ചിത്രീകരണം : രാജേഷ് ചിറപ്പാട്.

ജുഗ് ഇം (മരണം)

മൂന്ന്

ജുഗ്- ഇം...
ജുഗ് -ഇം...
ഒച്ചയുണ്ടാക്കാതെ താവളത്തിനു പുറത്ത് കടന്നു ടെൻറ്​ ചേർന്ന് നടന്നു അടുത്തു കണ്ട മരത്തിന്നുപുറകിൽ ഒളിച്ചു. മറ്റു ശബ്ദങ്ങളൊന്നും കേൾക്കാനില്ല. മെല്ലെ ഇരയുടെ അടുത്തെത്തുക തന്നെ.
""ട്ടേ...ട്ടെ...'' രണ്ടുമൂന്നു വെടിയൊച്ചകൾ. എതിരാളികളിലാരോ അടുത്തെത്തിയിരിക്കുന്നു. മരത്തിനുപുറകിൽ നിന്നു മാറാതെ അവർ കാത്തിരുന്നു, ഒരടിപോലും മുന്നോട്ടുവെക്കാതെ. എതിരാളികളുടെ കാലൊച്ചകൾ അകന്നപ്പോൾ പതുക്കെ മറവിൽ നിന്നും പുറത്തുവന്നു. കൈയിലുള്ള പ്ലാൻ അനുസരിച്ചു ഏതുവഴി പോകണമെന്ന് നോക്കി. അനേകായിരം വഴികൾക്കിടയിൽ ശരിയായ ഒന്ന് കണ്ടുപിടിക്കുക പ്രയാസം. ""മ്മക്ക് ആരോടെങ്കിലും ചോയ്ച്ചാലോ?'' ""നടക്കുന്ന വല്ല വഴീം പറ, സൈക്കോ.'' ""ഞമ്മള് ഒരു തമാശ പറഞ്ഞതല്ലേ ന്നു.'' ""പ്ലാൻ അനുസരിച്ചു ഒരു കിലോമീറ്റർ മുമ്പുള്ള വലത്തെ വഴിയിലൂടെ പോകേണ്ടേ?'' ""വലത്തോട്ടല്ല കില്ലർ, ഇടത്തോട്ടു.'' ""സോറി സോറി. അതെനിക്കെപ്പോഴും കൺഫ്യൂഷൻ ആണ്.'' "" ഉസ്സാർ ആളെ ട്ടാ മ്മള് ഒപ്പം കൂട്ടീക്കുണതു! ജ്ജ് ന്താ ത്തും മിണ്ടാത്തത് ജാക്കെ?'' ""ഞാൻ എല്ലാം കേൾക്കുന്നുണ്ടെടാ.'' ""അതുമതി... അയ്യോ ടാ... ഒളിക്ക് ഒളിക്ക്. ഓര് ദാ പിന്നാലെ വരണ്.'' ""നീ പേടിക്കേണ്ട സൈക്കോ. ഞാൻ അപ്രത്യക്ഷമാകാനുള്ള മരുന്ന് കഴിച്ചിട്ടുണ്ട്.'' ""അനക്ക് ബുദ്ധി ഇല്ലാ ന്ന് ആരാടാ പറഞ്ഞേ? അന്നെ നമ്മള് സമ്മതിച്ചിരിക്കുണ്.''

ജുഗ്-ഇം...
ജുഗ്- ഇം...""ഇന്നിപ്പോ ഇത് മൂന്നാമത്തെ പ്രാവശ്യാണ്. ഇത് കേൾക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നുണ്ട്. നിങ്ങൾക്കാർക്കെങ്കിലും ആ പ്രശ്‌നം ഉണ്ടോ? ' ""അത് യ്യ് കുറേ സം വരാത്തോണ്ടാ. ശീലായ്‌ക്കോളും.'' ""ഇന്നിപ്പോൾ ബാങ്കിൽ നല്ല തിരക്കായിരുന്നു. ക്ഷീണം. ഉറക്കം വരുന്നെടാ. ' ""ഇപ്പോ തീരും. നീ പോവല്ലേ ട്ടോ. ഇത്രേം പ്ലാൻ ചെയ്തത് വെറുതെ ആകും. ' ""എന്തായാലും കഴിഞ്ഞിട്ടേ പോകുന്നുള്ളൂ. ' ""എല്ലാവരും പ്ലാൻ വായിച്ചുനോക്കിയില്ലേ? എന്തെങ്കിലും മാറ്റം വരുത്തണോ?'' ""ഇനീപ്പോ, അത് മതി. മ്മക്ക് നോക്കാം.'' ""ന്നാ വാ,''
അവർ നാലുപേരും ടെലിപ്പോർട്ടിലേക്ക് കയറിനിന്നു.

കോഫി ഷോപ്പ്.""എത്തി എത്തി. മ്മള് കോഫി ഷോപ്പിൽ എത്തി.'' "" അഞ്ചു ജ്യൂസ്, മൂന്ന് സമൂസ, രണ്ടു കട്ട്‌ലറ്റ്. ഒരു ബിസ്‌കറ്റ്.' ""ബിസ്‌കറ്റ് എന്തിനാ.'' ""യ്യ് മറന്നോ? വിഷം... വിഷം.'' ""അതെപ്പോ പറഞ്ഞു? ഞാൻ അറിയില്ല.'' ""ജ്ജ് ഇന്നലെ ബന്നില്ലല്ലോ.'' ""ഞാൻ മറന്നു.'' ""റിക്രീയേഷൻ ടൈം. കഴിച്ചോ. വേഗമാകട്ടെ.'' ""ഇതെന്താടാ കഴിച്ചിട്ടും കഴിച്ചിട്ടും സ്റ്റൊമക് ഫുൾ ആകാത്തത്?'' ""ബെസ്റ്റ്. ങ്ങള് കോഫി ഷോപ്പിന്റെ ഇഷ്ടികയാണ് കഴിക്കണത്. ' ""അയ്യോ. മാറിപ്പോയി. താങ്ക്‌സ്. ഇപ്പോ ഫുൾ ആയി. എല്ലാവരും റെഡി ആണോ? പോകാം?'' ""മൂന്നുപേരെ ഉള്ളല്ലോ. സൈക്കോ എവിടെ? ' ""ഞമ്മള് എബ്‌ടെ ണ്ട്. അടുത്തൊരു ശബ്ദം കേട്ടപ്പോ ന്താന്ന് നോക്കിയതാ. ന്നാ പോയാലോ?'' വളഞ്ഞുപുളഞ്ഞൊരു തുരംഗം. കാലൊച്ചകൾ അകന്നകന്നു പോകുന്നു. ആഴക്കടലിനെപ്പോലെ പരന്നുകിടക്കുന്ന ഇരുട്ട്. മുമ്പിൽ ആരെന്നോ പിന്നിൽ ആരെന്നോ നിശ്ചയമില്ല. നടന്നുമുന്നേറുമ്പോൾ അറിയാതെ കൈകൾ വീശി പരതുന്നു, തടസ്സങ്ങളെ. ഒരുപക്ഷേ തടസ്സമില്ലാത്ത ഒരു വഴി കണ്ടെത്തുവാനായി. ""ആ...'' ""എന്താടാ വെറുതെ ഒച്ചവെക്കുന്നത്? മനുഷ്യനെ പേടിപ്പിക്കാൻ?'' ""ഞാനൊരു രൂപം കണ്ടു. ഒരു മിന്നായംപോലെ.'' ""പേടിയാണെങ്കിൽ നീ വരണ്ട. ' ""പേടിയൊന്നുമില്ല. ' ചെറിയ പ്രകമ്പനങ്ങൾ പോലും മുഴങ്ങിക്കേൾക്കാം. ശ്രദ്ധിച്ചു ഇടുങ്ങിയ വഴിയിലൂടെ നാലുപേരും നീങ്ങി. മതിലിനു ചേർന്നുനിന്നു. ""ആരെങ്കിലും വരുന്നുണ്ടോ?'' ""നോക്കട്ടെ. നിൽക്ക്.'' ""ആരൂല്ല. നമ്മളാ ആദ്യം ന്നു തോന്നുന്നു.'' ""ശ്രദ്ധിച്ചു നടക്ക്. കാലൊച്ച കേൾപ്പിക്കാതെ.'' ""ഒരാൾ പുറകിലുണ്ട്. തൊട്ടടുത്തു. ബോംബിട്.'' ബും ബും ""അതുകലക്കി.'' ""ഇനി നടന്നോ.'' ""വേഗം വേഗം.'' ""എത്താറായി. ജാക്ക്, വേഗം. വീഴാതെ.'' ""എത്തി... എത്തി. ’’
കുത്തിക്കേറുന്ന ഒരു വെളിച്ചം കണ്ണിലേക്കുവന്നു. കൺപോളകൾ ഇറുക്കി അടച്ചു.
ജുഗ്- ഇം...
ജുഗ്- ഇം ...
നാലുഭാഗത്തുനിന്നും മുഴങ്ങിക്കേൾക്കുന്ന ശബ്ദങ്ങൾ. ഉയരുന്ന ഹൃദയമിടിപ്പ്, സിരകളിലൂടെ കുത്തൊഴുകുന്ന രക്തം, വിറയ്ക്കുന്ന കൈകൾ, നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുത്തുള്ളികൾ...

ജുഗ്- ഇം...
ജുഗ്- ഇം...
പിന്നെയും ഉയർന്നുകേൾക്കുന്ന ആജ്ഞകൾ...""കത്തികൊണ്ട് നെഞ്ചിൽ കുത്താം.'' ""വേണ്ട വേണ്ട... തൊട്ടടുത്തു കാലൊച്ചകൾ കേൾക്കുന്നുണ്ട്. മറ്റൊരു സംഘം അടുത്തെവിടെയോ ഉണ്ട്. നമുക്കു കാത്തിരിക്കാം. സമയമുണ്ട്.'' ""ജ്ജ് എന്താ ഇങ്ങനെ പറയണത്? മ്മക്ക് വിട്ടുകൊടുക്കാൻ പറ്റൂല. ജ്ജ് ആ സയനയ്ഡു ബെടി വെക്ക്.'' ""പണി പാളിയാ? മറ്റവർ കേറി ന്നാ തോന്നണത്? അതെങ്ങനെ സംഭവിച്ചു? തോറ്റെടാ തോറ്റു.'' ""അനക്ക് ധൈര്യം ഇല്ലാഞ്ഞിട്ടല്ലേ? ഞമ്മള് അപ്പയെ പറഞ്ഞതല്ലേ? അനക്കൊന്നും പറ്റ്ണ പണി അല്ല ഇതെന്ന്?'' ""പിണങ്ങല്ലേ സൈക്കോ. നമുക്ക് അടുത്തത് നോക്കാം.'' ""അനക്ക് അങ്ങനൊക്കെ പറയാം. നമ്മളാണ് പ്ലാൻ ണ്ടാക്കിയത്. അനക്കല്ലേ കൊയപ്പല്യാത്തത്?'' ""വിട്ടുകള. വേറൊരു പ്ലാൻ ഉണ്ടാകാം നമുക്ക്. ഒരുഗ്രൻ പ്ലാൻ. നമ്മൾ ജയിച്ചിരിക്കും.'' ""മ്മക്ക് അറിയാ. മ്മളെ തോല്പിക്കാൻ ആരും ആയിട്ടില്ല. എന്താ ജാക്ക്?'' ""നിന്റെ പ്ലാൻ ഉഗ്രനാണ്. അടുത്ത തവണ നമ്മൾ ജയിക്കും. അതുറപ്പാണ്. തെളിവുകൾ ഇല്ലാതാക്കണം. അതാണ് ബുദ്ധിമുട്ട്.'' ""നീയൊരു പ്ലാൻ കൊണ്ടുവാ.'' ""അത് ഞാൻ ഏറ്റു, സൈക്കോ.'' ""ഇതിപ്പോ തോക്ക്, കത്തി, സയനൈഡ്, ബോംബ്... എല്ലാം ഇപയോഗിച്ചില്ലേ? വേറെന്തെങ്കിലും കണ്ടുപിടിക്കണ്ടേ?'' ""അയ്‌നെന്താ കില്ലർ? മ്മൾടെ കൈയിൽ ന്തൊക്കെ ണ്ട്! യ്യ് സമാധാനപ്പെട്.'' ""ഈ കൊല്ലാനുള്ള പ്ലാൻ ണ്ടാക്കാന്നുള്ളത് ചെറിയെ പണി ഒന്നുവല്ല. ങ്ങളുടെ ബിചാരം ന്താ? യ്ക്ക് എത്ര പണീണ്ട്? ന്നുട്ടു ങ്ങള് ചെയ്യണതോ?''

""ഞാൻ മറ്റേ ടീമിലൊന്നു കേറി നോക്കട്ടെ.'' ""ചാരപ്പണി വേണ്ട ട്ടാ, ജാക്ക്. പണി കിട്ടും.'' ""ഞാനത് നൈസ് ആയിട്ട് പ്ലാൻ ചെയ്തിട്ടുണ്ട്. അവർ അറിയാൻ പോകുന്നില്ല.'' ""സൂക്ഷിച്ചോ. അറിഞ്ഞാൽ പണി പാളും.'' ""ഇനിയിപ്പോ എന്നാ കളി?'' ""നാളെ കൂടിയാലോ? വൈകുന്നേരം?'' ""രണ്ടുദിവസം കഴിയട്ടെ. സൈക്കോ നു പ്ലാൻ ഉണ്ടാകേണ്ടെ?'' ""ന്നാ ചൊവ്വാഴ്ച ആക്കാം, അല്ലെ?'' ""ചൊവ്വാഴ്ച തിരക്കായിരിക്കും, ട്ടോ. ഇന്നലെ ഒരു മർഡർ കൂടി നടന്നു. അതിന്റെ അന്വേഷണത്തിലാണ്. തന്നെയുമല്ല, പ്ലാൻ ചെയ്യാതെ കളിച്ചിട്ടും കാര്യല്ല. വെറുതെ പോയന്റ്‌സ് പോകും. നമുക്ക് അടുത്ത ഞായറാഴ്ച ആക്കാം.'' ""അങ്ങനെ ആയ്‌ക്കോട്ടെ.'' ജുഗ്-ഇം ഓഫ് ചെയ്തു ദീപക് ഫോൺ താഴെ വെച്ചു. ""ഇതിപ്പോൾ ഡ്യൂട്ടി സമയത്തും കളിയായോ? പെട്ടുപോയി ല്ലേ?'' ""ജീവിച്ചുപോകണ്ടേ, സുഹാന. ഉച്ചയൂണിനുശേഷം ഒരു എന്റെർറ്റൈയിന്മെന്റ് .'' ""ഉച്ചയൂണ് കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞു.'' ""അത് വിട്. ഫാസിലിന്റെ കാര്യം എന്തായി? ഡോക്ടർ എന്തുപറഞ്ഞു?'' ""ഇപ്പോഴും ഒന്നും പറയാറായിട്ടില്ല. ഡി അഡിക്ഷൻ സെന്ററില് കുറച്ച് മാസങ്ങൾ എന്തായാലും വേണ്ടിവരും. അതിനിടയിൽ രക്ഷപ്പെടുന്നവരുണ്ട്. തിരിച്ചു ഡ്രഗ്‌സിലേക്ക് മടങ്ങിപ്പോകുന്നവരുണ്ട്. അത് ഓരോരുത്തരുടെയും നിശ്ചയദാർഢ്യം അനുസരിച്ചിരിക്കും. പക്ഷേ, അവിടെ അവർക്കെന്ത് സഹായവും കിട്ടും. കൗൺസിലിങ് മുതൽ സൗഹൃദങ്ങൾ വരെ. ഒട്ടും സഹകരിക്കാൻ മനസ്സില്ലാത്തവർ മാത്രമേ വഴിതെറ്റി പോകൂ. അത് വിരളമാണ്. ഇതാണ് ഡോക്ടറുടെ അഭിപ്രായം. ഇന്നലെ പറഞ്ഞതിന്റെ ഒരു ബാക്കിപത്രം പോലെ ആണ് ഡോക്ടർ ഇന്ന് രാവിലെ ഫോണിലൂടെ എന്നോട് സംസാരിച്ചത്,''
ഡോക്ടർ പറഞ്ഞ ആശയം മുഴുവൻ വരിതെറ്റാതെ മറ്റൊരാൾക്കു വിവരിച്ചുകൊടുക്കാൻ പറ്റിയതിലുള്ള അഭിമാനം ആ മുഖത്ത് പ്രതിഫലിച്ചു.

""അഹദ് ഹോസ്പിറ്റലിൽ പോയിട്ട് എന്തായി? വിളിച്ചുനോക്കിയാലോ? ''വേണ്ട. എന്തെങ്കിലുമുണ്ടെങ്കിൽ അഹദ് അറിയിക്കും. അതല്ലേ പതിവ്?''
ശീതക്കാറ്റിൽ ആടിയുലയുന്ന പച്ചിലകളുടെ ഇടയിൽ നിന്നും സൂര്യൻ തല പൊക്കി. ഉണങ്ങിയ ഇലകൾ എന്നേ കൊഴിഞ്ഞുപോയിരിക്കുന്നു, ഒന്ന് യാത്ര പോലും പറയാതെ-കൊല്ലപ്പെട്ടവരെപ്പോലെ!

ആഗസ്റ്റ് 9
ഞായർ

പ്രിയപ്പെട്ട ഡയറി, നിനച്ചിരിക്കാത്ത സമയത്ത് വിരുന്നുവരുന്ന ആ അതിഥി എന്റെ തൊട്ടടുത്തുവരെ വന്നുവെന്നു ഉൾക്കൊള്ളുവാൻ എനിക്കിനിയും സമയം വേണ്ടി വരും. ഇനിയങ്ങോട്ട് രസകരമായ ചർച്ചകൾ നടത്തുവാനും വിലപ്പെട്ട ഉപദേശങ്ങൾ നൽകുവാനും മൊയ്ദീൻ മാഷും ഖദീജ ടീച്ചറും ഉണ്ടാവില്ലെന്ന് മനസ്സിലാക്കുക. അവർ ഇന്നലെ തന്നെ ഈ ഭൂമിയോട് വിടപറഞ്ഞിരിക്കുന്നു. ജീവിച്ചിരുന്നപ്പോൾ ഞാൻ കുറച്ചുകൂടി സമയം അവരുടെ കൂടെ ചിലവിട്ടിരുന്നെങ്കിൽ എന്ന ചിന്ത എന്നെ നിരന്തരം വേട്ടയാടുന്നു. അവർ ഇത്രപെട്ടന്ന് എന്നെ വിട്ടുപോകുമെന്ന് ഞാൻ കരുതിയില്ല. എപ്പോഴും എന്തെങ്കിലും പുതിയ കാര്യം എല്ലാവരോടും പറയാൻ ഉണ്ടാകുന്ന ആ മാഷ് എത്ര സകാരാത്മകതയാണ് മറ്റുള്ളവർക്ക് പകർന്നു ൽകിയിരുന്നത്! എസ്.എസ്.എൽ.സി. പരീക്ഷയിൽ തോൽക്കുകയോ മാർക്ക് കുറഞ്ഞുപോവുകയോ ചെയ്യുന്ന കുട്ടികളെ നിർബന്ധപൂർവം അടുത്തു വിളിച്ചിരുത്തി, ഒരു ചെറിയ ക്ലാസ് എല്ലാ വർഷവും നടത്താറുണ്ട്. തന്റെ അഭിപ്രായങ്ങൾ ഒരിക്കലും മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി മറച്ചുവെക്കരുത് എന്ന അഭിപ്രായക്കാരനായിരുന്നു മാഷ്. അതിനാൽ ചുരുക്കം ചില എതിരാളികളും മാഷിനുണ്ടായിരുന്നു. പക്ഷേ, മാഷിന് അവരൊന്നും എതിരാളികളായിരുന്നില്ല.

എതിരഭിപ്രായം പ്രകടിപ്പിച്ചാലും തൊട്ടടുത്ത നിമഷത്തിൽ അവരോട് മാഷിന് വളരെ സൗമ്യമായി പ്രതികരിക്കാൻ കഴിയുമായിരുന്നു. വ്യക്തികളെ അല്ല, അഭിപ്രായങ്ങളെ ആണ് താൻ എതിർക്കുന്നത് എന്ന് അദ്ദേഹം ഒരിക്കൽ എന്നോട് പറയുകയുണ്ടായി. താൻ ആരോടും മനസ്സിൽ ദേഷ്യമോ വെറുപ്പോ വെച്ചുപുലർത്താറില്ലെന്നും മാഷ് പറഞ്ഞു. എനിക്കതെല്ലാം ഒരു അദ്ഭുതമായി തോന്നി. ഇത്ര മാനസിക പക്വത വന്ന ആളുകൾ നമ്മുടെ കൂട്ടത്തിലുണ്ടല്ലോ എന്ന് ഞാനന്ന് അഭിമാനിച്ചു. പക്ഷേ, ഇപ്പോൾ? മാഷിന്റെ തുറന്നടിക്കുന്ന പ്രകൃതത്തെ അത്രയേറെ വെറുക്കുന്ന ആരെങ്കിലും ഇവിടെ ജീവിച്ചിരിപ്പുണ്ടോ? മാഷ് പറയുന്ന ഓരോ വാക്കിനെയും വെറുത്തു, അതുണ്ടാക്കുന്ന തീക്കനൽ ഊതി ഊതി ഒരു തീയാക്കി മനസ്സിൽ സൂക്ഷിച്ചു, അതുമൂലം കത്തിയമർന്ന തന്റെ നിമിഷങ്ങളെ പഴിച്ചു, മാഷിനെ ഇല്ലാതാകാൻ കൊതിച്ച ആരോ ഒരാൾ! എന്നാലും വല്ലാത്ത ക്രൂരതയായിപ്പോയി.

മാഷ് ഒരുപാട് കാലം കൂടി ജീവിച്ചിരിക്കേണ്ടതായിരുന്നു എന്ന് എന്റെ മനസ്സ് പറയുന്നു. ടീച്ചറുടെ കാര്യവും മറിച്ചായിരുന്നില്ല എന്ന് നിനക്കറിയാമല്ലോ, അല്ലെ? എല്ലാവരെയും സ്‌നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനസ്സ് ടീച്ചർക്കുണ്ടായിരുന്നു. എന്നാൽ പെണ്ണായതുകൊണ്ട് മാത്രം ആരും പിന്നോട്ട് നിൽക്കരുതെന്നും ആരുടേയും അവസരങ്ങൾ നഷ്ടപ്പെട്ടുപോകരുതെന്നും അവർക്ക് നിർബന്ധമായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ അവർ എപ്പോഴും മുന്നോട്ടുവന്നു. അതിനാൽ, പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത നിൽക്കുവാൻ നാട്ടിലെ സ്ത്രീകൾ അവരെ ക്ഷണിക്കാറുണ്ടായിരുന്നു. മണിക്കൂറുകളോളം അവരുടെ സങ്കടങ്ങൾ എല്ലാം കേട്ടു ഉപദേശങ്ങൾ നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരുടെ പകയും വിഷമവും വെറുപ്പും കലർന്ന വാക്കുകൾ കാതോർത്തു ക്ഷമയോടെ ഇരിക്കുന്ന ടീച്ചറുടെ ശാന്തമായ മുഖം എന്റെ മനസ്സിൽ തെളിയുന്നു. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരെ എല്ലാവരും ബഹുമാനിക്കും. അല്ലെങ്കിലും സ്വയം ബഹുമാനിക്കാത്തവരെ മറ്റുള്ളവർ ബഹുമാനിക്കണമെന്ന് വാശിപിടിക്കുന്നതിൽ അർഥമില്ലല്ലോ. ആ കൗൺസിലറോട് ഇനി ആർക്കെങ്കിലും വിദ്വേഷം തോന്നി കാണുമോ? ഒരെത്തുംപിടിയും കിട്ടുന്നില്ല. അതോ ഇനി ഫോറെൻസിക് വിദഗ്ധൻ പറഞ്ഞതുപോലെ മാഷും ടീച്ചറും ആത്മഹത്യ ചെയ്തതാണോ?

വയറ്റിലൂടെ ഒരു ആളൽ കടന്നുപോയി. തൊണ്ടയിൽ ആരോ കയറിപ്പിടിച്ചതുപോലെ. അഹദ് തന്റെ വലത്തെ കൈ കൊണ്ട് കഴുത്തിൽ തടവി നോക്കി. മനസ്സിൽ ഒതുക്കിവെച്ച സങ്കടമത്രയും പെട്ടന്ന് പുറത്തേയ്ക്കുവരാൻ ശ്രമിക്കുന്നു, കുറെ നാളായി അടച്ചിട്ട ഒരു പക്ഷിക്കൂടിന്റെ വാതിൽ തുറന്നപ്പോൾ ആ പക്ഷിക്ക് കിട്ടിയ സ്വാതന്ത്ര്യം പോലെ അഹദിന്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ ഡയറിയിലേക്ക് പതിഞ്ഞു. അത് അവ്യക്തമായ അരികുകൾ സൃഷ്ടിച്ചു ചുറ്റും പരന്നു. ഒരു ചെറിയ ബിന്ദുവിൽ ഒതുങ്ങി നിൽക്കാതെ അതു മറ്റുള്ളവയുമായി കൂടിച്ചേർന്നു, എഴുതിയ അനേകം വാചകങ്ങളെ ഭാഗിഗമായി മായ്ച്ചുകളഞ്ഞു.

കണ്ണുകളടച്ചു, കൈ വിരലുകൾ അതിനൊരു വിരാമമിട്ടു.""കരയാൻ പാടില്ല. അത് തോൽവിയിലേക്കുള്ള ആദ്യ പടി ആണ്,'' മാഷിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി. അഹദ് ഞെട്ടിത്തരിച്ചു ചുറ്റും നോക്കി. ഇതു ഒരു ദിവാസ്വപ്നമായിരുന്നെങ്കിൽ എന്ന് അയാൾ അപ്പോൾ കൊതിച്ചു. ജനാലപ്പാളികൾ തുറന്നു രണ്ട് വീട് അകലെയുള്ള ആ ഉറങ്ങുന്ന വീടിനെ നോക്കി. ഇല്ല. അവിടെ ഇപ്പോഴും വെളിച്ചം ഇല്ല. എല്ലാം തന്റെ തോന്നൽ മാത്രമാണ്. യാഥാർഥ്യത്തെ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ മനസ്സ് കണ്ടെത്തുന്ന ചില വിശദീകണങ്ങൾ മാത്രമാണ്. മനസ്സിന്റെ വികൃതികളിൽ പെട്ടതാണ് ആത്മഹത്യ. അതിനുമുന്നിൽ തോറ്റു കൊടുക്കുന്നവരായിരുന്നില്ല അവർ. എന്ത് വന്നാലും നേരിടുവാനുള്ള ശക്തി അവർക്കുണ്ടായിരുന്നു എന്നെനിക്കുറപ്പാണ്. അല്ലെങ്കിൽ ഫാസിലിന്റെ കാര്യത്തിൽ അവർ എന്നേ തളർന്നു പോയേനെ. മറ്റുള്ളവരുടെ കാര്യങ്ങൾ പരിഹരിക്കുന്നതിനിടയിൽ തങ്ങളുടെ പ്രശ്‌നങ്ങൾ അവർ മറന്നതായിരിക്കുമോ? അല്ലെങ്കിൽ ഫാസിലിനെക്കുറിച്ച് എന്ത് കൊണ്ട് അവർ തന്നോട് പറഞ്ഞില്ല? തങ്ങളുടെ വിഷമങ്ങളുടെ താളുകൾ അവരെന്തിനു രഹസ്യമായി സൂക്ഷിച്ചു? ഒരു വിളിപ്പാടകലെ ഉണ്ടായിട്ടും അവർ എന്ത് കൊണ്ട് തന്റെ സഹായം തേടിയില്ല? ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ അഹദിനെ വരിഞ്ഞു മുറുക്കി. അതിൽ നിന്നും രക്ഷപ്പെടാനാകാതെ അഹദ് കസേരയിൽ ചാഞ്ഞിരുന്നു. കൈ വിരലുകളിൽ നിന്നും അറിയാതെ പേന വഴുതി വീണു കഴിഞ്ഞിരുന്നു. മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന ആ വാതിൽ മെല്ലെ അടഞ്ഞു. ക്ഷീണിച്ച അവസരങ്ങളിൽ അത് അല്പസമയം എങ്കിലും അടഞ്ഞു കിടക്കുവാനാഗ്രഹിക്കുന്നു.
""അവനുവേണ്ടി ഞങ്ങൾ സ്വപ്നം കണ്ടിട്ടില്ല, ഒരിക്കലും. അവനെ സ്വപ്നങ്ങൾ കാണുവാൻ പ്രേരിപ്പിച്ചു. അതല്ലേ ചെയ്യേണ്ടത്?'' മാഷിന്റെ വാക്കുകൾ. ആ മനസ്സിന്റെ വലുപ്പം മനസ്സിലാക്കാനുള്ള പക്വത ഫാസിലിനു ഇല്ലാതെ പോയി.
""അയാൾ അതും ചെയ്യും അതിനപ്പുറവും ചെയ്യും.'' ഒരു പക്ഷേ ഇത് കൗമാരത്തിന്റെ ചോരത്തിളപ്പാകാം. അതിന്റെ മായാ ലോകത്ത് നിന്നും പുറത്തു വരുമ്പോൾ അവൻ അവരുടെ വില തിരിച്ചറിഞ്ഞേനെ.
താൻ എഴുതാൻ മറന്നു പോയ ഭാഗങ്ങൾ ഓർമ്മയിലേക്കു ഓടി വരുന്നതു പോലെ. അതവിടെ നിന്നും മാഞ്ഞു പോകുന്നതിന് മുമ്പ് കടലാസ് താളുകളിൽ എന്നന്നേക്കുമായി സൂക്ഷിച്ചു വെക്കണമെന്ന് അഹദിന് നിർബന്ധമുണ്ടായിരുന്നു.

ഹോസ്പിറ്റൽ, അഹദ് ഒരു തലക്കെട്ടെഴുതി അടിവര ഇട്ടു.
മരുന്ന് മൂക്കിൽ തുളച്ചു കയറുന്ന വരാന്തയിലൂടെ ഞാനും ദീപക്കും സുഹാനയും ഫാസിലിനെ കൊണ്ട് പോകുന്ന സ്ട്രെച്ചറിനെ അനുഗമിച്ചു. മയക്കത്തിൽ ഫാസിൽ എന്തൊക്കെയോ പറയുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റൽ വരാന്ത. അങ്ങോട്ടുമിങ്ങോട്ടും ഒരേ താളത്തിൽ, ഒരേ ദൂരത്തിൽ നടക്കുന്ന വിരലിലെണ്ണാകുന്ന കുറച്ചു പേരും, അകത്തു നടക്കുന്ന രോഗികളുടെ അവസ്ഥ മറന്നു വരാന്തയിൽ ഉറപ്പിച്ചിരിക്കുന്ന ഇരിമ്പ് കസേരകളിൽ ഇരുന്നു ഉറക്കം തൂങ്ങുന്നവരും ഫോണിൽ പാട്ട് കേട്ടു രസിക്കുന്നവരും മാത്രം അവശേഷിച്ചു.
ഒരു പോയിന്റിനു അപ്പുറത്തേക്കു ഞങ്ങൾക്കും പ്രവേശനം ഇല്ലായിരുന്നു. ഫാസിലിന്റെ അവസ്ഥയെക്കുറിച്ചു ഡോക്ടർ എന്ത് പറയുമെന്ന് ശങ്കിച്ചു ഞങ്ങൾ അവിടെ ഇരുന്നു.

നല്ല മാതാപിതാക്കളെ കിട്ടാൻ പുണ്യം ചെയ്യണം. നല്ല മക്കളെയും. ഞങ്ങളുടെ അപ്പോഴുള്ള ചർച്ചകൾ ഏതാണ്ട് ഈ ആശയങ്ങൾക്കു ഉള്ളിൽ ഒതുങ്ങി. പാരന്റിങ്, ഇന്നത്തെ കുട്ടികൾ, ഇന്നത്തെ ജീവിത സാഹചര്യങ്ങൾ എന്നിവയും അതിനിടയിൽ എന്നത്തേയും പോലെ കടന്നു വന്നു. വിവാഹം പോലും കഴിക്കാത്ത ഞങ്ങളുടെ അഭിപ്രായങ്ങൾക്കു ഒരു അനുഭവസ്ഥന്റെ ഉറപ്പുണ്ടായിരുന്നില്ല, അതവിടെ വളരെ പ്രകടമായ ഒരു ശൂന്യത സൃഷ്ടിച്ചു . മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ചെറുത്തു നിൽക്കാനോ എതിർക്കുവാനോ ഉള്ള ഒരു വ്യഗ്രത മാത്രം ചർച്ചക്കളെ മുന്നോട്ടു നയിച്ചു.
""ഫാസിലിന്റെ ആരെങ്കിലും ഉണ്ടോ ഇവിടെ?'' നേഴ്സിന്റെ ചോദ്യത്തിന് ഉത്തരം എന്നോണം ഞാനും സുഹാനയും സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു. ദീപക് ഫോണിന്റെ മായാ വലയത്തിൽ പെട്ടു അവിടെ ഇരുന്നു. ദീപക്കിന് ഫോണിനോടും സോഷ്യൽ മീഡിയകളോടും ഉള്ള അഡിക്ഷൻ എനിക്ക് ഇഷ്ടമല്ല. എനിക്കെന്നല്ല, അവനെ അടുത്തറിയുന്ന ഒരാൾക്കും ഇഷ്ടപ്പെടാൻ കഴിയില്ല. അത് അവനെ യഥാർത്ഥ ലോകത്തിൽ നിന്നും എത്രത്തോളം മാറ്റി നിർത്തുന്നു എന്ന് മറ്റുള്ളവർക്കു മാത്രമേ മനസ്സിലാകുകയുള്ളു. അകത്തു നിന്നു നോക്കുമ്പോൾ അവനൊരു പക്ഷേ അങ്ങനെ തോന്നുന്നുണ്ടാവില്ല. മറ്റുള്ള സമയങ്ങളിൽ അവൻ പുറത്തു കാണിക്കുന്ന ഊർജ്ജം അവൻ ഈ മേഖലകളിൽ നിന്നും ആർജ്ജിക്കുന്നതായിരിക്കാം എന്ന് ഓർത്തു ഞാൻ സമാധാനിക്കും. അവയില്ലെങ്കിൽ ദീപകില്ല എന്ന അവസ്ഥ ആയിരിക്കുന്നു ഇപ്പോൾ. അവനെ പ്പോലുള്ള ഒരാളെ സഹപ്രവർത്തകനായി സഹിക്കുക ബുദ്ധിമുട്ടാണ്. അപ്പോൾ ഒരു ജീവിത പങ്കാളി അനുഭവിക്കുന്നത് എന്തായിക്കും? വീടിനു പുറത്തു എല്ലാം തികഞ്ഞവൻ വീടിനകത്തു ഒരു കോമാളി. ഒട്ടുമിക്ക വിവാഹങ്ങളും തൂങ്ങി നിൽക്കുന്ന ആ താലിച്ചരടിന്റെ ശക്തിയെ ഞാൻ ഓർത്തു പോകാറുണ്ട്.

""ഡോക്ടർ വിളിക്കുന്നു,'' ഗൗരവത്തോടെ നേഴ്‌സ് അറിയിച്ചു. ""സർ ഒരു ഡീറ്റെക്റ്റീവ് അല്ലെ?'' എന്നെ കണ്ട മാത്രയിൽ കസേരയിൽ നിന്നും എഴുന്നേറ്റു ഡോക്ടർ ചോദിച്ചു. പയ്യൻസ് ലുക്ക് വിട്ടു മാറാത്ത യുവ ഡോക്ടർക്കു എന്നേക്കാൾ പ്രായം കുറവാണെന്ന് എനിക്ക് തോന്നി. ""ആ. എങ്ങനെ മനസ്സിലായി?'' ""ആ റിപ്പർ കേസ്. അത് തെളിയിച്ചതു താങ്കളല്ലേ? പത്രങ്ങളിൽ അതൊരു ഫീച്ചർ തന്നെ ആയിരുന്നല്ലോ.''
""ഓർത്തത്തിൽ സന്തോഷം,'' ഞാനൊരു ചെറു പുഞ്ചിരി സമ്മാനിച്ചു.""ഈ രോഗിയുടെ കാര്യത്തിൽ പ്രാഥമിക ചികിത്സകളെല്ലാം നൽകിയിട്ടുണ്ട്. നാളെ സ്‌പെഷ്യലിസ്റ്റ് വന്നു നോക്കി ഡീ അഡിക്ഷന്റെ കാര്യങ്ങൾ തീരുമാനിക്കും.''

എനിക്ക് വേണമെങ്കിൽ എന്റെ ഡോക്ടർ ചരിത്രം ഇവിടെ വിളമ്പാം. ഒരേ പ്രൊഫെഷനിലുള്ളവർ സംസാരിക്കുന്ന ഭാഷയിലൂടെ ആശയവിനിമയം കൊണ്ട് പോകാൻ അത് സഹായിക്കും. കൂടുതൽ വ്യക്തമായി പറഞ്ഞാൽ മെഡിക്കൽ ടേംസിൽ . ആദ്യമെല്ലാം ഞാൻ അങ്ങനെ പറയാറുണ്ടായിരുന്നു. പക്ഷേ, ഒരേ തൊഴിൽ പഠിച്ച ആളോട് ഉണ്ടാകുന്ന സ്‌നേഹത്തേക്കാളേറെ അത് കൊണ്ട് പോയത് പഠനം പാതി വഴിക്കു നിർത്തിയ ഒരു ഡോക്ടറോടുള്ള സഹതാപത്തിലേക്കാണ്. അതെന്നെ വീർപ്പു മുട്ടിച്ചിരുന്നു എന്ന് മനസ്സിലാക്കിയ നിമിഷം ഞാനെന്നെ ഒരു സാധാരണക്കാരനായി കണ്ട് തുടങ്ങി. ഡോക്ടർ എന്ന പദവി സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒരു സാധാരണക്കാരൻ. ""സാറിന്റെ ...അനിയനാണോ ഫാസിൽ?'' ""അനിയനെപ്പോലെയാണ്. കേസന്വേഷണത്തിന്റെ ഭാഗമാണ്.'' ""ഈ ഫോർമുകൾ എല്ലാം ഒന്ന് പൂരിപ്പിച്ചു നൽകണം. എങ്കിൽ ശരി സർ. കാണാം.'' നിഗൂഢമായ ശബ്ദങ്ങൾ കേൾക്കുന്ന ആ കുഴലും കഴുത്തിൽ ചുറ്റിയിട്ട് അവൻ നടന്നകന്നു. ഒരു കാലത്ത് ഞാനും അങ്ങനെ ചെയ്തിരുന്നു എന്ന് ഞാനോർത്തു പോയി.

""കുട്ടികളുടെ നല്ല സുഹൃത്താകാൻ കഴിയണം ഓരോ അച്ഛനും അമ്മയ്ക്കും ,'' സജീവമായ ചർച്ചകളുടെ ലോകത്തേക്കു തിരിച്ചു പോയപ്പോൾ ഞാൻ അഭിപ്രായപ്പെട്ടു.""സ്വന്തം അഭിപ്രായങ്ങൾ തുറന്നു സംസാരിക്കുവാനുള്ള കരുത്ത് പകർന്ന് കൊടുക്കണം അവർക്ക്,'' സുഹാന ഭാവഭേതമില്ലാതെ പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ പ്രായത്തിൽ കവിഞ്ഞ പക്വതയുമായി പെരുമാറുന്ന ഒരാളാണ് സുഹാന. അതോ കാര്യങ്ങൾ അല്പം കൂടി ഭംഗിയായി കൈകാര്യം ചെയ്യാനുള്ള കഴിവ് സ്ത്രീകൾക്കാണോ എന്നു ഈയിടേയായി എനിക്കൊരു സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇത്തയുടെ വിവാഹമോചനം, ആദ്യമായിട്ടു എഴുതിയ നോവലിന്റെ ഉടമസ്ഥാവകാശം നഷ്ട്‌പ്പെട്ടത് എന്നിങ്ങനെ ഉള്ള കാര്യങ്ങളിലൊക്കെ പിടിച്ച് നിന്നത് അവളുടെ മിടുക്ക് തന്നെ എന്നു സമ്മതിക്കാതെ വയ്യ. അല്ലെങ്കിലും വിവാഹ മോചനം ഒരു ചെറിയ കാര്യമല്ല. മറ്റുള്ളവർക്കു കീറി മുറിക്കുവാനുള്ള ഒരു കാര്യം കയ്യിൽ നൽകുന്നതിനു തുല്യമാണത്. ജീവിതകാലം മുഴുവൻ അനുഭവിക്കാനുള്ള മാനസിക പിരിമുറുക്കങ്ങൾ വേറെയും. ഇത്തയ്ക്ക് താങ്ങും തണലുമായി നിന്നത് സുഹാന ആണ്-തകരാതെ.

തൊട്ടടുത്തുള്ള ഫോൺ ഓൺ ചെയ്ത് മെസ്സേജുകളിലൂടെ ഒന്ന് കണ്ണോടിച്ചു. ഫ്രീ മെസ്സേജ് ഓഫറുകൾ സർവ്വ സാധരണം ആയതോടെ ഫോർവേഡ് മെസ്സേജുകളുടെ ശല്യമാണ്. ഒന്നോ രണ്ടോ രൂപ മുടക്കി ആവശ്യമുള്ള ആളുകൾക്കു ആവശ്യമുള്ള മെസ്സേജുകൾ അയക്കേണ്ട സ്ഥലത്തു അത്രയോ അതിൽ കുറവോ പണം നൽകി കൂടുതൽ ആളുകൾക്കു ആവശ്യമില്ലാത്ത മെസ്സേജുകൾ അയക്കുന്നത് എന്തിനാണ് എന്ന് അഹദ് എപ്പോഴും ആലോചിക്കാറുണ്ട്. അങ്ങനെ വന്നു കിടക്കുന്ന പത്തോളം ഗുഡ് നൈറ്റ് മെസ്സേജുകളിലൂടെ കണ്ണോടിച്ചു. മേശപ്പുറത്തു ഒരു പ്ലാസ്റ്റിക് ടിന്നിൽ ഇരിക്കുന്ന മിക്‌സ്ചർ എടുത്തു കൊറിച്ചു. എഴുതുന്നതിനിടയ്ക്ക് എന്തെങ്കിലും കൊറിയ്ക്കുന്നത് ഒരു ശീലമായിപ്പോയി. അതത്ര ആരോഗ്യകരമല്ലെന്നു അറിയാമായിരുന്നിട്ടും അഹദ് അതു തുടർന്നു കൊണ്ടിരുന്നു. അവ ഉണ്ടാക്കുന്ന ക്രഞ്ച് ക്രഞ്ച് ശബ്ദത്തിന്റെ താളത്തിൽ പേന ചലിപ്പിക്കുന്നത് ഒരു രസമാണ്.

ഉച്ചക്കു മുൻപ് ഫാസിലിനെ സന്ദർശിക്കാൻ ഹോസ്പിറ്റലിൽ പോയതു ബുദ്ധിപരമായ ഒരു തീരുമാനം തന്നെ ആയിരുന്നു. റൗണ്ട്‌സ് കഴിഞ്ഞ സമയം ആയതിനാൽ ഡോക്ടറെയും കാണാൻ കഴിഞ്ഞു. ഡീ അഡിക്ഷനുള്ള പേപ്പറുകൾ ഉടൻ ശരിയാക്കാമെന്നു അദ്ദേഹം ഉറപ്പ് തന്നിട്ടുണ്ട്. എന്നാൽ അവൻ മാതാപിതാക്കൾ മരിച്ച ഷോക്കിൽ നിന്നും പൂർണ്ണമായി മുക്തനായാലേ എന്തെങ്കിലും പറയാൻ പറ്റൂ എന്നും അതിനിടയ്ക്ക് അനുഭവിക്കുന്ന വിത്ഡ്രോവൽ സിംപ്റ്റംസിൽ നിന്നും രക്ഷപ്പെടാൻ മികച്ച മാനസിക പിന്തുണ വേണ്ടി വരുമെന്നും ഡോക്ടർ ഓർമ്മിപ്പിച്ചു. വളരെ അടുപ്പമുള്ള ബന്ധുക്കൾ ഒന്നും ഇല്ലാത്തത്തിനാൽ തന്നെ ഉദ്ദേശിച്ചാണ് ഡോക്ടർ അതു പറഞ്ഞത് എന്നു അഹദിന് നല്ല ബോധ്യമുണ്ടായിരുന്നു ( ബന്ധുക്കൾ ഇല്ല എന്ന് പറയാൻ പറ്റില്ല. ഉപകരിക്കില്ല എന്ന് വേണം പറയാൻ. മാഷിന്റെ നയങ്ങളോടും അഭിപ്രായങ്ങളോടും പ്രത്യക്ഷത്തിൽ കയ്യടിച്ചു പാസാക്കി ഉള്ളിൽ ദുർമുഖം കാണിക്കുന്നവരാണ് അതിലധികവും. അവർ ആരും തന്നെ ഫാസിലിന്റെ സംരക്ഷണം ഏറ്റെടുക്കാൻ മുന്നോട്ടു വന്നില്ല. കൂടാതെ ഫാസിലിന്റെ ഈയിടെ ആയുള്ള ദുർന്നടപ്പ് എല്ലാം അവർ ഇതിനോടകം തന്നെ അറിഞ്ഞിരുന്നു. വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിലിടുന്ന അവസ്ഥയിലാകാൻ ആർക്കും താല്പര്യം കാണില്ലല്ലോ). തിരിച്ചു പോരുന്നതിനു മുൻപ് ഫാസിലിനെ കാണണം എന്നുണ്ടായിരുന്നു. മൊയ്ദീൻ മാഷിന്റെയും ഖദീജ ടീച്ചറുടെയും ഓർമ്മകൾ പുതുക്കാനും അവരുടെ പ്രിയപ്പെട്ട മകന് എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുവാനും ഞാൻ ആഗ്രഹിച്ചു.

മാറ്റാരുമില്ലാത്ത ഫാസിലിന്റെ സംരക്ഷണം ഏറ്റെടുക്കുക എന്നത് തന്റെ ചുമതല ആണെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. സമയം ഏതാണ്ട് രണ്ട് രണ്ടര ആയിക്കാണും. വെയിൽ വിട്ടു മാറിയിട്ടില്ലെങ്കിലും എന്റെ നിഴൽ അല്പം നീണ്ടു വരുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. കനത്ത ചൂടിന്റെ ആഘാതത്തിൽ ഇലകളും ചില്ലകളും തലകുനിച്ചു നിന്നു. പൊതുവെ ശബ്ദ കോലാഹലങ്ങൾ കൊണ്ട് നിറഞ്ഞ ഹോസ്പിറ്റൽ നിശബ്ദതയിലേക്ക് വഴുതിപ്പോകുന്നത് ഞാനറിഞ്ഞു. കിടത്തി ചികിത്സിക്കുന്ന രോഗികളുടെ വരാന്തയിലൂടെ നടക്കുമ്പോൾ നിലവിളികളില്ല, സൊറപറച്ചിലുകളോ, തമാശകളോ, അടക്കം പറച്ചിലോ ഇല്ല. വേദനയും വേവലാതിയും മറന്നു വിശ്രമിക്കുന്ന മനസ്സുകൾ മാത്രം. നേഴ്‌സ് പറഞ്ഞു തന്ന നാൽപതി അഞ്ചാം റൂം നോക്കി ഞാൻ രണ്ട് കോണികൾ കയറി. ഇടത്തോട്ടു തിരിഞ്ഞു നോക്കിയപ്പോൾ അങ്ങേ അറ്റത്തായി തുറന്നിട്ട ഒരു വാതിൽ കണ്ടു. ദ്രുതഗതിയിൽ നടന്നു മുറിയിൽ കടന്ന എന്നെക്കാത്തിരുന്നതത് കൂർക്കം വലിച്ചുറങ്ങുന്ന ഒരു കുട്ടിയല്ല. മറിച്ചു, തുറന്നിട്ട ജനാലയിലൂടെ തൊട്ടപ്പുറത്തെ വിശാലമായ മൈതാനം നിർവ്വികാരനായി നോക്കി ഇരിക്കുന്ന ഒരു പതിനേഴുകാരനാണ്. ഞാൻ കിടയ്ക്കയുടെ അരികിൽ ഇട്ടിരുന്ന ഒരു കസേരയിൽ പോയിരുന്നു. അവനൊരു ഭാവ മാറ്റവും ഉണ്ടായില്ല. ഞാൻ വന്നത് പോലും അവനറിഞ്ഞോ എന്നെനിക്കു അറിയില്ലായിരുന്നു. ഒരു കൂട്ടം കാക്കകളും ഒന്ന് രണ്ട് പ്രാവും മൈതാനത്തു കൊത്തിപ്പെറുക്കി കൊണ്ടിരുന്നു. മൈതാനത്തിനു രണ്ടറ്റത്തും നാട്ടിയിരിക്കുന്ന സ്റ്റെമ്പ് കുട്ടികളെ കാത്തിരിക്കുന്നത് പോലെ എനിക്ക് തോന്നി. മരച്ചില്ലകളെ തൊട്ടുതഴുകുന്ന ഇളം കാറ്റിനു ശീതകാലത്തിന്റെ വരൾച്ച വന്നു തുടങ്ങിയത് പോലെ. പിന്നീട് നടന്ന സംഭവങ്ങൾ ഇപ്പോഴും എനിക്ക് മുഴുവനായി ഉൾക്കൊളളുവാൻ കഴിഞ്ഞിട്ടില്ല.

കസേരയിൽ ഒന്ന് നിവർന്നിരുന്നു പേന കൊണ്ട് മേശയിൽ താളം പിടിച്ചു. വലത്തെ കാൽപാദങ്ങൾ മുകളിലോട്ടും താഴോട്ടും താളത്തിൽ ചലിച്ചു കൊണ്ടിരുന്നു. പുതുതായി മേശപ്പുറത്തു സ്ഥാനം പിടിച്ച ആ രണ്ട് ഫോട്ടോകളിൽ നിന്നും ഡയറിയിലേക്കും തിരിച്ചും കൺപോളകൾ ഓടിത്തളർന്നു .
""ഫാസിൽ?'' അത്രയും ചെറിയ ശബ്ദ ചലനങ്ങൾ ഫാസിൽ കേട്ടിട്ടുണ്ടാവില്ലെന്നു കരുതി ഞാൻ ഒന്നുകൂടി വിളിച്ചു,
""ഫാസിൽ.''
മൗനം തുടർന്നപ്പോൾ ഞാൻ എഴുന്നേറ്റ് അവന്റെ ബെഡിൽ പോയിരുന്നു. അവൻ തല തിരിച്ചു എന്നെ ഒന്ന് നോക്കി. കൃഷ്ണമണി വികസിച്ചു വന്നു, തടിച്ചു വീർത്തൊരു കറുത്ത മുന്തിരി പോലെ ആയി. നിശബ്ദതയെ കീറി മുറിക്കുന്ന ഒരു നിലവിളി അന്തരീക്ഷത്തിൽ നിറഞ്ഞു.എന്റെ നേരെ വരുന്ന കൈകളെ പ്രതിരോധിക്കാനെന്ന മട്ടിൽ ഞാൻ ബെഡിൽ നിന്നുമിഴുന്നേറ്റു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കുറച്ചു പേർ വാതിലിൽ തടിച്ചു കൂടി. അവരെ തള്ളിമാറ്റി കൊണ്ട് ഒരു നേഴ്‌സ് കടന്നു വന്നു.

""Relax...ഫാസിൽ.. Relax,'' ഞാൻ മന്ത്രിച്ചു കൊണ്ടിരുന്നു. എന്നാൽ അവനെന്റെ വാക്കുകൾ ചെവികൊണ്ടില്ല.
""ഫാസിൽ, എന്തുണ്ടായി? എന്താണ് പ്രശ്‌നം? ''
""ഇയാളെന്നെ ആക്രമിക്കുവാൻ വന്നു.'' ഫാസിലിന്റെ മുഖത്ത് ഭയം നിഴലിച്ചു.
""ഞാൻ അഹദ് ആണ്.''
""എനിക്കറിയില്ല.''
""നീ ഫാസിൽ തന്നെ അല്ലെ? മൊയ്ദീൻ മാഷിന്റെ മകൻ?''
ഒരു നിസസംഗയോടെ അവൻ മറുപടി നൽകി,
""മൊയ്ദീൻ മാഷൊ? അതാരാ?''
പിന്നെ ഞാനവിടെ നിന്നില്ല. അതിന്റെ ആവശ്യമുണ്ടെന്നെനിക്കു തോന്നിയില്ല. ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments