ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

10. വിഷാദം

രവി

ന്തോന്നായിത് യോഹന്നാനേ, നിനക്ക് എന്തോ രോഗമുള്ളതു കാരണം നീ പെണ്ണു കെട്ടില്ല എന്നു കേട്ടു. പക്ഷേ സ്വന്തമായി ഒരു ജോലിക്കു കൂടി നീ ശ്രമിക്കില്ല എന്നുണ്ടോ?

കത്രീനച്ചേടത്തിയാണ് അങ്ങനെ പ്രാകിയത്.

താക്കോൽക്കാരൻ കുടുംബത്തിലെ ഒരു മുതിർന്ന സ്ത്രീക്ക് നാട്ടിലെ ഏതു പയ്യനെയും ചോദ്യം ചെയ്യാം. അതേപോലെ പള്ളിയിലെ അച്ചന് തന്റെ ഇടവകയിലെ ആരെയും ശാസിക്കാം.

എടാ യോഹന്നാനേ, ശരിക്കും ഒരു സത്യകൃസ്ത്യാനി ആയിരുന്നേൽ നിനക്ക് ഈ മനോരോഗമൊന്നും വരില്ലായിരുന്നു കേട്ടോ.

അപ്പോൾ ഇവന്റെ അപ്പനോ, അയാള് വിഷാദം മൂത്തിട്ടല്ലേ തൂങ്ങിച്ചത്തത്, കത്രീന ഇടയിൽ കയറി നിന്ന് ചൂണ്ടിക്കാണിച്ചു.

കത്രീന മിണ്ടാതിരിക്ക്, ഞാൻ ഇവനോടാണ് സംസാരിക്കുന്നത്, കേട്ടോ യോഹന്നാനേ, കേരളത്തിലെ നസ്രാണിമാർക്കൊന്നും നിരാശ എന്നത് ഉണ്ടാവാറില്ല എന്ന് നിനക്ക് അറിയാതെ പോയതെന്തേ. അതേപോലെ നിന്റെ ദിവംഗതനായ അപ്പനും, ങ്‌ഹേ!

പ്രതികൂലമായ ഈ സാഹചര്യങ്ങളെയെല്ലാമാണ് എനിക്ക് എന്നും അതിജീവിക്കാനുള്ളത്. കാലയാപനം അത്യന്തം ദുഷ്‌ക്കരം തന്നെ. സമൂഹം വെറുതെ വിടുകയില്ല തന്നെ നമ്മെ.

ജ്യേഷ്ഠൻ പൗലോസിനെക്കുറിച്ചും ഇവർക്ക് പരാതിയേയുള്ളൂ. പൗലോസ് അച്ചൻപട്ടത്തിനു പഠിക്കുകയായിരുന്നല്ലോ. രണ്ടു കൊല്ലം എങ്ങനെയൊക്കെയോ പൗലോസ് അവിടെ പിടിച്ചു നിന്നു. തനിക്ക് അത് പറ്റില്ല, തന്റെ മാർഗ്ഗം അതല്ല, താൻ അത് വിട്ടേ മതിയാവൂ, എന്നെല്ലാം തീർച്ചയായതിനു ശേഷമാണ് പൗലോസ് പുറത്തു ചാടിയത്.

ലൗകികം വേണമെന്നേ എനിക്ക് -
ലൗകികമോ ലൈംഗികമോ പൗലോസേ?
എന്താണ് അതു രണ്ടും തമ്മിൽ വ്യത്യാസം?

ആ വേഷം ഊരിയെറിഞ്ഞുവരുന്നവരെ ആളുകൾ ഒറ്റപ്പെടുത്തും എന്നാണ്. ചേട്ടൻ ഒരു തരം നിഷ്‌കാസിതൻ. അനിയൻ സ്വയം ബഹിഷ്‌കൃതൻ.

യോഹനാൻ, എന്റെ പ്രിയപ്പെട്ട യോഹനാൻ, ദാമ്പത്യം തുടങ്ങണം എന്നൊന്നും നിർബന്ധിക്കുന്നില്ലല്ലോ ഞാൻ. പ്രമിക്കണമെന്നല്ലേയുള്ളൂ എനിക്ക് ...

എത്ര കെഞ്ചിയതാണ് പേൾ. എനിക്ക് ജോലി ഇല്ലെങ്കിലെന്ത്, അവൾക്കുണ്ടല്ലോ. നമ്പൂതിരി ഭാഷയിൽ ഓർത്താൽ കലശലായ അനുരാഗവും ഉണ്ട്. എന്നിട്ടും എന്തിനാണ് യോഹനാനേ നീ അവളെ ഒഴിവാക്കിയത്.

ഏയ്, പ്രേമം പറ്റില്ല എന്നല്ലേ ഞാൻ നിരസിച്ചുള്ളൂ. ഇപ്പോഴും എന്റെ ഏറ്റവും നല്ല കൂട്ടുകാരിയല്ലേ പേൾ. ഇന്നു കൂടി സംസാരിച്ചതല്ലേ പേൾ, നാം.

ഏതാനും മണിക്കൂർ വ്യത്യാസമുണ്ടല്ലോ അവളുടെ ഭൂഖണ്ഡത്തിലെ സമയത്തിന്. ചില കാലത്ത് ഈ വ്യത്യാസം കൂടി മാറാറുണ്ട്. അത് ഒരു മണിക്കൂർ കൂടുകയോ കുറയുകയോ ഒക്കെ ചെയ്യും. അതുകൊണ്ട് ഒരിക്കലും അത് കൃത്യമായി എത്രയാണെന്ന് ഓർത്തിരിക്കാൻ പറ്റാറില്ല എനിക്ക്.

കുറച്ചു കാലമായി അസമയങ്ങളിൽ മാനസികാസ്വാസ്ഥ്യമുള്ളവരെ നോക്കി ഇരിക്കുന്ന ജോലിയാണ് അവൾ ചെയ്യുന്നത്. ഇപ്പോൾ വിളിച്ചപ്പോൾ അവളുടെ കൂടെ നാലുപേരുണ്ടായിരുന്നു. നാലും അവിടത്തുകാരായ സ്ത്രീകൾ. പേൾ എന്നോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവരിൽ ആരോ ഒരാൾ ചീറിക്കൊണ്ട് അടുത്തേയ്ക്കു വന്നു.

എന്തൊരു ചിരിയാണ് അത് പേൾ.
ചിരിയല്ല, കരച്ചിലാണ് യോഹനാൻ, ഒരു ഘട്ടം കഴിഞ്ഞാൽ എല്ലാം ഒരേ കണക്കാണ്.

ഉവ്വ്, ശരിയാണ്, ചിരിക്കും കരച്ചിലിനുമിടയിൽ ഉള്ളത് ഒരു നേർരേഖയാണെന്ന് ഞാൻ കേട്ടിട്ടുണ്ട്.

നേരിയ ഒരു വര എന്നാവും കേട്ടത് നീ യോഹനാൻ, നേർവര അല്ല.

ആങ്, അങ്ങനെയെന്തോ, എന്തായാലും ഞാൻ ഞെട്ടിപ്പോയി.

എന്തായാലും പേൾ ആ സ്ത്രീശബ്ദത്തോട് അടങ്ങിയിരിക്കാൻ ശാസിച്ചു. അവൾക്ക് അങ്ങനെ ഉറക്കെ അട്ടഹസിക്കാൻ പറ്റുമെന്ന് ആദ്യമായിട്ടാണ് എനിക്ക് മനസ്സിലാവുന്നത്.

എന്തൊരു ആജ്ഞാശക്തി.
പേൾ, നീ എന്തൊരു അലർച്ചയായിരുന്നു.
അലർച്ചയല്ല, നിലവിളിയാണ് യോഹനാൻ, അത് എന്റെ ജോലി അല്ലായോ.

അത്ര ഉച്ചത്തിൽ കൂവിയാലേ അവർ കേൾക്കൂ, ചിലപ്പോൾ അതിൽ ഒരാൾക്ക് എന്റെ മേൽ മാന്തിപ്പൊളിക്കാൻ തോന്നിയാലോ. അത് ഓർത്തുനോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും നീ?

എന്തൊരു ജോലിയാണ് പേൾ, കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു. നിനക്ക് കുറച്ച് സ്വൈര്യമുള്ള ജോലിയൊന്നും കിട്ടില്ലേ?

ഏയ് പേടിക്കാനൊന്നുമില്ല എടാ. എന്തെങ്കിലും അപായം ഉണ്ടായാൽ, ഒരു ബറ്റൺ ഉണ്ട് ഇവിടെ, അത് ഞെക്കിയാൽ ഗാഡ്‌സ് ഓടി വരും, ഹ ഹ, പിന്നെ ചുമ്മാതാണോ. ഇവിടത്തുകാർക്കൊന്നും ഉത്സാഹമില്ല ഈ ജോലി ചെയ്യാൻ എന്നതുകൊണ്ട് എനിക്ക് നല്ല ശമ്പളവും കിട്ടുന്നില്ലേ.

എന്നാലും പേൾ, നിനക്ക് ഇവിടെത്തന്നെ ചെറിയ വല്ല ജോലിയും ചെയ്ത് കൂടാമായിരുന്നില്ലേ?

ഓ, ഞാൻ വരാമല്ലോ ഇപ്പോൾത്തന്നെ. നീ സമ്മതിച്ചാൽ ആ നിമിഷം ഞാൻ കെട്ടും ഭാണ്ഡവുമായി അങ്ങോട്ട് തിരിക്കും. കിട്ടുന്ന ആദ്യത്തെ ഫ്‌ളൈറ്റ്, എന്നെ പ്രേമിക്കുമോ?

ഇങ്ങനെയാണ് എപ്പോഴും അവൾ. എന്തു കണ്ടിട്ടാണ് അവൾ വിടാതെ പിടിക്കുന്നത് എന്നെ എന്നോർത്ത് അമ്പരക്കുകയല്ലേ എപ്പോഴും ഞാൻ. എന്ത് എന്ത് എന്തു കണ്ടിട്ടാണ് പേൾ.

അതും എത്ര കാലമായി അവൾ ഇതിൽ കടിച്ചുതൂങ്ങി നിൽക്കുന്നു. ഞങ്ങളുടെ എല്ലാ സംഭാഷണവും മിക്കവാറും ഇങ്ങനെ തന്നെയാണ് അവസാനിക്കുക. എന്നാൽ നീ എന്നെ പ്രേമിക്കുമോ യോഹനാൻ?

പ്രേമം ഭീകരമായ ഉത്തരവാദിത്വമാണ് എന്നു പറഞ്ഞാലൊന്നും അവൾ മാറിപ്പോവില്ല. നല്ല സ്നേഹിതരാവുന്നത്ര മഹത്തരമല്ല ഒരു പ്രേമബന്ധവും എന്ന് എത്ര തവണ ആണയിട്ടുനോക്കിയിട്ടുണ്ട്. അവൾ പക്ഷേ അതൊന്നും ഗൗനിക്കുകയേയില്ല.

മനഃശാസ്ത്രജ്ഞൻ വിവാഹം വേണ്ട എന്നാണ് വിലക്കിയത് എന്നതു ശരിതന്നെ. പക്ഷേ അതിനേക്കാളും പ്രശ്‌നമല്ലേ പ്രണയം. എന്തുകൊണ്ട് ആ വഴിക്ക് ആലോചിച്ചില്ല അയാൾ ആവോ. ഒരു ബന്ധത്തിലും ഏർപ്പെടാതിരിക്കുന്നതാവും ഭേദം എന്നല്ലേ അയാൾ എന്നോട് ഉപദേശിക്കേണ്ടിയിരുന്നത്.

പേൾ, നിനക്ക് അവരുടെ അടുത്തുനിന്ന് മാറി ഒരു നിമിഷം ഇരിക്കാൻ കഴിയുമെങ്കിൽ എനിക്ക് ഒന്ന് വിഡിയോ കോൾ ചെയ്യണം എന്നുണ്ട്. ഒറ്റ നിമിഷം. ഒന്നു കാണാനാണ് നിന്നെ. പക്ഷേ അവരുടെ അടുത്തു നിന്ന് മാറി ഇരിക്കാനാവുമെങ്കിൽ മാത്രം മതി കേട്ടോ. ഞാൻ അവരെ കാണുന്നത് ശരിയല്ലല്ലോ.

എന്തുവാ യോഹനാനേ ഈ പറയുന്നേ. ഇവിടെ അങ്ങനെ അരുതാത്തതൊന്നും ഇല്ല മോനേ.

അതല്ല പേൾ, സ്ഥിരബുദ്ധി ഇല്ലാത്തവരല്ലേ. അവരെ നോക്കാൻ നിയോഗിച്ചിരിക്കുകയല്ലേ നിന്നെ. ഞാൻ കണ്ടു കൂടാ പേൾ അവരെ.
തുണിയുരിഞ്ഞു കാണിക്കും അവർ എന്നു പേടിച്ചാണോ നീ യോഹനാനേ.
അതൊന്നുമല്ല പേൾ. എനിക്ക് നിന്നെ മാത്രമല്ലേ കാണേണ്ടൂ, ഒറ്റ നിമിഷം മതി, ഒന്നു മാറി നിൽക്ക്.

ഹോ, എന്തൊരു സദാചാരശുഷ്‌കാന്തി. അല്ല, ഇതെന്തു പറ്റി ഇപ്പോൾ, പെട്ടെന്ന് കാണാൻ ഒരു മോഹം.

ഞാൻ ആരോടാണ് സൊള്ളുന്നത്.
ആ ആൾ ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്ന് ഒന്നു കാണാനാണ് പേൾ, അല്ലാതെ ഒന്നുമില്ല.

ഓ, ഞാൻ കരുതി നിനക്ക് പെട്ടെന്ന് പ്രണയം തോന്നിയിട്ടാണെന്ന്. എപ്പോഴും ഇങ്ങനെ നിരാശപ്പെടുത്തുകയേയുള്ളൂ ഈ ദുഷ്ടൻ.

നോക്ക് പേൾ, കമിതാക്കൾ മാത്രമേ വിഡീയോ കോൾ ചെയ്യൂ? ഞാൻ എത്രയോ കാലമായി നിന്റെ ആത്മമിത്രമല്ലേ. നിന്നെ നേരിൽ കാണാൻ തോന്നിക്കൂടേ എനിക്ക്.

പക്ഷേ ഞാൻ ഒരുങ്ങിയിട്ടൊന്നും ഇല്ല പൊന്നേ. ആകെ അലങ്കോലമാണ്.
ഓ എന്റെ പേൾ, ഹെനിക്ക് നിന്നെ ഒന്നു കാണണമെന്നു തോന്നിപ്പോയതാണ്. അത്രയേ ഉള്ളൂ. വേണ്ട മറന്നേയ്ക്ക് നീ! കാണണ്ട എനിക്ക്, കാണുകയേ വേണ്ട. കേട്ടോ പേൾ, പിന്നെ നിന്റെ പൊന്നുമല്ല ഞാൻ.

പൊന്നേ എന്നു വിളിക്കല്ലേ എന്നെ

ഉർവ്വി: പുരോ, എനിക്ക് വെറുപ്പുള്ള, ഊംഉം, വെറുപ്പ് വേണ്ട എന്നു വെയ്ക്കാം, എനിക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു സാധനം എന്താണെന്ന്, ചോദിക്കാമോ?
പുരോ: ഊം, ചോദിക്കാം, ചോദിച്ചു, എന്താ?
ഉർവ്വി: ഹായ്, ചോദിക്കൂ പുരോ, അത്രയും വാക്കുകളിൽ കൃത്യമായിട്ട് ചോദിക്കൂ. എന്നാലല്ലേ എനിക്ക് ഉത്തരം തരാൻ പറ്റൂ.
പുരോ: ശരി ഉർവ്വി (മുരടനക്കിയിട്ട്) ഉർവ്വീ, ഉർവ്വിക്ക് വെറുപ്പുള്ള, ഊംഉം, വെറുപ്പ് വേണ്ട, ഉർവ്വിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു സാധനം എന്താണ്.
ഉർവ്വി: (ചിരിച്ചുകൊണ്ട്) സ്വർണ്ണം!
പുരോ: ഹ്ം, ശരി.
ഉർവ്വി: ഏയ്, എന്താ പുരോ ഞെട്ടാത്തത്?
പുരോ: എന്തിനാണ് ഞെട്ടുന്നത് ഞാൻ.
ഉർവ്വി: എന്താ പുരോ, ഒരു ഗേൾ എനിക്ക് ഗോൾഡ് ഇഷ്ടല്ലാന്നു പറഞ്ഞുകേട്ടാൽ സാധാരണക്കാരൊക്കെ ഞെട്ടും എന്നാണ് ഞാൻ വിചാരിച്ചത്.
പുരോ: ഓഹോ, അതെന്തിനാണ്, ഉള്ള കാര്യം തന്നെയല്ലേ.
ഉർവ്വി: ആങ്, അല്ലാതെ? ഞാൻ നുണ പറയുന്നതെന്തിനാണ്?
പുരോ: യാ, അപ്പോൾ പിന്നെ ഞാൻ ഞെട്ടുന്നത് എന്തിനാണ്.
ഉർവ്വി: ഓ എന്റെ മണ്ടൻ പുരോ, സ്വർണ്ണം എന്നാൽ എന്തൊരു ഭ്രമമാണ്, കമ്പമാണ്, കൊതിയാണ് സ്വതവേ എല്ലാവർക്കും - അറിയില്ലേ, അതിന്റെ വില കൂടുന്നതാണ് എല്ലാവരും ഒരേ പോലെ എന്നും ശ്രദ്ധിക്കാറുള്ളത്. അങ്ങനെയിരിക്കുമ്പോൾ ഒരു സുന്ദരി എനിക്കത് തീരെ ഇഷ്?ടമല്ല എന്ന് പറയുമ്പോൾ - ഞെട്ടേണ്ടതല്ലേ പുഷ്‌കൂ പുഷ്‌കു.
പുരോ: പുഷ്‌കുവോ, അതാരാണ്.
ഉർവ്വി: ഹ്ം, അത് ഞാൻ അറിയാതെ, പുരോ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്റെ വർത്തമാനം എന്ന് പരീക്ഷിക്കാൻ, ഒന്ന് വിളിച്ചുനോക്കിയതാ.
പുരോ: പുഷ്‌കൂ എന്നോ, എന്നെയോ.
ഉർവ്വി: എന്താണ്, നല്ല രസമുണ്ടല്ലോ - ഒരു പക്ഷേ പുരോ എന്നതിനേക്കാളും ചേരും, ഈ പുഷ്‌കു.
പുരോ: (ചെറിയ ഞെട്ടലോടെ ) വേണ്ടാട്ട്വോ ഉർവ്വി - എന്റെ പേർ മാറ്റാനൊന്നും ആലോചിക്കണ്ടാ.
ഉർവ്വി: (മുനിഞ്ഞു കൊണ്ട്) ഇല്ല പുരോ, പക്ഷേ എന്താണ് ഒന്നു ഞെട്ടാത്തത്? ഞാൻ എത്ര കാര്യമായി അവതരിപ്പിച്ചതാണ് ഒരു...
പുരോ: ഒന്നോർത്താൽ, നിന്നെ സമ്മതിക്കണം ഉർവ്വി.
ഉർവ്വി: ആങ്, അങ്ങനെ പറയൂ.
പുരോ: ചില ഗേൾസ് - ശ്രദ്ധിച്ചിട്ടുണ്ട് ഞാൻ. നരച്ച കീറിപ്പൊളിച്ച ജീൻസ് ഒക്കെ ഇട്ടിട്ടുണ്ടാവും. എന്നിട്ട് കാലിൽ നോക്കുമ്പോൾ കാണാം, സ്വർണ്ണത്തിന്റെ ഒരു അരഞ്ഞാണം.
ഉർവ്വി: അരഞ്ഞാണമല്ല പുരോ, പാദസരം.
പുരോ: അതെ, കിലുങ്ങാത്ത പാദസരം. സ്വർണ്ണം ഒരു അവിഭാജ്യഘടകം ആണേത്ര.
ഉർവ്വി: ഓ, എന്തൊരു നിരീക്ഷണപാടവം!
പുരോ: ഇതൊന്നും പ്രത്യേകം ശ്രദ്ധിച്ചിട്ടൊന്നും വേണ്ട ഉർവ്വി, താനേ കണ്ണിൽ പെട്ടുകൊള്ളും.
ഉർവ്വി : ഓ - യാ! (ചിരിക്കുന്നു )
പുരോ: ഹ ഹ ഹ, പക്‌ഷേ ഉർവ്വി...
ഉർവ്വി: എന്താണിനി പുതിയ കണ്ടുപിടുത്തം.
പുരോ: അല്ല, ഞാൻ ആലോചിക്കുകയായിരുന്നു. ഈ ജിവൽറി വ്യാപാരികൾ, ദല്ലാൾമാർ, കള്ളക്കടത്തുകാർ ഒക്കെ ചേർന്ന് ഒരു മാഫിയാ ഉണ്ടല്ലോ.
ഉർവ്വി: ഓഹോ, അങ്ങനെയൊന്നുണ്ടോ.
പുരോ: ഉണ്ടെങ്കിലും ഇല്ലെങ്കിലും... ഉർവ്വി, നിന്റെ ആ സിദ്ധാന്തം ഒന്നുകൂടി ഒന്ന് കേൾക്കട്ടെ, പറയാമോ?
ഉർവ്വി: അതായത് പുരോ, ഈ മഞ്ഞലോഹത്തിനോടുള്ള ആരാധന വെറും വിഡ്ഢിത്തമാണ്. സൗന്ദര്യവുമായി അതിന് യാതൊരു ബന്ധവുമില്ല. പിന്നെ ഐശ്വര്യം എന്ന ആ സങ്കല്പമാവട്ടെ, വൈകാതെ തകർക്കപ്പെടും. അല്ലെങ്കിലും എന്താണ് ഈ തങ്കത്തിളക്കത്തിനൊക്കെ ഇത്ര ഒരു ഭംഗിയുള്ളത്. വെറുതേ ആരോപിക്കുന്നതല്ലേ അത്, തട്ടിപ്പ്.
പുരോ: മതി മതി മതി, ധാരാളം മതി. ഇത്രയും കേട്ടാൽ മതി വേറെ ആരെങ്കിലും ഒരു പക്ഷേ കൊന്നു എന്നു തന്നെ വരും നിന്നെ ഉർവ്വി.
ഉർവ്വി: അതെന്തിനാ, ഞാൻ, എന്റെ ഐപ്രായമല്ലേ അത്.
പുരോ: ഓ, അതെയല്ലോ, പക്ഷേ ഈ മാഫിയ അങ്ങനെയല്ല ഇതിനെ കാണുക. നിന്റെ ഈ ഐപ്രായം കേട്ട് ഒരാളെങ്കിൽ ഒരാൾ, ഒരാളുടെയെങ്കിലും മനസ്സ് മാറിയാലോ. സഹിക്കാൻ പറ്റുമോ അത് അവർക്ക്. ഇന്നത്തെ ആഭരണസംസ്കാരത്തിന് എതിരായി ഒരു പ്രവണത പൊട്ടിമുളച്ചാൽ കുഴഞ്ഞില്ലേ. ഒരാൾ എങ്കിലും പൊന്ന് വാങ്ങുന്നതിൽ നിന്ന് പിന്മാറിയാലോ, വൻനഷ്ടമാവില്ലേ.
ഉർവ്വി: (ജാള്യം) അപ്പോൾ ഞാൻ ഇത് പരസ്യം ആക്കണ്ട, അല്ലേ പുരോ.
പുരോ: അങ്ങനെ ചോദിച്ചാൽ... ഉർവ്വി, അതായത്...
ഉർവ്വി: പുളിക്കും. പാടി നടക്കാൻ പോവുകയാണ് ഞാൻ ഇത് പുരോ, നോക്കിക്കോ, ചലച്ചിത്രഗാനം എഴുതുന്ന ഒരു മാഷ് ഉണ്ട്, അയാളെക്കൊണ്ട് ഒരു ഹിറ്റ് പാട്ട് എഴുതിപ്പിക്കും ഞാൻ. എന്നിട്ട് നാടാകെ പാടി നടക്കും - പൊന്നിനെതിരെ - അപ്പോൾ നീ എന്തു ചെയ്യും?
പുരോ: ഞാൻ പാടുകയൊന്നും ചെയ്യില്ലായിരിക്കും, പക്ഷേ, ഹ ഹ ഹ, നിന്റെ പാട്ട് കേട്ടു കൊണ്ടിരിക്കും ഞാൻ, അത്രതന്നെ.

(ഇരുവരും ഓർത്തോർത്ത് ചിരിക്കുന്നു )

ന്തൊരു നാറ്റമാണെടീ ഇത്. പെണ്ണുങ്ങൾക്ക് ഇത്രയൊക്കെ വിയർപ്പുണ്ടാവുമോ?
ആദ്യകാലത്ത് എപ്പോഴോ ജോൺ എന്റെ മുഖത്തുനോക്കി പറഞ്ഞതാണ് അങ്ങനെ. അത് ജോൺ ഉള്ളിൽ ഒതുക്കിവെയ്ക്കണമായിരുന്നു എന്നല്ല. അങ്ങനെ തുറന്നടിച്ചപ്പോൾ എനിക്ക് വല്ലാതെ നൊന്തു.

സമ്മതിച്ചെന്നേ, നമുക്ക് തീരെ സഹിക്കാൻ പറ്റാത്ത പലതും ഉണ്ടാവാം ഈ ലോകത്തിൽ. പക്ഷേ അത് ഇങ്ങനെ പച്ചയ്ക്ക് തുപ്പാമോ. കുടിച്ചിട്ടുണ്ടായിരുന്നില്ല അപ്പോൾ എന്നതുകൊണ്ടാവാം ഒരു പക്ഷേ ജോൺ അങ്ങനെ.

നിൽക്കണേ,നിൽക്കണേ - അതുകാരണമാണ് ജോൺ കുടി തുടങ്ങിയത് എന്നൊന്നും ആരും തെറ്റിദ്ധരിച്ചുകളയല്ലേ പെട്ടെന്ന്. എന്റെ ഗന്ധം അറിയാതെ ഇരിക്കാൻ വേണ്ടിയാണ് പുള്ളി മദ്യപിച്ചിരുന്നത് എന്നോ മറ്റോ കണ്ടുപിടിച്ചുകളഞ്ഞാലോ ആരെങ്കിലും!

അതൊക്കെ എന്നേ ഉണ്ടായിരുന്നു പുള്ളിക്ക്. പഠിക്കുന്ന കാലത്തേ ഉള്ള സൽസ്വഭാവമാണ്.

എന്നാലും ഇതെന്തൊരു വിയർപ്പുനാറ്റമാണെടീ.

ചാടിക്കടിക്കുന്നതുപോലെ ആയിരുന്നു. വളരെക്കാലം അമർത്തി ഉള്ളിൽ അടക്കിവെച്ചതിന്റെ വിമ്മിഷ്ടം ഉണ്ടായിരുന്നിരിക്കാം. എന്നാൽ കൂടി ഇങ്ങനെയൊക്കെ പാടുമോ.

ഒന്നുമില്ലെങ്കിലും ഞാൻ അയാളുടെ നല്ലപാതിയല്ലേ. സഹിക്കാൻ വയ്യാതെ വിങ്ങിപ്പൊട്ടുകയാണെങ്കിലും അത് ഒരു മയത്തിലായിക്കൂടേ. ഐന്റ കൂടെ ജീവിതം തുടരേണ്ടതല്ലേ അയാൾക്ക്.

പുള്ളിയുടെ അപഥസഞ്ചാരം നിയന്ത്രിക്കാനാണേത്ര വീട്ടുകാർ അയാളെക്കൊണ്ട് പെണ്ണുകെട്ടിക്കാം എന്നു തീരുമാനിച്ചത്. ഒരു പെണ്ണിന്റെ കൂടെ പൊറുതി തുടങ്ങിയാൽ അയാൾ ശരിയാവും എന്ന് എല്ലാവരും അങ്ങോട്ട് മോഹിച്ചു.
ഒവ്വ.
ഉവ്വോ, ശരിക്കും അവർ വിചാരിച്ചിരുന്നുവോ അങ്ങനെ. ഹോ, എന്തിനായിരുന്നു എന്റെ ബന്ധുമിത്രാദികളേ, ഇങ്ങനെ ഒരു ബലിമൃഗം ആക്കേണ്ടിയിരുന്നോ എന്നെ.
എന്നാൽ നിനക്കൊന്ന് മേൽകഴുകി വന്നുകൂടേ?
അടുത്ത അലർച്ച കേട്ടല്ലോ. എന്നാൽ ഞാൻ കൊടുക്കുന്ന മറുപടി വല്ലതും അങ്ങോട്ട് കേൾക്കുമോ, ഊംഹൂം. പുള്ളിക്ക് കക്ഷം ആണ് ഏറ്റവും പ്രധാനമെങ്കിൽ അത് സൂചിപ്പിച്ചുകൊണ്ടാവേണ്ടിയിരുന്നില്ലേ പത്രപരസ്യം.
കക്ഷത്തിനോട് ആകർഷണം കൂടുതലുള്ള കവിയും അദ്ധ്യാപകനുമായ ജോൺ ത്രൂങ്ങാലി, 33 വയസ്സ്.
പിന്നെ ഞാൻ മേൽ കഴുകാഞ്ഞിട്ടല്ലല്ലോ അത്. എന്തെല്ലാം സുഗന്ധം തേച്ചു കുളിച്ചാലും തോർത്തിക്കഴിയുമ്പോഴേയ്ക്കും അവിടെ ആ മണം എത്തിയിരിക്കും. എന്റെ കക്ഷം അങ്ങനെയാണ്, എന്തുചെയ്യാനാണ്.
വേറെ എന്തെല്ലാം കിടക്കുന്നു. എന്തിനാണാവോ പുള്ളിക്ക് ഇത്ര വാശി. കൊച്ചുകുട്ടിയൊന്നും അല്ലല്ലോ.
ഡാലിയ അടക്കം എല്ലാവരുടെയും സമ്മർദ്ദം സഹിക്കാനാവാതെ ഒടുക്കം വിവാഹത്തിനു സമ്മതം
മൂളിപ്പോയ ആ ദുർബ്ബലനിമിഷത്തെ ഇപ്പോൾ എന്റെ കയ്യിൽ കിട്ടണം.

ഡാലിയ എന്തിനാണാവോ അങ്ങനെ ഒരു നിലപാട് എടുത്തത്. ഞാൻ ഒഴിവായാലേ അവളെ ചവിട്ടിക്കാൻ ആലോചിച്ചു തുടങ്ങുകയുള്ളൂ എന്ന ഒരു പേടി അവൾക്ക് ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. ഒരു ആണിന്റെ ചൂട് അറിയാനുള്ള വെമ്പലിനെക്കാളേറെ മറ്റെന്തെല്ലാമോ ആയിരുന്നു അവൾ കാണിച്ചിരുന്നത്.
അതായത് അപ്പോഴേ തന്നെ. എന്തെങ്കിലും സല്ലപിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എന്നെ ഓമനിക്കാനൊക്കെ തുടങ്ങുമായിരുന്നു അവൾ, ഓർമ്മയില്ലേ. ആവശ്യമില്ലാതെ എന്റെ അവിടെയും ഇവിടെയും എല്ലാം തൊടുകയും പിടിക്കുകയും ഞരടുകയും ചെയ്യും. ആയിടെ ഒരിക്കൽ അവൾ എന്റെ ഒപ്പം ഉറങ്ങിയ രാത്രി ഞാൻ ഒരിക്കലും മറക്കില്ല.

വീട്ടിൽ വിരുന്നുകാരുള്ളതിനാൽ ഞങ്ങൾക്ക് ഒന്നിച്ച് കിടക്കേണ്ടിവന്നതായിരുന്നു അന്ന്. പാതിമയക്കത്തിലാവാം, പെട്ടെന്ന് എപ്പോഴോ അവൾ ഒരൊറ്റ കെട്ടിപ്പിടുത്തം എന്നെ. ഞാൻ നല്ല ഉറക്കത്തിലാണെന്നു തോന്നിയിട്ടാവാം. അവൾ വല്ലാതെ അണയ്ക്കുകയോ കിതയ്ക്കുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു അപ്പോൾ.
അതിനിടയിൽ ഞാൻ മേലേക്കുയർത്തി വെച്ചിരുന്ന വലതുകൈ അവൾ പതുക്കെ എടുത്ത് മടക്കിവെച്ചു. പിന്നെ എന്റെ മേലാസകലം അവൾ തഴുകാനോ തലോടാനോ താലോലിക്കാനോ തുടങ്ങി. അത് അപ്പോൾ ആസ്വദിച്ചുകിടന്നതിലെ പാപബോധം കൊണ്ടാവാം ഞാൻ, പിറ്റേന്നുരാവിലെ തന്നെ സമ്മതം മൂളിയതും.
എന്നിട്ട് ഞാൻ അതിനെപ്പറ്റി പറഞ്ഞപ്പോൾ അവൾ കലി തുള്ളിയത് കാണേണ്ടിയിരുന്നു. എനിക്ക് വിഭ്രാന്തി എന്ന മാനസികരോഗം മൂർച്ഛിച്ചിരിക്കുകയാണെന്ന് ഡാലിയ കുറ്റപ്പെടുത്തി. എന്നെ അവൾ സൈഖോ എന്നു വിളിച്ചു. ആരെയെങ്കിലും അത് അറിയിച്ചാൽ എന്നെ ഞെക്കിക്കൊല്ലുമെന്ന് ഭീഷണിയും മുഴക്കി.

അങ്ങനെയൊക്കെയുള്ളവളാണ് ആ ഡാലിയ. അതുപക്ഷേ അന്നത്തെ സാഹചര്യം എന്നു നിനച്ചാൽ മതി. പിന്നീട് എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എന്നു മാത്രമല്ല, ചിലപ്പോൾ സഹായിക്കാനും കൂടി മുതിരാറുണ്ട് അവൾ.
ആണുങ്ങളുടെ കഥ കഴിക്കാൻ ചില വഴികളുണ്ട് റോസ്, ആരും സംശയിക്കില്ല കൊന്നതാണെന്ന്. ഞാൻ പറഞ്ഞു തന്നാൽ അതേ പോലെ ചെയ്യുമോ നീ, ഏങ്?

... അല്ലെങ്കിൽ വേണ്ട, ആവശ്യമുള്ളപ്പോൾ ചോദിച്ചോ, കേട്ടോ.
എനിക്ക് ഒന്നു കൂടി ആലോചിക്കണം.

ഈ ശബ്ദം തന്നെയാണ് കുറേ കൊല്ലം മുമ്പ് ഞാൻ ബോധം കെട്ട് കിടക്കുകയാണ് എന്ന ധാരണയിൽ എന്നോടായിട്ടല്ലെങ്കിലും എന്നെ സംബോധന ചെയ്തു കൊണ്ട് ഇങ്ങനെ മൃദുവായി ആക്രോശിച്ചത്.

ശ്ശ്യോ, എന്തൊരു നാറ്റമാണെടീ, നിന്റെ ഈ നുണക്കുഴി ഒന്നു മൂടി വെയ്ക്കടീ, റോസ്. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments