അധ്യായം 58
വോൾഗയുടെ തീരം
പല ദിശകളിൽ നിന്നും അയാളിലേക്ക് എറ്റിവന്ന പ്രകാശവർഷം. ഇറീനയും ക്രിസ്റ്റഫറും അത് അത്ഭുതത്തോടെ കണ്ടു നിന്നു.
ഒരു ഉഷ്ണക്കാറ്റ് അവരെ കടന്നുപോയി.
പ്രസാധകനായ അലക്സിന്റെ ഓഫീസിൽ നിന്നിറങ്ങി ക്രിസ്റ്റഫറും ഇറീനയും നേരെ പോയത് രോഗം ചേർത്തു ഞെരിക്കുന്ന സുഹൃത്തിന്റെ വീട്ടിലേക്കാണ്. വിദേശത്തുനടത്തേണ്ട തുടർചികിത്സയ്ക്കുള്ള പണം അവന് നല്കിയശേഷം അവർ പുറത്തേക്കിറങ്ങി. നേരത്തെ പല തവണ ചികിത്സിച്ച ആശുപത്രിയിലെ കുടിശികയുടെ പകുതി തീർത്തു. ബാക്കിയുള്ളതിന് ഇറീന നൽകിയ ഉറപ്പിൽ മൂന്ന് മാസത്തെ അവധി കിട്ടിയപ്പോൾ ക്രിസ്റ്റഫർ നെഞ്ചിൽ കൈവെച്ചു..ഇടനാഴിയിലേക്കിറങ്ങിയ ക്രിസ്റ്റഫറും ഇറീനയും കണ്ടത് കൈവീശി മറ്റൊരിടനാഴിയുടെ തിരിവിൽ മറയുന്ന ആ മനുഷ്യനെത്തന്നെയാണ്. കോട്ടിന്റെ പോക്കറ്റിൽ കൈ തിരുകി കാറ്റിന്റെ കൈകളിലെന്നപോലെയായിരുന്നു ആ നടപ്പ്.
ഒരു ബിർച്ച് മരത്തിന്റെ ചുവട്ടിൽ ഒറ്റയ്ക്കിരിക്കുന്ന മുഷിഞ്ഞ കോട്ടുധാരിയായ മനുഷ്യനരികെ ഇറീനയും ക്രിസ്റ്റഫറും ചെന്നു. വോൾഗയുടെ തീരത്ത് തിരക്കൊട്ടുമുണ്ടായിരുന്നില്ല. ഏറെ നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ക്രിസ്റ്റഫറും ഇറീനയും മാറിമാറി പലതും ചോദിച്ചിട്ടും അയാൾ ഒരക്ഷരംപോലും മറുപടി പറഞ്ഞില്ല. വോൾഗയുടെ സ്ഫടികപാതയിലൂടെ ജലം തൊടാതെ നടന്നകലുന്ന അയാളെ നോക്കി അവർ നിന്നു.
കാറ്റിൽ കാഷയുടെ മണം നിറഞ്ഞപ്പോൾ അയാൾ വീണ്ടും തിരിഞ്ഞുനോക്കി.
(തുടരും)