ചിത്രീകരണം : രാജേഷ് ചിറപ്പാട്

പത്ത്

രോ ദിവസം പിന്നിടുമ്പോഴും സങ്കീർണ്ണത കൂടി വരുന്ന ഒരു നൂലിലെ കെട്ടു പോലെ ആയിത്തീരുന്നു ഈ കേസ്. അദൃശ്യമായ ഒരു താളത്തിൽ മിടിച്ചു കൊണ്ടിരുന്നിരുന്ന ഹൃദയത്തിന്റെ നിയന്ത്രണം പെട്ടന്നു തനിക്ക് ഏറ്റെടുക്കേണ്ടി വന്നത് പോലെ അഹദിനു തോന്നി. നെഞ്ചിന്റെ ഉയർന്നും താഴ്ന്നുമുള്ള ചലനങ്ങൾ പോലും ഇത്ര ബുദ്ധിമുട്ടേറിയതായിരുന്നോ? ശ്വാസം കഴിക്കുന്ന കുഴലുകളുടെ വ്യാസം പൊടുന്നനെ കുറഞ്ഞിരിക്കുന്നു. വായ് മലർക്കെത്തുറന്നു വളരെ ശക്തിയിൽ വായുവിനെ അകത്തേക്ക് എടുക്കുകയെ മാർഗ്ഗമുള്ളൂ. പല തവണ അതാവർത്തിച്ചിട്ടും പൂർവ്വ സ്ഥിതിയിൽ എത്തിച്ചേരുവാൻ അഹദിനായില്ല.
മനസ്സിന്റെ വികൃതികൾ എത്ര പെട്ടന്നാണ് ശരീരത്തെ ബാധിക്കുന്നത് എന്ന ചിന്ത അഹദിനെ വേട്ടയാടുവാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. തെല്ലു നേരത്തെ നിരാശാബോധം എത്ര പെട്ടന്നാണ് ശരീരത്തെ കാർന്നു തിന്നുക? എങ്ങനെയാണ് സ്വപ്നങ്ങൾ കണ്ടു നടന്ന ഒരു വ്യക്തി ജീവിതം അവസാനിപ്പിക്കുവാനുള്ള തീരുമാനത്തിൽ എത്തുക? അല്ലെങ്കിൽ ലോകമെമ്പാടും ഇത്രയധികം ആത്മഹത്യകളോ കൊലപാതങ്ങളോ സംഭവിക്കുക ഇല്ലല്ലോ.

സെപ്‌ടെംബർ 15 ശനിയാഴ്ച പ്രിയപ്പെട്ട ഡയറി,

നിന്നോടു ഇത് എങ്ങനെ പറയണം എന്നു എനിക്കറിയില്ല. മറ്റൊരു കാര്യം പറയുമ്പോഴും ഇങ്ങനെ ഒന്നും എനിക്കു തോന്നിയിട്ടില്ല. ഒരു പക്ഷേ, ഇതെന്നെ ബാധിക്കുന്ന കാര്യമായത് കൊണ്ടാകാം. സ്വന്തം ജീവിതത്തിലെ ഏടുകൾ നമുക്കെപ്പോഴും വിലപ്പെട്ടത് തന്നെ. അവ ഒരിയ്ക്കലും അടർന്നു പോകില്ല എന്ന പൊയ് വിശ്വാസത്തിലാണ് നാം ജീവിക്കുന്നത്.

ഇത്രയും പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം പറയാതെ വയ്യ താനും. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീട് ഞാൻ ഇതെല്ലാം വായിച്ചു നോക്കുമ്പോൾ നികത്താനകാത്ത ഒരു വിടവ് നിന്നെ അപൂർണ്ണമാക്കുന്നത് നിസ്സഹായനായി ഞാൻ നോക്കി നിൽക്കേണ്ടി വരും. സാധാരണ ഒറ്റയടിക്ക് നിന്നോടു കാര്യങ്ങൾ പറയുന്ന ഞാൻ എന്തിനിത്ര വലിയൊരു മുഖവുര നല്കി എന്നു എനിക്കു അറിയില്ല. ഒന്നു മാത്രം എനിക്കറിയാം-ഒരു അവർ ഗ്ലാസ്സിൽ നിറച്ച പൂഴി മണ്ണ് പോലെ എന്റെ കയ്യിലുള്ള സമയം നിമിഷം തോറും ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു പക്ഷേ, അതിന്റെ പത്തിരട്ടി വേഗത്തിൽ . അക്ഷരങ്ങളുടെ മുന്നിൽ അന്ധാളിച്ചു നിൽകുന്ന ഒരു ചെറിയ കുട്ടിയെപ്പോലെ എവിടെ നിന്നു തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയാതെ പകച്ചു നിൽകുന്ന ഒരാളായി മാറിയിരിക്കുന്നു ഇന്ന് ഞാൻ . എവിടെയാണ് പിഴച്ചു പോയത് എന്നു അന്വേഷിക്കുന്തോറും സമസ്യകളുടെ ഒരു വലിയ കൂമ്പാരം മുന്നിൽ വന്നു വീഴുന്നു.

ഇത്രയും കാലത്തെ ഡിറ്റക്​ടീവ് ജീവിതത്തിനിടയ്ക്ക് സ്വന്തം ജീവിതത്തെ വേട്ടയാടുന്ന ഒരു കേസ് വേറെ ഉണ്ടായിട്ടില്ല. നിത്യവും കാണുന്ന, ഇടപഴകുന്ന ഒരാൾ പെട്ടന്നു ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാകുമ്പോൾ എങ്ങനെ തോന്നും എന്നു ഇപ്പോൾ എനിക്കു മറ്റാരും പറഞ്ഞു തരേണ്ടതില്ല. ഈ കേസ് തുടങ്ങിയത് മുതൽ എന്നെ വേട്ടയാടുന്ന ഒരു വികാരം ഉണ്ട്-കുറ്റബോധം. ഓരോ ദിവസം പിന്നിടുമ്പോഴും അതിന്റെ തീവ്രത കൂടി വരുന്നത് ഞാൻ അറിയാതെയല്ല. ഒരു ഡിറ്റക്​ടീവിൻറെ പരാജയമായി കണക്കാക്കുന്നത് കൊണ്ട് ഞാനതിനെ മനപ്പൂർവ്വം മറച്ചു വെക്കുവാൻ നോക്കുകയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അതിനൊന്നും പ്രസക്തി ഇല്ലാതെ ആയിരിക്കുന്നു. ചുറ്റും കാണുന്ന ആളുകൾ ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോകുമ്പോൾ നമ്മൾ സുരക്ഷിതരാണ് എന്നു ചിന്തിക്കുവാനാണ് നമുക്കിഷ്ടം. ഒരിക്കൽ നമുക്കും മരണത്തിന്റെ കരങ്ങളിലേക്ക് വഴുതി വീഴേണ്ടി വരുമെന്ന് അറിയാമെങ്കിലും അതൊരു വിദൂരമായ കാര്യമായി ചിത്രീകരിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. അത് ചിലപ്പോൾ മനസ്സിന്റെ ഒഴിവ് കഴിവായി എനിക്കു തോന്നാറുണ്ട്. മറിച്ചു ചിന്തിച്ചാൽ മനസ്സമാധാനമായി ജീവിക്കുക പ്രയാസം.

മറ്റാരെക്കാളും ഉത്സാഹത്തോടെ ഈ കേസ് തെളിയിക്കുവാൻ ഓടി നടന്നത് സുഹാന ആണ്. ഡോക്ടർ നിപുണിന്നെക്കുറിച്ചും ഗംഗയെക്കുറിച്ചും വിക്കിയെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുവാൻ സുഹാന പരിശ്രമിച്ചത് കുറച്ചൊന്നുമല്ല. കേസന്വേഷണത്തിനിടയിൽ റിതേഷിന്റെ കാര്യത്തിൽ വലിയ തെറ്റുകൾ സംഭവിച്ചപ്പോഴും അതൊന്നും മനസ്സിലേക്ക് എടുക്കാതെ എല്ലാവർക്കും ശുഭാപ്തി വിശ്വാസം പകർന്നു നല്കിയത് സുഹാന ആണ്. എന്നിട്ടിപ്പോൾ ? തങ്ങളുടെ ഓരോ നീക്കങ്ങളും കൊലയാളി ഒളിഞ്ഞിരുന്നു മനസ്സിലാക്കുന്നുണ്ട് എന്നു സുഹാന ആവർത്തിച്ചു പറയുമായിരുന്നു. അവൾക്കെന്താണങ്ങനെ തോന്നാൻ കാരണമെന്ന് എനിക്കു മനസ്സിലായില്ല. പക്ഷേ, എനിക്കും അങ്ങനെ തോന്നിത്തുടങ്ങിയിരുന്നു. ഞാൻ അത് മറ്റാരോടും പറഞ്ഞിരുന്നില്ലെങ്കിൽ പോലും.

രാത്രിയുടെ നിശബ്ദയാമങ്ങൾ തുടങ്ങിയിട്ടു ഒരു മണിക്കൂർ പിന്നിട്ട് കഴിഞ്ഞിരുന്നു. ആ പ്രദേശത്ത് തന്റെ മുറിയിൽ മാത്രമേ വെളിച്ചം കാണുകയുള്ളൂ എന്ന ചിന്തയോടെ അഹദ് ജനവാതിലിലൂടെ പുറത്തേക്ക് നോക്കി. സൂര്യപ്രകാശത്തിന്റെ വ്യതിയാനങ്ങളനുസരിച്ചു മാനവർ പ്രവൃത്തിയും ഉറക്കവും ക്രമീകരിക്കുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇലെക്ട്രിക് ലൈറ്റുകളുടെ വരവോടെ രാത്രിയെ പകലാക്കുന്ന വിദ്യ അവർ പതിവാക്കി. ഇലെക്ട്രോണിക് ഉപകരണങ്ങളുടെ അതിപ്രസരം അതിനു ആക്കം കൂട്ടിയതേ ഉള്ളൂ. കൃതിമമായ വെളിച്ചം കണ്ണുകളെ ഉറക്കത്തിൽ നിന്നും അകറ്റി നിർത്തുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത് . തന്നെ വേട്ടയാടുവാൻ തുടങ്ങിയ നിസ്സംഗതയിൽ നിന്നും രക്ഷപ്പെടുവാനെന്നോണം അഹദ് വീണ്ടും എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. അലസമായ മനസ്സിനെ നിയന്ത്രിക്കുക പ്രയാസം. എന്നാൽ പ്രവർത്തന നിരതമായാൽ പാഴ് ചിന്തകൾക്കവിടെ സ്ഥാനമില്ല.

ജന്മദിനത്തിന്റെ സന്തോഷത്തിമിർപ്പിൽ എല്ലാം മറന്നു പോകുന്ന ഒരു വ്യക്തി ആയിരുന്നില്ല സുഹാന. ദീപകിനെ പോലെ അവൾ ഒരു പാർട്ടിയോ മറ്റോ നടത്തിയതുമില്ല. എന്നാൽ, അവളുടെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു. വർഷത്തിൽ ഒരിക്കൽ നമുക്ക് വേണ്ടി ഒരു ദിനം, നമ്മൾ രാജകുമാരിയോ രാജാവോ ആയിത്തീരുന്ന നിമിഷങ്ങൾ , നമ്മുടെ സ്വന്തം വീടുകളിലെങ്കിലും . അതായിരുന്നു അവൾക്കു പിറന്നാൾ . ഇരുപത്തി ഒൻപത് എന്ന നാഴികക്കല്ലിൽ എത്തി നിൽക്കുന്ന ഈ പിറന്നാളിനു മറ്റേതിനെക്കാളും പ്രാധാന്യം അവൾ കൽപ്പിച്ചിരുന്നു. അടുത്ത വർഷം മുതൽ മുപ്പതിൽ എത്തിച്ചേരും എന്നു അവൾ തമാശയോടെ പറയാറുമുണ്ടായിരുന്നു.

സമ്മാനം ആയി കിട്ടിയ കാർ അവളുടെ ജന്മദിനത്തിന് എന്തെന്നില്ലാത്ത പകിട്ട് നല്കി. എന്നാൽ ഒരുമിച്ച് ആദ്യ ഡ്രൈവ് കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ ആ കുടുംബത്തെ കാത്തിരിന്നിരുന്ന അപകടം തിരിച്ചറിയാതെ അവർ പ്രവർത്തിച്ചു, സാധാരണ മനുഷ്യരെപ്പോലെ. അവിടെ നടന്നതെല്ലാം വ്യക്തമായി ആസൂത്രണം ചെയ്ത നാടകത്തിന്റെ തുടർച്ച മാത്രമായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടു പൊയ്ക്കഴിഞ്ഞിരുന്നു.

അവർ വീട്ടിൽ എത്തിച്ചേർന്നതിനു ശേഷം വന്ന ഫോൺ കോളുകൾ , അത് തന്നെ ആണ് കൊലയാളിയെ അല്ലെങ്കിൽ കൊലയാളികളെ കണ്ടെത്തുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം. എന്നാൽ , അതിനെ അതിവിദഗ്ദമായി തടയുന്നതിനുള്ള പദ്ധതികൾ അവർ മിനഞ്ഞു വെച്ചിട്ടുണ്ട് എന്നു ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞതാണ്.

ഫോൺ കോൾ പ്രകാരം മൂന്നാലു വീടുകൾക്കപ്പുറം ഉള്ള അനിയത്തിയുടെ വീട്ടിൽ എത്തിയ സുഹാനയുടെ ഉമ്മയ്ക്ക് തനിക്ക് പറ്റിയ അബദ്ധം പെട്ടെന്ന് പിടി കിട്ടി. അനിയത്തി സുഖമായി വരാന്തയിൽ ഇരുന്നു പത്രം വായിക്കുന്നത് കണ്ട മാത്രയിൽ അവർ തിരിച്ചു വീട്ടിലേക്കു ഓടി. ബാത്‌റൂമിൽ വീണു അനിയത്തിയുടെ കാലു പൊട്ടി എന്നാണ് അജ്ഞാതൻ പറഞ്ഞത്. അടുത്ത വീട്ടിലെ ഖാദർ എന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. കേട്ട പാതി കേൾക്കാത്ത പാതി അവർ അനിയത്തിയുടെ വീട് ലക്ഷ്യമാക്കി ഓടി. പുറകെ സുഹാനയുടെ പപ്പയും. ഓട്ടത്തിനിടയ്ക്ക് ""സുഹാന, ഞാൻ ഇപ്പൊ വരാ ട്ടോ. എന്താണെന്ന് പോയി നോക്കട്ടെ.'' എന്നു കിതപ്പോടെ വിളിച്ചു പറയുകയും ചെയ്തു. അവിടെ ചെന്നപ്പോൾ ആണ് മനസ്സിലായത് അതൊരു ഫേക് കോൾ ആണ് എന്ന് . സംശയങ്ങളുടെ ആ കൂടാരം സൃഷ്ടിച്ച വിഭ്രാന്തിയിൽ അവർ ബോധം കെട്ടു വീണു. സുഹാനയുടെ ഉമ്മയെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു തിരിച്ചെട്ടിയപ്പോഴേക്കും സുഹാനയുടെ ഉമ്മയുടെ വേവലാതികൾക്കു സത്യത്തിന്റെ രൂപം പ്രാപിച്ചു കഴിഞ്ഞിരുന്നു.

എന്തെങ്കിലും പറ്റിയാൽ തന്നെ അല്ലേ അനുജത്തി ആദ്യം വിളിക്കുക? പിന്നെന്തിനു ഞാൻ ഇവിടേക്കു പാഞ്ഞു? ഇനി സുഹാനയ്ക്കു വല്ല അപകടവും പറ്റിക്കാണുമോ? ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എല്ലാം എന്റെ തെറ്റാണ്. അതിനു ഞാൻ എന്തിനാണ് ഇങ്ങനെ ഒക്കെ ഇപ്പോൾ ചിന്തിക്കുന്നത്? എന്നുള്ള വിചാരങ്ങൾ സുഹാനയുടെ ഉമ്മയെ വീർപ്പു മുട്ടിച്ചു എന്നാണവർ പറഞ്ഞത്. ശരിയാണ്, സ്വന്തം മകൾ ഡിറ്റക്​ടീവ് ഏജൻസി പോലുള്ള ഒരു അപകടം പിടിച്ച സ്ഥലത്ത് ജോലി ചെയ്യുമ്പോൾ ഏതൊരു അമ്മയ്ക്കും അങ്ങനെയേ തോന്നുകയുള്ളൂ.

വാദങ്ങൾ ഉന്നയിക്കാതെ, തമാശകൾ പറയാനാകാതെ പുസ്തകങ്ങളുടെ ലോകം എന്തെന്ന് അറിയാതെ നിശ്ചലമായിക്കിടക്കുന്ന ആ മുഖത്ത് നോക്കിയപ്പോൾ താൻ എന്തിനാണ് ഈ കേസ് മുന്നോട്ട് കൊണ്ട് പോകണമെന്ന് വാശി പിടിച്ചതെന്ന് തോന്നിപ്പോയി. ജോലിയെക്കാളേറെ പ്രാധ്യാന്യം നല്‌കേണ്ടത് നല്ല അയൽക്കാർക്കും സൗഹൃദങ്ങൾക്കും അല്ലേ എന്നും. അതേ, മടുത്തു. ഞാൻ ഒരുപാട് ആലോചിച്ചു, തിരിച്ചും മറിച്ചും. എനിക്കിനി വയ്യ. ഒരു ഡിറ്റക്​ടീവ് ഇങ്ങനെ ചിന്തിക്കുവാൻ പാടുണ്ടോ എന്നു എനിക്കറിയില്ല. അയാൾ ഏറ്റവും പ്രാധാന്യം നൽകേണ്ടത് കേസുകൾക്കു തന്നെയാണ്. വികാരങ്ങൾക്കവിടെ സ്ഥാനം ഇല്ല. ഫോറെൻസിക് അദ്ധ്യാപകനായ കരുണാകരൻ സർ പഠിപ്പിച്ചത് അങ്ങനെയാണ്. ഈ കേസ് എന്നെയാണ് വേട്ടയാടുന്നതെങ്കിൽ ഞാൻ സധൈര്യം ഇതെല്ലാം നേരിട്ടെന്നേ. ഇതിപ്പോൾ ?

പ്രത്യക്ഷത്തിൽ എന്നെ ബാധിക്കുന്നില്ലെങ്കിലും പരോക്ഷത്തിൽ ഇതെല്ലാം എനിക്കിട്ടൊരു പണി തന്നെ ആണ്. സ്വന്തം യാതനകളേക്കാൾ നമ്മെ ബാധിക്കുന്നത് മിക്കപ്പോഴും നമ്മുടെ സ്വന്തക്കാരുടെ വേദനകൾ അല്ലേ?അപ്പോളൊരു തരത്തിൽ പറഞ്ഞാൽ ഇതെല്ലാം എന്നെ ലക്ഷ്യമിട്ടത് തന്നെ അല്ലേ?പക്ഷേ, ഇതെല്ലാം എന്റെ അനുമാനങ്ങൾ മാത്രമാണ്. സത്യത്തിന്റെ വഴി ചിലപ്പോൾ തികച്ചും വ്യത്യസ്ഥമായ ഒന്നാകാം. പ്രിയപ്പെട്ടവരെ വച്ച് പരീക്ഷണങ്ങൾ ചെയ്യുന്നത് ധൈര്യമാണെന്ന് എനിക്കു തോന്നുന്നില്ല. അത് ഭീരുത്വത്തിനു തുല്യമാണ്.

സുഹാനയുടെ ഈ അവസ്ഥയുടെ കാരണക്കാരൻ ഞാൻ തന്നെ അല്ലേ? അതേ എന്നു തന്നെ ആണെന്റെ മനസ്സ് മന്ത്രിക്കുന്നത്. എനിക്കിനി ഈ കേസ് മുന്നോട്ട് കൊണ്ട് പോകുവാൻ വയ്യ. ഈ അധ്യായം ഇവിടെ അവസാനിച്ചിരിക്കുന്നു. ഇതിനു മുൻപൊരിക്കലും ഇത്രയും മനംമടുപ്പ് അനുഭവപ്പെട്ടിട്ടില്ല. എം ബി ബി എസ് കോഴ്സ് ഉപേക്ഷിച്ചു തിരിച്ച് പോന്നപ്പോൾ പോലും.

ഇതിൽ ഏറ്റവും ആശ്ചര്യകാരമായ കാര്യം സുഹാനയുടെ വീട്ടിൽ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ആർക്കും ഒരു രൂപവും ഇല്ല എന്നത് തന്നെ ആണ്. സംശയത്തക്കതായ ഒന്നും സംഭവിച്ചു കാണാൻ വഴിയില്ല. അങ്ങനെ എങ്കിൽ സുഹാന തന്നെയോ ദീപകിനെയോ വിളിക്കുവാൻ ശ്രമിച്ചെനെ.

അഹദ് അലസമായി തന്റെ ഫോണിലെ പച്ച ചതുരത്തിൽ വിരലുകലമർത്തി . ചുവപ്പ്, പച്ച, കറുപ്പ് നിറങ്ങളിലുള്ള കുറെ നമ്പറുകളും പേരുകളും സ്‌ക്രീനിൽ തെളിഞ്ഞു. അവയിലൂടെ കണ്ണുകൾ ഓടിച്ചപ്പോൾ ഇന്നലെയും കഴിഞ്ഞ ഞായറാഴ്ചയും ഒരാഴ്ച മുൻപും വരെ നടന്ന സംഭാഷണ ശകലങ്ങൾ മനസ്സിലേക്ക് ഓടി വരുന്നത് പോലെ തോന്നി. ഇപ്പോളൊരാളെ കുറിച്ചുള്ള ഓർമ്മയെന്നാൽ അയാളുമായി വിർച്വൽ ലോകത്ത് നടന്ന സംഭാഷണങ്ങളും അയാളുമായി കൈമാറിയ സന്ദേശങ്ങളും ഇമോട്ടികോണുകളുമാണ്. നേരിട്ടുള്ള കൂടിച്ചേരലുകൾ എന്നേ അന്യം നിന്നു പോയിരിക്കുന്നു. ആ ലിസ്റ്റിലെ സുഹാന എന്ന ഏഴക്ഷരങ്ങൾക്കു നേരെ ഒന്നമർത്തി നോക്കി, ഇപ്പോളവൾ തന്നെ വിളിക്കുവാൻ സാധ്യത ഇല്ലെന്നു ഉറപ്പുണ്ടെങ്കിൽ പോലും.

കൃഷ്ണമണികളിലൂടെ തുളച്ച് കയറുന്ന പ്രകാശ കിരണങ്ങളൊരു ഓട്ടപ്പാത്രത്തിലെന്ന പോലെ ചോർന്നു പൊയ്‌ക്കൊണ്ടിരുന്നു. അവ റെറ്റിനയിൽ പതിക്കുകയോ ഒരു ഇമേജ് സൃഷ്ടിക്കുകയോ ചെയ്യുവാൻ മിനുട്ടുകളെടുത്തു. അവ മസ്തിഷ്‌ക്കത്തിൽ സന്ദേശങ്ങളായി എത്തിയപ്പോൾ തുണ്ടം തുണ്ടമായ കടലാസ് കഷ്ണങ്ങളെപ്പോലെ അഹദിന്റെ ചുറ്റും പറന്നു. അവ അഹദിനെ നോക്കി കൊഞ്ഞനം കാണിക്കുന്നത് പോലെ തോന്നി. ബഹിരാകാശത്തെത്തിയത് പോലെ അഹദിന്റെ ചുറ്റുമുള്ള വസ്തുക്കൾ വ്യതിചലിച്ചു. ഇതൊന്നും ഉൾക്കൊള്ളാനാകാതെ ഒരു കൊച്ചു കുട്ടിയെപ്പോലെ അഹദ് കാഴ്ചകിളിലേക്കുള്ള കിളി വാതിൽ പതിയെ അടച്ചു.
"അതേ, കേവലം പൂജ്യത്തിന്റെയും ഒന്നിന്റെയും സഹായത്തോടെ സംസാരിക്കുന്ന കമ്പ്യൂട്ടറിനെപ്പോലുള്ള ഇലെക്ട്രോണിക് ഉപകരണങ്ങൾ മനുഷ്യരെപ്പോലെ കള്ളം പറയാറില്ല, തെറ്റുകൾ വരുത്താറില്ല. അവയ്ക്കു ബന്ധങ്ങളില്ല, ശത്രുക്കളില്ല. എല്ലാം ഒരു പോലെ തന്നെ ആണ്. അവയ്‌ക്കൊരിയ്ക്കലും സമയം തെറ്റാറില്ല,' ഇതെല്ലാം അറിയുന്നതു കൊണ്ട് തന്നെയാണ് അഹദ് ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ അകപ്പെട്ടിരിക്കുന്നത്.

""സുഹാന എന്തിനു തന്നെ വിളിച്ചു? കേവലം മൂന്നു സെക്കന്റു കഴിഞ്ഞപ്പോൾ കോൾ എന്തിന് കട്ടു ചെയ്തു? അല്ലെങ്കിൽ കോളെങ്ങനെ കട്ടായി? അവിടെ പിന്നീട് എന്തു സംഭവിച്ചു?'' ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾ അഹദിനെ വരിഞ്ഞു മുറുക്കി. അത് അന്നേരം കണ്ടിരുന്നെങ്കിൽ താൻ അപ്പോൾ തന്നെ സുഹാനയുടെ വീട്ടിലേക്ക് പോയേനെ. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ ഇതൊന്നും സംഭവിക്കുകയില്ലായിരുന്നു.''

അഹദിനുടനെ തന്നെ ഓടിച്ചെന്നു സുഹാനയോട് മാപ്പ് അപേക്ഷിക്കണമെന്ന് തോന്നി. എന്തു ചെയ്യാം? ഐ സി യു വിന്റെ ചില്ല് കൂടാരങ്ങൾക്കുളിൽ അനവധി യന്ത്രങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കേവലം ഒരു ജീവൻ മാത്രമായിപ്പോയി സുഹാന. ഈ അവസ്ഥയിൽ ആയിരുന്നില്ലെങ്കിൽ തന്റെ ലാപ്‌ടോപ്പിൽ കൊലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന തിരക്കിൽ തന്നെ ആകും അവളിപ്പോഴും. വിറയ്ക്കുന്ന കൈകളോടെ അഹദ് പേന കയ്യിലെടുത്തു.

കുറച്ചു കാര്യങ്ങൾ കൂടി നിന്നോടു പറയുവാനുണ്ട്. ഒരു ചടങ്ങെന്ന പോലെ ഞാൻ അത് പറഞ്ഞു തീർക്കുന്നു. മറ്റൊന്നും ഇപ്പോളെന്റെ മനസ്സിലേക്ക് വരുന്നില്ല. രാവിലെത്തന്നെ ഹോസ്പിറ്റലിലേക്ക് പോകണം എന്നു മാത്രം ഞാൻ ഇപ്പോൾ നിശ്ചയിച്ചിടുണ്ട്. ചാർട്ടുകളും ടേബിളുകളും രചിക്കുന്ന സുഹാനയുടെ കഴിവുകൾ എനിക്കില്ല. മനക്കണക്കുകൾ ഉണ്ടാക്കുക മാത്രമാണു ഞാൻ ചെയ്യുന്നത് എന്നു നിനക്കു അറിയാമല്ലോ. ഒരു ടിഷ്യൂ പേപ്പറിൽ പടർന്നു പിടിച്ച മഷി പോലെ എന്റെ ഉള്ളിൽ പരന്നു കിടയ്ക്കുന്ന ഈ നെഗറ്റിവ് ചിന്തകളെ എങ്ങനെ അകറ്റി നിർത്തും എന്നെനിക്ക് ഇപ്പൊഴും നിശ്ചയമില്ല. ഒന്നു മാത്രമറിയാം, ചിലന്തി വലകളിൽ പെട്ട് പിടയുന്ന ഒരു പ്രാണിയുടേത് പോലെയാണിപ്പോൾ എന്റെ അവസ്ഥ. ആ വർണ്ണന എന്റേതല്ല. കാവ്യാത്മകമായ ആ വാക്കുകൾ ആരുടേതാകുമെന്ന് ഇപ്പോൾ നിനക്കു അറിയാമായിരിക്കുമല്ലോ?

സുഹാനയുടെ വീട്ടിൽ എത്തിയപ്പോൾ ആക്രമണങ്ങളേയും അക്രമികളേയും നിത്യ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായി കാണുന്ന, അപകടം നടന്ന സ്ഥലങ്ങളെ പ്രൊഫെഷനൽ രീതികളിൽ സമീപിക്കുന്ന ആ പഴയ ഡിറ്റക്​ടീവിന്റെ വേഷം ധരിക്കുവാൻ എനിക്കു കഴിഞ്ഞില്ല. അങ്ങനെ ചെയ്യണം എന്നു എന്റെ മനസ്സ് മന്ത്രിച്ചിരുന്നുവെങ്കിൽ പോലും. പ്രാഥമിക നടപടികൾ എല്ലാം യാന്ത്രികമായി ചെയ്തുവെങ്കിൽ പോലും അപകടത്തിൽ നിന്നും ഒരു സുഹൃത്തിനെ സഹായിക്കുവാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന കേവലം ഒരു മനുഷ്യൻ എന്റെ ഉള്ളിൽ വിലപിക്കുന്നുണ്ടായിരുന്നു. പോലീസിനെയും മറ്റ് ഉത്തരവാദിത്തപ്പെട്ട ആളുകളെയും കാര്യങ്ങൾ ഏൽപ്പിച്ചു ഹോസ്പിറ്റലിലേക്ക് ഓടുമ്പോഴും, മനസ്സിൽ ഒരാന്തൽ മാത്രമായിരുന്നു. വഴിയിൽ വെച്ചു ദീപകിന്റെ ഫോൺ കോളുകളിൽ നിന്നും സുഹാനയെ ഐ സി യു വിൽ പ്രവേശിപ്പിച്ചു എന്ന വിവരം ലഭിച്ചെങ്കിലും മേശയ്ക്ക് മുകളിൽ തല ചെരിച്ച് വെച്ചു കിടക്കുന്ന സുഹാനയുടെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

പഴയ സുഹൃത് ബന്ധങ്ങളുപയോഗിച്ച് ഐ സി യു വിനകത്തു കയറിയെങ്കിലും ഒരു ഡോക്ടർ ആയല്ല ഞാൻ ആ മുറിക്കകത്ത് നിന്നത്. യന്ത്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വയറുകൾ ഏത് നിമിഷവും വലിച്ചൂരി തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന സുഹാനയെ സ്വപ്നം കാണുന്ന ഒരു സാധാരണക്കാരൻ എന്റെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടായിരുന്നു എന്നെനിക്ക് അപ്പോഴാണ് മനസ്സിലായത്. ദീപകിന്റെ അവസ്ഥയും ഏതാണ്ട് അത് പോലെത്തന്നെ ആയിരുന്നു. സാധാരണ ഗതിയിൽ ഫോണിൽ നിന്നും കണ്ണുകൾ ഉയർത്താത്ത അവൻ വിദൂരതയിലേക്ക് മാത്രം നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.

സുഹാനയുമായി അവസാനം നടത്തിയ ചർച്ചകൾ എനിക്കപ്പോൾ ഓർമ്മ വന്നു. അതിനു കാരണമുണ്ട്. എന്റെ ഒപ്പം പഠിച്ച ശ്രീജിത്ത് ആയിരുന്നു അന്ന് ഐ സി യു വിലെ ഡ്യൂട്ടി ഡോക്ടർ. മെഡിസിൻ ഉപേക്ഷിച്ച ശേഷം പിന്നെ ഞാൻ കോളേജിലേക്ക് പോയിട്ടില്ല എന്നു മാത്രമല്ല അടുത്ത കുറച്ചു സുഹൃത്തുക്കൾ അവരുടെ കോൺവൊക്കേഷൻ പരിപാടികൾക്കു ക്ഷണിച്ചെങ്കിലും എനിക്കു പോകാൻ മനസ്സ് വന്നില്ല. പഠിക്കുമ്പോളെന്തു തരം ബന്ധം ആയിരുന്നെങ്കിലും പിന്നീട് കാണുമ്പോൾ ക്ലാസ്സ്‌മേറ്റുകൾക്കു ആ ഒരു പരിഗണന നൽകുന്ന സ്വാഭാവക്കാരനായിരുന്നു ഞാൻ. ശ്രീജിത്തും ഞാനും കോളേജിൽ ഉള്ളപ്പോൾ ഹൈ ബൈ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഞാൻ അവനെ കണ്ടപ്പോൾ പരിചയ ഭാവം നടിച്ചു. പിന്നീട് എനിക്കു ആളു മാറിപ്പോയോ എന്നു വരെ സംശയം തോന്നിപ്പോയി. കാരണം പറയേണ്ടതില്ലല്ലോ. ശ്രീജിത്ത് കണ്ട ഭാവം പോലും നടിച്ചില്ല. കണ്ണുകൾ തമ്മിൽ ഉടക്കാതിരിക്കുവാൻ അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ടിരുന്നു. സുഹാന പറഞ്ഞത് പോലെ അത് ഞാൻ നിന്നെ കണ്ടിട്ടേയില്ല എന്നു കാണിക്കാനാണെന്ന് എനിക്ക് തോന്നി. എത്ര നേരം ഞാൻ അവനെ നോക്കി നിന്നുവോ അത്രയും നേരം അവനീ കളി തുടർന്നു . ശ്രീജിത്തുമായി കണ്ടു മുട്ടുന്നത് വരെ എനിക്കങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ചിലപ്പോളെനിക്ക് മനസ്സിലാകാത്തതും ആകാം . ഞാൻ എപ്പോഴും പറയാറുള്ളത് പോലെ അറിയുന്ന കാര്യങ്ങൾ മാത്രമേ നമ്മൾ കാണുകയുള്ളുവല്ലോ. സുഹാനയുടെ സൈകോളജി ഡിഗ്രി അധികം സ്ഥലങ്ങളിൽ ഒന്നും ഉപയോഗപ്പെടാറില്ല എന്നു ഞാൻ നിന്നോടു പറയറില്ലേ? പക്ഷേ അവൾ വായിച്ച പുസ്തകങ്ങളിലെ അറിവ്, അതിനു തുല്യം നിൽക്കുവാൻ മറ്റൊന്നിനും പറ്റില്ലെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. വാക്കുതർക്കങ്ങൾക്കിടയിൽ അവൾ ഉദ്ധരിക്കാറുള്ള വാചകങ്ങൾ അതിനുള്ള ഉദാഹരണങ്ങളാണ്. അതിൽ പറഞ്ഞിട്ടുള്ള ആശയവും, അതേ എഴുത്തുകാരുടെ മറ്റ് പുസ്തകങ്ങളും വരെ അവൾ എണ്ണിപ്പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ ഞാനും ദീപകും അന്ധാളിച്ചു നിന്നു പോയിട്ടിണ്ട്, പലപ്പോഴും. അതിൽ അവൾക്കു ഏറ്റവും പ്രിയപ്പെട്ടത് ലൂയിസ് ഹേന്റിയുടെ "മാൻ ആൻഡ് മാനെറിസംസ്' എന്ന പുസ്തകമാണ് എന്നു എനിക്കു തോന്നിയിട്ടുണ്ട്. അതിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയുമ്പോളവളുടെ കണ്ണുകളിൽ ഉണ്ടാകാറുള്ള തിളക്കം അതിനുള്ള തെളിവാണ്. അതിൽ ഒരു അദ്ധ്യായത്തിൽ മനുഷ്യ മനസ്സിന്റെ ഡിഫൻസീവ് മെക്കാനിസംസ് എന്നതിനെക്കുറിച്ചു പ്രതിപാതിക്കുന്നുണ്ടത്രേ. അന്ന് അവളുടെ ആശയങ്ങളെ ഞാൻ അനവധി വാദങ്ങൾ കൊണ്ട് എതിർക്കുവാൻ നോക്കി എങ്കിലും ശ്രീജിത്തിനെ ഇന്ന് കണ്ടു മുട്ടിയപ്പോഴാണ് സുഹാന പറഞ്ഞ അഭിപ്രായങ്ങളെന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്ന് മനസ്സിലാക്കുവാൻ സാധിച്ചത്. അതിനു ശേഷം ഞാൻ ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഭാവ മാറ്റങ്ങൾ അറിയാതെ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു എന്നും. ശ്രീജിത്തിന്റെ മനസ്സിലുള്ളത് എന്താണെന്ന് കൃത്യമായി വായിച്ചെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും അവജ്ഞയിൽ കുറഞ്ഞ ഭാവം അല്ലെന്നു തോന്നി. അവിടെ ആണ് സുഹാനയുടെ മറ്റൊരു തിയറി പ്രാവർത്തികമാകുന്നത്.

ഒരാളുടെ വാക്കുകളിലൂടെ മാത്രമേ അയാളെന്തു ചിന്തിക്കുന്നു എന്നു തീർച്ചപ്പെടുത്തുവാൻ നമുക്ക് സാധിക്കുകയുള്ളൂ. മുഖഭാവങ്ങൾ തെളിവുകളല്ല, അതിനെ ഊഹങ്ങൾ എന്നു പറഞ്ഞു തള്ളിക്കളയാവുന്നതാണ്. അങ്ങനെ ഒരു വാക്കും ശ്രീജിത്തിൽ നിന്നും കിട്ടാത്തത് ആണ് എന്റെ സംശയത്തിന് ആക്കം കൂട്ടിയത്.

എന്നെ അവൻ കണ്ടില്ലെന്നു വിചാരിച്ചു സമാധാനിക്കുവാൻ പ്രയാസം. എന്നാലും അവൻ എന്നെ കണ്ട പരിചയം പോലും ഭാവിച്ചില്ലല്ലോ എന്നിങ്ങനെ പിന്നീട് നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള മനപ്രയാസങ്ങൾക്കും സുഹാനയ്ക്ക് മറുമരുന്നു ഉണ്ട്. നമ്മുടെ വിലപ്പെട്ട സമയം അങ്ങനെ ഉള്ള ആളുകൾക്കു ഫോർമാലിറ്റിക്ക് വേണ്ടി പോലും കളയേണ്ടി വന്നില്ലല്ലോ എന്നോർത്തു സമാധാനിക്കാമല്ലോ. സമയം ആണല്ലോ ഏറ്റവും അമൂല്യമായ സ്വത്ത്.

ജീവിതത്തിൽ നാം നേരിടുന്ന ഓരോ സന്ദർഭങ്ങളേയും എങ്ങനെ നേരിടണം എന്നു കൃത്യമായ ധാരണ ഉള്ള സുഹാനയ്ക്ക് ഇനി ജീവിതത്തിലേക്ക് തിരിച്ച് വരുവാൻ കഴിയുമോ എന്നു പോലും ആർക്കും ഉറപ്പ് പറയുവാൻ സാധിക്കുകയില്ല. ഒരായിരം പ്രാർഥനകളോടെ എല്ലാവരും കാത്തിരിക്കുന്നു എന്നു മാത്രം അറിയാം. എന്നാലൊരു കാര്യം ഏതാണ്ട് ഉറപ്പാണ്, അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അവൾ ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള സാധ്യത നന്നേ കുറവാണ്. മെഡിക്കൽ സയൻസിനെ വിശ്വസിക്കുന്നിടത്തോളം കാലം ഡോക്ടർമാരുടെ അഭിപ്രായങ്ങളെ മാനിക്കുക തന്നെ ചെയ്യണം. അടുത്ത ഇരുപത്തിലുനാലു മണിക്കൂറുകൾ സുഹാനയെ ഒബ്‌സെർവേഷനിൽ കിടത്തണം എന്നു പറഞ്ഞപ്പോൾ അവൾക്കു ഏറ്റവും നല്ല ശ്രദ്ധ കിട്ടുമല്ലോ എന്നോർത്തു ആശ്വസിക്കുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.

ഇത് വരെ ആക്രമിക്കപ്പെട്ടതിൽ ആരും രക്ഷപ്പെട്ടിട്ടില്ല എന്ന കാര്യം ആലോചിച്ചു നോക്കുമ്പോൾ സുഹാനയുടെ കാര്യത്തിൽ ആശ്വാസം തോന്നുന്നുണ്ട്. എന്തു സംഭവിച്ചു എന്ന് അറിയുന്ന ഒരാൾ ജീവിച്ചിരിക്കുന്നതിനെ തടയുവാൻ കൊലയാളി എന്തും ചെയ്യുവാൻ മടിക്കില്ലെന്ന് ഓർക്കുമ്പോൾ തെല്ലൊരു ഭയവും. അവളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് എന്റെ കടമ ആണെന്ന് അറിയാം. ഒരു സുഹൃത്തെന്ന നിലയിൽ അവളുടെ ജീവനാണിപ്പോൾ ഞാൻ ഏറ്റവും പ്രാധാന്യം നൽകുന്നത്. അതിനാൽ, ഈ കേസിൽ നിന്നും പിന്മാറുന്നു എന്നു അറിയിച്ചു കൊണ്ട് ഒരു വാർത്ത പത്രങ്ങളിൽ വരേണ്ടത് അത്യാവശ്യം തന്നെ. സുഹാന ഒരു പക്ഷേ, അത് ആഗ്രഹിക്കുന്നുണ്ടാവില്ല. ദീപകിന്റെ അഭിപ്രായം എന്താണെന്ന് എനിക്കറിയുകയുമില്ല. ഇത് തങ്ങളുടെ കടമ ആണ് എന്നു അവനെ പറഞ്ഞു മനസ്സിലാക്കുവാൻ പ്രയാസം കാണില്ല.

തൊണ്ടയിൽ കെട്ടി നിൽക്കുന്ന ആ ഭാരം കൂടിക്കൂടി വന്നു. തൊട്ടടുത്തെ സ്റ്റീൽ ജഗ്ഗിൽ നിന്നും ചില്ല് ഗ്ലാസ്സിലേക്ക് അല്പം വെള്ളം പകർന്നു . ആ തണുത്ത കണങ്ങൾക്കു മായ്ച്ചു കളയുവാൻ സാധിക്കുന്നതല്ല ഈ തടസ്സം. മുറിയുടെ ഒരു അറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കു അഹദ് നടന്നു, വീണ്ടും വീണ്ടും. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിലെ സമയം തെറ്റാണെന്നു അറിഞ്ഞിട്ടും അഹദിന്റെ കണ്ണുകൾ യാന്ത്രികമായി അങ്ങോട്ട് ചലിച്ചു. എന്നും മുടങ്ങാതെ ഓടിക്കൊണ്ടിരുന്ന ആ സെക്കൻഡ് സൂചി നിശ്ചലമായിക്കിടക്കുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ. അവർ സൂചിയും മിനുറ്റ് സൂചിയും എട്ടിലും പത്തിലും യഥാക്രമം ചലനമറ്റ് കിടയ്ക്കുന്നു. തൊട്ടടുത്ത് നിന്നും പകൽ സമയങ്ങളിൽ എപ്പോഴും ഉയർന്നു കേൾക്കാറുള്ള ഫ്‌ലാറ്റ് പണിയുടെ ശബ്ദ കോലാഹലങ്ങൾ ഇപ്പോ കേൾക്കുവാൻ കഴിഞ്ഞെങ്കിലെന്ന് അഹദ് കൊതിച്ചു. വളരെ ഉച്ചത്തിൽ ഉള്ള തുടർച്ചയായ ശബ്ദങ്ങൾക്കു മനസ്സിനെ സാന്ത്വനിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് അഹദ് എവിടെയോ വായിച്ചിടുണ്ട്. അത് കൊണ്ടാണ് കുട്ടികളെ ഉറക്കുവാൻ ചിലപ്പോൾ വാക്വം ക്ലീനർ പോലുള്ള സാധനങ്ങൾ അച്ഛനമ്മമാർ ഉപയോഗിക്കുന്നത്.

ഒന്നുകൂടി ഫോൺ കയ്യിലെടുത്തു സുഹാനയുടെ കോൾ റജിസ്റ്റർ പരിശോധിച്ചു. അവസാനത്തെ ആ മിസ്സ്ഡ് കോൾ വന്നിരിക്കുന്നത് കൃത്യം ഏഴേ മുക്കാലിനാണ്.
"ഞാൻ ഫോൺ എടുത്തിരുന്നെങ്കിൽ എന്നു അവൾ എത്ര ആഗ്രഹിച്ചു കാണണം.'
മനസ്സിലേക്ക് കുതിച്ചു വരുന്ന നെഗറ്റിവ് ചിന്തകളെ അഹദിനു തടയുവാൻ കഴിഞ്ഞില്ല. ആയുധം നഷ്ട്ടപ്പെട്ട ഒരു പോരാളിയെ പോലെ അഹദ് നിസ്സഹായകനായി നിന്നു, അവയ്ക്കു മുൻപിൽ തോൽവി സമ്മതിച്ചതോടെ ഇത്തരം ചിന്തകളുടെ പേമാരി തന്നെ ഉണ്ടായി.

പൊടുന്നനെ ഫോൺ ശബ്ദിച്ചു. നിനച്ചിരിക്കാതെ വന്ന വൈബ്രേഷന്റെ ആഘാതത്തിൽ അഹദ് കാൽ രണ്ടടി പിന്നോട്ടു വെച്ചു. ഇത്ര വൈകി ആരും തന്നെ വിളിക്കുവാൻ സാധ്യത ഇല്ലല്ലോ എന്ന ചിന്തയോടെ സ്‌ക്രീനിലേക്ക് നോക്കി. അത് കോൾ അല്ല, ഒരു സന്ദേശം ആണ്.

16-09-2009 - റീ വിസിറ്റ് ദി ഡ്രൈവർ - റീ വിസിറ്റ് സ്‌മൈൽ ഡെന്റൽ ക്ലിനിക്
സുഹാനയുടെ പരിപാടി ആണ്. അഹദിന്റെയും ദീപകിന്റെയും ഫോണുകളിൽ അവൾ തന്നെ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന കുറച്ചു റിമൈന്റേർസ് ഉണ്ട്. അവ പദ്ധതികൾ നമ്മെ ഓർമ്മപ്പെടുത്തുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം ആകുന്നു. എങ്കിലും ഡ്രൈവർ വിഷ്ണുവിനെയും ഡെന്റൽ ക്ലിനിക്കും സന്ദർശിക്കുവാൻ സുഹാന എന്തിനാണ് ആസൂത്രണം ചെയ്തത് എന്നു അഹദിനു മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. കേസ് മുന്നോട്ട് കൊണ്ട് പോകാത്ത സ്ഥിതിയ്ക്കു ഇതിലൊന്നും പ്രസക്തി ഇല്ല.

സുഹാനയ്ക്ക് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ നല്കുവാൻ ഒരപേക്ഷ നല്കണം, പോലീസിൽ. അതിനു മതിയായ കാരണങ്ങളുണ്ട്. എങ്കിലും സി ഐ എങ്ങനെ അതിനോടു പ്രതികരിക്കും എന്നു അറിഞ്ഞു കൂടാ. നാളെ രാവിലെ ആദ്യം അതിനുള്ള ഏർപ്പാടുകൾ ചെയ്യണം.

ഫോൺ അടിക്കുന്ന ശബ്ദം, അഹദ് ഒന്നു കൂടി അതെടുത്ത് നോക്കി. എല്ലാം മനസ്സിന്റെ വികൃതികളാണ്. സുഹാനയുടെ ആരോഗ്യ നിലയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ തന്നെ അറിയിക്കുവാൻ പറഞ്ഞേൽപ്പിച്ചിരുന്നു ഐ സി യു വിൽ. ആ പ്രതീക്ഷ സൃഷ്ടിക്കുന്ന ഒരു തരം മിറാഷുകൾ ആണിതെല്ലാം. നേരം രണ്ടു മണി കഴിഞ്ഞിരിക്കുന്നു. പൊടുന്നനെ നിപുൺ , വിക്കി, ഗംഗ, മൊയിദീൻ മാഷ്, ഖദീജ ടീച്ചർ. റിതേഷ് എന്നിവരുടെ മുഖം മനസ്സിലേക്ക് ഓടി വന്നു. ഒരു കൊളാഷ് എന്ന പോലെ അവ കൂടിച്ചേർന്നു . അതിനോടു ചേരുവാൻ മാറ്റൊരു മുഖം കൂടി വന്നു- സുഹാനയുടെ.

""നോ...,''അഹദ് കൈകൾ ചലിപ്പിച്ചു കൊണ്ട് ഉച്ചത്തിൽ പറഞ്ഞു.
പക്ഷേ അത് തടയുവാൻ അഹദിനായില്ല. അവളും ആ കോളാഷിന്റെ ഭാഗമായി. സുഹാനയുടെ ചുറ്റും മറ്റ് ചിത്രങ്ങൾ നൃത്തം ചെയ്തു. സുഹാന അവരോടു ചിരിക്കുന്നുണ്ടോ? അതൊന്നും കാണുവാൻ അഹദിനു കഴിയുന്നില്ല. അല്ലെങ്കിൽ അത് സുഹാന തന്നെ ആണോ? അറിയില്ല. ചോദിക്കുവാൻ ശ്രമിച്ചു. പക്ഷേ, ശബ്ദം പുറത്തു വരുന്നില്ല. ഓടിച്ചെന്നു അവളെ അവിടുന്നു രക്ഷിക്കുവാൻ തോന്നുന്നുണ്ട്, പക്ഷേ, കാലുകൾ തളർന്നിരിക്കുന്നു. അല്ല, കാലുകൾ ആരോ ബന്ധിപ്പിച്ചിരിക്കുന്നു. സുഹാനയുടെ ചുറ്റും നൃത്തം ചെയ്തവർ പെട്ടന്നു അവളെ വളഞ്ഞു. പുറത്തേക്ക് കടയ്ക്കാനുള്ള വിടവുകൾ അവർ കൈകൾ കോർത്തടച്ചു.
""ഞങ്ങളുടെ കൂടെ നൃത്തം ചെയ്യുവാൻ വരുന്നോ?'' അവരിലൊരാൾ ചോദിച്ചു.
സുഹാന എന്താണ് പറയുന്നത് എന്നു കേൾക്കുവാൻ സാധിക്കുന്നില്ല. പക്ഷേ, അവൾ ചിരിക്കുകയാണ്. അതിൽ രണ്ടു പേർ കൈകൾ വേർപ്പെടുത്തി സുഹാനക്കു സ്ഥലം കൊടുത്തു. സുഹാന അവരുടെ കൈ പിടിച്ച്, ആ ചങ്ങലയുടെ ഭാഗമായി.
""നോ...''

അഹദ് ഞെട്ടി എഴുന്നേറ്റു. വിയർപ്പു തുള്ളികൾ അഹദിന്റെ ഡയറിത്താളുകളിൽ പടർന്നു തുടങ്ങിയിരുന്നു. അതിയായ ഉഷ്ണം. ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയം, തണുത്തുറഞ്ഞ കൈകാലുകൾ. അഹദ് നെറ്റിയിൽ കൈ കുത്തി ഇരുന്നു.

ഒരു തുള്ളി കണ്ണുനീർ അഹദിന്റെ കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങി. ഇമകളെ സംരക്ഷിക്കുന്ന ആ കറുത്ത ചെറിയ നൂലുകൾ എപ്പോഴേ നനഞ്ഞിരുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments