ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

രവി

38. നെരിപ്പോട്

ന്നെപ്പോലുള്ളവരെ അവരുടെ ഗുണദോഷങ്ങള്‍ കൃത്യമായി പരിപാലിച്ചുകൊണ്ട് തുടര്‍ന്നുപോവുന്നതിനെയാണോ അനുസ്യൂതി എന്നു വിളിക്കുക. പക്ഷേ എന്തിനാണ് അതൊക്കെ അത്ര കണിശമായി സൂക്ഷിക്കുന്നത്. കഥാപാത്രങ്ങളെ അത്രയെല്ലാം സംരക്ഷിക്കാന്‍ ശ്രമിക്കേണ്ടതുണ്ടോ. വാസ്തവത്തില്‍ അവരെ അങ്ങനെ തളച്ചിടുന്നതല്ലേ നെറികേട്.

ഇപ്പോള്‍ പൂയില്യം എന്ന എന്റെ കൂട്ടുകാരിയില്ലേ, നൂറ്റിയൊന്നുവാര്‍ത്ത വായിക്കാന്‍ ഇപ്പോഴും പറ്റിയിട്ടില്ലാത്തവള്‍. അവള്‍ മുമ്പ് ഒരു അദ്ധ്യായത്തില്‍ പൊറോട്ടയും ഇറച്ചിയും തിന്നുന്നതു കണ്ടു, എന്നാല്‍ പിന്നീടുള്ള ഒന്നില്‍ താന്‍ ജന്മനാ സസ്യഭുക്കാണ് എന്ന് ആണയിടുന്നു എന്നു ചൊല്ലി വായനക്കാര്‍ വ്യാകുലരാവുന്നതെന്തിനാണ്. ഒരു വിളംബരമൊന്നും നടത്താതെ അവള്‍ അങ്ങോട്ട് മാറിയതായിക്കൂടേ. തന്റെ ആഹാരശീലങ്ങള്‍ മാറ്റാൻ ഏത് പൂയില്യത്തിനും അവകാശമില്ലേ. ജന്മനാ എന്നത് നിരുപദ്രവകരമായ ഒരു കളവും.

എന്തായാലും എനിക്ക് അത്തരം വാശികളൊന്നുമില്ല. അറിയാതെ ദ്യുതി മാറി ധൃതി എന്നായിരുന്നു എങ്കിലും ഞാന്‍ പ്രതിഷേധിക്കാനൊന്നും നില്‍ക്കില്ല.

അര്‍ഹിക്കുന്ന പ്രാധാന്യമായിരുന്നുവോ ആ പൂയില്യത്തിന് ആദ്യം കിട്ടിയിരുന്നത്. യാതൊരു പ്രസക്തിയുമില്ലാത്ത അവളുടെ ഓരോരോ കൊച്ചുവര്‍ത്തമാനങ്ങള്‍. എന്നിട്ട് എവിടെ അവള്‍ ഇപ്പോള്‍, കാണാനേയില്ലല്ലോ.

അവസാനം എന്നോട് ചില കടികളെപ്പററി സംസാരിച്ചതായിട്ടാണ് ഓര്‍മ്മ. ദ്യുതി, ഈ ആണുങ്ങള്‍ക്ക് നമ്മുടെ പൂ തിന്നാന്‍ പൊതുവേ വലിയ ആര്‍ത്തിയാണ് എന്നാണ് തോന്നുന്നത്. അതുകൊണ്ടായിരിക്കണം ഈ പലഹാരങ്ങളൊക്കെ അവര്‍ കാഴ്ചയില്‍ അതുപോലെ ആക്കുന്നത്. സമൂസ, പഫ്‌സ്, മസാലദോശ ഒക്കെ നോക്കൂ. പിന്നെ അപ്പം അപ്പം അപ്പം എന്ന് നുകര്‍ന്നുകൊണ്ട് ജപിച്ചുകൊണ്ടിരിക്കില്ലേ വായില്‍ വെള്ളം നിറച്ച് ...

എന്തൊരു സിദ്ധാന്തം. എപ്പോഴും ഒരു പൊത്തിനുള്ളില്‍ നീറിയെരിഞ്ഞുകൊണ്ടിരിക്കുന്ന ഉമിത്തീയുമായാണ് ഓരോ സ്ത്രീയും ഇഴയുന്നത് എന്നുകൂടി പ്രസ്താവിച്ചോട്ടെ. വേറെ പണിയില്ലല്ലോ ഇവള്‍ക്കൊന്നും.

കിടപ്പിലായ ഒരു അമ്മയെ നോക്കാനുള്ളവര്‍ക്ക് അറിയാം ആ ഗതികേട്. ഓര്‍മ്മ വെച്ച കാലം മുതല്‍ ഞാന്‍ ശുശ്രൂഷിക്കുകയാണ് ആ ജീവച്ഛവത്തിനെ. അറിയാതെ കിടക്കയില്‍ ചീച്ചിത്തും, ചിലപ്പോള്‍ അപ്പിയും ഇടും. കഴിക്കാനുള്ളത് ഉണ്ടാക്കി കയ്യെത്തും ദൂരത്ത് വെച്ചിട്ടുവേണം എനിക്ക് ജോലിക്ക് പോവാന്‍ കൂടി. വിനോദം എന്താണെന്ന് അറിഞ്ഞിട്ടില്ല ഞാന്‍ ജീവിതത്തില്‍.

എന്താ ദ്യുതി, തിരുവാതിരയല്ലേ ഇന്ന് .... നെനക്ക് ഒരു ആഘോഷവുമില്ലേ മോളേ. നോല്‍മ്പ് എടുത്തൂടേ നെനക്ക് ... പണ്ടൊക്കെ അതിരാവിലെ കുളത്തില് തുടിച്ചുകുളിച്ചിട്ട്; ഹോ, എന്തൊരു കാലമായിരുന്നു!

ശരിയാണ്, ഞാന്‍ എന്റെ പരാധീനതകള്‍ ആരെയും അറിയിക്കാറൊന്നുമില്ല. ഇതിലൊന്നും ആര്‍ക്കും എന്നെ സഹായിക്കാനും പററില്ലല്ലോ. കൂടിയാല്‍ എന്റെ പ്രാരബ്ധങ്ങള്‍ ഓരോന്നായി എണ്ണി സഹതാപം പ്രകടിപ്പിക്കുമായിരിക്കും കുറേ. ആര്‍ക്കു വേണം അത്.

ഞാന്‍ ഓണത്തിന് പൂവിടണമെന്നും വിഷുവിന് കണി വെയ്ക്കണമെന്നും ശിവരാത്രിക്ക് ഉറക്കമൊഴിക്കണമെന്നും ആഗ്രഹമുണ്ടാവാം അമ്മയ്ക്ക്. പക്ഷേ എനിക്കതെല്ലാം കേള്‍ക്കുമ്പോഴുണ്ടല്ലോ! ഓരോ ആചാരാനുഷ്ഠാനവും കൊണ്ടുവന്നിരിക്കുന്നു ഒരു കുലസ്ത്രീ.

കയ്പായിപ്പോയി ഉമിനീര് വരെ.
വായ തുറന്നാല്‍ ചവര്‍ക്കുന്ന വര്‍ത്തമാനമേ വരൂ. അതുകൊണ്ട് ബദ്ധപ്പെട്ട് അത് പൂട്ടിയിരിക്കുന്നു.

ഞാന്‍ നൂറ്റിയൊന്ന് വായിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്ന ആര്‍ക്കെങ്കിലും തോന്നിയിരിക്കുമോ ഇങ്ങനെ കുറേ വള്ളിക്കെട്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന ആളാണ് ഞാനെന്ന്. കണ്ടിട്ടുള്ളതല്ലേ നിങ്ങള്‍ എന്നെ. ഞാന്‍ ആ ദ്യുതിയേ അല്ല എന്നുണ്ടോ.

മുഖത്ത് ആ വെച്ച ചിരി.

ത്രൂങ്ങാലി മരിച്ചപ്പോള്‍ സങ്കടപ്പെട്ട ആ പാവം പെണ്‍കുട്ടിയായ ഞാന്‍ - ആ എനിക്ക് എന്തുപറ്റി?. അന്ന് എന്റെ സാഹചര്യങ്ങള്‍ ഇങ്ങനെ അല്ലായിരുന്നു എന്നുണ്ടോ. പെട്ടെന്ന് വീണുകിട്ടിയതാണോ എനിക്ക് ഈ ചുറ്റുപാട്. അതോ എന്നെ ചിത്രീകരിച്ചതില്‍ നിയന്താവിന് പാളിച്ച പറ്റിയതാണോ.

ഞാന്‍ തുടിച്ചുകുളിക്കുന്നില്ല എന്നതിലാണ് അമ്മയ്ക്ക് മനഃസ്താപം. പക്ഷേ തിരുവാതിര അല്ലെന്നേ ഇപ്പോള്‍. കാലഗണനാക്രമം നഷ്ടപ്പെട്ടിട്ടുണ്ട് മാതാശ്രീക്ക്. വായില്‍ തോന്നിയതൊക്കെ കോതയ്ക്ക് പാട്ട്.

അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാന്‍ മോഹം.

എന്തിനാണ് ഇപ്പോള്‍ പെട്ടെന്ന് തിരുവാതിര പൊട്ടിവീണത് ഇവിടെ. ഒരുപക്ഷേ കൂവ്വ വരകിയത് ഭുജിക്കാന്‍ കൊതിയായിട്ടാവുമോ അമ്മയ്ക്ക്. പിന്നെ ആ പുഴുക്കും. ചേന, കാച്ചില്‍, ചേമ്പ്, കാവുത്ത് ഒക്കെ ഇട്ടിട്ടുണ്ടാക്കുന്ന ആ സാധനം കണ്ടുകൂടാ എനിക്ക് . ഇങ്ങനത്തെ കിഴങ്ങുകളില്‍ കൂര്‍ക്ക മാത്രമേ എനിക്ക് ഇഷ്ടമുള്ളൂ എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും മനസ്സിലാവില്ല അമ്മയ്ക്ക്. വെറുതേ ഓര്‍മ്മിപ്പിക്കും വന്നിട്ട്.

പ്രളയം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മഴക്കാലം ഉടനെ തുടങ്ങും. വെള്ളം പൊങ്ങിയാല്‍ ഈ തള്ളയെയും തൂക്കിയെടുത്ത് അഭയാര്‍ത്ഥിയായി അടുത്തുള്ള താവളത്തില്‍ തമ്പടിക്കേണ്ടി വരും. സഹായിക്കാനൊക്കെ ആളുകളുണ്ടാവും. എന്നാലും വല്ലാത്ത ദുരിതം തന്നെയാണ്, ഓര്‍ക്കുമ്പോള്‍ തന്നെ കിടുങ്ങും.

മരവിച്ചിട്ടില്ല എന്നതിന്റെ ലക്ഷണമാണ് ...

ശുഭാപ്തിവിശ്വാസം വെച്ചു പുലര്‍ത്തൂ ദ്യുതീ. നല്ല ലാഞ്​ചനകള്‍ മാത്രം കാണാന്‍ ശ്രമിക്കൂ. ഭാവി നന്നാവും എന്നു പ്രതീക്ഷിക്കൂ. പ്രതിബന്ധങ്ങളെ പുഞ്ചിരിയോടെ നേരിടൂ.

അപ്പോള്‍ പ്രതിസന്ധികളെയോ, അതുതന്നെ മതിയോ.

പണ്ടാരം, ലോകത്തിലെ സകല പ്രതിലോമശകതികളും വന്നടിഞ്ഞിരിക്കുകയാണ് എന്റെ ചുറ്റും. എന്തിനാണാവോ. വല്ലാത്ത പ്രതിപത്തിയാണേ എന്നോടു കാണിക്കുന്നത്.

ശരി, നോക്കാം എന്റെ ദൈവമേ. പക്ഷേ ലക്ഷം ഭവനപദ്ധതിയില്‍ ഒരു വീട് അനുവദിച്ചുകിട്ടാന്‍ അപേക്ഷിക്കാനായി സ്വന്തം ദുരഭിമാനം അനുവദിക്കുന്നില്ലാത്തതിനാല്‍ ഒറ്റമുറിവീട്ടില്‍ കഴിയുന്ന ഒരു അച്ഛന്‍ ഉണ്ട് എനിക്ക് എന്നു മാത്രമല്ലേ മുമ്പ് കേട്ടിരുന്നുള്ളൂ. ഇപ്പോള്‍ എവിടെ നിന്ന് വന്നു പെട്ടെന്ന് ഈ ശയ്യാവലംബിയായ അമ്മ. ഹോ, എന്തായാലും കട്ടപ്പുക തന്നെ എന്റെ ജീവിതം. കെട്ടുകഥ ചമച്ചാലും സ്വപ്നം കണ്ടാലും എല്ലാറ്റിലും ദീനരോദനം മാത്രം.

തോളില്‍ നുകപ്പാട്, ഒക്കത്ത് പങ്കപ്പാട്, ചുറ്റുമേ കഷ്ടപ്പാട് ...

പുറത്ത് ഒരു പ്രത്യേകതരം വെയില്‍ പരന്നിരിക്കുന്നു. സാധാരണ പോക്കുവെയിലിന്റെ പൊന്‍നിറമല്ല. ഇത്തിരി ഘനം കൂടിയ കടുംമഞ്ഞ.

അമ്മ എന്നോട് ഇനി തുമ്പി തുള്ളിക്കൂടേ എന്നു ചോദിക്കുമോ എന്തോ.

എവിടേയ്ക്കാണു പുറപ്പാട്
അവിടെത്തന്നെ കടപ്പാട്

(മുദ്രാവാക്യം വിളിച്ചുകൊണ്ട് കടന്നുപോവുന്ന ഒരു ജാഥ. അത് നോക്കിക്കണ്ടുകൊണ്ടിരിക്കുന്ന നാല് യുവസുഹൃത്തുക്കള്‍. ആണും പെണ്ണും.)

ജാഥ: എണ്ണാമെങ്കില്‍ എണ്ണിക്കോ ലക്ഷ്യം ലക്ഷ്യം പിന്നാലെ!
1: എനിക്കു മനസ്സിലാവാത്തത് ഇവര്‍ ലക്ഷ്യം പിന്നാലെ വെച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ്.
2: ഏയ്, അത് തെറ്റുന്നതാണ്‌ ബ്രോ. ലക്ഷം എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത് - ലക്ഷം ലക്ഷം പിന്നാലെ!
3: എന്തു ബുദ്ധിമുട്ടാണ് ഈ ജാഥകള്‍ കാരണം ആളുകള്‍ക്ക്, എന്നിട്ട് ആരെങ്കിലും ഒന്ന് ശുണ്ഠിയെടുക്കുന്നുണ്ടോ, എതിര്‍ത്തു നില്‍ക്കുന്നുണ്ടോ, മുഖം ചുളിക്കുന്നതു പോലും ഉണ്ടോ.
4: അതിനാണ് സഹവര്‍ത്തിത്വം എന്നു പറയുക. ഏതെങ്കിലും ഒരു ജാഥയുടെ ആളാവുമല്ലോ ഏതൊരാളും, നേരിട്ട് പങ്കെടുക്കുന്നില്ലെങ്കില്‍ പോലും പിന്‍തുണച്ചുകൊണ്ട്.
2: ഹ ഹ, ജാഥയൊക്കെ എതിര്‍ക്കാന്‍ നിന്നാല്‍ - അപ്പോള്‍ കാണാം!
1: ശ്ശ്യോ, എന്തു കഷ്ടാണ്, അതു പക്ഷേ. എല്ലാ ഗതാഗതവും മുടക്കിയിട്ടല്ലേ ഇവരുടെ ജാഥകള്‍, സാധാരണക്കാര്‍ക്ക് മാത്രമല്ല, സകലര്‍ക്കും ബുദ്ധിമുട്ടല്ലേ അത്?
4: ആണല്ലോ, ആവണമല്ലോ. എത്ര നേരം സ്തംഭിപ്പിച്ചു എന്നു നോക്കിയല്ലേ ഒരു ജാഥയുടെ ശക്തി നിശ്ചയിക്കുന്നത്.
3: ഇതാണ് യുറോപിയന്‍സ് വൃത്തിയായി ചെയ്യുക. ആറേഴാളൊക്കെയാണ് ആകെ ഉണ്ടാവുക, ഒരു ജാഥയില്‍.
2: അത് അവിടെ ആളുകള്‍ ഇല്ലാത്തതുകൊണ്ടല്ലേ - ഈ മഹത്തായ ഒക്‌റ്റോബര്‍ വിപ്ലവം എന്നതില്‍ എത്ര ആളുകളുണ്ടായിരുന്നു എന്നാണ് വിചാരം!
1: അതിന് വേറെ കാരണമുണ്ട്‌ ബ്രോ. ഒക്‌റ്റോബര്‍ എന്നു പറയുന്നു എങ്കിലും ആ വിപ്ലവം നടന്നത് നവംബര്‍ മാസത്തിലോ മറ്റോ ആണ് - കൊടും തണുപ്പല്ലേ, ആളെ കിട്ടണ്ടേ.
3: ഞാന്‍ ആള്‍ക്കാരുടെ എണ്ണം മാത്രമല്ല ചൂണ്ടിക്കാണിച്ചത് ബ്രോസ്​, പ്രതിഷേധം ആയാലും അതിന് ഒരു മര്യാദ ഉണ്ടാവും എന്നാണ് - ആളുകളെ ദ്രോഹിച്ചുകൊണ്ടാവരുതല്ലോ ആ ജാഥയൊന്നും.
4: ഇവള്‍ക്ക് എന്തു വിഷയമായാലും യൂറോപ്! കൊതുക് കടിക്കുന്നു എന്ന് ആരെങ്കിലും വെറുതേ ഒന്നു പറയുന്നതു കേട്ടാല്‍ മതി, ഉടനെ ഇവള്‍ പൊന്തിച്ചു പിടിക്കും അറ്റ്​ലസ്​. ഇതാ കാണൂ കൊതുകില്ലാത്ത യൂറോപ്! ....
3: (അരിശം) നിങ്ങള്‍ക്ക് എന്തിനും മലയാളം സിനെമ ആണല്ലോ റെഫെറന്‍സ്? ട്രോൾസ്​, മീംസ് ഒക്കെയും.
2: (കളിയാക്കി) എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാവുകയും ഇല്ല്യാ!
3: (ചിരിച്ചു മാറിക്കൊണ്ട്) മനസ്സിലാവില്ല, അത് പോട്ടെ, സാരമില്ല, ഞാനല്ലേ ക്ഷമിക്കേണ്ടൂ ... പക്ഷേ ഈ മൂവീസ് അല്ലാതെ ഒന്നുമില്ലേ ലോകത്ത്. ഏതെങ്കിലും ഡൂക്ലി ഫിലിംലെ ആരോ പറഞ്ഞ എന്തെങ്കിലും ഓര്‍ത്തിരിക്കണോ എല്ലാരും.
1: പക്ഷേ ഇപ്പോള്‍ അങ്ങനെതന്നെയാണ് - ഒരാള്‍ക്ക് മനസ്സിലാവില്ലെങ്കില്‍ അതൊരു കുറവായിട്ടാണ് കാണുക.
2: നോം ചോംസ്കി വരെ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കേട്ടില്ലേ.
3: എന്ത്?!
4: ഈ കാലത്ത് ഒരു തത്വം പറയണമെങ്കില്‍ കൂടി ഇത്തരം ട്രോൾസ്​ ഉണ്ടാക്കിയേ പറ്റൂ എന്നാണ് പുതിയ തിയറി, അറിഞ്ഞില്ല, അല്ലേ.
3: (പല്ലിറുമ്മി) കുറച്ച് കഷ്ടമാണേ കാര്യം.
1: യൂറോപ് ആണെങ്കില്‍ കുഴപ്പമില്ല. മലയാളം മൂവീസ് ഓരോന്നിലെയും ക്വോട്‌സ് അറിഞ്ഞിരിക്കണം എന്നുണ്ടാവില്ലാ - ഹ ഹ ഹാ.
3: നോക്ക്, വേണ്ടാ, കളിയാക്കണ്ടാ എന്നെ!
1: അല്ല, ഞാന്‍ കാര്യമായിട്ടാണ്, എന്താ, അത് ശരിയല്ലേ.
2: ഗേള്‍സ്, കലപില കൂടാതെ! നമുക്ക് നമ്മുടെ വിഷയത്തിലേയ്ക്ക് തിരിച്ചെത്താം.
4: അപ്പോള്‍, നിങ്ങളുടെ അഭിപ്രായം ഈ ജാഥ എന്ന സംഭവം തന്നെ നിരോധിക്കണം എന്നാണ്?
1: നിരോധിക്കണം എന്നൊന്നും ഞാന്‍ വാദിക്കില്ലാ.
2: അങ്ങനെ ആവശ്യപ്പെടാന്‍ പാടില്ല എന്നും തോന്നുന്നു.
3: ഹ ഹ ഹ, അതിന് നമുക്ക് പറ്റുമോ, നിയമം ഉണ്ടാക്കാനൊക്കെ. കൂടിയാല്‍ ഒരു ഒപിനീയന്‍ പോള്‍ - അതില്‍ റ്റിക്​ ചെയ്യാനല്ലേ പറ്റുള്ളൂ.
4: ശരി, എന്നാല്‍ തന്നെയും, നിരോധിക്കണം എന്ന് ടിക് ചെയ്യുമോ നിങ്ങള്‍?
1: അതല്ല ബ്രോ, എന്തെല്ലാം കഷ്ടപ്പാടുകള്‍ ഉണ്ട് ഇവിടെ - പ്രളയം, മാന്ദ്യം, വ്യാധി, ....
3: ഈ ജാഥ എന്നുവെച്ചാല്‍, ശക്തിപ്രകടനം അല്ലേ ... ഉണ്ട്, ശക്തിയുണ്ട് എന്ന് സമ്മതിച്ചാല്‍ പ്രശ്‌നം തീരില്ലേ.
2: ഹ ഹ ഹ, അതു ശരിയാണ്. സാമാന്യം ശക്തിയുണ്ട്. അല്ലെങ്കില്‍ വേണ്ട, നല്ല ശക്തിയുണ്ട് - ഗംഭീരം - എന്നെല്ലാം തത്വത്തില്‍ അംഗീകരിച്ചാല്‍ മതിയല്ലോ.
1: അതെ, ശരിയല്ലേ, അതു മനസ്സിലാക്കാത്തതെന്താണ് ആളുകള്‍. എന്തൊരു വിഡ്ഢികളാണ് ....
3: അതുകൊണ്ടുതന്നെയല്ലേ അവരെ ആള്‍ക്കാര്‍ എന്നു വിളിക്കുന്നത്.
4: നല്ല ജനവിരോധിയാണ്, അല്ലേ.
3: ഓ, എനിക്കെന്തു വിരോധം?
1: എനിക്കും വിരോധമൊന്നുമില്ല. പക്ഷേ വാസ്തവം ആരെങ്കിലും, ഹ്ം ...
2: ചൂണ്ടിക്കാണിക്കണം, അതു ശരിയാണ്.
3: ശക്തി ഉണ്ട് എന്നു സമ്മതിച്ചുകൊടുത്താല്‍ പിന്നെ പ്രകടനം ഒഴിവാക്കാംല്ലോ അവര്‍ക്ക്.
4: ആഹഹാ, എന്തൊരു മനോജ്ഞമായ മാര്‍ഗ്ഗനിര്‍ദ്ദേശം!
1: ആവട്ടെ, ഒന്ന് പറഞ്ഞുനോക്ക് നീ ആള്‍ക്കാരോട്.
3: ഓ, അതെനിക്കു പറ്റില്ല്യ ബ്രോ, എനിക്കു മടിയാണ്.
4: സായിപ്പിനെ കണ്ടാല്‍ മുട്ടു വിറയ്ക്കും, അല്ലേ.
3: സായിപ്പോ, അതാരാണ്!
1: ഏയ്, ബ്രോ, സായിപ്പ് എന്നാല്‍ വെള്ളക്കാരല്ലേ - ഇത് ആള്‍ക്കാരല്ലേ.
2: എന്നാലും പേടി തന്നെ, അല്ലേ.
3: മടിയാണ്‌ ബ്രോ, മടിയും പേടിയും വ്യത്യാസമുണ്ട് ഡാ.
2: നീ പോടി!
4: ങ്ഹാ, വെക്കം പോ, മടുപ്പിക്കാതെ കടന്നുപോടീ.
(എന്തോ പന്തയത്തില്‍ ജയിച്ചാലെന്നതു പോലെ പൊട്ടിച്ചിരിക്കുന്ന 1, 3.)

കാലാകാലമായി സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും ഒറ്റപ്പെട്ട ഈ ആദിവാസിഗ്രാമം. ഇവിടെ ബന്ധുക്കള്‍ ഉള്ളതിനാല്‍മാത്രം എനിക്ക് സന്ദര്‍ശിക്കാം. ഹ ഹ, അച്ഛനമ്മമാരെ കണ്ട കാലം മറന്നു.

പൈതൃകഗ്രാമം എന്നപേരില്‍ തായംകുടി സംരക്ഷിക്കുന്നു സര്‍ക്കാര്‍ എന്നാണ് വെപ്പ്. സ്ഥലം പൊലിസ് ഭരിക്കുന്നു എന്ന് അര്‍ത്ഥം. ആരെങ്കിലും എതിര്‍ത്ത് എന്തെങ്കിലും മിണ്ടിയാല്‍ അവരെ ഭീകരവാദി ആയി മുദ്ര കുത്തും.

എന്നിട്ട് ചിലപ്പോള്‍ കരുതല്‍ തടങ്കലില്‍ വെയ്ക്കും. അതിനുള്ള സൗകര്യമെല്ലാം അവിടെ ഉണ്ട്. പ്രത്യേകിച്ച് രേഖയില്‍ ആക്കാതെതന്നെ ഒരാളെ പിടിച്ച് പൂട്ടിയിടാം. തടവ് ചാടാന്‍ എളുപ്പമാണെന്നു മാത്രം.

ഊരില്‍ നിന്ന് എന്ന് വിട്ടുപോയതാണ്. പഠിക്കുന്ന കാലത്തെല്ലാം കരിംതോടിലെ ഹോസ്​റ്റൽ ആയിരുന്നു മേല്‍വിലാസം. എന്നാല്‍ മറയൂരില്‍ കല്ലുകൊണ്ടുണ്ടാക്കിയ ചെറിയ പ്രാചീന ഗുഹകളില്ലേ, അവയിലൊന്നില്‍ താമസിച്ചു എന്നാണ് ഞാന്‍ സങ്കല്പിച്ചിരുന്നത്. നുണയല്ല, സ്വപ്നം കണ്ടിട്ടുള്ളതാണ് അത് ഞാന്‍. എന്നിട്ടാണ് ആദ്യം മുനിയറ എന്റെ തൂലികാനാമമാക്കിയത്.

കരിംതോട് മറയൂരില്‍ ആണല്ലോ. മഴനിഴല്‍ പ്രദേശമല്ലേ. പകല്‍ നല്ല ഉഷ്ണമുണ്ട്. ചന്ദനം നന്നായി കള്ളക്കടത്തുന്ന ആ മറയൂര്‍.

ആദ്യമായി ഞാന്‍ പച്ചമീന്‍ കാണുന്നത് ഇവിടെ എത്തിയപ്പോഴാണ്. ഊരില്‍ ഉണക്ക മാത്രമേ കിട്ടുമായിരുന്നുള്ളൂ. മുള്ളന്‍, നങ്കി, സ്രാവ് മുതലായവ. ഇവിടെ നിന്നു കഴിച്ച മീന്‍കറി എന്റെ സ്വാദുമുകുളങ്ങളെ ഞെട്ടിച്ചുണര്‍ത്തി.

പിടയ്ക്കുന്ന പച്ചമീന്‍ എന്നു പറഞ്ഞാണ് കച്ചവടക്കാരന്‍ അത് കാണിച്ചുതന്നത്. പക്ഷേ ചത്തതായിരുന്നു അവ. പഴകിയതുമാണെന്ന് വേറെ ആരോ സ്വകാര്യമായി എനിക്ക് പറഞ്ഞുതന്നു. കുട്ടിയായിരുന്നല്ലോ അന്ന് ഞാന്‍.

എന്നിട്ട് ഈയിടെയാണ് ഒരു കടപ്പുറത്തു വെച്ച് മുക്കുവര്‍ അപ്പോള്‍ പിടിച്ചു കൊണ്ടുവന്ന മീനുകള്‍ തോണിയിലെ വലയില്‍ തന്നെ കിടന്നു പിടയുന്നതു കണ്ടത് ....

മുക്കുവന്‍ എന്ന് വിളിക്കാന്‍ പാടുമോ എന്ന് സംശയമുണ്ടോ. അത്തരം കീഴ്​വഴക്കങ്ങള്‍ പക്ഷേ ഞാന്‍ ഗൗനിക്കാറില്ല. മുതുവാന്‍ ആണല്ലോ ഞാന്‍. പണിയന്‍ അല്ലാത്തതു കൊണ്ടുമാത്രമല്ലേ നാട്ടില്‍ ഒരു സാമാന്യ മലയാളിയായി എനിക്ക് ഇടപഴകാന്‍ പറ്റുന്നത് ...

സന്ധ്യയോടെ കുശലാന്വേഷണത്തിനായി ഒരു മൂവര്‍സംഘം വായനശാലയില്‍ എത്തി. അവിടെ വെളിച്ചം കണ്ടിട്ടുകൂടിയാവാം. മൂവരും കാക്കിച്ചട്ടൈ ധരിച്ചവര്‍.

എന്താണ് അശോകാ, അടയ്ക്കാറായില്ലേ പുത്തകം.

പകുതി വായിച്ചു വെച്ചതാണ് സാറേ. ഒരു ഡിട്ടക്ടിവ് നോവല്‍ ആണ് ... ഇവിടെ ഇരുന്നല്ലേ ഇങ്ങനെ സൗകര്യമായി വായിക്കാന്‍ പത്തുള്ളൂ. വീട്ടില്‍ മേശയും കശേരയും ഒന്നുമില്ലല്ലോ.

ഓഹോ, അതിനെ നീ വീട് എന്നാണോ വിളിക്കുന്നത്.

സൗജന്യം ആസ്വദിക്കുന്നത് കുറേ കൂടുന്നുണ്ട് കേട്ടോ - ആട്ടെ, ആരാണീ പുതിയ അവതാരം. ആധാര്‍ കാണിച്ച് ആരോ അകത്തു കടന്നിട്ടുണ്ടെന്ന് ചെക്‌പോസ്​റ്റ്​ കണ്ണന്‍ പറഞ്ഞു.

അവരെ എതിരേല്ക്കാനായി ചെംതീയും അശോകനോടൊപ്പം എഴുന്നേററു നിന്നിരുന്നു. ഞാന്‍ ഇവിടത്തുകാരന്‍ തന്നെയാണ് സര്‍, മോഹന്‍എന്നാണ് ശരിക്കും പേര്‍. ചെംതീ എന്ന പ്രസിദ്ധചിത്രകാരനാണ്.
ഓഹോ, പ്രസിദ്ധന്‍ ആണ്, അല്ലേ.
അശോകാ, എത്ര ദിവസം കാണും ഇയാള്‍ ഇവിടെ?
ലഘുലേഖകളൊന്നും കൊണ്ടുവന്നിട്ടില്ലല്ലോ കൂടെ, അല്ലേ?
ഞങ്ങള്‍ക്ക് പണിയുണ്ടാക്കല്ലേ സുഹൃത്തേ.
ഇല്ല സര്‍ - ആ മാവോ എന്ന പഹയനെ എനിക്ക് പണ്ടേ കണ്ടു കൂടാ, ചെംതീ ചിരിച്ചു എന്നു വരുത്തി.
ഹ ഹ, നല്ല ന്യായം. അയാളോട്‌ പ്രേമം തോന്നിയിട്ടാണോ ആരെങ്കിലും മാവോയിസ്​റ്റ്​ ആവുന്നത്. അതും ഒരു കാരീര്‍ അല്ലായോ ഇപ്പോള്‍. എത്രയും മൂത്ത സഖാവാവുന്നോ അത്രയും വലിയ തുകയാണ് കീഴടങ്ങുമ്പോള്‍ കിട്ടുക.
അല്ലെങ്കില്‍ വെടിയേറ്റു മരിച്ചാല്‍ കുടുംബത്തിന്.

ഞാന്‍ ഒന്നു വന്നെന്നേയുള്ളൂ സര്‍, സ്വന്തം മാതൃഭൂമി കാണാന്‍. എപ്പോഴും പ്രദര്‍ശനങ്ങളെല്ലാമായിട്ട് പല നാടുകളില്‍ ചുററി സഞ്ചരിക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു വിളി വന്നു. അതു നന്നായി, പ്രസിദ്ധ ചിത്രകാരാ.
ചിത്രകാരന്റെ ഹൃദയം കവരും ലജ്ജാവതീലതയാണു ഞാന്‍ .... പണ്ടത്തെ ഒരു പാട്ടുണ്ടല്ലോ. അങ്ങനെ വല്ലവരും ഉണ്ടോ ഡേയ് ഇവിടെ?

ഡേയ് എന്നൊക്കെ വിളിക്കുമ്പോള്‍ സൂക്ഷിക്കണം സര്‍, ഞാനൊരു സുപ്രസിദ്ധനാണേ - കു അല്ല .... പിന്നെ ആരാധികമാര്‍ - അത് ഇവിടെ ഇല്ല, പക്ഷേ കേരളത്തില്‍ കുറേയുണ്ട്.

നീ സൂക്ഷിച്ച് സംസാരിക്ക് കേട്ടോ ഡേയ്, ഇതു പിന്നെ കേരളം അല്ല എന്നാണോ വിചാരം, ഒരാള്‍ പെട്ടെന്ന് അമര്‍ഷം കൊണ്ട് ചുവന്നു, അന്യനാട്ടുകാരനെപ്പോലെ പോസ് ചെയ്യുന്നോ. ഈ ഒരൊറ്റ വാക്ക് മതി നിന്നെയൊക്കെ പിടിച്ച് അകത്തിടാന്‍, അറിയാവോ.

ലക്ഷദ്വീപിലെ ഒരാളെ അങ്ങനെയല്ലായോ.

അവര്‍ തങ്ങള്‍ക്കിടയില്‍ ചര്‍ച്ച തുടങ്ങി, ഏതോ ചാനല്‍ സംവാദത്തില്‍ അയാള്‍ അറിയാതെ, സാധാരണ പതിവുള്ളതു പോലെ പറഞ്ഞതാണ്. നിങ്ങള്‍ ഇന്‍ഡ്യാക്കാര്‍ക്ക് മനസ്സിലാവില്ല ഞങ്ങള്‍ ദ്വീപുകാരുടെ വികാരം എന്ന് ... രാജ്യേദ്രാഹമാണ് കുറ്റം.

അതേ പോലെ, ഒരു വീട്ടമ്മ ക്രിക്കറ്റ്​ ഭ്രാന്തനായ മകനോട്, നിന്റെ ഭാരതം വീണ്ടും തോറ്റല്ലോഡാ എന്ന് വിഡീയോ കോള്‍ ചെയ്തതും കുറ്റമായില്ലേ.

അതേപോലെ ഞങ്ങളും ചാര്‍ജ് ചെയ്യണോഡേ സുപ്രസിദ്ധാ? ...

ചെംതീ പുഞ്ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ. എന്നെ പ്രകോപിപ്പിക്കാനൊന്നും നിങ്ങളെക്കൊണ്ടാവില്ല ഉദ്യോഗസ്ഥരേ. വിപ്ലവവീര്യം ഒന്നും ഇല്ല എന്റെ ഉള്ളില്‍. പതം വന്ന ഒരു ശരാശരി മലയാളിയായിരിക്കുന്നു എന്നേ ഞാന്‍. ഏയ്, അതിന്റെയൊന്നും ആവശ്യമില്ല സര്‍ ... വേണമെങ്കില്‍ ഞാന്‍ ഒരു ചിത്രം വരച്ചു തരാം നിങ്ങളുടെ കാര്യാലയത്തില്‍ തൂക്കിയിടാന്‍.

ഹോ ഹോ ഹോ, അതു കൊള്ളാമല്ലോ. കുറേ കാലം കഴിഞ്ഞാല്‍ കോടിക്കണക്കിന് വില കിട്ടുമായിരിക്കും അതിന്.

എന്തായാലും സ്ഥലം വിടുന്നതിനു മുമ്പ് അവിടെ വന്ന് ഒന്ന് ഒപ്പിട്ടേയ്ക്കണേ, മറക്കാതെ.

ഓ ഷ്യോര്‍, ചെംതീ ചിരി തുടര്‍ന്നു, ഗൂനൈറ്റ്​ സര്‍ ...

അവര്‍ ഇറങ്ങിപ്പോയതിനുശേഷമാണ് ഇതികര്‍ത്തവ്യതാമൂഢനായി നിന്നിരുന്ന അശോകന്‍ ഞെട്ടിയുണര്‍ന്നത്. അയാളെ അവിടെ വിട്ട് ചെംതീ പണ്ടത്തേതുപോലെ നടക്കാനായി ഇറങ്ങി. പഴയ ആ പാറക്കെട്ട് അതേ പോലെയുണ്ട് ഇപ്പോഴും. അതിന്റെ ഉച്ചിയില്‍ കയറിനിന്നാല്‍ കാട്ടില്‍ കുറേ ദൂരം വരെ കാണാം.

അവിടവിടെയായി ആരെല്ലാമോ തീകാഞ്ഞതിന്റെ അവശിഷ്ടങ്ങള്‍. വലിയ തണുപ്പൊന്നും ഇല്ല ഇവിടെ ഇപ്പോള്‍. ആനയെയും പുലിയെയും കരടിയെയും ഒക്കെ അകററി നിര്‍ത്താനായി തീയിട്ടതുമാവാം ഇതൊക്കെ.

ഹോ, അതൊരു തരക്കേടില്ലാത്ത തീം ആണല്ലോ, തീ. പലതരം തീകളുടെ ഒരു പരമ്പര. ആളുകള്‍ കുത്തിയിരുന്ന് തീ കായുന്നത്, തീക്കു ചുറ്റും പാടിയാടുന്നത്, തീയില്‍ ഇറച്ചി ചുട്ടെടുക്കുന്നത്, ... പിന്നെ കാട്ടുതീയുടെ കുറേ നിശ്ചലദൃശ്യങ്ങള്‍. അടുപ്പിലെ തീ, ബീഡിത്തുമ്പിലെ തീ, കനല്‍ച്ചാട്ടത്തിനു താഴെ അമര്‍ന്നിരിക്കുന്ന തീ, .... വേണമെങ്കില്‍ ആദിമമനുഷ്യന്‍ തീ കണ്ടുപിടിക്കുന്നതിന്റെ ഒരു ചിത്രവും വരയ്ക്കാം.

എപ്പോഴാണ് അവര്‍ അത് കണ്ടുപിടിച്ചിട്ടുണ്ടാവുക, രാത്രിയോ പകലോ.

രാത്രി ആവട്ടെ അത്. ഇരുട്ടില്‍ അവരുടെ മുഖങ്ങള്‍ പെട്ടെന്ന് തീയുടെ വെളിച്ചത്തില്‍ തെളിയുന്നത് വരച്ച് പ്രതിഫലിപ്പിക്കാമല്ലോ. ഹ ഹ ഹ, എന്തൊരു ജാജ്ജ്വല്യമാനം!

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments