ഭയമെന്ന ഞെണ്ടിന്റെ കൂർത്ത കാലുകൾ തൊലിയിലൂടെ ആഴ്ന്നിറങ്ങുന്നത് സുഹാന അറിഞ്ഞു. അത് മെല്ലെ ശ്വാസകോശങ്ങളെ ഇറുക്കി. ഇതുവരെ കൊലയാളിയുടെ ഇരയായവരുടെ ദയനീയ മുഖങ്ങൾ സുഹാനയുടെ മനസ്സിൽ മിന്നിമറഞ്ഞു. തോക്കിലൂടെ ഒരു നേരിയ പ്രകമ്പനം സഞ്ചരിച്ച് സുഹാനയുടെ നെറ്റിയിലെത്തി. തോക്കിന്റ കാഞ്ചി വലിക്കാൻ പോകുകയാണെന്ന് സുഹാന തിരിച്ചറിഞ്ഞു.
""ആ...,'' സുഹാന അറിയാതെ അലറിപ്പോയി.
""എന്താണ് മോളെ? എന്തു പറ്റി? മാറി നിൽക്ക്.''
""ന്ഹാ...''
ശരവേഗത്തിൽ ഒരു സീൽക്കാരം സുഹാനയുടെ നെഞ്ചിലൂടെ കടന്നുപോയി. കൈകൾ വല്ലാതെ വിറച്ചു.
""ഞാനെവിടെയാണ്? രക്ഷപ്പെട്ടോ? എങ്ങനെ? അയാൾ വെടിവെച്ചില്ലെ?'
ചോദ്യങ്ങളുടെ ഒരു നിര തന്നെ ഉത്തരങ്ങൾക്കായി കാത്തുനിന്നു.
ജോയൽ അല്ല, ഒരു സ്ത്രീ ശബ്ദം. സുഹാന മെല്ലെ കണ്ണു തുറന്നു. ചെറുവാതിലിലൂടെ ശക്തിയായ ഒരു പ്രകാശം തുളച്ചുകയറി. ഒരു മഞ്ഞളിപ്പ്. കണ്ണിനുമുന്നിൽ അവ്യക്തമായ കുറേ രൂപങ്ങൾ നൃത്തം ചെയ്തു. നെറ്റിയിൽ നിന്ന് തോക്കിൻ തുമ്പ്അകന്നിരിക്കുന്നു. അതമർത്തിവെച്ച സ്ഥലത്തു വല്ലാതെ നീറുന്നുണ്ടായിരുന്നു. ജോയലിനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.
""ആരാ..?'' അറിയാതെ സുഹാനയുടെ വായിൽ നിന്ന് രണ്ടക്ഷരങ്ങൾ പുറത്തു ചാടി. അത് ശബ്ദശകലങ്ങളാണോ എന്നു തന്നെ സുഹാന സംശയിച്ചു. തൊണ്ടയുടെ അകത്തുനിന്നു പുറപ്പെടുന്ന ഒരു പ്രകമ്പനം മാത്രമായിരുന്നു അത്. വിയർപ്പുതുള്ളികൾ മടിയിലേക്ക് ഇറ്റി വീണുകൊണ്ടിരുന്നു. വീട്ടുകാരെയും സുഹൃത്തുക്കളെയും കാണാൻ മനസ്സ് കൊതിച്ചു.
വല്ലാത്ത ക്ഷീണം. ഇനി താൻ ജീവിതം കുറച്ചു കൂടി ആസ്വദിക്കും.
ആവശ്യമില്ലാതെ ടെൻഷൻ അടിച്ചിരിക്കില്ല എന്നും മറ്റും തീർച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു, മരണത്തെ മുഖാമുഖം കണ്ട ഏതൊരാളും ചിന്തിക്കുന്നതുപോലെ.
തളർച്ച പതുക്കെ മനസ്സിനേയും കീഴ്‌പ്പെടുത്തി. വിഭ്രാന്തിയോടെ സുഹാന ചുറ്റും നോക്കി. ചുരുദാറിട്ട ഒരു സ്ത്രീ മുന്നിൽ നിൽക്കുന്നു. നല്ല പൊക്കവും അതിനൊത്ത തടിയും ഉള്ള ഒരു സ്ത്രീ. അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടിപ്പിണഞ്ഞു. താൻ എവിടെയോ ആ മുഖം കണ്ടിട്ടുണ്ട്. തലയിലൂടെ തണുപ്പ് ഇരച്ചു കയറുന്നത് സുഹാന അറിഞ്ഞു. എവിടെയാണെന്ന് ഓർക്കാൻ കഴിയുന്നില്ല.
""ഇല്ല. ഞാൻ കണ്ടിട്ടില്ല. ഒരു പക്ഷേ, എനിക്കു തോന്നിയതാകും.’’
""എന്നെ അറിയില്ലേ?'' അടഞ്ഞ ആ മുറിയുടെ മതിലുകളിൽ തട്ടി ആ ശബ്ദം സുഹാനയുടെ ചെവിയിൽ പതിച്ചു.
""അപ്പോൾ എനിക്കറിയാവുന്ന ആളാണോ ഇത്? ആരായിരിക്കും?'
ഒരു നാടക നടിയെപ്പോലെ മേക്ക് അപ് കോരി വാരി തേച്ച മുഖം. ഇക്കാലത്ത് ഇത്രയധികം ചായങ്ങൾ വാരിത്തേക്കുന്നത് കണ്ടിട്ടില്ല. അതും കോട്ടക്കൽ പോലുള്ള ഒരു സ്ഥലത്തു. സുഹാന അവരുടെ ചുരുണ്ട മുടിയിഴകൾ ശ്രദ്ധിച്ചു. അവ ചീകിയൊതുക്കി ഒരു പോണീ ടെയിൽ ആക്കി കെട്ടി വെച്ചിരിക്കുന്നു. ചെറിയ രണ്ടു മൂന്നു മുടിയിഴകൾ മുന്നിലേക്ക് വീണു കിടയ്ക്കുന്നു.
""ഉം...എന്താണാലോചിക്കുന്നത്?'' സുഹാന അവരെ പിന്നേയും മിഴിച്ചുനോക്കി. തല കറങ്ങുന്നത് പോലെത്തോന്നി. വല്ലാതെ വിയർത്തു. നാവുകൊണ്ട് ചുണ്ടുകൾ നനയ്ക്കാൻ ശ്രമിച്ചു. അവ വരണ്ടുണങ്ങിയത് സുഹാന തൊട്ടറിഞ്ഞു.
""ദാഹിക്കുന്നുണ്ടല്ലേ? കുടിക്ക്.''
അവർ ഒരു ഗ്ലാസ്സ് വെള്ളം സുഹാനയെ ഏൽപ്പിച്ചു. വിറയ്ക്കുന്ന കൈകളോടെ സുഹാന ആ ഗ്ലാസ്സ് വാങ്ങി ചുണ്ടോടടുപ്പിച്ചു. സാധാരണ സ്ഥിതിയിലാണെങ്കിൽ തനിക്കുവേണ്ട എന്നു പറഞ്ഞേനെ. പക്ഷേ, ഇപ്പോൾ, ഒരിറ്റു വെള്ളത്തിനായി ആഗ്രഹിക്കുന്ന നിമിഷത്തിൽ അത് സാധ്യമാണെന്ന് സുഹാനയ്ക്ക് തോന്നിയില്ല. കൈകൾ പോലെ ഉള്ളും വിറച്ച് കൊണ്ടിരുന്നു. സുരക്ഷിതമായ ഒരു സ്ഥലത്തെത്തി ഒന്നു വിശ്രമിക്കാൻ മനസ്സ് വെമ്പി.
""നല്ല മനഃശക്തിയുണ്ടല്ലോ. സ്ത്രീകൾക്കു അഭിമാനിക്കാം,''
അവർ പിന്നേയും സംസാരിക്കാൻ തുടങ്ങി. ഗ്ലാസ്സിൽ തന്നെ ചുണ്ടുകൾ വെച്ചു കൊണ്ട്, സുഹാന ആ സ്ത്രീയെ നോക്കി, തൊണ്ടയിൽ തണുത്ത വെള്ളം തട്ടിയ ആശ്വാസത്തോടെ. അവരുടെ പൂച്ചക്കണ്ണുകൾ തിളങ്ങി. അവർ എന്തിനാണ് തന്നെ പ്രശംസിക്കുന്നത് എന്നു സുഹാനയ്ക്ക് മനസ്സിലായില്ല.
സുഹാനയുടെ തല വെട്ടിപ്പൊളിയുന്നത് പോലെത്തോന്നി. കണ്ണുകൾ ചുളിച്ചു, കൈകൾകൊണ്ട് മുഖം പൊത്തി. കണ്ടു മറന്ന അനവധി മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. കോളേജിലെ അദ്ധ്യാപകർ, സഹപാഠികളുടെ ചേച്ചിമാർ, പിന്നീട് ജോലിസ്ഥലത്തും മറ്റും കണ്ടു മറന്ന മുഖങ്ങൾ...അവയിലൊന്നും ഈ പൂച്ചക്കണിയെ കണ്ടു പിടിക്കാൻ സുഹാനയ്ക്കായില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്-താൻ ഇവരെ എവിടെയോ കണ്ടിട്ടുണ്ട്. ഓർമ്മയുടെ മാഞ്ഞു പോയ ശകലങ്ങളിൽ എവിടെയോ ഈ മുഖം ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ എവിടെ? സുഹാന അവരെത്തന്നെ നോക്കി നിന്നു.
അവർ തന്റെ കണ്ണുകൾ മേൽപ്പോട്ടുയർത്തി. ഇടത്തെ കണ്ണ് ഇടത്തെ കൈ കൊണ്ട് തുറന്നുപിടിച്ച് വലത്തെ കൈ ഉയർത്തി, ആ കണ്ണിൽ നിന്ന് എന്തോ എടുത്ത് മാറ്റി. ഇപ്പോൾ അവരുടെ ഒരു കണ്ണു നല്ല ബ്രൗൺ കളറും മറ്റേ കണ്ണ് പൂച്ചക്കണ്ണുമാണ്. അവർ കണ്ണുകൾ മൂന്നു നാലു പ്രാവശ്യം ചിമ്മിക്കൊണ്ടിരുന്നു. എന്നിട്ടു മറ്റേ കണ്ണിലും ഇതുതന്നെ ആവർത്തിച്ചു. അവർ എന്തിനാണിപ്പോൾ ലെൻസ് അഴിച്ചത് എന്നു സുഹാന ശങ്കിച്ചു നിൽക്കേ അവർ തലയിൽ വെച്ചിരുന്ന ചുരുണ്ട മുടിയുടെ വിഗ്ഗും അഴിച്ചു മാറ്റി സുഹാനയെ നോക്കി. സ്ട്രെയ്റ്റൻ ചെയ്ത മുടിയിഴകൾ നൂലു പോലെ മുൻപിലേക്ക് വീണു കിടന്നു. അനങ്ങാനാകാതെ, സുഹാന പകച്ചു നിന്നു.
""ഗംഗ....'' സുഹാന അറിയാതെ മന്ത്രിച്ചു പോയി.
ഭൂത പ്രേത പിശാചുക്കളിൽ പണ്ടേ വിശ്വാസം ഇല്ലാത്തതിനാൽ പേടി തോന്നിയില്ല. എന്നാൽ ഇവരെങ്ങനെ ഇവിടെ?
ഗംഗയുടെ അനവധി ചിത്രങ്ങൾ സുഹാനയുടെ മനസ്സിൽ തെളിഞ്ഞു. ഉറങ്ങാതെ ഇരുന്നു ബ്ലോഗ്ഗുകളിൽ നിന്നു തപ്പിയെടുത്തവ, സ്‌കൂൾ ഫോട്ടോകൾ, സുഹൃത്തായ ഹൃദ്യയിൽ നിന്നു കിട്ടിയവ. അവയിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ ഇവർക്കുണ്ട്. ചിന്തകൾക്ക് വ്യക്തത വരുന്നുണ്ടായിരുന്നു.
""നിങ്ങൾ?''
""സംശയിക്കേണ്ട. ഗംഗ തന്നെ.''
""അതെങ്ങനെ?''
സുഹാനയുടെ മനസ്സിൽ അനവധി സാദ്ധ്യകൾ തെളിഞ്ഞു.
""ഇതെന്തൊരു മറിമായം?'
""നിങ്ങൾ...നിങ്ങളെങ്ങനെ രക്ഷപ്പെട്ടു?''
സുഹാനയുടെ കൃഷ്ണമണികളിൽ ഗംഗയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു.
മരണത്തിന്റെ വക്കിൽ നിന്നു ഭാഗ്യത്തിന് രക്ഷപ്പെട്ടെങ്കിലും സുഹാനയുടെ തൊണ്ടയിൽ ഒരു ഘനം രൂപപ്പെട്ടിരുന്നു. പ്രതീക്ഷിക്കാതെ അനുഭവിച്ച കുറേ പിരിമുറുക്കങ്ങൾ സമ്മാനിച്ചവ. ആ വിങ്ങൽ കണ്ണുനീരായി മാറുമോ എന്നു സുഹാന ഭയന്നു.
ഗോഡൗണിന്റെ മതിലിനു മുകളിലുണ്ടായിരുന്ന ഒരു കൊച്ചു ഓട്ടയിലൂടെ ചുമന്നാകാശത്തിന്റെ ഒരു പാളി കാണുന്നുണ്ടായിരുന്നു. സൂര്യൻ അസ്തമിച്ചിട്ടുണ്ടാകണം. വെറുതെയിരിക്കുമ്പോൾ ആകാശത്തിന്റെ വർണങ്ങളും മേഘങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങളും നോക്കിയിരിക്കുക സുഹാനയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. ചിത്രകാരൻമാർ ചുമപ്പും, മഞ്ഞയും , ഓറഞ്ചും , നീലയും നിറങ്ങളിൽ പകർത്തുന്ന ആകാശം നോക്കി ഇത് വെറും ഭാവന അല്ലേ എന്നു വിചാരിച്ച നാളുകൾ ഉണ്ടായിരുന്നു. അതിനുശേഷമാണ് ഇങ്ങനെ ഒബ്‌സേർവ് ചെയ്യാൻ തുടങ്ങിയത്. വിവിധ പാളികളുള്ള വർണശകലങ്ങളല്ലേ ഒരു തരത്തിൽ പറഞ്ഞാൽ ജീവിതം?
സുഹാനയുടെ മനസ് കുതിച്ചു. ജോയൽ വരുന്നതിന് മുമ്പ് ഇവിടെ നിന്ന്രക്ഷപ്പെടണം.
""താങ്ക്‌സ്. ജോയലിന് എഴുത്തുകാരോട് അധിയായ ദേഷ്യമുണ്ട്. അവൻ എന്നോടു പറഞ്ഞു. നിങ്ങളും എഴുതുമായിരുന്നു, അല്ലേ?
""ചെറുപ്പത്തിൽ. പിന്നീട് പഠിപ്പും ജോലിയും ആയപ്പോൾ സമയം കിട്ടാതെ ആയി. എങ്കിലും അവസരം കിട്ടുമ്പോഴെല്ലാം ഞാൻ വായിക്കുമായിരുന്നു.''
""അതായിരിക്കും അവൻ നിങ്ങളെയും ടാർഗെറ്റ് ചെയ്തത്.''
""ആയിരിക്കാം. മുൻപിലുള്ള വാതിൽ അടച്ചിരിക്കുകയല്ലേ? എനിക്കു ഒരു രഹസ്യ വാതിൽ അറിയാം. നമുക്ക് അതിലൂടെ രക്ഷപ്പെടാം.''
ഗോ ഡൗണിന്റെ പുറകു വശത്തുള്ള കിളിവാതിലിലൂടെ തല കുനിച്ചു കടന്നപ്പോൾ പുറം ലോകം കാണാം എന്നു വിചാരിച്ച സുഹാനയ്ക്ക് പക്ഷേ തെറ്റി. ഒരു ഇരുണ്ട ഇടനാഴികയികയിലാണവർ എത്തിച്ചേർന്നത്. സുഹാനയുടെ ചിന്തകൾ മനസ്സിലാക്കിയിട്ടാകണം, ഗംഗ ഇവിടെ നിന്ന് പുറത്തു കടയ്ക്കാൻ ഈ വഴിയേ ഉള്ളൂ എന്നു പറഞ്ഞത്. താൻ ഒന്നു രണ്ടു മാസക്കാലം ഇവിടെയാണ് കഴിഞ്ഞു കൂടിയത് എന്നു ഗംഗ പറഞ്ഞപ്പോൾ സുഹാനയ്ക്ക് സഹതാപം തോന്നി. പുറത്തെ വിശാലതയും വെളിച്ചവും മനസ്സിലാക്കണമെങ്കിൽ ഇങ്ങനെ ഒരു സ്ഥലത്തു എത്തിച്ചേരണം.
ഗംഗയും സുഹാനയും ആ വഴികളിലൂടെ നടന്നു. കഷ്ടിച്ച് ഒരാൾക്കു മാത്രം നടയ്ക്കാനാകുന്ന ആ പാത സുഹാനയെ ശ്വാസം മുട്ടിച്ചു. വെളിച്ചം ഒട്ടും ഇല്ലാത്തതിനാൽ ഗംഗ ഫോൺ ലൈറ്റ് കത്തിച്ച് വെച്ചിരുന്നു. ആരെയെങ്കിലും വിളിക്കാം എന്ന ആഗ്രഹത്തോടെ സുഹാന ഫോൺ കയ്യിലെടുത്തു നോക്കി. റേഞ്ച് ഇല്ല. റേഞ്ച് വരുമ്പോൾ അയക്കപ്പെടുമല്ലോ എന്നു വിചാരിച്ചു ഒരു മെസേജ് അഹദിനും ദീപകിനും അയച്ചിട്ടു.
""എൻട്രാപ്ട് ഇൻ ദി കൊറിയർ ഓഫീസ്. പ്ലീസ് ഹെൽപ്.''
അധികമൊന്നും ടൈപ് ചെയ്യാൻ പറ്റുമായിരുന്നില്ല. ചില സ്ഥലങ്ങളിലൂടെ ചെരിഞ്ഞു മതിലിൽ ഉരസിയാണ് അവർ പൊയ്‌ക്കൊണ്ടിരുന്നത്. സുഹാന ഫോണിന്റെ വെളിച്ചത്തിൽ മതിലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബ്രൗൺ നിറത്തിലുള്ള കറകൾ കണ്ടു. മതിലിൽ നിന്നു ഒലിച്ചിറങ്ങിയതുപോലുള്ള അവ കണ്ടാൽ അറയ്ക്കും. ചിലപ്പോളവയിൽ തൊട്ടുരുമിയാണ് അവർ നടന്നു കൊണ്ടിരുന്നത്. നിവർത്തിയില്ലാതെ ആയിപ്പോയി. കറകളെ അറപ്പോടെ നോക്കുന്ന സുഹാനയെ കണ്ടു ഗംഗ പുഞ്ചിരിച്ചു.
""വവ്വാലുകളുടെ കാഷ്ടമാണ്. ഈ കാണുന്ന ഷീറ്റിന് മുകളിൽ ഒരു അറയുണ്ട്. അത് ബാറ്റുകളുടെ സങ്കേതമാണ്. ശ്രദ്ധിച്ചപ്പോൾ ശക്തിയിലുള്ള ചിറകടികൾ കേൾക്കുന്നുണ്ടോ എന്നു സുഹാന സംശയിച്ചു. ചിലപ്പോൾ തോന്നിയതാകാം. ബാറ്റുകൾ രാവിലെ ഉറങ്ങുകയായിരിക്കില്ലേ? പുറകിലേക്ക് പറയ്ക്കുന്ന വക്കീൽ കോട്ട് പോലെ ചിറകുകളുള്ള വവ്വാലുകൾക്കു പണ്ടേ ഒരു ഭയപ്പെടുത്തുന്ന ഇമേജ് ആണ്. വാംപെയർ ബാറ്റുകൾ എന്ന ഗ്രൂപ്പിലുള്ളവർ മാത്രമേ ചോര കുടിക്കുകയുള്ളുവെങ്കിലും അവർ തങ്ങളുടെ കൂട്ടർക്ക് ചാർത്തിക്കൊടുത്ത ചീത്തപ്പേരു കുറച്ചൊന്നുമല്ല.
""എത്താറായോ?''
""ദാ...ഒരു മിനുറ്റ് കൂടി.''
മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ പുറം ലോകം കാണാൻ പോകുകയാണ് എന്ന ചിന്ത സുഹാനയെ ആവേശഭരിതയാക്കി.
""മെയിൻ റോഡിൽ ചെന്നാൽ ഓട്ടോ കിട്ടുമായിരിക്കും. മെസേജ് കിട്ടുമ്പോൾ അഹദും ദീപകും വരാതിരിക്കില്ല.'
""ദാ എത്തി. ആ വാതിലിലൂടെ കടന്നാൽ മതി,'' ഗംഗയുടെ ശബ്ദം പ്രതിധ്വനിച്ചു.
സുഹാനയുടെ ഹൃദയം കുതിച്ചു. നടപ്പിന്റെ വേഗത കൂടി. ഗോ ഡൗണിന്റെ മുൻപിൽ ഉള്ളത് പോലുള്ള ഇരുമ്പു ഷീറ്റ് കൊണ്ടുള്ള വാതിൽ ആയിരുന്നു അത്. തള്ളി നോക്കിയപ്പോൾ പൂട്ടിയിട്ടിരിക്കുകയാണെന്ന് മനസ്സിലായി.
""ഇതെങ്ങനെ തുറ...'
""ഷ്യൂമ്...'
മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം മൂക്കിൽ തുളച്ച് കയറി. തിരിഞ്ഞു നോക്കിയപ്പോൾ ജോയൽ, കയ്യിൽ ഒരു സ്‌പ്രേ കാൻ.
""ജോയൽ...'' ഗംഗ ആക്രോശിച്ചു.
എന്നിട്ട് കെറോസിൻ സ്‌പ്രേ കാൻ പിടിച്ച് വാങ്ങി.
""ഇത്ര മാത്രം സ്‌പ്രേ ചെയ്താൽ ശരിക്ക് കത്തില്ല.'' അവർ സുഹാനയുടെ ദേഹം മുഴുവൻ മണ്ണെണ്ണ സ്‌പ്രേ ചെയ്തു. സുഹാനയുടെ രക്തം തണുത്തുറഞ്ഞു. മൊട്ടു സൂചികൾ ഹൃദയത്തിൽ തുളച്ച് കയറി. അവിശ്വാസത്തോടെ, സുഹാന നോക്കി നിന്നു. ഗംഗയുടെ മുഖം ചുവന്നു.
""ഇതൊരു രഹസ്യ അറയാണ്. ഇതിനുള്ളിൽ ആർക്കും വരാൻ പറ്റില്ല.''
""നോ...നിങ്ങളെന്നെ പറ്റിക്കാണ്.''
""എന്താ സുഹാന, കൊച്ചു കുട്ടികളെപ്പോലെ?''
അവർ ഒരു അമ്മയുടെ വാൽസല്യത്തോടെ അടുത്തു വന്നു. സുഹാന നോക്കി നിൽക്കേ അവർ പോക്കറ്റിനുള്ളിൽ നിന്നു ഒരു തീപ്പെട്ടിയെടുത്തു.
ഉയർന്ന , തിളച്ച തീനാളങ്ങൾ സുഹാനയുടെ ഹൃദയത്തെ കീഴടക്കി.
""നോ...'' പരിഭ്രമത്തോടെ, സുഹാന ഗംഗയേയും ജോയലിനേയും മാറി മാറി നോക്കി. ജോയലിന്റെ മുഖത്തെ ആഹ്ലാദം സുഹാനയ്ക്ക് വായിച്ചെടുക്കാമായിരുന്നു. തന്നെ വിധക്തമായി പറ്റിച്ചത്തിന്റെ ലഹരി ഗംഗയുടെ കണ്ണുകളിലും ഉണ്ടായിരുന്നു. അപ്പോഴും സുഹാനയുടെ ഉള്ളിലെ ആന്തൽ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.
""നിന്റെ ജീവിതം...അതെന്നെ കൊതിപ്പിച്ചു. അതേ, എത്ര മനോഹരമാണത്. ധാരാളം പുസ്തകങ്ങൾ...എപ്പോൾ വേണമെങ്കിലും വായിക്കാം, എഴുതാം. അത് നിഷേധിക്കപ്പെടുന്നവർക്കേ അറിയൂ, അതിന്റെ വിഷമം. മറ്റുള്ളവരെപ്പോലെ നീയും...,'' ഗംഗയുടെ ചുണ്ട് കോടി. അത് ഒരു ഏങ്കോണിച്ച ചിരി ആണെന്ന് സുഹാനയ്ക്ക് പിന്നീടാണ് മനസ്സിലായത്.
""ഞാൻ നിങ്ങളോട് എന്തു തെറ്റ് ചെയ്തു? നിങ്ങൾ ഈ ചെയ്യുന്നത് ശരി അല്ല. ഉം...വാതിൽ തുറയ്ക്ക്,'' സുഹാന ഗൗരവത്തോടെ പറഞ്ഞു.
""നിന്റെ ജീവനിപ്പോൾ ഒരു തീനാളത്തിൽ തൂങ്ങി നിൽക്കുകയാണെന്ന് മറക്കണ്ട. എന്നോടു ആജ്ഞാപിക്കേണ്ട. അതൊരുപാട് കേട്ടിട്ടുള്ളവളാണ് ഞാൻ.''
""നിങ്ങൾക്കെന്താണ് വേണ്ടത്?'' ശബ്ദം ഉറക്കെയാകുന്നത് സുഹാന അറിയുന്നുണ്ടായിരുന്നു.
""ശബ്ദം പൊങ്ങിയാൽ കൊന്നു കളയും...ഈ വാക്കുകൾ ആണ് ഞാൻ കാലങ്ങളായി കേട്ടു കൊണ്ടിരുന്നത്. എനിക്കു കിട്ടാത്ത സ്വാതന്ത്ര്യം നിനക്കും വേണ്ട. കൊന്നു കളയും ഞാൻ.''
മൂക്കിൻ ദ്വാരങ്ങൾ വിടരുകയും പല്ലുകൾ കടിച്ചു പിടിക്കുകയും ചെയ്തപ്പോൾ ഗംഗയുടെ മുഖം പൈശാചികമായി. മിണ്ടാതിരിക്കുന്നതാണ് നല്ലത് എന്നു സുഹാനക്കുതോന്നി.
""എന്റെ ജീവിതം പോലെ...അതെല്ലാവരും അനുഭവിക്കണം...ആ തീക്കനലിൽ...ഇഞ്ചിഞ്ചായി വെന്തുരുകണം.''
സുഹാനയുടെ മുന്നിൽ അന്ധകാരം നിറഞ്ഞു.
""ഇനി രക്ഷയില്ല. ഇവരുടെ മനസ്സലിഞ്ഞാൽ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂ. അത് സംഭവിക്കുമെന്ന് തോന്നുന്നില്ല.'
""അണഞ്ഞു തീരാത്ത തീനാളങ്ങൾ
പുകഞ്ഞു കത്തുന്നു വീണ്ടും വീണ്ടും,
കരിഞ്ഞു തീരുവാൻ കാത്തു ഞാൻ
ചാരത്തിരിക്കുന്നു,
ചുമന്നു തുടങ്ങുന്ന കരിക്കട്ടകൾ
കത്തിപ്പിടിയ്ക്കുന്നു ചാരെ,
ഹൃദയം നുറുങ്ങുന്ന വേദനയോടെ
മടങ്ങുന്നു ഞാൻ അവയിലലിഞ്ഞുചേരുവാൻ.
കരിഞ്ഞു കരിഞ്ഞു ചാരമാകുകാൻ
കഴിഞ്ഞിരുന്നെങ്കിൽ,
വെറുമൊരു കരിക്കട്ടയാകാൻ
കഴിഞ്ഞിരുന്നെങ്കിൽ...''
എന്ന വരികൾ ചൊല്ലി ഗംഗ സുഹാനയെ നോക്കി. ഇത് തന്നെ അവസരം എന്നു സുഹാന മനസ്സിൽ ഉറപ്പിച്ചു.
""എന്തു രസമാണീ ഈ വരികൾ. ഗംഗ ഒരിയ്ക്കലും എഴുത്ത് നിർത്തരുത്. നല്ല കഴിവുണ്ട്.''
മുഖത്ത് വന്ന ഒരു ചിരി കടിച്ചമർത്തി ഗംഗ പറഞ്ഞു,
""ഇനി എന്തെഴുത്ത്? പെട്ട് പോയില്ലേ? ഒരു വഴിയുണ്ട്. സത്യമറിയാവുന്ന നിന്നെ കൊന്നു കളയുക. എന്നാൽ, ഞങ്ങൾക്കു ജീവിക്കാം, സ്വസ്ഥമായി.''
സുഹാനയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.
""എന്റെ മക്കൾ...അവരെ കണ്ടിട്ടു എത്ര ദിവസമായി?''
""ഞാൻ നിങ്ങളെ രക്ഷിക്കാം,'' സുഹാന മറ്റൊരു വിദ്യ പ്രയോഗിക്കാൻ ശ്രമിച്ചു.
""നിനക്കെങ്ങനെ ഞങ്ങളെ രക്ഷിക്കുവാൻ കഴിയും? ഞങ്ങൾ പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും. സ്വസ്ഥമായ ഒരു ജീവിതം, അതാണ് ഞങ്ങൾക്കു വേണ്ടത്.''
""പോലീസിന് പക്ഷേ, ഇപ്പോഴും ഒന്നും അറിയില്ല എന്നു ഞങ്ങൾക്കറിയാം. കുറച്ചു കാര്യങ്ങളെങ്കിലും കണ്ടു പിടിച്ചത് നിങ്ങളാണ്. അതി ബുദ്ധിമാന്മാർ. നിങ്ങൾ മൂന്നു പേരെയും കൊന്നാൽ ഞങ്ങളുടെ പണി കഴിഞ്ഞു,'' ജോയൽ വലത്തെ മുഷ്ടി ചുരുട്ടി ഇടത്തെ കയ്യിൽ അടിച്ചു കൊണ്ട് പറഞ്ഞു. അയാളുടെ തോക്ക് എവിടെപ്പോയി എന്നു സുഹാന ശങ്കിച്ചു. അത് ബുദ്ധി കൊണ്ട് കളിക്കേണ്ട അവസരമാണെന്ന് സുഹാനക്കറിയാമായിരുന്നു.
""നിനക്കിപ്പോൾത്തന്നെ ഒരു പാട് കാര്യങ്ങളറിയാം. നിന്റെ സുഹൃത്തുക്കൾക്കോ? അവർക്കും. ഗെയിം, ഡയറിയുടെ രഹസ്യങ്ങൾ, ഞങ്ങൾ കൊല്ലാനുപയോഗിക്കുന്ന തന്ത്രങ്ങൾ...എല്ലാം. പോലീസിന് പക്ഷേ, ഒന്നുമറിയില്ല. അവർ ഞങ്ങളെ സംശയിച്ചിട്ടേയില്ല. അപ്പോൾ നിങ്ങളെ ഇല്ലാതാക്കിയാൽ എല്ലാം അവസാനിക്കും,'' ഗംഗ അതുതന്നെ പറഞ്ഞു. പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറയുന്നത്എന്തിനാണെന്ന് സുഹാന സംശയിച്ചു നിൽക്കേ, ജോയലിന്റെ മറുപടി വന്നു,
""ഇങ്ങൾ പേടിക്കണ്ടന്ന്. ബീട്ടിൽ നമ്മള് കൊറച്ച് പൈസ കൊടുക്കുന്നുണ്ട്.''
സൈക്കോ എന്ന കളിക്കാരനാകാൻ ജോയൽ സംസാരശൈലി മാറ്റാറുണ്ടെന്ന് സുഹാന മനസ്സിലാക്കിയിരുന്നു. ഇപ്പോൾ പക്ഷേ, തന്നെ ഒന്നു കളിയാക്കാനാണ് അങ്ങനെ ചെയ്തത് എന്നു സുഹാനയ്ക്ക് തോന്നി. ഒരാൾക്കിവിടെ മരണ വേദനയും മറ്റൊരാൾക്കു വീണ വായനയും. സുഹാനയുടെ രക്തം തിളച്ചു വന്നു. അതൊന്നും പുറത്തു കാണിക്കാതെ വളരെ ശാന്തയായി സുഹാന സംസാരിച്ചു.
""അതെല്ലാം നമുക്ക് ശരിയാക്കാം.''
""ഇല്ല....അത് അസാധ്യമാണ്. പൊയ് വാക്കുകൾ ഞാൻ ഒരു പാട് കേട്ടിട്ടുണ്ട്.''
സുഹാനയുടെ മുന്നിൽ ഉണ്ടായിരുന്ന അവസാനത്തെ വിളക്കും അണഞ്ഞു. ഇനി രക്ഷയില്ല. മരണം, അത് ഏത് നിമിഷവും സംഭവിക്കാം. കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി. എന്തെങ്കിലും സംസാരിച്ച് സമയം ദീർഘിപ്പിക്കുക തന്നെ. അഹദോ ദീപകോ തന്നെ കണ്ടെത്താതിരിക്കില്ല. മെസേജ് ഇപ്പോൾ കിട്ടിയിട്ടുണ്ടാകും. സുഹാന പതിയെ ഫോൺ പുറത്തെടുത്തു.
""അത് വേണ്ട. ഫോൺ ഇങ്ങു തന്നേക്കു.'' ജോയൽ കൈ നീട്ടി.
സുഹാന തർക്കിക്കുവാൻ നിന്നില്ല. മണ്ണെണ്ണയുടെ അസഹ്യമായ ഗന്ധം സുഹാനയിൽ ഓക്കാനമുണ്ടാക്കി. കൈ കാലുകൽ ചൊറിയുന്നുണ്ടായിരുന്നു. സുഹാന മനസ്സാനിധ്യത്തോടെ ആലോചിച്ചു. എന്താണ് തനിക്കിപ്പോൾ ഗംഗയോടും ജോയലിനോടും ചോദിക്കാൻ കഴിയുക? ഇനി തന്റെ വാക്കുകൾ അവരിൽ മാറ്റം ഉണ്ടാക്കാൻ പോകുന്നില്ല എന്നു അറിഞ്ഞിട്ടും സുഹാന ആ മാർഗ്ഗം തന്നെ സ്വീകരിക്കാം എന്നു കരുതി.
പുറത്ത് റോഡിലൂടെ വണ്ടികൾ പോകുന്നതിനു അനുസരിച്ചു "പട പാടാ' ശബ്ദങ്ങൾ കേൾക്കാമായിരുന്നു. ഗോ ഡൗണിന്റെ മുകളിൽ ഇട്ടിരിക്കുന്ന ഷീറ്റിന്റെ വൈബ്രേഷൻ ആകാം അതെന്ന് സുഹാന ഊഹിച്ചു.
""നിങ്ങൾ വിചാരിക്കുന്നത് പോലേയല്ല കാര്യങ്ങൾ. വിൻസെന്റ് എന്ന പോലീസുദ്യോഗസ്ഥന് എല്ലാം അറിയാം. അദ്ദേഹം ഇപ്പോൾ മറ്റുള്ളവരെ അറിയിച്ചിട്ടുണ്ടാകും. അന്ന് ദീപക് ഗെയിം കളിക്കുമ്പോൾ അഹദ് ജാക്കിനെ അന്വേഷിച്ചു വന്നത് പോലീസുകാർക്കൊപ്പമാണ്.''
ഗംഗയും ജോയലും ഒന്നു ഞെട്ടി. അവരുടെ മുഖം വിളറി വെളുക്കുന്നത് സുഹാന കണ്ടു. സുഹാനയ്ക്ക് കുറച്ചു ആത്മവിശ്വാസം തോന്നി. അവർ ആ ഷോക്കിൽ നിൽക്കുമ്പോൾ തന്നെ മറ്റൊരു പണി കൂടി കൊടുക്കാം എന്നു സുഹാന കരുതി.
""അത് മാത്രമല്ല, നിങ്ങളുടെ ഇൻഷൂറെൻസിനെക്കുറിച്ചുള്ള വിവരങ്ങൾ സി ഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് അഹദ് നൽകിയ വിവരം.''
അത് സുഹാന വെറുതെ തട്ടി വിട്ടതാണ്. പണ്ട് കോളേജിൽ പഠിക്കുമ്പോൾ ചെറിയ തരികിട പരിപാടികൾ എല്ലാം ചെയ്ത പരിചയം വെച്ചു കാച്ചിയതാണ്.
ഗംഗയും ജോയലും ഒന്നും പറയാനാകാതെ തരിച്ചു നിൽക്കുകയാണെന്നാണ് സുഹാന കരുതിയത്.
""ഹ ഹ ഹ..അപ്പോൾ ഒരു കാര്യം ഉറപ്പായി. രക്ഷപ്പെട്ടിട്ടു കാര്യമില്ല. സാരമില്ല, ഞങ്ങൾ ഫേയ്ക് ഐഡെന്റിറ്റിയിൽ പുറത്തു നടന്നോളം. അതിനു തടസ്സം നിങ്ങൾ മൂന്നു പേരാണ്. അതിബുദ്ധിമാന്മാരായ മൂന്നു പേർ. അതങ്ങ് ഇല്ലാതാക്കിയാൽ ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം.''
സുഹാന ഒന്നു ഞെട്ടി. എങ്കിലും പിടിച്ച് നിൽക്കാൻ വേണ്ടി എന്തെങ്കിലും ചോദിക്കാം എന്നു വിചാരിച്ചു.
""നിങ്ങളെങ്ങനെ പരിചയപ്പെട്ടു?''
""അത് നിനക്കു പറഞ്ഞു തരേണ്ട കാര്യമില്ല. എന്നാലും മരിക്കാൻ പോകുന്ന ഒരാളുടെ അവസാനത്തെ ആഗ്രഹമായിക്കണ്ട് അതിനുത്തരം പറയാം. പിന്നെ ചോദ്യങ്ങളൊന്നും വേണ്ട. ജുഗ് ഇം...അവിടെയാണ് ഞങ്ങൾ കണ്ടു മുട്ടിയത്. ഒന്നു രണ്ടു ദിവസം യാദൃശ്ചികമായി ഒരുമിച്ച് കളിച്ചപ്പോൾ സംസാരിച്ച് തുടങ്ങിയതാണ്. നോക്കുമ്പോൾ, ഞങ്ങളുടെ ആശയങ്ങൾ, ആഗ്രഹങ്ങൾ, എഴുത്തിനോടുള്ള ആവേശം...എല്ലാം തമ്മിൽ സാമ്യം ഉള്ളതായി തോന്നി. പിന്നെ, റൈറിങ് ചാംപ്യൻസ്-അതിനെക്കുറിച്ച് അറിയാമോ? ജുഗ് ഇം ഗെയിമിന്റെ ഒരു ശാഖ മാത്രമാണത്. മിക്കവാറും രണ്ടിലും കോമൺ ആൾക്കാർ തന്നെ ആകും ഉണ്ടാവുക. കഥകളുടെയും കവിതകളുടെയും മാത്രം ലോകം. ജുഗ് ഇമിൽ സമയം ചിലവഴിക്കുന്നത് പോലെത്തന്നെ റൈറിങ് ചാംപ്യൻസും എനിക്കൊരു ആവേശമായി. അവിടെ അനവധി മത്സരങ്ങൾ നടക്കാറുണ്ടായിരുന്നു. അതിൽ പങ്കെടുക്കുക, സമ്മാനങ്ങൾ കിട്ടിയില്ലെങ്കിലും ഫോളോവേഴ്‌സിനെ ഒപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു എനിക്ക്. അങ്ങനെ എഴുത്തിന്റെ ലോകത്ത് ആർത്തുല്ലസിച്ചു നടക്കുമ്പോഴാണ് റിതേഷിന് സംശയങ്ങൾ തോന്നിത്തുടങ്ങിയത്. ഞാൻ രഹസ്യ കാമുകനുമായി സംസാരിക്കുകയാണെന്നും ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെല്ലാം നിർത്തണമെന്നും അയാൾ ആജ്ഞാപിച്ചു. കൂടാതെ, മറ്റൊരു വലിയ ഡിസൈനിങ് പ്രോജക്റ്റ് തന്റെ സുഹൃത്ത് വഴി കിട്ടിയിട്ടുണ്ടെന്നും അത് ഏറ്റെടുക്കണമെന്നും നിർദ്ദേശിച്ചു. തന്റെ ഇഷ്ടത്തിനനുസരിച്ചല്ലെങ്കിൽ അവിടെ ജീവിക്കേണ്ടെന്നും മറ്റും ഭീഷണിപ്പെടുത്തി.''
സുഹാന വളരെ താൽപര്യം നടിച്ച് എല്ലാം കേട്ടിരുന്നു. തനിക്കു താല്പര്യമില്ലെന്ന് കണ്ടാൽ ഗംഗ സംഭാഷണം നിർത്തിക്കളയുമോ എന്നു സുഹാന ഭയന്നു.
""അപ്പോഴേക്കും ഞാൻ എഴുത്തിന്റെ ലോകത്തെ അത്രയധികം ഇഷ്ടപ്പെട്ടു പോയിരുന്നു. അതുപേക്ഷിക്കുകയെന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് റിതേഷിനെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കായില്ല. ഞാൻ പറയുന്നതിനൊന്നും അയാൾ ചെവിക്കൊണ്ടില്ല. നിന്നെ ഞാൻ കൊന്നു കളയും എന്നു അയാൾ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആയിടയ്ക്കു വല്ലാതെ ഉപദ്രവിക്കാനും തുടങ്ങി. അതിനിടയിൽ റൈറിങ് ചാംപ്യൻസിൽ ഒരു മത്സരം നടന്നു. ഞാനും ജോയലും അതിൽ പങ്കെടുത്തു. അതിൽ ഞങ്ങൾക്കു സമ്മാനം കിട്ടിയില്ലെന്ന് മാത്രമല്ല, ഒരുപാട് ലൈക്‌സ് കിട്ടിയ അനവധി കൃതികൾ ഉണ്ടായിരുന്നു. അപ്പോൾ ജോയൽ എന്നോടു ഒരു കാര്യം പറഞ്ഞു-
അവന്റെ മനസ്സിലെ എഴുത്തുകാരോടുള്ള വികാരങ്ങളെപ്പറ്റി. വൈകാതെ, എനിക്കു തിരക്കായി. എഴുതുവാനോ ഒരു പേജ് പോലും വായിക്കുവാനോ സമയം കിട്ടാതെ വന്നു. എനിക്കു വല്ലാത്ത പിരിമുറുക്കം അനുഭവപ്പെട്ടു. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഭാവനകളുടെ വർണ്ണക്കുമിളകൾ മറ്റെവിടേയും പോകാനാകാതെ ഉള്ളിൽ വീർത്തു പൊട്ടുന്നത് ഞാനറിഞ്ഞു. ഞാൻ ഡോക്ടർ പ്രഭയുടെ ചികിത്സയിലായി. ഒരു ദിവസം, ജോയൽ എന്നോടു ഒരു കാര്യം പറഞ്ഞു. എനിക്കു മനസ്സമാധാനം കിട്ടുന്ന ഒരു കാര്യം. അതു ചെയ്യാമെന്ന് ഞാനും കരുതി. എന്റെ മനസ്സിനല്പമെങ്കിലും സമാധാനം കിട്ടുവാൻ ഞാൻ അതിനു കൂട്ട് നിന്നു. എഴുത്തിന്റെ മാസ്മരികലോകം നിഷേധിക്കപ്പെട്ട എന്റെ പ്രതികാരം.''
ഗംഗ പറഞ്ഞവസാനിപ്പിച്ചപ്പോൾ, ഇനി എന്തു ചോദിക്കും എന്നറിയാതെ സുഹാനയുടെ മനസ്സ് തീനാളത്തിലകപ്പെട്ട ഇയ്യാം പാറ്റയെപ്പോലെ പിടഞ്ഞു. സുഹാന എന്തോ ചോദിക്കാനൊരുങ്ങുന്നത് കണ്ട് ജോയൽ ഗംഗയെ ഒന്നു നോക്കി. വല നെയ്തു ഇരയെ കാത്തിരിക്കുന്ന ചിലന്തിയെപ്പോലെ ജോയൽ വിവശനാകുന്നത് പോലെ സുഹാനക്ക് തോന്നി. അയാൾ ഗംഗയുടെ കാതുകളിൽ എന്തോ മന്ത്രിച്ചു.
"പട പട' ഷീറ്റുകളുടെ ശബ്ദം ആണ്.
പുറത്തു നല്ല കാറ്റുണ്ടാകുമെന്ന് സുഹാന ഊഹിച്ചു.
""ജുഗ് ഇം...എന്നു പറഞ്ഞാൽ എന്താണ്?''
അക്ഷമയോടെ, ഗംഗ തീപ്പെട്ടിക്കൊള്ളി പുറത്തെടുത്തു.
""ഡയറിയുടെ രഹസ്യം എന്താണ്?'' ഗംഗ സുഹാനയുടെ നേർക്ക് തിരിഞ്ഞപ്പോൾ, അവർക്കൊന്നും പറയാൻ സമയം കൊടുക്കാതെ സുഹാന ചോദിച്ചു.
""ജോയൽ പറയുന്നതു ഇനി സമയം കളയേണ്ട എന്നാണു. നിന്നെത്തേടി ആരെങ്കിലും ഇവിടെ എത്തിയാൽ ഞങ്ങളുടെ കാര്യം അവതാളത്തിലാകും. പിന്നെ ഞങ്ങളെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല.''
""എ...എന്നെതേടി ആരു വരാൻ?'' സുഹാന അല്പം സങ്കടം അഭിനയിച്ചു. പുറത്തു ചാടുവാൻ വെമ്പി നിൽക്കുന്ന ആ പവിഴ മുത്തുകൾ ഗംഗയുടെ മനസ്സലിയിച്ചു. മുറിക്കുള്ളിലാകെ മണ്ണെണ്ണയുടെ മണം തങ്ങി നിന്നു. അവ കുറച്ചു സമയം ശ്വസിച്ചതിനാലാകണം സുഹാനയ്ക്ക് ആ മൂക്കിൽ കുത്തിക്കയറുന്ന ഗന്ധം അപ്പോൾ അരോചകമായിത്തോന്നിയില്ല.
""ഡയറിയുടെ അകത്ത് ഒരു സ്‌പെഷ്യൽ പേന കൊണ്ട് മാത്രമേ എഴുതാൻ സാധിക്കുകയുള്ളൂ. അതിൽ നേരത്തെ സെറ്റ് ചെയ്തു വെച്ച പേജിൽ ആ പേന വെച്ചു എഴുതുമ്പോൾ "ജുഗ് ഇം' എന്ന സന്ദേശം തെളിയും. അത് കണ്ടു ആളുകൾ പേടിച്ച് നിലവിളിക്കും. ഗെയിം കളിക്കുന്നവർക്കെല്ലാം അതിന്റെ അർത്ഥം അറിയാം- മരണം. അതിൽ സെക്കെന്റുകൾക്കുള്ളിൽ മനുഷ്യനെ കൊല്ലുന്ന ഒരു വിഷം ഒളിച്ചിരിപ്പുണ്ട്. ആ പേന അതിനെ വെളിപ്പെടുത്തും. അത് തെളിയുമ്പോൾ അതിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചിപ്പ് വഴി ഒരു ഫോൺ കോൾ അവർക്കു കിട്ടും. ഒരു കമ്പ്യൂട്ടർ കോൾ. അത് അവർക്കു ഒരാശ്വസമായിത്തോന്നും. അത് തങ്ങളുടെ പ്രിയപ്പെട്ടവർ ആരോ ആണെന്ന് കരുതി അവർ അത് അറ്റെന്റ് ചെയ്യും. ഫോൺ എടുക്കാൻ വേണ്ടി കൈ ഉപയോഗിക്കുമ്പോൾ വിഷം മുഖത്ത് പടർന്നു പിടിക്കുന്നത് മരണത്തിന്റെ വേഗത കൂട്ടും. അങ്ങനെ... വേദനയോടെ അവർ ഈ ലോകത്തിനോട് വിട പറയും. നീയും തൊട്ടു ഒരു പ്രാവശ്യം ആ പേജിൽ.
പുസ്തകത്താളുകൾ മറിക്കുന്നതിനിടയിൽ അവിടെ തട്ടിയിട്ടുണ്ടാകണം. അതൊരു കോയിൻസിഡെൻസ് മാത്രമായിരുന്നു. പക്ഷേ, അതിൽ എഴുതിയിരുന്നെങ്കിൽ എന്തും സംഭവിക്കാമായിരുന്നു. അത് ദീപകിന് വിരിച്ച വലയായിരുന്നു. അതിൽ കൊത്തിയതു നീയും. ഇതെല്ലാം ഒരു രസമല്ലേ, സുഹാന? പുതിയ രീതികൾ, പുതിയ ആളുകൾ. കേസന്വേഷിക്കുന്ന ആളുകൾ പഠിച്ച പണി പതിനെട്ടും പഴറ്റിയിട്ടും പിടികിട്ടാത്ത കാര്യങ്ങൾ,'' ഗംഗയുടെ വാക്കുകളിൽ സന്തോഷം സ്ഫുരിക്കുന്നുണ്ടായിരുന്നു.
""പക്ഷേ, ചിലപ്പോൾ നല്ല ടെൻഷനാണ്. ആരെങ്കിലും കണ്ടു പിടിച്ചാലോ എന്നു ഭയന്ന് ഉറങ്ങാത്ത രാത്രികൾ എത്രയാണ്?'' ഗംഗ അവ മനസ്സിൽ ആലോചിക്കുന്നതും അവരുടെ മുഖം കനയ്ക്കുന്നതും സുഹാന തിരിച്ചറിഞ്ഞു.
""ഡയറിയുടെ ആശയം എവിടെ നിന്നു കിട്ടി?'' ജോയൽ സുഹാനയെ തുറിച്ചു നോക്കി. ഗംഗ സുഹാനയുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഭിത്തിയിലേക്ക് നോക്കി നിന്നു. അവർ അപ്പോൾ നാഗവല്ലിയെപ്പോലാകുന്നത് പോലെ സുഹാനയ്ക്ക് തോന്നി. ചൂട് തട്ടിയ ഉറുമ്പുകളെപ്പോലെ സുഹാനയുടെ കണ്ണുകൾ രക്ഷ തേടി അവിടമാകെ പാഞ്ഞു. ഗംഗയുടെ കണ്ണുകൾ കയ്യിലുള്ള തീപ്പട്ടിയിലേക്ക് പോകുന്നത് സുഹാന കണ്ടു. മരണം സുഹാനയെ തുറിച്ചു നോക്കി.
രക്ഷപ്പെടില്ല എന്നു ബോധ്യമായി. ആ നിസ്സാരമായ പെട്ടിയുടെ അരികുകളിൽ കറുത്ത തലപ്പാവ് ഉരസുന്ന സമയം കൂടിയേ തനിക്ക് ആയുസ്സ് അനുവദിച്ചിട്ടുള്ളൂ എന്നു ആലോചിച്ചപ്പോൾ സുഹാനയ്ക്ക് അവിടെ നിന്നും ഓടി രക്ഷപ്പെടുവാൻ തോന്നി. പക്ഷേ, മണ്ണിട്ട് ഉറപ്പിച്ചതുപോലെ കാലുകൾ അവിടെ പൂഴ്ന്നു നിന്നു. തന്റെ അനുവാദം കാത്തു നിൽക്കാതെ ഹൃദയം വല്ലാതെ പിടയ്ക്കുന്നത് സുഹാന അറിഞ്ഞു. തണുത്തുറഞ്ഞ കൈകൾ കൊണ്ട് സുഹാന നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടയ്ക്കാൻ ശ്രമിച്ചു. വിറയ്ക്കുന്ന ചുണ്ടുകളോടെ, തന്നെ വെറുതെ വിട്ടു കൂടെ എന്നു ചോദിക്കാൻ ശ്രമിച്ചു. പക്ഷേ, ശബ്ദം പൊങ്ങിയില്ല.
"പട..പട..'
വീണ്ടും ശബ്ദങ്ങളുയർന്നു കേട്ടു. തന്നെ രക്ഷിക്കാൻ ആരെങ്കിലും വന്നതായിരിക്കുമോ എന്ന ചിന്ത സുഹാനയെ ഉണർത്തി. അത് വെറും സംശയമാകാം. പക്ഷേ, ഇനി വല്ലവരും ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ? ഇല്ല. ഇത് വെറുമൊരു മിറാഷ് ആണ്. സുഹാനയുടെ മനസ്സ് കുതിച്ചു. മഴ കാത്തു നിൽക്കുന്ന വരണ്ട മണ്ണിനെപ്പോലെ സുഹാന അവിടമാകെ പരതി. തന്റെ മുഖഭാവം ഗംഗയോ ജോയലോ മനസ്സിലാക്കാതിരിക്കുവാൻ സുഹാന പ്രത്യേകം ശ്രദ്ധിച്ചു. ചിലന്തിവലയിലാണിപ്പോഴും താൻ തൂങ്ങി നിൽക്കുന്നത് എന്ന ബോധ്യം സുഹാനയ്ക്ക് ഉണ്ടായിരുന്നു. വിതുമ്പുവാൻ തയ്യാറായ മുഖവുമായി സുഹാന ഗംഗയേയും ജോയലിനേയും നോക്കി നിന്നു. സുഹാന കാൽ കൊണ്ട് നിലത്തു ചെറിയ ശബ്ദങ്ങളുണ്ടാക്കി അവരുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു.
"പട പട പട...'
രക്ഷയില്ല. ഗംഗയ്ക്ക് എന്തോ സംശയം ഉള്ളതുപോലെ സുഹാനയ്ക്ക് തോന്നി.
ഗംഗ ഒരു തീപ്പെട്ടിക്കൊള്ളി പുറത്തെടുത്തു. അതിന്റെ കറുത്ത അറ്റത്ത് ചുവപ്പ് പടർന്നു പിടിയ്ക്കാരുതേ എന്നു സുഹാന പ്രാർഥിച്ചു. അവർ മണ്ണെണ്ണ സ്‌പ്രേ കാൻ എടുത്തു സുഹാനയിൽ നിന്നും ഒരു വര വരയ്ക്കുവാൻ തുടങ്ങി. അകലെ നിന്നും തീപ്പെട്ടിക്കൊള്ളി എറിയാനുള്ള പദ്ധതി ആണെന്ന് സുഹാനയ്ക്ക് മനസ്സിലായി. അത് എറിഞ്ഞു കഴിഞ്ഞാൽ എന്തു സംഭവിക്കും എന്നു ചിന്തിക്കാനുള്ള ശക്തിയില്ലാതെ മനസ്സ് തളർന്നുപോകുന്നു. ആർത്തു കത്തുന്ന ഒടുങ്ങാത്ത തീനാളങ്ങൾക്കുള്ളിൽ താൻ ശ്വാസം മുട്ടുന്ന ചിത്രം സുഹാനയുടെ മനസ്സിൽ മിന്നി മാഞ്ഞു. സുഹാന കണ്ണുകളടച്ചു. ഈ ലോകത്തുള്ള അവസാനത്തെ നിമിഷങ്ങൾ അന്ധകാരത്തിൽ ആകുന്നതാണ് നല്ലത്. കൺമുന്നിൽ ഉള്ളതെല്ലാം കത്തിയെരിക്കുവാനുള്ള ദാഹത്തോടെ ഇരച്ചു വരുന്ന ആ ചൂടിനെ പ്രതീക്ഷിച്ചു സുഹാന വിവശയായി. കണ്ണുകൾ ഇറുക്കി അടച്ചു.
"പട...പട...ടിഷ്യൂമ്...'
ഇത് സ്വപ്നമാണോ? അവ്യക്തമായ ആ രൂപങ്ങൾ സുഹാന കണ്ടു-അഹദിന്റേയും ദീപകിന്റേയും. ▮
(തുടരും)