ചിത്രീകരണം : ബൈജു ലൈലാ രാജ്

ബ്ലാ

രവി

32. എക്കിട്ടം

ശീലച്ചേച്ചിയോട് എന്തും പറയാം എന്ന് തോന്നിത്തുടങ്ങിയത് എപ്പോഴാണെന്ന് ഓര്‍മ്മയില്ല. യോഹനാൻ ആലോചിച്ചു. അമ്മച്ചിക്കു വേണ്ടി പുതിയ ഫോണ്‍ വാങ്ങിയത്, ഒരു നായ്ക്കുട്ടിയെ വളര്‍ത്താന്‍ ആലോചിക്കുന്നത്, ത്രൂങ്ങാലി എന്ന ഒരാളുടെ പുസ്തകം വായിക്കുന്നത്, ... ഇങ്ങനെ പലതും ഇതിനകം ശീലച്ചേച്ചി അറിഞ്ഞുകഴിഞ്ഞു.

പക്ഷേ ചിലപ്പോള്‍ കൊക്കിക്കൊക്കി ഒരു ചിരിയുണ്ട്. അതുമാത്രം ശീലച്ചേച്ചിക്ക് ചേരുന്നതായി തോന്നാറില്ല. സ്നേഹവാത്സല്യങ്ങളൊക്കെ കൊള്ളാം, പക്ഷേ വല്ലപ്പോഴുമുള്ള ആ പരിഹാസം. അതുകൂടി ഇല്ലാതായിരുന്നെങ്കില്‍ എത്ര നല്ല ഒരു ആത്മാവാവുമായിരുന്നു ചേച്ചി.

അമ്മച്ചിക്ക് ഫോണ്‍ വാങ്ങുന്നെന്നു പറഞ്ഞിട്ട് - വാങ്ങിച്ചോഡാ?

വാങ്ങിച്ചു ചേച്ചി - ഓണ്‍ലൈന്‍ നേരെ അങ്ങോട്ട് അയച്ചു കൊടുത്തു. പക്ഷേ എനിക്ക് എന്താണെന്നറിയില്ല, ഒരു വിമ്മിട്ടം ഉണ്ട്.
അതെന്തിന്.
ഇത്തിരി വലിയ ഫോണ്‍ ആണത് ചേച്ചി. ആറ് ജിബി ഉണ്ട് റാം. പിന്നെ അറുപത്തിനാല് മെംമറി. അമ്മച്ചിക്ക് എന്തിനാണ് ഇത്രയെല്ലാം. അത്ര നല്ല ക്യാമറയും വേണ്ട .... നോക്കുമ്പോള്‍ അമ്മച്ചിക്ക് വലിയ സന്തോഷമൊക്കെ ആവും. പക്ഷേ എനിക്ക് ഒരു വൈക്ലബ്യം. അമ്മച്ചിക്ക് എന്തിനാണ് അത്രയും?

ഓ, അമ്മച്ചിക്ക് സന്തോഷമായില്ലേ ഡാ. അതു പോരേ. നിന്റെയീ റാം കണക്കൊന്നും എനിക്കറിയില്ല. പക്ഷേ സ്മാര്‍ട്‌ഫോണ്‍ കേടായാല്‍ പിന്നെ എന്ത് മെമറി.

അതുകേട്ട് യോഹനാന്‍ നിശ്ശബ്ദനായി ഇരുന്നു പോയി. അമ്മച്ചിയുടെ അവസ്ഥയും അതു തന്നെയല്ലേ. ഇങ്ങനെ ഓരോ തത്വം വിളമ്പാതെ വിളമ്പും ചേച്ചി. പക്ഷേ കേട്ടാല്‍ ആ നിമിഷം തോന്നും അത്ര ശരിയായ മറ്റൊന്നും ഇല്ലെന്ന്.

കടയിലിരിക്കുമ്പോള്‍ ഇടയ്‌ക്കെല്ലാം ഒഴിവുനേരം കാണുമല്ലോ. അത് നികത്താനുള്ള പോംവഴിയും ശീല തന്നെ കണ്ടെത്തി. ഒരു വായനക്കാരന്‍ കൂടി ആയി അങ്ങനെ യോഹനാന്‍.

ഡാ, ഈ മുതലാളിയുടേതാണ് പൊന്മ ബുക്‌സ്. താല്പര്യമുണ്ടെങ്കില്‍ പറ, പ്രൂഫ് നോക്കാന്‍ വാങ്ങിത്തരാം നിനക്ക് ശകലം കൂടുമല്ലോ വരുമാനം.

ഓ, തീര്‍ച്ചയായും ചേച്ചി.

പക്ഷേ ഒരു ഉപദേശം തരാം ഞാന്‍ ട്ടോ. മോനേ യോഹന്നാനേ, പ്രൂഫ് നോക്കുന്നതൊക്കെ നല്ലത്. പക്ഷേ നീ വായിക്കണ്ടട്ടോ ആ പുസ്തകമൊന്നും. അതായത്, മനസ്സിലാക്കണ്ട എന്ന്. വട്ടുപിടിക്കും കേട്ടോ ഡാ!

പക്ഷേ ചെകുത്താന്‍ കഥകളോട് എനിക്ക് ആഭിമുഖ്യം തോന്നാതിരുന്നില്ല. അതായത്, വെറുതേ അച്ചടിപ്പിശകുകള്‍ പരതുന്നതിനിടയില്‍ ശരിക്കും വായിച്ചുപോയി എന്നു തന്നെ. ചേച്ചിക്ക് എങ്ങനെ നീരസം തോന്നാതിരിക്കും.

അതും പിശാചിന്റെ പുരാണം അല്ലേ.

വേദപുസ്തകത്തിലെല്ലാം സാത്താന്‍ എന്നല്ലേ കാണുക. അയാള്‍ ഈ കഥകളില്‍ നിസ്സഹായനും ഇളിഭ്യനും ആയിത്തീരുന്നത് കാണുമ്പോള്‍ എന്തൊരു രസമാണ്. എന്റെ ഉള്ളില്‍ നന്മ അസാരം വര്‍ദ്ധിച്ചിട്ടുണ്ട് എന്നായിരുക്കുമോ അതിന്റെ പൊരുള്‍.

നിന്റെ ഗുപ്തന്‍സര്‍ പടമെടുക്കാന്‍ തുടങ്ങാത്തതെന്താണ് ഡാ. കുറേ ആയല്ലോ കേള്‍ക്കുന്നു നിന്നെ വിളിക്കുമെന്ന്.

വിളിക്കും ചേച്ചി, പുതിയ സിനിമ ചെയ്യുമ്പോള്‍ എന്തായാലും എന്നെ വിളിക്കാമെന്ന്‌ പ്രോമിസ്​ ചെയ്തിട്ടുണ്ട്.

അപ്പോള്‍ നീ ഇവിടത്തെ ജോലി വിടുമോ അതോ അവധിക്ക് അപേക്ഷിക്കുമോ.

അത് രണ്ടോ മൂന്നോ മാസത്തേയ്‌ക്കേ കാണൂ ജോലി. അത്രയും കാലം ശമ്പളമില്ലാത്ത ലീവ് തന്നാല്‍ മതി. കിട്ടില്ലേ ചേച്ചീ. ആ പണി കഴിയുന്നതും ഞാന്‍ ഇവിടെ എത്തിക്കൊള്ളാം.

അപ്പോള്‍ നിനക്ക് എന്നെ വിട്ടുപോവാന്‍ ഇഷ്ടക്കേടുണ്ട്, അല്ലേഡാ .... എങ്ങാനും ലീവ് അനുവദിച്ചില്ലെങ്കിലോ, രാജിവെയ്ക്കുമോ ഡാ നീ?

പോകണമല്ലോ ചേച്ചീ, എന്റെ സ്വപ്നമല്ലേ അത്.

നീ എന്തൊരു മര്‍ക്കടനാണ് ഡാ. അതുമില്ല ഇതുമില്ല എന്നാവില്ലേ അപ്പോള്‍, കൊതിച്ചതുമില്ല പതിച്ചതുമില്ല .... നിന്നെക്കൊണ്ട് തോറ്റു ഞാന്‍ എന്റെ സ്നാപകാ....

എന്നിട്ട് എന്റെ കയ്യില്‍ നല്ല ഒരു പിച്ചും. അതൊന്നും പക്ഷേ അതിരു വിട്ട ചേഷ്ടകളല്ലല്ലോ. ഞാന്‍ ആകെ പരുങ്ങലിലാകുക ചേച്ചി ആ മണവുമായി എന്റെ അരികെ വന്ന് ചേര്‍ന്നുനില്‍ക്കുമ്പോഴാണ്. ചന്ദനതൈലം തന്നെയാവണം പൂശുന്നത്. സ്വകാര്യമായി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിലാണ് ചേച്ചി അങ്ങനെ അടുത്തേയ്ക്ക് വരുന്നത്.

ഇതാ, ഇപ്പോള്‍ അതാണല്ലോ നടക്കുന്നത്.

എന്നാലും ഡാ, നീ എന്തു കാണിക്കാനാണ് ആശൂത്രീല്‍ പോയത് എന്ന് എന്നോട് പറയില്ല, അല്ലേ ഡാ.

അത് ചേച്ചീ, ഇക്കിളിയാണ്. ഇത്ര വലുതായിട്ടും ആരെങ്കിലും ഇക്കിളിയിട്ടാല്‍ എനിക്ക് സഹിക്കാന്‍ പറ്റില്ല. അതൊന്നു ചോദിച്ചറിയാന്‍ വേണ്ടി.

എന്നിട്ട് മനഃശാസ്ത്രജ്ഞനെയാണോ നീ കണ്ടത്.

ഏയ്, അല്ല ചേച്ചീ.

പിന്നെ ഏതു വിദഗ്ധനാണ്, ഏത് വകുപ്പില്‍ പെടും നിന്റെയീ ഇക്ലി?

ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റ് ആണ് എന്നെ നോക്കിയത്.

ഉവ്വുവ്വേ, നുണ പറഞ്ഞോ ചുമ്മാ, എന്നും പറഞ്ഞ് ചേച്ചി അര്‍ത്ഥം വെച്ചു കൊണ്ട് ഒരു ചിരി. പിന്നെ പെട്ടെന്ന് രണ്ടു കൈകളും കൊണ്ട് എന്റെ നാഭിക്കു ചുറ്റും തൊട്ടും തൊടാതെ തൊട്ടും - ഹോ, ഞാന്‍ തുള്ളിച്ചാടുന്നതു കാണാന്‍ എന്തൊരു ഉത്സാഹമാണ് എല്ലാവര്‍ക്കും. യോഹന്നാന്​ കരച്ചില്‍ വന്നു.

എന്റെ പൊന്ന്വോ, ഞാന്‍ കരുതി നിനക്ക് കൂര്‍ക്കംവലി ഉണ്ടെന്ന്.

ഞാന്‍ വിട്ടുമാറിയിട്ടും ചേച്ചി ആ വിരലുകളിലെ നഖങ്ങള്‍ നിവര്‍ത്തിപ്പിടിച്ചു കൊണ്ട് എന്റെ പിന്നാലെ വരികയാണല്ലോ. ഈ ചേച്ചിക്കെന്താണ് - ഭ്രാന്തോ. കാമാര്‍ത്തിയാണ് അത് എന്ന് ചിന്തിക്കാന്‍ എന്റെ മര്യാദ എന്നെ അനുവദിക്കുന്നില്ല എന്നുവെച്ച് അതില്‍ നിന്ന് മുതലെടുക്കാമോ.

അതും എനിക്ക് ആദരവുള്ള ഒരു സ്ത്രീ.

ഹ, ഞാന്‍ കൂര്‍ക്കം വലിക്കുന്നുണ്ടെങ്കില്‍ തന്നെ ചേച്ചിക്ക് എന്താണെന്നേ…

ബുദ്ബുദം എന്ന കുമിള

(സനല്‍, രമ്യ, അവിട്ടം, ശ്രീക്കുട്ടന്‍ എന്നിവരുടെ സല്ലാപം)

രമ്യ: ഈ ക്യാന്‍സര്‍ ഉണ്ടല്ലോ.
സനല്‍: അര്‍ബുദം.
രമ്യ: ആങ്, അത് സര്‍വ്വ - സാധാരണം ആയി വരുന്നുണ്ടല്ലോ.
അവിട്ടം: (അലക്ഷ്യമായി ) ഉം, ഞാന്‍ പറഞ്ഞുകേട്ടു - നമ്മളെല്ലാം ....
ശ്രീക്കുട്ടന്‍: അതിനുമുമ്പ് നമ്മുടെ മുന്‍തലമുറകള്‍.
അവിട്ടം: ഹ ഹ ഹ, അത് നിന്റെ ആഗ്രഹം. എന്തായാലും നമ്മളെല്ലാം ഓരോ തരം ക്യാന്‍സര്‍ വന്നിട്ടു തന്നെയാണ് മരിക്കുക എന്ന്.
സനല്‍: എന്ന് നീ പറഞ്ഞു കേട്ടോ.
രമ്യ: ആങ്, ഞാനും കേട്ടിട്ടുണ്ട്.
ശ്രീക്കുട്ടന്‍: ഹ ഹ ഹ, അതിപ്പോള്‍ ആരാണ് കേള്‍ക്കാത്ത്, പക്ഷേ രക്ഷയില്ലല്ലോ, ഉവ്വോ?
രമ്യ: എന്തിന്, അങ്ങനെ കേള്‍ക്കുന്നത് നിര്‍ത്തിക്കിട്ടുകയാണോ വേണ്ടത്.
സനല്‍: ഏയ്, അല്ലല്ല ... (പരുങ്ങി) ക്യാന്‍സര്‍ വരാതിരിക്കാന്‍ എന്ന് - ആവണം ഇവന്‍ ഉദ്ദേശിച്ചത്.
അവിട്ടം: ഹ ഹ ഹ, അത് അവന്‍ വിശദീകരിച്ചോളില്ലേ, എന്തിനാണ് നീ ചമ്മുന്നത്.
രമ്യ: ഇത് എന്തിനാണിത്, ഇത്ര ദേഷ്യം.
ശ്രീക്കുട്ടന്‍: വിഷയം ക്യാന്‍സര്‍ ആയതുകൊണ്ടാവും അല്ലേ ഇത്ര പിരിമുറുക്കം.
രമ്യ: ങ്ഹാ, ഭയങ്കരമാണല്ലേ ആ ആധി.
അവിട്ടം: പക്ഷേ അതിനോടുള്ള ഭീതി കുറയ്ക്കാന്‍ എന്ന പേരില്‍ ചിലര്‍.
സനല്‍: ങ്ഹാ, ചില പരിപാടികള്‍ കണ്ടാല്‍ ചിരി വന്നുപോവും, അല്ലേ.
അവിട്ടം: ക്യാന്‍സര്‍ വന്നാല്‍ പേടിക്കേണ്ട എന്ന മെസിജ് തരാന്‍ വേണ്ടി എന്തൊക്കെയാണ് ചിലര്‍ പ്രസ്താവിക്കുക.
രമ്യ: ഈര്‍ഷ്യ തോന്നും ചിലതൊക്കെ കേട്ടാല്‍ - അല്ല, പുച്ഛം തോന്നും, അയ്യേ.
ശ്രീക്കുട്ടന്‍: അത് എതാണെന്ന് എനിക്കു മനസ്സിലായി.
സനല്‍: ഏത് - പുച്ഛം തോന്നുന്ന പരസ്യമോ.
അവിട്ടം: ഒരു ഹിറോ വന്ന് ശൃംഗാരഭാവത്തില്‍ - ഓ ഭവതി, എന്തിനു ഭയക്കുന്നു, സാധാരണമല്ലേ ഇത്.
രമ്യ: എനിക്ക് അത് കണ്ടാല്‍ വരുന്ന ഒരു ദേഷ്യം. ഭവതി എന്തിനു ഭയക്കുന്നു, മേ ഹൂം നാ!
സനല്‍: അത് കടത്തിവെട്ടിയിട്ടുണ്ട്, ശരിയാണ്.
അവിട്ടം: എന്ന് പതുക്കെ പറയുന്നോ, ഉറക്കെ പറ.
ശ്രീക്കുട്ടന്‍: എനിക്ക് നല്ല ഉറപ്പുണ്ട്, ആ ആഡ് ശരിക്കും വൃത്തികേടാണ്.
സനല്‍: പക്ഷേ അതിനേക്കാളും വെറുപ്പിച്ച വേറെ ഒന്നില്ലേ ബ്രോ, നിനക്ക് ഏത് ക്യാന്‍സര്‍ ആണ് ഇഷ്ടം.
രമ്യ: പറ പറ പറ ബ്രോ, നിനക്ക് ഏത് ക്യാന്‍സര്‍ വരുന്നതാണ് ഇഷ്ടം.
അവിട്ടം: ഹ ഹ, സൈകോളജി പഠിച്ചു വരുന്നവരാണ് ആ ആഡ്‌സ് എല്ലാം ചെയ്യുന്നതല്ലോ ഇപ്പോള്‍.
ശ്രീക്കുട്ടന്‍: ഇങ്ങനെയുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ പരിഭ്രാന്തി കുറയ്ക്കാന്‍ സഹായിക്കും എന്ന വാദമായിരിക്കാം അവര്‍ ഉദ്ദേശ്യശുദ്ധി എന്ന പേരില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
അവിട്ടം: അഹാ, അതുതന്നെ ഞാനും പറഞ്ഞുവന്നത്. ഇവനെപ്പോലെ വര്‍ണ്ണിച്ചു ഫലിപ്പിക്കാന്‍ എനിക്ക് പററിയില്ല എന്നു മാത്രം.
സനല്‍: എന്നാല്‍ കുറച്ചുകൂടി കടന്ന് അയ്യോ, എനിക്കു മാത്രം വന്നില്ല എന്നോ മറ്റോ ഒരു പരസ്യം ആവാമായിരുന്നു.
രമ്യ: ഹി ഹീ, അപ്പോള്‍ മുതിര്‍ന്ന ഒരാള്‍ ആ കളമൊഴിയെ സമാശ്വസിപ്പിക്കുന്നതോ എന്നിട്ട്?
ശ്രീക്കുട്ടന്‍: പേടിക്കേണ്ട ഓമനേ, നിനക്കും വരും.
രമ്യ: ഹ്ം, എന്നോട് ആരെങ്കിലും അങ്ങനെ ചോദിച്ചുനോക്കണം.
അവിട്ടം: എന്ത് - കുഞ്ഞേ, നിനക്ക് എന്തു ക്യാന്‍സര്‍ ആണ് ഇഷ്ടം എന്ന ചോദ്യമോ.
സനല്‍: അങ്ങനെയാണെങ്കില്‍ അതിനുള്ള ഉത്തരം നിന്റെ കയ്യില്‍ ഉണ്ട് എന്നാണോ.
ശ്രീക്കുട്ടന്‍: ഉത്തരം ആവില്ല, ചുട്ട മറുപടി.
രമ്യ: ഏയ്, അല്ലല്ലാ - ഒരു തമാശ ഉത്തരം തന്നെയാണ് - ഞാന്‍ പറഞ്ഞോട്ടെ?
അവിട്ടം: പറ പറ പറ.
രമ്യ: (കൊഞ്ചിക്കൊണ്ട്) എനിക്ക് ഇഷ്ടം എന്റെ നുണക്കുഴിയില്‍ ക്യാന്‍സര്‍ വരുന്നതാണ്.
സനല്‍: അതിന് നിനക്ക് ഇല്ലല്ലോ അത്.
അവിട്ടം: ഹ, അതുകൊണ്ടുതന്നെയല്ലേ ബേവകൂഫ് അവള്‍.
ശ്രീക്കുട്ടന്‍: അങ്ങനെയാണെങ്കില്‍.
സനല്‍: ആണെങ്കില്‍.
അവിട്ടം: ഇവന് എവിടെയാവും ഇഷ്ടം എന്ന് ഞാന്‍ ഊഹിക്കാം, ഉം?
ശ്രീക്കുട്ടന്‍: ഏയ്, എനിക്ക് ആദ്യമേ ഉണ്ട് അത്.
സനല്‍: ഓഹോ!
രമ്യ: മനസ്സ്, മനസ്സ്, മനസ്സില്‍, അല്ലേ - അല്ലേ ബ്രോ!

മൂന്നുമണി കഴിഞ്ഞല്ലോ, ഇനി ഏതു നിമിഷവും അവള്‍ വിളിച്ചേയ്ക്കാം, ഫെമിന. റ്റസ്​കനി. സമയത്തില്‍ ഇവിടത്തേതിനേക്കാളും നാലഞ്ചുമണിക്കൂര്‍ പിന്നിലാവുമല്ലോ. രാവിലത്തെ തിരക്കുകളെല്ലാം കഴിഞ്ഞാണ് അവള്‍ കുളിമുറിയിലേയ്ക്ക് കയറുക.

പുതിയ സ്നേഹിതയാണ് ഫെമിന. ഒരു ചിണുങ്ങസ്യാരാണ് അവള്‍ പക്ഷേ. എന്തെങ്കിലും ചെറിയ കാരണം മതി പിണങ്ങാന്‍. പെട്ടെന്നു തന്നെ ഇണങ്ങിക്കോളുമെങ്കിലും അവള്‍ സങ്കടപ്പെടുന്നത് കാണാന്‍ വയ്യ.

ഞാന്‍ എപ്പോഴാണാവോ ഇങ്ങനെ ഒരു മൃദുലഹൃദയനായത്.

ഫെമിന വിളിക്കുന്നത് അവളുടെ കുളി കാണാനാണ്. അത് ലൈവ് ആയി എനിക്ക് കാണിച്ചുതന്നാലേ അവള്‍ക്ക് ആഹ്ലാദമാവൂ. പക്ഷേ അതില്‍ എന്താണ് അവള്‍ക്ക് ഇത്ര സന്തോഷിക്കാനുള്ളത് എന്ന് നമുക്ക് മനസ്സിലാവുകയേയില്ല. അതായത് സൗകര്യം പോലെ വല്ലപ്പോഴുമൊക്കെ പോരേ ഈ പ്രദര്‍ശനം. ദിവസേന എന്ന നിഷ്‌കര്‍ഷ എന്തിനാണ് എന്നാണ് എന്റെ ചോദ്യം. പക്ഷേ അവളുണ്ടോ അത് ഗൗനിക്കുന്നു.

ഒരു പക്ഷേ സാമാന്യം നല്ല അംഗലാവണ്യം ഉണ്ട് തനിക്ക് എന്ന് ആരെയെങ്കിലും ബോദ്ധ്യപ്പെടുത്തണം എന്നുണ്ടാവാം അവള്‍ക്ക്. എന്നാല്‍ ഒരിക്കല്‍ മതിയല്ലോ അത്. നിത്യം എന്നോണം ഈ നേരം ആവുമ്പോള്‍ പിങ് ചെയ്യുന്നുണ്ടല്ലോ അവള്‍ എന്നെ.

കൂലിയും ജോലിയും ഇല്ലാത്ത, എന്നാല്‍ വിശ്വസ്തനായ ഒരാളെ ഒത്തുകിട്ടി എന്നത് ആഘോഷിക്കുകയാണോ അവള്‍ ഇനി ആവോ. അങ്ങനെയാണെങ്കില്‍ ഞാന്‍ ഉടനെ പുതിയ ചിത്രം നിര്‍മ്മിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മടിയന്‍ മല ചുമക്കും എന്നൊക്കെ ചില പഴഞ്ചൊല്ലുകള്‍ പ്രചാരത്തിലുള്ള നാടാണ്. എന്തായാലും അവള്‍ക്ക് ദുരുദ്ദേശ്യമൊന്നും ഇല്ല എന്ന് ആദ്യമേ തീര്‍ച്ചയാണ്.

ഒന്നാംതരം ഒരു കുലസ്ത്രീ. തലമുടി പോലും ഒരു അന്യപുരുഷനെ കാണിക്കില്ലാത്ത പതിവ്രതയായിരിക്കും സ്വന്തം പരിസരങ്ങളില്‍ അവള്‍. അപ്പോള്‍ അതുതന്നെ സംഗതി. ഒന്ന് ചെറുതായി അഴിഞ്ഞാടാന്‍ അവള്‍ക്ക് വേറെ എങ്ങും അവസരം കിട്ടുന്നില്ല, അതിന്റെ വീര്‍പ്പം മുഴുവനും അവള്‍ എന്റെ മുന്നില്‍ അഴിച്ചുവിടുകയാണ്.

റെലീസ് എന്നു കേള്‍ക്കാറില്ലേ ...

ചിലപ്പോള്‍ കുറേ ചുവടുകള്‍ വെച്ച് ഒരു നൃത്തത്തിന്റെ പ്രതീതി ഉണ്ടാക്കാറുണ്ടെങ്കിലും സ്നാനത്തിന്റെ ക്രമം എന്നും ഒരേ പോലെയാണ്. സാവകാശം അവള്‍ ആദ്യം അണിഞ്ഞിരിക്കുന്ന അങ്കി ഊരി ഒരു കൊളുത്തില്‍ തൂക്കിയിടും. മുഖത്തെ പുഞ്ചിരി ഒരു ഞൊടിനേരത്തേയ്ക്കു പോലും മായില്ല. ജലധാരയ്ക്കു താഴെ വന്നു നിന്ന് ദേഹം നന്നായി ഒന്നു നനയ്ക്കും. പിന്നീട് സുഗന്ധദ്രവ്യങ്ങള്‍ എടുത്ത് മേലാസകലം പുരട്ടാന്‍ തുടങ്ങും. ആദ്യം വലത്തേ കൈ കൊണ്ട് ഇടത്തേ തോളില്‍, പിന്നെ ഇടത്തേ കൈ വലത്തേ ചുമലില്‍, അതിനിടയില്‍ പെട്ടെന്ന് ഒരു കൈ എന്തോ അവിടെത്തന്നെയില്ലേ എന്നു തപ്പിനോക്കാനെന്നതു പോലെ താഴേയ്ക്കു പോയി ഉടനെ തിരിച്ചുവരും, മുലകള്‍ രണ്ടിലും എന്തോ ദ്രവം പതപ്പിച്ചു കൊണ്ടിരിക്കുന്നു, വയറില്‍ പൊക്കിള്‍ കുഴിച്ചു കളിക്കുന്നു, കഴുത്തിലും മുഖത്തും കൈത്തണ്ടുകളിലും മാറിമാറി വിരലുകള്‍ അങ്ങനെ ഒഴുകി നീങ്ങിക്കൊണ്ടേയിരിക്കുന്നു, ഇടയ്ക്ക് എന്റെ നേര്‍ക്ക് ഒരു കള്ളനോട്ടം അയച്ചുകൊണ്ട് നാവ് കൂര്‍പ്പിച്ചു കാണിക്കുന്നു. ചടുലചലനങ്ങള്‍. മുഖം തന്നെ വിസ്തരിക്കാന്‍ മാത്രമുണ്ടല്ലോ. ചെവികള്‍ ഓരോന്നിലും, കണ്ണുകള്‍ അടച്ച് പോളകള്‍ക്കു മേലെ മൃദുവായി, കവിള്‍ത്തടങ്ങളില്‍, മൂക്കിനും ചുണ്ടിനും ഇടയില്‍, നെററിയില്‍. അനന്തരം ദക്ഷിണാര്‍ദ്ധത്തിലേയ്ക്ക്. തുടകളില്‍, കാല്‍മുട്ടുകളില്‍, കണങ്കാലില്‍, കാല്‍വിരലുകള്‍ ഓരോന്നിലും, കൈ പിന്നിലേയ്‌ക്കെറിഞ്ഞ് നിതംബത്തില്‍, അവസാനം ത്രികോണത്തില്‍.

ഇടയ്ക്ക് ചില ദിവസങ്ങളില്‍ അവള്‍ ആദ്യം എണ്ണയോ തൈലമോ തേയ്ക്കുന്നതു കൂടി കണ്ടു, അതും ഏകദേശം ഇങ്ങനെയൊക്കെ തന്നെ. കുറച്ചുകാലമായി തുടങ്ങിയിട്ട് ഇത്. അവള്‍ക്കാണെങ്കില്‍ അത് മടുക്കുന്നതേയില്ല, ആര്‍ത്തവസമയത്ത് രണ്ടോമൂന്നോ ദിവസം ഒഴിവുണ്ട്. അതു കഴിഞ്ഞാല്‍ വീണ്ടും തുടങ്ങും വഴിപാട്.

ഇവിടെ അതിഥികളുണ്ടെങ്കില്‍ അവള്‍ വിളിക്കാതിരിക്കാറുണ്ട്. പക്ഷേ അങ്ങനെ രക്ഷപ്പെടാന്‍ തോന്നാറില്ല. അത് അവളുടെ അത്യാവശ്യം മനസ്സിലാക്കിയിട്ടുള്ളതു കൊണ്ടുതന്നെ.

ഇടയ്ക്ക് ഒരിക്കല്‍ പെട്ടെന്ന് അവള്‍ക്ക് എക്കിട്ടം വന്നു. എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് അത് അടക്കാന്‍ കഴിഞ്ഞില്ല. ഒടുക്കം അവള്‍ക്ക് മനസ്സില്ലാതെ കുറേ പച്ചവെള്ളം (ഇളം ചൂടുള്ളതാവാം) കോരിക്കുടിക്കേണ്ടി വന്നു ...

ശീതള്‍ എന്ന എഴുത്തുകാരി കാണാന്‍ വരുന്നുണ്ട്. അവളുടെ ബ്രേ ഇപ്പോള്‍ ചൂടപ്പമാണ്. ഒരു തിരക്കഥയെപ്പററി സംസാരിക്കാനാണ് ഈ സന്ദര്‍ശനം. നിത്യയെ ഉദ്ദേശിച്ച് എഴുതിയതാണ് എന്നു കേട്ടപ്പോള്‍ എന്താണ് അത് എന്നറിയാന്‍ ഒരു ഔത്സുക്യം തോന്നി.

നിത്യയെ വെച്ചുകൊണ്ട് ഗുപ്​തന്റെ പുതിയ ചിത്രം എന്ന കിംവദന്തി ഇവളും കേട്ടുകാണും. രണ്ടോ മൂന്നോ ദിവസം കൊണ്ട് ചിത്രീകരിച്ചു തീര്‍ക്കാനാവുന്ന എന്തോ ആണേത്ര അവള്‍ രചിച്ചിട്ടുള്ളത്. ശകതമായ കഥാപാത്രമായതിനാല്‍ കുറേ പുരസ്കാരങ്ങളെല്ലാം കിട്ടിയിരിക്കും.

പാരിതോഷികം.
അതാണേത്ര അവള്‍ ഇട്ടിട്ടുള്ള പേര്‍. വേണമെങ്കില്‍ അതു മാറ്റാൻ അവള്‍ തയ്യാര്‍. എന്തായാലും ചര്‍ച്ച നടക്കട്ടെ.

എനിക്കാണെങ്കില്‍ വേറെ ഒരു തന്തുവാണ് മനസ്സില്‍കിടന്നു കളിക്കുന്നത്. ആ യോഹനാനെ കണ്ടപ്പോള്‍ മുതല്‍ തോന്നുന്നതാണ് അവനെ ഒരു നടനാക്കണമെന്ന്. പുറത്തേയ്ക്കു കണ്ടാല്‍ പച്ചപ്പാവം, പക്ഷേ ഭീകരനായ ഒരു പീഡകനാണ് അവന്‍ വാസ്തവത്തില്‍.

ഒരു കുടുസ്സുമുറിയില്‍ അശുവായ അവന്‍ ഒരു ഒത്ത പെണ്ണിനെ കെട്ടിയിട്ട് ചിത്രവധം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അവന് അഭിനയിക്കാനുള്ള കഴിവുണ്ടോ എന്നൊന്നും അറിയില്ല. രൂപവും ശരീരഭാഷയും വെച്ചാണ് ഇത്രയും ഞാന്‍ ആലോചിച്ചത്. മനസ്സുണ്ടാവുമോ അവന് അതിന് എന്നും നിശ്ചയമില്ല.

പക്ഷേ അതിനൊരു പ്രശ്‌നമുള്ളത് ഇതാണ്. ഈയിടെ (ക്രൈം) ത്രിലര്‍ മൂവീസ് എല്ലാററിലും ഒരു നിശ്ചിത പാറ്റേണ്‍ ഉണ്ടല്ലോ. വളരെ പണ്ട് രസകരമായി തോന്നിയിരുന്നെങ്കിലും പില്‍ക്കാലത്ത് മടുപ്പിച്ചതായ ഒന്ന്. പതിവുപോലെ കൊലയാളി അവിടെ കാണപ്പെടുന്ന ആളുകളില്‍ ഏറ്റവും നിരപരാധി എന്നു തോന്നിക്കുന്നയാള്‍...

ഫെമിന വിളിക്കുന്നില്ല. എന്താണാവോ. ഒരു പക്ഷേ വൈഫൈ കുഴപ്പമായിരിക്കും.

പകരം എന്നാല്‍ മാളവികയെ വിളിച്ച് സ്വല്പം സൊള്ളാം. പ്രസിദ്ധയായ ന്യൂറോ ഫിസിഷന്‍. എത്രയോ ആളുകള്‍ക്ക് കണ്‍കണ്ട ദൈവമാണുപോലും അവള്‍. തന്നെ ആരെങ്കിലും എടീ പോടീ എന്നു വിളിക്കുന്നതില്‍ പരം ആനന്ദം ഇല്ല വേറെ അവള്‍ക്ക്.

എടീ മാളൂ, എനിക്ക് ഭയങ്കര ഏമ്പക്കം.

എന്തുപറ്റി പെട്ടെന്നിങ്ങനെ.

ഇടയ്ക്കിടയ്ക്ക് വരുന്നു - ഇത് ക്യാന്‍സര്‍ പോലെ എന്തെങ്കിലും ആണോടീ ഡോക്.

മിണ്ടാതിരിക്ക്, നിന്റെ കരിനാവ് വളയ്ക്കാതെ .... പിന്നെ, ഞാന്‍ ഊഹിക്കുന്നത് നിനക്ക് എക്കിള്‍ ആണെന്നാണ്. ഗ്ലക് ഗ്ലക് ഗ്ലക് എന്ന് വരുന്നതല്ലേ. അത് സാരമില്ല എഡാ. കുറേ വെള്ളം കുടിച്ചാല്‍ മാറും മിക്കവാറും ... അല്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് നിന്നെ ഒന്ന് ഞെട്ടിക്കാന്‍ അനുവദിക്ക് ...

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments