31. അചിരേണ
പാവത്താന്‍ ആ യോഹനാന്‍ കൂടി വിമര്‍ശിച്ചുകളഞ്ഞില്ലേ എന്നെ.
പുസ്തകം എഴുതിത്തീര്‍ന്നപ്പോള്‍ ആദ്യം ഞാന്‍ കരുതിയത് ശീതള്‍ കര്‍ത്താ എന്ന് അറിയപ്പെടാം എന്നാണ്. പക്ഷേ ജാതിവാല്‍ മോശമാണ് എന്ന് പലരും ചൂണ്ടിക്കാണിച്ചു. ഈ യോഹനാന്‍ വരെ.
ശീതള്‍, എനിക്കു തോന്നുന്നത് ആ കര്‍ത്താ വേണ്ട എന്നാണ്. ശീതള്‍ എന്നു മാത്രം മതിയല്ലോ, പ്രസിദ്ധയാവാതിരിക്കുകയൊന്നുമില്ല. പോരെങ്കില്‍ നീ ഒരു പെണ്ണല്ലേ.
അവന്റെ മൊഴിയിലെ ആ കുത്തുവാക്ക് കേട്ടില്ല എന്നു നടിക്കാം. ജാതിവിഷയം മാത്രം പരിഗണിച്ചാല്‍ തന്നെയും ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തുന്നത് എങ്ങനെയാണ്. അഥവാ അത് എന്തിനാണ്.
അതേയ് യോഹനാന്‍, ഞാന്‍ അറിയാഞ്ഞിട്ട് ചോദിക്കുവാ. ഈ ഘോഷ്, ചെക്രൊബൊര്‍തി, ബൊന്ദ്യോപാദ്ധ്യായ എന്നൊക്കെ എന്തൊരു ഉത്സാഹത്തോടെയാണ് ഉരുവിടാറുള്ളത് നിങ്ങള്‍. ചാറ്റര്‍ജീ മുതലായ വകഭേദങ്ങളെപ്പററി ആധികാരികമായിട്ടൊക്കെ വിസ്തരിക്കും. എന്നിട്ട് തമ്പി, നമ്പ്യാര്‍ എന്നൊക്കെ കേട്ടാലോ? കോപിഷ്ഠരാവും.
മേല്‍ക്കോയ്മ കാട്ടി ഊറ്റം കൊള്ളാനൊന്നുമല്ലല്ലോ. എനിക്കെന്ത് മതവിശ്വാസം. കേള്‍ക്കാന്‍ കൊള്ളാവുന്ന ഒരു തൂലികാനാമം ആണ് എന്നു തോന്നിയതുകൊണ്ടല്ലേ അങ്ങനെ ഒന്ന് എടുത്തത്. ലോകം മുഴുവനും മുന്നില്‍ കണ്ടിട്ടുവേണ്ടേ ഇപ്പോള്‍ പേരൊക്കെ തിരഞ്ഞെടുക്കുക. അപ്പോള്‍ ശീതള്‍ എന്നു പോരല്ലോ അത് - ഒരു സാര്‍വ്വലൗകികസ്വഭാവം വേണ്ടേ.
ഒടുക്കം പിന്നെ എന്തോ ആവട്ടെ എന്നു വിചാരിച്ചു. മലയാളത്തില്‍ എഴുതാന്‍ ശീതള്‍ എന്നു മതി. ധാരാളം. ലോകനിലവാരത്തിലേയ്ക്ക് ഉയരുമ്പോള്‍ സിറ്റൽ കര്‍റ്റോ ആവാം.
എന്നാലും ആ പഞ്ചപാവം കൂടി ഒരു വിധി കല്പിച്ചില്ലേ എന്റെ മേല്‍. എന്തിനുകൊള്ളാം ഇനി എന്നെ. എങ്ങനെ മാററും ഈ ക്ഷീണം.
ഇത്തരം നിഷ്‌കളങ്കന്മാര്‍ക്കെല്ലാം എന്നോട് ഒരു ചായ്വ് ഉണ്ട് എന്നും തോന്നുന്നുണ്ട്. മറ്റൊരാള്‍ കണ്ടില്ലേ ഇന്നലെ വന്ന് ചില രഹസ്യങ്ങള്‍ പങ്കുവെച്ചിട്ട് പോയത്.
കിരണ്‍ പക്ഷേ നിര്‍മ്മലനാണോ അതോ അങ്ങനെ നടിക്കുന്നതാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാനാവുന്നില്ല. അതിനാല്‍ അതിനുവേണ്ടി പ്രത്യേകിച്ച് ബുദ്ധിമുട്ടുകയൊന്നും വേണ്ട എന്ന് നിശ്ചയിച്ചു ഞാന്‍.
ആറേകാല്‍ അടി കാണും ഉയരം. രോമേശനാണ് - നല്ല മീശയും മുടിയും. ചിലപ്പോള്‍ കുറേശ്ശെ താടി വെച്ചിട്ടും കാണാം. ഓരോരോ പരീക്ഷണങ്ങള്‍ ചെയ്തുകൊണ്ടിരിക്കും എപ്പോഴും. ഒരിക്കല്‍ തല മുണ്ഡനം ചെയ്തു നടക്കുക പോലുമുണ്ടായി. തീക്ഷ്ണമായ കണ്ണുകളാണ്. പക്ഷേ ഇപ്പോഴത്തെ സാധാരണ യുവാക്കളെപ്പോലെ അൽഫാ മെയ്ല്‍ ആണെന്നു തോന്നിപ്പിക്കാന്‍ ബലം പിടിക്കുകയോ പരുക്കനായി പെരുമാറുകയോ അട്ടഹസിക്കുകയോ ഒന്നുമില്ല. ഇത്തിരി കൊഞ്ചിക്കൊണ്ടാണ് അവന്‍ സംസാരിക്കുക.
എന്റെ നിരീക്ഷണം ഇതാണ്. വല്ലാത്ത ഒരു ലിബീഡോ ആണ് അവനെ ഭരിക്കുന്നത്. ആരുമായി ഇണ ചേരാനും അവന്‍ മടിക്കില്ല. മലവിസര്‍ജ്ജനം പോലെ ഒരു ദിനചര്യ മാത്രമാണ് അവന് അത്. പ്രായത്തില്‍ മേലെയായവളാണോ അസുഖമുള്ളവളാണോ അംഗലാവണ്യമില്ലാത്തവളാണോ - അതൊന്നും അവന് തടസ്സമാവില്ല, അഗമ്യഗമനം എന്ന ഒരു പ്രശ്‌നമേയില്ല അവന്റെ മുന്നില്‍. മറ്റേയാള്‍ക്ക് ആവശ്യമുണ്ട് എന്നു തോന്നിയാല്‍ അവന്‍ ഉത്തോലകം നല്‍കും.
ഉപോല്‍ബലകം എന്നാല്‍ എന്താണാവോ ...
അമ്മയോടൊപ്പം ഒറ്റയ്ക്ക് താമസിക്കുകയാണ് കിരണ്‍. സി ഫൈവ് ഒറ്റ കിടപ്പുമുറിയുള്ള ഒന്നാണ്. അവന്റെ പ്രകൃതം വെച്ചു നോക്കുമ്പോള്‍ അമ്മയുടെ ഒപ്പമായിരിക്കണം അവന്‍ ഇപ്പോഴും ഉറങ്ങുന്നത്.
മൊംസീ - എത്ര പെപി ആയി നില്‍ക്കുന്നു എന്റെ ഇത് എന്ന് നോക്ക് ഇപ്പോ ... നോക്കിക്കേ മൊംസീ, കഴിഞ്ഞ കൊല്ലം ഒക്കെ എന്തൊരു ഡ്രൈവ് ആയിരുന്നു എനിക്ക് എപ്പളും എന്നറിയാമോ. ഇപ്പോ ഞാന്‍ മൊംസീടെ കൂടെ കുറേ കഴിച്ചു എന്നു വിചാരിക്ക്. എന്നിട്ട് കം വന്നു. എന്നാല്‍ പിന്നെയും അപ്പോ തന്നെ സ്റ്റിഫ് ആവും മൊംസീ ഇത് ... പക്ഷേ ഇപ്പോ ഞാന്‍ ഒരിക്കല്‍ വാന്‍ക് ചെയ്തിട്ട് അപ്പോതന്നെ എണീറ്റ് നില്‍ക്കുന്നില്ല ഇത് .... എനിക്ക് വയസ്സാവുന്നതാണോ മൊംസീ - ഉം?
കിഡ് അങ്ങനെ കൊഞ്ചിയാല്‍ നാല്പത്തിയേഴുകാരി മൊംസീ ഞെട്ടുമോ. ഈശ്വരാ, എന്റെ ഇള്ളക്കുട്ടി പക്വത പ്രാപിക്കുന്നതേയില്ലല്ലോ എന്ന് പ്രാകുമോ. എന്തു വന്നാലും മൊംസീ അവനെ ഉപേക്ഷിക്കില്ല എന്നു മാത്രം തീര്‍ച്ചയാണ്.
അവന് പക്ഷേ ശീതള്‍ കര്‍ത്താ എന്നത് ഇഷ്ടപ്പെട്ടു.
ഇടയ്ക്ക് വരും ഇങ്ങോട്ട്. ചില സഹായങ്ങളൊക്കെ ചെയ്തു തരാറുണ്ട്. ചിലപ്പോള്‍ ഓൺലൈന്‍ കിട്ടാത്ത എന്തെങ്കിലും വാങ്ങിക്കൊണ്ടുവന്നു തരും. അടുത്തു പെരുമാറേണ്ടി വരുമ്പോള്‍ അവന്റെ ഉള്ളിലെ ഊക്ക് മനസ്സിലാക്കാന്‍ പറ്റും.
നിന്റെ ഉള്ളില്‍ നല്ല വയലെന്‍സ് ഉണ്ട് കിരണ്‍. എനിക്ക് അത് ഫീല്‍ ചെയ്യാം. അത് അഴിച്ചു വിട്ടില്ലെങ്കില്‍ നിനക്ക് വീര്‍പ്പുമുട്ട് ഉണ്ടാവും. നീ എന്തെങ്കിലുമൊക്കെ ചെയ്യണം കിരണ്‍.
ചേച്ചി, ഞാന്‍ റെയ്‌സര്‍ ആയിരുന്നു. റ്റോപ് എത്തി വരുമ്പോ ഒന്ന് വീണു. ഒരുത്തന്‍ ചതിച്ചതാ ശരിക്കും. ഞരമ്പില്‍ പരുക്ക് പറ്റി. അപ്പോ നിര്‍ത്തി ഞാന്‍ അത്. ഞാന്‍ ബൈക് എടുക്കുന്നതു തന്നെ മൊംസീക്ക് ഇഷ്ടമല്ല, കുറേ കരയും മൊംസീ. ഇനി എന്തു ചെയ്യും എന്നറിയില്ല ചേച്ചീ.
അമിതോര്‍ജ്ജം ചെലവഴിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തണം എന്ന് ഉപദേശിച്ചതു കേട്ടിട്ട് അവന്‍ അതുമായി എന്റെ നേരെ തന്നെ തിരിഞ്ഞാല്‍ പെടുമേ. ശീതള്‍ സ്വയം ശാസിച്ചു. സദാചാരബോധമൊന്നും ഇല്ലാത്ത കുട്ടിയാണ്. ഇന്നയിന്നതെല്ലാം പാടില്ല എന്നൊന്നും അവന് ഇല്ലല്ലോ. വാ ചേച്ചി, നമുക്ക് കളിക്കാം - ഒത്തിരി കാലറീസ് എനിക്ക് ബേണ്‍ ചെയ്യാനുണ്ട് എന്നും പറഞ്ഞ് എന്നെ തൂക്കിയെടുത്ത് മെത്തയിലേയ്‌ക്കെറിഞ്ഞ് - ശ്ശ്യോ, സൂക്ഷിക്കണേ ശീതള്‍.
അവന്റെ കഥ അവിടെ കിടക്കട്ടെ. ഞാങ് എന്ന ഏകാധിപതിയുടെ ചരിത്രം എഴുതാനില്ലേ എനിക്ക്. അയാളുടെ ധര്‍മ്മസങ്കടം ഇപ്പോള്‍ എന്താണെന്നറിയാമോ. കടക്കെണിയിലൂടെ അയാള്‍പിടിച്ചടക്കിയ രാജ്യങ്ങളെല്ലാം ചേര്‍ന്നുള്ള സാമ്രാജ്യത്തില്‍ ആകെ 333 കോടിയുണ്ട് ജനസംഖ്യ. അത് എങ്ങനെയെങ്കിലും 33 കോടിയാക്കി കിട്ടിയാല്‍ ദാരിദ്ര്യം ഇല്ലാതെയാവും. എന്നാലോ 333 കോടി ജനങ്ങളുടെ അധിപന്‍ എന്ന പദവി അയാള്‍ക്ക് നഷ്ടപ്പെടുത്താനും വയ്യ.
പെണ്ണുങ്ങളെല്ലാം ഒരു സേനയില്‍ ചേരണം. സുന്ദരിമാര്‍ അയാളെ പരിചരിക്കാനായി ഊഴമിട്ട് കൊട്ടാരത്തിലെത്തണം. കന്യകമാര്‍ക്ക് എന്നും മുന്‍ഗണന.
പ്രജകള്‍ക്ക് രാവിലെ ഉണര്‍ന്നാല്‍ ചൊല്ലാനായി ഞാങ് ഞാങ് ഞാങ് എന്ന് ഭജിച്ചു കൊണ്ടുള്ള ഒരു ദേശീയഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
വല്ലാത്ത ഒരു പുസ്തകമാവും. അത് നേരെ ലോകസാഹിത്യത്തിലേയ്ക്ക് വിടാം. യുനിവെഴ്‌സല്‍ ബെസ്റ്റ്‌സെലര്‍. ഒരു വലിയ തുക മുന്‍കൂറായി തരാന്‍ തയ്യാറായിരിക്കുന്നവര്‍ ഉണ്ട്.
ഹെല്‍സിന്‍കീ, ല്യുഷേണ്‍, കൊള്‍ണ്‍, ഷമോനീ, സ്ലൊവേനിയ, സാഡീനിയ, റ്റസ്കനി എന്നിവിടങ്ങളിലൊക്കെ മാറിമാറി താമസിക്കാന്‍ പറ്റണം.
ഈയിടെ ഒരു പിന്നണിഗായികയെ പരിചയപ്പെട്ടു - സുമംഗലാ താങ്കള്‍. ജാതിപ്പേരാണേത്ര ആ താങ്കള്‍. ശ്ശ്യോ, എന്തൊരു രസം - അല്ലേ. ഞാന്‍ ഒരു താങ്കള്‍ ആയിരുന്നെങ്കിലോ അങ്ങനെ. ശീതള്‍ താങ്കള്‍. ആര്‍ക്കും അത് മനസ്സിലാവുകയുമില്ലല്ലോ.
എന്തിന്, അതൊക്കെ ഞാന്‍ മലയാളത്തിലേയ്ക്ക് മടങ്ങി വരുന്നുണ്ടെങ്കിലല്ലേ.
സിറ്റൽ കര്‍റ്റോ ഇതാ ചിറകുവിരിച്ച് പറക്കാന്‍ ഒരുങ്ങുന്നു. മാറിനില്ക്കിന്‍ താങ്കള്‍, അനാവശ്യമേഘങ്ങളേ.
▮
അഞ്ജസാ അഥവാ അചിരാത്
സവാരി പോയിരുന്നു വന്യ
മൃഗസങ്കേതത്തിലൂടെ
രാത്രി പലപ്പോഴും.
ആനകളനവധി, മാനും
കാട്ടുപോത്തും പന്നിയും മുയലും -
ഇവരില്‍ മുയല്‍ പാത
മുറിച്ചുകടന്നോടുന്നതു
കാണാനാണേററവും കൗതുകം,
ജീവനും കയ്യില്‍ പിടിച്ചു
കൊണ്ടാണോടിപ്പോവുന്നതെന്നു
തന്നെ തോന്നും കണ്ടാല്‍.
വാഹനത്തിനു തൊട്ടു
മുന്നില്‍ വന്നു പെട്ടാല്‍
കിടുങ്ങി മുള്ളന്‍പന്നിയുടെ
മുള്ളുകളങ്ങോട്ടു മലര്‍ന്നു
വിരിയുന്നതു കാണാനും.
എന്നാലെനിക്കേറ്റവും കൊതി
കരടിയെ കാണാനത്രേ.
ഒരു കരടി പിച്ചാ പിച്ചാ
നടന്നു പോവുന്നതു കാണണം
ഒരിക്കലെങ്കിലും, പാതയിലെ
വെളിച്ചത്തില്‍ നിന്നു സാവകാശം
ഇരുളിലേയ്ക്കതു മറയട്ടെ.
കിടുവ മൂങ്ങ പുലികളെയൊന്നും
കണ്ടുമുട്ടിയില്ലെങ്കിലും സാരമില്ല
ഒറ്റ കരടിയെങ്കിലും - ദയവായി?
▮
കാട്ടുപോത്തിനെ വെടിവെച്ചു
കൊന്നുതിന്ന കുറ്റത്തിലൊന്നാം
പ്രതിയെങ്ങനെയൊരു
സസ്യഭുക്കായി -
ഒന്നിച്ചായിരുന്നവിടെ വെപ്പും തീനും
ഞങ്ങളേഴുപേര്‍.
ഇറച്ചി കുറച്ചൊന്നുമല്ലല്ലോ,
പോത്തിനെ കൊന്നവര്‍
കൊണ്ടുപോവാനാവുന്നത്രയെടുത്തു,
കുറച്ചവിടെ ബാക്കിയുണ്ടെന്നാരോടോ
പറഞ്ഞേല്പിച്ചു, അങ്ങനെയാണതു
ഞങ്ങളുടെ താവളത്തിലെത്തുന്നതും മറ്റും ...
എങ്ങനെയോ വിവരമറിഞ്ഞു
നിയമം പാഞ്ഞെത്തിയതും
മിശ്രഭുക്കുകളാറും പിടഞ്ഞെണീറ്റോടി
ഞാന്‍ മാത്രം പിടിയിലായി.
ഇതെന്തു ന്യായം, ഒന്നാം
പ്രതിയൊരു പച്ചക്കറിയോ.
അങ്ങനെയാണവരെന്നെ
വിളിക്കുക, അറിയാമല്ലോ.
ഇനിയെങ്ങാനുമാ കള്ളത്തോക്ക്
എന്റേതാണെന്നു വരുത്തുമോ,
വകുപ്പിനല്ലേ കളിയറിയാവൂ.
▮
കൂറ്റനൊരു കടലാമ
നനഞ്ഞൊലിക്കുന്ന കണ്ണുമായി
പൊടുന്നനെ എന്റെ മുന്‍പാകെ.
വരൂ, എന്റെ പുറത്തു കയറൂ
നമുക്കു കടലിലൊരു
സവാരി പോവാം, എന്റെ മേലെ
അമര്‍ന്നിരിക്കണമെന്നേയുള്ളൂ.
അയ്യോ വേണ്ട, ഞാന്‍
നന്ദിപൂര്‍വ്വം നിരസിക്കുന്നു ക്ഷണം.
പേടിക്കേണ്ടതില്ല, എനിക്കു നീയല്ല
മൂന്നോ നാലോ പേരെ നിഷ്പ്രയാസം
വഹിച്ചു നീന്താനാവും.
ഓ, അങ്ങനെയോ!
സത്യം, ഞാനൊരു
ഉഭയജീവിയാണെന്നതുപോലെ പരമാര്‍ത്ഥം.
പക്ഷേ എനിക്കെന്തോ, നിന്റെ
പുറത്തേറാനൊരു മടി -
അതു ദുരുപയോഗമല്ലേ എന്നു ശങ്ക.
എനിക്കൊരു തത്തമ്മയെ അറിയാം,
വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതായി.
പക്ഷേ ഒരിക്കലും ഞാനങ്ങനെയല്ല തന്നെ.
അതു നന്നായി ചങ്ങാതീ.
കുഞ്ഞേ, നിന്റെ മുതുമുത്തച്ഛനാവാനുള്ള
പ്രായമുണ്ടെനിക്കെന്നറിയാമോ.
എന്റെ നാന്നൂറ്റിനാലാം പിറന്നാളായിരുന്നു.
ഇന്നലെ, എന്നിട്ടും നോക്കൂ
എത്ര നന്നായി വിഹരിക്കുന്നിപ്പോഴും ...
▮
വിശ്വസിക്കാമോ
ഒരാന വിടാതെ
പിന്‍തുടരുകയായിരുന്നുവെന്നെ-
തുരത്തുകയായിരുന്നു
പറഞ്ഞാലെങ്കിലും....
അതെ, കാടിനടുത്താണു താമസം-
തൊട്ടുപിന്നാലെയാന,
ഇടയ്ക്കാന തുമ്പിക്കൈ നീട്ടി
മുന്നിലേയ്‌ക്കെറിഞ്ഞെന്നെയൊന്നു
തോണ്ടി, തുടര്‍ന്നാന.
മരപ്പൊത്തിലും പോടിലുമൊളിച്ചു
തെല്ലിട, വെള്ളത്തില്‍ ഞാന്‍ ചാടുമ്പോള്‍
എനിക്കായിട്ടാന ക്ഷമിച്ചു കാത്തു നിന്നു.
അതിനിടയ്‌ക്കെപ്പോഴോ ഒരു
കൊലകൊമ്പെന്റ കടംകഥ
പോലും ഞാനോര്‍ത്തു - എവിടെ
കണ്ടെത്താമൊരൊററയാനെ?
സാരമില്ല, അതു നിന്നെ
കണ്ടുപിടിച്ചുകൊള്ളും.
പക്ഷേ മറ്റെന്തോ കുഴപ്പമില്ലേ, ഇടയ്ക്കാന
മറക്കുന്നു അവനെന്നെ ഓടിക്കുകയാണെന്നും
എന്നെ ചവിട്ടിക്കൊല്ലേണ്ടതാണെന്നതുമെല്ലാം
ശരിക്കുമൊരൊററയാനല്ലെന്നുണ്ടോ ഇദ്ദേഹം ...
കഥ പറയാനായി
ഞാനവശേഷിക്കുന്നതിലും
ഇല്ലേയൊരതിശയം!
▮
മൃതിയില്‍ നീ മുഴുകവേ.
ആ പ്രയോഗം ശരിക്കും ഏറ്റു. വിശേഷിച്ച് ഒരു കവി മരിക്കുമ്പോള്‍ ഉപയോഗിക്കാവുന്ന ഏറ്റവും കാവ്യാത്മകമായ തലവാചകമല്ലേ. വേണമെങ്കില്‍ സ്വച്ഛന്ദമൃത്യു കൂടി അതില്‍ ചേര്‍ക്കാമായിരുന്നു.
അതുപക്ഷേ ത്രൂങ്ങാലിയോട് അത്ര ബഹുമാനം തോന്നിയിട്ടൊന്നുമല്ല ഞാന്‍ എഴുതിയത് എന്ന് ആ കുറിപ്പ് മുഴുവനായും വായിച്ചവര്‍ക്ക് മനസ്സിലാവും. പെട്ടെന്ന് വീണുകിട്ടിയ ആ രസികന്‍ വാക്യം പ്രയോഗിക്കാന്‍ പററുന്ന ഒരു സന്ദര്‍ഭം ഇനി ഉണ്ടായി എന്നു വരില്ല എന്നു തോന്നി എന്നേയുള്ളൂ.
പിന്നെ, കിടക്കട്ടെന്നേ - ബൃഹദാഖ്യാനങ്ങളുടെ കാലത്തിലെ അവസാനത്തെ ഒരു കണ്ണിയല്ലേ.
മറ്റൊന്നു കൂടിയുണ്ട്, എന്റെ ചെറിയച്ഛന്‍ (അതോ അച്ഛന്‍ തന്നെയോ!) മഹാകവി ഫെറോക് മരിച്ചതും ഇങ്ങനെ വഴിയില്‍ കിടന്നുകൊണ്ടാണല്ലോ. ഏകദേശം നിര്‍മ്മമനായിട്ടല്ലേ ഞാന്‍ അതിനെ വീക്ഷിക്കാറുള്ളത്. മറ്റൊരു മുതിര്‍ന്ന കവിയോട് ഞാന്‍ കാണിച്ച ഹീനമായ ഒരു മര്യാദകേട് കണക്കിലെടുത്തിട്ടു കൂടിയാവാം ഈ ത്രൂങ്ങാലിയുടെ കാര്യത്തില്‍ എന്റെ ഉള്ളില്‍ ഒരു മൃദുസമീപനം ഉളവായത്.
അയാളുടെ ചെകുത്താന്‍ കഥകള്‍ കൗതുകപ്രദം തന്നെ.
ഒരുപക്ഷേ അത് എഴുതാന്‍ വേണ്ടിയാവാം അയാള്‍ ഇത്രകാലം നിന്നതു പോലും. തനിക്ക് അവസാനമായി ഒരു ദൗത്യം നിര്‍വ്വഹിക്കാനുണ്ട് എന്നതു മാതിരി. അവ ഒന്നിച്ച് ഒരു പുസ്തകമായി വരുമായിരിക്കും.
ഞാന്‍ സ്വയംഭൂ ചെകുത്താന്‍ ...
ഡെവിള്‍ ഫൈര്‍ എന്ന കളിയില്‍ അഗ്രഗണ്യനായ ഒരാളെ പരിചയപ്പെട്ടു ഇന്നലെ. കിരണ്‍ കര്‍ത്താ. എന്റെ പേര്‍ പ്വൊളി ആണെന്ന് അവന്‍ ശ്ലാഖിച്ചു. അവനുമായി സംസാരിച്ചപ്പോള്‍ കാലത്തിന്റെ പോക്ക് ഒന്നുകൂടി വ്യകതമായി.
അനിമേ മുഖേന ലോകം കീഴടക്കുക എന്നത് സാദ്ധ്യമാണെന്ന് ആരെങ്കിലും സങ്കല്പിച്ചിട്ടുണ്ടോ മുമ്പ്. നമ്മളൊക്കെ പുലരുന്നത് ഏതൊക്കെയോ അരികുകളിലാണ്. മുഖ്യധാര എന്നത് എന്താണെന്നുപോലും എന്നെപ്പോലുള്ളവര്‍ അറിയുന്നില്ല എന്നു തോന്നുന്നു.
വേറെ ഉലകം - അല്ല, ഉലകങ്ങള്‍ തന്നെ ഉണ്ട് എന്നല്ലേ. ഇവനോട് ചോദിച്ചു നോക്കൂ. ല്യൂഡോ പോലുള്ള കളികളില്‍ നിന്നു വരെ കാശുണ്ടാക്കുന്നു ഇവനെപ്പോലുള്ളവര്‍. അര ലക്ഷമൊക്കെയാണ് കളിച്ചിട്ട് ഒററയടിക്ക് കിട്ടുന്നത് ഇവന് ചിലപ്പോള്‍.
ഒരു കൂസലുമില്ലാത്ത പയ്യന്‍. ഇതില്ലായിരുന്നെങ്കില്‍ ജിഗലോ ആയി മാറുമായിരുന്നു അവന്‍. മൂല്യങ്ങളെക്കുറിച്ചുള്ള ആധിയൊക്കെ പഴഞ്ചന്മാര്‍ക്കല്ലേ ഉള്ളൂ.
പിന്നെ എന്നെപ്പോലുള്ളവര്‍ മുന്‍ഗാമികളെ പരിഹസിക്കുന്ന പതിവുണ്ടായിരുന്നു. ഇവര്‍ക്കൊന്നും പക്ഷേ അത്തരം ലക്ഷ്യമൊന്നും ഇല്ല. നമ്മള്‍ എന്തായാലും അവര്‍ക്കെന്ത്. നമ്മള്‍ തന്നെയില്ല അവരുടെ പ്രപഞ്ചത്തില്‍.
ഉഡായിപ്പ്, ചങ്ക്, മയില് എന്നീ വാക്കുകളൊന്നും ഒരിക്കലും ഉച്ചരിക്കില്ല എന്നു ശാഠ്യം പിടിച്ചിരുന്നിട്ടൊക്കെ എന്തു കാര്യം.
ഇവനു പക്ഷേ സ്വല്പം മനുഷ്യപ്പറ്റുണ്ട്. കൊഞ്ചിക്കൊഞ്ചിയാണ് വര്‍ത്തമാനം . ഒന്ന് ചിരിച്ചു കാണിച്ചപ്പോഴേയ്ക്കും എന്നെ അവന്‍ അന്‍ക് ആക്കി.
അന്‍ക് - ഗെയ്മിങ് കമ്യൂണ്‍ കുറേ കുറേ ഹ്യൂജ് ആണ് ഇപ്പോള്‍. ആ ഫോണ്‍ നോക്കി കുന്തിച്ച് ഇരിക്കുന്ന പിള്ളേര്‍ എല്ലാവരും പോണ്‍ കാണുകയൊന്നുമല്ല, കാശുണ്ടാക്കുകയാണ്. നിങ്ങള്‍ക്കൊന്നും അത് മനസ്സിലാവില്ല എന്നേള്ളൂ. റ്റിൻറിൻ അവന്റെ മംമായോട് പറയുവായിരുന്നു - മംമാ, എനിക്ക് ഒരു നല്ല ഫോണ്‍ വാങ്ങിത്തന്നാല്‍ ഞാന്‍ ഒത്തിരി പണമുണ്ടാക്കാം. മംമായ്ക്ക് വേണമെങ്കില്‍ ഇരുപത്തിയേഴ് കോടി വിലയുള്ള ഒരു കാര്‍ വാങ്ങിത്തരാം ഞാന്‍... അത് കേട്ടാല്‍ എന്താണ്, നിങ്ങളൊക്കെ കളിയാക്കുകയല്ലേ ചെയ്യുക. പഷേ അന്‍ക്, ട്രൂ ആണ് അത്. കുറേ കളിക്കാത്ത എനിക്ക് കിട്ടും കാല്‍ലക്ഷം - അറിയാമോ, അതും ബാന്‍ ചെയ്ത സബ്ജി എന്ന ഗെയ്ം കളിച്ചിട്ട് -
അതൊക്കെ പോട്ടെ, കിരണ്‍ - ഇതു പറ ... നിനക്കൊക്കെ ആരോടെങ്കിലും സ്നേഹമോ അങ്ങനെ എന്തെങ്കിലും ഇഷ്ടമോ തോന്നാറുണ്ടോ. ഉദാഹരണത്തിന് ഒപ്പം കളിക്കുന്ന ഒരു ബ്രോ അല്ലെങ്കില്‍ അമ്മയോടോ പെണ്‍കുട്ടികളോടോ -
ഓ. ഉണ്ടല്ലോ അന്‍ക്. ഇപ്പോ തന്നെ നോക്കൂ - അന്‍ക് എന്നോട് ക്ലോസ് ആയില്ലേ. കളി പഠിപ്പിച്ചു തരാന്‍ ഇപ്പോള്‍ അന്‍ക് എന്നോട് ചോദിച്ചാല്‍ ഞാന്‍ ഹെല്‍പ് ചെയ്യില്ലേ - ഷ്യോര്‍!
അതല്ല കിരണ്‍ - അതല്ലാതെ. കളി വിടൂ, കാര്യം എടുക്കൂ. ഇപ്പോള്‍ ഞാന്‍ പെട്ടെന്ന് തലകറങ്ങി വീണു ഇവിടെ എന്നു വിചാരിക്കൂ, എന്തു ചെയ്യും നീ.
ഏയ്, എന്താണിത് അന്‍ക് - അന്‍ക് എന്റെ മൊംസീടെ ഏട്ടനെപ്പോലെ ബ്ലാ ബ്ലാ ... വെണമെങ്കീ അന്‍ക് ഒന്നു വീണു നോക്ക് ഇപ്പോ. കോരിയെടുത്ത് കൊണ്ടുപോയി ആശുത്രീല്‍ ഡംപ് ചെയ്യില്ലേ ഞാന്‍.
▮
അംശുമാന് പെട്ടെന്ന് താന്‍ ഒരു മുത്തശ്ശിയായി രൂപാന്തരം പ്രാപിച്ചതു പോലെ തോന്നി. തോടയിട്ട കാതുകളും പല്ലില്ലാത്ത മോണകളും തൂങ്ങിയ മുലകളുമുള്ള ഒരു കിഴവി. എന്തു ചെയ്യാന്‍, പണ്ടത്തെ ഒരു കലാപകാരിയാണ് മുത്തിയമ്മന്യായവുമായി ഈ കുത്തിയിരിക്കുന്നത്. ഗതികേട്.
പോയി തുലയേണ്ടതല്ലേ ഞാന്‍…
ഇന്നാളൊരിക്കല്‍ വരുണന്റെ പതിനേഴുകാരന്‍ മകന്‍ കുഴഞ്ഞു വീണു മരിച്ചു എന്നു കേട്ടപ്പോള്‍ നടുങ്ങിയതാണ്. ഗംഭീരമായി ചിത്രം വരയ്ക്കുന്ന കുട്ടി. പല പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. അറിയുന്ന എല്ലാവരെയും ആ വിയോഗം വല്ലാതെ വിഷമിപ്പിച്ചു.
ആരോ നിര്‍ബന്ധിച്ചിട്ട് ഞാന്‍ ഒരു കുറിപ്പും എഴുതി അന്ന്. ഛേ, നമ്മളൊക്കെയല്ലേ മരിക്കേണ്ടത്. അത് വൈറല്‍ ആയി എന്നെല്ലാം കേട്ടു.
ഇതാ, ഇപ്പോള്‍ കിട്ടിയല്ലോ മറ്റൊരു നല്ല തലവാചകം. പോയി തുലയേണ്ടതല്ലേ ഞാനൊക്കെ. തലമുറകളുടെ വിടവ് എന്ന വിഷയം ഒരു നല്ല വില്പനച്ചരക്കല്ലേ എന്നും.
പെട്ടെന്ന് വയസ്സനായല്ലോ ഞാന്‍ ...
(തുടരും)