ചിത്രീകരണം : ബൈജു ലൈലാ രാജ്

ബ്ലാ

രവി

33. കാതിലോല നല്ലതാളി

വൾ ഇപ്പോൾ സുഭദ്ര മാത്രമാണ്. എന്നാൽ മുതിർന്നാൽ അവളും കുഞ്ഞമ്മയാവും. സുഭദ്രക്കുഞ്ഞമ്മ. അവളുടെ കൂടെ കുളത്തിലേയ്ക്ക് നടക്കുമ്പോൾ തോഴി ആലോചിച്ചു. എന്നെ അവൾ തോഴി എന്നു വിളിക്കുന്നതിൽ പക്ഷേ ഒരു അലോസരം തോന്നുന്നുണ്ടോ.

അഥവാ അലോസരം തോന്നുന്നില്ലേ.

തോഴീ, നിലത്ത് നോക്കി നടന്നോ – ചേനത്തണ്ടനും വെള്ളിക്കെട്ടനും ശംഖുവരയനും എന്തെല്ലാമോ ഉണ്ട് ഈ തൊടിയിൽ .... ചെളിയിൽ ചവിട്ടാതെ നടക്ക്, വളംകടി പിടിക്കണ്ടാ…

അച്ചടിവടിവിലാണ് അവൾ സംസാരിക്കുക. അക്ഷരശ്ലോകസദസ്സിലൊക്കെ പങ്കെടുക്കുന്ന കുട്ടിയല്ലേ. പണ്ടേ ഇങ്ങനെയാണ് അവൾ. കളിക്കൂട്ടുകാരിയാണെങ്കിലും വളരുംതോറും അവളെ എടീപോടീ എന്നെല്ലാം വിളിക്കാൻ മടി തോന്നിത്തുടങ്ങിയിട്ടുണ്ട് എനിക്ക്, തോഴി ആലോചിച്ചു. അവൾ എന്നെ കൂട്ടുകാരിയായി കൂടെ കൊണ്ടുനടക്കുന്നതുതന്നെ പുണ്യം. കുഞ്ഞമ്മമാരല്ലേ അവരൊക്കെ ഈശ്വരാ.

മൊന്ത നിറച്ചും ഇല്ലേ താളി – തോഴി?, പെട്ടെന്ന് സുഭദ്ര ചോദിച്ചു. എന്തായാലും താളി ഉണ്ടാക്കാൻ നീ തന്നെ വേണം തോഴീ – നിന്നെക്കഴിഞ്ഞേ ഉള്ളൂ അതിൽ ആരും. കഴിഞ്ഞ ആഴ്ച കുറുന്തോട്ടി കൊണ്ട് നീ ഉണ്ടാക്കിയത് എത്ര അർത്ഥവത്തായിരുന്നു, അല്ലേ.

തോഴി പുഞ്ചിരിച്ചതേയുള്ളൂ. അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളൊരു സുന്ദരിക്കോത എന്ന ചെടിയുടെ ഇല കൊണ്ട് താളി പിഴിഞ്ഞപ്പോഴും സുഭദ്രയ്ക്ക് നല്ല ഇഷ്​ടമായിരുന്നു. എള്ളിന്റെ ഇല കൊണ്ടും കറ്റാർവാഴ കൊണ്ടും ഒക്കെ ഉണ്ടാക്കി നോക്കണം – എപ്പോഴെങ്കിലും കിട്ടിയാൽ. ഏയ്, എന്നും ഒന്നും ഇല്ല. ആഴ്ചയിൽ ഒന്നോ രണ്ടോ നാളേ വേണ്ടൂ താളി. ഇന്ന് എന്തായാലും വേണ്ടുവോളം ഉണ്ട്.

സാധാരണ എപ്പോഴും ചെമ്പരത്തിയാണല്ലോ പതിവ്. അതിന്റെ കുറച്ച് ഇലകൾ – വേണമെങ്കിൽ പൂവും ആവാം – മൊന്തയിലെ വെള്ളത്തിൽ ഇട്ട് കൈകൊണ്ട് ഞരടിക്കൊണ്ടിരിക്കും കുറേനേരം. അതിന് കൈപ്പുണ്യമൊക്കെ വേണോ എന്നറിയില്ല. എന്തായാലും സുഭദ്രയുടെ പ്രശംസ സ്വീകരിക്കാതിരിക്കുന്നതെന്തിന്.

എന്നിട്ട് ഇപ്പോൾ അവളുടെ പാമ്പുകളെക്കുറിച്ചുള്ള താക്കീതിന് ഒരു തർക്കുത്തരം കൊടുക്കാം.
എനിക്കു പക്ഷേ എട്ടടിമൂർക്കൻ കൊത്തുന്നതാ ഇഷ്​ടം.
എന്നാലെന്താണ് തോഴി.
എട്ടടിവെയ്ക്കുമ്പോഴേയ്ക്കും ചത്തുവീഴുമല്ലോ.
ഹ ഹ തോഴീ, തെറ്റി, ഒന്നാമത് നമ്മൾ മനുഷ്യർ ചാവുകയല്ല ചെയ്യുക, ചരിയുകയാണ്. പിന്നെ മൂർക്കനല്ല, മൂർഖൻ – പറയൂ, മൂർ – ഖ – ൻ!
ഓ, എനിക്ക് അത്ര അക്ഷരശുദ്ധിയൊക്കെ എന്തിനാണ് സുഭേദ്ര. ഞാൻ മത്സരത്തിനൊന്നും പോവുന്നില്ലല്ലോ.
എന്നാലെന്താണ്, ആർക്കും വാക്കുകൾ ശരിയായി ഉച്ചരിക്കാം.
അല്ല സുഭേദ്ര, ഈ കുഞ്ഞമ്മമാർ മരിക്കുന്നതിന് ചരിയുക എന്നാണോ വാക്ക്.
അല്ല, മനുഷ്യർ പൊതുവേ ചരിയുകയല്ലേ ...

പെട്ടെന്ന് അവരുടെ മുന്നിലൂടെ ചാടിച്ചാടിയും പിന്നെ ചിറകുകൾ വിടർത്തി പറന്നും ഒരു ചെമ്പോത്ത് അപ്പുറത്തേയ്ക്ക് പോയി. ചെമ്പോത്തിനെ ചെംപോത്തേ എന്നു നീട്ടി വിളിച്ചാൽ അത് പട്ടിണിയാവും എന്ന ചൊല്ല് ഇരുവരും ഒരേസമയം ഓർത്തു. എന്തു ചേർച്ചയാണ് തങ്ങൾക്കു തമ്മിൽ എന്നും. എന്നാൽ തങ്ങൾ എത്ര യത്നിച്ചിട്ടും തീണ്ടാരി ഒരേ സമയം ആക്കാൻ പററാത്തതിൽ അവർക്ക് വ്യസനവും തോന്നി. മാസത്തിൽ ഏഴെട്ടു ദിവസമൊക്കെ ഈ ഒപ്പം നീരാട്ട് മുടങ്ങിപ്പോവുന്നുണ്ടല്ലോ.

ഇപ്പോൾ ഒരു കുളക്കോഴി ഓടിമറയുന്നതും കണ്ടു.

കീരിയൊക്കെ ഉണ്ട് തോഴീ ഇവിടെ. കുഞ്ഞുങ്ങളുമായി ഒന്ന് ചുറ്റിത്തിരിയുന്നത് കണ്ടു ഇന്നലെ. എന്നിട്ടും എന്താണാവോ ഇത്ര പാമ്പ് .... ആ തള്ളക്കീരിക്കെന്താ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു കൂടേ പാമ്പിനെ പിടിക്കാൻ.

എന്റെ വിഷമം എന്താണെന്നറിയാമോ സുഭേദ്ര, നമുക്ക് എത്രകാലം ഇങ്ങനെ രണ്ടു പെൺകുട്ടികൾ എന്നും പറഞ്ഞ് നടക്കാൻ പറ്റുമെന്നാണ്...

അതെ തോഴീ – സത്യം. വിശേഷിച്ചും ഉച്ചനീചത്വം കൊടികുത്തിവാഴുന്ന ഈ സമൂഹത്തിൽ .... ഞാൻ ഇടയ്ക്ക് മോഹിക്കാറുണ്ട് നീയും ഒരു കുഞ്ഞമ്മയായിരുന്നെങ്കിലോ എന്ന്.

എന്നിട്ടെന്തിനാണ് – ഹി ഹീ, ചരിയാനോ?

പെട്ടെന്ന് ഇരുവരും ആർത്തുചിരിച്ചു. അതുകേട്ട് അതിലേ പോവുകയായിരുന്ന ഒരു കുറിഞ്ഞിപ്പൂച്ച നടത്തം നിർത്തി അവരുടെ മുഖങ്ങളിലേയ്ക്ക് മാറിമാറി നോക്കി.
അതിന്റെ ഭാവം നോക്കൂ തോഴി, ഒട്ടും രസിച്ചിട്ടില്ല അതിന് നമ്മുടെ ഉല്ലാസം.
സുഭേദ്ര, എനിക്ക് ഇന്ന് ആവുന്ന ലക്ഷണമുണ്ട്. വെള്ളത്തിൽ കിടക്കുമ്പോൾ ആവുമോ എന്നാണ് പേടി. കുളം അശുദ്ധമാക്കുമോ ഞാൻ.
ഏയ്, നീ പേടിക്കാതിരിക്ക് തോഴി, മിണ്ടാതിരിക്ക്​. ആ കാര്യം മറക്ക്. കുളിക്കുമ്പോഴൊന്നും ആവില്ല അത് – നോക്കിക്കോ. മിക്കവാറും രാത്രിയേ ഉണ്ടാവൂ ഇന്ന്.
നിന്റെ – ഹ്ം വലുതായല്ലോ വീണ്ടും. നടക്കുമ്പോൾ തുളുമ്പുന്നു നിറകുടം.
പോടീ കളിയാക്കാതെ. എന്തായാലും നിന്റേതിന്റെ പോലെ ചന്തം വരില്ലല്ലോ അതിന്.
അങ്ങനെ സല്ലപിച്ചുകൊണ്ടു തന്നെ അവർ കുളിച്ചുമടങ്ങി. തങ്ങളുടെ ഗ്രാമീണപശ്ചാത്തലം അവർക്ക് ഏററവും പ്രിയപ്പെട്ടതായിരുന്നു. പക്ഷേ എന്തോ അനിഷ്​ടം ഉടനെ സംഭവിക്കാനിരിക്കുന്നുണ്ടെന്ന് ഇരുവർക്കും തോന്നി.

വലത്തേ കണ്ണ് തുടിച്ചിരുന്നല്ലോ.

അതേസമയം തോഴിയുടെ വീട്ടിൽ ഒരു അപരിചിതൻ വന്നിട്ടുണ്ടായിരുന്നു. അമ്മയോട് സംസാരിച്ചുകൊണ്ട് അയാൾ പുറത്തെ തിണ്ണയിൽ മകൾ വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു. അമ്മ കൊടുത്ത സംഭാരം കുടിച്ചതിനുശേഷം അയാൾ നാലും കൂട്ടി ഒന്ന് മുറുക്കി. എന്നിട്ട് അയാൾ മുററത്തേയ്ക്ക് നീട്ടിത്തുപ്പുന്നതാണ് തോഴി അവിടെ എത്തിയപ്പോൾ കണ്ടത്.

ഞാൻ കാവാലം കേശവപ്പണിക്കർ – നേമംകൈമളുടെ ഒരു സിൽബന്ദിയാണ്. കൊച്ചിന് സിനിമാനടിയാവാൻ ഇഷ്​ടമാണോന്ന് അറിയാൻ ഇത്യ്രടം വന്നതാ.
മോളേ, നീ അകത്തുപോയി ഈറൻ മാറ്റി വാ.
ഈ മോളുടെ അമ്മയ്ക്ക് ഇത്ര പ്രായം കാണാൻ പാടില്ലല്ലോ, കാവാലം ശൃംഗാരദ്യോതകമായി ചിരിച്ചു. ഒററമോൾ തന്നെ അല്ലേ.
ഓ, ഞാൻ കുറേ വൈകിയിട്ടാ പെറ്റത്​ പണിക്കരേ.
ഹ ഹാ, ഞാനൂഹിച്ചു അത്. അല്ലെങ്കീ അവളുടെ ഒരു ചേച്ചിയാണെന്ന് തോന്നിക്കേണ്ട ആളാണ് കേട്ടോ ... ആട്ടെ, എന്തിനാ അത്രയും വൈകിയത്?
ദയവായി എന്നെ വെറുതെ വിട് പണിക്കരേ.
വിട്ടു – ഹ ഹ ഹ, വിട്ടല്ലോ .... ആ തങ്കക്കുടത്തിനെ വിളിക്ക്.

അന്തർവാഹിനിക്ക് എന്തിനു ചാഞ്ചല്യം

(റോസ്​, വാസന – അവർ കപ്പലിന്റെ മുകൾത്തട്ടിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നു)

റോസ്: അല്ല, അതങ്ങനെയല്ല വാസനാ. എനിക്കിഷ്​ടം ഞാൻ മെർമെയ്ഡ് ആയിരുന്നില്ലേ, ആ മൂവീ കഴിഞ്ഞിട്ട് അഭിനയം നിർത്തണം എന്നായിരുന്നു. എന്നിട്ട് ഒരു ഫിനിഷിങ് സ്​കൂൾ തുടങ്ങാം എന്ന് വിചാരിച്ചു ഞാൻ.
വാസന: അതിപ്പോൾ ഒത്തുവന്നല്ലോ, ഫിനിഷ്.
റോസ് : അല്ലെങ്കിലും .... മടുക്കും നമ്മൾക്ക്. ലൈംലൈറ്റ് എന്നത് ഒരു വല്ലാത്ത ഭാരമാണ് വാസനാ. കെണിയും ആണ്. ആ വെളിച്ചത്തിൽ തന്നെ നിൽക്കാൻ വേണ്ടിവരുന്ന കളികൾ – എന്തൊക്കെ പ്രശ്നങ്ങളാണ്.
വാസന: സ്വന്തം സ്​കൂൾ നടത്തലും തലവേദന തന്നെ. ആദ്യം ഒരു ഹരമൊക്കെ തോന്നും. സ്വന്തമായി ഡാൻസ്​ ക്ലബ്, ബുറ്റീക്​, റ്റ്സൂ ഒക്കെയുണ്ട് എന്നു പറയുമ്പോൾ രസമല്ലേ. പക്ഷേ നല്ല ബുദ്ധിമുട്ടാണ് നടത്തിക്കൊണ്ടുപോവാൻ റോസ്​ .... മുങ്ങിമരിക്കുന്നതു തന്നെയാണ് ഭേദം.
റോസ് : ഓഹോ! അപ്പോൾ വാസനയ്ക്ക് ശരിക്കും അതുതന്നെയാണിഷ്​ടം? ഇപ്പോൾ രക്ഷപ്പെടാൻ ഒരു അവസരമുണ്ടെങ്കിലും വാസന അത് വേണ്ട എന്നു വെയ്ക്കും.
വാസന: ഉവ്വ് റോസ്​. അല്ലെങ്കിലും എനിക്ക് വലിയ കമ്പമൊന്നുമില്ല ഈ ജീവിതത്തിനോട് ... അയ്യേ, എന്തു കാര്യം. ആഗ്രഹിക്കുന്നത് കിട്ടില്ല, അർഹിക്കുന്നതും കിട്ടില്ല. പിന്നെ തൽക്കാലം വെറുതേയിങ്ങനെ കഴിഞ്ഞുപോന്നു എന്നു മാത്രം.
റോസ്​: പക്ഷേ വാസനാ, എനിക്ക് മുമ്പൊക്കെ ജീവിതത്തെ ഇങ്ങനെ പുച്ഛിക്കുന്നവരോടെല്ലാം വെറുപ്പ് ആയിരുന്നു, എന്തിന്, മരണത്തെ ഭയമില്ല എന്ന് വാദിക്കുന്നവരോടും കൂടി. ഓ, മരിച്ചാൽ മതിയായിരുന്നു എന്നു പ്രാകുന്നവരില്ലേ ... ഇവരൊക്കെ നടിക്കുന്നതാണങ്ങനെ, ഹിപോൈക്രറ്റ്​സ്​​ ആണവർ വാസ്​തവത്തിൽ എന്ന്.
വാസന: ഹ ഹ, ഞാനും കേട്ടിട്ടുണ്ട് – ഹോ, ഇതിലും ഭേദം മരിക്കുകയായിരുന്നൂ! ....പ്രാർത്ഥിക്കും ചിലർ – ദൈവമേ, ദയവായി എന്നെയങ്ങോട്ട് വിളിക്കാമോ!
റോസ് : അതെ, പക്ഷേ രണ്ടു കയ്യും കാലും ഇല്ലാതായാലും ജീവിക്കണം ഇനിയും ഇനിയും എന്നുള്ള കൊതി കൂടുകയല്ലേ ചെയ്യുന്നത് എല്ലാവർക്കും.
വാസന: പക്ഷേ നമ്മളെ നോക്കൂ റോസ്, നമുക്ക് വല്ല കൂസലും ഉണ്ടോ എന്ന്.
റോസ് : ഹ ഹ ഹ, സമ്മതിക്കണം നമ്മളെ ....

(ബട്​ലർ ഇപ്പോൾ ഉറക്കെ നിലവിളിച്ചുകൊണ്ട് അതിലേ കടന്നുപോവുന്നു. ഹോ ദൈവമേ, ഈ കപ്പലിൽ ഒരു മത്സ്യകന്യക കുടുങ്ങിക്കിടക്കുന്നുണ്ട് എന്നു കേട്ടല്ലോ. അതിനെ ആരെങ്കിലും കണ്ടാൽ ദയവായി എനിക്ക് പിടിച്ചു തരണേ. എന്തെങ്കിലും ഒരു വിശിഷ്​ടവിഭവം പാകം ചെയ്തിട്ട് ചത്താൽ മതി എനിക്ക്. എന്റെ അന്ത്യാഭിലാഷമാണേ ഇത് ദൈവമേ! ....)
റോസ്: പാവം, അയാളുടെ സങ്കടം നോക്ക് വാസനാ.
വാസന: അതെ, പരിതാപകരം തന്നെ.
റോസ്: നിന്റെ കണ്ണിലെ മസ്​കാരാ മഷി പുറത്തേയ്ക്ക് പടർന്നിരിക്കുന്നു വാസനാ ... എന്തേ, നീ കരഞ്ഞതൊന്നുമല്ലല്ലോ.
വാസന: അതിപ്പോൾ .... ഹ ഹ ഹ, റോസ്​, നിന്റെ ലിപ്സ്റ്റിക് പരന്നിരിക്കുന്നത് നീ കിസ്​ ചെയ്തതുകൊണ്ടൊന്നും അല്ലല്ലോ.
റോസ് : (ചിരിച്ചും കൊഞ്ചിയും) ഹ്ം .... പെട്ടെന്നു തോന്നുന്നതാണ് എനിക്ക്, എനിക്ക് നിന്നോടൊരു വല്ലാത്ത ഇഷ്​ടം വാസനാ.
വാസന: (സമ്മതഭാവത്തിൽ) എനിക്കും – അതെ ... (പരുങ്ങിയും വിക്കിയും) ച്ച്ച്ബീ, ഈ ആണുങ്ങളൊക്കെ മമമമഹാമോശമാണ് റോസ്.

(ഗേൾസ്​ പ്രവേശിക്കുക പെട്ടെന്ന്)

കോറസ്: ഹേ ഹൈ ഹലോ, ഒരു സന്തോഷവാർത്ത കൂടി ഇതാ: നമ്മുടെയെല്ലാം പ്രിയങ്കരിയായ റോസ്​ ഇതാ, പ്രിയങ്കരി തന്നെയായ വാസനയുമായി ....
റോസ്: ഏയ്, മിണ്ടാതിരിക്ക് കുട്ടികളേ.
വാസന: എന്തിനാ കുട്ടീ ഇത്, ഞങ്ങൾ നിഷേധിച്ചു കളിക്കുന്നത് കാണാൻ വേണ്ടിയിട്ടാണോ, ഉം?
റോസ്: ഒരു പാട്ട് ആയ്ക്കോട്ടെ എന്നാൽ ഇപ്പോൾ, നല്ല ഒരു പിക്നിക് സോങ്.
വാസന: പാനിക് വേണ്ടാ വേണ്ടാ.
കോറസ്: തോഴീ തോഴീ വാവാ?
റോസ് : ഓ, യാ.
(കോറസ്​ തോഴീ തോഴീ വാവാ പാടുന്നു).
റോസ് : (കയ്യടിച്ചു കൊണ്ട് ) നന്നായിരിക്കുന്നു, ഗൈസ്​.
കോറസ്: ഏയ്, ഗേൾസ്​ എന്നു മാത്രമേ വിളിക്കാൻ പാടൂ ഞങ്ങളെ, ഗേൾസ്​. എന്നും ഞങ്ങൾ ഇങ്ങനെ ബബ്ലി ആയി ഇരിക്കും, ഗിഗ്ൾ ഗിഗ്ൾ.
വാസന: എ –ന്നും?
കോറസ് : യാ! .... എന്താണ്, ഈ കപ്പൽ മുങ്ങുകയാണ് എന്ന് ഞങ്ങൾക്ക് അറിയില്ലേ – എന്നാണോ സംശയിച്ചത്. അതറിയാം ​മേം. പക്ഷേ എന്നാലെന്ത്. എവിടെയായിരുന്നാലും ഞങ്ങൾക്ക് ഇങ്ങനെതന്നെ ആയിക്കൂടേ.

(പാടുന്നു)
തേഞ്ഞപാലം മുങ്ങുന്നേ – ഓ ഓ ഓ ഓ…
ഞങ്ങ കൂടെ പോകുന്നേ – ലാ ലാ ലാ ലാ…
തോഴീതോഴാ പോരുന്നോ – ഹേ ഹേ ഹേ ഹേ ...

വാസന: ഹായ്, കൂൾ.
റോസ് : ശരി ഗേൾസ്​, ഞങ്ങളും ചേരുകയാണ് നിങ്ങൾക്കൊപ്പം.
കോറസ്​: നിങ്ങൾക്ക് ഗേൾസ്​ ആവാൻ പറ്റുമോ എന്ന് ഞങ്ങൾക്ക് തീർച്ചയില്ല. പക്ഷേ നിങ്ങൾക്ക് കോറസ്​ ആവാം. അതുണ്ടല്ലോ മേം, ഞങ്ങളിങ്ങനെ ക്രൂ ആണ് എന്ന് സ്വയം വിചാരിക്കുന്നുണ്ടെന്നേയുള്ളൂ, ഉറപ്പായിട്ടില്ല ഇപ്പോഴും.
വാസന: അതു സാരമില്ല ഗേൾസ്​ – സാരല്ല്യാന്ന് ....
റോസ്: അപ്പോൾ, ഒപ്പം നീങ്ങാം നമുക്ക്?
മത്സ്യകന്യക: (പെട്ടെന്ന് ഞെട്ടിയുണർന്ന് എന്നതുപോലെ) ഏയ്, ഒരു നിമിഷം, ഒന്നു നിൽക്കണേ!
(ആരും അത് കേൾക്കുന്നില്ല എന്നു വ്യക്തം)
കോറസ്: (തങ്ങൾക്കിടയിൽ, അടക്കം)
നമ്മുടെ ക്യാപ്​റ്റൻ ഒക്കെ ഞെട്ടും.
എന്തിന്, ഇവരെ കണ്ടിട്ടോ?
ആങ്, ഈ താരങ്ങളൊക്കെ നമ്മുടെ ഒപ്പം.
അതെ, അവർ നമ്മുടെ ഒപ്പം കൂടിയാൽ…
അവരെ ഈ കൂട്ടത്തിൽ കണ്ടാൽ തീർച്ചയായും –
ആങ്, അയാൾ ഞെട്ടുമായിരിക്കും.
ഒരു പക്ഷേ!
റോസ് : കൂയ്, എന്തിരിക്കുന്നു അതിലെല്ലാം – കുട്ടികളേ.
വാസന: അതെ, വാ – പോവാം – വാ വാ വാ…
മത്സ്യകന്യക: (പിന്നിൽ നിന്ന്, ആവുന്നത്ര ഉച്ചത്തിൽ) എയ് – ഗേൾസ്​, ലെയ്ഡീസ്​. കേൾക്കുന്നില്ലേ നിങ്ങൾ എന്റെ ശബ്ദം. .... ഓ ദൈവമേ, ഇപ്പോൾ എന്നെ ആർക്കും കേൾക്കാനും പറ്റില്ല എന്നായോ .... ഒരു അസാധാരണ കഥാപാത്രം എന്ന നിലയ്ക്ക് കരയുകയാണോ ഞാൻ ഇപ്പോൾ വേണ്ടത് എന്നു കൂടി മനസ്സിലാവുന്നില്ലല്ലോ – ശ്ശ്യോ, എന്തുചെയ്യും ഞാൻ കടലമ്മേ .... ഏയ്, അതോ ഇനി – ചിലർക്കു മാത്രമേ എന്നെ കേൾക്കാനും പററൂ എന്നായിരിക്കുമോ .... (നിസ്സംഗഭാവം കൈവരിച്ച്) എന്തായാലും ആകെ തൊന്തരവ് തന്നെ .... ഓ, അതിനിടയിൽ അതാ, കപിതാൻ വീണ്ടും ഈ വഴിയേ വരുന്നല്ലോ – കൂടെ ആ നററാഷയും ...... മിണ്ടാതിരിക്കാം, കാണപ്പെടാതെയും!

രാവിലെ തന്നെ ഇന്ദിര പൊട്ടിവീണു.
അഗ്നി, നിന്നോട് ഇത് ഇപ്പോൾ തന്നെ പറയണമെന്നു തോന്നിയതുകൊണ്ടാണ് ഞാൻ ഇത്ര നേരത്തേ വന്നത്. ഇന്നലെ ഒരു സംഭവമുണ്ടായി. ഒരു തടിച്ച വയറെല്ലാമുള്ള ചിലന്തി പോവുന്നതു കണ്ടു. പെട്ടെന്ന് ഹിറ്റ്​ ഒന്നും തിരഞ്ഞിട്ട് എന്റെ കയ്യിൽ കിട്ടിയില്ല. അപ്പോൾ ഞാൻ ഒരു ചൂൽ എടുത്ത് ഒരൊറ്റ അടി ..... ഹോ, എന്റെ അഗ്നി. അപ്പോൾ കണ്ട കാഴ്ച ഞാൻ എന്റെ ജീവിതത്തിൽ മറക്കില്ല. ഈ ഓഫ് വൈറ്റ്​ സെറാമിക് റ്റൈൽസ്​ ആണല്ലോ നിലം – അതിലിങ്ങനെ വ്യക്തമായി കാണുമല്ലോ. ആയിരക്കണക്കിനാണോ അതോ നൂറുകണക്കിനാണോ എന്നറിയില്ല, കടുകുമണികൾ പോലെ അത്രയും ചെറിയ ചിലന്തിക്കുഞ്ഞുങ്ങൾ ചുറ്റുപാടും തെറിച്ചു. അതങ്ങനെ നിലത്തു മുഴുവനും അരിച്ചരിച്ചു നീങ്ങാൻ തുടങ്ങി .... ഹോ, എന്റെ കണ്ണിൽ നിന്നു പോവുന്നതേയില്ല ആ ദൃശ്യം – ഉറക്കം വന്നില്ല എനിക്ക് കിടന്നിട്ട്.
എന്നിട്ട് എന്തു ചെയ്തു നീ ആ കുഞ്ഞുങ്ങളെയൊക്കെ?
എന്തുചെയ്യാൻ, ഹിറ്റ്​ തളിച്ചു അവിടെ നിറയെ. അല്ലാതെ വളർത്താൻ പറ്റുമോ ചിലന്തികളെ? നീയാണെങ്കിൽ ചെയ്യുമോ?

ഓ, അപ്പോഴേയ്ക്കും ക്ഷോഭിക്കണ്ട ഇന്ദിര – എങ്ങനെ അതുങ്ങളെ ഒഴിവാക്കി എന്നു ചോദിച്ചു എന്നേയുള്ളൂ. സത്യത്തിൽ എനിക്കും നല്ല പേടിയാണ് എട്ടുകാലികളെ.
എപ്പോഴും ഇങ്ങനെ താരതമ്യം ചെയ്തുകൊണ്ടിരിക്കും എന്ന കുഴപ്പമുണ്ട് ഇന്ദിരയ്ക്ക്. എന്തു ചെയ്യാനാണ്, ചിലർ അങ്ങനെയാണല്ലോ. മൂക്കിന്റെ അറ്റത്ത് ശുണ്ഠിയും ഉണ്ട്.

ഇന്ദിരയെ കാണുമ്പോഴെല്ലാം വാര്യത്തെ ജയന്തിയെ ഓർമ്മ വരും. ഛായയുണ്ട്. അവരുടെ പത്തായപ്പുരയിൽ ഞങ്ങൾ വാടകയ്ക്ക് താമസിക്കുമ്പോൾ ജയന്തിയുടെ ഒപ്പം കളിയും കുളിയും ഒക്കെ ഉണ്ടായിട്ടുണ്ട്. കാവ് എന്നു ചേർത്താണ് മറ്റുള്ളവർ ജയന്തിയെ വിളിക്കുക; ജയന്തിക്കാവ്.

കൗതുകമല്ലേ. അന്നുവരെ പാമ്പിൻകാവ് എന്നേ ഞാൻ കേട്ടിരുന്നുള്ളൂ. ജയന്തിയെ എന്നിട്ട് സർപ്പക്കാവേ എന്നു വിളിച്ച് കളിയാക്കുമായിരുന്നു.
ആത്തേമ്മാര്, കുഞ്ഞാത്തോല്, പുയ്യാപ്ലച്ചാര് എന്നെല്ലാം കേട്ടിട്ടുണ്ട് ജയന്തീ ഞാൻ. ഈ കാവ് ആദ്യമായിട്ടാണ്. അന്യജാതിക്കാർ ആവും നിന്നെ അങ്ങനെ വിളിക്കുന്നത്, അല്ലേ ?

ശുദ്ധം പുണ്യാഹം എന്നൊക്കെ ഭയങ്കരമായ വൃത്തിബോധമുള്ള അവൾ എന്റെ മുറിയിൽ വരാൻ തുടങ്ങിയപ്പോൾ ആകമാനം മാറി. യു റ്റ്യൂബ് നോക്കിയാൽ പോൺ വിഡീയോസ്​ സുലഭമായിരുന്ന കാലം. അവൾക്ക് അതുകണ്ട് മതിയാവുകയേയില്ല.
അമ്പടി, ഒരു വാരസ്യാരുകുട്ടിക്ക് ഇത്ര കാമഭ്രാന്തോ!
പക്ഷേ അതൊന്നും അവളുടെ മേൽ ഏശിയില്ല. ലെസ്​ബിയൻ സാദ്ധ്യതകളും കണ്ട് മനസ്സിലായപ്പോൾ അവൾ എന്നെ കിടക്കയിലേയ്ക്കും കുളിമുറിയിലേയ്ക്കും വലിച്ചു കൊണ്ടു പോയി. അത്ര സഹകരിച്ചിട്ടില്ല എങ്കിലും കുറേശ്ശെയൊക്കെ ഞാൻ അനുവദിച്ചുകൊടുത്തിട്ടുണ്ട്. എന്തായാലും കാവ് വഷളായി എന്നു പറഞ്ഞാൽ മതിയല്ലോ.
ചിലപ്പോൾ അവസാനം ശമിക്കാൻ വേണ്ടി കാവ് ചന്തിയിൽ ആഞ്ഞ് അടിക്കാൻ എന്നോട് കെഞ്ചുമ്പോഴാണ് എനിക്ക് ....
സർപ്പക്കാവ് എന്നോർക്കുമ്പോൾ അമ്മയുടെ തറവാട് ഓർമ വരും. അവിടെ പൂജയുണ്ടാവുമ്പോൾ ഉണ്ടാക്കുന്ന അപ്പമുണ്ട്, അത്ര സ്വാദുള്ളത് ഞാൻ വേറെ എവിടെ നിന്നും കഴിച്ചിട്ടില്ല. അതിന്റെ ആ വാസനയോ!

ഒരിക്കൽ എവിടെയോ കളം വരച്ചത് കാണാൻ പോയപ്പോൾ അമ്മയ്ക്ക് അത് പ്രശ്നമായി. പാട്ടിന്റെ താളത്തിനൊത്ത് ആരോ മുടിയഴിച്ചിട്ട് കളം മായ്ക്കുന്നതു കണ്ടതും അമ്മയ്ക്കും ഇളക്കം തുടങ്ങി. നാണക്കേടാവും എന്നു പേടിച്ച് കഷ്​ടപ്പെട്ടാണ് അമ്മ അത് ഒതുക്കിപ്പിടിച്ചത്.
അത് പാടില്ലായിരുന്നു മാലതി. എന്തിനാണ് ഉള്ളിലെ വാഞ്​ഛ അങ്ങനെ അടക്കുന്നത്. മാനസികാപഗ്രഥനത്തിൽ അങ്ങനെയാണ് ശാസ്​ത്രത്തിന്റെ മതം. മാലതിക്ക് ഇളകിയാടാമായിരുന്നു എന്ന് വിവക്ഷ, അച്ഛച്ഛൻ ആയിടെ പഠിച്ച കഠിനപദങ്ങൾ അവസരം നോക്കി ഉപയാഗിച്ചു.
ഉവ്വുവ്വ്, ഞാൻ ബുദ്ധിമുട്ടി നിയന്ത്രിച്ചതുകൊണ്ട് ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നു. ഞാൻ അതുണ്ടായിരുന്നില്ലെങ്കിലോ – അയ്യേ, എന്നാലും മാലതിയൊക്കെ .... കഷ്​ടം, ഒന്നുമില്ലെങ്കിലും വിദ്യാഭ്യാസമുള്ളതല്ലേ മാലതിക്ക്…

ഏയ്, എന്നെ നിനക്ക് അറിയാഞ്ഞിട്ടാണ് മാലതി. അങ്ങേയറ്റം ഉല്പതിഷ്ണുവാണ് ഞാൻ. മറ്റുള്ളവർ പക്ഷേ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. അവർ ഒരു പ്രശ്നം തന്നെയാണ്, ഈ മറ്റുള്ളവർ. കാര്യകാരണവിചാരത്തിനു തുനിയാതെ അവർ തീർപ്പുകല്പിച്ചു കളയും.

സാരമില്ല, അമ്മ മുഖം തിരിച്ചു, സാരമില്ല അച്ഛാ, സാരമില്ല. അച്ഛൻ വെറുതേ വിഷണ്ണനാവേണ്ട ...

അതായത്, അതിന്റെ പ്രയാസം അമ്മ സഹിച്ചുകൊള്ളാമെന്ന്. മേലാൽ അത്തരം അനുഷ്ഠാനങ്ങൾ നടക്കുന്ന ഇടങ്ങളിൽ ചെന്നു നില്ക്കാതിരുന്നാൽ മതിയല്ലോ. ഒഴികഴിവിനാണോ പഞ്ഞം.

അതിനിടയിൽ അച്ഛച്ഛൻ വേറെ ഒരു സൂത്രം ഒപ്പിച്ചു. ജ്യോതിഷവും മൂപ്പർക്ക് ശാസ്​ത്രമാണല്ലോ. അമ്മയുടെ പിറന്നാൾ പൂയം ആണെന്നായിരുന്നു പൊതുവേ ധാരണ. അച്ഛച്ഛൻ അമ്മയുടെ ജനനസമയം ഒക്കെ കൊണ്ടുപോയി ഒരു ജ്യോഝ്യെൻ്റ അഭിപ്രായം ആരാഞ്ഞു. അയാൾ ഗണിച്ചപ്പോൾ അറിഞ്ഞത് അമ്മയുടെ നാൾ ആയില്യം ആകാനും സാദ്ധ്യതയുണ്ട് എന്നാണ്.

ഗംഭീരമായില്ലേ. പൂയില്യം. അതാണ് അവസാനം അമ്മയുടെ തിരുനാൾ ....

ഇവിടെ പണിയരുടെ ഈരിൽ തിരുമേനി എന്നൊരു കുട്ടിയുണ്ട്. എം.സി. തിരുമേനി. തരക്കേടില്ല അത്, അല്ലേ. എല്ലാവരും തിരുമേനീ എന്നു വിളിക്കുമല്ലോ അവനെ.

തിരിച്ചുവരുമ്പോഴും കയറും ഇവിടെ എന്നു ഭീഷണി മുഴക്കിക്കൊണ്ടാണ് ഇന്ദിര പോയിട്ടുള്ളത്. അവൾക്ക് വിശ്വപ്രസിദ്ധ ചിത്രകാരന്മാരെപ്പറ്റി അറിയണമേത്ര. അതായത് എന്റെ ഇഷ്​ടാനിഷ്​ടങ്ങൾ. എന്താണ് കുഴപ്പം എന്നറിയാമോ. ഞാൻ എന്നെങ്കിലുമെല്ലാം പ്രകടിപ്പിക്കുന്ന ഈ അഭിപ്രായങ്ങൾ പിന്നീട് എപ്പോഴെങ്കിലും അവൾ എെൻ്റ നേർക്കുതന്നെ വെച്ചു നീട്ടും. സ്വന്തം കാഴ്ചപ്പാട് എന്ന മട്ടിൽ.

വെറും ഒരു സഖാവല്ല അവൾ, ഒന്നാംതരം സഖിയാണ്.

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments