ചിത്രീകരണം : ബൈജു ലൈലാ രാജ്

ബ്ലാ

രവി

41. കുറ്റിച്ചൂളന്‍

ഞാന്‍ ആണയിടുന്നു യസ്മീന്‍.
ഓ, അത് എത്ര വേണമെങ്കിലും ചെയ്‌തോ, അങ്ങനെ തട്ടിമാറ്റിയെങ്കിലും അവള്‍ക്ക് ലഹരി എന്താണ് ആണയിടുന്നത് എന്ന് അറിയണമെന്നു തോന്നി, ശരി, എന്താണ് ഈ ആണ?

മറ്റാരും മുമ്പോട്ട് വരാത്തതുകൊണ്ടും ആ കോന്തന്റെ കാശ് കൊണ്ടുവേണ്ട എന്റെ സ്വപ്നസാക്ഷാല്‍ക്കാരം എന്ന് വാശിയുള്ളതു കൊണ്ടും ....
കൊണ്ടും?
ഞാന്‍ അത് ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കുകയാണ് ലഹരി, തീരുമാനിക്കുകയാണ്.
ഓ, നന്നായി ലഹരി, യാസ്മിന്‍ അവസരത്തിനൊത്തുയര്‍ന്നു, അല്ലെങ്കിലും ഇവിടെ നീ കൂടി ഒരു മൂവീ ചെയ്തിട്ട് എന്തിനാണ് ... ഒട്ടു മിക്കവരും തരക്കേടില്ലാതെ നിര്‍മ്മിക്കുന്നുണ്ട് ഇപ്പോള്‍. വേണ്ടാന്നു വെച്ചോന്നേ, ഒരു കുഴപ്പവുമില്ല.
തോന്നിയ കവിത എഴുതാത്തയാളാണ് നല്ല കവി എന്ന് നീ കേട്ടിട്ടില്ലേ, അതു മാതിരി ...

അവളുടെ സ്വാധീനവലയത്തില്‍ നിന്ന് തെന്നിമാറിയതാണ് ഞാന്‍ ചെയ്ത നല്ല കാര്യം, യാസ്മിന്‍ ഓര്‍ത്തു, എന്തുകണ്ടിട്ടാണ് അവളെ ഞാന്‍ അങ്ങനെ പൊക്കിവെച്ചിരുന്നത് എന്നാണ് എനിക്കിപ്പോള്‍ അത്ഭുതം. അവള്‍ താഴ്ത്തിക്കെട്ടിയപ്പോള്‍ ഞാന്‍ സഹിച്ചു കൊണ്ടിരുന്നതും എന്തുകൊണ്ടാണാവോ.

മൂങ്ങകളോട് എനിക്ക് മുമ്പേ ഉണ്ടല്ലോ പ്രതിപത്തി. അവളെ കണ്ടു പഠിച്ചതൊന്നുമല്ല അത് ഞാന്‍. കൂമനും വവ്വാലും പാറ്റാടയും മറ്റും എന്റെ ചുറ്റുമല്ലേ താമസിക്കുന്നത്. എന്റെ വീട്ടുമുറ്റത്തെ ബദാം മരത്തില്‍ ഒരു ആവാസവ്യവസ്ഥ തന്നെ പുലരുന്നുണ്ടല്ലോ.

എന്റെ മരം എന്നു തന്നെ പറയാം. ഞാന്‍ ശാഠ്യം പിടിച്ചതുകൊണ്ടാണ് ഒരു തൈ അവിടെ നട്ടത്. പത്തുപതിനേഴുകൊല്ലം കൊണ്ട് അത് തഴച്ചുവളര്‍ന്ന് പന്തലിച്ചു. നിറയെ കിളികളും അണ്ണാന്മാരും ഉണ്ടാവും എപ്പോഴും അതില്‍. എന്തെല്ലാം നിറങ്ങളിലാണ് അതിന്റെ ഇലകള്‍ പഴുത്ത് പൊഴിഞ്ഞുവീഴുക.

ആദ്യം അത് വെച്ചുപിടിപ്പിക്കാന്‍ ആരും സമ്മതിച്ചില്ല. കമ്പിളിപ്പുഴുക്കളും മറ്റു പൂച്ചികളും വന്നു നിറയുമേത്ര സാധാരണ ആ മരത്തില്‍. പിന്നെ നിരന്തരമായ ഇലപൊഴിച്ചില്‍. അത് ഞാന്‍ അടിച്ചുകൂട്ടിയിട്ട് കത്തിച്ചു കളയാം ഇടയ്ക്കിടയ്ക്ക് എന്ന് ഏറ്റു. എന്നിട്ടോ, മരം ഉയര്‍ന്നുവന്ന് തണലായപ്പോള്‍ എല്ലാവര്‍ക്കും അഭിമാനമായി.

ഒരിക്കല്‍ ഒരു മലയണ്ണാന്‍ അതില്‍ വന്നു പെട്ടു. ഒരു പക്ഷേ ഒരു പൊത്ത് കിട്ടുമോ എന്നു തിരഞ്ഞുവന്നതാവും. അപ്പോള്‍ തന്നെ കുറേ സാധാരണ അണ്ണാന്മാര്‍ ചുറ്റും കൂടി ലഹളയുണ്ടാക്കി അതിനെ അവിടെനിന്ന് ഓടിച്ചു വിട്ടു. വീഡിയോ എടുത്തുവെയ്‌ക്കേണ്ടിയിരുന്നതാണ്.

പക്ഷേ ഇതൊന്നുമല്ല എന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ കാരണം. രാത്രി ഒമ്പതര പത്തുമണിക്കൊക്കെ നോക്കിയാല്‍ മരത്തിലെ കായകള്‍ തിന്നുന്ന നരിച്ചീറുകളെ കാണാറുണ്ട്. എന്നാല്‍ മിനിഞ്ഞാന്ന് പെട്ടെന്നാണ് ഒരു പുതിയ കരച്ചില്‍ അവിടെ നിന്നു കേട്ടത്.
ഊ ഹ ഹ ഹ ഹ ഹാ!
അന്വേഷിച്ചപ്പോള്‍ കാലന്‍കോഴി എന്ന പക്ഷിയാണ് അത് എന്നു മനസ്സിലായി. വംശനാശം വന്നു അതിന് എന്നാണ് എല്ലാവരും ധരിച്ചിരുന്നത് അത്രേ. മൂങ്ങ, നത്ത് എന്നിവയുടെയൊക്കെ വര്‍ഗ്ഗത്തില്‍ പെട്ട ഒരാള്‍ തന്നെ.

എന്തൊരു വ്യതിരിക്തമായ കൂജനമാണ്.
ഊ ഹ ഹ ഹാ.
ഇതുപക്ഷേ അടുത്തുനിന്നു കേള്‍ക്കുന്നതിലേക്കാളും ഭീതിദമാവും ദൂരെനിന്നാണ് വരുന്നതെങ്കില്‍, അല്ലേ. ഇതിലെ കായ അതിനും ഇഷ്ടമായിക്കാണും.

അപ്പോള്‍ ഇടയ്ക്കിടയ്ക്ക് അത് ഇതിലേ വരുമായിരിക്കും ഇനി എന്ന് പ്രതീക്ഷിക്കാം. ഇരുട്ടില്‍ വ്യകതമായി കാണാന്‍ കഴിഞ്ഞില്ല എങ്കിലും എന്റെ കാലന്‍കോഴി എന്നു വിളിക്കാം ഇനി അതിനെ.

ഊ ഹ ഹ ഹ ഹാ.
എന്തൊരു രസികന്‍ കൂവല്‍. ഞെട്ടിത്തരിച്ചുപോയി ഞാന്‍ തൊട്ടടുത്തുനിന്ന് അതു കേട്ടപ്പോള്‍. എന്തിനാണാവോ അത് പെട്ടെന്ന് പറന്നുപോയത്.

ദുഃശകുനമായിരുന്നു പക്ഷേ എല്ലാവര്‍ക്കും അത്. ആ കൂവല്‍ കേട്ടാല്‍ മരണം വരുന്നുണ്ടെന്ന് അര്‍ത്ഥമുണ്ടേത്ര. കാലനെ വിളിച്ചുവരുത്തുകയാണ് അത് എന്നോ മറ്റോ.
ഊ ഹ ഹ ഹ ഹാ! ...

അത്താഴം കഴിഞ്ഞ് ഉലാത്താനായി തുറസ്സില്‍ എത്തിയപ്പോള്‍ അവള്‍ക്ക് വീണ്ടും ലഹരിയെ ഓര്‍മ വന്നു. ഇപ്പോള്‍ അത് അവളോടൊപ്പം ഞാവല്‍പ്പഴം തിന്നതായിരുന്നു. പഴത്തിന്റെ ആ ഊതനിറം പറ്റിപ്പിടിച്ചത് അന്യോന്യം നാവുനീട്ടിക്കാണിച്ചുകൊണ്ടിരുന്നതും മറ്റും.

ഈ ഊ ഹ ഹാ കഥ കേട്ടാലും അവള്‍ക്ക് തരാനുണ്ടാവുമല്ലോ ചില നിര്‍ദ്ദേശങ്ങള്‍.
യസ്മീന്‍, കാലന്‍കോഴിയെ പരസ്യമാക്കുമ്പോള്‍ നീ സൂക്ഷിക്ക് ട്ട്വോ.
ഓഹോ, അതെന്തിനാണ് ലഹരി. ഇല്ലാതായ ഒരു പക്ഷിയെ കണ്ടുപിടിച്ച് വളര്‍ത്തുന്നു എന്നാണ് ഞാന്‍ പോസ്​റ്റ്​ ചെയ്യാന്‍ ആലോചിച്ചത്, അറിയാമോ.
ആങ്, അതെനിക്കറിയാമല്ലോ മണ്ടൂസേ. നീ എന്താണ് വിചാരിച്ചിരിക്കുന്നത്, എല്ലാരും അത് നിര്‍ദോഷഫലിതമായി എടുക്കുമെന്നോ.
എന്താണ് ലഹരീ, എന്താണതില്‍ പ്രശ്‌നം?
ഈ കാലന്‍ എന്നത് നിന്റെ മതത്തില്‍ ഉണ്ടോ യസ്മിന്‍. അത് ആ ഹിന്ദുക്കളുടെ പാവനസങ്കല്പമല്ലേ. അവരുടെ പ്രതീകങ്ങളും ആചാരങ്ങളും സ്വകീയമാക്കാന്‍ ഉദ്യമിക്കുന്നു നീ എന്നല്ലേ അവര്‍ വാദിക്കുക .... വേണ്ടാട്ട്വോ മോളേ, തീക്കളിയാണ്.
അയ്യയ്യേ, എന്താണ് ലഹരി നീ പറയുന്നത് - മറ്റൊരു മതത്തില്‍ ഉള്ള നല്ല ഗുണങ്ങളും സ്വായത്തമാക്കാന്‍ പാടില്ലേ നമ്മള്‍ അപ്പോള്‍.
എന്നാല്‍ നോക്ക്, നിന്നെപ്പോലെ ഒരു ഉമ്മക്കുട്ടി എനിക്ക് ഭാരതം അല്ല, ഇന്‍ഡ്യ എന്ന പേരാണ് ഇഷ്ടം എന്ന് എഴുതി എന്നു കരുത്. അത് എങ്ങനെയാണ് വ്യാഖ്യാനിക്കുക ആളുകള്‍ എന്നറിയാമോ?
പിന്നേ - രാജ്യേദ്രാഹം ചെയ്തിട്ടുവേണ്ടേ എനിക്കു ജീവിക്കാന്‍!
എടുത്തുചാട്ടം വേണ്ട യസ്മിന്‍, സൂക്ഷിച്ചാല്‍ സുഖിക്കാം!.
എന്നോട് ജാഗരൂകയായിരിക്കാന്‍ ആവശ്യപ്പെട്ടിട്ട് അവള്‍ ചെയ്തത് എന്താണ്. പോയി കുടുങ്ങിയില്ലേ മയക്കുമരുന്നുകാരുടെ വലയത്തില്‍. സ്വന്തം പേര് അന്വര്‍ത്ഥമാക്കാനാണോ ആവോ.
എന്താണ് ഹൂച് ആണോ നീ.
ഏയ്, അതൊക്കെ ആദ്യം. ഇപ്പോള്‍ ബ്ലിങ് എന്നൊരു സ്​റ്റഫ്​ ഉണ്ട്. എടീ, സ്വര്‍ഗ്ഗീയമാണ്, ഹാവൂ! ... കാണുന്നവരോടെല്ലാം നമുക്ക്‌ പ്രേമവും തോന്നും.

ഒരു ഒളിത്താവളത്തില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുവരേണ്ടിവന്നു ഇവളെ എന്നാണ് കേട്ടത്. എന്നാലും എന്റെ ലഹരി. മറ്റൊന്നും ചെയ്യാനില്ല എന്നു തോന്നിയാല്‍ പോയി സ്വയം അടിമപ്പെടണോ ലഹരിക്കോ എന്തിനെങ്കിലും ഇങ്ങനെ.
ഏയ്, അതൊന്നും നടന്നിട്ടുണ്ടാവില്ല. ഞാന്‍ സ്വപ്നം കണ്ടതാവും അതെല്ലാം. ലക്ഷ്യം ഇല്ലാതായാല്‍ വഴി പിഴച്ചുപോവും അവള്‍ എന്ന് ഭയമുള്ളതിനാല്‍. ഏയ്, അവളൊന്നും ബ്ലിങ് തിന്നില്ല, ഏയ്, ഏയ്.
ശരി, ഇനി അവള്‍ നിര്‍ദ്ദേശിച്ചത് എടുത്തില്ല എന്നു വേണ്ട. ഒന്നുമില്ലെങ്കിലും എന്നെ ഉമ്മക്കുട്ടി എന്നു വിളിച്ചതല്ലേ. എത്ര കാലമായി ആ വാക്ക് കേട്ടിട്ട്.
നോക്കട്ടെ, മതബിംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വല്ല നാടന്‍പേരുമുണ്ടോ എന്റെ പക്ഷിക്ക് എന്ന് അന്വേഷിക്കാം.
ഊ ഹ ഹ ഹ ഹാ!
ഏയ്, അതിന് മൃത്യുലോകവുമായി യാതൊരു ചാര്‍ച്ചയുമുണ്ടാവില്ല. ഇണയെ ആകര്‍ഷിക്കാനുള്ള പൂവാലന്റെ ചൂളം ആവാം അത്. ഹ ഹ ഹ, ഓരോരുത്തരുടേത് ഓരോ തരത്തില്‍ ആവില്ലേ ആക്രന്ദനം.

സ്ത്രീപുരുഷ സംവാദം
എന്ന ഉപനിഷത്ത്

ഉര്‍വ്വി: ഈ കാറ്റത്ത് ഓടുമ്പോഴേയ് - എതിരെ - ഓടാന്‍ ഒരു ഇത്തിരി ബുദ്ധിമുട്ടുണ്ടാവും, അല്ലേ.
പുരോ: വ്യായാമം അല്ലേ ഉര്‍വ്വി. അപ്പോള്‍ അത് അങ്ങനെയായിരിക്കുന്നതാണ് നല്ലത് എന്നാണ് - എനിക്കു തോന്നുന്നത് എന്നാണ് -
ഉര്‍വ്വി: ഓ, മതിമതി പുരോ - ഹ ഹ, മനസ്സിലായി എനിക്ക്ന്നാണ് ...
പുരോ: ഹ ഹ ഹ, എന്നെ ആനുഷംഗികമായി അന്തരാളങ്ങളെ അപലപിക്കും വിധം അവഹേളിച്ചു കളഞ്ഞല്ലോ ഉര്‍വ്വി.
ഉര്‍വ്വി: ഹ്ം ... (എന്തോ ഓര്‍ത്തുകൊണ്ട്) പുരോ, നിനക്ക് എന്താ നമ്മളെപ്പററി അഭിപ്രായം.
പുരോ: എന്നുവെച്ചാല്‍ - മനുഷ്യര്‍ എന്ന നിലയ്‌ക്കോ?
ഉര്‍വ്വി: അല്ല പുരോ, നമ്മള്‍ രണ്ടാള്‍. നമ്മള്‍ എന്താണ് - നമ്മള്‍ എങ്ങനെയുണ്ട്.
പുരോ: ഓ, കുഴപ്പമില്ല.
ഉര്‍വ്വി: ഹായ്, എല്ലാരെയും പോലെ ഒരു ഒഴുക്കന്‍ മറുപടി പറയല്ലൂ - നമ്മളെപ്പറ്റി എന്താണ് നിനക്ക് തോന്നുന്നത്​ എന്നാണ്​…
പുരോ: എന്നാണ് ഉര്‍വ്വിക്ക് അറിയണ്ടത്​ എന്നാണ്​ - അല്ലേ?
ഉര്‍വ്വി: ഊം, ഒന്നു ശ്രമിച്ചു നോക്ക് പുരോ.
പുരോ: അങ്ങനെയാണെങ്കില്‍ എനിക്കു തോന്നുന്നത് നമ്മള്‍ ലോകത്തിനു തന്നെ ഭയങ്കര ഒരു മാതൃകയാണ് എന്നാണ്.
ഉര്‍വ്വി: (സോത്സാഹം) ആഹാ - പറയൂ, പറയൂ, പുരോ.
പുരോ: അതായത് - ഉര്‍വ്വി, നമ്മള്‍ എന്താണ് - ആരാണ്.
ഉര്‍വ്വി: രണ്ടു വ്യകതികള്‍ - പുരോ. ആണും പെണ്ണും.
ഉര്‍വ്വി: നീ ആണ്‍കുട്ടി, ഞാന്‍ പെണ്‍കുട്ടി.
പുരോ: അതെ, എന്നാല്‍ നമ്മള്‍ ബ്രോ-സിസ് അല്ല, ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ല, കമിതാക്കളും അല്ല.
ഉര്‍വ്വി: അല്ലല്ല, മാതാപിതാക്കള്‍ അല്ല.
പുരോ: മാതാപിതാക്കള്‍ അല്ല ഉര്‍വ്വി - കമിതാക്കള്‍. പ്രേമിക്കുന്നവര്‍ അല്ല നമ്മള്‍. എന്നാലോ നമുക്കു തമ്മില്‍ തമ്മിലുള്ള സ്നേഹം, ബഹുമാനം, വാത്സല്യം ഭയങ്കരമല്ലേ.
ഉര്‍വ്വി: ഹ ഹ ഹ, അതു ശരിയാണ്. എനിക്കും തോന്നിയിട്ടുണ്ട് അത് പുരോ. വേറെ ആരൂണ്ടാവില്ല്യ ഇങ്ങനെ.
പുരോ: എന്തിന്, സ്വപ്നം കാണാന്‍ പറ്റുമോ മറ്റുള്ളവര്‍ക്ക് നമ്മുടേതു പോലുള്ള ഒരു സൗഹൃദം. മേലെ - താഴെ എന്നില്ല, ആണ്‍ - പെണ്‍ എന്നില്ല, ...
ഉര്‍വ്വി: (ആഹ്ലാദാതിരേകം) ശരിക്കും - ശരിക്കും ഒരു ഗംഭീര - സംഭവാണ് നമ്മള്‍, അല്ലേ പുരോ.
പുരോ: എന്താ സംശയം ഉര്‍വ്വി. ഒരു മാതൃക എന്നു പറഞ്ഞില്ലേ ആദ്യം ഞാന്‍.
ഉര്‍വ്വി: ഉവ്വല്ലേ .... ഹോ, എന്തൊരു സൗമ്യശീലന്‍.
പുരോ: ഹ ഹ ഹ, നിരീക്ഷണകുതുകിയും - ആണ്.
ഉര്‍വ്വി: അപ്പോള്‍ പിന്നെ ഇക്വാലിറ്റി - അതിനെപ്പറ്റി എന്താണ് നിന്റെ ഐപ്രായം.
പുരോ: എന്റെ ഐപ്രായം .... (ആലോചിച്ച്) അങ്ങനെ ഒന്നില്ല ഉര്‍വ്വി, എല്ലാര്‍ക്കും അറിയുന്നതല്ലേ അത്.
ഉര്‍വ്വി: പൊതുവേ അല്ല പുരോ, ആണ്‍ - പെണ്‍ സമത്വം ആണ് ഞാന്‍ ചോദിക്കുന്നത്.
പുരോ: അതിനും അതേ ഉത്തരം പോരേ .... അങ്ങനെ ഒന്നുണ്ടോ.
ഉര്‍വ്വി: അല്ല, എന്നാലും കുറേ തുല്യത ഒക്കെ വന്നു - പെണ്ണുങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ സ്മാര്‍റ്റ്​ ആണെന്ന് വാദിക്കുന്നവരും ഉണ്ട്.
പുരോ: ഓഹോ, അങ്ങനെയൊക്കെ - സംവാദമൊക്കെ നടക്കുന്നുണ്ടോ .... പക്ഷേ ഉര്‍വ്വി, നിഷ്പക്ഷമായിട്ട് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് എന്താണെന്നറിയാമോ.
ഉര്‍വ്വി: ഊം, തുടരൂ പുരോ.
പുരോ: എനിക്കു തോന്നുന്നത് സ്ത്രീകള്‍ തന്നെയാണ് മുമ്പും ലോകം ഭരിച്ചിരുന്നത് എന്നാണ്. എന്നും അത് അവരുടെ നിയന്ത്രണത്തിലായിരുന്നു.
ഉര്‍വ്വി: ഓഹോ, ഇതു തരക്കേടില്ല്യാലോ - ഈ തീയറി.
പുരോ: എന്നും കാര്യങ്ങള്‍ നടത്തിയിരുന്നത് ഗേള്‍സ് തന്നെ. ആണുങ്ങളെ വെറുതേ മുന്നില്‍ നിര്‍ത്തിയിട്ടുണ്ടാവും എന്നു മാത്രം. ഭയങ്കര ശക്തിയാണ് നിങ്ങള്‍ക്ക് ട്ട്വോ, മ്യാചോ ഹിറോ, നിങ്ങള്‍ക്ക് ഉഗ്രന്‍ ധൈര്യാണ് ട്ട്വോ, എന്തൊരു ഊര്‍ജ്ജം, എന്നൊക്കെ പ്രോത്സാഹിപ്പിച്ച് അയാളെ പറ്റിച്ചും കൊണ്ടിരിക്കും.
ഉര്‍വ്വി: പാവം അയാള്‍ അതൊക്കെയങ്ങോട്ട് വിശ്വസിക്കും.
പുരോ: അതെയതെ, അതാണ് - ഉര്‍വ്വി ഈ പറഞ്ഞതാണ് ശരി.
ഉര്‍വ്വി: (ചാടി വീഴുന്നു) ഏയ് - ഞാന്‍ പറഞ്ഞതോ! അയ്യേ, ഞാനല്ല ഇതൊന്നും പറഞ്ഞത്, പുരോ ആണ്. ഞാന്‍ വെറുതേ കൂടെ കളിച്ചും കൊണ്ട് നിന്നൂന്നല്ലേള്ളൂ പുരോ .... ആങ്, പറയൂ - ബാക്കി കൂടി - കേള്‍ക്കാന്‍ രസംണ്ട് എന്തായാലും.
പുരോ: അതായത്, ആത്യന്തികമായി എല്ലാം ഭരിച്ചു കൊണ്ടിരുന്നത് സ്ത്രീകള്‍ തന്നെയായിരുന്നു.
ഉര്‍വ്വി: പക്ഷേ - ആണുങ്ങള്‍ക്ക് അവരാണ് അത് ചെയ്യുന്നത് എന്ന് തോന്നിപ്പിച്ചുംകൊണ്ട്?
പുരോ: അതെയതെ - ഉര്‍വ്വി പറഞ്ഞതാണ് ശരി.
ഉര്‍വ്വി: അയ്യോ, ഞാന്‍ പറഞ്ഞതല്ല അത് പുരോ. നിനക്ക് എക്​സ്​പ്രസ്​ ചെയ്യാന്‍ സഹായിച്ചൂ ന്നേള്ളൂ - ഞാന്‍ .... (കെഞ്ചി) ഞാന്‍ പറയ്വല്ലാ -
പുരോ: എന്താ, ഉര്‍വ്വിക്ക് പേടിയുണ്ടോ ഏതെങ്കിലും ആക്​റ്റിവിസ്​റ്റ്​ ഉര്‍വ്വിയെ ആക്രമിച്ചുകളയും എന്നോ മറ്റോ.
ഉര്‍വ്വി: പേടിയുണ്ടായിട്ടൊന്നുമല്ല പുരോ - നിന്റേതാണല്ലോ ആ ആശയം ....
പുരോ: ഈ പ്രവര്‍ത്തകര്‍ എന്ന കൂട്ടര്‍ - സമത്വം വരാതിരിക്കാന്‍ ഏറ്റവും ആഗ്രഹിക്കുക അവരല്ലേ ഉര്‍വ്വി. ഇപ്പോള്‍, ഉദാഹരണത്തിന് നാളെ മുതല്‍ ലോകമെങ്ങും സ്ത്രീപുരുഷസമത്വം വരുന്നു എന്ന് ഒരു .... വിജ്ഞാപനം വരുന്നു എന്ന് വിചാരിക്കൂ. ആരായിരിക്കും അത് തടയാന്‍ ചാടിയിറങ്ങുക ആദ്യം എന്നറിയാമോ.
ഉര്‍വ്വി: അതിപ്പോള്‍ ആക്റ്റിവിസ്​റ്റ്​സ്​? എല്ലാവരും അങ്ങനെ തന്നെ. പരിസരം മുഴുവനും പെട്ടെന്നങ്ങോട്ട് വൃത്തിയായിക്കിട്ടിയാല്‍ പലര്‍ക്കും ജോലി ഇല്ലാതാവും. കാലാവസ്ഥാവ്യതിയാനം കാരണം എത്ര ശാസ്ത്രജ്ഞര്‍ക്ക് ഫെലോഷിപ് കിട്ടുന്നു.
പുരോ: അതെയതെ, ഉര്‍വ്വി പറയുന്നതാണ് ശരി.
ഉര്‍വ്വി: അയ്യോ പുരോ, ഇതും .... ഇതും എന്റെ നിഗമനം അല്ല. നിന്റെ ചിന്താധാരയുടെ ആ വഴിയില്‍ ചില സംഗതികള്‍ ചൂണ്ടിക്കാണിച്ചൂന്നേള്ളൂ ഞാന്‍.
പുരോ: ഹെന്നാല്‍ ശരി, ഉര്‍വ്വിയുടേതായിട്ടുള്ള ഒരു സ്വന്തം അഭിപ്രായം എന്താണിപ്പോള്‍?
ഉര്‍വ്വി: അങ്ങനെ ചോദിച്ചാല്‍ .... (കുസൃതി) പറയട്ടെ ഞാന്‍ അത് - പുരോ?
പുരോ: ഊം, മൊഴിഞ്ഞാട്ടെ.
ഉര്‍വ്വി: ഇങ്ങനെ മുരളുകയല്ല, കൊഞ്ചിച്ചോദിക്കണം - നിനക്ക് അറിയണംച്ചാല്‍ മത്യേനും.
പുരോ: ധീരോദാത്തനതിപ്രതാപഗുണവാനായ എന്നെക്കൊണ്ട് കെഞ്ചിപ്പിച്ചേ അടങ്ങൂ ഉര്‍വ്വി, അല്ലേ.
ഉര്‍വ്വി: ഹൗ, എന്തൊരു ശൗര്യം .... അതേയ്, വേണംച്ചാല്‍ മതി കട്ടബൊമ്മന്‍.
പുരോ: എന്താ - എന്താ - എന്തു വിളിച്ചു എന്നെ?
ഉര്‍വ്വി: കട്ടബൊമ്മന്‍ന്ന് - വീരപാണ്ഡ്യകട്ടബൊമ്മന്‍ ... അതാണ് നിനക്ക് ശരിക്കും ചേരുന്ന പേര് - വെറുതേയിങ്ങനെ ബലം പിടിച്ചും കൊണ്ട് -
പുരോ: ശരി ശരി, മറ്റേത്​ കേള്‍ക്കട്ടെ - ഉര്‍വ്വിക്ക് ശരിക്കും പറയാനുള്ളത്.
ഉര്‍വ്വി: അതിപ്പോള്‍ എന്താ .... ഒന്നൂല്ല്യ പുരോ. ഓരോ ഐപ്രായം - അത് വ്യത്യസ്തമാക്കാന്‍ വേണ്ടി പുരോ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ - എനിക്കേയ് - (ചിരിപൊട്ടി) ഹെനിക്ക് ശരിക്കും കരച്ചില്‍ വന്നു പോവും പുരോ! .....

കടിഞ്ഞൂല്‍പൊട്ടന്‍ എന്നു വിളിക്കുമായിരുന്നു എന്നെ മഹാകവി.

ഈ കവികളുടെ അപ്രമാദിത്വം തകര്‍ക്കണം എന്നു കൂടി ഉണ്ടായിരുന്നു എനിക്ക് അന്ന് എന്നു തോന്നുന്നു. അതാവാം കവിയുടെ കക്കൂസ് എന്ന ചിത്രം പ്രസിദ്ധീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പത്രാധിപന്‍ വീണ്ടും വീണ്ടും കെഞ്ചിയപേക്ഷിച്ചതും മറ്റൊരു കാരണം.

കുറേ ആളുകള്‍ വെറുക്കുമായിരുന്നു അന്ന് അത് എന്റെ വകയാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍. എന്നാല്‍ ഒറ്റക്കു ജീവിച്ച് മരിച്ച അയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ അയാളുടെ അനുവാദത്തോടെ തന്നെയാണ് ഞാന്‍ അന്ന് അത് പകര്‍ത്തിയെടുത്തത്. മറ്റുള്ളവരെ കാണിച്ചോട്ടെ എന്നു ചോദിച്ചപ്പോള്‍ എതിര്‍ത്തതുമില്ല മൂപ്പര്.

ഞാന്‍ ഒരു പുതിയ ചെറിയ ക്യാമറ വാങ്ങിയിട്ടുണ്ട് - ഇവിടത്തെ ഒരു സാധനം ഞാന്‍ ഒന്ന് ക്ലിക് ചെയ്‌തോട്ടെ?
ഓ, ആയ്‌ക്കോട്ടെ - എന്നതാ, കക്കൂസ്​ ആണോ?
അതെങ്ങനെ മനസ്സിലായി - ക്രാന്തദര്‍ശി.
ഹ ഹ ഹ, ചുറ്റും തുപ്പിക്കൊണ്ട് അയാള്‍ പൊട്ടിച്ചിരിച്ചു, അത് ഊഹിക്കാനാണോ കൂവേ പ്രയാസം. പക്ഷേ നീ എന്നെ ആ കുന്ത്രാണ്ടം തെറി വിളിക്കല്ലേ കേട്ടോ.
ഏത് - ക്രാന്തദര്‍ശി എന്നോ.
ആങ്, അത് നിന്റെ തന്ത .... ഞാന്‍ ഒരു സാധാരണ പൊട്ടക്കവി. പാശങ്ങളൊന്നുമില്ലാതെ സ്വതന്ത്രനായി ജീവിക്കുന്നതുകൊണ്ട് ആളുകള്‍ അവധൂതന്‍ എന്നൊക്കെ വിളിക്കുന്നു. മിക്കവരും കളിയാക്കുകയാ എന്നെ .... എടുത്തോ നീ പടം അംശ്വാനേ. എന്നോടെന്തിനു ചോദിക്കുന്നു. എല്ലാരും എന്റെ പടമാണ് എടുക്കുക. നീ വ്യത്യസ്തനായതില്‍ എനിക്ക് സന്തോഷമുണ്ടെടാ കൂവേ ....

അത്രയും വൃത്തികെട്ട ഒന്ന് പൊതുസ്ഥലങ്ങളില്‍ പോലും കാണില്ല എന്നതുകൊണ്ടാണ് ഞാന്‍ അത് ഒപ്പിയെടുക്കാമെന്നു വെച്ചത്. അയാള്‍ മരിച്ചപ്പോള്‍ അതിന് വലിയ വിലയുണ്ട് എന്നായി. കുറേ ശുല്‍ക്കം പ്രതിഫലമായി കിട്ടിയാല്‍ പുളിക്കുമോ എനിക്ക്. ചിത്രത്തിന്റെ കൂടെ എന്റെ പേര്‍ കൊടുക്കരുത് എന്ന് നിര്‍ബന്ധിച്ചു. ഇപ്പോഴും അത് ആരുടെ വകയായിരുന്നു എന്ന് അറിയണമല്ലോ എന്ന് ഓര്‍ത്തുകൊണ്ടിരിക്കുന്നവര്‍ കുറേ കാണും. അന്ന് അതറിഞ്ഞിരുന്നെങ്കില്‍ അയാളുടെ അനുയായികള്‍ ക്രൂശിക്കുമായിരുന്നു എന്നെ.

ചിത്രം കണ്ടവര്‍ക്കെല്ലാം ദേഷ്യവും വിഷമവും തോന്നിക്കാണും. ഏറ്റവും ഹീനമായ മര്യാദകേടാണ് അത് പ്രസിദ്ധീകരിച്ചത് എന്ന് മിക്കവരും കയര്‍ത്തു. ഒന്നും വേണ്ടായിരുന്നു എന്ന് എനിക്കും തോന്നലുണ്ടായി.
പക്ഷേ എയ്തുവിട്ട അമ്പല്ലേ, പിന്നീട് എന്തു ചെയ്യാന്‍.
പരേതനോടുള്ള ആദരവ് കൊണ്ടൊന്നുമല്ല. ഒരു മനുഷ്യനല്ലേ എന്തായാലും. ഇവിടെയൊക്കെ മരുവിയിരുന്ന ഒരാള്‍. അയാളുടെ ആ രഹസ്യം കണ്ടിട്ട് ആര്‍ക്കും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. എന്നിട്ടും എന്തിന് ഞാന്‍ അത് അവര്‍ക്ക് കൈമാറി.
അപ്പോള്‍ അതു തന്നെ കാരണം. ഈ കവി എന്ന് ഞെളിഞ്ഞു നടക്കുന്നവരോട് ജന്മനാ വൈരാഗ്യമുണ്ടായിരുന്നിരിക്കണം എനിക്ക്, അതായത് സാഹിത്യവൃത്തങ്ങളില്‍ ഇടപഴകുമ്പോള്‍ കൂടിയും.
വേറെ ഒരു കൂട്ടരെക്കുറിച്ചും ഒരിക്കല്‍ എഴുതുകയുണ്ടായിട്ടുണ്ട് ഞാന്‍. നമ്മുടെ നാട്ടില്‍ ഡോക്​റ്റർ എന്നയാള്‍ക്ക് അതിമാനുഷ പരിവേഷമൊക്കെ കിട്ടുന്നതിനെപ്പറ്റി. എന്തിനാണത്. ഒരു വിദഗ്ധന്‍ എന്നതിലപ്പുറം എന്താണുള്ളത് അയാള്‍ക്ക് മേല്‍ക്കോയ്മ.

പണ്ഡിതന്‍ എന്ന് പദാര്‍ത്ഥം. എന്നാല്‍ ഒരു ഭിഷഗ്വരന്‍ മാത്രമാണ് ഇയാള്‍. പക്ഷേ ഇവിടത്തെ ബഹുഭൂരിപക്ഷം അയാളെ ദൈവമായി കാണുന്നു. വീണ്ടും ചോദിക്കട്ടെ, എന്തിനാണത്.

അവര്‍ക്കു കിട്ടുന്ന കൂലിയോ. മുപ്പത്തിമൂന്ന് ലക്ഷം വരെയൊക്കെ പ്രതിമാസം ശമ്പളമായി കിട്ടുന്നവരുണ്ട്. അത് കേട്ടാല്‍ തന്നെ അറിയാമല്ലോ ആശുപത്രികള്‍ ആധുനിക വൈദ്യശാസ്ത്രം എന്ന പേരില്‍ എന്തു കഴുത്തറുപ്പന്‍ കച്ചവടമാണ് ഇവിടെ കയ്യാളുന്നതെന്ന്.
ഒരു മൂന്നുമൂന്നര ലക്ഷത്തില്‍ കൂടുതലൊന്നും ആര്‍ക്കും കൊടുത്തുകൂടാ. സര്‍ക്കാര്‍ നിയമം മുഖേന വിലക്കണം അത്. അല്ലാതെ - ബെ, എന്തിനാണത്!

കഴിഞ്ഞോ അംശൂ, ബിനാ ചിരിച്ചു, നിനക്ക് കുമ്പസാരിക്കാനുള്ളതെല്ലാം കൊട്ടിത്തീര്‍ത്തോ?

പിന്നെ എനിക്ക് ഈ എഡിറ്റര്‍ എന്ന ആളോടും സ്പര്‍ദ്ധ ഉണ്ട് - ആളുകള്‍ക്കെല്ലാം അവരോട് ആധമര്‍ണ്യം ഉള്ളതു കണ്ടിട്ട് .... നോക്കൂ, അയാളുടെ ജോലി അയാള്‍ ചെയ്യുന്നു, ശരി. അതിന് എന്തിന് അയാളെ പുകഴ്ത്തണം വെറുതേ. പരമ്പരാഗതമായി സല്‍പ്പേര് ആര്‍ജ്ജിച്ച ഒരു മാസികയുടെ ചുമതല കയ്യില്‍ കിട്ടിയാല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനൊക്കെ പലര്‍ക്കും കഴിയും. അറിയാമല്ലോ, പണ്ട് ആര്‍ട് മൂവീ നിര്‍മ്മിക്കാന്‍ ഒന്നോ രണ്ടോ പേരെ പ്രവാസിമുതലാളിമാര്‍ സഹായിക്കുമായിരുന്നു. അതാണ് സിനെമ എന്നു വരെ ആളുകള്‍ സമ്മതിച്ചു. എന്നാല്‍ ആ ആളുകളില്‍ തന്നെ ആയിരക്കണക്കിന് പേര്‍ ആ സൗകര്യങ്ങള്‍ കിട്ടിയാല്‍ അതിലും നല്ല ചിത്രങ്ങള്‍ ചെയ്യുമായിരുന്നു.

അപ്പോള്‍ അംശൂ, നിനക്ക് മേലാല്‍ എന്ന സാംസ്കാരിക നായകനെപ്പററി പരാതിയൊന്നും ഇല്ലേ?

പരാതിയോ, പുഞ്ഞമാണ് എനിക്ക് അയാളോട്; പുച്ഛം പോലുമല്ല, പുഞ്ഞം. എന്തൊരു കൗശലശാലിയായ അല്പന്‍. പക്ഷേ അയാള്‍ ഭീകരമായി വളര്‍ന്നു ബിനാ - അയാളില്‍ കൂടിയല്ലാതെ മലയാളത്തിലെ ഒരാള്‍ക്ക് പുറത്തേയ്ക്ക് എത്തിനോക്കാന്‍ പറ്റില്ല ഇപ്പോള്‍. രണ്ട് എഴുത്തുകാരെ മലയാളത്തില്‍ നിന്ന് നിര്‍ദ്ദേശിക്കാന്‍ ആരെങ്കിലും അയാളോട് ആവശ്യപ്പെട്ടാല്‍ അത് എപ്പോഴും അയാളും മകളും ആയിരിക്കും.
ഹ ഹ ഹ, അത് ഞാനും കേട്ടു അംശു .... പക്ഷേ നല്ലതല്ലേ. രണ്ടാമത്തെ പേര്‍ വേറെ ആരുടേതായാലും ഇവിടെ കലാപം നടക്കും. അത് അയാളുടെ മകള്‍ തന്നെയാവുമ്പോള്‍ മിണ്ടാട്ടമില്ലാ.

അതുമല്ല, വിചാരിക്കുന്നത്ര ബുദ്ധിരാക്ഷസനൊന്നുമല്ല ബിനാ അയാള്‍, എനിക്കറിയില്ലേ അയാളുടെ സ്റ്റഫ്. എന്നിട്ടും അയാളെക്കൊണ്ട് ഒരു ഗുണവും കിട്ടേണ്ടാത്തവരും എന്തിനാണാവോ വെറുതേ വെറുതേ ബഹുമാനിക്കുന്നത് അയാളെ -
എന്താണിത് അംശൂ, ബിനാ അയാളുടെ ഒരു കൈ കവര്‍ന്നെടുത്ത് അതില്‍ തലോടിക്കൊണ്ടിരുന്നു. എന്തിനാണ് ഇത്രയും വിക്ഷോഭം - എന്തിനാണ് ഇത്രയേറെ പരാതി - എന്തിനാണ് ഇത്രയേറെ നീരസം.
നിരാസമാണ് വാസ്തവത്തില്‍ എനിക്ക്.
ആയ്‌ക്കോട്ടെ, ഇതൊക്കെ ഒന്ന് മറന്നൂടേ അംശൂ. അംശു ഒരു തരത്തില്‍ അനിഷേധ്യനായിരുന്നില്ലേ എന്നും. വാര്‍ത്തകള്‍ വായിക്കുന്നത് അംശുമാന്‍. വാര്‍ത്ത, പ്രക്ഷേപണം, വായന എന്നെല്ലാം കേട്ടാല്‍ എവരും ആദ്യം ഓര്‍ക്കുക നിന്നെയല്ലേ.
ഹ്ം, ശരിയാണ് ബിനാ, പിരിമുറുക്കം അയയ്ക്കാനെന്നതുപോലെ അയാള്‍ തന്റെ പഴയ ഈണത്തില്‍ പാടി,
തെരി ബിനാ സിന്ദഗീ സേ കോയീ ....
പണ്ടത്തെ വിപ്ലവവിദ്യാര്‍ത്ഥി കുട്ടിയായിത്തന്നെ ഇരിക്കുന്നല്ലോ നീ ഇപ്പോഴും .... നിന്റെ ബ്ലഡ്‌ പ്രെഷർ കൂടുമെന്നല്ലാതെ ഒരു കാര്യവുമില്ല അംശൂ. വെറുതേവിട് - ചിരിച്ചു തള്ള് - ഉള്ളില്‍ തട്ടാതെ നിന്ദിക്ക്.
ബിനാ, വേറെ ഒന്നോര്‍ക്കുമ്പോള്‍ സന്തോഷം തോന്നും എനിക്ക് - ശീതള്‍ എന്ന ആ കുട്ടിയില്ലേ. ഒരു പശ്ചാത്തലവുമില്ലാഞ്ഞിട്ടും പെട്ടെന്ന് എഴുത്തുകാരിയായി, ലോകപ്രശസ്തയായി - ബാബേല്‍ പ്രൈസ്​ ആണ് കിട്ടാന്‍ പോവുന്നത് അവള്‍ക്ക് - ഹ ഹ ഹ അതോര്‍ക്കുമ്പോള്‍ ചിരി വരും.
എത്ര കാലായി നമ്മള്‍ കണ്ടിട്ട്, അല്ലേ അംശൂ.

പക്ഷേ നിന്നോട് സംസാരിക്കുമ്പോള്‍ - ബിനാ, ഇന്നലെ ക്ലാസ് കഴിഞ്ഞ് പിരിഞ്ഞിട്ട് ഇന്നു രാവിലെ കാണുന്നതുപോലെ.
എനിക്കും അതെ അംശൂ ... പിന്നെ, ഒരാള്‍ടെ പിറന്നാള്‍ ആവാറായിട്ടുണ്ടല്ലോ - കര്‍ക്കിടകത്തില്‍ അമാവാസി.
റഷയില്‍ പോയപ്പോള്‍ വാങ്ങിക്കൊണ്ടുവന്ന ഒരു വിഷമുണ്ട് എന്റെ കയ്യില്‍ ബിനാ. അബ്‌സിന്‍ത് ഒരു കുപ്പിയും തുറക്കാതെ വെച്ചിട്ടുണ്ട്.
ആത്മഹത്യയാണെന്ന് മറ്റാര്‍ക്കും അറിയാന്‍ പറ്റാത്ത ആ വിഷം - അല്ലേ .... കൊച്ചുകള്ളാ!
ആങ്, നാല്പത്തിയൊമ്പത് വരെയൊക്കെ ജീവിച്ചാല്‍ പോരേ ബിനാ.
ഓ യാ, ധാരാളം ..... എന്തേ, സ്പൈരിറ്റസ് വാങ്ങിയില്ലേ നീ.
വോഡ്കാ അല്ലേ, നിറമില്ലല്ലോ ..... പെട്ടെന്ന് ഓര്‍മ്മ വന്നതാ ട്ട്വോ ബിനാ. കുട്ടിക്കാലത്ത് വീടിനടുത്ത് ആ പക്ഷി വന്ന് ഇരുന്ന് കൂവിയാല്‍ - കുത്തിച്ചുടു - ആരെങ്കിലും ഉടനെ മരിക്കും എന്നാണ്.
പോ അംശൂ നീ മിണ്ടാതെ. പണ്ട് ഏതു വീട്ടിലും വയസ്സായ മുത്തശ്ശിമാരൊക്കെ കാണും. അവരെപ്പറ്റിയാണ് മരിക്കാറായി എന്ന് തോന്നുക, പക്ഷിക്ക് പോലും.
പക്ഷേ എനിക്ക് തോന്നുമായിരുന്നു ഞാന്‍ അപമൃത്യു വരിക്കും എന്ന് - ഹ ഹ ഹ ...
പിടയാതെ കിടക്ക് അംശൂ, എനിക്ക് പണ്ടേ ഉള്ള ഒരു ആഗ്രഹമാണ് നിന്റെ മേലെ ഇങ്ങനെ തലകീഴായി കിടക്കണമെന്ന് - നിന്റെ കാലില്‍ എന്റെ മുഖം വെച്ചും കൊണ്ട്.
നിനക്ക് പത്തുനാല്പത്തിയേഴു വയസ്സായി എന്ന് തോന്നുകയേയില്ല ബിനാ, എന്തൊരു ആവേശമാണ്.
പ്രായം, മതം, രോഗം, ധനം ഒന്നും ഒരിക്കലും സംസാരിക്കാന്‍ വിഷയമാക്കില്ല എന്നു പ്രതി ചെയ്തതല്ലേ നീ പണ്ട്.
ഏയ് - എന്താണിത് ബിനാ - എന്തിനാണ് പുറപ്പാട്, ബ്ലോ?
ഊം, അതും പണ്ടേ തോന്നിയിരുന്നതാ അംശൂ.
ശ്ശ്യോ - അന്ന് തന്നിരുന്നെങ്കിലോ എന്നാല്‍ നീ .... എന്തൊരു ദാരിദ്ര്യമായിരുന്നു - ഔ, ആവൂ - ഹാവൂ!

ബിനാ അതിനിടയില്‍ തന്റെ പാദങ്ങള്‍ അയാളുടെ മുഖത്ത് ചേര്‍ത്തുവെച്ചതിനുശേഷം അവിടെ ചവിട്ടിമെതിക്കാന്‍ തുടങ്ങിയിരുന്നു. അയാള്‍ക്ക് അത് നന്നായി രസിച്ചു. അവള്‍ പതുക്കെ അയാളുടെ ഉപ്പൂറ്റിയില്‍ നിന്ന് താഴേയ്ക്ക് ഊര്‍ന്നിറങ്ങി. ചുണ്ടുകളും പല്ലുകളും നാവുകളും കൊണ്ട് അവള്‍ അയാളെ സല്‍ക്കരിച്ചു. അയാളുടെ ശരീരത്തിന്റെ മദ്ധ്യഭാഗത്തെത്തിയപ്പോള്‍ അവള്‍ ആഹ്ലാദത്തോടെ നെടുവീര്‍പ്പിട്ടു, മുണ്ടില്‍ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും - ഇതിലും വലുതായി എന്തുണ്ട് സുദാമാവേ .... നോക്ക് അംശൂ, ഇവന്‍ സമ്മതിച്ചാല്‍ നീ ചത്തോ ... ഹോ, എന്റെ പൊന്നുകുട്ടിച്ചാത്താ! ....

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments