ചിത്രീകരണം : ബൈജു ലൈലാ രാജ്

ബ്ലാ

രവി

42. ക്വോ വാദിസ്? ക്യാ ഹുവാ

നേരിട്ടു കാണാനും സുന്ദരി തന്നെ
കൂഹൂ - കൂഹൂ വാത്സ്യായന്‍.
രാഷ്ട്രഭാഷയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നുണ്ടോ തെക്കോട്ടുള്ളവര്‍ എന്ന് അന്വേഷിച്ചറിയാന്‍ ഇടയ്ക്കിടയ്ക്ക് അവള്‍ പറന്നുവരാറുണ്ടേത്ര ഇങ്ങോട്ട്. എനിക്ക് കാണാന്‍ കിട്ടുന്നത് ആദ്യമായാണെന്നേ ഉള്ളൂ.

അവളുടെ സന്ദര്‍ശനം പ്രമാണിച്ച് പരമഹംസന്‍ തനിക്ക് അറിയാവുന്ന പഴയ ഹിന്ദി പാട്ടുകള്‍ ഏതെല്ലാമാണെന്ന് ഓര്‍ത്തുകൊണ്ടിരുന്നു. മുഴുവനായി അറിയുന്നത് മെശായര്‍ തോ നഹീ. അത് ഞാന്‍ സായാസമാജത്തില്‍ പാടിയിട്ടുണ്ടല്ലോ കുട്ടിയായിരിക്കുമ്പോള്‍. ഹോ, അന്ന് അതിന്റെ വരികള്‍ കിട്ടാന്‍ പെട്ട ഒരു പാട്.
തരില്ലല്ലോ അറിയുന്നവര്‍ ഒരിക്കലും.

ക്യാ ഹുവാ തേരാ വാദാ എന്ന പാട്ടും കുറേ ഓര്‍മ്മയുണ്ട്. ആദ്യത്തെ രണ്ടുമൂന്നു വരികള്‍ മതിയെങ്കില്‍ കുറേയേറെ കാണും. കുമാര്‍, റഫി, മുകേഷ് എന്നൊക്കെ ചില പാട്ടുകാരുണ്ടായിരുന്നില്ലേ.

അവള്‍ യുഗ്​മഗാനത്തിനു തയ്യാറാണെങ്കില്‍ ഹം തും ഏക് കംരേ മേ ബന്ദ് ഹോ പാടിനോക്കാമായിരുന്നു അവള്‍ക്കൊപ്പം.

ഹം കിസീസെ കം നഹീ, യാദോം കീ ബാരാത്, നാച് മെരി ബുള്‍ബുള്‍ എന്നിങ്ങനെ എത്ര പാട്ടുകള്‍ ഉണ്ടായിരുന്നു പണ്ട് അല്ലേ.

അത്ര ചെറുപ്പം അല്ല. പക്ഷേ തടി വല്ലാതെ കൂടാതെ സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ എന്തിനാണ് ഇത്രമാത്രം ചുവന്ന ചായം ചുണ്ടില്‍. അതില്ലാതെയാവുമല്ലോ കൂടുതല്‍ ഭംഗി. അതേപോലെ മിന്നിത്തിളങ്ങാത്തതും നിറപ്പകിട്ട് കുറഞ്ഞതുമായ ആടകളില്‍ അവള്‍ ഇതിലും ലാവണ്യവതിയായേനെ.

ആപേക്ഷികമായിരിക്കാം, എന്റെ സൗന്ദര്യസങ്കല്പം ഭരിക്കുന്നതാവാം എന്നെ.

എന്തായാലും സകലരെയും ആകര്‍ഷിക്കുന്നുണ്ട് അവള്‍. ഇവിടെ വന്നിട്ട് ചില ചില്ലറ ഉദ്യോഗസ്ഥരെയെല്ലാം വേണ്ടത്ര ഹിന്ദി ഉപയോഗിക്കുന്നില്ല ഔദ്യോഗികരേഖകളില്‍ എന്നതിന് ശാസിച്ചതിനൊക്കെ ശേഷമാണ് അവള്‍ എന്റെയടുത്ത് എത്തുന്നത്. തന്നോട് ഹിന്ദിയില്‍ സംസാരിക്കണമെന്ന് അവള്‍ നിഷ്‌കര്‍ഷിച്ചേത്ര.

അയ്യയ്യേ, നിങ്ങളൊക്കെ ഭാരതീയരാണോ - മര്യാദയ്ക്ക് ഒരു വാചകം പോലും ഹിന്ദിയില്‍ സംസാരിക്കാനറിയാതെ ഇവിടെ ജീവിക്കാന്‍ ലജ്ജ തോന്നുന്നില്ലേ ഹേ.
അല്ല മേഡം, ഞങ്ങള്‍ക്ക് ഇത്തിരി വൈമുഖ്യമുള്ളതുകൊണ്ടാണ് അത്.
ഓഹോ, അതെന്തുകൊണ്ട്?
അതായത്, അടിച്ചേല്പിക്കുകയാണല്ലോ നിങ്ങള്‍ അത്.
ആങ്ഹാ, അതെയോ! ...
എന്നാല്‍ ദേശാഭിമാനം പ്രസരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ചെറുത്തുനില്‍ക്കുകയാണ് എന്ന് ഞാന്‍ ആരോപിച്ചാലോ.
ആയ്‌ക്കോളൂ മേഡം .... പക്ഷേ ദയവായി ആദ്യം ആ പഴംപൊരി തിന്നൂ. അല്ലെങ്കിലേ അത് തണുത്താറിയിരുന്നൂ.

അതായത് ഈ സത്വത്തിന്റെ വായില്‍ വല്ലതും കുത്തിത്തിരുകണേ എന്ന് പറയാതെ പറഞ്ഞു. എന്തൊരു രോഷമായിരുന്നു അവള്‍ പ്രദര്‍ശിപ്പിച്ചത് - മുഖം ആകെ ചുവന്നുതുടുത്തിരുന്നേത്ര. ബേവാകൂഫ് എന്ന് വിളിച്ചില്ല എന്നേയുള്ളൂ, അത്തരം ശകാരം തന്നെയാണ് വാരിവിതറിയത്.

എന്റെയടുത്തെത്തിയപ്പോള്‍ അവള്‍ പക്ഷേ നമ്രമുഖിയായി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേള്‍ക്കാന്‍ തുടങ്ങിയതുമുതല്‍ ആഗ്രഹിക്കുന്നതാണേത്ര അവള്‍ ഈ സന്ദര്‍ശനം. പണ്ടത്തെ വാത്സ്യായനനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ വീണ്ടും നാണിച്ചു.

പരംഹംസ്, എനിക്ക് ലോകത്തില്‍ വെച്ച് ഏറ്റവും ഇഷ്ടമുള്ള ആശയം എന്താണെന്നറിയാമോ.
യിന്‍ യാങ്.
സംതുലിതാവസ്ഥ സൂചിപ്പിക്കുകയാണല്ലോ അത്.

സിക്‌സ്റ്റിനൈന്‍ - അറുപത്തിയൊന്‍പത് എന്ന അക്കം തന്നെയല്ലേ അത്.

അതെ, എന്നാലും യിന്‍യാങ് എന്നു കേള്‍ക്കുമ്പോള്‍ അതില്‍ ഒരു രസമില്ലേ, ചൈംസ് പോലെയൊരു ...

അത്രയൊക്കെയേ ഉണ്ടായുള്ളൂ അവളുമായി സംഭാഷണം. 69 എന്നു കേട്ടപ്പോള്‍ അവളുടെ കണ്‍പീലികള്‍ ഒന്നു പിടഞ്ഞുവോ എന്നു സംശയം. ഇമവെട്ടാതെ ഒരു നിമിഷം അവള്‍ എന്റെ മുഖത്തേയ്ക്ക് നോക്കിയതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതായത്, നന്നായി സൂക്ഷിക്കണമല്ലോ ഞാന്‍.

അബദ്ധത്തില്‍ നടക്കുന്ന ഒരു പരാമര്‍ശം പോലും പീഡനമായി വ്യാഖ്യാനിക്കപ്പെട്ടേയ്ക്കാം.

നമുക്ക് വിദേശനയത്തെക്കുറിച്ചോ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചോ സംസാരിക്കാം കൂഹൂ.
ഓ യാ!
ഞാന്‍ ഓര്‍ക്കുന്നത്, ഞങ്ങള്‍ പൊതുവേ ചൈന, ക്യുബാ, റഷ്യ എന്നിവരെയൊന്നും ഒരിക്കലും തള്ളിപ്പറയില്ലായിരുന്നു, എന്തുവന്നാലും. ചൈനയെ പിന്‍തുണയ്ക്കുന്നതിന് പ്രസ്ഥാനത്തിന് പഴി കേള്‍ക്കേണ്ടി വന്നിട്ടു കൂടിയും.
അതെ, ഞാന്‍ കേട്ടിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ആ കൂറ് അല്പം കുറഞ്ഞോ എന്നൊരു സംശയമുണ്ട്. പില്‍ക്കാലത്തെ ചൈനയുടെ പല ചെയ്തികളും.
അത് വിടൂ, ഭാഷയെപ്പറ്റി സംസാരിച്ചാല്‍ തന്നെ എന്താണ്, ബുദ്ധിമുട്ടുണ്ടോ പരംഹംസ്?

ഏയ്, കുറച്ചൊക്കെ ആവാം ...
ഹിന്ദിയില്‍ ഞാന്‍ കണ്ട ഒരു മെച്ചം - നല്ല ഉര്‍ദു വാക്കുകള്‍ സ്വാംശീകരിച്ചത് അതിന് ഗുണം ചെയ്തു. പിന്നെ, കല്‍ഹോ നഹോ എന്നൊരു പറച്ചില്‍ ഇല്ലേ. നാളെ ഉണ്ടെങ്കിലെന്ത് ഇല്ലെങ്കില്ലെന്ത് .... മറ്റൊരു ഭാഷയിലും ഇത്ര ലളിതമായി ആ ആശയം പ്രകാശിപ്പിക്കാനാവില്ല എന്നു തോന്നിയിട്ടുണ്ട് എനിക്ക്.

നാളെ ഉണ്ടെങ്കിലെന്ത് ഇല്ലെങ്കില്ലെന്ത്!

അതെ, പിന്നെ ആലോചിച്ചാല്‍ - കല്‍ എന്നാല്‍ ഇന്നലെയും ആണല്ലോ. ഇന്നലെ ഉണ്ടെങ്കിലെന്ത് ഇല്ലെങ്കില്ലെന്ത് എന്ന അര്‍ത്ഥത്തില്‍ എടുത്താല്‍ കവിതയുണ്ട് അതില്‍, അല്ലേ കുഹൂ?

ക്യാ - ക്യാ പരംഹംസ്. ബ്ലഫ് ചെയ്യുന്നതാണോ ചുമ്മാ.

കണ്ണുമിഴിച്ചിരുന്നോ അവിടെ. ഈ അവസാനം ഞാന്‍ നിര്‍വ്വചിച്ചതിന്റെ സ്വാരസ്യം ഗ്രഹിക്കാനുള്ള ത്രാണി നിനക്കുണ്ടായിരുന്നെങ്കില്‍ നീ ഇങ്ങനെ ഇരിക്കുമായിരുന്നോ എന്റെ മുന്നില്‍ - അന്തം വിട്ടിട്ടിട്ടിട്ട് ...

ഏവരും പ്രതീക്ഷിച്ചിരുന്നത് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉന്നതപദവി ലഭിക്കും എനിക്ക് എന്നായിരുന്നു. അതിന് ഇളക്കം തട്ടി അഥവാ മങ്ങലേറ്റു. ഞാന്‍ ഒടുക്കം ആയിത്തീര്‍ന്നത് ഒരു പാമ്പുപിടുത്തക്കാരി. ആണുങ്ങള്‍ മാത്രം കൊടികുത്തിവാണിരുന്ന ആ മേഖലയില്‍ പൊടുന്നനെ ഞാന്‍ പൊട്ടിവീണു.

ആരുടെയെങ്കിലും കീഴില്‍ അഭ്യസിച്ചതൊന്നുമല്ല. വിഡീയോസ് കണ്ടുകണ്ട് സ്വയം പരിശീലിച്ചു. പിന്നെ സ്വതസിദ്ധമായ മനോധര്‍മ്മം വേണ്ടാംവണ്ണം പ്രയോജനപ്പെടുത്താനായതും നന്നായി.

ഏകയായിരിക്കുമ്പോള്‍ ഡാലിയ ആലോചിക്കുകയായിരുന്നു. ഓര്‍ത്താല്‍ മറ്റൊരു സ്വകാര്യം കൂടി ഓര്‍മ വരും. ബാസെല്‍ മിഷന്‍ വക പള്ളിക്കൂടങ്ങളില്‍ ആദ്യമായി ഒരു പെണ്‍കുട്ടി സ്കൂള്‍ ലീഡര്‍ ആയത് എപ്പോഴാണെന്ന് ചരിത്രത്തില്‍ നോക്കിയാല്‍ കാണാതിരിക്കുമോ.
എന്തായാലും അത് ഞാന്‍ ആയിരുന്നു.

അത് ഓര്‍ക്കുമ്പോഴാണ് അവളുമായി എനിക്കുള്ള രക്തബന്ധം തികട്ടി വരിക. റോസ് സഹോദരിയല്ലേ എന്റെ. എനിക്കു മേലെയോ താഴെയോ അല്ല പക്ഷേ, ഞങ്ങള്‍ ഇരട്ടകളാണെന്നാണ് എനിക്കു തോന്നുന്നത്. നാല് വരെ അവിടെ ഞങ്ങള്‍ ഒപ്പമാണ് പഠിച്ചിരുന്നത്.

രണ്ട് കെട്ടിടങ്ങളിലായിട്ടായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അവയ്ക്കിടയില്‍ നാല് ബദാം മരങ്ങള്‍ ഉണ്ടായിരുന്നു. രാവിലെ അസെംബ്ലി തുടങ്ങുന്നതിനു മുമ്പായി താഴെ വീണുകിടക്കുന്ന ഇലകളെല്ലാം കുട്ടികള്‍ പെറുക്കിക്കളയണമായിരുന്നു. എന്റെ ഓമനയായതിനാല്‍ റോസ് അത് ചെയ്യേണ്ടിയിരുന്നില്ല. സ്വജനപക്ഷപാതം എന്ന് ചില കുട്ടികളൊക്കെ കളിയാക്കുമായിരുന്നു എങ്കിലും.

ബദാംകായ കുത്തിപ്പൊട്ടിച്ചാല്‍ വെളുത്ത ഒരു ഇത്തിരിപ്പരിപ്പ് കിട്ടുമല്ലോ. അത് എപ്പോഴും ഞാന്‍ അവള്‍ക്ക് തിന്നാന്‍ കൊടുക്കും. അന്നേ അവളോട് അത്ര േപ്രമമായിരുന്നു എനിക്ക്.

റോസ് ഒരു ബൊമ്മക്കുട്ടിയെപ്പോലെ ഉണ്ടായിരുന്നു കാഴ്ചയില്‍. അതിന് അവളോട് എല്ലാവര്‍ക്കും കണ്ണുകടി ഉണ്ടെന്ന് ഞാന്‍ അനുമാനിച്ചു. അതിനാല്‍ അവളെ സംരക്ഷിക്കുന്നത് എന്റെ പ്രാഥമികനിയോഗമായി ഞാന്‍ എടുത്തു.

പക്ഷേ ഞങ്ങള്‍ ഇരട്ടകളാണെങ്കില്‍ എങ്ങനെയാണ് ഇത്രമാത്രം വ്യത്യാസം. രണ്ട് ആണുങ്ങള്‍ ഒരുമിച്ച് ഗര്‍ഭിണിയാക്കിയതാവുമോ അമ്മച്ചിയെ. രണ്ടുപേരുടെയും ഓരോ ബീജം വീതം സ്വീകരിച്ചതാവുമോ അമ്മച്ചിയുടെ അണ്ഡം. ഭ്രൂണം രൂപം കൊണ്ടപ്പോള്‍ അത് അറിഞ്ഞിരുന്നെങ്കില്‍ അലസിപ്പിക്കുമായിരുന്നോ അമ്മച്ചി.

വരട്ടെ, എനിക്കും എഴുതണം ഒരു ആത്മകഥ. നടി നിത്യ എത്ര എണ്ണമാണ് പുറത്തിറക്കുന്നത്. കേട്ടെഴുത്തിന് സ്ഥിരമായി ഒരാളെ ഏര്‍പ്പെടുത്തിയിട്ടുണ്ടേത്ര ആയമ്മ...

അങ്ങനെ ഒടുക്കം ഞാന്‍ അറിയപ്പെട്ടത് പാമ്പുപിടുത്തക്കാരിയായിട്ടാണ്. എന്താണ് അതിനു തരക്കേട് ... എനിക്കു തന്നെ നല്ല മതിപ്പ് തോന്നാറുണ്ട് അതിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍. എന്തൊരു ചാരുതയോടെയാണ് ഞാന്‍ വിഷപ്പാമ്പുകളെ പിടികൂടിയിട്ട് ദൂരത്തെ കാടുകളില്‍ കൊണ്ടുപോയി അഴിച്ചുവിടുന്നത്.

ജീന്‍സ് ഇട്ടാല്‍ തന്നെ ആള്‍ മാറും. കൊഴുപ്പും തൊന്തിയുമായി മുഷിഞ്ഞിരിക്കുന്ന വീട്ടമ്മമാര്‍ക്ക് മുപ്പത്തിയാറോ മുപ്പത്തിയെട്ടോ ഒക്കെ അരവണ്ണം ഉള്ള ജീന്‍സ് വാങ്ങിക്കൊടുത്തുനോക്കൂ. അതോടെ അവരുടെ ജീവിതം ആകെ മാറിമറിയും. നേരിട്ടു കണ്ടറിഞ്ഞിട്ടുള്ളതാണ് ഞാന്‍, എന്നെ വിശ്വസിക്കുക.
അതായത്, അവരായിട്ട് ഈ ജന്മത്തില്‍ വാങ്ങില്ല അങ്ങനെ ഒരു സാധനം. അതൊന്ന് സമ്മാനിക്കാനുള്ള സന്മനസ്സ് കാണിക്കണം നാം. പിന്നെയങ്ങോട്ട് അവരില്‍ ഉണ്ടാവുന്ന മാറ്റം കണ്ട് അന്തം വിടാനേ നമുക്ക് നേരം കാണൂ.
ഞാന്‍ അങ്ങനെ വേഷം കെട്ടിയിട്ട് ബൈക് ഓടിച്ച് പാമ്പിനെ പിടിക്കാന്‍ പോവുന്നതും എല്ലാം കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനം നല്കിയിട്ടുണ്ട്, തീര്‍ച്ച.

പുതിയ ഈ തൊപ്പി നോക്കൂ, നന്നായിട്ടില്ലേ.
പക്ഷേ അത്ര പുളകം കൊള്ളിക്കുന്നതല്ലാത്ത ഒരു മാറ്റവും ഉണ്ടായിട്ടുണ്ട്. എന്റെ അപ്പി ഏകദേശം ചാണകം പോലെയായിരിക്കുന്നു. അതിന്റെ ഘടന മാറി എന്നല്ല - നിറം മാറി, ഒരു പക്ഷേ മണവും.

ചെറുനാരങ്ങയുടെ കുരു, പ്ലാവിലയുടെ ഞെട്ടി, മഷിത്തണ്ടിന്റെ തളിര്, വെണ്ടയ്ക്കയുടെ ശുക്ലം, ... ദിനചര്യ ഇങ്ങനെ ഓരോരോ അപൂര്‍വ്വ വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ നേരം പോകുന്നതറിയില്ല. പ്രകൃതിയുമായി ഇഴുകിച്ചേരുന്നത് കുറേ കൂടിയിട്ടുമുണ്ട് ഇപ്പോള്‍...

ഓര്‍മ്മയുണ്ടോ റോസ്, നമ്മള്‍ പണ്ടു പണ്ട് പഠിച്ച ഒരു കഥ - റ്റൈം മെഷീന്‍ - അങ്ങനെ ഒരു സാധനം ഇപ്പോള്‍ നമ്മുടെ മുന്നില്‍ വന്നു നിന്നിട്ട് എവിടെ പോകണം എന്നു ചോദിച്ചാല്‍ ഞാന്‍ എന്തു പറയുമെന്നോ?
നമ്മുടെ കുട്ടിക്കാലം, അല്ലേ ഡാലിയാ?

അതെ റോസ് - എന്തൊരു സന്തോഷമായിരുന്നു അന്ന് നമുക്ക്. നീ കുര്‍ബാനി കുര്‍ബാനി കുര്‍ര്‍ര്‍ബാനി എന്നു പാടിക്കൊണ്ട് ആടിച്ചാടി നടക്കുന്നത് ഇപ്പോഴും എന്റെ കണ്‍മുന്നില്‍ ഉണ്ട്.
ഉം, നീ അത് കുറ്ബാനി ആണ് എന്നു തിരുത്തുമായിരുന്നു. പക്ഷേ ഞാന്‍ കുര്‍ര്‍ര്‍ എന്നു തന്നെ പാടിക്കൊണ്ടിരുന്നു.
അതേപോലെ വോപംത്സായേ എന്ന പാട്ട് എന്തു രസമായിട്ടാണ് നീ പാടിയിരുന്നത്. അസൂയ കൂടി തോന്നിയിട്ടുണ്ട് എനിക്ക്.
വേണമെങ്കില്‍ നമുക്ക് ഇപ്പോഴും അതെല്ലാം പറ്റും എന്നു തോന്നുന്നു ഡാലിയ - പാട്ട് .... വരികളെല്ലാം ഓര്‍മ്മയുണ്ടാവില്ലേ നമുക്ക്, ഇല്ലേ?

പക്ഷേ, പക്ഷേ റോസ്, ഡാലിയ ശങ്കയോടെ പറഞ്ഞു, എനിക്ക് - ഞാന്‍ ഒരു പശുവായി മാറുന്നുണ്ടോ എന്നൊരു സംശയം ഉണ്ട്, റോസ്.
ഏയ്, അത് ഞാന്‍ ... നീ പോത്ത് ഡാലിയാ! ....

(കപ്പല്‍ അതിന്റെ അവസാനനിമിഷങ്ങളില്‍)

കപിതാന്‍: നറ്റാഷാ, നിന്റെ പേര്‍ എന്താണ് നറ്റാഷാ.
നറ്റാഷ: ന് - ന - ന - നറ്റാഷാ ... എന്തേ?
കപിതാന്‍: അല്ല, ഇതറിയാന്‍ വേണ്ടിയായിരുന്നു ഞാന്‍ അത് ചോദിച്ചത്. കുറേ നേരമായി ഈ ജിജ്​ഞാസ ഉണ്ട് എനിക്ക്. സ്വന്തം പേര്‍ പറയുമ്പോഴും നിനക്ക് വിക്ക് ഉണ്ടോ എന്ന്.
നറ്റാഷ: ഒരു പക്ഷേ ഉറക്കത്തില്‍ സംസാരിക്കുമ്പോള്‍ ഉ - ഉ - ഉണ്ടാവില്ലായിരിക്കും .... പിന്നെ സര്‍, ഞാന്‍ എപ്പോഴും ആലോചിക്കും. നമ്മുടെ ഷിപ് ഇല്ലേ - ക് ക് ക് ...
കപിതാന്‍: ക്വോവാദിസ്.
നറ്റാഷ: ഉം, എന്താ അതിന്റെ അര്‍ത്ഥം.
കപിതാന്‍: ലാറ്റാൻ ആണ് നറ്റാഷാ. എവിടെ പോകുന്നു എന്നര്‍ത്ഥം, ആ ചോദ്യമാണ്.
നറ്റാഷ: എ - എ - എങ്ങോട്ട് പോകുന്നു. ഹ ഹ ഹ, അത് നല്ല രസമുണ്ടല്ലോ, എവിടെ പ്-പ്-പ്‌ പോകുന്നു.
കപിതാന്‍: കണ്ട ചെരിപ്പിനൊന്നും ഇടേണ്ട പേരല്ല അത്, അല്ലേ.
നറ്റാഷ: അതെ, ശ-ശ-ശരിക്കും ഒരു കകകപ്പലിന് വേണ്ട പേരാണ്, അല്ലേ.
കപിതാന്‍: പ്രത്യേകിച്ച് ഒരു മുങ്ങിക്കപ്പലിന്.
നറ്റാഷ: ആങ്, അതും ശരിയാണ് - ക്വോ വാദിസ്.
കപിതാന്‍: ഹ ഹ ഹ, കുറച്ചു മുമ്പ് ഞാന്‍ ഒരു തമാശ കണ്ടു നറ്റാഷാ. ഒരാള്‍ വേറെ ഒരാളോട് പറയുകയാണ്, വക്കത്തു നില്ക്കണ്ടാ കേട്ടോ, വെള്ളത്തിലേയ്ക്ക് വീഴും - എന്ന് .... ഹ ഹ ഹ, നമ്മുടെ ഈ - ഈ മുങ്ങിക്കപ്പലിലേയ്.
നറ്റാഷ: ങ്ഹാ ... ങ്‌ഹേ! മുങ്ങിക്കപ്പലോ? മുമ്പ് ഞാന്‍ അതു പറഞ്ഞപ്പോള്‍ തിരുത്തിയിട്ട് ഇപ്പോള്‍ അതേ ആള്‍ തന്നെ.
കപിതാന്‍: സൗകര്യത്തിനുവേണ്ടിയല്ലേ, ഹണി.
നറ്റാഷ: ഏയ് അതുവേണ്ട കപിറ്റൻ, അങ്ങനെയൊന്നും വിവിവിളിക്കണ്ട എന്നെ .... എനിക്കത് ഇഷ്ടമാവില്ല എന്നു ത് - ത് - തോന്നുന്നൂ.
കപിതാന്‍: ഏയ്, ഹേയ്, ഇങ്ങനെ പിണങ്ങിയാലോ നറ്റാഷാ. ദുഃസ്വാതന്ത്ര്യം എടുത്തതല്ല ഞാന്‍. ദുരുദ്ദേശ്യം ഒന്നുമില്ല. ഒരു ഓളത്തില്‍ വന്നു വീണ കളിവാക്കാണ് ... മാത്രമല്ല, അവസാനം വരെ ഞാനൊരു മാന്യന്‍ ആയിരിക്കുന്നതാണ്.
നറ്റാഷ: അപ്പോള്‍ നേരത്തേ ഹൂ- ഹൂ- ഹൂച് വേണം എന്നു പറഞ്ഞതോ.
കപിതാന്‍: ഏയ് വേണ്ട, കൊഞ്യാക് മതി എനിക്ക്.
നറ്റാഷ: ആങ്, അതാണ് മ- മ- മര്യാദ. അല്ലാതെ എല്ലാം അവസാനിക്കാന്‍ പോവുകയാണെന്നു വെച്ച് അന്തസ്സ് വിട്ട് ഹൂച് കു-കു-കുടിക്കാന്‍ പ-പ-പാടുമോ ഒരു കപിറ്റൻ.
കപിതാന്‍: ഒപ്​റ്റിമിസ്​റ്റ്​ എന്നൊന്നില്ലേ - അതിനെപ്പറ്റി ഒരു കഥയുണ്ട് നറ്റാഷാ. നൂറ്റിയൊന്ന് നിലകളുള്ള ഒരു കെട്ടിടം. അതിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീഴുകയാണ്. വീണുകൊണ്ടിരിക്കുകയാണ് ഈ അഭ്യുദയകാംക്ഷി - അല്ല, ശുഭപര്യവസായി - ഏയ്, അതും അല്ല, ഈ ഒപ്റ്റിമിസ്റ്റ് .... താഴോട്ട് ഒരു എഴുപത് നിലകള്‍ കടന്നപ്പോള്‍ .... ഒന്നു സങ്കല്പിച്ചു നോക്കൂ നറ്റാഷാ, നൂറ്റിയൊന്നാം നിലയ്ക്കും മുകളില്‍ നിന്ന് അയാള്‍ താഴോട്ടുതാഴോട്ട് വീണുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ എഴുപതാം നില കടന്ന ഞൊടിനിമിഷത്തില്‍ അയാള്‍ ആലോചിക്കുകയാണ്, ഓ, ഇനിയുമുണ്ടല്ലോ എഴുപതുനിലകള്‍ - ഹോ, ഇനിയുമാവാമല്ലോ ശുഭപ്രതീക്ഷ.
നറ്റാഷ: പക്ഷേ അതെങ്ങനെ - കഴിഞ്ഞില്ലേ എഴുപത്. ഇനി എഴുപതില്ലല്ലോ താഴോട്ട്.
കപിതാന്‍: ഹ ഹ, അതല്ലേ നറ്റാഷാ അയാളെ ഒപ്റ്റിമിസ്റ്റ് എന്നു വിളിക്കുന്നത്.
നറ്റാഷ: ഓഹോഹോ, അതു ശരി .... (പാതി കളിയായി) ഉണ്ടോ ഒരാള്‍ക്ക് ഇപ്പോഴും ശുഭപ്രതീക്ഷ.
കപിതാന്‍: ഏയ്, ഇല്ലില്ല നറ്റാഷാ .... ഹ ഹ, ഞാന്‍ അത്തരക്കാരനൊന്നുമല്ല.
നറ്റാഷ: എന്നാല്‍ നല്ല കുട്ടി ആയിട്ട് മുങ്ങിമരിക്കാന്‍ ഒരുങ്ങിക്കോളൂ ട്ട്വോ - സൂയ്‌സൈഡ് ബോംബര്‍.
കപിതാന്‍: (മറ്റെന്തോ ഓര്‍ത്ത് വിഷയം മാറ്റി) നറ്റാഷാ, നിനക്ക് എന്താവാനായിരുന്നു ഇഷ്ടം?
നറ്റാഷ: നനനറ്റാഷ ആവാന്‍. അത് ആയിട്ടും ഉണ്ട് ഞാന്‍ നന്നായിട്ട്, എന്തേ?
കപിതാന്‍: എനിക്കു പക്ഷേ തൃപ്തിയായിട്ടില്ല എന്നൊരു തോന്നല്‍. ഉദാഹരണത്തിന് എനിക്ക് കുറേ ... പ്രേമിക്കണം എന്നുണ്ട് നറ്റാഷാ.
നറ്റാഷ: (ചിരിച്ച്) എന്നാല്‍ എന്നെ ആയ്‌ക്കോളൂ അത് എന്ന് കൈനീട്ടും ഞാന്‍ എന്ന് - മോഹിച്ചോ?
കപിതാന്‍: അല്ല .... പക്ഷേ.
നറ്റാഷ: എന്തു പക്ഷേ! ... (ചിരി) ഹതേയ്, കട പൂട്ടാന്‍ നോക്ക് കപ്പിത്താനേ. ഞാന്‍ ശകലം കൊഞ്യാക് അല്ലെങ്കില്‍ ഷാംപേന്‍ കിട്ടുമോ കുറച്ച് എന്ന് പോയി നോക്കട്ടെ. അതുവരെ ഇവിടെ ക ക കാ ത്തിരിക്കൂട്ട്വോ കുകുകുപ്പിത്താനേ! .... (പുറംതിരിഞ്ഞ് മാറുമ്പോള്‍ തന്നോടുമാത്രമായി) ഈ വിക്ക് അഭിനയിക്കാനുള്ള ഒരു പാടുണ്ടല്ലോ, അത് മറക്കുകയും ചെയ്യും എപ്പോഴും.
കപിതാന്‍: (ഒറ്റയ്ക്കായതിനുശേഷം സ്വഗതം) എനിക്കറിയാം ഇവിടെ ഒരു ചെറിയ പേടകം ഉണ്ടെന്നും ഇതിലേ കടന്നുപോകുന്നവരുടെയെല്ലാം ശബ്ദം അതില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും. മറ്റാര്‍ക്കും അറിയില്ലായിരിക്കാം, പക്ഷേ എനിക്കറിയാം ... ഹ ഹ ഹ, ഞാന്‍ അറിയാതിരിക്കുമോ അത് - അല്ലേ! ... പിന്നീട് ആരെങ്കിലും ഇത് കേള്‍ക്കാന്‍ ഇടവന്നാല്‍ അവര്‍ക്ക് രസിക്കുന്ന വിധം ഒരു പൈംകിളിക്കഥ ചമയ്ക്കാന്‍ ഞാന്‍ ശ്രമിച്ചു അവസാനം, പക്ഷേ സാധിക്കാതെ പോയി.
മത്സ്യകന്യക: (പെട്ടെന്ന് ) ഏയ് - ഏയ് ക്യാപ്‌റ്റൻ! കപിതാന്‍: (മത്സ്യകന്യകയുടെ വിളി കേള്‍ക്കാതെ ആത്മഗതം തുടരുന്നു) ഇല്ല, എനിക്കൊരിക്കലും അവളോട് പറയാന്‍ സാധിക്കില്ല തന്നെ, ഓഹ്, നറ്റാഷാ!
മത്സ്യകന്യക: ക്യാപ്‌റ്റൻ, ഹേ ക്യാപ്‌റ്റൻ! കേള്‍ക്കാമോ?
കപിതാന്‍: ഹോ, എന്തൊരു - എന്തെന്തൊരു നറ്റാഷയാണവള്‍ - ഓ ദൈവമേ - എന്റെ ദൈവമേ!
മത്സ്യകന്യക: ബെ, ഒന്നുകില്‍ അയാള്‍ പെട്ടെന്ന് ബധിരനായി - അല്ലെങ്കില്‍ ഞാന്‍ ഊമയായി ... എന്നാലും ശ്ശോ, എന്തിനാണാവോ ഇങ്ങനെ ഒരു പരീക്ഷണം!

(കാറ്റും കോളും ഹുംകാരവും മൂര്‍ച്ഛിക്കുന്നു - കപിതാന്‍ ഒരു ഭ്രാന്തനെപ്പോലെ അലറിച്ചിരിക്കുന്നു - പലരുടേയും ചിരികള്‍, പാട്ടുകള്‍, നറ്റാഷയുടെ വിക്ക്, എന്നിവയെല്ലാം കടല്‍വെള്ളത്തില്‍ മുങ്ങിത്താഴുന്നു - മത്സ്യകന്യക ഒരു സീല്‍ക്കാരത്തോടെ സാഗരം പൂകുന്നു. ആരുടെയെല്ലാമോ അവസാനത്തെ ഏതാനും കുമിളകളും നാം കേള്‍ക്കുന്നു ...)

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments