30. മൃതിയില്‍ നീ മുഴുകവേ
വലിയ കഷ്ടം തന്നെ.
പാവം അവള്‍ക്ക് ദുരിതത്തില്‍ നിന്ന് കരകയറല്‍ ഇല്ല. അതുപോലുള്ള ഭര്‍ത്താക്കന്മാര്‍ അന്തരിച്ചു കിട്ടിയാല്‍ പെണ്ണുങ്ങള്‍ അതോടെ രക്ഷപ്പെടും എന്നു പറയാറുണ്ടല്ലോ. ഇവിടെ പക്ഷേ ഒടുക്കത്തെ മാനഹാനി വരുത്തിവെച്ചിട്ടല്ലേ അയാള്‍ പോയത്.
ആ ടിന്‍ടിന്‍ മോന്റെ സങ്കടം കാണണം.
അനാഥശവമായിട്ട് കിടക്കുക എന്നതിലും വലിയ ദുരന്തമുണ്ടോ. കൊന്നത് ആരാണെന്ന് കണ്ടുപിടിക്കാനും ആവില്ലപോലും. എന്തോ, തെരുവുനായ്ക്കള്‍ കടിച്ചു കീറാഞ്ഞത് ഭാഗ്യം ...
നാട്ടിലെ സഹകരണസംഘത്തിന് ഭാരവാഹികളെ തിരഞ്ഞെടുക്കണം. അത് വൃത്തിയായി നടത്താനായി അവര്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ നിരാകരിച്ചില്ല. അല്ലെങ്കില്‍ ഞാന്‍ വെറും ഒരു പരിണതപ്രജ്ഞയായി ഇരുന്നിട്ട് ബഹുജനത്തിന് എന്തു പ്രയോജനം.
ചിട്ടകളൊന്നും ഇല്ലാത്ത ജീവിതമായിരുന്നല്ലോ. തടി നോക്കിയില്ലെങ്കില്‍ തട്ടിപ്പോവും എന്ന് താക്കീത് കിട്ടിയിട്ടുണ്ട് ഇപ്പോള്‍. പക്ഷേ ഞാനുണ്ടോ വഴങ്ങുന്നു. ഗുളികകള്‍ വാരിവിഴുങ്ങാതെ ഇതെല്ലാം ശരിയാക്കാനാവുമോ എന്ന് ഞാനൊന്നു നോക്കട്ടെ.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു ചക്ക അതിന്റെ മൂക്കും വാലും കളഞ്ഞ് ഒരു കോപ്പ വെള്ളത്തില്‍ ഇട്ടുവെയ്ക്കും. രാവിലെ ഉണര്‍ന്നിട്ട് ആദ്യം വെറും വയറ്റിൽ ആ വെള്ളം അകത്താക്കണം. അതിലെ ചക്ക പിഴിഞ്ഞാല്‍ വഴുവഴുത്ത ആ ദ്രവം മുഴുവനും വെള്ളത്തില്‍ കലരും. അതാണ് ഒറ്റ വലിക്ക് കുടിച്ചു തീര്‍ക്കുക.
ക്ഷമിക്കണം, തെററിപ്പോയി, ചക്കയല്ല, വെണ്ടയ്ക്ക.
പിന്നെ പാവയ്ക്കയുടെ സത്ത്, മുരിങ്ങയില, പേരയില, കറിവേപ്പില എന്നിവ ചേര്‍ത്തു തിളപ്പിച്ച വെള്ളം എന്നിങ്ങനെ പലതും കഴിക്കണം. ദിവസേന ഒരു ഏലക്കായ. രണ്ടോ മൂന്നോ ബദാം, വെള്ളുള്ളിയുടെ മൂന്നോ നാലോ അല്ലി. പിന്നെ ചൂര്‍ണ്ണങ്ങളും കഷായങ്ങളും ലേഹ്യങ്ങളും കൊണ്ടു തന്നെ എല്ലാം നിയന്ത്രണാധീനമാക്കുമെന്ന് ഞാന്‍ സഗൗരവം പ്രതി ചെയ്യുന്നു.
തൊണ്ടിയിലും കുണ്ടയിലും അണുബാധ ഉണ്ടായപ്പോഴാണ് സര്‍വ്വാംഗപരിശോധന നടത്തിയത്. സാരമില്ലെന്നേ. ശരിയാവാതെ എവിടെ പോകാന്‍! ....
മാസ്മര എന്ന പെണ്‍കുട്ടിയുമായുള്ള ഒരു അഭിമുഖം കാണുകയായിരുന്നു ഡാലിയ.
ലോകത്തില്‍ തന്നെ ഏറ്റവുമധികം കാണികള്‍ ഫോളോ ചെയ്യുന്നതാണല്ലോ മാസ്മരയെ. എന്തു തോന്നുന്നു അത് ഓര്‍ക്കുമ്പോള്‍?
എന്തു തോന്നാന്‍, സന്തോഷം തന്നെ.
പെട്ടെന്ന് തീരുന്നു ഉത്തരം. ഞാന്‍ വിചാരിച്ചു മാസ്മര കുറച്ച് വിവരിക്കുമെന്ന് .... അതിരിക്കട്ടെ, ഈ ഷോര്‍ട്ട് വിഡീയോസ് മാത്രം മതി ചെയ്യുക എന്നു വെയ്ക്കാന്‍ എന്താണ് കാരണം മാസ്മര?
എളുപ്പമല്ലേ ചേച്ചി. നമുക്ക് കാണിക്കാന്‍ കൊള്ളാവുന്ന ബൂബീസ്, റ്റംമി, ഹിപ്‌സ് ഒക്കെ ഉണ്ടെങ്കില്‍ അതൊക്കെ തന്നെ മതി. നന്നായി ഇളക്കി കാണിക്കുകയേ വേണ്ടൂ - ചിരിക്കണം എന്നു കൂടിയില്ലാ - മില്യണ്‍ ലൈക്‌സ് കിട്ടും. വേറെ ബുദ്ധിമുട്ടുന്നതെന്തിനാണ് പിന്നെ ....
പതിനഞ്ചോ പതിനാലോ വയസ്സേ കാണൂ. വല്ല കൂസലുമുണ്ടോ എന്നു നോക്കൂ. പച്ചമലയാളത്തില്‍ മുല, തുട, വയര്‍, ചന്തി എന്നെല്ലാം കൊഞ്ചിയില്ല എന്നല്ലേയുള്ളൂ.
എന്നാലും അവളെ കാണാന്‍ എന്തൊരു ഭംഗി. പണ്ടത്തെ റോസ് പോലെ ഇരിക്കുന്നു എന്നു തോന്നിയതു കൊണ്ടാണ് ഇത് കണ്ടുതുടങ്ങിയത്. കടിച്ചുതിന്നാന്‍ തോന്നും.
(ആണുങ്ങള്‍ ചോദിക്കുന്നതു പോലെ) ഒന്ന് കിട്ടുമോ എന്തോ ...
എന്നാലും ആ ടിന്‍ടിന്‍ മോന്റെ ഒരു സങ്കടം.
കഴിഞ്ഞ തവണ അവിടെ പോയപ്പോള്‍ അവന്‍ ഫ്രീഫൈര്‍ എന്നോ മറ്റോ ഏതാണ്ട് കളിയിലായിരുന്നു മുഴുവന്‍ നേരവും. എന്തെല്ലാമോ അലറിവിളിക്കുന്നുണ്ടായിരുന്നു ഇടയ്ക്കിടയ്ക്ക്. അതുവിട്ട് എന്നോട് സല്ലപിക്കാനൊന്നും അവന് ഇടവേള കിട്ടിയില്ല. പലതരം അലര്‍ച്ചകള്‍ക്കിടയില്‍ ഒരിക്കല്‍, അയ്യോ ഞാന്‍ ചത്തേ എന്നും കേട്ടു. കുറേ വെടികൊണ്ടിട്ടുണ്ടാവും കളിയില്‍ എന്ന് റോസ് വ്യാഖ്യാനിച്ചു തന്നു.
നമ്മളോട് സംസാരിക്കാനൊന്നും കുട്ടികള്‍ക്ക് ഒരു താല്പര്യവുമില്ല എന്ന് റോസ് പരിതപിച്ചു. ഡാലിയ അതിനോട് വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ല. തലമുറകള്‍ മാറിവരുന്നു. എല്ലാവരും ഇന്നോ നാളെയോ കാലഹരണപ്പെടും.
അയാള്‍ എങ്ങനെയെങ്കിലും ഇല്ലാതായിക്കിട്ടണമെന്ന് മോന് ആഗ്രഹമുണ്ടായിരുന്നേത്ര. തമാശയായിട്ടൊന്നുമല്ലാതെ കൊല്ലും എന്നു കൂടി ആണയിടുമായിരുന്നു പോലും. അതു പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ എല്ലാവരും അങ്ങനെയാണല്ലോ എന്നോര്‍ത്ത് പൊറുത്തു റോസ്. പക്ഷേ അയാള്‍ക്ക് അങ്ങനെ ഒരു അന്ത്യം ഉണ്ടായത് എല്ലാവരേയും വിഷമിപ്പിച്ചുകളഞ്ഞു.
അന്നു കണ്ടപ്പോള്‍ പ്രത്യേകം ശ്രദ്ധിച്ച മറ്റൊന്നുണ്ട്. റോസ് സൗന്ദര്യസംരക്ഷണം തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ട് ഈ മാറ്റം എന്നു ചോദിച്ചപ്പോള്‍ മടിച്ചുമടിച്ച് അവള്‍ ആ രഹസ്യം പങ്കുവെച്ചു. തന്റെ കൊണ്ടുപിടിച്ച പ്രേമം. അതുകേട്ട് എനിക്ക് തോന്നിയ സന്തോഷം ചില്ലറയല്ല.
അവള്‍ക്ക് വഴിപിഴയ്ക്കാന്‍ കഴിയുമെന്ന് വിചാരിച്ചിരുന്നതേയില്ല. എന്തായാലും വളരെ നന്നായി. എന്തൊരു ദുരിതപൂര്‍ണമായ ജീവിതമായിരുന്നു. ആശ്വാസത്തിന്റെ ഒരു പൊന്‍കിരണമെങ്കിലും വേണ്ടേ ഒരാള്‍ക്ക് ...
അങ്ങനെ സമാധാനിച്ച് നാക്ക് വായില്‍ ഇട്ടതേയുള്ളൂ.
എങ്ങനെ തുടരും പാവം അവള്‍ ഇനി ആ ബന്ധം. ഭര്‍ത്താവുണ്ടായിരുന്നപ്പോള്‍ അങ്ങനെ ഒരു ഗുണമുണ്ടായിരുന്നു, ഒളിസേവ താരതമ്യേന സുഗമമായിരുന്നു. വിധവയായിക്കഴിഞ്ഞാല്‍ പെട്ടില്ലേ. പൊതുസമൂഹം മുഴുവനും കണ്ണും കാതും കൂര്‍പ്പിച്ച് മണം പിടിച്ചു തുടങ്ങുമല്ലോ ഇനി.
ഹോ, നിന്റെയൊരു ഒടുക്കത്തെ കഷ്ടപ്പാട്, റോസ്.
▮
അര്‍ത്ഥാന്തരന്യാസം
ഉര്‍വ്വി: ഓടിയോടി കിതച്ചു, ഇനി ഇത്തിരി വിശ്രമിക്കാം, അല്ലേ ഉര്‍വ്വി?
പുരോ: ഹ, അത് ഞാന്‍ പറയേണ്ടതല്ലേ ഉര്‍വ്വി.
ഉര്‍വ്വി: (കുസൃതിച്ചിരി) നിന്റെയടുത്തുനിന്ന് അത് വരാത്തതുകൊണ്ട് ഞാന്‍ മുന്‍കൈ എടുത്തൂന്നേയുള്ളൂ.
പുരോ: ശരി, നമുക്ക് ദാ, ആ പുല്ലില്‍ ഇരിക്കാം.
ഉര്‍വ്വി: ആങ്, ഇരിക്കാം. (ഏതാനും നിമിഷങ്ങള്‍ക്കുശേഷം) പുരോ, ഒരാള്‍ക്കേയ്, ഒരു പാട്ട് കിട്ടണം. ഏതോ ഷോ ഉണ്ട്, അതില്‍ പാടാന്‍.
പുരോ: ഉണ്ണ്യേട്ടന്‍, അമ്മ്വേടത്തി ഒക്കെ ജഡ്ജസായി ഇരുന്നിട്ട് എന്തൊക്കെയോ വിഡ്ഢിത്തം വിളമ്പുന്ന…
ഉര്‍വ്വി: ഓ, അതിനെ പുച്ഛിച്ചിട്ട് സ്വയം കേമനായി എന്നു തോന്നിയോ നിനക്കും. എന്നാലേയ്, കേട്ടോളൂ പുരോ, സകല മലയാളികളും ഇങ്ങനെതന്നെയാണ്. എന്നിട്ടോ, എല്ലാവരും ഇരുന്ന് കാണുകയും ചെയ്യും.
പുരോ: ചിലര്‍ ദേഷ്യം പിടിക്കാന്‍ വേണ്ടിയാവും ഇതൊക്കെ കാണുന്നത് ഉര്‍വ്വി ... പണ്ടൊരിക്കല്‍ ഞാന്‍ ഉണ്ടായിട്ടുണ്ട് - ഒരു ചെറീയ ഗേള്‍ വലിയ വര്‍ത്തമാനങ്ങള്‍ പറയുന്ന ഒരു ഷോ ഉണ്ടായിരുന്നു പണ്ട്. ഹായ്, എന്തൊക്കെയാണ് ആ കുട്ടി ഉദ്‌ഘോഷിച്ചിരുന്നത്. അത് എവിടെ വരെ പോവും എന്നറിയണ്ടേ. പിന്നെ - അരിശം കൊള്ളാനും വേണ്ടിയിട്ട് ഞാന്‍ കുറച്ച് കണ്ടിട്ടുണ്ട് ആ ഷോ.
ഉര്‍വ്വി: ഉം, നിന്റെ ഓരോ കാര്യം .... എന്നാലും തരക്കേടില്ലാട്ട്വോ - കൊല്ലാം കൊല്ലാം. ആങ്, ഞാന്‍ പറഞ്ഞു വന്നതേയ് - ഒരു കുട്ടി വന്നിട്ട് ചോദിച്ചതാണ് എന്നോട്, ഒരു ഭയങ്കര അര്‍ത്ഥം ഉള്ള ഒരു പാട്ട് വേണം എന്ന്.
പുരോ: ഭയംകര അര്‍ത്ഥം.
ഉര്‍വ്വി: ങ്ഹാ. മീനിങ്ഫുള്‍ എന്ന് ഒരു റൗണ്‍ഡ് ഉണ്ടേത്ര.
പുരോ: (ഞെട്ടി എന്നാല്‍ ചിരിച്ച്) മീനിങ്ഫുള്‍. ഹ ഹ ഹ - ഹതെന്താണ് ഉര്‍വ്വി, ങ്‌ഹേ.
ഉര്‍വ്വി: ലോഡെഡ് എന്നോ മറ്റോ ആയിരിക്കും - നല്ലോണം അര്‍ത്ഥം ഉള്ളത്.
പുരോ: അതോ പണ്‍ വരണം എന്നോ മറ്റോ ആയിരിക്കുമോ - ആ കുട്ടേട്ടന്‍ കുട്ടന്‍ ഒക്കെയല്ലേ നിശ്ചയിക്കുന്നത് ഇതൊക്കെ.
ഉര്‍വ്വി: കുട്ടേട്ടന്‍ കുട്ടനെ പക്ഷേ എനിക്കിഷ്ടാണേ പുരോ. എന്റെ ഒരു മുത്തശ്ശന്‍ണ്ടായിരുന്നു. മുത്തശ്ശനെ ഓര്‍മ വരും എനിക്ക് അയാളെ കാണുമ്പോള്‍.
പുരോ: അതെന്താണാവോ ഈ മുത്തശ്ശന്റെ കേമത്തം.
ഉര്‍വ്വി: വെറുതേവെര്‍തേ ചിരിക്കും ഇങ്ങനെ പുരോ. ജോക് ആണെന്ന ഭാവത്തില്‍ എന്തെങ്കിലുമൊക്കെ പറയും എന്നിട്ട് മൂപ്പര് തന്നെ ഇരുന്ന് ചിരിച്ച് വീണോളും.
പുരോ: മറ്റുള്ളോര്‍ ചിരിച്ചില്ലെങ്കില്‍ ഒരു പരാതിയുമില്ലാ.
ഉര്‍വ്വി: ആങ്, അതാണേ രസം ... ഹ ഹ, നമ്മള്‍ കൂടെ ചിരിക്കണമെന്ന് നിര്‍ബന്ധമേ ഇല്ല മുത്തശ്ശന് - മുത്തശ്ശന്‍ തന്നെ ചിരിച്ചു ചിരിച്ചു തീര്‍ത്തോളും.
പുരോ: ഉര്‍വ്വിയെ ഞാന്‍ കുററപ്പെടുത്തില്ല. ഇഷ്റ്റം - ഇഷ്റ്റം - ഇഷ്റ്റം. ഉര്‍വ്വി ഇതിങ്ങനെ പാടിക്കൊണ്ട് നടക്കുകയൊന്നുമില്ലല്ലോ. പക്ഷേ വേറെ ചിലര്‍ എല്ലാം വിസ്തരിച്ച് വഷളാക്കും. ഒരിക്കല്‍ ഒരാള്‍ പറയുന്നത് കേട്ടു, അയാള്‍ക്ക് ഒരു പാട്ടുകാരിക്കുട്ടിയെ ഭയങ്കര ഇഷ്ടമാണ് എന്ന്. അതിന്റെ കാരണം കൂടി കേള്‍ക്കൂ: പാടുകയല്ലാത്തപ്പോള്‍ എന്തു ചോദിച്ചാലും ആ കുട്ടി കരയുമേത്ര .... ഹ ഹ ഹ, എന്തൊരു -
ഉര്‍വ്വി: പുരോ എന്നെ കുററപ്പെടുത്തില്ല, പക്ഷേ ഞാന്‍ നിന്നെ അത് ചെയ്യും. ആളുകള്‍ ഇഷ്ടമുള്ളത് ഇഷ്ടപ്പെടട്ടെ പുരോ - നീയാരാണ് അത് എതിര്‍ക്കാന്‍. അതുമല്ല, കലി തുള്ളാന്‍ വേണ്ടി മിഡ്‌നൈറ്റ് ഹോട് പോലെ ഒരു ഷോ പതിവായി കണ്ടിരുന്ന ഒരാളാണ് നീ എന്നത് ഓര്‍ക്കണം.
പുരോ: അതെ, ഞാനെന്തിന് എതിര്‍ക്കുന്നു. അവര്‍ അര്‍ഹിക്കുന്ന പുരോഹിതന്മാരെ അവര്‍ക്ക് കിട്ടുന്നു.
ഉര്‍വ്വി: ഹ ഹ ഹ, അതെയതെ ... പക്ഷേ പുരോ, ഇപ്പോഴും ആ അര്‍ദ്ധഗര്‍ഭം കിട്ടിയിട്ടില്ലാട്ട്വോ.
പുരോ: അര്‍ദ്ധം അല്ല ഉര്‍വ്വി, അര്‍ത്ഥം. അര്‍ദ്ധംച്ചാല്‍ പകുതി എന്നര്‍ദ്ധം.
ഉര്‍വ്വി: ശരി ശരി, മീനിങ്ഫുള്‍ എന്നു പറയാം ഞാന്‍ - അങ്ങനെയാണല്ലോ അവരുടെ റൗണ്‍ഡ്.
പുരോ: (സംശയിച്ച് ) ഉര്‍വ്വി, അവര്‍ ഉദ്ദേശിക്കുന്നത് ദ്വയാര്‍ത്ഥം ആവില്ലല്ലോ, അല്ലേ ... ആണെങ്കില്‍ പണ്ടത്തെ ഒരു വര്‍മ്മ രചിച്ച പാട്ടിലെല്ലാം അത് ധാരാളം ഉണ്ടേത്ര.
ഉര്‍വ്വി: ഉം ഉം, നമുക്കേയ് - ഭയങ്കര തത്വം - ഗഹനം, ഗഹനം - ഗഹനം ആയ എന്തേലും നോക്കാം പുരോ.
പുരോ: അപ്പോള്‍ തമ്പി മതി.
ഉര്‍വ്വി: തമ്പി ആകെ ആ താരാട്ടുപാട്ടല്ലേ എഴുതിയിട്ടുള്ളൂ.
പുരോ: (ഞെട്ടിക്കൊണ്ട് ) ഏത് - താരാട്ട്!
ഉര്‍വ്വി: ഓമനത്തിങ്കള്‍ക്കിടാവോ നല്ല.
പുരോ: ഹ, അത് ഇരയിമ്മന്‍ തമ്പി. എന്താണിത് ഉര്‍വ്വി, തമ്പിമാര്‍ വേറെയും കാണില്ലേ.
ഉര്‍വ്വി: (കളിയാക്കി) ഉദാഹരണത്തിന് ചിന്നതമ്പി.
പുരോ: (ഗൗരവത്തില്‍) ഉം ഉം, വേറെ ഒരു തമ്പിയുണ്ട്. അയാളുടെ പാട്ടാവും ഉര്‍വ്വിക്ക് ശരിക്കും പറ്റുക.
ഉര്‍വ്വി: എനിക്കല്ല പുരോ.
പുരോ: ആങ്, ആര്‍ക്കാണെങ്കിലും. ശരിക്കും അര്‍ത്ഥപൂര്‍ണ്ണമായ ഒന്ന് ഓര്‍മ്മയുണ്ടെന്നു തോന്നുന്നൂ.
ഉര്‍വ്വി: എന്നാല്‍ പാടൂ ഒന്ന് പുരോ, നോക്കട്ടെ.
പുരോ: ഉം, ആലോചിക്കട്ടെ. വാക്കുകള്‍, വരികള്‍ ഒന്നും തെറ്റരുതല്ലോ, അര്‍ത്ഥം മാറരുതല്ലോ.
ഉര്‍വ്വി: ലാലാകമേ .... എന്നൊരു പഴയ പാട്ടില്ലേ, അതാണോ പുരോ.
പുരോ: ഏയ്, അല്ലല്ല. കുറേ കൂടി പണ്ടത്തേതാണ് ...(മൂളി നോക്കുന്നു) ആങ്, പെന്‍ഡുലം. അതാണ് അതിലെ പ്രധാനവാക്ക് ... ആങ്, കിട്ടി ഉര്‍വ്വി.
സുഖമൊരു ബിന്ദൂ
ദുഃഖമൊരു സിന്ധൂ
ബിന്ദുവില്‍ നിന്നും സിന്ധുവിലേയ്‌ക്കൊരു
പെന്‍ഡുലം ആടുന്നൂ
ജീവിതം അതു ജീവിതം ...
ആഹഹാ, എന്തൊരു തത്വചിന്ത. എന്താണ് ആ പെന്‍ഡുലം എന്ന പ്രയോഗത്തിന്റെ ശക്തി. ഇതിലും ഗാംഭീര്യം വേറെ കിട്ടില്ല ഉര്‍വ്വി. ഇതു മതി, കൊടുത്തോളൂ.
ഉര്‍വ്വി: ആരാ ഈ ബിന്ദുവും സിന്ധുവും ഒക്കെ പുരോ?
പുരോ: ബിന്ദു ഞാന്‍ സ്നേഹിച്ചിരുന്ന ഗേള്‍, സിന്ധു എന്നെ സ്നേഹിച്ചിരുന്ന ഗേള്‍.
ഉര്‍വ്വി: രണ്ടും രുന്ന ആണ്, അല്ലേ.
പുരോ: ഉം, രണ്ടും രുന്ന.
ഉര്‍വ്വി: പാവം പെന്‍ഡുലം പുരോ അല്ലേ?
പുരോ: ങ്ഹാ, പാവം പെന്‍ഡുലം ഞാന്‍ - എന്നെ അതാക്കിയപ്പോള്‍ തൃപ്തിയായി ഉര്‍വ്വിക്ക് - അല്ലേ?
ഉര്‍വ്വി: കുറേശ്ശെ - തൃപ്തിയായി, പെന്‍ഡ്യൂ!
പുരോ: (പൊട്ടിച്ചിരിച്ച്) ഉര്‍വ്വി, നിന്നെ ഞാന്‍ കൊല്ലുമേ.
ഉര്‍വ്വി: ഹ ഹ ഹ, വരട്ടെ, അതിനുമുമ്പ് ...
അനുപല്ലവി ഒക്കെ ഉണ്ടാവില്ലേ പുരോ ഈ പാട്ടിന്.
പുരോ: ഉണ്ടുണ്ട് ... ഓര്‍ത്തെടുക്കേണ്ടി വരും.
ഉര്‍വ്വി: മുഴുവനും ഗഹനം തന്നെ ആവുമല്ലോ - അല്ലേ?
പുരോ: (ഓര്‍ത്തും പേര്‍ത്തും)
കണ്ണീരില്‍ തുടങ്ങും ചിരിയായ് വളരും
കണ്ണീരിലേയ്ക്കു മടങ്ങും
നാഴികമണിയുടെ സ്പന്ദനതാളം
അത് ഈ വിശ്വചൈതന്യരാഗം
കാലം പറക്കും സന്ധ്യ തുടുക്കും
ഭൂമി പിന്നെയും തിരിയും ...
(പെട്ടെന്നു നിര്‍ത്തിയിട്ട്) എന്താ ഉര്‍വ്വി ചിരിച്ചത്?
ഉര്‍വ്വി: (ചിരി ഒതുക്കാന്‍ വയ്യാതെ) ഒരു സന്ധ്യയും കൂടി വന്നില്ലേ - പെന്‍ഡ്യൂ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് - ബിന്ദു, സിന്ധു, സന്ധ്യ.
പുരോ: എയ്, അത് സാരമില്ല ഉര്‍വ്വി. അതും അചിരേണ രുന്നു ആയ്‌ക്കോളും.
▮
ആലോചനാമൃതം, ആലോചനാഘൃതം, ആലോചനാവൃതം - ഈ മൂന്ന് കൃതികള്‍ ഒന്നിച്ചുചേര്‍ത്ത് ഒരു മഹാകാവ്യമായി കൂട്ടിക്കൂടേ. എന്നെ ഒരു മഹാകവിയായി പരിഗണിക്കേണ്ടതല്ലേ എടാ മോനേ ഈ കൈരളി.
അച്ഛന്‍ അവസാനം അപ്രത്യക്ഷനാവുന്നതിനു മുമ്പ് വീട്ടില്‍ ശയ്യാവലംബിയായി കിടന്നപ്പോള്‍ വെറുതേ പുലമ്പുന്നുണ്ടായിരുന്നു. എന്നെ സമീരന്‍ എന്നു വിളിച്ചയാള്‍. വല്ല്യച്ഛന്റെ മകനെ അംശുമാന്‍ ആക്കിയതും മൂപ്പര് തന്നെ. അംശുമാന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല അത്.
അതിപ്പോള്‍ എനിക്കും പുത്രനിര്‍വിശേഷം ഒന്നും അയാളോട് ഉണ്ടായിരുന്നില്ല, ഞാന്‍ ആകെ ചെയ്തത് ആത്മകഥ എന്ന പേരില്‍ എഴുതിവെച്ചിട്ടുള്ള ആ സാധനം ആഴ്ചപ്പതിപ്പുകാര്‍ എത്ര കെഞ്ചി ചോദിച്ചിട്ടും പ്രസിദ്ധീകരിക്കാനായി കൊടുക്കാതിരുന്നു എന്നുള്ളതാണ്. മൂപ്പരുടെ പ്രതിച്ഛായയ്ക്ക് മാത്രമല്ലല്ലോ മങ്ങലേല്ക്കുക, എനിക്കൊക്കെയും ജീവിക്കേണ്ടേ ഇവിടെ.
കൈക്കുറ്റപ്പാടുകള്‍.
വായനയും വാസനയുമൊക്കെ കഷ്ടിയാണെങ്കിലും നിഘണ്ടു നോക്കുന്ന ശീലമുണ്ടല്ലോ എനിക്ക് പണ്ടേ. അതില്‍ കൈക്കുറ്റപ്പാടിന് പ്രവൃത്തി, കയ്യേറ്റം, എഴുത്ത് എന്നൊക്കെയാണ് അര്‍ത്ഥം. കണ്ടില്ലേ അച്ഛന്റെ കൗശലം. കുറ്റം, ചോരപ്പാട്, കൈപ്പിഴ എന്നെല്ലാം കണ്ടാലല്ലേ ആളുകള്‍ ആകൃഷ്ടരായിത്തീരുക.
കുറച്ചുകാലം മുമ്പ് അവധൂതന്‍ എന്ന് സ്വയം വിശേഷിപ്പിച്ച് അലഞ്ഞു നടന്നിരുന്ന ഒരു കവിയുണ്ടായിരുന്നല്ലോ - എന്തോ ഒരു രാമന്‍മേനോന്‍. അയാള്‍ എഴുതിയ ആത്മകഥയില്‍ നിറയെ അയാള്‍ പല പല ഭവനങ്ങളില്‍ പോയി അവിടത്തെ സ്ത്രീകളെ വശീകരിച്ചതും സൂത്രത്തില്‍ അവരെ ലൈംഗികചൂഷണം ചെയ്തതും വിവരിക്കുകയാണേത്ര. സഹൃദയര്‍ ഏററവും ആഘോഷിക്കുന്ന ഒരു പുസ്തകം.
ഹ ഹ ഹ, അവര്‍ക്കെന്താണ്. ഈ തഥാഗതന്‍ സ്വന്തത്തില്‍ പെട്ട ആരെങ്കിലുമാണെങ്കിലല്ലേ അവര്‍ക്കൊക്കെ പൊള്ളൂ. അല്ലെങ്കില്‍ അവനവനെ ദ്രോഹിച്ചാല്‍.
അച്ഛന്‍ കുട്ടികളെ വിനിയോഗിക്കും എന്ന് കേട്ടിരുന്നു. അതാണ് എന്നെ ഏറ്റവും ചൊടിപ്പിച്ചിട്ടുള്ളത്. തൊലി ഉരിയുന്നതുപോലെ തോന്നും ചിലപ്പോള്‍. ആര്‍ക്കുണ്ടാവും ഇത്ര വൃത്തികെട്ട ഒരു അച്ഛന്‍.
കിസലയസഞ്ചാരി.
ആ വാക്ക് പക്ഷേ നിഘണ്ടുവില്‍ കണ്ടില്ല, മിക്കവാറും മൂപ്പരായിട്ട് ഉണ്ടാക്കിയതാവും, ശിശുപീഡകന്‍ എന്നതിനുള്ള ഭേദപ്പെട്ട വിശേഷണം.
അത്തരം സുവിശേഷങ്ങള്‍ തന്നെയാവണം ആ ഗ്രന്ഥത്തില്‍ എഴുതിനിറച്ചിട്ടുള്ളതും.
ഏയ്, ഞാന്‍ വായിച്ചു നോക്കിയിട്ടൊന്നുമില്ല. ഒരിക്കലും അതിന് ഉദ്ദേശിക്കുന്നുമില്ല. അത് മറ്റാരും വായിച്ചുകൂടാ എന്ന് വാശിയുമുണ്ട് എനിക്ക്. കാരണം, ഈ കവികള്‍ക്കൊക്കെ പല ചെപ്പടി വിദ്യകളും അറിയാമല്ലോ. വ്യംഗ്യാര്‍ത്ഥം കാണും മിക്ക വാക്യങ്ങള്‍ക്കും. അഥവാ ഇല്ലെങ്കില്‍ തന്നെ അച്ഛന്റെ ജീവചരിത്രം കേട്ടറിഞ്ഞവരെല്ലാം യഥേഷ്ടം സങ്കല്പിച്ചുകൊള്ളും.
മണ്‍മറഞ്ഞ മറ്റേ മഹാകവിയുടെ ആത്മകഥ എന്തായിരുന്നു - വിരല്‍പ്പാടുകളോ. അതായിരുന്നിരിക്കണം എന്റെ തന്തപ്പിടിക്ക് പ്രചോദനമായത്. മഹാകവി ഫെറോക് എന്ന് അറിയപ്പെടണമെന്ന് കൊതിച്ചുകൊണ്ട് ദിവംഗതനായി.
ആചാരവെടിയോ ഹാരാര്‍പ്പണമോ ഒന്നും ഉണ്ടായില്ല. ആരെങ്കിലും അറിഞ്ഞോ എന്നു തന്നെ സംശയം. എവിടെയോ കിടന്ന് മരിച്ചു - ഒരു ആല്‍ത്തറയില്‍ ആയിരുന്നേത്ര. എനിക്ക് അവ്യക്തമായ ഓര്‍മ്മയേയുള്ളൂ. ആരൊക്കെയോ താങ്ങിപ്പിടിച്ച് ശവം എന്തായാലും വീട്ടില്‍ എത്തിച്ചു.
വെള്ള പുതച്ച് മുററത്ത് കിടത്തിയിരുന്നു. ചിറി കോടിയ മുഖം. പിളര്‍ന്ന വായില്‍നിന്ന് തുറിച്ചു നില്‍ക്കുന്ന ഒരു പല്ല്. ചെവികളില്‍ തഴച്ചുവളര്‍ന്ന രോമം. നെറ്റിയില്‍ സാമാന്യം വലിയ ഒരു മുഴ. തലയില്‍ മുള്ളുകള്‍ പോലെ നില്‍ക്കുന്ന കുറ്റിമുടി. മുതിര്‍ന്നവര്‍ നമസ്കരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ യാന്ത്രികമായി അത് ചെയ്തു.
തുടര്‍ന്നുള്ള കര്‍മ്മങ്ങളും തഥൈവ ...
ഈയിടെ ഉണ്ടായല്ലോ ഏകദേശം അതേ മാതിരി ഒരു സംഭവം, ത്രൂങ്ങാലി എന്ന ഒരാള്‍ തെരുവില്‍ കിടന്ന് മരിച്ചു. ഏതോ അജ്ഞാതനാമാവ് കൊന്നതാണ്. എന്നിട്ട് എത്ര ദിവസമാണ് അതിന്റെ അനുരണനങ്ങള്‍ ഇവിടെ അലയടിച്ചത്. അംശുമാന്‍വരെ എഴുതിയല്ലോ ഒരു അനുശോചനക്കുറിപ്പ്.
മൃതിയില്‍ നീ മുഴുകവേ.
ഹ ഹ ഹ, എന്തൊരു ചമല്‍ക്കാരം. മരിക്കുന്ന ഒരു കവിക്ക് ഏറ്റവും ചേര്‍ന്ന ആദരാഞ്ജലി. മോശമില്ലല്ലോ ആള്‍ അംശുമാന്‍.
ഫെറോക് മരിക്കുമ്പോള്‍ അവനും എന്നെപ്പോലെ ഒരു ബാലകന്‍ തന്നെ. അന്ന് വാക്കുകള്‍ കൂട്ടിച്ചൊല്ലാനൊന്നും അവന് വയ്ക്കില്ലായിരുന്നു. അല്ലെങ്കില്‍ കൂടി, അച്ഛനെപ്പററി അവന്‍ അങ്ങനെ എഴുതുമായിരുന്നോ.
ഹ ഹ ഹ, ഞാന്‍ ചെയ്യുമായിരുന്നോ.
വല്ലപ്പോഴുമായിരുന്നല്ലോ വിശ്വപൗരന്‍ വീട്ടില്‍ എത്തുക. അങ്ങനെ വന്നാല്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ എന്നോടും ചിരിക്കും. കുശലമായി നന്നായി പഠിക്കുന്നുണ്ടോ എന്നു മുരളും. ഒരിക്കല്‍ നട്ടപ്പാതിരയ്ക്ക് നിലാവത്ത് പുഴയിലേയ്ക്ക് ഇറങ്ങിപ്പോയി. എല്ലാവരും മുങ്ങിമരിച്ചു എന്നു തന്നെ വിചാരിച്ചു. പക്ഷേ ഉണ്ടായിരുന്നില്ല. അക്കരെ അടിഞ്ഞിട്ടുണ്ടായിരുന്നു ശരീരം. ഇല്ല, അന്ന് ചത്തിരുന്നില്ല.
എവിടെയെങ്കിലും ഒരു വരുണന്‍ ഉണ്ടാവാം, അല്ലേ. അല്ലെങ്കില്‍ ഒരു സലിലയോ കരുണയോ. അംശുമാന്‍ തന്നെയും - എന്റെ രൂഢമൂലമായ സംശയമാണേ - മൂപ്പരുടെ രചന ആയിക്കൂടാ - എന്ന് ഒരു തീരുമാനത്തിലെത്തുക ... സാദ്ധ്യമല്ല ... എന്നങ്ങോട്ട് തോന്നുന്നുണ്ടോ.
(തുടരും)