ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

4. അതിരാവിലെകളിലെ മഞ്ഞ്

രവി

ഗ്നി നമ്പീശൻ എന്നു കേട്ടാൽ വിപ്ലവകാരിയാണെന്നൊന്നും ആരും വിചാരിക്കില്ലല്ലോ.

അല്ലെങ്കിൽ വെറുതേ തെറ്റിധരിച്ചുകൊണ്ടിരിക്കുമെന്നേ.

എനിക്കാണെങ്കിൽ മാഓ എന്ന ആ മുഠാളനെ തന്നെ ഇഷ്ടമല്ല, പിന്നെയല്ലേ അയാളുടെ പേരിൽ ആരോ തുടങ്ങിയ ഒരു പ്രസ്ഥാനത്തിൽ ചേരുന്നത്.
ഏതു നേതാവിന്റെ പേരിലാണാവോ ഇപ്പോൾ ഒരു സംഘടന ഇല്ലാത്തത് - ഹോചിമിഞ്?

എന്തായാലും ഇസ്റ്റ് ഒന്നും അല്ലാത്ത ഒരാൾ ആദിവാസികളുടെ ഒപ്പം ജീവിക്കാൻ മുതിർന്നുകൂടാ എന്നില്ലല്ലോ. ഇവിടെ നൂൽപുഴയിൽ പണിയർ സർക്കാർ അവർക്കായി ഉണ്ടാക്കിക്കൊടുത്ത പാർപ്പിടസമുച്ചയത്തിൽ താമസിക്കുന്നു. അവരുടെ പരമ്പരാഗതമായ രീതിയിലുള്ള ഒരു കുടിലിൽ ഞാനും.

നമ്പീശൻ ആയതിനാൽ എവിടെയും എനിക്ക് സംരക്ഷണം കിട്ടുന്നു. നിയമം എന്നെ വെറുതേ വിട്ടിരിക്കുന്നത് വേറെ എന്തു കാരണം കൊണ്ടാണ്. വെറും അഗ്നിയായിരുന്നു ഞാൻ എങ്കിലോ. എന്നും ചോദ്യവും ഭേദ്യവും ചെയ്യാൻ വരില്ലേ അവർ. രക്തത്തിലെ തീവ്രവാദത്തിന്റെ അളവ് നോക്കിക്കോണ്ടേയിരിക്കും പിന്നെ. കൈവിലങ്ങുമായിട്ടാവും അവർ വരുന്നത് എന്നെ കാണാൻ.

ചിലപ്പോൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു കഴിഞ്ഞിട്ട് എന്റെ മേൽ ചാർത്താനുള്ള പടച്ചട്ട പോലുള്ള ഉടുപ്പും അവർ കയ്യിൽ കരുതിയിട്ടുണ്ടാവും. പാലകരല്ലേ, അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ.

എന്റെ അച്​ഛന്റെ കുട്ടിക്കാലത്തെ ചുറ്റുപാടിൽനിന്ന് വലിയ മാറ്റമില്ല നൂൽപുഴയ്ക്ക്. അച്ഛൻ പത്തുപതിനാലു വയസ്സിൽ നക്‌സലൈറ്റ് ആയിത്തീർന്നത് ഇവിടെ വെച്ചാണ്. നായ്ക്കട്ടിക്കും കല്ലൂരിനും ഇടയിലെ ഒറ്റത്തേക്കിൽ ജീവിക്കുമ്പോൾ.
അന്ന് വയനാട്ടിൽ നല്ല തണുപ്പുണ്ടായിരുന്നു. കമ്പിളി ഉടുത്തും പുതച്ചും കഴിഞ്ഞ കാലം. ചായക്കട നടത്താൻ ഉദ്ദേശിച്ച് മുൻഭാഗത്ത് ചില്ലിട്ട് നിർമിച്ച ഒരു ചെറിയ കെട്ടിടമായിരുന്നു അച്ഛച്ഛന് അന്ന് താമസിക്കാനായി കിട്ടിയത്. അതിനു തന്നെ നല്ല വാടക കൊടുക്കേണ്ടി വന്നിരുന്നു.

ഇന്നിപ്പോൾ ഒന്നു കുളിരണമെങ്കിൽ അതിരാവിലെ ഉണർന്ന് പുറത്തിറങ്ങിനോക്കണം.

കുട്ടിക്കാലത്ത് അച്ഛനും മറ്റുള്ളവരെപ്പോലെ പൊതുനിരത്തിന്റെ അപ്പുറത്ത് കുറ്റിക്കാട്ടിൽ കുന്തിച്ചിരുന്നാണ് അപ്പിയിട്ടിരുന്നത്. അവിടെ നിന്ന് കേരളത്തിന്റെയും കർണ്ണാടകയുടെയും അതിർത്തിയിലേയ്ക്ക് ഇത്തിരി ദൂരമേ ഉണ്ടായിരുന്നുള്ളൂ. മുത്തങ്ങയിലും പൊങ്കുഴിയിലും കാട്ടാനകൾ വിഹരിച്ചിരുന്നു. അഗ്നി, നിന്റെ കുട്ടിച്ഛൻ ഒരു എക്​സ്​പ്രസ്​ ബസ് തടഞ്ഞുനിർത്തിയിട്ടുണ്ട് ആ കാലത്ത്. മൂന്നുമൂന്നര വയസ്സുള്ളപ്പോൾ ടിയാൻ തന്നത്താൻ റോഡ് മുറിച്ചുകടന്ന് അപ്പുറത്ത് ഫൈ ചെയ്തിട്ട് പതുക്കെപ്പതുക്കെ തിരിച്ചുവരുകയായിരുന്നു. ഉൾവിളി വന്നപ്പോൾ സ്വയം പുറപ്പെട്ടതാവും മൂപ്പർ. ബസ് വന്നത് അപ്പോഴാണ്. ഇയാൾക്കുണ്ടോ വല്ല കൂസലും. തന്തക്കം പിന്തക്കം നടന്നുവന്ന് അദ്ദേഹം നിരത്തിനു നടുവിൽ ഒറ്റ നില്പ്. അതിലേ കുതിച്ചുപായുക മാത്രം ചെയ്യുന്ന എക്​സ്​പ്രസ് തടുത്ത ആൾ എന്ന ബഹുമതി അങ്ങനെ അയാൾക്ക് കിട്ടി.

മൂടൽമഞ്ഞൊക്കെ ഉണ്ടായിരുന്നു അന്ന് വയനാട്ടിൽ.

മഞ്ഞ് ഒഴിഞ്ഞ നേരത്തായിരുന്നു മൂന്നേകാൽകാരൻ ഗുപ്തൻ ത്വരിതഗമനശകടത്തിന്റെ മാർഗ്ഗത്തിൽ കയറിനിന്നത്. കോഡ എന്ന ഘനീഭൂതം ഉണ്ടായിരുന്നെങ്കിൽ കുട്ടി അവിടെ നിൽക്കുന്നത് ആരും കാണില്ലായിരുന്നു.
എപ്പോഴും ഞാൻ മനസ്സിൽ സങ്കല്പിക്കുന്ന ഒരു നിശ്ചലദൃശ്യം ആണ് അത്.
എന്നാലും എന്റെ അഗ്നി, അഭിനയിക്കാൻ ഇഷ്ടമല്ലെങ്കിൽ വേണ്ട, മറ്റെന്തെങ്കിലും... എന്തു വേണമെങ്കിലും ചെയ്യാമല്ലോ നിനക്ക് എന്റെ കൂടെ കൂടിയിട്ട്.

സിനെമ എന്നതിൽ ഒരു താല്പര്യവുമില്ലാത്ത ഒരാൾ ആയത് എങ്ങനെയാണ് അഗ്നി നീ. ഒറ്റ ഒരാൾ കാണുമോ ലോകത്തിൽ വേറെ ഇങ്ങനെ നിന്റെ പ്രായക്കാരിൽ...

ഞാൻ യാതൊരു വിധത്തിലും സഹകരിക്കാത്തതിൽ എപ്പോഴും ആവലാതിയാണ് ഗുപ്തന്. എനിക്കുള്ള കഴിവുകളെല്ലാം ഞാൻ വെറുതേ പാഴാക്കിക്കളയുകയാണ് എന്നും പരാതിയുണ്ട്. അത് കേട്ടു മടുത്തിട്ടാണ് ഞാൻ എന്റെ കൂട്ടുകാരിൽ ഒരാളെ അങ്ങോട്ട് പറഞ്ഞയയ്ക്കാം എന്ന് തീരുമാനിച്ചത്. ചലച്ചിത്രകലയ്ക്കുവേണ്ടി യോഹനാൻ വേണമെങ്കിൽ മരിക്കും.

എന്നാലും അഗ്നി, ഞാൻ ഇതെല്ലാം നിനക്കുവേണ്ടി വാങ്ങിക്കൊണ്ടുവന്നതല്ലേ. എന്തെങ്കിലും ഒരു വഴി കാണ് നീ-
ആഹഹാ, ഞാൻ എന്തു പോംവഴി കാണാൻ, എന്നാലും നിനക്ക് എങ്ങനെ തോന്നി യോഹനാൻ ഇങ്ങനെ ഒരു വമ്പിച്ച കാഴ്ചയുമായി വരാൻ. നിന്റെ സ്വഭാവമല്ലല്ലോ അത്.

അതല്ലേ ഞാൻ പറഞ്ഞത്. നീ ഇവിടെ ഒറ്റയ്ക്കല്ലേ പാർക്കുന്നത് അഗ്നി. ഞാനാണെങ്കിൽ ആദ്യമായിട്ടാണ് പച്ചക്കറി വാങ്ങുന്നത്. അതുകൊണ്ടാണ് ഇത് ഇത്രയേറെ വാങ്ങിപ്പോയത്.

അതുതന്നെയാണല്ലോ പ്രശ്‌നം - നിനക്ക് ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നല്ലോ. ഈ കാണുന്നതിൽ ഒന്നും - ബ്രകോളി, റ്റർനിപ്, ലൈറ്റിയൂസ് - ഇത് ഒന്നും ഞാൻ തിന്നുന്നതല്ല. കാര്യം ശരി തന്നെ, പച്ചക്കറിയാണ് ഞാൻ കഴിക്കുന്നത്. അതിൽ അധികവും ഇത്തരം സാധനങ്ങൾ തന്നെ - ക്യാരറ്റ്‌സ്, ബീറ്റ്, കോളിഫ്ലവർ, റാഡിഷ്, സ്പ്രിങ് അന്യൻ, ക്യാബിജ്, ക്യാപ്‌സികം - ഇതെല്ലാമായിരുന്നു നീ കൊണ്ടുവന്നിരുന്നതെങ്കിൽ എത്ര നന്നായിരുന്നു. എങ്ങനെ നീ കൃത്യമായി എനിക്ക് വേണ്ടാത്ത വഹ തന്നെ തിരഞ്ഞെടുത്തു യോഹനാൻ -

എന്നാലും, എന്തെങ്കിലും ഒരുവഴിയുണ്ടാക്ക് അഗ്നി. വെറുതേ കളയാൻ പറ്റില്ലല്ലോ ഇതൊന്നും.

ഇവിടെ അടുത്ത് താമസിക്കുന്ന പണിയർ ആരും ഇതൊന്നും ഭുജിക്കില്ല യോഹനാൻ. അതായത്, ദാനം ചെയ്യാൻ കൂടി പറ്റില്ല. വാസ്തവത്തിൽ വല്ലാത്ത ഒരു ദ്രോഹമാണ് നീ ചെയ്തിരിക്കുന്നത് കേട്ടോ.

ആരോട്, പ്രകൃതിയോടോ?
അല്ലാതെ പിന്നെ ആരോട്? അവളെ എല്ലാവർക്കും പീഡിപ്പിക്കാമല്ലോ.

അനന്തരം അവർ ഇരുവരും മുന്നിൽ നിലത്ത് കൂമ്പാരമായിരിക്കുന്ന പച്ചക്കറികളിലേയ്ക്ക് തുറിച്ചുനോക്കിക്കൊണ്ട് ഇരുന്നു.

പ്രകൃതി എവിടെയുണ്ടോ അതിലേ

(ഉർവ്വി, പുരോഷ് രാവിലത്തെ സവാരിയിൽ)

പുരോ: ഉർവ്വി, ഞാൻ സാമൂഹ്യവിരുദ്ധൻ ആണോ ഉർവ്വി? ഉർവ്വി: അതെന്താ പുരോ പെട്ടെന്ന് ഇങ്ങനെ ഒരു ചോദ്യം. പുരോ: എന്നുവെച്ചാൽ അക്രമികൾ എന്ന സാധാരണ അർത്ഥത്തിലല്ല. എന്നാലും ആളുകൾ തീരെ ശരിയല്ല എന്ന് തോന്നാറുണ്ടല്ലോ എനിക്ക് ഇടയ്ക്ക് - ഉർവ്വി: ഉവ്വോ! പുരോ: ഉവ്വ് ഉർവ്വി. ഉദാഹരണത്തിന് - ഉർവ്വി: (ചിരിച്ച്) എന്റെ പുരോ, ഒന്ന് ക്ഷമിക്കൂട്ട്വോ, വെപ്രാളപ്പെടല്ലൂ... ഹഹഹ, അതേയ്, അതിപ്പോൾ എനിക്കും തോന്നാറില്ലേ ആൾക്കാർ ശരിയല്ല എന്ന്. ഒരു പക്ഷേ എല്ലാവർക്കും ഒക്കെ കൂടി തോന്നുന്നുണ്ടാവും. പുരോ: ഹോ, ഇതെന്തു ഭാഷയാണ് ഉർവ്വി. ഉർവ്വി: മലയാളമല്ല, വള്ളുവനാടൻ എന്നു പറയും, എന്റെ മാതൃഭാഷയാണ് പുരോ. ചില രസികൻ പ്രയോഗങ്ങളുണ്ട് അതിൽ. എന്റെ ഒരു അൻക്ൾ ഉണ്ട്‌ട്ട്വോ പുരോ - ഉണ്ണിക്കുട്ടൻമ്മാൻ. ഉണ്ണിക്കുട്ടൻമ്മാൻ സംസാരിക്കുമ്പഴേയ് - ഓരോ വാക്കിന്റെ കൂടെയും ഒക്കെ എന്നു ചേർക്കും. പുരോ: ഔകേ? .... ഹ്ം, ഓകെ. ഉർവ്വി: ദെന്താണ് പുരോയ്ക്ക് ഒരു ഉൽക്കണ്ഠ ഇല്ലാത്തത്. പുരോ: (പതുക്കെ മൂളിപ്പാടുന്നു) ഉൽക്കണ്ഠയെന്തിനോ ഉൽക്കണ്ഠയെന്തിനോ കൽക്കണ്ടമാണു നിന്റെ കാട്ടുറാണി... എന്ത് ഉൽക്കണ്ഠ ഉർവ്വി? ഉർവ്വി: സംസാരം മുന്നോട്ട് പോവണ്ട പുരോ. ഒന്നു ചോദിച്ചൂടേ, എങ്ങനെയൊക്കെ, എപ്പോഴൊക്കെയാണ് ഈ ഉണ്ണിക്കുട്ടൻമ്മാൻ ഈ ഒക്കെ പറഞ്ഞുകൊണ്ടിരിക്ക്യാന്ന്. പുരോ: ഊം, പറയൂ ഉർവ്വി - ഉർവ്വി: ഇങ്ങനെ പോരാ, ഉൽക്കണ്ഠ വേണം. പുരോ: പറയൂ, (കെഞ്ചി) ഒന്നു പറയൂ ഉർവ്വി. ഉർവ്വി: ഊം, ഇപ്പോൾ കുഴപ്പമില്ലാ - പുരോ: ഇല്ല, അല്ലേ - കുഴപ്പമില്ല, അല്ലേ ഉർവ്വി? ഉർവ്വി: ഇൽൽൽല്ല്യ, കുഴപ്പല്ല്യാ. പുരോ: ഒരു ചെറിയ തമാശയുണ്ട് ഇടയ്ക്ക് - ഉർവ്വി, നമ്മുടെ പ്രകൃതിഘോഷ് ആകെ പഠിച്ച ഒരു മലയാളം വാക്ക് അതാണ്. എന്നിട്ട് ഇടയ്ക്കിടയ്ക്ക് ചോദിക്കും ഇങ്ങനെ - കുഴാപം - ഇല്ലേ? എന്ന്....ഹഹഹ, കുഴപ്പം ഉണ്ടോ എന്നല്ല, കുഴപ്പം ഇല്ലേ എന്ന്. കുഴാപം - ഇലേ - പൊരോ? ഉർവ്വി: അപ്പോൾ പൊരോ എന്തു പറയും. പുരോ: ഒരു കുഴപ്പവും ഇല്ല എന്ന്. അല്ലാതെന്ത്...(ഓർത്ത് അല്പം സങ്കോചത്തോടെ) ഇടയ്ക്കിടയ്ക്ക് ഇവിടെ വരുന്നുണ്ടല്ലോ അവൾ വാഴച്ചാലിൽ ഡാൻസ് ചെയ്യാൻ. അപ്പോഴൊക്കെ ഞാനും എത്തിപ്പെടാറുണ്ടേയ് അവിടെ. ഉർവ്വി: കാണാൻ പോവുന്നതാണോ പുരോ. പുരോ: ഏയ്, വെള്ളച്ചാട്ടം പരിശോധിക്കാൻ. ഞാൻ ഒരു യഥാർത്ഥ പ്രകൃതിസ്നേഹി ആണെന്ന് അറിയില്ലേ ഉർവ്വിക്ക്. എന്തൊക്കെ എതിർപ്പുണ്ടായാലും ശരി. ഉർവ്വി: പ്രകൃതിയെ സംരക്ഷിച്ചിരിക്കും പുരോ. പുരോ: അതു തീർച്ച. ഉർവ്വി: സൂക്ഷിച്ചോളൂട്ട്വോ. രണ്ടു ഖാൻസ് അല്ലെങ്കിലേ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. പുരോ: എന്താണിത് ഉർവ്വി. ഞാൻ യഥാർത്ഥ പ്രകൃതിയെക്കുറിച്ചല്ലേ. ഉർവ്വി: ഉവ്വുവ്വ്, ഞാൻ ഓർമിപ്പിച്ചു എന്നേയുള്ളൂ. അതിൽ ഒരു ഖാൻ നിയമം ലംഘിച്ച് കടുവയെയൊക്കെ വെടിവെയ്ക്കുന്ന ഒരാളാണേ. പുരോ: ആങ്ഹാ, അത് നന്നായല്ലോ. ആ പഹയനെ എതിർക്കാൻ എനിക്ക് കിട്ടിയല്ലോ ഇപ്പോൾ ഒരു കാരണം. ഇനി മറ്റേ ഖാൻ, അയാൾക്ക് തിമിംഗലങ്ങളെപ്പറ്റി എന്താണഭിപ്രായം എന്നറിയാമോ ഉർവ്വിക്ക്? ഉർവ്വി: ഇല്ല്യാ - അതെന്താ പുരോ! പുരോ: അല്ല, തിമിംഗലവേട്ടയോട് യോജിക്കുന്നില്ലെങ്കിലും അതിനെതിരെ പ്രതികരിക്കാതിരിക്കുന്ന ഒരാളാണ് അയാൾ എന്നെങ്കിലും തീർച്ചയാണോ. ഉർവ്വി: (പൊട്ടിച്ചിരിച്ച്) അതറിഞ്ഞിട്ടെന്തിനാണ്, എതിർക്കാനാണോ പുരോ. പുരോ: ആങ്, അധിക്ഷേപിക്കാമല്ലോ. ഉർവ്വി: ചുരുക്കത്തിൽ പ്രകൃതിയെ വേറെ ആർ ഇഷ്ടപ്പെട്ടാലും പുരോ സഹിക്കില്ല, പുരോ: കുഴാപം, ഇലേ? ഉർവ്വി: ഇല്ലില്ല, കുഴപ്പമേയില്ല. അല്ല, ചിത്രകാരി മധുവന്തി വരുന്നുണ്ടല്ലോ അവിടെ അടുത്ത്. ഇപ്പോൾ അവിടെയും പോവുമോ പുരോ. പുരോ: ആര് പറഞ്ഞു. ശരിക്കും... സത്യമാണോ ഉർവ്വി ഈ പറയുന്നത്. ഉർവ്വി: കേട്ടതാണ് ഞാൻ. വാഴച്ചാൽ വെള്ളച്ചാട്ടത്തെ രക്ഷിക്കാൻ മധുവന്തി. പുരോ: ഹ്ം... എന്നാണ് അത് ഉർവ്വി? ഉർവ്വി: അത് നോക്കണം പുരോ. അടുത്തൊരു ദിവസം തന്നെയാണെന്ന് തോന്നുന്നൂ. പുരോ: എന്തായാലും കഴിഞ്ഞിട്ടുണ്ടാവില്ല, വന്നുപോയിട്ടുണ്ടാവില്ല അല്ലേ? ഉർവ്വി: (കള്ളച്ചിരി) ഇല്ലില്ല്യാ, കഴിഞ്ഞിട്ടുണ്ടാവില്ല. പുരോ പോവാതെ പറ്റില്ല, അല്ലേ? പുരോ: അതാണ്, ഞാൻ ആലോചിക്കാറുണ്ടായിരുന്നു. മധുവന്തി എന്തുകൊണ്ടാണ് അവിടെ വരാതിരുന്നത് എന്ന്. മുമ്പേ, വളരെ മുമ്പേ തന്നെ വരേണ്ടിയിരുന്നതാണ് മധുവന്തി അവിടെ, അല്ലേ, ഉർവ്വിക്ക് എന്തു തോന്നുന്നു? ഉർവ്വി: എനിക്ക് എന്തു തോന്നാനാണ് പുരോ. തോന്നലൊക്കെ ഇപ്പോൾ പുരോ അല്ലേ. പുരോ: അല്ല, മധുവന്തിയെപ്പറ്റി ഉർവ്വിക്ക് മതിപ്പൊന്നും ഇല്ലാ? ഉർവ്വി: തരക്കേടില്ല പുരോ, നല്ല കണ്ണാണ് മധുവന്തിയുടേത്. പുരോ: കണ്ണിനെക്കുറിച്ചാണോ വർണ്ണിക്കുന്നത്. അവൾ ഒരു ആക്റ്റിവിസ്റ്റ് അല്ലേ ഉർവ്വി, നോക്കിക്കോളൂ, ഇനി മധുവന്തിയുമായി ചേർത്താവും എല്ലാവരും ആ വെള്ളച്ചാട്ടത്തെ ഓർക്കുക. ഉർവ്വി: അപ്പോൾ പ്രകൃതി, പുറത്തായോ പ്രകൃതി. പുരോ: എന്തു പ്രകൃതി. ഉർവ്വി: ഒരു റോയ് ഇല്ലേ, നടി, പ്രകൃതിറോയ്... (കുസൃതി) ഇത്രയേ ഉള്ളൂ, മധുവന്തി വന്നപ്പോഴേയ്ക്കും പ്രകൃതിയെ മറന്നു പുരോ. പുരോ: വെറുതേ... എന്നെ ദേഷ്യം പിടിപ്പിക്കണ്ടാട്ട്വോ ഉർവ്വി. ഉർവ്വി: നേരു പറ പുരോ, മധുവന്തിയുടെ ചിത്രങ്ങൾ കണ്ടിട്ടുതന്നെയാണോ പുരോ അവളെ ഇഷ്ടപ്പെട്ടത്. അതോ അവൾ ആക്റ്റിവിസ്റ്റ് ആയതുകൊണ്ടാണോ. അതിനേക്കാളെല്ലാം അവളെ ഇഷ്ടമായതുകൊണ്ടല്ലേ, ഊം? പുരോ: വല്ലാതെ കൂടി പോവുന്നു ഇത് - ഉർവ്വി. ഉർവ്വി: അല്ലാ, ഉത്തരം പറയൂന്നേ - കേൾക്കട്ടെ! പുരോ: ഞാൻ പറയും, പിന്നെ വിഷമമാവരുതേ. ഉർവ്വി: ഹഹഹാ, എനിക്കറിയാമല്ലോ ഉത്തരം അല്ലെങ്കിലും. എന്തായാലും വാഴച്ചാലിൽ വംഗസുന്ദരിമാർ വരുമ്പോൾ പുരോയും എത്തും അവിടെ. ആകസ്മികം ഒന്നും അല്ലല്ലോ അത്. പുരോ: (വാശിയോടെ) ശരിശരി, അങ്ങനെത്തന്നെയാവട്ടെ. ഞാൻ അവരെ കാണാൻ വേണ്ടി തന്നെ ചെല്ലുന്നതാണ്. നോക്കിക്കോളൂ, മധുവന്തിയെയും ഞാൻ അത് പഠിപ്പിക്കും. ഉർവ്വി: കുഴാപം - ഇലേ? പുരോ: ഹഹഹാ, അതുതന്നെ. അതിലെന്താണ് കുഴപ്പം... അതുണ്ടല്ലോ, ഉർവ്വി, എനിക്ക് ഈ സുന്ദരിമാരെത്തന്നെയല്ലേ ഇഷ്ടമാവുക. ഹഹ, ഇത്ര നേരമായിട്ടും ഉർവ്വിക്ക് മനസ്സിലായില്ലേ ഞാൻ ഗേ അല്ലാന്ന്! ഉർവ്വി: (ഒപ്പം ചിരിച്ചുകൊണ്ട്) ഇത്തിരി വൈകിപ്പോയി പുരോ, ഹഹഹ, ഇപ്പോഴേ മനസ്സിലായുള്ളൂ.
(പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ശബ്ദങ്ങൾ, ചിലപ്പോൾ ചില കിളികൾ ചിലയ്ക്കുന്നതിന്റെയും)പുരോ: അപ്പോൾ, എന്നാൽ ഇനി ഉർവ്വി തുടങ്ങിക്കോളൂ ആ ഉണ്ണിക്കുട്ടൻമ്മാെന്റ കഥ. ഉർവ്വി: (അലക്ഷ്യമായി) ഓ, അതത്ര വലിയ കാര്യമൊന്നും അല്ല പുരോ. അവിട്യൊക്കെ കുളത്തിലൊക്കെ കുളിച്ചാലൊക്കെ ഉണ്ടല്ലോ, മേലൊക്കെ ഓരോന്നൊക്കെ ചൊറിയുകയൊക്കെ ചെയ്യും. ഓരോ വാക്കിന്റെ കൂടെയും ഒക്കെ ചേർക്കും, അതുതന്നെ. ഭാഷയുടെ ഓരോ വിശേഷം. പുരോ: ഞാൻ തുടങ്ങിവെച്ചതും ഇതു തന്നെയാണ് ഉർവ്വി. ഭാഷ, നമ്മുടെയൊക്കെ ഭാഷയുടെയൊക്കെ... തരക്കേട്. ഉർവ്വി: പകർന്നൂല്ലേ ഉണ്ണിക്കുട്ടൻമ്മാെന്റ സൂക്കേട്. പുരോ: ഏയ്, ഞാൻ മിമിക്രി ചെയ്തതല്ലേ ഉർവ്വി. ഉർവ്വി: ഓ, അതു മിമിക്രി. എന്നാൽ ഇനി ശരിക്കുള്ള കാര്യം ആവാം, ഊം, എന്താണ് സാമൂഹ്യവിരുദ്ധം ആയിട്ടുള്ളത് ഇപ്പോൾ? പുരോ: അത്, ഹ്ം, അത്... ഉർവ്വി: എന്തേ, പെട്ടെന്ന് മറന്ന്വോ പുരോ. പുരോ: ഏയ് ഇല്ലില്ല. ഞാൻ അത് ഭംഗിയായി വിവരിക്കണ്ടേ ഉർവ്വി. ആങ്, ശരി, അറിയാത്ത ഒരാളെ എന്തു വിളിക്കും ഉർവ്വി. ഉർവ്വി: ഞാനോ - ഞാൻ ഒന്നും വിളിക്കില്ല. പുരോ: ങ്ഹാ, അതല്ലേ ശരി. ഒന്നും വിളിക്കാതിരിക്കാമല്ലോ നമുക്ക്. എന്തെങ്കിലും വിളിക്കണമെന്നില്ലല്ലോ, എല്ലാവരെയും. ഉർവ്വി: ഇത്തിരി... (ചിരിച്ച്) ഇത്തിരി വ്യക്തമാക്കാമോ പുരോ? പുരോ: ഏയ്, അത്ര ഗുരുതരമല്ല സംഗതി. എന്നാലും, അതായത്, ഒരാൾ എന്നെ വെറുതേ ചേട്ടാ ചേട്ടാ എന്നു വിളിച്ചു. ഇവിടെ അങ്ങനെയാണല്ലോ ആളുകൾ. ഞാൻ അതു വേണ്ട എന്നു വിലക്കി. പേരറിയാഞ്ഞിട്ടല്ലേ എന്റെ ചേട്ടാ; അയാൾ വിടാൻ ഭാവമില്ല. എന്നെ സ്വന്തം ചേട്ടനാക്കിക്കളഞ്ഞു പെട്ടെന്ന്. സ്നേഹവും വന്നു ഉടനെ രംഗത്ത്. സ്നേഹം കൊണ്ടല്ലേ ചേട്ടാ. എന്തു സ്നേഹം, നമുക്കിടയിൽ എന്തു സ്നേഹം - എന്തിനാണത്. ഞാൻ കാണിച്ചിട്ടൊന്നുമില്ലല്ലോ സ്നേഹം... അതുമല്ല, തീരെ സ്നേഹം ഇല്ലാന്നേ ഇവരുടെ ചേട്ടാ വിളിയിൽ. അതു പോലെ ചേ -ച്യേ - പുച്ഛം പോലെയാണ് അത്. അവസാനം അയാൾ ശപിക്കുകയായിരുന്നു ഞാൻ സാമൂഹ്യവിരുദ്ധനാണ് എന്ന്.... ഹ്ം, ഒന്നും മിണ്ടുന്നില്ലല്ലോ ഉർവ്വി - എന്റെ വാദം തെറ്റാണെന്നുണ്ടോ, ഏങ്? ഉർവ്വി: ഏയ് അതല്ല. എനിക്കും തോന്നാറുള്ളതുതന്നെ ഇത്. പിന്നെ, പുരോ തീർത്തോട്ടെ എന്നു വിചാരിച്ചു. പുരോ: അല്ല, ഈ സ്നേഹവായ്പിന്റെ ആവശ്യം ഉണ്ടോ ഉർവ്വി?.... നിങ്ങൾ എന്നു വിളിക്കട്ടെ, മര്യാദയുണ്ടല്ലോ അതിൽ, അകൽച്ച ഒഴിവാക്കാനാണേത്ര ചേട്ടാ എന്നു വിളിക്കുന്നത്. ഹ്ം, അകൽച്ച തന്നെയല്ലേ ഭേദം. ഉർവ്വി: എന്തു കഷ്ടമാണ് ആ ചേച്യേവിളി എന്നറിയാമോ. തോൽ ചുളിഞ്ഞുപോവും. സ്ത്രീകൾ കളിയാക്കാനുള്ളതാണല്ലോ ഇവർക്കൊക്കെ. പുരോ: തീർച്ചയായും അതെ. ഉർവ്വി: എന്നെയൊക്കെ ചേച്യേ എന്നു വിളിക്കണമെങ്കിൽ അത് മനഃപൂർവ്വം കളിയാക്കാനായിട്ടുതന്നെയല്ലേ പുരോ. പുരോ: സംശയമുണ്ടോ.

ഉർവ്വി: ചേ- ച്യേ. ഹോ, എനിക്കതു കേൾക്കുമ്പോൾ വരുന്ന ദേഷ്യം! പുരോ: ഉർവ്വി ഈ പറയുന്നത്, പൊതുവേ അല്ല, അല്ലേ. ഒരു പ്രത്യേക വ്യക്തിയെപ്പറ്റി ആണെന്നു തോന്നുന്നു? ഉർവ്വി: എന്തായാലെന്താണ് പുരോ, എല്ലാവരും കണക്കാണ്. ഈ ഇയാളാണ് ആ ചേ ഇങ്ങനെ നീട്ടി ഉരയ്ക്കുക എന്നു മാത്രം. ചേ- ച്യേ! പുരോ: (കൗതുകപൂർവ്വം) ഹെന്തൊരു അരിശമാണ് ഉർവ്വിക്ക്, ഉർവ്വി: കോപിക്കാതിരിക്കുന്നതെങ്ങനെയാണ് പുരോ, ശുണ്ഠി കലശലാവുമ്പോൾ ഞാൻ എനിക്ക്, എനിക്കറിയുന്ന ഏറ്റവും വലിയ തെറി അങ്ങോട്ട് വിളിക്കും അയാളെ, അതുതന്നെ. പുരോ: പോഡാ! ഉർവ്വി: ആങ് പുരോ - (ചിരി) പോഡാ! പുരോ: ഹഹഹ... എന്നാൽ നമുക്ക് ഒരു വിളംബരം നടത്തിയാലോ ഉർവ്വി. അതിന് അവസരം കിട്ടിയാൽ എങ്ങനെയാണ് ഉർവ്വി അത് ചെയ്യുക? ഉർവ്വി: വിളംബരമോ? പുരോ: അതിന് അധികാരം കിട്ടിയാൽ. ഉർവ്വി: (ഗൗരവം നടിച്ച്) എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാടുകളേ - പുരോ: (ഒപ്പം ചേർന്ന്) ഏവരും ശ്രദ്ധിപ്പിൻ - മേലാൽ നിങ്ങളേവരും ചേട്ടാ ചേച്യേ വിളികൾ വർജ്ജിക്കേണ്ടതാണ്. ഉർവ്വി: കപടസ്നേഹപ്രകടനം ഉപേക്ഷിപ്പിൻ. പുരോ: എന്നിട്ട് മര്യാദ പാലിക്കും വിധം നിങ്ങൾ, നിങ്ങൾ, നിങ്ങൾ എന്നു സംബോധന ചെയ്യേണ്ടതാണ് നിങ്ങൾ ഏവരും. ഉർവ്വി: (ആർത്തു ചിരിച്ച്) റാൻ! പുരോ: (പൊട്ടിച്ചിരിയോടെ) ഇൻക്വിലാബ് സിന്ദാബാദ്!...

ത്രയും കാലം ജീവിച്ചതെന്തിന്.

ആത്യന്തികമായി ആ ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്. വെറുതെ പാഴായ ജന്മം. ആർക്കാണ് എന്നെക്കൊണ്ട് ഗുണമുണ്ടായിട്ടുള്ളത്. ഒപ്പം കള്ള് കുടിച്ചവർക്കോ.
സകലരെയും ശല്യപ്പെടുത്തിയിട്ടേയുള്ളൂ ഞാൻ. കവിത എഴുതിയും ​ദ്രോഹിച്ചു ആളുകളെ. ആദ്യകാലത്തൊക്കെ നസ്രാണി ആയതിനാൽ അർഹിക്കുന്ന പരിഗണന തരുന്നില്ല എന്നു ചൊല്ലി കലഹിച്ചിരുന്നതും ഓർമയില്ലേ.
ഒരു വർഗീസ് മാപ്പിളയെ ഒക്കെ മാത്രമേ കവിയായി കണക്കിലെടുക്കൂ കൈരളി. അതാവട്ടെ സംസ്കൃതവൃത്തങ്ങളിൽ ലക്ഷണയുക്തമായി ശ്രീയേശുവിനെപ്പറ്റി ഒരു മഹാകാവ്യം രചിച്ചതുകൊണ്ട്. പൊതുവേ അവഗണിക്കലാണ് പതിവ്. ഈ അംഗീകാരം എന്നത് കുറച്ചെങ്കിലും ലഭിച്ചിരുന്നെങ്കിൽ ഞാൻ ഇത്ര മോശക്കാരനാവുകയില്ലായിരുന്നു കേട്ടോ.

മൂന്നോ നാലോ പ്രാവശ്യമല്ലേ എന്നെപ്പറ്റിയുള്ള പരാതികളിന്മേൽ അന്വേഷണത്തിനായി ഓരോരോ സംഘങ്ങൾ സ്ഥലത്തെത്തിയത്. അതിൽ ഈ ഒരു സഹപ്രവർത്തകയുടെ മൊഴിയിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.
എന്റെ പേര് പവിഴം. വ്യകതിപരമായി അങ്ങോരോട് എനിക്ക് വിരോധമുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. കാരണം ഒരു മാഷും ഇങ്ങനെ ആയിക്കൂടാ എന്നാണ് ഞങ്ങളുടെയൊക്കെ ബോദ്ധ്യം. അതും പ്രിൻസിപ്പൽ കൂടിയാണ്. എന്നാലോ എപ്പോഴും അവധിയാണ്. മുടിഞ്ഞ കുടിയാണെന്നേ മാഷ്. എന്നിട്ട് എവിടെയെങ്കിലുമെല്ലാം വീണുകിടക്കും. എല്ലാവർക്കും മാതൃക ആവേണ്ട ഒരു അദ്ധ്യാപകന്റെ കോലം. വല്ലവരും തൂക്കിയെടുത്ത് വീട്ടിൽ എറിഞ്ഞിട്ട് പോവും. ആ ഭാര്യയും മകനും ഇങ്ങോരെക്കൊണ്ട് പൊറുതിമുട്ടി കഴിയുകയാണെന്നു സ്പഷ്​ടം. കവിയാണെന്ന പേരിൽ ആളുകൾ കാണിക്കുന്ന സഹതാപത്തിൽനിന്ന് സദാ മുതലെടുക്കുമെന്നേ. എന്തിന് കൂടുതൽ പഴിക്കുന്നു, ഞങ്ങൾക്ക് അപാരമായ വിഷമമുണ്ട് ഇങ്ങേരോടൊപ്പം ജോലി ചെയ്യാൻ...

അങ്ങനെ ശിക്ഷാനടപടി എന്ന നിലയ്ക്കാണ് അയാളെ അവർ മൂന്നാറിലേയ്ക്ക് വിട്ടത്. അവിടെ മനോഹരമായ ഒരു കുന്നിൻചെരിവിലെ സ്കൂൾ. ഏതാനും ദിവസങ്ങളിൽ അയാൾ കുന്നുകയറി മുകളിലെത്തി ഒപ്പിട്ടതായി രേഖയുണ്ടായിരുന്നു. പിന്നെപ്പിന്നെ കുന്നിന്റെ താഴെ വരെ എത്താനേ അയാൾക്കു കഴിയൂ എന്നായി. അവിടെ നിന്നുകൊണ്ട് അയാൾ കുറേനേരം അലറിവിളിച്ചാൽ ആരെങ്കിലും വന്ന് അയാളെ താങ്ങിപ്പിടിച്ച് കൊണ്ടുപോവുമായിരുന്നു. താൽക്കാലിക ജീവനക്കാർ സഹിക്കുമല്ലോ ഇത്തരക്കാരെ. പിന്നെ അവർക്കും മടുത്തു.
അങ്ങനെയിരിക്കുമ്പോഴായിരുന്നു ഉരുൾപൊട്ടലുണ്ടായത്. നിർത്താതെ തുടർന്ന പേമാരിയിൽ കുന്ന് ഇടിഞ്ഞു വീണു. അവിടെ ഉണ്ടായിരുന്ന രണ്ടു കെട്ടിടങ്ങൾ നിലംപൊത്തി താഴേയ്ക്ക് ഒലിച്ചു.
ആരും ഉണ്ടായിരുന്നില്ല ആ സമയത്ത് അവിടെ എന്നത് ഭാഗ്യം. ഇല്ലെങ്കിൽ അതിനും ഉത്തരവാദി ഞാൻ ആവുമായിരുന്നില്ലേ. ഹഹഹ, മനഃപൂർവ്വമല്ലാത്ത നരഹത്യ എന്നോ മറ്റോ ഒരു വകുപ്പുണ്ടല്ലോ, ആ കുറ്റവും എന്റെ മേൽ ചാർത്താമായിരുന്നു.
എന്തായാലും സ്കൂൾ ഒളിച്ചോടി പോയി. മഴയുടെ കോലാഹലമെല്ലാം കഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞു. പക്ഷേ മേലാൽ ആ കുന്നിന്മേൽ ഒന്നും നടത്തേണ്ടതില്ല എന്ന് സർക്കാർ ഉത്തരവിട്ടു. അവിടെ എന്താണ് അവശേഷിച്ചത് എന്ന് കയറിനോക്കാൻ പോലും ആർക്കും അനുവാദമില്ല ഇപ്പോൾ. മണ്ണ് ഇനിയും ഇളകാനിടയുണ്ട് എന്നാണ് മുന്നറിയിപ്പ്.

അപ്പോൾ സ്കൂൾ? കാണാതായ അത് വേറെ എവിടെയോ പ്രവർത്തനം തുടങ്ങി എന്നു കേട്ടു. എനിക്ക് എങ്ങനെ അറിയും അത് എവിടെയാണെന്ന്. ദേവികുളം എന്ന സ്ഥലം കണ്ടുപിടിക്കാൻ എനിക്കു കഴിയണ്ടേ. ഇവിടെ എത്തിപ്പെട്ടതുതന്നെ അത്ഭുതമാണെന്നിരിക്കേ.

അതായത്, ഇവിടെ എങ്ങനെ എത്തും എന്ന് പരിചയപ്പെട്ടു. അപ്പോഴേയ്ക്കും അതാ സർക്കാർ എന്റെ സ്കൂൾ മറ്റൊരിടത്തേയ്ക്ക് മാറ്റുന്നു. ഈ തോന്ന്യാസത്തിനു മുന്നിൽ ഞാൻ എന്തു ചെയ്യാനാണ്.

ഞാൻ ഇവിടെ വന്നുകൊണ്ടിരിക്കും, അത്ര തന്നെ. എന്റെ സേവനം നിങ്ങൾക്ക് വേണമെങ്കിൽ മതി മൂരാച്ചീ. മഞ്ഞത്ത് ഇവിടെ കാത്തുനിൽക്കുന്നില്ലേ ഞാൻ, വൃഥാ.

ഒന്നുമില്ലെങ്കിലും മലയാളത്തിൽ കുറേ എഴുതിയ ഒരു കവിയല്ലേ ഞാൻ. രണ്ടോ മൂന്നോ സർവ്വകലാശാലകൾ എന്റെ കുറേ വരികൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ടല്ലോ. സ്വല്പം മര്യാദ എന്നോട് കാണിച്ചുകൂടേ. എന്നെ എന്റെ വീട്ടിലൊന്നും എത്തിക്കേണ്ട, ജോലിസ്ഥലത്തെങ്കിലും ഒന്ന് കൊണ്ടുപോയി ആക്കിത്തന്നുകൂടേ നാട്ടാരേ.

കയ്യിലെ കാശൊക്കെ കഴിയാറായി. ഒന്ന് ഒപ്പിട്ടാൽ കുറച്ച് ശമ്പളം കിട്ടുമായിരുന്നു. സഹായിക്കാമോ ആരെങ്കിലും.

കവി ആയതിന്റെ പേരിൽ എന്റെ കൊള്ളരുതായ്മ എല്ലാവരും പൊറുക്കുന്നു എന്നാണ് ആ പവിഴത്തിന്റെ ആക്ഷേപം. ജനം ലാളിച്ചുവഷളാക്കിയേത്ര എന്നെ. ഗതികേട് കൊണ്ടാണ് ഒടുക്കം എന്നെപ്പറ്റി മേലാവിലേയ്ക്ക് എഴുതിയത് പവിഴം അത്രേ.

എന്തിന് പവിഴത്തിനോട് പരിഭവം.

ഏയ്, എനിക്ക് സങ്കടം ഒന്നുമില്ല. ജീവിതം ഇങ്ങനെയൊക്കെ ആയിപ്പോയി. ഇനി മാറാനൊന്നും പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ നോക്കിയിട്ട് എനിക്ക് ചെയ്യാനാവുന്ന ഒരു നല്ല കാര്യം എഴുത്ത് തന്നെയാണ്. വായിക്കുന്ന ഏവർക്കും സമാധാനം നൽകുന്ന തരം ഒരു കൊച്ചുപുസ്തകം എഴുതുന്നുണ്ട് ഞാൻ.
ജോൺ ത്രൂങ്ങാലി എന്ന ഞാൻ.

വാസ്തവത്തിൽ അത് മുഴുവനായും എന്റേതല്ല. നറ്റാലി ബാബിറ്റ് എന്നൊരു സഹൃദയ എഴുതിയ ഏതാനും കഥകൾ മൊഴിമാറ്റം നടത്തുകയാണ് ഞാൻ. എന്നാലോ അതേ പടിയുള്ള പരിഭാഷയൊന്നുമല്ല. എനിക്ക് ലോകത്തിനോട് എന്തു പറയാനുണ്ടോ, അതെല്ലാം ഇതിൽ കാണും.

ഈ സമാഹാരത്തിന് അന്യാപദേശം എന്നോ മറ്റോ ഒരു പേർ കൊടുക്കുന്നതായിരിക്കും ഉചിതം, ഹഹഹ, അതാരാണ് ആ ഓടിപ്പോവുന്നത്, ഒരു മുള്ളൻപന്നിയല്ലേ. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments