ചിത്രീകരണം: രാജേഷ് ചിറപ്പാട്.

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 60
രാ രാ റാസ്‌പുട്ടിൻ

ഉല്യാനവ് ചിറകിൻതുമ്പിലെ എണ്ണമയമുള്ള തൂവലുകളിലേക്ക് തീപകർന്നു. ശേഷം കൊട്ടാരത്തിന്റെ മേലേക്ക് പറന്നു.

പെട്ടെന്ന് ഇടനാഴിയുടെ അറുതിയിൽ തുറന്നുകിടന്ന വാതിലും അടഞ്ഞു.

പ്രച്ഛന്നവേഷധാരിയായ ലെനിൻ ഒരു പരുന്തിന്റെ ചിറകിൽ സ്വസ്ഥനായി. ആകാശം മുട്ടെ വളർന്നു പന്തലിച്ചുനിന്ന വലിയൊരു വൃക്ഷത്തിൽ പരുന്ത് ചിറകൊതുക്കിയതോടെ ഭൂമിയിലെ ഓരോ ചലനവും ശ്രദ്ധിക്കാൻ ലെനിന് കഴിഞ്ഞു.

കൊട്ടാരത്തിന്റെ മതിൽക്കെട്ടിനുള്ളിലെ ഏറ്റവും ഉയരമുള്ള ഫിർമരത്തിലേക്ക് പരുന്ത് വീണ്ടും പറന്നെത്തി. ശേഷം ഒരു വൈമാനികന്റെ ശ്രദ്ധയോടെ കൂടുതൽ താഴ്ന്നു പറക്കാൻ തുടങ്ങി. അതിന്റെ തൂവലുകളിൽ ലെനിൻ പതുക്കെ വിരലോടിച്ചു. ഒരു കുഞ്ഞുതൂവലിളകി വായുവിൽ പറന്നകലുന്നത് നോക്കിയിരുന്നപ്പോൾ പല കാഴ്ചകൾ തെളിഞ്ഞുവന്നു. ആ തൂവൽ ചെന്നു വീണത് കൊട്ടാരത്തിന്റെ നടുമുറ്റത്താണ്.

കൊട്ടാരവാസികൾ പുറത്തേക്കുള്ള വഴി തിര‍ഞ്ഞെങ്കിലും അവയൊക്കെയും അടഞ്ഞുകിടന്നു. ചിലർ മുട്ടുകുത്തിനിന്ന് കുരിശുവരച്ചു പ്രാർത്ഥിച്ചു. മറ്റുചിലർ കാതലുള്ള തടികൊണ്ട് കടഞ്ഞെടുത്ത കുരിശിന്റെ തുഞ്ചങ്ങളിലേക്ക് അള്ളിപ്പിടിച്ച് കയറി. മറ്റുചിലർ തീൻമേശയ്ക്കുചുറ്റും വട്ടം കൂടി നിന്നു. കുഞ്ഞുങ്ങൾ മധുരം നുണഞ്ഞു.

ഏതു സമയത്തും അഗ്നിയായോ ജലമായോ മരണം കൊട്ടാരത്തിനുള്ളിലേക്ക് കടന്നു വരുമെന്ന് ഭയന്ന ഒരു വൃദ്ധൻ. എന്നും അയാൾ കൊട്ടാരവാസികളുടെ കണ്ണിലെ കരടായിരുന്നു. വരാൻപോകുന്ന വിപത്തുകളെക്കുറിച്ചുള്ള ആപത്ശങ്കകളായിരുന്നു കൊട്ടാരവളപ്പിൽ കണ്ടുമുട്ടിയവരോടൊക്കെ അയാൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. അതിന്റെ പേരിൽ പലതവണ വൃദ്ധന് ക്രൂരമായ മർദ്ദനമേല്ക്കേണ്ടിവന്നിട്ടുണ്ട്.

അവസാനത്തിന്റെ ആരംഭഗന്ധം വായുവിൽ പടർന്നുപിടിക്കുന്നതായി വൃദ്ധൻ വിളിച്ചുപറ‍ഞ്ഞു കൊണ്ടിരുന്നു. മറ്റാർക്കും തിരിച്ചറിയാനാവാത്ത ആ ഗന്ധം തനിക്ക് ലഭിക്കുന്നതായി വൃദ്ധൻ ഏറെക്കാലമായി പറഞ്ഞുകൊണ്ടിരുന്നതാണ്. അതൊന്നും ആരും മുഖവിലയ്ക്കെടുത്തില്ല.

എടുത്താൽ പൊങ്ങാത്ത ട്രങ്കുകളിൽ ആഭരണങ്ങളും വസ്ത്രങ്ങളുമായി സ്ത്രീകൾ ഇടനാഴികളിലൂടെ പരക്കം പാഞ്ഞുനടന്നു. അവർ പുറത്തേക്കുള്ള തുറസ്സുകളിൽ വന്നുനിന്ന് രക്ഷകരാരെങ്കിലും പുറത്തുണ്ടോ എന്ന് കാതുവട്ടം പിടിച്ചു. വെടിമരുന്നിന്റെ ഗന്ധവും, വാൾമൂർച്ചയുടെ തിളക്കവും മാത്രമാണ് പുറത്ത് അനുഭവിക്കാനായതും, കാണാനായതും.

ഉല്യാനവ് ശരീരത്തിന്റെ ഇരുപുറത്തും മുളച്ചുവന്ന ചിറകിലേക്ക് അത്ഭുതത്തോടെ നോക്കി. സ്വന്തം ചിറകുകൾ പകർന്നു നൽകിയ പരുന്ത് മരച്ചില്ലകളിലൊന്നിൽ ഒതുങ്ങിയിരുന്നു.

ഉല്യാനവിന്റേതു മാത്രമായ തീരുമാനങ്ങളാണ് പിന്നീടവിടെ നടപ്പിലായത്. കൊട്ടാരത്തിനുള്ളിൽ സമൃദ്ധിയുടെ വെള്ളിക്കരണ്ടിമാത്രം എപ്പോഴും കണ്ടവർ!ദരിദ്ര ജീവിതങ്ങളിലേക്ക് എണ്ണയിൽ മുക്കി കത്തിച്ച പന്തം വലിച്ചെറിഞ്ഞവർ, തങ്ങളുടെ ആനന്ദത്തിനു വേണ്ടി വിയർത്തൊലിക്കാൻ വിധിക്കപ്പെട്ടവരാണ് മറ്റു മനുഷ്യരെന്ന് ധരിച്ചുവശായവർ!

അവർക്കിടയിലേക്ക് ഉല്യാനവ് പറന്നിറങ്ങി.

അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ മരങ്ങൾകൊണ്ടു നിർമ്മിച്ച ഇടച്ചുമരുകളിൽ ചിറക് തട്ടിയുണ്ടായ ശബ്ദം പ്രകമ്പനം കൊണ്ടു. മൂർച്ചയുള്ള പലതരം സംഹാരശരങ്ങൾ പിറക്കുകയും അവ കയ്യെത്തുംദൂരത്ത് വന്ന് ഒപ്പം പറക്കുകയും ചെയ്യുന്നത് ഉല്യാനവ് അത്ഭുതത്തോടെ കണ്ടു.

കൊട്ടാരത്തിനുള്ളിലെ സംഭീതരായ മനുഷ്യരിൽ പലരും ഉല്യാനവിനെ കാണുന്നുണ്ടായിരുന്നില്ല. കണ്ടവരാകട്ടെ അവിശ്വസനീയമായ ചിലത് സംഭവിക്കാൻ പോകുകയാണെന്ന ഭയത്തിൽ രക്ഷപെടാനുള്ള പഴുതുകൾ തിരഞ്ഞുകൊണ്ടിരുന്നു

നീണ്ട ഇടനാഴിയിലൂടെ അത്രനാളും കണ്ടിട്ടില്ലാത്ത പലതരം ആഭരണങ്ങളണിഞ്ഞ് സ്ത്രീകൾ കടന്നുവരുന്നത് ഉല്യനവ് കണ്ടു. അവരുടെ ഭാവം കണ്ടാൽ പുറത്ത് അലങ്കരിച്ച യാത്രാവാഹനം കാത്തുനില്ക്കുന്നുണ്ടെന്നു തോന്നും. അമാലന്മാർ വന്ന് അവിടേക്ക് ആനയിക്കുമെന്നും അത്രദൂരം പരവതാനി വിരിച്ചിട്ടുണ്ടാകുമെന്നും അവർ കരുതുന്നുണ്ടാകണം.

ഇടനാഴിയുടെ പകുതിദൂരമെത്തിയ സ്ത്രീ ആരെയോ പ്രതീക്ഷിച്ചതുപോലെ ചുറ്റുംനോക്കി നിന്നു. അവിടേക്കു തുറന്ന ഒരു രഹസ്യവാതിലിലൂടെ ഒരാൾ കടന്നുവന്നു. പലതരം ആകർഷകമായ ആഭരണങ്ങൾ അയാളും ധരിച്ചിരുന്നു. രത്നങ്ങളും വൈരമാലകളുമൊക്കെ തിളങ്ങിനിൽക്കുന്നുണ്ട് അയാളുടെ ശരീരത്തിൽ.

ചില വാദ്യോപകരണങ്ങൾക്കൊപ്പം അയാൾ ആലാപനം തുടങ്ങി. അതുകേട്ട സ്ത്രീകളും കുട്ടികളും ദൂരെ കാണുന്ന പ്രകാശത്തിനു നേരെ നടന്നുതുടങ്ങി. കൊട്ടാരഗായകനും പിന്നണിക്കാരും അയാളെ അനുഗമിച്ചു.

ഒരു കുട്ടിക്ക് അത്ഭുതം അടക്കാനായില്ല.
‘റാസ്പുട്ടിൻ‍!’

ഭൂമിയുടെ തായ്‌വേരിൽ നിന്നും പറന്നുയരുന്ന ഒരു പക്ഷിയുടെ ചിറകടിയിൽ കൊട്ടാരവും പ്രജാപതിയും അനുചരവുന്ദവും നിലത്ത് വീണ് നിലവിളിച്ചു. സ്ത്രീകൾ കാഞ്ചനമഞ്ഞ ഉരിത്തെറിഞ്ഞ് രക്ഷോപായം തേടി. നിലവിളി നിലം തൊട്ടു പറന്നു.

ഭയന്നോടി വന്ന കുറെ കുട്ടികൾ!
അവർ കൊട്ടാരത്തിന്റെ ഇടനാഴിയിലൂടെ ഒഴുകി വരുന്ന രക്തച്ചാൽ കണ്ട് പകച്ചു നിന്നു. എതിരെ വരുന്ന തീപ്പാച്ചിൽ കൂടുതൽ ഭയം പുതപ്പിച്ചു. അവരുടെ കരച്ചിലേക്ക് താഴ്ന്നു വന്ന പരുന്തിന്റെ ഓരോ തൂവലിലും തൂങ്ങിയ കുട്ടികൾ. അവരെയും കൊണ്ട് ഏഴുനിറങ്ങളിലേക്ക് പരുന്ത് ചിറകടിച്ചുയർന്നു.

(നോവൽ അടുത്ത പാക്കറ്റിൽ അവസാനിക്കും)


Summary: Dasvidaniya Lenin Good Bye Lenin Malayalam novel chapter 60 c anoop writes


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments