ചിത്രീകരണം : രാജേഷ് ചിറപ്പാട്.

എട്ട്

മിനിറ്റുകൾക്കകം ഫോൺ പിന്നെയും ശബ്​ദിച്ചു. ""ഒരാൾ കൂടി മരിച്ചു,'' ദീപകിന്റെ ശബ്ദത്തിൽ നിന്ന്​ ഊർജ്ജസ്വലത നഷ്ടപ്പെട്ടിരുന്നു.
അഹദിന്റെ നെഞ്ചിലൂടെ ഒരാന്തൽ കടന്നു പോയി.
"ഈ പാറ്റേണിൽ ഉള്ള മറ്റൊരു മരണം തടയുവാൻ വേണ്ടിയാണിത്രയും കിണഞ്ഞു പരിശ്രമിച്ചതു, എന്നിട്ടിപ്പോ?' ""എവിടെയാണ്?''
യാന്ത്രികമായി അഹദ് ചോദിച്ചു, റെക്കോർഡ് ചെയ്തു വെച്ച ഒരു മെസ്സേജ് പോലെ. ""റിതേഷ് ആണ് മരിച്ചത്. വീട്ടിൽ തന്നെ.''""ഏ ഹ്...'' വിദൂരത്തു നിന്നും വരുന്ന ഒരു ശബ്ദനാളം പോലെ അത് അഹദിന്റെ ചെവിക്കല്ലിൽ തട്ടി തെറിച്ചു. അതുണ്ടാക്കുന്ന പ്രകമ്പനത്തിന്റെ അർത്ഥം ഉൾക്കൊള്ളുവാൻ പക്ഷെ അഹദിനായില്ല. ""റിതേഷ് തന്നെ ആണെന്ന് ഉറപ്പാണോ?'' അഹദ് സ്വല്പം ഉറക്കെ ചോദിച്ചു. അത് മറ്റാരുടെയോ ശബ്ദം പോലെ അഹദിനു തോന്നി.

അനവധി മരണ വാർത്തകൾ കേട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ തോന്നുന്നതു ഇതാദ്യമാണ് . മിനിറ്റുകൾ മുൻപ് കേട്ട ആ ശബ്ദത്തിന്റെ ഉടമ ഈ ലോകത്തിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതായിരിക്കുന്നു. അപ്പോൾ അയാൾ അല്ലായിരുന്നോ കൊലയാളി? റിതേഷ് തന്നെ എന്തിനായിരിക്കും വിളിച്ചിരിക്കുക? താൻ മരിക്കുവാൻ പോകുന്നു എന്നറിഞ്ഞിട്ടായിരിക്കുമോ അയാൾ വിളിച്ചിട്ടുണ്ടാവുക? മരിക്കുവാൻ പോകുകയാണെന്നറിഞ്ഞിട്ടും തന്നെ വിളിക്കണമെങ്കിൽ അയാൾക്ക് പറയുവാൻ ഉള്ള കാര്യമത്രയും പ്രധാനപ്പെട്ടത് ആയിരിക്കില്ല? ഇത്രയും ആലോചിച്ചു കൂട്ടുന്നതിനു മുൻപ് അയാൾ കൊല്ലപ്പെട്ടത് തന്നെ ആണെന്നുറപ്പുണ്ടോ? അങ്ങനെ എന്തെങ്കിലും ദീപക് പറഞ്ഞോ? ശരിക്കും എന്താണ് ദീപക് പറഞ്ഞത്? നെറ്റി ചുളിച്ചു കൊണ്ട് അഹദ് ആലോചിച്ചെടുക്കുവാൻ നോക്കി. അഹദിനു തന്നോട് തന്നെ എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ഒരു ഡിറ്റക്ടീവ് ആയ താൻ സംഭവങ്ങളോട് കൂടുതൽ പക്വതയോടെ പെരുമാറണം. ദീപകിനെ തിരിച്ചു വിളിക്കണോ? അവന് എവിടെ നിന്നായിരിക്കും ഈ വിവരം കിട്ടിയിരിക്കുക? സുഹാനയെ വിളിക്കണോ? അവസാനം, ദീപകിനെ തന്നെ വിളിച്ചു.

""ആത്മഹത്യ ആണോ?''""അല്ല.''
""എന്താണിത്ര ഉറപ്പ് ?''""അതേ പാറ്റേൺ തന്നെ ആണ്. അഹദ് പുറപ്പെട്ടോ?''""വീട്ടിൽ തന്നെ ആണോ?'' ""അതേ.'' ""ഞാൻ എത്തി.''

"അല്ലാഹ്, എന്താണ് ഞാൻ ഈ കേൾക്കുന്നത്?'
അഹദിന്റെ മനസ്സു സംശയങ്ങൾ കൊണ്ട് നിറഞ്ഞു. മുമ്പുള്ള അതേ പാറ്റേണിൽ ആണ് കൊല നടന്നിട്ടുള്ളതെങ്കിൽ റിതേഷ് നിരപരാധിയാണ്. അപ്പോൾ യൂ എസ് ബിയിലെ വിവരങ്ങൾ? റിതേഷിന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങൾ? നിരാശയുടെ കനലുകൾ അഹദിന്റ മനസ്സിൽ പുകയുവാൻ തുടങ്ങി.
കുറച്ചു മുൻപു തനിക്കു റിതേഷിനെ വിളിക്കുവാൻ തോന്നിയിരുന്നെങ്കിൽ ഒരു പക്ഷെ അയാളെ തനിക്കു രക്ഷിക്കാൻ പറ്റുമായിരുന്നു. സഹായമന്വേഷിച്ചാകുമോ അയാൾ തന്നെ വിളിച്ചത്? എന്തു കൊണ്ട് പിന്നെ ഒന്നും പറഞ്ഞില്ല? അതോ എന്തെങ്കിലും വിവരങ്ങൾ നല്കുവാനോ? അങ്ങനെ എങ്കിൽ താനും മരിക്കുവാൻ സാധ്യത ഉണ്ടെന്നു റിതേഷിനു തോന്നിക്കാണണം. അല്ലെങ്കിൽ വ്യക്തമായ എന്തെങ്കിലും സൂചന കിട്ടി കാണണം. അതുമല്ലെങ്കിൽ ഇത് ഒരു ഒറ്റയാൾ പട്ടാളം ആകില്ല. കൂട്ടാളികളോട് അയാൾ തെറ്റി പിരിഞ്ഞിട്ടുണ്ടാകണം.
ഒളിഞ്ഞിരിക്കുന്ന പോരാളിയുടെ അല്ലെങ്കിൽ പോരാളികളുടെ എന്തെങ്കിലും വിവരങ്ങൾ അറിഞ്ഞിരുന്നെങ്കിൽ. ആ യു എസ് ബി യിൽ എന്തായിരിക്കും? അതു എന്തിനു റിതേഷ് വിഷ്ണുവിനെ ഏല്പിച്ചു? ആരിൽ നിന്നും അത് ഒളിപ്പിച്ചു വെക്കാനാണയാൾ ശ്രമിച്ചിരുന്നത്? പോലീസിൽ നിന്നോ തങ്ങളിൽ നിന്നോ അതോ മറ്റു വല്ലവരിൽ നിന്നോ?

ഇതിനകം തന്നെ തണുത്തുറഞ്ഞ ഭക്ഷണം കുറച്ചു വാരി അകത്താക്കിയിട്ടു അഹദ് പുറപ്പെട്ടു. തൊണ്ടയിൽ തങ്ങി നിന്നിരുന്ന ആ കനം എപ്പോഴേ വിശപ്പിനെ മായ്ച്ചു കളഞ്ഞിരുന്നു. പരീക്ഷാ ദിനങ്ങളിലെ പ്രാതൽ പോലെ അത് വായിൽ രുചിഭേദമൊന്നുമുണ്ടാക്കാതെ തിടുക്കത്തിൽ ഇറങ്ങിപ്പോയി. തിരിച്ചു ഓഫീസിൽ എത്തിയപ്പോഴേക്കും പാതി രാത്രി പിന്നിട്ടിരുന്നു. റിപ്പർ കേസ് തെളിയിക്കുവാൻ ഉറക്കമില്ലാത്ത എത്ര രാത്രികൾ ഓഫീസിൽ ചിലവിട്ടിരിക്കുന്നു. പക്ഷേ, അന്ന് ഒരു കുറ്റാന്വേഷനാവുക എന്ന തീക്കനൽ മനസ്സിന്റെ ഉള്ളിൽ കിടന്നു പുകയുന്നുണ്ടായിരുന്നു. അതിൽ നിന്നും ഒരു തീനാളം ഉയർന്നു കാണുവാനുള്ള ആഗ്രഹം! ഇതിപ്പോൾ, മുന്നോട്ട് കൊണ്ട് പോകുന്ന ആ ഊർജ്ജം നഷ്ടപ്പെട്ടത് പോലെ. നിത്യതയുടെ തണുപ്പൻ മട്ടു തങ്ങളേയും പിടി കൂടിയത് പോലെ. എല്ലാം തന്റെ തോന്നലുകൾ ആയിരിക്കാം എന്നു അഹദ് ചിലപ്പോൾ ആശ്വസിക്കും. പക്ഷേ, എത്ര ശ്രമിച്ചിട്ടും ആ ഒരു മനസ്സുറപ്പു കിട്ടാത്തത് പോലെ. മിക്കവാറും അത് ഒരു പെർഫെക്റ്റിനിസ്റ്റിന്റെ പ്രശ്‌നങ്ങൾ മാത്രമാകാം. മറ്റുള്ളവർ ഒട്ടും ചിന്തിക്കാത്ത ഒന്നു.

ഇപ്പോൾ തന്നെ, അന്നായിരുന്നെങ്കിൽ ഒരു സി.ഐ ഇറങ്ങിപ്പോകുവാൻ പറഞ്ഞാൽ എന്തായാലും പ്രതികരിച്ചേനെ. ഇന്നിപ്പോൾ ഒന്നും പറയാതെ വാലും ചുരുട്ടി വന്നിരിക്കുന്നു. ഇത് പക്വതയല്ലേ എന്നു ചോദിച്ചാൽ ചിലപ്പോൾ സമ്മതിക്കേണ്ടി വരും. പ്രതികരിച്ചാൽ പിന്നീട് വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്നിൽക്കണ്ടൊരു പിൻ വാങ്ങൽ. പക്ഷേ, അഹദിനിപ്പോഴും ആ വീറും വാശിയും ഉള്ള തന്നെത്തന്നെയാണിഷ്ടം. കോളേജിൽ ഉണ്ടായിരുന്നപ്പോളുള്ളത് പോലെ അനീതികളോടും പക്ഷപാതങ്ങളോടും പൊരുതുകയും ശബ്ദമുയർത്തുകയും ചെയ്യുന്ന അഹദിന്റെ മനസ്സ് പറന്നുയരുന്ന അപ്പൂപ്പൻ താടികളെ പോലെ ഭാരമില്ലാത്തവയായിരുന്നു. ഇത്തരം അവസരങ്ങളിൽ, ഒരിക്കൽ പിന്നോട്ടു ചുവടു വെക്കാൻ തീരുമാനിച്ചാൽ പിന്നെ രക്ഷയില്ല. പ്രതികരണ ശേഷി നഷ്ട്‌പ്പെട്ട് പോകും. പക്ഷേ, മൗനത്തിലൂടെയും ചിലപ്പോൾ വിജയം നേടാം എന്ന തത്ത്വം ഈ അടുത്താണ് അഹദ് മനസ്സിലാക്കിയത്. എതിരാളിയുടെ മനസ്സിലിരിപ്പറിയാതെ വിങ്ങുന്ന ഒരു മനസ്സ് സമ്മാനിച്ചാണ് അവിടെ വിജയി പിൻവാങ്ങുന്നത്. പ്രത്യക്ഷത്തിൽ ജയിച്ചു എന്നു കരുതുന്ന പോരാളിക്ക് യാഥാത്ഥ്യത്തിൽ തോൽവി ഏറ്റു വാങ്ങേണ്ടി വരും.

മറ്റുള്ള കേസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കേസ്. രാവും പകലും മനുഷ്യനെ ഒരു പോലെ വട്ടം കറയ്ക്കുന്ന ഈ കൊലയാളി അതി ബുദ്ധിമാൻ തന്നെ എന്നു ഇതിനോടകം തന്നെ മൂവരും സമ്മതിച്ചിരുന്നു.
തൊട്ടടുത്തു നിന്നും കണ്ടെടുത്ത ഡയറി? റിതേഷ് ഡയറി എഴുതുമായിരുന്നോ? അതിൽ പക്ഷേ കാര്യമായിട്ടു ഒന്നും ഇല്ലാത്തത് പോലെ തോന്നി. തെളിവെടുപ്പിനായി പ്ലാസ്റ്റിക് കവറിൽ ആക്കിയപ്പോൾ പോലീസ് ഓഫീസർ തിടുക്കത്തിൽ മറിച്ചു നോക്കുന്നത് കണ്ടു . പത്തോ പതിനഞ്ചോ പേജിൽ കൂടുതൽ മഷി പുരണ്ടതായി തോന്നിയില്ല. സ്ഥലം സി ഐ വന്നപ്പോൾ സ്ഥിതി ആകെ മാറിയതു മൂലം റിതേഷിന്റെ വീട്ടിൽ നിന്നും ദീപകിനും അഹദിനും പെട്ടന്നിറങ്ങേണ്ടി വന്നു. സുഹാനയോട് അങ്ങോട്ട് വരേണ്ടെന്നു വിളിച്ചു പറഞ്ഞു വേഗത്തിൽ തടി തപ്പുകയായിരുന്നു.

കേസ് തന്ന ആൾ മരണപ്പെട്ട സ്ഥിതിക്ക് തങ്ങൾക്കിനി ഔദ്യോഗികമായി കേസന്വേഷിക്കുവാൻ കഴിയുമോ എന്ന കാര്യത്തിൽ അഹദിനു തീർച്ചയില്ല. എന്നാൽ, ഈ കേസ് അഹദിനങ്ങനെ വിട്ടു കളയുവാൻ കഴിമായിരുന്നില്ല. കേസിലെ പ്രധാന കണ്ണിയായ റിതേഷിനെ അനാവശ്യമായി ചോദ്യം ചെയ്തു മാനസിക പീഡനം ഏല്പിച്ചു മരണം വരെ കൊണ്ടെത്തിച്ചു എന്നുള്ളത് ആയിരുന്നു സി ഐ ഇപ്പോൾ അവർക്കെതിരെ കണ്ടെത്തിയ കുറ്റം. അതിനു നിലനിൽപ്പ് ഉണ്ടോ റിതേഷ് മനം നൊന്തു ആത്മഹത്യ ചെയ്തത് അല്ലല്ലോ എന്ന ചോദ്യങ്ങൾക്കൊന്നും അവിടെ പ്രസക്തി ഇല്ല. കുറച്ചു മുൻപ് വരെ തങ്ങൾ റിതേഷിനെ സംശയിച്ചിരുന്നു എന്ന കാര്യം സി ഐ ക്കു അറിയില്ല. അറിഞ്ഞിരുന്നുവെങ്കിൽ അയാൾ ഒരു പക്ഷെ തങ്ങളെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തിയേനെ എന്നു അഹദിനറിയാം. അവിടെ നിന്നും പ്രൈവറ്റ് ഡിറ്റക്ടീവുകളെ തൽക്കാലത്തേക്കു ഒഴിവാക്കണം. അതിനുള്ള ഒഴിവ് കഴിവുകൾ ആണ് ഇതെല്ലാം എന്നു അഹദിനും ദീപകിനും മനസ്സിലാകാതെ അല്ല. അവിടെ നിന്നു വാദിച്ചാൽ സ്ഥിതി വഷളാകും എന്നു അവർക്ക് നല്ല ബോധ്യം ഉള്ളത് കൊണ്ടാണ് ഇറങ്ങിപ്പോന്നത്. അയാൾ പറയുന്നതിൽ കാര്യം ഇല്ലാതെ ഇല്ല. കേസ് എങ്ങനെ എങ്കിലും തെളിയിക്കണം എന്ന ആഗ്രഹം മനസ്സിൽ ഉറപ്പിച്ചിരുന്നത് കൊണ്ട് കേസിലെ എല്ലാ കണ്ണികളേയും ഒരു തവണ കൂടി ചോദ്യം ചെയ്യുക എന്നത് അവർ മൂവരും ചേർന്നു എടുത്ത തീരുമാനം ആയിരുന്നു. അതിൽ തെറ്റു പറയാനില്ല എന്നു തന്നെ ആണ് അഹദിനിപ്പോഴും തോന്നുന്നത്. പോലീസ് അവരുടെ രീതികളിൽ ആയിരിക്കും ചോദ്യം ചെയ്തിരിക്കുക. ഒരു കേസിനു മറ്റൊരു വശം ഉണ്ടായിക്കൂടാ എന്നില്ലല്ലോ. പോലീസിന്റെ ചോദ്യം ചെയ്ത റെക്കോർഡുകൾ മാത്രം നോക്കി കേസ് തെളിയിക്കുവാൻ തങ്ങൾ ഷെർലക് ഹോംസോ പോയ്റോറ്റോ അല്ല എന്ന ബോധം അഹദിനും കൂട്ടർക്കും ഉണ്ടായിരുന്നു. തപ്പിയവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുക എന്ന പോലീസ് നയത്തോട് അഹദിനു പണ്ടേ വെറുപ്പാണ്. പോലിസിനു മാത്രമേ അന്വേഷിക്കുവാൻ പാടുള്ളൂ എന്നൊന്നും ഇല്ലല്ലോ. തങ്ങളെ പോലെ ഉള്ള ഏജൻസികൾക്കും ഒരവസരം തന്നു കൂടെ? പുറം രാജ്യങ്ങളിൽ ഇതെല്ലാം നടക്കും. പോലീസും ഡിറ്റക്ടീവുകളും തമ്മിൽ പ്രൊഫഷണൽ ബന്ധങ്ങളാണവിടെ. എന്നാൽ, ഇവിടെ ഇപ്പോഴും ഈഗോ തന്നെ മുന്നിൽ. തലയിരിക്കുമ്പോൾ വാലാട്ടേണ്ട എന്ന ചിന്തയും. ചിലപ്പോൾ തങ്ങളേക്കാൾ മുൻപ് ഡിറ്റക്ടീവുകൾ കേസ് തെളിയിക്കുമോ എന്ന ഭയവും ഉണ്ടാകും. അതും തള്ളിക്കളയുവാൻ പറ്റില്ല.

പോലീസ് അന്വേഷണങ്ങൾ എവിടെ എത്തി എന്നറിയുവാൻ നാലഞ്ചു ദിവസങ്ങൾ ആയി ഒരു നിർവ്വാഹവും ഉണ്ടായിരുന്നില്ല. വിൻസെന്റ് സുഖമില്ലാതെ ലീവെടുത്തിരിക്കുകയാണ്. അയാൾ തിരിച്ചു വന്നിട്ടു രഹസ്യമായി ഒരു അന്വേഷണം നടത്താം എന്ന ഉദ്ദേശത്തിലായിരുന്നു അഹദ്. രണ്ടു മൂന്നു ദിവസങ്ങൾ കിണഞ്ഞു പരിശ്രമിച്ചു കിട്ടിയ തെളിവുകൾ. അവ വിശകലനം ചെയ്യുന്നതിൽ എന്ത് പാളിച്ച ആണ് സംഭവിച്ചത് എന്നറിയാനായി അഹദും ദീപകും സുഹാനയും ഒരു ചർച്ച നടത്തുവാൻ തന്നെ തീരുമാനിച്ചു. ലക്ഷ്യ സ്ഥാനം നഷ്ടപ്പെട്ട ഒരു വേട്ടക്കാരനെപ്പോലെ അവർക്ക് പലപ്പോഴും ഒരു ശൂന്യത അനുഭവപ്പെട്ടു. പോലീസിന്റെ അടുത്തു നിന്നും നേരിടാൻ പോകുന്ന അവഗണ, പരാതിക്കാരൻ ഇല്ലാതെ കേസ് മുന്നോട്ടു കൊണ്ടു പോകുമ്പോൾ ഉണ്ടാകുന്ന അധികചിലവുകൾ, എന്തിനേക്കാളും ഉപരി ഡ്രൈവർ വിഷ്ണുവിന്റെ പ്രതികരണം. ഇതെല്ലാം കണക്കിൽ എടുത്തു കേസ് ഇവിടെ പൂർണ്ണ വിരാമം ഇട്ടാലോ എന്നു പോലും അവർ ഒരു ഘട്ടത്തിൽ ആലോചിച്ചു.എന്നാൽ അങ്ങനെ തോറ്റു പിന്മാറുന്നതിൽ അഹദിനൊട്ടും തൽപ്പര്യം ഉണ്ടായിരുന്നില്ല. എല്ലാവരും ഒരു ചെറിയ തുക സംഭാവന ചെയ്താൽ ഒരു ഫണ്ടു രൂപീകരിക്കാം എന്നും മറ്റുള്ള കേസുകളുടെ പ്രതിഫലത്തിൽ നിന്നും സേവ് ചെയ്ത ബാങ്ക് ബാലൻസിൽ നിന്നും ബാക്കിയുള്ള കാര്യങ്ങൾ നീക്കാം എന്നും അഹദ് നിർദ്ദേശിച്ചു. ചിലപ്പോൾ ഇതിനോടൊപ്പം മറ്റ് ചില കേസുകൾ കൂടി ഏറ്റെടുക്കേണ്ടി വരും, പിടിച്ചു നിൽക്കുവാൻ ആയില്ലെങ്കിൽ. അപ്പോൾ മൂന്നു പേരുടെ സ്ഥാനത്ത് രണ്ടു പേരോ ചിലപ്പോൾ ഒറ്റയാൾ പട്ടാളം ആയിട്ടോ ഈ കേസ് മുന്നോട്ട് കൊണ്ട് പോകേണ്ടി വരും. ആ വെല്ലുവിളികൾ എല്ലാം ഏറ്റെടുക്കുവാൻ അഹദപ്പോൾ തയ്യാറായിരുന്നു. ദീപകും സുഹാനയും അവരുടെ ആശങ്കകൾ തുറന്നു പറഞ്ഞുവെങ്കിലും.

""ആ സന്ദേശം കൊണ്ട് കൊലയാളി ഉദേശിച്ചത് ഈ ത്രികോണ മുറി ആകുമോ? റിതേഷ് എന്നു നമ്മൾ തെറ്റി ധരിച്ചതാണോ?'' ത്രികോണ മുറിയിൽ ഗംഗയുടെ മേശപ്പുറത്ത് കൈകൾ വിടർത്തി തല ചെരിച്ചു നിർജ്ജീവമായിക്കിടന്ന റിതേഷിന്റെ കാര്യങ്ങൾ ഓരോന്നായി മനക്കണക്ക് കൂട്ടുക ആയിരുന്നു സുഹാന. ""ആകാം. അങ്ങനെ എങ്കിൽ അത് കൊലയാളി അയച്ചത് തന്നെ ആയിരിക്കും. നമ്മൾ ആദ്യം വിചാരിച്ചത് അത് റിതേഷിന്റെ ഒരു തമാശ ആണെന്ന് അല്ലേ?''""നമ്മളെ വഴി തിരിച്ച് വിടാൻ കൊലയാളി മനപ്പൂർവ്വം ചെയ്തതാണെങ്കിൽ ?'' ദീപക് ഫോണിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു. രാത്രിയുടെ വൈകിയ വേളകളിൽ ഉണർന്നിരിക്കുന്ന ഏത് സുഹൃത്തിനോടായിരിക്കും ദീപക് സംസാരിക്കുന്നുണ്ടാവുക എന്നു അഹദ് ആശ്ചര്യപ്പെട്ടു. ദീപക് അല്ലെങ്കിലും ഒരുപാടു വൈകിയേ ഉറങ്ങാറുള്ളൂ എന്നു അഹദിനറിയാം. പ്രഭാതത്തിന്റെ ആദ്യ യാമങ്ങളിൽ ആണ് ദീപകിന്റെ ഉറക്കം. അത് ഒരു പാടു നാളായുള്ള ശീലമാണ്. ""ആകാം. എല്ലാം ആലോചിക്കേണ്ടിയിരിക്കുന്നു.''

മിഴികളിലേക്കു ഇരച്ചു കയറുന്ന വെളിച്ച കണങ്ങൾക്കു ഇടയ്ക്കിടയ്ക്ക് തിരശ്ശീല വീണു കൊണ്ടിരുന്നു. വിറയ്ക്കുന്ന കൺപോളകൾക്കു തടമിടാൻ സാധിക്കാതെ അഹദും സുഹാനയും ബുദ്ധിമുട്ടി. ഒന്നും ശ്രദ്ധിക്കാനാകാതെ ഉറക്കം തൂങ്ങുന്ന അവസ്ഥ ആയപ്പോൾ അഹദ് നിൽക്കാതെ ഓടുന്ന ആ യന്ത്ര മനുഷ്യനെ നോക്കി. എറണാകുളത്തു ഒരു കടയിൽ കണ്ടപ്പോൾ വാങ്ങിയതാണ് ഈ ക്ലോക്ക്. ക്ലോക്കിലെ സെക്കന്റ് സൂചി നിർത്താതെ ഓടുന്ന ഒരു കുട്ടി ആണെന്ന് ചെറുപ്പത്തിൽ അഹദ് വിചാരിച്ചിരുന്നു. വലുതായപ്പോൾ അതൊരു മുതിർന്ന മനുഷ്യനായി തോന്നിത്തുടങ്ങി. പിന്നീടാണ് മനസ്സിലായതു അഹദ് തന്നെത്തന്നെയാണ് അതിൽ കാണുന്നതെന്നു. സുഹാനയോട് ഒരിക്കൽ അക്കാര്യം സൂചിപ്പിച്ചപ്പോൾ അവൾക്കിതിൽ തൽപര്യം തോന്നി. എവിടേയും നിൽക്കാതെ നെട്ടോട്ടം ഓടുന്ന മനുഷ്യൻ. അതിനു എഴുത്തിന്റെ മേഖലയിൽ നല്ല സാധ്യത ഉണ്ടെന്ന് അവൾ പറഞ്ഞു. താൻ മനസ്സിൽ സങ്കല്പിച്ച ആ ഓടുന്ന മനുഷ്യനെ ക്ലോക്കിന്റെ സൂചിയായി രൂപ കൽപന ചെയ്തിരിക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല, അതങ്ങ് വാങ്ങി. പിന്നീട് സുഹാന ഈ ക്ലോക്കിനെക്കുറിച്ച് ഒരു കവിത എഴുതി. കേരളത്തിലെ മികച്ച ഒരു ദ്വൈവാരികയിൽ അച്ചടിച്ചു വരുകയും ചെയ്തു. സ്വപ്നമോ മിഥ്യയോ എന്നറിയാത്ത അനവധി നിമിഷങ്ങൾ കടന്ന് പോയി. സംസാരിക്കുന്നുണ്ട്, പക്ഷേ ഒച്ച പുറത്തു വരുന്നില്ല. അല്ലെങ്കിൽ അത് മറ്റുള്ളവർ കേൾക്കുന്നില്ല. കേട്ടാൽ തന്നെ മറുപടി ഇല്ല. അവയ്ക്കിടയിൽ വർണ്ണശഭളമായ പൂമ്പാറ്റകളെപ്പോലെ അവർ തത്തിക്കളിച്ചു. അവസാനം, പിറ്റേ ദിവസം രാവിലെ ചർച്ച തുടരാം എന്ന തീരുമാനത്തിൽ പിരിഞ്ഞു.

ഓഗസ്റ്റ് 12 ബുധനാഴ്ച പ്രിയപ്പെട്ട ഡയറി, ഇന്നത്തെ ദിവസത്തിന് ധൈർഘ്യം ഏറിക്കൊ ണ്ടിരിക്കുകയാണ്. അറ്റമില്ലാത്ത കടൽ പോലെ അതങ്ങനെ നീണ്ടു കിടക്കുകയാണ്. ഉറക്കത്തിലേക്ക് വഴുതി വീണതായിരുന്നു. ഇന്നത്തെ ഈ രാത്രി ഇനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഉറക്കം വിശ്രമം ആഗ്രഹിക്കുന്നവർക്കുള്ളതാണ്. ഞാൻ ഇപ്പോൾ ഒരു ലക്ഷ്യത്തിലാണ്. അതിലെത്തിച്ചേരാതെ പൂർണ്ണമായി വിശ്രമിക്കുവാൻ പറ്റുമെന്ന് തോന്നുന്നില്ല.

ഇന്ന് രാവിലെ ചോദ്യം ചെയ്യുവാൻ വീട്ടിലെത്തിയപ്പോൾ റിതേഷിന്റെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റങ്ങളാണ് എല്ലാത്തിന്റെയും തുടക്കം. അല്ലെങ്കിൽ ഭാര്യയുടെ മരണം വിശദമായി അന്വേഷിക്കണം എന്നു പറഞ്ഞു തങ്ങളെ സമീപിച്ച റിതേഷിനെ ഒരിയ്ക്കലും സംശയിക്കില്ലായിരുന്നു. ഒരു ദിവസത്തെ മാറിയ മാനസികാവസ്ഥ, മറ്റൊരു ഭാഷയിൽ പറഞ്ഞാൽ മൂഡ് സ്വിങ്‌സ് ആയി വേണമെങ്കിൽ അതിനെ കാണാമായിരുന്നു. വരും ദിവസങ്ങളിലുള്ള പെരുമാറ്റങ്ങൾ കൂടി നിരീക്ഷിക്കാമായിരുന്നു. അത് മാത്രമല്ല, ശ്രീജയെക്കുറിച്ച് റിതേഷ് പറഞ്ഞതും ഡയറിയെക്കുറിച്ചുള്ള പ്രസ്താവനകളും മറ്റും മുൻപ് മനസ്സിൽ ഉദിച്ച സംശയങ്ങളെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. ആദ്യം തങ്ങൾ കണ്ട റിതേഷിൽ നിന്നും ഇന്നലെ കണ്ട റിതേഷ് ആയി മാറുവാൻ ഉണ്ടായ കാരണങ്ങൾ? ശത്രുവിൽ നിന്നുണ്ടായ ഭീഷണി? പോലീസിൽ നിന്നു ഉണ്ടായ തിക്താനുഭവങ്ങൾ? തങ്ങളിൽ നിന്നു തന്നെ ഉണ്ടായ അവിചാരിതമായ നീക്കങ്ങൾ? എനിക്കിപ്പോൾ ഒരു തീരുമാനത്തിൽ എത്തുവാൻ കഴിയുന്നില്ല. റിതേഷിന്റെ മരണത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ നേരം പുലരണം. പോലീസിന്റെ കണ്ണു വെട്ടിച്ചു റിതേഷിന്റെ വീട്ടിൽ കയറി കൂടുവാൻ ഉള്ള വല്ല പഴുതുമുണ്ടോ എന്നു അന്വേഷിക്കണം. സി ഐ യുടെ ഇന്നലത്തെ പെരുമാറ്റം വെച്ചു നോക്കുമ്പോൾ മിക്കവാറും വീട് പോലീസ് നിരീക്ഷണത്തിൽ ആയിരിക്കും എങ്കിലും വിൻസെന്റ് ഒരു മാർഗ്ഗം കണ്ടെത്താതിരിക്കില്ല. പോലീസിനേക്കാൾ എന്നെ പിന്നോട്ടു വലിക്കുന്നത് റിതേഷിന്റെയും ഗംഗയുടെയും ഇളയ മകളുടെ മുഖമാണ്. കേവലം കുറച്ചു ദിവസങ്ങൾ കൊണ്ട് തികച്ചും അനാഥമായി തീർന്ന ആ പിഞ്ചു പൈതലിന്റേത്. അതിനെ ഇനി എന്തു പറഞ്ഞാണ് ആശ്വസിപ്പിച്ചിട്ടുണ്ടാവുക എന്നു എനിക്ക് അറിയില്ല. കഴിഞ്ഞ തവണ അവരുടെ വീട്ടിൽ പോയപ്പോൾ റിതേഷ് പറഞ്ഞ അയാളുടെ പെങ്ങൾ ? അങ്ങനെ ഒരാളുണ്ടാകുമോ? പിന്നെ, ശ്രീജ എന്തിനാണങ്ങനെ പറഞ്ഞത്? എന്തു തന്നെ ആയാലും, അങ്ങനെ ഒരാൾ ഉണ്ടാകണേ എന്നു എന്റെ മനസ്സിപ്പോൾ ആഗ്രഹിച്ചു പോകുന്നു. അല്ലെങ്കിൽ , ആ കുട്ടികളുടെ അവസ്ഥ എന്തായിത്തീരും എന്നതു ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഈ കേസിലെ സങ്കീർണ്ണതകളെ എങ്ങനെ മറികടക്കും എന്നുള്ളതിനു ഒരു പദ്ധതി തയ്യാറാക്കുകയാണ് അടുത്ത പരിപാടി.

ഓരോ കരു നീക്കുമ്പോഴും തങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന, തങ്ങൾ കാണാതെ തങ്ങളുടെ രഹസ്യങ്ങൾ അറിയുന്ന ആരോ ഒരാൾ അല്ലെങ്കിൽ ഒരു വിദഗ്ധ സംഘം ഉണ്ടെന്ന് മാത്രം അഹദിനു തീർച്ച ആയിരുന്നു. പുലരിയുടെ വരവു അറിയിച്ചു കൊണ്ട് പക്ഷികളുടെ നാദസ്വരം കേട്ടു തുടങ്ങിയിരുന്നു. ജനാലയിൽ കൂടി ആകാശത്തിന്റെ ഒരു പാളി അഹദിനു ദൃശ്യമായിരുന്നു. ഒരു കൊച്ചു കുട്ടി ചുവപ്പും മഞ്ഞയും ഓറഞ്ചും നീലയും വെള്ളയും മറ്റും വാരി വിതറിയാൽ എങ്ങനെ ഉണ്ടാകും? നിറങ്ങളുടെ കൂടിച്ചേരൽ ഇമ്പമുള്ളതായിരുന്നു. പ്രശസ്ത ചിത്രകാരുടെ കാൻവാസുകളിൽ വിവിധ നിറങ്ങളിൽ വിരിയുന്ന ആകാശം നോക്കി ഇതെല്ലാം ഭാവന മാത്രം അല്ലേ? എന്നു വിചാരിച്ചു പോകുന്ന മാത്രയിൽ ആകാശത്തേക്ക് ഒന്നു കണ്ണോടിച്ചാൽ മനസ്സിലാകും അതിനേക്കാൾ മികച്ചൊരു ചിത്രകാരൻ അവിടെ ഒളിഞ്ഞിരിപ്പുണ്ട് എന്ന്.

കണ്ണുകളിൽ ഉറക്കത്തിന്റെ ലാഞ്ചന പോലും ഇല്ലെങ്കിലും തലയിൽ ഒരു ഘനം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രാവും പകലും വിശ്രമില്ലാതെ പണിയെടുക്കുന്ന മസ്തിഷ്‌ക്കത്തിനോടു താൻ ചെയ്യുന്ന കുറ്റമല്ലേ ഈ ഉറക്കമില്ലായ്മ എന്നു അഹദിനു തോന്നിത്തുടങ്ങിയിരുന്നു. ഡയറി പതിയെ അടച്ചു വെച്ചു ഉറക്കത്തിലേക്ക് വഴുതി വീഴുവാൻ തുടങ്ങിയപ്പോൾ വീണ്ടും ഫോൺ ശബ്ദിച്ചു. ചാടി എഴുന്നേറ്റ് പച്ച ബട്ടൻ അമർത്തി . ""ഹലോ'' ""ഞാൻ യൂ എസ് ബി പരിശോധിക്കുകയായിരുന്നു''
ദീപക്കാണ്. അവനും ഉറക്കമില്ലാതെ അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണല്ലോ എന്ന അറിവ് അഹദിനെ വീണ്ടും ഊർജ്ജസ്വലനാക്കി. ""ഇതിൽ കുറെ ചിത്രങ്ങളുണ്ട്, നമ്മൾ ഇന്നലെ കണ്ട വീടിന്റെ ചിത്രം ഉള്ള സ്ഥലത്തല്ല. മറ്റൊരു ഫോൾഡറിൽ. വീട് ചെയ്തത് പോലെ മറ്റെല്ലാ ചിത്രങ്ങളും തല തിരിച്ചു പിടിച്ചപ്പോളതിനു മറ്റ് അർഥങ്ങളുള്ളത് പോലെ.''""കൊള്ളാം.''""അഹദിനയച്ചത് പോലെ സുഹാനയ്ക്കും ഞാൻ അവ മെസേജ് ചെയ്തിരുന്നു. അവളപ്പോൾത്തന്നെ എന്നെ തിരിച്ചു വിളിച്ചു.''
ദീപക് പറഞ്ഞപ്പോളാണ് അഹദ് ശ്രദ്ധിച്ചത്, തന്റെ മൊബൈൽ ഫോണിൽ വായിക്കാതെ കിടക്കുന്ന സന്ദേശങ്ങൾ. ""സുഹാന പറയുന്നതിലും കാര്യം ഉണ്ട്. അവയെല്ലാം മരിച്ചു പോയ ആളുകളുമായി ബന്ധം ഉള്ളവ തന്നെ ആണ്.''
ഒട്ടും പ്രതീക്ഷിക്കാത്ത ഒരുത്തരം കേട്ടപ്പോൾ അഹദ് ഞെട്ടിപ്പോയി. അതിനേക്കാളുപരി ഒരു കോരിത്തരിപ്പും. മിടിക്കുന്ന ഹൃദയത്തിൽ നിന്നുള്ള ശബ്ദങ്ങൾ തൊട്ടടുത്ത് എത്തിക്കുന്ന ആ അത്ഭുത വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ""എനിക്കു പക്ഷേ അവ കണ്ടിട്ടു അങ്ങനെ ഒന്നും തോന്നിയില്ല. അഹദ് ഒന്നു നോക്കാമോ?'' ""സുഹാന എന്താണ് പറഞ്ഞത്?''

ഇയർ ഫോൺ കണക്ട് ചെയ്തു അഹദ് സന്ദേശം തുറന്നു. വിവിധ ചിത്രങ്ങൾ അടങ്ങുന്ന ഒരു സ്‌ക്രീൻ അതിൽ തെളിഞ്ഞു. ""രണ്ടു വൃത്തങ്ങളുടെ അടിയിൽ ഒരു വര ഉള്ള ചിത്രം ഉണ്ട് അതിൽ. അത് തിരിച്ച് പിടിച്ച് നോക്കുമ്പോൾ ഷൂവിൽ പിടിപ്പിക്കാവുന്ന റോളർ സ്‌കെയിറ്റ് പോലുണ്ടെന്നാണ് സുഹാന പറയുന്നതു.''
ബിന്ദുക്കൾ തമ്മിൽ യോജിപ്പിക്കുമ്പോൾ തങ്ങൾക്കിഷ്ടപ്പെട്ട മൃഗമോ പഴമോ കാണാം എന്ന പ്രതീക്ഷയോടെ നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ അഹദ് കാതോർത്തു .

വ്യാഖ്യാനം വെച്ചു നോക്കുമ്പോൾ ശരിയാണ്. അങ്ങനെ തോന്നുന്നുണ്ട്. അല്ലെങ്കിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വെറും വൃത്തങ്ങളും വരയും മാത്രമാണ്. ""അത് വിക്കിയെ ഉദ്ദേശിച്ച് ആയിരിക്കില്ലേ'' എന്നാണ് സുഹാന ചോദിക്കുന്നത്.അങ്ങനെ ചിന്തിക്കുമ്പോൾ ശരിയാണ്.
"അടുത്ത ചിത്രം വെറും നൂൽ കൊണ്ട് ബന്ധിച്ച ഒരു കുഴൽ ആയി മാത്രമേ എനിക്കു തോന്നിയുള്ളൂ. അത് തിരിച്ചു പിടിച്ചാലും മറിച്ചു പിടിച്ചാലും ഒരു പോലെ തന്നെ ആണ്. എന്നാൽ ആർക്കിടെക്ടുകൾ ചാർട്ട് പേപ്പറുകളും അത് പോലുള്ള മറ്റ് മുന്തിയ ഇനം പേപ്പറുകളും തോളിൽ തൂക്കി കൊണ്ട് നടക്കുവാൻ ഉപയോഗിക്കുന്ന ഡ്രോയിങ് ഷീറ്റ് ഹോൾഡർ പോലുണ്ട് എന്നാണ് സുഹായുടെ അഭിപ്രായം. പഠിക്കുന്ന സമയത്ത് അവളുടെ റൂം മേറ്റ് ഒരു ആർക്കിടെക്ട് വിദ്യാർഥിനി ആയിരുന്നത്രെ.'

അത് ശരിയാണ്. അറിയുന്നതേ കണ്ണുകൾ കാണു. കൃത്യമായി അടക്കി വെച്ച ചിത്രങ്ങളുടെ ശേഖരണത്തിൽ നിന്നും ആണ് നമ്മൾ ആവശ്യപ്പെടുമ്പോൾ മസ്തിഷ്‌ക്കം സന്ദേശങ്ങൾ നൽകുന്നത്. കേവലം ഒരു ഒത്തു നോക്കലാണവിടെ നടക്കുന്നത്. വളരെ വേഗതയിലും സമർഥമായും ആണെന്ന് മാത്രം. ഒരിക്കൽ പോലും കാണാത്ത കാര്യങ്ങൾ ഓർമ്മയിൽ ഉണ്ടാകില്ല. അത് കൊണ്ട് തന്നെ ആണ് ഒരു ചിത്രത്തെ പലരും പല വിധത്തിൽ നിർവ്വചിക്കുന്നത്. ""അടുത്ത ചിത്രം എത്ര ശ്രമിച്ചിട്ടും മനസ്സിലാകുന്നില്ല. അഹദ് ചിത്രം കണ്ടോ?''
മറ്റൊരു കുഴൽ ആണത്. മറ്റേതിനെക്കാളും വണ്ണം കുറഞ്ഞതും, നീളം കൂടിയതും ആയൊന്നു. ചെറിയൊരു വൃത്തത്തിൽ നിന്നാണത് വരച്ചിരിക്കുന്നത്. വൃത്തത്തിന്റെ തൊട്ട് മുൻപു കുഴലിനൊരു ചെരിവുണ്ട്. അവ തമ്മിൽ ഒരു ആങ്കിൾ ഫോം ചെയ്യുന്നതു പോലെ. ""ചിത്രം കണ്ടു. പ്രത്യേകിച്ചൊന്നും തോന്നുന്നില്ല.''""അടുത്തത് രണ്ടു വരകളും തിരിച്ചിട്ട വി എന്ന അക്ഷരവും ഒരു എക്‌സും അല്ലേ? തിരിച്ചു പിടിച്ചാൽ അത് റോമൻ അക്കം പതിനേഴ് അല്ലേ? പക്ഷേ അത് ആരുമായും ബന്ധപ്പെട്ടതായി തോന്നിയില്ല. പിന്നെ ഉള്ളത് ഒരു ദീർഘ ചതുരമാണ്. അതൊരു പുസ്തകം പോലെ തോന്നുന്നു. ഡയറി എന്ന വസ്തു എല്ലാ കേസുകളും ആയി ബന്ധപ്പെട്ടതിനാൽ അതാണെന്നു കരുതാം. മറ്റൊന്ന് ഒരു ദീർഘ ചതുരവും അതിൽ നിന്നും ചെരിഞ്ഞു വരുന്ന കുറെ വരകളുമാണ്. അത് ഒരു പൈപ്പിൽ നിന്നും വെള്ളം വരുന്നത് പോലെ തോന്നി എനിക്കു. തിരിച്ചു പിടിച്ചാൽ ഒരു ഫൗണ്ടൻ പോലേയും. സുഹാന അങ്ങനെ ഒന്നും പറഞ്ഞില്ല.''
എനിക്കു അവരെ അറിയില്ല, അയാൾ അതും ചെയ്യും അതിനപ്പുറവും ചെയ്യും എന്ന ശബ്ദം അഹദിന്റെ കാതുകളിൽ മുഴങ്ങി. അഹദിന്റെ മനസ്സിലൂടെ ഒരു മിന്നൽ കടന്നു പോയി.

ഫാസിൽ. അവന്റെ നീളൻ മുടിയും മുഷിഞ്ഞ ഷർട്ടും ... ഫാസിലിന്റെ നോട്ടം കണ്ണുകളിൽ തുളച്ച് കയറുന്നത് പോലെ. അവന്റെ പിറന്നാളായിരുന്നു, ഒരു പക്ഷേ, പതിനേഴാമത്തെ? അപ്പോൾ കൊലയാളി ലക്ഷ്യം ഇട്ടത് അവനെ ആയിരിക്കുമോ? അതിനു ഇര ആയത് പാവം മാഷും ടീച്ചറും.

""ആ കുഴൽ . അതൊരു ഡെന്റൽ ഇൻസ്ട്രുമെന്റ് പോലെ തോന്നുന്നില്ലേ? എന്താണതിനു പറയുന്നതു?''""മൗത്ത് മിറർ ?''""ആ...അത് തന്നെ.''""ഉം..ശെരി ആണ്. അപ്പോൾ റിതേഷ് തന്നെ ആയിരിക്കുമോ ഇതെല്ലാം ചെയ്തത്?''""എനിക്കും അങ്ങനെ തോന്നുന്നു. അല്ലെങ്കിൽ അയാളുടെ യൂ എസ് ബിയിൽ ഈ വിവരങ്ങളെങ്ങനെ വന്നു. ഇനി അയാൾക്കു ഇത് മറ്റാരെങ്കിലും കൊടുത്തത് ആകുമോ? അതോ വീണു കിട്ടിയതോ? കണ്ടെടുത്തതോ?'' ""അങ്ങനെ ആണെങ്കിൽ അയാൾ ഇത് എന്തു കൊണ്ട് പോലീസിലോ നമ്മളെയോ ഏൽപിച്ചില്ല? ഇങ്ങനെ വല്ല വിവരവും കിട്ടിയിട്ടുണ്ടോ എന്നു ഞാൻ വിൻസെന്റിനോട് ചോദിക്കാം.''""റിതേഷ് തന്നത് ആണെന്ന് വിഷ്ണു പറഞ്ഞതല്ലെ? ഇനി ഇത് വിഷ്ണുവിന്റേതാണെങ്കിലോ?''""അങ്ങനെ വരാൻ സാധ്യത ഇല്ല. അയാളെ കണ്ടിട്ടു ഒരു പഞ്ച പാവം ആണെന്ന് തോന്നുന്നു. കൃത്യമായി ദിവസങ്ങൾ പോലും അറിയാത്ത ഒരാൾ.''""അങ്ങനെ തള്ളി കളയുവാൻ പറ്റില്ല അഹദ്. നമ്മുടെ മുൻപിൽ എല്ലാവരും കുറ്റക്കാരാണ്, unless otherwise proved.''
""അത് ശരിയാണ്. നാളെ നമുക്ക് അയാളുടെ വീട് വരെ ഒന്നുകൂടി പോയാലോ?''""ഉം... നോക്കാം .''""എന്നാൽ നീ ഉറങ്ങാൻ നോക്ക് . നേരം പുലർന്നു .''""കാണാം. ''

ആ ഫോൺ സന്ദേശങ്ങൾ അഹദ് പിന്നേയും നോക്കി, തിരിച്ചും മറിച്ചും. ഇപ്പോളതിൽ മൗത്ത്മിററും സ്‌കെയിറ്റിങ് ഷൂവും ഡ്രോയിങ് ഷീറ്റ് ഹോൾഡറും പതിനേഴും മാത്രമേ കാണുന്നുള്ളൂ. ഒരു ചെറിയ കുട്ടിയുടെ മുൻപിൽ ഉള്ള അറിയാത്ത കുറെ അക്ഷരങ്ങൾ മാത്രം ആയിരുന്നു കുറച്ചു മുൻപ് വരെ ഈ സന്ദേശങ്ങൾ. എന്നാൽ ഇപ്പോൾ അവയുടെ അർഥവുമായി മസ്തിഷ്‌ക്കം അതിനെ കൂട്ടിച്ചേർത്തുകഴിഞ്ഞിരിക്കുന്നു. ഇനി അവയെ നോക്കിയാൽ അതേ മനസ്സിൽ തെളിയൂ.

എല്ലാ സന്ദേശങ്ങളും മരിച്ചവരുടെ അല്ലെങ്കിൽ അവർ കൊല്ലാൻ ഉദ്ദേശിച്ചവരുമായി ബന്ധപ്പെട്ടതാണ്. അപ്പോൾ ഇനി ആരും കൊല്ലപ്പെടില്ലേ? അല്ലെങ്കിൽ അവർ മരിച്ചു കഴിഞ്ഞിട്ടാകുമോ ഇത് തയ്യാറാക്കപ്പെടുന്നത്? അങ്ങനെ ആകാൻ സാധ്യത ഇല്ല. അങ്ങനെ എങ്കിൽ റിതേഷിന്റെ വിവരങ്ങൾ ഇതിൽ കാണാൻ പാടില്ലല്ലോ? ഉത്തരം അറിയാത്ത മറ്റ് രണ്ടു ചിത്രങ്ങൾ? ഇനിയും രണ്ടു മരണങ്ങൾ കൂടി നടക്കുമോ?
അപ്പോൾ, ഫാസിലിന്റെ ജീവൻ അപകടത്തിൽ ആയിരിക്കുമോ? അവൻ കൊല്ലപ്പെടുവാൻ സാധ്യത ഉണ്ടോ? അവനിപ്പോൾ എവിടെ ആയിരിക്കും? ഹോസ്പിറ്റലിൽ? റീ ഹാബിലിറ്റേഷൻ സെന്ററിൽ? അല്ലെങ്കിൽ ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ ? ഒരു പക്ഷേ, തന്റെ തൊട്ടടുത്ത വീട്ടിൽ തന്നെ. അവിടെ ആരും താമസിക്കുന്നതിന്റെ ലക്ഷണങ്ങൾ ഇത് വരെ കണ്ടിട്ടില്ല. അവിടെ ആകാൻ സാധ്യത ഇല്ല. ഇനി ഒളിച്ചു താമസിക്കുക ആയിരിക്കുമോ? പെട്ടന്നു അഹദിന് ഉത്തരവാദിത്വമുള്ള ഒരു ചേട്ടന്റെ സ്ഥാനത്ത് നിൽക്കുന്നത് പോലെ തോന്നി. മൊയിദീൻ മാഷിനോടും ഖദീജ ടീച്ചറോടും ഉള്ള കടപ്പാട് നിറവേറ്റണം. അവനെ എങ്ങനെ എങ്കിലും രക്ഷിക്കണം.

കേവലം പതിനേഴ് വയസ്സുള്ള ഒരു പയ്യൻ ഒരു കൊലയാളിയുടെ നോട്ടപ്പുള്ളി ആകണമെങ്കിൽ ഫാസിൽ അത്ര ഏറെ വഴി തെറ്റിയിട്ട് ഉണ്ടാകില്ലേ? അല്ലെങ്കിൽ പെട്ട് പോയതാകുമോ? താൻ ആയിരുന്നു കൊലയാളിയുടെ ലക്ഷ്യം എന്നും താൻ രക്ഷപ്പെട്ടതാണ് എന്നും അവനു മനസ്സിലായിട്ടുണ്ടാകുമോ? അതിനാലാണോ അവൻ മാതാപിതാക്കളെ അറിയില്ല എന്നു പറഞ്ഞത്? പിന്നെ എന്തു കൊണ്ട് അവൻ പോലീസിന്റെ സഹായം തേടിയില്ല? അവനു മറ്റുള്ളവരിൽ നിന്നും എന്തെങ്കിലും ഒളിപ്പിച്ചു വെക്കുവാൻ ഉണ്ടാകണം. ഇതെല്ലാം ശെരിയായ നിഗമനങ്ങൾ ആകുമോ? വീണ്ടും അഹദ് കിടക്കയിലേക്ക് തല ചായിച്ചു, ഉണർന്ന മനസ്സോടെ. ആ നീണ്ട ദിവസത്തിനു വിരാമം ഇടുന്നത് പോലെ അഹദ് ഭിത്തികളിലേക്ക് കണ്ണോടിച്ചു. ഇരുപതു മണിക്കൂറോളം നീണ്ട ഒരു ദിവസം.

ഭിത്തിയിൽ തൂങ്ങുന്ന കലെണ്ടർ അഹദിനെ മറ്റൊരു കലണ്ടറിനെ കുറിച്ചു ഓർമ്മിപ്പിച്ചു, മൊയ്ദീൻ മാഷിന്റെ വീട്ടിൽ തൂങ്ങിക്കിടന്ന ഒന്നു. അതിൽ ഓഗസ്റ്റ് 8 നു ചുറ്റും ഒരു വട്ടം ഉണ്ടായിരുന്നു. അത് ഫാസിലിന്റെ പിറന്നാൾ ദിനം ആണ്. 1992 ആഗസ്ത് 8, അതും ഒരു ശനിയാഴ്ച ആയിരുന്നു. കാലത്തിന്റെ ചക്രവാളത്തിൽ തിരക്കിട്ട് ഓടി നടക്കുന്ന മനുഷ്യനു കൗതുകം സൃഷ്ടിക്കുവാൻ ഇടയ്ക്കു വീണു കിട്ടുന്ന ചുരുക്കം ചില ദിനങ്ങളിൽ ഒന്നു. ഫാസിലിനെ കാണിക്കുവാൻ മൊയിദീൻ മാഷോ ഖദീജ ടീച്ചറോ വരച്ചതായിരിക്കുമോ ആ വൃത്തം? ഒരിയ്ക്കലും തങ്ങൾക്കു അത് തങ്ങളുടെ മകനെ കാണിച്ചു കൊടുക്കുവാൻ ആകില്ല എന്നറിയാതെ. ഇതേ അത്ഭുത ദിനത്തിൽ തങ്ങൾ ഈ ലോകത്തോട് വിട പറയും എന്നറിയാതെ. അല്ലെങ്കിൽ ഇതു കൊലയാളിയുടെ മറ്റൊരു തന്ത്രം ആകുമോ? മറ്റുള്ളവരെ വട്ടം കറക്കുവാൻ? ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments