ചിത്രീകരണം : രാജേഷ് ചിറപ്പാട്.

ജുഗ് ഇം (മരണം)

ആറ്

""അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല.'' ""അവൾ സന്തോഷവതി തന്നെ ആയിരുന്നു.'' ""സുഹൃത്തുക്കൾ കുറെ ഉണ്ടായിരുന്നു. പക്ഷേ, എനിയ്ക്കവരെ ഒന്നും അറിയില്ല. അക്കാര്യത്തിൽ നിങ്ങളെ എനിയ്ക്ക് സഹായിക്കുവാൻ കഴിയുമെന്നു തോന്നുന്നില്ല.'' ""ഓഫീസിൽ എതിരാളികൾ ഒന്നും ഉണ്ടായതായി പറഞ്ഞിട്ടില്ല.'' ""എനിയ്ക്കങ്ങനെ ആരെയും ചൂണ്ടിക്കാണിച്ചുതരാനില്ല.'' ""പൊലീസ് അന്വേഷണത്തിൽ എനിയ്ക്ക് ഒരിക്കലും തൃപ്തി തോന്നിയിട്ടില്ല. അത് ചിലപ്പോൾ എന്റെ തോന്നൽ മാത്രമാകാം.'' ""ശ്രീജയെ ചോദ്യംചെയ്യാത്തതാണ് നല്ലത്. അവൾ പലപ്പോഴും കളളം പറയുന്നതായി ഗംഗ പറയാറുണ്ടായിരുന്നു.'' ""വിഷ്ണു? അവനൊരു പാവമാണ്. അവനങ്ങനെ ചിന്തിക്കുവാൻ കൂടി വഴിയില്ല. കൂറുള്ളവൻ ആണ്.'' ""നിങ്ങളുടെ കൂടെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല. ഈയിടെ ആയി നല്ല ജോലിത്തിരക്കാണ്. വീട്ടിൽ തിരിച്ചെത്തുമ്പോൾ തന്നെ വൈകും.''

ഇത്തരത്തിലുള്ള തണുപ്പൻ മട്ടിലുള്ള പ്രതികരണങ്ങൾ നിറഞ്ഞതായിരുന്നു ഗംഗയുടെ ഭർത്താവ് റിതേഷിന്റേത്. അയാളുടെ പെട്ടെന്നുള്ള ഈ മാറ്റത്തിനുപിന്നിലെ കാരണം അഹദിനും ദീപകിനും മനസ്സിലായില്ല. അതുകൂടാതെ അയാൾ മിക്ക ചോദ്യങ്ങൾക്കും അതേ, ഇല്ല, അല്ല എന്നീ വാക്കുകൾ കൊണ്ട് അമ്മാനമാടുന്നത് അവരിൽ സംശയമുളവാക്കി. ഇനി അവിടെ നിന്നിട്ടു കൂടുതലൊന്നും കിട്ടാനില്ല എന്ന അവസ്ഥ ആയപ്പോൾ അവിടെ നിന്നും ഇറങ്ങി പോന്നാലോ എന്നുവരെ അവർ വിചാരിച്ചതാണ്. അപ്പോഴാണ് അഹദിന്റെ മനസ്സിൽ ഒരാശയം ഉദിച്ചത്. ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ അവസാനത്തെ തുറുപ്പുചീട്ടായി മനസ്സിലെവിടെയോ കുറിച്ചുവെച്ചിരുന്ന ഒന്ന്. പക്ഷേ, ഓരോ നിമിഷം കഴിയുംതോറും അഹദിന് ഇയാൾ എങ്ങാനും കേസ് പിൻവലിക്കുമോ എന്ന ആശങ്ക കൂടിക്കൂടി വന്നു. റിതേഷ് അങ്ങനെ ഒന്നും പറഞ്ഞുകളയല്ലേ എന്നു അഹദ് മനസ്സിൽ മന്ത്രിച്ചു. കുറച്ചുദിവസങ്ങൾ കൊണ്ട് ഒരു നിഗൂഢത സൃഷ്ടിച്ച കേസായിരുന്നു അത്. അഹദിന്റെ അനുഭവത്തിൽ ഇത്രയും കുഴയ്ക്കുന്ന മറ്റൊരു കേസ് ഉണ്ടായിട്ടില്ല. കേസ് തങ്ങളെ ഏൽപ്പിക്കുമ്പോൾ വാതോരാതെ സംസാരിക്കുകയും എന്ത് സഹായം വേണമെങ്കിലും ചെയ്യുവാൻ സന്നദ്ധനാവുകയും ചെയ്ത റിതേഷിന് കുറച്ചുദിവസങ്ങൾക്കിടയിൽ ഇതെന്തുപറ്റി എന്നു എത്ര ആലോചിച്ചിട്ടും അഹദിന് മനസ്സിലായില്ല. എന്നാൽ ദീപകിന്റെ മുഖത്ത് അത്തരമൊരു ആശങ്ക നിഴലിക്കുന്നുണ്ടായിരുന്നില്ല.

മൂന്നുദിവസം മുൻപ് വന്നപ്പോൾ, വളരെ അടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചിരുന്ന സ്വീകരണമുറി വല്ലാതെ അലങ്കോലമായി കിടക്കുന്നതും അഹദ് ശ്രദ്ധിച്ചു. മേശപ്പുറത്ത് ദിനപത്രങ്ങളും മാഗസിനുകളും കൂട്ടിയിട്ടിരിക്കുന്നു. പേനകൾ, പെൻസിലുകൾ, ക്രയോണുകൾ എന്നിവ ചിതറിക്കിടക്കുന്നു. അതുകൂടാതെ, ഒരുപാട് പേപ്പർ കഷ്ണങ്ങൾ അവിടെവിടെയായി കാണാൻ കഴിഞ്ഞു. അഹദിന്റെയോ ദീപകിന്റെയോ കണ്ണുകൾ അങ്ങോട്ടു സഞ്ചരിക്കുന്നത് ശ്രദ്ധിച്ചിട്ടാണോ എന്തോ റിതേഷ് പൊടുന്നനെ ഇങ്ങനെ പറഞ്ഞു. അതിൽ പക്ഷേ, ദുഃഖമാണോ നിരാശയാണോ ദേഷ്യമാണോ കലർന്നിരുന്നത് എന്നു മനസ്സിലാക്കുവാൻ അവർക്കായില്ല. ""ശ്രീജ പിന്നെ വന്നിട്ടില്ല. ഗംഗ ചേച്ചി ഇല്ലാത്ത വീട്ടിൽ തനിക്ക് പിടിച്ചുനിൽക്കാൻ പറ്റുന്നില്ലെന്നും കുറച്ചുദിവസങ്ങൾ കഴിഞ്ഞു ആലോചിക്കാമെന്നും അവൾ തീർത്തുപറഞ്ഞു. അവൾക്ക് ഈ വീട്ടിലെ ഓരോ മുക്കും മൂലയും അറിയാം. എട്ടുവർഷമായി അവളിവിടെ ജോലിയ്ക്കുനിൽക്കുന്നു. ഒരു അപകടം വരുമ്പോൾ ആരുമുണ്ടാകില്ല.''
ഇന്നത്തെ പെരുമാറ്റത്തിനു തികച്ചും വിപരീതമായി റിതേഷ് എന്തുകൊണ്ട് അത്രയും വിശദീകരണങ്ങൾ തന്നു എന്ന് അഹദ് ആശ്ചര്യപ്പെട്ടു. "" ശ്രീജയുടെ ഫോൺ നമ്പറോ, അഡ്രസ്സോ തരാമോ?'' ""അതെല്ലാം ഗംഗയുടെ കൈയിലായിരുന്നു. എനിയ്ക്കറിയില്ല,'' ഒരു നിമിഷം പോലും പാഴാക്കാതെ റിതേഷ് മറുപടി പറഞ്ഞു.""പിന്നെ നിങ്ങൾ ശ്രീജയെ എങ്ങനെ ആണ് ഫോൺ ചെയ്തത്?'' ദീപക് പെട്ടന്ന് തോന്നിയ ഒരു ബുദ്ധി പ്രയോഗിച്ചു.""അതിനു ഞാൻ ശ്രീജയെ വിളിച്ചിട്ടില്ലല്ലോ . ശ്രീജ ഇവിടെ അക്കാര്യം നേരിട്ടു വന്നു പറഞ്ഞതാണ്.'' റിതേവഷിന്റെ മുഖത്ത് പരിഹാസഭാവം മിന്നിമറഞ്ഞു.

തന്റെ ചമ്മൽ പുറത്തുകാണിക്കാതെ ദീപക് മുടിയിലൂടെ കൈകൾ ഓടിച്ചു. ദീപകിന് ഇടയ്ക്കിടയ്ക്ക് തോന്നാറുള്ള ചില ബുദ്ധികളാണ്. ടോം ആൻഡ് ജെറി കാർട്ടൂണിൽ ടോമിന്റെ തലയ്ക്കുമുകളിൽ ഒരു ബൾബ് കത്താറുള്ളതുപോലെ! മിക്കവാറും അനുഭവവും മുഖം ചതഞ്ഞ ടോമിന്റെ പോലെ ആയിരിക്കും. അതൊരു ശീലമായപ്പോൾ പിന്നെ പുറത്തുകാണിക്കാതിരിക്കുവാൻ പഠിച്ചു. നേരറിയാൻ സി.ബി.ഐ. പ്രതീക്ഷിച്ചു പയറ്റിയ തന്ത്രം സി.ഐ.ഡി. മൂസയെ പോലെ ചീറ്റിപ്പോകും.

""ഒറ്റയ്ക്ക് ഇതെല്ലാം ചെയ്യാനോ മറ്റൊരു ജോലിക്കാരിയെ കണ്ടുപിടിക്കുവാനോ എനിയ്ക്ക് ആകുന്നില്ല. ഗംഗ, അവൾ മിടുക്കിയായിരുന്നു. ഇതെനിയ്ക്ക് ഒരു തീരാനഷ്ടം തന്നെ ആണ്.''
""അതൊന്നും റിതേഷ് ഇപ്പോൾ ആലോചിക്കേണ്ട. ബിസിനസ്സ് എല്ലാം എങ്ങനെ പോകുന്നു?'' ""ആ... ഒന്നിനും ഒരു...തരക്കേടില്ല.''

പിന്നീടുള്ള അയാളുടെ പ്രതികരണങ്ങൾ കേട്ടപ്പോൾ റിതേഷ് നിരാശാ രോഗത്തിനടിമപെട്ടുപോയോ എന്നവർക്ക് തോന്നി. എല്ലാ കാര്യങ്ങളും ഭാര്യ നോക്കിയിരുന്ന ഒരു വീട്ടിൽ പെട്ടന്ന് അവർ ഇല്ലാതാകുന്നത് നേരിടാൻ വയ്യാതെ പകച്ചുനിൽക്കുന്ന ഒരു ഭർത്താവിന്റെ ചിത്രം അഹദിന്റെ മുന്നിൽ തെളിഞ്ഞു. ഒരുപക്ഷെ, റിതേഷിന്റെ ഉള്ളിൽ മറ്റു വല്ല ഉദ്ദേശവുമുണ്ടാകുമോ? അഹദിന്റെ മനസ്സു വായിച്ചെടുത്തതുപോലെ ദീപക് തൊട്ടടുത്ത നിമിഷത്തിൽ ചോദിച്ചു,""ഗംഗയുടെ പേരിൽ വല്ല ലൈഫ് ഇൻഷുറൻസ് പോളിസിയും ഉണ്ടായിരുന്നോ?''
ചോദ്യം കേട്ടില്ലെന്ന മട്ടിൽ റിതേഷ് അകലെ നോക്കി ഇരുന്നു. അയാൾ അത് ശരിക്കും കേൾക്കാത്തതാണോ അതോ അഭിനയിക്കുകയാണോ എന്നുപോലും അവർക്കു മനസ്സിലായില്ല. ദീപക് ചോദ്യം ആവർത്തിച്ചപ്പോൾ ആലോചനയിൽ നിന്നും ഞെട്ടിയുണർന്നതുപോലെ അയാൾ വിക്കിവിക്കി സംസാരിക്കുവാൻ ശ്രമിച്ചു. അതിനൊട്ടും ഒറിജിനാലിറ്റി ഉണ്ടായിരുന്നില്ല. അയാൾ അതിനുള്ള ഉത്തരങ്ങൾ മനസ്സിൽ കണക്കുകൂട്ടുകയാണെന്നു അവർക്ക് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞിരുന്നു.

""അങ്ങനെ ഒന്നും ഉള്ളതായി ആരും പറഞ്ഞുകേട്ടില്ല. ഞാൻ ഒട്ടു അന്വേഷിക്കാനും പോയില്ല. അല്ലെങ്കിലും അവൾ ഇല്ലാതെ... പണം ആർക്കുവേണ്ടിയാണ്?'' ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം അയാൾ കൂട്ടിച്ചേർത്തു,""ഗംഗയില്ലാത്ത വീട്ടിൽ വന്നുകയറുമ്പോൾ ഞാൻ അനുഭവിക്കുന്നത്... എന്റെ നെഞ്ചിലെ ആ ഭാരം... പതിയെ ഇലക്ട്രിക് കിരണങ്ങൾ പോലെ കൈകളിലൂടെ വിരൽതുമ്പത്തെത്തും. പിന്നെ ഒരു തരിപ്പാണ്. അതെന്നെ വന്നങ്ങു മൂടിക്കളയും.''

ഗംഗയുടെ മുറിയിലെ ജനാലയ്ക്കരികിൽ നിന്ന് അയാൾ തേങ്ങി. അതിനെ അണിയിച്ചൊരുക്കുന്ന വെള്ള നെറ്റ് കർട്ടൻ കാറ്റിൽ പറന്നുവന്നു അയാളെ തഴുകി, തന്റെ യജമാനനെ ആശ്വസിപ്പിക്കുന്നതുപോലെ. പൊടുന്നനെ, അയാൾ വാച്ചിൽ നോക്കി പരിഭ്രമിച്ചു,""മക്കളെ തയ്യാറാക്കുവാനുള്ള സമയമായി. ഇനി എന്തെങ്കിലും ഉണ്ടോ?''
അഹദിന്റെയും ദീപകിന്റെയും ഉത്തരത്തിനു കാത്തുനിൽക്കാതെ അയാൾ മുറിയിൽ നിന്നും ഇറങ്ങി പുറത്തേക്കുനടന്നു, വളരെ വേഗത്തിൽ. സ്റ്റേഷൻ വിട്ടുപോകുന്ന ഒരു ട്രെയിനിനെ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന യാത്രക്കാരെ പോലെ അവർ അവിടെ നിന്നു. കൈയെത്തും ദൂരത്ത് ഉണ്ടായിരുന്ന എന്തോ നഷ്ടപ്പെട്ട് പോകുന്നതുപോലെ അഹദിനു തോന്നി. "CRIME SCENE, DO NOT ENTER' എന്ന വേലിയ്ക്കരികിലൂടെ നടന്നു അഹദ് വിലക്കപ്പെട്ടിട്ടില്ലാത്ത ജനാലയ്ക്കരികിൽ എത്തി. രണ്ടു സൈഡിലും കോണിപ്പടികളായി ത്രികോണാകൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ മുറി അഹദിനെപ്പോഴും ഒരു കൗതുകം തന്നെയായിരുന്നു. പൂന്തോട്ടത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാൻ വേണ്ടി ഉണ്ടാക്കിയ ഒരു മുറി പോലെ. ജനാലപ്പാളികളിലൂടെ വരുന്ന നേർത്ത വെയിൽ കണ്ണിൽ തുളച്ചുകയറുന്നതുപോലെ അഹദിനു തോന്നി. പകലിന്റെ ആദ്യയാമങ്ങളിലെ സൂര്യകിരണങ്ങളിൽ വെള്ള മന്ദാര പൂക്കൾ തിളങ്ങുന്നുണ്ടായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ തിരക്കിട്ട് സന്ദേശങ്ങൾ ടൈപ്പ് ചെയ്യുന്ന ദീപകിനെ അഹദ് ഒന്നുനോക്കി. ദ്രുതഗതിയിൽ ചലിക്കുന്ന ദീപകിന്റെ തള്ളവിരൽ അഹദിനെന്നുമൊരു അത്ഭുതമാണ്. നിമിഷങ്ങൾകൊണ്ട് ഒരു അര താളോളം വരുന്ന സന്ദേശം ടൈപ്പ് ചെയ്യുവാൻ ദീപകിനു കഴിയും. നിത്യാഭ്യാസി ആനയെ എടുക്കും എന്നതുപോലെ.

""അഹദ്... അഹദ്...''
വളരെ പതിയെ തന്റെ അടുത്തുവരുന്ന ആ ശബ്ദത്തിന്റെ ഉടമ ദീപക് ആണെന്ന് മനസ്സിലാക്കുവാൻ അഹദിനധികം സമയം വേണ്ടിവന്നില്ല. അവരുടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ആ മുറിയുടെ വാതിലിലൂടെ ആരോ കടന്നുവരുന്നത് കണ്ണിന്റെ കോണിലൂടെ അഹദ് കണ്ടു. ദീപകിന്റെ കണ്ണുകൾ വിടർന്നിരുന്നു, എന്തോ പറയുവാൻ വെമ്പുന്ന ഒരു തിളക്കം അഹദ് അവിടെ കണ്ടു.

""ഇത് ഞാൻ ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ ആണ്. ഇതില്ലെങ്കിൽ എനിയ്ക്കു ഇപ്പോൾ പിടിച്ചുനിൽക്കാൻ പറ്റുന്നില്ല.''

വെള്ളയും നീലയും നിറത്തിലുള്ള ഒരു മരുന്നുപെട്ടി ചൂണ്ടിക്കാണിച്ചിട്ടു റിതേഷ് വിശദീകരിച്ചു. അഹദ് അത് വാങ്ങി സൂക്ഷ്മമായി പരിശോധിച്ചു. RAMERON 30 MG TABLETS, എന്ന് എഴുതിയിരുന്നു. പഠിക്കുമ്പോൾ ഫൊറെൻസിക് കൂടാതെ അഹദിന്റെ പ്രിയപ്പെട്ട മറ്റൊരു വിഷയമായിരുന്നു ഫാർമകോളജി. മറ്റ് കുട്ടികൾ മരുന്നുകളുടെ പേരുകൾ ഓർക്കുവാൻ കഷ്ടപ്പെടുമ്പോൾ അഹദ് വളരെ എളുപ്പത്തിൽ അതെല്ലാം ഓർത്തെടുക്കുമായിരുന്നു. അതിനു പ്രത്യേക സൂത്രങ്ങൾ അഹദിന്റെ കൈയിൽ ഉണ്ടായിരുന്നു. ഓരോ ഗ്രൂപ്പ് മരുന്നുകളെ ബന്ധിപ്പിക്കുന്ന കഥകളോ കവിതകളോ മറ്റോ എഴുതിയുണ്ടാക്കി അഹദ് തന്റെ പോക്കറ്റ് നോട്ടുബുക്കിൽ സൂക്ഷിക്കുമായിരുന്നു. ചിലപ്പോൾ അതിനെ സിനിമയിലെ ഒരു രംഗത്തോട് കൂട്ടിച്ചേർക്കുമായിരുന്നു. മറ്റുള്ളവർക്ക് ഫാർമകോളജി നീണ്ട അപരിചിതമായ പേരുകളുടെ ബോറടിപ്പിക്കുന്ന ലിസ്റ്റുകൾ ആയിരുന്നെങ്കിൽ അഹദിനത് സ്വന്തം കൃതികൾ ആയിരുന്നു. അതിനെ വിട്ടുകളയുവാനോ മറന്നുകളയുവാനോ മസ്തിഷ്‌കത്തിനു കഴിയുമായിരുന്നില്ല.

എന്നാൽ ഡിക്ടക്ടീവ് ഏജൻസി തുടങ്ങിയ കാലത്ത് അഹദ് മറ്റൊരു ലിസ്റ്റ് ഉണ്ടാക്കി മതിലിൽ തൂക്കിയിട്ടുണ്ട്. ഓഫീസിലെ മേശയ്ക്കുപുറകിലായി തങ്ങൾക്ക് ഇപ്പോൾ ആവശ്യം വന്നേക്കാവുന്ന മരുന്നുകളുടെ പേരുകൾ കോർത്തിണക്കി ഒരു പാട്ട്. അതിന് പാട്ടിന്റെ രൂപംനൽകിയത് സുഹാനയാണ്. അപ്പോഴാണ് എഴുത്തിന്റെ കാര്യത്തിൽ താൻ ഒരു ശിശു ആണെന്ന് അഹദിനു സമ്മതിക്കേണ്ടിവന്നത്. മെഡിക്കൽ കാര്യങ്ങൾ ആയി ഇടപെടുമ്പോൾ ഒരിക്കൽ പോലും പ്രാക്റ്റീസ് ചെയ്യാത്തതിന്റെ കുറവുകൾ, പരിചയസമ്പന്നരായ പ്രൊഫസർമാരുടെ കീഴിൽ ഹൗസർജൻസി എന്ന കടമ്പകടക്കാൻ കഴിയാത്തതിന്റെ ആത്മവിശ്വാസക്കുറവ് എന്നീ വികാരങ്ങൾ തലപൊക്കുവാൻ ശ്രമിക്കാറുണ്ട്. ഗുളിക കൂടുകൾ പരിശോധിക്കുമ്പോൾ പക്ഷേ അതിന്റെ ഒന്നും ആവശ്യം ഇല്ല. അതിന്റെ ജെനറിക് നാമവും തൊട്ടുതാഴെ തന്നെ കൊടുത്തിട്ടുണ്ടാകുല്ലോ. "Mirtazapine.'
ഒരുതവണ സുഹാനയുടെ പാട്ട് മനസ്സിലൂടെ കടന്നു പോയപ്പോൾ തന്നെ അഹദിനു കാര്യം പിടികിട്ടി ."Anti Depressant.'
വെളുത്ത കൂടുകൾക്കിടയിലൂടെ ഓറഞ്ചുനിറം നിഴലിച്ചുകാണുന്നുണ്ടായിരുന്നു. ആ ഗുളികക്കൂടിൽ അധികവും ഒഴിഞ്ഞുകാണപ്പെട്ടു. ""നിങ്ങൾ ഇത് കഴിക്കുവാൻ തുടങ്ങിയിട്ട്?''
അഹദിന്റെ ചോദ്യത്തിലെ ആത്മവിശ്വാസം ശ്രദ്ധിച്ചിട്ടാണൊ എന്തോ റിതേഷ് അഹദിനെ ഒരു നിമിഷം നോക്കി. പിന്നെ എന്തോ ഒരു തീരുമാനത്തിൽ എത്തിയ ഭാവത്തിൽ പറഞ്ഞു,""അത് ഞാൻ ഒരാഴ്ചയായി കഴിക്കുവാൻ തുടങ്ങിയിട്ട്. പിടിച്ചുനില്ക്കാൻ പറ്റുന്നില്ല. ഗംഗ... അവളില്ലാതെ...''""നിങ്ങൾ നിരാശാരോഗത്തിന് അടിമപ്പെടുവാൻ മറ്റുവല്ല കാരണവും?''
താൻ വടികൊടുത്ത് അടി വാങ്ങുകയാണെന്നു അപ്പോഴാണ് റിതേഷിനു മനസ്സിലായത്. അയാളുടെ മുഖത്ത് പ്രതിഫലിച്ച ആശ്ചര്യഭാവത്തിന് വിശദീകരണങ്ങൾ നല്കുവാൻ അഹദ് ശ്രമിച്ചില്ല. ഇത് അയാളുടെ ഒരു തന്ത്രം ആണെന്ന കാര്യം അഹദിന് ഇതിനോടകം തന്നെ മനസ്സിലായിക്കഴിഞ്ഞിരുന്നു. ഗംഗ മരിച്ചതിൽ പിന്നെ തനിക്ക് നിരാശാരോഗമാണെന്ന് സ്ഥാപിക്കുന്നതിലൂടെ പിന്നീടുള്ള ചോദ്യങ്ങളിൽ നിന്നും തനിക്കു വിദഗ്ധമായി ഒഴിവാകാം എന്നു അയാൾ കരുതിക്കാണണം. ഒരുപക്ഷേ, ഇയാൾ ഈ സൂത്രം ഇതിനുമുൻപ് പലതവണ പരീക്ഷിച്ചുവിജയിച്ചിട്ടുമുണ്ടാകണം. റിതേഷിന്റെ നീണ്ട മൗനത്തിന്റെ പൊരുൾ അറിയുവാനായി അഹദ് ചോദ്യശരങ്ങൾ തൊടുത്തു, ഒന്നിനുപുറകെ മറ്റൊന്നായി. നേരത്തെ മനസ്സിൽ കുറിച്ചുവെച്ച അവസാനത്തെ ആ തുറുപ്പുചീട്ടിൽ തുടങ്ങി.

""ഡയറിയിൽ പറയുന്നതുപോലെ നിങ്ങൾ തമ്മിൽ വല്ല പിണക്കങ്ങളും?'' റിതേഷിന്റെ മുഖം ചുവന്നു. അയാളുടെ കണ്ണുകളിൽ നിന്നും തീപ്പൊരി പാറുന്നതുപോലെ തോന്നി. അയാൾ കൈകൾ കൂട്ടി തിരുമ്മി. പല്ലുകൾ കൂട്ടി കടിച്ചു.

""ആ ഡയറി എവിടെ? തിരിച്ചുതരാം എന്നുപറഞ്ഞിട്ട്?''""ചോദിച്ചതിനുത്തരം പറയൂ മിസ്റ്റർ.'' ദീപക് അല്പം ശബ്ദമുയർത്തി പറഞ്ഞു. ""ഓഹോ, അപ്പോൾ ഭീഷണി ആണ്. മറ്റുള്ളവരുടെ സ്വകാര്യതകളിലേയ്ക്ക് തലകടത്തുവാൻ നിങ്ങൾക്കെന്തവകാശം?'' റിതേഷിന്റെ ശബ്ദം വിറച്ചു . ""സമാധാനപ്പെടൂ റിതേഷ്. നിങ്ങൾ തരുന്ന വിശദീകരണങ്ങൾ ഒരുപക്ഷേ യഥാർഥ പ്രതിയെ പിടിക്കുവാൻ സഹായിച്ചേക്കാം. അങ്ങനെ ഒന്നു ചിന്തിച്ചുനോക്കൂ.''""നിങ്ങളെന്താ എന്നെ കളിയാക്കുകയാണോ?'' റിതേഷ് മുഖം വീർപ്പിച്ചിരുന്നു, ഒരു കൊച്ചുകുട്ടിയെപ്പോലെ.

അഹദ് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് വലിയ ആളുകളുടെ സ്വഭാവത്തിലെ ഈ പക്വതയില്ലായ്മ. ദേഷ്യത്തിനടിമപ്പെട്ടാൽ പിന്നെ പറയുകയും വേണ്ട. പറയുന്നത് എന്ത് എന്ന് അവർക്കുതന്നെ അറിയുന്നുണ്ടാവില്ല. അഹദും ദീപകും മനപ്പൂർവം അത് കണ്ടില്ലെന്നു നടിച്ചു. റിതേഷിന്റെ മുഖത്തെ പേശികൾ പതിയെ അയഞ്ഞു. അയാളുടെ മുഖഭാവം മാറി. രൗദ്രത്തിന്റെ സ്ഥാനത്ത് ദയനീയത പരന്നു.

""ക്ഷമിക്കണം കേട്ടൊ. ഞാൻ ചിലപ്പോൾ ഇങ്ങനെയാആണ്. വല്ലാതെ മൂഡ് സ്വിങ്സ് ഉണ്ട്. രണ്ടുമൂന്നു ദിവസമായി തുടങ്ങിയിട്ട്. മരുന്നിന്റെ സൈഡ് എഫക്ട് ആയിരിക്കും എന്നാണ് ഡോക്ടറും പറഞ്ഞത്. ഞാൻ നാളെ അദ്ദേഹത്തെ കാണാൻ ഇരിക്കുകയാണ്.''""അതൊന്നും കാര്യമാക്കേണ്ട,'' അഹദ് പെട്ടന്നു ചാടിക്കയറി പറഞ്ഞു. ആവശ്യക്കാർ ഇപ്പോൾ അവരാണെന്ന് അഹദിനു നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ ദീപക് മൗനം പാലിച്ചു. ""മക്കൾ തയ്യാറായി കഴിഞ്ഞോ?'' വിഷയം ഒന്നു മാറ്റുവാൻ വേണ്ടി അഹദ് ആരാഞ്ഞു.""അവർ... ആ... എന്റെ പെങ്ങൾ ഇവിടെയുണ്ട്. അവൾ നോക്കിക്കോളും.''""അവർ എപ്പോൾ വന്നു ?''"" ഇന്ന്. ഇന്ന് വൈകുന്നേരമെത്തിയതേയുള്ളൂ. അല്ല, ഇന്നലെ.''

""നിങ്ങൾക്ക് ഒന്നിലധികം ഓർക്കൂട്ട് അക്കൗണ്ടുകൾ ഉണ്ടല്ലോ. അതെന്തിനാണ്?'' അതെവിടുന്നുകിട്ടി എന്ന ചോദ്യം മനസ്സിൽ ഉദിച്ചുവെങ്കിലും പുറമെ ഒന്നും കാണിക്കാതെ അഹദ് റിതേഷിന്റെ ഉത്തരത്തിനായി കാത്തു. ഇതാവണം ദീപക് നേരത്തെ പറയുവാൻ ഉദ്ദേശിച്ചത്. ""ബിസിനസ്സ് ആവശ്യങ്ങൾക്കാണ്.'' ""ഒന്നിലധികം ഫോൺ നമ്പറുകൾ?'' ""എനിക്ക് മൂന്നാറിലും ഊട്ടിയിലും തേയിലത്തോട്ടങ്ങളും ഫാമുകളുമുണ്ട്. തേയില നടുന്നതിനും, പരിപാലിക്കുന്നതിനും, ഇലകൾ നുള്ളുന്നതിനും നൂറിലേറെ തൊഴിലാളികൾ ഉണ്ട്. ഫാമിലെ ജീവനക്കാർ വേറെയും. ഇവരോടെല്ലാം ആശയവിനിമയം നടത്തുവാൻ ചിലപ്പോൾ ഈ സൗകര്യങ്ങൾ എല്ലാം വേണ്ടിവരും. തന്നെയുമല്ല, തമിഴ്നാട്ടിൽ പോയാൽ അവിടുത്തെ ലോക്കൽ നമ്പർ ഉപയോഗിക്കുന്നതാണ് എനിയ്ക്കിഷ്ടം. അവിടെ അവർക്ക് ഞാൻ അവരുടെ പ്രിയപ്പെട്ട അണ്ണൻ ആണ്,'' അഭിമാനപൂർവം റിതേഷ് വിശദീകരിച്ചു. ""തമിഴ്നാട്ടിലെങ്ങനെ എത്തിച്ചേർന്നു?'' ""എന്റെ അച്ഛന് അവിടെ പണ്ടുമുതലേ തേയില ഫാമുകൾ ഉണ്ടായിരുന്നു. അച്ഛന്റെ കാലശേഷം ഞാൻ അതേറ്റെടുത്തു.''""നിങ്ങൾക്ക് വിദേശത്താണ് ജോലി എന്നാണല്ലോ ആദ്യം കണ്ടപ്പോൾ പറഞ്ഞത്?'' ""ഞാൻ അങ്ങനെ പറഞ്ഞോ? ചിലപ്പോൾ ഉണ്ടാകും. ഞാൻ ആദ്യം കുറച്ചുനാൾ ദുബായിൽ ആയിരുന്നു. രണ്ടുമൂന്നു കൊല്ലമേ ആയുള്ളൂ ഇവിടെ വന്നിട്ട്. പറഞ്ഞുശീലമായതല്ലേ?''

""GHOST എന്ന സംഘത്തെ അറിയാമോ?'' ""അതാരാ?''""ഗംഗയുടെ സുഹൃത്തുക്കളെക്കുറിച്ച് അവൾ ഒന്നും പറഞ്ഞിട്ടില്ലെ? ഡയറിയിൽ അതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടല്ലോ.'' ""ഞാൻ പറഞ്ഞില്ലേ? ഞാൻ അത് വായിച്ചിട്ടില്ല. ആരും അത് വായിക്കുന്നത് അവൾക്കിഷ്ടമായിരുന്നില്ല. മണിക്കൂറുകളോളം അത് എഴുതുന്നതുമാത്രം ഞാൻ കണ്ടിട്ടുണ്ട്. ചില ദിവസങ്ങളിൽ അവൾ ഉറങ്ങാതിരുന്നു കുത്തിക്കുറിക്കുന്നത് കാണാം. മറ്റുചില ദിവസങ്ങളിൽ ഞാൻ ഓഫീസിൽ പോകുമ്പോൾ അവൾ എഴുതുകയാകും. ചിലപ്പോൾ ഞാൻ സംസാരിച്ചാൽ കൂടി കേൾക്കാറില്ല. അതിനോടു അവൾക്കു വല്ലാത്ത ഒരു ആത്മബന്ധം ഉള്ളതുപോലെ എനിയ്ക്കുതോന്നുമായിരുന്നു. അതാണ് ഞാൻ അത് മറ്റാർക്കും തരില്ലെന്ന് പറഞ്ഞത്. അവൾക്കെന്തോ അത് ഇഷ്ടപ്പെടില്ലെന്ന് എനിയ്ക്കുതോന്നി.''""ഗംഗ പണ്ട് എഴുതുമായിരുന്നോ?''""അതിനെക്കുറിച്ചൊന്നും എന്നോടു പറഞ്ഞിട്ടില്ല. ഡയറി എഴുതുന്നതുമാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.'' ""ഗംഗ സുഹൃത്തുക്കളുടെ കൂടെ എവിടെയെങ്കിലും പോകാറുണ്ടായിരുന്നോ?'' ""ഇടയ്ക്കു വൈകുന്നേരങ്ങളിൽ ഷോപ്പിങ്ങിനുപോകുമായിരുന്നു. ഒന്നുരണ്ടു ഞായറാഴ്ചകളിൽ ഗെറ്റ്റ്റുഗെദർ ഉണ്ടെന്നു പറഞ്ഞുകേട്ടിരുന്നു. ഞാൻ പിന്നെ അധികവും ഇവിടെ ഉണ്ടാകാറില്ല. ''""അവർ ഫാമിലിയെ ക്ഷണിക്കാറില്ലെ?''""ഒരുതവണ ഫാമിലി ഗെറ്റ്റ്റുഗെദർ നടത്തിയിരുന്നതായി ഓർക്കുന്നു. പക്ഷേ അന്ന് എനിയ്ക്കു വളരെ പ്രധാനപ്പെട്ട മറ്റൊരു മീറ്റിങ് ഉണ്ടായിരുന്നു.''

മുകൾഭാഗത്ത് മേശ വലിച്ചിടുന്നതിന്റെയും മറ്റും ശബ്ദങ്ങൾ കേട്ടു. കാലൊച്ചകൾ അടുത്തടുത്തായി വന്നു. ""അച്ഛാ, സ്‌കൂൾ ബസ് വരാറായി. പോട്ടെ?'' ""ബൈ മക്കളെ.'' അവിടെ ഇരുന്നുകൊണ്ട് തന്നെ റിതേഷ് വിളിച്ചുപറഞ്ഞു.

""ഇവിടെ ഇരുന്നാൽ ശബ്ദങ്ങൾ കേൾക്കുവാൻ ബുദ്ധിമുട്ടാണ്. ഗംഗയ്ക്ക് സ്വസ്ഥമായി ജോലിചെയ്യുവാനാണ് ഇങ്ങനെ താഴേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിൽ മുറിയുണ്ടാക്കിയത്. രണ്ടുഭാഗത്തുനിന്നും ഇങ്ങനെ കോണിപ്പടികൾ വേണമെന്നത് അവളുടെ ആശയം ആയിരുന്നു. അവൾ ഒരുതവണ ഹൈദരാബാദ് ഫീൽഡ് ട്രിപ്പിനുപോയപ്പോൾ കണ്ടതാണ് ഇത്തരത്തിലുള്ള ഒരു മുറി. അതേതോ കോട്ടയ്ക്കകത്തെ രഹസ്യ അറ ആയിരുന്നു. അന്നുമുതലേ പറയുമായിരുന്നു എനിയ്ക്കൊരു രഹസ്യ അറ വേണമെന്ന്. എന്നിട്ട്, ഇവിടെത്തന്നെ...''

റിതേഷ് താഴോട്ടുനോക്കി. അയാളുടെ നെറ്റിചുളിഞ്ഞു. വിരലുകൾ കൊണ്ട് അയാൾ തന്റെ കണ്ണുകളെ അമർത്തിത്തുടച്ചു. വലത്തോട്ടും ഇടത്തോട്ടും പതിയെ തല ആട്ടുന്നുണ്ടായിരുന്നു. ""നിങ്ങൾക്കു കൂൺ കൃഷി ഉണ്ടായിരുന്നോ?'' പെട്ടന്നായിരുന്നു ദീപകിന്റെ ചോദ്യം.""കൂൺ കൃഷിയോ? ഇതെല്ലാം എവിടുന്നുകിട്ടി? കൊള്ളാലോ? കൂൺ കൃഷിയും കേസും തമ്മിൽ എന്തുബന്ധം?'' കുറെ ചോദ്യങ്ങൾ അഹദിന്റെ മനസ്സിലേയ്ക്ക് ഇരച്ചുകയറി. സാധാരണത്തെപോലെ ചൂളിപ്പോകുന്ന ഒന്നാകുമോ ഈ ചോദ്യവും എന്ന ശങ്ക അഹദിനുണ്ടായിരുന്നു. എന്നാൽ, റിതേഷ് ഒന്നും പറഞ്ഞില്ല. ഉണ്ടെന്നോ ഇല്ലന്നോ ഒന്നും. ഇതിലെന്താണ് ഇത്ര ചിന്തിക്കാനുള്ളത് എന്നു അഹദിനു മനസ്സിലായില്ല. ദീപകിന്റെ മുഖത്ത് പുറത്തുവരാൻ വെമ്പുന്ന ഒരു ചിരി ഉണ്ടായിരുന്നു.

റിതേഷ് എഴുന്നേറ്റ് അകത്തുപോയി ഒരു പൊതിയുമായി തിരിച്ചുവന്നു. ആ പ്ലാസ്റ്റിക് പൊതി ഞങ്ങൾക്കുതന്നു. വളരെ ഭംഗിയായി അടക്കിവെച്ചിട്ടുള്ള വെള്ള നിറത്തിലുള്ള കൂണുകൾ. ആ കുഞ്ഞിക്കുടകൾ വിടരാനാകതേ ശ്വാസംമുട്ടുന്നതുപോലെ അഹദിനു തോന്നി. പഞ്ഞിപ്പൂട പോലെ തൂവെള്ള നിറത്തിലുള്ള അവ കാണാൻ തന്നെ നല്ല ചന്തമായിരുന്നു. പാക്കറ്റിന്റെ പുറത്തു വെള്ളത്തുള്ളികൾ പുറത്തേയ്ക്ക് ഒഴുകുവാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. പ്ലാസ്റ്റിക് കവറിനു നല്ല തണുപ്പുണ്ടായിരുന്നു. ഒരുപക്ഷേ, തണുപ്പ് വിട്ടുപോകുമ്പോൾ ഉണ്ടായ വെള്ളത്തുള്ളികൾ ആവാം.

പ്ലസ് ടുവിന് പഠിയ്ക്കുമ്പോൾ കെമിസ്ട്രി അഹദിനത്ര ഇഷ്ടമുള്ള വിഷയമായിരുന്നില്ല. ഇഷ്ടപ്പെടുവാൻ കുറേ ശ്രമിച്ചെങ്കിലും അത് അഹദിനു വഴങ്ങിയില്ല. കോളേജിൽ ചേർന്നപ്പോൾ ബയോകെമിസ്ട്രിയും ഒരു കീറാമുട്ടിയായിത്ത ന്നെ തുടർന്നു. വ്യത്യസ്ത നിറത്തിലുള്ള ദ്രാവകങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പുകയും ഫോഗും തണുപ്പും ചൂടുമെല്ലാം അഹദ് കൊതിയോടെ നോക്കിനിൽക്കുമായിരുന്നു. എന്നാൽ പിപ്പെറ്റ് ചെയ്യുമ്പോൾ ആസിഡ് അകത്തുപോയി നാക്കുപൊള്ളുക ബേസ് കൈയിൽ വീണുപുകയുക എന്നീ അനുഭവങ്ങൾ ആയിരുന്നു അഹദിനധികവും. തന്നെയുമല്ല, ഏതെല്ലാം ആസിഡ് ഏതെല്ലാം ബേസുകളോട് ചേർന്നാൽ ഏതെല്ലാം നിറത്തിലുള്ള ഉപ്പുകൾ സൃഷ്ടിക്കപ്പെടും എന്നുള്ള വലിയ ടേബിളുകൾ പരീക്ഷയ്ക്ക് കാണാതെ പഠിച്ചുപോയെങ്കിലും അവിടെ ചെന്നപ്പോൾ ഇന്ന സോൾട്ട് ആണ് എന്നു പറഞ്ഞിട്ടാണ് ഇൻന്റേണൽ എക്‌സാമിനർ അത് കൈയിൽ തന്നത്. അഹദിനു അതൊരു ആശ്വാസമായെങ്കിലും ബയോകെമിസ്ട്രി ഇഷ്ടപ്പെടുന്ന ചില പെൺകുട്ടികളുടെ മുഖത്ത് വിരിഞ്ഞ നിരാശ അഹദ് അന്ന് ശ്രദ്ധിച്ചിരുന്നു. ഉറങ്ങാതിരുന്നു കഷ്ടപ്പെട്ടു ടേബിളുകൾ മനപ്പാഠമാക്കിയതിന്റെ ക്ഷീണം അവരുടെ കണ്ണുകളിൽ നിന്നു അപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ടേബിളുകൾ തുറന്നുനോക്കാത്ത വിദ്യാർഥികളും സുഗമമായി ബുക്ക് വെച്ചു കോപ്പി അടിക്കുന്നതുകണ്ടപ്പോൾ ഈ കല വികസിപ്പിച്ചെടുത്തവരെ മനസ്സിൽ ശപിച്ചുകൊണ്ട് അവർ നിസസംഗതയോടെ ഇരുന്നു. എല്ലാം ഓരോ ഓർമശകലങ്ങളാണ്. അതെല്ലാം കൂട്ടിച്ചേർത്താൽ മാത്രമേ ജീവിതം പൂർണമാവുകയുള്ളൂ.

""ഇതല്ല, മാജിക് മഷ്രൂം?'' പരിഹാസത്തോടെ ദീപക് ചോദിച്ചു. മാജിക് മഷ്രൂം? താൻ എവിടെയോ കേട്ടിട്ടുണ്ട്. അതെവിടെയാണെന്ന് കൃത്യമായി പറയുവാൻ പറ്റുന്നില്ലെങ്കിലും. തന്റെ കൂട്ടുകാരന്റെ മനസ്സിൽ ഇത്രയേറെ കാര്യങ്ങൾ ഒളിച്ചിരിപ്പുണ്ടെന്ന് അഹദിനറിയില്ലായിരുന്നു. ആദ്യമായി ദീപകിനോട് അഹദിനു മതിപ്പുതോന്നി. ഫോണിൽ എപ്പോഴും കുത്തിക്കുറിയ്ക്കുന്നതിനു ഇങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ എന്നു അഹദ് ആശ്വസിച്ചു.
റിതേഷിന്റെ മുഖത്തെ ചോദ്യചിഹ്നം കണ്ടിട്ടാകണം ദീപക് കുറച്ചുകൂടി വിശദമാക്കി,""ഇന്ന് ചെറുപ്പക്കാർ വ്യാപകമായി ഉപയോഗിയ്ക്കുന്ന ലഹരിമരുന്നുകളിൽ ഒന്ന്. അറിയില്ലെന്ന് നടിക്കേണ്ട.''
ഒരു ഡിറ്റക്​ടീവ് ജോലിചെയ്യുന്ന താൻ ഇക്കാര്യത്തിൽ ഇത്രയും അജ്ഞനായി പോയല്ലോ എന്ന ചിന്ത അഹദിനെ പിടികൂടി. പെട്ടന്നുതന്നെ ഒരാൾക്കും പൂർണനാകാൻ കഴിയില്ലല്ലോ എന്ന കാര്യം മറുഭാഗം വാദിച്ചു. വാദിയും പ്രതിയും എല്ലാം അഹദിന്റെ മനസ്സിനകത്തുതന്നെ. ""എനിയ്ക്കറിയില്ല.'' എന്ന ഒറ്റവാചകത്തിൽ റിതേഷ് മറുപടി ചുരുക്കി, ""നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്? ഞാൻ അങ്ങനെ ഒരു സാധനത്തെ കുറിച്ചു ആദ്യമായി കേൾക്കുന്നു. ''""എങ്ങനെയാണ് നിങ്ങളത് കടത്തുന്നത്? പൊടിച്ചിട്ടോ അതോ ഉണക്കിയിട്ടോ?'' ദീപകിന്റെ ചോദ്യങ്ങൾ നീണ്ടു. ""എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല.''""ഇതൊന്നും അറിയില്ല എന്നു നിങ്ങൾക്കിനി ഭാവിക്കാനാകില്ല. 2007-ൽ നിങ്ങളിൽ നിന്നും മാജിക് മഷ്രൂം പോലീസ് പിടിച്ചെടുത്തതിന്റെ റെക്കോർഡുകൾ ഉണ്ട്.''""അത് അന്നേ ക്ലിയർ ചെയ്തതാണ്. അന്ന് അവർ തെറ്റിദ്ധരിച്ചതാണ്.''""ഞങ്ങൾക്കുകിട്ടിയ വിവരം അങ്ങനെയല്ല.'' ""അതെനിയ്ക്കറിയില്ല. ഇനിയിപ്പോൾ അത് മാജിക് മഷ്രൂം തന്നെ ആണെങ്കിലും അറസ്റ്റ് ചെയ്യാനുള്ള വകുപ്പൊന്നും ഇല്ല. ഇത് ഔദ്യോഗികമായി നിരോധിക്കപ്പെട്ട ലഹരിമരുന്നുകളിൽ പെട്ടതല്ല.'' ""അപ്പോൾ നിങ്ങൾക്ക് എല്ലാം അറിയാം. എന്നിട്ട് നിങ്ങൾ എന്തിനു വിവരങ്ങൾ മറച്ചുവെക്കണം?''""അറിഞ്ഞുകൊണ്ട് ആരെങ്കിലും കിണറ്റിൽ ചാടുവാൻ ശ്രമിക്കോ?'' പരിഹാസം കലർന്ന ആ ഉത്തരം അവരെ അധിക്ഷേപിക്കുന്നതായി അഹദിനു തോന്നി. അതു വെറും തോന്നൽ മാത്രം ആയിരുന്നില്ല എന്നു പിന്നീട് അഹദിനു മനസ്സിലായി.

ഉയരുന്ന പുകച്ചുരുളുകൾക്കിടയിൽ നിന്നും ഒരു ശബ്ദം ഉയർന്നു,""ഈ കേസിൽ എന്റെ പുറകെ നടന്നതാണ് പോലീസുകാർ. ഒടുവിൽ ഞാൻ ഒരു ഷാർക്ക് ആണെന്ന് മനസ്സിലായപ്പോൾ അവർ ഉപേക്ഷിച്ചു. നിങ്ങൾക്കും അതേ ഉള്ളൂ ഒരു മാർഗം.''
അതിലെ ഭീഷണിയുടെ സ്വരം മനസ്സിലാക്കിയിട്ടോ എന്തോ ദീപക് ശബ്ദമുയർത്തി,""ഇതെല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ അല്ലേ? നിങ്ങൾ ആ സിഗററ്റ് താഴെയിടണം.''""ഇതെന്റെ വീടാണ്. നിങ്ങൾക്കു പോകാം. പണം തരുന്നത് ഞാനാണ്. അതോർമ വേണം .''
അഹദ് ദീപകിനെ കണ്ണുകൾ കൊണ്ട് വിലക്കി. ഈ കേസന്വേഷണം ഇപ്പോൾ അഹദിന്റെ ആവശ്യമായി തീർന്നിരിക്കുന്നു. മൊയ്ദീൻ മാഷിനോടും ഖദീജ ടീച്ചറോടുമുള്ള ആ കടമയെങ്കിലും തീർക്കണം. നല്ല മരണം കൊതിച്ചവർക്കു കഷ്ടതയുടെ ഈ ലോകം സമ്മാനിച്ച ദുരൂഹമരണത്തിന്റെ ചുരുളുകൾ അഴിച്ചേ മതിയാകൂ. പോലീസിന്റെ കണ്ണിൽ അതിനൊരു പരാതിക്കാരൻ ഉള്ളതാണെപ്പോഴും നല്ലത്. ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ ഉള്ളതുകൊണ്ട് അവർ പതിയെ എഴുന്നേറ്റു. താളത്തിൽ ഇതളുകൾ ആട്ടി തങ്ങളോടു വിട പറയുവാൻ ശ്രമിക്കുന്ന വെള്ള മന്ദാരപ്പൂക്കളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് അഹദും ദീപകും പടിയിറങ്ങി.

കേസന്വേഷണത്തിന്റെ ആദ്യത്തെ ദിവസം തന്നെ റിതേഷ് എന്തൊക്കെയോ ഒളിക്കുന്നതുപോലെ തോന്നിയതാണ്. ഇന്നിപ്പോൾ വാദിയിൽ നിന്നും പ്രതി എന്നതുവരെ എത്തിനിൽക്കുന്നു റിതേഷിന്റെ സ്ഥാനം. ഇന്നു പലരുടെയും ജീവിതം പണത്തിനും പ്രശസ്തിക്കും പുറകിലുള്ള ഒരു നെട്ടോട്ടം മാത്രമാകുന്നു. അതിൽ സത്യത്തിനും ധർമത്തിനും സ്ഥാനംമില്ല. അതിനുതടസ്സമായി നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുവാൻ യാതൊരു മടിയുമില്ല. നിയമത്തെയും നിയമപാലകരെയും വിലയ്ക്കുവാങ്ങുവാൻ കഴിഞ്ഞാൽ നീതിക്കെവിടെയാണ് സ്ഥാനം? ചിന്തകളുടെ വലയിൽപെട്ടുലയുന്ന ഇരുവരും അൽപനേരത്തേയ്ക്ക് മൗനം പാലിച്ചു.
ഇങ്ങോട്ട് വീണ്ടും വരേണ്ടിവരുമെന്നു അഹദിന്റെ മനസ്സ് മന്ത്രിച്ചു.

പോക്കറ്റിലെ വിറയലുകൾക്കുപുറകെ റിങ് ടോങ് ഉച്ചത്തിൽ കേട്ടുതുടങ്ങി- സുഹാന.""ഹലോ. സുഹാന, പറയൂ. ശ്രീജയെ വിളിച്ചോ?''
വിളിച്ചത് സുഹാന ആണെന്ന് അറിഞ്ഞപ്പോൾ ദീപക് നടത്തം നിർത്തി അഹദിനെ നോക്കി, പ്രതീക്ഷയോടെ. ""ശ്രീജയും ഡാൻസ് സ്‌കൂളിലെ ടീച്ചറും റിതേഷിന്റെ ഡ്രൈവർ വിഷ്ണുവും ഇന്നുതന്നെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്കെന്തെങ്കിലും വിവരങ്ങൾ കിട്ടിയോ?''""എല്ലാം പറയാം. നേരിട്ട്. സുഹാന ഓഫീസിലുണ്ടല്ലോ, അല്ലേ?''""ഞാൻ ഇവിടെ തന്നെ ഉണ്ട്. പിന്നെ മറ്റൊരു പ്രധാന കാര്യം പറയുവാനുണ്ട്. അല്പം മുൻപ് വിവേക് വിളിച്ചിരുന്നു. ആ രഹസ്യസന്ദേശത്തിന്റെ അർഥം അവൻ കണ്ടെത്തിയിരിക്കുന്നു. അത് റിതേഷുമായി ബന്ധപ്പെട്ടതാണ്.''
അഹദ് തരിച്ചുനിന്നു. ഫോണിലൂടെ സഞ്ചരിക്കുന്ന ആ ശബ്ദപ്രകമ്പനങ്ങളെ പൂർണമായി മനസ്സിലാക്കി എടുക്കുവാൻ അഹദിനു കുറച്ചുസമയം വേണ്ടിവന്നു . വിട്ടുപോയ കണ്ണികൾ കൂട്ടിയോജിപ്പിക്കുമ്പോൾ വലിയൊരു ചങ്ങല മുന്നിൽ തെളിയുന്നു. ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments