ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

അധ്യായം 24: തേയ്​മാനം

രവി

മുതല ഉള്ള അമ്പലക്കുളത്തിലാണ് കുട്ടിക്കാലത്ത് നീന്തിത്തുടിച്ചിരുന്നത്. കുറച്ചേറെ വിസ്തീർണ്ണം ഉള്ള ജലാശയം. ഉള്ള മുതല അകലെയായി പൊന്തിക്കിടക്കുന്നതു കണ്ടാൽ സമാധാനമായിട്ട് നീരാടാം.

മെയ്യാസകലം ചുണങ്ങും വന്നിരുന്നു അന്ന്.

ഏയ്, മാമ്പുള്ളി മാത്രമല്ല, ഒരു തരം കറുത്ത പൊടിയുള്ള വരണ്ട ചുണങ്ങ് വല്ലാത്ത വൃത്തികേടായി തോന്നുമായിരുന്നു. പക്ഷേ ഏതെതെല്ലാമാണ് പകർന്നു കിട്ടുക എന്ന് അറിയില്ലല്ലോ.

പിന്നെ ധാരാളമായി കിട്ടുന്ന ശിക്ഷ. പുളിവാറൽ എന്നൊരു മുറ ഇല്ലേ - ഹ ഹ ഹ, അതൊക്കെയായിരുന്നു ഹേ കാലം. ആഞ്ഞുവീശി അതുകൊണ്ട് തുടയിൽ കിട്ടുന്ന അടികൾ. എത്ര ദിവസമാണ് അത് ചുവന്ന് തിണർത്തുകിടക്കുക ...

എന്തുകൊണ്ടാണ് പെട്ടെന്ന് ഇപ്പോൾ കുട്ടിക്കാലത്തേയ്ക്ക് ഇങ്ങനെ കുതിക്കാൻ ഇടയായത്.

എപ്പോഴും തോന്നാറുണ്ട് ഈ കുട്ടിക്കാലം എന്നത് ഒരിക്കലും നമ്മളെ വിട്ടുപോവില്ല എന്ന്. വേണ്ട, സാമാന്യവൽക്കരണത്തിനൊന്നും ഞാനില്ല. പക്ഷേ എനിക്കെങ്കിലും എന്റെ ആ കഷ്ടകാലത്തിൽ നിന്ന് ഒരിക്കലും മോചനമില്ല എന്ന് എനിക്ക് നന്നായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

പത്തുവയസ്സിനു താഴെ നിൽക്കുമ്പോഴെല്ലാം എന്നോട് അനിതരസാധാരണമായ ദാക്ഷിണ്യവും വാത്സല്യവും കാണിച്ചിരുന്ന ഒരു അമ്മാവൻ ഉണ്ടല്ലോ. എന്തോ അടിയോടിയോ നെടുങ്ങാടിയോ മറ്റോ ആയിരുന്നു അയാൾ. സ്വയം എന്തോ മുന്തിയ ഗണത്തിൽ ഉള്ള ആളാണെന്നു കരുതി അഭിരമിച്ച്, എന്നാൽ പിൽക്കാലത്ത് ക്ഷയിച്ചു തരിപ്പണമായതിന്റെ ദുഃഖഭാരത്തോടെ മരുവുന്ന അയൽവാസി.
മറ്റു ജോലികളൊന്നും വയ്യാത്തതിനാൽ അയാൾ ഒരു പലചരക്കുകട തുറന്നു. അവിടെ സഹായിയായി ഞാനും പറ്റിക്കൂടി. വിദ്യാർത്ഥികൾക്ക് നിറയെ ഒഴിവുസമയം ഉണ്ടായിരുന്ന കാലമല്ലേ. പക്ഷേ കച്ചവടത്തിൽ പാരമ്പര്യമോ പരിചയമോ ഇല്ലാത്തതിനാൽ അത് പൊളിയും എന്ന് ആദ്യമേ അറിഞ്ഞുകൊണ്ടായിരുന്നിരിക്കണം അയാൾ അത് തുടങ്ങിയത്.
ഇതൊന്നും പോരാഞ്ഞിട്ട് -ഹ ഹ ഹ, അംശുമാൻ ഓർത്തു ചിരിച്ചു. അളവുതൂക്കങ്ങളുടെ ഇൻസ്​പെക്​റ്റർ മിന്നൽ പരിശോധനയ്ക്കായി എത്തുന്നതായിരുന്നു അയാളുടെ പേടിസ്വപ്നം. തുലാസും തൂക്കക്കട്ടികളും തൊണ്ടിയായി പിടിച്ചെടുത്ത് അവർ തന്നെ തടവിലിടുമെന്ന് അയാൾ എന്നും വൃഥാ ഭയന്നു.

അതായത് - മോനേ, അശുമോനേ - ഇവിടെ കച്ചവടം ഒന്നും കാര്യമായി നടക്കുന്നില്ലെങ്കിലും നമ്മുടെ കട്ടികൾ ഇങ്ങനെ വെറുതേ ഇരുന്നിട്ട് അവയ്ക്ക് തന്നത്താൻ തേയ്മാനം വരുന്നുണ്ടല്ലോ. ഈ ത്രാസിനെയൊന്നും വിശ്വസിക്കാൻ പററില്ല മോനേ. അതിന്റെ സൂചി കിടന്ന് ചാഞ്ചാടിക്കളിക്കുന്നത് കണ്ടിട്ടില്ലേ. പക്ഷേ പീടിക അടയ്ക്കാനും വയ്യല്ലോ, നിന്നെ ഇവിടെ നിയമിച്ചും പോയില്ലേ -

ഏയ്, അതു സാരമില്ല.
പക്ഷേ, ഞാൻ വേറെ എന്തുചെയ്യും മോനേ?
കൂലിപ്പണിക്ക് പോയിക്കൂടേ?
ആ ചോദ്യം അയാളെ ഞെട്ടിച്ചു. എന്റെ മോനേ, എങ്ങനെയാണെടാ അത് .... ഞാൻ ഈ സവർണ്ണദുഷ്​പ്രഭു ഒക്കെയല്ലേ -
ആളുകൾ എന്തു വിചാരിക്കും എന്നാണോ.
അതുമല്ല മോനേ - എന്നെ പണിക്ക് എടുത്തു എന്നും വരില്ല. പാപമാണെന്നു തോന്നും ആളുകൾക്ക്, അങ്ങനെ ഒരു പ്രശ്‌നമുണ്ടേ -
പണ്ടത്തെ പ്രതാപമൊക്കെ നശിച്ചു എന്ന് സമ്മതിച്ചാൽ മതിയാവില്ലേ -
ഏയ്, ഇവരുടെയൊക്കെ ഉപബോധത്തിൽ അതങ്ങനെ പത്തിവിടർത്തി നിൽക്കും മോനേ -
പത്തിയോ?, ഞാൻ അറിയാതെ ചിരിച്ചു പോയി, മൂർഖനാണോ അത് പത്തി വിടർത്താൻ?

പല ആവശ്യങ്ങൾക്കും അയാൾ എന്നെ ആശ്രയിച്ചിരുന്നു. അതുകൊണ്ടുതന്നെയാവണം എനിക്ക് അയാളെ തൃണവൽഗണിക്കാൻ സാധിച്ചത്. പറ്റുമ്പോഴെല്ലാം ഓരോരോ വിധത്തിൽ പറ്റിക്കും അയാളെ ഞാൻ. മാത്രമല്ല, പരിശോധക സംഘങ്ങളെപ്പററി ഇല്ലാത്ത കഥകൾ ചമച്ച് ഞാൻ അയാളുടെ വേവലാതി വർദ്ധിപ്പിക്കുകയും ചെയ്തു.

ഓർത്തുനോക്കുമ്പോൾ അത് എന്റെ കുറ്റമല്ല. എനിക്ക് എവിടെയെങ്കിലുമെല്ലാം ഒന്ന് ജയിച്ചുനിൽക്കണമായിരുന്നു. ഈ പേടിത്തൂറി കാരണവരെ സൗകര്യത്തിനു കിട്ടിയപ്പോൾ ഞാൻ അയാളിൽനിന്ന് അതങ്ങോട്ട് വസൂലാക്കി, അത്ര തന്നെ.

ഒരു പക്ഷേ ഹൃദയാഘാതം മൂലം അയാൾ മരിച്ചുപോയതിന് ഞാനും ഒരു കാരണക്കാരൻ ആയിരുന്നിരിക്കാം. മൂപ്പർക്ക് പിരിമുറുക്കം കൂടിക്കാണുന്നത് എനിക്ക് ഒരു ഹരം തന്നെയായിരുന്നു.
ഇന്ന് ഞങ്ങളുടെ സ്കൂൾ ഇല്ലേ - അതിനു മുമ്പിൽ ഇരുന്ന് പൂള വിൽക്കുകയായിരുന്ന ഒരു അമ്മായിയെ പോലിസ് വന്നു പൊക്കി, അറിഞ്ഞോ അത്?
ആയ കാലത്ത് എന്റെ വല്യമ്മ ഇഷ്ടദാനം കൊടുത്തതാണ് നിന്റെ സ്കൂൾ ഇരിക്കുന്ന ആ സ്ഥലം, അറിയാമോ?
കേൾക്കേണ്ടതു കേൾക്കില്ലല്ലോ, ഞാൻ ഇളിച്ചു കാണിച്ചു, ഒരു അമ്മായിയെ പോലിസ് പിടിച്ചെന്ന്, കേട്ടോ?
അതെന്തിനാണ് മോനേ? തൂക്കത്തിൽ കള്ളത്തരം കാണിച്ചതിനാണെന്നു മാത്രം നീ പറയല്ലേ, എന്റെ വയറ് കാളും അതു കേട്ടാൽ മോനേ.
എന്നാൽ കേട്ടോളൂ, അതു തന്നെയാണ് കാരണം. അമ്മായിയുടെ ഒരു കിലോ കട്ടയില്ലേ, അതിൽ മുപ്പതു ഗ്രാം കുറവ്, ഒന്ന് എന്ന എഴുത്തൊന്നും കാണാനില്ല - തേഞ്ഞുമാഞ്ഞിരിക്കുകയാ.

അയാൾ പെട്ടെന്ന് തന്റെ സാമഗ്രികൾ വെളിച്ചത്തിലേയ്ക്ക് എടുത്തുകൊണ്ടുവന്ന് സൂക്ഷിച്ചുനോക്കുന്നതു കണ്ടപ്പോൾ എനിക്ക് ആഹ്ലാദമായി. ഒരു ചെറിയ കളവ് കൊണ്ട് എത്രമാത്രം കോളിളക്കം. കിഴവന്മാരായാൽ ഇങ്ങനെ വേണം.
അതായത്, ചിലരെ ചുമ്മാ ചതിച്ചിട്ടൊക്കെയുണ്ട് ഞാൻ എന്റെ കുട്ടിക്കാലത്ത് എന്ന് ചുരുക്കം. എന്നാൽ കുറച്ച് മുതിർന്നതിനു ശേഷം ഞാൻ കാട്ടിയ ഒരു ചെറ്റത്തരമുണ്ട്. അതുകേട്ടാൽ നിങ്ങൾ ആരും എന്നോട് പൊറുക്കില്ല.
കവിയുടെ കക്കൂസ് എന്ന ആ ഉപാഖ്യാനം മറ്റൊരിക്കൽ ആവട്ടെ. വേറെ ഒരു അദ്ധ്യായത്തിൽ. സ്വസ്തി.

സദാപി എന്നോണം പ്രതിപക്ഷം

കോടതി: അപ്പോൾ താങ്കൾ മൊഴിയുന്നത് കഴിഞ്ഞ പതിനാലാം തിയ്യതി വ്യാഴാഴ്ച ഒരു ബൈക് മനഃപൂർവ്വം ഇടിക്കാനായി താങ്കളുടെ നേരെ ചീറിപ്പാഞ്ഞുവന്നു എന്നാണ്.
ഞാൻ: അതെ, സർ.
കോടതി: എങ്ങനെ അത് മനഃപൂർവ്വം ആണെന്ന് താങ്കൾ തീർച്ചയാക്കി.
ഞാൻ: ആ വരവ് കണ്ടാൽ അറിയില്ലേ സർ, മാത്രമല്ല, ഞാൻ ഫൂട്പാത് എന്ന പാതയിലൂടെ ഒതുങ്ങി നടന്നുപോവുകയായിരുന്നു.
കോടതി: ഓഹോ?!
ഞാൻ: അതെ സർ.
കോടതി: ശരി, എങ്കിൽ പറയുക, എന്താണ് ഈ ഫൂട്പാത്.
ഞാൻ: അത് എല്ലാവർക്കും അറിയുന്നതുതന്നെയല്ലേ.
കോടതി: എന്താണ് അതെന്ന് പറയൂ.
ഞാൻ: സർ, അതിനെപ്പററി എല്ലാവർക്കും അറിയാവുന്നതുതന്നെയാണ് എനിക്കും.
കോടതി: അതായത്, താങ്കൾ നടന്നുകൊണ്ടിരുന്ന പാത - അതിനെയാണ് താങ്കൾ ഫൂട്പാത് എന്നു വിളിക്കുന്നത്.
ഞാൻ: ആങ്, അതെ സർ. ഫൂട്പാത് എന്ന പാതയിലേയ്ക്ക് വാഹനം കയറാൻ പാടുമോ ഒന്നാമത്. അതിലേ എല്ലാ നിയമങ്ങളും അനുസരിച്ചുകൊണ്ട് നടന്നു പോവുന്ന ഒരു പാവം വഴിപോക്കനെ ഇടിച്ചു വീഴ്ത്തി പരിക്കേല്പിക്കാനോ കൊല്ലാനോ പുറപ്പെടുക എന്നത് എത്ര വലിയ കുറ്റമാണ്.
കോടതി: കൊന്നില്ലല്ലോ പക്ഷേ, ഉവ്വോ?
ഞാൻ: ഇല്ല സർ. അതുകൊണ്ട് ഈ മൊഴി നല്കാനായി ഞാൻ ബാക്കി നിൽക്കുന്നു.
കോടതി: സുഹൃത്തേ, (നിശിതമായി) നിങ്ങൾ ഒന്നുകൂടി വ്യകതമായി ഓർത്തുനോക്കൂ. നിങ്ങൾ തന്നെയാണോ പ്രസ്തുത ദിവസം അവിടെ നടന്നുപോയിക്കൊണ്ടിരുന്നത്?
ഞാൻ: (വിയർത്ത്, പതറിക്കൊണ്ട് ) സർ ...
കോടതി: ക്ഷമിക്കണം, ചോദ്യം സ്വല്പം പിശകി. നടന്നുപോയിരുന്നത് നിങ്ങൾ തന്നെയായിരുന്നു എന്ന് നമുക്ക് എടുക്കാം. പിന്നെയുള്ളത് ഈ ബൈക്. അത് ചീറിപ്പാഞ്ഞുവന്നു നിങ്ങളുടെ നേർക്ക് എന്നല്ലേ നിങ്ങളുടെ ആരോപണം.
ഞാൻ: അതാണ് സർ, ഉണ്ടായത്.
കോടതി: വരട്ടെ, അത് തീർപ്പുകല്പിക്കാൻ വരട്ടെ. എന്ത് അടിസ്ഥാനത്തിലാണ് അത് വധശ്രമമാണ് എന്ന് നിങ്ങൾ വിലയിരുത്തിയത്.
ഞാൻ: എന്റെ നേർക്ക് ഒരു ബൈക് ഉന്നം വെച്ച് ചീറിപ്പാഞ്ഞുവരുന്നത് പിന്നെ എന്തിനാണ് സർ.
കോടതി: ബോധമില്ലാത്ത ഒരാൾ ആണെങ്കിലോ അത്?
ഞാൻ: (ദയനീയം) സർ ...
കോടതി: പറയൂ, ആയിക്കൂടേ, അതിനു സാദ്ധ്യതയില്ലേ.
ഞാൻ: അങ്ങയ്ക്കു വേണമെങ്കിൽ, ആവാം സർ.
കോടതി: (കോപിച്ച്) എനിക്കു വേണമെങ്കിലോ, അതെന്തിന്? എന്തു വേണമെങ്കിൽ - സഭ്യമായ ഭാഷ സംസാരിക്കണം ഇവിടെ കേട്ടോ, പ്രതീ.
ഞാൻ: ഞാൻ ... (വിതുമ്പിപ്പോവുന്നു) ഞാൻ പ്രതിയല്ല, സർ.
കോടതി: പിന്നെ?
ഞാൻ: വാദി ആയിരിക്കണം. ഞാനല്ലല്ലോ കുറ്റം ചെയ്തിട്ടുള്ളത്.
കോടതി: എന്ന് ആരു പറഞ്ഞു? പിന്നെ, എന്താണ് കുറ്റം. എന്തു കുറ്റം ആണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്.
മറ്റാരോ: (പെട്ടെന്ന് ഇടപെട്ട് ) ഇടയിൽ കയറി വരുന്നതിൽ ക്ഷമിക്കണം. ദൃക്‌സാക്ഷി എന്നാണ് എന്റെ പേർ. ദൃക്‌സാക്ഷി വിധാതാവ്. വിധാതാവ് എന്നത് എന്റെ അച്ഛനാണ്. ഉൽക്കർഷേച്ഛയുള്ള ഒരു നിയമവിദ്യാർത്ഥി. ആരോപിതനായ ഈ സാധാരണക്കാരനു വേണ്ടി വാദിക്കാൻ എന്നെ അനുവദിക്കണം, സർ, എനിക്ക് പ്രായോഗിക പരിശീലനം - മോക് ട്രയൽ പോലെ ആവുകയും ചെയ്യും ഇത്.
കോടതി: ഓഹോ! ... എങ്ങനെ അറിഞ്ഞു ഇവിടെ ഈ സംഭവം നടക്കുന്നുണ്ടെന്ന് - യശഃപ്രാർത്ഥി?
ദൃ.വി: ഒരു പുതിയ ഡ്രോൺ വാങ്ങിയിട്ടുണ്ട് ഞാൻ. അപ്പോൾ ബഹു കോടതി, ഇദ്ദേഹം വാദിക്കുന്നത് നടപ്പാതയിലൂടെ പോകുമ്പോൾ ഇയാൾക്കു നേർക്ക് ഒരു വധശ്രമം ഉണ്ടായി എന്നാണ്.
കോടതി: അതെന്തിനാണ് എന്ന് സ്ഥാപിക്കണമല്ലോ.
ദൃ.വി: ആർക്കറിയാം ഇയാളുടെ മനസ്സിലിരുപ്പ്.
കോടതി: ഏയ്, എന്തിനാണ് ഹേ - നിങ്ങളെ ആരെങ്കിലും കൊല്ലുന്നത്?
ഞാൻ: സർ സൂചിപ്പിച്ചതു പോലെ ബോധംകെട്ട ഒരാൾ ആവാം ഒരുപക്ഷേ.
ദൃ.വി: ഇവിടത്തെ പ്രധാന പ്രശ്‌നം അതൊന്നുമല്ല സർ, എനിക്ക് ബോധവൽക്കരിക്കാമോ.
കോടതി: ശ്രമിച്ചാലും .... (നിന്ദാപൂർവ്വം ) ദയവായി, അങ്ങുന്ന്.
ദൃ.വി: ഫുട്പാത് എന്ന നടപ്പാതയിലൂടെ നടക്കുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി. സൈഡ് വോക് എന്ന ആ സാധനം അഥവാ വസ്തുത ഈ നഗരത്തിൽ ഇല്ല എന്ന് ഇവരൊന്നും മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് എനിക്കറിയാത്തത്. വാസ്തവത്തിൽ പാതയ്ക്കിരുവശവും കാണുന്നത് അഴുക്കുചാലുകൾക്കു മേലെ നിരത്തിവെച്ച സ്ലാബ്‌സ് മാത്രമാണ്. അത് നടപ്പാതയാണെന്ന് തെറ്റിധരിച്ച് അതിലൂടെ നടന്നതല്ലേ ശരിക്കും പിഴവ് - സർ?
ഞാൻ: ഇൻശാ അള്ളാ.
കോടതി: എന്നെ യോർ ഓണർ എന്നു വേണം അഭിസംബോധന ചെയ്യുക എന്നു കൂടി അറിയാത്ത താങ്കൾ എവിടെയാണ് പഠിക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാം.
ദൃ.വി: ക്ഷമിക്കണം, യോർ ഓണർ.
ഞാൻ: എന്നോടും ക്ഷമി, ഉം ഉം, ഞാൻ അപേക്ഷിക്കുന്നൊന്നുമില്ല മാപ്പ്, കോപ്പേ!
ദൃ.വി: സർകാസം? ഹ ഹ, അത് നിരോധിച്ചിട്ടുള്ളത് തങ്ങൾ അറിഞ്ഞിട്ടില്ല എന്നാണ് ഇതുപോലുള്ള പൗരന്മാരെല്ലാം ഇപ്പോൾ ഒഴികഴിവ് പറയാറുള്ളത്‌ ബ്രോ, ക്ഷമിക്കണം, യോർ ഓണർ!

ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ എന്നോ. പിന്നെന്താണ്. വേണമെങ്കിൽ ഒരു ചെപ്പിൽ ഇട്ട് അടച്ചു വെച്ചു എന്നു തന്നെ വരും. പക്ഷേ കുഴിയിൽ വീണ ഏത് ആനയെയും കുഴിയാന എന്നു വിളിക്കാറില്ലല്ലോ, ഉവ്വോ.
ഈ പഴഞ്ചൊല്ലുകളും ഞാനും തമ്മിൽ എന്ത്.

ഇയാൾ എന്തിനാണ് ഞാൻ ഈ ജോലി ചെയ്യുന്നത് എന്നു ചോദിച്ചപ്പോൾ ഒരു രസത്തിനാണ് എന്നു പറയണോ എന്ന് ആദ്യം വിചാരിച്ചു. പിന്നെ തോന്നി അത് വിശ്വസിപ്പിക്കാൻ ഞാൻ പ്രയാസപ്പെട്ടാലും നടക്കില്ല എന്ന്. ഒറ്റനോട്ടത്തിൽ ആളുകളെ മനസ്സിലാക്കുന്ന ഒരു ചലച്ചിത്രസംവിധായകൻ അല്ലേ.
അപ്പോൾ പിന്നെ തോന്നിയത് തൽക്കാലം സുകൃതക്ഷയം എന്ന ന്യായമാണ്. സ്വത്തുണ്ടായിരുന്നതെല്ലാം ജപ്തി ചെയ്തു പോയി. അതിനുമുമ്പ് കുറേ കുടിയാന്മാർ പിടുങ്ങി. ഒടുക്കം ഒരു ഒറ്റമുറി വീട്ടിൽ വന്ന് ഒതുങ്ങേണ്ടി വന്നു - ഞങ്ങൾക്ക്.

തേഞ്ഞപാലത്ത് എവിടെയാണ് നീ, ദ്യുതി...
പാലത്തിന്റെ അടുത്തുനിന്ന് മൂന്നു ഫർലോങ് ദൂരമുണ്ടാവും.
നീ കോൾ ഗേൾ ആയിരിക്കുന്നത് ഉള്ള ജോലിയിൽ നിന്ന് കിട്ടുന്ന ശമ്പളം തികയുന്നില്ല സ്വന്തം ജീവിതാവശ്യങ്ങൾക്ക് എന്നതുകൊണ്ടാണ്. അതുതന്നെയാണ്, എനിക്കറിയാം.
ആവാം, പക്ഷേ അതിനെപ്പററി കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യമില്ല സർ.
അയാൾ പെട്ടെന്ന് ആ വിഷയം വിട്ടു.

അന്തസ്സുള്ള ഒരു കോൾഗേൾ ആയിട്ടാണ് തന്നെ അയാൾ കാണുന്നത് എന്നത് അവൾക്ക് ഇഷ്ടപ്പെട്ടു. എന്നാൽ പരിധി വിട്ട് അയാൾക്ക് വഴങ്ങിക്കൊടുക്കാതിരിക്കാൻ താൻ ബദ്ധശ്രദ്ധയോ ജാഗരൂകയോ ആയിരിക്കേണ്ടതുണ്ടെന്ന് അവൾ സ്വയം ഓർമിപ്പിച്ചുകൊണ്ടുമിരുന്നു.
അതായത്, അത്യാവശ്യം തൊടാനും തലോടാനും ഒക്കെ പാടും എന്നാണ് ഉടമ്പടിയിൽ ഉള്ളത്. കക്ഷി പക്ഷേ ഒരു ചുംബനം ദീർഘിപ്പിച്ചുകൊണ്ടുപോയാൽ ഞാൻ ഉണർന്ന് പരവശയായിത്തീർന്നെന്നു വരാം. പിന്നെ മറ്റു മേഖലകളിലേയ്ക്ക് നീങ്ങേണ്ടത് എന്റെ ആവശ്യമായിത്തീർന്നു എന്നും വരാം. അതിനാൽ താൻ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, ദ്യുതി.

എന്നാൽ ദ്യുതിയുടെ ആ സ്ഥലത്തിന് ആ പേർ വന്നത് എങ്ങനെയാണെന്നറിയാമോ?
തേഞ്ഞപാലമോ.
അതെ ദ്യുതി, അതു തന്നെ.
അത് ഞാൻ അറിഞ്ഞിരിക്കണം എന്നുണ്ടോ.
ശഠിക്കാതെടോ, എന്തെങ്കിലുമൊക്കെ മിണ്ടിക്കൊണ്ടിരിക്കണ്ടേ നമുക്ക് ... ദ്യുതി ചോദിക്കാത്ത സ്ഥിതിക്ക് ഞാൻ തന്നെ അത് വിസ്തരിക്കാം. ഇപ്പോൾ അവിടെയുള്ള പുതിയ നല്ല പാലമില്ലേ, പണ്ട് അതിങ്ങനെയായിരുന്നില്ല. വാഹനങ്ങൾക്കുള്ള നിരത്ത് ഇടയ്ക്കിടയ്ക്ക് പുതുക്കിപ്പണിതെങ്കിലും കാൽനടക്കാരുടെ ഒറ്റവരിപ്പാത അങ്ങനെയായിരുന്നില്ല. ആളുകൾ നടന്നു നടന്ന് അത് ഭയങ്കരമായി തേഞ്ഞു പോയിരുന്നു - തേഞ്ഞ ഹവായ് ചെരിപ്പ് മാതിരി.

പാലം പുതുക്കിപ്പണിതെങ്കിലും സ്ഥലത്തിന് അന്നു വീണ പേർ മാററാനാവില്ലല്ലോ - അല്ലേ?, സംഭാഷണത്തിലേയ്ക്കായി താൻ ഒന്നും ചെയ്തില്ല എന്നു വരുത്തേണ്ട എന്ന ഭാവത്തിൽ ദ്യുതി തുടർന്നു, തേഞ്ഞപാലം അത്ര മോശം പേർ ഒന്നും അല്ല പക്ഷേ -
തീർച്ചയായും ദ്യുതി - വേണമെങ്കിൽ നിനക്ക് തൂലികാനാമമായി കൂടി എടുക്കാം - ദ്യുതി തേഞ്ഞപാലം - രസമുണ്ടല്ലോ കേൾക്കാൻ.

ഓ, അതു വേണ്ട സർ, ദ്യുതി വീണ്ടും ബലം പിടിച്ചു, അത്രയ്‌ക്കൊന്നും വേണമെന്നില്ല. ആ സ്ഥലത്തെ സ്വന്തമാക്കണമെന്നൊന്നുമില്ല എനിക്ക്.
അത്താഴം കഴിഞ്ഞ് അങ്ങനെ തീൻമേശമേൽ ഇരിക്കുമ്പോൾ അയാൾ ചുംബിക്കാൻ വെമ്പിക്കൊണ്ടിരിക്കുകയാണ് എന്ന് ദ്യുതിക്ക് മനസ്സിലായി. എറിയാൻ ഓങ്ങിയോങ്ങി നിൽക്കുന്ന ഒരു കുട്ടി. ഈ ആണുങ്ങൾ കുട്ടിത്തം വിട്ട് വളരാറേയില്ല എന്നല്ലേ കേൾക്കാറുള്ളത്.

പക്ഷേ ദ്യുതിക്ക് അത് സൗകര്യമായി. അയാൾ ചുംബിച്ചു തുടങ്ങിയപ്പോൾ തന്നെ അവളുടെ ചുണ്ട് മുറിഞ്ഞു. വേദന കൊണ്ടു തന്നെയായിരുന്നു അവൾ നിലവിളിച്ചത്.

ഏയ്, ഇതെന്താണ്, ഉളിപ്പല്ലോ!, ദ്യുതി പെട്ടെന്ന് പിടഞ്ഞുമാറി.
എന്തു പറ്റി ദ്യുതി, എന്തുണ്ടായി.
ചുണ്ട് മുറിഞ്ഞു എന്റെ. അയ്യോ, വേദനിച്ചിട്ടു വയ്യാ, ഹോ, എന്തു കടിയാണിത്!
അത് ദ്യുതി, ഞാൻ പെട്ടെന്നങ്ങോട്ട് ... അറിയാതെ.
ഞാൻ പോവുകയാണ്, എന്നെക്കൊണ്ടൊന്നും വയ്യ ഇങ്ങനെ കടികൊള്ളാൻ. പേപ്പട്ടിയാണോ ആവോ -
പ്ലീസ്?, ദ്യുതി പോവരുത്, ഇനി ഇങ്ങനെയൊന്നും ഉണ്ടാവാതിരുന്നാൽ പോരേ. ഒന്നു ക്ഷമിക്കൂ. നമുക്ക് സംസാരിച്ചിരിക്കാമല്ലോ പലതും.
എന്ത് തേഞ്ഞപാലത്തിന്റെ ചരിത്രമോ?

വാസ്തവത്തിൽ, എന്റെ ദ്യുതി, ഞാൻ മറന്നു പോയതാണ് സൂക്ഷിക്കാൻ, അയാൾ തന്റെ ജാള്യത മറച്ചുപിടിക്കാൻ ശ്രമിച്ചില്ല, മറ്റാരോ കൂടി പറഞ്ഞിരുന്നു, പല്ലിന്റെ മൂർച്ച കൂടിയിട്ടുണ്ട് എന്റെ. ഒരു ദന്തവൈദ്യനെ കാണാൻ വൈകി എന്നു തോന്നുന്നു.
ഉവ്വുവ്വ്, നന്നായി നൊന്തു എനിക്ക്. ഇതുപക്ഷേ മൂർച്ച കൂടിയതല്ല സർ, തേഞ്ഞതാണ് പല്ല്. പ്രായം കൂടി വരുമ്പോൾ സംഭവിക്കുന്നതാണ്. എന്തായാലും കാണിക്കാതിരിക്കേണ്ട. അവർ രാകി അതിന്റെ കൂർപ്പ് കുറച്ചു തരും, ട്ട്വോ.

ഇച്ഛാഭംഗത്തെ നേരിടുകയാണ് ഒരു ഇളിഭ്യൻ. ദ്യുതി തലമുടി ചീകി ഒതുക്കിക്കൊണ്ട് എഴുന്നേറ്റു നിന്നു. അത് ക്ഷണം തീർന്നു, ഞാൻ അങ്ങനെ രക്ഷപ്പെട്ടു. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments