ചിത്രീകരണം : രാജേഷ് ചിറപ്പാട്

ജുഗ് ഇം (മരണം)

പതിമൂന്ന്

തിരാവിലെ തന്നെ ദീപകിന്റെ ഫോൺ കോൾ വന്നു, ""സുഹാനയെ റൂമിലേക്ക് മാറ്റി.''
‘‘ദാ, ഞാൻ എത്തി.''

ഉണങ്ങി വരണ്ടുകിടന്ന ഭൂമിയിൽ പെയ്ത പുതുമഴ പോലെ ആ വാർത്ത അഹദിനെ ഉണർത്തി. പോകുന്ന വഴിയിലെ റോഡരികിൽ നിറഞ്ഞുനിൽക്കുന്ന തണൽ മരങ്ങളും ഉദയസൂര്യന്റെ പ്രകാശത്തിൽ തിളങ്ങുന്ന ചെറുപൂക്കളും കണ്ടു. ഇവയെല്ലാം ഇന്നലെയും ഉണ്ടായിരുന്നില്ലേ എന്ന്​ അഹദിനു തോന്നിപ്പോയി. പതിവില്ലാതെ ചാറ്റൽ മഴ പെയ്തു തുടങ്ങി. സംഗീതത്തിന്​ മഴ പെയ്യിക്കാൻ സാധിക്കുമെന്ന് കേട്ടിട്ടുണ്ട്. സന്തോഷം എന്ന വികാരത്തിനും അങ്ങനെ ഒരു കഴിവുണ്ടോ? ഇതിപ്പോൾ യഥാർഥ മഴ തന്നെയല്ലേ? അതോ തനിക്ക് തോന്നുന്നതാണോ?

ട്രാഫിക് സിഗ്‌നലിൽ വണ്ടി നിർത്തിയപ്പോൾ അഹദ് ഗ്ലാസ്​ പതിയെ തുറന്ന്​വലത്തെ കൈ പുറത്തേക്കിട്ടു നോക്കി.
"ശരിയാണ്, മഴ പെയ്യുന്നുണ്ട്, പക്ഷേ, കാറിന്റെ മുൻപിലെ ഗ്ലാസ്​ ഇപ്പോഴാണ് വെള്ളത്തുള്ളികൾ കൊണ്ട് നിറഞ്ഞത്.'
അഹദിന്റെ കൈകൾ യാന്ത്രികമായി സ്റ്റിയറിങ്ങിന്റെ ഇടതുഭാഗത്തുള്ള വൈപ്പർ സ്റ്റോക്കിൽ തൊട്ടു, കണ്ണുകൾ ട്രാഫിക് സിഗ്‌നലിന്റെ സ്‌ക്രീനിൽ തെളിയുന്ന അക്കങ്ങളിലും, "നാൽപ്പത്തിയഞ്ചേ ആയിട്ടുള്ളൂ.'

റോഡരികിലെ ചെറിയ കുഴികളിൽ കെട്ടി നിൽക്കുന്ന വെള്ളം.
അവയിൽ മഴത്തുള്ളികൾ വന്നു പതിക്കുമ്പോഴുണ്ടാകുന്ന ചെറുതും വലുതുമായ ഓളങ്ങൾ. ക്രമേണ അവയെല്ലാം വലുതായി. കുറച്ചു കഴിയുമ്പോൾ അവ തനിയെ ഇല്ലാതാകുന്നു. കൂട്ടത്തിൽ അവയ്ക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ചെറു കുമിളകളും. അതിനൊരു താളമുണ്ട്. ഒരു പ്രത്യേക താളം.
"പോം പോം, കീ കീ.'

പച്ച ലൈറ്റ് തെളിഞ്ഞത് അഹദ് ശ്രദ്ധിച്ചതേയില്ല. രണ്ടു മൂന്നു വണ്ടികൾ അരികിലൂടെ ചീറിപ്പാഞ്ഞു പോയി. അവർ മുഖം തിരിച്ച്​ അഹദിനെ നോക്കുകയും കൈ കൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്നുണ്ട്. അവയുടെ അർഥം അഹദിനറിയാകുന്നതുകൊണ്ട് ആ ഭാഗത്തേക്ക് നോക്കാൻ നിന്നില്ല. റോഡിൽ ആർക്കെങ്കിലും തെറ്റ് പറ്റുന്നുണ്ടോ എന്നു നോക്കി നിൽക്കുകയാണ് കുറച്ചു പേർ എന്നു തോന്നിപ്പോകും. എന്നാൽ ഈ പറയുന്ന ആളുകൾക്ക്​ വല്ല അബദ്ധവും പറ്റിയാലോ? അവർ മറ്റുള്ളവരെ പഠിപ്പിക്കുവാൻ വരും. ഇങ്ങനെ ഉള്ളവരോടു ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ‘സൈലൻസ് ഇസ് ഗോൾഡൻ’ എന്ന തത്വത്തിൽ ഉറച്ചു നിൽക്കുകയാണ് നല്ലത്. അവർക്കിതൊരു വിനോദമാണ്.

യൂണിഫോം അണിഞ്ഞ കുട്ടികൾ സ്‌കൂൾ ബസ്​ കാത്തുനിൽക്കാൻ തുടങ്ങിയിരിക്കുന്നു. അവയിൽ അധിക പേരും ചുമട്ടുതൊഴിലാളികളെപ്പോലെ വലിയൊരു ഭാരം പുറത്തു തൂക്കിയിട്ടുണ്ട്. ചിലർ ബാഗ് തൊട്ടരികത്ത് വെച്ചിരിക്കുന്നു. അവരുടെ മനസ്സിനകത്ത് അതിനേക്കാൾ കൂടുതൽ ഭാരമുണ്ടാകുമെന്ന് അഹദിനു തോന്നി. കാരണം മറ്റൊന്നുമല്ല, മിക്കവരുടേയും മുഖത്ത് നിത്യതയുടെ വിരസത നിഴലിച്ചു കാണാമായിരുന്നു. അന്ന് നടക്കേണ്ട പരീക്ഷയെക്കുറിച്ചോ പുസ്തകത്താളുകളിൽ പകർത്തി വെച്ചിരിക്കുന്ന ഹോം വർക്കുകളെക്കുറിച്ചോ ആയിരിയ്ക്കും അവർ ചിന്തിക്കുന്നത് എന്ന്​ അഹദ് ഊഹിച്ചു. അല്ലാതെ, പണ്ടത്തെ കുട്ടികളെപ്പോലെ സ്‌കൂളിനടുത്തുള്ള മരത്തിൽ വലിഞ്ഞു കേറാനോ കല്ലെറിഞ്ഞു താഴെ വീഴുന്ന പുളിങ്കഷ്ണങ്ങൾ നുണയുവാനോ ഉള്ള സ്വാതന്ത്ര്യം ഇന്നത്തെ കുട്ടികൾക്ക്​ പാടേ നിഷേധിച്ചിരിക്കുകയാണല്ലോ.
ദൃഷ്ടികൾ ചീറിപ്പാഞ്ഞു പോകുന്ന കാറുകളിലും ബൂം എന്നു ശബ്ദമുണ്ടാക്കി പായുന്ന ബുള്ളറ്റുകളിലുമാണ്​. വലുതായി അത്തരമൊരു കാറോ മറ്റോ വാങ്ങുക അല്ലെങ്കിൽ ബൈക്കിൽ സുഹൃത്തുക്കളുടെ കൂടെ ചെത്തിനടക്കുക തുടങ്ങിയ ചിന്തകൾ ചെറിയ മനസ്സുകളിൽ വരെ കൂടുകൂട്ടിയിരിക്കുന്നു.
സന്തോഷത്തിന്റെ ഉപാധികൾ മാറുന്നതിനോടൊപ്പം കുഞ്ഞുമനസ്സുകളിൽ കയറിപ്പറ്റുന്നത് എന്താണെന്ന് അന്വേഷിക്കുവാൻ ആളുകൾക്കു സമയമില്ല. സ്റ്റാറ്റസ് ഉയർത്തുവാനുള്ള നെട്ടോട്ടത്തിലാണെല്ലാവരും. അതിനിടയിൽ വീണു കിട്ടുന്ന നിമിഷങ്ങളിൽ കുട്ടികളുടെ കൂടെ ഒരിത്തിരി നേരം കളിക്കുകയോ ചിരിക്കുകയോ ചെയ്യുന്നതിനുപകരം അവരിൽ കലാബോധം വളർത്തുവാൻ വിവിധ ക്ലാസുകളിൽ കൊണ്ടുവിടുന്ന തിരക്കിലാണ് മിക്ക രക്ഷിതാക്കളും.

സ്‌നേഹത്തിന്റെ കാപ്‌സ്യൂളുകളാണ് ഇന്ന് രക്ഷിതാക്കൾ കുട്ടികൾക്കു നൽകുന്നത്, സ്‌പൈഡെർ മാൻ സ്റ്റിക്കറിന്റെയോ ബാർബിപ്പാവകളുടെയോ രൂപത്തിൽ. ആ കളിപ്പാട്ടങ്ങൾ കൊണ്ട് കുട്ടികളുടെ കൂടെ കളിക്കുവാൻ അവർക്ക് സമയമില്ല. സമയം ഉണ്ടെങ്കിൽ തന്നെ അവർക്ക് താൽപര്യമില്ല. കരയിച്ചുകരയിച്ച്​സ്മാർട്ടാക്കുന്ന തന്ത്രം നമ്മുടെ ആളുകളും സ്വായത്തമാക്കിക്കഴിഞ്ഞു. നിവൃത്തിയില്ലാതെ ഫോണിലെ ഗെയിമുകളിലോ ടി.വിയിലോ സമയം ചെലവഴിക്കുന്ന കുരുന്നുകൾ. വീർപ്പുമുട്ടി അവസാനം ഇലക്​ട്രോണിക്​യുഗത്തിനടിമകളായിപ്പോകുന്ന യുവാക്കൾ. ഇവയുടെ ദൂഷ്യഫലങ്ങൾ മുഴുവൻ ഇനിയുള്ള തലമുറ അനുഭവിക്കുവാൻ പോകുന്നതേയുള്ളൂ. വൈകുന്നേരം മൈതാനത്ത് നടക്കാൻ പോകുമ്പോൾ കുട്ടികളെ കളിക്കാനനുവദിക്കാതെ നിർബന്ധിച്ച് എക്‌സസൈസ് ചെയ്യിക്കുന്നവരെ അഹദ് അത്ഭുതപൂർവ്വം നോക്കി നിൽക്കാറുണ്ട്.

"അച്ഛാ, ഇനി ഞാൻ കളിച്ചോട്ടെ' എന്ന്​ പ്രതീക്ഷയോടെ ചോദിക്കുന്ന ആ കുരുന്നിനെ നോക്കി, "അത് പറ്റില്ല, ഓട്, തടി കുറയേണ്ടേ' എന്നു പറയുവാൻ എങ്ങനെ മനസു വരുന്നു എന്ന്​ അഹദിനു മനസ്സിലായിട്ടില്ല.

ഇത്രയധികം തത്വങ്ങൾ തന്റെ മനസ്സിൽ എങ്ങനെ കടന്നുവന്നു എന്നറിഞ്ഞുകൂടാ. ഒരുപക്ഷേ, സുഹാനയോട് ചർച്ച ചെയ്യുവാനുള്ള കാര്യങ്ങൾ മനസ്​ പോളിഷ് ചെയ്​തെടുക്കുന്നതാകാം.
സുഹാനയുടെ അവസ്ഥ എന്തായിരിക്കും?
പഴേ പ്രസരിപ്പ് തിരിച്ചു കിട്ടിയിട്ടുണ്ടാകുമോ?
മിക്കവാറും ക്ഷീണത്തിൽ തന്നെ ആയിരിയ്ക്കും.
ഹോസ്പിറ്റലിലേക്കുള്ള വളവ് തിരിഞ്ഞപ്പോൾ പെട്ടന്നെത്തിയതുപോലെ അഹദിനു തോന്നി. വാച്ചിൽ നോക്കിയപ്പോൾ സമയം 8:15.
സാധാരണത്തെപ്പോലെ പതിനഞ്ചു മിനിറ്റെടുത്തു.
സീറ്റിൽ വെച്ചിരുന്ന ഫോണെടുത്തു പോക്കറ്റിലിട്ടു, മുറ്റത്ത്​ അങ്ങിങ്ങായി സംസാരിച്ചുകൊണ്ടിരുന്ന ആളുകളേയും വിദൂരതയിലേക്ക് കണ്ണുനട്ടിരിക്കുന്ന സെക്യൂരിറ്റിയേയും കടന്ന് അഹദ് ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ നടന്നു. ഒരു സെക്യൂരിറ്റിയുടെ തൊഴിലിനെക്കുറിച്ച്​ അഹദ് എപ്പോഴും ചിന്തിക്കാറുണ്ട്. കാവൽ നിൽക്കുന്ന ഈ ജോലി ഇഷ്​ടപ്പെടുന്നവർ പ്രത്യേക തരക്കാരായിരിയ്ക്കും. അത് ചില്ലറ പണി ഒന്നുമല്ലല്ലോ. അപകടം പിടിച്ചതുതന്നെ.

രാത്രിയിൽ കള്ളന്മാരോ കൊള്ളക്കാരോ വന്നാൽ നേരിടേണ്ടേ?
കൂട്ടത്തിൽ വന്നുപോകുന്നവരുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുകയും കടന്നു പോകുന്നവരുടെ കയ്യിൽ ആയുധങ്ങളോ മറ്റോ ഇല്ലെന്നു ഉറപ്പുവരുത്തുകയും ചെയ്യേണ്ടേ? ഇതെല്ലാം ആലോചിച്ചിട്ടാണോ ആളുകൾ ഈ ജോലിക്ക്​ തയ്യാറായി വരാറുള്ളത്? അല്ല എന്നു തന്നെയാണ് അഹദിന്റെ അഭിപ്രായം. പേരിന്​ ഒരാളവിടെ നിൽക്കണം എന്നു മാത്രമേ മിക്കവാറും ആളുകൾ ജോലി ഏറ്റെടുക്കുമ്പോൾ ചിന്തിക്കുന്നുണ്ടാവുകയുള്ളൂ. പിന്നീട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ മാത്രമാണ്​ നിത്യവും അകത്തോട്ടും പുറത്തോട്ടും തന്നെ കടന്നു പോകുന്നവരുടെ ‘ഭീകരത' അവർ മനസ്സിലാക്കുന്നത്.

ഐ. സി. യുവിനു മുന്നിലൂടെ കടന്നുപോയപ്പോൾ കുറച്ചധികം ആളുകൾ ഇടനാഴിയിൽ കൂടിനിൽക്കുന്നതുകണ്ടു. അകത്തു കിടക്കുന്ന രോഗിയുടെ ആരോഗ്യനില ഓർത്ത്​ വേവലാതിപ്പെടുന്ന ആ അവസ്ഥ അഹദിനിപ്പോൾ നന്നായി അറിയാം. വേഗത്തിൽ അടുത്ത കോണിപ്പടി കയറുന്നതിനിടയിൽ ആ രോഗികൾക്കുവേണ്ടി മൗനമായി പ്രാർഥിച്ചു.

ഇടത്തോട്ട്​ 200-205 വരെ എന്നിങ്ങനെ ഒരു ആരോ കണ്ട്​ അഹദ് അങ്ങോട്ട് തിരിഞ്ഞു. തിടുക്കത്തോടെ നടന്ന്​ 204 എന്നെഴുതിയ മുറിക്കുമുന്നിലെത്തി. വാതിൽ പകുതി തുറന്നിട്ടിരിക്കുകയായിരുന്നു. മുറിക്കകത്ത് ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന സംഘം ഉണ്ടായിരുന്നു.
റൗണ്ട്‌സ് എടുക്കുമ്പോൾ മുറിയിലേക്ക് കുത്തിക്കയറുന്ന ബൈസ്​റ്റാൻഡർമാർ എത്ര അരോചകമാണെന്ന് നന്നായി അറിയുന്നതുകൊണ്ട് അഹദ് അവിടെ കാത്തു നിന്നു. പുറത്ത്​ സുഹാനയുടെ പപ്പയും ദീപകും ഉണ്ടായിരുന്നു.
""അസ്സലാമു അലൈകും. എങ്ങനെയുണ്ട്?''
""വ അലൈകും ഉസ്സലാം. അൽഹദുലില്ലാഹ്. കൊഴപ്പമില്ല മോനേ. മരുന്നുകളുടെയാണെന്നുതോന്നുന്നു. നല്ല ക്ഷീണം ണ്ട്​.'' സുഹാനയുടെ പപ്പ വലത്തെ കൈ നീട്ടി മറുപടി പറഞ്ഞു.

""ഉം... ഉണ്ടാകും. കുറച്ചു ദിവസം എടുക്കും'', സുഹാനയുടെ പപ്പയുടെ മനസ്സിലെ കത്തുന്ന തീക്കനൽ അഹദിന്​ ഊഹിക്കാവുന്നതേയുള്ളൂ. പപ്പയുടെ കണ്ണുകളിൽ എഴുതിവെച്ചിരിക്കുന്ന പരിഭവം അഹദിന്​ വായിക്കാമായിരുന്നു, അദ്ദേഹം ഒന്നും പറഞ്ഞില്ലെങ്കിൽ പോലും. മെഡിക്കൽ സംഘം പുറത്തിറങ്ങിയപ്പോൾ വിവരം പറയാനായി അവിടെ നിന്നു: ‘‘ഷി ഈസ് ഓൾറൈറ്റ്. കുറച്ചു ദിവസത്തേക്കു കൂടി മരുന്നുകളുണ്ടാകും. നല്ല വിശ്രമം വേണം. അതിനൊപ്പം ഫിസിയോതെറാപ്പിയും കൗൺസലിങ്ങും നടക്കട്ടെ. ആ... പിന്നെ, അധികം വിസിറ്റേർസിനെ അലൗ ചെയ്യേണ്ട.''

‘‘പൊലീസ് സ്റ്റേഷനിൽ നിന്ന്​ വിളിച്ചിട്ടുണ്ടായിരുന്നോ? ഡോക്ടറെ വിളിക്കാം എന്നു പറഞ്ഞിരുന്നു'', പപ്പ വളരെ ശബ്ദം താഴ്ത്തിയാണ് ചോദിച്ചത്​.
ആ മനുഷ്യൻ അത്രയും തകർന്നുപോയിട്ടുണ്ടാകണം. സുഹാനയെ പറ്റി പപ്പയ്ക്കും ഉമ്മയ്ക്കും യാതൊരു വേവലാതിയും ഉണ്ടായിട്ടില്ല എന്ന്​ അവളിടയ്ക്കിടയ്ക്ക് പറയുമായിരുന്നു. എപ്പോഴും സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തിയും തന്റേടവുമുള്ള ഒരു ആളായേ അവർ തന്നെ കണക്കിലെടുത്തിട്ടുള്ളൂ എന്ന്​സുഹാനക്കറിയാമായിരുന്നു. സുഹാന ചെറുതായിരുന്നപ്പോൾ പോലും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നിട്ടില്ല. ചെറിയ പനിയോ ചുമയോ ഇടയ്ക്കു വരുമെന്നല്ലാതെ കാര്യമായ അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, സുഹാനയുടെ ആങ്ങളയുടെ കാര്യം അങ്ങനെയല്ല. ആശുപത്രി സന്ദർശനങ്ങളൊഴിഞ്ഞ സമയം ഇല്ല. ചെറുപ്പം തൊട്ടേ അലർജിയുടെ പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് ശ്വാസം മുട്ട് വല്ലാതെ അലട്ടിയിരുന്നു. കൂടാതെ, വർഷത്തിൽ രണ്ടു തവണയെങ്കിലും കൈ കാലുകൾ ഒടിയും. കുറച്ചു വലുതായപ്പോൾ പിന്നെ ടെൻഷൻ എന്നു പറഞ്ഞ്​ കസർത്തുകൾ വേറെയും. ഇപ്പോൾ തന്നെ, പരീക്ഷയാണെന്നു പറഞ്ഞ്​ വീട്ടിൽ കുത്തിയിരുന്ന്​ പഠിപ്പാണ്​. രാവിലെ ഹോസ്റ്റലിൽ നിന്നു വന്ന്​, ഒന്നു സുഹാനയെ കണ്ടെന്നുവരുത്തി ആൾ സ്ഥലം വിട്ടു.

സുഹാനയും സഹലും തമ്മിൽ പത്തു വയസ്​ വ്യത്യാസമുണ്ടായിരുന്നു. ചേച്ചിയെപ്പോലെ "ജീവിതം പാഴാക്കാതെ' ഡോക്ടറാകാൻ നടക്കുകയാണവൻ. വെറും ഡോക്ടർ അല്ല, മിലിറ്ററി ഡോക്ടർ. സുഹാനയുടെ ഒരു അമ്മാവനാണ് അവന്റെ ഗുരു. ഒരു പട്ടാളക്കാരനായിരുന്ന അമ്മാവന്​ ഡിസിപ്ലിൻ ഇല്ലാത്ത ആളുകളെ ഇഷ്​ടമല്ല. വീട്ടിൽ സാധനങ്ങൾ വലിച്ചുവാരിയിടാൻ പാടില്ല. ഭക്ഷണം കൃത്യസമയത്ത് കഴിക്കണം, അതും സമീകൃതാഹാരം. എല്ലാ ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യണം. അതുകൊണ്ട്, സുഹാനയും ഉമ്മയും പപ്പയും എല്ലാം അമ്മാവന്റെ ബ്ലാക്ക്​ ലിസ്റ്റിൽ പെട്ടവരാണ്. ഇക്കാര്യങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ താൻ ചെയ്യുന്നു എന്നു കാണിക്കാൻ എന്നും സഹൽ കുറച്ചു ഫോട്ടോ എടുത്ത്​അമ്മാവനയക്കും. ഇപ്പോൾ രാവും പകലും മിലിറ്ററി ഡോക്ടറാകാൻ പഠിക്കുന്നു. തന്റെ അനന്തിരവനാണ് എന്നു പറഞ്ഞാൽ പ്രത്യേക പരിഗണന കിട്ടും, അനവധി ആനുകൂല്യങ്ങൾ കിട്ടും എന്നെല്ലാം അമ്മാവൻ സഹലിനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. നല്ല റാങ്കുണ്ടെങ്കിൽ താൻ റെക്കമെൻറ്​ ചെയ്യാം എന്ന്​ അമ്മാവൻ പറഞ്ഞിട്ടുണ്ടത്രേ.
അവിടെ എത്തിക്കിട്ടാൻ സ്വപ്നം കണ്ട്​ നടക്കുകയാണവൻ.

""പൊലീസ് ഉദ്യോഗസ്ഥരോട് ഞാൻ പറഞ്ഞിട്ടുണ്ട്, രണ്ടു ദിവസം കഴിഞ്ഞിട്ട് മതി ചോദ്യം ചെയ്യലെന്ന്. ഡോണ്ട് വറി.’’
അഹദും പപ്പയും അകത്തു കയറിയപ്പോൾ സുഹാന കണ്ണടച്ച് കിടക്കുകയായിരുന്നു. രണ്ടു ദിവസങ്ങൾ കൊണ്ട് സുഹാനയുടെ മുഖം തന്നെ മാറിയതുപോലെ അഹദിനു തോന്നി. അങ്ങനെ ഇല്ലാതിരിക്കുവാൻ തരമില്ലല്ലോ . ജീവിച്ചുവന്നതുതന്നെ വലിയ അത്ഭുതം. പഠിക്കുമ്പോൾ കുറച്ചു രോഗികളെ ഈ അവസ്ഥയിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അടുത്ത ഒരാൾ അനവധി ട്യൂബുകളുടെ സഹായത്തോടെ ജീവിക്കുന്നത്​ കണ്ടുനിൽക്കുക എന്നത് അത്ര സുഖകരമല്ല. ട്യൂബുകളിലൂടെ മാത്രം ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥ-അഹദിന്​ ചിന്തിക്കുവാൻ കൂടി കഴിയുന്നില്ല. തങ്ങളുടെ ഇഷ്ട ഭക്ഷണം നാവിൻ തുമ്പിലെത്തുമ്പോൾ നാം അനുഭവിക്കുന്ന അനുഭൂതിയുണ്ടല്ലോ, അത് പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണ്. പിന്നെ, ജീവൻ നിലനിർത്തുവാൻ മറ്റൊരു മാർഗവുമില്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാണ്?

‘‘ഈ കേസും കോലാഹലങ്ങളും എന്റെ മോളെ ഈ അവസ്ഥയിലാക്കി. ഇനിയെങ്കിലും അവളെ വിട്ടുകൂടെ?'' സുഹാനയുടെ ഉമ്മയാണ്.
അവരുടെ കൺകോണിൽ തുളുമ്പുവാൻ പാകത്തിനുള്ള കണ്ണുനീർ അഹദ് കണ്ടില്ലെന്നു നടിച്ചു.
എന്തു പറയണം എന്നറിയാതെ ചിന്തയിൽ മുഴുകി നിൽക്കുമ്പോഴാണ് പപ്പ രക്ഷക്കെത്തിയത്; ""നീയൊന്നു മിണ്ടാതിരുന്നേ. അവൻ എന്തു ചെയ്തു? എല്ലാം സുഹാന തന്നെ വരുത്തി വെക്കുന്നതല്ലേ?''
അവരുടെ രണ്ടു പേരുടെയും അഭിപ്രായം ഒന്നു തന്നെയാണെന്ന്​ അഹദിനറിയാം. ഒരു ഔപചാരികതയുടെ പേരിൽ മാത്രമാണ്​ പപ്പ ഇങ്ങനെയെല്ലാം പറഞ്ഞത് എന്നും.
യഥാർഥത്തിൽ അവരുടെ മനസ്സ് ഉരുകുകയാണ്. നിലത്തു വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്നു പറഞ്ഞു വളർത്തിയ സ്വന്തം കുട്ടികൾ ഏറ്റവും അപകടം പിടിച്ച ഒരു ജോലി ചെയ്യുമ്പോൾ, അല്ലെങ്കിൽ അപകടം പതിയിരിക്കുന്ന ഒരു ജോലിയെ സ്‌നേഹിക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കുവാനേ അവർക്കാകൂ.
""ഞാൻ സുഹാനയോടു സംസാരിച്ചുനോക്കാം, ഉമ്മ. പക്ഷേ, എനിക്കു പ്രതീക്ഷയൊന്നും ഇല്ല. ഇനിയിപ്പോൾ, ഇത്രയെല്ലാമായ സ്ഥിതിക്ക്​ ചിലപ്പോൾ പിന്മാറാനും മതി.''
""യാ റബ്ബെ, സുഹാന ഇതൊന്നു നിർത്തിക്കണ്ടാൽ മതിയായിരുന്നു. എഴുത്തോ കുത്തോ എന്തെങ്കിലുമാകട്ടെ, അതെല്ലാം ഇതിനേക്കാൾ നല്ലതാണ്'', സുഹാനയുടെ ഉമ്മ വിലപിച്ചു.
ഒരു പക്ഷേ, ഒന്നു പൊട്ടിക്കരഞ്ഞാൽ അവർക്കിത്തിരി ആശ്വാസം കിട്ടുമെന്ന് അഹദിനു തോന്നി.
""ഞാൻ കാന്റീനിൽ പോയി കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ടു വരാം. '
""വേണ്ട മോനേ, ഞാൻ പോവാം.''
""അത് കൊഴപ്യല്ല.''

ഒന്നു ചിരിക്കാൻ പോലുമാകാത്ത സുഹാനയുടെ മുഖം അഹദിനെ വിഷമിപ്പിച്ചു . അവിടെ നിന്നിറങ്ങിയപ്പോൾ കണ്ഠനാളത്തിൽ എന്തോ തങ്ങിനിൽക്കുന്നതു പോലെ അഹദിനു തോന്നി. വരാന്തയിൽ നിന്ന്​ ദീപയ്ക്കും അഹദിന്റെ കൂടെക്കൂടി. ദീപക് അപ്പോഴും ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ജുഗ് ഇം ... ജുഗ് ഇം
‘‘കില്ലറേ, ങ്ങള് എത്തിയാ? ഓൻ എബ്‌ടെ, ജാക്ക്?''
‘‘അവൻ ബാങ്കിലായിരിയ്ക്കും. വേറെ ഒരാൾ ണ്ട് ഇന്ന്, എന്റെ ഫ്രൻറാണ്.''
‘‘ഓന്റെ പേരെന്താ?''
‘‘മാസ്റ്റർ''
‘‘മലയാളിയാ?''
‘‘അല്ല. ഹിന്ദിക്കാരനാ. ഇംഗ്ലീഷും അറിയാം.''
‘‘അതിനു ഞമ്മക്ക് അതൊന്നും അറിയൂലാ,''
‘‘നീ പ്ലാൻ പറ.''
‘‘അതിനു ഞമ്മക്ക് ഒരാള് കൂടി മാണ്ടേ?''
‘‘ക്രീപ് വന്നില്ലേ?''
‘‘ഞാൻ മറന്നുപോയി, വിളിക്കാൻ. ഓൻ മതി. ഒനോടാകുമ്പോ മലയാളം പറഞ്ഞാ മതി. ഞാൻ ഒന്നു ബിളിക്കട്ടെ. ങ്ങള് വെയിറ്റ് ചെയ്യ്.''
‘‘ഡാ, ഞാൻ സംസാരിക്കാം. ആർ യു റെഡി?''
‘‘യാ. വാട്ടീസ് ദി പ്ലാൻ.''
‘‘വെയിറ്റ്. വൺ മോർ പേർസൺ ഈസ് കമിംഗ്.''
‘‘ഓക്കെ.''
‘‘കേറി ട്ടോ. ഞമ്മക്കു തൊടങ്ങാ.''
‘‘ആ മതിലിനു പുറകിൽ ഒളിക്കെടാ. നീ പുറത്താ.''
‘‘എല്ലാവരും കൂൺ ശേഖരിക്കണം ട്ടോ.''
‘‘എവിടുന്ന്​?''
‘‘സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ.''
‘‘ഏറ്റു.''
‘‘വാട്ട്?''‘‘He asks us to collect mushroom from the supermarket.'‘‘why?'’‘‘I don't know. It's his plan.'’
‘‘എന്തിനാടാ?''
‘‘അതൊക്കെയുണ്ട്. പിന്നെ പറയാം.''
‘‘എത്തി എത്തി. ഫുൾ എടുത്തോ.''
‘‘വേഗം ഇറങ്ങ്. നിനക്കെന്താ അവിടെ പരിപാടി?''
‘‘വേറൊരു സാധനം എടുക്കാൻ ഉണ്ടായിരുന്നു.''
‘‘ഉം ...ശരി, വാ.''
‘‘നീ എവിടെയാ പോയത്​, അതിനിടയ്ക്ക്?''
‘‘അത് ഒരു സീക്രട്ടാണ്​ ബ്രോ. ഞമ്മൾടെ ടീം സൂപ്പർമാർക്കറ്റിലാണെന്ന് അല്ലേ എഴുതി കാണിക്കാ? എതിരാളികൾ അതല്ലേ കാണാ? ഞമ്മൾടെ സൂപ്പർമാർക്കറ്റിന്റെ പൊറത്ത് ഒരു തോട്ടം ണ്ട്, ഒരു രഹസ്യ തോട്ടം. അധികം ആർക്കും അറീല്ല. ടീം മേറ്റ്‌സുള്ള സ്ഥലങ്ങളിൽ നിന്ന്​ 50 മീറ്റർ മാറിയാ വേറെ സ്ഥലം സ്‌ക്രീനിൽ തെളിയും. ഇത് 50 മീറ്ററിനുള്ളിലാണ്.''
‘‘നിന്നെ ഞാൻ സമ്മതിച്ചു.''
‘‘ഞമ്മടെ ഒരു ഫ്രണ്ട് പറഞ്ഞതാ.''
‘‘ഹും...എന്തു തോട്ടമാ?''
‘‘അത് ഒരു രഹസ്യതോട്ടാണ്. അവ്‌ടെ എത്തുമ്പോ പറഞ്ഞരാ.''
‘‘ഉം...''
‘‘എത്താറായി...''

‘‘ഹലോ, ഇങ്ങളെങ്ങോട്ടാണ് പോയത്, ആകെ കൊയപ്പായി.''
‘‘അതെന്താ?''
‘‘തോട്ടത്തീന്നിറങ്ങീപ്പോ ഇങ്ങളെ കാണാനില്ല. പിന്നെ ഞാൻ അറിയണ ഇംഗ്ലീഷിൽ ങ്ങൾടെ മാസ്റ്ററോടു സംസാരിച്ചു. മൂപ്പരെന്നെ അടിക്കാൻ ബന്നില്ലന്നെയുള്ളൂ. നല്ല പരിപാടിയായിപ്പോയി.''
‘‘കണക്ഷൻ പോയതാടാ. വിഷമിക്കാതിരിക്ക്. ഈ പ്ലാൻ ആരോടും പറഞ്ഞില്ലല്ലോ. അടുത്ത പ്രാവശ്യം പയറ്റാം.''
‘‘അതാ... ക്രീപ് എല്ലാം കേട്ടിട്ടുണ്ട്.''
‘‘അത് നീ ശ്രദ്ധിക്കേണ്ട. അത് മതി. ഫ്രീ ആകുമ്പോ വിളിക്ക്.''
‘‘ശരി സൈക്കോ.''
‘‘ആരോടാണ് കുറെ നേരമായിട്ട്​ സംസാരിക്കണത്?''
‘‘ഫ്രൻറാണ്​ അഹദ്.''

ദിവസങ്ങൾ കടന്നു പോയി.
ഫുട്‌ബോൾ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ അരങ്ങേറിക്കൊണ്ടിരുന്നു. ശീതകാലത്തിനുമുന്നോടിയായി വരുന്ന തണുത്ത വരണ്ട കാറ്റ് ആഞ്ഞു വീശി. സുഹാനയുടെ ഫിസിയോതെറാപ്പി ചികിത്സകൾ മുറയ്ക്കു നടന്നു. അവൾ പതിയെ പഴയ ചുറുചുറുക്കുള്ള സുഹാനയായി മാറാൻ തുടങ്ങി. സുഹാന ഒരാഴ്ചയ്ക്കകം ഓഫീസിൽ വന്നുകൊള്ളാമെന്ന് പറഞ്ഞു. പക്ഷേ, കേസിനു മാത്രം ഒരു തുമ്പും കിട്ടിയില്ല. അതെന്താണെന്ന് ചിന്തിച്ചിട്ട്​ അഹദിന്​ ഒരു എത്തും പിടിയും കിട്ടിയില്ല. സുഹാന മടങ്ങിവരുമ്പോൾ കേസ് പൂർവസ്ഥിതിയിൽ തന്നെ തങ്ങിനിൽക്കുമല്ലോ എന്ന ആശങ്കയും അതിനൊപ്പം ഉണ്ടായിരുന്നല്ലോ. രാവും പകലും കേസിന്​ തുമ്പുണ്ടാക്കാൻ ഓടിനടന്നെങ്കിലും ഒന്നും നടന്നില്ല. സുഹാന ഇല്ലാത്തതിന്റെ കുറവ് അഹദ് ഇതിനോടകം തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിലൂടെ കേസന്വേഷിക്കുവാൻ സുഹാനയ്ക്കുള്ള ധൈര്യം സ്തുത്യർഹം തന്നെ.

സുഹാനയെ ചോദ്യ ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ വിൻസെൻറ്​ അന്നേ കൈ മാറിയതാണ്. അവരോടും അവൾ ഫോൺ കോളിനെപ്പറ്റി തന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ, പിന്നെ എന്തു സംഭവിച്ചു എന്ന്​ അവൾക്കോർമയില്ല. എങ്കിലും പെട്ടന്ന്​ എന്തോ വേദന വന്നതുപോലെ ഒരു നേരിയ ഓർമ മനസ്സിലെവിടെയോ മായാതെ കിടക്കുന്നതായി സുഹാന പറഞ്ഞിരുന്നു.

സുഹാനക്കുവന്ന ഫോൺകോളിനെക്കുറിച്ച് കൂടുതലറിയാൻ അഹദ് കിണഞ്ഞു പരിശ്രമം നടത്തി. ദീപകിന്റെ ഒരു സുഹൃത്ത് വഴി ഫോൺ നമ്പർ ട്രേസ് ചെയ്തു. പക്ഷേ, ആ നമ്പറിൽ ബന്ധപ്പെടാൻ നോക്കിയപ്പോൾ പതിവുപോലെ സ്വിച്ച്​ ഓഫ് ആയിരുന്നു. അവസാനത്തെ ടവർ അന്വേഷിച്ചു നോക്കിയപ്പോൾ ബീഹാറിലെ ഒരു ഉൾഗ്രാമവും. കൂടുതൽ അന്വേഷണങ്ങൾ നടത്താൻ മറ്റെന്തെങ്കിലും വിവരങ്ങൾ കിട്ടണമായിരുന്നു. സുഹാനയെ വിളിച്ച വ്യക്തിയുടെ ശബ്ദം വെച്ചു കണ്ടെത്താമെന്നായി പിന്നീട്. അതൊരു പെൺശബ്ദമായിരുന്നു എന്നതാണ് അതിൽ ഒരു വ്യത്യാസമുണ്ടായിരുന്നത്. എന്നാൽ, അനവധി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഇപ്പോൾ ശബ്ദം എങ്ങനെയും മാറ്റാം എന്നുള്ളതുകൊണ്ട് അതത്ര വിശ്വസനീയമായിരുന്നില്ല. പരിചയമുള്ള ആളുകളുടെ ശബ്ദവുമായി താരതമ്യപ്പെടുത്തി നോക്കി. ഈ വഴികളൊന്നും വിജയം കണ്ടില്ല.

മറ്റുള്ളവരെ ആക്രമിക്കാനുപയോഗിച്ച മാർഗം തന്നെയാകാം സുഹാനയ്‌ക്കെതിരേയും പ്രയോഗിച്ചത് എന്നുതന്നെയായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, എന്തുകൊണ്ട് സുഹാനയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ, തക്ക സമയത്ത് കിട്ടിയ ചികിത്സ.

സുഹാനയെ മറ്റാരെങ്കിലുമാകുമോ ആക്രമിച്ചത്?
അതോ മറ്റെന്തെങ്കിലും മാർഗമായിരിക്കുമോ മറ്റുള്ളവരെ ആക്രമിക്കാനുപയോഗിച്ചത്?
ഇങ്ങനെ ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ ഡിറ്റക്​ടീവ്​ ഏജൻസിയെ വേട്ടയാടി. ആഗസ്റ്റ് മാസത്തിലെ ദിനങ്ങളങ്ങനെ പൊഴിഞ്ഞുതീർന്നു.
സുഹാന തിരിച്ചുവന്നപ്പോൾ മാത്രമാണ് ഈ അവസ്ഥയ്ക്ക് ഒരു വ്യത്യാസമുണ്ടായത്. എന്നാലും, പണ്ടത്തെപ്പോലെ വേഗത്തിൽ നടക്കാനും, ഒരുപാടു കോണിപ്പടികൾ ഒരുമിച്ചു കയറുവാനും സുഹാനയ്ക്ക് അപ്പോഴും സാധിക്കില്ലായിരുന്നു. കഴിയുന്നത്ര വിശ്രമിക്കാനാണ്​ ഡോക്ടർ പറഞ്ഞത്. ക്ഷീണിച്ചിരിക്കുന്ന ശരീരത്തിന്​ അമിതമായി ജോലികൾ നല്കിയാൽ പ്രശ്‌നമാണെന്ന് ഡോക്ടർ സുഹാനയ്ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. അതിനാൽ, ഉച്ചവരെ മാത്രമേ സുഹാന ഓഫീസിൽ വന്നിരുന്നുള്ളൂ. അതും മാതാപിതാക്കളുടെ എതിർപ്പിനെ എതിർത്ത്​. ഇനിയും മകൾക്ക്​ എന്തെങ്കിലും സംഭവിക്കുമോ എന്നോർത്തവർക്ക് നല്ല പേടിയുണ്ടായിരുന്നു.

സുഹാനയുടെ ബ്ലഡ് ടെസ്​റ്റ്​ ചെയ്ത ലബോറട്ടറിയിലും മറ്റും നേരിട്ടു പോയി അന്വേഷിച്ചെങ്കിലും ഏതെങ്കിലും ഒരു വിഷം രക്തത്തിലോ മറ്റോ ഉള്ളതായി കണ്ടെത്താനായില്ല. അതിനിടയിൽ സുഹാന അഹദിന്​, താൻ ആക്രമണം നടന്ന തീയതികളുടെ പ്രത്യേകത കണ്ടുപിടിച്ചത് എങ്ങനെയാണെന്ന് പറഞ്ഞുകൊടുത്തു. അവ കുറിച്ചിട്ട പുസ്തകം താൻ മാതാപിതാക്കളുടെ കൂടെ കാറിന്റെ ആദ്യ ഡ്രൈവിനു വന്നപ്പോൾ ഓഫീസിൽ നിക്ഷേപിച്ചതാണെന്ന്​ സുഹാന പറഞ്ഞപ്പോഴാണ് അഹദിന്​ ആ കൺഫ്യൂഷൻ മാറിക്കിട്ടിയത്​. സുഹാന ഡ്രൈവ് ചെയ്യുകയായിരുന്നതുകൊണ്ട് അഡ്രസ്​ എഴുതിയത് സുഹാനയുടെ പപ്പയായിരുന്നു.

3-1
4-4
4-8
8-8
12-8
15-9?
എന്നിങ്ങനെയാണല്ലോ ആ തീയതികൾ.
അവയെല്ലാം നാലിന്റെ ഗുണന പട്ടികയാണ്. അതായത്, ദിവസവും മാസവും സമം ചെയ്താൽ കിട്ടുന്ന സംഖ്യ 4, 8,12,16, 20 എന്നിങ്ങനെയാണ്. അങ്ങനെയാണ് സുഹാന തീയതികളുടെ രഹസ്യം കണ്ടുപിടിച്ചത്. അടുത്തത് 24 ആകുമല്ലോ. അതിനാൽ 15-9, 4-10, 13-11, 2-12 എന്നിങ്ങനെയുള്ള സാധ്യതകളുണ്ടെന്ന് പതിനഞ്ചാം തീയതി ഏറെ വൈകിയാണ് സുഹാന കണ്ടെത്തിയത്. അന്ന് ഒരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടാകുമോ എന്ന്​ സംശയം തോന്നിയപ്പോഴാണ് സുഹാന അഹദിനെ വിളിച്ചത്. അപ്പോഴാണല്ലോ സുഹാനയുടെ ഉമ്മാക്ക് ഒരു കോൾ വന്നതും അവർ അനിയത്തിയുടെ വീട്ടിലേക്കുപോയതും. അതിനുശേഷമാണ് സുഹാനയ്ക്ക് മറ്റൊരു ഫോൺ കോൾ വരുന്നത്.

തീയതികളുടെ സമസ്യ സുഹാന സോൾവ് ചെയ്തതുകണ്ട്​ അഹദും ദീപകും ഞെട്ടിപ്പോയി. ഇവയെല്ലാം പുസ്തകത്തിൽ നിരത്തി എഴുതിവെച്ചതു കണ്ടിട്ടും അവക്കുപിന്നിൽ ഇങ്ങനെയൊരു സൂത്രം ഒളിച്ചിരിപ്പുണ്ട് എന്നവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ. എന്നാൽ, ആക്രമണം നടക്കാൻ സാധ്യതയുള്ള തൊട്ടടുത്ത ദിവസങ്ങൾ കണ്ടെത്താമെന്നായി അഹദും ദീപകും. അടുത്തത് 28 എന്ന അക്കം ആയിരിക്കുമല്ലോ. അങ്ങനെ നോക്കുകയാണെങ്കിൽ 18-10 ആകാനാണ് സാധ്യത. ഈ ദിവസം എല്ലാവരോടും ജാഗരൂകരായിരിക്കാൻ അഹദ് മുന്നറിയിപ്പ് നൽകി. അതത്ര എളുപ്പമായിരുന്നില്ല. പൊലീസിലും ക്രൈം ബ്രാഞ്ചിലും മറ്റും അറിയിച്ചെങ്കിലും അവർ തങ്ങളുടെ പൊതുവേയുള്ള പുച്ഛഭാവത്തോടെ തന്നെയാണിക്കാര്യം വരവേറ്റത്. കോട്ടക്കൽ നഗരത്തിൽ നൈറ്റ് പട്രോളിങ് ശക്തമാക്കാനോ ആളുകളോട് ജാഗരൂഗരായിരിക്കുവാനോ അവർ ആവശ്യപ്പെട്ടില്ല. ഒരു പ്രൈവറ്റ് ഏജൻസി പാരലലായി കേസന്വേഷിക്കുന്നു എന്നത്​ പൊലീസുകാർക്ക്​ ഒട്ടും സ്വീകാര്യമായിരുന്നില്ല.

ഇത്തരമൊരു അനുഭവം കൂടിയായപ്പോൾ കേസ് തെളിയിക്കണം എന്നത് ഡിറ്റക്​ടീവ്​ അഹദിനും സുഹാനയ്ക്കും ദീപകിനും ഒരു വാശിയായി. ദീപക് അന്നുരാത്രി വൈകും വരെയിരുന്ന്​ കേസ് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുവാനും പുതിയ നിഗമനങ്ങളിലെത്തിച്ചേരാനും ശ്രമിച്ചു.

പരീക്ഷാ തീയതി വരുമ്പോഴുണ്ടാകുന്ന വികാരമാണ് സുഹാനയ്ക്കും അഹദിനും തോന്നിയത്. കുറച്ചു കൂടി സമയം കിട്ടിയിരുന്നെങ്കിൽ ഒന്നുകൂടി ഒരുങ്ങാമായിരുന്നു എന്ന്​ ഇരുവരും തമ്മിൽ പറഞ്ഞു. എന്നാൽ ദീപക്കിനങ്ങനെയുള്ള ഒരു ചിന്തയും ഉണ്ടായിരുന്നില്ല. അവന്റെ പ്രത്യേകതയാണത്. ഭൂമി കുലുങ്ങിയാലും അവൻ ചിരിച്ചു കൊണ്ട് നില്ക്കും, അതാണവന്റെ പ്രകൃതം. പതിനെട്ടാം തീയതി എത്തിയപ്പോൾ സുഹാനയ്ക്ക് അത്യാവശ്യം നല്ല ടെൻഷനുണ്ടായിരുന്നു. സുഹാന പുലർച്ചെ തന്നെ അഹദിനെ വിളിച്ച് തലേ ദിവസം എന്തെങ്കിലും അന്വർഥങ്ങൾ സംഭവിച്ചുവോ എന്നു ചോദിച്ചു. പതിനെട്ടാം തീയതി ഇങ്ങെത്തി എന്നുതന്നെ അറിയിക്കാൻ മാത്രമാണ്​ സുഹാന ആ കോൾ ചെയ്തത് എന്ന്​ അഹദിന്​ പിന്നീടുതോന്നി.
ഓഫീസിലെത്തിയപ്പോഴാണ്​ മനസ്സിലായത്, സുഹാനായ്ക്ക് നല്ല ഉൽക്കണ്​ഠയുണ്ടായിരുന്നു. സാധാരണ മതിലിൽ ഒട്ടിച്ചു വെക്കാറുള്ള ചാർട്ട് പേപ്പറോ പ്ലാനറോ അന്നു കണ്ടില്ല. തന്നെയുമല്ല, അവളധികം സംസാരിക്കാത്തത് അഹദിന്റെ ശ്രദ്ധയിൽ പെട്ടു. അഹദിന്റെ അവസ്ഥ ഏറെക്കുറെ അതുതന്നെയായിരുന്നെങ്കിലും, പുറത്തു കാണിച്ചില്ല.

അന്നവർ അതുവരെ മരണപ്പെട്ടവരുടെ അന്വേഷണത്തിൽ വിട്ടുപോയ കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. അസ്തമയ സൂര്യന്റെ ഓറഞ്ച് നിറം ആകാശത്തു പടർന്നപ്പോൾ സുഹാനയുടെ മനസ്സിൽ ഒരു ഭാരം വന്നു നിറഞ്ഞു. കൈകാലുകൾ തണുത്ത്​ ഐസ് കട്ട പോലെയായി. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ഒരു മരണവാർത്ത താൻ കേൾക്കേണ്ടി വരും എന്നുള്ളത് അത്ര സുഖകരമായ ചിന്തയല്ലല്ലോ. അഹദ് വിൻസെൻറിനെ വിളിച്ച് നഗരത്തിൽ രഹസ്യ നൈറ്റ് പട്രോളിങ് ശക്തമാണെന്ന് ഉറപ്പുവരുത്തി. വിൻസെന്റിന്റെ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ സാധാരണ വേഷമണിഞ്ഞ് നഗരത്തിൽ അങ്ങിങ്ങായി നിലയുറപ്പിക്കാം എന്നു വാക്ക് തന്നിരുന്നു. സി. ഐ അറിയാതെയുള്ള ഈ നീക്കം അതീവ രഹസ്യമാക്കി തന്നെ സൂക്ഷിക്കാം എന്നും അവർ ഉറപ്പ് കൊടുത്തിരുന്നു. അതിനാൽ തന്നെ സി. ഐ യുടെ ശിങ്കിടിയായ പൊലീസുകാരനെ ഈ സംഘത്തിൽ കൂട്ടിയില്ല.

അഹദും സുഹാനയും ദീപകും കുറച്ചു സമയം കൂടി ഓഫീസിൽ ചെലവിടാൻ തീരുമാനിച്ചു. അവർ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സി. സി. ടി. വി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരുന്നു. ദീപകിന്റെ ഒരു സുഹൃത്തു മുഖേന ഒപ്പിച്ചതാണീ സോഫ്​റ്റ്​വെയർ. ഒറ്റ ദിവസത്തേക്കുള്ള പാസ്​ വേഡ് വിൻസെൻറ്​ ഒപ്പിച്ചു കൊടുത്തു.
ക്യാമറാ ദൃശ്യങ്ങളിലേക്ക് മൂവരും കണ്ണെടുക്കാതെ നോക്കിയിരുന്നെങ്കിലും സംശയാസ്​പദമായി ഒന്നും തന്നെ കണ്ടില്ല. തീയതികളുടെ ഈ പാറ്റേണാണ്​ അക്രമി പിന്തുടരുന്നത് എന്നുള്ളതുകൊണ്ട് അന്നുതന്നെ മറ്റൊരു കൊലപാതകം കൂടി നടക്കും എന്നാണ് മൂവരും വിചാരിച്ചിരുന്നത്. അപ്പോഴാണ് സുഹാനയെ വീട്ടിൽ നിന്ന്​ വിളിച്ചത്. നേരം വൈകിയിട്ടും കാണാതെയായപ്പോൾ വിളിച്ചതാണ്. അഹദ് സുഹാനയെ വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു. സാധാരണ ആക്രമണം ഉണ്ടാകാറുള്ള ഏഴര മുതൽ എട്ടുവരെയുള്ള സമയം കഴിയട്ടേ എന്ന്​ സുഹാനയും. പിന്നെ, ഒരു മൂന്നാലു തവണ കൂടി പപ്പ വിളിച്ചപ്പോൾ സുഹാനയെ അഹദ് വീട്ടിൽ കൊണ്ടുപോയാക്കി. ആപ്പോൾ ഏഴര മണിയായിട്ടുണ്ടായിരുന്നു.
ദീപക് കുറച്ചു നേരം കൂടി ഓഫീസിലിരിക്കാം എന്നുറപ്പ് നല്കി.

സമയം കഴിയുന്തോറും നഗരത്തിലെ തിരക്ക് കുറഞ്ഞുവന്നു. പൊടുന്നനെ മിന്നായം പോലെ ദീപക് ഒരാളെ കണ്ടു. കറുത്ത ഗ്ലൗസും ഹെൽമെറ്റും അണിഞ്ഞ ഒരാൾ ബൈക്കിൽ പോകുന്നു. അയാൾ ജംഗ്ഷനിലെ സി. സി. ടി. വി ക്യാമറ നോക്കി കൈവീശി കാണിച്ചു. അടുത്ത നിമിഷം അയാൾ അപ്രത്യക്ഷമായി. ഒരു നിമിഷം, ദീപകിന്റെ വയറ്റിലൂടെ ഒരു മിന്നൽപ്പിണർ കടന്നുപോയി. അയാളുടെ വലത്തെ കയ്യിൽ ഒരു തോക്കുണ്ടായിരുന്നോ? അതോ തന്റെ മനസ്സിൽ തോന്നിയതാണോ? ഗ്ലൗസണിഞ്ഞതുകൊണ്ട് ഒരു തോക്കും കയ്യിലുണ്ടാകുമെന്ന് താൻ ഊഹിച്ചതാണോ? അതിലെന്താണിത്ര പ്രത്യേകത? ബൈക്ക് ഓടിക്കുന്ന ചിലർ ഗ്ലൗസണിയാറില്ലേ? പക്ഷേ, അയാൾ ക്യാമറയിലേക്ക് നോക്കി കൈ വീശിയത് എന്തിനാണ്? താൻ ഇവിടെ ക്യാമറ നോക്കിയിരിക്കുന്നു എന്ന്​അയാൾക്കറിയാമോ?

ദീപകിന്​ തല കറങ്ങുന്നതുപോലെ തോന്നി.
അയാൾ തന്റെ സന്തത സഹചാരിയായ ഫോൺ കയ്യിലെടുത്തു, ഓൺ ചെയ്തു നോക്കി. ▮​

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments