ചിത്രീകരണം : രാജേഷ് ചിറപ്പാട്.

പതിനൊന്ന്

നീണ്ട ഇടനാഴികൾ , ഉറുമ്പ് പോലെ അരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ (അവരുടെ പേരും വിലാസവും ഇവിടെ പ്രസക്തമല്ല, പൊതുവായി അവരെ സർജറി, ഓർത്തോ, ഒഫ്ത്താൽ എന്നിങ്ങനെയുള്ള ഡിപ്പാർട്ട്‌മെന്റുകളിലെ പേഷ്യൻറ്​സ്​എന്നാണഭിസംബോധന ചെയ്യുന്നത്.
തങ്ങളുടെ ഒ. പി. നമ്പർ സ്‌ക്രീനിൽ തെളിയുന്നത്​ കാത്തിരിക്കുന്നവർ, ഹോസ്പിറ്റൽ അന്തരീക്ഷത്തിന്റെ ഭീകരതകൾ അറിയാതെ തലങ്ങും വിലങ്ങും ഓടിക്കളികുന്ന കുട്ടികൾ, (അവർക്ക് പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷം വേറെയും) അവരോടൊപ്പം കളിക്കാനാകാതെ പനിച്ചു വിറച്ച് അമ്മയുടേയോ അച്ഛന്റെയോ തോളിൽ വിശ്രമിക്കുന്ന മറ്റൊരു വിഭാഗം കുട്ടികൾ, അച്ഛനമ്മമാരേയോ മുത്തശ്ശീ മുത്തശ്ശന്മാരേയോ തിരിച്ചു കിട്ടണേ എന്നു മുട്ടിപ്പായി പ്രാർഥിച്ച് കൊണ്ടിരിക്കുന്നവർ, ഇതൊന്നും കൂസാതെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം ആളുകൾ...

മരുന്നിന്റേയും ഡെറ്റോളിന്റെയും മണം കലർന്ന ഹോസ്പിറ്റൽ പരിസരം അഹദിനെന്നും പരിചിതമായ സ്ഥലമാണ്. എങ്കിലും കുറച്ചു നാളുകളായി ഇത്തരം ഇടനാഴികളിലൂടെ നടക്കുമ്പോൾ ഒരു അപരിചിതത്വം തോന്നുന്നു. അതെന്താണങ്ങനെ എന്ന് അഹദിനിപ്പോഴും മനസ്സിലായിട്ടില്ല. കോളേജിൽ ചേരുമ്പോൾ പുതിയ പുസ്തകം വാങ്ങുന്നതും, ഐ. ഡി കാർഡ് കിട്ടുന്നതും, എന്തിനു ക്ലാസ്​ തുടങ്ങുന്നതും വരെ വളരെ സന്തോഷത്തോടെ വരവേറ്റിരുന്ന അഹദിന് പിന്നീട് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ പി.ജി നേടിയെടുക്കണം എന്ന ചിന്തയായി. അതിനായി അനവധി എം. സി. ക്യൂ പുസ്തകങ്ങൾ വാങ്ങി പഠിച്ചു, എൻട്രൻസ് കോച്ചിംഗ് ക്ലാസുകളെക്കുറിച്ചു അന്വേഷണങ്ങൾ നടത്തി, അഹദിന്റെ മികച്ച അദ്ധ്യാപകരെപ്പോലെ കോളേജിൽ ക്ലാസെടുക്കുന്നത് സ്വപ്നം കണ്ടു. പക്ഷേ, ആ പടികൾ ഇറങ്ങുമ്പോൾ ഈ വികാരങ്ങൾക്കൊന്നും പ്രസക്തി ഇല്ലെന്നു മനസ്സിലായി.

അതിൽ ആരോടും അഹദിനു പരിഭവമില്ല.
താൻ ഭാഗമല്ലാത്ത ഇടത്ത് കുത്തിക്കയറുവാനുള്ള ശ്രമങ്ങളും അഹദ് നടത്താറില്ല. ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കും എന്ന്​ അഹദിനു നന്നായറിയാം. രോഗികളുടെ ഇടയിലൂടെ അതിവേഗത്തിൽ നടക്കാനുള്ള ആ പ്രാവീണ്യം കോളേജിൽ നിന്നും ലഭിച്ചതാണ്. അതിനാൽ വളരെ പെട്ടന്നു തന്നെ അഹദ് ഐ സി യു വിനു മുൻപിലെത്തി. അഹദിനെ കണ്ടതും ഒരു നേഴ്സ് അടുത്തു വന്നു പറഞ്ഞു, ‘‘സാറിന്റെ പേർ അഹദ് എന്നല്ലേ?''
‘‘അതേ.''
‘‘സാറിനെ വിളിക്കാൻ ഡോക്ടർ എന്നെയാണ് പറഞ്ഞേൽപ്പിച്ചത് ഇന്നലെ. ഇപ്പോൾ ഷിഫ്റ്റു തുടങ്ങിയതെ ഉള്ളൂ. സുഹാന എന്ന രോഗി കണ്ണു തുറന്നു.''

പിന്നേയും എന്തൊക്കെയോ നേഴ്​സ്​ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അതൊന്നും അഹദിന്റെ ചെവിക്കല്ലിനെ പ്രകമ്പിപ്പിച്ചില്ല. പുതിയൊരു കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടാനാണ് അഹദിനു തോന്നിയത്. പൊടുന്നനെ അഹദിന്റെ ചുറ്റുമുള്ള വസ്തുക്കൾക്ക്​ നിറങ്ങൾ വന്നതുപോലെ. ചുറ്റുമുള്ള കാഴ്ചകൾ കൺകുളിർപ്പിക്കുന്നതുപോലെ. അഹദ് മെല്ലെ ഐ. സി. യു വിന്റെ ചില്ലുവാതിലിലൂടെ അകത്തേക്ക് നോക്കി. കടും പച്ച നിറത്തിലുള്ള കർട്ടന്റെ മറയിൽ ഒന്നും തന്നെ കാണുന്നില്ല. ഒന്നിൽ കൂടുതൽ രോഗികൾ അതിനുള്ളിലുണ്ട് എന്നു അഹദിനറിയാമായിരുന്നു. അതിൽ മൂന്നാമത്തെ ബെഡ്ഡിലായിരുന്നു സുഹാനയെ കിടത്തിയിരുന്നത്.

സുഹാനയുടെ അവസ്ഥയായിരുന്നു തന്റെ നെഗറ്റിവ് ചിന്തകൾക്കു തിരി കൊളുത്തിയിരുന്നത് എന്നു അഹദ് അപ്പോൾ തിരിച്ചറിഞ്ഞു. അതിനിടയിൽ പച്ച വസ്ത്രങ്ങളണിഞ്ഞ ഒരു കൂട്ടം ഡോക്ടർമാരും നേഴ്​സുമാരും ഐ. സി. യു വിനകത്തേക്ക് കടന്നുപോയി. അതിൽ സുഹാനയെ ചികിത്സിക്കുന്ന സീനിയർ ഡോക്ടറും ഉണ്ടായിരുന്നു. അവർ പുറത്തു വരുന്നതും കാത്തു അഹദ് അവിടെത്തന്നെ നിന്നു.

തമ്മിൽ കൂട്ടി യോജിപ്പിച്ച കറുത്ത കസേരകളിലിരിക്കുന്ന ഒരു ചെറിയ കുട്ടിയുടെ ഫോണിൽ നിന്നുയർന്നുകേൾക്കാമായിരുന്ന ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ’ എന്ന നഴ്​സറി ഗാനം അഹദിനെ മറ്റൊരു ലോകത്തെത്തിച്ചു.
പണ്ട് അഹദും ഉപ്പയും കൂടി വീടിന്റെ ടെറസിൽ പോയി മലർന്നു കിടക്കുമായിരുന്നു, ആകാശവും നോക്കി.
അപ്പോൾ ഉപ്പയുമായി സംസാരിക്കുന്ന കാര്യങ്ങൾ അഹദിന്​ ഏറ്റവും പ്രിയപ്പെട്ടത് തന്നെ ആയിരുന്നു. അവിടെ പായ് വിരിച്ചു നീന്തിത്തുടങ്ങിയതുമുതൽ ഓടിക്കളിക്കുന്ന കഥകളും കസിൻസ് വരുമ്പോൾ കസേരകളി കളിക്കുന്നതും, നെറ്റ് വലിച്ചു കെട്ടി ഫുട്​ബോൾ ഗോൾ പോസ്റ്റുകൾ ഉണ്ടാക്കിയ കാര്യങ്ങളും മറ്റും ഉപ്പയാണ് അഹദിനോടു പറഞ്ഞിട്ടുള്ളത്. അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ നക്ഷത്ര കോൺസ്റ്റല്ലേഷനുകൾ ആവേശത്തോടെ കണ്ടുപിടിക്കുവാൻ ശ്രമിച്ചതും, അവ ശരിയായി കണ്ടെത്താനാകാതെ വിഷണ്ണനായി ഇരുന്നതും എല്ലാം അഹദിനും ഓർമയുണ്ട്. ഇതിനുശേഷം ഉപ്പയാണ് സീസണുകൾ അനുസരിച്ച്​ ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളുടെ ഘടനയ്ക്ക് മാറ്റം സംഭവിക്കുമെന്ന് പറഞ്ഞുതന്നതും ഓരോ നക്ഷത്രക്കൂട്ടങ്ങളുടെ അപ്പോഴത്തെ സ്ഥാനം കണ്ടു പിടിച്ചുകൊടുത്തതും.

ദീപക് തോളിൽ തട്ടി വിളിച്ചപ്പോഴാണ് അഹദ് ചിന്തകളിൽ നിന്നുണർന്നത്. ദീപകിന്റെ മുഖത്തപ്പോഴും ഒരു ദുഖം നിഴലിക്കുന്നുണ്ടായിരുന്നു.
‘‘ടാ, സുഹാന കണ്ണു തുറന്നു.''
ദീപക് ഒന്നും പറഞ്ഞില്ല. അവന്റെ മുഖത്ത് വിരിഞ്ഞ മനോഹരമായ പുഞ്ചിരിയിൽ നിന്നും അഹദിന്​ അതിന്റെ ആഹ്ലാദം വായിച്ചെടുക്കുവാൻ സാധിച്ചു. ‘‘ഇഫ് യൂ ആർ ഹാപ്പി ആൻഡ് യു നോ ഇറ്റ് ക്ലാപ് യുവർ ഹാൻഡ്‌സ് ...''
എന്ന ഗാനം ആ കുട്ടിയുടെ ഫോണിൽ നിന്നുയർന്നു കേൾക്കാമായിരുന്നു. അവൻ അതിനൊത്തു കൈ കൊട്ടുകയും വീഡിയോയിലെ കുട്ടിയോടൊപ്പം ചാടുകയും വട്ടം കറങ്ങുകയും മറ്റും ചെയ്തിരുന്നു.

തീ തിന്നു കഴിച്ചു കൂട്ടിയ ഒരു ദിനം അഹദിന്റെയും ദീപകിന്റെയും മുഖത്തിന്​ ഒരു അഞ്ചു വയസ്സെങ്കിലും കൂടുതൽ തോന്നിപ്പിച്ചു. കണ്ണുകൾക്കു ചുറ്റും രൂപപ്പെട്ടിരുന്ന കരുവാളിപ്പ് അഹദിന്റെ മുഖത്തെ കൂടുതൽ തളർത്തി. അതിന്റെ കൂടെ ചുളിവുകളുള്ള ചെക്ക് ഷർട്ടും ചീകിയൊതുക്കാത്ത മുടിയും.

‘‘സുഹാനയുടെ വീട്ടിൽ നിന്ന്​ പോലീസിനു വല്ല വിവരങ്ങളും കിട്ടിയോ?; വിൻസെൻറ്​ വിളിച്ചോ?''
ഈ ചോദ്യത്തിനെന്തുത്തരം പറയണം എന്ന്​ അഹദിന്​ നിശ്ചയമില്ലായിരുന്നു. കൂടെ ചേർക്കുമ്പോൾ ദീപകിനോടും സുഹാനയോടും ഒരു നിബന്ധന മാത്രമേ പറഞ്ഞിട്ടുള്ളൂ, കേസിന്റെ കാര്യത്തിന്​ സ്വന്തം ബന്ധങ്ങൾ പോലും ഒരു തടസ്സമാകുവാൻ പാടില്ല. അതുതന്നെയായിരുന്നു ഈ രണ്ടു രണ്ടര വർഷത്തേയും അഹദിന്റെ പ്രധാന അജണ്ട. മുഖം നോക്കാതെ കേസന്വേഷിക്കുക എന്ന കാര്യത്തിൽ ഇതുവരെ നൂറു ശതമാനവും വിജയിച്ചിട്ടുണ്ട് എന്ന നല്ല ബോധ്യവുമുണ്ട് അഹദിന്. എന്നാൽ ഇപ്പോൾ, ഈ കേസന്വേഷണം തന്റെ എല്ലാ അജണ്ടകളേയും തകിടം മറിക്കുന്ന ഒന്നാണ് എന്ന്​ അഹദിനറിയാം. അതുകൊണ്ടുതന്നെയാണ്​ ഇതിൽ നിന്ന്​ പിന്മാറുവാൻ നിശ്ചയിച്ചതും.

ദീപകിനോടു താൻ എന്തു വിശദീകരണമാണ് നല്കുക എന്ന്​ അഹദ് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഇക്കാലമത്രയും ദീപകും സുഹാനയും അഹദിന്റെ നല്ല സുഹൃത്തുക്കൾ തന്നെയായിരുന്നു. എല്ലാവരും തുല്യ പങ്കാളിത്തമെന്ന നിലയിലാണ് ഡിറ്റക്ടീവ് ഏജൻസി പ്രവർത്തിച്ചു പോകുന്നതും. അതിനാൽ തന്നെ ഒരു കേസ് ഉപേക്ഷിക്കണമെങ്കിൽ മറ്റ് രണ്ടു പേരുടേയും അനുമതി കൂടി വേണ്ടേ? ഈ അവസ്ഥയിൽ ദീപകിന്റെ എങ്കിലും?

അഹദിന്റെ മുഖത്തെ വല്ലായ്മ്മ കണ്ടിട്ടാകണം ദീപക് കാര്യം തിരക്കിയത്.
‘‘ഏയ്, ഒന്നൂല്ല. ഈ കേസ് ഇനി അന്വേഷിക്കണോ വേണ്ടയോ എന്നൊരു കൺഫ്യൂഷൻ . ദീപകിനെന്താ തോന്നുന്നേ?''
‘‘അതെന്താ അഹദേ? എന്തെങ്കിലും കാര്യണ്ടോ?''
‘‘സുഹാന ആക്രമിക്കപ്പെട്ടില്ലേ?''


‘‘അപ്പോ നമുക്കതു കണ്ടു പിടിക്കണ്ടേ? അങ്ങനൊന്നും ആലോചിക്കണ്ട അഹദ്.''
‘‘ഞാൻ അങ്ങനെ വിചാരിച്ചിരിക്കാരുന്നു. ആരേം വിളിച്ചില്ല.''
‘‘എന്താണ് ഭായി, ഇങ്ങനൊക്കെ?''
‘‘ഒന്നൂടെ ആലോചിക്കണം, ദീപക്. തമാശായി എടുക്കാൻ പറ്റില്ല.''
‘‘നമുക്ക് സുഹാനയുടെ വീട് വരെ ഒന്നു പോകാം, കുറച്ചു കഴിഞ്ഞ്?''
‘‘ഹാ...എന്തായാലും ഉമ്മയേയും പപ്പയേയും ഒന്നു കാണാം.''

ഐ. സി. യുവിൽ നിന്നിറങ്ങി വന്ന സുഹാനയെ ചികിത്സിക്കുന്ന ഡോക്ടർ മാത്യൂസ് അഹദിനെ അടുത്തേക്ക് വിളിച്ചു.
‘‘സുഹാന ഈസ് അവൈക്. But, breathing difficulties ഉണ്ട്. Will take time to recover. Let her rest. അഹദിനറിയാലോ, You can visit her later. '
(അഞ്ചാറു മാസം അഹദിന്റെ കോളേജിൽ വിസിറ്റിങ് പ്രൊഫസറായി ജോലി ചെയ്തിട്ടുള്ളതാണ്​ ഡോക്ടർ മാത്യൂസ്. അന്നുള്ള പരിചയമാണ് അഹദിന്. അഹദ് കോഴ്​സ്​ ഉപേക്ഷിച്ചതൊന്നും പുള്ളി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അഹദ് പറയാനും പോയില്ല.)‘ok doctor. Thank you.' അഹദ് ഒരു പുഞ്ചിരിയോടെ ഡോക്ടറോട് യാത്ര പറഞ്ഞു.

അപ്പോഴാണ് എതിർവശത്തുനിന്ന്​ ശ്രീജിത്ത് വരുന്നത് അഹദിന്റെ ശ്രദ്ധയിൽ പെട്ടത്. നേരത്തെ നിശ്ചയിച്ചുറപ്പിച്ചതുപോലെ അഹദ് ശ്രീജിത്തിനെ കണ്ടില്ലെന്ന് നടിക്കുവാൻ, ദീപകിനോട് എന്തോ സംസാരിച്ചുകൊണ്ട് നിന്നു.
പക്ഷേ, ശ്രീജിത്ത് അഹദിന്റെ തൊട്ടടുത്ത് വന്നു നിന്നു കൊണ്ട് ചോദിച്ചു, ‘‘അഹദ് ഹാരിസ് അല്ലേ?''

നെഗറ്റിവ് ചിന്തകളെ ആവാഹിക്കാതിരിക്കാനുള്ള മനസ്സിന്റെ ആഗ്രഹം അഹദിന്റെ കണ്ണുകളെ ദീപകിൽ തന്നെ ബന്ധിച്ചു. എന്നാൽ ദീപക് ശ്രീജിത്തിന്റെ നേരെ നോക്കുന്നുണ്ടായിരുന്നു. തന്നെയുമല്ല, ‘‘അഹദ്, ആരോ തന്നെ അന്വേഷിക്കുന്നു'' എന്നു പറയുകയും ചെയ്തു.
‘‘അഹദ്, ഇത് ഞാൻ ആണെടോ. ശ്രീജിത്ത്.''
ശ്രീജിത്ത് വിടാനുള്ള ഭാവമില്ലെന്ന്​ അഹദിനു മനസ്സിലായി. എന്നാലും അവന്റെ ഉദ്ദേശ്യം എന്തായിരിക്കുമെന്ന് എത്ര ആലോചിച്ചിട്ടും അഹദിനു പിടികിട്ടിയില്ല.
അവസാനം മനമില്ലാ മനസ്സോടെ അഹദ് ശ്രീജിത്തിന്റെ നേരെ തിരിഞ്ഞു,
‘‘ആഹാ...ശ്രീജിത്ത്. നീ ഈ ഹോസ്പിറ്റലിൽ ആയിരുന്നോ?''
‘‘പി.ജി കഴിഞ്ഞപ്പോൾ കയറിയതാ.''
‘‘നീയിപ്പോളെന്തു ചെയ്യുന്നു?'' അത് അനാവശ്യമായ ഒരു ചോദ്യമാണെന്ന് അഹദിനറിയാമായിരുന്നു. അഹദ് തന്റെ ഡിറ്റക്​ടീവ്​ ഏജൻസിയുടെ ഉദ്ഘാടനത്തിന് സഹപാഠികളെ എല്ലാം വിളിച്ചതാണ്. പഴയ സഹപാഠികൾ എന്ന പരിഗണന എല്ലാവർക്കും ഒരു പോലെ കൊടുക്കുവാൻ ഇഷ്​ടപ്പെടുന്ന ആളായിരുന്നല്ലോ അഹദ്. അന്ന് ശ്രീജിത്ത് വന്നില്ലെങ്കിലും അഹദ് എന്തു ചെയ്യുന്നു എന്നു അവനു നല്ല ബോധ്യം ഉണ്ടാകണം.

‘‘പ്രത്യേകിച്ച്​ ഒന്നുമില്ലെടാ. കുറച്ചു തിരക്കുണ്ട്. എന്നാൽ കാണാം.''
‘‘കുറച്ചു സമയം സംസാരിച്ചിട്ടു പോകാം. എന്തായാലും കണ്ടതല്ലേ? കാന്റീനിൽ പോയി ഒരു ചായ കുടിക്കാം.''
ഇത്രയും പറഞ്ഞ്​ അവൻ ദീപകിന്റെ മുഖത്തേക്ക് നോക്കി.
ദീപക് തല ആട്ടണമോ വേണ്ടെയോ എന്ന കൺഫ്യൂഷനിൽ ആണെന്ന് അഹദിനു മനസ്സിലായി. സംശയ നിവാരണത്തിനായി ദീപക് അഹദിനെ ഒന്നു നോക്കി.
‘‘പിന്നീടാകാം, തിരക്കുണ്ട്'', അഹദിന്റെ കണ്ണുകൾ കൊണ്ടുള്ള സന്ദേശം ഗ്രഹിച്ചിട്ടാകണം ദീപക് അങ്ങനെ ഒരു മറുപടി നല്കിയത്.
‘‘എന്തു തിരക്കാണ് നിനക്ക്​? ഇതുവരെ വല്ല തുമ്പും ഉണ്ടാക്കാൻ നിനക്കു കഴിഞ്ഞോ? ഇതാരാ അസിസ്റ്റൻറാണോ?''

ശ്രീജിത്തിന്റെ ചൊറിച്ചിലിനു മറുപടി അറിയാഞ്ഞിട്ടല്ല, അതിനു സമയം കളയുവാൻ അഹദിന്​ താത്പര്യമില്ലായിരുന്നു. അഹദ് കുറച്ചു വേഗതയിൽ നടക്കുവാൻ തുടങ്ങി.
‘‘പ്രൊഫസർ രോഹൻ നിനക്കു തന്നയച്ചതാണ്. സൂക്ഷിച്ചു പിടിച്ചോ പൊട്ടിപ്പോകും'' എന്നു പറഞ്ഞ്​ ശ്രീജിത്ത് ഇടത്തരം വലുപ്പമുള്ള ഒരു പൊതി അഹദിനെ ഏല്പിച്ചു.
ഇതെന്താണ്​ എന്നു ചോദിക്കുന്നതിനു മുൻപ് ശ്രീജിത്ത് ഒരു നൂറു മീറ്റർ അകലെ എത്തിക്കഴിഞ്ഞിരുന്നു.

നല്ല ഭാരമുള്ള ഒരു പൊതിയായിരുന്നു അത്. ആമസോൺ എന്നെഴുതിയ പെട്ടിയിൽ ആയിരുന്നു അത് പാക്ക് ചെയ്തിരുന്നത്. എന്തായാലും ഓഫീസിൽ ചെന്നിട്ട് തുറക്കാം എന്നു അഹദ് തീരുമാനിച്ചു.
‘‘ഫ്രണ്ട് ആണോ?''
‘‘ ബാച്ച് മെയിറ്റ് ആണ്.''
‘‘അടിപൊളി.''

ഓഫീസ് മുറിയുടെ താഴ് തുറക്കുമ്പോൾ അഹദിനെന്തെന്നില്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. കാലങ്ങളായി ഈ ജോലി ചെയ്യുന്നത് സുഹാനയാണ്. കാരണം മറ്റൊന്നുമല്ല, അവളാണ് ഓഫീസിൽ ആദ്യം എത്താറ്​. അഹദ് എത്തുമ്പോഴേക്കും സുഹാന അന്നത്തെ ചാർട്ടും പദ്ധതികളും എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടാകും. അതിനുള്ള ഒരുക്കം സുഹാന തലേ ദിവസം രാത്രി തന്നെ തുടങ്ങും. അഹദിനും ദീപകിനും സന്ദേശങ്ങളയച്ച്​ പിറ്റേ ദിവസത്തെ പരിപാടികളെക്കുറിച്ച്​ ചർച്ച ചെയ്തു ഒരു തീരുമാനത്തിലെത്തും. മറ്റുള്ളവർ വന്നതിനുശേഷം അതിൽ വല്ല മാറ്റങ്ങളോ പുതിയ പരിപാടികളോ ഉണ്ടെങ്കിൽ അത് എഴുതിച്ചേർക്കും. ഇതെല്ലാം ചെയ്യാൻ സുഹാന ഒരു അര മണിക്കൂർ മുൻപെങ്കിലും എത്തുന്നുണ്ടായിരിക്കും എന്നു അഹദിനറിയാം.

അഹദ് എത്തുന്ന സമയത്ത് ഈ ചാർട്ടുകളും അന്നത്തെ ഫയലുകളും മറ്റും മേശപ്പുറത്ത് എടുത്തു വെച്ച ശേഷം സുഹാന തന്റെ പ്രിയപ്പെട്ട ജനാലയ്ക്കരികിൽ ഇരുന്നുള്ള പുസ്തക വായന തുടങ്ങിയിട്ടുണ്ടാകും. അഹദിനെ കാണുമ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന പേജ് പൂർത്തിയാക്കിയിട്ട് അന്നത്തെ അന്വേഷണങ്ങളെ ക്കുറിച്ചും അവൾക്കുള്ള സംശയങ്ങളെക്കുറിച്ചും ഒരു ചർച്ച പതിവുള്ളതാണ്. അത് ഏകദേശം പകുതിയാകുമ്പോൾ മാത്രമേ ദീപക് എത്തുകയുള്ളൂ. വന്നു കഴിഞ്ഞാലും പറയുന്ന കാര്യങ്ങൾ പകുതി മാത്രമേ ദീപക് കേൾക്കാറുള്ളൂ എന്ന്​അഹദിന്​ തോന്നാറുണ്ട്. ധൃതിയിൽ ആർക്കെങ്കിലും ഫോണിൽ സന്ദേശങ്ങളയക്കുന്ന തിരക്കായിരിക്കും ദീപകിന്. അതിനു സുഹാന ദീപകിനെ കണക്കിനു ശകാരിക്കാറുമുണ്ട്.

അഹദ് മനപ്പൂർവ്വം ജനാലയ്ക്കരികിലേക്കൊ ഒഴിഞ്ഞുകിടയ്ക്കുന്ന മേശപ്പുറത്തേക്കോ നോക്കിയില്ല. എല്ലാ കാര്യങ്ങളും ഇങ്ങനെ നെഗറ്റിവ് ആയി ചിന്തിച്ചിട്ട് കാര്യമില്ല. അല്പം പോലും പ്രാക്റ്റിക്കാലിറ്റി ഇല്ലാതെ ആയിപ്പോകില്ലേ? ജനാലപ്പാളികൾ തുറക്കുവാൻ ദീപകിനെ ഏല്പിച്ചിട്ട്​ അഹദ് കസേര വലിച്ചിട്ട് മേശയ്ക്കരികിലിരുന്നു. ഫോണിലെ പച്ച ബട്ടൺ അമർത്തി ഒരു റിഫ്‌ലെക്‌സ് ആക്ഷൻ എന്നോണം വിൻസെന്റിനെ വിളിച്ചു.
‘‘ഹലോ, സർ.''
(വിൻസെന്റിനെ കോളേജിൽ പഠിക്കുമ്പോഴുള്ള പരിചയമാണ്. അന്നവിടെ ഒഫ്ത്താൽ വിഭാഗത്തിൽ പോസ്റ്റിങ്ങുള്ളപ്പോളാണ് തിമിര ബാധിതനായ അച്ഛനെയും കൊണ്ട് വിൻസെൻറ്​ കടന്നുവരുന്നത്. പ്രൊഫസർ ഒ.പി നോക്കിക്കഴിഞ്ഞ ശേഷം ഒഫ്ത്താൽമിക് സർജൻ ജോസ് സാറിന്റെ അടുത്തേക്ക് അവരെ റഫർ ചെയ്തു. അവർക്ക് സ്ഥലം കാണിച്ചു കൊടുക്കാനായി പ്രൊഫസർ അഹദിനെയാണ് കൂടെ വിട്ടത്. അന്ന് വിൻസെൻറ്​ എസ്. ഐ ആയിട്ടില്ല. ഫിറ്റ്‌നെസ്​ ടെസ്റ്റും മറ്റും ബാക്കി ഉണ്ടായിരുന്നു. അഹദ് വിൻസെന്റിന്റെ അച്ഛന്​ ഒരു വീൽ ചെയർ ഒപ്പിച്ചു കൊടുത്തു. ഈ ബ്ലോക്കിൽ നിന്ന്​ എൽ ബ്ലോക്കിൽ എത്തുന്നതിനിടയ്ക്കു വിൻസെൻറ്​ തന്റെ പോലീസ് ടെസ്റ്റിന്റെ വിശേഷങ്ങളൊക്കെ അഹദിനെ പറഞ്ഞുകേൾപ്പിച്ചു. പിന്നീട് സർജറിക്ക് വന്നപ്പോഴും ഫിറ്റ്‌നസ്​ സർട്ടിഫിക്കറ്റിന്​ ഹോസ്പിറ്റലിൽ വന്നപ്പോഴും എല്ലാം വിൻസെൻറ്​ അഹദിനെ കാണാൻ വരുമായിരുന്നു. അന്നു തുടങ്ങിയതാണ് ഈ സർ വിളി. പേരു വിളിച്ചാൽ മതി എന്നു എത്ര പറഞ്ഞിട്ടും വിൻസെന്റിനു അങ്ങനെ വിളിക്കുവാൻ മനസ്സ് വന്നില്ല)
‘‘ഹലോ.''
‘‘സാർ എന്താ വിളിക്കാത്തത് എന്നു വിചാരിച്ചിരിക്കാരുന്നു. മാഡത്തിനെങ്ങനുണ്ട്?''
‘‘ബോധം വന്നു.’’
‘‘ദൈവം സഹായിച്ചു.''
‘‘എന്തെങ്കിലും വിവരങ്ങൾ കിട്ടിയോ?''
‘‘മാഡത്തിന്റെ വീട് പരിശോധിച്ചു. റിപ്പോർട്ടു തയ്യാറാക്കുന്നതേയുള്ളൂ. എല്ലാം ഒന്നു ക്രോഡീകരിച്ചിട്ട്​ ഞാൻ സാറിനെ വിളിക്കാം. കേസ് ചിലപ്പോൾ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കാൻ സാധ്യതയുണ്ട്. മാഡത്തിന്റെ വീട്ടുകാർ അങ്ങനെ ഒരു അപേക്ഷ നല്കിയിട്ടുണ്ട്.''
‘‘ഓക്കെ. വല്ല വിവരവും കിട്ടിയാൽ അറിയിക്ക്.''
‘‘ശരി സാർ.''

വിൻസെന്റിന്റ ശുദ്ധമനസ്സിനെക്കുറിച്ച് അഹദ് പലപ്പോഴും ചിന്തിക്കാറുണ്ട്. അങ്ങനെയുള്ള ആളുകൾ ഇന്നത്തെ കാലത്ത് വളരെ കുറവാണ്. നാടോടുമ്പോൾ നടുവേ ഓടണം എന്ന തത്ത്വം വെച്ചു നോക്കുമ്പോൾ അങ്ങനെയുള്ളവർക്ക് ജീവിക്കുവാൻ വളരെ പ്രയാസമാണ്. മറ്റുള്ളവർ എപ്പോൾ തലയിൽ കയറി എന്നു ചോദിച്ചാൽ മതി. തട്ടിപ്പും വെട്ടിപ്പും ഉള്ള സ്ഥലത്തു പോയി ഞാനൊരു പാവമാണെന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ . ഇത് ഏതാണ്ടു അതുപോലെയാണ്.

ആമസോൺ എന്നെഴുതിയ ബ്രൗൺ നിറത്തിലുള്ള പെട്ടിയിൽ വീണ്ടും അഹദിന്റെ ശ്രദ്ധ പതിഞ്ഞു. എന്തായിരിക്കും അതിനകത്ത്?

ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും ശ്രീജിത്ത് തന്ന പൊതി താൻ എന്തിനു സ്വീകരിച്ചു എന്ന്​ അഹദിനു തോന്നിത്തുടങ്ങി. അപ്പോൾത്തന്നെ നിരസിക്കുന്നതായിരുന്നു നല്ലത്. ചിലപ്പോഴിങ്ങനെ സംഭവിക്കും. ആത്മാർഥതയും സത്യസന്ധതയും എത്ര മറച്ചു വെക്കുവാൻ ശ്രമിച്ചാലും തല പോക്കും. ഒരു പക്ഷേ, താൻ സുഹാനയുടെ ആരോഗ്യസ്ഥിതിയിൽ വേവലാതിപ്പെട്ടിരിക്കുന്നതു കൊണ്ട് ശ്രദ്ധിക്കാതെ പോയതായിരിക്കാം. എന്തുതന്നെയായാലും വളരെ ശ്രദ്ധിച്ചുവേണം ഈ പൊതി കൈകാര്യം ചെയ്യുവാൻ എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ദീപക് ഇങ്ങനെ ചോദിച്ചത്​, ‘‘അഹദ്, എന്താണാ സമ്മാനപ്പൊതി? തുറന്നു നോക്കൂ ബ്രോ?''
‘‘ശത്രു തന്നതാണ്, പ്രൊഫസർ രോഹൻ. വളരെ സൂക്ഷിച്ചേ തുറക്കാൻ പറ്റൂ.''
‘‘വല്ല ബോംബോ മറ്റോ ആയിരിക്കോ?''
‘‘എയ്... അങ്ങേരുടെ സ്വഭാവം വെച്ചു നോക്കിയാൽ മാനസികമായി തളർത്താനുള്ള വല്ലതും ആയിരിക്കും .''
‘‘ഈ പ്രോട്ടെക്ടീവ് ഗിയേർസ് ഇട്ടോ. എന്നിട്ട് തുറന്നാൽ മതി. അഹദ് അന്ന് പറഞ്ഞതനുസരിച്ച്​ ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത ആളല്ലേ? ഇപ്പോൾ തന്റെ വളർച്ചയിൽ അസൂയ തോന്നിക്കാണും.''
‘‘ഇതിനപ്പുറം എങ്ങനെ ഉപദ്രവിക്കാനാണ്?

പ്രൊഫസർ രോഹനെ അത്ര പെട്ടന്നു മറക്കുവാൻ പറ്റില്ലല്ലോ.
ഇപ്പോൾ ദീപകിനും സുഹാനയ്ക്കും പോലും അറിയാം അയാളുടെ സ്വഭാവം. ഒരാളുടെ ജീവിതം കുളം തോണ്ടാൻ ഇങ്ങനെ മനഃപ്പൂർവ്വം തുനിഞ്ഞിറങ്ങിയാൽ എന്തു ചെയ്യും? ആത്മാർഥതയുള്ളവരെ മുതലെടുക്കുവാൻ ധാരാളം ആളുകൾ കാണും. എന്നാൽ, നനഞ്ഞിടം കുഴിക്കുന്ന സ്വഭാവം അത്ര നന്നല്ലല്ലോ. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല, അങ്ങനെത്തന്നെ സംഭവിച്ചു.

മനസ്സിൽ വന്നു നിറയുന്ന നെഗറ്റീവ് ചിന്തകളെ മായ്ക്കുവാൻ അഹദ് കിണഞ്ഞു പരിശ്രമിച്ചു. എന്നാലവ പൂർവ്വാധികം ശക്തിയോടെ തിരിച്ചടിച്ചു. നക്ഷത്രങ്ങളെ കളിക്കാൻ വിളിക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെ നിസ്സഹായനായി അഹദ് നിന്നു.
‘"അഹദ്, ഇത് കണ്ടോ?'' ദീപക് ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് അഹദ് നോക്കി. മേശയുടെ മുകളിലിരിക്കുന്ന ഒരു പാക്കറ്റ്. അതിൽ അഹദിന്റെ വിലാസമാണെഴുതിയിരിക്കുന്നത്. അന്നത്തെ പോസ്റ്റുകളുടെ കൂട്ടത്തിൽ വന്നതാണ്. ഓഫീസിന്റെ പുറത്തു സ്ഥാപിച്ചിട്ടുള്ള ബോക്‌സിലാണ് പോസ്റ്റുകൾ നിക്ഷേപിക്കുന്നത്. ആദ്യം എത്തുന്ന ആളതെല്ലാം അവിടെ നിന്നെടുത്ത് മേശപ്പുറത്ത് വെക്കും. മിക്കപ്പോഴും സുഹാനയാണത് ചെയ്യാറുള്ളത്​. ഇന്നിപ്പോൾ , ദീപകാണ് അതവിടെ വെച്ചത്. അതവൻ തുറന്നു നോക്കുവാൻ മറന്നു പോകുകയും ചെയ്തു. അഹദ് തൊട്ടടുത്തുണ്ടായിരുന്ന പേനയെടുത്ത്​ കവർ പൊളിച്ചു. അതിനകത്ത് ഒരു പുസ്തകമാണ്. സുവർണ നിറത്തിലുള്ള പുറം കവറുള്ള ആ പുസ്തകത്തിനു മുകളിൽ വലിയ അക്ഷരത്തിൽ എന്തോ എഴുതി വെച്ചിരിക്കുന്നു- case number: 4, Diary Operation. സുഹാനയുടെ പരിപാടിയാണ്. മറ്റ് മൂന്നു കേസുകൾക്കും സുഹാന ഇങ്ങനെ ഒരു പുസ്തകം വെച്ചിരുന്നതായി അഹദിനും ദീപകിനും അറിയില്ല. അതിൽ എന്താണെഴുതിയിരിക്കുന്നത് എന്നും ഒരു രൂപവുമില്ല. ഒരു പക്ഷേ, ഇതിൽ വല്ല രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടാകുമോ?
‘തങ്ങൾക്കീ കേസിനെക്കുറിച്ചറിയാത്ത എന്തെങ്കിലും സുഹാനയ്ക്ക് അറിയുമായിരിക്കുമോ? അതുകൊണ്ടായിരിക്കുമോ കൊലയാളി അവളെ ആക്രമിച്ചത്?'

സംശയത്തോടെ അഹദും ദീപകും മുഖത്തോട് മുഖം നോക്കി.
ഇത്രയും ദിവസങ്ങൾ തങ്ങളെ കാണിക്കാതെ വെച്ചിരുന്ന ആ പുസ്തകം സുഹാന എന്തിന്​ പോസ്റ്റലായി അയച്ചു എന്നു അവർക്ക് മനസ്സിലായില്ല.

ആശ്ചര്യത്തോടെ, അഹദ് ആ പുസ്തകത്തിന്റെ താളുകൾ മറിച്ചു. കൊല്ലപ്പെട്ടവരുടെ എല്ലാ വിവരങ്ങളും വളരെ ശ്രദ്ധാപൂർവ്വം അതിൽ രേഖപ്പെടുത്തിയിരുന്നു. അവരുടെ എല്ലാവരുടെയും ഫോട്ടോ സഹിതം. അതിനുശേഷം, അവരുടെ എല്ലാം കുടുംബാംഗങ്ങളുടെയും പേരുകൾ, ജോലി, ജോലിസ്ഥലം എന്നിങ്ങനെയുള്ള വിവരങ്ങൾ, അതിനു ശേഷമുള്ള പേജുകളിൽ അവർ ഓരോരുത്തരുടെയും ഭൂതകാലം. എന്തുനന്നായിട്ടാണ് സുഹാന ഓരോ വിവരങ്ങളും ക്രമീകരിച്ചിട്ടുള്ളത്. ഇത്രയും ആത്മാർഥതയോടെയാണ് സുഹാന ഈ കേസിനെ കരുതിയിട്ടുള്ളത് എന്ന്​ അഹദിനും ദീപകിനും അറിയില്ലായിരുന്നു. ജോലിയുടെ ഭാഗമായ മറ്റൊരു കേസ് ആയിട്ടേ താൻ ഇതിനെ കരുത്തിയിട്ടുള്ളൂ, അല്ലാതെ സുഹാനയെപ്പോലെ കേസിനെ ജീവിതത്തിന്റെ തന്നെ ഭാഗമായി എടുത്തിയിട്ടില്ല. അഹദ് വീണ്ടും ചിന്തകളിൽ മുഴുകി.

‘‘സുഹാനയ്ക്ക് കുറച്ചു വട്ടുണ്ടോ?'' ദീപകിന്റെ ചോദ്യം അഹദിനു പെട്ടന്നുൾക്കൊള്ളുവാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു ചോദ്യം അഹദ് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കാര്യത്തെക്കുറിച്ചു തന്നെ രണ്ടു പേർ എത്ര വ്യത്യസ്തമായിട്ടാണ് ചിന്തിക്കുന്നത്? ലോകത്തെ കോടാനുകോടി ജനങ്ങൾ തമ്മിൽ പിന്നെ എങ്ങനെയാണ് എല്ലാ കാര്യങ്ങളിലും യോജിക്കുവാൻ കഴിയുക? അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ , മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുവാൻ കഴിയണം എന്നുതന്നെയാണ് അഹദിന്റെ നിലപാട്.

‘‘നിനക്ക്​ ഓർഗനൈസ് ചെയ്യുന്നത് ഇഷ്​ടമല്ലാത്തതുകൊണ്ടല്ലേ? സുഹാന ഇക്കാര്യത്തിനു മാത്രം എന്തു മാത്രം ബുദ്ധിമുട്ടിയിരിക്കുന്നു. അവൾ വേറെ ടൈപ്പ് ആണ്. ചാർട്ടുകളും ടൈം ടേബിളുകളും ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.''
‘‘ഇത് വെറുതെ സമയം കളയാൻ വേണ്ടി.'' ദീപകിന്റെ മുഖത്തെ പുച്ഛ ഭാവം വായിച്ചെടുത്തതുകൊണ്ടാകണം അഹദ് പിന്നെ ഒന്നും പറഞ്ഞില്ല. എങ്കിലും ആ പുസ്തകത്തിൽ തങ്ങൾക്കറിയാത്ത എന്തോ ഉണ്ടെന്ന് തന്നെ അഹദിന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

ദീപക് തിരിച്ച് തന്റെ ഫോണിന്റെ ലോകത്തിൽ മുഴുകി. അഹദ് ആ പുസ്തകത്തിലും.
‘ആക്രമിക്കപ്പെട്ടവർ സൂക്ഷിച്ചിരുന്ന ഡയറിത്താളുകൾ' എന്ന തലക്കെട്ടുള്ള ഒരു പേജിൽ അഹദിന്റെ ശ്രദ്ധ പതിഞ്ഞു. അതിൽ , എല്ലാവരും അവസാനം കുറിച്ച വാക്കുകളുടെ ഒരു ചിത്രം പതിപ്പിച്ചിരുന്നു. മുഴുമിപ്പിക്കാനാകാതെ പാതിവഴിക്ക്​ഉപേക്ഷിക്കേണ്ടി വന്ന ആ വാക്കുകൾ നോക്കി അഹദ് കുറച്ചു സമയം നിന്നു. അന്നത്തെ ഡയറി എഴുതുവാൻ തുടങ്ങിയപ്പോളവർ ഒരിയ്ക്കലും കരുതിയിട്ടുണ്ടാകില്ല, അത് തങ്ങളുടെ അവസാനത്തെ ഡയറിക്കുറിപ്പ് ആകും എന്ന്. അല്ലെങ്കിലും ജീവിതത്തിനു എന്തു ഗ്യാരണ്ടി ആണുള്ളത്?

ഓരോ ദിവസവും താൻ അന്ന് മരിച്ചു പോകും എന്നു ചിന്തിച്ചുകൊണ്ടിരുന്നാൽ മനസ്സമാധാനം ഉണ്ടാകുമോ?

‘അതാണ് നമ്മടെ ആൾക്കാരുടെ കൊഴപ്പം, മരണാനന്തര കാര്യങ്ങളെ കുറിച്ച്​പേടിപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമേ പറയൂ. അങ്ങനെ പേടിച്ച് പേടിച്ചിരിക്കും. അതുപറഞ്ഞ്​ കൊച്ചു കുട്ടികളേം പേടിപ്പിക്കും. എന്നാൽ, ഖുറാനിൽ കുറെ നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതൊന്നും അവർ മക്കളെ പഠിപ്പിക്കൂലാ. അതോണ്ട്, ദീനെന്ന് പറഞ്ഞാ കുട്ടികൾക്കൊക്കെ ഒരു പേടിയാണ്​. എന്റെ ക്ലാസ്സിലെ കുട്ടികളെ ഞാൻ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് കൂടുതലും സ്വർഗത്തെ പറ്റിയാണ്. അതു കൊണ്ട് അവർ എല്ലാം നല്ല സന്തോഷത്തിലാ. നല്ല കാര്യങ്ങൾ ചെയ്താൽ അവർക്ക് കിട്ടാൻ പോകുന്ന സമ്മാനങ്ങളെ പറ്റിയാണ് ഞാൻ മിക്കപ്പോഴും സംസാരിക്കാറ്​’, മോയിദീൻ മാഷിന്റെ വാക്കുകളാണ്. അഹദിന്റെ അഭിപ്രായങ്ങളോട് വളരെ സാമ്യമുള്ള കാര്യങ്ങൾ മൊയിദീൻ മാഷ് പറയാറുണ്ടായിരുന്നു. അതുകൊണ്ട് അവയെല്ലാം ഫോണിൽ റെക്കോർഡ് ചെയ്യപ്പെട്ട വോയ്‌സ് ക്ലിപ്പുകൾ പോലെ മായാതെ അഹദിന്റെ മനസ്സിൽ കിടപ്പുണ്ട്.

‘ഈ ഡയറിക്കുറിപ്പുകളിൽ എല്ലാം എന്തോ ഒരു രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട്. അവ എന്താണെന്ന് എനിക്കിപ്പോഴറിയില്ല. എന്നാൽ, അത് കണ്ടുപിടിച്ചാൽ , ഈ കേസ് തെളിയിക്കാനുള്ള ഒരു വഴി തുറന്നുകിട്ടുമെന്ന് എനിക്കു തോന്നുന്നു. അതിനാൽ, ഡയറിക്കുറിപ്പുകളുടെ ഒറിജിനൽ കോപ്പി കുറച്ചു കാലത്തേക്ക് സംഘടിപ്പിക്കുവാൻ പറ്റുമോ എന്നു ശ്രമിച്ചു നോക്കുന്നു.'

അഹദിനത്ഭുതം തോന്നി.
ഡയറി എഴുതുന്നവർ മരിക്കുന്നു എന്ന കാര്യം തികച്ചും യാദൃശ്ചികമായിട്ടേ താൻ ഇതുവരെ കണക്കാക്കിയിട്ടുള്ളൂ. ഒട്ടുമിക്ക ഡയറിക്കുറിപ്പുകളും തങ്ങൾ കണ്ടതുമാണ്. തിരിച്ചും മറിച്ചും പരിശോധിച്ചതുമാണ്. ഒരു പ്രത്യേകതയും അനുഭവപ്പെട്ടിട്ടില്ല. സുഹാനയ്ക്ക്, ഇപ്പോൾ പിന്നെ അങ്ങനെ തോന്നുവാൻ കാരണം എന്താണ്? ഈ ഡയറിക്കുറിപ്പുകൾ ഇപ്പോഴെവിടെയാണ്? അത്​ കണ്ടു പിടിക്കാൻ സുഹാന ശ്രമങ്ങൾ നടത്തിക്കാണുമോ? അതാണോ ഇനി സുഹാന അപകടത്തിൽപ്പെടുവാനുള്ള കാരണം? സുഹാന എത്രയും പെട്ടന്നു പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്​ അഹദിനു തോന്നിപ്പോയി. അത് വളരെ അടുത്ത ദിവസങ്ങളിൽ തന്നെ സംഭവിക്കാനുള്ള ഒരു കാര്യമാണെന്ന് വിചാരിച്ച്​ അഹദ് ആശ്വസിച്ചു.

താളുകൾ മറിക്കുന്നതിനിടയിൽ വിക്കിയുടെ കയ്യക്ഷരം കണ്ടിപ്പോൾ അഹദിനു ചിരി അടക്കാനായില്ല, വളഞ്ഞു പുളഞ്ഞു കിടക്കുന്ന ആ അക്ഷരങ്ങൾ വായിച്ചെടുക്കുവാൻ അഹദ് നന്നേ പണിപ്പെട്ടു. സാധാരണ, ഡോക്ടർമാരുടെ കയ്യക്ഷരത്തെയാണ്​ ആളുകൾ കളിയാക്കാറ്​. എങ്കിലും, ആളൊരു പാവം ആയിരുന്നെന്ന് അഹദിനു തോന്നി. പുറമെയുള്ള ആ സ്‌റ്റൈൽ മാത്രമേയുള്ളൂ, പിന്നെ സ്‌കെറ്റിങ് ഷൂ നൽകുന്ന ഒരു പത്രാസും.
‘‘എന്താണ് ബ്രോ ഇത്ര ചിരിക്കാൻ ?'' ഫോണിൽ നിന്ന്​ കണ്ണെടുക്കാതെ ദീപക് അന്വേഷിച്ചു.
‘‘ഒന്നുമില്ലെടാ.''

അപ്പോഴാണരികിൽ കുത്തിക്കുറിച്ചിട്ട കുറെ നമ്പറുകൾ അഹദിന്റെ ശ്രദ്ധയിൽ പെടുന്നത്.
3-1-2009
4-4-2009
4-8-2009
8-8-2009
12-8-2009 അതിനു താഴെ ആയി കറുത്ത മഷി കൊണ്ട് ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: 15-9-2009?

അവസാനത്തെ അക്കങ്ങൾക്കു നേരെ ഒരു ചോദ്യ ചിഹ്നമുണ്ട്. അപ്പോഴത്​ സുഹാന അനുമാനിച്ചതാകാം. പക്ഷേ, എങ്ങനെ അത് കണ്ടെത്തി? കണക്കിന്റെ കാര്യത്തിൽ അഹദ് പണ്ടേ കുറച്ചു മോശമാണ്. വലിയ അക്കങ്ങൾ കണ്ടാൽ പ്രത്യേകിച്ചും. അപ്പോഴാണ് മറ്റൊരിടത്ത് സുഹാന 2009 എന്നത് ഒരു പെൻസിൽ വെച്ചു വെട്ടിക്കളഞ്ഞിരിക്കുന്നത് അഹദിന്റെ ശ്രദ്ധയിൽ പെട്ടത്. 2009 എന്നത് മാറ്റിയിട്ടാണ് സുഹാന ഇത് സോൾവ് ചെയ്തത്. പിന്നെയുള്ളത് 3-1, 4-4 എന്നിങ്ങനെ തുടങ്ങുന്ന അക്കങ്ങളാണ്. 2009 ഉള്ള സ്ഥിതിക്ക്​ ഇവയെല്ലാം ഈ വർഷത്തെ തീയതികളാണ്​. ഇവയ്ക്ക് വല്ല പ്രത്യേകതയുമുണ്ടോ എന്നാണിനി കണ്ടുപിടിക്കേണ്ടത്.
4-8? അന്നല്ലേ ദീപകിന്റെ പിറന്നാൾ? അന്ന് രാത്രിയല്ലേ ഗംഗ മരണപ്പെടുന്നത്?

‘ഞാൻ എന്തുകൊണ്ട് ഇത് നേരത്തെ ഓർത്തില്ല?' അഹദിന്റെ തലയിൽ വലിയൊരു ഭാരം അനുഭവപ്പെട്ടു. കണ്ണിനു മുകളിൽ കൈ വിരലുകൾ യാന്ത്രികമായി ചലിപ്പിച്ചു കൊണ്ട് അഹദ് ചിന്താമഗ്‌നനായി.

‘ഇനിയും പാഴാക്കുവാൻ സമയമില്ല. സുഹാന കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കുക തന്നെ.'

അഹദിന്റെ കണ്ണുകൾ പേപ്പറിൽ കാണുന്ന അക്കങ്ങളിലേക്കു നീണ്ടു.
അവയിൽ അനവധി ചിത്രങ്ങളൊളിച്ചിരിപ്പുണ്ടായിരുന്നെന്ന് അഹദിനപ്പോഴാണ് മനസ്സിലായത്. ആദ്യത്തേത് നിപുൺ, പിന്നെ വിക്കി, ഗംഗ, റിതേഷ്. അപ്പോൾ സുഹാന 15-9 എങ്ങനെ കണ്ടുപിടിച്ചു? അവൾക്കു വല്ല സന്ദേശങ്ങളും കിട്ടിയിരുന്നോ? അതോ മറ്റ് വല്ല വിവരങ്ങളും?

അപ്പോൾ , ഇന്നലെ അടുത്തയാൾ ആക്രമിക്കപ്പെടുമെന്ന് സുഹാനയ്ക്ക് അറിയാമായിരുന്നോ? എന്നിട്ട് എന്തുകൊണ്ട് തങ്ങളോടു പറഞ്ഞില്ല.
‘ഞാൻ ഒരു പസിൽ സോൾവ് ചെയ്തു കൊണ്ടിരിക്കുകയാണ്’ ഇന്നലെ സുഹാന അയച്ച ആ സന്ദേശം അഹദ് ഓർക്കുന്നു.
ഇതായിരുന്നോ ആ പസിൽ? അത് ഏകദേശം ഏഴു മണിക്കായിരുന്നു. അപ്പോൾ സുഹാന ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുൻപുമാത്രം ആയിരിയ്ക്കും അവളത് കണ്ടെത്തിയിട്ടുണ്ടാവുക. അത് പറയാനായിരിക്കുമോ അവൾ തന്നെ വിളിച്ചിട്ടുണ്ടാവുക? അഹദിന്റെ മനസ്സിലൂടെ ഒരാന്തൽ കടന്നുപോയി. ആ കോൾ താൻ കണ്ടിരുന്നുവെങ്കിൽ എന്നു അഹദ് വീണ്ടും ആശിച്ചു പോയി. അപ്പോൾ എഴുതിയതാണെങ്കിൽ പിന്നെ ഇതാര്​ പോസ്റ്റ് ചെയ്തു? ഇന്നുരാവിലെ പോസ്റ്റ് ചെയ്താൽ ഇത്ര പെ​ട്ടെന്ന്​ ഇതിവിടെ എത്തില്ലല്ലോ. ചുരുങ്ങിയത് ഒരു ദിവസമെങ്കിലും എടുക്കില്ലേ?

അഹദ് കവറിനു മുകളിൽ സീലുണ്ടോ എന്നു പരിശോധിച്ചു.
ഇല്ല, കവർ ബ്ലാങ്ക് ആണ്. അഹദിന്റെ അഡ്രസ്​ എഴുതിയിട്ടുണ്ട്.
അത് സുഹാനയുടെ കയ്യക്ഷരം അല്ല. പിന്നെ ഇതാരെഴുതിയതാണ്.
അഡ്രസ്​ കൃത്യമാണുതാനും. അഹദിന്​ ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടിയില്ല.

എങ്കിലും ഈ സമസ്യകളെല്ലാം ഒരു ഉറച്ച തീരുമാനമെടുക്കാനുള്ള വാതിലുകളായിത്തീർന്നു. അതേ, ഇനി പിന്നോട്ടില്ല. ഈ കേസ് മുന്നോട്ടുകൊണ്ടു പോവുക തന്നെ, സുഹാനയും അതുതന്നെയായിരിയ്ക്കും ആഗ്രഹിക്കുന്നത്. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments