ചിത്രീകരണം: ബൈജു ലൈലാ രാജ്

ബ്ലാ

രവി

അധ്യായം 44
കീഴ്മേൽ

ഴ് നാവുള്ളത് - സപ്തജിഹ്വയാണ് അഗ്നി. ഹിരണ്യ - ഞായർ, ഗഗന - തിങ്കൾ, രക്ത - ചൊവ്വ, കൃഷ്ണ - ബുധൻ, സുപ്രഭ - വ്യാഴം, ബഹുരൂപ - വെള്ളി, അതിരക്ത - ശനി എന്നിങ്ങനെ ഏഴ് നാവുകൾ.

ഓ, അതൊക്കെ ഞാൻ കേട്ടിട്ടുണ്ട് ചെംതീ, അി ചിരിച്ചു, വേറെ എന്താണ്, പുതിയതായി പറയാൻ വല്ലതും ഉണ്ടോ?

പിന്നെ ഉള്ളത് അഗ്നീ, നിന്നെ കണ്ടാലും ആദിവാസി ആണെന്ന് തോന്നില്ല. നിഗ്രോ പോലെ ചുരുണ്ട മുടിയും തടിച്ചചുണ്ടും ആയി ... കറുത്ത ത്വക്കുള്ള പണിയരല്ലേ ഈ ഭാഗത്ത് അധികം, നീ മൂപ്പൻ എന്ന പട്ടികവർഗ്ഗമാണോ?

ചെംതീയെ കണ്ടാൽ അങ്ങനെ തോന്നുകയേയില്ല എന്ന് ഞാൻ അൽഭുതപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നു നീ, അല്ലേ?

ഏയ്, നീ എന്ന് തിരിച്ചും വിളിക്കുന്നോ. നിന്നേക്കാളും മൂത്തതല്ലേ ഞാൻ അഗ്നീ.

അതിനെന്താണ് ചെംതീ, ഇത്തിരി സമഭാവനയൊക്കെ ഉണ്ടായിക്കോട്ടെന്നേ, ചായ കുടിക്കൂ ചെംതീ, അത് തണുക്കും.

അഗ്നി തിരിഞ്ഞ് അടുക്കളയിലേയ്ക്ക് നടന്നു. നമുക്ക് ഒരേ പേർ ആണല്ലേ എന്നും പറഞ്ഞ് അതിശയം പങ്കുവെയ്ക്കാനായി വന്നതാണ്. എന്നെ ആദിവാസിയായി എടുത്തിട്ടുമുണ്ട്. എന്താണാവോ ഇതിനെല്ലാം പിന്നിൽ.

നമ്മൾ മുമ്പേ കണ്ടുമുട്ടേണ്ടിയിരുന്നതല്ലേ. എന്തുകൊണ്ടിത്ര വൈകി എന്നു മന്ത്രിച്ചത് കുറച്ചധികം നാടകീയം ആയിട്ടായിരുന്നോ. എന്നേക്കാളും കുറേ മൂത്തത് എന്നു കേട്ടിട്ട് ഞാൻ വിലക്കും എന്നു വിചാരിച്ചോ ആവോ. ഏയ്, അത്ര മൂപ്പൊന്നും തോന്നില്ല, എന്നോ മറ്റോ മൊഴിഞ്ഞ് പുഞ്ചിരിക്കും എന്ന് കരുതിക്കാണുമോ ചിത്രകാരൻ.

ഞാൻ ഇവിടെ ധൃതിയിൽ ഒരു പ്രബന്ധം എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാൾ തേടിവന്നിരിക്കുന്നത് എന്നെ. അതും എത്ര ദൂരം സഞ്ചരിച്ചിട്ടാണ് ഇവിടെ എത്തിയിട്ടുള്ളതെന്നോ. വയനാട്ടിൽ മറ്റൊരു ആവശ്യത്തിനു വന്നപ്പോൾ കണ്ടിട്ടുപോവാം എന്നു കരുതി എന്നത് നുണ തന്നെയാവും.

ഭയം ഒരു മോശം വികാരമോ.

അത് എഴുതിത്തീർക്കേണ്ടതല്ലേ എനിക്ക് ഉടനെ. ധൈര്യം വേണം എന്നു മാത്രമേ ഉദ്ഘോഷിക്കാവൂ ആരും എന്ന് ശട്ടം കെട്ടിയിരിക്കുന്ന ഈ പ്രപഞ്ചത്തിലാണ് ഞാൻ ഭയത്തിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് എന്നത് ഓർക്കണം. സംസ്കാരം, പരിഷ്കാരം, ആവിഷ്കാരം എന്നിവയുടെയെല്ലാം വളർച്ചയ്ക്കുള്ള നിദാനം തന്നെ ഭയം എന്ന വികാരമാണ് എന്ന് ഞാൻ ചൂണ്ടിക്കാണിച്ചത് ഇവിടെ ആർക്കും ദഹിക്കില്ല തന്നെ.

ഭാഷയുടെ ഉല്പത്തി തന്നെ ഭയത്തിൽ നിന്നല്ലേ. മറ്റൊരാൾ തന്റെ ഒരു ആംഗ്യം തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യത ഉള്ളതിനാൽ അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന ഒരാളുടെ ചിന്തയിൽ നിന്നാണ് ഭാഷയുടെ ഉദ്ഭവം. വിശദീകരിക്കാൻ ഉള്ള ഉപാധിയായി ഭാഷ പ്രസക്തിയാർജ്ജിച്ചു. പിന്നെപ്പിന്നെ പല പല ഭാഷകൾ ഉണ്ടാവാനും അത് വഴിതെളിച്ചു. ഉപാധി എന്നതിൽ നിന്ന് മാധ്യമം ആയി വളർന്നു, ഭാഷകൾ.

അതായത് വിവേകാനന്ദന്മാർ ഭയം വർജ്ജിക്കണം എന്ന് ആഹ്വാനം ചെയ്താൽ നാം ചെവിക്കൊള്ളേണ്ടതില്ല അത് എന്നുതന്നെയല്ലേ.

ഇപ്പോൾ തന്നെ നോക്കുക. ആ ഇരിക്കുന്ന ചെംതീ എന്നെപ്പററി മോശം വിചാരിച്ചാലോ എന്ന ഭയം കൊണ്ടു തന്നെയല്ലേ ഇത്ര മാത്രം മര്യാദ ഞാൻ അയാളോട് കാണിക്കുന്നത്. ഞാൻ യഥാർത്ഥത്തിൽആദിമഗോത്രങ്ങളിലൊന്നും പെടുന്ന ആളല്ല എന്നു കേട്ടാൽ ഒരു പക്ഷേ അയാൾ താനേ അകന്നു പോകുമായിരിക്കും എന്ന തോന്നലുള്ളതു കൊണ്ടല്ലേ അയാളുടെ സന്ദർശനം എന്നെ ഭയപ്പെടുത്താതെ ഇരിക്കുന്നത്. എല്ലാറ്റിന്റെയും അടിസ്ഥാനം ഭയമാണെന്ന് ഇപ്പോൾ മനസ്സിലായോ.

വരുന്ന വഴിയേ കുറേ സംസ്കൃതമൊക്കെ പഠിച്ചിട്ടുമുണ്ട് വിദ്വാൻ. യോഹനാൻ ചുരമിറങ്ങിപ്പോയപ്പോഴേയ്ക്കും മറ്റൊരാൾ ഇതാ ഇവിടേയ്ക്ക് കയറി വന്നിരിക്കുന്നു.

യോഹനാൻ ഒരു രാത്രി ഇവിടെ താമസിച്ചിട്ടാണ് പോയത്. അവൻ ആയതുകൊണ്ട് കുഴപ്പമില്ല. മണ്ണ് മെഴുകിയ നിലത്ത് കട്ടിയുള്ള പുൽപായ ഇട്ട് കിടന്നുറങ്ങിക്കോളും. ഇത്തിരി നന്നായി കൂർക്കം വലിക്കും എന്നേയുള്ളൂ.

ആണിന്റെ ലക്ഷണമായി അതെങ്കിലും ഇരിക്കട്ടെ, കൂർക്കത്തെപ്പററി തർക്കമുണ്ടായപ്പോഴും അവസാനം അവൻ വിഷാദത്തിലേയ്ക്ക് കൂപ്പുകുത്തി.

എന്താണ് ഡാ, ചുമ്മാ വ്യസനിക്കാതെ ഡാ നീ.

അഗ്നീ, നമ്മുടെ നാട്ടിൽ ആളുകൾ അവരവരുടെ ആണത്തം പെണ്ണത്തം ഒക്കെ തെളിയിക്കാൻ നമ്മളെയൊക്കെ ഇങ്ങനെ ജനിപ്പിച്ചു വിടും. എന്തൊരു കഷ്ടമാണല്ലേ, അവൻ ഇപ്പോൾ പരസ്യമായി വിതുമ്പാനും തുടങ്ങി.

വിഷയം മാറ്റാനായി അഗ്നി അപ്പോൾ രാഷ്ട്രീയം ഇടയിലേയ്ക്ക് വലിച്ചിട്ടു. നോക്ക് യോഹനാൻ - അങ്ങനെ കാത്തുകാത്തിരുന്ന് ഒരു മഹിളാ മുഖ്യമന്ത്രിയെ കിട്ടി ഇവിടെ. അതും ജനം അർഹിക്കുന്ന വിധത്തിലുള്ളത്. ഇന്നലെ ഒരു പരിപാടിയിൽ ഫോൺ ഇൻ ചെയ്ത ഒരു പാവം സ്ത്രീയോട് ഈയമ്മ എങ്ങനെയാണ് ആക്രോശിച്ചത് എന്നറിയാമോ?

ഇല്ല അഗ്നീ, എങ്ങനെയാണ്.

ട്രിങ് ട്രീങ് ട്രീങ് - ഇതാരാണ് മുഖ്യമന്ത്രിയല്ലേ സംസാരിക്കുന്നത് ....
പിന്നല്ലാതെ!
കാര്യമെന്താണെന്ന് വെക്കം പറഞ്ഞേ പറഞ്ഞേ ... മാഡം, ഞാൻ ഒരു പാവം വീട്ടിൽ പിറന്ന ആളാണ്. സ്ത്രീധനം കൊണ്ടുവന്നില്ല എന്നു പറഞ്ഞ് എപ്പോഴും ഭർത്താവും അമ്മായിയമ്മയും എന്നെ ഉപദ്രവിക്കുന്നു. കഴുത്തിൽ പിടിച്ചു ഞെക്കിയിട്ട് ചാവേണ്ടതായിരുന്നു ഞാൻ ഇന്നലെ.
എന്നിട്ട് നിങ്ങൾ പാർട്ടി ആപ്പീസിൽ അറിയിച്ചോ? ഇല്ല മാഡം ...
കണക്കായിപ്പോയി, അപ്പോൾ എന്നാ, അനുഭവിച്ചോ.

അഗ്നീ, നീ ഉറക്കെ ആരെങ്കിലും കേൾക്കുന്നതു പോലെ സംസാരിക്കല്ലേ കേട്ടോ ഇങ്ങനെയൊന്നും - ചുമരിനും ചെവിയുണ്ട്.

ഉവ്വുവ്വേ, പോടാ നീ മിണ്ടാതെ, ശവീ.

ചെംതീക്ക് കൊറിക്കാൻ കൊടുക്കാൻ വല്ലതുമുണ്ടോ എന്ന് അഗ്നി ചുറ്റുപാടും പരതി. മസാല ചേർത്തു വറുത്ത കുറച്ച് കടല അവൾ ഒരു തളികയിൽ പകർന്നു. പിന്നെ തലേ ദിവസം പെറുക്കിവെച്ച കുറേ ചടച്ചിക്കായയും കയ്യിൽ എടുത്തു.
ഇത് ഇവിടെ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. ചടച്ചി എന്ന മരം. തിന്നാൻ പറ്റും ഈ കായ - ഒരു പ്രത്യേക സ്വാദാണ്.

അവൾ തന്റെ കയ്യിൽ നിന്ന് അയാളുടെ കയ്യിലേയ്ക്ക് അത് വഴിയുന്നതിനിടയിൽ അവർക്കിടയിൽ എന്തോ സംഭവിച്ചു. ആ ഒരു നിമിഷം. ഒറ്റ ക്ഷണം കൊണ്ട് എന്തെല്ലാമോ അവർക്കിടയിൽ തകിടം മറിഞ്ഞു.

ആ കുടിൽ വിട്ട് പുറത്തേയ്ക്കിറങ്ങിയ ആൾ വെറുതേ തലകുലുക്കിക്കൊണ്ട് നടന്നകന്നു. അകത്തുതന്നെ നിന്നയാൾ മേലാസകലം ചൊറിഞ്ഞിട്ടെന്നതുപോലെ കൈവിരലുകൾ കൊണ്ട് മാന്തിക്കൊണ്ടിരുന്നു. തങ്ങൾ അന്യോന്യം വെച്ചുമാറിയത് സ്വത്വമാണോ സ്വത്വബോധമാണോ സ്വത്വാന്വേഷണത്വരയാണോ എന്ന് ഇരുവർക്കും ഗ്രഹിക്കാനായില്ല.

കുടിലിലെ ആൾക്ക് ശ്രമിച്ചു നോക്കാൻ തോന്നിയാൽ ചിലപ്പോൾ ചിത്രം വരയ്ക്കാൻ കഴിയുമായിരിക്കും ഇപ്പോൾ.

എഴുതുമ്പോഴില്ലാതാവുന്നതോ കവിത

ഇന്നാളൊരു ദിവസം കടലോരം
തലങ്ങും വിലങ്ങും നടക്കുമ്പോൾ
പെട്ടെന്ന് ഒരു പരുന്ത്
എന്നെ റാഞ്ചിക്കൊണ്ടു പോയില്ല എന്നേയുള്ളൂ.
പരുന്തുകൾ താഴ്ന്നുപറക്കുന്ന മേഖല
ആണെന്നു ഞാൻ കേട്ടിരുന്നു
എന്നാലും ഇത്രത്തോളം താഴേയ്ക്കു ചീറി
പറന്നുവന്നിട്ടതിന്റെ ചിറകടിയാലെന്നെ
അന്ധാളിപ്പിച്ചും എന്റെ തലയിൽ കൂർത്ത
നഖങ്ങളാൽ നല്ല മുറിവുണ്ടാക്കിയും ചുറ്റും നിന്ന
മറ്റുള്ളവരെപ്പോലും അമ്പരപ്പിച്ചും
എന്താണെന്നു കരുതിയായിരിക്കാം ഈ
പ്രാപ്പിടിയനെന്നെ റാഞ്ചാൻ മുതിർന്നതും
മറ്റും.
നിറയെ ഉണ്ടായിരുന്നു നീറ്
ഞാനിന്നു വലിഞ്ഞുകയറിയ മരത്തിന്റെയോരോ
കൊമ്പിലുമവ മാറിമാറിക്കടിച്ചുകുടഞ്ഞെന്നെ
നീറിപ്പുകഞ്ഞൈന്റ പൂർണ്ണിമ
എനിക്കുറക്കെയുടനെ
ഒന്നമറണമെന്നു തോന്നി പകരം
ഇട്ടു ചെറുതായൊരു മുക്ര
പോത്തിറച്ചി കൊണ്ടുള്ള ഈ വിശിഷ്ടഭോജ്യം
കഴിക്കാനേവരും മടിക്കുന്നു കാരണം
ആദ്യമേ അതിൽ ശകലം എലിവിഷം
കലർന്നിട്ടുള്ളതായി സംശയിക്കപ്പെട്ടിരുന്നു പക്ഷേ,
എന്നിട്ടും അതു പാകം ചെയ്തുകളഞ്ഞു.
പലരും അറിയാതെ തിന്നും പോയി

ഇനിയെന്തുചെയ്യും അവരൊന്നു വയറിളക്കിയാൽ
മതിയാവുമോ ഇനിയും സാധനത്തിന്റെ
സ്വാദുനോക്കിയിട്ടില്ലാത്ത താൻ ആവട്ടെ സങ്കോചം-
വെടിഞ്ഞു വല്ലതും ചെയ്യേണ്ടതുമില്ലേ
നൂനം.
ചില്ലിൽ ജനലിന്റെ അപ്പുറത്തെ
പ്രതലത്തിലായി രാത്രി ഉരുണ്ടുകൂടിയുണ്ടായ
അത് ഇപ്പോഴും എങ്ങും
പോയിട്ടില്ല വറ്റുകയോ ഉണങ്ങി
വരളുകയോ സ്വയം അപ്രത്യക്ഷമാവുകയോ
ചെയ്യാതെ നിൽക്കുന്ന തുഷാരം ഇതാ
ആരോടെന്നില്ലാതെ എന്തോ ചോദിപ്പൂ.
സാന്ദ്രമൗനം എന്നാണോ എന്നെ
വിളിക്കുക ആർക്കുവേണ്ടിയാവാം ഞാനീ-
ജനാലയിൽ ഏതു കാറ്റിൽ
നിലം പതിക്കാനായി കാത്തു.

ധ്രുവങ്ങളിലെ അപൂർവ്വമായ വെളിച്ചപ്പാടിന്
ചിത്രങ്ങളിൽ കാണുന്ന ആ പച്ചനിറമാണെങ്കിൽ
എനിക്കതു കാണണമെന്നേയില്ല എന്നും ഈ തുള്ളി
നോക്കുന്ന കണ്ണിലെല്ലാം മറ്റേ
സംഗതി മാത്രമാണെന്നു നിനയ്ക്കല്ലേ.

പെണ്ണേ നീ അസമയം വല്ല
വാഹനവും കിട്ടുമോ എന്നു നോക്കി
പേടിച്ചരണ്ടു കാത്തുനിൽക്കുമ്പോൾ നിന്നെ
നോക്കിക്കൊണ്ടേയിരിക്കും എല്ലാ ആണുങ്ങളും.
പക്ഷേ സകലരും കാമാസകതി
കൊണ്ടാവില്ലല്ലോ തീർച്ചയായും കുറേപേർ
എന്നെക്കൊണ്ടെന്തെങ്കിലും സഹായം ആവശ്യം
ഉണ്ടാവുമോ ഇവൾക്ക് എന്നാൽ ഞാനതെങ്ങനെ
ചെന്നങ്ങോട്ടു ചോദിക്കും എന്ന മട്ടിൽ
ശങ്കിച്ചുകൊണ്ടാവും അല്ലോ മരുവുക.
ആരാനും എങ്ങാനും ആരാഞ്ഞാൽ അവൾ
എന്തു വിചാരിക്കും, എന്നെയും ഒരു
പീഡകനായി തെറ്റിധരിക്കാനല്ലേ
എളുപ്പം, അതല്ലേ സ്വതവേ സമ്പ്രദായം
ആണോ?

ഒന്നോർത്താൽ ആരുടെയെല്ലാമോ ദാക്ഷിണ്യം
കാരണമല്ലേ നാം വിശേഷിച്ച് ഞാൻ
ഇങ്ങനെ ഇരിക്കുന്നത് ജീവിതം
മനോജ്ഞമെന്നെല്ലാം നിനച്ച്.

വഴിയിൽ എന്നെ കൊല്ലാൻ തോന്നിയ
എത്ര പേരുണ്ടാവും പിറന്ന ഉടനെ
ചെറുതായി ഒന്നമർത്തുകയേ വേണ്ടിയിരുന്നുള്ളൂ
ആരെങ്കിലും എന്നാലുണ്ടാവുമായിരുന്നോ ഈ
വർത്തമാനം മറ്റൊരു ജന്തുവിന്റെയും
കുഞ്ഞിനെപ്പോലല്ല പെറ്റിടുമ്പോൾ ഏറ്റവും
നിസ്സഹായം മനുഷ്യശിശു ആഹാ ആർക്കെങ്കിലും
ഒന്നു ഞെക്കിയോ കശക്കിയോ തിരുമ്മിയോ
തൊഴിച്ചോ എന്നെയങ്ങോട്ട്
എറ്റിക്കളയാമായിരുന്നില്ലേ.

എഴുപത്തിയേഴു ശതമാനം ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടായിരുന്നു അയാൾ ഉണർന്നത്. എഴുന്നേൽക്കാതെ മലർന്നടിച്ച് മുറിയുടെ മേൽത്തട്ടിലേയ്ക്ക് നോക്കി അയാൾ ലക്ഷ്യബോധമില്ലാതെ കിടന്നു. അങ്ങനെ കിടന്നുകൊണ്ട് അയാൾ എന്തെല്ലാമാണ് തനിക്ക് തൽക്കാലം ഓർമ്മയുള്ളത് എന്ന് ഒരു കണക്കെടുപ്പ് നടത്താം എന്നു കരുതി.
അതായത് തനിക്ക് എന്തെല്ലാമോ നഷ്ടമായിട്ടുണ്ട് എന്ന ഒരു ബോധം അയാൾക്ക് ഉണ്ട്.
ഒരു മനുഷ്യൻ ആണെന്ന് അറിയാം. ഇപ്പോൾ ഉറങ്ങിയുണർന്നതാണ് താൻ എന്നും. ഉള്ളിച്ചമ്മന്തി തിന്നാൽ വായ മണക്കും എന്ന പഴഞ്ചൊല്ല് അയാൾക്ക് പരിചയമുണ്ട്.
എവിടെ നിന്നു വന്നു ഈ ഉള്ളിച്ചമ്മന്തി ഇപ്പോൾ. കുട്ടിക്കാലത്തൊക്കെ സമ്മന്തി എന്നാണ് പറഞ്ഞിരുന്നത് ഞാൻ. ഹാ, അപ്പോൾ അങ്ങനെ ഒരു ബാല്യം ഉണ്ടായിരുന്നു എനിക്ക് എന്നും തെളിഞ്ഞില്ലേ.
അതേപോലെ ചമ്മന്തി ആണല്ലോ മാനകഭാഷ. തീർച്ചയായും സമ്മന്തി എന്നത് ഏതെങ്കിലും പ്രത്യേക പ്രദേശത്തിേന്റതായ അംഗീകൃത ഭാഷണഭേദം ആയിരിക്കണം. വള്ളുവനാടൻ ദേശസംസ്കൃതി എന്നൊന്നുണ്ട് എന്നും ഇതോടെ വ്യക്തമായി.

മോന് മൊളോഷ്യം വേണോ മൊളോർത്തൊളി വേണോ ഉച്ചയ്ക്കൂണിന്, ചിലമ്പിച്ച ഒരു സ്വരം ചോദിക്കുന്നു. മാമ്പഴപ്പുളിശ്ശേരീന്നൊന്നും പറയല്ലൂട്ട്വോ - എവിടന്നുണ്ടാക്കാനാ ഓപ്പള് ഈ കാലത്ത് മാമ്പഴം.

അടുത്ത ദൃശ്യത്തിൽ ഞാൻ - അതായത് ഇപ്പോൾ ചമ്രം പടിഞ്ഞിരുന്ന് സംഗതികൾ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ഈ വ്യക്തി ത​ന്റെ രക്തം പരിശോധനയ്ക്ക് കൊടുക്കാനായി ഒരു സ്ഥലത്ത് ചെന്നു നിൽക്കുകയാണ്.
ചേട്ടാ, എന്നെ കാണാനാണ് എപ്പോളും എപ്പോളും ഇവിടെ വന്നുകൊണ്ടിരിക്കുന്നതെങ്കിൽ എന്തിനാ എപ്പളും ചോര തരുന്നത്. മൂത്രം നോക്കിച്ചാൽ പോരേ. രകതപ്രസാദം കളയണോ വെറുതേ. വെറുതേ മൂത്രമൊഴിച്ചുതന്നാൽ മതീന്നേ - ചിലവും കുറവ് ...

ആണോ, അവളെ കാണാൻ വേണ്ടി കാരണമുണ്ടാക്കി ചെല്ലുന്നതാണോ ഞാൻ അവിടെ. തല ഉയർത്തി അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ആ കണ്ണുകൾക്ക് നല്ല ഭംഗിയുണ്ടെന്ന് തോന്നി. മൂക്കും വായും കാണുന്നില്ല, കാരണം മുഖംമൂടി വെച്ചിട്ടുണ്ടല്ലോ അവൾ. ഓ, ഞാനും ധരിച്ചിട്ടുണ്ട് ഒരെണ്ണം.
അതെ, മാരകമായ ഒരു വ്യാധി പടർന്നു പിടിച്ചിട്ടുണ്ട് സ്ഥലത്ത്. മൂക്കും വായും മൂടിക്കൊണ്ട് നടക്കണം സകലരും എന്ന് കർശനമായ നിയമമുണ്ട്. അതുകൊണ്ട് ഗുണം കിട്ടിയത് പെണ്ണുങ്ങൾക്കാണ് എന്ന് എനിക്ക് അപ്പോൾ തോന്നി.

എന്താണ് ആ രഹസ്യം. കണ്ണുകൾ ഒരുവിധം എല്ലാവരുടേതും കാണാൻ കൊള്ളാവുന്നത് ആയിരിക്കുമല്ലോ. ഒന്നുമില്ലെങ്കിലും അത് ചലിക്കും. അതിന് ജീവനും അസാരം തിളക്കവും ഉണ്ടായിരിക്കും. ഇത്തിരി മഷി കൂടി എഴുതിയിട്ടുണ്ടെങ്കിൽ കൂടുതൽ നന്നാവും. പുരികങ്ങൾ നല്ല ആകൃതിയിൽ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതും ആകർഷകമാവും. അതായത് കണ്ണുകൾ മാത്രം കാണുമ്പോൾ മിക്കവരും സുന്ദരിമാരാണെന്നു തോന്നും.

ഓ, ഇത്രയൊക്കെ അറിയാമല്ലോ എനിക്ക്, തരക്കേടില്ലല്ലോ ഈ ഞാൻ.

ആട്ടെ, അവളെ കാണാൻ വേണ്ടി തന്നെയാണോ ഞാൻ അവിടെ വീണ്ടും വീണ്ടും ചെന്നിരുന്നത്. ആ മഹാമാരി എങ്ങനെ ഒടുക്കം നാടുനീങ്ങി.

അതോ ഇപ്പോഴും അത് ഉണ്ടോ. പുറത്ത് ഇറങ്ങിനോക്കിയാൽ മുഖംമൂടിക്കാരെ മാത്രമേ കാണാനാവൂ എന്നുണ്ടോ. ശുഭപ്രതീക്ഷയുമായി ജീവിക്കുന്ന ആളുകൾ എങ്കിലുമുണ്ടോ.

ആദ്യമായി സംസ്ഥാനത്തിന് ഒരു വനിതാമുഖ്യമന്ത്രിയെ കിട്ടിയ ആഹ്ലാദത്തിലായിരുന്നു അന്ന് ജനത. ഇപ്പോൾ ഇതാ, ആയമ്മയുടെ പത്രസമ്മേളനം നടക്കുകയാണ്. കണ്ണിൽ ഒരു ക്രൂരമായ ചിരിയോടെ (കണ്ണു മാത്രമല്ലേ കാണൂ) ആയമ്മ എന്താണ് ഇപ്പോൾ പ്രസ്താവിക്കുന്നത്. ഈ മുഖംമൂടി ഇനി ഒരു ദിനചര്യ - വസ്ത്രത്തിന്റെ മുഖ്യഭാഗം - അത്യന്താപേക്ഷിതം - ഇനിയങ്ങോട്ടുള്ള കാലം നമുക്ക് ഇതില്ലാതെ ജീവിക്കാനേ കഴിയില്ല എന്നാണ് തോന്നുന്നത് .... ആർക്കും അതിൽ സങ്കടമൊന്നും തോന്നേണ്ട കേട്ടോ - ഇവിടെ മാത്രമല്ല, ലോകം മുഴുവനും ഇനി ഇങ്ങനെയാണ്.

പ്രശ്‌നം എന്താണെന്നു വെച്ചാൽ: ആയമ്മയ്ക്ക് ഗൂഢമായ ഒരു ആനന്ദം കിട്ടുന്നുണ്ടെന്നു തോന്നും ആ പ്രക്ഷേപണത്തിൽ നിന്ന്. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയാണല്ലോ അത്. എന്നാൽ അതിനു വേണ്ടതായ മര്യാദയൊന്നും ആയമ്മയുടെ ശബ്ദത്തിൽ കാണില്ല. ഇപ്പോൾ ഇനി കാണുന്നത് പനി എങ്ങും വ്യാപിച്ച് നിയന്ത്രണാതീതമായ ഒരു ഘട്ടത്തിൽ ആയമ്മ അടിയന്തിരയോഗം വിളിച്ച് നടത്തുന്ന ഒരു വിളംബരമാണ്:
നാളെ മുതൽ രോഗം വന്നു മാറിയവർ മാത്രമേ പുറത്തിറങ്ങാവൂ.
അത് ...., അയാൾ ആലോചിച്ചു, അങ്ങനെയും സംഭവിച്ചോ അതിനിടയിൽ.
പക്ഷേ ഇപ്പോൾ എന്തായിരിക്കും പുറത്തെ അവസ്ഥ. സമ്പർക്കവിലക്കിൽ കഴിയുകയാണോ ഞാൻ. എവിടെനിന്നാണ് ഇങ്ങനെ ചമ്രവട്ടം ഇരിക്കാൻ ഈ ഞാൻ പഠിച്ചത്.
അത്ഭുതമൊന്നുമില്ല. മുപ്പത്തിമൂന്നു ശതമാനം ഓർമ്മ അവശേഷിക്കുന്നുണ്ടെന്നല്ലേ വെപ്പ്. 77 കുറഞ്ഞു, 33 ഉണ്ട്. രണ്ടും കൂടി കൂട്ടിയാൽ നൂറ് തന്നെയല്ലേ കിട്ടുക.
ഓഹ്, അത് നൂറ് ആയിരിക്കണമെന്ന് നിർബന്ധമുള്ളത് എന്തുകൊണ്ടാണ്. നൂറ് തന്നെയാണോ എപ്പോഴും ഈ പൂർണ്ണത അഥവാ മൊത്തം.

അപ്പോൾ പുറംലോകം എന്നൊന്നുണ്ട് എന്ന് ഞാൻ മറന്നിട്ടില്ല. ഉറക്കക്കുറവ് ഇല്ല എനിക്ക് എന്നും ഊഹിക്കാം. ഉണർന്ന ഉടനെ ആയതുകൊണ്ടാവാം ഞാൻ ഒരു നവജാതശിശുവിനെപ്പോലെ അമ്പരന്നിരിക്കുന്നത്.
ദീനം വിഴുങ്ങിയ ഈ പരിസരങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെയെല്ലാം മുഖഭാവം ഒരേപോലെ ഇരിക്കുന്നു. എന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയാണ് അവർ എന്നു തോന്നും. മിക്കവാറും അത് വേണ്ടിയിരുന്നില്ല ഈ ജന്മം എന്നായിരിക്കും.
വിയർത്തു കുളിച്ചുകൊണ്ട് അയാൾ എഴുന്നേറ്റുനിന്നു. ഓ, അപ്പോൾ ഇതാണ് വിശർപ്പ്. എങ്ങനെ ഉണ്ടാകുന്നു ഇത്. ഇനി ഇന്ന് ഞാൻ വേറെ കുളിക്കേണ്ടതില്ല എന്നാണോ. അല്ലെങ്കിൽ പിന്നെ എന്താണ് കുളി എന്നാൽ.

മനുഷ്യനാണെന്നറിയാം. ആ വർഗ്ഗത്തിൽ തന്നെ പെണ്ണ്, ആണ് എന്നിങ്ങനെ ചില തരംതിരിവുകളും കൂടിയില്ലേ. ഇവിടെ ഈ കാലുകൾക്കിടയിൽ ഉണ്ടല്ലോ എന്തോ. അയാൾ അതിൽപ്പിടിച്ച് തിരുപ്പിടിച്ചുകൊണ്ടിരുന്നു. ഞാൻ ഒരു ആണ് ആണ് എന്ന് ആണ് ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്.

പക്ഷേ പിന്നെ പേർ എന്നൊരു സംഗതിയില്ലേ - ഓരോ ആൾക്കും അങ്ങനെ ഒന്നുണ്ടാവും. അത് ശരിക്കും മറന്നിട്ടുണ്ട്. ഗുപ്തമായി അഥവാ ഗോപ്യമായി (രണ്ടും തമ്മിൽ നേരിയ വ്യത്യാസം പോലുമില്ല എന്നില്ലല്ലോ?) ഇരിക്കുന്ന ആ അത് എന്തായിരിക്കും.

(തുടരും)


Summary: Blah Novel by Ravi. Episode 44, Keezhmel.


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments