ചിത്രീകരണം: രാജേഷ് ചിറപ്പാട്.

ഏഴ്

ഗസ്റ്റ് 12
ബുധനാഴ്ച.

പ്രിയപ്പെട്ട ഡയറി, ഇത്ര തിരക്കേറിയ ദിവസങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെ വേണം പറയാൻ. ഓരോ മണിക്കൂറും ഒച്ചിനെ പോലെ അരിച്ചരിച്ചാണ് നീങ്ങിയത്. സാധാരണ ഗതിയിൽ പേടി, ഉത്കണ്ഠ, പിരിമുറുക്കം എന്നീ വികാരങ്ങൾങ്ങൾക്കൊപ്പമാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. എന്നാൽ എനിക്ക് ഇവയൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ, ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കുവാനുണ്ടായിരുന്നു. വിചാരിച്ച പകുതി മുക്കാൽ കാര്യവും നടന്നു എന്നത് ആശ്വാസകരമാണ്. ഓരോ കാര്യങ്ങളും കഴിഞ്ഞു വാച്ചിൽ നോക്കിയാലും അര മണിക്കൂറോ ഒരു മണിക്കോറോ പിന്നിട്ടിട്ടെ ഉണ്ടാവുകയുള്ളൂ. അതിനാലാവണം നീണ്ട ഒരു ദിവസമായി തോന്നിയത്. ഇത്രയേറെ കാര്യങ്ങളിൽ നിന്ന് ഒരു തുടക്കം കണ്ടു പിടിക്കുക പ്രയാസമാണ്. എങ്കിലും ഏറ്റവും അനുയോജ്യമായത് എന്നു കരുതുന്ന ഒരു കാര്യത്തിൽ നിന്നു തന്നെ തുടങ്ങട്ടെ. ഇന്നലെ വൈകുന്നേരം സംശയങ്ങൾ ഉളവാക്കുന്ന ചോദ്യം ചെയ്യലിനൊടുവിൽ ഞാനും ദീപകും റിതേഷിന്റെ വീട്ടിൽ നിന്നറങ്ങിയപ്പോഴാണ് സുഹാനയുടെ ആ ഫോൺ കോൾ വന്നത്. രണ്ടു ദിവസങ്ങൾ മുൻപ് ഓഫീസിലേക്ക് പോസ്റ്റൽ ആയി വന്ന ആ സന്ദേശം ഏറെ ചർച്ചാവിഷയമായിരുന്നു. രണ്ടു മൂന്നു കേസുകൾ തെളിയിച്ച ആത്മവിശ്വാസത്തിന്റെ പേരിൽ സന്ദേശത്തിനു വിശദീകരണങ്ങൾ കണ്ടെത്തുവാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും ദീപകിന്റെ ഷെർലെക്ക് ഹോംസ് സൂത്രങ്ങളും സുഹാനയുടെ എൻസൈക്ലോപീഡിയാ വിവരങ്ങളും എന്റെ കൂർമ്മ ബുദ്ധിയും അതിനെ എവിടേയും കൊണ്ടെത്തിച്ചില്ല. ഇത് ഫേയ്ക് ഒരു സന്ദേശമാകാം അന്ന നിഗമനത്തിൽ വരെ എത്തി. ഒരു പക്ഷേ, ഇത് ഞങ്ങളെ വഴി തിരിച്ചു വിടാൻ കൊലയാളിയുടെ പദ്ധതി ആയിരിക്കുമോ എന്നു പോലും ഞാൻ ചിന്തിച്ചു. ആരോടും പറഞ്ഞില്ലെങ്കിലും. എനിക്ക് അപ്പോൾ അങ്ങനെ തോന്നി.

ഒടുവിൽ ഞങ്ങൾ ഏകദേശം ശ്രമം ഉപേക്ഷിച്ച മട്ടായപ്പോഴാണ് സുഹാന അവളുടെ സ്‌കൂൾ സുഹൃത്തുക്കളിൽ ഒരാളായ വിവേകിനെക്കുറിച്ച് പറഞ്ഞത്. ഒരു മെക്കാനിക് ആയ അവനു വ്യത്യസ്ത സോഫ്റ്റ് വെയറുകൾ വെച്ച് സൂര്യനു താഴെ ഉള്ള എന്തും അന്വേഷിച്ചു കണ്ടു പിടിക്കുക എന്നതാണ് സൈഡ് ബിസിനെസ്സ്. അതവനു ഒരു ഹരമാണത്രേ. അവ ഉപയോഗിച്ച് ഫോൺ കോളുകൾ ടാപ്പ് ചെയ്യുക, സംശയം ഉള്ള ഒരാളെ പിന്തുടരുക, സ്‌കൂളിൽ പോയ കുട്ടികൾ എവിടെയാണെന്ന് ട്രാക്ക് ചെയ്യുക, ആൾ മാറാട്ടം, കളവ് ചെയ്യാൻ ഉപയോഗിച്ച പദ്ധതികൾ, കളവ് മുതൽ ഒളിപ്പിക്കുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ, എന്തിനു പറയാം, ഫേയ്ക് ആയി ചാറ്റ് ചെയ്യുന്ന ഒരാളെ പോലും പിടിക്കുവാൻ പറ്റുമെന്നാണവൻ സുഹാനയെ പറഞ്ഞു വിശ്വസിപ്പിക്കുവാൻ ശ്രമിച്ചത്. ഡിറ്റക്ടീവ് വിവേക് എന്നു സ്വയം വിശേഷിപ്പിക്കുന്ന അവന്റെ നീക്കങ്ങൾ എല്ലാം രഹസ്യമാണ്. പരസ്യമായ ബോഡുകളോ മറ്റോ ഇല്ല. ഇന്റെർനെറ്റിൽ നിന്നും, ചൈനയിൽ ജോലിയുടെ ആവശ്യത്തിനായി പോയി വരുന്ന ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നുമാണ് അവനിത് ഒപ്പിച്ചത്. അത് അനധികൃതമാണോ എന്നു തീർച്ചയില്ല. ഇപ്പോൾ ഈ ലോകത്ത് കിട്ടാത്തതായി ഒന്നുമില്ല. അതെവിടെ തിരയണമെന്ന് അറിയണമെന്ന് മാത്രം എന്നാണ് അവന്റെ ഭാഷ്യം. അത് ശരിയാണെന്ന് ഞാനും വിശ്വസിക്കുന്നു. അറിയുന്നതേ കണ്ണുകൾ കാണൂ എന്നതിന്റെ മറ്റൊരു പതിപ്പല്ലേ അത്? ഇതിനെല്ലാം നാട്ടിൽ നല്ല ഡിമാൻഡ് ആണെന്നാണ് അവൻ സുഹാനയോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ അവന്റെ നാട്ടിൽ അവനൊരു കുറ്റാന്വേഷകനായി വിലസുന്നു. പൂച്ചയേയോ കോഴിയെയോ കാണാതേ പോകുന്ന കേസുകളോ പരീക്ഷയിൽ കോപ്പി അടിക്കാനുള്ള സൂത്രങ്ങളോ അന്വേഷിച്ചു മാത്രമേ ഇതുവരെ ചെറുപ്പക്കാർ അവനെ സമീപിച്ചിടുള്ളൂ എന്നു മാത്രം. നമ്മുടെ ഏജൻസിയിൽ ഒരു ജോലി, അതായിരുന്നു അവന്റെ ആഗ്രഹം. എന്നാൽ , ഒരു ഏജൻസിയ്ക്ക് ഇത്തരമൊരാളെ ജോലിക്കു വെക്കാൻ പ്രയാസം ആണെന്നും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തീർച്ചയായും വിളിക്കാം എന്നു പറഞ്ഞുമാണ് സുഹാന അയാളെ ഒഴിവാക്കിയത്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ അല്ലറ ചില്ലറ തരികിട പരിപാടികൾ ആയി നടന്നിരുന്ന വിവേകിനെ കുറിച്ചു സുഹാനയ്ക്ക് തന്നെ അത്ര അഭിപ്രായം ഉണ്ടായിരുന്നില്ല. പിന്നെയൊരു പരീക്ഷണം എന്ന നിലയിലാണ് അവനീ സന്ദേശം അയച്ചു കൊടുക്കുന്നത്. പോയാലൊരു വാക്കല്ലേ? എന്നു ഞങ്ങൾ ചിന്തിക്കുകയും ചെയ്തു. പക്ഷേ, അവൻ ഞങ്ങളെ ഞെട്ടിപ്പിച്ചു കളഞ്ഞു. പറഞ്ഞാൽ നീ വിശ്വസിക്കില്ല. ചോദിച്ചപ്പോൾ ""മെസേജ് അനലയിസർ'' എന്നു പറഞ്ഞ ഒരു സോഫ്റ്റുവെയർ തന്റെ കയ്യിലുണ്ട് . അത് വെച്ചാണ് താൻ ഇത് കണ്ടെത്തിയത് എന്നാണവൻ പറഞ്ഞത്. സോഫ്റ്റുവെയറിന്റെ പേർ അടക്കം ഞങ്ങൾക്കു പറഞ്ഞു തന്ന അവൻ എജൻസിയിൽ ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചിരിക്കാൻ സാധ്യതയില്ലെന്ന് എനിക്കു തോന്നി. എന്നാലവനെ ഏറ്റെടുത്താൽ ഉണ്ടാകുന്ന നൂലാമാലകൾ ചെറുതല്ലെന്ന് എനിക്കു ഓഹിക്കാം. അതിനാൽ ഞാൻ അത് തത്ക്കാലം പ്രോത്സാഹിപ്പിച്ചില്ല. വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ ഇടരുത് എന്ന പഴഞ്ചൊല്ല് സത്യം ആകുന്നിടത്തോളം ഞാൻ അതിനു മുതിരാൻ സാധ്യത കുറവാണ്. എന്നാലും അവന്റെ കഴിവിനെക്കുറിച്ച് എനിക്കു പ്രകീർത്തിക്കാതിരിക്കുവാൻ വയ്യ. മൂന്നു ഡിറ്റക്ടീവുകൾ തല കുത്തി മറിഞ്ഞിട്ടും കണ്ടെത്താനാകാത്ത ഒരു കാര്യം എത്ര ചെറിയ സമയം കൊണ്ടാണവൻ കണ്ടെത്തിയത്. പക്ഷേ, മുഴുവൻ ക്രെഡിറ്റും അവനു നൽകാൻ പറ്റില്ല. ദീപകിന്റെയും സുഹാനയുടെയും ബുദ്ധിപൂർവ്വമായ ഇടപെടലുകൾ കൊണ്ടാണ് അവനിത് കണ്ടു പിടിക്കുവാൻ കഴിഞ്ഞത്. ഫോൺ എന്നത് ഇപ്പോൾ ഒരു കമ്പ്യൂട്ടർ പോലെ ആയി തുടങ്ങിയിരിക്കുന്നു. ഫോണിൽ ഇന്റെർനെറ്റിന്റെ വരവോടെ ലോകം വളരെ ചെറുതും. അത് ദുരുപയോഗം ചെയ്യുന്നവരും ബുദ്ധിപരമായി വിനിയോഗിക്കുന്നവരും ഉണ്ട്. ഇതൊന്നും അറിയാതെ മറ്റൊരു ലോകത്തു ജീവിക്കുന്നവരും ഉണ്ട്. ദീപകിനു ഫോൺ എന്നാൽ ഇപ്പോൾ എല്ലാം ആണ്. അതില്ലെങ്കിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. വിനോദത്തിനും ജോലി ചെയ്യുവാനും കുറ്റാന്വേഷണത്തിന്റെ വിശദാംശങ്ങൾ സൂക്ഷിക്കുവാനും എന്തിനു ഒരു പ്രധാന മീറ്റിങ്ങിനെ കുറിച്ച് ഓർമ്മിപ്പിക്കുവാൻ പോലും ഫോൺ വേണം. കാലം മാറുന്നതിനു അനുസരിച്ചു കോലവും മാറണം എന്നാണല്ലോ. റിതേഷിനു ചൈനയിലും സ്‌പെയിനിലും ബിസിനസ് ഉണ്ട് എന്നതാണ് ദീപക് സുഹാനയ്ക്കു നൽകിയ വിവരം. അത് സുഹാന വിവേകിനെ അറിയിച്ചു. ചൈന എന്നു കേട്ടപ്പോൾ തന്നെ അവനു കാര്യം പിടികിട്ടി. കാരണം അനവധി ചൈനീസ് സോഫ്റ്റുവെയറുകൾ അവന്റെ കയ്യിലുണ്ട്. ചൈനീസ് മാർക്കറ്റിൽ പിടിച്ചു നിൽക്കുവാൻ ചൈനീസ് വായിക്കുവാനും എഴുതുവാനും അവൻ ഇതിനിടയിൽ പഠിച്ചു. അങ്ങനെ ആണു തിരിച്ചിടുന്ന ചോദ്യ ചിഹ്നങ്ങളെ കുറിച്ചു അവൻ അറിയാൻ ഇടയായത്. വിവേക് കയ്യിലുണ്ടായിരുന്ന കാർഡ് തല കുത്തനെ പിടിച്ചു നോക്കി. വീടെന്നു തെറ്റിദ്ധരിച്ച ആ ചിത്രം ഇപ്പോൾ ഒരു ആളെ പോലുണ്ട്. അവൻ ഉടനെ ആ വിവരം സുഹാനയെ അറിയിച്ചു. കൂടാതെ, തല തിരിച്ചു പിടിച്ചപ്പോൾ കൊറിയൻ ഭാഷയിൽ എഴുതിയിരുന്ന സന്ദേശം അവനു എളുപ്പത്തിൽ കണ്ടു പിടിക്കുവൻ കഴിഞ്ഞു. Guess me എന്നായിരുന്നു അതിന്റെ ഇംഗ്ലിഷ് തർജ്ജമ. അതും അവൻ സുഹാനയെ വിളിച്ചറിയിച്ചു. സുഹാനയ്ക്ക് മുമ്പിൽ തെളിഞ്ഞ ആ മനുഷ്യന്റെ ചിത്രം അവൾ പലരുടെ ഫോട്ടോയുമായി ഒത്തു നോക്കി. നിപുൺ , വിക്കി , മൊയ്ദീൻ മാഷ് എന്നിവരുമായി അതിനു പറയത്തക്ക സാദൃശ്യം ഒന്നും ഉണ്ടായിരുന്നില്ല. വീടിന്റെ മേൽക്കൂര താടി പോലെ തോന്നുന്നത് കൊണ്ട് ഗംഗയെയും ഖദീജ ടീച്ചറെയും സുഹാന ലിസ്റ്റിൽ നിന്നും ഒഴിവാക്കി. പിന്നെയാണവൾ റിതേഷിനെ കുറിച്ചു ഓർക്കുന്നത്. താടിയും നെറ്റിയിൽ കറുത്ത വലിയ മറുകും ഉള്ള അയാളുടെ ചിത്രമാണതെന്നു അവൾക്കു തോന്നിക്കാണണം. സുഹാന ഉടനെ അതു എന്നെ വിളിച്ചറിയിച്ചു. റിതേഷിന്റെ വീട്ടിലെ ഗംഗയുടെ ത്രികോണ ആകൃതിയിലുള്ള മുറി ആയിരുന്നു എന്റെ മനസ്സ് നിറയെ. അതിന്റെ പ്രത്യേക തരത്തിലുള്ള ഘടന എന്നിൽ നിന്നും മാഞ്ഞു പോകുന്നേ ഉണ്ടായിരുന്നില്ല. ഓഫിസിൽ എത്തി ആ ചിത്രം കണ്ടപ്പോൾ എനിക്കാദ്യം ഓർമ്മ വന്നത് അതാണ്. അത് ശരി ആയിരുന്നു. അതിനു അങ്ങനെ ഒരു അർത്ഥം കൂടി ഉണ്ടായിരുന്നു. പൂന്തോട്ടത്തിലെ മന്ദാരപ്പൂ വരെ അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് എല്ലാം റിതേഷിന്റെ കളികൾ ആണെന്ന് ഞങ്ങൾക്ക് അപ്പോൾ പിടി കിട്ടി. അയാളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങൾ, തണുത്ത മട്ടിലുള്ള ഉത്തരങ്ങൾ, നിരാശ രോഗത്തിനു കഴിക്കുന്ന മരുന്നുകൾ-എല്ലാത്തിലും എന്തോ ദുരൂഹത ഒളിച്ചിരിക്കുന്നത് പോലെ. വ്യക്തത കിട്ടുവാനായി ഞങ്ങൾ കൂടുതൽ അന്വേഷണങ്ങൾ നടത്താൻ തന്നെ തീരുമാനിച്ചു. എത്രയും പെട്ടന്ന്. അങ്ങനെ അയാളുടെ ഓർക്കൂട്ട് അക്കൗണ്ടുകൾ സെർച്ച് ചെയ്തു. അതിൽ ഒന്നിൽ ഗംഗയുടെ നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അവരുടെ സന്തോഷകരമായ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത താളുകൾ ആയിരുന്നു എല്ലാം. വാലന്റൈൻസ് ദിനങ്ങളും പിറന്നാളുകളും യാത്രകളും എന്തിനു സാധാരണ ദിവസങ്ങൾ പോലും ആഘോഷപൂർവ്വം കൊണ്ടാടിയിരുന്ന സ്‌നേഹസമ്പന്നരായ ഭാര്യാ ഭർത്താക്കന്മാർ. കുട്ടികളുടെ ഫോട്ടോകൾ വളരെ വിരളമായിരുന്നു. മിക്ക പാർട്ടികളിലും ഗംഗയും റിതേഷും മാത്രമേ ഉണ്ടായിരുന്നുള്ളു. സിനിമാ താരങ്ങളുടെ കൂടെയുള്ള ഒന്നു രണ്ടു ചിത്രങ്ങളും അതിലുണ്ട്. ഇതിൽ നിന്നും എന്തു മനസ്സിലാക്കാം എന്നതു മാത്രം ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു .ഗംഗയുടെ ഡയറി വിശ്വസിക്കണമോ റിതേഷിന്റെ ഓർകൂട്ട് വിശ്വസിക്കണമോ എന്നു ഞങ്ങൾ ആശയക്കുഴപ്പത്തിലായി. ശ്രീജയെ കണ്ടു മുട്ടുന്നത് വരെ.

ഇന്നു വൈകുന്നേരമാണ് ശ്രീജ കാണാം എന്നു ഉറപ്പു തന്നിരുന്നത്, അവളുടെ വീടിനു അടുത്തതുള്ള ഒരു കഫേയിൽ. പറഞ്ഞുറപ്പിച്ചതു പോലെ കൃത്യം നാലരയ്ക്കു ഞങ്ങൾ ഷോപ്പിലെ സോഫ സീറ്റിൽ സ്ഥാനം പിടിച്ചു. രണ്ടു ആണുങ്ങളുടെ സാന്നിധ്യം ശ്രീജയിൽ ഡിസ്‌കംഫേർട്ട് ഉണ്ടാക്കുമോ എന്നു പേടിച്ചു ദീപക് കാറിൽ കാത്തിരിക്കാം എന്നു തീരുമാനിച്ചു. പക്ഷെ, പ്രതീക്ഷിച്ചതിനു വിപരീതമായിരുന്നു ശ്രീജ. വളരെ ഏറെ സംസാരിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി. ഞാൻ ഉണ്ടായത് കൊണ്ട് അവൾക്കു കാണാനോ സംസാരിക്കാനോ ചമ്മൽ ഉണ്ടെന്ന് തോന്നിയില്ല. തന്നെയുമല്ല, കഫേയിൽ ഉള്ള ഒട്ടുമിക്ക ജോലിക്കാരെയും ശ്രീജയ്ക്ക് വളരെ നാളത്തെ പരിചയമുള്ളത് പോലെ തോന്നി.

ഗംഗയെക്കുറിച്ച് ചോദിച്ചപ്പോൾ അവളുടെ മുഖം ആകെ മാറി. കരച്ചിലിന്റെ വക്കിൽ എത്തിയ അവളെ സുഹാന സമാധാനിപ്പിച്ചു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു തുടങ്ങി . അഹദ് തന്റെ മൊബൈൽ ഫോണിലെ റിക്കോർഡ് ചെയ്ത ഫയലിലെ പ്ലേ ബട്ടൺ അമർത്തി. അതിൽ നിന്നും കുട്ടിത്തം വിട്ടുമാറാത്ത, കാതിൽ തുളച്ച് കയറുന്ന ഒരു ശബ്ദം പുറത്തു വന്നു.

""എനിക്കു എന്റെ സ്വന്തം ചേച്ചിയെ പോലെ ആയിരുന്നു ഗംഗേച്ചി. ഞാൻ എല്ലാ കാര്യങ്ങളും ചേച്ചിയോട് പറയുമായിരുന്നു. ചേച്ചി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാൻ എട്ട് കൊല്ലമായി അവിടെ ജോലി ചെയ്യുന്നു. ജോലി ചെയ്യുന്നത് പോലെ എനിക്കു തോന്നിയിട്ടില്ല. ആ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ ആയിരുന്നു. കുട്ടികൾക്കും എന്നെ വലിയ ഇഷ്ടമായിരുന്നു. ശ്രീജേച്ചി വേണം ഭക്ഷണം കഴിക്കണമെങ്കിലും സ്‌കൂളിൽ പോകാൻ ഒരുങ്ങണമെങ്കിലും. തലേ ദിവസം പോലും ചേച്ചി എന്നെ വിളിച്ചിട്ടു പറഞ്ഞതാണ് വിനുവും മീരയും എന്നെ ചോദിക്കുന്നുവെന്നും പിറ്റേ ദിവസം എന്തായാലും വരണം എന്നും. അത് കൊണ്ടാണ് ഞാൻ വീട്ടിൽ വിരുന്നുകാർ ഉണ്ടായിട്ടു കൂടി അന്ന് പോയത്. ഗൾഫിൽ നിന്നു എന്റെ അമ്മായീടെ മോളും ഭർത്താവും വന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ചെറുപ്പം മുതലേ നല്ല സുഹൃത്തുക്കൾ ആയിരുന്നു. പിന്നെ അവൾ ഗൾഫിൽ പോയപ്പോൾ അതെല്ലാം പോയി. എന്നാലും അവൾ ...''""എന്നിട്ട്, ഗംഗ മരിക്കുന്ന ദിവസം നിങ്ങൾ ആ വീട്ടിൽ പോയിരുന്നോ?'' വേഗത്തിൽ ഓടിക്കൊണ്ടിരുന്ന ഒരു ട്രെയിനിന്റെ ചങ്ങല വലിക്കുന്നത് പോലെ സുഹാന ഒരു ശ്രമം നടത്തി നോക്കി. വിഷയത്തിൽ നിന്നും അവൾ തെന്നി മാറി പോകുമ്പോൾ വേറെ മാർഗ്ഗം ഒന്നും ഇല്ലായിരുന്നു. ഒഴുക്ക് വിട്ടു പോയതിന്റെ ആ മ്ലാനത പുറത്തു കാണിക്കാതെ അവൾ പിന്നേയും തുടർന്നു,""അന്ന് ഞാൻ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എന്നാലും എന്റെ ചേച്ചി ... എനിക്കു വിശ്വസിക്കുവാൻ കഴിഞ്ഞില്ല.''""ഗംഗ ആത്മഹത്യ ചെയ്യാനുള്ള വല്ല സാധ്യതയും?'' അതിനു ശേഷം കുറച്ചു നേരത്തേക്ക് ആരും സംസാരിക്കുന്ന ശബ്ദം ഇല്ല. തൊട്ടടുത്തെ മേശയിൽ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ ഇടയ്ക്കുള്ള "that's mine', "no' എന്നീ ചില വാക്കുകളും അവ്യക്തമായ മറ്റ് ചില സംഭാഷണങ്ങളും ഒഴിച്ചാൽ മറ്റൊരു ശബ്ദവും ഇല്ല. എന്തായിരിക്കും ശ്രീജ മനസ്സിൽ അപ്പോൾ ചിന്തിച്ചിട്ടുണ്ടാവുക എന്നു ഒരു പിടിയും കിട്ടുന്നില്ല. മനസ്സ് എന്നത് അതീവ സങ്കീർണ്ണമായ ഒന്നാണല്ലോ. അനുവാദം ഇല്ലാതെ മറ്റാർക്കും പ്രവേശിക്കുവാൻ കഴിയാത്ത ഒന്ന്. വാക്കുകളുടെ താക്കോൽ ഇല്ലെങ്കിൽ അതിന്റെ പൂട്ട് പൊളിക്കുവാൻ ആർക്കും സാധിക്കുകയില്ല. ""അങ്ങനെ വല്ലതും ഗംഗ പറഞ്ഞിരുന്നോ? ആരെയും പേടിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ?'' ""പേടി ഒന്നും ഇല്ല. അതെല്ലാം പറയണോ എന്നു ഒരു സംശയം.''""ശ്രീജ പറയുന്ന കാര്യങ്ങൾ കേസ് തെളിയാൻ ഉപകാരപ്പെട്ടാലോ? അങ്ങനെ ഒന്നു ചിന്തിച്ച് നോക്കിക്കേ.''""ചേച്ചിയും സാറും തമ്മിൽ ചിലപ്പോൾ വഴക്കുകൾ ഉണ്ടാകാറുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ തീരുകയും ചെയ്യും. എന്നാൽ മരിക്കുന്നതിനു ഏകദേശം ഒരു മാസം മുൻപ് അവർ തമ്മിൽ പിണങ്ങി. പിന്നെ ഒന്നു രണ്ടു ആഴ്ചയോളം മിണ്ടിയില്ല.'' ""അതെങ്ങനെ കൃത്യമായി ശ്രീജയ്ക്ക് അറിയാം?''""എല്ലാ ഓണത്തിനും ചേച്ചി എനിക്കു ചുരിദാർ വാങ്ങി തരാറുണ്ട്. എന്നാൽ ഇത്തവണ ഷോപ്പിംഗിനു പോകുന്നതിനെ ചൊല്ലിയാണ് ആ വഴക്കു തുടങ്ങിയത്. ഞാൻ അടുക്കളയിൽ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുമ്പോൽ ആയിരുന്നു അത്. ഹാളിൽ നിന്നു ഉറക്കെ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നതു കേട്ടു. പിന്നെ അന്ന് ചേച്ചി വിഷമത്തിൽ ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ചേച്ചി എന്തു ചോദിച്ചാലും സാർ കടിച്ചു കീറുന്നത് പോലെ എന്തെങ്കിലും പറയുന്നതു കേൾക്കാം . ചിലപ്പോൾ വെറുതെ എന്തെങ്കിലും കാരണം ഉണ്ടാക്കി ചേച്ചിയോട് ചൂടാകും. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ , ചേച്ചി എന്നോടു സങ്കടം പറഞ്ഞു, രണ്ടു ആഴ്ച ആയി ചേച്ചി തീ തിന്നുകയാണെന്ന്. ശരി ആണെന്ന് എനക്കും തോന്നി. ഒരു വീട്ടിൽ രണ്ടു പേർ ഇങ്ങനെ ശത്രുക്കൾ ആയി കഴിയുന്നതിൽ വല്ല അർഥവും ഉണ്ടോ? ഞാൻ എല്ലാം ശെരിയാകും എന്നു പറഞ്ഞു ചേച്ചിയെ സമാധാനിപ്പിച്ചു. അന്ന് വൈകുന്നേരം സർ എനിക്കു ഒരു ചുരിദാർ കൊണ്ട് വന്നു തന്നു. ഗംഗ തരാൻ പറഞ്ഞതാണെന്നും ഓൺലൈൻ ആയി വാങ്ങിയതാണെന്നും പറഞ്ഞു. പക്ഷേ, അത് ചേച്ചി അറിഞ്ഞിട്ടു തന്നെ ഉണ്ടായിരുന്നില്ല എന്നു പിറ്റേ ദിവസം എനിക്കു മനസ്സിലായി. സർ ചുരിദാർ കൊണ്ട് തന്നു, നല്ലതാണെന്നു പറഞ്ഞപ്പോൾ പകച്ചു നിന്ന ആ മുഖം എന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. അത് ഞാൻ തിരിച്ചു നാൽകാമെന്ന് പറഞ്ഞതാണ്. ചേച്ചിയാണ് പറഞ്ഞത് അത് എടുത്തോളാൻ.''
""റിതേഷിന്റെ ഭാഗത്തു നിന്നും തെറ്റായ വല്ല പെരുമാറ്റങ്ങളും ഉണ്ടായിട്ടുണ്ടോ?''""ഉം..ഉണ്ട് മാഡം. ചേച്ചി ഉള്ളപ്പോൾ സർ മാന്യനാണ്. എന്നാൽ , ചേച്ചി പോയി കഴിഞ്ഞാൽ ചായ, ബിസ്‌കറ്റ് എന്നിങ്ങനെ ഓരോ കാര്യവും പറഞ്ഞു എന്നെ വിളിച്ച് കൊണ്ടിരിക്കും. കൂട്ടത്തിൽ പഞ്ചാര വർത്തമാനങ്ങളും. സാറിന്റെ സ്വഭാവം ചേച്ചിക്കും കുറെ അറിയാവുന്നതാണ്. ചേച്ചി അത് പറഞ്ഞു കരയാറുണ്ടായിരുന്നു.''""അവർ പാർട്ടികൾക്കു പോകുമ്പോൾ കുട്ടികളെ ശ്രീജയെ ഏൽപ്പിക്കാറുണ്ടോ?''""എയ്, അങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ല. സർ അങ്ങനെ വല്ലതും പറഞ്ഞോ?''""എയ്, ചോദിച്ചതാണ്.''""കുട്ടികൾ ഇല്ലാതെ മാഡം എവിടെയും പോകാറുണ്ടായിരുന്നില്ല. അവരെ അത്രയ്ക്ക് കാര്യമായാണ് നോക്കിയിരുന്നത്. പിന്നെ ചില മീറ്റിങ്ങുകൾക്കു പോകുമ്പോൾ സാറിനെ തന്നെ ഏല്പിച്ചിട്ടു പോകും.''""അപ്പോൾ പിന്നെ, കുട്ടികളെ റിതേഷിന്റെ പെങ്ങളെ ഏൽപ്പിക്കാറുണ്ടാകുമല്ലേ?''""പെങ്ങളോ? അതിനു സാറിനു പെങ്ങൾ ഇല്ലല്ലോ. ഒരു അനിയൻ മാത്രമല്ലേ ഉള്ളൂ?'' ഉറപ്പിനായി ശ്രീജ സുഹാനയുടെ മുഖത്തേക്ക് നോക്കി. പിന്നെ, റിതേഷ് എന്താണ് അങ്ങനെ എല്ലാം പറഞ്ഞത് എന്നു മനസ്സിലായില്ലെങ്കിലും ചോദ്യങ്ങളുടെ ഒഴുക്ക് നഷ്ട്‌പ്പെടുത്താതെ സുഹാന തുടർന്നു ,""ഗംഗ തന്റെ മുറിയിൽ കുറെ സമയം ചിലവഴിക്കുമായിരുന്നോ?''

""ഒറ്റയ്ക്കുള്ളപ്പോൾ അവിടെ തന്നെ ആയിരുന്നു. ആ മുറി വൃത്തി ആക്കാറുള്ളതും ചേച്ചി തന്നെ ആയിരുന്നു. മറ്റ് സ്ഥലങ്ങൾ വൃത്തിയാക്കുമ്പോൾ ആ മുറി കൂടി വൃത്തിയാക്കട്ടെ എന്നു ഞാൻ ആദ്യമൊക്കെ ചോദിക്കാറുണ്ടായിരുന്നു. കുറച്ചു കൂടി ജോലിയുണ്ട്. പിന്നെ ആകട്ടെ എന്നു എപ്പോഴും പറയും. പിന്നെ പോകുമ്പോൾ അതെല്ലാം കണ്ണാടി പോലെ തിളങ്ങുന്നുണ്ടാവും. ആ വീട്ടിലെ ഏറ്റവും ഭംഗിയുള്ള മുറി ആണത്. കുട്ടികൾക്കു കൂടി അങ്ങനെ ഒരു മുറി ഉണ്ടാക്കണം എന്നു ചേച്ചി ഇടയ്ക്കു പറയുമായിരുന്നു. ''""റിതേഷ് എന്തെങ്കിലും ഗുളികകൾ കഴിച്ചിരുന്നതായി അറിയാമോ?' ""അതിനെക്കുറിച്ചൊന്നും പറഞ്ഞു കേട്ടിട്ടില്ല.'' ""റിതേഷ് എപ്പോഴും ദേഷ്യത്തിൽ തന്നെ ആയിരുന്നോ?''""മിക്കപ്പോഴും. ചില ദിവസങ്ങളിൽ ശബ്ദം ഒന്നും കേൾക്കാറില്ല. അന്ന് ഉറക്കം ആണെന്നാണ് ചേച്ചി പറഞ്ഞിട്ടുള്ളത്. ''പിന്നെ ചില പ്ലെയിറ്റുകളുടെ ശബ്ദങ്ങൾ മാത്രമേ കേൾക്കുന്നുള്ളൂ. വെയിറ്റർ കേക്കും കോഫിയും കൊണ്ട് വന്നു വെച്ചതാണെന്ന് പിന്നീടാണ് ഓർത്തത്. ""ഇപ്പോൾ തിരക്കാണോ? ഇങ്ങോട്ടോണും കാണാറില്ലല്ലോ ?''""ഞാൻ വരാറുണ്ട്. നീ എന്നും ലീവ് ആണെന്ന് ഗോപി പറയും.'' ""അമ്മയ്ക്ക് സുഖമില്ലായിരുന്നു...''അഹദിന്റെ കൈ വീരലുകൾ നീണ്ട വരയിലെ വെള്ള ബിന്ദുവിനേ പിടിച്ച് വലിച്ചു. കുറച്ചു നേരം വെയിറ്ററും ശ്രീജയും തമ്മിൽ ഉണ്ടായ സംഭാഷണങ്ങൾ ആണ്. അതിൽ നിന്നോടു പറയത്തക്കതായി ഒന്നും ഇല്ല. ""റിതേഷ് മദ്യപിച്ചു കണ്ടിട്ടുണ്ടോ?'""ഞാൻ കണ്ടിട്ടില്ല. ഇടയ്ക്കു മദ്യപിക്കാറുണ്ടെന്ന് തോന്നിയിട്ടുണ്ട്. ' ""അതെങ്ങനെ അറിയാം? ഗംഗ പറഞ്ഞതാണോ?''""അല്ല, തലേ ദിവസം മദ്യപിച്ചു ഒച്ചയും ബഹളവും ആയിരുന്നു എന്നു ഒരു ദിവസം ശാന്ത ചേച്ചി എന്നോടു പറഞ്ഞിരുന്നു.''""ആരാണ് ശാന്ത ചേച്ചി?'""ഗംഗ ചേച്ചിയുടെ അയൽവാസിയാണ്.'' ""ഗംഗയുടെ സുഹൃത്തുക്കളേ ആരെ എങ്കിലും അറിയാമോ?''""ഹൃദ്യയെ കുറിച്ചു എപ്പോഴും പറയുന്നതു കേൾക്കാം . ഒരു ദിവസം അവർ വീട്ടിൽ വരുമെന്നു പറഞ്ഞു വിഭവ സമൃദ്ധമായ ഭക്ഷണം എല്ലാം ഒരുക്കിയിരുന്നു. പിന്നെ അവർ വരില്ലെന്ന് വിളിച്ച് പറഞ്ഞു.''""അവരെ ശ്രീജ കണ്ടിട്ടുണ്ടോ? അവരെ കുറിച്ചു മറ്റെന്തെങ്കിലും അറിയാമോ?'' ""ഹൃദ്യയാണിങ്ങനെ ചെയ്യാൻ പറഞ്ഞത്, അവൾക്കു എന്നെക്കാൾ സെലെക്ഷൻ അറിയാം, ഹൃദ്യ തന്നതാണു ഇത്.. എന്നിങ്ങനെ ചേച്ചി പറയുമായിരുന്നു. അല്ലാതെ മറ്റ് വിവരങ്ങളൊന്നും എനിക്കറിയില്ല.''""അവരുടെ വീടോ മറ്റോ എവിടെയാണെന്ന് അറിയുമോ?'' ""കണ്ണൂർ ആണെന്ന് തോന്നുന്നു. അതോ കോട്ടയമോ? എനിക്കു രണ്ടു സ്ഥലങ്ങളും പണ്ടേ മാറി പോകും.''
വലത്തെ കൈ പ്രത്യേക രീതിയിൽ വിറപ്പിച്ചു കണ്ണുകൾ വിടർത്തി കൊണ്ട് ശ്രീജ സുഹാനയുടെ മുഖത്തേക്ക് നോക്കി. താൻ പറഞ്ഞത് വലിയൊരു മണ്ടത്തരം ആണെന്ന് അവൾക്കു തന്നെ അറിയാമായിരുന്നു. സുഹാനയുടെ മുഖത്തെ ചെറു പുഞ്ചിരി അവളെ ആശ്വസിപ്പിച്ചു കാണണം.
""ശ്രീജ ഇനി വരുന്നില്ലെന്ന് പറഞ്ഞോ, റിതേഷിനോട്?''""ഗംഗ ചേച്ചി ഇല്ലാത്ത വീട്ടിൽ ...എനിക്കു പറ്റില്ല. അന്ന് ചേച്ചിയുടെ ശബ്ദം ഞാൻ അവസാനമായി കേൾക്കുകയാണെന്നു എനിക്കു അറിയില്ലായിരുന്നു. എല്ലാ ദിവസവും കാണുന്ന ഒരാൾ പെട്ടന്നു അങ്ങ് ഇല്ലാതെ ആകുമ്പോൾ... എനിക്കത് സഹിക്കാൻ പറ്റുന്നില്ല. ആ കുട്ടികളെ കാണണം എന്നുണ്ട്. പിന്നീട് ഒരിക്കൽ ആകട്ടെ.'' ശ്രീജ പൊട്ടിക്കരഞ്ഞു, ഒരു ചെറിയ കുട്ടിയെ പോലെ. ""എന്നാൽ ശെരി. കാണാം. '' കരച്ചിൽ ഒന്നു അടങ്ങിയപ്പോൾ സുഹാന പറഞ്ഞു.
മരണം...അത് മനുഷ്യനിൽ സൃഷ്ടിക്കുന്ന വികാരങ്ങൾ പലതാണ്. ചിലപ്പോളത് നമ്മെ ദുഖത്തിൽ ആഴ്ത്തും, മറ്റ് ചിലപ്പോൾ പ്രിയപ്പെട്ടവരെ രക്ഷിക്കുവാൻ കഴിയാത്തതിന്റെ നിരാശയിൽ നിന്നു നീറും. ചിലരെ അതു വല്ലാതെ ഒറ്റപ്പെടുത്തും. അപൂർവ്വം ചിലർക്കത് കാലം മായ്ച്ചു കളയാത്ത ഒന്നായി അവശേഷിക്കും. നിത്യ ജീവിതത്തിൽ ഭാഗമായിരുന്ന ഒരാളെ പെട്ടന്നു ആ അദൃശ്യ ശക്തി കൊണ്ടു പോകുമ്പോളുണ്ടാകുന്ന ശൂന്യത ചെറുതല്ല.

ഇതോടെ റിക്കോർഡിങ് അവസാനിച്ചു. ആ ശബ്ദ ശകലങ്ങളിൽ പലതും അഹദിന്റെ മനസ്സിൽ വീണ്ടും അലയടിച്ചു. വ്യക്തത വേണം എന്നു തോന്നുന്ന ചില ഭാഗങ്ങൾക്കു അഹദ് വീണ്ടും ചെവിയോർത്തു. റിതേഷ് എന്ന ബിസിനസ്സുകാരനു ഈ കേസിൽ ഞങ്ങൾ കണ്ടെത്തിയ പങ്കു ചെറുതല്ല. അയാളുടെ ബിസിനെസ്സ് എന്ന കൂടാരത്തിനുള്ളിൽ മാജിക് മഷ്രൂം പോലെ മറ്റെന്തൊക്കെയോ ഒളിച്ചിരിപ്പുണ്ട് എന്നു ഞങ്ങൾക്ക് തോന്നി. ഈ സംശയങ്ങളെ എല്ലാം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു റിതേഷിന്റെ ഇന്നത്തെ പെരുമാറ്റ രീതികൾ. വാദിയെ സംശയിക്കില്ല എന്ന ഉദ്ദേശത്തോട് കൂടിയാക്കണം അയാൾ കേസ് അന്വേഷിക്കുവാൻ ഞങ്ങളെ സമീപിച്ചത് എന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നാൽ, തെളിവുകൾ ആണല്ലോ ഒരു കേസിന്റെ നെടുന്തൂൺ. അതില്ലാതെ മുന്നോട്ടു പോകാൻ പറ്റില്ല എന്ന് ഞങ്ങൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെയാണ് എത്ര ക്ഷീണിതരാണെങ്കിലും അന്ന് തന്നെ പറഞ്ഞുറപ്പിച്ചത് പോലെ ഡ്രൈവർ വിഷ്ണുവിനെ കാണാം എന്നു തീരുമാനിച്ചത്. അത് എത്ര നന്നായി എന്നു എനിക്ക് പിന്നെ തോന്നി. അല്ലെങ്കിൽ കുറ്റവാളി റിതേഷ് തന്നെ എന്നു ഉറപ്പിക്കുവാൻ ഞങ്ങൾക്കു ആകില്ലായിരുന്നു. പകൽ സമയങ്ങളിൽ കേൾക്കാറുള്ള ഡ്രില്ലിന്റെയോ ടൈൽസ് കട്ടറിന്റെയോ ശബ്ദം രാത്രി ഇല്ല എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. തൊട്ടടുത്തു തന്നെ ഒരു കൂറ്റൻ ഫ്‌ലാറ്റ് സമുച്ചയം വരുന്നുണ്ട്. അതിന്റെ ശബ്ദ കോലാഹലങ്ങളാണ് അഹദിനെ ചിലപ്പോൾ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താറ്. സുബഹി നിസ്‌കരിച്ചു കഴിഞ്ഞാൽ കുറച്ചു നേരം കൂടി ഒന്നു വിശ്രമിക്കാം എന്നു വിചാരിച്ചു കിടക്കും. ഒരു മണിക്കൂറിനകം തുടങ്ങുകയായി. ആദ്യം അരോചകമായി തോന്നിയ ശബ്ദം പിന്നെ പശ്ചാത്തലത്തിൽ ഒതുങ്ങി നിൽക്കും. അതിനെ ശ്രദ്ധിക്കാതിരിക്കുവാൻ ചെവി പഠിക്കുന്നത് പോലെ തോന്നും. തീരാത്ത പ്രശ്‌നങ്ങളോടൊപ്പം ജീവിക്കുവാൻ മനസ്സ് പരിശീലിക്കുന്നത് പോലെ. ഇപ്പോൾ രാവിലെ പിന്നെ ഉറങ്ങാൻ കിടക്കുമ്പോൾ അലാറം വെക്കാറില്ല. വീട് പണിക്കാർ ജോലി തുടങ്ങുന്ന സമയം , അതാണ് കണക്കു. അവർ എത്ര പെട്ടന്നാണ് ഇത്ര വലിയ ഒരു കെട്ടിടം പണിത് എടുത്തത് എന്നു അഹദ് അത്ഭുതപ്പെടാറുണ്ട്. പലതുള്ളി പെരുവെള്ളം എന്നു പറഞ്ഞത് പോലെ അവർ എത്ര ക്ഷമയോടെയാണ്​ ഓരോ ദിവസവും കൃത്യ സമയത്ത് അഞ്ചാറു മണിക്കൂർ പണി എടുക്കുന്നത് എന്നു അഹദ് ചിന്തിക്കാറുണ്ട്. ഏത് ബാലികേറാ മലയും താണ്ടാൻ കഴിയും എന്ന വിശ്വാസം അവിടെ നിന്നാൽ കൈ വരും. വിഷ്ണുവിന്റെ വീട്ടിൽ പോയി ഞങ്ങൾ അവനെ കണ്ടു. ഒരു കൊച്ചു രണ്ടു മുറി വീട്ടിലാണവന്റെ താമസം. അവനും അമ്മയും അച്ഛനും മാത്രം. റിതേഷിനു വിഷ്ണുവിനെ എന്താണിത്ര വിശ്വാസം എന്നു അവനെ പരിചയപ്പെട്ടപ്പോൾ തന്നെ എനിക്ക് പിടി കിട്ടി. എത്ര എളിമയോടും ഭവ്യതയോടും ആണവൻ പെരുമാറിയിരുന്നത്. ഇക്കാലത്ത് ഇത്ര നന്നായി പെരുമാറാൻ അറിയാവുന്നവർ ഉണ്ടോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.

""റിതേഷ് ഡ്രൈവ് ചെയ്യാറില്ലേ?'' അവൻ വന്നപ്പോൾ തന്നെ ഞാൻ ചോദ്യങ്ങളിലേക്ക് കടന്നു. അവന്റെ മുഖം കണ്ടപ്പോൾ ഒരു മുഖവുര ഇല്ലാതെ ചോദ്യങ്ങൾ തുടങ്ങേണ്ടായിരുന്നു എന്നു എനിക്ക് തോന്നിപ്പോയി. അത്രയ്ക്ക് ദയനീയമായിരുന്നു അത്. പിന്നെ സാവധാനം വിഷ്ണു പറഞ്ഞു തുടങ്ങി,""റിതേഷ് സാറിനു ഡ്രൈവ് ചെയ്യാൻ അറിയാമായിരുന്നു. പക്ഷെ, ഒട്ടും ഇഷ്ടമില്ലായിരുന്നു. അതാണ് എന്നെ അവിടെ ഡ്രൈവർ ആയി നിയമിക്കുവാൻ കാര്യം. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ അദ്ദേഹം വണ്ടി ഓടിക്കുമായിരുന്നു. എനിക്ക് പനിയോ മറ്റോ വന്നു കിടപ്പിലാകുന്ന ദിവസങ്ങളിൽ . അതും മക്കളെ കൂട്ടി കൊണ്ടു വരാനോ, അവർക്ക് പാർക്കിലോ ഐസ് ക്രീം വാങ്ങാനോ പോകുന്നതിനു മാത്രം. ഒരു പ്രാവശ്യം ഇങ്ങനെ എനിക്ക് സുഖമില്ലാതെ ഇരുന്ന സമയത്ത് എറണാകുളത്തു എന്തോ ബിസിനെസ്സ് ആവശ്യത്തിനു പോയത് ബസ്സിലാണെന്നു പിന്നീട് തിരിച്ചു വന്നപ്പോൾ സാർ എന്നോട് പറഞ്ഞു.'' ""റിതേഷും ഗംഗയുമായി എങ്ങനെ ആയിരുന്നു?''""ഇടക്ക് ചിലപ്പോൾ ചെറിയ വാക്കു തർക്കങ്ങൾ ഉണ്ടാകുമെന്നല്ലാതെ, ഒന്നുമെനിക്കറിയില്ല.'' അല്പനേരത്തെ ആലോചനയ്ക്കു ശേഷം പിന്നെ ഇങ്ങനെ പറഞ്ഞു, '' ഇടയ്ക്കു ചിലപ്പോൾ കാറിൽ കയറിയാൽ സർ മുഖം വീർപ്പിച്ചിരിക്കുന്നത് കാണാം. മാഡം എന്തെങ്കിലും ചോദിച്ചാലും സർ ദേഷ്യപ്പെടും. പിന്നീട്, അങ്ങനെ ഉള്ള ദിവസങ്ങളിൽ മാഡം സാറിനോട് ഒന്നും ചോദിക്കാതെ ഇരിക്കുവാൻ ശ്രമിക്കാറുണ്ട് എന്നു എനിക്ക് തോന്നിയിട്ടുണ്ട്.""ഗംഗ മരണപ്പെട്ട ദിവസം കുട്ടികളെ കൊണ്ടു വരാൻ വിഷ്ണുവും കൂടെ പോയിരുന്നോ?''""അന്ന് ഞാൻ തന്നെയാണ് കാർ ഓടിച്ചത്. എന്നാൽ, ഗംഗ മേഡം ആണ് പോകുന്നത് വിഷ്ണു പൊയ്‌ക്കോളൂ എന്നു ആദ്യം റിതേഷ് സാർ എന്നോട് പറഞ്ഞു. ഞാൻ ഗെയിറ്റു വരെ എത്തിയപ്പോഴാണ് തിരിച്ചു വിളിച്ചത്.''""ഗംഗ മാത്രം ഉള്ളപ്പോൾ വിഷ്ണു വണ്ടി ഓടിക്കാറില്ലേ ?''""മേഡം നന്നായി വണ്ടി ഓടിക്കും. മേഡം സെലേറിയോ ഓടിച്ചാണ് ഓഫീസിൽ പോയിരുന്നത് .''""ആ..അത് ശരി. അപ്പോൾ വിഷ്ണു എല്ലാ ദിവസവും പോകാറില്ലേ?''""ഇല്ല. റിതേഷ് സർ നാട്ടിൽ ഉള്ള ദിവസങ്ങളിൽ മാത്രം. അല്ലാത്ത ദിവസങ്ങളിൽ ഏജൻസിയിൽ ടാക്‌സി ആണ് ഓടിക്കുന്നത്. ''""ഏകദേശം എത്ര ദിവസങ്ങൾ റിതേഷ് നാട്ടിൽ ഇണ്ടാകും?''""അതങ്ങനെ പറയാൻ പറ്റില്ല. എല്ലാം കൂടി നോക്കിയാൽ ഒന്നൊന്നര ആഴ്ചയോളം ഉണ്ടാകും.'' ""വിഷ്ണു എത്ര കാലമായി അവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്?''
അഞ്ചു മിനിട്ടു റെക്കോർഡറിൽ സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ല. അടുക്കളയിലെ പാത്രങ്ങളുടെ ശബ്ദങ്ങൾ മാത്രം. പിന്നെ പെട്ടന്ന് ഉയർന്നു കേൾക്കുന്ന ഒരു ശബ്ദം,
""അമ്മേ, ഞാൻ എത്ര നാളായിട്ടുണ്ടാകും റിതേഷ് സാറിന്റെ അടുത്തു ജോലിക്കു പോകാൻ തുടങ്ങിയിട്ട്?''""മൂന്നു മൂന്നര കൊല്ലം ആയിട്ടുണ്ടാകും.'' ഇളിഭ്യതയോടെ വിഷ്ണു ഞങ്ങളെ നോക്കി.""എനിക്ക് തീയതികൾ ഒന്നും അങ്ങനെ ഓർമ്മ നിൽക്കാറില്ല. എല്ലാം അമ്മയ്ക്ക് കൃത്യമായി ഓർമ്മയുണ്ടാകും.''""അതിനു മുൻപ് ആരെങ്കിലും ഉണ്ടായിരുന്നോ?''

""ആരും ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടില്ല. ഞാൻ ഇപ്പോൾ ഓടിച്ചു കൊണ്ടിരുന്ന വെർണ്ണ വാങ്ങിയിട്ടു കുറച്ചു നാളേ ആയിട്ടുണ്ടായിരുന്നുള്ളൂ. അതിനു മുൻപ് റിതേഷ് സർ സ്ഥിരമായി സ്പെയിനിലും കൊറിയയിലും ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.''""അതാരു പറഞ്ഞു?''""അത്..അപ്പുറത്തെ വീട്ടിലെ ശാന്ത ചേച്ചി.''ശ്രീജയോടും വിഷ്ണുവിനോടും ഇത്ര അധികം കാര്യങ്ങൾ സംസാരിച്ചിട്ടുള്ള ശാന്ത ചേച്ചിയെ ഒന്നു കാണണം എന്നു അപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു ദിനപത്രത്തെ പോലെ എല്ലാ കാര്യങ്ങളും അറിയുന്നവർ ഗുണം ചെയ്യും. തന്നെയുമല്ല അവർക്ക് വിവരങ്ങൾ കൈ മാറുന്ന ഉറവിടങ്ങളും ഉണ്ടാകാം.

റിതേഷ്, സംശയിക്കപ്പെടേണ്ട ഒരു പാട് കാര്യങ്ങൾ ഇതിനോടകം തന്നെ അയാളിൽ നിന്നുണ്ടായി. പക്ഷേ, അതിനൊന്നും തെളിവുകൾ ഇല്ല എന്നു ഞാൻ വീണ്ടും പറയട്ടെ. തെളിവുകൾ ആണ് ഒരു കേസിന്റെ പ്രധാനപ്പെട്ട ഘടകം എന്നു അറിയാവുന്ന ഞങ്ങൾക്കു കാത്തിരിക്കുകയെ നിർവ്വാഹം ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് വിഷ്ണുവിന്റെ നാവിൽ നിന്നും മറ്റൊരു കാര്യം വീണു പോയത്. നീണ്ട ഒരു മൗനം അയാളെ ശ്വാസം മുട്ടിച്ചിരിക്കണം. പലപ്പോഴും അങ്ങനെ ഉണ്ടാകുന്ന വലിഞ്ഞു മുറുകലിനു ശേഷം പറയുന്ന കാര്യങ്ങൾ എപ്പോഴും മനസ്സിന്റെ ഏതോ കോണിൽ ഒളിച്ചിരിക്കുന്ന രഹസ്യങ്ങളായി എനിക്കു തോന്നാറുണ്ട്. അത് ഏറെ കുറെ സത്യമാണ്. പഠിച്ച കള്ളന്മാർക്കു മാത്രമേ മനസ്സിൽ നിന്നും പുറത്തു വരാൻ വെമ്പുന്ന കാര്യങ്ങൾക്കു അത്തരം അവസരങ്ങളിൽ കടിഞ്ഞാൺ ഇടുവാൻ സാധിക്കുകയുള്ളൂ.

""പിന്നെ, സർ ഒരു സാധനം എന്റെ കയ്യിൽ തന്നിരുന്നു.''""റിതേഷോ?''ആ ചോദ്യം കേട്ടപ്പോൾ ആണ് വിഷ്ണുവിണ് താൻ എന്താണ് പറയുന്നത്, ആരാണ് കേൾവിക്കാർ എന്നീ കാര്യങ്ങൾ മനസ്സിലേക്ക് വന്നത് എന്നു തോന്നുന്നു. ""അമ്മേ, എത്ര മണി ആയി?'' വിഷയം മാറ്റുവാൻ ആകണം വിഷ്ണു അപ്പോളങ്ങനെ ഒരു ചോദ്യം ചോദിച്ചതു. തൊട്ട് മുമ്പിലെ ചുമരിൽ അത്യാവശ്യം വലിയൊരു ക്ലോക്ക് ഉള്ളപ്പോൾ അങ്ങനെ ഒരു ചോദ്യം തികച്ചും അപ്രസക്തമാണ്. എങ്കിലും സാധാരണ മനുഷ്യർ വീണു പോകാൻ സാദ്ധ്യത ഉള്ള ആ കുഴിയിൽ ഞങ്ങൾ വീണില്ല. തന്നെയുമല്ല, വിഷ്ണു ഒളിക്കാൻ ശ്രമിക്കുന്നത് അത്യാവശ്യം വലിയൊരു കാര്യം തന്നെ ആണെന്ന് ഞങ്ങൾക്കു ബോധ്യപ്പെടുകയും ചെയ്തു. അബദ്ധം പറ്റി പോയതാണെന്ന് വിഷ്ണുവിന്റെ മുഖത്ത് നിന്നും വ്യക്തം ആയിരുന്നു. പക്ഷേ, അത് മറച്ചു പിടിയ്ക്കുവാനുള്ള കഴിവൊന്നും കള്ളങ്ങൾ ചെയ്തു ശീലം ഇല്ലാത്ത , പക്വതയില്ലാത്ത ആ പയ്യനറിയില്ല എന്നെനിക്കു തോന്നി. എന്നാൽ , ഇതെല്ലാം പ്രാഥമിക നിഗമനങ്ങൾ മാത്രമാണ് എന്നു എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. ചിലപ്പോൾ പുറത്തു കാണുന്നത് അവന്റെ പൊയ് മുഖമാകാം. അങ്ങനെ കുറെ അനുഭവങ്ങളും എനിക്കുണ്ട്. ""റിതേഷ് എന്താണ് തന്നത്?''""അത്..'' .ഉത്തരങ്ങൾക്കായി അവന്റെ കണ്ണുകൾ ആ മുറി മുഴുവനും പരതുന്നത് ഞാൻ കണ്ടു. എന്തെങ്കിലും ഒളിച്ചു വെക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സിൽ ഏറ്റവും കൂടുതൽ വരുന്നത് ആ ചിത്രം തന്നെ ആകും. ""വിഷ്ണു, ഒന്നും ഒളിപ്പിച്ചു വെക്കുവാൻ നോക്കേണ്ട. റിതേഷ് തന്നത് എന്താണ്?'' ശബ്ദം ഉയർത്തിയ ദീപകിന്റെ ചോദ്യത്തിനു മുൻപിൽ ആ ചെറുപ്പക്കാരൻ പതറിപ്പോയി. ""അത്..അതാർക്കും കൊടുക്കരുത് എന്നു സാർ പറഞ്ഞിരുന്നു.''""അതിങ്ങെടുക്ക്. എന്താണ് സാധനം?'' ഉയർന്ന ശബ്ദത്തെ ഭയക്കുന്ന ആ ചെറുപ്പകാരനോടു ഞാൻ പറഞ്ഞു. ഇനി രക്ഷയില്ല എന്നു അവനു തോന്നി കാണണം. അല്ലെങ്കിലും അത് തന്നെ ആയിരുന്നു സത്യം. തന്റെ ബലഹീനതകൾ ശത്രു കണ്ടു പിടിക്കുന്നത് വരെ മാത്രമേ ഒരാൾക്കു നില നിൽപ്പുളളൂ . ഒരിക്കൽ പതറിപ്പോയാൽ ജയിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. ""അത്...ഒരു യൂ എസ് ബി.'' ""അതിങ്ങെടുക്ക്.''ആശ്ചര്യകരമെന്ന് പറയട്ടെ, അത് അവന്റെ പൊക്കെറ്റിൽ തന്നെ ഉണ്ടായിരുന്നു. ആർക്കും കൊടുക്കരുത് എന്നു പറഞ്ഞ ഒരു സാധനം പോക്കറ്റിൽ സൂക്ഷിക്കുന്നതിന്റെ സൂത്രം വിചിത്രം തന്നെ. ഒരു പക്ഷേ, മറ്റെവിടെയെങ്കിലും വെച്ചാൽ ആരെങ്കിലും അത് കണ്ടെത്തിയാലോ എന്ന ഭയം കൊണ്ടാകാം.""സർ എന്നെ കൊല്ലും,'' വിറയ്ക്കുന്ന കൈകളോടെ വിഷ്ണു അത് ദീപകിനെ ഏൽപ്പിച്ചു. അയാളെത്രത്തോളം റിതേഷിനെ ഭയയ്ക്കുന്നുണ്ടെന്ന് വിഷ്ണുവിന്റെ മുഖത്തു നിന്നു വായിച്ചെടുക്കാമായിരുന്നു. എന്നാൽ , ഏറെ കാലമായി വഹിക്കുന്ന ഒരു ഭാരം ഒഴിഞ്ഞു പോയതിന്റെ ആശ്വാസവും അവന്റെ ചുണ്ടിൽ മിന്നി മറയുന്നത് ഞാൻ കണ്ടു.""ഞാൻ ഇത് നിങ്ങളെ ഏൽപ്പിച്ചു എന്നു സാറിനോട് പറയല്ലേ, എന്റെ ജോലി പോകും.'' ""പേടിക്കാതിരിക്ക്. ഇതിലുള്ളത് എന്താണെന്ന് നോക്കിയിട്ടു ഞങ്ങൾ തിരിച്ചേൽപ്പിക്കാം. റിതേഷ് അറിയാൻ പോകുന്നില്ല.''

വിഷ്ണുവിന്റെ കയ്യിൽ നിന്നും മറ്റെന്തെങ്കിലും വിവരം കിട്ടുവാനുണ്ടെങ്കിൽ അതിനു ഈ യൂ എസ് ബി ഒരു തടസ്സം ആകരുത് എന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. ""നിങ്ങൾ എങ്ങനെ ആണ് ഗംഗ മരിച്ച വിവരം അറിഞ്ഞത്?'' ""പിറ്റേ ദിവസം അവിടെ പോയപ്പോൾ ചെറിയൊരു ആൾക്കൂട്ടം കണ്ടു. ചോദിച്ചപ്പോൾ ശാന്തേച്ചിയാണ് കാര്യങ്ങൾ പറഞ്ഞത്.'' "" അവർ എന്തു പറഞ്ഞു?'' ""അങ്ങനെ ചോദിച്ചാൽ... എനിക്കു കൃത്യമായി ഓർമ്മയില്ല.''യൂ എസ് ബി പോക്കറ്റിൽ ഇല്ലാത്തതിന്റെ പരിഭ്രാന്തി ഉത്തരങ്ങളിൽ നിഴലിക്കുന്നുണ്ട് എന്നു തോന്നിയപ്പോൾ ചോദ്യം ചെയ്യൽ തത്ക്കാലത്തേക്ക് നിർത്തുന്നതാണ് നല്ലത് എന്നു എനിക്കു തോന്നി. ദീപകിന്റെ നോട്ടത്തിൽ നിന്നും അത് തന്നെയാണവൻ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമായിരുന്നു.""എന്നാൽ ശരി. പിന്നെ വരാം.'' ""ആ യൂ എസ് ബി?'' ""രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചേൽപ്പിക്കാം.''

അത് പറയുമ്പോൾ തിരിച്ചു കൊടുക്കുവാൻ പറ്റുമോ എന്നു തന്നെ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ പറഞ്ഞില്ലെങ്കിൽ അസ്വസ്ഥമായമായ വിഷ്ണുവിന്റെ മനസ്സും ഞങ്ങളുടെ കൂടെ വരുമെന്നും എങ്ങനെ എങ്കിലും അത് തിരിച്ച് വാങ്ങുവാൻ അയാൾ ശ്രമിക്കുമെന്നും എനിക്കു അറിയാമായിരുന്നു. തിരിച്ചെത്തി യൂ എസ് ബി പരിശോധിച്ചപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി- ആ കാർഡിൽ ഉണ്ടായിരുന്ന അതേ ചിത്രം, പിന്നെ മറ്റനവധി ചിത്രങ്ങളും. സൂക്ഷ്മമായി പരിശോധിച്ചപ്പോളവയെല്ലാം രഹസ്യ സന്ദേശങ്ങളാണെന്നു മനസ്സിലായി. വിദേശ ഭാഷകളിലുള്ള അവയുടെ അർഥം കണ്ടെത്തുക എന്നത് ഒരു ബാലി കേറാ മല തന്നെ ആയിരുന്നു. ഇത്രയും ആയതോടു കൂടി റിതേഷ് തന്നെ ആണ് കുറ്റവാളി എന്നു ഞങ്ങൾക്കുറപ്പായി. പോലീസിൽ അറിയിച്ചാലോ എന്നു ദീപക് അപ്പോൾ തന്നെ ചോദിച്ചതാണ്. എന്നാൽ മറ്റുള്ള സന്ദേശങ്ങൾ കൂടി മനസ്സിലാക്കിയിട്ടു മതി എന്നു എനിക്കും സുഹാനയ്ക്കും തോന്നി. വേവുവോളം കാത്താൽ ആറുവോളം കാക്കാമല്ലോ! വിശപ്പിന്റെ ഗുൽ ഗുൽ ശബ്ദങ്ങൾ ഉച്ചത്തിലായി തുടങ്ങിയിരുന്നു. നല്ല ക്ഷീണവും വിശപ്പും ഉണ്ടെങ്കിലും അന്നത്തെ സംഭവബഹുലമായ കാര്യങ്ങൾ എഴുതി തീർത്തിട്ടു ആകട്ടെ അത്താഴം എന്നു അഹദ് നിശ്ചയിച്ചതാണ്. എഴുന്നേറ്റു ഭക്ഷണ മേശ ലക്ഷ്യമാക്കി നടക്കുമ്പോൾ ഫോൺ ശബ്ദിച്ചു. നോക്കുമ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ ആണ്.

""ഹല്ലോ.. ഡിറ്റക്ടീവ് അഹദ് അല്ലേ?'' വളരെ ധൃതിയിൽ അയാൾ ചോദിച്ചു. ""അതേ.'' ""എനിക്കു കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.'' ""ആരാണിത്?'' ""എന്നെ മനസ്സിലായില്ലേ? റിതേഷ്.'' ""പെട്ടന്നു മനസ്സിലായില്ല. നിങ്ങൾ കിതയ്ക്കുന്നുണ്ടല്ലോ.'' ""ഞാൻ..'' ശബ്ദം മുറിഞ്ഞു പോയി. ""ഇതേതു നമ്പർ ?'' ""അത്...''ഫോൺ കട്ട് ആയിപ്പോയി. അനവധി ചോദ്യങ്ങൾ ബാക്കി വച്ചു കൊണ്ട്.

​(തുടരും)


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments