ചിത്രീകരണം : രാജേഷ് ചിറപ്പാട്

ജുഗ് ഇം (മരണം)

പതിനാല്

""ദീപക്, ദീപക്...''
മേശക്കുമുകളിൽ തല വെച്ചിരുന്നു ഉറങ്ങിപ്പോയ ദീപകിനെ വിളിച്ചുണർത്താൻ സുഹാന ശ്രമിച്ചു.
""ദീപക്...എന്തൊരുറക്കമാണിത്? '
വലത്തെ കൈ കൊണ്ട് ദീപകിനെ കുലുക്കി വിളിച്ചു. പുറത്ത്​ കാർ പാർക്ക് ചെയ്യാൻ പോയ അഹദ് ഒഫീസിലേക്ക് കയറി.
""അഹദ്, ദീപക് എഴുന്നേൽക്കുന്നില്ല.''
""ഐ തിങ്ക് സംതിഗ് ഇസ് റോങ് സംവെയർ.''
അഹദ് ദീപകിനെ ശക്തിയായി തട്ടി വിളിക്കാൻ ശ്രമിച്ചു.
രക്ഷയില്ലെന്നു കണ്ടപ്പോൾ പൾസ് നോക്കി. പൾസുണ്ട്.
പേടിക്കാനില്ല. അഹദ് കുറച്ചു വെള്ളം കയ്യിലെടുത്തു ദീപകിന്റെ മുഖത്തു തളിച്ചു. ദീപക് ചാടി എഴുന്നേറ്റു.
""നീയെന്താ ഇവിടെ?''
""അതു ശരി...വീട്ടിൽ പോകാതേ ഇവിടെ ബോധം കേട്ടു കിടക്കാണോ? നല്ല കോമഡി.''
"" ഞാനവനെ കണ്ടു പിടിച്ചു. '
""ആരെ?''
""ന്റെ വാച്ചെവിടെ?''
""അതവിടെയെവിടെങ്കിലും കാണും? നീ ആരെയാ കണ്ടു പിടിച്ചത്?''
""കൊലയാളിയെ,'' മേശപ്പുറത്തും മേശ വലിപ്പിനകത്തും എല്ലാം വാച്ച് തപ്പുന്നതിനിടയിൽ ദീപക് പറഞ്ഞു.
""സ്വപ്നം കണ്ടതാവും.''
""അല്ലെടാ. ക്യാമറയിൽ. അവൻ ക്യാമറയിലേക്ക് നോക്കി കൈ വീശി.
അപ്പോളെന്റെ കയ്യിൽ വാച്ചുണ്ടായിരുന്നു. ഞാൻ സമയം നോക്കിയതല്ലേ? 7:45.''
""ഏഴേ നാൽപ്പത്തഞ്ചോ? നിനക്കുറപ്പാണോ?''
""അതെന്താ അങ്ങനെ ചോദിച്ചേ?''
""ഏകദേശം ആ സമയത്ത് എനിക്കു ഒരു കോൾ വന്നു. ദീപക് ആണ് നിങ്ങൾ തേടി നടക്കുന്ന കൊലയാളി എന്നാണയാൾ പറഞ്ഞത്.''
അഹദ് തന്റെ ഫോണിലെ കോളേഴ്‌സ് ലിസ്റ്റ് എടുത്തു കാണിച്ചു കൊടുത്തു.
""ഏ...അതാരാ അങ്ങനെ പറഞ്ഞത്?''
""അറിയില്ല. നിനക്കു ബോധം പോയതെങ്ങനാ?''
""അതൊന്നും പറയണ്ട. ഞാൻ അപ്പോ നമ്മുടെ ആൽബം ഒന്നു തുറന്നു നോക്കിയതാ. പിന്നെ എനിക്കൊന്നും ഓർമ്മയില്ല. '
""ഏത്? നമ്മുടെ കസ്റ്റമൈസ്ഡ് ആൽബമോ? നീ പേടിച്ച് ബോധം കെട്ടതാകും.''
""നീ എന്നെ കളിയാക്കണ്ട. അങ്ങനെ ഒന്നും പേടിച്ച് ബോധം കെടുന്ന ആളല്ല ഈ ദീപക്. ന്നാലും ന്റെ വാച്ചെവിടെ? നീ ഒളിപ്പിച്ചു വെച്ചതാണോ? സത്യം പറ.''
""എനിക്കെന്തിനാ നിന്റെ വാച്ച്?''
നിങ് നോങ് നിങ് നോങ്...
""ഈ സമയത്ത് ആരാ?''
""ഞാൻ നോക്കാം.''
""വേണ്ടാ. ഞാൻ പോകാം.''
""ഈ ബെൽ നല്ലതല്ലേ? നിങ് നോങ്..ഇപ്പോളിതാണ് ഫാഷൻ. എങ്ങനെയുണ്ട് എന്റെ സെലക്ഷൻ? നന്നായില്ലേ ആ ക്രീം ക്രീം മാറ്റിയത്.''
""അതെല്ലാം..''
""ദീപക്, ഒന്നിങ്ങ് വരാമോ?''
""ഓ, പിന്നെന്താ?''
വാതിൽക്കൽ എത്തിയപ്പോളാണ് ദീപക് രണ്ടു മൂന്നു പൊലീസുകാരെ കാണുന്നത്.
""ഇത് നിങ്ങളുടെ വാച്ച് ആണോ?''
""ആഹാ.. ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതെവിടുന്നു കിട്ടി. ഇപ്പോ, കാര്യങ്ങളൊക്കെ വളരെ ഫാസ്റ്റ് ആണല്ലോ. നിങ്ങൾക്കു വല്ല സിക്‌സ്ത് സെൻസുമുണ്ടോ?''
""ഇത് നിങ്ങളുടെ കയ്യക്ഷരം ആണോ?''
""ഒരു പുഴുവായിരുന്നു ഞാൻ ജനിച്ചപ്പോൾ...''
""ഞാൻ ഒരു പബ്ലിഷ്ഡ് ഓതറായോ? എന്താണീ സംഭവിക്കുന്നത്? ഇതെവിടെന്ന് ഒപ്പിച്ചു? അമ്മ തന്നതാ?''
""അതൊക്കെ പറയാം. ദീപകിനൊരു അറസ്റ്റ് വാറണ്ട് ഉണ്ട്. '

ദീപകിന്റെ മുഖത്തെ ചിരി മാഞ്ഞു.
""എന്തിന്?''
""യമുന ടീച്ചറെ അറിയാമോ?.''
""പിന്നെ...എന്റെ സ്‌കൂളിലെ മലയാളം ടീച്ചർ ആയിരുന്നു.''
""അവർ കൊല്ലപ്പെട്ടു.''
""ഈശ്വരാ..എങ്ങനെ?''
""അത് ഞങ്ങളെക്കാൾ കൂടുതൽ അറിയാവുന്നത് നിങ്ങൾക്കല്ലേ?
""എനിക്കോ? എനിക്കെങ്ങനെ അറിയാ?''
""നിങ്ങളല്ലേ കൊന്നത്?''
""ഞാനോ?''
""അഭിനയം ഒന്നും വേണ്ട മിസ്റ്റർ. തെളിവുണ്ട്.''
""വേഗാവട്ടെ.''
പോലീസ് ജീപ്പിനകത്തു നിന്നു ആരോ വിളിച്ച് പറഞ്ഞു. ശബ്ദവും അധികാര ഭാവവും കൂട്ടി വായിച്ചു നോക്കുമ്പോൾ സി ഐ ആയിരിക്കുമെന്ന് അഹദിനു തോന്നി.
""ദീപക് അങ്ങനെ ഒന്നും ചെയ്യില്ല. നിങ്ങൾക്കാളു മാറിയതാകും. വി ആർ ഡിറ്റക്ടീവ്സ്. '

‘അതെല്ലാം ഞങ്ങൾക്കറിയാം. ഇപ്പോൾ ഞങ്ങളുടെ കൂടെ വന്നേ പറ്റൂ.''
""അതൊന്നു എനിക്കു കാണാൻ പറ്റോ?'' അതുവരെ മൗനമായി എല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന സുഹാന പറഞ്ഞു.
ഇപ്പോഴും നിനക്കു വായനയോടാനോ താത്പര്യം എന്ന അർഥത്തിൽ ദീപക് സുഹാനയെ ഒന്നു നോക്കി. പക്ഷേ, അവളതു കണ്ട ഭാവം നടിച്ചില്ല. മനസ്സിൽ എന്തോ നിശ്ചയിച്ചു വെച്ചതുപോലെ.
""അതെല്ലാം പിന്നെ.''
""വേഗം തിരിച്ചു തരാം,'' സുഹാന പറഞ്ഞാൽ ആർക്കും നിരസിക്കുവാൻ തോന്നുകയില്ല. അത്രയ്ക്ക് ആത്മവിശ്വാസമാണവളുടെ വാക്കുകളിൽ.
""ഉം...വേഗമാവട്ടെ.''

അഹദ് ആ കടലാസുകഷ്ണം എടുത്തു നിവർത്തി നോക്കി.
വടിവൊത്ത കൈയ്യക്ഷരത്തിൽ വളരെ ഭംഗിയായി കുറിച്ചിട്ടിരിക്കുന്ന ഒരു കത്ത്. നീണ്ടു പുഴു അരിക്കുന്നത് പോലുള്ള കയ്യക്ഷരം ഉള്ള ദീപക് ആണ് അത് എഴുതിയത് എന്നാണോ പറയുന്നതു?
നല്ല കഥ തന്നെ. അഹദ് മനസ്സിൽ ചിരിച്ചു കൊണ്ട് അത് വായിച്ചു തുടങ്ങി. അപ്പോഴും, അതിവേഗത്തിൽ ചീറിപ്പായുന്ന വണ്ടികളുടെ ലൈറ്റുകൾ ലാപ്‌ട്ടോപ് സ്‌ക്രീനിൽ പതിച്ചു കൊണ്ടിരുന്നു. സുഹാനയും അതിനൊപ്പം ചേർന്നു.

ആ അട്ടഹാസം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്, തുരംഗത്തിലൂടെ അതിവേഗത്തിൽ കുതിച്ചുപായുന്ന ഒരു തീവണ്ടിയുടെ ചീറൽ പോലെ അതങ്ങനെ അലയടിച്ചുകൊണ്ടിരിക്കും. വലിയ, വിടർന്ന, ഉണ്ടക്കണ്ണുകളിലെ തിളക്കം എന്റെ ഹൃദയത്തെ വരിഞ്ഞുമുറുക്കും. പവിഴമുത്തുകൾ പോലെ വെളുത്ത, നിരതെറ്റാത്ത പല്ലുകൾ ദംഷ്ട്രകൾ പോലെ എന്റെ മനസ്സിൽ കുത്തിയിറങ്ങും.
‘ഞാനെന്തു തെറ്റാണ് ചെയ്തത്? അവരുടെ വെറുപ്പിന്റെ കാരണമെന്താണ്?' എനിക്കിന്നും മനസ്സിലായിട്ടില്ല. എന്നാൽ, ഒരു കാര്യമെനിക്കുറപ്പാണ്- എന്നിലെ എഴുത്തുകാരനെ ആദ്യമായി നിരുത്സാഹപ്പെടുത്തിയത് അവരാണ്.
‘ഒരു പുഴുവായിരുന്നു ഞാൻ ജനിച്ചപ്പോൾ,
ഒരുവുരി പിച്ചവെച്ചു നടന്നപ്പോൾ.' ഒരാറാം ക്ലാസുകാരന്റെ മനസ്സിൽ വിരിഞ്ഞ കവിത.

ദീപക് എഴുതുമായിരുന്നോ?
അഹദും സുഹാനയും മുഖത്തോട് മുഖം നോക്കി.
ദീപക് ഇപ്പോഴും ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ്.
പോലീസുകാരൻ അവനെ കണക്കിനു തുറിച്ചു നോക്കുന്നുമുണ്ട്.
ജീപ്പിൽ കാത്തിരിക്കുന്ന സി. ഐ ഏതുനിമിഷവും ഇറങ്ങിവരാം എന്ന്​അഹദിനറിയാമായിരുന്നു.
അയാളോട് പറയാനുള്ള ഡയലോഗ് അഹദ് മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നു.
‘ആ..സാറും ഉണ്ടായിരുന്നോ? അതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നല്ലോ. വിളിച്ചാൽ പോരേ. ഇവനങ്ങു വരില്ലേ?'

ഏതെല്ലാമോ സിനിമയിൽ കേട്ടു മറന്നുള്ള ഡയലോഗ് ആണ്. ആ സി. ഐ യുടെ മുഖത്തുനോക്കി സാറേ എന്നൊന്നും വിളിക്കാൻ തോന്നുന്നില്ല. പക്ഷേ, എന്തു ചെയ്യാം, ആവശ്യക്കാരൻ തങ്ങളായിപ്പോയില്ലേ?
""അവനതു കാണാതെ പഠിച്ചു വന്നതാണ്. അല്ലാതെ അവനിങ്ങനെ എഴുതാൻ കഴിയുമോ? കവിയാണത്രേ! അവനു ഞാൻ വെച്ചിട്ടുണ്ട്. വിത്തുഗുണം പത്തുഗുണം,'' അടക്കിപ്പിടിച്ച ചിരിയോടെ അവർ പറഞ്ഞു.
""പിന്നല്ലാതെ!''
പാതി തുറന്നിട്ട ജനാലയിലൂടെ ഇതെല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നു, ഒരു ഞെട്ടലോടെ. അക്കൊല്ലം, സബ്ജില്ലാ കലോത്സവത്തിനു മറ്റൊരു കുട്ടിയെ ആ ഇന ത്തിൽ മത്സരിപ്പിച്ചു. പിന്നീടുള്ള ഒരു മത്സരങ്ങളും ഞാൻ അറിഞ്ഞിട്ടില്ല, ഒരു പക്ഷെ അറിയിച്ചിട്ടില്ല.

ആൾക്കൂട്ടത്തിനു നടുവിൽ, ഒറ്റപ്പെട്ട്​, കരഞ്ഞു തീർത്ത നാളുകൾ.
എരിയുന്ന ഹൃദയവുമായി അവഗണന സഹിച്ച നിമിഷങ്ങൾ.
എനിക്ക് നഷ്ടപ്പെട്ടത് എന്റെ ബാല്യമാണ്, ഞാനേറ്റവും സ്‌നേഹിച്ച എന്റെ കഴിവുകളാണ്, എന്നെത്തന്നെയാണ്.

""ഞാനൊരു പുതിയ കവിത എഴുതിയിട്ടുണ്ട്. മിസ്സ് ഇതൊന്നു വായിച്ചു നോക്കാമോ?'' തലേ ദിവസം ഉറക്കമിളച്ചിരുന്നു എഴുതിയ കവിതയുമായി, അടുത്ത പിറന്നാൾ ദിനത്തിൽ ഞാനവരെ കാണാൻ പോയി. എല്ലാം അവസാനിക്കുമെന്ന പ്രതീക്ഷയോടെ. പക്ഷെ, എന്നെ കാത്തിരുന്നത് ഒരു പിറന്നാൾ സമ്മാനമായിരുന്നു-ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്ന്.

""വളരെ നന്നായിട്ടുണ്ട്. മോൻ വലിയൊരു എഴുത്തുകാരനാകും,'' അവരുടെ അഭിനന്ദനം എന്നെ പുളകം കൊള്ളിച്ചു. എല്ലാം മറന്നു ഞാൻ തുള്ളിച്ചാടി.
""ഇതെന്റെ കയ്യിലിരിക്കട്ടെ. ഞാൻ പ്രിൻസിപ്പലിനെ കാണിക്കാം.''

‘എല്ലാം എന്റെ തെറ്റിദ്ധാരണ ആയിരിക്കും,' പ്രതീക്ഷകൾ വീണ്ടും മൊട്ടിട്ടു തുടങ്ങി. പിറ്റേ ദിവസം, എന്നെ പ്രിൻസിപ്പൽ വിളിപ്പിച്ചു. ആവേശത്തോടെ ഞാൻ അദ്ദേഹത്തെ കാണാൻ പോയി.
""ഇനി ഇങ്ങനെ ചെയ്യരുത്. ഇത് വലിയൊരു തെറ്റാണ്. കാര്യം മനസ്സിലാകാതെ അന്ധാളിച്ചു നിൽക്കുന്ന എന്നെ നോക്കി പ്രിൻസിപ്പൽ പറഞ്ഞു,
""എഴുത്തു ഒരു കലയാണ്. മറ്റുള്ളവരുടെ കവിതകൾ കട്ടെടുക്കുന്നത് വലിയ തെറ്റാണ്. അത് നിർത്തണം. ഇത് അവസാനത്തെ താക്കീതാണ്.''
""ഞാൻ എഴുതിയ കവിതയാണത്,'' കരച്ചിലിന്റെ വക്കിലെത്തിയ ഞാൻ പറഞ്ഞു, ഇടറിയ ശബ്ദതത്തോടെ.
""ഇത് നിന്റെ കയ്യക്ഷരമല്ലേ?'' ഗൗരവത്തിൽ പ്രിൻസിപ്പൽ ചോദിച്ചു.
ഉയർത്തിപ്പിടിച്ച പേപ്പറിലെ നല്ല വടിവൊത്ത അക്ഷരങ്ങൾ നോക്കി ഞാൻ ഉത്തരം നൽകി, ഉത്കണ്ഠയോടെ,
""അതെ, പക്ഷേ...'’
""ഉം...നിനക്ക് പോകാം. പക്ഷേ ഇനി ഇതാവർത്തിക്കരുത്,'' മറ്റൊന്നും കേൾക്കാൻ നില്ക്കാതെ അദ്ദേഹം തിരിഞ്ഞു നടന്നു.

പരിഭ്രാന്തിയോടെ, പ്രിൻസിപ്പൽ എന്റെ കയ്യിൽ വെച്ചു തന്ന പേപ്പറിലെ വാക്കുകളിലൂടെ ഞാൻ കണ്ണോടിച്ചു,
‘എന്തിനു കണ്ണുനീരുതിർത്തു നീ,
ഇത്രയും വിശാലമാം വെൺ പരപ്പിൽ നിന്ന്?
അല്ലയോ മേഘപടർപ്പേ,
അത്രമേൽ അഴകായിരുന്നു നീ!’

എന്ന വരികൾ പ്രതീക്ഷിച്ച എനിക്ക് തെറ്റി.
കണ്ണുകളിൽ ഇരുട്ട് കേറുന്നത് പോലെത്തോന്നി, അടുത്ത് കണ്ട തൂണിൽ മുറുകെപ്പിടിച്ചു, കണ്ണുകളടച്ചു. പതിയെ ഞാനവിടെ ഇരുന്നു.
"നന്നായിട്ടുണ്ട്. മോൻ വലിയ ഉയരങ്ങളിൽ എത്തും.'
"ഇനിയൊരിക്കലും ഇങ്ങനെ ചെയ്യരുത്. ഇത്

വിറയാർന്ന കൈകളോടെ കയ്യിലെ പേപ്പറിലേക്കു നോക്കി.
വിയർപ്പുതുള്ളികളാൽ മാഞ്ഞു തുടങ്ങിയ ആ വരികളിളൂടെ ഞാൻ കണ്ണോടിച്ചു,
‘തുമ്പപ്പൂവിലും തൂമയെഴും നിലാ-
വൻപിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ'
-കുമാരനാശാന്റെ ‘വീണപൂവ്' എന്ന കവിതയുടെ ഭാഗമായി ചെയ്ത ഹോം വർക്- അമ്പിളി എന്ന കവിത!

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ വെറുപ്പെന്റെ ചിന്തകളെ കാർന്നു തിന്നുവാൻ തുടങ്ങി. ചെറുപ്പത്തിലേ അമ്മ മരിച്ചു പോയ എനിക്ക്​ അച്ഛൻ മാത്രമണുണ്ടായിരുന്നത്. എന്നാൽ അത്യധികം സത്യസന്ധനായ അച്ഛനെ കൂടെ ജോലി ചെയ്യുന്നവർ ചതിച്ചു ഒരു കേസിൽപ്പെടുത്തി. അങ്ങനെ കള്ളനെന്ന പേർ ചാർത്തി കിട്ടിയ അച്ഛൻ നിരാശരോഗത്തിനടിമയായി. എന്റെ പോക്കും അങ്ങോട്ട് തന്നെ എന്നു വൈകാതെ മനസ്സിലായിത്തുടങ്ങി. ഒരു വീടിന്റെ രണ്ടറ്റത്തു ഞങ്ങൾ കഴിച്ചു കൂട്ടിയ ദിവസങ്ങൾ -പരസ്പരം ഒരക്ഷരം പോലും മിണ്ടാതെ!

എനിക്കൊന്നിലും താത്പര്യായില്ലാതെയായി.
ഒരു മരവിപ്പ് മാത്രം അവശേഷിച്ചു. കരയാതെ, ചിരിക്കാതെ, ദേഷ്യപ്പെടാതെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി. അടുത്ത വീട്ടിലെ സരസ്വതിച്ചേച്ചി സമയാസമയം ഭക്ഷണം കൊണ്ട് തരുമായിരുന്നു. ചേച്ചിക്ക് പൂക്കളെന്നു പറഞ്ഞാൽ ജീവനായിരുന്നു. ചെടികൾ നടാനും, വളമിടാനും, പൂന്തോട്ടം നനയ്ക്കാനും സരസ്വതി ച്ചേച്ചിയെ സഹായിക്കാറുള്ളത് കൊണ്ട് എന്നെ വലിയ കാര്യമായിരുന്നു. ഒരു ദിവസം യമുന മിസ്സ് എന്നെ കാണാൻ വന്നു. സ്‌കൂളിൽ വരാത്തതിന് ഒരുപാട് ശകാരിച്ചു. പിന്നെയാണ് മനസ്സിലായത് അവരുടെ കള്ളക്കളികൾ മനസ്സിലാക്കിയ പ്രൈസിപ്പൽ അവരെ സസ്‌പെൻഡ് ചെയ്തു എന്ന്. സ്‌കൂളിലെ എന്റെ തിരോധനം ആണ് മിസ്സിന്റെ സസ്പെൻഷനു കാരണം എന്നു പിന്നീടാണ് മനസ്സിലായത്.

അന്ന് ഞാൻ കുറിച്ചിട്ടു- യമുനയുടെ മരണം!
ഇത്രയും നാൾ അതിനുള്ള തയ്യാറെടുപ്പായിരുന്നു. അവസരങ്ങൾ അലഞ്ഞുള്ള നടപ്പായിരുന്നു. പക്ഷേ, പിന്നീട് എനിക്കു മനസ്സിലായി , എനിക്കു ഒരാളെ കൊല്ലാനുള്ള കഴിവ് ഇല്ലെന്നു. അതിനാൽ ഞാൻ എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറയുന്നു.
-പാർഥീവ്.

അഹദ് ഞെട്ടിപ്പോയി. ഒരു ആത്മഹത്യാ കുറിപ്പ്​.
അതിനിത് പാർഥീവ് എന്ന ആളുടേതല്ലേ?
പിന്നെന്തിന്​ പോലീസ് ദീപകിനെ അന്വേഷിച്ചു വന്നു?

""ഹ ഹ ഹാ...ഇത് ദീപക് എഴുതിയതല്ല. ഒന്നാമത് ഇവൻ സാഹിത്യ വാസന ഒട്ടുമില്ല. രണ്ടാമത് ഇവന്റെ കയ്യക്ഷരം ഇങ്ങനെ അല്ല. മൂന്നാമത് ഇവന്റെ പേർ പർഥീവ് എന്നല്ല, ദീപക് വിശ്വൻ എന്നാണ്. മാറ്റൊരാൾ എഴുതിയ കത്തിനു ദീപകിനെ എന്തിനറസ്റ്റ് ചെയ്യണം? പിന്നെ, ഇവന്റെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്, അമ്മ ഒരു സംഗീതജ്ഞയും.''

""നിങ്ങൾക്കു തമാശ കളിക്കാനുള്ള സമയം അല്ല ഇത്. ഈ പറഞ്ഞതെല്ലാം കോടതിയിൽ പറഞ്ഞാൽ മതി. ഇപ്പോൾ ഞങ്ങളുടെ കൂടെ വന്നേ പറ്റൂ. അറസ്റ്റ് വാറണ്ട് ഉണ്ട്.''- എന്നു പറഞ്ഞ്​ അതിൽ വെളുത്തു കുറുകിയ പോലീസ് ഉദ്യോഗസ്ഥൻ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്തു കാണിച്ചു.

ദീപകിന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ല.
ഫോണിൽ നിന്ന്​ കണ്ണെടുക്കാതെ അയാൾ പോലീസുകാരന്റെ കൂടെ പോകാൻ ഒരുങ്ങി.

""ദീപക്, എന്താണിതെല്ലാം?''
ദീപക് അഹദിനെ നോക്കി. അവന്റെ മുഖത്ത് എതിർപ്പോ സങ്കടമോ കാണുമെന്നാണ് അഹദും സുഹാനയും കരുതിയത്. എന്നാലവൻ അഹദിനെ നോക്കി കണ്ണിറുക്കി, ഒരു ചെറു പുഞ്ചിരിയോടെ. ഇതുകൊണ്ട് എന്താണവൻ അർഥമാക്കുന്നത്? ദീപകിനു ബോധം നഷ്​ടപ്പെട്ടത് എങ്ങനെയാണ്? ഇനി ഇവൻ തന്നെ ആണോ ഇതിനെല്ലാം പിന്നിൽ?
""കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയനെ പോക്കുക എന്ന തത്ത്വം പിന്തുടർന്നിട്ടു കാര്യമില്ല. ദീപകിനെ കൊണ്ട് പോകാൻ പറ്റില്ല.'' പോലീസ് ഉദ്യോഗസ്ഥനെ തടഞ്ഞു കൊണ്ട് അഹദ് പറഞ്ഞു.

""വെറുതെ പ്രശ്‌നമാക്കല്ലേ. തെളിവുകൾ ഉണ്ട്. ഇതിനി വേറെ കേസാകും. '
‘‘എന്താണവിടെ പ്രശ്‌നം?'' സി ഐ ജീപ്പിൽ നിന്നും തല പുറത്തേക്കിട്ടു ചോദിച്ചു.
അതൊരു താക്കീതാണെന്ന് ആരും പറയാതെത്തന്നെ അഹദിനറിയാമായിരുന്നു. സുഹാനയുടെ കണ്ണുകൾ അഹദിനെ. ഇപ്പോളൊന്നും പറഞ്ഞിട്ടു കാര്യമില്ല എന്നു അഹദിനും തോന്നിത്തുടങ്ങിയിരുന്നു.

പോലീസ് ജീപ്പിന്റെ ‘കട് കട് കട്' ശബ്ദം മുഴങ്ങി.
ജീപ്പിന്റെ പുറകിലെ സീറ്റിൽ തന്നെ കയറ്റി ദീപകിനെ അവർ കൊണ്ട് പോയി. അങ്ങനെ പറയുന്നതിൽ വല്ല യുക്തിയുമുണ്ടോ? കണ്ടു നിൽക്കുന്ന അഹദിനും സുഹാനയ്ക്കും മാത്രമല്ലേ ദീപക് പ്രിയപ്പെട്ടവൻ? പോലീസുകാർക്ക് അയാളിപ്പോൾ ഒരു കൊലയാളി മാത്രമാണ്​.

ദീപക് എങ്ങനെ ഈ അവസ്ഥയിലെത്തി എന്നത് അഹദിനും സുഹാനയ്ക്കും ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല.

""നമ്മളിവിടെ നിന്നു പോയത് ഏഴര ആകാറായപ്പോഴല്ലേ?''
""കൃത്യമായ സമയം എനിക്കും ഓർമ്മയില്ല.''
""അതേ, ഇത് നോക്കിക്കേ.'' സുഹാന തന്റെ ഫോണിലെ കോളേർസ് ലിസ്റ്റെടുത്ത് പരിശോധിച്ചു. അതിൽ ഹോം അന്ന നമ്പൽ നിന്നും അവസാനത്തെ കോൾ വന്നിരിക്കുന്നത് ഏഴേ ഇരുപത്തി മൂന്നിനാണ് . അത് കണ്ടപ്പോൾ അഹദിനു ആശ്ചര്യമായി.
""ഇത്രയും ചെറിയ സമയം കൊണ്ട് എന്തു സംഭവിച്ചു?''
""അതിനിടയിൽ ദീപക് പറഞ്ഞത് അഹദ് ശ്രദ്ധിച്ചോ? അവൻ കൊലയാളിയെ കണ്ടു പിടിച്ചെന്ന്​?''
""എന്നും പറയുന്നതു പോലെ അതുമൊരു തമാശ ആയിട്ടാണെനിക്കു തോന്നിയത്. അതുകൊണ്ടാണ് ഞാൻ അത് അപ്പോൾ ചോദിക്കാതെയിരുന്നത്​. പക്ഷേ, ഇപ്പോളെനിക്കു ഒരു മനപ്രയാസം തോന്നുന്നു.''
""അഹദ് , നമുക്ക് സമയം കളയാനില്ല. ഏതെങ്കിലും അഡ്വകേറ്റിനെ അറിയാമോ? വൈകിയാൽ ചിലപ്പോൾ ജാമ്യം കിട്ടില്ല.''
""ഒന്നു രണ്ടു പേരെ അറിയാം. പക്ഷേ, നമ്പർ ഫോണിൽ ഉണ്ടോ എന്നു ഉറപ്പില്ല. തപ്പി നോക്കട്ടെ.''

അഹദ് തന്റെ ഫോണെടുത്ത് കോണ്ടാക്റ്റ്‌സ് സ്‌ക്രോൾ ചെയ്തു നോക്കി. അഡ്വക്കറ്റ് രമ, മാത്യു, അൻവർ.
""ആരെ വിളിക്കും? അൻവറിനെ വിളിച്ച് നോക്കിയാലോ? അവനാകുമ്പോ എന്റെ പ്ലസ് ടു ക്ലാസ്​മേറ്റാണ്. എന്തെങ്കിലും അഭിപ്രായങ്ങളൊക്കെ പറയാനുള്ള സ്‌കോപ്പ് ഉണ്ട്. ഇതിപ്പോ കേസിന്റെ സ്വഭാവം അറിയാതെ മാത്യുവിനെ കോൺടാക്റ്റ് ചെയ്യാൻ പറ്റോ?'' തന്നോടെന്ന പോലെ അഹദ് സംസാരിച്ചു, പിന്നെ ഒരു തീരുമാനത്തിൽ എത്തിയതുപോലെ അഹദ് അൻവറിന്റെ പേരിണ് മുന്നിലെ ബട്ടൺ അമർത്തി കാത്തു നിന്നു. തൊട്ടടുത്ത കസേരയിൽ ഇരുന്നു ദീപക് തുറന്നു നോക്കി എന്നു പറഞ്ഞ കസ്റ്റമൈസ്ഡ് ബുക്ക് തപ്പി നോക്കുകയായിരുന്നെങ്കിലും "ബീ എസ് എൻ എൽ...കണക്ടിങ് ഇന്ത്യ' എന്ന കോളർ ട്യൂൺ സുഹാനയ്ക്ക് കേൾക്കാമായിരുന്നു.

""ഹല്ലോ. എന്താടാ ?''
""ഹല്ലോ...അൻവർ ഒരു അത്യാവശ്യമുണ്ട്. നീ വേഗം കോട്ടക്കൽ പോലീസ് സ്റ്റേഷൻ വരെ ഒന്നു വാ.''
""അയ്യോ..ഞാൻ നാട്ടിൽ ഇല്ലാല്ലോ. ഒരു ടൂറിലാണ്. എന്തു പറ്റി?''
""അതെല്ലാം പിന്നെ പറയാം. സമയല്ല. ശരീടാ.''
""അപ്പോ ശരി.''

മനമില്ലാ മനസ്സോടെ അഹദ് മാത്യു എന്ന നമ്പർ ഡയൽ ചെയ്തു.
""ഹല്ലോ. അഡ്വക്കറ്റ് മാത്യു ഹിയർ.''
""ഹല്ലോ. ഞാൻ അഹദ്. പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മൂന്നാലു മാസങ്ങൾക്കു മുൻപ് നമ്മൾ തമ്മിൽ പരിചയപ്പെട്ടിരുന്നു, ഒരു ഗ്രൗണ്ടിൽ വെച്ച്​. ഓർമയുണ്ടോ?''
"" ഉം...റിപ്പർ രാമു കേസ് തെളിയിച്ച പുള്ളിയല്ലേ?''
""അതേ അതേ. എനിക്കൊരത്യാവശ്യം ഉണ്ട്. ഒന്നു സഹായിക്കണം.''
""എന്തേ?''
""എന്റെ ഒരു സുഹൃത്ത് അറസ്റ്റിലായി. കേസ് കെട്ടിച്ചമച്ചതാണെന്നാണ് തോന്നുന്നത്. എന്റെ കൂടെ വർക്ക് ചെയ്യുന്ന ആളാണ്. സാറിനു ഒന്നു ജാമ്യമെടുത്ത് തരാൻ പറ്റോ?''
""എവിടെയാണ്? നമ്മുടെ സ്റ്റേഷനിലാണോ?''
""ആ..അതേ. ഞാൻ വരണോ?''
""വേണ്ട, ഞാൻ എത്തിക്കോളാം. ഒരു പത്തു മിനിറ്റ്. '
""അഹദ്, ആ പുസ്തകം ഇവിടെ എവിടേയും കാണുന്നില്ല. ദീപക് അത് നോക്കിയപ്പോഴാണ് ബോധം പോയത് എന്നല്ലേ പറഞ്ഞത്?''
""അത് പിന്നെ എവിടെ പോകാനാ? ദീപകിന്റെ ഷെൽഫിൽ നോക്കിയോ?''
""അവന്റെ ലോക്കർ വരെ തുറന്നു നോക്കി.''
""അത് മാത്രം എങ്ങനെ മിസ് ആകാനാ?''
""എന്തോ പ്രശ്‌നമുണ്ട് അഹദ്. ഇവിടെ മറ്റാരോ വന്നിട്ടുണ്ട്.''
""എനിക്കും അങ്ങനെ സംശയം തോന്നാതിരുന്നില്ല. പക്ഷേ, നമുക്ക് തെളിവുകൾ ഇല്ല.''
""അത് ദീപക് എഴുതിയതാണോ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അവന് പുസ്തകങ്ങളിഷ്ട്മല്ലല്ലോ?''
""വിൻസെന്റിനെ ഒന്നു വിളിക്കാം.''
അഹദ് വിൻസെന്റിനെ ഡയൽ ചെയ്തു കാത്തിരുന്നു.
""ഹലോ, സർ. ഞാൻ വിളിക്കാൻ പോകുകയായിരുന്നു. ഒരു മരണം...''
""അറിഞ്ഞെടാ. അവരുടെ വീട് എവിടെയാണ്?''
""ഇവിടെ അടുത്താണ്, എടരിക്കോട്. അവിടെ ഒരു കഫേ ഇല്ലേ? എന്താണതിന്റെ പേര്? '
""ഡാഫോഡിൽ?''
""അതുതന്നെ. ഞാനങ്ങു മറന്നു പോയി. അതിന്റെ തൊട്ടടുത്താണവരുടെ വീട്.''
""അത് ശരി...യമുന എന്നല്ലേ അവരുടെ പേര്. ഒരു സ്‌കൂൾ ടീച്ചർ .''
""അതേ..അതേ. ഞാൻ ലീവ് ആയത് കൊണ്ട് അറിയാൻ കുറച്ചു വൈകി. നാൽപ്പത്തി ഒൻപതു വയ്യസ്സുണ്ടെന്നാ പറഞ്ഞത്. അവർ ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭർത്താവ് പുറത്തു പോയതായിരുന്നു. ഒരു മോൻ ഉള്ളത് പുറത്തെവിടെയോ പഠിക്കുകയാണ്. '
""അവർ ഇപ്പോൾ എവിടെയാണ് വർക് ചെയ്യുന്നത്.''
""ഗവൺമെൻറ്​ ബോയ്‌സ് സ്‌കൂളിൽ. അവർ കുറേ നാളായി അവിടെ. ഇപ്പോൾ തന്നെ എന്തൊക്കെയോ തെളിവ് കിട്ടി. ഉടനെ അറസ്റ്റ് ഉണ്ടാകും എന്നു രാമേന്ദ്രൻ പറഞ്ഞു.''

""അഹദ്, ഇത് കണ്ടോ?''
അഹദിന്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി. ലാപ്‌ടോപ്പിന്റെ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ അഹദ് വിൻസെന്റിനോട് സംസാരിച്ചു,
""എന്നാ, ശരിയെടാ... വിളിക്കാം.''
ഇതെങ്ങനെ സംഭവിച്ചു?

""ദീപകിന്റെ ഫോണിൽ ഗൂഗിൾ മാപ് വർക് ചെയ്യുന്നില്ല എന്നവൻ പറഞ്ഞിരുന്നു. ഞാൻ ആണ് പറഞ്ഞത് ലാപ്‌ടോപ്പിൽ എടുത്തു നോക്കാൻ. എന്നാൽ അവനു ഇവിടെയാണ് പോകേണ്ടത് എന്നു ഞാൻ അറിഞ്ഞില്ല. '
""ഒരു പക്ഷേ, അവനെ ആരെങ്കിലും കുടുക്കിയത് ആണെങ്കിലോ?''
""അങ്ങനെ ആയിരിക്കാനും സാധ്യത ഉണ്ട്.''
""മെയിൽ തുറന്നു കിടക്കുന്നുണ്ട്. നോക്കിയാലോ?''
""ഗൂഗിൾ ഫോട്ടോസ്, ലിങ്കെഡിൻ...ഇതിൽ കാര്യമായിട്ടൊന്നും കാണുന്നില്ല. ഒരു ബ്ലോഗ് ഉണ്ട്. അവന്റെ ആണെന്ന് തോന്നുന്നു. '
""ഏയ്...അവനെവിടുന്നാ സമയം?''

""ആദ്യത്തെ കാൽവെപ്പ് എന്നാണ് പേര്. ഇത് കണ്ടോ? നല്ല ഓർഗനൈസ്ഡ് ആണ്. മുന്നൂറിൽ പരം ഫോളോവേഴ്‌സുമുണ്ട്. ഇത് ഒരു പാർഥീവിന്റെ ആണ്.''
അഹദിന്റെ നെറ്റി ചുളിഞ്ഞു. മനസ്സിൽ രൂപീകരിച്ച ആ ചെറിയ കുമിളയ്ക്ക് രൂപവും ഭാവവും വരുന്നത് കണ്ടു അഹദ് നിസ്സഹായത്തോടെ നോക്കി നിന്നു.
""പാർഥീവ്...അത് തന്നെ അല്ലേ ആ കത്തിൽ എഴുതിയ പേര്?''

""അതേ. ഇതിൽ കുറേ മലയാള കവിതകൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പുഴുവായിരുന്നു... ആ കവിത ആണ് ആദ്യത്തേത്. ഓഹ് നോ... അവസാനത്തെ പോസ്റ്റും അത് തന്നെയാണ്.''
""ഇനി ഇത് ദീപകിന്റെ വല്ല സുഹൃത്തുക്കളുമാകുമോ?''
""അവന്റെ മെയിലിൽ നിന്നല്ലേ തുറന്നത്? ആ..നോട്ടിഫിക്കേഷനിൽ ലിങ്ക് ഉണ്ടായിരുന്നു.''

ദീപകിന് മറ്റൊരു മുഖമുണ്ട്. നമ്മൾ തിരിച്ചറിയാതെ പോയ ഒന്ന്. സുഹാന അഹദിനെ നോക്കി, വിശ്വസിക്കാനാകാതെ.
""ദീപക് ആണ് ഇതെല്ലാം ചെയ്തത് എന്നാണോ പറയുന്നത്​? എനിക്ക്​വിശ്വസിക്കാൻ കഴിയുന്നില്ല. '
""ഒന്നും തീർച്ചപ്പെടുത്താറായിട്ടില്ല. അന്വേഷിക്കേണ്ടിയിരിക്കുന്നു.''

ദീപകിന്റെ പുഞ്ചിരിക്കുന്ന മുഖം അഹദിന്റെ മനസ്സിൽ മിന്നി മറഞ്ഞു.
എത്ര ശ്രമിച്ചിട്ടും അവനെ കൊലയാളിയുടെ സ്ഥാനത്തു സങ്കൽപ്പിക്കുവാൻ അഹദിനു കഴിഞ്ഞില്ല.

""നിഴൽ പോലെ കൂടെ നിന്നു ഒന്നും അറിയാത്തവനെപ്പോലെ അഭിനയിക്കുകയായിരുന്നോ? ഒരു സുഹൃത്ത് എന്നതിനേക്കാളുപരി സ്വന്തം അനിയനെപ്പോലെയാണ് താൻ അവനെ കരുതിയിട്ടുള്ളത്. എന്നിട്ടിപ്പോൾ?''
പെട്ടന്നു മനസ്സ് ശൂന്യമായത് പോലെ. ശബ്ദശകലങ്ങൾ അകലുന്നതുപോലെ. ഒന്നും ചിന്തിക്കാനാകാതെ അഹദ് ആ കസേരയിൽ കുറച്ചു സമയം ഇരുന്നു.
""ആരോ ഇതിനു പിന്നിൽ കളിക്കുന്നുണ്ട്. ദീപക് ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല.'' സുഹാനയുടെ വാക്കുകളിൽ പകുതിയും അഹദ് കേട്ടില്ല. അഹദ് അതിനു മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു സമയത്തേക്ക് അവിടെ നിശബ്ദത പരന്നു.
ബീപ് ബീപ്...ബീപ് ബീപ്...

""മാത്യു ആകും. ഞാൻ എന്നാൽ പോയാലോ? സുഹാനയെ വീട്ടിൽ ആക്കിത്തരാം.''
""അത് വേണ്ട.''
സ്‌ക്രീനിൽ തെളിഞ്ഞ അൺനോൺ നമ്പർ കണ്ടു അഹദ് ഇടത്തെ കൈകളുയർത്തി.

""ഒരു മിനിറ്റ്..വേറെയാരോ ആണെന്ന് തോന്നുന്നു.''
""ഞാൻ എസ് ഐ. നിങ്ങൾ ഉടനെ പോലീസ് സ്റ്റേഷനിൽ എത്തണം.''
""എന്താണ് സാർ.''
""വേഗം വാ. എന്നിട്ട് പറയാം.''

അഹദ് കോൾ കട്ട് ചെയ്തു സുഹാനയെ നോക്കി.
""എന്നോട് എന്തിനാണ് പോലീസ് സ്റ്റേഷനിൽ എത്താൻ പറഞ്ഞതാവോ. എന്തായാലും പോയി നോക്കാം. നീ വാ. വീട്ടിൽ ആക്കിത്തരാം. '
""ഞാനും വരാം.''

""പറയുന്നതു കേൾക്കു സുഹാന. നിന്റെ വീട്ടിൽ നിന്നും ഇപ്പോ വിളി വരും. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.''
""ദീപക് ആണ് കൊലയാളി എന്നു പറഞ്ഞു എന്നെ വിളിച്ചത് ആരായിരിക്കും? ദീപകിനിതിൽ എന്തെങ്കിലും പങ്ക് ഉണ്ടാകുമോ??' അധികം ട്രാഫിക് ഇല്ലാത്തതിനാൽ കോട്ടക്കൽ ടൗൺ പെട്ടന്നു കടന്നു കിട്ടി. വളവ് തിരിഞ്ഞു പോലീസ് സ്റ്റേഷൻ മുറ്റത്തു വണ്ടി നിർത്തി അഹദ് നടന്നു. ചിന്തകളിൽ വട്ടം കറങ്ങിയത് കൊണ്ട് പോലീസ് സ്റ്റേഷനിൽ വേഗം എത്തിയത് പോലെ തോന്നി. രണ്ടു കൊല്ലം മുൻപ് റിപ്പർ രാമുവിന്റെ കേസ് ബന്ധപ്പെട്ടു വന്നതാണ്. അന്ന് പോൾ ആയിരുന്നു സി ഐ. അടുത്ത കേസ് കോഴിക്കോട് സ്റ്റേഷൻ പരിധിയിലുള്ളതായിരുന്നതിനാൽ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ വരേണ്ടി വന്നിട്ടില്ല.

അകത്തു കയറിയപ്പോൾ നേരത്തെ ഒഫീസിൽ വന്ന പോലീസുകാരൻ സി. ഐ യുടെ റൂം കാണിച്ച് കൊടുത്തു. അവിടെ സി. ഐ യുടെ എതിർ വശത്ത് ഒരു കസേരയിൽ ദീപക് ഇരിക്കുന്നുണ്ടായിരുന്നു.

""അഹദ്, അല്ലേ?''
അതേ, എന്നർഥത്തിൽ അഹദ് തല ആട്ടി.
""തലയാട്ടിയാൽ പോര. തുറന്നു പറയണം.''
""ഇതെന്തൊരു പൊല്ലാപ്പാണ്? ഇതാണോ പോലീസ് സ്റ്റേഷനിൽ വലതുകാൽ വെച്ചു കയറിയാലും ഇടത്തു കാൽ വെച്ചു കയറിയാലും പ്രശ്‌നം ആണെന്ന് പറയുന്നത്?'

""അതേ സാർ.'' അഹദ് വളരെ സൗമ്യമായി പറഞ്ഞു.
""യമുന വധക്കേസിൽ നിങ്ങളുടെ സുഹൃത്തിനു പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. നിങ്ങളേയും ചോദ്യം ചെയ്യേണ്ടി വരും.''

കേൾക്കുന്നത് സത്യമാണോ എന്നു വിശ്വസിക്കാനാകാതെ അഹദ് നിന്നു. ഒരു ചുഴലിക്കാറ്റിൽപ്പെട്ട കടലാസ് കഷ്ണത്തെപ്പോലെ നിസ്സഹായകനായി. ദീപകിന്റെ മുഖത്ത് അപ്പോഴും ഭാവ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അഹദ് അവനെ കുറച്ചു സമയം നോക്കി നിന്നെങ്കിലും ദീപക് അത് കണ്ടതായി ഭാവിച്ചില്ല.

ജീവിതമെന്ന നൗക തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന്​ അഹദിനു നിശ്ചയമില്ലായിരുന്നു. അടുപ്പമുള്ളവർ പോലും മരണമടഞ്ഞപ്പോഴും സുഹാന ആക്രമിക്കപ്പെട്ടപ്പോഴും കേസ് മുന്നോട്ട് കൊണ്ട് പോകുവാൻ ധൈര്യം തന്നത് ദീപക് ആണ്. അവനിതിൽ പങ്കുണ്ടെങ്കിൽ അത് മുടക്കാനല്ലേ അവൻ ശ്രമിക്കുക? മറ്റെന്തും സഹിക്കാം, കൂടെ ഉള്ളവർ ചതിക്കുന്നത്, ചവുട്ടി നിൽക്കുന്ന മണ്ണൊലിച്ചു പോകുന്നതിനു തുല്യമാണ്. ഫോൺ എന്ന മാധ്യമത്തിലൂടെ നിഗൂഢമായ ഒരു മറ അവൻ തങ്ങൾക്കിടയിൽ സൃഷ്ടിച്ചിരുന്നില്ലേ? അതവന്റെ ക്യാരക്റ്റർ ആയിരിയ്ക്കും എന്നു മാത്രമാണു അഹദ് ചിന്തിച്ചത്. എന്നിട്ടിപ്പോൾ?

""എന്താണ് മിസ്റ്റർ. ഞങ്ങൾക്കു സമയമില്ല.''
""ചോദ്യം ചെയ്‌തോളൂ. ഞാൻ തയ്യാറാണ്.'' യാന്ത്രികമായി അഹദ് മറുപടി പറഞ്ഞു.

ആഗസ്ത് 4...അന്ന് പെട്ട് പോയതാണ് താൻ ഈ കേസിൽ. അല്ലെങ്കിൽ പെടുത്തിയതാണ്. ആര്​? ദീപക് തന്നെ ആണോ. അന്ന് ദീപകിന്റെ പിറന്നാളാഘോഷത്തിനു പോയപ്പോഴാണ് ദീപക് തന്നോടു ഈ കേസിന്റെ കാര്യം പറയുന്നത്. പോലീസ് അന്വേഷണത്തിൽ യാതൊരു തുമ്പും അത് വരെ കിട്ടാത്ത ആ കേസിനെക്കുറിച്ചു അവന്റെ ഏതോ ഒരു സുഹൃത്ത് അവനോടു പറഞ്ഞു എന്നാണ് ദീപക് അന്ന് അഹദിനോടു പറഞ്ഞത്. അന്ന് രാത്രി തന്നെ ആണ് ഗംഗ മരണപ്പെടുന്നതും. റിതേഷ് ആ കേസ് തങ്ങളുടെ മുന്നിൽ കൊണ്ട് വന്നപ്പോഴും അത് ഏറ്റെടുക്കാൻ ഏറ്റവും ഉത്സാഹം ദീപകിനു തന്നെ ആയിരുന്നു. ഇതെല്ലാം, വെറുതെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ മാത്രമല്ലേ? ഹാരി പോട്ടർ സിനിമകളിൽ ടൈം മെഷീനുകൾ ഉള്ളതുപോലെ തനിക്കും ഭൂതകാലത്തേക്ക് ഒന്നുകൂടി സഞ്ചരിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്​ അഹദിനു തോന്നി. എങ്കിൽ, എന്തിനാണ് താൻ ആ കഴിവ് ഉപയോഗിക്കുക? രഹസ്യമായി നടന്നത് എന്താണെന്നു കണ്ടു പിടിക്കാനോ അതോ ദീപകിന്റെ തെറ്റുകൾ തിരുത്താനോ? കാര്യമായ മാറ്റങ്ങൾ നടത്താൻ കഴിയില്ല. ചെറിയ മാറ്റങ്ങൾ മാത്രം. അല്ലെങ്കിൽ നമ്മുടെ യഥാർഥ രൂപം തന്നെ ചിലപ്പോൾ നമ്മെ കൊലപ്പെടുത്തിയേക്കാം. ആ സിനിമയിൽ പറയുന്ന കാര്യങ്ങൾ വീണ്ടും അഹദിന്റെ മനസ്സിലേക്ക് ഓടി വന്നു. അഹദിന്റെ മനസ്സിൽ ഒരു ഭാരം കയറ്റി വെച്ചത് പോലെ തോന്നി. ശരിയാണ്, നടക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്. അതിനൊന്നും തടയിടുവാൻ തനിക്ക് സാധിക്കുകയില്ല. വിധി മാറ്റിയെഴുതാനും.

ദീപകിന്റെ തൊട്ടടുത്തുള്ള കസേരയിൽ അഹദും ഇരുന്നു.
സത്യത്തിന്റെ പാത മാത്രം തിരഞ്ഞെടുക്കാറുള്ള തനിക്ക് എന്താണ് ഇങ്ങനെ എല്ലാം തോന്നുന്നതെന്ന് അഹദിനറിയില്ലായിരുന്നു. പുറമെ നിന്നു വരുന്ന ശബ്ദ ശകലങ്ങൾക്കും വെളിച്ച കണനങ്ങൾക്കും താൽക്കാലികമായി വിട പറഞ്ഞു കൊണ്ട് ആ കൊച്ചു കതകുകൾ പതിയെ അടഞ്ഞു.
തെല്ലൊരാശ്വാസം കിട്ടുമെന്ന പ്രതീക്ഷയോടെ.
എന്നാൽ, തൊണ്ടയിൽ നീറുന്ന ആ വികാരം തുടച്ചു മാറ്റുവാൻ അകത്തോട്ടു നാസ ദ്വാരത്തിലൂടെ പ്രവഹിക്കുന്ന വായുവിനു പോലുമായില്ല.
‘ദീപക്...നീ എന്നെ കളിപ്പിക്കുകയാണോ?' ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments