അധ്യായം 57
അദൃശ്യ സന്ദർശനം
ഇരുട്ടു വീണ വഴിയിലൂടെ നടന്നകലുന്ന ഒരാൾ. മുന്നിൽ. ഉതിർന്നുവീഴുന്ന പ്രകാശത്തിലേക്കും ആ മനുഷ്യൻ നടന്നുപോയ വിദൂരതയിലേക്കും നോക്കി ഇറീനയും ക്രിസ്റ്റഫറും ഉദയമെത്തുംവരെ ഒരേ നില്പുനിന്നു.
ക്രിസ്റ്റഫർ റീഡും ഡോ. ഇറീനയും മോസ്കോ തെരുവുകളിലൂടെ നടന്നു. രാത്രിയിൽ തെരുവുവിളക്കിനു ചുവട്ടിലിരുന്ന് എന്തോ കുത്തിക്കുറിക്കുകയും ശബ്ദം താഴ്ത്തി സംസാരിക്കുകയും ചെയ്ത മനുഷ്യനെ നോക്കി അവർ നിന്നു. തന്നെ തുറിച്ചുനോക്കി നില്ക്കുന്നവരെ വകഞ്ഞുമാറ്റി കോട്ടിന്റെ പോക്കറ്റിൽ കൈതിരുകി ആ മനുഷ്യൻ തണുപ്പിലൂടെ നടന്നു മറഞ്ഞു.
പ്രാവ്ദയുടെ ഓഫീസിനു മുന്നിൽ നിർത്തിയിട്ടിരുന്ന ലാഡ കാറിലേക്കു നോക്കി ക്രിസ്റ്റഫറും ഇറീനയും എത്തിയപ്പോൾ തണുത്ത കാറ്റ് ചുറ്റി അടിക്കാൻ തുടങ്ങി നിന്നു.
"എന്റെ അച്ഛൻ ലെനിനെയും കൊണ്ട് പലപ്പോഴും യാത്ര ചെയ്തത് ഈ കാറിലായിരുന്നു." ഇറീന പറഞ്ഞു.
"ജീവിച്ചിരുന്നപ്പോൾ ആ യാത്രകൾക്കിടയിലെ ഓർമ്മകളൊന്നും അച്ഛൻ എന്നോട് പറഞ്ഞില്ല’’.
അവർ വീണ്ടും നടന്നു. ലെനിൻഗ്രാഡിനു മുന്നിൽ നില്ക്കുമ്പോഴാണ് എതിരെ നടന്നുവരുന്ന ആ മനുഷ്യൻ അവരുടെ ശ്രദ്ധയിലേക്ക്ക് വീണ്ടും കടന്നുവന്നത്. വിളക്കുകാലിനു മുന്നിലിരിക്കുമ്പോൾ ധരിച്ചിരുന്ന വേഷമായിരുന്നില്ല അപ്പോൾ അയാളുടേത്. എവിടെയൊക്കെയോ നിന്നും ഓർമ്മകളെ തിരികെ വിളിക്കുന്നതായിരുന്നു അയാളുടെ മുഖവും നടപ്പും ഭാവവും. കഷണ്ടികയറിയ തലയൊന്നുഴിഞ്ഞു് ആരെയും ശ്രദ്ധിക്കാതെ ഒഴിഞ്ഞുമാറി നടക്കാൻ ശ്രമിച്ച അയാളുടെ മുന്നിലേക്കു കയറി നിന്ന ഇറീനയെ ക്രിസ്റ്റഫർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അപരിചിതനായ ഒരാൾ അർദ്ധരാത്രി കഴിഞ്ഞ നേരത്ത് എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ ക്രിസ്റ്റഫറിന് സംശയമുണ്ടായിരുന്നു.
"ആരാണ് നിങ്ങൾ?" ഡോ. ഇറീന ചോദിച്ചു.
മറുപടി പറയാതെ അയാൾ മുന്നിൽ കയറിനിന്ന സ്ത്രീയെ മറികടന്നു പോകാൻ ശ്രമിച്ചില്ല.
അടുത്തെങ്ങും അപ്പോൾ ആരും ഉണ്ടായിരുന്നില്ല. ചിലർ പല വഴികളിലേക്ക് തിടുക്കത്തിൽ കടന്നുപോയത് തൊട്ടുമുമ്പുള്ള തെരുവിൽ വച്ചാണ്. ഇപ്പോൾ നില്ക്കുന്ന വഴിയിൽ മൂന്നുപേർ മാത്രമാണ് ആ സമയത്തുണ്ടായിരുന്നത്. ആദ്യകാഴ്ചയിൽ അസ്വാഭാവികമായ രീതിയിൽ നടന്നുപോയ മനുഷ്യൻ വീണ്ടും മുന്നിൽ വന്നുപെട്ടപ്പോൾ കണ്ടില്ലെന്ന മട്ടിൽ മാറി നടക്കാനാണ് ക്രിസ്റ്റഫറിനു തോന്നിയത്. അപ്പോഴാണ് ഇറീന പെട്ടെന്ന് അയാൾക്കു മുന്നിലേക്ക് കയറി നിന്നതും പരിചയപ്പെടാൻ ശ്രമിച്ചതും.
ഇറീനയെയും കൂട്ടി എഴുത്തുമുറിയിലേക്ക് പോകാനാണ് ക്രിസ്റ്റഫറിന് അപ്പോൾ തോന്നിയത്. പലതവണ വിളിച്ചെങ്കിലും ആ മനുഷ്യന്റെ മുന്നിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് ഇറീന നിന്നു. മുന്നോട്ടു നടക്കാൻ അനുവദിക്കാത്ത സ്ത്രീയോട് അയാൾ ക്ഷോഭിക്കുമെന്ന് ക്രിസ്റ്റഫറിനു തോന്നി. സമയവും തണുപ്പും ഏറിവന്നെങ്കിലും ചെറിയൊരു ചിരിയോടെ അയാൾ ഇറീനയെ നോക്കി നിന്നു.
"ആരാണ് നിങ്ങൾ?" ഇറീന വീണ്ടും ചോദിച്ചു.
വളരെ പതുക്കെ ഇറീനയോട് വഴിയോരത്തേക്ക് മാറിനില്ക്കാൻ അയാൾ പറഞ്ഞു. യാതൊരെതിരും പ്രകടിപ്പിക്കാതെ അയാൾ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് ഇറീന മാറിനിന്നു. കയ്യിലിരുന്ന പ്രാവ്ദ ഇറീനയുടെ കൈയിൽ വച്ചുകൊടുത്തശേഷം അയാൾ തിടുക്കത്തിൽ നടന്നുപോയി. പിന്നിൽ നിന്ന് ഇറീന വീണ്ടും ചോദിച്ചു. "ആരാണ് നിങ്ങൾ?"
(തുടരും)