല ഞാൻ.
കുഞ്ഞുനാളിലേ നടിയായി മാറിയതല്ലേ. എന്നിട്ടെന്താണ്, എനിക്ക് വല്ല കുറവും ഉള്ളതായിട്ട് തോന്നുന്നുണ്ടോ നിങ്ങൾക്ക്.
എല്ലാവരുടെയും വിചാരം പടങ്ങളിൽ നിന്നു കിട്ടിയ വരുമാനം കൊണ്ടുണ്ടാക്കിയതാണ് ഈ സമ്പത്തെല്ലാം എന്നല്ലേ. രഹസ്യമായി പുരുഷവാണിഭം നടത്തുന്നുണ്ട് ഞാൻ എന്ന് ആർക്കും അറിയില്ലല്ലോ.
ഹഹഹ, ആരും ഒരിക്കലും അത് അറിയാതെ സൂക്ഷിക്കണേ എന്റെ കൊച്ചുമുതലാളീ.
കൊച്ചുമുതലാളി എന്നുവെച്ചാൽ എന്റെ ദൈവം.
പത്തുകൊല്ലം കഴിഞ്ഞു പരിപാടി തുടങ്ങിയിട്ട്. ആണുങ്ങളെ ആവശ്യമുള്ളവർക്ക് അത് എത്തിച്ചുകൊടുക്കുന്ന ഒരു സംരംഭം ആരംഭിച്ചുകൂടേ എന്ന് കുറേ കാലമായി ആലോചിക്കുന്നുണ്ടായിരുന്നു. സമയം ഒത്തുവന്നപ്പോൾ സാഹചര്യം ശരിയായി. ഏഴുപേരുണ്ട് ഇപ്പോൾ എന്റെ വരുതിയിൽ. എന്റെ ആവശ്യങ്ങൾക്കും അവർ ഉതകും എന്ന ഗുണവുമുണ്ട്.
പേടി മാറാൻ ഭക്ത്യാ ജപിക്കുന്ന അർജ്ജുനെന്റ പേരുകളാണ് അവർക്കു നൽകിയത്. ഫൽഗോ, ജിഷ്‌ണേ, ഭീഝു, ക്രീഡ, വിജൈ, പാർത്ഥ്, ർജൂൻ.
ഈ ചുണക്കുട്ടന്മാരിൽ ആരെയാണ് ഏറ്റവും ഇഷ്ടം എന്നൊന്നും എന്നോടു ചോദിക്കല്ലേ. ഒരേ പോലെ മിടുക്കന്മാരാണ് അവർ അവരുടെ ജോലിയിൽ.
ഗൂഗ്ൾ എന്നൊരു വാക്കുണ്ടേത്ര.
ഞാൻ എന്തായാലും അവരെ കുട്ടന്മാർ എന്നേ വിളിക്കൂ. ഇവരുടെ സേവനം വാങ്ങുന്നവരും അതെ. പാവം ർജൂൻ വിട്ടുമാറാത്ത ചുമ കാരണം കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. പാർത്ഥ് പനി മാറി കുളിച്ചപ്പോഴേയ്ക്കും ർജൂന് വന്നു സുഖക്കേട്.
നിന്റെ വ്യവസായമെല്ലാം പൊടിപൊടിക്കുന്നുണ്ടെന്നു കേട്ടു കേട്ടോ നിത്യേ, അവസാനം കണ്ടപ്പോൾ നേമം കൊക്കിക്കൊക്കി ചിരിച്ചു, സ്നോവൈറ്റ് എന്നൊരു പ്രസിദ്ധമായ ഫെയ്‌റി ടെയ്ൽ ഉണ്ട്. അതിലെ സുന്ദരിക്ക് ഏഴ് കുള്ളന്മാരുടെ ഒരു പട്ടാളമുണ്ട് - ഗ്രംപി, സ്നീസി, ഹാപി, സ്ലീപി, ഡോപി, ബ്ലഷി, ചംറ്റി... ഹഹഹ, എന്നാലും ഇത്രയും എണ്ണത്തിനെ മേച്ചുകൊണ്ടുപോവുന്നല്ലോ നീ - ഹമ്പടി കേമി!
വേണ്ട, ആ വർത്തമാനം വിടാം. പകരം ഞാൻ ഇപ്പോൾ എന്റെ കുട്ടിക്കാലത്തെപ്പറ്റി ഓർക്കാം. മൂന്നാം വയസ്സിൽ എന്റെ അച്ഛൻ മരിച്ചു എന്നു കേട്ടാൽ ഈഹിക്കാമല്ലോ കുറേ. എന്റെ വിദ്യാഭ്യാസത്തെക്കുറിച്ചൊന്നും ചോദിച്ചേയ്ക്കല്ലേ. തൊലിവെളുപ്പും കൊഴുപ്പും ഉള്ളതുകൊണ്ടുമാത്രം രക്ഷപ്പെട്ടു.
അന്ന് എനിക്ക് ഒരു ഏഴര വയസ്സുണ്ടാവും. അമ്മയുടെ അകന്ന ബന്ധുവായ ഒരു അമ്മാവൻ ഞങ്ങളുടെ വീട്ടിൽ വന്നു അന്ന്. അന്ന് മൂപ്പർ അവിടെ താമസിക്കുകയും എന്റെ അമ്മയുടെ കാല്ക്കൽ നമസ്കരിക്കുകയും ചെയ്തു.
കണ്ടതാണ് ഞാൻ യദൃച്ഛയാ.
നിലത്ത് ചമ്രം പടിഞ്ഞിരുന്ന് അമ്മയുടെ കാൽവിരലുകൾ ഓരോന്നായി വായിലെടുത്ത് ഈമ്പി രസിക്കുന്നു പുള്ളിക്കാരൻ.
അയ്യയ്യയ്യയ്യേ, എന്തു ഭ്രാന്താണാവോ ഇത്. ഞാൻ ആശ്ചര്യം കൂറി. അമ്മ നഗ്നപാദയായി ചാണകത്തിലൊക്കെ ചവിട്ടി നടക്കുന്നതല്ലേ, അയ്യയ്യയ്യയ്യേ.
ആ കാലത്ത് എനിക്ക് ഒരു കുഴപ്പമുണ്ടായിരുന്നു. വെറുതേ വീണുകൊണ്ടിരിക്കും എപ്പോഴും ഞാൻ. നിന്ന നില്പിൽ വീണിട്ടുപോലുമുണ്ട് ചിലപ്പോൾ. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വീഴ്ചയുണ്ടായത് ആ ആഴ്ചയിലായിരുന്നു.
അതായത്, ആ അമ്മാവൻ എനിക്ക് ഒരു പട്ടുപാവാട സമ്മാനിച്ചത് ഇന്നാണെങ്കിൽ അതു നടന്നത് മറ്റന്നാളോ നാലാന്നാളോ. ഞാൻ പുതിയ പാവാടയുടുത്ത് ഓടിച്ചാടി അങ്ങനെ നടക്കുമ്പോൾ പെട്ടെന്ന് - പുതക്കോ! കണ്ണുതുറന്നുനോക്കിയപ്പോൾ ഞാൻ മുട്ടറ്റം ചെളിവെള്ളത്തിലാണ്. അവിടെ ഒരു പൊട്ടക്കിണർ ഉണ്ടായിരുന്നതുകൂടി ഞാൻ കണ്ടില്ല എന്നോ.
വളരെ ആഴമുള്ള ഒന്നല്ല, കുറേ തൂർന്നതുമാണ്. എന്നാലും അതിനുള്ളിൽ നിന്ന് ഞാൻ കൂവി വിളിച്ചതൊന്നും ആരും കേട്ടില്ല എന്നുതന്നെ തീർച്ചയാക്കാം. പിന്നെ എങ്ങനെ ഞാൻ രക്ഷപ്പെട്ടു എന്നല്ലേ.
അതിനടുത്തായി ഒരു ഓലപ്പുരയിൽ ഒറ്റയ്ക്ക് പാർക്കുന്ന ഒരു തള്ളയുണ്ടായിരുന്നു. ഇഴഞ്ഞിഴഞ്ഞാണ് ആയമ്മ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുക. ഒരു എലിയുടേതുപോലെ കീകീകീ ആയിരുന്നു അവരുടെ ഒച്ച. അതും വെച്ചുകൊണ്ട് തള്ള തനിക്ക് ആവുന്നതുപോലെ അലറിവിളിച്ചു.
കീകീകീ- എന്റെ കിണറ്റിലൊരു പെൺകൊച്ച് വീണേ - ഓടിവായോ നാട്ടുകാരേ ചാടിവായോ...
അപ്പോൾ മറ്റൊരു സ്ത്രീ അവിടെ എത്തിയേത്ര. കുത്തിയോട്ടപ്പാട്ടൊക്കെ പാടുന്ന ആയമ്മ ഉച്ചത്തിൽ അതുതന്നെ ആവർത്തിച്ചു, എന്നാൽ കീകീകീ അല്ലാതെ.
ഈ പൊട്ടക്കിണറ്റിലൊരു പെൺകൊച്ച് വീണിട്ടുണ്ടേ, ഓടിവായോ നാട്ടുകാരേ, രക്ഷിക്കണേ...
എന്റെ കിണറിനെ ആരാടീ പൊട്ട എന്നു വിളിക്കുന്നേ, ആ പൊട്ടിപ്പെണ്ണ് അതിൽ വീണെങ്കിൽ അത് അവളുടെ കുറ്റം. അതിന് എന്റെ കിണറിനെ പ്രാകുന്നോ! മറ്റേ തള്ള ശകാരിച്ചു.
എനിക്കാണെങ്കിൽ അമ്മ അറിയാതെ എങ്ങനെയെങ്കിലും അതിൽനിന്ന് പുറത്തുകയറിക്കിട്ടണം എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. അമ്മ നന്നായി അടിക്കുമായിരുന്നു അന്നെല്ലാം. ചെവി പിടിച്ചു തിരുമ്മുകയും ചീത്ത പറഞ്ഞ് കണ്ണുപൊട്ടിക്കുകയും ചെയ്യും. അതൊന്നും ഇല്ലാതെ കഴിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ എനിക്ക്.
പക്ഷേ ആൾക്കൂട്ടം അത് ഒരു ആഘോഷമാക്കി. എന്നെ വലിച്ചുതൂക്കി പുറത്തേയ്ക്കിട്ടിട്ട് അവർ ആർത്തുവിളിച്ചു. മാറിമാറി എന്നെ തോളിലേറ്റി ജനം നൃത്തം ചെയ്തു. അതിൽ അത്രമാത്രം ആഹ്ലാദിക്കാൻ എന്താണുള്ളതെന്ന് എനിക്ക് മനസ്സിലായതേയില്ല.
ഞങ്ങടെ കൊച്ചിനെ വീണുകിട്ടിയേ, മരണത്തീന്ന് അവളു തിരിച്ചുവന്നേ, അവളെ ഞങ്ങൾ ആർക്കും വിട്ടുകൊടുക്കില്ലായേ...
അതിനിടയിൽ ഒരു തടിമാടൻ വന്ന് എന്നെ കോരിയെടുത്തു. എന്നിട്ട് കൊച്ചുകുഞ്ഞുങ്ങളെ ചെയ്യുന്നതുപോലെ അയാൾ എന്നെ ആകാശത്തേയ്ക്ക് എറിഞ്ഞുപിടിച്ചു. ഞാൻ പേടിച്ച് നിലവിളിച്ചപ്പോൾ അയാൾ എന്റെ മേലുള്ള പിടുത്തം മുറുക്കി. അകിറാതെ. മാമൻ സൂക്ഷിക്കില്ലായോ...
അങ്ങനെ ചെയ്യുമ്പോൾ കുഞ്ഞിവാവകൾ കുടുകുടെ ചിരിക്കുന്നതു കണ്ടിട്ടുണ്ട്. എനിക്കു പക്ഷേ ഏഴര വയസ്സായില്ലേ. പേടി എന്താണെന്ന് അറിഞ്ഞുതുടങ്ങിയല്ലോ.
ഇപ്പോൾ എന്നെ പിടിച്ചെടുത്തതിനുശേഷം എന്റെ മേൽ ഞെക്കിക്കൊണ്ട് എന്റെ ചുണ്ടിൽ അമർത്തി ഉമിനീരൊലിപ്പിച്ചുകൊണ്ട് ഒരു മുത്തവും വെച്ചു അയാൾ. ആജാനുബാഹു. പിന്നെ കണ്ടിട്ടേയില്ല ഞാൻ അയാളെ.
അതുപക്ഷേ പൈതങ്ങൾക്കു നല്കുന്ന തരം ഉമ്മയല്ലായിരുന്നു എന്ന് എനിക്ക് അന്നേ മനസ്സിലായി.
ഉലാവുന്ന ഈ രാവിലെ
ഉർവ്വി: രാവിലെ എപ്പോഴും ഇങ്ങനെ നടക്കാനിറങ്ങുന്നതുകൊണ്ട് ഒരു ഭയങ്കര ഗുണമുണ്ട് പുരോഷ്.
പുരോ: ഊം, എന്താണത് ഉർവ്വി.
ഉർവ്വി: സത്യത്തിൽ ഒന്നല്ല, കുറേ ഭയങ്കര ഗുണങ്ങളുണ്ട്.
പുരോ: അതിൽ ഒന്ന്, ഒന്നെങ്കിലും ഒന്ന് പറയാമോ ഉർവ്വി?
ഉർവ്വി: ഒന്നോ! അപ്പോൾ ബാക്കിയുള്ളതൊന്നും പുരോഷിന് അറിയണ്ട?
പുരോ: ഹഹഹ, അല്ല, കുറേയുള്ളതിൽ ഒന്നെങ്കിലും ഒന്ന്.
ഉർവ്വി: അതിലും ഒരു പ്രശ്‌നമുണ്ട് പുരോഷ്, ഒന്ന് എന്നു പറഞ്ഞാൽ അതിൽ ഏത്?
പുരോ: ഏതെങ്കിലും ഒരു ഗുണത്തെപ്പറ്റി.
ഉർവ്വി: ശരിയാവുമോ എന്നറിയില്ല, എന്നാലും നോക്കാം, അല്ലേ?
പുരോ: അതെയതെ, അതാണു നല്ലത്. ഒന്ന് ശ്രമിച്ചുനോക്കൂ ഉർവ്വി.
(ഇരുവരും കുറച്ചുനേരം ഇരുന്ന് ചിരിക്കുന്നു)
ഉർവ്വി: അതേയ്, പുരോഷ്, എന്താണെന്നറിയാമോ.
പുരോ: ആ ഭയങ്കരഗുണങ്ങൾ വിസ്തരിച്ചു തുടങ്ങുകയാണോ ഉർവ്വി?
ഉർവ്വി: ഉം, ഇങ്ങനെ ഓടാൻ വരണം എന്നുള്ളതുകൊണ്ട് രാവിലെ ഉണരും നമ്മൾ, അല്ലേ പുരോഷ്?
പുരോ: അതായത്, നേരത്തെ, എന്നോ?
ഉർവ്വി: ആങ്, രാവിലെ നേരത്തെ ഉണരും നമ്മൾ. പിന്നെ, പിന്നെ എഴുന്നേൽക്കും.
പുരോ: അതു ശരിയാണല്ലോ, ആഹഹാ!....(കളിയാക്കി) ആയതിനാൽ നമ്മുടെ ദിവസം നേരത്തേ തുടങ്ങുകയും ചെയ്യും.
ഉർവ്വി: (ജാള്യത) അത്ര, ശരിയായില്ല... അല്ലേ?
പുരോ: എന്നൊന്നും പറഞ്ഞൂടാ, ഉർവ്വി ഒരു ഹൈപൊതെസിസ് ഭംഗിയായി അവതരിപ്പിച്ചു, പിന്നെ അത് തെളിയിച്ചു... നന്നായിരുന്നു ഉർവ്വീ, നന്നായിരുന്നു.
ഉർവ്വി: ക്, ക് - കളിയാക്കല്ലൂ പുരോഷ്.
(അവർ ചിരിക്കുന്നു വീണ്ടും)
പുരോ: ഇന്നലെ ഞാൻ ത്രാങ്ങാലി എന്നൊരു സ്ഥലം വരെ പോയി ഉർവ്വി, കേട്ടിട്ടുണ്ടോ അത്?
ഉർവ്വി: ഉം. രസണ്ട്... പക്ഷേ, ത്രൂങ്ങാലി എന്നായിരുന്നൂച്ചാൽ കുറച്ചും കൂടി നന്നാവുമായിരുന്നു ട്ട്വോ.
പുരോ: ശരിയാണ്, ത്രിങ്ങാലിയേക്കാൾ നല്ലതാണ് ത്രൂങ്ങാലി.
ഉർവ്വി: പുരോഷ് എങ്ങനെയാണ് പോയത് അങ്ങോട്ട്.
പുരോ: ഹെലികോപ്റ്റർ.
ഉർവ്വി: ഏയ്... (കെഞ്ചി) പറയൂ പുരോഷ്.
പുരോ: ബസ് എന്നൊരു വാഹനമുണ്ട് ഉർവ്വി. പൊതുഗതാഗതം. കുറേ ആളുകളെ കൊള്ളും അതിൽ. ബസ് സ്റ്റോപ് എന്ന സ്ഥലത്തുനിന്നിട്ട് ഇങ്ങനെ കൈ നീട്ടി കാണിച്ചാൽ ബസ് അവിടെ നിൽക്കും. എന്നിട്ട് നമ്മൾ അതിൽ കയറിയിട്ട് നമുക്ക് പോവേണ്ട സ്ഥലത്തേയ്ക്ക് ഒരു ടിക്കറ്റ് എടുക്കണം.
ഉർവ്വി: (തമാശയിൽ ചേർന്ന്) അപ്പോൾ ഒരു ബസ് നിർത്തി അതിൽ കയറിയിട്ട്, എങ്ങോട്ട് പോവണമെങ്കിലും അത് പോവുമോ പുരോഷ്.
പുരോ: ഏയ്, ഇല്ലില്ല... (ബോധവത്കരണം പോലെ) ഓരോന്നിനും ഓരോ ലക്ഷ്യം ഉണ്ട്. തൃശ്ശൂർക്കുള്ള ബസ്, ത്രാങ്ങാലിക്കുള്ള ബസ്, അത് പോവുന്ന വഴിയിൽ എവിടേയ്ക്ക് വേണമെങ്കിലും ടിക്കറ്റ് കിട്ടും.
ഉർവ്വി: അപ്പോൾ നമുക്കിഷ്ടമുള്ള ഇടത്തേയ്‌ക്കൊന്നും തിരിച്ചുവിടാൻ പറ്റില്ല അത്, അല്ലേ? വേണ്ട വേണ്ട, എനിക്കു വേണ്ട അത് പുരോഷ്.
പുരോ: (ചിരിച്ച്) അതിപ്പോൾ എവിടേയ്ക്കു വേണമെങ്കിലും ഒരു ബസ് കിട്ടും ഉർവ്വി.
ഉർവ്വി: എനിക്കു വേണ്ടാന്നേയ്! നമുക്കിഷ്ടമുള്ള ബസ് നമുക്കിഷ്ടമുള്ള സ്ഥലത്തേക്ക് പോവില്ല്യാച്ചാൽ പിന്നെന്താ രസം.
പുരോ: ക്ഷിപ്രപ്രസാദി അല്ലാ, ഹഹഹ.
ഉർവ്വി: ന്ന്വച്ചാൽ?
പുരോ: സന്തോഷിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന്, ഉർവ്വി.
ഉർവ്വി: ഓഹോ! എന്നാൽ അത് ഞാൻ സഹിച്ചോളാം.
പുരോ: ഏയ് ഏയ് ഏയ്, അത് ഞാൻ സഹിക്കും, ഞാൻ. ഉർവ്വി അല്ലല്ലോ സഹിക്കേണ്ടിവരുന്നത്.
(അവർ ഓർത്തോർത്ത് ചിരിക്കുന്നു)
ഉർവ്വി: പുരോഷ്, ഞാൻ പറഞ്ഞിട്ടുണ്ടോ ഒരൂസം ഞാൻ അതിലേ പട്ടാമ്പിക്ക് പോയ കാര്യം.
പുരോ: ആ ഭയങ്കര വാസനയുടെ കഥയല്ലേ.
ഉർവ്വി: ഓർമയുണ്ട് പുരോഷിന്, അല്ലേ... എന്നാലും എന്തു കഷ്ടാണ് പുരോഷ്. ഷൊർണൂർ എന്ന ചെറിയ റ്റൗൺ എത്തുന്നതിനു തൊട്ടുമുമ്പ് ഒരു ഭാരതപ്പുഴ ഉണ്ടല്ലോ, അതിന്റെ കരയിലാണ് ഈ വാസന - സഹിക്കാൻ പറ്റില്ല്യാട്ട്വോ. കണ്ണിൽ കണ്ട കുപ്പ എല്ലാം കൂട്ടിയിട്ട് ഒരു കുന്ന് പോലെ... ഒരു ഇത്തിരി നേരം, എന്നാലും പറ്റില്ല്യതന്നെ ആ ദുർഗന്ധം സഹിക്കാൻ.
പുരോ: ഏയ് വിഷമിച്ച് ദുർഗന്ധം എന്നൊന്നും പറയണ്ട. വാസന എന്നുതന്നെ മതി ഉർവ്വി.
ഉർവ്വി: എന്നാലും പുരോഷ്, എത്ര സർക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും പരിസ്ഥിതിപ്രവർത്തകരും ഉണ്ട് ഇവിടെ.
പുരോ: അവർ ഒന്നും വേണ്ടത് ചെയ്യുന്നില്ല എന്നാണോ.
ഉർവ്വി: ആരും ശ്രദ്ധിക്കാത്തതുകൊണ്ടുതന്നെയല്ലേ അതിങ്ങനെ കൂടിക്കൊണ്ടിരിക്കുന്നത് - ഒന്നുമില്ലെങ്കിലും ഹൈവേ അല്ലേ.
പുരോ: (പതുക്കെ) മുഴുവനും കോഴിയുടെ അവശിഷ്ടം ആവില്ല എന്നു തോന്നുന്നു. പ്ലാസ്റ്റിക് ഖരമാലിന്യവും കാണും.
ഉർവ്വി: ഓ, ഉവ്വോ! സമാധാനമായി പുരോഷ്.
പുരോ: ഇതാണ് ഉർവ്വിയുടെ ഒരു ഗുണം, പെട്ടെന്ന് ആറിത്തണുക്കും.
ഉർവ്വി: അതേയ്, പുരോഷ് ആലോചിച്ചുനോക്കിയിട്ടുണ്ടോ, അവിടെ ആരെങ്കിലും ആരെയെങ്കിലുമൊക്കെ കൊന്നിട്ട് കൊണ്ടുപോയി ഇടുന്നുണ്ടെങ്കിലോ? ആരെങ്കിലും അറിയുമോ. അടുക്കാൻ പറ്റില്ലല്ലോ അവിടേയ്ക്ക്.
പുരോ: ഉർവ്വീ.
ഉർവ്വി: ഉം, എന്താണ് പുരോഷ്.
പുരോ: ഞാൻ ഒരു മൃദുലഹൃദയനാണ് ഉർവ്വി, ഇതെല്ലാം കേട്ടാൽ എനിക്ക്...
ഉർവ്വി: ഏയ്, പുരോഷിനെ വിഷമിപ്പിക്കാനല്ല ഞാൻ അത്, പുരോഷ് എപ്പോഴും ചെയ്യുന്നതുപോലെ പൊട്ടിച്ചിരിച്ചോളൂ, ട്ട്വോ.
(വഴിപാട് പോലെ അയാൾ പൊട്ടിച്ചിരിക്കുന്നു, അവളും ചേരുന്നു.)
പുരോ: അല്ല ഉർവ്വി, ഉർവ്വി എന്നാണ് പോയത് ആ വഴി.
ഉർവ്വി: പട്ടാമ്പി? ഹ്ം, കുറച്ച് ദിവസമായി പുരോഷ്. പക്ഷേ പുരോഷിന്റെ പോലെ പൊതുഗതാഗതം ആയിരുന്നില്ല. കുറേ കൂടി ചെറിയ ഒരു വാഹനം. കാർ എന്നു പറയും. മൂന്നോ നാലോ ആൾക്കാരെയേ കൊള്ളുള്ളൂ.
പുരോ: മാത്രമല്ല, ആരെങ്കിലും വഴിയിൽ നിന്ന് വെറുതേ മുദ്ര കാണിച്ചാലൊന്നും നിർത്തുകയുമില്ല എന്നു തോന്നുന്നു.
ഉർവ്വി: ഹഹഹ, ആങ്, അതങ്ങനെതന്നെയാണ്...
പുരോ: എന്നാൽ, ഞാൻ മുമ്പ് പറഞ്ഞിട്ടില്ല എന്നു തോന്നുന്നു ഈ തമാശ, ഉവ്വോ, ത്രൂങ്ങാലിയിൽ നിന്നുള്ള ലാസ്റ്റ് ബസ്?
ഉർവ്വി: ഉംഉം, ഇല്ലില്ല... പറയൂ, പറയൂ പറയൂ പുരോഷ്.
പുരോ: ഞാൻ മുമ്പൊരിക്കൽ ഈ ത്രൂങ്ങാലിയിൽ പോയപ്പോഴാണ് ഏറ്റവും വലിയ രസികനെ കണ്ടത്... (ഓർത്തു ചിരിച്ചുകൊണ്ട്) ഏകദേശം വൈകുന്നേരമായിരുന്നു. പെട്ടെന്ന് മുന്നിൽ കണ്ട ഇയാളോട് ഞാൻ ചോദിച്ചു, തൃശൂർക്ക് എപ്പോഴാണ് ലാസ്റ്റ് ബസ്?
ഉർവ്വി: അതായത്, ത്രൂങ്ങാലിയിൽ നിന്ന് തൃശൂരിലേയ്ക്ക് പോവുന്ന ബസ്? എത്ര മണി വരെ ഉണ്ട് എന്ന്.
പുരോ: ഉം, അപ്പോൾ അയാൾ എന്തു ചെയ്‌തെന്നറിയാമോ ഉർവ്വി, ഒരു ആപൽബാന്ധവനെപ്പോലെ പോസ് ചെയ്തിട്ട് ഗൗരവത്തിൽ ഇങ്ങനെ ഉരച്ചു. ഏഴേകാലിന് ഒരു ലാസ്റ്റ് ബസുണ്ട്, പിന്നെ ഏഴേമുക്കാലിന്. എട്ടുമണിക്കും കൂടി ഉണ്ട് ഒരു ലാസ്റ്റ് ബസ്. അതു കഴിഞ്ഞാൽ പെട്ടു. പിന്നെ നാളെ രാവിലെ ആറരയ്‌ക്കേ ഉള്ളൂ.
ഉർവ്വി: ആറരയ്ക്കും പിന്നെ അരമണിക്കൂർ ഇടവിട്ടുമേ ഉള്ളൂ ലാസ്റ്റ് ബസ്?
പുരോ: ഹഹഹ, രസികൻ തന്നെ അയാൾ, അല്ലേ ഉർവ്വി.
ഉർവ്വി: സംശ്യണ്ടോ! ഹഹാ, പക്ഷേ എനിക്ക് ഒരു റ്റാലി വരയ്ക്കാനുണ്ട് - ഒരു നിമിഷം, ട്ട്വോ പുരോഷ്.
പുരോ: റ്റാലി?
ഉർവ്വി: ആങ്, ഇതടക്കം പതിനാല് പ്രാവശ്യമായി പുരോഷ് പറയുന്നു ഇത്. എവിടെയെങ്കിലും അതൊന്ന് കണക്ക് വെയ്ക്കണ്ടേ...( വാത്സല്യപൂർവം) ഭയങ്കര ഇഷ്ടാണ് ഈ തമാശ, അല്ലേ?
പുരോ: ഹഹ, ഉം, ഞാൻ എപ്പോഴും ഓർത്ത് ചിരിച്ചുപോവും ഉർവ്വി, ഹഹഹ, സത്യം!
ചെംതീ തന്റെ പുതിയ ചിത്രത്തിലേയ്ക്കു നോക്കി ചിന്താമനായിക്കൊണ്ട് നിന്നു.
കുറേനേരമായിരുന്നു അയാൾ ആ നില്പ് തുടങ്ങിയിട്ട്. തന്റെ സാധാരണശൈലിയിൽ നിന്ന് വളരെ വ്യത്യസ്തമാണ് അത് എന്ന് അയാൾ വീണ്ടും തിരിച്ചറിഞ്ഞു.
ഇത്ര സമയം വേണ്ടിവരാറില്ല ഒരിക്കലും ഒരു ചിത്രം വരച്ചുതീർക്കാൻ. ഇതിപ്പോൾ ഏതാനും ആഴ്ചകളായി ഇതിൽ തന്നെ തങ്ങിനിൽക്കുകയാണ് ഞാൻ. ചില ദിവസങ്ങളിൽ ആകെ ഒരു കുത്തോ ഒരു വരയോ മാത്രമായിരിക്കും വരയ്ക്കുക. എന്നാലും ഇത്ര കാലം കഴിഞ്ഞിട്ടും അത് പൂർത്തിയായതുപോലെ ഒരു പ്രതീതി ഉണ്ടായിട്ടില്ല.
ആളുകൾ വിചാരിക്കുന്നത് അമൂർത്തകല എന്നാൽ എളുപ്പപ്പണിയാണെന്നാണ്. അത് ചെയ്യുന്നവർക്കേ അറിയൂ. ഈ വിന്യാസം തന്നെ ഉദാഹരണം. എത്ര യുഗങ്ങളായെന്നറിയാമോ ഞാൻ ഇതിലേയ്ക്കു നോക്കി ഇങ്ങനെ അന്തംവിട്ടുനിൽക്കുന്നു.
അടുത്ത ബീനാലെ പ്രദർശനത്തിൽ എനിക്ക് ഒരു ചുമർ തരാം എന്ന് അവർ സമ്മതിച്ചപ്പോൾ തുടങ്ങിയ യത്‌നമാണ്.
നിങ്ങളുടെ മോഹൻ മുനിയറ എന്ന പേർ പക്ഷേ നിങ്ങൾക്കു ചേരുന്നില്ല എന്നു തോന്നുന്നുണ്ട് എനിക്ക് കേട്ടോ.
മൂപ്പൻ എന്നെ വിളിച്ചത് മോഹൻ എന്നായിരുന്നു. ഉത്സവത്തിന്റെ സംഘാടകരിൽ പ്രധാനിയായ ഉർവശിയമ്മയാണ് ഞാൻ എന്റെ ആ പേർ മാറ്റിയാൽ നന്നായിരിക്കും എന്ന് നിർദ്ദേശിച്ചത്. ഞാൻ ഗോത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് നല്ലത് എന്ന് അവർ ഈന്നിക്കൊണ്ടിരുന്നു.
അവരുടെ നിർബന്ധത്തിനു വഴങ്ങിയിട്ടൊന്നുമല്ല ഞാൻ ചെംതീ ആയി മാറിയത്. സത്യത്തിൽ എനിക്ക് ഇഷ്ടം തോന്നിയിട്ടുതന്നെയായിരുന്നു. മോഹൻ അല്ല ഞാൻ എന്ന് എനിക്ക് പണ്ടേ ഒരു വിചാരമുണ്ടായിരുന്നു. പിന്നെ ചെംതീ എന്നു കേൾക്കുമ്പോൾ തന്നെ ഒരു ഗാംഭീര്യമില്ലേ.
പിന്നെയുള്ള പ്രശ്‌നം ഇതിന്റെ പിന്നിലെ രാഷ്ട്രീയമാണ്. ഈ മേള നടത്താനായി സർക്കാർ നൽകുന്ന പണം ചില തത്പരകക്ഷികൾ തട്ടിയെടുത്ത് തങ്ങൾക്കിടയിൽ വീതംവെയ്ക്കുകയാണേത്ര. അത് ആരുടെ ഭരണമായാലും അതെല്ലാം അങ്ങനെതന്നെയല്ലേ നടക്കുക ഇവിടെ. ഇടതുപക്ഷം എന്നതിന്റെ തട്ടിപ്പിന് വേറെ ദാർശനികമാനങ്ങളുണ്ട് എന്നൊക്കെ വാദിക്കാമോ സഖാക്കളേ.
ഞാൻ ഒരു ആദിവാസിയായതിനാൽ എന്നെ പ്രോത്സാഹിപ്പിക്കുന്നതിൽ നിങ്ങൾ മത്സരിച്ചുകൊണ്ടിരിക്കും. അതും ഒരു ചൂഷണം തന്നെ. ഞാൻ പിന്നെ എല്ലാം അറിഞ്ഞുകൊണ്ടാണിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം എന്ന് അറിയുമ്പോൾ ഒരു ആശ്വാസം എനിക്ക് തോന്നാറുണ്ട് എന്ന് അറിയാമല്ലോ...
ഹഹഹ, ശരിയായോ ആ വചനം.
ഭരണഘടനയിലെ ഏതോ ഖണ്ഡിക പ്രകാരം എനിക്ക് അർഹത ഉള്ളതേ ഞാൻ സ്വീകരിക്കുന്നുള്ളൂ. ഔദ്യോഗികമായി അപേക്ഷിക്കുകയല്ലാതെ ഒന്നും ഒരിക്കലും ഞാൻ ചെയ്തിട്ടുമില്ല.
നാൻ സെംതീ ഡാ.
പിന്നെ എന്നെപ്പോലെ വിദൂരസ്ഥനായ ഒരു ആദിവാസിക്ക് നിങ്ങളുടെ ചേരി തിരിഞ്ഞുള്ള തായംകളിയിൽ പക്ഷംപിടിക്കാൻ തോന്നുമോ.
എന്നെ സംബന്ധിച്ചിടത്തോളം ഈ സമ്മേളനം രസാനുഭൂതി ഉണർത്തുന്ന ഒന്നായിരിക്കും. അവിടെ ആരുടെയെല്ലാം രചനകളുണ്ട്, അവരെല്ലാം എത്തരക്കാരാണ്, എവിടത്തുകാരാണ് എന്നതൊന്നും എനിക്ക് വിഷയമേ അല്ല. ആകമാനം അത് പകരുന്ന നിർവൃതിയാണ് എന്നെ ആകർഷിക്കുക. എന്റെ ചിത്രങ്ങൾ അവിടെയുണ്ടെങ്കിൽ അവയും ആ പ്രതീതിക്കാണ് മാറ്റ് കൂട്ടേണ്ടത്.
കായലും സ്മാരകങ്ങളും പ്രാചീന നഗരാവശിഷ്ടങ്ങളും ചേർന്ന് ചമയ്ക്കുന്ന ആ പശ്ചാത്തലം എത്ര പ്രിയങ്കരം.
ഏയ്, ഞാൻ ഔപചാരികം ആവുന്നതൊന്നുമല്ല. മുഖ്യധാരയിലെ ഉപാസകരുടെ കാപട്യം കാണില്ല എനിക്ക് എന്നേയുള്ളൂ. സംവരണം ഉള്ളതിനാൽ നിങ്ങളെല്ലാം എന്നെ ഉൾപ്പെടുത്തുന്നു, ഞാൻ ആ അവസരം വിനിയോഗിക്കുന്നു. അത്ര തന്നെ.
ജിമിക്‌സ് മാത്രമാണ് ഇപ്പോഴുള്ളത് എന്ന അഭിപ്രായത്തെ ഞാൻ തള്ളിക്കളയുന്നു. ഓരുവെള്ളത്തിൽ നിന്ന് എടുത്തുകൊണ്ടുവന്ന ചകിരിത്തൊണ്ടിന്റെ കുറേ കൂമ്പാരവും പൊളിഞ്ഞ ഒരു തോണിയും ചേർത്തുവെച്ച് അത് എന്റെ മഹത്തായ ഇൻസ്റ്റലെയ്ഷൻ ആണ് എന്ന് ഒരാൾ വീമ്പടിക്കുന്നു എന്നു വിചാരിക്കൂ.
സങ്കല്പിച്ചോ?
ഇനി അയാളുടെ ആ സംഭാവന ആ അന്തരീക്ഷത്തിൽ കാണുമ്പോൾ ഒരു നല്ല കാഴ്ചവസ്തു ആണെന്നു തോന്നുന്നുണ്ടെങ്കിൽ അതുപോരേ. ഇല്ലെങ്കിൽ അതു വേണ്ടെന്നേ. ആരു നിർബന്ധിക്കുന്നു നമ്മെ ആസ്വദിക്കാൻ.
ചെംതീ പത്രലേഖകരെ അഭിമുഖീകരിക്കുകയായിരുന്നു, അതിനാൽ ഇതിൽ ഞാൻ തീർച്ചയായും പങ്കെടുക്കുന്നുണ്ട്. എന്റെ ഈ അപൂർണ ചിത്രം മുഴുമിപ്പിക്കാൻ എനിക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും.
എനിക്ക് ഒട്ടും പേടിയില്ലാത്തതിന് ഒരു കാരണം കൂടിയുണ്ട്. തൊണ്ട വിട്ട് നാവിലേയ്ക്ക് വന്ന ഏതാനും വാക്കുകൾ ചെംതീ വിഴുങ്ങിക്കളഞ്ഞു. ചിത്രകാരന്മാർ ഇല്ല ആദിവാസികൾക്കിടയിൽ ഇപ്പോൾ. വരച്ചുനിറയ്ക്കുക തന്നെ വേണമല്ലോ പ്രതലം.
എന്നാലോ കവിമാർ അനവധിയുണ്ട്. അവർ തമ്മിൽ തമ്മിൽ പോരടിക്കുന്നു, ചിലപ്പോൾ അതുമറന്ന് സംഘംചേരുന്നു. മോക്ഷം കിട്ടാനായുള്ള ഓരോ തത്രപ്പാട്. ▮
(തുടരും)