43. ജീവിതം കല തന്നെ
പഴയ ഒരു വീഞ്ഞുഭരണിയില്‍ താമസമാക്കിയ ഒരു വൃദ്ധ ഉണ്ടായിരുന്നു. ഒരിക്കല്‍ അതിനടുത്തുകൂടി കടന്നുപോയ ഒരു മാലാഖ ഭരണിക്കകത്തുനിന്ന് വൃദ്ധ പ്രാകിക്കൊണ്ടിരിക്കുന്നത് കേട്ടു.
അയ്യേ, അയ്യയ്യേ, വൃദ്ധ പറഞ്ഞു, ഇങ്ങനെ ഒരു ഒഴിഞ്ഞ വീപ്പയില്‍ പാര്‍ക്കേണ്ടതാണോ ഞാന്‍ - അയ്യേ! ... പൂന്തോട്ടത്തിനു നടുവില്‍ മനോഹരമായ ഒരു വളളിക്കുടിലില്‍ ഇരിക്കുകയായിരുന്നെങ്കിലോ ഇപ്പോള്‍ ഞാന്‍...
മാലാഖ ഉടനെ വൃദ്ധയുടെ മുന്നില്‍ പ്രത്യക്ഷമായി. ശരി അമ്മൂമ്മേ, ഇന്ന് രാത്രി കണ്ണുചിമ്മിക്കൊണ്ട് മൂന്നു തവണ വട്ടം കറങ്ങിയതിനുശേഷം ഉറങ്ങാന്‍ കിടക്കുക. രാവിലെ ഉണരുമ്പോഴേയ്ക്കും ഇപ്പോള്‍ ആഗ്രഹിച്ചത് അമ്മൂമ്മയ്ക്ക് ലഭിക്കുന്നതാണ്.
വൃദ്ധ മാലാഖ പറഞ്ഞതുപോലെ ചെയ്തു.
രാവിലെ ഉണര്‍ന്നപ്പോള്‍ വൃദ്ധ കണ്ടത് താന്‍ ഭംഗിയുള്ള ഒരു വള്ളിക്കുടിലില്‍ കിടക്കുന്നതായിരുന്നു. വൃദ്ധയ്ക്ക് അതിയായ സന്തോഷം തോന്നി. എന്നാല്‍ അതിനിടയില്‍ മാലാഖയെ വിളിച്ച് ഒന്ന് നന്ദി രേഖപ്പെടുത്താന്‍ വൃദ്ധ മറന്നേപോയി.
മാലാഖയ്ക്ക് പക്ഷേ നീരസം തോന്നിയില്ല. എന്തെല്ലാം കാര്യങ്ങള്‍ നോക്കിനടത്താനിരിക്കുന്നു. അങ്ങനെ വടക്കോട്ടും കിഴക്കോട്ടും തെക്കോട്ടും പടിഞ്ഞാറോട്ടും പറന്നുപറന്ന് തിരക്കു കൂട്ടുന്നതിനിടയില്‍ പെട്ടെന്ന് ഒരു ദിവസം മാലാഖയ്ക്ക് വൃദ്ധയെ ഓര്‍മ്മ വന്നു. പോയി അമ്മൂമ്മയെ ഒന്നു കാണുക തന്നെ. ഇപ്പോള്‍ സന്തുഷ്ടയായി ഇരിക്കുകയാവണം അമ്മൂമ്മ.
പക്ഷേ പൂന്തോട്ടത്തിനു നടുവിലെ കുടിലില്‍ എത്തിയപ്പോള്‍ വൃദ്ധ പിറുപിറുത്തു കൊണ്ടിരിക്കുന്നതായിരുന്നു മാലാഖ കണ്ടത്.
നാണക്കേട്, അയ്യേ, നാണക്കേട്, വൃദ്ധ പറഞ്ഞു. ഇങ്ങനെ ഒരു കൊച്ചുകുടിലില്‍ പാര്‍ക്കേണ്ടവളാണോ ഞാന്‍. പുഴുക്കള്‍, വണ്ടുകള്‍, പാററകള്‍, പോരാഞ്ഞിട്ട് ചിതലും ! .... മട്ടുപ്പാവും ഒക്കെയുള്ള ഒരു മാളികവീടാണ് എനിക്ക് വേണ്ടത്. ഭംഗിയുള്ള തിരശ്ശീലകള്‍, വാതില്ക്കല്‍ തൂങ്ങിക്കിടക്കുന്ന ഒരു ഓട്ടുമണി, ... എന്തുകൊണ്ട് ഇതൊന്നും എനിക്ക് ലഭിക്കുന്നില്ല ആവോ!
മാലാഖയ്ക്ക് നേരിയ വ്യസനം തോന്നി. എന്നാലും ഒരു വൃദ്ധയുടെ മോഹമല്ലേ. ആവട്ടെ അമ്മൂമ്മേ, ഇന്നു രാത്രി മൂന്നു പ്രാവശ്യം വട്ടം കറങ്ങിയിട്ട് കണ്ണടച്ചുകൊണ്ട് കിടക്കയിലേയ്ക്കു വീണ് ഉറങ്ങിയുണര്‍ന്നു നോക്കുക.
ശരിശരി, വൃദ്ധ അക്ഷമയായി കാത്തിരിപ്പ് തുടങ്ങി. രാത്രിയായതും മാലാഖ നിര്‍ദ്ദേശിച്ചതുപോലെ ചെയ്തിട്ട് ഉറങ്ങാന്‍ കിടന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ രാവിലെ കണ്ണുതുറന്നുനോക്കിയപ്പോള്‍ വൃദ്ധ കണ്ടത് താന്‍ ഒരു പട്ടുമെത്തയില്‍ കിടക്കുന്നതായിരുന്നു. നേരെ മുന്നില്‍ നയനാനന്ദകരമായ തിരശ്ശീലകള്‍ തൂങ്ങിക്കിടക്കുന്നതും വൃദ്ധ കണ്ടു. മട്ടുപ്പാവുണ്ട്, ഓട്ടുമണിയുമുണ്ട്. വൃദ്ധയ്ക്ക് തല്‍ക്കാലത്തേയ്ക്ക് തൃപ്തിയായി.
എന്നാല്‍ മാലാഖയെ നന്ദിപൂര്‍വ്വം സ്മരിക്കാന്‍ വൃദ്ധ ഓര്‍ത്തില്ല.
മാലാഖ വീണ്ടും കിഴക്കും തെക്കും പടിഞ്ഞാറും വടക്കും ആയിട്ട് ആയിരക്കണക്കിന് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനായി നീങ്ങി. എന്നാല്‍ കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാലാഖയ്ക്ക് പഴയ വീഞ്ഞുഭരണിക്കാരിയെ വീണ്ടും ഓര്‍മ്മ വന്നു. ഇപ്പോഴെങ്കിലും സംപ്രീതയാണോ അമ്മൂമ്മ എന്നൊന്ന് അറിയേണ്ടേ.
ആ മാളികയ്ക്കടുത്തെത്തിയപ്പോള്‍ വീണ്ടും വൃദ്ധയുടെ പരാതി തന്നെയാണ് മാലാഖയ്ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. ഓ, ഇങ്ങനെ ഒരു സാധാരണ ധനികയായി ജീവിക്കേണ്ട ഒരാളാണോ ഞാന്‍, വൃദ്ധ പുലമ്പി, അയ്യേ, കുറച്ചിലല്ലേ ഇത്... എനിക്ക് ശരിക്കും വേണ്ടത് ഒരു കൊട്ടാരമാണ്. അനവധി ഭൃത്യരും സേവകരും പരിചാരകരും ഒക്കെയുള്ള ഒരു രമ്യഹര്‍മ്മ്യം ...
മാലാഖ ഖേദപൂര്‍വ്വം അത് കേട്ടു. എന്നാലും രാത്രി വട്ടം കറങ്ങി ഉറങ്ങാന്‍ കിടക്കാന്‍ വൃദ്ധയ്ക്ക് വരം നല്കിയിട്ട് മാലാഖ അവിടം വിട്ടു. പിറ്റേന്നുരാവിലെ എഴുന്നേറ്റപ്പോഴേയ്ക്കും വൃദ്ധ തികച്ചും ഒരു മാന്യമഹിളയായി മാറിയിരുന്നു.
നല്ല ഒരു കൊട്ടാരം, അതിനു ചേര്‍ന്ന പരിസരം.
പക്ഷേ വൃദ്ധയ്ക്ക് അപ്പോഴും പ്രത്യേകിച്ച് ആരോടും കൃതതയൊന്നും തോന്നിയില്ല.
തെക്കും പടിഞ്ഞാറും വടക്കും കിഴക്കുമായി പല പ്രവൃത്തികളില്‍ മുഴുകി കഴിയുന്നതിനിടയില്‍ എപ്പോഴോ മാലാഖയ്ക്ക് പിന്നെയും അമ്മൂമ്മയെ ഓര്‍മ്മ വന്നു. ഇപ്പോഴെങ്കിലും തൃപ്തയായി അവരെ കാണാന്‍ കഴിഞ്ഞെങ്കില്‍!
കൊട്ടാരത്തിന്റെ അടുത്തെത്തിയ മാലാഖ പ്രൗഢഗംഭീരമായ ഒരു ശൈലിയിലാണെങ്കിലും വൃദ്ധ പരിഭവിക്കുന്നതു തന്നെയാണ് കേട്ടത്. ലജ്ജാവഹം, ലജ്ജാവഹം - ഇങ്ങനെ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നുവല്ലോ എനിക്ക്. ഒരു പ്രഭ്വി ആയിരുന്നെങ്കില്‍ എനിക്ക് പല്ലക്കില്‍ കയറിയിരുന്ന് ഇടയ്ക്ക് രാജ്ഞിയെ സന്ദര്‍ശിക്കാനൊക്കെ പോവാമായിരുന്നു. ലജ്ജാവഹം, പ്രഭുക്കളുടെയും ഉന്നതകുലജാതരുടെയും ഇടയിലല്ലേ എനിക്ക് സ്ഥാനം കിട്ടേണ്ടിയിരുന്നത്.
അസ്വസ്ഥയായി പഴയ വീഞ്ഞുഭരണിക്കാരിയെ നോക്കി മാലാഖ ഏതാനും നിമിഷം ചിന്തിച്ചു കൊണ്ട് നിന്നു. ഞാനാണ് ഇപ്പോള്‍ ശരിക്കും നിസ്സഹായ. സാധാരണഗതിയില്‍ എന്താണ് സംഭവിക്കുക? ഒരിക്കല്‍ കൂടി ഞാന്‍ അവരുടെ ആവശ്യം അംഗീകരിക്കും, അമ്മൂമ്മ പ്രഭ്വിയായി മാറും. എന്നിട്ടോ. കുറച്ചുകാലം കഴിഞ്ഞ് വന്നു നോക്കുമ്പോഴും മുറുമുറുക്കുന്ന അമ്മൂമ്മയെയാണ് കാണുക. പത്മാസനത്തില്‍ കിരീടമെല്ലാം അണിഞ്ഞ് സര്‍വ്വാഭരണവിഭൂഷിതയായി ഇരിക്കുന്ന രാിയായിത്തീരണം എന്നാവും അപ്പോഴത്തെ അഭിലാഷം. അതു കഴിഞ്ഞാലോ, ഒരു കൊച്ചു രാജ്യം മാത്രം പോരാ, ലോകം മുഴുവനും തെന്റ കീഴിലാവണം എന്നും.
എന്നാല്‍ ഒറ്റയടിക്ക് ആ പദവി പൂകാമായിരുന്നല്ലോ. പടിപടിയായി മാത്രം മുന്നേറുന്നത് വല്ല സങ്കോചവും ഉള്ളതുകൊണ്ടാവുമോ. തൊട്ടുമേലെ ഉള്ളത് ആശിക്കുന്നു, അതു ലഭ്യമായാല്‍ അതിനു മേലെയുള്ളത് കൊതിക്കുന്നു. ബെ, എല്ലാ മനുഷ്യരും ഇങ്ങനെ തന്നെയാണോ.
എന്തായാലും എല്ലാ മാലാഖകളും ഒരേ മാതിരിയല്ല. വൃദ്ധയുടെ കൃതഘ്‌നത അവസാനം വരെ പൊറുക്കാനെല്ലാം ഞാന്‍ തയ്യാറാണ്. എന്നാല്‍ അവരുടെ അഹങ്കാരം അതിന്റെ പരമകോടിയിലെത്തുമ്പോള്‍ മാത്രം അവരെ പഴയ വീഞ്ഞുഭരണിയിലേയ്ക്ക് വലിച്ചെറിയുക എന്ന സമ്പ്രദായത്തില്‍ എനിക്ക് താല്പര്യമില്ല.
അത്രയ്ക്കങ്ങോട്ട് ക്ഷമിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് സൗമനസ്യം ഇല്ല എന്നൊന്നുമല്ല അതിന്റെ അര്‍ത്ഥം. എന്തിന് വെറുതേ എല്ലാവരുടെയും സമയം കളയുന്നു. രണ്ടോ മൂന്നോ പടവുകള്‍ ഒഴിവാക്കി ഇപ്പോള്‍ തന്നെ അമ്മൂമ്മയെ ആ വീപ്പയിലേയ്ക്ക് തള്ളാം.
എന്നിട്ട് അമ്മൂമ്മ എത്ര നിരാശാഭരിതയാവുന്നു അപ്പോള്‍ എന്നു നോക്കാം.
▮
ആവിഷ്‌കാരം
ഉദാഹരണത്തിന് ഒരു കുഴി.
അത് തോണ്ടുന്നതോ / വെട്ടുന്നതോ / മാന്തുന്നതോ ഇഷ്ടം.
ഇത്തരം ചോദ്യങ്ങള്‍ ഭാഷാശാസ്ത്രത്തിലോ വ്യാകരണത്തിലോ വരുന്നത്. ഞാന്‍ നിരൂപിക്കുകയായിരുന്നു. നോക്കുക, മരിച്ചാലും രക്ഷയില്ല എഴുത്തില്‍നിന്ന്. എഴുതിയത് ഒരാളെ ബാധപോലെ പിന്‍തുടരും. കഥ അവസാനിക്കല്‍ എന്നൊന്നില്ല, തുടര്‍ക്കഥ മാത്രമേ നിലവിലുള്ളൂ.
മാറ്റിയെഴുതണം പലതും എന്ന് തോന്നിക്കും.
ചാരം ആചാരം ആഭിചാരം എന്ന ആ പ്രയോഗം നോക്കൂ. അവിടെ ആരം ആചാരം ആഭിചാരം എന്ന് പതിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. വാക്കിന്റെ അര്‍ത്ഥം കൊണ്ട് ഒരു വിധത്തിലും ആരം അവിടെ ചേരില്ല എന്നതുകൊണ്ടു മാത്രം അവസാനം ഞാന്‍ മനസ്സില്ലാതെ ചാരം തിരഞ്ഞെടുത്തതാണ്.
അതിരിക്കട്ടെ, വീഴാത്ത വീണയും വീണ എന്നു കേട്ടപ്പോള്‍ എന്തു തോന്നി. വീഴാത്ത വീണയും വീണ വീണയും ചുരുക്കിയതാണ് അത് എന്നോ. അതോ അത്തരം ഒരു വീണയും വീണ തന്നെ എന്നോ.
വീണ്ടും ചാരത്തിന്റെ പുരാണത്തിലേയ്ക്ക്. അതിലെ അടുപ്പ് എന്നത് മാറ്റി നെരിപ്പോട് ആക്കിയാല്‍ കുറേ കൂടി നന്നാവുമായിരുന്നു എന്ന വിചാരം ഇപ്പോഴും എന്നെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ദിവംഗതന്‍ ആയിട്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞിട്ടും.
ഒന്നു കൂടി പറയാനുണ്ട്. ഇടയ്ക്ക് ഒരു മാലാഖക്കഥ എഴുതിനോക്കിയത് കണ്ടല്ലോ? പക്ഷേ ഒരു ചൊടിയില്ല അതിന്. ഉപ്പോ എരിവോ പുളിയോ ഒന്നും ഇല്ലാത്തതുപോലെ, അല്ലേ. ഒരു ഗുണപാഠം അടങ്ങിയിരിക്കുന്നുമുണ്ട് അതില്‍ എന്നും തോന്നിയില്ലേ. മാത്രമല്ല, മാലാഖമാരെ അനാവശ്യമായി സ്?തുതിക്കുന്നുണ്ടെന്നും.
ഈ വൈക്ലബ്യം ഇല്ലേ, അത് എന്താണ്, മലയാളം ആണോ വൈക്ലബ്യം?
▮
സല്‍സ്വഭാവിയും പ്രസന്നവദനനുമായ ഒരു ചിത്രകാരന്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ക്കെല്ലാം അയാളെക്കുറിച്ച് നല്ലതു മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. ഭൂമിയില്‍ ഉള്ള ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍. അങ്ങനെയാണ് അയാള്‍ വിശേഷിപ്പിക്കപ്പെട്ടു പോന്നിരുന്നത്.
എന്നാല്‍ അയാളുടെ ചിത്രങ്ങളാവട്ടെ, ഏറ്റവുമധികം ജുഗുപ്‌സ നിറഞ്ഞതായിരുന്നു. അരോചകം, അസഭ്യം, അശ്ലീലം. അന്യോന്യം കടിച്ചു കീറുന്ന ക്രുദ്ധന്മാര്‍, വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞുകൊണ്ട് നൃത്തം ചെയ്യുന്ന ഭ്രാന്തികള്‍, പ്രകൃതിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വികലാംഗര്‍, .... പൊതുവേ നോക്കിയാല്‍ മര്യാദക്കാര്‍ക്ക് സ്വീകാര്യമല്ലാത്ത ദൃശ്യങ്ങള്‍ മാത്രമായിരുന്നു അയാള്‍ എപ്പോഴും വരച്ചുകൊണ്ടിരുന്നത്.
അങ്ങനെയൊക്കെയായിരുന്നെങ്കിലും അയാളുടെ പരിചയക്കാരെല്ലാം ആ ചിത്രങ്ങള്‍ കാണാന്‍ പതിവായി എത്തുമായിരുന്നു. ഉള്ളതു പറയണമല്ലോ - എന്തൊക്കെയായാലും, വരയ്ക്കുന്നതെന്തായാലും, നിങ്ങള്‍ ഗംഭീരമായി അത് ചെയ്യുന്നുണ്ട്, അവര്‍ അയാളെ അഭിനന്ദിച്ചു പോന്നു.
ചില സഹൃദയര്‍ വിചാരിച്ചത് ആ ചിത്രങ്ങളിലൂടെ അയാളിലെ തിന്മ മുഴുവനും പുറത്തേയ്‌ക്കൊഴുകുകയാണ് എന്നായിരുന്നു. എല്ലാവരിലുമുണ്ടല്ലോ നന്മയും തിന്മയും. ചിത്രങ്ങളിലേയ്ക്ക് തിന്മ മുഴുവനും പകര്‍ന്നു തീര്‍ന്നാല്‍ അയാളുടെ മനസ്സില്‍ മറേറത് മാത്രം അവശേഷിക്കും. അത് ഉദാത്തമായ ഒരു കാര്യമല്ലേ.
എന്നാലും ഈ ഒരാളുടെ ഉള്ളില്‍ ഇത്രമാത്രം തിന്മയോ!
അയാളുടെ ഈ ചിത്രങ്ങളെപ്പററി ചെകുത്താന് നല്ല മതിപ്പായിരുന്നു. അവ കാണാന്‍ വേണ്ടി മാത്രമായി അയാളുടെ ചിത്രശാല സന്ദര്‍ശിക്കുന്നത് ചെകുത്താന്‍ ഒരു പതിവാക്കുകയും ചെയ്തു. ഇങ്ങനെയൊരാളെ നരകത്തിലെ ആസ്ഥാന ചിത്രകാരനായി നിയമിക്കേണ്ടതല്ലേ ഞാന്‍, ചെകുത്താന്‍ അൽഭുതം കൂറി.
എന്നാല്‍ നല്ലവനായ ആ വ്യക്തി ഒരിക്കലും നരകത്തില്‍ എത്തിച്ചേരില്ല എന്ന് ചെകുത്താന് നിശ്ചയമായിരുന്നു. അത് ഓര്‍ത്തിട്ട് നിരാശയോടെ തല കുലുക്കിക്കൊണ്ടായിരുന്നു ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞ് ചെകുത്താന്‍ എന്നും തിരികെ പോയിരുന്നത്.
കുറേ കാലം കഴിഞ്ഞപ്പോള്‍ ചെകുത്താന് ഒരു പുതിയ ആശയം തോന്നി. അപ്പോഴേയ്ക്കും ചിത്രകാരന്‍ തൊണ്ണൂറ്റിയേഴ് ഭീകരചിത്രങ്ങള്‍ വരച്ചു കഴിഞ്ഞിരുന്നു.
അത് നൂറ് തികയട്ടെ, ചെകുത്താന്‍ നിരൂപിച്ചു. അപ്പോള്‍ ഞാന്‍ ചെന്ന് അത് മൊത്തം മോഷ്ടിച്ച് ഇങ്ങോട്ട് കൊണ്ടു വരും. എന്റെ വിലാസമന്ദിരത്തില്‍ അവ ഞാന്‍ പ്രദര്‍ശനത്തിനു വെയ്ക്കും. പിന്നെ അവന്‍ ചിത്രമെഴുത്തിന് ഉപയോഗിക്കുന്ന എല്ലാ ആയുധങ്ങളും ചായങ്ങളും കൂടി ഇങ്ങോട്ട് എടുത്തുകൊണ്ടു വന്നു കളയാം. അതിന്റെ പിന്നാലെ അന്വേഷിച്ച് അവന്‍ ഇങ്ങോട്ട് വരുമോ എന്നു നോക്കാമല്ലോ.
ചിത്രകാരന് ചെകുത്താന്റെ പദ്ധതികളെപ്പറ്റി ഒന്നും അറിയില്ലായിരുന്നല്ലോ. അതിനാല്‍ പതിവുപോലെ നിഷ്‌കളങ്കനായി അയാള്‍ എപ്പോഴും തന്റെ പ്രവൃത്തികളില്‍ മുഴുകി. ഏറ്റവും ഭയാനകമായ ചില ചിത്രങ്ങള്‍ക്ക് കളമൊരുങ്ങുകയായിരുന്നു അവിടെ.
അയാള്‍ പുറത്തിറങ്ങിയാല്‍ കുട്ടികള്‍ അയാളുടെ ചുറ്റും കൂടുമായിരുന്നു. കുരുവികള്‍ ഭയലേശമില്ലാതെ അയാളുടെ ചുമലില്‍ പാറിച്ചെന്നിരിക്കുമായിരുന്നു. അതാ ആ ചിത്രകാരന്‍വരുന്നു, അയാളെ ദൂരെ കണ്ടാല്‍ ആളുകള്‍ അന്യോന്യം ഉരുവിടുമായിരുന്നു, എന്തൊരു നല്ല മനുഷ്യന്‍. അയാള്‍ വരയ്ക്കുന്നതെല്ലാം ഭയങ്കരചിത്രങ്ങളാണെങ്കില്‍ കൂടി. ഇത്ര സല്‍സ്വഭാവിയായും ജീവിക്കാന്‍ സാദ്ധ്യമാണ്, അല്ലേ! ....
അങ്ങനെയിരിക്കേ ഒരു ദിവസം ചിത്രകാരന്‍ തന്റെ നൂറാമത്തേത് വരച്ചുതീര്‍ത്തു. നിശ്ചയിച്ചിരുന്നതു പോലെ ചെകുത്താന്‍ അവിടെയെത്തി ആ ചിത്രങ്ങള്‍ മുഴുവനും കവര്‍ന്ന് നരകത്തിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു.
ചിത്രങ്ങള്‍ കമനീയമായി നരകത്തില്‍ വിന്യസിച്ചു കഴിഞ്ഞപ്പോള്‍ ചെകുത്താന് സന്തോഷമായി. ചിത്രമെഴുത്തുസാമഗ്രികള്‍ ചെകുത്താന്‍ ഒരു മൂലയില്‍ ഉപേക്ഷിച്ചു. കുട്ടിപ്പിശാചുക്കള്‍ ആ ചിത്രങ്ങളിലെ സംത്രാസം ആസ്വദിക്കുന്നതും അലറിവിളിച്ചുകൊണ്ട് അവയ്ക്കിടയില്‍ ഓടി നടക്കുന്നതും ഒളിച്ചുകളിക്കുന്നതും ചെകുത്താന്‍ ചാരിതാര്‍ത്ഥ്യത്തോടെ നോക്കിക്കണ്ടു.
എന്നാല്‍ കൊള്ളയടിക്കപ്പെട്ട ചിത്രകാരന്‍ ആകെ അമ്പരന്നിരിക്കുകയായിരുന്നു. എത്ര അന്വേഷിച്ചിട്ടും ചിത്രങ്ങള്‍ എങ്ങനെയാണ് അപ്രത്യക്ഷമായത് എന്ന് കണ്ടുപിടിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അത് കട്ടുകൊണ്ടുപോവാനൊക്കെ ആര്‍ക്ക് തോന്നും!
മണ്ണില്‍ കുഴികളും ചാലുകളും വെട്ടിയിട്ട് കിട്ടുന്ന കൂലി കൊണ്ട് ജീവിക്കുന്ന ഒരു പാവമായിരുന്നു അയാള്‍. അയാളുടെ ചിത്രങ്ങള്‍ ആരും വില കൊടുത്ത് വാങ്ങാറും ഇല്ലായിരുന്നല്ലോ. അതിനാല്‍ തന്റെ ഉപകരണങ്ങളെല്ലാം നഷ്ടപ്പെട്ടപ്പോള്‍ അയാള്‍ ശരിക്കും മോഹാലസ്യപ്പെട്ടുപോയി. വീണ്ടും ചായങ്ങളും മററും വാങ്ങാന്‍ എത്ര പണം വേണമെന്നാണ്. അത് ഉണ്ടാക്കാന്‍ തീരെ എളുപ്പവുമല്ലല്ലോ.
ഹ ഹ ഹാ, അമ്പടാ സുഗുണാ, നരകത്തില്‍ നിന്ന് ചിത്രകാരന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്ന ചെകുത്താന്‍ ജല്പിച്ചു, ഇനി എന്താണ് നടക്കുന്നത് എന്ന് നമുക്ക് നോക്കാമല്ലോ! ....
വരയ്ക്കാന്‍ വയ്യാതെ ആയപ്പോള്‍ ചിത്രകാരന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. എപ്പോഴും മണ്ണില്‍ കുഴികളും ചാലുകളും ഉണ്ടാക്കാന്‍ മാത്രമേ പറ്റുന്നുള്ളൂ എന്നായപ്പോള്‍ അയാള്‍ക്ക് ദേഷ്യം വന്നു. അയാള്‍ കൂടെ വരുന്ന കുട്ടികളെ ആട്ടിയോടിക്കാനും കുരുവികളെ തട്ടിത്തെറിപ്പിക്കാനും തുടങ്ങി. ക്രമേണ അയാള്‍ ഒരു നിശ്ശബ്ദനും ഏകാകിയും ആയി മാറുകയായിരുന്നു. ചുളിഞ്ഞ മുഖവുമായി അയാള്‍ എതിരേ നടന്നുവരുന്നത് കണ്ടാല്‍ ആളുകള്‍ വഴിമാറി നടന്നു. കണ്ടില്ലേ അയാളുടെ ഗതി. ഇപ്പോള്‍ അയാള്‍ വരച്ചിരുന്ന ചിത്രങ്ങളിലേതുമാതിരി തന്നെയുണ്ട് അയാളുടെ ദുര്‍മ്മുഖം ...
പക്ഷേ ചെകുത്താന്‍ സംതൃപ്തനായിരുന്നു. ഇങ്ങനെ പോയാല്‍ അവന്റെ ചിത്രങ്ങളെപ്പോലെ വൈകാതെ അവനും ഇവിടെ എത്തിയേയ്ക്കും. ഹി ഹി ഹീ, നമുക്ക് കാണാമല്ലോ!, ചെകുത്താന്‍ നരകത്തിലിരുന്ന് പൊട്ടിച്ചിരിച്ചു.
എന്നാല്‍ ഒരു ദിവസം മണ്ണില്‍ കിളയ്ക്കുന്നതിനിടയില്‍ ചിത്രകാരന് കുറച്ച് നല്ല കളിമണ്ണ് കിട്ടി. അന്നത്തെ പണി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുമ്പോള്‍ ആ മണ്ണ് അയാള്‍ കയ്യില്‍ എടുത്തു. അന്ന് രാത്രി മുഴുവനും ഉറക്കമൊഴിച്ചിരുന്ന് അയാള്‍ ആ കളിമണ്ണില്‍ ഒരു രൂപം മെനഞ്ഞെടുത്തു.
പിറ്റേന്നത്തെ പ്രഭാതം കണ്ടത് മനോഹരമായ ഒരു പ്രതിമ അവിടെ ഇരിക്കുന്നതായിരുന്നു. അമ്മയും കുഞ്ഞും. മാതൃവാത്സല്യവും സ്നേഹവും എന്താണെന്ന് വിളിച്ചോതുന്ന ഒരു ശില്പം. അതു കണ്ട് നമ്മുടെ പ്രഭാതത്തിന് സന്തോഷമായി.
അത് ഒരു പുതിയ തുടക്കം കുറിച്ചു. അയാളുടെ പുതിയ സൃഷ്ടി എല്ലാവര്‍ക്കും വളരെ ഇഷ്ടമായി. കളിമണ്ണില്‍ അയാള്‍ വീണ്ടും വീണ്ടും അത്തരം ശില്പങ്ങള്‍ നിര്‍മ്മിക്കുകയും അവയെല്ലാം തന്നെ ആവശ്യക്കാര്‍ വന്ന് വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. നല്ല കളിമണ്ണ് കുഴിച്ചെടുത്താല്‍ മാത്രം മതി അയാള്‍ക്ക് എന്നായി. കാലയാപനത്തിനായി വേറെ അദ്ധ്വാനിക്കേണ്ടതില്ല എന്നും.
പിന്നെ അയാള്‍ മെഴുകിലും കല്ലിലും പ്രതിമകള്‍ നിര്‍മ്മിച്ചു നോക്കി. അതിനുശേഷം വെണ്ണക്കല്ലിലും. എല്ലാം ഒന്നിനൊന്ന് നന്നായി വന്നു. അങ്ങനെ പ്രസിദ്ധനായിത്തീര്‍ന്നപ്പോള്‍ വിദേശങ്ങളില്‍ നിന്നടക്കം ആളുകള്‍ അയാളുടെ ശില്പങ്ങള്‍ വാങ്ങാനായി തിരഞ്ഞുവന്നു തുടങ്ങി.
എന്നാല്‍ സൃഷ്ടികള്‍ കൂടുതല്‍ സൗമ്യമായി വന്നെങ്കിലും ശില്പിയുടെ പ്രകൃതം വല്ലാതെ വഷളായി മാറുകയായിരുന്നു. പണ്ടത്തെ അവസ്ഥയുടെ നേര്‍വിപരീതം എന്നു പറയാം, അയാളുടെ സുഹൃത്തുക്കളായിരുന്നവര്‍ അനോന്യം മന്ത്രിച്ചു, എല്ലാവരിലും നന്മയും തിന്മയും ഉണ്ടല്ലോ. ഇപ്പോള്‍ അയാളുടെ നന്മയെല്ലാം ഈ ശില്പങ്ങളില്‍ വഴിഞ്ഞിരിക്കുന്നു. തിന്മ മാത്രം അയാളുടെ ഉള്ളില്‍ ബാക്കി നില്‍ക്കുന്നു.
അതേസമയം ചെകുത്താന്‍ ഒരു ആശയക്കുഴപ്പത്തില്‍ പെട്ടിരിക്കുകയായിരുന്നു. കലാകാരനില്‍ വന്ന മാറ്റങ്ങള്‍ ചെകുത്താന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ അയാളുടെ പുതിയ സൃഷ്ടികള്‍ ചെകുത്താനെ അങ്കലാപ്പിലാക്കി. ബെ, വൃത്തികേട് - ആര്‍ക്കു വേണം നന്മയുടെ പ്രതീകങ്ങള്‍!
പണ്ടത്തേതു പോലെ തന്നെ ഇപ്പോഴും, അയാളെക്കൊണ്ട് എനിക്ക് യാതൊരു പ്രയോജനവുമില്ല, ചെകുത്താന്‍ പല്ലിറുമ്മി, എന്തുചെയ്യാനാണ് ഞാന്‍ ഇപ്പോള്‍. അയാളെത്തന്നെയങ്ങോട്ട് മറക്കുകയോ?
അങ്ങനെ തന്നെ ചെയ്തു ചെകുത്താന്‍.
ആ പ്രതിഭയെ മുഴുവനായും മറന്നിട്ട് ചെകുത്താന്‍ തെന്റ മററുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കലാകാരന് എന്താണ് സംഭവിച്ചതെന്ന് പിന്നീട് ആരും അറിഞ്ഞതുമില്ല.
അയാളുടെ പഴയ ചിത്രങ്ങള്‍ നരകവാസികള്‍ക്ക് പ്രചോദനമായി തുടര്‍ന്നു. ശില്പങ്ങളാവട്ടെ, സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് ഏററവും പ്രിയപ്പെട്ടതായിത്തീര്‍ന്നു. അതിന്റെയെല്ലാം സ്രഷ്ടാവ് പക്ഷേ എവിടെയോ സ്വയം നഷ്ടപ്പെടുത്തിയിരുന്നു.
സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയില്‍ എങ്ങോ. എന്തായാലും ഒന്ന് തീര്‍ച്ച. അയാളെപ്പോലെ കുറേ പേര്‍ വേറെയും ഉണ്ട് നമുക്കിടയില്‍.
(തുടരും)