ഇത് ദൈവം മുന്നിൽനിന്നും നയിക്കുന്ന യാത്രയുടെ വിചാരമാണ്. മനുഷ്യനും മൃഗങ്ങളും എന്നോ തുടങ്ങിയ യാത്ര. അതിന്നും തുടരുകയാണ്. ഒന്നിൽനിന്നും മറ്റൊന്നിലേക്കുള്ള ജീവിതത്തിന്റെ പെരുക്കം പോലെ. സ്ഥലകാലസീമകൾക്കപ്പുറത്തേക്കാണ് ഈ പ്രയാണം. വഴിത്താരകൾ ജന്മാന്തരങ്ങളായി തെറ്റിപ്പോകാത്ത ജനിതകരേഖകളാണ്. ആരും വഴിപറഞ്ഞു തരേണ്ടതില്ല. ഒന്നിൽനിന്ന് പലതാകുന്ന നൂറുനൂറുവഴികളുടെ സങ്കീർണ്ണതകൾ. മൃതിയുടെ വായപിളർന്ന ഭയാനകമായ കൊല്ലികൾ. മരണത്തിലേക്കു വലിച്ചുകൊണ്ടുപോകുന്ന ചെങ്കുത്തായ കയറ്റങ്ങൾ. കാലൊന്ന് പിഴച്ചാൽ കാണാതാകുന്ന ആഴങ്ങളുടെ കയങ്ങൾ. വിഭ്രാന്തിയുടെ വിജനാരണ്യകങ്ങൾ. ഒരു ഹൃദയത്തിൽ നിന്നും പുറപ്പെട്ട് പലതായിപ്പടരുന്ന ധമനികൾപോലെ ഏത് വഴിയും ലക്ഷ്യത്തിലേക്കു തന്നെയാണ്. അല്ലെങ്കിലും വഴികൾ എന്ന ഒന്നില്ലല്ലോ. നടക്കുന്നതാണ് വഴികൾ. നടക്കുമ്പോഴാണ് വഴികൾ രൂപപ്പെടുന്നത്. നടത്തമെന്ന ചോരയോട്ടത്തിലെ ചാലകത്വമാണ് വഴികൾ. ഇതിലേ ഇതിലേ എന്ന് നടന്നുനടന്ന് കാലുകൾ ഭൂമിക്കു മുകളിൽ വഴികളെ രേഖപ്പെടുത്തുന്നു.
എന്റെ പേര് പൊന്നൻ, എന്റെ പേര് അഴകൻ. എരുതുകൾ ദൈവത്തിന് തങ്ങളെ പരിചയപ്പെടുത്തി. പൊന്നും അഴകുമില്ലെങ്കിലും മനുഷ്യർ ഞങ്ങൾക്ക് പേരിടുന്നതങ്ങനെയാണ്. എല്ലാമറിയുന്ന നിനക്ക് ഞങ്ങളുടെ പേരും അറിയാതിരിക്കില്ല. പൊന്നൻ ചിരിച്ച് മണികിലുക്കി. കാളക്കുട്ടികളേ നിങ്ങൾക്ക് തെറ്റി. എല്ലാമറിയുവാൻ ദൈവത്തിന് കഴിയില്ല. പരിമിതപ്പെട്ട അറിവുതന്നെയാണ് ദൈവം. നീ വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എത്രയോ കാലങ്ങളായി ഈ ചുമടുംതാങ്ങി ഞങ്ങൾ മലകയറുകയും ഇറങ്ങുകയും ചെയ്യുന്നു. എത്രയോ മനുഷ്യരിലൂടെ ഞങ്ങൾ കടന്നുപോയി. എല്ലാവരും ഞങ്ങളെ സ്നേഹിച്ചു, ചിലർ മാത്രം കൂടുതൽ സ്നേഹിച്ചു. പക്ഷേ എല്ലാവരും ഒരുപോലെ ചെയ്ത കാര്യമുണ്ട്. ദൈവത്തിന് അതറിയുമോ...? അഴകൻ ദൈവത്തിന്റെ ഉള്ളിലേക്കു നോക്കി. ഞങ്ങളെ മനുഷ്യന്റെ ആവശ്യങ്ങൾക്ക് വേണ്ടി നിർദ്ദയം മർദ്ദിച്ചു. ഞങ്ങളെ ശിക്ഷിക്കുന്നതിന് യാതൊരു കാരണവുമുണ്ടായിരുന്നില്ല.
കണ്ടിയിൽ ചുങ്കസ്ഥാനം, കപ്പയൻകുന്ന്, പാറയംതാമളം, പടുത്തപാറക്കൊല്ലിയേറ്റം, കൊല്ലിപ്പുഴ, മുതലക്കല്ല്, ഞെട്ടിയോട്പുതുച്ചൊരം... പൊന്നനും അഴകനും ദൈവവും മലയടിവാരത്തൂടെ കാറ്റുകൊണ്ട് നടന്നു. ഈ വഴികളൊക്കെ സങ്കടങ്ങളിലേക്കാണ്. കൊല്ലിയും ചൊരവും താമളവും നിരവും ചാലും തോടും പുഴയും സങ്കടങ്ങളിൽനിന്നു തുടങ്ങുകയും സങ്കടങ്ങളിൽച്ചെന്നവസാനിക്കുകയും ചെയ്യുന്നു. യാത്രകളുടെയും പെരിയകളുടെയും ഉടയോനായ ചങ്ങാതീ നീയിതു കണ്ടോ. പൊന്നനും അഴകനും ഒരുപോലെ ദൈവത്തിനോട് ചോദിച്ചു. എന്താണ് കാണേണ്ടത്? അലച്ചിലുകളുടെ ദൈവം തിരിഞ്ഞുനിന്നു. നീ ഞങ്ങളുടെ തൊലിപ്പുറത്തേക്കുനോക്കൂ. ദൈവങ്ങളും മനുഷ്യരും അനുഭവിച്ച ആനന്ദങ്ങളാണ് ഞങ്ങളുടെ തൊലിപ്പുറത്ത് ഈ തിണർത്തുകിടക്കുന്നത്.
ഞെട്ടിയോട്പുതുച്ചൊരം കേറി പൊന്നനും അഴകനും നിന്നു. ദൈവം എരുതുകളുടെ പുറത്തേക്ക് നോക്കി. മർദ്ദനത്തിന്റെ അടയാളങ്ങളില്ലാത്ത ഒരു സ്ഥലം പോലുമില്ല കാളകളുടെ ശരീരത്തിൽ. അനന്തകാലമായുള്ള പീഢകൾ വെളുത്ത തൊലിപ്പുറത്ത് പകർത്തിവെച്ചിട്ടുണ്ട്. ദൈവം ഒന്നും പറഞ്ഞില്ല. കരുണാർദ്രമായ കണ്ണുകളോടെ പൊന്നനെയും അഴകനെയും നോക്കി പുഞ്ചിരിച്ചു. ഗദ്ഗദത്തോടെ ദൈവം പ്രതിവചിച്ചു. ഉറ്റവരായ മൃഗജാതികളേ നിങ്ങൾ എന്റെ ശരീരത്തിലേക്കുനോക്കൂ. ദൈവം പൊന്നന്റെയും അഴകന്റെയും മുന്നിൽ നെഞ്ചുവിരിച്ചു. ഇത്രയും മുറിവുകൾ നിനക്കെവിടെ നിന്നും കിട്ടി. കൊത്തിക്കീറിക്കോറിവരഞ്ഞ ദൈവശരീരം കണ്ട് കാളകൾ അതിശയിച്ചു. ഞങ്ങളുടെ മുറിവുകൾ എത്രയോ നിസ്സാരം. ഇത്രയും മുറിവുകൾ ഒരുശരീരത്തിൽ കാണുന്നത് ആദ്യമായിട്ടായിരുന്നു. ഭൂമിയിൽ ഏറ്റവും വലിയ പീഡയനുഭവിക്കുന്നത് ഞങ്ങൾ മൃഗജാതികളാണെന്നാണ് വിചാരിച്ചത്. പക്ഷേ ഇതങ്ങനെയല്ലല്ലോ. കൊത്തിനുറുക്കാത്തതായി ഒരിടംപോലുമുണ്ടായിരുന്നില്ല. പൊന്നനും അഴകനും നോക്കിക്കൊണ്ടിരിക്കെ ദൈവശരീരത്തിൽ തലങ്ങും വിലങ്ങും പടർന്ന മുറിവടയാളങ്ങൾ മെല്ലമെല്ലെ ചോന്നു. സഹനത്തിന്റെ പൂർവ്വകാലത്തേക്കുള്ള വഴിത്താരകളായി ദൈവശരീരത്തിൽ ചോരച്ചാലുകൾ തെളിഞ്ഞു.
എരുതുകളുടെയും ദൈവത്തിന്റെയും കണ്ണുകൾ നിറഞ്ഞു. ഇത് എന്തിനു വേണ്ടിയുള്ള ശിക്ഷയായിരുന്നു. മൃഗം ദൈവത്തിനോട് ചോദിച്ചു. ഇത് സ്നേഹത്തിന് വേണ്ടി. ഒരാൾ മറ്റൊരാൾക്ക് വേണ്ടി ബാക്കിവെക്കുന്നത് ഈ മർദ്ദിതശരീരം കൂടിയാണ്. സ്നേഹത്തിന് വേണ്ടി മുറിപ്പെട്ട് ദൈവമായവനാണ് ഞാൻ. ഈ മുറിവുകളിലൂടെ മാത്രമേ ദൈവത്തിന് മണ്ണിലേക്ക് നടക്കാനാകൂ. ഈ മുറിവുകൾ സ്നേഹത്തിലേക്കും നീതിയിലേക്കുമുള്ള വഴികളാണ്. മുറിപ്പെടാതെ ചോര പൊടിയാതെ ഒരു ദൈവജീവിതം ഈ മണ്ണിൽ സാദ്ധ്യമല്ല. എന്റെ ശരീരത്തിൽ കാണുന്ന ശോണരേഖകളത്രയും ഞാൻ താണ്ടിയ ദൂരങ്ങളാണ്. എന്റെ തന്നെ വഴികൾ. നൂറ്റിയെട്ട് ഭിന്നങ്ങളായാണ് ഈ ശരീരം ഛേദിക്കപ്പെട്ടത്. ഇന്നോളം ഒരു മനുഷ്യനും അനുഭവിക്കാത്ത മരണമായിരുന്നു എന്റേത്. നൂറ്റിയെട്ടേഴ് കഷണങ്ങളാക്കി എന്റെ ശരീരത്തെ ഈ മണ്ണിൽത്തന്നെയെറിഞ്ഞു. പശിമയുള്ള മണ്ണിൽ എറിയുന്ന വിത്തുകൾ പോലെ. എനിക്ക് മുളച്ചുപൊന്താതിരിക്കാനാകില്ല. ഞാൻ ദൈവമാണ്. എല്ലാ നന്മകളുടെയും അപ്പുറമുള്ള പീഡകളുടെ, സഹനത്തിന്റെ, തിരസ്‌കാരത്തിന്റെ എരിഞ്ഞുതീരലിന്റെ ദൈവം...
ദൈവവും കാളകളും കണ്ണിൽക്കണ്ണിൽ നോക്കി. സങ്കടം സങ്കടത്തെ കണ്ടു. മൃഗവും ദൈവവും ഒരുപോലെ കരഞ്ഞു. കണ്ണീർ ധാരധാരയായൊഴുകി. തങ്ങളെക്കാൾ സഹിക്കുന്നവർ ഈ ഭൂമിയിലുണ്ടെന്നത് കാളകൾക്ക് പുതിയ അറിവായിരുന്നു. സഹനത്തിന് വേണ്ടി മാത്രമാണ് ഞങ്ങളുടെ ജീവിതമെന്നാണ് ഇതുവരെ വിചാരിച്ചത്. ഈ ഭൂമിയിൽ എത്രതരം സഹനങ്ങളാണ്. അറ്റമില്ലാത്ത പീഡാനുഭവങ്ങൾ. മണ്ണുനഷ്ടപ്പെട്ടവർ, മാനം നഷ്ടപ്പെട്ടവർ, കുടിയിറക്കപ്പെട്ടവർ. തങ്ങളെക്കാൾ ദു:ഖങ്ങളനുഭവിക്കുന്നവരുടെ ഭൂമി. പലായനത്തിന്റെയും അലച്ചിലിന്റെയും അനന്തമായ ദു;ഖങ്ങൾ. അശാന്തിയുടെ വാഗ്ദത്തഭൂമികൾ...
പൊന്നനും അഴകനും ഇതിൽക്കൂടുതൽ സന്തോഷമില്ല. മനുഷ്യൻ എന്നെങ്കിലുമാലോചിച്ചിട്ടുണ്ടോ ഞങ്ങൾ മൃഗങ്ങളുടെ സങ്കടങ്ങളെക്കുറിച്ച്. മലനാട്ടിൽനിന്നും കൊടകുമലയിലേക്കുള്ള ഈ യാത്ര എന്നു തുടങ്ങിയതാണെന്നറിയില്ല. മണ്ണിൽ പിറന്നുവീഴുന്ന ഓരോ എരുതിന്റെ പുറത്തും സഹനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ക്രൂരമായി മർദ്ദിക്കപ്പെടുന്നതിന് മുമ്പേതന്നെ അതിന്റെ അടയാളങ്ങളുമായി മണ്ണിൽ പിറന്നവരാണ് ഞങ്ങൾ. എരുതുകൾ ദൈവത്തോട് പറഞ്ഞു. നീ സങ്കടങ്ങളിലേക്ക് സാന്നിദ്ധ്യപ്പെടുമ്പോൾ ഞങ്ങളെയും കൂടെക്കൊണ്ടുപോകണം. സങ്കടങ്ങളോടൊപ്പം ചേർന്നുനില്ക്കാനും സങ്കടങ്ങളെപ്പകുക്കാനും ഞങ്ങൾക്കും കഴിയും. ചാണകം കെട്ടിക്കിടക്കുന്ന യജമാനന്മാരുടെ കരക്കയിൽ ഞങ്ങളെ തളച്ചിടരുത്. ദൈവം നനവൂറുന്ന ചിരിയിലൂടെ പ്രതിവചിച്ചു. പൊന്നാ... അഴകാ.. നിങ്ങൾ മുങ്ങിനിവർന്നത് പുതിയ സ്നേഹത്തിലാണ്. നിങ്ങൾ നടക്കുന്നത് പുതുചരിത്രത്തിലേക്കാണ്. നിങ്ങൾ ചുരംകീയുന്നത് പുതുജീവിതത്തിലേക്കാണ്.
പുതുച്ചൊരമിറങ്ങുന്ന എന്റെ ജീവിതത്തിൽ എന്നും നിങ്ങളുണ്ടാകും. എന്റെ കഠിനജീവിതം പാടിയാടുന്നവർക്ക് നിങ്ങളെച്ചേർത്ത് പാടാതിരിക്കാനാകില്ല. നിങ്ങളുടെ പുറത്തെ ഭാരമേറിയ പേറിലാണ് ഞാനെന്റെ ദൈവമുദ്രകൾ കണ്ടത്. ധനമോഹികളായ നിങ്ങളുടെ ചന്തവാണിഭക്കാരിലല്ല. സഹനം തിണർത്ത നിങ്ങളുടെ മുതുവത്ത് വർദ്ധിച്ച ഭാരമേല്പിക്കാൻ എനക്കാകുമോ എന്നാണ് നിങ്ങളുടെ യജമാനന്മാർ എന്നെ പരീക്ഷിച്ചത്. അവരുടെ മോഹങ്ങളിലേക്കോ പ്രാർത്ഥനകളിലേക്കോ അല്ല ഞാൻ ഉലകീയുന്നത്. മലനാട് ഇനിമുതൽ എന്റെ സഹനത്തിന്റെ ഇടയിലോകമാണ്. എനിക്കിനി മേലുലകമില്ല. പക്ഷേ എനക്കീ തണ്ടയാന്മാര് വേണം. എന്റെ വേദനകൾക്കിനി ഇവരായിരിക്കും കാവക്കാർ. എന്റെ തിരുവപ്പനക്കോലം നാളെ പീഡനമേറ്റുവാങ്ങുന്ന മനുഷ്യന്റെ ആവിഷ്‌കാരമായി എന്റെ ജീവിതത്തെ മാറ്റിയെഴുതും. മലനാട്ടിലെ കഷ്ടതയനുഭവിക്കുന്നവർ അവരവരുടെ വീട്ടുമുറ്റത്ത് അംഗുലീപരിമിതനായ എന്നെക്കൂടിക്കാണും. കഥയായും ജീവിതമായും ചരിത്രമായും നേരനുഭവമായും.... അവരവരുടെ ജീവിതത്തോടൊപ്പം കാലാതീതമായി മുറിഞ്ഞുവീണ എന്റെ ദൈവശരീരത്തെ ചേർത്തുവെക്കും. മനുഷ്യവ്യവഹാരത്തിലെ ഹിംസയും കരുണയും കൊണ്ടാണ് എന്നെ നിർമ്മിച്ചിരിക്കുന്നത്. ഈ ദ്വൈതങ്ങൾ ഭൂമിയിൽ നിലനില്ക്കുന്നിടത്തോളം എന്റെ ജീവിതം പ്രസക്തമാണ്.
പൊന്നനും അഴകനും വലിയ സന്തോഷമായി. അവർ ദൈവത്തിന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേട്ടു. ഈ ഭൂമിയിൽ ഇങ്ങനെയും ഒരു ദൈവദർശനം അനിവാര്യമാണ്. സർവ്വപ്രതാപിയായ, ആർക്കുമാർക്കും പരാജയപ്പെടുത്താനാകാത്ത വിശുദ്ധ ദൈവങ്ങളും അവരുടെ പുരോഹിതരും നാൾക്കുനാൾ ഈ മണ്ണിലെ ജീവിതം ദുസ്സഹമാക്കുമ്പോൾ ഇങ്ങനെയും ഒരു രണവീരൻ, മലദൈവം നമുക്കാവശ്യമാണ്. ചിലതിനെ നിശ്ശബ്ദമാക്കാൻ ചിലതിനെ നിർവീര്യമാക്കാൻ ഇങ്ങനെ പിടഞ്ഞൊടുങ്ങിയവനേ കഴിയൂ. ഇവന്റെ സഹനങ്ങൾക്കു പകരമില്ല. മൃഗങ്ങളുടെ മനോവ്യാപാരങ്ങൾ അതിരുകടന്ന് അവർക്കുമുന്നേ സഞ്ചരിച്ചു.
യാത്ര പിന്നെയും തുടർന്നു. മണ്ണിലെ മനുഷ്യരൊക്കെ ജയിച്ച ദൈവങ്ങളെയാണ് പൂജിക്കുന്നത്. വിജയിച്ചുകഴിഞ്ഞ ദൈവങ്ങൾക്ക് ഭൂമിയിൽ എന്താണ് ചെയ്യാനുള്ളത്. പൊന്നൻ ചോദിച്ചു. ഈ മണ്ണിലെ അസംഖ്യം ജനങ്ങളുടെ നിലവിളി കേൾക്കുന്നില്ലേ. അജയ്യരായ ദൈവങ്ങളുടെ പിടിയിൽനിന്നും പരാജയപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളെ സ്വതന്ത്രമാക്കണം. അത് നിന്നെപ്പോലെ വാൾത്തലയാൽ അരിഞ്ഞുവീഴ്ത്തപ്പെട്ടവനു മാത്രമേ സാദ്ധ്യമാകൂ. അഴകൻ മണികിലുക്കിയാട്ടി. ഭൂമിയിൽ പരാജയപ്പെട്ടവർക്കു വേണ്ടിയാണ് പീഡകളനുഭവിക്കുന്ന മൃഗങ്ങൾ ആധാരമായി ഞാൻ ശേഷിപെട്ടിരിക്കുന്നത്. എന്റെ വ്യക്തിജീവിതത്തിൽ നേരിടാത്ത പരീക്ഷണങ്ങളില്ല. എല്ലായിടത്തുനിന്നും നിഷ്‌കാസിതനായ മനുഷ്യനാണ് ഞാൻ. എനിക്കിഷ്ടപ്പെട്ടിടത്തൊന്നും എനിക്ക് നിലനില്ക്കാനായില്ല. എല്ലാ സന്തോഷങ്ങളിൽ നിന്നും നിർദ്ദയം പുറന്തള്ളപ്പെട്ടു. എന്റെ ദൈവജീവിതം ഭൂമിയിലെ പരാജയപ്പെട്ട മാനവരുടെ തത്ത്വശാസ്ത്രമാണ്. ഞാൻ പരാജയത്തിന്റെ അങ്ങേത്തലയിലെ മരണം അനുഭവിച്ചവനാണ്. അതിനപ്പുറമില്ലല്ലോ മറ്റൊന്നും.
അഴകൻ വാചാലനായി. നിന്റെ ദൈവമുദ്രകൾ, നിന്റെ ജീവിതം നാളെ ലോകത്തോട് സംസാരിക്കും. നീ അശരീരിയായല്ല, അമാനുഷ ശക്തിയായല്ല നിന്റെ സാന്നിദ്ധ്യമറിയിച്ചത്. അതിന്റെ വഴികൾ വിചിത്രമായിരുന്നു. ലോകത്തിന്നുവരെ ഒരു ദൈവവും സഞ്ചരിക്കാത്ത വഴികളിലാണ് നിന്റെ കരുവിന്റെ വിത്തുകൾ പാകിയത്. ദൈവം സ്വജീവിതം ആവിഷ്‌കരിക്കാൻ തെരഞ്ഞെടുത്ത മനുഷ്യൻ ഭൂമിയിൽ ഏറ്റവും കൂടുതൽ പീഢയേറ്റുവാങ്ങിയവനായിരുന്നു. ആ മനുഷ്യന്റെ സാന്നിദ്ധ്യം ലോകമറിഞ്ഞ വഴികൾ തികച്ചും വ്യത്യസ്തമായിരുന്നു. കദളിവാഴകൾ, ഭാരമെടുക്കാനാകാത്ത അടികൊണ്ടുപിടയുന്ന എരുതുകൾ, തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനുമായ കനലാടി എല്ലാം ലോകത്തിന് പുതിയ ദർശനങ്ങളായിരുന്നു. നീ ദർശനപ്പെട്ട ശരീരമാണ് ഏറ്റവും അതിശയമുണ്ടാക്കുന്നത്. ദുർബ്ബലനും ആരോടും മിണ്ടാത്തവനും പച്ചപ്പാവവുമായ കൃഷിക്കാരൻ. കൈക്കോട്ടുമായി കണ്ടത്തിൽ പണിയെടുക്കുന്ന അണ്ണുക്കന്റെ ദിരിശനശീരരമാണ് ലോകത്തിനുമുന്നിലെ പുതിയ ദൈവദർശനം.
അങ്ങനെ പലപല കാഴ്ചകൾ കണ്ട് കിസകൾപറഞ്ഞ് അവർ മുമ്പോട്ട് മുമ്പോട്ട് നടന്നു. നമ്പിടിക്കല്ല്, പേരട്ടപ്പാലം, കരുമകൻകൂലോം, മാനാടിവളവ് കഴിഞ്ഞ് മട്ടുണ്ണിപ്പറമ്പിലെത്തി. ഇത്രയും കഠിനജീവിതം അനുഭവിച്ച് പാതിയിൽ മരണപ്പെട്ട് വീണ്ടും ഉയിർത്ത് നീയിലോകത്തോട് എന്താണ് പറയാൻ പോകുന്നത്. ശിഷ്ടജീവിതം കൊണ്ട് നീയെന്തുനേടും. ചന്തവാണിഭക്കാരായ മനുഷ്യരോടൊത്താണ് നീ മറ്റൊരു നാടുറയാനിറങ്ങുന്നത്. മനുഷ്യൻ എല്ലാ നിലയ്ക്കും കഷ്ടതയനുഭവിക്കുന്ന ലോകമാണിത്. അവിടെ മുറിവേറ്റ ശരീരവുമായി വിരലുകൾ മുഴുമിക്കാത്ത കൈകളുമായി നീ എന്തുചെയ്യും.
അഴകന്റെ ഈ ചോദ്യം ഏത് നിമിഷവും വരുമെന്ന് ദൈവം പ്രതീക്ഷിച്ചിട്ടുള്ളതാണ്. ദൈവശബ്ദത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഈ മനുഷ്യരെ എന്തെങ്കിലും പഠിപ്പിക്കാനോ ലോകം മാറ്റിമറിക്കാനോ അല്ല ഞാനീ മലയിറങ്ങുന്നത്. മനുഷ്യൻ പ്രവചനാതീതനാണ്. അവന്റെ സാദ്ധ്യതകൾ അനന്തമാണ്. ഒരു ദൈവത്തിനും മനുഷ്യന്റെ മനസ്സിനെ ശുദ്ധീകരിക്കാനാകില്ല. ഓരോ മനുഷ്യന്റെയും ജീവിതാവബോധമാണ് സ്വയം ശുദ്ധപ്പെടുക എന്നത്. അതൊരാൾക്കൊരാളെ പഠിപ്പിക്കാനാകുന്നതല്ല. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും തുടിക്കുന്നത് സ്വന്തം ജീവിതമാണെന്നു പറയാനോ പഠിപ്പിക്കാനോ കാണിച്ചുകൊടുക്കാനോ ആർക്കും പറ്റുന്നതല്ല. കാരുണ്യവും ഹിംസയും ഓരോ മനുഷ്യന്റെയും സ്വയം തെരഞ്ഞെടുപ്പാണ്.
ഇവിടെ എല്ലാമുണ്ട്. ഹിംസയും കാരുണ്യവും ഒരുപോലെയാണ്. അത് ഓരോ മനുഷ്യന്റെയും വിവേകമാണ്, തീരുമാനമാണ്, ഞാൻ ഇതിൽ ഏത് സ്വീകരിക്കുന്നു എന്നത്. ദൈവങ്ങൾക്കതിൽ ഒന്നും ചെയ്യാനില്ല ഒന്നും...
ആമേരിയിലെ എരുതുകളേ... ഇത് എന്റെ തിരഞ്ഞെടുപ്പാണ്. എന്റെ തീർപ്പിന്റെ വഴിയിലൂടെയാണ് ഞാൻ നടക്കുന്നത്. ഹിംസയെക്കുറിച്ച് മനുഷ്യനോട് ഒന്നും പറയേണ്ടതില്ല. പുതുതായി ഒന്നും പഠിപ്പിക്കേണ്ടതുമില്ല. അവന് എല്ലാം അറിയാം. പക്ഷേ കാരുണ്യത്തെ, അലിവിനെ, മറ്റൊരാളെ ചേർത്തുപിടിക്കേണ്ടതിനെ... അവന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് അവനെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കണം. കീറിമുറിഞ്ഞ ഈ ശരീരം ഓർമ്മയുടെ പുസ്തകമാണ്... പരുപരുത്ത കല്ലുകളിൽ തഴമ്പിച്ച കാലുകൾ അമർത്തിച്ചവുട്ടി ദൈവം വേഗത്തിൽ നടന്നു.
സങ്കടങ്ങളുടെ ഉടയോൻ ഇടയിലോകമിറങ്ങുന്ന വിളംബരം പോലെ കോടപൂത്ത താഴ്വരസമൃദ്ധിയിൽ പൊന്നന്റെയും അഴകന്റെയും മണിക്കൂറ്റുകൾ മുഴങ്ങി...