ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

11. ഇടതോരം

രവി

തു വശത്തുകൂടിയാണ് ഒരാൾ നടക്കേണ്ടത്.

ഇപ്പോൾ അത് ഒരു വിഷയമല്ല എന്നുണ്ടോ.
എന്റെ കുട്ടിക്കാലത്ത് ഞാൻ ആദ്യം കേട്ടത് പാതയുടെ വലതോരം ചേർന്നു നടക്കണമെന്നായിരുന്നു. പിന്നെ എപ്പോഴോ ഇടത്ത് എന്നു കേട്ടു.
പിന്നെപ്പിന്നെ ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ ഒന്നും കേൾക്കാനില്ല എന്നായി.

നടക്കുന്നവർ ഇല്ലാതായതുകൊണ്ടാവാം ഒരുപക്ഷേ?

ഘോഷിക്കുന്നുണ്ടല്ലോ നമ്മുടെ മഹത്തായ പുരോഗതി എന്ന്. എത്ര വാഹനങ്ങളാണ് ഇപ്പോൾ ഓരോ ഇടത്തരം വീട്ടിൽ പോലും. ഇന്ധനത്തിന്റെ വില എത്ര കൂടിയാലെന്ത്.

മെക്‌സികോ എന്ന് ആവേശം കൊള്ളും, എന്നാലോ ജീവിതനിലവാരം മെരികാ പോലെയും.

വെറുതേ പൂട്ടിക്കിടക്കുന്ന നല്ല വീടുകൾ ഇത്രയേറെ ലോകത്ത് വേറെ എങ്ങും കാണില്ല.

ഒരു പത്തുമുപ്പതു കൊല്ലം ഓർത്തു നോക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ അത് ചെയ്തു നോക്കുക.

ഈ കാലഘട്ടത്തിൽ എപ്പോഴെങ്കിലും എന്തെങ്കിലും നിർമ്മാണപ്രവർത്തനം കാരണം ഗതാഗത തടസ്സം നേരിടാതെ ഒരു വലിയ യാത്ര നിങ്ങൾക്ക് റോഡ് വഴി സാധിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ ഒന്ന് കൈ പൊക്കാമോ - ഏതെങ്കിലും ഒരു കൈ.

എവിടെ തിരിഞ്ഞുനോക്കിയാലും വികസനം.
എന്നാൽ ഇതിന്റെ പിന്നിലുള്ള കള്ളക്കളികളോ. ഒരു കൊല്ലം തികച്ചും നിൽക്കാത്ത വിധത്തിലേ ഈ നിർമ്മിതി എല്ലാം പാടൂ എന്നുണ്ട്. അടുത്ത കൊല്ലവും വേണ്ടേ അഴിമതിക്കുള്ള അവസരങ്ങൾ. ചൂണ്ടിക്കാണിക്കാൻ എപ്പോഴും പുതിയ നേട്ടങ്ങൾ വേണ്ടേ.

ഞാൻ പഠിക്കുന്ന കാലത്ത് എപ്പോഴും കടന്നുപോവുമായിരുന്ന ഒരു കവലയിൽ കണ്ണായ ഒരിടത്ത് ഒരു മാളിക ഉണ്ടായിരുന്നു. വെറും ഒന്ന് എന്നല്ല, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരെണ്ണം. ഒരു ഒന്നൊന്നൊര കൊല്ലം കൂടുമ്പോൾ അതിന്റെ ഉടമസ്ഥൻ അത് പൊളിച്ച് ഉടനടി അവിടെ വേറെ പുതിയ ഒന്ന് പണിതുയർത്തും. ഓരോന്നും ഒന്നിനൊന്നു മികച്ചത്. വലിയ ഒരു കള്ളക്കടത്തുകാരനായിരുന്നു അതിന്റെ മുതലാളി എന്ന് കേട്ടിരുന്നു എന്നുമാത്രം, ഒരിക്കലും ആളെ കണ്ടിട്ടില്ല.
എന്തായാലും കൺകുളിർക്കേ നോക്കിനിൽക്കാം നമുക്ക്. മാറിമാറി ഉയർന്നുവന്ന ഒരു കെട്ടിടവും മോശമായിരുന്നില്ല. കാണുന്ന ഏവർക്കും ആനന്ദം മാത്രമേ അത് നൽകിക്കാണൂ. അസൂയ തോന്നേണ്ട കാര്യം ആർക്കുമില്ലല്ലോ. കലാഭംഗി ആസ്വദിക്കുക മാത്രമല്ലേ വേണ്ടൂ.

ആർക്കും ഒരു ചേതവുമില്ല, ശരിയല്ലേ. കള്ളക്കടത്തിൽ നിന്നുണ്ടാക്കുന്നതാണെങ്കിലും അയാളുടെ സ്വന്തം കാശ്. വീട് മാറ്റി പുതുക്കുമ്പോൾ കുറേ പേർക്ക് തൊഴിലും കിട്ടുന്നു.
പക്ഷേ ഒരു സർക്കാർ ഇത്തരം ധൂർത്ത് ചെയ്താലോ.
നമ്മുടെ നികുതിപ്പണം കൊണ്ടാണെങ്കിൽ ദ്രോഹം. അതിലുമപ്പുറം കടം വാങ്ങിയ പണം കൊണ്ടാണെങ്കിലോ അത്...

മുഴങ്ങിക്കേൾക്കുന്ന ഒരു ഗീർവാണം ഇടതുപക്ഷം നാം എന്നതാണ്.
ഹ ഹ ഹ, അപ്പോൾ ഏതാണ് ഇവിടെ വലതുപക്ഷം.
ഭൂരിപക്ഷം, ന്യായപക്ഷം, പ്രതിപക്ഷം എന്നിങ്ങനെ ചില വാക്കുകളും വ്യവഹാരത്തിലുണ്ടല്ലോ.

എന്നുമല്ല, ഈ ഇടതും വലതും തമ്മിലുള്ള വലിയ അന്തരം എന്താണ്?
ചന്തി പോലെ തന്നെയല്ലേ, ഇടതായാലും വലതായാലും ചന്തി.

ഏയ്, ആ അവയവത്തെ പുച്ഛിച്ചുതള്ളിയതൊന്നുമല്ല. ചരിത്രത്തിൽ ഏതോ രണ്ടു രാഷ്ട്രങ്ങൾക്കിടയിൽ അസ്വാരസ്യമുണ്ടായപ്പോൾ ഏതോ ഒരു കൂട്ടരുടെ പട്ടാളം മറ്റവർക്കു നേരെ ചന്തി തുറന്നുകാണിക്കുക കൂടി ഉണ്ടായിട്ടുണ്ട് എന്ന് അറിയാം. പക്ഷേ ഞാൻ നിന്ദിക്കില്ല ചന്തിയെ...

എന്നാൽ ചന്തിയെ വിടാം.
ഇടതും വലതും തമ്മിൽ എന്തു തന്നെയുണ്ട് വ്യത്യാസം, പോർ കൊങ്ക പോലെ തന്നെയല്ലേ, രണ്ടും സമാസമം - എന്നാക്കാം മൊഴി. കൊങ്കകളുടെ ആരാധകർ പോരിനുവരില്ല എന്ന് ആശിക്കാം.

അപ്പോഴും കിറുകൃത്യമാവില്ല താരതമ്യം. അവയവങ്ങളിൽ രണ്ടെണ്ണം വീതം ഉള്ള എല്ലാറ്റിനും തമ്മിൽ തമ്മിൽ ചെറിയ വ്യത്യാസങ്ങളൊക്കെ ഉണ്ടാവും എന്നാണ് ശാസ്ത്രം.

ഹ ഹ ഹ, അത്രയുമെങ്കിലും ഇരിക്കട്ടെ അല്ലേ ഈ രണ്ടു പക്ഷങ്ങൾക്കിടയിൽ വ്യത്യാസം.

ബൂർഷ്വായെ തോല്പിക്കണമെങ്കിൽ സൂപ്പർ ബൂർഷ്വാ ആവണം എന്ന മുദ്രാവാക്യവുമായല്ലേ പ്രസ്ഥാനം വളർന്നത്.
കക്ഷം ഇടതായാലും വലതായാലും വിയർപ്പു നാറ്റം ഒന്നു തന്നെ എന്നൊരു ചൊല്ലുമുണ്ട് പിന്നെ.

എന്താണിത്, ഇന്ന് വെറുതേ മുള്ളാൻ തോന്നിക്കൊണ്ടേയിരിക്കുന്നു. എത്ര പ്രാവശ്യമായി അടുപ്പിച്ച്. വല്ല രോഗത്തിന്റെയും ലക്ഷണമാണോ എന്തോ. പ്രമേഹം വരുന്നതൊന്നും ആവില്ലല്ലോ - ആവുമോ.

ഏയ്, മഴക്കാലത്ത് അധികം വെള്ളം കുടിച്ചാൽ ഇങ്ങനെ തന്നെ. അംശുമാൻ ശൗചാലയത്തിലേയ്ക്ക് നടന്നു. ഈയിടെയായി അതിന് വൃത്തി അല്പം കൂടിയിട്ടുണ്ട്. രാഷ്ട്രപിതാവിന്റെ ജന്മദിനമോ മറ്റോ ഉണ്ടായിരുന്നോ അടുത്തെങ്ങാനും ആവോ.
ഹ ഹ ഹ, എനിക്ക് വൃഷ്ണങ്ങളുള്ളതും രണ്ടാണല്ലോ. അതും ഇടത്തും വലത്തുമായല്ലേ നിൽക്കുന്നത് ആ സഞ്ചിയിൽ. ഇടത്തേതാണ് കൂടുതൽ താഴേയ്ക്ക് തൂങ്ങിയിരിക്കുക എന്ന് തോന്നുന്നു.
സംശയമുണ്ട്, സമയവും സൗകര്യവും കിട്ടുമ്പോൾ പരിശോധിക്കാം എന്ന് തത്വത്തിൽ അംഗീകരിക്കുക തന്നെ തൽക്കാലം.

എനിക്കെന്ത് ചേതം കപ്പലിനല്ലേ

(ശാസ്ത്രൻ, കവി/ചിന്തകൻ എന്നിവരുടെ രംഗപ്രവേശത്തിനു തൊട്ടുമുമ്പായി മത്സ്യകന്യകയുടെ ആത്മഗതം)

മത്സ്യ: ആവൂ, അപ്പോൾ ഞാൻ സംസാരിക്കുന്നത് ഇവർക്കൊക്കെ കേൾക്കാം. കാണുന്നില്ല എന്ന കുഴപ്പമേ ഉള്ളൂ... (തന്നോടുതന്നെ മന്ത്രിക്കുകയാണ്) സാധാരണഗതിയിൽ എന്നെപ്പോലുള്ള ഒരു കഥാപാത്രത്തെ ലോകത്തിലെ ഒരാൾക്കു മാത്രം കാണാൻ കഴിയും എന്നൊക്കെ ഉണ്ടാവാറില്ലേ. നിർഭാഗ്യവശാൽ ആ ബട്​ലർ ആണ് ഇവിടെ എന്നെ കാണുന്നയാൾ എങ്കിലോ. എന്നെ നുറുക്കി മസാല പുരട്ടി ഒരു പുതിയ വിശേഷ വിഭവം അവതരിപ്പിക്കുമായിരുന്നു അയാൾ.... അയാളുടെ അവസാനത്തെ പാചകം....(സ്വയം ശാസിക്കുന്നു) ഒന്നു മിണ്ടാതിരിക്ക് ഇനി, ആരോ ഇങ്ങോട്ട് വരുന്നതു കണ്ടില്ലേ - കാണാൻ പറ്റില്ല മറ്റുള്ളവർക്ക് എന്നല്ലേയുള്ളൂ എന്നെ, കേൾക്കാമല്ലോ...

(ശാസ്​ത്രജ്ഞൻ, കവി/ചിന്തകൻ)

ശാസ്ത്ര: അതിപ്പോൾ ശരി തന്നെ, ഡോൾഫിൻ മാത്രമല്ല അതിന്റെ ഛായയുള്ള വേറെ ഒരു സ്പിഷീസ് ഉണ്ട് -പൊപോയ്‌സ്. അതിനെയും പിടിച്ചുകൂടാ എന്ന് നിയമമുണ്ട് - ഷെഡ്യുൾ വൺ.
കവി: അപ്പോൾ പാവം കടലാമകളോ.
ശാസ്ത്ര: അതു സംശയമില്ലല്ലോ.
കവി: ഞങ്ങൾ കവികൾ, ചിന്തകർ, സ്വപ്നജീവികൾ -
ശാസ്ത്ര: കാമുകർ, ഭ്രാന്തർ, ...
കവി: ഒരു പട്ടിക ഉണ്ടാക്കാൻ പുറപ്പെടുകയാണോ, ഹ ഹ, ഞങ്ങൾ കവികൾക്ക് എന്തൊരു ദൗർബല്യമാണെന്നോ ഈ വക ജീവജാലങ്ങൾ... ആ ആമകളെ നോക്കൂ, മുട്ടയിടാൻ മാത്രം അവ കരയിൽ കയറും. മണലിൽ കുഴിയുണ്ടാക്കി അനവധി മുട്ടകളിട്ടതിനുശേഷം അത് മൂടിവെച്ചിട്ട് തിരിഞ്ഞുനോക്കാതെ പോവും അവ.... നിശ്ശബ്ദമാവണം, മനുഷ്യന്റെ ഗന്ധം പോലും ഉണ്ടാവരുത്. അങ്ങനെയുള്ളപ്പോഴേ അവ കരയിലേയ്ക്ക് കയറിവരൂ -
ശാസ്ത്ര: ഹ ഹ ഹ, മുട്ടയിട്ടു കഴിയുന്നതും മൂടും തട്ടി അതിന്റെ പാട്ടിന് പോവുകയും ചെയ്യും.
കവി: ഉവ്വ്, പക്ഷേ അവ അപ്പോൾ കണ്ണീർ പൊഴിക്കാറുണ്ട് എന്നു കേൾക്കുന്നുണ്ട്.
ശാസ്ത്ര: (പൊട്ടിച്ചിരിച്ച്) കഥകൾ! .... ഹ ഹ ഹ, അത് മുതലക്കണ്ണീർ എന്നതുപോലെയാവും മിക്കവാറും.
കവി: ആമകളെ വിടൂ, അതിനേക്കാളും, ഏറ്റവുമധികം എന്നെ സ്പർശിക്കുന്നത് എന്താണെന്നറിയാമോ.
ശാസ്ത്ര: മത്സ്യകന്യക?
കവി: വാസ്തവം, എങ്ങനെ ഊഹിച്ചു?
ശാസ്ത്ര: തികച്ചും സാങ്കല്പികമല്ലേ അത്.
കവി: അല്ലല്ലോ, ഒട്ടും അല്ലല്ലോ.
ശാസ്ത്ര: അത് ശരിക്കും ഉണ്ടെങ്കിൽ ഒരു പ്രത്യേകം കറ്റഗറി ആക്കാമായിരുന്നു. തിമിംഗലത്തേക്കാളും എന്തിനേക്കാളും അപൂർവ്വമല്ലേ.
കവി: നിങ്ങൾ ശാസ്​ത്രജ്ഞർക്ക്​ എപ്പോഴും ഇങ്ങനെ കളം തിരിക്കാനാണ് വ്യഗ്രത.
ശാസ്ത്ര: ഹ ഹ, അതുകൊണ്ടല്ലേ ഞങ്ങളെ ശാസ്​ത്രജ്ഞർ എന്നു വിളിക്കുന്നതും.
കവി: പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. നശിച്ചു പോയ ഡോഡോ, പിന്നെ സഞ്ചാരിപ്രാവ്.
ഈ പക്ഷികളുടെയെല്ലാം ചിത്രങ്ങൾ ഇപ്പോൾ, അവയെ കൂടുതൽ കൂടുതൽ തടിച്ചുകൊഴുത്തതാക്കി വരയ്ക്കുന്നു.
ശാസ്ത്ര: ഹ്ം, അതെന്തിനായിരിക്കും.
കവി: അല്ല, അന്വേഷിച്ച് ഉത്തരം കണ്ടുപിടിക്കാനുള്ള ഒരു ചോദ്യമല്ല ഇത്. അതിൽ ഒരു കൗതുകം ഉണ്ടെന്നു സൂചിപ്പിച്ചതാണ് ഞാൻ... വാസ്തവത്തിൽ നിങ്ങൾ കൊന്നു തീർത്തതാണ് അവയെ, എന്നിട്ടും.
ശാസ്ത്ര: ഹ ഹാ - അല്ല, എന്നെയാണോ കുറ്റപ്പെടുത്തുന്നത്.
കവി: നിങ്ങളൊക്കെയല്ലേ തിന്നുന്നത്, ഈ ആമകളേയും തിമിംഗലങ്ങളെയും ഒക്കെ?
ശാസ്ത്ര: നിങ്ങൾ എന്നു വെച്ചാൽ പൊതുവേ മനുഷ്യർ എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതായത്, താംകൾ ഈ ഗണത്തിൽ പെടില്ലേ?
കവി: ഭുക്കുകൾ ഏറ്റാൽ പോരേ ആ പാപം.
ശാസ്ത്ര: (പതുക്കെ ചിരിച്ച് ) അല്ല, നിങ്ങൾ ഒരു വെജീ ആയിരിക്കാം. പക്ഷേ എന്നാൽകൂടി മനുഷ്യർ ഒന്നിച്ച് ചെയ്ത ഒരു കുറ്റമല്ലേ ഇത്. അപ്പോൾ, അതിനാൽ നിങ്ങൾ എന്നല്ലാതെ നമ്മൾ എന്നു പറയുന്നതല്ലേ മര്യാദ.
കവി: അതെന്തിന്, ഒരു ജീവിയെപ്പോലും ഞാൻ തിന്നിട്ടില്ല.
ശാസ്ത്ര: ഓഹോ, എല്ലാ കവികളും ഇങ്ങനെയാണോ.
കവി: എന്തിന് എല്ലാവർ. എന്റെ കാര്യം നോക്കിയാൽ പോരേ ഞാൻ.
ശാസ്ത്ര: ഹോ, നിങ്ങൾ ഒരു ... ഹ ഹ ഹ, അത്യപൂർവ്വ ജന്തുവാണ് സുഹൃത്തേ.
കവി: ചീത്ത അർത്ഥത്തിലല്ല ഇത് എന്ന് ഞാൻ അനുമാനിക്കുന്നു. ജീവി എന്നതിനു പകരം ജന്തു എന്നു പറഞ്ഞു എന്നു മാത്രം, ശരിയല്ലേ?
ശാസ്ത്ര: വാസ്തവത്തിൽ നിങ്ങളെ ചേർക്കേണ്ടത് സാങ്കല്പിക ജീവികളുടെ ആ പട്ടികയിലാണ് എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്.
കവി: അതെയോ, മത്സ്യകന്യകയുടെ കൂടെയോ - (ആർത്തുചിരിച്ചുകൊണ്ട്) അതെനിക്കിഷ്ടപ്പെട്ടു സഖാവേ!

ഞാൻ അറിയാഞ്ഞിട്ട് ചോദിക്കുകയാണ്, അവൾ മുരണ്ടു, ഞാൻ എന്നു വെച്ചാൽ ആയില്യം.

എന്തിനാണ് നാം ഓരോ ഞൊടിയിലും അവനവന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടിരിക്കണം എന്ന് മറ്റുള്ളവർ ശാഠ്യം പിടിക്കുന്നത്. നമ്മുടെ അഭിപ്രായം എന്തായിരിക്കും എന്ന് അവർക്ക് അല്ലാതെ തന്നെ അറിഞ്ഞിരിക്കേണ്ടതല്ലേ - അതായത് നമ്മെ ശരിക്കും പരിചയമുള്ളവർക്ക്.

ഉദാഹരണത്തിന് എന്നെപ്പോലെ ഒരാൾ. ഞാൻ എല്ലാ അധികാരങ്ങൾക്കും എതിരാണെന്ന് ആർക്കാണ് അറിയാത്തത്. സമരക്കാർക്കിടയിൽ ഒരാൾ ഗർവ്വ് കാണിച്ചാൽ ഞാൻ അതിനെയും ചോദ്യം ചെയ്യും എന്നല്ലേയുള്ളൂ. അതാണ് നിങ്ങളെ വിഷമിപ്പിക്കുന്നതെങ്കിൽ നിവൃത്തിയില്ല.

എന്റെ വീക്ഷണം എന്താണെന്നറിയാൻ എന്തെല്ലാം അടവുകളാണ് പയറ്റി നോക്കുന്നത് ചിലർ.

ജാതി അറിഞ്ഞല്ലോ ആദ്യമേ. അതുകൊണ്ട് അങ്ങനെയൊരു ആകാംക്ഷയെ ഊട്ടി വളർത്താൻ ആവില്ല. പക്ഷേ സജീവമായി ഒരു ജാഥയിലും കാണാത്തതിനാൽ ഏതു കൊടിയുടെ ആളാണ് എന്ന് പിടികിട്ടാതെയിരിക്കുന്നു.

അതേസമയം ജോലി സ്ഥിരമായിട്ടില്ല ഇനിയും. എന്നാണ് ഒരു വാർത്ത വായിക്കാൻ കിട്ടുക എന്നു പോലും നിശ്ചയമില്ലാതെ പരിശീലനം അങ്ങനെ തുടർന്നു കൊണ്ടേയിരിക്കുകയാണ്. നൂറ്റിയൊന്ന് തലവാചകങ്ങൾ അരമണിക്കൂറിൽ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുന്ന ആ അഭ്യാസത്തിനു തയ്യാറെടുക്കാൻ തുടങ്ങിയിട്ടു തന്നെ ഒന്നരമാസമായി. ധൈര്യമായിട്ടില്ല അത് എന്നെ ഏല്പിക്കാൻ എന്നാണ് ചീഫ് ഇപ്പോഴും പറയുന്നത്. ചുമ്മാ നീട്ടിക്കൊണ്ടു പോവുന്നതാണെന്നേ. ഞാൻ അപേക്ഷിക്കുമോ എന്നു നോക്കുകയാവും. ചിലരൊക്കെ മൂന്നോ നാലോ ദിവസം കൊണ്ട് അരങ്ങേറിയിട്ടുണ്ട് എന്നു കേട്ടല്ലോ.

അത് ഒരിക്കൽ ചെയ്താൽ മതി, പിന്നെ ഒരു ജോലിയുള്ള ആളാണ് എന്നൊക്കെ തോന്നിത്തുടങ്ങും. ഈ ആത്്മവിശ്വാസം എന്നത് ഒരു അത്യാവശ്യമാണല്ലോ നമുക്കൊക്കെ. ആത്്മാഭിമാനം പോലെ തന്നെ.

അങ്ങനെ ഒരു ജോലിക്കാരിയായി എന്ന് സ്വയം തോന്നുന്നുണ്ടെങ്കിൽ കൂടി മതിയായിരുന്നു. അല്ലാതെ എങ്ങനെയാണ് ഇവരുടെ സംഘടനകളിലൊക്കെ ഞാൻ ചേരുന്നത്. രാഷ്ട്രീയമില്ലാത്ത പ്രഫെഷനൽ യൂനിയൻ എന്ന ഒന്നുണ്ട്. അതിൽ ചേരണമെങ്കിൽ പോലും ഒരു യോഗ്യത വേണ്ടേ.

ആർക്കും വിരോധമൊന്നുമില്ല എന്നെ ഇതേപോലെ എടുക്കാൻ. അംഗബലം കൂടുന്നതല്ലേ. അതുകൊണ്ട് എന്നെ വിളിച്ച് നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ് കുറേയായിട്ട്. ജൂഗീഷ് എന്നൊരു ചേട്ടനെ അതിനായി എന്റെ അടുത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു ചെങ്കൊടി.

അയാളുടെ മീശയും പല്ലും എനിക്ക് ഇഷ്ടമായി. നൂറ്റിയൊന്നു വാർത്തകൾ ഒരിക്കൽ വായിക്കാൻ പറ്റിയാൽ അപ്പോൾ ചേരാം സംഘടനയിൽ എന്ന് ഞാൻ ഏൽക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും പിരിഞ്ഞു പോവാതെ അയാൾ ചുറ്റിപ്പറ്റി നിന്നു.

എന്നാലും ആയില്യത്തിന് ഒരു ചായ്​വും ഇല്ലാതിരിക്കുന്നതെങ്ങനെയാണ് ... നല്ല രാഷ്ട്രീയബോധം ഉള്ള ഒരാളാണ് ആയില്യം എന്ന് എല്ലാവർക്കുമറിയാം.
ഓഹോ, അതെങ്ങനെ?
അറിയാം എന്നു കൂട്ടിക്കോ.
അല്ല ജൂഗീഷ്, പറ, എങ്ങനെയാണ് അറിഞ്ഞത് എന്ന്, പ്ലീസ്?.
അതായത്, പരീക്ഷയ്ക്ക് മുന്നൂറു വാക്കിൽ കുറയാതെ ഒരു ഉപന്യാസം എഴുതാൻ ഉണ്ടായിരുന്നില്ലേ നിങ്ങൾക്ക്?
ഉവ്വ്, നിങ്ങൾ ഏറ്റവും വെറുക്കുന്ന മൂന്ന് നേതാക്കൾ - പക്ഷേ അതിനെന്താണ് ജൂഗീഷ്.
ആയില്യം എഴുതിയതിൽ നിന്ന്​ മനസ്സിലാക്കാമല്ലോ ഒരാൾക്ക് എങ്ങോട്ടാണ് ചായ്​വ്​ എന്നൊക്കെ.
അതെങ്ങനെ ജൂഗീഷ്. ശരിക്കും ഉള്ള വ്യക്തികളെക്കുറിച്ചു കൂടി വേണമെന്നില്ലായിരുന്നു എഴുതുന്നത്. സാങ്കല്പികം ആവാം. നിങ്ങൾ എങ്ങനെ സമർത്ഥിക്കുന്നു അത് എന്നതാണല്ലോ അവർ നോക്കുക.
പക്ഷേ ആയില്യം തിരഞ്ഞെടുത്ത മൂന്നു പേർ - ചാണ്ടി, മൂസക്കുട്ടി, കരുണാമയൻ - മൂന്നാളും മൂരാച്ചി വലതന്മാരല്ലേ?
അതുകൊണ്ട്?
അതു തന്നെ. മൂന്നും ഒരേ മുന്നണിയിൽ നിന്നുള്ളവർ. സ്വാഭാവികമായി ആരും ഊഹിച്ചുപോവില്ലേ അപ്പോൾ ആയില്യം ഇടതു ചിന്താഗതിയുള്ള ഒരാൾ ആണെന്ന്.
ഓ, അങ്ങനെയൊരു സാദ്ധ്യതയുണ്ട്, അല്ലേ.
ഉവ്വല്ലോ ആയില്യം.
സത്യത്തിൽ ഞാൻ അതിൽ മറ്റൊരു കൗതുകം കണ്ടു. മൂന്ന് പ്രബലമതങ്ങളിൽ നിന്നും ഓരോ പെരുംകള്ളൻ വീതം - ത്രിമൂർത്തികൾ - അതോർത്താണ് എനിക്ക് രസം തോന്നിയത്... ചാണ്ടി, മൂസാക്കുട്ടി, കരുണാമയൻ. ഒരു പക്ഷേ ഇവരുടെ കള്ളത്തരത്തിന്റെ ഊക്കിനെയാവും ഞാൻ വെറുത്തത് - ഏതു മുന്നണിയിലായിരുന്നെങ്കിലും ഈ അസത്തുക്കൾ ഇങ്ങനെ ആവുമായിരുന്നു ജൂഗീഷ്.
ഹ ഹ, നല്ല അമർഷമുണ്ടല്ലോ ത്രിമൂർത്തികളോട്.

ജൂഗീഷ് വിടാൻ ഭാവമില്ല. അറിയാമോ, ആറേഴു മണിക്കൂറായി ഞാൻ മ്യൂ ചെയ്തിട്ട്. പെണ്ണായാൽ കുട്ടിക്കാലം മുതലേ ഇത് ഒതുക്കിപ്പിടിക്കാൻ ശീലിക്കുന്നു. ഹോ, വേറെ എന്തെല്ലാം അങ്ങനെ അമർത്തിവെച്ചിട്ടാണ് ഒരു ശരാശരി പെണ്ണ് ഇവിടെ ജീവിക്കുന്നത് എന്ന് ജൂഗീഷിനറിയാമോ.

ഇപ്പോൾ തന്നെ ഞാൻ ഒപ്പം കിടക്കാൻ ക്ഷണിക്കുന്നു എന്നു വിചാരിക്കൂ ഇവനെ. ഇവൻ സഹകരിക്കും എന്നു തോന്നുന്നുണ്ടോ. ഒന്നുമില്ലെന്നേ, ഓടി മാറും ഇവൻ. എന്നിട്ട് ഇവിടെ ഫ്രീലൗ ഇല്ല, ലൈംഗിക ദാരിദ്യ്രം ഭീകരമാണ് എന്നെല്ലാം ഒച്ചയിടുകയും ചെയ്യും.

ചുളുവിൽ എന്നെ പ്രസ്ഥാനത്തിലേയ്ക്ക് മുതൽക്കൂട്ടാൻവേണ്ടി മാത്രമായിട്ടാണ് ഈ സ്നേഹവായ്പ് കാണിക്കുന്നതൊക്കെ. അവർ ഏല്പിച്ച ജോലി ചെയ്യുന്നതാണ്. നോക്കുക, പരീക്ഷ ജയിക്കാൻ ഞാൻ എഴുതിക്കൊടുത്ത ഒരു പ്രബന്ധം വരെ വിശകലനം ചെയ്തിരിക്കുന്നു അവർ. സ്പഷ്ടമായില്ലേ അതിന്റെ സ്വാധീനശകതി എത്ര ഭീകരമാണെന്ന്. കുത്തക സ്ഥാപനങ്ങളിൽ വരെ അതിന് ചാരന്മാരുണ്ട്.

നോക്കൂ ജൂഗീഷ്, പാർറ്റി ആദ്യം ഒന്ന് കുളിച്ച് വെടിപ്പായി ഇരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം ഞാൻ അതിനെ ചുംബിക്കണോ എന്ന്. ഇപ്പോൾ വല്ലാത്ത വായ്‌നാറ്റമുണ്ട് - അടുത്തു ചെല്ലുമ്പോഴേയ്ക്കും എന്തൊരു വാട. എന്റെ ചുംബനം വേണമെങ്കിൽ അത് സ്വയം വൃത്തിയാവട്ടെ ഇത്തിരി, കേട്ടോ.

കണ്ണുചിമ്മി ഒറ്റ ശ്വാസത്തിൽ അത്രയും ഉച്ചരിച്ചു കഴിഞ്ഞ് നോക്കുമ്പോൾ ജൂഗീഷ് ഉണ്ട് നാണിച്ചു നിൽക്കുന്നു. അയ്യേ, ചുംബനം എന്നു കേട്ടിട്ടാവണം, അല്ലേ. ഇവർക്കൊന്നും ആലങ്കാരിക ഭാഷ എന്നാൽ എന്താണെന്നു നിശ്ചയമില്ലായിരിക്കും.
സമ്മതിച്ചു ആയില്യം - എന്നാൽ നമുക്ക് ഒരു സെൽഫീ എടുത്താലോ?

അതെന്തിന്?
നേതൃത്വം നിർദ്ദേശിച്ചു പറ്റുമെങ്കിൽ ഒന്ന് സംഘടിപ്പിക്കാൻ. ഭാവിയിൽ സഖാവായിത്തീരാനുള്ളതല്ലേ, ചേർന്നു നിന്നു കൊണ്ടൊന്നും വേണ്ട ആയില്യം, ചിത്രത്തിൽ ഞാൻ നല്ലവണ്ണം വിട്ടുനിൽക്കാം.

ഏയ്, അതൊന്നും വേണ്ട ജൂഗീഷ്. ഒപ്പം നിന്ന് സെൽഫി എടുക്കാനുള്ള പരിചയമൊന്നും നമുക്കില്ലല്ലോ. മാത്രമല്ല, ഞാൻ അത് വരളെ വിളരമായേ പതിവുള്ളൂ, അതുകൊണ്ടാണേ, ഒന്നും തോന്നരുതേ.
എന്നാൽ ശരി, അടുത്ത കുറി കാണുമ്പോഴാവാം,അല്ലേ?
ഏയ്, അങ്ങനെ ഒരു വാഗ്ദാനമൊന്നും തരുന്നില്ല ഞാൻ.
സാരമില്ല ആയില്യം, ഞാൻ പോയി വരാം, അപ്പോൾ ലാൽ സലാം.

ജൂഗീഷ് പോയി മറഞ്ഞതും ആയില്യം ഓവറയിലേയ്ക്ക് ഓടി. എന്റെ ഇടത്തേ ചുണ്ടിൽ കട്ടുറുമ്പ് കടിച്ചിട്ട് തടിച്ചുവീങ്ങിയിട്ടുണ്ട്. എത്രനേരം നിൽക്കുമോ ആവോ ഈ വീക്കം.

ഉറുമ്പ് ഇടത്തേ ചുണ്ട് തന്നെ തിരഞ്ഞെടുത്തത് എന്തിനാണെന്നോ. ആകെ രണ്ടല്ലേ ഉള്ളൂ വശങ്ങൾ. അതിൽ ഏതിനോടെങ്കിലും ആഭിമുഖ്യം കാണിക്കാതെ ഒരാൾ നില്ക്കുന്നത് ഇരുകൂട്ടർക്കും സഹിക്കാൻ പറ്റാത്തതല്ലേ. തങ്ങളുടെ ഒപ്പം ചേർന്നില്ലെങ്കിലും വേണ്ടില്ല, മറ്റവരുടെ കൂടെയാണെന്ന് വ്യകതമാക്കുകയെങ്കിലും വേണം.

വരളെ വിളരം എന്ന് ഞാൻ മനഃപൂർവ്വം തെറ്റിച്ചതാണെന്ന് മനസ്സിലായിരിക്കുമോ കുഞ്ഞാടിന് ആവോ. അതേ മാതിരി ചുണ്ട് താഴത്തേതാണെന്നും. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments