ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

6. ഊർദ്ധ്വൻ

രവി

ഹാരിയുടെ ചരമവാർഷികം കാര്യമായി ആഘോഷിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. ആചരണമല്ല, ആ പേരിൽ ഒരു സമ്മേളനം ഉണ്ടാവുന്നതിൽ ഏവർക്കും ആഹ്ലാദമാണുള്ളത്. ഹാരിയെ അവർ നന്ദിപൂർവ്വം സ്മരിക്കുന്നു.
സംഘാടകസമിതിയിൽ ഞാനും ഉണ്ട്. സംസാരിക്കാൻ എന്നെ വേദിയിലേയ്ക്ക് വിളിക്കരുത് എന്ന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവർ അത് സമ്മതിക്കുന്ന ലക്ഷണമില്ല.

അടുത്തതായി ഹാരിയുടെ ഉറ്റമിത്രം അംശുമാൻ.
അങ്ങനെ തന്നെയാവും എന്നെ വിശേഷിപ്പിക്കുക.

എനിക്കാണെങ്കിൽ ആകെ പറയാൻ തോന്നുക അവൻ പ്രസിദ്ധീകരിക്കാൻ വിചാരിച്ചിരുന്ന അവസാനത്തെ പുസ്തകത്തെക്കുറിച്ചാണ്. ആർക്കും അത് ഇഷ്ടമാവും എന്നു തോന്നുന്നില്ല. എന്നാലോ എന്നെ വെറുതെ വിടുമോ - അതുമില്ല.

തന്റെ ഹരികൃഷ്ണൻ എന്ന പേർ അവൻ വെറുത്തു. അവന്റെ ഇഷ്ടപ്രകാരം എല്ലാവരും അവനെ ഹാരി എന്നു വിളിച്ചു. അത് തൂലികാനാമം കൂടിയായി മേൽ പതിഞ്ഞതോടെ എല്ലാവരും മറ്റേത് മറന്നു.

വലിയ സ്നേഹമായിരുന്നല്ലോ ഒരു കാലത്ത്, ഇപ്പോൾ എന്തു പറ്റി, ഒരിക്കൽ മോൾ ചോദിച്ചു, ഇപ്പോൾ എവിടെ നിന്നു വന്നു ഈ ഇഷ്ടക്കേട്.

വാസ്തവത്തിൽ ഞാനും അപ്പോഴാണ് അത് ശ്രദ്ധിച്ചത്​.
ശരിയാണ്, എന്തോ നീരസം ഉണ്ടായിട്ടുണ്ട്.
അസാരം അനഭിമതൻ ആയിട്ടുണ്ട് അദ്ദേഹം.
ഒരു പക്ഷേ അവന്റെ സ്വകാര്യം കുറേ അറിഞ്ഞതുകൊണ്ടാവാം.
അതായത് ചില രഹസ്യങ്ങൾ.

കാണിച്ചുകൂട്ടാനുള്ള അവന്റെ ആ വ്യഗ്രത ഒരു കാലം വരെ സഹിക്കാൻ പറ്റുന്നതായിരുന്നു. പിന്നെപ്പിന്നെ അത് മൂർച്ഛിച്ചു.
ദെന്ത് കാട്ടിക്കൂട്ടലാ ഏട്ടോ.
ഷാരോൺ, ഡാന്യൂബ്, സീൻ എന്നൊക്കെ കേട്ടാലേ അവന് നൊസ്റ്റാൾജിയ ഉണരൂ, പണ്ടും; എന്നാലും അവൻ ക്യൂബൻ ചുരുട്ട് ഇറക്കുമതി ചെയ്ത് അത് പുകച്ചുകൊണ്ട് നടക്കുന്നത് കണ്ടപ്പോൾ, മോൾ, എനിക്ക് ഒരു കിടിലം പോലെ തോന്നി. അറപ്പല്ല, എന്തോ സംഭവിക്കാൻ പോവുന്നു എന്നൊരു ഭീതി.
എന്താണ് പറയുക, ആങ്, ഒരു അസ്ഖിത...

ഞാൻ അതല്ല സൂചിപ്പിച്ചത് അംശു. അത് അനിഷ്ടം ആയിരുന്നില്ലല്ലോ. പിൽക്കാലത്ത് നിങ്ങൾക്കിടയിൽ വലിയ ഒരു അകൽച്ച ഉണ്ടായത് എന്തുകൊണ്ടാണ് എന്നാണ്.

മിണ്ടാതിരി മോൾ, അങ്ങനെയൊന്നും ഇല്ല...

പക്ഷേ എന്തിനാണ് എനിക്ക് ദേഷ്യം. മോൾ എയ്ത കുത്തുവാക്കിൽ കുറേ വാസ്തവം ഉള്ളതിനാലോ. അങ്ങനെ ഒരു മാറ്റം എന്റെ പെരുമാറ്റത്തിൽ ഉണ്ടായിട്ടുണ്ടോ.
ഹാരി സുലോചനയുമായി ഒളിച്ചോടിയതെല്ലാം എന്റെ തലമുറയ്ക്കു തന്നെ അഭിമാനമായതാണ്. പ്രേമം ഇല്ലാതായിവരുന്ന കാലത്ത്, അഥവാ പ്രേമിച്ചാൽ തന്നെ അവസാനം ഒഴിവുകഴിവുപറഞ്ഞ് പിരിയുന്നത് പതിവായിത്തീർന്ന കാലത്ത്. ആ കാലത്തല്ലേ ഈ ഹാരിയും സുലോചനയും...

ഗത്യന്തരമില്ലാതെ വന്നപ്പോൾ സുലോചന വീടുവിട്ട് ഇറങ്ങിവന്നു. പടിപ്പുരയുടെ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു ഹാരി. അവർ ഒരുമിച്ച് പുതിയ ജീവിതത്തിലേയ്ക്ക് ഓടിക്കയറി.

എന്തൊരു ആവേശമായിരുന്നു ഞങ്ങൾക്കെല്ലാം അന്ന്. അതിന്റെ ചിത്രങ്ങളോ മറ്റു രേഖകളോ ഒന്നും ആരുടെ കയ്യിലും ഇല്ല. പക്ഷേ, മരിച്ചാലും മറക്കുമോ നാം.
ആ ഹാരിയും സുലോചനയും പിന്നീട് ബദ്ധവൈരികളായിത്തീർന്നു എന്നു കേട്ടാൽ ആര് വിശ്വസിക്കും. ചുരുട്ടിന്റെ അറ്റത്തെ തീ കൊണ്ട് അവൻ അവളുടെ മാറിൽ പൊള്ളിച്ചേത്ര, രാത്രി അവൻ കുടിച്ച് വെളിവില്ലാതെ കിടക്കുമ്പോൾ അവൾ അവന്റെ തലയിൽ ചുറ്റിക കൊണ്ട് മേടി പരിക്കേല്പിച്ചേത്ര, ഇരുവരും അന്യോന്യം കുറ്റപ്പെടുത്തി കോടതിയിൽ പരാതിപ്പെട്ടേത്ര.

എല്ലാം അത്രേ ചേർത്തുകൊണ്ടേ പറയൂ. കാരണം, എനിക്കു മാത്രമല്ല ഞങ്ങൾക്കാർക്കും അതിനെക്കുറിച്ചൊന്നും തീർച്ചയില്ല അത്രേ.

ചിത്രീകരണം: ബൈജു ലൈല രാജ്

അങ്ങനെയിരിക്കേ അതാ വരുന്നു അവന്റെ ആത്മഹത്യ.

തൂങ്ങിമരിക്കുകയാണുണ്ടായത് അവൻ. മദ്യത്തിൽ വിഷം കലർത്തി കഴിച്ചിട്ടുമുണ്ടായിരുന്നു.

തന്റെ ചുണ്ടുകൾക്കിയിൽ അവൻ ഒരു ചുരുട്ട് കടിച്ചു പിടിച്ചിരുന്നു. അവന്റെ ജീൻസ് അവസാനത്തെ ശുക്ലം കൊണ്ട് നനഞ്ഞിരുന്നു. തന്റെ ശ്രമത്തിൽ താൻ വിജയിക്കും എന്ന ആത്മവിശ്വാസം അവന്റെ മുഖത്ത് കാണാമായിരുന്നു.

പക്ഷേ എന്തിന് അവൻ.

കടം വീട്ടാൻ പറ്റാത്തതിന്റെ പ്രയാസം കൊണ്ടാണ് അത് എന്ന് ചിലർ വിചാരിച്ചു. ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ അവനെ ഹതാശനാക്കി മാറ്റിയതാണെന്ന് മറ്റു ചിലരും. എന്നാൽ എന്നെപ്പോലെ ചിലർക്ക് മറ്റൊരു ധാരണ കൂടി വെച്ചുപുലർത്താനായി കിട്ടിയിരുന്നു.

കുറേ കാലമായി അവൻ തന്റെ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു കിട്ടാൻ വേണ്ടി പലരുടേയും പിന്നാലെ നടക്കുന്നു. അത് സാധിക്കാതെ വന്നതിന്റെ നിരാശ അവനെ കാർന്നുതിന്നുകയായിരുന്നു.

ആ പുസ്തകത്തെപ്പറ്റിയാണ് ഞാൻ ആകെ സംസാരിക്കുക. അതായത് അവർ നിർബന്ധിച്ചാൽ.

ഊമ്പൻ - എന്താണാവോ ഈ വാക്കിന്റെ അർത്ഥം, വല്ല തെറിയും ആവുമോ - എന്ന പേർ മാറ്റി വന്നാൽ അത് അച്ചടിക്കുന്നത് പരിഗണിക്കാം എന്ന് ചിലർ നിർദ്ദേശിച്ചെന്നും അവൻ അതിന് കൂട്ടാക്കിയതേയില്ല എന്നും പാട്ടായിരുന്നു.

ലളിതമായ ഒരു വാക്കല്ലേ എന്തായാലും. അവർക്ക് അത് അവന്റെ ഇഷ്ടത്തിനു വിടാമായിരുന്നു. വെറുതേ അവനെ മരണത്തിലേയ്ക്ക് തള്ളിവിട്ടപ്പോൾ തൃപ്തിയായോ കൈരളിക്ക് ആവോ.

ഈ ഊമ്പൻ എന്ന വാക്കിനു തൊട്ടു താഴെ ഹാരി എന്നു കണ്ടാൽ ആളുകൾ അത് ചേർത്തുവായിക്കില്ലേ. ഹാരിക്ക് അത് നാണക്കേടൊന്നും ഉണ്ടാക്കില്ലേ ആവോ,
ഇതെന്താണ് മോൾ, എന്നെ ചോദ്യം ചെയ്യുന്നതെന്തിനാണ്, നിങ്ങളുടെ ചങ്ങായി അല്ലേ?

ഇങ്ങോട്ടു നോക്കൂ മോൾ, ഊമ്പൻ ഹാരി എന്നു കേൾക്കുന്നതിൽ അവന് വിഷമമില്ലായിരിക്കും. മാത്രമല്ല, ആ വാക്കിന്റെ അർത്ഥം അറിയാതെ നമ്മൾ എങ്ങനെയാണ് മോൾ...

എന്റെ പുതിയ വായനക്കാരി

(ക്വെദനഫ് എന്ന ചാനെൽ ആസ്ഥാനം)

ശ്രീമാൻ: (തിരക്കിട്ട് നടക്കുന്നതിനിടയിൽ) എങ്ങനെയുണ്ട് മാളവികാ, ഇന്ന് ആരെയെങ്കിലും രക്ഷിച്ചോ നമ്മുടെ ജോകീസ്?.
മാളവിക: (ഒപ്പമെത്താൻ ശ്രമിച്ചുകൊണ്ട് കിതച്ച്) ഒറ്റനോട്ടത്തിൽ ഇല്ല. പക്ഷേ ഒട്ടും മോശമല്ല നമ്മുടെ ദിവസം. കൂടാതെ ഇന്ന് കത്രീന വാർത്തയിൽ ഇരിക്കുന്നുമുണ്ട്.
ശ്രീമാൻ: ആദ്യമാണല്ലേ കറ്റ്‌റിനാ.
മാളവിക: അതെ, ആദ്യമാണല്ലോ കത്രീന.
ശ്രീമാൻ: ഏയ്, കറ്റ്‌റിനാ എന്നല്ലേ അവളുടെ പേർ. ഞാൻ എപ്പോഴും അതിശയിക്കും, എന്തുകൊണ്ടാണ് മാളവിക അവളെ കത്രീന എന്ന് വിളിക്കുന്നത് എന്ന്.
മാളവിക: ബ്ലോൺഡ് ഒന്നുമല്ലല്ലോ അവൾ.
ശ്രീമാൻ: പക്ഷേ സ്വന്തം പേർ അവൾ ഉച്ചരിക്കുന്നത് എങ്ങനെയാണ്, അതല്ലേ നാം നോക്കേണ്ടത് മാൾവികാ.
മാളവിക: പക്ഷേ എന്തു ചെയ്യാം, കത്രീനാ എന്നു വിളിക്കാനേ തോന്നിപ്പിക്കുന്നുള്ളൂ അവൾ, അങ്ങനെ പരിഷ്‌കാരിയൊന്നും അല്ല ആ കുട്ടി. ഇംഗ്ലീഷ്‌
പറയുന്നത് മലയാളം മാതിരി. പിന്നെ മലയാളം പറയുമ്പോൾ ഒരു കൊഞ്ചൽ ഉണ്ട്, കേൾക്കാൻ അത്യാവശ്യം രസമുണ്ട് അത്. അതുകൊണ്ട് രക്ഷപ്പെട്ടു അവൾ.
ശ്രീമാൻ: ഓ മാൾവികാ, ഇത്രയൊക്കെ ചുഴിഞ്ഞുനോക്കണോ. ഇപ്പോൾ ചെറുപ്പക്കാർ ഇങ്ങനെ തന്നെ, പ്രത്യേകിച്ച് ഗാൾസ്?.
മാളവിക: പ്രത്യേകിച്ച് വാത്സല്യമുള്ളവർക്ക് ... (ചിരിച്ച്) മറ്റുപലതും കണ്ടില്ല എന്നു നടിക്കാനും എളുപ്പമാണ്, അല്ലേ?
ശ്രീമാൻ: വാത്സല്യം മോശമാണോ മാളവികാ?
മാളവിക: (കളിയാക്കി) അതും, പിതൃനിർവിശേഷം ആയത്, അല്ലേ!
ശ്രീമാൻ: ഏയ്, ഏയ്, അങ്ങനെയൊരു വാത്സല്യം തീർച്ചയായും എനിക്ക് ഇല്ല. മകൻ, മകൾ... മകളെപ്പോലെ എന്നൊന്നും തോന്നാറില്ല എനിക്ക് ആരെയും. എനിക്കും ഇല്ലല്ലോ മക്കൾ ഒന്നും.
മാളവിക: അതായത് - എല്ലാവരും ഒരേ മാതിരി എന്നർത്ഥം.
ശ്രീമാൻ: യാ - ഏകദേശം! അതായത് മാളവികാ, നീയും കറ്റ്‌റിനായും ഒരേപോലെ. നീ കുറച്ച് സീന്യേയർ ആണെന്നു മാത്രം.
മാളവിക: ഉം, ശരി ശരി. അപ്പോൾ, സർ! - പറഞ്ഞുവന്നത് കത്രീനയുടെ അരങ്ങേറ്റത്തെക്കുറിച്ചാണ്. പരിഭ്രമം ഉണ്ട് അവൾക്ക്.
ശ്രീമാൻ: ഏയ്, അതൊന്നും സാരമില്ല.
മാളവിക: തീർച്ചയാണോ അങ്ങയ്ക്ക്?
ശ്രീമാൻ: ഓ യാ, ന്യൂസ് അല്ലേ അവൾ ചെയ്യാതിരുന്നിട്ടുള്ളൂ മുമ്പ്. പിന്നെ ലൈവ് തന്നെയും. നല്ല പരിശീലനം കിട്ടിയിട്ടുണ്ടല്ലോ.
മാളവിക: ഉവ്വുവ്വ്, ചീഫ് തന്നെ നേരിട്ട് നൽകുകയുണ്ടായിട്ടുണ്ട് അത് എന്ന് അറിയാം എനിക്ക്‌, എല്ലാവർക്കും.
ശ്രീമാൻ: ഓ, അതു വിടൂ മാൾവികാ, അതത്ര അർത്ഥഗർഭം ആക്കാനൊന്നുമില്ല. പൊറ്റെൻഷൽ ഉള്ളവരെ കണ്ടുപിടിക്കും, ബൂസ്റ്റ് ചെയ്യും. നാം ഒരു ചാനെൽ വെറുതേയങ്ങോട്ട് പൊന്തിവരില്ലല്ലോ, ഉവ്വോ മാളവികാഗ്നിമിത്രം?
മാളവിക: ഇല്ലില്ല സർർർ, നിശ്ചയമായും.
ശ്രീമാൻ: അപ്പോൾ ശരി, കാണാം മാളവികാ, വൈകുന്നേരം!

(അതേസമയം സ്ഥാപനത്തിന്റെ മറ്റൊരു മൂലയിൽ)
പീയുഷ്: (അവ്യകതമായി എന്തോ മൂളിപ്പാടുന്നു)
കത്രിനാ: ഹായ്, സർ.
പീയുഷ്: ഹൈ, കറ്റ്‌റിനാ.
കത്രിനാ: ഞാൻ ലൈവ്​-ൽ ഇന്നുതന്നെ ഇരിക്കണം, അല്ലേ.
പീയുഷ്: എന്നെങ്കിലും തുടങ്ങിവെയ്ക്കണ്ടേ, ക്യാറ്റ്.
കത്രിനാ: അല്ല, എനിക്കൊരു... ഞാൻ കുറേശ്ശെ നെർവസ് ആവുന്നതുപോലെ.
പീയുഷ്: വ്‌വ്‌വ്‌വൈ കാറ്റ്‌റിനാ, എത്ര ചെയ്തിട്ടുള്ളതാണ് നീ, ശരിയാണ്, ഇന്ന് ന്യൂസ് ആണ്. പക്ഷേ നീ സജ്ജ ആണല്ലോ. അത് എങ്ങനെയെല്ലാം വേണമെന്ന് എത്ര കാലമായി ഞാൻ നിനക്ക്.
കത്രിനാ: അതു തന്നെയാണ് പ്രശ്‌നം. നിങ്ങളുടെയെല്ലാം ആ ഊക്ക് ഇല്ല്യാലോ എനിക്ക്.
പീയുഷ്: അതായത്, ശ്രീ നെല്ലായ രാമചന്ദ്രൻ, താങ്കൾ പാർറ്റി അഥവാ പ്രസ്ഥാനത്തിന് അതീതനായി നിൽക്കുകയാണെന്ന് ആരെങ്കിലും ആരോപിക്കുകയാണെങ്കിൽ താങ്കൾ അയാളെ എതിർക്കും എന്നൊരു നിരീക്ഷണം നിലനിൽക്കുന്നുണ്ടെന്ന് സങ്കല്പിക്കുക, അങ്ങനെയാണെങ്കിൽ അത് താങ്കൾക്ക് ഒരു പ്രയാസമുണ്ടാക്കുമോ അതോ അതൊന്നും സാരമില്ല എന്ന മട്ടിൽ പ്രവർത്തനം തുടരാൻ താങ്കൾക്ക് സാധിക്കുമോ - ഒറ്റ വാക്കിൽ ഉത്തരം പറയാൻ സാധിക്കില്ലെങ്കിൽ അല്പം വിശദീകരിക്കാം ശ്രീ രാമചന്ദ്രൻ!
കത്രിനാ: ഊം.... ഊം - ഇതാണ്, ഇത് ഇങ്ങനെയൊന്നും സാധിക്കില്ല്യാന്നേ എനിക്ക്.
പീയുഷ്: ഇങ്ങനെ - തന്നെ വേണമെന്നില്ലല്ലോ കറ്റ്‌റിനാ. കുറച്ചുകൂടി ന്യൂജെൻ ആവാം. ഞാൻ ആകെക്കൂടി ഒന്ന് കൺഫ്യൂസ് ചെയ്യുന്നു എന്നേയുള്ളൂ. വാക്കുകൾ കുറേ മാറ്റി കൂടുതൽ സങ്കീർണ്ണം ആക്കാം - വേണമെങ്കിൽ...
കത്രിനാ: (ശങ്കയോടെ) തിയറി മനസ്സിലാക്കിയിട്ടൊക്കെയുണ്ട് ഞാൻ.
പീയുഷ്: ഓഹോ, നോക്കട്ടെ.
കത്രിനാ: ശ്രീമൻ സർ പറഞ്ഞതാണ് കുറച്ച്.... അചഞ്ചലം, അല്ലേ?.
അചഞ്ചലരായി ഇരിക്കണം നമ്മൾ. ആരെങ്കിലും സഹികെട്ട് തിരിച്ച് ശകാരിച്ചാൽ പതറാനേ പാടില്ല. സാധിക്കുമെങ്കിൽ ഒരു പുഞ്ചിരി, അർദ്ധഗർഭം അണിയണം അപ്പോൾ. ഒരു തർക്കുത്തരമാണ് ഇങ്ങോട്ട് വരുന്നതെങ്കിൽ കൂസലില്ലാതെ അത് ശ്രദ്ധിക്കുന്നതായി ഭാവിക്കുക. പക്ഷേ അങ്ങനെ ഒരു മറുചോദ്യത്തിനൊക്കെ എന്തു പ്രസകതി എന്നു തോന്നിപ്പിക്കുക, ഇങ്ങനെ കുറേ ഉണ്ടല്ലോ തന്ത്രങ്ങൾ.
പീയുഷ്: ആങ്, ഇതൊക്കെത്തന്നെയാണ് എല്ലാവരും ചെയ്യുക. ഞാനും ഊ - ആ ശ്രീമാനും. പക്ഷേ എന്റെ രീതി ശരിയല്ല എന്നു പറയുന്നതു കേൾക്കാറില്ലേ അയാൾ .... മാളവികായും ചെയ്തിരുന്നത് ഇതൊക്കെ തന്നെ. ഇന്നു മുതൽ നീയും, ക്യാറ്റ്.
കത്രിനാ : ഓ, ഓഹ്, എന്നെ - പേടിപ്പിക്കാതെ.
പീയുഷ്: എനിക്കറിയില്ലേ ക്യാറ്റ്, നിന്നെ. ഈ കാണുന്ന അങ്കലാപ്പൊന്നും നിന്റെ ഉള്ളിൽ ഇല്ല എന്നും.
കത്രിനാ: അതു പിന്നെ, എനിക്ക് സഹായം വേണമല്ലോ എല്ലാവരുടെയും.

പീയുഷ്: അത് ഞാൻ എന്തായാലും തരേണ്ടതുതന്നെയല്ലേ, പുസി?
കത്രിനാ: എല്ലാവരും ഇങ്ങനെ സ്നേഹത്തോടെ ഓരോന്ന് വിളിക്കുമ്പോഴാണ് എനിക്ക് വേറെ ഒരു പേടി.
പീയുഷ്: (ചിരിച്ച്) ഊം, എന്താണത്, ക്യാറ്റ്?
കത്രിനാ: ആ കാണിക്കുന്നതിൽ ഉള്ളതിന്റെ പത്തിൽ ഒന്ന് സ്നേഹമെങ്കിലും ശരിക്കും ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോവും.
പീയുഷ്: (അലക്ഷ്യമായി) ഊപ്‌സ്?!
കത്രിനാ: സത്യം, സത്യായിട്ടും അതെ.
പീയുഷ്: ഹ്ം, ഒരു കാര്യം മറന്നു ഞാൻ. നീ, നീ, ഇവിടെത്തന്നെ ഉണ്ടാവുമല്ലോ ക്യാറ്റ്, ഒന്ന് പുറത്തു പോയി വരാം ഞാൻ. പെട്ടെന്നു വരാം. ശ്ശ്യോ, ഒരു ബ്ലഡിമേരി കഴിച്ചിട്ട് എത്ര ദിവസമായി.
(കത്രിനാ മെല്ലെ എന്തോ മൂളിപ്പാടിക്കൊണ്ട് അവിടെ തന്നെ)

ല്ലാ നടന്മാരും മുറുക്കി പിടിക്കും. അമർത്തി ഞെക്കിയിട്ട് മാറിടം നോവിക്കും. ഒപ്പം കിടക്കുന്ന രംഗമുണ്ടെങ്കിൽ നോക്കുകയേ വേണ്ട.
ഞാൻ പിന്നെ ആദ്യമേ ഒരു തരം അതീത ആയിരുന്നതിനാൽ എനിക്ക് അതിന്റെ സൗകര്യങ്ങളും ഉണ്ടായിരുന്നു എന്നു മാത്രം.

പകരം വീട്ടാൻ ഒറ്റ വഴിയേ ഉള്ളൂ. സർവ്വശക്തിയും സംഭരിച്ച് അവരുടെ അത് പിടിച്ച് കശക്കുക. അതു തന്നെയും പലർക്കും രസിക്കുകയാണുണ്ടാവുക. ചിലർക്ക് ശരിക്കും നോവും.

അപ്പോൾ ആ മുഖത്ത് അത് പ്രതിഫലിച്ചു കാണാം.

പണ്ടത്തെ നായകന്മാർക്ക് ചില മൂല്യങ്ങളുണ്ടായിരുന്നു എന്നൊക്കെ ചിലർ വാദിക്കുന്നതു കേൾക്കുമ്പോൾ ചിരി വരും. എനിക്ക് അറിയാവുന്നതുപോലെ ഇവരെയെല്ലാം ആർ മനസ്സിലാക്കിയിട്ടുണ്ട്.

കൂടെ കിടക്കണമെന്നുണ്ടോ രാപ്പനി അറിയാൻ.
ആരുടെയും കൂടെ കിടന്നിട്ടില്ല എന്നുമല്ല.
ഞാൻ ചാരിത്യ്രപ്രസംഗം നടത്തിയാലും ആർ വിശ്വസിക്കാനാണ്.

പക്ഷേ കഴിയുന്നതും ഒഴിഞ്ഞുമാറിയിരുന്നു ഞാൻ. അത്ര ഗുണമുണ്ടെങ്കിലേ ഒപ്പം ഉറങ്ങാനൊക്കെ പോകൂ. വെറും സമ്പർക്കം കൊണ്ട് തൃപ്തിയടയേണ്ടിവരും ഭൂരിപക്ഷത്തിനും.
ചക്ഷുഃ പ്രീതി കൊണ്ടൊക്കെ.

എന്നെ സമീപിക്കാൻ ധൈര്യമുള്ളവർ വിരളമല്ലേ പിന്നെ. ഞാൻ ഏറ്റവും രസിക്കുക ഇവരെല്ലാം ഒലിപ്പിച്ചു കൊണ്ടിരിക്കുന്നത് വിഴുങ്ങി ആദരവ് കാണിക്കുമ്പോഴാണ്. എന്നാലോ നോട്ടം എപ്പോഴും നിത്യാമ്മയുടെ പൊന്നിൻകുടത്തിലാണ്. ഇവന്മാരുടെ തുറിച്ചു നോട്ടത്തിന് ഇന്നുമില്ലല്ലോ ശമനം.
എന്റെ ഈ പ്രായത്തിലും.

നമ്മുടെ പിയപെറ്റ നിത്യാമയുടെ ഏറ്റവും പർധാനപെറ്റ ഗുനം ആ അമാ ഒരികലൂം അരേയും നിരാശപെടുത്തിലാ എനാണ്. രാഷ്ട്രതിന്റെ പൊതു സ്വത്. നമൂകെലാം നുകരനുള പൂർ - ണിമ, പൂർണകുംഭം...

കേന്ദ്രമന്ത്രി ഇപ്പോഴും എന്നെ പ്രശംസിക്കാനായി പുതിയ മലയാളം വാക്കുകൾ ഉരുവിട്ടു പഠിച്ചുകൊണ്ടിരിക്കുകയാണ്. സംശയമുണ്ടോ നിങ്ങൾക്ക്. അയാൾ എന്നെ ഒരു വിരുന്നിനു ക്ഷണിക്കാതിരിക്കുന്നതിലേ അത്ഭുതമുള്ളൂ.

പിന്നെ പഴയ നടന്മാരെപ്പറ്റിയല്ലേ നിങ്ങൾക്ക് അറിയേണ്ടത്. ഖാൻ, നഹാസ് എന്നിവരൊക്കെ ഇങ്ങനെയാണെന്ന് നിങ്ങളൊന്നും സങ്കല്പിച്ചിട്ടുകൂടിയുണ്ടാവില്ലല്ലോ. കേൾക്കണോ കൂട്ടരേ നിങ്ങൾക്ക്.
ഉടനെ അതാ തുന്ദില എന്ന മാസികയിൽ നിന്ന് വിളിയോടു വിളി. ഒരു ആത്മകഥ എഴുതാമോ നിത്യാമ്മേ. ഏറ്റവും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാം ഞങ്ങൾ. നമുക്ക് കേരളത്തെ തന്നെ ഇതു വെച്ച് ഇളക്കി മറിക്കാം.

അതായത് എരിവും പുളിയും അവർ ചേർത്തുകൊള്ളാം എന്ന്.
ഹഹഹ, ഞാൻ ഒരു കുശ്മാണ്ഡം ആണെന്നു കരുതിക്കാണും.

രണ്ടു മല്ലന്മാർക്കിടയിൽ ഞാൻ മാമ്പഴം.

എന്നെ കേന്ദ്ര കഥാപാത്രമാക്കി പൂവമ്പഴം എന്നൊരു പടം എടുത്തല്ലോ. അതിനു പിന്നിലെ അണിയറ രഹസ്യങ്ങൾ അറിയാൻ വെമ്പലോടെ കാത്തു നിൽക്കുകയാണേത്ര വായനക്കാർ. ഒപ്പം ചലച്ചിത്രരംഗത്തെ ഉള്ളുകള്ളികളും.
ഒക്കെ പരസ്യം തന്നെ. ഖാൻ കത്തിനിൽക്കുമ്പോൾ നഹാസ് കുറേശ്ശെയായി പൊന്തിവരുന്നുണ്ടായിരുന്നു. ചിലപ്പോൾ നഹാസിന് ഏകദേശം ഹീറോ മാതിരി റോൾ കിട്ടുമ്പോൾ ഖാന് സഹിക്കില്ല. പുള്ളി ഉടനെ ഇടപെടും. നഹാസിന്റെ ഉണ്ടക്കണ്ണുകൾ വെച്ച് അയാളെ വില്ലൻ ആക്കുന്നതാണ് ഉചിതം എന്ന് നിർദ്ദേശിക്കും ഖാൻ. പിന്നെ മറ്റൊരു കളിയുണ്ട്. ഞാൻ ഹീറോ ആയ പടത്തിലെല്ലാം നഹാസും വേണം എന്ന് സ്നേഹപൂർവ്വം വാശി പിടിക്കും ഖാൻ. ഹഹഹ, ഇതിനെയാണ് മഹത്വമായി ചൂണ്ടിക്കാണിക്കുന്നത് എല്ലാവരും കേട്ടോ. വാസ്തവത്തിൽ എന്തായിരുന്നു ഖാെന്റ ഉദ്ദേശ്യം. നഹാസ്? അങ്ങനെ രണ്ടാമനോ വില്ലനോ ആയി എപ്പോഴും ഒതുങ്ങിക്കൊള്ളും എന്ന് - അല്ലാതെന്ത് -
അതിനിടയിൽ മേഡം ഇവർ ഇരുവർക്കും ഇടയിൽ കിടന്ന് ചക്രശ്വാസം വലിക്കുന്നതായി ചിത്രീകരിച്ച ഒരു പടം പാതിക്കുവെച്ച് നിർത്തിക്കളഞ്ഞല്ലോ.

ഉമ്പർകോൻ എന്നൊന്ന്. തനിക്ക് ഒപ്പത്തിനൊപ്പം എന്ന പോലെ നഹാസിനെ നിർത്തിയതിൽ പ്രതിഷേധിച്ച് ഖാൻ പെട്ടെന്ന് താൻ കുടിച്ചുകൊണ്ടിരുന്ന ഇളനീരിന്റെ തൊണ്ട് സംവിധായകെന്റ മേലേയ്ക്ക് എറിഞ്ഞിട്ട് ഇറങ്ങിപ്പോയി എന്നാണ് കേട്ടിട്ടുള്ളത്. അതിന്റെ വാസ്തവം അറിയാൻ ഞങ്ങൾക്ക് ആകാംക്ഷയുണ്ട് മേഡം.

ഹ്ം, ഉമ്പർകോൻ - എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട!..
പെട്ടെന്ന് നിത്യ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നതു പോലെ ചുറ്റും നോക്കി, അയ്യോ അയ്യോ അയ്യോ, ഞാൻ എന്തെല്ലാമാണ് അറിയാതെ വർണ്ണിച്ചുപോയത്. ദൈവമേ, ഐന്റെയീ നശിച്ച ഉറക്കപ്പിച്ച്! .....
നിൽക്കണേ, കേട്ടതെല്ലാം മറന്നേയ്ക്കൂ, മായ്ച്ചുകളഞ്ഞേയ്ക്കൂ.
ഞാൻ മനഃപൂർവ്വം ചെയ്തതല്ലല്ലോ അത്.
കൊച്ചേ, നിന്റെ ഈ കുന്ത്രാണ്ടവും കൊണ്ട് സ്ഥലം വിട്, വെറുതേ ആളുകളെ വഷളാക്കാൻ നിൽക്കാതെ, പോ പോ പോ! ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments