ചിത്രീകരണം : രാജേഷ് ചിറപ്പാട്

ജുഗ് ഇം (മരണം)

അധ്യായം 18

""രാവിലെത്തന്നെ തുടങ്ങിയോ? നിർത്തീന്നു പറഞ്ഞിട്ടു?'' ""അതല്ലേടോ. ജാക്കിനെ കണ്ടുപിടിക്കണ്ടേ?'' ""എന്നിട്ട്​ കണ്ടുപിടിച്ചോ?'' ""എവിടെ? അവന്റെ പൊടിപോലുമില്ല.'' ""ദീപക്, നീ കളിച്ചു സമയം കളയേണ്ട. എനിക്കൊരു തുമ്പ് കിട്ടിയിട്ടുണ്ട്.'' ""എന്താ? വേഗം പറ.'' ""അത്ര ഒറപ്പില്ല. തോന്നിയതാ. എന്തായാലും സുഹാന കൂടി വരട്ടെ.'' ""പറഞ്ഞതു പോലെ അവളെവിടെപ്പോയി? അവളല്ലേ ആദ്യമെത്താറ്?'' ""വല്ല ട്രാഫിക് ബ്ലോക്കിലും പെട്ടിട്ടുണ്ടാകും.'' ""ടെൻഷനടിപ്പിക്കാതെ പറ അഹദ്. ഇത് നിനക്ക് പണ്ടേയുള്ള സ്വഭാവമാണ്. ചില ത്രില്ലർ സിനിമകളിലെപ്പോലെ.'' ""നീ ശമി. നീ ഇതുകണ്ടോ?'' അഹദ് കയ്യിലിരുന്ന ഡയറി ദീപകിനെ കാണിച്ചു. ""ഈ ടൈപ്പ്​ ഡയറി എന്റെ കയ്യിലുമുണ്ട്.'' ""അത് നിനക്കെവിടുന്നു കിട്ടി?'' ""അതെനിക്ക് സമ്മാനം കിട്ടിയതാ. ഒരു റൈറ്റിങ് കോമ്പറ്റീഷനിൽ.'' ""നിനക്കു മാത്രേ കിട്ടിയുള്ളൂ?'' ""അതറിയില്ല. എനിക്കു മൂന്നു പ്രാവശ്യം പ്രൈസ് കിട്ടിയിരുന്നു. റൈറ്റിങ് ചാംപ്യൻസ് എന്നൊരു ഓൺലൈൻ സൈറ്റുണ്ട്. അതിൽ നിന്ന്​ കിട്ടിയതാ. അതിലൊന്നാണ് ഞാൻ സുഹാനയ്ക്ക് ബർത്ത്‌ഡേ ഗിഫ്റ്റായി കൊടുത്തത്.'' ""അതേതായാലും നന്നായി. അപ്പോ നീയാണ് പണി പറ്റിച്ചത്.'' ""ന്‌ഹെ...അതെന്താ?'' ""ഇത് കണ്ടോ? ജുഗ് ഇം...ജുഗ് ഇം.'' ""ന്‌ഹെ...ഇതെങ്ങനെ ഇവിടെ വന്നു?'' ""ഈ പേന കൊണ്ട് ഈ പേജിൽ എഴുതിയപ്പോ തെളിഞ്ഞു വന്നതാണ്.'' ""അപ്പോ വേറെ പേജിലൊന്നും വരുന്നില്ലേ?'' ""ഇല്ല...ഈ തീയതിയിൽ മാത്രേ ഉള്ളൂ.'' ""അത് ശരി...ഇതിന്റെ അർത്ഥം അറിയാമോ?'' ""അതറിയില്ല. മരിച്ച ആളുകളുടെ ഡയറിയിൽ തെളിഞ്ഞ വാക്ക് അതാണ് എന്നറിയാം.'' ""ഡെത്ത്...മരണം...അതാണ് അതിന്റെ അർത്ഥം. കൊറിയൻ ഭാഷയാണ്.'' ""അതെങ്ങനെ നിനക്കറിയാം?'' ""ഗെയിമിൽ കേറുമ്പോൾ പറഞ്ഞു തരുന്നുണ്ട്, ഈ വാക്കിന്റെ ഇംഗ്ലീഷ് അർത്ഥം. അതിൽ ഇടയ്ക്കിടയ്ക്ക് ഈ വാക്ക് പറയുന്നതു കേട്ടിട്ടില്ലേ?'' ""ശ്രദ്ധിച്ചിട്ടില്ല.'' ""കമ്പ്യൂട്ടർ പറയുന്നതാണ്. കളിക്കുന്നവർക്കറിയാം.'' ""അതിനർത്ഥം ഇതൊരു സീക്രട്ട് മെസേജ് ആണ് എന്നല്ലേ? കളിക്കുന്നവർക്കു മാത്രം അറിയാവുന്ന ഒന്ന്?'' ""അതേ.'' ""മരിച്ചവർക്കെല്ലാം ഈ സന്ദേശം മനസ്സിലാകണമെങ്കിൽ ഇവരെല്ലാം കളിയുമായി ബന്ധപ്പെട്ടവർ ആയിരിക്കണം.''""ആകാം.'' ""അതറിയാൻ നമുക്കെന്തെങ്കിലും മാർഗമുണ്ടോ?'' ""ഉണ്ടാകേണ്ടതാണ്. നമുക്ക് വിവേകിനോട് ഒന്നു ചോദിച്ചാലോ?'' ""എന്നാൽ ഞാൻ അവനെ വിളിക്കാം.'' അഹദ് ഫോണെടുത്ത് വിവേക് എന്ന പേരു ഡയൽ ചെയ്തു. ""അവനൊരു അരമണിക്കൂറിനുള്ളിൽ വരാംന്ന് പറഞ്ഞിട്ടുണ്ട്. ഈ ഡയറിയും കളിയുമായി വല്ല ബന്ധമുണ്ടോ?'' ""ഇല്ലെന്നാണ് ഇത് വരെ ഞാൻ കരുതിയിരുന്നത്. ഇതിപ്പോ?''""ആ റൈറ്റേഴ്‌സ്... എന്താണ് നീ പറഞ്ഞത്?'' ""റൈറ്റിങ് ചംപിയൻസ്.'' ""ആ...അതിലൊന്ന് കേറി നോക്കിക്കേ.'' ""എന്നാലും ഭയങ്കരം. വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ഇതെല്ലാം നേരത്തെ ആലോചിക്കേണ്ടതായിരുന്നു,'' ദീപക് ലാപ്‌ടോപ്പ് തുറന്നു ബ്രൗസ് ചെയ്യുന്നതിനിടയിൽ പറഞ്ഞു, ""ഇതാരുടെ ഡയറിയാണ്?''""ഡോക്ടർ നിപുണിന്റെ.'' ""ഇതിപ്പോ എങ്ങനെ കിട്ടി?'' ""വിൻസെൻറ്​ തന്നതാണ്. കുറേ ദിവസമായി ഞാൻ ഡയറിയൊന്നു നോക്കണം ന്നു വിചാരിക്കുന്നു. ഇതിനൊരു സ്‌പെഷ്യൽ പേന ഉണ്ടെന്ന് പറഞ്ഞു അവനാണ് ഇത് തന്നത്. ഇത്രയും ദിവസം പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സൂക്ഷിച്ചോളാംന്ന് ഉറപ്പ് പറഞ്ഞിട്ടു വാങ്ങിക്കൊണ്ട് വന്നതാ. അവനവിടെ ഇല്ലെങ്കിൽ ഇതൊരിയ്ക്കലും നമുക്ക് കിട്ടില്ലായിരുന്നു.''""പൊലീസിന് ഇത് മനസ്സിലായിട്ടുണ്ടോ?''""ഇല്ല. ഉണ്ടെങ്കിൽ വിൻസെന്റ് പറഞ്ഞേനെ. സത്യം പറഞ്ഞാൽ എല്ലാ വിധത്തിലുമുള്ള ടെസ്റ്റിങും കഴിഞ്ഞതാണ്. ഇതിലെ എഴുത്തും പേപ്പറുമെല്ലാം വിശദമായി പരിശോധിച്ചതാണ്.''""അതൊരത്ഭുതം തന്നെ. ഇതാണ് ഞാൻ പറഞ്ഞ സൈറ്റ്. ''

റൈറ്റിങ് ചംപിയൻസ് എന്ന ഓൺലൈൻ സൈറ്റിന്റെ പേജുകളുടെ ഘടന അതി ഗംഭീരമായിരുന്നു. പുസ്തകത്താളുകൾ മറിച്ചു വായിക്കുന്നത് പോലെത്തന്നെ അതിലെ ഓരോ പുസ്തകത്തിനും സ്ലയിഡ് സ്വഭാവം സെറ്റു ചെയ്തിരുന്നു. ഓരോ കഥകൾക്കും താഴെ അവ വായിക്കാനെടുക്കേണ്ട സമയവും ധാരാളം കമന്റുകളും ഉണ്ടായിരുന്നു. നിരവധി എഴുത്തുമത്സരങ്ങളും സമ്മാനം കിട്ടിയ കൃതികളും അതിലുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ, ഓരോ വായനക്കാരനും എത്ര പേജ് വായിച്ചു എത്ര സമയം വായിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

അഹദും ദീപകും ആ സൈറ്റിന്റെ ടേംസ് ആൻറ്​ കണ്ടീഷൻസ് എടുത്തുനോക്കി. അതിൽ അസ്വാവാഭികമായി ഒന്നും കണ്ടില്ല. പക്ഷേ, കമ്പനിയുടെ പേരു നോക്കിയപ്പോൾ അത് ജുഗ് ഇം എന്ന ഗെയിമിന്റെ ഉടമസ്ഥരായ കൊറിയൻ കമ്പനിയുടെ ഇന്ത്യൻ ശാഖയാണെന്ന് മനസ്സിലായി.

""ചിലപ്പോൾ ഈ ഗയിം കളിക്കുമ്പോൾ ഈ സൈറ്റിന്റെ പരസ്യം വരാറുണ്ടായിരിക്കാം. അല്ലെങ്കിൽ ഇങ്ങനെ ഒരു സൈറ്റ് ഉണ്ടെന്ന് അവർ ഗെയിമിൽ ചേരുമ്പോൾ കാണിക്കുന്നുണ്ടാകാം.''""എനിക്കു പക്ഷേ ആദ്യമേ റൈറ്റേഴ്‌സ് ചാംപ്യൻസിൽ അക്കൗണ്ടുണ്ടായിരുന്നു.''""ഗെയിമിനെക്കുറിച്ചു പറഞ്ഞതാരാണ്?''""അതെനിക്ക് ഓർമ്മയില്ല. ഓ, ഇപ്പഴാ ഞാൻ തന്നെ ശ്രദ്ധിച്ചേ. നോക്ക്. ഇതിന് രണ്ടിനും ഒരു കോമൺ അക്കൗണ്ടാണ്. വേറെവേറെ സൈൻ ഇൻ ചെയ്യേണ്ട ആവശ്യമില്ല.'' ""അപ്പോ, അങ്ങനെയാണ് ഗെയിം കളിക്കുന്നവർ റൈറ്റേഴ്‌സ് ചംപ്യൻസിലും തിരിച്ചും എത്തിയത്.'' ""കളിക്കുന്നതിനിടയിൽ ചിലപ്പോ പരസ്യങ്ങൾ വരാറുണ്ട്. ഒരു ആർട്ട് സൈറ്റ്, ഒരു ഷോപ്പിങ് സൈറ്റ്, ഒരു ചാറ്റ് സൈറ്റ് ഇങ്ങനെ എല്ലാം. ഞാൻ അങ്ങനെ ശ്രദ്ധിക്കാറില്ല. അതൊരു റിക്രിയേഷൻ ടൈമായിട്ടാണ് ഞാൻ കണക്കാക്കാറ്.''

പോക്കറ്റിൽ ദീപകിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. ദീപക്​ അത്​ പുറത്തെടുത്ത് നോക്കുമ്പോൾ സൈക്കോ ആണ്. കളിക്കാൻ വരുന്നോ എന്ന മെസേജ്. ""എന്നാൽ ഒന്നു കൂടി കേറി നോക്കാം അല്ലേ? സൈക്കോ ആണ്. ജാക്ക് ഉണ്ടെങ്കിലോ?''""നിനക്കു നിർത്താൻ പറ്റുന്നില്ലേ?''""അതല്ല..അഹദ്.. ഞാൻ ഈ കേസിന് വേണ്ടി മാത്രമാണ്. അല്ലാതെ എനിക്കു കളിക്കണന്നില്ല.''""ഉം...സമ്മതിച്ചു.'' ഒരു കുസൃതിച്ചിരിയോടെ അഹദ് തന്റെ ഫോണിലെ പിഡിഎഫ് ഫയൽ തുറന്നു. "അൺറാവെല്ലിങ് ദീ ട്രൂത്ത്' എന്ന പുസ്തകത്തിന്റെ അൻപതാമത്തെ പേജ് സ്‌ക്രീനിൽ തെളിഞ്ഞു. ഈ പുസ്തകം ഡൗൺലോഡ് ചെയ്യുമ്പോൾ അത് തന്റെ കേസന്വേഷണത്തെ ഇത്രയധികം സ്വാധീനിക്കുമെന്ന് വിചാരിച്ചില്ല. ചില പുസ്തകങ്ങളങ്ങനെ ആണ്. ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കും. കുറച്ചു സമയം കൊണ്ട് തന്നെ കേസ് ഒരുപാട് മുന്നോട്ട് പോയത് പോലെ.

വളരെ വേഗത്തിൽ നടന്നു സുഹാന ഒഫീസിലേക്ക് കയറി. ""ഇതെന്താ ഇന്നു കാറില്ലെ?'' ""ഇല്ല. പപ്പയുടെ കാറ് വർക്ക് ഷോപ്പിലാണ്. അതുകൊണ്ട് ഞാൻ ഓട്ടോ പിടിച്ച് പോയ്‌ക്കൊള്ളാമെന്ന് പറഞ്ഞു.'' പതിവുപോലെ തന്റെ കസേരയിലിരുന്ന്​ചാർട്ടുകളും ടൈം ടേബിളും തയ്യാറാക്കുന്നതിനുപകരം സുഹാന ഫോൺ കോളുകൾ അറ്റെൻറ്​ ചെയ്യുന്ന തിരക്കിലായിരുന്നു. ""എന്താണ്, കാമുകൻമാർ വല്ലവരുമാണോ? ഏതാണ് ആ ഹതഭാഗ്യൻ?'' ദീപക് തന്റെ പതിവ് ശൈലിയിൽ സംസാരിച്ച് തുടങ്ങി. ജുഗ് ഇം... ജുഗ് ഇം...
ദീപകിന്റെ കളിയിലെ കമ്പ്യൂട്ടർ ഉരുവിട്ടു. അവൻ ബദ്ധപ്പെട്ട്​ തന്റെ ഇയർ ഫോൺ തപ്പിയെടുത്ത് ചെവിയിൽ വെച്ചു.
ദീപക് പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ സുഹാന പിന്നേയും കുറച്ചു സമയം കൂടി ഫോണിൽ സംസാരിച്ചു. ""എനിക്കു ഒരു കൊറിയർ വാങ്ങാൻ പോകാനുണ്ട്. ആദ്യം വൈകീട്ട് വാങ്ങാം എന്നാണ് വിചാരിച്ചത്. ഇപ്പോളാ പയ്യൻ വിളിച്ച് പറഞ്ഞു ഒരു മണിക്ക് ഇന്ന് ഓഫീസ് അടക്കുമെന്ന്.''""എന്നാൽ നാളെ വാങ്ങിയാൽ പോരേ? വേണേൽ ഞാൻ വരുന്ന വഴിയ്ക്ക് വാങ്ങി വരാം,'' അഹദ് പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. ""ഇത് ഞാൻ കുറെ നാളായി വായിക്കാനാഗ്രഹിച്ചു വാങ്ങിയ പുസ്തകമാണ്. ഇതിപ്പോ കഴിഞ്ഞാഴ്ച കിട്ടുമെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോൾ തന്നെ ലെയിറ്റായി. ഇന്നുതന്നെ വാങ്ങാം. അതുമല്ല, അഹദ് വരുന്ന വഴിക്കുള്ളതല്ല ഇപ്പോഴത്തെ കെട്ടിടം. പഴയ സ്ഥലതാണെങ്കിൽ അടുത്തുള്ള ഒരു കട എനിക്കു പരിചയമുള്ളതാണ്. അവിടെ കൊടുത്താൽ മതിയായിരുന്നു.'' ""അത് നല്ലൊരു സ്ഥലമായിരുന്നല്ലോ. ആക്‌സസിബിൾ ആയിരുന്നു. അവരെന്താണവിടുന്നു മാറ്റിയത്?''""ആ...എന്തെങ്കിലും വാടക പ്രശ്‌നമോ മറ്റോ ആയിരിക്കും. അവിടെ വണ്ടികൾ പാർക്കു ചെയ്യാൻ അത്ര സ്ഥലമില്ലല്ലോ. മിക്കപ്പോഴും റോഡിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്നതു കാണാം. ഇതിപ്പോ, സ്ഥലം കണ്ടെത്താൻ തന്നെ പറ്റോ ന്ന്​അറിയില്ല. ഇന്നലേയോ മറ്റോ മാറ്റിയിട്ടുള്ളൂ എന്നാണ് പറഞ്ഞത്. ഹൈസൺ കോംപ്ലെക്‌സ് എന്ന ഷോപ്പിങ് മാളിന്റെ ഓപ്പോസിറ്റുള്ള പൊക്കെറ്റ് റോഡിലൂടെ ഒരു 100 മീറ്റർ പോയാൽ ഇടത്തു വശത്താണെന്നാണ് പറഞ്ഞത്. ''ജുഗ് ഇം...ജുഗ് ഇം...

വലതുവശത്തുനിന്ന്​ വരുന്ന വെടിയൊച്ചകൾ. അത് കൊള്ളാതിരിക്കുവാൻ വേണ്ടി തക്ക സമയത്ത് പട്ടാളക്കാരെപ്പോലെ നിലത്തുകിടക്കുന്ന ദീപകും കൂട്ടരും. ""സൈക്കോ...നിനക്കു ജാക്കിനെ പരിചയമുണ്ടോ?'' ""പിന്നെ, എന്റെ കോളജ് മേറ്റ് ആയിരുന്നു. എന്താ കില്ലർ?'' ""ആഹാ...അവൻ ഇപ്പോ എവിടെയാ താമസിക്കുന്നത് എന്നറിയാമോ?'' ""ഞാൻ ഇന്നലെ കൂടി പോയുള്ളൂ. നീ എന്റെ വീട്ടിലേക്ക് വാ. നമുക്ക് ഒരുമിച്ച് പോകാം. എന്താ കാര്യം? അവൻ നിന്നെയും പറ്റിച്ചോ?'' ""ഒരു ലോണെടുക്കണം.'' ""അതിനു ബാങ്കിൽ പോയാൽ പോരേ?''""അതല്ല. ഒരു ചെറിയ അഡ്ജസ്റ്റ്‌മെൻറ്​ വേണം. ഈട് വെക്കാൻ ഒന്നും ഇല്ല. പരിചയമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ...കടത്തിൻമേൽ കടമാണ്.'' ""നീ അപ്‌സെറ്റ് ആകാതെ. നമുക്ക് സംഘപ്പിക്കാം. ഞാൻ അവനോടു സംസാരിക്കാം. നീ ഇന്ന് തന്നെ വാ.'' ""താങ്ക്‌സ് ഡാ.''
ദീപക് വിജയഭാവത്തിൽ മുഷ്ടി ചുരുട്ടി കൈകൾ ഉയർത്തി താഴോട്ട് കൊണ്ടുവന്നു. ഓപ്പോസിറ്റ് ടീമിലെ ബാറ്റ്‌സ്മാനെ ഔട്ട് ആക്കുമ്പോൾ സാധാരണ ബൗളർമാർ കാണിക്കാരുള്ള ചേഷ്ട പോലെയായിരുന്നു അത്.

""ഞാൻ പോയിട്ടു വേഗം വരാം. ഒരു സർപ്രൈസുണ്ട്.'' ""അതെന്താ അത്? ഇന്ന് എല്ലാവർക്കും സർപ്രൈസുകളാണല്ലോ.'' ""അതെന്താ വേറെ സർപ്രൈസ്?'' ""പോകുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.''
അഹദ് ഡയറിയെക്കുറിച്ച് അവർ അന്ന് രാവിലെ ചർച്ച ചെയ്ത കാര്യങ്ങളെല്ലാം ""അമേസിങ്. ദിസ് ഈസ് റിയല്ലി ഇന്റസ്റ്റിങ്. ഇനി വൈകിയാൽ ശരിയാകില്ല. പോകുന്ന വഴിക്ക്​ ഒന്നുരണ്ട് സ്ഥലത്തു കൂടി കേറാനുണ്ട്.'' മേശപ്പുറത്ത് വെച്ചിരുന്ന ആ ചെറിയ കുപ്പി വെള്ളം ബാഗിൽ തിരുകി, വേഗത്തിൽ നടന്നകലുന്നതിനിടയിൽ സുഹാന പറഞ്ഞു. (എവിടെ പോകുമ്പോഴും ഒരു കുപ്പി വെള്ളം കയ്യിൽ കരുതുന്നത് സുഹാനയുടെ ശീലമാണ്)

""ഞാൻ വരണോ,'' എന്ന് അഹദ് ചോദിക്കുമ്പോഴേക്കും സുഹാന എതിരെ വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച്​, അതിൽ കയറിക്കഴിഞ്ഞിരുന്നു.
മെയിൻ റോഡിൽ നിന്ന്​ വലത്തോട്ടു തിരിഞ്ഞ്​ ഒരു നൂറു മീറ്റർ മാറി ഓട്ടോയുടെ കുടുകുട് ശബ്ദം നിലച്ചു. യാന്ത്രികമായി ഓട്ടോ ഡ്രൈവർക്ക് പറഞ്ഞ പൈസ കൊടുത്തു സുഹാന കൊറിയർ ഓഫീസിൽ നിന്ന്​ പറഞ്ഞുതന്ന പുതിയ കെട്ടിടം ലക്ഷ്യമാക്കി നടന്നു. അഹദ് പറഞ്ഞ തിയറി സത്യമാണെങ്കിൽ കേസന്വേഷണത്തിൽ അവസാന ഘട്ടത്തിൽ എത്തി എന്നു തങ്ങൾക്കു ആശ്വസിക്കാം. സുഹാന മനസ്സിൽ കണക്ക് കൂട്ടി.

പൂമ്പാറ്റകളുടെ കൂടെ പറന്നുല്ലസിക്കുവാൻ വർണ്ണശഭളമായ ചിറകുകൾ കിട്ടിയതു പോലെ കുതിക്കുകയായിരുന്നു സുഹാനയുടെ മനസ്സ്. കുറച്ചു നാളായി ആഗ്രഹിക്കുന്നതാണ് അഗത ക്രിസ്റ്റിയുടെ ഈ പുസ്തക സമാഹാരം വായിക്കാൻ. ക്രൈം ഫിക്ഷനോടുള്ള ഈ താൽപര്യം ഡിറ്റക്​ടീവ്​ ഏജൻസിയിൽ ചേരുന്നതിന് മുമ്പുതന്നെയുണ്ട്. ഷെർലെക് ഹോംസ് സമ്പൂർണ കൃതി വായിച്ചുകഴിഞ്ഞതാണ്. കൂടാതെ, മലയാളത്തിലെ ഒട്ടു മിക്ക ക്രൈം നോവലുകളും. ഈ ഒരു ഴോനർ വായിച്ചു കഴിഞ്ഞാൽ മറ്റൊരു തരത്തിലുള്ള കഥ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ടാണ്. ഓരോ കൃതിയും ഒരാവർത്തി വായിച്ചുകഴിഞ്ഞാൽ പിന്നെ നിരൂപകർ തരുന്ന വിശദീകരണങ്ങൾ വായിച്ചു കഴിഞ്ഞ അദ്ധ്യായങ്ങളുമായി ഒത്തുനോക്കും. അതാണ് പതിവ്. ഇഷ്ടം മൂത്ത് ഒരു ക്രൈം ഫിക്ഷൻ നോവൽ എഴുതുക കൂടി ചെയ്തു സുഹാന.

പുറത്തു കാർഡ് ബോർഡ് പെട്ടികൾ കൂട്ടിയിട്ട സ്ഥലം പോലും വളരെ ആർട്ടിസ്റ്റിക് ആയി സുഹാനക്കുതോന്നി. മൂന്നു ഇംഗ്ലീഷ് അക്ഷരങ്ങളുള്ള ഒരു കൊറിയർ കമ്പനിയുടെ പേര്​ യാന്ത്രികമായി വായിച്ചു സുഹാന അകത്തേക്കുകയറി. പണ്ട് ഗോഡൗണായ സ്ഥലം കൊറിയർ ഓഫീസ് ആക്കിയതാണെന്നു തോന്നുന്നു. ഒരു മൂലയിൽ ഒരു മേശയും കസേരയും ഇട്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊരു സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടില്ല. അനവധി കാർഡ് ബോർഡ് പെട്ടികൾ അവിടേയും കൂട്ടിയിട്ടിട്ടുണ്ടായിരുന്നു.

""ഇങ്ങനെ പെട്ടന്നു ഓഫീസ് മാറ്റിയാ ആളുകൾക്കു ബുദ്ധിമുട്ടല്ലേ?''""സോറി മാഡം. അവിടെ റോഡെടുത്ത് പോകും എന്നുള്ളതുകൊണ്ടാണ്. സ്ഥലം കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയോ?''""സുഹാന.''""അറിയാം മാം. എടുത്തു വെച്ചിട്ടുണ്ട്.''
അയാളൊരു പഴഞ്ചൻ റെജിസ്റ്റർ മേശപ്പുറത്ത് തുറന്നുവെച്ചു. കുറച്ചു നേരത്തെ തിരച്ചിലിനുശേഷം അയാൾ മുഖമുയർത്തി, അല്പം ജാള്യതയോടെ ചോദിച്ചു,""പെൻ ഉണ്ടോ?''""അതുശരി...അതൊന്നുമില്ലാതെയാണോ ഇവിടെ വന്നിരിക്കുന്നത്?'' സുഹാന ബാഗിൽ കയ്യിട്ട് പേന തിരഞ്ഞെടുത്ത് ആ പയ്യന് കൊടുത്തു. പേന നോക്കുന്നതിനിടയിൽ ബാഗിൽ കണ്ട ആ സാധനം സുഹാനയെ ആവേശം കൊള്ളിച്ചു. അതു കാണുമ്പോൾ അഹദിന്റേയും ദീപകിന്റേയും സന്തോഷം കാണാൻ സുഹാനയ്ക്ക് തിടുക്കമായി.""ഉം.. വേഗം.''""കഴിഞ്ഞു മാഡം. ദാ..ഇവിടെ ഒന്നു ഒപ്പിടാമോ?''

അയാൾ ചൂണ്ടു വിരൽ കൊണ്ട് തൊട്ട് കാണിച്ച സ്ഥലത്തു ഒപ്പിട്ടു, തല ഉയർത്തിയപ്പോൾ ഒരു മീഡിയം വലിപ്പത്തിലുള്ള പാക്കറ്റ് അയാൾ മേശപ്പുറത്ത് വെച്ചിരുന്നു. പുസ്തകമായതുകൊണ്ട് അത്യാവശ്യം നല്ല ഭാരമുണ്ട്. അതുമെടുത്ത് സുഹാന ധൃതിയിൽ നടന്നു. ഓട്ടോ എവിടുന്നു കിട്ടുമെന്ന് അറിയില്ല. മിക്കവാറും മെയിൻ റോഡ് വരെ നടക്കേണ്ടി വരും. ""മാഡം...പേന വേണ്ടേ?''""ഓ..മറന്നു'' എന്നു പറഞ്ഞു സുഹാന തിരിഞ്ഞുനോക്കുമ്പോൾ ആ പയ്യന്റെ ഫോണിൽ ഒരു വീഡിയോ പ്ലേ ചെയ്യുന്നുണ്ടായിരുന്നു.
"അമേസിങ്. ദിസ് ഇസ് റിയല്ലി ഇന്ററസ്റ്റിങ്'. ഇനി വൈകിയാൽ ശെരിയാകില്ല. പോകുന്ന വഴിക്ക് ഒന്നു രണ്ട് സ്ഥലത്തു കൂടി കേറാനുണ്ട്.''
""ഈ ഡയറി കണ്ടോ? ഈ പെൻ കൊണ്ട് എഴുതിയാൽ ഇതിൽ ഇങ്ങനെ ഒരു മെസേജ് തെളിയും. ജുഗ് ഇം...'' ഇത് കണ്ടിട്ടാകണം... ശര വേഗത്തിൽ അനവധി കട്ടുറുമ്പുകൾ സുഹാനയുടെ അടിവയറ്റിൽ നിന്നും നെഞ്ചിലേക്കു പാഞ്ഞു കയറി. തുളച്ച് കയറുന്ന ഒരു വേദന അനുഭവപ്പെട്ടു. കഴുത്തിലുള്ള നീറ്റൽ കാരണം ശബ്ദം പുറത്തു വന്നില്ല. യഥാസ്ഥിയിലേക്ക് തിരിച്ചു വന്നപ്പോൾ, കണ്ണുകൾ ചുമന്ന ഒരു യക്ഷിപ്പോലെ സുഹാന ഗർജ്ജിച്ചു,
""യൂ...''

ബാഗ് തുറന്നു കുപ്പി വെള്ളമെടുത്ത് സുഹാന അയാളുടെ മുഖത്തേക്കൊഴിച്ചു, മേശപ്പുറത്ത് വെച്ചിരുന്ന ഫോണെടുത്ത് തിരിഞ്ഞോടി.

അപ്രതീക്ഷിതമായി മുഖത്തേക്ക് ശക്തിയിൽ വെള്ളം വീണപ്പോൾ അയാളൊന്ന് പതറി. ഇതിലും വേഗതയിൽ ഓടാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് സുഹാന ആഗ്രഹിച്ചു. അയാൾ കണ്ണിൽ നിന്നും വെള്ളം തുടച്ചു ഓടിവരുന്ന സമയമേ തനിക്കുള്ളൂ എന്നു സുഹാനക്കറിയാമായിരുന്നു. മെയിൻ റൊഡിലെത്തിയാൽ മതിയായിരുന്നു. ആരെയെങ്കിലും ഫോൺ ചെയ്താലോ? ഇപ്പോൾ വേണ്ട. ഇവിടെ നിന്നു രക്ഷപ്പെട്ടിട്ടാകട്ടെ. ആ കുപ്പിയിൽ വെള്ളത്തിനുപകരം പെപ്പർ സ്‌പ്രേയായിരുന്നെങ്കിൽ എന്ന്​ സുഹാന ആഗ്രഹിച്ചു. കാറുണ്ടായിരുന്നെങ്കിൽ എന്ന്​ സുഹാന കൊതിച്ചുപോയി. സ്വപ്നത്തിൽ അപകടം സംഭവിക്കുമ്പോൾ ഓടാൻ കഴിയാത്തതുപോലെ കാലുകൾ കുഴഞ്ഞുപോകുന്നു.

പൊടുന്നനെ, കരാ കരാ ശബ്ദത്തോടെ വാതിലടഞ്ഞു. അവിടമാകെ അന്ധകാരം നിറഞ്ഞു. സുഹാന സഡ്ഡൻ ബ്രേക്കിട്ടതുപോലെ നിന്നു. ഇരുമ്പു വാതിൽ ഒന്നു രണ്ടു തവണ തട്ടി നോക്കി. പട പട ശബ്ദം ഉണ്ടാക്കുകയല്ലാതെ അത് അനങ്ങിയില്ല.
കൈകാലുകൾ തണുത്തു. തൊണ്ടയിൽ ആരോ വരിഞ്ഞു മുറുക്കുന്നതുപോലെ. പുറകിൽ നിന്ന്​ ഏതുനിമിഷവും ആക്രമിക്കപ്പെടും എന്ന ചിന്ത സുഹാനയെ ഭയവിഹ്വലയാക്കി. ഒരു ആയുധത്തിനായി ചുറ്റും പരതി.

അപ്പോഴാണ് സുഹാന മറ്റൊരു സത്യം മനസ്സിലാക്കുന്നത്. ഗോഡൗണിന് ജനൽപ്പാളികളില്ലായിരുന്നു. പുറത്തുനിന്ന്​ വെളിച്ചം വരുന്ന യാതൊരു വിധത്തിലുള്ള ഓട്ടകളും ഇല്ല. ആകെയുണ്ടായിരുന്ന ബൾബിൽനിന്നു വരുന്ന അരണ്ട മഞ്ഞവെളിച്ചത്തിൽ കുറച്ചു കാർഡ് ബോർഡ് പെട്ടികളുടെ കൂനകളല്ലാതെ മറ്റൊന്നും കണ്ടില്ല. കയ്യിലുള്ള പുസ്തകക്കെട്ടിൽ മുറുകെ പിടിച്ച് സുഹാന തിരിഞ്ഞു നോക്കി. മുൻപു കണ്ട പയ്യൻ തന്റെ നേരെ ഒരു തോക്ക് ചൂണ്ടിനില്ക്കുന്നു. ഏതു നിമിഷവും തന്റെ ജീവൻ നഷ്ടപ്പെടാം. രക്ഷപ്പെടാനുള്ള ഒരുപാധിപോലും സുഹാനയുടെ മനസ്സിൽ തെളിഞ്ഞില്ല. എരിയുന്ന തീക്കനലുകൾ തന്റെ നേർക്ക് എറിയപ്പെട്ടതുപോലെ സുഹാനയ്ക്ക് തോന്നി. എന്തുചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് സുഹാനയുടെ മനസ്സിൽ ഒരാശയം ഉദിച്ചത്.

""കളിത്തോക്കാണോ?''

സുഹാനയുടെ മനസ്സാന്നിധ്യവും ആത്മവിശ്വാസവും ആ പയ്യനെ അമ്പരിപ്പിച്ചു. അപ്പോളങ്ങനെ ഒരു മറു ചോദ്യം അയാൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

""മിണ്ടിപ്പോവരുത്. അവിടെ ഇരിക്ക്.''

അയാൾ തോക്കിന്റെ അറ്റം കൊണ്ട് എതിരെ കണ്ട ഒരു കസേര ചൂണ്ടിക്കാണിച്ചു. അയാളുടെ കൈകൾ വിറയ്ക്കുന്നത് സുഹാന ശ്രദ്ധിച്ചു. അത് കണ്ടപ്പോൾ കുറച്ചാശ്വാസം തോന്നി. പയ്യന് തോക്കുപയോഗിച്ചുള്ള പരിചയമുണ്ടാവില്ലെന്ന്​സുഹാന ഊഹിച്ചു.

""ഫോൺ മേശപ്പുറത്ത് വെക്ക്.'' അയാൾ തോക്കിന്റെ കാഞ്ചി വലിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.

സുഹാന പറഞ്ഞതുപോലെ ചെയ്തു. ഉള്ള്​ ആലില പോലെ വിറയ്ക്കുന്നുണ്ടെങ്കിലും അതൊന്നും മുഖത്ത് കാണിക്കാതിരിക്കാൻ സുഹാന പ്രത്യേകം ശ്രദ്ധിച്ചു. പണ്ടേ കരാട്ടയോ മറ്റോ പഠിച്ചിരുന്നെങ്കിലെന്ന് സുഹാനയ്ക്ക് തോന്നിപ്പോയി. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. കുറച്ചു സമയം കഴിഞ്ഞിട്ട് കാണാതിരിക്കുമ്പോൾ അഹദോ ദീപകോ തന്നെ അന്വേഷിച്ചു വരുമായിരിക്കും എന്നു സുഹാനക്കുതോന്നി. അത് വരെ ഒന്നു പിടിച്ച് നിൽക്കുകയേ വേണ്ടൂ.

""എന്നെ അറിയാമോ?''

നേരത്തെ കേട്ട പയ്യൻസ് ശബ്ദം അല്ല. നല്ല കനത്ത ഒരു ശബ്ദം. അതിന്റെ ഉടമ ആരാണെന്നറിയുവാൻ സുഹാന തലപൊക്കി നോക്കി. മറ്റാരുമല്ല. ഇത് വരെ കൊറിയർ ഡെലിവെറി ബോയ് ആയിരുന്ന ആൾ തന്നെയാണ്.

""ഞാനാരാണെന്ന് മനസ്സിലായോ?'' ചോദ്യമാവർത്തിക്കപ്പെട്ടു.

ആരെങ്കിലുമാവട്ടെ. എനിക്കെന്താ? എന്ന ഭാവത്തിൽ സുഹാന ഇരുന്നു. ശരിയല്ലേ? തോക്ക് കാണിച്ചു പേടിപ്പിക്കുന്ന ഒരു മനുഷ്യന്റെ ഊരും പേരും അറിഞ്ഞിട്ടെന്ത് കാര്യം. ജീവിക്കുമോ ഇല്ലയോ എന്നാണ് ചോദ്യം എങ്കിൽ അതിൽ കേൾക്കുന്ന ആൾക്കു തീർച്ചയായും താൽപര്യമുണ്ടാകും. എന്നാൽ, അതിനെക്കുറിച്ചാണ് അയാൾ അൽപ നേരത്തിന് ശേഷം സംസാരിച്ചത്.

""ഞാൻ സൈക്കോ...അതായത് ജോയൽ.''

സുഹാനയുടെ മുഖം വിളറി. ശരവേഗത്തിൽ ഒരു തണുപ്പ് കഴുത്തിലൂടെ കടന്നു പോയി. എത്ര മറച്ചു വെക്കാൻ ശ്രമിച്ചിട്ടും അത് പതിയെ കണ്ണുകളെ വിടർത്തി, ചുണ്ടുകളെ വെള്ള നിറമാക്കി, കൈ വിരലുകളെ പിണച്ചു. എങ്ങനെയെങ്കിലും സുരക്ഷിതത്വത്തിലേക്ക് ഓടിപ്പോകുവാൻ മനസ്​ കൊതിച്ചു.

അല്ലാഹ്...സുഹാന അറിയാതെ ഉരുവിട്ടു പോയി.

സുഹാന ദീപക് കാണിച്ചു തന്ന ഫോട്ടോ ആലോചിച്ചു. ഇരുണ്ട നിറം, മൂക്കിൻ പാലത്തിന്റെ വളവ്.(പകുതിയിൽ നിന്ന്​ ഏതാണ്ട് കുട്ടികളുടെ സ്ലൈഡ് പോലെ), മുഖത്തേക്ക് വീണു കിടയ്ക്കുന്ന മുടി, ബ്രൗൺ നിറത്തിലുള്ള കൃഷ്ണമണി. ഈ വര പോലുള്ള മീശയും ഉഷാൻ താടിയും കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയും അന്നില്ല. ബാക്കിയെല്ലാം വരച്ചുവെച്ചതുപോലെത്തന്നെ. താൻ എന്തുകൊണ്ട് ഇതെല്ലാം നേരത്തെ ശ്രദ്ധിച്ചില്ല? അതിനു സുഹാനയ്ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. നിത്യജീവിതത്തിൽ കണ്ടു മുട്ടുന്ന ആളുകൾക്കിടയിൽ കൊലയാളി ഒളിഞ്ഞിരിപ്പുണ്ടാകും എന്നു ഒരു പക്ഷേ താൻ ചിന്തിച്ച് കാണില്ല.

""അതേ, ദീപകിന്റെ സ്‌കൂൾ മേറ്റ്. അവന്റെ ഫ്രൻറ്​.''

ആ വാക്ക് കേട്ടപ്പോൾ സുഹാന അയാളെ തറപ്പിച്ചൊന്നു നോക്കി. ഫ്രൻറ്​...ആർക്കും ആരേയും പറ്റിക്കാൻ ഉള്ള ഒരു വാക്കാണത്. അതുച്ചരിക്കാൻ പോലുമുള്ള അർഹത ഇയാൾക്കില്ല.

""ഇവിടേക്കാണു വരുന്നതെന്ന്​ നിന്റെ കൂട്ടുകാരോട് പറഞ്ഞിട്ടാണ് വന്നത് അല്ലേ? അതുകൊണ്ടാണ് നിന്റെ മുഖത്ത് ഇത്ര അഹങ്കാരമെന്ന് തോന്നുന്നു?''

അയാൾ സുഹാനയുടെ മറുപടിക്കായി കാത്തുനിന്നു. ഉത്തരം പ്രതീക്ഷിച്ചു നിൽക്കുന്ന ഒരാൾക്കു അത് നല്കാതിരിക്കുക , അതാണ് ഏറ്റവും നല്ല മരുന്ന് എന്നു സുഹാനയ്ക്കറിയാം. ഒരു നീണ്ട സംഭാഷണത്തിന് തയ്യാറായാണ് അയാളിരിക്കുന്നതെന്നു സുഹാനക്കുതോന്നി. അല്പ നേരത്തെ മൗനത്തിനുശേഷം ജോയൽ തുടർന്നു,""എന്നാൽ, ആ പ്രതീക്ഷ വേണ്ട. അവർ വരില്ല. ജാക്ക്...അതായത് ഈ എന്നെ കാണാൻ അവർ വീട്ടിൽ പോയിരിക്കുകയാണ്. അവിടെ അവരെ കാത്തു മറ്റൊരു ജാക്കുണ്ട്. അന്ന് നിന്റെ അഹദും പോലീസ് ഒഫീസറും കണ്ട ജാക്ക്. അതറിയാതെ പാവങ്ങൾ...''

ജോയലിന്റെ മുഖത്ത് ഒരു ചിരി നിറഞ്ഞു. പൊട്ടിച്ചിരിയല്ല. എന്നാൽ അതൊരു പുഞ്ചിരിയുമല്ല. മനസ്സ് തുറന്ന ഒരു ചിരി. പേശികളെല്ലാം അയഞ്ഞ, മുഖം നിറഞ്ഞു നിൽക്കുന്ന ഒരു ചിരി. അതിനു ശേഷമാണ് അവൻ ആ ഉത്തരം പറഞ്ഞത്.""നിന്നെ എന്തിനാണ് പിടിച്ച് വെച്ചിരിക്കുന്നതെന്നറിയാമോ?'' ജോയൽ പിന്നേയും സുഹാനയുടെ കണ്ണുകളിൽ ഉത്തരത്തിനായി പരതി.

""പറ...'' അയാളുടെ ക്ഷമ നശിക്കുന്നതായി സുഹാനയ്ക്ക് തോന്നി.

""കൊല്ലാൻ...ഇപ്പോഴല്ല. കുറച്ചു കൂടി സമയം ഉണ്ട്. ഇന്ന് രാത്രി. കൃത്യം ഏഴേ മുക്കാലിന്. വല്ല അവിവേകവും കാണിച്ചാൽ അതിനു മുൻപു തന്നെ.''

യഥാർഥ കൊലയാളിയുടെ അടുത്താണോ താൻ ചെന്നുപെട്ടിരിക്കുന്നത്? ഇയാളാണോ അഞ്ചാറാളുകളെ കൊന്നത്? എന്തിന്? സുഹാന അയാളെ ദയനീയമായി ഒന്നു നോക്കി. അയാളുടെ മുഖത്തെ വിജയ ഭാവം കണ്ടപ്പോൾ മനപ്പൂർവ്വം മുഖം പ്രസന്നമാക്കുവാൻ ശ്രമിച്ചു. അത് അയാളെ ചൊടിപ്പിക്കുമെന്ന് സുഹാനയ്ക്ക് അറിയാമായിരുന്നു.

""കേട്ടില്ലേ?? ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്.''

പേടിക്കല്ലേ...എന്ന്​ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുവാൻ ശ്രമിച്ചു.
എങ്കിലും മനസ്സ് ശൂന്യമാകുന്നത് സുഹാന അറിഞ്ഞു.
ഉള്ള്​ ആലില പോലെ വിറച്ചു. അത് മെല്ലെ കൈകാലുകളിലേക്കും പടർന്നു. അതിനെതിരെ ശക്തി പ്രയോഗിക്കാൻ ശ്രമിച്ചു. രക്ഷയില്ല. ഇയാൾ ഇത് കണ്ടാൽ സന്തോഷിക്കും .അത് സംഭവിക്കാൻ പാടില്ല. മനസ്സിനെ ഡിസ്ട്രാക്റ്റ് ചെയ്യുക തന്നെ.

‘‘ഞാനെങ്ങനെ നിങ്ങളുടെ വിവരങ്ങളെല്ലാം അറിഞ്ഞു എന്നല്ലേ? എനിക്ക്​ സിക്‌സ്ത് സെൻസുണ്ട്. സിക്‌സ്ത് സെൻസ്. ''

ജോയൽ എന്തിനാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്ന്​ സുഹാനയ്ക്ക് മനസ്സിലായില്ല. അയാളുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന വെറുപ്പ് മുഴുവൻ തന്റെ നേരെ എടുത്തു പ്രയോഗിക്കുന്നതുപോലെ സുഹാനക്കുതോന്നി. തങ്ങൾ സംസാരിക്കുന്നതു കേൾക്കാൻ ആരുമില്ലാതെ വല്ലാതെ ഏകാന്തത അനുഭവിക്കുന്നവർ ഇങ്ങനെ പെരുമാറുമെന്ന് കേട്ടിട്ടുണ്ട്.

""ഞാൻ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്​ എന്നാണോ ചിന്തിക്കുന്നത്? പറഞ്ഞുതരാം. എല്ലാം പറഞ്ഞു തരാം. അതിനുമുൻപ്​ മറ്റൊരു കാര്യം കൂടി പറഞ്ഞു തരാം. ഞാൻ തന്നെ പറഞ്ഞു തരാം.'' ജോയൽ കൈ കാലുകൾ കുടഞ്ഞു. അയാൾ പോക്കെറ്റിൽ നിന്ന്​ ഏതോ ഒരു ഗുളികയെടുത്ത്​ ചവച്ചരച്ചു. തോക്ക് ചൂണ്ടിയത് കൊണ്ടാണ് സുഹാന അവിടെയിരിക്കുന്നത് എന്ന്​ ജോയൽ ബോധവാനാണെന്ന് സുഹാനക്കുതോന്നി. ഗുളിക പോക്കറ്റിൽ നിന്നെടുക്കുമ്പോഴും വായിലിടുമ്പോഴും ഒന്നും തോക്കിൽ നിന്ന്​ അല്പം പോലും ശ്രദ്ധ തെറ്റാതെ ജോയൽ ശ്രദ്ധിച്ചു.

ഈ ഭ്രാന്തന്റെ കയ്യിൽ നിന്ന്​ എങ്ങനെ രക്ഷപ്പെടും എന്ന്​ സുഹാനയ്ക്ക് ഒരു പിടിയും കിട്ടിയില്ല. പതിയെ ഫോൺ പുറത്തെടുക്കാൻ ഒരു ശ്രമം നടത്തിനോക്കി.
മുഖമുയർത്തി നോക്കിയപ്പോൾ ജോയൽ തന്നെത്തന്നെ നോക്കി നില്ക്കുന്നു. ""ഹേ..മിസ്റ്റർ.''""ആ...അങ്ങനെ തന്നെ. എനിക്കു ഈ സുഹാനയെ ആണിഷ്ടം. വാ തോരാതെ സംസാരിക്കുന്ന സുഹാന. ധൈര്യവതിയായ സുഹാന.''

സുഹാനയുടെ മനസ്സിൽ വെറുപ്പ് ഇരച്ചു കയറി. ഇത്തരം ആൾക്കാരോട്​ ഒന്നും പറഞ്ഞിട്ടു കാര്യമില്ല. റിലാക്‌സ്..മനസ്സിനെ പറഞ്ഞു പഠിപ്പിക്കുവാൻ ശ്രമിച്ചു. ""ആ...നേരത്തെ ഞാൻ എന്താണ് ചോദിച്ചത്? ഈ പേന. അതേ, ഈ പേന കണ്ടോ? ഇതിന്റ അകത്തു ഇങ്ങനെയൊരു അറയുണ്ട്. അത് തുറന്നാൽ ഇത് ഇവിടെ കേറ്റി വെക്കാം. ഇതെന്താണെന്ന് മനസ്സിലായോ?''

സുഹാന ഒന്നും പറയില്ലെന്ന് ജോയലിന് മനസ്സിലായെന്ന് തോന്നുന്നു. അധികം കാത്തു നിൽക്കാതെ അയാൾ തുടർന്നു. ""ക്യാമറ.''

അത് കേട്ടപ്പോൾ സുഹാന ഞെട്ടുമെന്നാണ് ജോയൽ കരുതിയത്. പക്ഷേ, സുഹാന നിസസംഗതയോടെ തന്നെ ഇരുന്നു.

""ഇതിന്റെ രഹസ്യം എന്താണ്? ഈ ധൈര്യത്തിന്റെ? സാധാരണ ആൾക്കാർ പേടിച്ച് വിറയ്ക്കും. അത് കാണാനാണ് എനിക്കിഷ്ടം. എന്തു രസമാണെന്ന് അറിയോ?''

സുഹാന തന്റെ തണുത്തുറഞ്ഞ കൈ വിരലുകൾ തൊട്ടുനോക്കി. പക്ഷേ, മുഖം പ്രസന്നമായി വെക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. ജോയലിന്റെ സംഭാഷണത്തിൽ താല്പര്യമില്ലാത്തതുപോലെത്തന്നെ ഇരുന്നു.
വരണ്ട കാൽ പാദങ്ങൾ. പാദങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് ഉമ്മ എപ്പോഴും പറയാറുണ്ട്. സമയമില്ലെന്നു പറഞ്ഞാൽ സമയം ഉണ്ടാകുന്നതല്ല., നമ്മൾ ഉണ്ടാക്കുന്നതാണെന്നു പറയും. ഉമ്മ...ഇപ്പോ എന്തു ചെയ്യുകയാവും?

സുഹാനയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. പാടില്ല. ഇത് ജോയലിനെ സന്തോഷിപ്പിക്കുകയെ ഉള്ളൂ. അവൾ തൊട്ടടുത്ത് കിടന്ന കാർഡ് ബോർഡ് പെട്ടികളിലേക്ക് കണ്ണുകൾ പായിച്ചു. അവ്യക്തമായ എഴുത്തുകൾ...കൂടുതൽ കൂടുതൽ മാഞ്ഞുപോകുന്നു.
സുഹാന കണ്ണുകൾ അമർത്തി അടച്ചു, പൊടുന്നനെ ഇറ്റി വീണ കണ്ണുനീർ ജോയൽ കാണല്ലേ എന്നു പ്രാർഥിച്ചു. തൊണ്ടയിലെ പിടി കുറച്ചു അയഞ്ഞതുപോലെ. കരച്ചിൽ ഒരു മരുന്നാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, എതിരാളികളുടെ മുന്നിൽ വെച്ചാകുമ്പോളത് തോൽവിയുടെ ആദ്യ പടി ആണെന്ന് സുഹാനക്കറിയാം.

""അപ്പോൾ നമുക്ക് ഇത് ഇവിടെ അവസാനിപ്പിക്കാം. നമുക്ക് അന്ധകാരത്തിലേക്ക് പോകാം. ഇപ്പോൾ തന്നെ പോകാം. '' ജോയൽ വല്ലാതെ ഹിസ്റ്റീരിക് ആയതുപോലെ. അയാൾ തന്റെ കയ്യിലെ തോക്ക് സുഹാനയുടെ അടുത്തു കൊണ്ടുവന്നു, നെറ്റിയിൽ തൊട്ടു തൊട്ടില്ല എന്നായപ്പോൾ നിർത്തി. സുഹാനയുടെ ഹൃദയം പടപടാ മിടിയ്ക്കാൻ തുടങ്ങി. അത് സുഹാനക്കുതന്നെ കേൾക്കാമായിരുന്നു. നെറ്റിയിൽ നിന്ന്​ വിയർപ്പു പൊടിഞ്ഞു.

""റെഡി അല്ലേ? ഒന്നും പറഞ്ഞില്ലെങ്കിൽ ഞാൻ ഇപ്പോൾത്തന്നെ വെടി വെക്കും.''
തല ചുറ്റുന്നത് പോലെ. കണ്ണിൽ ഇരുട്ട് കയറുന്നു.

""സുഹാനാ, അപ്പോ ശരി.'' ജോയലിന്റെ മുഖത്ത് പൈശാചികമായ ഒരു ചിരി വിരിഞ്ഞു.

എന്തു ചെയ്യണം? ഇപ്പോൾ സംസാരിക്കുന്നതാണ് ബുദ്ധി.

""ജോയലിന് എന്താണ് വേണ്ടത്? എന്തിനാണ്... എന്നെ കൊല്ലുന്നത്?'' ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. നാക്ക് ഉണങ്ങി വരണ്ടിരിക്കുന്നു.

ജോയൽ പിന്നേയും ചിരിച്ചു. വിജയത്തിന്റെ ചിരി. അയാളുടെ കണ്ണുകൾ ചുമന്നു.

""ആ...അങ്ങനെ ചോദിക്ക്. മിടുക്കി. മിടുമിടുക്കി. ''

സുഹാനയുടെ രക്തം തിളച്ചു കയറി. എങ്കിലും മൗനം പാലിച്ചു.

""എനിക്കു കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അത് നന്നായി പ്രശ്‌നങ്ങൾ പരിഹരിക്കാനറിയാവുന്ന, നന്നായി സംസാരിക്കാൻ അറിയാവുന്ന നിന്നോടു തന്നെ പറയണം എന്നു എനിക്കൊരു ആഗ്രഹം. എന്തു പറയുന്നു.''

""ഞാൻ കേൾക്കാം.''

ഉറച്ച ഒരു ശബ്ദമാണ് പുറത്തു വന്നത്, അത് മറ്റാരുടേതോ പോലെ സുഹാനയ്ക്ക് തോന്നി. സുഹാനയ്ക്ക് വയറു വല്ലാതെ കടഞ്ഞു. പേടിക്കരുത് എന്നു മനസ്സിൽ നിശബ്ദമായി ഉരുവിട്ടു കൊണ്ടിരുന്നു.

""എനിക്ക്​ സുഹാനയെ എങ്ങനെ മനസ്സിലായി? അതിനുത്തരം ആണ് നേരത്തെ പറഞ്ഞത്. ആ പേനയ്ക്കുള്ളിൽ ഞാൻ ഒളിപ്പിച്ച ക്യാമറാ.''""ഏ?''

""ആ..പറഞ്ഞു തരാം. പറഞ്ഞു തരാം. അതിനാണല്ലോ ഞാൻ ഇവിടെ ഇരിക്കുന്നത്. ദീപക്...അവൻ നിനക്കു പിറന്നാൾ സമ്മാനം അന്വേഷിച്ചു നടക്കുകയായിരുന്നു. അത് ഞാൻ കേട്ടു. അവൻ ഫോണിൽ പറയുന്നതു ഞാൻ കേട്ടു. ബിയോങ് ഗിഫ്റ്റ് ഷോപ്പിന്റെ പുറത്തു നിന്നു. ഞാൻ ആ ഷോപ്പിൽ കയറി കടക്കാരനു പൈസ കൊടുത്തു. കുറച്ചധികം പണം തന്നെ കൊടുത്തു. എന്നാലെന്താ? ഈ പേന തന്നെ ദീപകിനെ കൊണ്ട് വാങ്ങിപ്പിക്കാമെന്ന് ഉറപ്പുവാങ്ങി. പണത്തിനുമേലെ പരുന്തും പറക്കില്ല സുഹാന. പിന്നെ നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു. എന്തൊരു രസമാണ് അത് കേട്ടിരിക്കൻ. വീണ്ടും വീണ്ടും കേട്ടു.''

""അങ്ങനെ ചതിച്ചു നേടുന്നത് വിജയമല്ല.''

എത്രയും സമയം താൻ സംസാരിക്കുന്നുവോ അത്രയും സമയം മാത്രമേ തനിക്ക് ജീവിതം അനുവദിച്ചു തന്നിട്ടുള്ളൂ. നിർത്താതെ സംസാരിക്കുന്നതു തന്നെയാണ് നല്ലത്. സംശയം തോന്നി അഹദോ ദീപകോ തന്നെ തേടി വന്നാലോ? അവരെ പിടിച്ച് നിർത്താൻ എന്തെങ്കിലും പ്ലാൻ ജോയലിന് ഇല്ലാതിരിക്കില്ല. ഇതുവരെ അവരാരും തന്നെ വിളിച്ചിട്ടില്ല. ഒരു പക്ഷേ, അവർ മറ്റെന്തെങ്കിലും തിരിക്കിലാണെങ്കിലോ? ഇനി അഹദിനും ദീപകിനും വല്ല അപകടവും?
ഇല്ല...ഇങ്ങനെ ചിന്തിച്ചാൽ താൻ നെഗറ്റീവ് ചിന്തകളിലേക്ക് വഴുതി വീഴുകയെ ഉള്ളൂ. ഇപ്പോൾ ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കുക തന്നെ.

""വിജയം...അതെനിക്ക് എന്നും ഇഷ്ട്മാണ്. വിജയിക്കാനായി ജനിച്ചവനാണ് ഞാൻ. അതാരും തട്ടിപ്പറിക്കാൻ ശ്രമിക്കുന്നത് എനിക്കിഷ്ട്മല്ല. അതിനു വേണ്ടി എന്തു മാർഗ്ഗവും ഞാൻ സ്വീകരിക്കും.''

ജോയൽ സുഹാനയെ ഒന്നു നോക്കി, പുച്ഛത്തോടെ ചിരിച്ചു.

""ഞാൻ എഴുതിയിട്ടു ഒന്നും ശരിയാകുന്നില്ല. എനിക്കൊരു വലിയ എഴുത്തുകാരനാകണം എന്നുണ്ട്. ഇപ്പോൾ തുടങ്ങിയ ആഗ്രഹമല്ല. കുറേനാളായി ഉള്ളതാണ്. ഞാൻ എഴുതിയാൽ ആർക്കും ഇഷ്ടപ്പെടുന്നില്ല. എന്തു ചെയ്യും?''

""വായിച്ചാൽ മതി. നന്നായി എഴുതാം.''

സുഹാനയ്ക്ക് വെറുപ്പ് തോന്നി.
എങ്കിലും വളരെ താൽപര്യത്തോടെ ജോയൽ പറയുന്നതെല്ലാം കേട്ടിരുന്നു. പാതി വഴിക്കു ഉപേക്ഷിച്ച സൈക്കോളജിസ്റ്റ് എന്ന ജോലി ഏറ്റെടുക്കാം എന്നു വിചാരിച്ചു. ജീവിതം നിലനിർത്താനല്ലേ?

""വായിക്കാൻ എനിക്ക് ഇഷ്ടമല്ല. പുസ്തകം എടുത്താൽ എനിക്കുറക്കം വരും. എഴുത്തുകാരുടെ പ്രശസ്തി...അതാണ് എന്നെ ആകർഷിക്കുന്നത്. അതെനിക്ക് കിട്ടിയേ തീരൂ. പക്ഷേ, ദീപക് അങ്ങനെ അല്ലായിരുന്നു. അവനെന്തെഴുതിയാലും അദ്ധ്യാപകർ വാനോളം പുകഴ്​ത്തുമായിരുന്നു. അവന്റെ വരികൾക്ക്​ ഒരു മാന്ത്രിക ശക്തിയുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന എനിക്കു അന്നൊരു ബുദ്ധി തോന്നി. ഞാൻ നേരെ യമുന ടീച്ചറോടു പോയി ഒരു കാര്യം പറഞ്ഞു. ദീപക് കവിതകൾ കട്ടെടുക്കുന്നതാണ് എന്ന്​. അവന്റെ കവിതകൾ ഞാൻ മോഷ്ടിച്ചു. അതിനു പകരം അസൈൻമെൻറുകളായിത്തന്ന പ്രശസ്തരുടെ കവിതകൾ കയറ്റി. പണ്ടേ, യമുന ടീച്ചർക്ക്​ എന്നോടു വലിയ വാത്സല്യമായിരുന്നു. ജോലിക്കാരായ മാതാപിതാക്കളുടെ കുട്ടി. അതെനിക്ക് നിറയെ ബഹുമാനം നേടിത്തന്നു.''

""ജോയലിനു എഴുതാൻ പറ്റും. ശ്രമിച്ചു നോക്കൂ.''

""ജോയലിനെക്കുറിച്ച് നിനക്കെന്തറിയാം? ഇപ്പോൾ നീ എന്നോടു സംസാരിക്കുന്നത്​ എന്തിനാണെന്ന് എനിക്കറിയാം. എന്നോടുള്ള ഇഷ്ടം കൊണ്ടല്ല. ജീവിക്കാൻ വേണ്ടി മാത്രമാണ്​.''

കടലിനും ചെകുത്താനും ഇടയിൽ പെട്ടതുപോലെയായി സുഹാനയുടെ അവസ്ഥ. സംസാരിക്കണോ വേണ്ടയോ എന്നു സുഹാനയ്ക്ക് തീരുമാനിക്കാനായില്ല. എന്തായാലും സൂക്ഷിച്ചു മാത്രം സംസാരിക്കുക തന്നെ.

""എന്നെ ആരും സ്‌നേഹിച്ചിട്ടില്ല. എല്ലാവർക്കും എന്നോട്​ ബഹുമാനമായിരുന്നു. എന്റെ അച്ഛനോടും അമ്മയോടുമുള്ള ബഹുമാനം. അത് ഞാൻ പിന്നീടാണ് തിരിച്ചറിഞ്ഞത്. എന്റെ മാതാപിതാക്കൾ പോലും എന്നെ സ്‌നേഹിച്ചിട്ടില്ല. അവർക്കു സമയമില്ല, ഒന്നിനും. ഓടി നടന്നു പണമുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. പണം കൊണ്ട് അവർ ഒരു മണിമാളിക പണിതു. അതിൽ ഒറ്റയ്ക്ക് ഞാൻ എരിഞ്ഞുതീർത്തത് മണിക്കൂറുകളല്ല, വർഷങ്ങളാണ്. ഒരു ദിവസം അവർ തമ്മിൽ സംസാരിക്കുന്നതു ഞാൻ കേട്ടു. അതു ദീപകിന്റെ അച്ഛനെക്കുറിച്ചായിരുന്നു. ബാങ്കിലെ എന്റെ അച്ഛന്റെ തിരിമറികൾ പിടിച്ചപ്പോൾ അച്ഛനതു ദീപകിന്റെ അച്ഛന്റെ മേൽ കെട്ടിവെച്ചു. അയാളെ പോലീസ് അറസ്റ്റ് ചെയ്തു. അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. സ്മാർട്ട്‌നെസ്​...അതാണ് വിജയം. അതിനു ഇന്ന വഴി എന്നില്ല. നമ്മുടെ വിജയം-അതാണ് മുഖ്യം. ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുന്നവനും വിജയി ആകാം. അത് കാണിച്ചു തന്ന അച്ഛനോട് എനിക്കു നന്ദിയുണ്ട്. അച്ഛനാണെന്റെ ഗുരു. പിന്നെ എനിക്കു പഠിക്കാനേ കഴിഞ്ഞില്ല. കുറച്ചുനാൾ ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി. പിന്നെ വീട്ടിൽത്തന്നെ. ആ വെളിച്ചമുള്ള കൊട്ടാരത്തിലെ ഇരുട്ട് മുറിക്കുള്ളിൽ....''

ജോയൽ ഇതെല്ലാം മനസ്സിൽ കാണുകയാണ് എന്നു സുഹാനയ്ക്ക് തോന്നി.

""കുറേ ഡോക്ടർമാരെ കണ്ടു. അവരക്കാർക്കും എന്നെ ചികിത്സിച്ചു ഭേദമാക്കുവാൻ കഴിഞ്ഞില്ല. അല്ലെങ്കിലും രോഗമുണ്ടെങ്കിലല്ലേ മാറുകയുള്ളൂ? പതിയെ ഞാൻ ജീവിത്തിലേക്ക് തിരിച്ചു വന്നു. ജുഗ് ഇം...അറിയാലോ അല്ലേ? അതാണ് എന്നെ രക്ഷിച്ചത്. രാവും പകലും ഞാൻ ഗെയിം കളിച്ചു. മതിവരുവോളം. അതാണെന്റെ ലോകം. കുറ്റപ്പെടുത്തലുകളും കാപട്യവും ഇല്ലാത്ത എന്റെ ലോകം. അവിടെ നിന്നു കുറേ ആളുകളെ ഞാൻ പരിചയപ്പെട്ടു. അതിനിടയിൽ കുറേ എഴുത്തുകാരേയും. എന്നാൽ, എഴുത്തുകാരെക്കുറിച്ചു കേൾക്കുമ്പോൾ എനിക്കു സഹിക്കില്ല. ഞാൻ പതിയെ അവരോടു സുഹൃത്താകും . പിന്നെ പണി കൊടുക്കും. ദാ...ഇതുപോലെ...''

സുഹാനയ്ക്ക് വിശ്വസിക്കാനായില്ല. ജോയൽ ഒരു വിറളിപിടിച്ച പോത്തിനെപ്പോലെ തന്റെ അടുത്തേക്ക് ഓടി വരുന്നു. ഒരു മുഴുത്ത ഞെണ്ട് കഴുത്തിൽ ഇറുക്കുന്നതു പോലെ തോന്നി. . കാലുകൾ തണുത്തുറഞ്ഞു. അവിടെ നിന്ന്​ ഒരിഞ്ച് അനങ്ങാനാകാതെ സുഹാന മിഴിച്ചിരുന്നു. തോക്കിൻ തുമ്പ്​ സുഹാനയുടെ നെറ്റിയിലമർത്തി ജോയൽ ചോദിച്ചു,

""അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ?''

സുഹാനയുടെ തൊണ്ട വരണ്ടു. പശ വെച്ചു ഒട്ടിച്ചു വെച്ചത് പോലെ നാക്ക് വായിൽ ഒട്ടിപ്പിടിച്ചു. മരണം തൊട്ടടുത്തെത്തിയിരിക്കുന്നു. ""മറ്റുള്ള എഴുത്തുകാരുടെ അടുത്തേക്ക് നിനക്കും പോകാം.''
ഇടിമുഴക്കം പോലെ ജോയേലിന്റെ ശബ്ദം അവിടെ തങ്ങി നിന്നു. വീണ്ടും വീണ്ടും പ്രതിധ്വനിച്ചു. സുഹാന കണ്ണുകൾ ഇറുക്കി അടച്ചു. വെളിച്ചം കണ്ട പാറ്റകളെപ്പോലെ കുറേ ചിന്തകൾ പരക്കം പാഞ്ഞു. ഒന്നും വ്യകതമായില്ല. ഏത് നിമിഷവും തന്റെ തലയോട്ടി തുളച്ച് ഒരു വെടിയുണ്ട കടന്നു പോകും എന്നു മാത്രം സുഹാനയ്ക്ക് അറിയാമായിരുന്നു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments