ചിത്രീകരണം : രാജേഷ് ചിറപ്പാട്

പന്ത്രണ്ട്

സെപ്റ്റംബർ 16 ബുധനാഴ്ച പ്രിയപ്പെട്ട ഡയറി, സുഹാനയ്ക്ക്​ ബോധം വന്നുവെങ്കിലും അവൾ ഐ. സി. യു വിൽ തന്നെയാണ്. പെ​ട്ടെന്ന്​ അവിടെനിന്ന്​ മാറ്റാനാകുമെന്ന് തോന്നുന്നില്ല. സ്​റ്റൈബിലൈസ്ഡ് ആകാൻ സമയമെടുക്കും എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായം.

സുഹാന ഈ കേസിനെ എത്ര ആത്മാർഥതയോടെയാണ് കണക്കാക്കിയിരുന്നത് എന്നെനിക്ക്​ ഈ പുസ്തകം വായിച്ചപ്പോഴാണ് മനസ്സിലായത്. ഒരു പക്ഷേ, കൊലയാളി അവൾ ചെയ്യുന്ന കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുമോ? അതു കൊണ്ടായിരിക്കുമോ അവളെ അപകടപ്പെടുത്തിയത്? അതോ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണോ? അല്ലെങ്കിൽ ഇത് തികച്ചും യാദൃച്​ഛികമായി സംഭവിച്ചതാകാം. പക്ഷേ, കേസിന്റെ പാറ്റേൺ കണ്ടിട്ട്​ അങ്ങനെ തോന്നുന്നില്ല. ഒറ്റപ്പെട്ട മറ്റൊരു സംഭവമായും ഇതിനെ വിധിയെഴുതുവാൻ വയ്യ. സുഹാനയ്ക്കു നേരെ നടന്ന ആക്രമണം അത്രമേൽ മറ്റ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു കിടയ്ക്കുന്നു. കൊലയാളി എന്റെ തൊട്ടരികിൽ തന്നെയുണ്ട്. ചിലപ്പോൾ, ഞാൻ വിചാരിച്ചതിനേക്കാളടുത്ത്.

പെ​ട്ടെന്ന്​ എന്തോ ഒരു കറുത്ത രൂപം മുന്നിലൂടെ കടന്നുപോയതുപോലെ. നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. അഹദിന്റെ കണ്ണുകൾ ചുറ്റുപാടും ചലിച്ചു, അക്ഷമയോടെ അവ നിഴലുകളെപ്പോലും പരിശോധിച്ചു, തെല്ലൊരു സംശയത്തോടെ. തലേദിവസം ഐ. സി. യുവിന്റെ വൃത്തത്തിലുള്ള ചില്ലുഗ്ലാസിലൂടെ കണ്ട സുഹാനയുടെ മുഖം അഹദിന്റെ ഓർമയിൽ തെളിഞ്ഞു വന്നു. നിർത്താതെയുള്ള അവളുടെ വർത്തമാനവും.
"ടിക് ചിം...'
ഓരോ ചെറിയ ശബ്ദങ്ങളുടേയും നേരെ അഹദ് തലതിരിച്ചു നോക്കി. വരണ്ടുണങ്ങിയ നാവുകൊണ്ട് മേൽച്ചുണ്ടിനെ നനച്ചു. നെറ്റിയിൽ നിന്ന്​ ബാഷ്പ തുള്ളികൾ ഡയറിയിലേക്ക് ഇറ്റുവീണു. മേശപ്പുറത്തെ ജഗ്ഗിൽ നിന്ന്​ ഗ്ലാസ്സിലേക്ക് അല്പം വെള്ളം പകർന്നു കുടിച്ചു. അവ കണ്ഠനാളത്തെ തണുപ്പിച്ചു. ശ്വാസോച്ഛ്വാസം പതിയെ ആക്കി. "ഹൃദയ ധമനികൾ വികസിക്കുമായിരിക്കും, പതിയെ. അപ്പോൾ അവയിലൂടെ കുത്തിയൊഴുകിയ രക്തത്തിന്റെ വേഗത കുറയുമല്ലോ. ഈ അഡ്രിനാലിൻ കുത്തൊഴുക്കിന്​ കാരണക്കാരൻ ഞാൻ തന്നെയാണല്ലോ.'
കണ്ണുകളടച്ച്​ മൂക്കിന്റെ ദ്വാരത്തിലൂടെ അകത്തേക്ക് പ്രവഹിക്കുന്ന വായുവിലേക്ക് ശ്രദ്ധ തിരിച്ചു. ഒരു ഗുഹയിലൂടെ ചീറിപ്പായുന്ന തീവണ്ടിയെപ്പോലെ അവയിലൂടെ വായു പ്രവഹിച്ചു, നല്ല ശബ്ദത്തോടെ. അതാലോചിച്ചപ്പോൾ ടെക്​സ്​റ്റ്​പുസ്തകത്തിലെ ചിത്രമാണ് അഹദിന്റെ മനസ്സിലേക്ക് ഓടിവന്നത്. അകത്തേക്ക് പ്രവഹിക്കുന്ന വായുവിലൂടെ സഞ്ചരിച്ചാൽ ചെറിയ നാരുകൾ പോലുള്ള രോമങ്ങളും അവയിൽ അങ്ങിങ്ങായി പറ്റിപ്പിടിച്ച കുഴഞ്ഞൊരു ദ്രാവകവും ചെറിയ പൊടിപടലങ്ങളും കാണാം. അല്പനേരത്തെ ബ്രീത്തിങ് എക്‌സർസൈസ് അഹദിനെ പൂർവസ്ഥിതിയിലെത്തിച്ചു. കുറച്ചു നേരത്തിനുശേഷം അഹദ് ഒരു അനുമാനത്തിലെത്തി. എല്ലാം തന്റെ സംശയങ്ങൾ മാത്രമാകാം. പക്ഷേ, ആരോ തങ്ങളുടെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന ചിന്തയിൽ നിന്ന്​ അത്ര പെട്ടന്നു കരകയറുവാൻ സാധിക്കുകയില്ലല്ലോ. നിർബന്ധപൂർവ്വം മനസ്സിനെ അതിൽ നിന്ന്​അകറ്റി നിർത്തുവാൻ അഹദ് കഴിയുന്നതും നോക്കി. അതെത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അഹദിന്​ അപ്പോഴാണ് മനസ്സിലായത്.

മേശപ്പുറത്ത് കിടക്കുന്ന മറ്റൊരു വസ്തുവിൽ അഹദിന്റെ ശ്രദ്ധ പതിഞ്ഞു-ആമസോൺ എന്നെഴുതിയ ഒരു പെട്ടി. പ്രൊഫസർ രോഹൻ തന്നതാണെന്നു പറഞ്ഞ്​ ശ്രീജിത്ത് സമ്മാനിച്ചത്."രോഹൻ...ഒരു കാലത്ത് തന്റെ ഉറക്കം കെടുത്തിയ പേരായിരുന്നു അത്.' ഒരു കൊലപാതകിയോ പിടിച്ചുപറിക്കാരനോ കള്ളനോ അല്ല, അഹദിന്റെ കോളേജിലെ സർജറി പ്രൊഫസറായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട പ്രൊഫസർ. നന്നായി ക്ലാസെടുക്കാനറിയാം. നല്ല ഒരു സർജനും. രോഗികളോടെല്ലാം നന്നായി പെരുമാറാൻ അറിയാം. അവരുടേയെല്ലാം പ്രിയപ്പെട്ട ഡോക്ടറായിരുന്നു. അവരുടെ മാത്രമല്ല, കുട്ടികളുടേയും അധ്യാപകരുടേയും എല്ലാം. എന്നാൽ അയാൾക്കു മറ്റൊരു മുഖം ഉണ്ടായിരുന്നു, വളരെ കുറച്ചു പേർ മാത്രം കണ്ടിട്ടുള്ള ഒരു മുഖം. ആദ്യം കണ്ടു മുട്ടുന്ന ഒരാൾക്കു അതൊന്നും മനസ്സിലാവുകയില്ല. രോഹൻ സാറിന്റെ ആദ്യത്തെ രണ്ടു മൂന്നു ലക്ചറുകൾ കഴിഞ്ഞപ്പോൾ എനിക്ക്​സാറിനെപ്പോലെ ഒരു അധ്യാപകനാകാൻ തോന്നി. പണ്ടേ ക്ലാസ്സുകൾ എടുക്കുന്നതിൽ താൽപര്യം തോന്നിത്തുടങ്ങിയിരുന്നെങ്കിലും ഒരു റോൾ മോഡലിനെ കിട്ടുന്നത് അപ്പോഴാണ്. പിന്നീട് എല്ലാം തകിടം മറിയുമെന്ന് അന്ന് അറിയുമായിരുന്നില്ല.

ക്രമേണ രോഹൻ സാറിന്​ പ്രിയപ്പെട്ട കുറച്ചു കുട്ടികളുണ്ടായി, അയാളുടെ പെറ്റ് സ്റ്റുഡൻഡ്‌സ്. സത്യസന്ധരായ ഫൈസൽ, ഞാൻ, തരികിടയായ ശ്രീജിത്ത്, വിനയ്, കബീർ എന്നിവരായിരുന്നു അതിലെ അംഗങ്ങൾ. ക്ലാസുകളെക്കുറിച്ചുള്ള വിവരങ്ങളും മറ്റും രോഹൻ സർ ഇവരെയാണാദ്യം അറിയിക്കുക, ലെക്ചർ നോട്ടുകൾ ഇവർക്ക് കൈമാറും, ബാക്കിയുള്ളവർ അവരുടെ കയ്യിൽ നിന്ന്​സംഘടിപ്പിച്ചു കൊള്ളണം. സർജറികൾ അസ്സിസ്റ്റ് ചെയ്യാനുള്ള ഭാഗ്യം ഇവർക്ക് മാത്രമായിരുന്നു. എന്തിന്, ഇവർ ഒരു ദിവസം ക്ലാസിൽ വന്നില്ലെങ്കിൽ പോലും ഇളവുണ്ട്. മിക്കവാറും റജിസ്റ്ററിൽ ചുവന്ന വര വീഴാറില്ല. പുറത്ത്​ വളരെ ഫ്രെൻറ്​ലി​ആയിരുന്നു പ്രൊഫസർ, പ്രത്യേകിച്ച്​ പെറ്റ് സ്റ്റുടെൻഡ്‌സിനോട്. ബാക്കിയുള്ളവർക്ക് തെല്ലൊരു അസൂയയും ഇവരോടുണ്ടായിരുന്നു.

അങ്ങനെ ഇരിക്കുമ്പോളൊരു ദിവസം ഒരു പ്രധാനപ്പെട്ട കേസ് അസിസ്റ്റ് ചെയ്യുവാൻ എന്നേയും ശ്രീജിത്തിനേയും പ്രൊഫസർ ക്ഷണിച്ചു. സർജറിക്കിടയിൽ കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ പ്രൊഫസർ അസ്സിസ്റ്റന്റുകൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. പഠിച്ചിറങ്ങിയ ശേഷം ഉപകാരപ്പെടാവുന്ന പ്രാക്റ്റിക്കൽ വിവരങ്ങളായിരുന്നു അവയിലധികവും. അതിനാൽ എനിക്ക്​ ഈ അവസരങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. ഒരു സർജറി പി.ജി എടുക്കണം എന്നു തന്നെയായിരുന്നു എന്റെ അന്നത്തെ ആഗ്രഹം.

അന്നുപക്ഷേ സർജറി ചെയ്യുന്നതിനിടയ്ക്ക് രോഗി പെ​ട്ടെന്ന്​ അൺസ്റ്റബിലൈസ്ഡ് ആയി. ഇ.സി.ജിയിൽ വ്യതിയാനങ്ങൾ വന്നു തുടങ്ങി. രോഗിക്ക്​ ഓക്‌സിജനും മറ്റ് പ്രാഥമിക സംരക്ഷണങ്ങളും കൊടുത്തുതുടങ്ങി. അതിനിടയിൽ പ്രൊഫസർ രോഹനൊരു കോൾ വന്നു. അത്യാഹിത വിഭാഗത്തിൽ ഒരു ആക്‌സിഡൻറ്​ കേസ് വന്നിട്ടുണ്ടെന്നും, ഉടനെ തിരിച്ചുവരാമെന്നും നഴ്‌സുമാരെ പറഞ്ഞേൽപ്പിച്ച്​ അയാൾ ശ്രീജിത്തിനെയും കൂട്ടി പുറത്തേക്കുപോയി. ഞാനും നഴ്‌സുമാരും കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ സി.പി.ആർ വരെ നല്കി നോക്കി. (ഞാൻ അതിനു മുൻപ് ഒരു തവണ മാത്രമേ സി.പി. ആർ നൽകിയിട്ടുണ്ടായിരുന്നുള്ളൂ. അതും മെഡിസിൻ പ്രൊഫസറുടെ മേൽനോട്ടത്തിൽ) പക്ഷേ, കാര്യമുണ്ടായില്ല. രോഗി മരിച്ചു. സർജറിക്ക് കയറ്റിയ രോഗി മരിച്ചത് ഡോക്ടറുടെ കൈപ്പിഴയാണെന്ന് ബന്ധുക്കളും നാട്ടുകാരും വിധിയെഴുതി. അപ്പോഴൊന്നും ഈ പ്രശ്‌നം തന്നെയാണ് ബാധിക്കാൻ പോകുന്നത് എന്നെനിക്കറിയില്ലായിരുന്നു. പരിചയ സമ്പന്നനായ ഒരു സർ മുൻപിലുണ്ടല്ലോ എന്നോർത്ത്​ ഞാൻ രോഷാകുലരായ ബന്ധുക്കളെ പറഞ്ഞു സമാധാനിപ്പിക്കുവാൻ നോക്കി. എന്നാൽ, അല്പനേരം കൊണ്ട് കാര്യങ്ങൾ കൈവിട്ടു പോകുന്നതുപോലെ എനിക്കു തോന്നിത്തുടങ്ങി. ക്രമേണ ആ ഹോസ്പിറ്റൽ വരാന്ത മുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞു. ഹോസ്​പിറ്റൽ മുറ്റവും പരിസര പ്രദേശങ്ങളും പ്ലക്കാർഡുകളെക്കൊണ്ടും. ""അനധികൃതമായി സർജറി നടത്തിയ ജൂനിയർ ഡോക്ടറെ അറസ്റ്റ് ചേയ്യുക. യുവ ഡോക്ടറെ സസ്​പെൻറ്​ ചെയ്യുക'' എന്നിങ്ങനെയുള്ള ശബ്ദ കോലാഹലങ്ങളുയർന്നുകേൾക്കാമായിരുന്നു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല. കാര്യങ്ങൾ വ്യക്തമായപ്പോൾ വിശ്വസിക്കാനും കഴിഞ്ഞില്ല. സർജറി ചെയ്ത റെക്കോർഡുകളിലും മറ്റും പ്രൊഫസർ രോഹന്റെയോ അസ്സിസ്റ്റ് ചെയ്ത ശ്രീജിത്തിന്റെയോ പേരില്ല. കൂടെയുണ്ടായിരുന്ന നഴ്‌സുമാരും അറ്റന്റർമാർ പോലും യാഥാർഥ്യം മറന്നതുപോലെ. എത്ര ആലോചിച്ചിട്ടും തന്റെ പ്രിയപ്പെട്ട പ്രൊഫസർ തന്നോട്​ ഈ ചതി ചെയ്തയ്ത് എന്തിനാണെന്ന് മനസ്സിലായില്ല. സത്യം ഉൾക്കൊള്ളാനും കഴിഞ്ഞില്ല. ക്രമേണ തന്നെ ചതിക്കുഴിയിൽ വീഴ്ത്തിയത് ഡോക്ടർ രോഹൻ ആണെന്ന കാര്യം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുവാൻ ശ്രമിച്ചു. പേരിന്​ ഒരു അറസ്റ്റും സസ്‌പെൻഷനും കിട്ടി. നിരാശയുടെ നാളുകളായിരുന്നു അത്.

ഒരു ദിവസം, സംഭവിച്ചത് എന്താണെന്ന് അറിയണം എന്ന നിർബന്ധ ബുദ്ധിയോടെ ഞാൻ പ്രൊഫസർ രോഹനെ ഫോണിൽ വിളിച്ചു. അപ്പോഴും തന്നെ രക്ഷിക്കുവാൻ എന്തെങ്കിലുമൊരു വഴി തന്റെ പ്രൊഫസർ കണ്ടുവെച്ചിട്ടുണ്ടാകുമെന്നാണ് ഞാൻ ധരിച്ചുവെച്ചിരുന്നത്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും എതിർ ഭാഗം വക്കീലിനെ വെച്ചു വാദിക്കുവാൻ പറഞ്ഞിട്ടു എനിക്കു മനസ്സ് വന്നിരുന്നില്ല. അതിനാൽ കുറ്റമെല്ലാം ഞാൻ ഏറ്റെടുത്തു. അവസാനം, മരിച്ച രോഗിയുടെ വീട്ടുകാർ മനസ്സുമാറി കേസില്ല എന്നെഴുതിക്കൊടുത്തതു പ്രകാരമാണ് രക്ഷപ്പെട്ടത്. അതെല്ലാം കഴിഞ്ഞ്​ ഒരു മൂന്നു നാലു മാസങ്ങൾ കഴിഞ്ഞാണെനിക്കു പ്രൊഫസറെ വിളിക്കുന്ന ആശയം ഉദിച്ചത്. പിറ്റേദിവസം മുതൽ കോളേജിൽ പോയിത്തുടങ്ങാം എന്ന ചിന്തയും എനിക്കുണ്ടായിരുന്നു.

പ്രതീക്ഷിച്ചതിന് വിപരീതമായിരുന്നു സംഭവിച്ചത്. പ്രൊഫസർ രോഹൻ ഫോണിലൂടെ തന്നെ അറിയാത്തതുപോലെയാണ് സംസാരിച്ചത്. പ്രൊഫസറുടെ വിദ്യാർഥിയാണെന്ന് പറഞ്ഞപ്പോൾ സ്വന്തമായി സർജറികൾ ചെയ്യുന്ന ഡോക്ടർ അല്ലേ? പത്രങ്ങളിൽ കണ്ടിരുന്നു എന്നു പറഞ്ഞു കളിയാക്കി. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ടു വരണം, അല്ലാതെ തെളിവുകളുണ്ടാക്കുവാൻ ഫോൺ ടാപ്പ് ചെയ്യുകയല്ല വേണ്ടതെന്നും അയാൾ പറഞ്ഞു. വീണ്ടും ചെയ്യാത്ത കുറ്റത്തിനു പഴി കേൾക്കേണ്ടി വന്നെങ്കിലും സംഭവങ്ങളുടെ യാഥാർഥ്യം എനിക്കു മനസ്സിലായി. പ്രൊഫസർ രോഹൻ ഒരിക്കലും തന്നെ സഹായിക്കാൻ പോകുന്നില്ലെന്നും സ്വന്തം കയ്യിൽ വിലങ്ങു വീഴാതിരിക്കുവാൻ അയാളേതറ്റം വരെ പോകുമെന്നുമുള്ള കാര്യങ്ങൾ മനസ്സിലായിക്കഴിഞ്ഞപ്പോഴേക്കും സമയം വൈകിയിരുന്നു. കേസ് ക്ലോസ് ചെയ്തുവെങ്കിലും വേണമെങ്കിൽ റീ ഓപ്പൺ ചെയ്യുവാനുള്ള ഓപ്ഷനുണ്ടെന്ന് എന്റെ സുഹൃത്തുക്കളെന്നെ ഉപദേശിച്ചു. വീണ്ടും ആ നെഗറ്റീവ് എനർജിയിൽ കിടന്നു മുങ്ങുവാൻ താൽപര്യമില്ലാത്തതുകൊണ്ട് ഞാൻ അത് വേണ്ടെന്നുവെച്ചു. എങ്കിലും എനിക്കു വാശിയായി. പിറ്റേ ദിവസം മുതൽ കോളേജിൽ പോയിത്തുടങ്ങി. വാശിയോടെ പഠിച്ചു.

ഇത്രയും പ്രശ്‌നങ്ങൾക്കുശേഷം ഞാൻ കോളേജിലേക്ക് വരില്ല എന്നു തന്നെയാണ് പ്രൊഫസർ ധരിച്ചുവെച്ചിരുന്നതെന്ന് എനിക്കു പിന്നീട് തോന്നി. അഹദ് എന്നു പേരുള്ള ഒരു വിദ്യാർഥി കോളേജിൽ ഇല്ല എന്ന തരത്തിലാണ് പിന്നീട് പ്രൊഫസർ പെരുമാറിയത്. പ്രാക്റ്റിക്കൽ ക്ലാസുകളിലോ തിയറി ക്ലാസുകളിലോ എന്റെ പേർ വിളിക്കുകയോ അറ്റെൻഡൻസ് രേഖപ്പെടുത്തുകയോ ചെയ്യുമായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ചു പ്രിൻസിപ്പാളിനോടും മറ്റും പരാതി പറഞ്ഞുവെങ്കിലും കാര്യമുണ്ടായില്ല.

അങ്ങനെയിരിക്കെ, പരീക്ഷാക്കാലമായി. എല്ലാം മറന്ന്​ ഞാനും പഠനത്തിൽ മുഴുകി. അപ്പോഴാണ്, അറ്റെൻഡൻസ് ഷോർട്ടേജുള്ളവരുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പതിപ്പിക്കുന്നത്. പ്രതീക്ഷിച്ചതു പോലെ ആ ലിസ്റ്റിൽ ആദ്യത്തെ പേര്​ അഹദ് എന്നുതന്നെയായിരുന്നു. വൈവ പരീക്ഷയിൽ എനിക്കു വായ് തുറക്കേണ്ടി വന്നില്ല. അത്തരം ചോദ്യങ്ങളായിരുന്നു പ്രൊഫസർ എന്നോടു ചോദിച്ചത്. എക്‌സ്റ്റേണൽ എക്‌സാമിനർ വരെ അന്ധാളിച്ചു നിന്നുപോയി. പ്രാക്റ്റിക്കൽ എക്‌സാമിനും വളരെ സങ്കീർണമായ, വ്യക്തമായ രോഗനിർണയം പോലുമില്ലാത്ത ഒരു രോഗിയെ പരിശോധിക്കേണ്ടിയിരുന്നു. അതിന്റെ വൈവയിലും വളരെ കടുപ്പമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നു. രോഗ നിർണയം നടത്താത്തതിന് കണക്കിനു ശകാരിക്കപ്പെട്ടു. പ്രൊഫസർ രോഹൻ എക്‌സ്റ്റേണൽ എക്‌സാമിനർക്ക് ഒരു ചോദ്യം പോലും ചോദിക്കാൻ അവസരവും നൽകിയില്ല. ഇത്രയുമായപ്പോഴേക്കും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഏകദേശ രൂപം എനിക്കു കിട്ടി. അതിനെതിരെ പ്രതികരിച്ചിട്ടു കാര്യമില്ല എന്നറിയാമായിരുന്നു.

റിസൽറ്റ് വന്നപ്പോൾ മറ്റെല്ലാ വിഷയങ്ങൾക്കും നല്ല മാർക്കുണ്ടെങ്കിലും സർജറിയിൽ മാത്രം തോറ്റിരിക്കുന്നു. എല്ലാ മാർക്ക് ലിസ്റ്റുകളും ചേർത്ത്​പ്രിൻസിപ്പലിന്​ ഒരു പരാതി നല്കി. പ്രിൻസിപ്പൽ വിളിപ്പിച്ചപ്പോൾ തന്റെ പരാതിയെ ക്കുറിച്ചു ചർച്ച ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. അപ്പോഴല്ലേ രസം. എനിക്കെതിരെ പ്രൊഫസർ രോഹൻ ഒരു പരാതി നേരത്തെ സമർപ്പിച്ചു കഴിഞ്ഞിരുന്നു. അതിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു. സർജറി എന്ന വിഷയത്തിൽ തെല്ലും വിവരവും അഭിരുചിയും ഇല്ലാത്ത ഒരു വിദ്യാർഥിയെ ഇനി ആ വിഷയത്തിൽ പരീക്ഷക്കിരുത്താൻ പറ്റില്ലെന്നും, ഇതിനിടയിൽ അഹദിന്റെ പേരിലുണ്ടായ കേസ് അയാളെ മാനസിക വിഭ്രാന്തിയിലാക്കിയതായി എല്ലാ അധ്യാപകർക്കും അഭിപ്രായമുണ്ടെന്നും, എക്‌സ്റ്റേണൽ എക്‌സാമിനർക്കുമുൻപിൽ ഇത്തരം മോശം വിദ്യാർഥിയെ കൊണ്ടുനിർത്തുന്നത് നാണക്കേടാണെന്നും അവരോട്​ എങ്ങനെയെങ്കിലും പാസാക്കി വിടാൻ കേണപേക്ഷിച്ചെങ്കിലും അവർ സമ്മതിച്ചില്ല എന്നും ആയിരുന്നു പരാതിയുടെ ഉള്ളടക്കം. പ്രിൻസിപ്പൽ ഇതിനകം തന്നെ ഒരു അന്വേഷണവും നടത്തിയിരുന്നു. അതുപ്രകാരം, സർജറി എന്ന വിഷയത്തിൽ പ്രാഥമിക വിവരമില്ലാതെ ഇനി പരീക്ഷ എഴുതേണ്ട എന്ന തീരുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു. മറ്റെല്ലാ വിഷയങ്ങളിലും നല്ല മാർക്കുണ്ടെങ്കിലും അഹദിന്​ എന്തോ മാനസികപ്രശ്‌നമുള്ളതായി തോന്നിയതായി എല്ലാ അദ്ധ്യാപകരും ഒന്നടങ്കം അഭിപ്രായപ്പെട്ടു.

പിന്നീട് അനവധി തവണ സർജറി പരീക്ഷ എഴുതിയെങ്കിലും രക്ഷയുണ്ടായില്ല. ഒരു ക്രോണിക് അഡീഷനലായി ഞാൻ സർജറി ഡിപ്പാർട്ട്ന്റിനു മുന്നിൽ തേരാപ്പാര നടന്നു. കുറെ നാൾ ഈ നാടകം അരങ്ങേറി. അവസാനം, ഞാൻ കോളേജിന്റെ പടിയിറങ്ങി. വിവരത്തിനും കഴിവിനും ഒന്നും വില കൽപ്പിക്കാത്ത, നീതിയും ന്യായത്തിനും ഒരു സ്ഥാനവും ഇല്ലാത്ത ആ ലോകത്ത് ഇനിയും സമയം പാഴാക്കുന്നത് ബുദ്ധിയല്ലെന്ന് എനിക്കുതോന്നി. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും അങ്ങനെ ചെയ്യേണ്ട എന്നുപദേശിച്ചുവെങ്കിലും അവർക്കവിടെ സംഭവിക്കുന്നതിന്റെ നിജസ്ഥിതി ബോധ്യമാകാത്തതുകൊണ്ടാണെന്ന് അഹദിനറിയാമായിരുന്നു.

ജീവിതത്തിലെ ഒരു കറുത്ത അധ്യായം തന്നെയായിരുന്നു അത്. വീട്ടിൽ ഇരിക്കുമ്പോഴുള്ള നിരാശ അകറ്റുവാൻ പുറത്തുപോകുമ്പോൾ നാട്ടുകാരും അവിടെയുണ്ടായിരുന്ന അല്ലറ ചില്ലറ സുഹൃത്തുക്കളും ചോദ്യശരങ്ങൾ കൊണ്ട് പൊതിയും. ആദ്യമെല്ലാം ഞാൻ ഈ ചോദ്യങ്ങളുമായി സഹകരിച്ചു. എന്നാൽ , എന്നും ഇതുതന്നെയായപ്പോൾ ആവർത്തന വിരസത എന്നെ പിടികൂടി. ഞാൻ കേസിൽ പെട്ടതുമുതൽ കോളേജിലെ പടിയിറങ്ങുന്നതുവരെയുള്ള കഥകൾ നാട്ടുകാർക്കെല്ലാം മനപ്പാഠമായിരുന്നു. അവർക്കിതൊരു വിനോദമാണെന്ന് എനിക്കു പിന്നീട് മനസ്സിലായി . ഞാൻ ഇല്ലാത്തപ്പോൾ അവർ ഈ കഥകളെല്ലാം പറഞ്ഞു ചിരിക്കുന്നുണ്ട്, മറ്റ് പല കഥകളും എന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കൽ ഞാനറിഞ്ഞു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്. മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ ഞാൻ ഇതിനെയെല്ലാം ധൈര്യപൂർവ്വം നേരിട്ടേനേ. എന്നാൽ, തകർന്നിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പിള്ളേരുകളികൾ പോലും എന്നെ വേദനിപ്പിച്ചു.

ക്രമേണ ഞാൻ വീട്ടിൽ നിന്ന്​ പുറത്തിറങ്ങാതെയായി. ഞാൻ വീട്ടിൽ ഇങ്ങനെ ചടഞ്ഞു കൂടിയിരുന്നാൽ ശരിയാകില്ലെന്ന് ഉപ്പയ്ക്ക് തോന്നിത്തുടങ്ങി. പ്രൊഫസർ രോഹന്റേയും ആവശ്യം അതുതന്നെയായിരിക്കും . തോറ്റു കൊടുക്കുവാൻ എനിക്ക്​ മനസ്സ് വന്നിട്ടല്ല. എല്ലാവരുടെയും പ്രിയപ്പെട്ടവനായ പ്രൊഫസർ അവിടെയുള്ളിടത്തോളം കാലം അവിടെ സമയം കളഞ്ഞിട്ടു കാര്യമില്ല എന്നറിയാവുന്നതുകൊണ്ടുതന്നെയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്​. പ്രൊഫസർ രോഹനു സ്ഥലം മാറ്റം കിട്ടുമ്പോൾ തിരികെ പോയി കോഴ്‌സ് പൂർത്തീകരിക്കാം എന്നു തന്നെയാണപ്പോൾ ചിന്തിച്ചിരുന്നത്. പക്ഷേ, പുറത്തിറങ്ങിയപ്പോളാണ് ഒരു ഡിറ്റക്റ്റീവ് ആകാം എന്ന സ്വപ്നം ഉദിച്ചത്. ഫോറെൻസിക് വിഭാഗത്തോട് പണ്ടേ അഭിരുചി തോന്നിയിരുന്ന എനിക്ക് കേസന്വേഷണത്തോട് പ്രത്യേക താൽപര്യം തന്നെ ഉണ്ടായിരുന്നു. ഒരു പോലീസ് സർജൻ ആകാൻ കഴിഞ്ഞില്ലെങ്കിലും സ്വതന്ത്രമായി കേസ് അന്വേഷിക്കുവാൻ ആരുടേയും അനുമതി വേണ്ടല്ലോ. പഠന സമയത്ത് ഡെന്നീസ് സാറിന്റെ കയ്യിൽ നിന്ന്​ സ്വായത്തമാക്കിയ അറിവുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

കാലം ചെല്ലുന്തോറും ചെയ്യുന്ന ജോലിയോടുള്ള പ്രതിപത്തി കൂടിവന്നതേയുള്ളൂ, അതിനോടൊപ്പം തിരിച്ചുപോകാനുള്ള വൈമനസ്യവും വളർന്നുവരുന്നുണ്ടായിരുന്നു. പ്രൊഫസർ രോഹൻ പോലുള്ളവരുടെ കാൽക്കീഴിൽ നിന്ന്​ സ്വതന്ത്രമായത് ഞാൻ ഒരു ആഘോഷമാക്കി. വളരെ ആത്മാർഥമായി ഡിറ്റക്​ടീവ്​ ഏജൻസിക്കുവേണ്ടി പ്രവർത്തിച്ചു. മൂക്കില്ലാത്തിടത്ത് മണപ്പിക്കാൻ ചെന്നിട്ട് കാര്യമില്ല എന്ന്​ അഹദ് ഇതിനോടകം തന്നെ മനസ്സിലാക്കിയിരുന്നു.ച മറ്റുള്ളവരുടെ കാൽക്കീഴിൽ നിന്ന്​സ്വതന്ത്രരാകുമ്പോഴേ വളർച്ചയുണ്ടാവുകയുള്ളൂ. അതുപോലെത്തന്നെയാണ് ബന്ധങ്ങളും. പ്രീതിപ്പെടുത്തുന്ന സ്വഭാവം എപ്പോൾ നിർത്തുന്നുവോ അപ്പോഴാണ് യഥാർഥ ബന്ധങ്ങൾ തുടങ്ങുന്നത്. ഇതെല്ലാം ഞാൻ മനസ്സിലാക്കിയ ജീവിത യാഥാർഥ്യങ്ങളാണ്. പക്ഷേ, പഠിക്കുമ്പോഴിതൊന്നും പ്രാവർത്തികമാക്കുവാൻ പറ്റില്ലല്ലോ. മുകളിലുള്ളവരുടെ കാൽക്കീഴിൽ തന്നെയല്ലേ എപ്പോഴും നമ്മുടെ ഡിഗ്രി?

ഉപദ്രവിക്കാത്തവരും ഉണ്ട് കേട്ടോ. റോൾ മോഡലായി എടുക്കാവുന്ന അധ്യാപകരും ഉണ്ട്. ആ പൊസിഷനിൽ ഇരിക്കുമ്പോൾ കുറച്ചു ചൊറിയാനൊക്കെ തോന്നുമായിരിക്കും- സീനിയേർസ് ജൂനിയേർസിനെ റാഗ് ചെയ്യുന്നതുപോലെ. അത് അവിടെ എത്തിയാലേ മനസ്സിലാകൂ.

എന്തായാലും ഈ പൊതി ഞാൻ തുറന്നുനോക്കുവാൻ പോകുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീയാണ് സാക്ഷി. എന്തു ചെയ്യാനും മടിയില്ലാത്തവർ തരുന്ന ഒരു പൊതി തുറക്കുമ്പോൾ ഇത്രയെങ്കിലും മുൻകരുതൽ ഞാൻ എടുത്തില്ലെങ്കിൽ ഒരു ഡിറ്റക്ടീവ് ആണെന്ന് പറയുന്നതിൽ അർഥമുണ്ടോ?

അഹദ് ആമസോൺ എന്നെഴുതിയ ആ പെട്ടി കയ്യിലെടുത്തു. മേശപ്പുറത്തുണ്ടായിരുന്ന കത്രിക കാണുന്നില്ല. സ്റ്റീൽ ജഗ്ഗിനടുത്തുള്ള പെൻ സ്റ്റാഡിൽ സാധാരണ ഉണ്ടാകാറുള്ളതാണ്. ഇപ്പോളതിൽ ഒരു ചുവന്ന നിറത്തിലുള്ള മാർക്കറും ഒരു സ്‌കെയിലും മാത്രമേയുള്ളൂ. "ഓ, ഇന്നലെ പത്ര വാർത്തകൾ കട്ട് ചെയ്യുവാൻ ഹാളിൽ കൊണ്ടുപോയതാണ്.'ഇടക്ക്​ ഫൈസൽ വിളിക്കുമായിരുന്നു. അതുമാത്രമായിരുന്നു ഒരു ആശ്വാസം. മൂന്നു നാലു തവണ കാണാനും വന്നിട്ടുണ്ട്. അപ്പോഴെല്ലാം കോളേജിലെ കാര്യങ്ങൾ പറയാതെ ഇരിക്കുവാൻ അവൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്നപ്പോൾ ഞങ്ങളിടയ്ക്കു ചർച്ചകൾ നടത്താറുണ്ട്. അന്നന്നത്തെ വാർത്തകളായിരിക്കും മിക്കവാറും ചർച്ചാവിഷയം. അല്ലെങ്കിൽ സിനിമാക്കഥകൾ. ഫൈസലിന്​ അന്യഭാഷാ ചിത്രങ്ങളിഷ്ടമല്ലായിരുന്നു. താഴെ എഴുതിക്കാണിക്കുന്നത് വായിച്ച്​ സിനിമ കണ്ടാൽ അതിന്റെ ഭംഗി നഷ്ടപ്പെട്ടു പോകും എന്നായിരുന്നു അവന്റെ അഭിപ്രായം. മലയാള സിനിമകൾ തന്നെയായിരുന്നു എനിക്കും പ്രതിപത്തി. എതിർക്കുവാൻ വേണ്ടി മാത്രം ഞാൻ മറു പക്ഷം വാദിക്കുമായിരുന്നു. അതിനുവേണ്ടി ഞാൻ കുറെ അന്യഭാഷാ ചിത്രങ്ങളും മൊഴി മാറ്റിയ സിനിമകളും മറ്റും കണ്ടിട്ടുണ്ട്. ആ സമയത്ത് ഞങ്ങൾ നടത്തിയ ചർച്ചകളാണ് എന്നെ ഒരു ഡിറ്റക്ടീവ് ആക്കിയത് എന്നുതന്നെ പറയാം.

ആയിടെയായിരുന്നു സിസ്റ്റർ അഭയ കേസ് വീണ്ടും തല പോക്കിയത്. അന്ന് ന്യൂ ഇന്ത്യൻ എക്​സ്​പ്രസിൽ വന്ന ഒരു വാർത്തയെ ചൊല്ലിയായിരുന്നു ഞങ്ങൾ ചർച്ച നടത്തിയത്. അതിനു ശേഷം ആ കേസിനെ ചൊല്ലിയുള്ള വളരെയേറെ കാര്യങ്ങൾ പുറത്തു വന്നു. ഈയിടെ പ്രതികൾ സി .ബി. ഐക്കു മുന്നിൽ കുറ്റസമ്മതം നടത്തിയ ടേപ് വരെ യൂ ട്യൂബ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു.

ആ, ഞാൻ പറഞ്ഞു വന്നത് അന്നു നടത്തിയ ചർച്ചകൾ എന്നെ ആ കേസിന്റെ കൂടുതൽ വിശദാംശങ്ങളന്വേഷിക്കുവാൻ പ്രേരിപ്പിച്ചു. പണ്ടത്തെ പത്ര വാർത്തകളും മറ്റും ഞാൻ തിരഞ്ഞുപിടിച്ച് വായിച്ചു. തൊട്ടടുത്തുള്ള പത്രമാഫീസുകളിൽ പോയി പഴയ പത്ര റിപ്പോർട്ടുകൾ ശേഖരിച്ചു. 2007 ൽ തന്നെയായിരുന്നു സൈക്കോട്ടിക് കില്ലർ മോട്ടാ നവാസിന്റെ അറസ്റ്റും. വളരെ ശ്രദ്ധാപൂർവ്വം പഠിച്ച മറ്റൊരു കേസായിരുന്നു അത്. ഈ പഠനങ്ങളെല്ലാം എന്നെ അന്നത്തെ വിഷാദ രോഗത്തിൽ നിന്ന്​ കര കയറ്റി. അപ്പോഴും ഇതെല്ലാം എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുമെന്ന് എനിക്കറിയില്ലായിരുന്നു; പത്രത്തിൽ ഒരു പ്രൈവറ്റ്​ ഡിറ്റക്ടീവ് ഏജൻസിയുടെ പരസ്യം കാണുന്നതുവരെ.

പിന്നെ ഞാൻ ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ് മനസ്സിലായത്, ഇവിടെ അനവധി ഡിറ്റക്ടീവ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന്. നോവലുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള തരത്തിലുള്ള ഏജൻസികൾ അല്ല. പട്ടണ പ്രവേശം പോലുള്ള സിനിമകളിലെ പോലെ ഡിറ്റക്ടീവിന്റെ നീളൻ കോട്ടും തൊപ്പിയും ഒന്നും അവർക്കില്ല. പക്ഷേ, രഹസ്യാന്വേഷണങ്ങൾ മുതൽ കൊലക്കുറ്റങ്ങൾ വരെ അവർ അന്വേഷിക്കും എന്നവരുടെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിൽ ഒരു ഏജൻസി തുടങ്ങിക്കളയാം എന്ന ആശയം മനസ്സിലുദിച്ചു. ഫൈസലിനെ വിളിച്ചു പറഞ്ഞപ്പോൾ ഒരു തമാശയായിട്ടേ അന്നവൻ കരുതിയുള്ളൂ. കുറച്ചു ദിവസങ്ങൾക്കകം തന്നെ വെബ്‌സൈറ്റിന്റേയും മറ്റും വിശദാംശങ്ങളയച്ചു കൊടുത്തപ്പോഴാണ് അവന് കാര്യങ്ങളുടെ യഥാർഥ ചിത്രം കിട്ടുന്നത്. തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാമെന്ന് അവനും സമ്മതിച്ചു. നാട്ടിൽ നിന്ന്​ മാറി ദൂരെ ഒരു സ്ഥലത്ത്​ തുടങ്ങുന്നതാകും നല്ലത് എന്നു നേരത്തെ മനസ്സിൽ നിശ്ചയിച്ചു വെച്ചിരുന്നു. അവനാണ് കോട്ടക്കലുള്ള ഈ കെട്ടിടം ഒപ്പിച്ചു തന്നത്. അവന്റെ ഒരു സുഹൃത്തിന്റെ ആണീ കെട്ടിടം.

ഒരു ലക്ഷ്യം മനസ്സിൽ കടന്നു കേറിയതോടുകൂടി എന്റെ പകുതി പ്രശ്‌നങ്ങളും അവസാനിച്ചു. ഏതൊരു സംരംഭത്തേയും പോലെത്തന്നെ ആദ്യം കുറച്ചു ദിവസങ്ങൾ ഈച്ചയെ ആട്ടിയിരിക്കേണ്ടി വരുമെന്ന അവബോധം ഉള്ളതുകൊണ്ട് കേരളത്തിലെ പ്രമാദ കേസുകളെക്കുറിച്ചുള്ള അന്വേഷണ സമയം ആയിട്ടാണ് ഞാൻ അതിനെ കണക്കാക്കിയത്. അതിനുവേണ്ടി അനവധി പത്രങ്ങളുമായിട്ടാണ് ഞാൻ ഓഫീസിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. അതിനിടയിലാണ് മൊയ്ദീൻ മാഷിനെ പരിചയപ്പെടുന്നത്. മാഷ് ആണ് തൊട്ടടുത്തുതന്നെ ഒരു വാടക വീട് ശരിയാക്കിത്തന്നത്. ആദ്യം ഞാനൊരു ചെറിയ വാടക മുറിയിലായിരുന്നു താമസിച്ചിരുന്നത്. കൂടെ രണ്ടു ബംഗാളി പയ്യന്മാരും ഉണ്ടായിരുന്നു. അവർ പാവങ്ങളായിരുന്നെങ്കിലും അൽപം കൂടി മെച്ചപ്പെട്ട ഒരു സ്ഥലത്തു താമസിക്കണം എന്ന്​ എന്റെ മനസ്സിലുണ്ടായിരുന്നു.

ഞാൻ വിചാരിച്ചതിനേക്കാൾ വേഗത്തിൽ ആദ്യത്തെ കേസ് കിട്ടി. ഇവിടെ അടുത്തു താമസിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പരാതിക്കാരൻ. തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന കുറച്ചു ലോക്കൽ പാർട്ടി പ്രവർത്തകർക്കെതിരെയായിരുന്നു പരാതി. പാർട്ടി പ്രവർത്തകരോട് ആലോചിക്കാതെ തീരുമാനങ്ങളെടുത്തതിന്​ വധഭീഷണി വരെ നേരിടേണ്ടി വന്നപ്പോൾ പൊറുതി മുട്ടിയാണദ്ദേഹം പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തത്. തെളിവുകൾ ഇല്ലെന്നുപറഞ്ഞ് പോലീസുകാർ അവരെ വിട്ടയച്ചു. അവർക്കെതിരെ തെളിവുകളുണ്ടാക്കാനാണയാൾ എന്റെ അടുത്തുവന്നത്. കുറച്ചു ദിവസം കൊണ്ടു തന്നെ ഞാൻ പറഞ്ഞ കാര്യം സാധിച്ചു കൊടുത്തു. വളരെ സംതൃപ്തനായ ഉദ്യോഗസ്ഥൻ പിന്നീട് എന്റെ നല്ലൊരു സുഹൃത്തായി മാറി. കിഴക്കേതിൽ ബാവയെപ്പറ്റി ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ? പുള്ളിയാണ് കക്ഷി. പിന്നീട് അനവധി ചെറിയ കേസുകൾ തെളിയിച്ചു. അതിനുശേഷമാണ്, പ്രമുഖമായ റിപ്പർ രാമു കേസ് എന്റെ കയ്യിൽ വന്നുപെടുന്നത്. അതും വളരെ മികവോടെ തെളിയിക്കാൻ കഴിഞ്ഞതോടെ അനവധി ആളുകൾ എന്നെ തേടി വരാൻ തുടങ്ങി. എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതിൽ ആ കേസിന്​ മുഖ്യ പങ്കുണ്ട്. അതിനു ശേഷമാണ് ദീപകും സുഹാനയും ഏജൻസിയിൽ വന്നു ചേരുന്നത്. ദീപക് പത്ര പരസ്യം മുഖേന വന്നതാണെങ്കിൽ സുഹാന ഏജൻസിയിൽ എത്തിച്ചേർന്നതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. അത് നിന്നോട്​ ഞാൻ പറഞ്ഞിട്ടുണ്ട് എന്നാണെന്റെ ഓർമ്മ . ഇല്ലെങ്കിൽ, പിന്നീട് ഒരിക്കലാകാം. ഇപ്പോൾ ഈ പൊതിയിൽ എന്താണെന്നറിയുവാൻ എനിക്കും തിടുക്കം ആയിരിക്കുന്നു. ഏജൻസി തുടങ്ങിയതുമുതലുള്ള കാര്യങ്ങൾ വളരെ പ്രചോദനം നൽകുന്നവയായതിനാൽ മനസ്സിലെ സംശയങ്ങളെല്ലാം അകന്നുപോയിരിക്കുന്നു. ഒരു ഡിറ്റക്ടീവ് ആയ ഞാൻ ഒന്നിനേയും ഭയപ്പെടാൻ പാടില്ലെന്ന് മനസ്സ് മന്ത്രിക്കുന്നു. ജാഗ്രതയാണാവശ്യം എന്ന തിരിച്ചറിവോടെ ഈ പ്രൊട്ടക്റ്റീവ് ഗിയറുകൾ എല്ലാം ധരിച്ച്​ ഞാൻ ഈ പെട്ടി തുറക്കുവാൻ പോകുകയാണ്.

അഹദ് സ്റ്റീൽ സ്‌കെയിൽ കൊണ്ട് പതിയെ കാർഡ് ബോർഡ് ബോക്‌സിന്റെ അരികിൽ ഒട്ടിച്ചിരുന്ന സെല്ലോ ടേപ് കീറിയെടുത്തു. രണ്ടു മൂന്നു സെല്ലോ ടേപ്പുകളെ ഉണ്ടായിരുന്നുള്ളൂ. പഴയ ആമസോൺ പെട്ടിയിൽ പാക് ചെയ്തതാണ്. അല്ലാതെ അവിടെ നിന്ന്​ ഓർഡർ ചെയ്തു വാങ്ങിയതല്ല. കറുത്ത ഗ്ലൗസണിഞ്ഞ കൈകളോടെ അഹദ് ആ കാർഡ് ബോർഡ് പെട്ടി അല്പം ശക്തിയിൽ തുറന്നു. അകത്ത്​ എന്തോ കട്ടിയുള്ള ഒരു സാധനമാണെന്ന് മനസ്സിലായി. ഫോണിന്റെ വെളിച്ചം അടിച്ചുനോക്കിയപ്പോൾ, ഒരു കട്ടിയുള്ള ഫ്രെയിം തിളങ്ങി. അഹദ് ശ്രദ്ധാപൂർവ്വം ഫ്രയിമിന്റെ അറ്റം പിടിച്ചു വലിച്ച്​ അത് പുറത്തേ​ക്കെടുത്തു. ഒരു ഗ്രൂപ്പ്​ ഫോട്ടോയാണ്. അതിനടിയിൽ ഡിപാർട്ട്‌മെൻറ്​ ഓഫ് സർജറി എന്ന്​ വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു.

ഫോട്ടോ നോക്കിയപ്പോൾ തൊട്ട് നടുക്ക് അതാ ഇരിക്കുന്നു പ്രൊഫസർ രോഹൻ. മുൻപ് എച്ച്.ഒ.ഡി ആയിരുന്ന പ്രൊഫസർ പ്രഭാകരന്റെ സ്ഥാനത്താണയാളുടെ ഇരിപ്പ്. അപ്പുറവുമിപ്പുറവും അവറാൻ സാറും വിനയ മാഡവും ഇരിക്കുന്നുണ്ട്. കൂടാതെ കുറച്ചു പുതിയ മുഖങ്ങളും കൂട്ടത്തിലുണ്ട്. അപ്പോഴാണ് അഹദ് മറ്റൊരാളെ കണ്ടത്- ശ്രീജിത്ത്. സ്വതവേയുള്ള ആ പൊളിഷ്ട് ചിരിയും ചാർത്തി അവറാൻ സാറിന്റെ തൊട്ടടുത്തരിക്കുന്നത് ശ്രീജിത്ത് ആണ്. അവന്റെ മുഖത്ത് നോക്കിയപ്പോൾ അഹദിന്​ പുച്ഛം തോന്നി. ഇപ്പോഴും സാറിന്റെ കീഴിൽ കാൽ കഴുകി ജീവിക്കുകയാണല്ലോ എന്നോർത്തപ്പോൾ സഹതാപവും. ആ സർജറി കേസ് തലയിൽ പെട്ടില്ലായിരുന്നുവെങ്കിൽ വിനയ മാഡത്തിന്റെ തൊട്ടടുത്ത് ഒരു പക്ഷേ താനും ഇരിക്കുന്നുണ്ടാകും എന്നോർത്തപ്പോൾ അഹദിന്​ ഒരല്പം സമാധാനം തോന്നി. എല്ലാം നല്ലതിനാണ് നടക്കുന്നതെന്ന തത്വം ആദ്യം കൈക്കുമെങ്കിലും കുറച്ചു നാൾ കഴിയുമ്പോൾ അത് സത്യമാണെന്ന് ബോധ്യമാകും. അപ്പോഴാണതിന്റെ കൂടെയുള്ള ഒരു തുണ്ട് കടലാസ് അഹദിന്റെ ശ്രദ്ധയിൽ പെട്ടത്. "OUR DREAM TEAM' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. അതും പ്രിൻറ്​ ചെയ്തത്.

ഒന്നുകൂടി നന്നായി നോക്കിയപ്പോഴാണ് ശ്രീജിത്തിന്റെ അടുത്തിരിക്കുന്ന നീണ്ടു മെലിഞ്ഞ മുഖം അഹദ് ശ്രദ്ധിക്കുന്നത്- കബീർ, കോളേജിലെ യൂണിയൻ പ്രസിഡൻറ്​, തൊട്ടപ്പുറത്ത് കോളേജിലെ പാട്ടുകാരൻ വിനയ്. ഇവരെല്ലാം സാറിന്റെ പെറ്റ്‌സ് ആയിരുന്നു. ആ സംഘത്തിലെ ഒരംഗം ആയിരുന്നു അഹദും, നാലഞ്ച് വർഷങ്ങൾക്കു മുൻപ്.

അഹദിന്​ പക്ഷേ ഇപ്പോൾ സന്തോഷവും അതിനേക്കാളേറെ അഭിമാനവുമാണ്​ തോന്നിയത്. സ്വന്തമായി കുറച്ചു കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയും.പ്രൊഫസർ രോഹൻ എന്തിനായിരിക്കും ഇതിപ്പോൾ തനിക്ക് കൊടുത്തുവിട്ടത്? മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള ഒരു അവസരവും പ്രൊഫസർ പണ്ടുമുതലേ നഷ്​ടപ്പെടുത്താറില്ലല്ലോ! ഇതെല്ലാം മനസ്സിലാക്കുവാൻ കഴിഞ്ഞതുതന്നെ എന്റെ വിജയം അല്ലേ? മറ്റുള്ളവർ പ്രൊഫസറുടെ യഥാർഥ മുഖം മനസ്സിലാക്കുമ്പോഴേക്ക് അവരുടെ നല്ല കാലം കഴിഞ്ഞിരിക്കും. കാലിനടിയിലെ മണ്ണ്​ ഒലിച്ചു പോകുന്നതറിയാതെ പ്ലാസ്റ്റിക് മുഖവുമായി നിൽക്കുന്ന പാവങ്ങൾ. ഇതിനു പിന്നിലുള്ള ചേതോ വികാരം എന്തായിരിക്കും? തന്നെ മാനസികമായി തളർത്തുക എന്ന ഉദ്ദേശ്യമായിരിക്കും. എന്നാൽ , ഇങ്ങനെയൊരു സമ്മാനം ഇപ്പോളെന്നെ തളർത്തുകയല്ല, ഉണർത്തുകയാണ് ചെയ്യുന്നത്. പ്രൊഫസർ രോഹൻ, ആദ്യമായി ഹൃദയത്തിൽ നിന്ന്​ ഒരു നന്ദി. സുഹാനക്കുവേണ്ടി മാത്രമല്ലേ, എനിക്കുവേണ്ടി തന്നെയും. ഞാൻ ഇതാ ഈ കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ പോകുന്നു. പൂർവ്വാധികം ആവേശത്തോടെ. ​▮​

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments