ചിത്രീകരണം: ബൈജു ലൈലാ രാജ്

ബ്ലാ

രവി

36. ചാരം ആചാരം ആഭിചാരം

ന്തും കൃത്യമായും വൃത്തിയായും മാത്രം ചെയ്തുപോന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. മാലാഖ എന്നായിരുന്നു അവളുടെ പേര്‍. മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ മാലാഖ ഏറ്റവും മര്യാദ കാണിച്ചു. അവള്‍ തലമുടി ചീകാതെ വെയ്ക്കുകയോ നഖം കടിക്കുകയോ ചെയ്യുമായിരുന്നില്ല. മുതിര്‍ന്നവരെ അനുസരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു സുസ്മേരവദനയായിരുന്നു മാലാഖ.

അതുകൊണ്ടുതന്നെ അവളെ വെറുക്കുന്നവരും ഉണ്ടായിരുന്നു.
ഓ, അവള്‍ ഒരു മാലാഖ വന്നിരിക്കുന്നു, അവര്‍ എപ്പോഴും മുറുമുറുത്തു. സൗമനസ്യത്തിന്റെ നിറകുടം ആണേത്ര അവള്‍. അതുകൊണ്ട് തുളുമ്പില്ലാ പോലും. വേണ്ടാ, തുളുമ്പണ്ടാ, ആര്‍ക്കാണ് ചേതം!

ചെകുത്താന്‍ അവളെപ്പററി കേട്ട് രോഷാകുലനായിത്തീരാന്‍ അധിക കാലം വേണ്ടിവന്നില്ല.

കുട്ടികള്‍ക്ക് കുറച്ച് നിഷ്‌കളങ്കതയും സൗമനസ്യവും ഒക്കെ ആവാം എന്നു വെയ്ക്കാം. എന്നാല്‍ ഈ കുരിപ്പുണ്ടല്ലോ, ഇതിനെ സഹിക്കാന്‍ വയ്യ. ഇത് വലുതാവുമ്പോള്‍ എന്താണ് ആയിത്തീരുക എന്നറിയാമോ. അവളുടെ ഒരേയൊരു കുറവ് എന്നത് അവള്‍ക്ക് കുറവുകളൊന്നും ഇല്ല എന്നതായിരിക്കും, ഹോ! ...

അങ്ങനെ ഇരിക്കപ്പൊറുതി ഇല്ലാതെ ആയപ്പോള്‍ ചെകുത്താന്‍ ഒരു കടലാസില്‍ സ്വകാര്യമായി എന്തെല്ലാമോ കുറിച്ചു വെയ്ക്കാന്‍ തുടങ്ങി. മാലാഖയെ പ്രകോപിപ്പിക്കാനുള്ള ഏതാനും നടപടികള്‍.

അവള്‍ ഒന്ന് മുഖം ചുളിച്ചുകണ്ടാലെങ്കിലും മതിയായിരുന്നു. അതിനായി പല വിദ്യകളും ചെകുത്താന്‍ പയറ്റിനോക്കി. കുറച്ച് തവണ മററുള്ളവരോട് കയര്‍ക്കാന്‍ ഇടയായാല്‍ അവളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമല്ലോ. പരിക്ക് പറ്റാനും കൂടി സാദ്ധ്യതയുണ്ട്. പിന്നെ ആര്‍ വിളിക്കും അവളെ നന്മയുടെ ആള്‍രൂപം, മൂര്‍ത്തിമദ്ഭാവം എന്നെല്ലാം.

ചെകുത്താന്‍ അവളുടെ അടുത്തേയ്ക്ക് ചൊറിയും ചിരങ്ങും ചുമയും എല്ലാം അയച്ചു, പല ക്ഷുദ്രജീവികളെയും അവളുടെ ശരീരത്തില്‍ കടിക്കാനും കുത്താനും പറഞ്ഞേല്പിച്ചു, ... എന്നാല്‍ അതൊന്നും മാലാഖയെ വിഷമിപ്പിച്ചില്ല. മുഖം ചുളിക്കാതെ, മുറിവുകളില്‍ മാന്തുകയോ ചൊറിയുകയോ ചെയ്യാതെ, പുഞ്ചിരിച്ചുകൊണ്ട് അവള്‍ എല്ലാം സഹിച്ചു.

ചെകുത്താന്‍ അയച്ച ഒരു കാളക്കൂറ്റന്‍ മാലാഖയുടെ പ്രിയപ്പെട്ട ബൊമ്മയെ ചവിട്ടിമെതിച്ചു. എന്നാല്‍ കാളക്കൂറ്റന്​ അവള്‍ നിരുപാധികം മാപ്പ് കൊടുത്തു. അവള്‍ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ തളികയിലെ പായസം തിളപ്പിച്ച് ചെകുത്താന്‍ അവളുടെ കയ്യും നാവും പൊള്ളിച്ചു നോക്കി. എന്നാല്‍ അതും അവളെ കോപിഷ്ഠയാക്കിയില്ല.

വാസ്തവത്തില്‍ അത്തരം പരീക്ഷണങ്ങള്‍ അവള്‍ ഇഷ്ടപ്പെടുന്നതു പോലെയാണ് തോന്നിപ്പിച്ചത്. തന്റെ സന്മനോഭാവത്തിന്റെ മാറ്റ്​ തെളിയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയായിരുന്നല്ലോ മാലാഖയ്ക്ക് അങ്ങനെ.

കുറേ കാലം അങ്ങനെ കടന്നുപോയി. ചെകുത്താന്‍ തന്റെ സൂത്രങ്ങളെല്ലാം പരീക്ഷിച്ചുകഴിഞ്ഞിരുന്നു. എന്തുചെയ്യാനാണ്, ചാഞ്ചല്യമേയില്ലല്ലോ ആ കുരിപ്പിന്, ചെകുത്താന്‍ ചിന്തിച്ചു, ഹി ഹീ, അവസാനത്തെ അടവ് പക്ഷേ ഇപ്പോഴും എന്റെ പക്കലുണ്ടേ. ഉടനടിയങ്ങോട്ട് ഉപയോഗിക്കാന്‍ പററില്ല അത് എന്നല്ലേയുള്ളൂ. വരട്ടെ, ക്ഷമിക്കുക തന്നെ.

അങ്ങനെ അവസാനം ആ കാത്തിരുന്ന നിമിഷം വന്നു. നിമിഷം എന്നല്ല, പിന്നെയങ്ങോട്ട് മാലാഖയ്ക്ക് തന്റെ സല്‍സ്വഭാവം പണ്ടത്തേതുപോലെ സൂക്ഷിക്കാനേ സാധിച്ചില്ല. ഇടയ്ക്കിടക്ക്​ പ്രാകുകയും ശകാരിക്കുകയും കലിതുള്ളുകയും ചെയ്യുന്ന ഒരാള്‍ ആയി മാലാഖ മാറുകയാണ് ഉണ്ടായത്.

ചെകുത്താന് എങ്ങനെയാണ് അത് സാധിച്ചത് എന്നല്ലേ. മാലാഖ മുതിര്‍ന്ന് വിവാഹിതയായപ്പോഴും തന്റെ ഭര്‍ത്താവിനോടൊപ്പം താമസമാക്കിയപ്പോഴും ഒന്നും ചെകുത്താന്‍ യാതൊരു വിധത്തിലും ഇടപെട്ടില്ല. എന്നാല്‍ അവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ ചെകുത്താന്‍ അവിടെ പറന്നെത്തി. നന്മയ്ക്കുവേണ്ടി കഠിനമായി ശാഠ്യം പിടിക്കുന്ന ഒരു അതിമാലാഖയായി ആ കുഞ്ഞ് വളര്‍ന്നുവരാന്‍ വേണ്ടതെല്ലാം ചെകുത്താന്‍ ചെയ്തുവെച്ചു. മതിയല്ലോ.

എന്തിനെഴുതുന്നു എന്തോ എങ്ങോ

രിക്കുന്ന കാലത്ത് അയാള്‍ക്ക് മൂന്നാറില്‍ ഒരു മുറി ഉണ്ടായിരുന്നു. വാടക തരാന്‍ മുടങ്ങിയിരുന്നെങ്കിലും അതിന്റെ ഉടമ അയാളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നില്ല. അകം ആകെ അലങ്കോലമായി കിടക്കുകയായിരുന്നെങ്കിലും അയാള്‍ക്ക് അന്തിയുറങ്ങാന്‍ അത് ധാരാളമായിരുന്നു. അവിടേയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാതിരുന്നതിനാലായിരുന്നു അയാള്‍ കടത്തിണ്ണകളില്‍ നിരങ്ങിയതും വീണുകിടന്നതും. പിന്നീട് ആകസ്മികമായി കൊല്ലപ്പെട്ടതും.

ആനുഷംഗികം ആയിരുന്നു അയാളുടെ പ്രിയപ്പെട്ട ഒരു വാക്ക്. ഒരു ദൗര്‍ബല്യം തന്നെയായിരുന്നു അയാള്‍ക്ക് അത് എന്ന് പഴയ സുഹൃത്തുക്കള്‍ സ്മരിക്കുന്നു. അത് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് അര്‍ത്ഥശങ്ക സൃഷ്ടിക്കുന്നതില്‍ അയാള്‍ രസിച്ചിരുന്നു.

പിന്നെ അവസാനനാളുകളില്‍ എന്തിനാണ് അയാള്‍ ഈ ചെകുത്താന്‍ കഥകള്‍ എഴുതിയത് എന്നതിനെച്ചൊല്ലി പല അഭിപ്രായങ്ങളാണ് പലര്‍ക്കും. ആനുഷംഗികമായി ഒന്ന് ദ്യോതിപ്പിക്കാം: പ്രതിഫലം അയാള്‍ ഒരിക്കലും പ്രതീക്ഷിക്കാറില്ലായിരുന്നു. മണ്ണടിയുന്നതിനു മുമ്പായി സ്മര്‍ത്തവ്യമായ എന്തെങ്കിലും ചെയ്തു വെയ്ക്കണം എന്ന് അയാള്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്​.

അതിശയം അതൊന്നുമല്ല. ഏതെങ്കിലും ആനുകാലികത്തില്‍ അയാള്‍ എന്തെങ്കിലും എഴുതിയിട്ട് കാലം കുറേ കഴിഞ്ഞിരുന്നു. കുടിച്ച് ബോധം കെടണം എന്നു മാത്രമാണ് ഉണര്‍ന്നിരിക്കുമ്പോഴെല്ലാം അയാള്‍ ചിന്തിച്ചിരുന്നത്. അതിനിടയില്‍ എവിടെയോ കുത്തിയിരുന്ന് ഈ കഥകള്‍ എഴുതാന്‍ അയാള്‍ക്ക് എങ്ങനെ കഴിഞ്ഞു.

മരിക്കുമ്പോള്‍ അയാളുടെ കീശയില്‍ സ്വന്തം മകന്‍ എഴുതിയ ഒരു കത്ത് ചുളുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

പ്രിയപ്പെട്ട പപ്പാ,
പപ്പ എവിടെയാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
എനിക്കും മമ്മയ്ക്കും ഇവിടെ ഒരു സുഖവുമില്ല.
എപ്പോഴും കഷ്ടപ്പാടും ബുദ്ധിമുട്ടും ആണ്.
പപ്പയെ കണ്ടില്ലെങ്കില്‍ അടുത്ത ആഴ്ച ഞങ്ങള്‍
ആത്മഹത്യ ചെയ്‌തേയ്ക്കും.
എന്ന് റ്റിൻറിൻ.

അറിയില്ല, അതില്‍ കണ്ണുനീര്‍ത്തുള്ളികള്‍ വീണിട്ടാണ് മഷി പരന്നത് എന്ന് ആരെങ്കിലും സങ്കല്പിച്ചോ എന്ന്. അതായത്, ആ ആരാധകന്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിലും ആ കത്തിലെ മേല്‍വിലാസം വെച്ചുകൊണ്ട് അയാള്‍ ആരാണെന്ന് അന്വേഷിച്ചറിയാന്‍ ആവുമായിരുന്നു. അാതജഡം ആയിത്തീരാന്‍ എളുപ്പമൊന്നുമല്ല.
വെറും വിരകതികൊണ്ടു മാത്രം സാദ്ധ്യമാവില്ല തന്നെ അത്. നിസ്വനും വൈരാഗിയുമായി ഭവിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുന്നുണ്ടാവാം. പക്ഷേ വ്യവസ്ഥിതി എന്നൊന്നുണ്ടല്ലോ ഇവിടെ. ഒരു മൃതശരീരത്തെ അത് കുടുംബത്തില്‍ എത്തിച്ചിരിക്കും.

.... എനിക്കും വേണോ ഒസ്യത്ത്. വിദൂരദേശത്തെ എന്റെ ഒരു സ്നേഹിത കുട്ടികള്‍ക്കായി എഴുതിയ ഒരു പുസ്തകം എനിക്ക് അയച്ചുതന്നു. യാദൃച്ഛികമായി അത് വായിച്ചപ്പോള്‍ അത് ഒരു നിമിത്തം ആയി തോന്നി. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ ഈ കഥകള്‍ എഴുതിയത്. തികച്ചും മൗലികമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം. അല്ലെങ്കിലും പകര്‍പ്പവകാശമൊന്നും എനിക്കു വേണ്ട ...

ദുരൂഹമായി ഒന്നുകൂടി അവശേഷിക്കുന്നു. എങ്ങനെ അയാളുടെ ഈ കഥകള്‍ പലയിടത്തുമായി പ്രസിദ്ധീകരിക്കപ്പെട്ടു. തപാലില്‍ വന്നതോ ആരെങ്കിലും മുഖദാവില്‍ കൈമാറിയതോ അല്ല അവ എന്ന് പത്രാധിപന്മാര്‍ ആണയിടുന്നു. ഞാന്‍ നോക്കുമ്പോള്‍ അതുണ്ട് എന്റെ മേശമേല്‍ ഇരിക്കുന്നു.

ഈ ചെകുത്താന്റെ ഓരോ ചെയ്തികള്‍!

ല്ലാ വിധത്തിലും കൊള്ളരുതാത്തവനായ ഒരാള്‍ ഉണ്ടായിരുന്നു. മറ്റുള്ളവരെ നിഷ്‌കരുണം പററിച്ച് അയാള്‍ കുറേയേറെ പണം സമ്പാദിച്ചു. അതിനാല്‍ ആളുകള്‍ അയാളെ വിളിച്ചിരുന്നത് വഞ്ചകന്‍ എന്നായിരുന്നു. അത് മനസ്സിലാക്കിയിട്ടും അയാള്‍ക്ക് യാതൊരു ചാഞ്ചല്യവുമുണ്ടായിരുന്നില്ല. സാധാരണക്കാരെ നിരന്തരം ചതിച്ചുകൊണ്ട് അയാള്‍ ജീവിതം തുടര്‍ന്നു.

എന്നാല്‍ പെട്ടെന്ന് ഒരു ദിവസം അയാള്‍ക്ക് മരിക്കേണ്ടിവന്നു. പൊരിച്ച പന്നിമാംസം കണക്കില്ലാതെ തിന്നുകൊണ്ടിരുന്നതാണ് അയാളുടെ മരണത്തിനു കാരണമായത് എന്ന് ആളുകള്‍ വിശ്വസിച്ചു.
അയാളുടെ ഭാര്യ സ്യൂ ദുഃഖാചരണത്തിന് കുറവൊന്നും വരുത്തിയില്ല. ഭര്‍ത്താവിന്റെ ചിതാഭസ്മം ഒരു പിച്ചളക്കുടുക്കയില്‍ നിറച്ചിട്ട് സ്യൂ അത് അടുപ്പിനടുത്തായി സൂക്ഷിച്ചുവെച്ചു. എപ്പോഴും ആ കുടുക്കയ്ക്ക് ഒരു ഇളംചൂട് കിട്ടിക്കൊണ്ടിരിക്കട്ടെ എന്ന് സ്യൂ വിചാരിച്ചു.
വഞ്ചകന്‍ ഒന്നാംതരം ചൂടുകള്‍ ഉള്ള നരകത്തിലേയ്ക്കായിരിക്കുമല്ലോ എത്തിയത്. അല്ലേ. മറിച്ച് തെറ്റിദ്ധരിക്കാന്‍ അയാളുടെ ഭാര്യയ്ക്ക് സാധിച്ചതേയില്ല എന്നര്‍ത്ഥം.

ഒറ്റയ്​ക്കായപ്പോള്‍ സ്യൂ ഒരു വൃത്തിയില്ലാത്ത നായയെ വളര്‍ത്താന്‍ തുടങ്ങി. തുമ്മുകയും മുരളുകയും ഉറക്കെ കൂര്‍ക്കം വലിക്കുകയും ഒക്കെ ചെയ്യുന്ന ഒരു മുഷ്‌ക്കന്‍ നായ. പോരെങ്കില്‍ ദുര്‍ഗന്ധവുമുണ്ട്, സ്യൂ തന്റെ കൂട്ടുകാരികളോട് അടക്കം പറഞ്ഞു. അതിനാല്‍ വീട്ടില്‍ തന്നെ ഉണ്ട് ഭര്‍ത്താവ് ഇപ്പോഴും എന്നുവരെ തോന്നാറുണ്ട് എനിക്ക് ചിലപ്പോള്‍ ....

എന്നാല്‍ സ്യൂ തന്റെ നായയ്ക്ക് യഥേഷ്ടം സ്വാതന്ത്ര്യം നല്‍കിയിരുന്നതിനാല്‍ അതിന്റെ സ്വഭാവം ആകെ വഷളായിരുന്നു. അത് ഇറച്ചിക്കഷണങ്ങള്‍ ഇട്ട് വലിച്ചിഴച്ച് പരവതാനി വൃത്തികേടാക്കിക്കൊണ്ടിരുന്നതും മററും വീട്ടിലെ ജോലിക്കാരിക്ക് തലവേദന ഉണ്ടാക്കി.

ഒരു ദിവസം നായ ഉപേക്ഷിച്ച ഒരു എല്ലിന്‍കഷണം നിലത്ത് കിടക്കുന്നത് ജോലിക്കാരി കണ്ടു. ഒരു പന്നിയുടെ അസ്ഥിയുടെ ഭാഗം. അവള്‍ അത് എടുത്ത് അടുപ്പിലെ തീയിലേയ്ക്കിട്ടു. തീയില്‍ കിടന്ന് അത് കത്തി ചാരമായി. പിറ്റേന്ന് നിലം അടിച്ചുവാരുന്നതിനിടയില്‍ അവളുടെ ചൂല്‍ വഞ്ചകന്റെ ഭസ്മം നിറച്ച കുടുക്കയില്‍ തട്ടുകയും അത് ഉരുണ്ടുമറിഞ്ഞ് അടുപ്പിലേയ്ക്ക് വീഴുകയും ചെയ്തു.
അയ്യയ്യോ, ജോലിക്കാരി നടുങ്ങിപ്പോയി. എന്നാല്‍ എന്തു ചെയ്യാനാണ്. ഭാഗ്യത്തിന് ആരും കണ്ടിട്ടില്ല അത്. അവള്‍ വേഗം അടുപ്പില്‍ തൂവിപ്പോയ ചിതാഭസ്മം ഒരു ചട്ടുകം കൊണ്ട് കോരിയെടുത്ത് ആ കുടുക്കയില്‍ തന്നെ നിറച്ചു.
പ്രശ്‌നമൊന്നുമില്ലാതെ എല്ലാം പരിഹരിക്കപ്പെട്ടു എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമായിരുന്നു. എന്നാല്‍ ഒരു അബദ്ധം സംഭവിച്ചിട്ടുണ്ടായിരുന്നു. വഞ്ചകന്റെ ഭസ്മം മാത്രമല്ല ഇപ്പോള്‍ കുടുക്കയില്‍ നിറഞ്ഞിരുന്നത്. അടുപ്പില്‍ നിന്നുള്ള കുറച്ച് ചാരം കൂടി അതില്‍ ചേര്‍ന്നിരുന്നു. അതിലാവട്ടെ, പന്നിയുടെ എല്ല് ചാരമായതും ഇടകലര്‍ന്നിരുന്നു. എന്നാല്‍ ഭൂമിയില്‍ അതൊന്നും മനസ്സിലാവുകയുണ്ടായില്ല.
നരകത്തിലായിരുന്നു അത് പ്രതിഫലിച്ചു കണ്ടത്. ഒരു സംഘഗാനത്തിനുവേണ്ടി വരികള്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ചെകുത്താന്റെ അടുത്തു ചെന്നു നിന്നിട്ട് വഞ്ചകന്‍ തനിക്ക് സംസാരിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു.
എന്താണ് വിശേഷം?, ചെകുത്താന്‍ തല ഉയര്‍ത്തിനോക്കാതെ ചോദിച്ചു. പ്രിയപ്പെട്ട വഞ്ചകന് എന്താണ് ഉണര്‍ത്തിക്കാനുള്ളത്.
വിശേഷം എന്താണെന്നോ, വഞ്ചകന്‍ ഏങ്ങി, ഒന്ന് തല പൊന്തിച്ചുനോക്കണം അങ്ങുന്നേ വിശേഷം കാണണമെങ്കില്‍.
നോക്കിയപ്പോള്‍ ചെകുത്താന്‍ കണ്ടത് ഒരു പന്നി വഞ്ചകന്റെ കൂടെ നില്‍ക്കുന്നതായിരുന്നു. ഒരു തടിച്ച പന്നി. അത് വഞ്ചകനോട് ഉരുമ്മിനില്ക്കുകയായിരുന്നു.
എന്തിനാണ് നിങ്ങള്‍ ഈ പന്നിയെയും കൂടെ കൊണ്ടുനടക്കുന്നത്? ചെകുത്താന്‍ പുച്ഛം പ്രകടിപ്പിച്ചു, എവിടെ നിന്നു കിട്ടി ഇതിനെ.
എനിക്കെങ്ങനെ അറിയാന്‍, എന്നോട് ചോദിക്കുന്നോ, വഞ്ചകന്‍ വിതുമ്പി, ഞാന്‍ അതിനെ ക്ഷണിച്ചുവരുത്തിയതൊന്നുമല്ല. അത് തന്നത്താന്‍ വരുന്നതാണ്. എത്ര കുടഞ്ഞുകളഞ്ഞിട്ടും അത് മാറിപ്പോവുന്നുമില്ല ...

സത്യം പറയാമല്ലോ, ഇന്നലെ വരെ ഒരു കുഴപ്പവുമില്ലായിരുന്നു ഇവിടെ എനിക്ക്, സ്വന്തമായി ഒരു ചായിപ്പ്, തിന്നാനും കുടിക്കാനും ഇഷ്ടം പോലെ. എന്നാല്‍ പെട്ടെന്നിതാ - എവിടെനിന്നാണെന്നറിയില്ല, ഈ പന്നി വന്ന് എന്റെ ഒപ്പം കൂടിയിരിക്കുന്നു. എന്റെ വളര്‍ത്തുമൃഗം - ഓമനയാണ് അത് എന്നാണ്​ അതിന്റെ ഭാവം. കിടക്കയിലേയ്ക്ക് വരെ കയറുന്നു എന്റെ കൂടെ അത് .... എന്തുകൊണ്ടാണ് ഇത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല എനിക്ക്.

ഓ, എനിക്കും ഇല്ല അത്, ചെകുത്താന്‍ മുരണ്ടു.

എന്തായാലും എന്തെങ്കിലും ചെയ്‌തേ പറ്റൂ ഇപ്പോള്‍. വഞ്ചകന്‍ പന്നിയെ ഒരിക്കല്‍ കൂടി ഉന്തി മാറ്റാന്‍ ശ്രമിച്ചു നോക്കിയെങ്കിലും അത് വീണ്ടും അയാളോട് ഒട്ടിനിന്നു. തന്റെ ചുവന്ന കുരുന്നു കണ്ണുകളില്‍ സ്നേഹവായ്‌പോടെ പന്നി അയാളുടെ മുഖത്തേയ്ക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
ഒത്ത ഒരു പന്നി, ചെകുത്താന്‍ അവലോകനം നടത്തി, മാത്രമല്ല അതിന് നിങ്ങളോട് ഗാഢമായ സ്നേഹമോ മറ്റോ ഉണ്ട് എന്നും തോന്നുന്നൂ.
അതെന്തോ ആവട്ടെ ശ്രീ ചെകുത്താന്‍ ... അനന്തകാലം ഈ ജന്തുവിന്റെ ഒപ്പം ഉണ്ണാനും ഉറങ്ങാനും എന്നെക്കൊണ്ട് പറ്റില്ല. ഇതിന് ഉടനടി ഒരു പരിഹാരം ഉണ്ടാക്കിയേ പറ്റൂ.
ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ - നമുക്ക് കണ്ടുപിടിക്കാം അത്, ചെകുത്താന്‍ നെറ്റി ചുളിച്ചു, പക്ഷേ നോക്കൂ ആ ശ്രീ വേണ്ട കേട്ടോ!....

വഞ്ചകന്‍ പന്നിയോടൊപ്പം തിരിച്ചുപോയി. ചെകുത്താന്‍ ഉടനെ നരകത്തിലെ ആസ്ഥാനപണ്ഡിതരെയും തന്റെ ഉപദേഷ്ടാക്കളെയും വിളിപ്പിച്ചു. അവര്‍ പല ഗ്രങ്ങളും പ്രമാണങ്ങളും പരിശോധിച്ചിട്ട് അവസാനം ഒരു പൊതുനിഗമനത്തില്‍ എത്തിച്ചേര്‍ന്നു.
ഒരു സാദ്ധ്യത കാണുന്നത് ഇതാണ്, പിറ്റേന്ന് വഞ്ചകന്‍ തന്റെ മുന്നില്‍ എത്തിയപ്പോള്‍ ചെകുത്താന്‍ പ്രസ്താവിച്ചു, നിങ്ങള്‍ ഈ പന്നിയൊടൊപ്പമായിരിക്കാം സംസ്കരിക്കപ്പെട്ടത്.

അസംഭാവ്യം!, വഞ്ചകന്‍ ഊന്നിപ്പറഞ്ഞു, എന്നെ ചിതകൂട്ടി ദഹിപ്പിക്കുകയാണ് ഉണ്ടായത്. അതില്‍ നിന്നുള്ള ഭസ്മം എന്റെ പത്‌നി സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്.
അതെന്തോ ആവട്ടെ, എന്തായാലും ശരി. നിങ്ങളുടെ മരണം ഒരു പന്നിയുടേതുമായി എവിടെയോ എങ്ങനെയോ കൂടിക്കുഴഞ്ഞിട്ടുണ്ട്.

അപ്പോള്‍ അത് വെവ്വേറെയാക്കാന്‍ ഞാന്‍ തന്നെ ഇറങ്ങിത്തിരിക്കേണ്ടി വരും അല്ലേ?, വഞ്ചകന്‍ പന്നിയുടെ മേല്‍ പതുക്കെ ഒന്നു തൊഴിച്ചു. ഹോ, ഇനിയും രണ്ടുനാള്‍ കൂടി ഈ ജന്തുവിന്റെ കൂടെ കഴിയേണ്ടിവന്നാല്‍ - ശ്ശോ, എനിക്ക് ഭ്രാന്ത് പിടിച്ചതുതന്നെ!...

വഞ്ചകന്റെ വീട്ടില്‍ പോയി നോക്കുന്ന ദൗത്യം ചെകുത്താന്‍ ഏറ്റു. സ്യൂ കണ്‍വെട്ടത്തില്ലാത്ത തക്കം നോക്കി ചാടി വീണ് ചെകുത്താന്‍ ആ കുടുക്ക മോഷ്ടിച്ച് കൊണ്ടുവരികയും ചെയ്തു. നരകത്തില്‍ തിരിച്ചെത്തി അതിലെ ചാരം മുഴുവനും നിലത്ത് കൊട്ടിയിട്ട് ചെകുത്താന്‍ വഞ്ചകനെ അടുത്തേയ്ക്ക് വിളിച്ചു.

ഇനി തുടങ്ങാം വഞ്ചകാ. ഇതില്‍ നിങ്ങളുടെ ചാരമേതാണ്, പന്നിയുടെ ചാരമേതാണ് - ഓരോരോ തരിയായി മാറ്റിമാറ്റി വെച്ചു കൊള്ളുക. സ്വന്തം മനഃസമാധാനത്തിനു വേണ്ടിയല്ലേ, കുറേ അദ്ധ്വാനിച്ചാലും കുഴപ്പമില്ല.

ഓ, അത് വലിയ മെനക്കേടൊന്നുമില്ല. തീര്‍ച്ചയായും ഭൂതക്കണ്ണാടിയിലൂടെ നോക്കിയാല്‍ തിരിച്ചറിയാന്‍ പറ്റില്ലേ വ്യത്യാസം. എന്റെ ചാരം പന്നിയുടെ ചാരം, പന്നിയുടെ ചാരം എന്റെ ചാരം. എന്റെ ചാരം .....

അങ്ങനെ വഞ്ചകന്‍ തന്റെ ജോലി തുടങ്ങി.
എന്റെ ചാരം പന്നിയുടെ ചാരം, എന്റെ ചാരം പന്നിയുടെ ചാരം, ....
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. പന്നിയുടെ ചാരത്തിന് നേരിയ നിറഭേദം ഉണ്ടായിരുന്നു. ഒരു കൊല്ലം കൊണ്ട് ഒരു നുള്ള് ചാരം അയാള്‍ വേര്‍തിരിച്ചെടുത്തു.
എന്റെ ചാരം നിന്റെ ചാരം, നിന്റെ ചാരം എന്റെ ചാരം, ....

ആദ്യമൊക്കെ തൊട്ടടുത്തായി തന്നെ സാകൂതം നോക്കിക്കോണ്ടേയിരിക്കുമായിരുന്ന പന്നി പതുക്കെ അകന്നുകൊണ്ടിരിക്കുന്നത് വഞ്ചകന്‍ ശ്രദ്ധിച്ചു. രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും പന്നി കുറേ നേരത്തേയ്ക്ക് അയാളെ വിട്ടുനില്‍ക്കാനും അലഞ്ഞുതിരിയാനും ഒക്കെ തുടങ്ങി. ക്രമേണ ആഹാരം കഴിക്കാന്‍ മാത്രമേ പന്നി അടുത്തേയ്ക്ക് വരൂ എന്നായി. അത് അയാളുടെ ഉന്മേഷം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഉണര്‍വ്വോടെ അയാള്‍ ജോലി തുടരുകയും ചെയ്തു.

അങ്ങനെ നാലേകാല്‍ നാലര കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും ചാരം വേര്‍തിരിക്കല്‍ ഏകദേശം പൂര്‍ത്തിയായിരുന്നു. അപ്പോഴാണ് വഞ്ചകന്റെ വീട്ടിലെ ജോലിക്കാരി എന്തോ ദെണ്ണം പിടിച്ച് മരിച്ച് നരകത്തില്‍ എത്തിച്ചേര്‍ന്നത്. അവളുടെ കയ്യില്‍ അപ്പോഴും ആ ചൂല്‍ ഉണ്ടായിരുന്നു.
നരകത്തില്‍ കാല്‍ കുത്തിയപ്പോള്‍ അവള്‍ ആദ്യം ശ്രദ്ധിച്ചത് ചാരത്തിന്റെ ആ രണ്ട് കൂമ്പാരങ്ങളായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു നിമിഷം ഒന്ന് നടുനിവര്‍ത്താനായി വഞ്ചകന്‍ അപ്പുറത്തേയ്ക്ക് മാറി വിശ്രമിക്കുന്ന സമയം.
ബെ, ഇവിടെ ആകെ അശിങ്കമാണല്ലോ, ജോലിക്കാരി പിന്നെ ശങ്കിച്ചു നില്‍ക്കാതെ ചൂല്‍ കൊണ്ട് ഒററ വീശ്. ചാരം മുഴുവനും കോരിയെടുത്ത് അവള്‍ മുറ്റത്ത് കൊണ്ടു പോയി കൊട്ടിക്കളഞ്ഞു.

പെട്ടെന്ന് പന്നി തന്റെ മേല്‍ മൂക്ക് കൊണ്ട് ഉരസുന്നത് കണ്ടുകൊണ്ട് വഞ്ചകന്‍ ഞെട്ടിയുണര്‍ന്നു. വിവരം മനസ്സിലായപ്പോള്‍ അയാള്‍ വിളറി വിറങ്ങലിച്ചുപോയി. എത്ര കാലത്തെ പ്രയത്‌നമായിരുന്നു - എന്റെ ചാരം നിന്റെ ചാരം, ....

ഇനി എന്തു ചെയ്യാനാണ്. രാവും പകലും അതിനെ സഹിക്കാന്‍ ശീലിക്കുക തന്നെ. ഒരു പക്ഷേ ഒരു നല്ല ചങ്ങാതിയായി മാററിയെടുക്കാന്‍ സാധിക്കുകയാണെങ്കിലോ അതിനെ - ഒരു ആത്മമിത്രം.

അങ്ങനെ വഞ്ചകന്‍ പന്നിയെ ചതുരംഗവും ചീട്ടുകളിയും പഠിപ്പിച്ചു. കള്ളക്കളിയില്‍ അയാളെ നിഷ്പ്രഭനാക്കുന്ന എതിരാളിയായിരുന്നു പന്നി എപ്പോഴും.
നിര്‍ണ്ണായക ശക്തിയായ ജോലിക്കാരി നരകത്തിന്റെ ഒരു മൂലയില്‍ താമസമാക്കി. ഭാര്യയോട് പകരം വീട്ടണമെങ്കില്‍ അയാള്‍ക്ക് ഒന്നു ചെയ്യാം, അവള്‍ ആലോചിച്ചു, ആ പന്നിയെ സ്യൂ എന്നു വിളിച്ചാല്‍ പോരേ ...
എന്നാല്‍ നരകത്തിലെ തിണ്ണകളും പായകളും നിലങ്ങളും പരവതാനികളും വൃത്തിയായി സൂക്ഷിക്കുന്നതില്‍ പിന്നീട് അവള്‍ കാണിച്ചതായിരുന്നു ശുഷ്‌കാന്തി!

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments