ചിത്രീകരണം : രാജേഷ് ചിറപ്പാട്.

ജുഗ് ഇം (മരണം)

നാല്

തിനൊന്നു പേർ അണി നിരക്കുന്ന കൂറ്റൻ പോസ്റ്ററുകൾ വഴിയരികിൽ ഉയർന്നു.
മഞ്ഞ ജേഴ്‌സിക്കാരാണ് ഭൂരിപക്ഷവും. കൂടെ കിടപിടിക്കുവാൻ അങ്ങിങ്ങായി വെള്ള ജേഴ്‌സിക്കാരും ഉണ്ട്.
മെസ്സിയുടെയും നയ്മറിന്റെയും ജേഴ്‌സികളിട്ട് മൈദാനത്തു കളിക്കുന്ന കുട്ടികൾ. അതവർക്ക് എന്തോ ഒരു പുതിയ ഊർജ്ജം നൽകുന്നത് പോലെ. അവരുടെ രീതികളും ശൈലികളും അനുകരിക്കുന്നവർ ധാരാളം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക ഫുട്‌ബോൾ ടൂർണമെന്റിന്റെ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നവരാണ് മലയാളികളിൽ അധിക പേരും. വാഗ്വാദങ്ങളും പന്തയങ്ങളും മുറയ്ക്കു നടക്കുന്നു. ചായക്കടകളിലും ഹോട്ടലുകളിലും ടെലിവിഷനുകൾ വെച്ച് തുടങ്ങി. ചിലത് പുതിയത്. മറ്റു ചിലത് വാടകയ്ക്ക്. അവർക്കിത് കൊയ്ത്തിന്റെ കാലമാണ്. കൂട്ടത്തോടെ ഫുട്‌ബോൾ കാണുക പണ്ടേ ആളുകൾക്കു ഒരാവേശമാണ്.
ശീതീകരിച്ച മുറിയിൽ ഒറ്റക്കിരുന്നു ഫുട്‌ബോൾ ആസ്വദിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും ആസ്വാദ്യകരം അതാണ്. ആവേശം മുറുകുമ്പോൾ കിട്ടുന്ന ചായയുടേയും ചൂട് പരിപ്പ് വടയുടേയും രുചി ഒന്ന് വേറെ തന്നെയാണ്. സൗത്ത് അഫ്രിക്കയിൽ നടക്കുന്ന ഈ കാൽ പന്ത് കളിക്ക് ഇവിടെ എന്തിനാണ് ആളുകൾ കയറു പൊട്ടിക്കുന്നതെന്നു മനസ്സിലാകാത്ത ഭാര്യമാരും അമ്മമാരും കുറവല്ല. ഇതൊന്നും അറിയാതെ തങ്ങളുടെ മാത്രം മായാ ലോകത്ത് ജീവിക്കുന്നവരും ധാരാളം. മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടക്കലിന്റെയും അവസ്ഥ മറ്റൊന്നല്ല. കൂട്ടായ്മകളുടെയും കൂട്ട് കെട്ടു കളുടെയും കഥ പറയാനുണ്ട് ഇവിടുത്തെ കാൽ പന്ത് കളികൾക്ക്. ഇവിടുത്തുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് കാൽ പന്ത് കളി. ഫുട്‌ബോളിന്റെ പ്രത്യേക താളം ഇവിടുത്തേ ഓരോ കുട്ടിക്കുമുണ്ട്.

ഒരു കാലത്ത്​ "വെങ്കിട്ട കോട്ട' എന്നറിയപ്പെട്ടിരുന്ന ഈ ദേശം മദ്യകാലീന സമയത്ത്, കൃത്യമായി പറഞ്ഞാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ വള്ളുവനാട് രാജ്യത്തിന്റെ സൈനിക താവളമായിരുന്നു. പണ്ട് കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരിപ്പ് സ്വരൂപത്തിൽ ഒരു കാലത്ത് ജന്മി നാടുവഴി സമ്പ്രദായത്തിനു പേരു കേട്ട നാടിപ്പോൾ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ കൊണ്ട് സമ്പന്നമാണ്. പ്രായ മത ഭേതമില്ലാതെ മൈതാനത്തു ഒത്തുകൂടി ഇവർ കാൽ പന്ത് കളി ഒരു ആഘോഷമാക്കുന്നു. ഒന്നിന് പുറകെ മറ്റൊന്നായി നഗരത്തിൽ നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങളെ കുറിച്ചു എല്ലാവരും ഏറെ കുറേ മറന്ന മട്ടാണ്. മാഷിന്റെയും ടീച്ചറുടേയും മരണം ദുരൂഹതകളുടെ മറ നീങ്ങാതെ തന്നെ കിടന്നു. പോലീസ് അന്വേഷണങ്ങൾ അതിന്റെ മുറയ്ക്ക് നടന്നു. മാതാപിതാക്കളെ അറിയാത്ത മകനുവേണ്ടി ഇനി ഹോസ്പിറ്റലിൽ കയറി ഇറങ്ങേണ്ട എന്ന ആശ്വാസമുണ്ടെങ്കിലും പത്തു പതിനേഴു വർഷം വളർത്തി വലുതാക്കിയ മാതാപിതാക്കളെ മകന് തിരിച്ചറിയാതെ പോയതെന്താണെന്ന് മാത്രം അഹദിന് മനസ്സിലായില്ല. ഒന്നുകിൽ അവനു ആ ഷോക്കിൽ ഓർമ്മ നഷ്ടപ്പെട്ടു കാണണം. അതിൽ നിന്നും ഫാസിൽ രക്ഷപ്പെട്ടാലേ ശരിയായ രോഗനിർണ്ണയത്തിലെത്താൻ പറ്റൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ ഇങ്ങനെ സെലക്റ്റീവ് അംനീഷ്യ വരാൻ സാധ്യത ഇല്ലെന്നു അവർ ഉറപ്പിച്ചു പറയുന്നു. കൂടാതെ മയക്കു മരുന്നുകളുടെ വിത്ഡ്രോവൽ സിംപ്റ്റംസും തരണം ചെയ്യണം. അല്ലെങ്കിൽ അവൻ കളിക്കുകയാണ്. ഒന്നുമറിയാത്തത് പോലെ. ഒരു പക്ഷേ, തുടർന്നുള്ള അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ. അങ്ങനെ ആണെങ്കിൽ... ആ പയ്യന് ഇതിലുള്ള പങ്കു അന്വേഷിക്കേണ്ടി വരുക തന്നെ ചെയ്യും.

സമയം 9:30. അഹദ് ഓഫീസിലെത്തിയപ്പോഴേക്കും സുഹാനയും ദീപക്കും അന്വേഷണത്തിന്റെ ഭാഗമായുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അത് സുഹാനയുടെ പദ്ധതിയുടെ ഭാഗമായിരുന്നു. ദിശാബോധമില്ലാതെ ഡീറ്റെക്ടിവ് ഏജൻസി നടന്നുപോയിരുന്ന സമയത്ത് സുഹാന കൊണ്ട് വന്ന ചില പരിഷ്‌കാരങ്ങളിൽ ഒന്ന്- രാവിലെ ഓഫീസിൽ എത്തിയാൽ ഉടനെ നിലനിൽക്കുന്ന കേസുകളുടെ ഇത് വരെ എത്തിയ നിഗമനങ്ങളെ കുറിച്ചു ഒരു ചർച്ച , അതിനു ശേഷം അന്നു ചെയ്ത് തീർക്കേണ്ട കാര്യങ്ങളുടെ ഒരു പ്ലാൻ.

ഈ സീരിയൽ കൊലപാതകങ്ങളുടെ അന്വേഷണങ്ങളെ ഞങ്ങൾ
"ഓപ്പറേഷൻ ഡയറി' എന്ന് വിളിക്കാൻ തീരുമാനിച്ചു; അഹദിനെക്കണ്ടതും സുഹാന അഭിമാനപൂർവ്വം അറിയിച്ചു. ഒരാഴ്ചക്കാലമായി ഡയറി എന്ന വസ്തുവിന് ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന കേസിന്​ അതിനേക്കാൾ അനുയോജ്യമായ മറ്റൊരു പേരില്ലെന്നു അഹദിനും തോന്നി. പക്ഷേ, ചിലർ പറയുന്നത് പോലെ, "പേരിലെന്തിരിക്കുന്നു?' ഇത്രെയും ദിവസങ്ങളായിട്ടും കാര്യങ്ങൾ കരയ്ക്കടുക്കുന്ന ലക്ഷണമില്ല. കൃത്യം നടന്ന സ്ഥലങ്ങൾ സന്ദർശിക്കാമെന്നു വെച്ചാൽ സ്ഥലം സി. ഐ മുടക്കു പറയും. ഒരു പ്രൈവറ്റ് ഡിക്ടക്റ്റീവ് ഏജൻസി കേസിൽ തലയിടുന്നത് അങ്ങേർക്കു ഒട്ടും ഇഷ്ടപെട്ടില്ലെന്നു തോന്നുന്നു. പറഞ്ഞിട്ട് കാര്യമില്ല. അയാളുടെ സ്ഥാനത്തു താനായിരുന്നെങ്കിലും അങ്ങനെ ചെയ്യാനേ സാധ്യത ഉള്ളു എന്ന് അഹദിനറിയാം.

അടുക്കും ചിട്ടയോടും കൂടി മരുന്നുകൾ വെച്ച അലമാരകളുടെ പശ്ചാത്തലത്തിൽ സ്റ്റെതെസ്‌കോപ്പും കഴുത്തിൽ തൂക്കി തിരിയുന്ന ഓഫീസ് കസേരയിൽ ഇരിക്കേണ്ട താൻ ഫയലുകളും ഫോട്ടോകളും ചിതറിക്കിടക്കുന്ന ഈ മുറിയിൽ വന്നിരിക്കേണ്ട ആവശ്യം ഉണ്ടോ എന്ന ചോദ്യം അഹദ് ഒരു പാട് തവണ മനസ്സിലിട്ടു അമ്മാനമാടിയതാണ്. അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ പോലും ഒരു പക്ഷെ, താൻ കേസന്വേഷണത്തിലേക്കു തിരിഞ്ഞേനെ എന്ന വസ്തുത അഹദിന് അറിയാവുന്നതാണ്. അത്രയ്ക്കാണ് അഹദിന് കുറ്റാന്വേഷണത്തോടുള്ള അഭിനിവേഷം. കുറ്റവാളിയെ ചോദ്യം ചെയ്യാനുള്ള, ക്യാമെറകളും റെക്കോർഡിങ് ഉപകരണങ്ങളും പിടിപ്പിച്ച പ്രത്യേക മുറികളോ മറ്റു സ്വകാര്യങ്ങളോ ഇല്ലാതെ ഒരു ഏജൻസി നടത്തിക്കൊണ്ട് പോകുന്നതിൽ അഹദിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാൽ ആദ്യ കേസ് തെളിഞ്ഞതോടെ എതിർപ്പുകൾ വഴി മാറി. പ്രശസ്തിയുടെ മുന്നിൽ അടിയറിവ് പറയാത്തതായി ആരുമില്ല. എന്നാൽ പണത്തിനും പ്രശസ്തിക്കും എപ്പോഴും തുല്യത കല്പിക്കുവാൻ പറ്റില്ല എന്നത് സത്യം തന്നെ. ഫോട്ടോ എടുക്കാൻ വരുന്ന ഫോട്ടോഗ്രാഫർമരോ ഫീച്ചറുകൾ ചെയ്യാൻ വരുന്ന ജേർണയലിസ്റ്റുകളോ അതൊന്നുമന്വേഷിക്കാറില്ല. അതിനാൽ, പൊട്ടിപ്പൊളിഞ്ഞ മതിലുകൾക്കുള്ളിൽ അഹദും സുഹൃത്തുക്കളും വിധിയെ തിരുത്തി എഴുതാൻ ആഗ്രഹിക്കുന്നു. അതിനായി രാപ്പകൽ ശ്രമിക്കുന്നു.

""ഡെന്റിസ്റ്റ് നിപുൺ, പിസ്സ ഡെലിവറി ബോയ് വിക്കി, ആർക്കിറ്റക്ട് ഗംഗ, അധ്യാപകരായ മൊയ്ദീൻ മാഷും ഖദീജ ടീച്ചറും. ഇവിരിൽ ആരിൽ നിന്നും തുടങ്ങണം നമ്മുടെ അന്വേഷണം?'' സുഹാന ചോദ്യമുന്നയിച്ചു, ചിന്താകുലയായി. "" ഐ തിങ്ക് വീ മസ്റ്റ് സ്റ്റാർട്ട് ഫ്രം ദീ ഫസ്റ്റ് വിക്ടിം'' കയ്യിലിരുന്ന മൊബൈൽ ഫോണിൽ നിന്നും കണ്ണെടുക്കാതെ ദീപക് അഭിപ്രായപ്പെട്ടു.""അതിൽ കാര്യണ്ട്. നിപുണിന്റെ കാര്യത്തിൽ നമുക്കിനിയും അറിയാത്ത ഒരു പാട് കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് എന്റെ മനസ്സ് പറയുന്നു,’’ അഹദ് ദീപകിനെ പിന്തുണച്ചു.""ഇവരെയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന ഡയറിയിൽ നിന്നു തുടങ്ങിയാലെന്താ?’’ ""അതും ഞാനും ആലോചിച്ചതാണ്. എന്നാൽ, നിപുണിന്റെ കാര്യത്തിൽ അങ്ങനൊരു ഡയറി കണ്ടെത്താൻ നമുക്കായിട്ടില്ല. അയാളുടെ ഭാര്യയുടെ മൊഴിയിൽ നിന്നും അത് വ്യക്തമാണെങ്കിൽ പോലും. പോലീസ് അന്വേഷണങ്ങളുടെ ഫയലുകളിലോ തെളിവുകളിലോ അവ സ്ഥാനം പിടിച്ചിട്ടില്ല. അതെങ്ങനെ അപ്രത്യക്ഷമായി? നിപുൺ തന്നെ ഒളിപ്പിച്ചതാണോ? എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.''""അതെളുപ്പമല്ലേ? അയാളുടെ വീടും ക്ലിനിക്കും പരിശോധിച്ചാൽ പോരെ?''""അതെല്ലാം പോലീസ് ഇതിനോടകം തന്നെ പരിശോധിച്ചിട്ടുണ്ടാകില്ലേ?’’ അഹദ് ഫയലുകളുടെ ഫോട്ടോസ്റ്റാറുകൾക്കായി തൊട്ടടുത്തിട്ട മേശയ്ക്ക് മുകളിൽ തിരച്ചിൽ തുടങ്ങി.""അങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റില്ല. പോലീസ് സംശയാസ്പതമായ സാധനങ്ങൾ മാത്രമല്ലേ ശേഖരിക്കൂ?'' സുഹാന ഒരുറപ്പിനായി അഹദിനെ നോക്കി.""ഒരു ഡയറി ഒരിക്കലും വിട്ടു കളയാൻ വകയില്ല. പ്രത്യേകിച്ച് ഇങ്ങനെ ഒരു ദുരൂഹ മരണത്തിൽ.''""ദീപക്, നിപുണിനെക്കുറിച്ചു നീ ഗൂഗിൾ ചെയ്‌തോ? അയാളുടെ കോളേജ്, സുഹൃത്തുക്കൾ, മാതാപിതാക്കൾ എന്നീ വിവരങ്ങൾ കൂടി ശേഖരിക്കണം. നമുക്കെന്നാൽ ഡോക്ടറിൽ നിന്നു തന്നെ തുടങ്ങാം,'’ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അഹദ് പറഞ്ഞു.
അത് ശരിയാണ്. ഒരു വിരൽ തുമ്പു ചലിപ്പിച്ചാൽ കിട്ടുന്ന വിവരങ്ങൾ ചില്ലറയല്ല. ജനന സർട്ടിഫിക്കറ്റ് മുതൽ ഇഷ്ടമുള്ള വിനോദങ്ങൾ വരെ നൂതന വലയിൽ ഒളിച്ചിരിപ്പുണ്ടാകും. അത് എവിടെയാണ് തിരയേണ്ടത് എന്ന് നല്ല ബോധ്യമുണ്ടാകണം എന്ന് മാത്രം.

ജിജ്ഞാസയോടെ, അഹദും സുഹാനയും ദീപകിന്റെ കമ്പ്യൂട്ടർ സ്‌ക്രീനിലേക് കണ്ണും നട്ടിരുന്നു. പണ്ട് സ്‌കൂളിൽ പഠിക്കുന്ന കാലത്തു മൂവർക്കും കമ്പ്യൂട്ടർ ഒരത്ഭുതം തന്നെ ആയിരുന്നു. കമ്പ്യൂട്ടർ ക്ലാസ്സുകളിൽ വിട്ടു മാറാത്ത കൗതുകത്തോടെ അവർ ടീച്ചർ പറയുന്നത് കാതോർക്കും, വീണു കിട്ടുന്ന ഇടവേളകളിൽ കമ്പ്യൂട്ടറിൽ ഗെയിം വെച്ച് തരാൻ ടീച്ചരോട് കെഞ്ചും. വീട്ടിലെത്തിയാൽ അനിയനോടോ അനിയത്തിയോടോ താനിന്നു കമ്പ്യൂട്ടർ ഉപയോഗിച്ച വിശേഷങ്ങൾ പങ്കു വെക്കും. കാലം മാറി, കോലവും. ഇന്നിപ്പോൾ എല്ലാ വീട്ടിലും ലാപ്‌ടോപ് ആയി, ഇന്റെർനെറ്റ് ആയി, രണ്ടും മൂന്നും മൊബൈൽ ഫോണുകളായി. സ്‌ക്രീൻ ഒന്ന് കാണാൻ കൊതിച്ചവരും സ്‌ക്രീൻ ടൈം കുറക്കാൻ പാട് പെടുന്നു. അതിവേഗത്തിൽ കീ ബോർഡിന്റെ നാനാ ഭാഗത്തും ഓടിയെത്തുന്ന ദീപക്കിന്റെ കൈകൾക്ക് നിപുൺ രാജീവിനെക്കുറിച്ച് അന്വേഷിച്ചു കണ്ടെത്തുവാൻ പരമാവധി മൂന്നു മിനിറ്റ് എടുത്തിട്ടുണ്ടാകും. ആദ്യം ഒരു ആക്ടർ നിപുണിന്റെ പേരാണ് പ്രത്യക്ഷമായത്. അയാളുടെ വിവിധ പോസിലുള്ള ഫോട്ടോകൾ, വീഡിയോകൾ എന്നിവ കൂടാതെ അയാളുമായി അടുത്തിടെ നടന്ന ഇന്റെർവ്യൂകളുടെ വിശദാംശങ്ങളും. മൂന്നാല് പോസ്റ്റുകൾക്കടിയിലായി,Enamel pearl-the window to dentistry
നിപുൺ രാജീവ്, passed out from Govt dental college, Mumbai had secured the gold medal in the final exams conducted during the year.""ഇതല്ലേ നമ്മുടെ കക്ഷി? വല്യ പുള്ളി ആണല്ലോ? ഗോൾഡ് മെഡൽ എല്ലാം കിട്ടിയിട്ടുണ്ട്. ഇതെന്ത് ബ്ലോഗ് ആണ്?''""അക്കാഡമിക് ബ്ലോഗ് ആണെന്നു തോന്നുന്നു,’’ സുഹാനയുടെ അഭിപ്രായം തന്നെ ആയിരുന്നു അഹദിനും.""തീർന്നിട്ടില്ല.'' Nipun Rajeev, the chairman of Govt dental college, Mumbai during the year 2004 delivers a speech on the minority dental students in the college.
ദീപക്കിന്റെ കൈ വിരലുകൾ താളത്തിൽ ചലിച്ചു. മറ്റൊരു തലക്കെട്ടിനു മുമ്പിൽ പോയന്റ് ചെയ്തു നിന്നു.The Indian Dental Association President Mr. Veer Das inaugurated the new mobile dental clinic of the government dental college, Mumbai. The college principal presided the function. Nipun Rajeev delivered the felicitation.
മനുഷ്യൻ ഒന്നു രണ്ട് മണിക്കൂർ കൊണ്ട് ചെയ്യുന്ന ജോലി ഈ ഇന്റെർനെറ്റ് നിമിശങ്ങൾക്കുള്ളിൽ പൂർത്തീകരിച്ചു തരും, അത് എന്തിനെക്കുറിച്ചാണെങ്കിലും, ലോകത്തിന്റെ ഏത് കോണിലാണെങ്കിലും!
""കൊള്ളാമല്ലോ. ഇവന്റെ കോളേജ് ഹിസ്റ്ററി. ആ ബ്ലോഗൊന്നു തുറന്നു നോക്കിയാലോ? ''
രണ്ടു ക്ലിക്കിൽ ഇങ്ങനെ തെളിഞ്ഞു, Enamel pearls-a window to dentistry

ക്ലീൻ ഷേവ് ചെയ്ത മെലിഞ്ഞ ഒരു പയ്യന്റെ ഫോട്ടോ പ്രൊഫൈൽ ഫോട്ടോ ആയി സെറ്റ് ചെയ്തിരുന്നു. സൂക്ഷ്മ പരിശോധനയിൽ മാത്രമേ നെറ്റിയുടെ അറ്റത്തുള്ള മറുക് ശരിക്ക് കാണുവാൻ സാധിക്കുകയുള്ളു. ""കോളേജിൽ പഠിക്കുമ്പോഴെങ്ങാനും എടുത്ത ഫോട്ടോ ആകും. എന്തൊരു വ്യത്യാസം,’’ ദീപക് മൂക്കത്തു കൈ വെച്ച് പോയി.
ശേഷം, വിവിധ യൂണിവേഴ്‌സിറ്റികളുടെ പരീക്ഷ പേപ്പറുകൾ സോൾവ് ചെയ്തു പോസ്റ്റ് ചെയ്തിരിക്കുന്നു, കുറച്ചു കഴിഞ്ഞുള്ള പോസ്റ്റുകളിൽ ഡെന്റെൽ പി. ജി പേപ്പറുകൾ സോൾവ് ചെയതതാണ്. ""നമുക്കിത്രയും പോരല്ലോ. അവന്റെ കോളേജ്, കുടുംബം, സുഹൃത്തുക്കൾ...എല്ലാ വിവരങ്ങളും ശേഖരിക്കണം,'' അഹദ് പോലീസ് റെക്കോർഡുകൾ തിരയുവാൻ തുടങ്ങി.

""നമ്മുടെ പാസ്‌ററ്, പ്രസന്റ് തിയറി വർക്ക് ഔട്ട് ചെയ്താൽ പോരെ? അത് ഞാൻ ഏറ്റു,'' സുഹാന ലാപ്‌ടോപ്പുമായി തന്റെ പ്രിയപ്പെട്ട ഇടത്തേക്ക് മാറിയിരുന്നു, അവിടത്ത ഏറ്റവും മനോഹരമായ സ്ഥലത്തേയ്ക്ക്. അവിടെയിരുന്നാൽ സുഹാനയ്ക്ക് അണ്ണാൻ കുഞ്ഞുങ്ങളുടെ "ചിൽ ചിൽ ' ശബ്ദങ്ങൾ കേൾക്കാം, കിളികളുടെ കൊച്ചു വർത്തമാനങ്ങൾക്കും ഇലകളുടെ പരാതീനതകൾക്കും കാതോർക്കാം. അവിടെ ഇരുന്നാണ് അവൾ പുസ്തകങ്ങൾ വായിക്കാറുള്ളത്. അവ ഒറ്റയിരിപ്പിന് വായിച്ചുതീർക്കാനാണ് സുഹാനാക്കിഷ്ടം . അങ്ങനെ ചെയ്തിരുന്ന നാളുകൾ അവൾക്ക് മിസ്സ് ചെയ്യാറുണ്ട്. നോവലുകളാണെങ്കിൽ മൂന്നു നാല് തവണയായി തീർക്കും (ജോലിക്കിടയിലെ ഇടവേള അഹദിന് നിർബന്ധമാണ്. വിശ്രമമില്ലാത്ത മനുഷ്യൻ ഓയിൽ ഒഴിക്കാത്ത ഇരുമ്പ് പോലെയാണ്. നിരന്തരമായി ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും. എന്നാൽ കാര്യക്ഷമത നന്നേ കുറവായിരിക്കുകയും ചെയ്യും എന്നാണ് അഹദിന്റെ അഭിപ്രായം) ഒടുവിൽ ഇടവേള കഴിഞ്ഞു എന്ന് ബോധ്യമാകുമ്പോൾ മനസ്സില്ലാ മനസ്സോടെ തന്റെ പ്രിയപ്പെട്ട വരികളോട് വിട പറയും. വീണ്ടും തിരിച്ചു വരാമെന്ന ഉറപ്പിൽ പതിയെ താളുകളടക്കും. അവ മുഴുവനായി അടഞ്ഞു തീരുന്നതിനു മുൻപ് തന്റെ ഭംഗിയുള്ള ബുക്ക് മാർക്ക് അതിൽ തിരുകി കയറ്റും. അത് സുഹാന സ്വന്തമായി ഉണ്ടാക്കിയതാണ്. അവളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണത്തിലുള്ളത്‌സുഹാന തന്റെ പുസ്തകങ്ങളോട് സംസാരിക്കുന്ന ആ ചിത്രം അവളുടെ ഭാവനയിൽ മൊട്ടിട്ടതാണ്, അവളുടെ പെയിന്റ് ബ്രഷിൽ വിരിഞ്ഞതാണ്. പുസ്തകം അടഞ്ഞിരിക്കുന്ന സമയങ്ങളിൽ ആ ചിത്രം തന്റെ പുസ്തകത്താളുകളോട് സല്ലപിക്കുന്നത് സുഹാന തന്റെ ഭാവനയിൽ കാണാറുണ്ട്. ചിലപ്പോഴൊക്കേ പേപ്പറിൽ പകർത്താറുമുണ്ട്.
അവിടെയിരുന്നാൽ സുഹാനയ്ക്ക് കിട്ടുന്ന പോസിറ്റീവ് എനർജി ചില്ലറയല്ല.

മേശപ്പുറത്തു അടുക്കി വെച്ചിരിക്കുന്ന ഫയലുകളിൽ നിന്നും ഒരു നീല ഫയൽ വലിച്ചെടുത്തു. മറ്റുള്ളവ പ്രതിഷേധമെന്നോണം നിരതെറ്റി താഴേക്കു ചെരിഞ്ഞു അടക്കമുള്ള സ്റ്റെപ്പുകളെപ്പോലെ അവിടെ നിന്നു. അത് താഴെ വീഴാതിരിക്കാനുള്ള തത്രപ്പാടിൽ സുഹാനയുടെ കൈ തട്ടി മേശപ്പുറത്തുണ്ടായിരുന്ന ചില്ലു ഗ്ലാസ് താഴെ വീണു പൊട്ടി. അതെല്ലാം വൃത്തിയാക്കി ഫയൽ തുറന്നപ്പോഴേക്കും സമയം 12 കഴിഞ്ഞിരുന്നു. അഹദ് പേപ്പറുകളിൽ എന്തോ കുത്തിക്കുറിക്കുന്നതും ദീപക് ഫോൺ ചെയ്യുന്നതും ഒരു മിന്നായം പോലെ കണ്ടു സുഹാന തന്റെ ഫയലുകളിലേക്ക് മടങ്ങി.

നിപുൺ കൊലക്കേസിൽ ചോദ്യം ചെയ്യപ്പെട്ടവർ ഭാര്യ ജെസ്സ, വേലക്കാരി ശ്രീജ, ഡ്രൈവർ ഹസ്സൻ, ഡെന്റെൽ ക്ലിനിക് അസിസ്റ്റന്റ് സോണിയ എന്നിവരാണ്.
ജെസ്സ - ഡെന്റിസ്റ്റ്, തങ്ങളുടെ സ്വന്തം ക്ലിനിക്കായ സിതാരാ ഡെൻറൽ ക്ലിനിക്കിൽ ഉച്ചവരെ ജോലി ചെയ്തു പോരുന്നു. (സിതാര അവരുടെ മകളാണ് ) ഉച്ചക്ക് ശേഷം കോട്ടക്കലിലെ ഒരു പ്രശസ്ത ഡാൻസ് സ്‌കൂളിൽ നൃത്തം അഭ്യസിക്കും, മൂന്നരയോടെ പ്ലേ സ്‌കൂളിൽ പഠിക്കുന്ന മകളെയും കൂട്ടി വീട്ടിലേക്കു. ഇതാണവരുടെ ദിനചര്യ. ""വളരെ നല്ല നിലയിൽ ജീവിച്ചു പോരുന്ന അവർക്ക് നിപുണിനെ കോലപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ന് പുറത്തു വരുന്ന വാർത്തകൾ ആലോചിച്ചു നോക്കുമ്പോൾ അങ്ങനെ ഒരു സാധ്യത തള്ളിക്കളയാനും ആവില്ല. കൂടുതൽ അറിയേണ്ടിയിരിക്കുന്നു.''
പിന്നുള്ളത് ശ്രീജ - മരണം ആദ്യം റിപ്പോർട്ട് ചെയ്ത വ്യക്തി. അതവരെ കേസിലേക്കു കൂടുതൽ അടുപ്പിക്കുന്നു. മരണസമയം പതിവ് പോലെ 8 പിഎം തന്നെയാണ്. സംശയ നിവാരണത്തിനായി സുഹാന ഒന്നുകൂടി ഫയലുകൾ പരിശോധിച്ചു, ഒപ്പം പോസ്റ്റ് മാർട്ടം റിപ്പോർട്ടും. 28 വയസ്സ് മാത്രമുള്ള നിപുൺ രാജീവിനു ശാരീരിക പ്രശ്‌നങ്ങളൊന്നും കാണില്ലെന്നു സുഹാന ഊഹിച്ചു. റിപ്പോർട്ടിലെ മാക്രോസ്‌കോപിക് വിശദീകരണങ്ങളിൽ നിന്നും പുറമെയും ആന്തരികമായും മുറിവുകളില്ല എന്നും വ്യക്തമായിരുന്നു. "ഇങ്ങനെ ഒരു കേസ് ഇതിനു മുൻപ് കണ്ടിട്ടില്ല. വളരെ വിചിത്രമായിരിക്കുന്നു.' പതിവുപോലെ രാവിലെ ജോലിക്ക് വന്ന ശ്രീജയാണ് തറയിൽ മരിച്ചു കിടക്കുന്ന നിപുണിനെ കണ്ടത്. നിപുണും കുടുംബവും അന്ന് ഒരു യാത്ര പോകാനിരിക്കെ സാധാരത്തേക്കാളും നേരത്തെ എത്തണമെന്ന് നിപുണിന്റെ ഭാര്യ വിളിച്ച് പറഞ്ഞിരുന്നു . അപ്പോഴാണ് സുഹാന അത് ശ്രദ്ധിച്ചത്. നിപുണിന്റെ ഭാര്യ ജെസ്സ -മിശ്രിത വിവാഹം. ഇനി അങ്ങനെ എന്തെങ്കിലും നൂലാമാലകൾ ഉണ്ടാകുമോ?
അപ്പോഴേക്കും പുറത്തെങ്ങും മഞ്ഞ നിറം പരന്നു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയാൽ കത്തുന്ന സൂര്യപ്രകാശം ഏൽക്കാതെ നടക്കാൻ പറ്റാത്ത അവസ്ഥ. ചില ചെടികൾക്കു ചെറിയൊരു വാട്ടമുണ്ടെങ്കിലും മറ്റുള്ളവ അവ ആസ്വദിക്കുന്നതായി തോന്നി. അവ നിവർന്നു നിന്നു മന്ദമാരുതാനൊപ്പം നൃത്തം ചവിട്ടുന്നുണ്ടായിരുന്നു.

ഇങ്ങനെ ഒരു ഉച്ച സമയത്താണ് താൻ ഈ ഓഫീസിൽ ആദ്യമായി വന്നു കയറിയതെന്ന് സുഹാന ഓർത്തു . അന്ന് പക്ഷേ അവിടെ ഒരു ജോലി ചെയ്യുമെന്നോ ഇത് സ്വന്തം വീട് പോലുള്ള ഒരിടം ആകുമെന്നോ അറിയില്ലായിരുന്നു. എല്ലാം ഒരു നിമിത്തമെന്നേ പറയാനൊക്കൂ. അല്ലെങ്കിൽ ഒരെഴുത്തുകാരി ആകേണ്ട താനിവിടെ എത്തിപ്പെട്ടതെങ്ങനെ? അല്ലെങ്കിൽ താനിപ്പോൾ എവിടെ ആയിരിയ്ക്കും? എഴുത്തോ കേസന്വേഷണമോ എന്നുള്ള ഒരു തീരുമാനം എടുക്കേണ്ടി വന്നപ്പോൾ താനിത് തിരഞ്ഞെടുത്തത് എന്താണ്? മികച്ച ഒരു എഴുത്തുകാരിയാവുക എന്നത് അന്നത്തെ ആഗ്രഹമായിരുന്നു. ഒരു പക്ഷെ, സ്വപ്നം എന്നു തന്നെ പറയാം-ഓരോ നിമിഷവും നെയ്തു കൂട്ടുന്ന പദ്ധതികൾ, ഓരോ ദിനങ്ങളേയും മുന്നോട്ട് കൊണ്ട് പോകുന്ന ഒരു പോസിറ്റീവ് എനർജി. അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അനുഭവിച്ചു തന്നെ അറിയണം. ഒരിക്കൽ തന്റെ ഒരു കൂട്ടുകാരി വായനയെക്കുറിച്ചു പറഞ്ഞതോർക്കുന്നു, ഒരു പൊട്ടക്കിണറിനരികിൽ പോയിരുന്നു അതിനകത്തെ ശബ്ദങ്ങൾ ഭാവനയിൽ നെയ്തു കൂട്ടുന്ന വിഡ്ഢികളാണ് വായനക്കാർ എന്നാണവൾ പറഞ്ഞത്. അന്ന് താൻ എഴുതാൻ തുടങ്ങിയിട്ടില്ല. ധാരാളം വായിക്കുമായിരുന്നു. ചിലപ്പോൾ അവസാന അധ്യായത്തിൽ എത്തി നിൽക്കുന്ന പുസ്തകം ഉപേക്ഷിച്ചു പോകാനാകാത്തതിനാൽ ഒരു ബർത്‌ഡേ പാർട്ടിയോ ഓണാഘോഷമോ എന്തിനു ക്ലാസ്സു പോലും കട്ടു ചെയ്ത ദിവസങ്ങളുണ്ട്. ജനാലക്കരികിൽ ഇട്ട പഠന മേശക്കരികിലെ കസേരയിൽ ഇരുന്നു ആ പുസ്തകം വായിച്ചു തീർക്കും, മിക്കപ്പോഴും ഭക്ഷണം പോലും കഴിക്കാൻ മറന്നു! തൊട്ടടുത്തുള്ള പാറക്കെട്ടിനകത്തെ വെള്ളത്തിൽ കുഞ്ഞു മീനുകളെ പിടിക്കുവാൻ വരുന്ന മീൻ കൊത്തികളോ കൊക്കുകളോ ഉണ്ടാവും സുഹാനയുടെ കൂട്ടിനു. ചില പേരറിയാത്ത പക്ഷികൾ വിധക്തമായി നീന്തുന്നതും കാണാം. അവയുടെ പേരുകൾ സുഹാനയ്ക്കു വേണമെങ്കിൽ അന്വേഷിച്ചു കണ്ടെത്താമായിരുന്നു. പക്ഷെ, ആ അജ്ഞത അവൾക്കു എപ്പോഴും ഭാവനയുടെ വാതിലുകൾ തുറന്നു നൽകി. അവയുടെ പേരുകൾ അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ, താനിത്രയും ആത്മാർത്ഥമായി അവയെ നിരീക്ഷിക്കുമായിരുന്നോ എന്നറിയില്ല. തന്റെ അജ്ഞാത സുഹൃത്തുക്കളെ അങ്ങനെ കാണാനുള്ള ഒരു ആഗ്രഹം മനസ്സിന്റെ കോണിൽ എവിടേയോ ഒളിച്ചിരിക്കുന്നതായി അവൾക്കറിയാം.

ഡ്രൈവർ ഹസ്സൻ, എന്നും ജെസ്സയെ ക്ലിനിക്കിൽ നിന്നും തിരിച്ച് പിക് ചെയ്തു നൃത്ത ക്ലാസുകളിൽ കൊണ്ടുവിടുന്നതും മകളെ സ്‌കൂളിൽ നിന്നു വിളിച്ചുകൊണ്ടുവരുന്നതുമയാളാണ്. ഇതിന് പുറമെ അല്ലറ ചില്ലറ ഷോപ്പിങ്ങിനും ജെസ്സയും മകളും കാറിൽ പോകാറുണ്ടായിരുന്നു . ഈ ഒരു കാലയളവിൽ അവർക്ക് ഒരപകടമോ സംശയകരമായ മറ്റ് പെരുമാറ്റങ്ങളോ അയാളിൽ നിന്നും ഉണ്ടായിട്ടില്ല എന്നു ജെസ്സയുടെ മൊഴിയുണ്ട്. തന്നെയുമല്ല, ഇയാൾ ജെസ്സയുടെ വീട്ടിൽ ഏകദേശം പത്തു വർഷത്തോളം ഡ്രൈവർ ആയി ജോലി ചെയ്തിട്ടുണ്ട് . എന്നാൽ സംഭവം നടന്ന ദിവസം ഹോസ്പിറ്റലിൽ പോകുവാനായി നിപുൺ ഡ്രൈവറെ വിളിച്ചിരുന്നതായി അയാൾ മൊഴി നൽകിയിട്ടുണ്ട് . സാധാരണ ഗതിയിൽ ഒറ്റക്കു വണ്ടി ഓടിച്ചു പോകാറുള്ള നിപുണെന്തിന് അന്ന് തന്റെ ഡ്രൈവറുടെ സഹായം തേടി എന്ന ചോദ്യം അവിടെ അവശേഷിക്കുന്നു. ഒരു ചെറിയ തലവേദന എന്നു മാത്രമാണു നിപുൺ ഹസ്സനോട് പറഞ്ഞത്. പക്ഷേ, നിപുൺ അപ്പോൾ വളരെ അസ്വസ്ഥനായിരുന്നു എന്നും ഹസ്സന്റെ മൊഴിയുണ്ട് . മരണ ശേഷം പലതും കൂട്ടി വായിക്കുമ്പോൾ പന്തികേട് തോന്നിയേക്കും . അതിനാൽ അതത്ര വിശ്വാസയോഗ്യമല്ല എന്നു സുഹാനയ്ക്ക് അറിയാമായിരുന്നു .
വെള്ളത്തിന്റെ താളാത്മകമായ "ഗുൾ ഗുൾ ' ശബ്ദം സുഹാനയുടെ ചെവികളിൽ തുളച്ചു കയറി. വെള്ളത്തിന് വ്യത്യസ്ഥമായ ശബ്ദങ്ങളുണ്ട് . സാഹചര്യങ്ങളനുസരിച്ചു മാറാൻ കഴിയുന്നവ. നദിയിലെ കളകളാരവം പോലെയോ വെള്ളച്ചാട്ടത്തിന്റെ കുത്തൊഴിക്കിന്റെ ശബ്ദം പോലെയോ അല്ല വെള്ളം തിളച്ചു പൊങ്ങുബോഴുള്ളത്, കൃത്യമായ ഇടവേളകളിൾ കേൾക്കുന്ന ഒരു നിലവിളിയാണത്. നീരാവിയായി മാറുന്നതിന് മുൻപ് തന്നെ രക്ഷപ്പെടുത്തണേ എന്നു അത് കേണപേക്ഷിക്കുന്നത് പോലെ സുഹാനയ്ക്ക് തോന്നാറുണ്ട് .

രണ്ടു കപ്പുകളിൾ ചായ പകർന്ന് ദീപക് അഹദിനും സുഹാനയ്ക്കും കൊടുത്തു. ദീപകിന് പാചകത്തോട് വലിയ താല്പര്യമാണ്. പുതിയ ഭക്ഷണങ്ങൾ രുചിക്കുന്നതും റെസിപ്പികൾ പരീക്ഷിക്കുന്നതും അയാൾക്കൊരു ഹരമാണ്. ഒരു നന്ദിക്കു പോലും കാത്തു നിൽക്കാതെ ദീപക് ഫോണിന്റെ ലോകത്ത് മുഴുകി. ഓരോ അഞ്ചു മിനുറ്റിലും സന്ദേശങ്ങൾ പരിശോധിയ്ക്കുക എന്നതു ദീപകിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരുന്നു . ഗെയിമിലെ ഒരു നൂറായിരം സുഹൃത്തുക്കൾ വേറെയും. ""നിപുണിന്റെ കേസിൽ നമുക്ക് വിശദമായൊരു ചോദ്യം ചെയ്യൽ ആവശ്യമാണ്. അതിനുള്ള അനുമതിയുണ്ടോ?'' തിരക്കിട്ട് ലാപ്‌ടോപ്പിൽ വിക്കിയുടെ വിവരങ്ങൾ തിരയുന്ന അഹദിനോടു സുഹാന ചോദിച്ചു. സാധാരണ ഗതിയിൽ അനുമതിയുടെ ഒരു ആവശ്യവുമില്ല. പോലീസ് അന്വേഷണവും കേസ് ഫയലുകളും ക്ലോസ് ചെയ്തിട്ടുണ്ടാകും. ഇതിപ്പോൾ , പോലീസിന് പാരല്ലൽ ആയി ഒരു അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമ്പോൾ പാലികേണ്ട, അല്ലെങ്കിൽ പാലിച്ചെന്നു വരുത്തേണ്ട ചില ഫോർമാലിറ്റീസ് .""അത് വിൻസെന്റ് എറ്റിട്ടുണ്ട്,'' ലാപ്‌ടോപ്പിൽ നിന്നും കണ്ണെടുക്കാതെ അഹദ് അറിയിച്ചു, ''നാളെ നിപുണിന്റെ ഭാര്യയെ കാണാൻ അനുവാദം ചോദിക്കാം. കിട്ടിയ വിവരങ്ങളും സംശയങ്ങളും വെച്ചു വിശദമായ ഒരു ചോദ്യാവലി തയ്യാറാക്കാൻ മറക്കേണ്ട . പോലീസ് ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങൾ കൊണ്ട് തുടങ്ങുന്നത് ആകും ഉചിതം. എന്തു പറയുന്നു?''""അത് തന്നെയാണ് നല്ലത്. എന്റെ മനസ്സിൽ ചില പദ്ധതികളുണ്ട്,'' സുഹാന അഭിമാനപൂർവ്വം അറിയിച്ചു . അതാണ് സുഹാന, കേസന്വേഷണത്തിൽ സ്വന്തമായി ഒരു ശൈലി മിനഞ്ഞെടുത്തവൾ. ""അത് നിന്റെ കാർഡ് ആണോ?'' മേശപ്പുറത്ത് നനഞ്ഞു കുതിർന്നിരിക്കുന്ന ഒരു കട്ടിക്കടലാസ് ചൂണ്ടി അഹദ് ചോദിച്ചു .""ഏയ് , അത് മറ്റെന്തോ ആണ്.''
അത്ഭുതത്തോടെ, സുഹാന അത് നോക്കി. ഒരു എ.ടി.എം കാർഡിന്റെ വലുപ്പത്തിലുള്ള നീല കട്ടിക്കടലാസ്. നേരത്തെ വെള്ളം തട്ടി മറിഞ്ഞപ്പോൾ നനഞ്ഞതാകണം . അരികെല്ലാം പൊടിഞ്ഞു പോകുമാറായിരിക്കുന്നു . മേശപ്പുറത്ത് നിന്നും ഒരു തുണി എടുത്തു സുഹാന മേശ തുടച്ചു.

ഫയലുകളുടേയും മറ്റ് പുസ്തകങ്ങളുടെയും അടുക്കുകൾ ഒന്നു മിനുക്കി, കാർഡു വെയിസ്റ്റ് കുട്ടയിൽ നിക്ഷേപിക്കുവാനായി കയ്യിലെടുത്തു. അതിന്റെ മറുവശത്ത് എന്തോ എഴുതിയിട്ടുണ്ടായിരുന്നു, വെള്ള നിറത്തിൽ. പക്ഷേ, അത് മലയാളമോ ഇംഗ്ലീഷോ അറബിയോ ഹിന്ദിയോ അല്ല. ഈ നാലു ഭാഷകളും സുഹാനയ്ക്ക് നന്നായി വായിക്കാനറിയാം. കണ്ടിട്ട് തമിഴായും തോന്നുന്നില്ല. ഒരു പക്ഷേ, വല്ല രഹസ്യ സന്ദേശവും ആകുമോ? സുഹാന കയ്യുറ അണിഞ്ഞ് ശ്രദ്ധാപൂർവ്വം അതൊരു പ്ലാസ്റ്റിക് കവറിലിട്ടു. ആറു ഡികടക്ടീവ് കണ്ണുകളും കാർഡിന്റെ മേൽ പതിഞ്ഞു. അതവർ തിരിച്ചും മറിച്ചും പരിശോധിച്ചു- എഴുത്തറിയാത്ത കുട്ടികളെ പഠിപ്പിക്കുന്ന സ്റ്റാന്റിങ് ലൈനുകളും സ്ലീപ്പിങ് ലൈനുകളും ധാരളമായി ഉള്ള ഒരെഴുത്ത്. ചിലപ്പോൾ വല്ല ചെറിയ കുട്ടികളും എഴുതി പഠിച്ചതാകാം. അല്ലെങ്കിൽ മുതിർന്നവർ അലസമായി കുത്തി വരച്ചതുമാകാം. വെറുതെ ഓരോ സംശയങ്ങൾ. പക്ഷേ, അതെങ്ങനെ ഈ മേശപ്പുറത്ത് വന്നു.

""ഇന്ന് പോസ്റ്റ്മാൻ കൊണ്ട് വന്ന ഒരു കവറു ഞാനാ മേശപ്പുറത്ത് വെച്ചിരുന്നു. അതിൽ ഒന്നുണ്ടായിരുന്നില്ല. ഞാൻ പറയാൻ മറന്നു പോയി. അഹദ് എന്ന പേരായിരുന്നു കവറിൽ. പ്രിന്റ് ചെയ്ത വിലാസം ആണ്.''
പുസ്തകങ്ങൾക്കിടയിൽ പെട്ട് പോയ ഇളം നീല നിറത്തിലുള്ള ഒരു കവർ സുഹാന തിരഞ്ഞെടുത്തു. ശരിയാണ്. പ്രിന്റ് ചെയ്ത ഒരു അഡ്രെസ്സ് മാത്രമേ അതിലൂള്ളൂ. അയച്ച ആളുടെ വിലാസമോ മറ്റൊന്നും തന്നെയോ ഇല്ല. എടരിക്കോട് പോസ്റ്റ് ഒഫ്ഫീസിന്റെ സീൽ മാത്രമേ അതിലുള്ളൂ.""ഇതെന്തു മറിമായം? അപ്പോൾ നമുക്ക് മറ്റ് സാദ്ധ്യകൾ തള്ളിക്കളയാം. ഇത് നമ്മൾ വായിക്കാൻ വേണ്ടി തന്നെ ആരോ അയച്ചതാണ് . പിന്നെ എന്തു കൊണ്ട് മനസ്സിലാകുന്ന ഭാഷയിൽ എഴുതിയില്ല?''""ഈ സന്ദേശത്തിന്റെ അർഥം പെട്ടന്നൊന്നും കണ്ടു പിടിക്കരുത് എന്നുള്ള വല്ല നിർബന്ധ ബുദ്ധിയും അയാൾക്കുണ്ടാകുമോ?'' സുഹാന സാധ്യതകളാലോചിക്കുവാൻ തുടങ്ങി. എവിടെയോ കണ്ടു മറന്ന ഏതോ ഒരോർമ്മ തന്റെ ഊഴത്തിനായി കാത്തു നിൽക്കുന്നത് പോലെ. കണ്ണുകളടച്ചു ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രമിച്ചു. മനസ്സു വല്ലാതെ നിശ്ചലമായിരിക്കുന്നു. അവിടെ ഒന്നുമില്ലാത്ത ഒരവസ്ഥ. അത് മനസ്സിന്റെ മറ്റൊരു വികൃതിയാണ്. ആലോചിക്കുന്തോറും വേണ്ട ഓർമ്മകളെ ഒരു മായാജാലകനെപ്പോലെ മറച്ചു വെക്കുന്ന ഒരു വിദ്യ. പിന്നീടെപ്പോഴെങ്കിലും വെറുതെ ഇരിക്കുമ്പോൾ അത് മനസ്സിലേക്കു എറിഞ്ഞു തരുന്ന ഒരു കുറുമ്പ്.

അക്ഷരങ്ങൾ എന്നും സുഹാനയ്ക്കു ഒരാവേശമാണ്. അവ സൃഷ്ടിക്കുന്ന മായാ ലോകത്തിൽ അകപ്പെട്ടാൽ ഏതു ദുഖവും മറി കടക്കാം. എന്നാൽ ഇത് വട്ടം കടക്കുന്ന ഒന്നാണ്. ചെറുപ്പത്തിൽ സ്വകാര്യ സന്ദേശങ്ങൾ എഴുതുവാൻ നാരങ്ങ ഉപയോഗിച്ചത് ഓർമ്മയുണ്ട്. റിയയുടെ( റിയ സുഹാനയുടെ ഇത്തയുടെ മകളാണ്) കൂടെ വെളുത്ത ക്രയോണിൽ എഴുതിയ ചിത്രം കണ്ടുപിടിക്കുവാൻ വാട്ടർ കളർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്? വളരെ വിചിത്രമായൊരു ഭാഷ!
എന്തു കിട്ടിയാലും ഗൂഗിൾ ചെയ്തു നോക്കുക എന്നത് എല്ലാവരുടെയും ശീലമായിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചു ദീപകിന്റെ. അവൻ തിരിച്ചും മറിച്ചും നോക്കി. വിക്കി പീഡിയാ സൈറ്റുകൾ തിരഞ്ഞു. അനേകം ഭാഷകളുമായി ഒത്തു നോക്കി. എങ്കിലും ആ വളഞ്ഞു പുളഞ്ഞ വരകൾ എവിടെയും കണ്ടെത്താനായില്ല. അത് ഉത്തരമില്ലാത്ത ഒരു ചോദ്യചിഹ്നമായി അവരുടെ മുന്നിൽ അവശേഷിച്ചു. ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments