ചിത്രീകരണം : രാജേഷ് ചിറപ്പാട്.

ജുഗ് ഇം (മരണം)

അഞ്ച്

ആഗസ്റ്റ് 11 ചൊവ്വാഴ്ച പ്രിയപ്പെട്ട ഡയറി, ""ഇന്നലെ ഞാൻ നിന്നോട് ഒന്നുംതന്നെ പറഞ്ഞില്ല. സത്യത്തിൽ മറന്നതല്ല, ഇന്നലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

നിന്നോട് പറഞ്ഞാൽ കുറച്ചൊരു ആശ്വാസം കിട്ടുമെന്നാണു ആദ്യം ഞാൻ കരുതിയത്. പിന്നീടെനിക്കുതോന്നി നാളെ ആകട്ടെ എന്ന്. എന്റെ മനസ്സിനെ അല്പം മുറിവേൽപ്പിച്ചുകൊണ്ട് ആ തീക്കനൽ അങ്ങനെ നിന്ന് പുകഞ്ഞു. അതിന്നുപക്ഷെ ആളിക്കത്തി. കാരണം മറ്റൊന്നുമല്ല, കണ്ടുപിടിക്കാൻ സാധിക്കില്ല എന്നു ഞാൻ വിചാരിച്ചിരുന്ന ഒരു കാര്യം എന്റെ മുന്നിൽ തെളിഞ്ഞുവന്നു, തികച്ചും യാദൃശ്ചികമായി.എനിക്കറിയാം നിനക്കൊന്നും മനസ്സിലാകുന്നുണ്ടാകില്ലെന്ന്. അതിനുമുൻപ് നടന്ന കാര്യങ്ങൾ ഒന്നും നിനക്കറിയില്ലല്ലോ. അതവിടെ നിൽക്കട്ടെ.''

അഹദിന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു. കുറെ ദിവസങ്ങൾക്കുശേഷം മനസ്സിൽ ഒരു തരി കുളിരനുഭവപ്പെട്ടു.

""നിനക്ക് എന്റെ ഡിക്ടക്റ്റിവ് കഴിവുകൾ കിട്ടിയിട്ടുണ്ടോ എന്നു നോക്കട്ടെ.''

ഓരോ ദിവസവും പിന്നിടുമ്പോഴും പറഞ്ഞറിയിക്കാനാകാത്ത ഒരു ആത്മബന്ധം ഡയറിയുമായി ഉണ്ടാകുന്നതുപോലെ അഹദിന് അനുഭവപ്പെടാറുണ്ട്. തന്റെ എല്ലാ രഹസ്യങ്ങളും, എന്തിന് ചിന്തകൾ പോലും സൂക്ഷിയ്ക്കുന്ന ഒരു അമൂല്യ സുഹൃത്ത്. ഡയറി തന്നോടു തിരിച്ച് സംസാരിക്കുന്നതായി അഹദ് ചിലപ്പോൾ ഭാവനയിൽ കാണാറുണ്ട്. അത് വളരെ രസകരമാണ്. നമ്മുടെ ചുറ്റുമുള്ളവരിൽ പലരിലും നമ്മൾ ഒരു സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിക്കാറുണ്ട്. മിക്കപ്പോഴും നമ്മൾ അവരെയാകും സ്‌നേഹിക്കുന്നത്. അതുകൊണ്ടാണയാൾ പ്രതീക്ഷിക്കാത്തതുപോലെ പെരുമാറിയാൽ നമുക്കു സങ്കടവും ദേഷ്യവുമെല്ലാം വരുന്നത്. എന്നാലും അയാൾ ഇങ്ങനെ പറയരുതായിരുന്നു എന്നു മനസ്സ് ഒരായിരം തവണ ആവർത്തിച്ചുപറയുന്നത്. ഇത് അഹദിന്റെ അഭിപ്രായമല്ല, സുഹാന പറഞ്ഞതാണ്. ഒരിക്കൽ സുഹൃത്തുക്കൾ എന്ന വാഗ്വാദത്തിനിടയിൽ അല്പം ആഴത്തിൽ കടന്നുചെന്നപ്പോൾ ഉരിത്തിരിഞ്ഞതാണ്. അപ്പോൾ അതിനെ മനപ്പൂർവം എതിർക്കാൻ നോക്കിയെങ്കിലും അത് ശരിതന്നെ എന്നു മനസ്സ് സ്പന്ദിക്കുന്നുണ്ടായിരുന്നു. സുഹാന ഇത്രയ്ക്ക് പക്വതയുള്ള കുട്ടിയാണോ എന്നുവരെ അഹദിന് അന്ന് തോന്നിപ്പോയി.

""ഇന്ന് രാവിലെ നടന്ന കുറച്ചുകാര്യങ്ങൾ കൂടി പറയുവാനുണ്ട്. ഇന്നലെ വിളിച്ചു സംസാരിച്ചത് പ്രകാരം സുഹാനയും ഞാനും ഇന്ന് രാവിലെ നിപുണിന്റെ വീട്ടിലേയ്ക്കുപോയി. എന്നെ ആശ്ചര്യപ്പെടുത്തുന്നവിധത്തിലുള്ള ഒരു ചോദ്യാവലി തന്നെ സുഹാന തയ്യാറാക്കിയിരുന്നു. അതിൽ ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചവയും, പോലീസ് ചോദിച്ചവയും, മറ്റാരും ചിന്തിക്കാത്ത, എന്നാൽ തെളിവുശേഖരണത്തെ സഹായിക്കുന്ന ധാരാളം ചോദ്യങ്ങൾ ഉണ്ടായിരുന്നു. ചോദ്യങ്ങൾക്ക് തണുത്ത, ഒറ്റവാക്കിലുള്ള മറുപടികൾ തന്നുകൊണ്ടിരുന്ന ജെസ്സയുടെ മനസ്സ് സുഹാന കീഴടക്കിയതും സൗഹൃദപൂർവം ചോദിച്ചറിയേണ്ടതെല്ലാം ചികഞ്ഞെടുത്തതും എടുത്തുപറയേണ്ടതുതന്നെ. അവളുടെ വാക്കുകൾക്ക് ഒരു മാന്ത്രികശക്തിയുണ്ടെന്ന് തോന്നിയിട്ടുണ്ട്. അല്ല, ഇല്ല എന്നിങ്ങനെയുള്ള ഉത്തരങ്ങളെ നീണ്ട സംഭാഷണങ്ങളാക്കിത്തീർക്കുവാൻ അവളുടെ ചോദ്യങ്ങൾക്കാകും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ വാചകമടി അത്യന്താപേക്ഷിതമായ ഈ തൊഴിലിന് ചേർന്നവളാണ് സുഹാന. സുഹാന ഏജൻസിയിൽ വന്നുചേർന്നത് ഒരു ഭാഗ്യം തന്നെ എന്നു സമ്മതിക്കാതെവയ്യ. പക്ഷേ, ചിലപ്പോൾ സുഹാന വല്ലാതങ്ങു വാദിച്ചുകളയും. ശരിയാണെന്നുറപ്പുള്ള കാര്യങ്ങൾ വരെ എതിർഭാഗം വാദിച്ചുജയിക്കുക എന്നത് അവൾക്കൊരു ഹരമാണ്. ഇങ്ങനെ സംസാരിക്കുമ്പോൾ അവൾ മുഖം നോക്കാറില്ല.

വിഷയത്തിലേയ്ക്കുവരട്ടെ. നിപുണും താനും പ്രണയിച്ചു വിവാഹം കഴിച്ചതാണ്. വീട്ടുകാരുടെ സമ്മതത്തോടെയല്ല തങ്ങളുടെ വിവാഹം നടന്നതെന്നും ഒന്നൊന്നര കൊല്ലമായിട്ട് ജെസ്സയുടെ വീട്ടുകാർ പിണക്കമെല്ലാം മറന്നെങ്കിലും നിപുണിന്റെ വീട്ടിലുള്ളവർ പിണക്കത്തിൽ തന്നെ ആണെന്നും ജെസ്സ സുഹാനയോട് സങ്കടം പറഞ്ഞു. അത്രയ്ക്ക് ജെസ്സയോട് അടുപ്പം സ്ഥാപിക്കുവാൻ സുഹാനയ്ക്കു കഴിഞ്ഞിരുന്നു. നിപുണിന്റേത് ആത്മഹത്യയാകാൻ ഒട്ടും തരമില്ലെന്ന് തന്നെയാണ് ജെസ്സയുടെ അഭിപ്രായം. നിരാശാരോഗമോ സാമ്പത്തികമായോ മറ്റോ എന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് വീട്ടുകാരുമായി ഒത്തുപോകാൻ ചില ശ്രമങ്ങൾ ഇതിനിടയിൽ നടന്നിരുന്നു. അതെല്ലാം പരാജയപ്പെട്ടതോടെ മിക്കവാറും എന്നും അതിനെക്കുറിച്ചു പറയുമായിരുന്നു. നിപുണിനു തന്റെ പെങ്ങളോടായിരുന്നു കൂടുതൽ അടുപ്പം. നിപുണും പെങ്ങളും ചെറുപ്പം മുതലേ ഹോസ്റ്റലിൽ നിന്നാണു പഠിച്ചത്. രണ്ടുവയസ്സു മാത്രം തമ്മിൽ വ്യത്യാസമുള്ള അവർ എപ്പോഴും ഒരുമിച്ചായിരുന്നു. ആറുമാസം മുൻപ് അവൾ വിവാഹം കഴിച്ചു ആ വീട്ടിൽ നിന്ന് പോയതോടെ പിന്നെ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞുകേട്ടിട്ടില്ല. എല്ലാവരോടും പെട്ടന്ന് അടുക്കുന്ന സ്വഭാവമായിരുന്നു നിപുണിന്റേത്. അതിനാൽ ഒരുപാട് നല്ല സുഹൃത്തുക്കളും നിപുണിനുണ്ടായിരുന്നു. കോളേജിലെ കുറച്ചു സുഹൃത്തുക്കൾ ഒന്നിച്ചു എവിടെയെങ്കിലും യാത്രപോകുക പതിവായിരുന്നു. മിക്കപ്പോഴും അവർ മാത്രമാണ് പോയിരുന്നത്. ചിലപ്പോൾ മാത്രം കുടുംബസമേതം കൂടും. അവരിൽ ജോവിനും മാത്യൂവും പുറത്താണ്. അവർ വരുന്ന സമയത്താണ് മിക്കവാറും യാത്രകൾ ഉണ്ടാകാറുള്ളത്. അഭിലാഷ്, മുനീർ, പ്രശാന്ത്, കെവിൻ എന്നിവരാണ് ആ സംഘത്തിലുള്ള മാറ്റു നാലുപേർ. വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ അവരുടെ കല്യാണം നടത്താൻ മുൻകൈ എടുത്തതും ഇവരാണ്.

കൈവിരലുകൾ ചലിക്കുന്നുണ്ട്. പക്ഷെ, കടലാസിൽ അക്ഷരങ്ങൾ പ്രത്യക്ഷ്യമാകുന്നില്ല. ഇതെന്തൊരത്ഭുതം? കുറെ എഴുതിക്കഴിഞ്ഞാൽ ചിലപ്പോൾ അങ്ങനെ ആണ്, വിരലുകൾ മരവിച്ചത് മാതിരി. പേന വിരലുകളുമായി സ്പർശിക്കുന്ന സ്ഥലത്ത് ഒരു കുഞ്ഞി തഴമ്പുപോലും അഹദിനുണ്ട്. എല്ലാവരും ഫോണിൽ സൂക്ഷിയ്ക്കുന്ന വിവരങ്ങൾ അഹദ് ചെറിയ ഒരു പോക്കറ്റ് നോട്ട് പുസ്തകത്തിലാണ് കുറിച്ചുവെക്കാറുള്ളത്. അതെപ്പോഴും പോക്കറ്റിൽ സൂക്ഷിയ്ക്കുന്ന ശീലവുമുണ്ട്.

പറയത്തക്ക ശത്രുക്കളാരും ഇല്ലാത്ത, ഒരു സാധാരണജീവിതം നയിച്ചിരുന്ന നിപുണിനെ പോലുള്ള ഒരാൾ ഒരു ദുരൂഹമരണത്തിൽ അകപ്പെട്ടതെങ്ങനെ എന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കൊട്ടേഷൻ ടീമുകളുമായോ, കള്ളക്കടത്ത് മാഫിയകളുമായോ ബന്ധമുള്ളവരെ തേടിവരുന്ന വിചിത്രമായോരു മരണം. ഇതിൽ എന്താണിത്ര ദുരൂഹത എന്നു നീ മനസ്സിൽ വിചാരിക്കുന്നുണ്ടാകും- സാധാരണ രീതിയിൽ ഡയറി എഴുതിക്കൊണ്ടിരുന്ന ഒരാൾ പെട്ടന്നു മരണപ്പെടുക എന്നതു വിശ്വസനീയമാണോ? അത് ഒരാളുടെ കാര്യത്തിലാണെങ്കിൽ യാദൃശ്ചികം എന്നുപറഞ്ഞു തള്ളിക്കളയാമായിരുന്നു. ഓർക്കുംതോറും ഇതിന്റെ സങ്കീർണത കൂടിവരുന്നതേയുള്ളൂ.

ഓർമകളുടെ ചില്ലുകൂടാരത്തിനകത്ത് കയറിയാൽ നല്ല രസമാണ്. ഇഷ്ടംപോലെ പറന്നുനടക്കാം. തകർന്നുപോകുമോ എന്ന ഭയം വേണ്ട. അതുതന്നെയാണ് കുട്ടികളും മുതിർന്നവരും തമ്മിലുള്ള വ്യത്യാസം. വലുതാകുംതോറും താൻ പടുത്തയർത്തിയതെന്തോ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്തിലാണ് മിക്കവരുടെയും ജീവിതം. അത് പണമാകാം. കച്ചവടമാകാം. നല്ല പേരാകാം. നല്ല പെരുമാറ്റാമാകാം. പ്രശസ്തിയാകാം. മറ്റുള്ളവരുടെ കണ്ണിലൂടെ ആണു നാം നമ്മെ വിലയിരുത്തുന്നത്. അതെന്തൊരു മണ്ടത്തരമാണ്. സത്യത്തിൽ ഒരു ശരാശരി മനുഷ്യൻ തന്നെക്കുറിച്ച് തന്നെയാണ് മിക്കപ്പോഴും ചിന്തിക്കുന്നത് എന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനുകാരണം എന്തെന്നാൽ, വെറുതേ ഇരിക്കുമ്പോൾ നമ്മെക്കുറിച്ച് ചിന്തിക്കാനുള്ള നിർദ്ദേദേശങ്ങളാണ് നമ്മുടെ മഷ്ത്തിഷ്‌കത്തിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ഇനി മറ്റൊരാൾ നമ്മെക്കുറിച്ച് മോശമായി ചിന്തിക്കുന്നു എന്നു നമ്മൾ മനസ്സിൽ കരുതുന്നതാകട്ടെ, നാം തന്നെ മിനഞ്ഞെടുക്കുന്ന നെഗറ്റീവ് ചിന്തകളാണുതാനും. പ്രൊഫെസ്സർ എറിക് ജോസഫിന്റെ "Mind you, Not others' എന്ന പുസ്തകത്തിൽ വിശദമായി ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഒരു സോപ്പുകുമിളയ്ക്കകത്ത് കയറി ചിരിച്ചുകൊണ്ട് പറന്നകലുന്ന ഒരു കുട്ടിയുടെ മുഖചിത്രവുമായി തന്റെ ഷെൽഫിൽ ഇരിക്കുന്ന ആ പുസ്തകത്തെ അഹദ് ഒന്നുകൂടി കൈയിലെടുത്തു. ദിവസവും ഒരുതവണയെങ്കിലും അതൊന്നു മറിച്ചുനോക്കുക അഹദിന്റെ ശീലമായിക്കഴിഞ്ഞു. അത് തരുന്ന പോസിറ്റീവ് എനർജി ആശിച്ചുകൊണ്ടല്ല ഇന്ന് പക്ഷേ അവ പരിശോധിക്കുന്നത്, അതൊന്നു തുറന്നുകാണാനുള്ള ആഗ്രഹംകൊണ്ടാണ്. കോടാനുകോടി ജനങ്ങളുടെ കൈയിൽ അതിന്റെ കോപ്പി ഉണ്ടാകുമെന്നുറപ്പാണ്, പ്രത്യേകിച്ചു ഇതിനോടകം തന്നെ അനവധി പുരസ്‌കാരങ്ങൾ നേടിയ പുസ്തകമാകുമ്പോൾ. എന്നാൽ ഇത്തരമൊരു പുസ്തകം വിക്കിയുടെ കൈയിൽ ഉണ്ടാകുമെന്ന് ഒട്ടും വിചാരിച്ചില്ല. മുൻപരിചയമില്ലാത്ത ഒരാളെകുറിച്ചു അങ്ങനെ ചിന്തിക്കുന്നത് ശരിയല്ലെന്ന് അറിയാം.

വിക്കിയെ കണ്ടപ്പോൾ വായിക്കുന്ന ഒരാളുടെ സവിശേഷതകൾ ഒന്നുംതന്നെ ഉണ്ടെന്നു തോന്നിയില്ല. സദാസമയവും ഫോണിൽനിന്നും കണ്ണെടുക്കാതെ യൂട്യൂബിൽ എന്തോ വിഡിയോകൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു പയ്യൻ. അത് നിന്നോട് ഞാൻ പറയുവാൻ മറന്നു. വിക്കിയെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ഏകദേശം ഒരു ഒന്നൊന്നര കൊല്ലം മുൻപ് നമ്മുടെ രണ്ടാമത്തെ കേസന്വേഷണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞപ്പോൾ ദീപകിനു ഒരു ദിവസമെങ്കിലും പുറത്തുനിന്ന് ഭക്ഷണം കഴിക്കണം എന്നുപറഞ്ഞിട്ടു പോയതാണ്, "പിസ്സ കോർണറിൽ.' സാധാരണഗതിയിൽ വെയ്റ്റർമാരെ ഒന്നും പിന്നീട് കണ്ടാൽ ഓർത്തിരിക്കണം എന്നില്ലല്ലോ. അല്ലെങ്കിൽ പിന്നെ നമ്മളവിടെ സ്ഥിരം പോകുന്നവരായിരിക്കണം. എന്നാൽ, വിക്കിയെ ഒരുതവണ കണ്ടാൽ മറക്കാനാണ് പ്രയാസം. നീല നിറത്തിലുള്ള മുടി നീട്ടിവളർത്തിയിരിക്കുന്നു. നല്ല ഉള്ളുള്ള മുടി കണ്ടു പെൺകുട്ടികൾ പോലും അസൂയയോടെ നോക്കുന്നുണ്ടായിരുന്നു. അതുയർത്തി, നീല നിറത്തിലുള്ള ഒരു ബാൻഡ് കൊണ്ട് പോണി ടൈൽ ആയി കെട്ടിവെച്ചിരിക്കുകയാണ്. ചെന്നപ്പോൾ തന്നെ ഞങ്ങൾ അവനെ ശ്രദ്ധിച്ചിരുന്നു. എന്നാൽ അതുമാത്രം കൊണ്ടല്ല ഞാൻ അവനെ ഓർത്തിരിക്കുന്നത്. കസ്റ്റമേഴ്സിന്റെ ഇടയിലൂടെ ഒരു താളത്തിൽ ഒഴുകിയാണ് അവൻ പൊയ്‌ക്കൊണ്ടിരുന്നിരുന്നത്. സഞ്ചരിച്ചിരുന്നത് എന്നാവും കുറച്ചുകൂടി നല്ല വാക്ക്. എന്തെന്നാൽ അവൻ നടക്കുക അല്ല ചെയ്തിരുന്നത്. ചില കഫേകളിലെ പുതിയകാല വെയിറ്റർമാരെപ്പോലെ തെന്നിനീങ്ങുകയുമല്ല, സ്‌കെയിറ്റ് ചെയ്യുകയാണ്. പിസ്സ, പെപ്‌സി, ഫ്രഞ്ച് ഫ്രൈസ്, ബൺ എന്നിവ അടങ്ങുന്ന വലിയ താലങ്ങൾ പിടിച്ചു നിയന്ത്രണം തെറ്റാതെ ഒഴുകിനടക്കുന്ന വിക്കിയെ ആരുമൊന്നു നോക്കിപ്പോകും. അവന്റെ അഭ്യാസങ്ങളിൽ അവിടെയിരിക്കുന്ന ആളുകൾക്ക് വിശ്വാസം തോന്നിയിരുന്നില്ലെങ്കിൽ പെണ്ണുങ്ങൾ കാറോടിച്ചുവരുമ്പോൾ സ്വാഭാവികമായി പിന്നോട്ടുമാറുന്ന അവരുടെ കാലുകൾ തീർച്ചയായും അത് ആവർത്തിച്ചേനെ. (അതിനോട് എനിക്ക് അഭിപ്രായമില്ല. ഞാൻ അങ്ങനെ ചെയ്യാറുമില്ല. ആണുങ്ങളെക്കാൾ നന്നായി കാർ ഓടിക്കുന്നവരാണ് മിക്ക പെണ്ണുങ്ങളും. എന്നിട്ടും ഒരു പെൺഡ്രൈവറെ സീറ്റിൽ കണ്ടാൽ എത്തിനോക്കുന്ന ശീലം ഇന്നും പുരുഷന്മാർ തുടർന്നുപോകുന്നു. വിമാനത്തെയും ആനയെയും നോക്കിക്കാണുന്നതുപോലെ ഒരു ചടങ്ങാണ് അവർക്കിന്നുമത്)

ഇനിയുമുണ്ട് വിക്കിയെക്കുറിച്ചു വിശേഷങ്ങൾ. കസ്റ്റമേഴ്‌സിനിടയിൽ വളരെ ഭവ്യതയോടും സൗഹൃദത്തോടും പെരുമാറാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുമായി അടുക്കുവാൻ വിക്കിക്ക് എന്തോ ഒരു കാന്തികശക്തി ഉള്ളതുപോലെ എനിയ്ക്കുതോന്നി. ചില കസ്റ്റമേഴ്സ് കൈ കൊടുക്കുകയും, ചിലർ കെട്ടിപ്പിടിക്കുകയും ചെയ്തു. അവരോട് വിക്കി തമാശകൾ പറയുകയും കുറേനേരം സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സംഭാഷണത്തിൽനിന്നും അവിടത്തെ സ്ഥിരം സന്ദർശകരാണ് അവർ എന്നെനിയ്ക്ക് മനസ്സിലായി. പുതുതായി വരുന്നവർ ആദ്യം കുറച്ചു അകലം പാലിക്കുന്നുണ്ടെങ്കിലും പതിയെ അത് ഇല്ലാതെയാകുന്നത് ഞാൻ ആശ്ചര്യപൂർവം നോക്കിനിന്നു. ഐസ് ഉരുകുന്ന വേഗതയിൽ അവർ തമ്മിലുള്ള പരിചയക്കുറവ് അലിഞ്ഞുപോകുന്നു. കുട്ടികളെ കൈയിലെടുക്കുവാൻ വിക്കിക്കു മറ്റു ചില തന്ത്രങ്ങളുണ്ട്. വിക്കി വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന ആളാണെന്നെനിക്ക് തോന്നിപ്പോയി. അയാൾ ചില മാജിക് ട്രിക്ക്‌സ് കാണിക്കുന്നു. അത് കാണുവാൻ കുട്ടികളെല്ലാവരും അയാളുടെ ചുറ്റും കൂടുന്നു. ഇടയ്ക്കു ചില കുട്ടികർ കൊഴിഞ്ഞുപോകും. അതെങ്ങനെ എന്നല്ലേ? മനപ്പൂർവമല്ല, ഭക്ഷണം എത്തുമ്പോൾ അച്ഛനമ്മമാർ വിളിക്കുന്നതാണ്. അല്ലെങ്കിൽ പോകേണ്ടിവരുന്നതാണ്. എനിയ്ക്ക് വേണ്ട... പിന്നെ മതി... വരുന്നില്ല... എനിയ്ക്കിത് കാണണം... എന്നീ സ്ഥിരം പല്ലവികൾ കുട്ടികൾ ആവർത്തിക്കുമ്പോൾ കണ്ണുരുട്ടിയും ചീത്ത പറഞ്ഞും, ചിലപ്പോൾ അടി കൊടുത്തും ആണവർ കുട്ടികളെ തിരികെ കൊണ്ടുവരുന്നത്. അതുവരെ വളരെ സന്തോഷപൂർവം അവരവരുടെ ലോകത്തു ജീവിക്കാൻ അവസരം ഒരുക്കിയതിനു വിക്കിക്കു മനസ്സിലോ പരസ്യമായിട്ടോ ഒരായിരം നന്ദി പറഞ്ഞിരുന്ന അച്ഛനമ്മമാർ അപ്പോൾ വിക്കിയെ രൂക്ഷമായി നോക്കുന്നതുപോലും ഞാൻ കണ്ടു. എന്തൊരു ലോകമാണിത്! മറ്റുള്ളവർ ചെയ്ത ഉപകാരങ്ങൾ എത്ര വേഗമണവർ മറക്കുന്നത്?

ഞാൻ വിക്കിയെ എന്തുകൊണ്ട് മറക്കാതിരുന്നു? മരിച്ച ആളുടെ ഫോട്ടോ കണ്ടപ്പോൾത്തന്നെ ഞാനെങ്ങനെ തിരിച്ചറിഞ്ഞു? എന്നു നിനക്കു ഇനിയും മനസ്സിലായിട്ടുണ്ടാകില്ല. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഞങ്ങൾ അവിടെ അന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ രണ്ടു വിദേശികൾ വന്നു. ആയുർവേദത്തിന്റെ നാടായ കോട്ടയ്ക്കലിൽ വിദേശികൾ ചികത്സയ്ക്കുവരുന്നത് പതിവാണ്. എന്നാൽ അധികവും അറബികളാണ്. ഇംഗ്ലീഷുകാർ കുറവായിരിക്കും. ഇവിടുത്തെ ഹോട്ടലുകളിൽ ജോലിക്കു കയറണമെങ്കിൽ അറബിഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം. എന്നാൽ ഇംഗ്ലീഷിന്റെ കാര്യത്തിൽ ആരും കടുംപിടുത്തം പിടിക്കാറില്ല. എന്നാൽ, അറിഞ്ഞാൽ വളരെ നല്ലത്. അതിരിക്കട്ടെ, നേരത്തെ ഞാൻ പറഞ്ഞ വിദേശികൾ അല്പം ശബ്ദം ഉയർത്തി സംസാരിക്കുന്നത് കേട്ടപ്പോൾ ആണ് മിക്കവരുടെയും ശ്രദ്ധ ഏറ്റവും അറ്റത്തു, വാതിലിനടുത്തുള്ള, വിശാലമായ സോഫയിലേയ്ക്കു തിരിയുന്നത്. ആ ഷോപ്പിലെ ഏറ്റവും മുന്തിയ സീറ്റുകളിൽ ഒന്നായിരുന്നു അത്. അക്വേറിയത്തിന്റെ മികച്ച പശ്ചാത്തലവും ഒരു കുടുംബം പിസ്സ ആസ്വദിച്ചുകഴിക്കുന്ന ഒരുഗ്രൻ ഫോട്ടോയും ആ ഇരിപ്പിടത്തിന്റെ ഭംഗി അധികരിപ്പിച്ചു (ക്യാമറക്കണ്ണുകൾ പിസ്സയുടെ ഭംഗി മാത്രമല്ല, രുചിയും ഒപ്പിയെടുത്തതുപോലെ. ആ ചിത്രം കണ്ടാൽ പിസ്സ ഇഷ്ടമില്ലാത്ത ആൾ പോലും അതൊന്നു രുചിച്ചുപോകും). കണ്ണുകൾ തങ്ങളുടെ അടുത്തേയ്ക്ക് നീങ്ങുന്നത് കണ്ട വിക്കി അല്പം പരിഭ്രമിച്ചു. ആ ഭാവം അയാൾക്കു ഒട്ടു ചേരുന്നില്ലെന്നു എനിക്ക് തോന്നി. കസ്റ്റമേഴ്‌സിന്റെ ശബ്ദം കൂടുതൽ ഉച്ചത്തിലായി. വിക്കി വല്ലാതെ വിയർക്കുവാൻ തുടങ്ങി. അയാളുടെ മുഖം വിളറിവെളുത്തു. പൊടുന്നനെ എവിടെ നിന്നോ ഒരാൾ പ്രത്യക്ഷപ്പെട്ടു. അയാളുടെ സാന്നിധ്യം ആരും തിരിച്ചറിയാതിരിക്കില്ല. കാരണം, മേശകൾക്കിടയിലൂടെ അത്ര വലിയ ഒരു മനുഷ്യൻ നടക്കുന്നതു കണ്ടില്ലെന്നു നടിക്കാൻ മറ്റുള്ളവർക്കു പ്രയാസമാണ്. ആ ആറടി പോക്കക്കാരൻ എവിടെ നിന്നു വന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. പക്ഷെ ഒന്നു വ്യക്തമായി. കസ്റ്റമേഴ്‌സിനോടുള്ള ഈ "നല്ല കുട്ടി ചമയ'ലിന്റെ മാസ്റ്റർ ബ്രെയിൻ ഇദ്ദേഹമാണ്. ഇദ്ദേഹമറിയാതെ അവിടെ ഒരു ഇലപോലും അനങ്ങില്ല, ഒരു ശബ്ദകണം പോലും പുറത്തുവരില്ല. അദ്ദേഹം വളരെ തന്മയത്വത്തോടെ അത് കൈകാര്യം ചെയ്തു. വിക്കിക്കു ഇംഗ്ലീഷിൽ പ്രാവീണ്യം കുറവായതുകൊണ്ടാണ് അങ്ങനെയെല്ലാം സംഭവിച്ചതെന്ന് അദ്ദേഹം അവിടെ തെളിയിച്ചു. അദ്ദേഹം അവർക്കിടയിൽ മധ്യസ്ഥതവഹിച്ചു. ഒടുവിൽ, വളരെ സന്തോഷത്തോടെയാണ് വിദേശികൾ അവിടെ നിന്നും ഇറങ്ങിയത്. ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അന്തരീക്ഷത്തിൽ അലയടിക്കുന്ന മധുരസംഗീതം കുറച്ചുനേരം കൂടി ഞങ്ങളെ അവിടെ പിടിച്ചുനിർത്തി. ഗിറ്റാറിന്റെ അകമ്പടിയോടെ മനോഹരമായി പാടുന്ന ഒരു പയ്യൻ അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ ഇറങ്ങാൻ നേരത്തു വിക്കിയുടെ മറ്റൊരു മാജിക് ഷോ അരങ്ങേരുന്നുണ്ടായിരുന്നു.

ഞാനും സുഹാനയും ഇന്നലയവിടെക്കയറിച്ചെല്ലുമ്പോൾ അന്നത്തെ കാര്യങ്ങൾ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു.(ദീപക് ഗംഗയുടെ കേസ് അന്വേഷണത്തിൽ വ്യാപൃതനായിരുന്നതിനാൽ അവൻ കൂടെ വന്നില്ല) അതിനെക്കുറിച്ച് ഞങ്ങൾ പരസ്പരമൊന്നും ചർച്ച ചെയ്തില്ലെങ്കിൽ പോലും പിസ്സ കോർണറിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ സുഹാനയുടെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ ആരെയോ തിരഞ്ഞുനോക്കുന്നതുപോലെ എനിയ്ക്കുതോന്നി. വിക്കിയില്ലാത്ത ആ പിസ്സ കോണർ തികച്ചും നിർജീവമായിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, അന്നത്തെ അതേ അന്തരീക്ഷം തന്നെ ആയിരുന്നു അവിടെ. ഒരു മാറ്റവുമില്ല. പുതുതായി വൈഫൈ സൗകര്യവും ഇഷ്ടമുള്ള പാട്ട് പ്രിയപ്പെട്ടവർക്കു ഡെഡിക്കേറ്റ് ചെയ്യാം എന്ന സ്‌റ്റൈലിഷ് കുറച്ചു ബോർഡുകളും അവിടെ തൂങ്ങുന്നുണ്ടായിരുന്നു. വളരെ പ്രൗഢിയുള്ള ആ ഇരിപ്പിടം മാത്രമേ അന്ന് ഒഴിവ് ഉണ്ടായിരുന്നുള്ളൂ. ഒരു ചൊവ്വാഴ്ച എങ്ങനെ അവിടെ ഇത്രയും ആളുകൾ ഒത്തുകൂടി എന്നാലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടിയില്ല. അതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും ഉണ്ടായിരുന്നു. വൈകുന്നേരസമയം ആയിരുന്നതിനാൽ സ്‌കൂൾ യൂണിഫോം ധരിച്ച കുട്ടികളായിരുന്നു അതിൽ മിക്കതും. താളത്തിൽ ഒഴുകി ഞങ്ങളുടെ അടുത്തു ഒരാൾ വന്നുനിന്നു. തൊട്ടുമുമ്പത്തെ നിമിഷം വരെ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നുറപ്പ്.

അന്ന് ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങളെക്കുറിച്ചു സുഹാനയോട് ചർച്ച ചെയ്യുന്നതിനിടയിൽ എന്റെ കണ്ണുകൾ ഒഴിഞ്ഞുകിടന്ന കസേരകൾക്കിടയിലെ വഴികളിലൂടെ അറിയാതെ സഞ്ചരിക്കുന്നുണ്ടായിരുന്നു. പൊടുന്നനെ സൃഷ്ടിക്കപ്പെട്ട വായുവിന്റെ വ്യതിയാനം ആണോ അതോ കൃത്യമായ ഇടവേളകളിൽ വഴികൾ പരിശോധിച്ചിരുന്ന എന്റെ ജാഗ്രതയാണോ അത് കണ്ടുപിടിച്ചത് എന്നു എനിയ്ക്കു ഇപ്പോൾ കൃത്യമായി പറയുവാൻ വയ്യ. അപ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. ഒരു നിമിഷം എന്റെ നെഞ്ചിലൂടെ ഒരാന്തൽ കടന്നുപോയി. വിക്കി ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കാലിൽ അണിഞ്ഞിരിക്കുന്നത് അറ്റത്തേയ്ക്കു കൂർത്തുവരുന്ന സോളിൽ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്ന സ്‌കെയിറ്റിങ് ഷൂ. നീല നിറത്തിലുള്ള മുടി. അതുയർത്തി പോണി ടൈൽ ആയി കെട്ടിവെച്ചിരിക്കുന്നു. കൈയിൽ പതിപ്പിച്ചിരിക്കുന്ന ടാറ്റൂ-അതും ഫോർക്കും സ്പൂണും ക്രോസ്സ് ചെയ്തുവെച്ചത്. സുഹാനയുടെ മുഖത്ത് ഒരു ഭാവഭേദവുമുണ്ടായിരുന്നില്ല എന്നു ഞാൻ ശ്രദ്ധിച്ചു. നടുക്കത്തോടെ, ഞാൻ അയാളുടെ മുഖത്തെയ്ക്കു നോക്കി. അതേ ചിരി. അതേ സൗഹൃദഭാവം.

"സർ, ഇന്നു നമുക്ക് സ്‌പെഷ്യൽ ഓഫർ ഉണ്ട്, സാധാരണ ചൊവ്വാഴ്ചകളിൽ ഉണ്ടാകുന്ന ഓഫറുകൾക്കുപുറമേ. സാറിന് ചിലപ്പോൾ അറിയാമായിരിക്കുമല്ലോ. ഞങ്ങൾ സ്ഥിരം കസ്റ്റമേഴ്സിനെല്ലാം മെസേജ് അയച്ചിരുന്നു .

""അപ്പോൾ അതാണ് തിരക്കിന്റെ കാര്യം. ഓഫർ എന്നുകേട്ടാൽ ചാടിവീഴുന്ന മലയാളിസമൂഹത്തെ ഇവർ മനപ്പൂർവം വല എറിഞ്ഞു പിടിച്ചതാണ്. പിടയുന്ന മനസ്സുമായി ഞാൻ അയാളുടെ ശബ്ദം ശ്രദ്ധിച്ചു. അത് ഓർത്തുവെക്കാൻ മാത്രമുള്ള ആത്മബന്ധം ഞാനും വിക്കിയും തമ്മിൽ ഇല്ലെങ്കിൽപോലും. പരിഭ്രാന്തിയോടെ, എന്റെ കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരുന്നു. മനസ്സിന്റെ ഉത്കണ്ഠ മുഴുവൻ അവർ ഇരുവരും ഏറ്റെടുത്തതുപോലെ. പിന്നീട് അയാൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ചെവിയിൽ വന്നുപതിക്കുന്ന വെറും ശബ്ദകോലാഹലങ്ങളായി അതവശേഷിച്ചു. എന്റെ താൽപര്യക്കുറവ് മനസ്സിലാക്കിയിട്ടകണം അയാൾ സുഹാനയോടായിരുന്നു പിന്നെ അധികവും സംസാരിച്ചത്. ഒടുവിൽ, ഞാൻ ആ വലിയ ചോദ്യചിഹ്ന്‌നത്തിനുനേരെ ഒരു ഉത്തരം എഴുതി, "മെൽവിൻ.' അയാളുടെ പോക്കറ്റിനു മുകളിലായി കറുപ്പ് പശ്ചാത്തലത്തിൽ ഗോൾഡൻ നിറത്തിൽ തിളങ്ങുന്ന ആ ആറു അക്ഷരങ്ങൾക്കുമുകളിലാണ് എന്റെ കണ്ണുകൾ വിശ്രമം കണ്ടെത്തിയത്. പാസ്സീവ് ആയി വായിക്കുന്നുണ്ടായിരുന്നെങ്കിലും ആ അക്ഷരങ്ങൾ കോർത്തു ഒരു പേരു നെയ്‌തെടുക്കുവാൻ എന്റെ മസ്തിഷ്‌കം പിന്നെയും കുറച്ചുനിമിഷങ്ങളെടുത്തു. അതിന്റെ പതിയേ ഉള്ള പ്രൊസസിങ് എന്നെ അലോസരപ്പെടുത്തുണ്ടായിരുന്നു. എന്തുചെയ്യാം? വികാരങ്ങൾ എന്റെ മനസ്സിനെ വല്ലാതെ കീഴടക്കിയിരുന്നു. ഞങ്ങളുടെ തൊട്ടടുത്തെ മേശപ്പുറത്ത് ഭക്ഷണം എത്തിയിരുന്നു. പിസ്സയുടെ ഗന്ധം എന്റെ മൂക്കുകളിൽ തുളച്ചുകയറി. ഒരു നിമിഷത്തേക്ക് ചീസിൽ പൊതിഞ്ഞ പിസ്സ കഷ്ണങ്ങൾ വലിയുന്ന ഇമേജ് എന്റെ ഓർമയിൽ തെളിഞ്ഞു .

""അയാളെ കണ്ടോ?'' വർത്തമാനകാലത്തേക്കു എന്നെ വലിച്ചിഴക്കുവാൻ ശക്തിയുള്ള സുഹാനയുടെ ആ ചോദ്യത്തെ ഞാൻ ഒറ്റ വാക്കിലൂടെ നേരിട്ടു. ""ഉം...'' ""വിക്കിയെപ്പോലെത്തന്നെ.'' ""രൂപമല്ല, രൂപസാദൃശ്യം.'' ഞാൻ വിശദീകരിച്ചു.

ആ ശബ്ദം എനിയ്ക്ക് അന്യമായിരുന്നു. അത് മാറ്റരുടെയോ ആണെന്ന് എനിയ്ക്കുതോന്നി. അതിനോടകം തന്നെ കുട്ടികളെ കൈയിലെടുക്കാനായി മെൽവിൻ മാജിക് ഷോ തുടങ്ങിയിരുന്നു. വിക്കി മരിച്ചുകഴിഞ്ഞു എന്നു വിശ്വസിക്കാനാകാത്തവിധം അവിടെ അയാൾ പുനഃസൃഷ്ടിക്കപ്പെട്ടിരുന്നു. അത് അയാളോടുള്ള സ്‌നേഹമല്ല, മറിച്ചു മികച്ച കച്ചവടതന്ത്രങ്ങളുടെ ഭാഗം മാത്രമാണെന്ന് ഏതൊരു സാധാരണക്കാരനും പെട്ടന്നു ബോധ്യമാകും. ഒരുപക്ഷേ, അയാളുമായി അത്രയധികം ആത്മബന്ധം വെച്ചുപുലർത്തിയിരുന്ന ഒരാൾക്കു ഇത് സൃഷ്ടിക്കുവാൻ സാധ്യതയുള്ള വീർപ്പുമുട്ടൽ ചെറുതല്ല. ഗുണത്തേക്കാളേറെ ദോഷമാണത് ചെയ്യുക. നേരെ മറിച്ചു, വിക്കിയുടെ ഒരു ഫോട്ടോയും, ഒന്നുരണ്ടു വാക്കുകളും ചുമരിൽ തൂക്കിയിരുന്നെങ്കിൽ അത് അവനെ ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു സമ്മാനം ആകുമായിരുന്നു. അയാൾക്കുള്ള ഒരു ആദരവും. ഏതൊരാൾ നഷ്ടപ്പെട്ടാലും എന്തുതന്നെ സംഭവിച്ചാലും മുന്നോട്ടുപോകുവാനുള്ള മനസ്സിന്റെ ശക്തിയെ ആണ് ഇവിടെ ലക്ഷ്യമിടുന്നതെന്നു എനിയ്ക്കുതോന്നി. തന്നെയുമല്ല, പുതിയൊരു കസ്റ്റമർക്ക് ഇതൊരു വേറിട്ട അനുഭവമാണ്. പഴയവർക്ക് ഓരോർമ പുതുക്കലും. എന്നാലും, ലോകവ്യവസ്ഥകളെ കുറിച്ചു എനിയ്ക്കൽപ്പം പുച്ഛം തോന്നി. നാം ജീവിച്ചാലെ ഭൂമി കറങ്ങുകയുള്ളൂ എന്നു ചിന്തിക്കുന്നവരാണു നമ്മിൽ ഭൂരിഭാഗവും. എന്നാൽ, നമ്മുടെ അസാന്നിധ്യത്തിൽ അത് ചലിക്കുമെന്ന് മാത്രമല്ല, നാമവിടെ പുനഃസൃഷ്ടിക്കപ്പെടുമെന്ന് നാം വിചാരിക്കാറുണ്ടോ? ആ വിടവ് എത്രയോ ചെറുതാണെന്ന് നാം തിരിച്ചറിയുന്ന നിമിഷം നമ്മുടെ അഹന്ത വിട്ടകലുന്നത് അനുഭവിച്ചറിയാം. അത് ദൂരീകരിക്കപ്പെടുവാൻ വെറും കൈയിലെണ്ണാകുന്ന നിമിഷങ്ങൾ മാത്രം മതി. ഒരു മിന്നായംപോലെ ഒരു ആജാനബാഹു എന്റെ കൺമുന്നിലൂടെ കടന്നുപോയി. ഒരുപക്ഷേ, ഈ നാടകത്തിന്റെ മാസ്റ്റർബ്രയിൻ. ഷോപ്പിലെ ഓരോ ചലനവും ഒപ്പിയെടുക്കുന്ന ആ ക്യാമറാ കണ്ണുകൾ ആണ് ഈ കളികളുടെ പിന്നിൽ എന്നു വ്യക്തമായിരുന്നു. മെൽവിൻ കൊണ്ടുവന്നുവെച്ച ഭക്ഷണം എനിയ്ക്കു എന്തോ കഴിക്കുവാൻ തോന്നിയില്ല. മാധവിക്കുട്ടിയുടെ "നെയ്പ്പായസത്തിൽ' പറയുന്നതുപോലെ. ആവി പറന്നുപൊങ്ങുന്ന ആ പിസ്സാകഷ്ണങ്ങൾ ഒരു വല്ലാത്ത അസ്വസ്ഥത എന്നിൽ ഉളവാക്കി. പെട്ടന്നു എന്റെ നാവിൽ ഒരു മാധുര്യം അനുഭവപ്പെട്ടു, മുൻപെങ്ങോ കുടിച്ചുമറന്ന ഒരു പായസത്തിന്റെ മാധുര്യം. ഞാൻ പതുക്കെ എഴുന്നേറ്റ് വാഷ് റൂമിൽ പോയി. തിരിച്ചുവന്നപ്പോൾ എന്നെ അത്ഭുതത്തോടെ നോക്കുന്ന സുഹാനയെ ആണ് ഞാൻ കണ്ടത്. മിച്ചമുള്ള പിസ്സ അത്രയും പാർസൽ ചെയ്യുവാൻ മെൽവിനോടു ആവശ്യപ്പെട്ടിട്ടു ഞങ്ങൾ ബില്ലിനായി കാത്തിരുന്നു.

""അഹദ്, നമ്മൾ വന്ന കാര്യം നടന്നില്ല,'' അതിൽ ഒരു ഓർമപ്പെടുത്തൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറ്റപ്പെടുത്തലിന്റെ ഒരു ലാഞ്ചനപോലും കലർന്നിരുന്നില്ല. അതിനു ഞാൻ സുഹാനയ്ക്ക് മുഴുവൻ മാർക്കും കൊടുക്കും. ""നമുക്ക് മറ്റൊരു ദിവസം ആക്കാം,'' എന്റെ വാക്കുകൾ വിറച്ചു. സുഹാന മറുത്തൊന്നും പറഞ്ഞില്ല.

ഒരു കുറ്റാന്വേഷകന് ഇത്തരത്തിലുള്ള വികാരവിചാരങ്ങൾ ഗുണംചെയ്യില്ല എന്നു എനിയ്ക്കു അറിയാഞ്ഞിട്ടല്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഓരോ ദിവസവും, എന്തിനു നിമിഷങ്ങൾ പോലും വിലപ്പെട്ടതാണ്. വീണുകിട്ടുന്ന ഓരോ തെളിവും ഓരോ കണ്ണികളാണ്. അവയെല്ലാം കൂട്ടിച്ചേർത്താൽ മാത്രമേ ആ വലിയ ചങ്ങല രൂപപ്പെടുകയുള്ളൂ. പക്ഷേ, കുറ്റാന്വേഷകനും ഒരു മനുഷ്യനല്ലേ? സങ്കടങ്ങളും സന്തോഷങ്ങളും ഭയവും ഉത്കണ്ഠകളും എല്ലാം ഉള്ള ഒരു മനുഷ്യൻ?

രാത്രിയുടെ കൂരിരുട്ടിൽ മിന്നിത്തിളങ്ങുന്ന ആ ചെറുപ്രാണികളിൽ രണ്ടെണ്ണം അഹദിന്റെ ജനാലപ്പാളികളിൽ സ്ഥാനംപിടിച്ചു. അവയിൽ പതിച്ച രണ്ടുകണ്ണുകളെ തൊട്ടറിഞ്ഞതുപോലെ അവ പിന്നെയും പറന്നകന്നു, ഉയരങ്ങളിലേയ്ക്ക്. തന്നോടു രൂപസാദൃശ്യമുള്ള നക്ഷത്രങ്ങളുടെ അടുത്തേയ്ക്കാകുമോ അവ പറന്നുയർന്നിട്ടുണ്ടാവുക?

ബില്ലുമായി ഒഴുകിവന്ന മെൽവിനെ ഞാനൊന്നു സൂക്ഷിച്ചുനോക്കി. വളരെ സൗഹൃദത്തോടെ അയാൾ ഒന്നു പല്ലുകാണിച്ചു ചിരിച്ചു. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിക്കുന്നത്. അയാളുടെ പല്ലുകളിൽ പിടിപ്പിച്ചിരിക്കുന്ന സ്റ്റീൽ നിറത്തിലുള്ള മുത്തുകമ്പികൾ. അവയിലൂടെ കോർത്തിട്ടിരിക്കുന്ന നീളൻ കമ്പികൾ. അവയെ വലിച്ചുകെട്ടിയിരിക്കുന്ന പിങ്ക് റബ്ബർ ബാണ്ടുകൾ. അതിലെന്താണ് ഇത്ര അസാധാരണമായുള്ളത് എന്നു നീ ചിന്തിക്കുന്നുണ്ടാകും. അത് ശരിയാണ്. പല്ലുകളുടെ നിരയൊപ്പിക്കുവാൻ ഇന്നത്തെ കാലത്ത് ഈ കമ്പികൾ അണിയാത്തവർ കുറവായിരിക്കും. വളരെ അച്ചടക്കത്തോടെ, ഭംഗിയായി ചുണ്ടുകളെ ശല്യപ്പെടുത്താതെ നിൽക്കുന്ന പല്ലുകളുകളുടെ ഉടമകൾ ഒഴികെ. എന്നാൽ വിക്കിയും ഈ മുത്തുകൾ അണിഞ്ഞിരുന്നു എന്നുള്ളതാണ് ഇവിടെ എന്നെ അത്ഭുതപ്പെടുത്തിയത്. അന്ന് ഞങ്ങൾ വിക്കിയെ കണ്ടപ്പോൾ അതുണ്ടായിരുന്നോ എന്നു ഓർത്തെടുക്കാൻ തക്ക ഓർമശക്തിയോ നിരീക്ഷണപാടവമോ എനിയ്ക്കുണ്ടെന്ന് തോന്നുന്നില്ല. അതിനു വല്ല ഷെർലെക് ഹോംസോ പൊയ്‌റോറ്റോ ആകണം. അല്ലെങ്കിൽ തന്നെ, വളരെ യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു സാധാരണക്കാരന്റെ എല്ലാ സവിശേഷതകളും റെക്കോർഡ് ചെയ്യപ്പെടുന്ന കമ്പ്യൂട്ടറുകൾ ഒന്നുമല്ലലോ നമ്മൾ. വിക്കിയുടെ മരണശേഷം എടുത്ത ഫോട്ടോകളിലൊന്നിൽ ഗ്ലെയർ അടിക്കുന്നതായി തോന്നി അന്വേഷിച്ചപ്പോൾ ആണ് പോലീസ് റിപ്പോർട്ടിൽ പല്ലുകളിലെ കമ്പിയുടെ സാന്നിധ്യം മനസ്സിലാക്കിയത്.

സമയം പതിനൊന്നുകഴിഞ്ഞിരുന്നു. പിറ്റേദിവസം പ്ലാൻ ചെയ്തതുപോലെ ആറുമണിയ്ക്ക് ഗംഗയുടെ വീട്ടിൽ എത്തണമെങ്കിൽ നേരത്തെ എഴുന്നേൽക്കണം എന്നു അറിയാഞ്ഞിട്ടല്ല, (ഒൻപതു ഒൻപതര ആകുമ്പോഴേക്കും റിതേഷിനു ജോലിയ്ക്കു പോകണം എന്നു ഫോൺ ചെയ്തപ്പോൾ അറിയിച്ചിരുന്നു) അതിനിടയ്ക്ക് മക്കളെയും സ്‌കൂളിൽ അയക്കണം. അന്നന്നത്തെ കാര്യങ്ങൾ മുഴുവനായി ഡയറിയോട് പറഞ്ഞുകഴിഞ്ഞിട്ടേ അഹദ് ഉറങ്ങാറുള്ളൂ. വർഷങ്ങളായുള്ള പതിവാണ്. കേസന്വേഷണത്തിന് ഇറങ്ങിയതിനുശേഷം എഴുത്തുകൾ നീണ്ടുപോകാറുണ്ട്. അതിനു ചിലവഴിക്കുന്ന സമയവും ചില്ലറയല്ല. എന്നാൽ, ഓരോ സംഭവങ്ങളും അഹദിൽ ആദ്യം സൃഷ്ടിച്ച വികാരണങ്ങൾ പിന്നീട് ഓർത്തെടുക്കുക പ്രയാസമാണ്. പുതിയ കാര്യങ്ങ വരുമ്പോൾ അതെല്ലാം മസ്തിഷ്‌ക്കം പതിയെ മായ്ച്ചുകളയുകയാണ് പതിവ്. സാധാരണ കാണുന്ന പല സാധനങ്ങളും കേൾക്കുന്ന പല കാര്യങ്ങളും പിന്നീട് വളരെ പ്രാധാന്യമുള്ള തെളിവുകൾ ആയിത്തീരാറുള്ളത് അഹദ് ശ്രദ്ധിച്ചിട്ടുണ്ട്.

എന്തോ ഒരു ആവേശം എന്നെ പിടികൂടി. മെൽവിനെ അപ്പോൾ ചോദ്യംചെയ്തില്ലെങ്കിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും നഷ്ടപ്പെട്ടുപോകുമെന്ന് എനിയ്ക്കുതോന്നി. കേസ് അന്വേഷണത്തിനാണ് എന്ന അറിവ് പലപ്പോഴും ഉത്തരങ്ങളിൽ കുറെ മാറ്റങ്ങൾ സൃഷ്ടിക്കും. ഉത്തരം പറയുന്നവർ പലപ്പോഴും അത് മനപ്പൂർവം ചെയ്യുന്നതല്ല. ഈ ഉത്തരം ഞാൻ പറഞ്ഞാൽ ഈ ഉദ്യോഗസ്ഥർ എന്തു വിചാരിക്കും? അതെന്നെ കേസിനോട് കൂടുതൽ അടുപ്പിക്കുമോ? ഈ കൃത്രിമതയാണ് അവരെ സംശയക്കണ്ണുകളാൽ നോക്കുവാൻ കുറ്റാന്വേഷകനെ പ്രേരിപ്പിക്കുന്നത് എന്ന സത്യം പലപ്പോഴും അവർ തിരിച്ചറിയാതെ പോകുന്നു.

""വിക്കിയെ അറിയാമോ?'' മറ്റൊരു മുഖവുരയും കൂടാതെ ഞാൻ ചോദിച്ചു. മനപ്പൂർവം തന്നെ ആണ് അറിയാമായിരുന്നോ എന്ന ചോദ്യത്തിനുപകരം അറിയാമോ എന്നു ചോദിച്ചത്. എപ്പോഴും നിലനിൽക്കുന്നതിനോട് മനുഷ്യർക്ക് ഒരു പ്രത്യേക സ്‌നേഹമാണ്. നമ്മുടെ മനസ്സ് അമ്മാനമാടുന്നത് വാക്കുകളെ ആണ്. വാക്കുകളുടെ മായാജാലവിദ്യ പഠിച്ചവനു ജീവിതത്തിൽ വിജയം ഉറപ്പാണ്.

""അറിയാം, ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞാനും അവനും അടുത്തടുത്ത മുറികളിലാണ് താമസിച്ചിരുന്നത്. ഒരുമിച്ചായിരുന്നു പോക്കും വരവും. ഞാൻ പാലക്കാട്ടുകാരനാണ്. അവൻ തൃശൂരും. വീട്ടിൽ പോകുമ്പോൾ വളാഞ്ചേരി വരെ ഞങ്ങൾ ലോക്കൽ ബസ്സിലാണ് പോകാറ്. അവിടെ നിന്നും മാറി കയറും. ഇടയ്ക്കുള്ള സെക്കൻഡ് ഷോകളും ഒഴിവുദിനങ്ങളിലെ യാത്രകളും. നഗരത്തിലുള്ള ഒരു സർക്കസോ ഫെയറോ പൂരമോ ഞങ്ങൾ മിസ്സ് ആക്കിയിട്ടില്ല. പുതിയൊരു ഹോട്ടൽ തുടങ്ങുന്ന ആദ്യത്തെ ദിവസം തന്നെ അവിടത്തെ ഭക്ഷണം രുചിച്ചുനോക്കുന്നത് ഞങ്ങൾക്കു ഒരാവേശമായിരുന്നു. അവിടെ എത്ര തിരക്കായാലും രാത്രി എത്ര വൈകിയാലും ഞങ്ങൾ അവിടുന്നു ഭക്ഷണം കഴിച്ചിട്ടേ തിരിച്ചുവരൂ. അത് ചിലപ്പോൾ ഒരു പഫ്‌സോ പൊറോട്ടയോ ആയിരിയ്ക്കും. കുറെ സാധനങ്ങൾ വാങ്ങാൻ ഞങ്ങളുടെ കൈയിൽ പണം ഉണ്ടാകില്ല. വാങ്ങിയത് പങ്കിട്ടുകഴിക്കും. ചുരുങ്ങിയപക്ഷം ഒരു പാഴ്സലെങ്കിലും ഒപ്പിക്കാറുണ്ടായിരുന്നു. അങ്ങനെ ഉദ്ഘാടനദിവസങ്ങളിൽ മാത്രം കണ്ടുമുട്ടുന്ന കുറച്ചു സുഹൃത്തുക്കളും ഞങ്ങൾക്കുണ്ടായിരുന്നു. അന്ന് കിട്ടുന്നതിനേക്കാൾ അധികം ഓഫറുകളും അന്ന് ഉണ്ടാക്കുന്ന അത്ര രുചിയുള്ള ഭക്ഷണവും പിന്നൊരു ദിവസവും കിട്ടില്ലെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു. അവൻ പോയതിൽ പിന്നെ ഞാനാ പതിവ് നിറുത്തി''

വിക്കിയെ അറിയുമോ എന്ന ഒറ്റ ചോദ്യത്തിന് ഇത്ര വലിയൊരു ഉത്തരം ഞാൻ പ്രതീക്ഷിരുന്നില്ല. കേൾവിക്കാരൻ ആരാണെന്നുപോലും അന്വേഷിക്കാത്ത ഈ സംഭാഷണം ഒരു ഓർമ പുതുക്കൽ ആണെന്ന് എനിയ്ക്കുതോന്നി. മനസ്സിൽ വിങ്ങിപ്പൊട്ടുന്ന കുറെ കാര്യങ്ങൾ ഏതെങ്കിലും ഒരാളോട് തുറന്നുപറയുവാൻ ഏറെനാൾ കാത്തിരുന്നതുപോലെ.

""എവിടെ നിന്നാണ് പല്ലിൽ കമ്പിയിട്ടത്?'' ഇടയ്ക്കുകയറി ഞാൻ ചോദിച്ചു.

ഒരു നല്ല ഡിക്ടക്റ്റീവിന്റെ ലക്ഷണം ഒരു നല്ല കേൾവിക്കാരനാവുക എന്നതാണെന്ന് എനിക്കറിയാതെ അല്ല. മറ്റുള്ള കാര്യങ്ങൾക്കു കാത്തിരിക്കാം എന്നു എന്റെ മനസ്സ് മന്ത്രിച്ചു. ആ കമ്പികളെക്കുറിച്ച് അറിയാൻ എന്റെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. മെൽവിന്റെ മുഖം വിളറിവെളുത്തു. കണ്ണുകൾ വിടർന്നു. തന്നെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ എന്നറിയുവാനെന്ന മട്ടിൽ അയാൾ ചുറ്റും നോക്കി. പുറത്തുകെട്ടിയിരുന്ന കൈകൾ തിരുമ്മിക്കൊണ്ട് മെൽവിൻ പറഞ്ഞു,

""ഞങ്ങൾ ഒരുമിച്ചാണ് പോയത്... ആ ക്ലിനിക്കിൽ പോയത്- സ്മയിൽ ഡെന്റൽ ക്ലിനിക്.''

അത് ഡോക്ടർ നിപുൺ ജോലിചെയ്തിരുന്ന ക്ലിനിക് ആണല്ലോ എന്ന കാര്യം അഹദിന്റെ മനസ്സിൽ ഒരു മിന്നായം പോലെ കടന്നുപോയി. അപ്പോൾ അവർ തമ്മിൽ പരിചയം ഉണ്ടായിരുന്നോ?

""എവിടെയാണാ ക്ലിനിക്?'' ""അതവന്റെ നാട്ടിലാണ്, തൃശൂര്.'' ""എങ്ങനെ അവിടെ എത്തി?'' ""വിക്കിയാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. അവനു പരിചയമുള്ള ഒരു ഡോക്ടർ ആണ് അവിടെ. പേരെനിക്കു ഓർമയില്ല.'' ""ഉം... ശരി. അടുത്ത തവണ കാണുമ്പോൾ പേരോർത്തുവെക്കണം.'' തെളിവുകൾ എത്തിപ്പിടിക്കാനുള്ള വ്യഗ്രതയിൽ എന്റെ മനസ്സ് ഉണ്ടാക്കി എടുത്തതാണോ ആ ബന്ധം?

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments