37. പൂവും കായും തേടിയോടിയും
പിസ്റ്റാഷ്യോ എന്ന ഈ കായ ഞാന്‍ ആദ്യമായി തിന്നുകയാണ്. യോഹനാന്‍ ഓര്‍ത്തു, എന്നാലും ഈ ശീലചേച്ചി എവിടെനിന്ന് ഇതെല്ലാം കണ്ടുപിടിക്കുന്നു.
നല്ല ഇഷ്ടമായി എനിക്ക് ഇത്. തിന്നിട്ട് മതിയായില്ല അത്. കുറേ വില ഉണ്ടേത്ര. അതിനാല്‍ ഇത്തിരിയേ പണക്കാര്‍ പോലും കഴിക്കാറുള്ളൂ എന്ന് ചേച്ചി വിശദീകരിച്ചു. അതായത് കാജൂ, ബദാം എന്നിവയേക്കാളും കൂടും വില.
അങ്ങനെ ഇരിക്കുമ്പോള്‍ പെട്ടെന്നാണ് ഒരു ചോദ്യം എറിഞ്ഞ് ചേച്ചി ഞെട്ടിക്കുക. ഡാ, നീ സെല്‍ഫ് ഗോള്‍ അടിച്ചിട്ടുണ്ടോ ഡാ?
ഒരു നിമിഷം പകച്ചുനിന്നുപോയി യോഹനാന്‍. എന്തെങ്കിലും ദ്വയാര്‍ത്ഥം ഉണ്ടോ അതില്‍ എന്ന് അറിയാതെ അവന്‍ കുഴങ്ങി. ഗോള്‍ അടിക്കുക എന്നതിന് ഉണ്ടാവാം. പക്ഷേ ഈ സെല്‍ഫ്‌ഗോള്‍ എന്നതിന് ... ഉണ്ടാവുമോ വല്ലതും. ഇത്തിരിമുമ്പ് കായ്കനികളൊക്കെ നല്ലോണം തിന്നേണ്ട പ്രായമാണ് ഡാ നിന്റെ എന്ന് കളിയാക്കിയതുമാണല്ലോ.
ചേച്ചി ഫുട്‌ബോള്‍ കണ്ടിട്ടുണ്ടെന്നു തോന്നുന്നു കുറേ, അല്ലേ?
ഹ, ഉണ്ടോ എന്നോ, ഒരു പ്രഭാഷകയുടെ ഭാവഹാവാദികളോടെ ശീല ആസനത്തില്‍ ഇരുന്നുകൊണ്ടു തന്നെ ഒന്ന് നിവര്‍ന്നു. ബ്രാസീല്‍ രണ്ടായിരത്തിപ്പതിനാലില്‍ കളിച്ച ഒരു മാച് ഉണ്ടല്ലോ, അതിനെപ്പററി ഞാന്‍ സംസാരിക്കുന്നത് കാണണോ നിനക്ക് ഡാ?
എന്താണതിന് പ്രത്യേകത, എനിക്ക് ഓർമ വരുന്നില്ലല്ലോ ചേച്ചി.
അതൊക്കെയുണ്ട് - കേള്‍ക്കണോ നിനക്ക്?
പറ ചേച്ചീ.
ഏഴ് സെല്‍ഫ് ഗോള്‍ ആണ് ബ്രാസീല്‍ അടിച്ചത് - തുരുതുരുതുരെ - ഒന്നിനു പിറകെ ഒന്നായി എഴ് സെല്‍ഫ് ഗോള്‍ ... മറക്കുമോ ആരെങ്കിലും ആ കളി?
അത് യോഹനാനെ ആശയക്കുഴപ്പത്തില്‍ ആഴ്ത്തി. അങ്ങനെ തന്നെയാണോ അത് ശരിക്കും. ചേച്ചി എന്തോ തെററിദ്ധരിച്ചിരിക്കുന്നതാണോ അതോ മനഃപൂര്‍വ്വം ഒരു വക്രോക്തി പ്രയോഗിച്ചതാവുമോ. കുറച്ചുനേരത്തേയ്ക്ക് അവന്‍ ശീലയുടെ മുഖത്തേയ്ക്കുതന്നെ നോക്കി അങ്ങനെ ഇരുന്നു. പിന്നെ അത് മനസ്സിലായപ്പോള്‍ പെട്ടെന്ന് നോട്ടം മാറ്റി.
എന്താണ് ഡാ ഒരു നോട്ടം?
അല്ല ചേച്ചീ, ഞാന്‍ ചിന്തിക്കുകയായിരുന്നു, എന്റെ ഓര്‍മ്മ എതിരില്ലാതെ ഏഴ് ഗോള്‍ ഏറ്റുവാങ്ങി ബ്രസീല്‍ തോറ്റു എന്നാണ് -
ഏയ്, അല്ല മോനേ, കണ്ടതല്ലേ ഞാന്‍ കളി.
ഒരുപക്ഷേ ആരാധന മൂത്തവര്‍ക്ക് അങ്ങനെ വിശ്വസിക്കാനേ പറ്റുള്ളൂ അത് എന്നാണോ. അത്ര ഭ്രമം ഉണ്ടായിരിക്കാം ബ്രസീല്‍ എന്ന സങ്കല്പത്തോട്. എന്നാല്‍ ഈ ചേച്ചിക്ക് എങ്ങനെ അത്. കളിയെപ്പറ്റി കുറച്ചൊക്കെ അറിയാം എന്നേ ഇതുവരെ തോന്നിപ്പിച്ചിട്ടുള്ളൂ. മകന് പന്തുകളി ഭ്രാന്തുണ്ട് എന്നു മാത്രമാണ് ആദ്യം ധരിച്ചത്. സാധാരണ കുട്ടികളെപ്പോലെയല്ല - അവന് ഇഷ്ടം ഇപ്പോഴത്തെ കളിക്കാരെ അല്ല. എല്ലാരും റൊനാള്‍ദോ ഫാന്‍ അല്ലേ ഇപ്പോള്‍. പക്ഷേ അവന്റെ ഹിറോ പണ്ടത്തെ റൊനാള്‍ദിഞോ ആണ്. പഴയ കളികള്‍ നോക്കിക്കൊണ്ടിരിക്കും അവന്‍. അതിലൊക്കെ ഭയങ്കര ഫോഴ്‌സ് ഉണ്ട് എന്നൊക്കെ പറയുന്നതു കേള്‍ക്കാം ...
മുമ്പെപ്പോഴോ ചേച്ചി പറഞ്ഞത് ഓര്‍ത്തു വെച്ചതാണ്. അതൊക്കെ സമ്മതിച്ചു, പക്ഷേ പിടികിട്ടാത്ത എന്തോ അടിയില്‍ കിടക്കുന്നുണ്ടോ എന്നൊരു സംശയം. മലയാളത്തില്‍ ബ്രസീല്‍ എന്നല്ലേ വാക്ക്. പക്ഷേ ചേച്ചി അത് ആ നാട്ടുകാരെപ്പോലെ ബ്രാസില്‍ എന്നേ പറയൂ എപ്പോഴും. ഇതിലൊക്കെ എന്തോ ഒരു രഹസ്യം ഒളിഞ്ഞിരിപ്പില്ലേ എന്നാണ് ...
ഡാ, മറന്നു ഞാന്‍ നിന്നോട് പറയാന്‍, ഒരു സീനിയര്‍ പയ്യന്‍ അവനോട് ഗോള്‍ അടിച്ചുകൊള്ളാന്‍ സമ്മതിച്ചിട്ടുണ്ടേത്ര ... പക്ഷേ സെല്‍ഫ്‌ഗോള്‍ മാത്രമേ പാടൂ - അത്ര മുട്ടുന്നുണ്ടെങ്കില്‍ സെല്‍ഫ്‌ഗോള്‍ അടിച്ചോ എന്ന് - ഹ ഹ ഹ.
ശീല മറ്റേ ആ ചിരിയിലേയ്ക്ക് നീങ്ങുന്നതിനു മുമ്പായി യോഹനാന്‍ ചാടി വീണു. ചേച്ചി കളിച്ചിട്ടില്ല എന്ന് എനിക്കറിയാമായിരുന്നു. കളി കണ്ടിട്ടുള്ള കമ്പമാണ്.
ഡാ ഡാ ഡാ - നീ ഈ കളികളി എന്നു പറയുന്നതൊക്കെ വല്ല അര്‍ത്ഥവും വെച്ചാണോ ഡാ?
ഏയ്, എന്തര്‍ത്ഥം? ഫുട്‌ബോള്‍ അല്ലേ നമ്മള്‍ സംസാരിക്കുന്നത് ചേച്ചീ.
ഓ, ആവട്ടെ, അര്‍ത്ഥം വെയ്ക്കാതിരുന്നാല്‍ നിനക്കു കൊള്ളാം, ശീല ഒന്ന് നെടുവീര്‍പ്പിട്ടു, പക്ഷേ ഡാ, ഞാന്‍ ഗോട്ടി കളിക്കുമായിരുന്നു ആണ്‍കുട്ടികളുടെ ഒപ്പം - നന്നായി കളിക്കുമായിരുന്നൂ ഡാ.
ഗേള്‍സ് ഗോലി കളിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. കളിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം ഗോട്ടി കയ്യില്‍ പിടിക്കാനായിരുന്നു. കിടന്ന് ഉരുളുമല്ലോ അത് - ഒരു തണുപ്പുമുണ്ട് ... അത് കണ്ണിനു നേരെ പിടിച്ച് എത്ര നേരമാണ് അതില്‍ നോക്കി നോക്കി കിടന്നിട്ടുള്ളത്. ഈ പളുങ്കുഗോട്ടിയില്ലേ ഡാ, എന്തു രസമാണ് അതില്‍ നോക്കിക്കൊണ്ടിരിക്കാന്‍ - എത്ര നേരമാണ് ഞാന്‍ അങ്ങനെ ....
നസ്റ്റാള്‍ജിയ, അല്ലേ ചേച്ചി.
ആങ്, അതേ ഡാ - അതൊക്കെയാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം.
ശീല വീണ്ടും നെടുവീര്‍പ്പിട്ടു. യോഹനാന്‍ പുതിയ പുസ്തകങ്ങളുടെ പെട്ടി തുറന്ന് അവ അടുക്കിവെയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. ത്രൂങ്ങാലിയുടെ പുസ്തകം എത്ര കെട്ടുകളാണ് വന്നിരിക്കുന്നത്. പകര്‍പ്പവകാശം ഇല്ലല്ലോ ആര്‍ക്കും. അതിനാല്‍ എല്ലാ പ്രസാധകരും അച്ചടിച്ചിറക്കിക്കൊണ്ടിരിക്കുകയാണ് ചെകുത്താന്‍ കഥകള്‍.
കാല്‍ മണിക്കൂര്‍ അങ്ങനെ കടന്നുപോയി. ശീലയ്ക്ക് തന്റെ മാറത്ത് എന്തോ നേരിയ ഒരു കിരുകിരുപ്പ് അനുഭവപ്പെട്ടു. അപ്പുറത്തേയ്ക്കു തിരിഞ്ഞ് അവിടെ പരതിനോക്കിയപ്പോള്‍ ഒരു കടലമണി കിട്ടി. കപ്പലണ്ടി - കശുവണ്ടിയല്ല, കപ്പലണ്ടി. കൊറിക്കുമ്പോള്‍ ആ വിടവിലേയ്ക്ക് വീണുപോയത്.
പിസ്റ്റാഷ്യോ എന്ന കായയ്ക്കു മുമ്പ് ഇവിടെ നിലക്കടല ഉണ്ടായിരുന്നു. ഹ ഹ ഹ, അവനെ വിളിച്ച് ഇത് കൊടുത്താലോ.
അങ്ങനെ ഒരു ഉള്‍വിളി തോന്നിയെങ്കിലും ശീല അത് അടക്കി. എന്നിട്ട് മുതിര്‍ന്ന ഒരു സ്ത്രീ എങ്ങനെയാണോ ഒരു അനിയനെ ഉപദേശിക്കുക, ആ സ്വരത്തില്‍ പറഞ്ഞു, നോക്ക് ഡാ, ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ നീ ശ്രദ്ധിക്കാതെ പോവും ഓരോന്ന്. ഉദാഹരണത്തിന് ചെവിയിലെ ചെപ്പി ... അതായത് നിന്റെ ഫാഷയില്‍ ചെവിക്കായം. അത് തന്നത്താന്‍ എടുത്തുകളയാന്‍ മടിയായതുകൊണ്ട് ചെയ്യുന്നുണ്ടാവില്ല നീ, എനിക്കറിയാം. പിന്നെ കുറേ കാലം കഴിഞ്ഞാല്‍ പഴുപ്പൊക്കെ വന്നാലോ. അതിന് ഇടവരുത്തണ്ട. നീ എപ്പോഴെങ്കിലും എന്റെ വീട്ടിലേയ്ക്കു വാ, ഞാന്‍ ചെയ്തു തരാം നിനക്ക് അത്, ട്ട്വോ.
▮
മൂര്‍ത്തിമദ്ഭാവം
(സുപ്രഭാതം. നിറയെ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ഒരു ഉദ്യാനത്തില്‍ ഉര്‍വ്വി, പുരോ. അവര്‍ തങ്ങളുടെ സവാരിമദ്ധ്യേ.)
പുരോ: ഉര്‍വ്വി?
ഉര്‍വ്വി: യാ, ബ്രോ.
പുരോ: ഈ യൊറോപ്യന്‍ കണ്‍ട്രീസ്, അവിടെയൊന്നും ചെറുപ്പക്കാരെ കാണാന്‍ കിട്ടില്ല പുറത്തൊന്നും, യൂത് എന്നത് വിസിബ്ള്‍ അല്ല തീരെ എന്നൊക്കെ ഒരാള്‍ പറയുന്നത് കേട്ടു ഞാന്‍ ഇന്നലെ, കുറേ ചുറ്റി സഞ്ചരിച്ച ഒരാള്‍.
ഉര്‍വ്വി: നിനക്കും തോന്നിയിരുന്നോ അവിടെയൊക്കെ പോയപ്പോള്‍.
പുരോ: പബ്‌സ് പോലുള്ള ഇടങ്ങളില്‍ ഒക്കെ മുതിര്‍ന്നവരെ മാത്രമേ കണ്ടിരുന്നുള്ളൂ. പിന്നെ ഹൈവേ വഴി നോക്കിയാലും - ഞാന്‍ കുറേ റോഡ്ട്രിപ് പോയിരുന്നല്ലോ ഉര്‍വ്വി .... ആങ്, ക്രൂസ് ബൈക്‌സ് ഒക്കെയായി കാണുന്നവരൊക്കെ അന്‍പത് - അറുപത് - എഴുപത് ഒക്കെ വയസ്സുള്ളവരാണ്.
ഉര്‍വ്വി: ഹിപീസ് ആയാലും പന്‍ക്‌സ് ആയാലും - അല്ലേ.
പുരോ: നൈറ്റ് പാർറ്റീസ് ഉണ്ടാവും പിന്നെ കേട്ടോ.
ഉര്‍വ്വി: അതായത് ഒരു സമ്പന്നരാഷ്ട്രത്തിലെ യുവാക്കളെപ്പററി കേള്‍ക്കാറില്ലേ, ബര്‍ഗര്‍ പിറ്റ്സാ ഫ്രൈഡ് ചികന്‍ ഒക്കെ തിന്ന് വീര്‍ത്ത് അനങ്ങാന്‍ വയ്യാതായവരാണ് അവര്‍ എന്ന്.
പുരോ: ഈ രാഷ്ട്രത്തിനെന്താ, പേരില്ലേ.
ഉര്‍വ്വി: ഏയ്, അത് വെളിപ്പെടുത്താന്‍ പാടില്ലല്ലോ! സുഹൃദ് രാഷ്ട്രങ്ങളെ പരിഹസിക്കാമോ നാം.
പുരോ: അമ്പോ, എന്തൊരു നയതന്ത്രം!
ഉര്‍വ്വി: ഹ ഹ, അതെയതെ - പക്ഷേ പുരോ…
പുരോ: എന്താണുര്‍വ്വി, ഉണര്‍വ്വി!
ഉര്‍വ്വി: ഒരപേക്ഷ, ഈ നാട്ടിലെല്ലാം വളരെ കുറവല്ലേ ജനസംഖ്യ. അവിടെ ആകെയുള്ള ചെറുപ്പക്കാര്‍ എല്ലാം അദ്ധ്വാനിക്കുകയാണെങ്കിലോ. അവര്‍ പുറത്ത് കറങ്ങി നടന്നാല്‍ കാര്യം ഒന്നും നടക്കില്ല എന്നു വിചാരിച്ചാവും.
പുരോ: വീകെന്‍ഡ് അര്‍മാദിക്കും അവര്‍. സകലരും വെള്ളി വൈകുന്നേരം തന്നെ തുരുതുരുതുരെ സ്ഥലം വിട്ട് പായുന്നത് കാണാം.
ഉര്‍വ്വി: ഒരു കാര്‍റ്റൂൺ കണ്ടു ഞാന്‍ ഇന്നാളൊരൂസം - ബീന്‍ബാഗ് പോലെ ഒരാള്‍ - ശ്ശ്യോ, എന്തൊരു ദുര്‍മ്മേദസ്സ്! ഈ സമ്പന്ന രാഷ്ട്രത്തിലെ പട്ടാളക്കാരനാണ് യുവാവ്. അയാള്‍ ഒരു വലിയ റ്റെര്മിനെയ്റ്റർ ഗണ്‍ ഒക്കെ പിടിച്ച് ഇരുന്ന് ഉറക്കം തൂങ്ങുന്നു. അയാളെ അവിടെ നിന്നു മാററണമെങ്കില്‍ ക്രെയിൻ വരണം.
പുരോ: ഹ ഹ, അപ്പോള്‍ പൊരിച്ചാക്ക് അല്ല.
ഉര്‍വ്വി: ഏയ്, മാംസപിണ്ഡം - ഫാറ്റ്സോ.
പുരോ: ഹാ, അതേപോലെ ഈ സമ്പന്ന രാഷ്ട്രത്തിന്റെ പേര്‍ പറയുകയേയില്ല ഉര്‍വ്വി, അല്ലേ.
ഉര്‍വ്വി: ഹ്ം, എന്തിനാണ് വെറുതേ പുരോ. സ്കൂള്‍ ബുള്‍ളീസ് പോലുള്ള ഡിക്‌റ്റെയ്‌റ്റേര്‍സ് ആണ് ഇപ്പോള്‍ സകല രാജ്യങ്ങളിലും. എന്തിനാണ് വെറുതേ അവരുടെ അപ്രീതി ... അപ്രീതിക്ക് ...
പുരോ: പാത്രം ആവുന്നത്?
ഉര്‍വ്വി: ആങ്, ഹ ഹ ഹ ... പാത്രം ആവുന്നത്!
പുരോ: ഹ ഹ, ഉര്‍വ്വി ആവണ്ടാട്ട്വോ പാത്രം.
ഉര്‍വ്വി: ഏയ്, ഒരിക്കലുമില്ല പുരോ.
പുരോ: (ആലോചിച്ചുകൊണ്ട്) അതുണ്ടല്ലോ ഉര്‍വ്വി, കുറേ കാലം മുമ്പ് മുതലേ ഇവിടത്തെ ഗേള്‍സ് വലിയ ശതമാനവും മുഴുവന്‍ സമയവും പഠിത്തം ആയി മാറിയിരുന്നു. ഇപ്പോള്‍ ഭൂരിഭാഗം ബോയ്‌സ് കൂടി അങ്ങനെ ആയിട്ടുണ്ട് എന്ന് - അനുമാനിക്കാം.
ഉര്‍വ്വി: എന്റെ ഒരു കസിന്‍ ശീതള്‍ ഉണ്ട് പുരോ - അവള്‍ പറയും ബോയ്‌സ്, ഗേള്‍സ് എല്ലാം ഇപ്പോള്‍ ഒരു പോലെയായി - യുനിസെക്‌സ് ആണ് എന്ന്.
പുരോ: ഹ ഹ ഹ, എന്നാലും അതില്‍ പെടാത്ത കുറേ ഗൈസ് ഉണ്ട് ഉര്‍വ്വി. ഓരോരോ 390 - 400 - 500 സി സി ബൈക് വാങ്ങുക എന്നതാണ് അവരുടെ ഏറ്റവും വലിയ ലക്ഷ്യം. എന്നിട്ട് ഇങ്ങനെ ലോങ് റൈഡ്‌സ് പോവുക ... ഈയിടെ ഒരു കംപനി അവരുടെ എത്ര ബൈക്‌സ് ഒരു മാസം വില്‍ക്കുന്നുണ്ട് എന്ന കണക്ക് കാണിച്ചു, ഞെട്ടിപ്പോവും നമ്മള്‍ ഉര്‍വ്വി.
ഉര്‍വ്വി: അപകടം എത്ര കൂടി, അല്ലേ പുരോ, പക്ഷേ പുരോ, നമ്മുടെ ഇവിടത്തെ ഗതാഗതത്തിരക്ക് നോക്കുമ്പോള്‍ അത്യാഹിതങ്ങളുടെ എണ്ണം കുറവാണ് എന്ന് ആശ്വസിക്കുകയാണ് വേണ്ടത് എന്നു തോന്നും ചിലപ്പോള്‍. രണ്ടും മൂന്നും വാഹനങ്ങളല്ലേ ഓരോ ഇടത്തരം വീട്ടില്‍ നിന്നും ഇറങ്ങുന്നത് നിത്യം.
പുരോ: ങ്ഹാ, അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ യുവാക്കള്‍ നല്ലോണം വിസിബ്ള്‍ ആണ്, അല്ലേ ഉര്‍വ്വി. ബൈക്‌സ് ഓടിച്ച് എത്രയാളാണ് ... അവരുടെ ഹെയ്ര്‍ സ്‌റ്റൈല്‍ കണ്ടാലും അറിയാം.
ഉര്‍വ്വി: നിന്റെ മുടിയും കുറച്ചൊക്കെ അതേപോലെയാണ്, അല്ലേ പുരോ.
പുരോ: കുറേശ്ശെ, ഞാന്‍ മുതിര്‍ന്നില്ലേ ഉര്‍വ്വി.
ഉര്‍വ്വി: ഹ ഹ, ഉവ്വുവ്വ് - എനിക്കും തോന്നി എപ്പോഴോ.
പുരോ: പിന്നെ ഉര്‍വ്വി, ഈ ബൈക്‌സ് ഓടിച്ച് ബ്രോസ് അധികവും പോവുന്നത് മലനാട്ടിലേയ്ക്കാണ്.
ഉര്‍വ്വി: ഡ്രഗ്‌സ് വല്ലാതെ കൂടിയിട്ടുണ്ട് എന്നു കേട്ടു പുരോ. അത് കഴിച്ചിട്ട് ഓടിച്ചാല്‍ പൊലിസ് പിടിക്കില്ലല്ലോ.
പുരോ: ചിലര്‍ എത്രയോ ദൂരം ഓടിച്ചു പോവുന്നത് മാജിക് മഷ്‌റൂം എന്നൊക്കെയുള്ള ഓരോ സാധനം വാങ്ങിത്തിന്നാനാണ്. പച്ചമുളകും തേനും കാട്ടുകൂണും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന ഒരു തരം ഓംലെറ്റ്.
ഉര്‍വ്വി: ആങ്ഹാ!
പുരോ: അതായത്, ഇവിടെ കാനില്ല: ചെറുപ്പം എന്നൊന്നും പറഞ്ഞുകൂടാ- കാനുണ്ട്, അല്ലേ ഉര്‍വ്വി.
ഉര്‍വ്വി: നമ്മളും യുവാക്കള്‍ തന്നെ അല്ലേ പുരോ.
പുരോ: ഇത്തിരി മുതിര്‍ന്നു, എന്നാലും അതെ, അതെ ഉര്‍വ്വി.
ഉര്‍വ്വി: സാധാരണ സ്വന്തം നിലയില്‍ പുതിയ കുടുംബമൊക്കെ ആയാലല്ലേ മുതിര്‍ന്നു എന്ന വിഭാഗത്തില്‍ പെടുക.
പുരോ: ഗംഭീരമായി മലയാളം കൈകാര്യം ചെയ്യാന്‍ പഠിച്ചു ഉര്‍വ്വി അതിനിടയില്‍, അല്ലേ?
ഉര്‍വ്വി: ഹ ഹ ഹ, സമ്പര്‍ക്കം കൊണ്ടുള്ള ഓരോ ഗുണം.
പുരോ: എന്നാലും വിദൂരദേശത്തെ ഒരു സ്വേച്ഛാധിപതിയെ ഭര്‍ത്സിക്കാന്‍ ഉര്‍വ്വിക്ക് നാവ് പൊന്തില്ല, അല്ലേ ? ..... ഹ ഹ ഹ, എന്തൊരു നിസ്സീമമായ മാദ്ധ്യമമര്യാദ.
▮
അന്ന് അവള്‍ സുഭദ്രയുടെ തോഴി ആയിരുന്നില്ല. പ്രായം ഏറിയാല്‍ പത്തോ പതിനൊന്നോ. അവളുടെ ഏററവും വലിയ കൂട്ടുകാരി അപ്പോള്‍ നങ്ങേമ. ഒരു പട്ടിണിയില്ലത്തെ പെണ്‍കുട്ടി.
വീടിനു മുന്നിലെ കുണ്ടനിടവഴിയില്‍ നിന്ന് നങ്ങേമ അവളെ കളിക്കാന്‍ വിളിച്ചു. അപ്പോള്‍ ആദ്യം അവളുടെ അമ്മ വിലക്കി. പിന്നെ പോവാന്‍ സമ്മതിച്ചു.
നിയ്യ് അവളോട് ചോദിക്ക് മോളേ റേഷന്‍ വാങ്ങാന്‍ പോണുണ്ടോന്ന്. ഉണ്ടേല്‍ നിയ്യും കുടെ പൊയ്‌ക്കോ - അരി വാങ്ങണം ...
കണ്ടോ അമ്മയുടെ സൂത്രം. ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അമ്മ എന്നെ മോളേ എന്നു വിളിക്കും. അവള്‍ മുററത്തേയ്ക്ക് ഓടിയിറങ്ങുമ്പോള്‍ ഓര്‍ത്തു. നങ്ങേമയെ അവളുടെ അമ്മ നങ്ങേമക്കുട്ടി എന്നും.
നങ്ങേമയുടെ കൂടെ ആഞ്ഞിലിപ്പഴം പെറുക്കാന്‍ പോവാം. എനിക്ക് ഇത്ര ഇഷ്ടമുള്ള ഒരു പഴമില്ല. അതിന്റെ കുരു വറുത്തു തിന്നാനും എന്തൊരു സ്വാദാണ്.
അയ്യേ, ആഞ്ഞിലിപ്പഴം എന്താണെന്നറിയില്ലേ. കണ്ടാല്‍ ചക്ക പോലെ ഇരിക്കും, മുള്ളൊക്കെ ആയിട്ട്. പക്ഷേ കയ്യില്‍ ഉരുട്ടിപ്പിടിക്കാം. അകത്ത് തേനീച്ച പോലെ അടുക്കിയടുക്കി വെച്ചിരിക്കുന്ന ചുളകളാണ്. അതിന്റെ ഉള്ളിലാണ് നേരത്തേ പറഞ്ഞ കുരു, അതാണ് തിന്നാന്‍ നല്ല രസം ...
അപ്പോള്‍ കുരുവാണോ പഴമാണോ വേണ്ടത്.
ഏതു കയ്യില്‍ മഞ്ചാടി എന്ന കളി പോലെ ഇങ്ങനെയും ഒന്നുണ്ട്. നങ്ങേമയ്ക്ക് എപ്പോഴും പഴം മതി. എനിക്ക് പഴം ഇഷ്ടമല്ല എന്നല്ല, കുരുവാണ് കൂടുതല്‍ വേണമെന്നുള്ളത്.
ബാലരാമായണത്തിലെ വരികള്‍ മനഃപാഠമാക്കിയത് അവള്‍ പെട്ടെന്ന് ഓര്‍ത്തു പോയി.
കാനനത്തില്‍ ശരല്‍ക്കാല ചാരുഭംഗികള്‍ നോക്കിയും
കായും കനികളും പൂവും തളിരും തേടിയോടിയും
ഓമല്‍ച്ചിത്രാംബരം കാറ്റിൽ പാറിച്ചും ഹന്ത സുന്ദരി
ഉല്ലസിച്ചാളങ്ങുമണ്ടുമൊരു പൂമ്പാറ്റ പോലവള്‍ ... പൂതപ്പാട്ട് പഠിക്കാനുണ്ട് ഇനി. തിങ്കളാഴ്ച പദ്യം ചൊല്ലിപ്പിക്കും.
എന്തൊക്കെയായാലും കൃത്യം അതേപോലെ തന്നെ ചൊല്ലിക്കേള്‍പ്പിച്ചില്ലെങ്കില്‍ നല്ല പിച്ച് കിട്ടും. തുടയിലൊക്കെ നുള്ളാനാണ് മാഷ്‌ക്ക് ഏറ്റവും ഉത്സാഹം. മണ്ടും എന്നു തന്നെ വേണം, അറിയാതെ പാറും എന്ന് ചൊല്ലിപ്പോയാല്‍ പെട്ടു.
പൂതപ്പാട്ടിന്റെ കഥ കേള്‍ക്കുമ്പോള്‍ കരച്ചില്‍ വരും. നങ്ങേലി ആണ് അതിലെ അമ്മ, നങ്ങേലിക്കുട്ടി. എന്നാല്‍ പൂതത്തിന്റെ സ്നേഹവും കണക്കിലെടുക്കണം എന്ന് മാഷ് വ്യാഖ്യാനിച്ചത് അവള്‍ക്ക് ശരിക്കും മനസ്സിലായിരുന്നില്ല.
പൂതം എന്തിനാണ് കുഞ്ഞിനെ കക്കുന്നത്. കാരണം, അതിന് സ്വന്തമായി ഒരു ഓമനയെ ഉല്പാദിപ്പിക്കാനുള്ള ശേഷിയില്ലല്ലോ. അപ്പോള്‍ കട്ടിട്ടു തന്നെയല്ലേ പറ്റൂ, പിന്നെ പൂതം ഈ മനുഷ്യശിശുവിനെ തിന്നാനല്ലല്ലോ ഉദ്ദേശിക്കുന്നത്, ലാളിച്ചു വളര്‍ത്താനല്ലേ. അതായത്, കുട്ടികളേ, പൂതത്തിനെ നാം അടച്ചങ്ങോട്ട് ആക്ഷേപിച്ചുകൂടാ, വെറുത്തുകൂടാ എന്നെല്ലാമാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. അമ്മയുടെ സങ്കടത്തെപ്പററി മാത്രം ആലോചിച്ചാല്‍ പോരാ നമ്മള്‍, മററു മാനങ്ങളും അതിനുണ്ടെന്ന് മനസ്സിലാക്കേണം...
നങ്ങേമയ്ക്കും അത് രുചിച്ചില്ല. പൂതത്തിനോട് യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് അവളും നിശ്ചയിച്ചത്. അത്ര അത്യാവശ്യമാണെങ്കില്‍ പൂതം ഒരു പാവ വാങ്ങട്ടെ.
പച്ചരി തന്നെയാവും ഈ ആഴ്ചയും കിട്ടുക. അങ്ങനെയാണെങ്കില്‍ എനിക്കു പണിയായി. മുറത്തില്‍ അത് പരത്തിയിട്ട് ചെളിക്കട്ടകള്‍ ഒക്കെ പെറുക്കിക്കളയുക വേറെ ആരാണ്.
ആരാണാവോ അതില്‍ ഇത്ര കല്ലും മണ്ണും വാരിയിടുന്നത്. ചിലപ്പോള്‍ ചില പ്രാണികളും പുഴുക്കളും ഉണ്ടാവും. ചെള്ളോ അതോ ചാഴിയോ.
വേഗം അവള്‍ പടിക്കലേയ്ക്ക് ഓടിയിറങ്ങിയപ്പോള്‍ കുറച്ച് ചിലന്തിവല പൊട്ടി മേല്‍ പററിപ്പിടിച്ചു. അന്ന് അതുവരെ ആരും അതിലേ കടന്നുപോയിട്ടില്ല എന്നതിനു തെളിവ്, തീര്‍ച്ചയില്ല. ചിലപ്പോള്‍ ഉച്ചയൂണ് കഴിഞ്ഞ് തുടങ്ങിയതാവാമല്ലോ എട്ടുകാലി നെയ്ത്ത്.
നങ്ങേമയ്ക്ക് പുതിയ ഒരു സ്വകാര്യം പങ്കുവെയ്ക്കാനുണ്ടായിരുന്നു.
നോക്കിക്കേ, എന്റെ അകന്ന ബന്ധുക്കള്‍ടെ ഇല്ലത്ത് പോയിരിക്കുകയായിരുന്നല്ലോ ഞാന്‍ ഇന്നലെ. അതുകൊണ്ടല്ലേ കുട്ടീ ഞാന്‍ കളിക്കാന്‍ വരാഞ്ഞത് ... അവിടെ ചെന്നപ്പോള്‍ ഒരു ചെറുക്കന്റെ ഉപനയനം ആണ് കുട്ടീ, വലീയ മനയാണേ, ഇശ്ശി ദ്രവ്യം ഉള്ളവരാ .... ഉപനയനം ച്ചാല്‍ ആചാരായിട്ട് അവനെ പൂണൂല് അണിയിക്കുന്ന ചടങ്ങ്. ഛീ, ഒരു നാണവുമില്ല ആ ചെറുക്കന്. എട്ടൊമ്പതു വയസ്സുണ്ടേയ്, എന്നിട്ട് ഒരു കോണകം മാത്രം ഉടുത്തിട്ട് ഒരു കൂസലൂല്ല്യാണ്ടെ ഞെളിഞ്ഞു നില്‍ക്കുണു. അയ്യയ്യേ, അതിങ്ങനെ ഒരു പൊതി - കൂമ്പാള ... ഛീ, ഒരു നാണോല്ല്യ കുട്ടീ ആ ചെറുക്കന്.
അവള്‍ കിട്ടിയനേരം കൊണ്ട് അത് സങ്കല്പിച്ചുനോക്കുകയായിരുന്നു. ഒരു സുന്ദരബാലന്‍ കൗപീനം മാത്രം ധരിച്ച് വിശാലമായ മുറ്റത്ത് നില്‍ക്കുന്നു. ചുറ്റും കുടുമയൊക്കെയുള്ള കുറേ പൂണൂല്‍ക്കാര്‍. അവര്‍ തോര്‍ത്തോ മുണ്ടോ എന്തൊക്കെയോ ചുററിയിട്ടുണ്ട്. അതില്‍ മൂത്ത ആള്‍ ജപിച്ചു നല്‍കുന്ന വെള്ളചരട് അവന്‍ ഭകത്യാദരപൂര്‍വ്വം രണ്ടു കയ്യും നീട്ടി ഏറ്റുവാങ്ങുന്നു. പിന്നെ മുതിര്‍ന്നവരുടെ നിര്‍ദ്ദേശപ്രകാരം എന്തോ മന്ത്രം ചൊല്ലിക്കൊണ്ട് അത് കഴുത്തിലൂടെ തോളിലേയ്ക്ക് ഇടുന്നു.
കണ്ടു നില്ക്കുന്നവര്‍ അപ്പോള്‍ ആര്‍പ്പുവിളിക്കുമോ.
കുരവ എന്നൊരു പരിപാടിയില്ലേ. ഈ നങ്ങേമയും ബന്ധുക്കളുടെ കൂടെ നിന്ന് ആ മംഗളശബ്ദം ഉണ്ടാക്കിയിട്ടുണ്ടാവില്ലേ. അവന്റെ നഗ്നത കണ്ട് കഷ്ടം വെച്ചു എങ്കിലും ഈ പാരമ്പര്യത്തെപ്പററി അവള്‍ക്ക് അഭിമാനമല്ലേ ഉണ്ടാവുക.
ഏയ്, അല്ലാട്ട്വോ കുട്ടീ. ഞാന്‍ പക്ഷേ കൂവുകയാണ് ചെയ്തത്.
ഓഹോ, ശരിക്കും?
അതെ കുട്ടീ, സത്യായിട്ടും!
എന്നാലും ആ ചെറുക്കന്, ഒരു നാണോല്ല്യ കുട്ടീ.
അതേയ്, നങ്ങേമേ, ചെറുക്കന്‍ എന്നു വിളിക്കാന്‍ പാടുമോ ആ കുട്ടിയെ?
ഫിന്നേ! - അവന്റെ ജാതി തന്നെയല്ലേ ഞാനും. പ്രായം കൊണ്ടും ഞാന്‍ മേലെ. അവനെ പിന്നെ ഞാന്‍ എന്താ വിളിക്കേണ്ടത്, ഏശ്മാന്‍ന്നോ?
തിരുമേനി ആവില്ലേ ആ .... കുട്ടി പൂണൂലിട്ടാല്‍.
നീ ഒന്നു മിണ്ടാതിരിക്ക്. നിയ്യൊക്കെയാണ് ഇവരെ വെറുതേ ബഹുമാനിച്ച് വഷളാക്കുന്നത്. കൊന്നാലും ശരി ഞാനവനെ ചെറുക്കന്‍ന്നേ വിളിക്കുള്ളൂ, നോക്കിക്കോ!
അതിന് നിന്നെ ആരാണിപ്പോള്‍ കൊല്ലാന്‍ പോവുന്നത് നങ്ങേമേ ... ആട്ടെ, ഇതു മുന്‍കൂട്ടി പറ, പഴമോ കുരുവോ?
ഇതേത് പണ്ടത്തെ നാട്. വാ പൊളിച്ചോ നിങ്ങള്‍. പലപ്പോഴും വള്ളുവനാട് പോലെ എന്നാലോ ചിലപ്പോള്‍ വഴിപാട് പോലവേ.
(തുടരും)