ചിത്രീകരണം : രാജേഷ് ചിറപ്പാട്

ജുഗ് ഇം (മരണം)

അധ്യായം 20

ഗംഗയും ജോയലും പേടിച്ച് ചുറ്റും നോക്കി.
എല്ലാം പെ​ട്ടെന്നായിരുന്നു. മുകളിലെ ഷീറ്റും വാതിലും തകർത്ത്​ അഹദും ദീപകും ഒരു സംഘം പോലീസുകാരും അകത്തേക്ക് ഇരച്ചുകയറി. മണ്ണെണ്ണയുടെ രൂക്ഷഗന്ധം സഹിക്കാനാകാതെ അവർ മൂക്കുപൊത്തി.
എന്താണു സംഭവിക്കുന്നതെന്ന്​ തിരിച്ചറിയുന്നതിനുമുൻപ് എല്ലാം അവസാനിച്ചിരുന്നു.
അവർ പേടിപ്പിക്കാനെങ്കിലും തോക്ക് പുറത്തെടുക്കരുതേ എന്ന്​ സുഹാന പ്രാർഥിച്ചു. ഗംഗയുടെയും ജോയലിന്റെയും കൈകൾ ബന്ധിച്ചു. അവർ കുതറിയോടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തുനിന്ന്​ വായു അകത്തേക്ക് വന്നപ്പോൾ വെള്ളത്തിൽ തിരിച്ചെത്തിയ ഒരു ചെറുമീനിനെപ്പോലെ സുഹാന ആഹ്ലാദിച്ചു.

ഗംഗയെ കണ്ട ഞെട്ടൽ അഹദിന്റെയോ ദീപകിന്റെയോ മുഖത്ത് കണ്ടില്ല. ഒരു പക്ഷേ, അവർക്കു സത്യങ്ങളെല്ലാം നേരത്തെത്തന്നെ അറിയാമായിരുന്നിരിക്കണം. വിലങ്ങുവെച്ച്​ പോലീസ് ജീപ്പിൽ കയറുമ്പോഴും ഗംഗയുടെ മുഖത്ത് ഭാവ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.
അവരുടെ കാൽ വെപ്പുകൾക്കനുസരിച്ച് കയ്യിലെ ചങ്ങല കിലുങ്ങി.
അരങ്ങിൽ പെർഫോം ചെയ്യുവാൻ പോകുന്ന ഒരു നർത്തകിയുടെ ഭാവത്തോടെ അവർ നടന്നു. രക്ഷപ്പെടാൻ സാധിക്കുകയില്ല എന്ന സത്യം അവർ അംഗീകരിച്ചതു പോലെത്തോന്നി.

എന്നാൽ, ജോയലിന്റെ അവസ്ഥ മറ്റൊന്നായിരുന്നു. അവൻ ഒരു ഭ്രാന്തനെപ്പോലെ അലറി. പോലീസ് ജീപ്പിൽ ബലം പ്രയോഗിച്ച് കയറ്റേണ്ടി വന്നു.

‘കുറ്റം ചെയ്തിട്ടു നിന്നു മോങ്ങുന്നോ?’ എന്നു പോലീസുകാർ ചോദിച്ചപ്പോൾ ‘ഞാൻ ഒന്നും ചെയ്തിട്ടില്ല’ എന്ന കുറ്റവാളികളുടെ സ്ഥിരം പല്ലവി പുറത്തിറക്കി. എട്ടുമണിക്ക് തന്നെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എത്തിക്കോളാം എന്ന ഉറപ്പിലാണ് സുഹാനയെ പോലീസ് വീട്ടിലേക്ക് പോകാനനുവദിച്ചത്.

കഴിഞ്ഞ അഞ്ചാറു മണിക്കൂറുകളായി സുഹാന അനുഭവിക്കുന്ന പിരിമുറുക്കം ഭാവന ചെയ്യാകുന്നതിലുമപ്പുറമാണ്. അഹദിനെയും ദീപകിനെയും കണ്ടത് സുഹാനയ്ക്ക് വലിയ ആശ്വാസമായിരുന്നു. എങ്കിലും വീട്ടിലേക്കുള്ള യാത്രയിൽ അഹദും ദീപകും സുഹാനയോട് ഒന്നും തന്നെ ചോദിച്ചില്ല. അവളുടെ മനസ്സിന് അപ്പോൾ അല്പം വിശ്രമമാണ് വേണ്ടതെന്ന് അവർക്കിരുവർക്കും അറിയാമായിരുന്നു. കുറച്ചു കഴിഞ്ഞാൽ പോലീസ് ഇൻററോഗേഷൻ റൂമിൽ നേരിടേണ്ട നീണ്ട സെഷനുകൾക്കുമുൻപ്​ അല്പം ആശ്വാസം കൊടുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ സുഹൃത്തുക്കളാണെന്ന് പറഞ്ഞിട്ടു എന്താണ് കാര്യം? സുഹാനയും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്ന് അവർക്കുതോന്നി. അവൾ അല്പം തുറന്നിട്ട ജനവാതിലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. കാറിന്റെ മുന്നോട്ടുള്ള പാച്ചിലിനിടയിൽ പുറകോട്ടു തെന്നിമാറുന്ന മരങ്ങളേയും വീടുകളേയും നോക്കി. അടച്ചിട്ട ഗോ ഡൗണിനുള്ളിലെ വീർപ്പുമുട്ടൽ അവസാനിച്ചതിന്റെ ആഹ്ലാദം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ അവൾ തളർന്നിരുന്നു.

വീട്ടിലെത്താറായപ്പോൾ സുഹാന അവരോടു ഒരു കാര്യം ചോദിച്ചു. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെ,“ നിങ്ങൾക്കെങ്ങനെ മനസ്സിലായി, ഞാൻ അവിടെ പെട്ടുപോയി എന്നു?”“ സുഹാന പോയിക്കഴിഞ്ഞ്​ ഒരരമണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ ജാക്കിന്റെ വീട്ടിൽ പോയി. സൈക്കോ തന്റെ തൊട്ടടുത്തുള്ള വീട്ടിലാണ് താമസിക്കുന്നത് എന്നു പറഞ്ഞെങ്കിലും, മറ്റ് കാര്യങ്ങൾ പറഞ്ഞു ഞങ്ങളെ അവിടെ പിടിച്ച് നിർത്താൻ അവൻ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾക്കു തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ സൈക്കോയുടെ വീട്ടിൽ കൊണ്ടുപോകാം എന്നു പറഞ്ഞ്​ അവൻ ഞങ്ങളുടെ കൂടെ വന്നു. അവൻ ചൂണ്ടിക്കാണിച്ച വീട്ടിൽ അവർ വാടകക്കൊലയാളികളെ നിയോഗിച്ചിരുന്നു.”

“ അതല്ല, രസം,” ദീപക് ഇടയ്ക്കു കയറിപ്പറഞ്ഞു, “ നമ്മൾ ചോദ്യം ചെയ്തപ്പോൾ അവന്റെ കരച്ചിൽ കാണണമായിരുന്നു. ഒരു മൂന്നുവയസ്സുകാരനെപ്പോലെ അവൻ അവിടെ നിന്നു കരഞ്ഞു.”“അതവന്റെ അടവാണെന്നു നമുക്ക് അപ്പോ തന്നെ മനസ്സിലായില്ലേ? പോലീസ് വന്നു മുറയ്ക്ക് ചോദിച്ചപ്പോൾ അവൻ തത്തമ്മ പറയുന്നതു പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു. കൂടെ, സുഹാനയെ പിടിച്ചുവെച്ച കാര്യവും. അപ്പോഴാണ്, ഞങ്ങൾ നിൻറെ മെസേജ് കാണുന്നത്. തിരിച്ചുവിളിക്കുന്നത് ബുദ്ധി അല്ല എന്നു ഞങ്ങൾക്കു തോന്നി.”

“ അതേതായാലും നന്നായി. അല്ലെങ്കിൽ അവരെന്നെ കൊന്നേന്നെ.” “ അതെന്റെ ബുദ്ധിയാണ്. എങ്ങനുണ്ട്?”

“ നീ എവിടേയും നിന്റെ​​​​​​​ നുഴഞ്ഞു കയറ്റം പരീക്ഷിക്കും, അല്ലേ?”

എല്ലാവരും ഒന്നു പൊട്ടിച്ചിരിച്ചു. മനസ്സിൽ പറ്റിപ്പിടിച്ചിരുന്ന പിരിമുറുക്കത്തിന്റെ പൊടിപടലങ്ങൾ പറന്നകലുന്നതായി സുഹാനയ്ക്ക് അനുഭവപ്പെട്ടു. തനിക്കിനി ചിരിക്കാൻ പറ്റുമെന്ന് കുറച്ചു മണിക്കൂറുകൾക്കു മുൻപു സുഹാനയ്ക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

“ ജാക്ക് അവരുടെ രഹസ്യങ്ങളെല്ലാം ഞങ്ങൾക്കു പറഞ്ഞു തന്നു. പാവം. ഇങ്ങനെ ഉണ്ടാകും കുറച്ചാളുകൾ, അറിയാതെ കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്നവർ. പക്ഷേ, ഇത്തരം ശുദ്ധ മനസ്സുള്ളവർ കുറ്റവാളികൾക്കൊരു പാരയാണ്.

സഹായത്തിലേക്കാളേറെ ഉപദ്രവമാണ് അവരിൽ നിന്നുണ്ടാവുക. എന്നാലും വിരുതനാണവൻ. പണം തരാമെന്ന് പറഞ്ഞിട്ടൊന്നും അവൻ ഒന്നും വിട്ടുപറഞ്ഞില്ല. അയ്യായിരം രൂപ കയ്യിൽ പിടിപ്പിച്ചപ്പോഴാണ് അവൻ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ടു. അതും കൊടുത്താൽ അവൻ വീണ്ടും വില പേശുമെന്ന് അറിയാമായിരുന്നതു കൊണ്ട് പിന്നെ ഭീഷണിയുടെ സ്വരം പ്രയോഗിച്ച് നോക്കി. അതേറ്റു.” അഹദിന്റെ കൈകൾ റ ആകൃതിയിലുള്ള മീശ തലോടിക്കൊണ്ടിരുന്നു.

“ഗെയിം കളിക്കുമ്പോൾ നമ്മൾ അന്ന് ട്രേസ് ചെയ്യാൻ ശ്രമിച്ചില്ലെ? അന്ന് തന്റെ ഐഡൻറിറ്റി പുറത്തു വരുമെന്നു മനസ്സിലായപ്പോൾ അവൻ തന്റെ​​​​​​​ കൂട്ടാളിയായ ജാക്കിനെ ആ സ്ഥലത്തു ഇരുത്തിയതാണ്. എന്നിട്ട് നമ്മൾ അവനെ കണ്ടുപിടിക്കാതിരിക്കുവാൻ വേണ്ടി ജാക്കിന്റെ​​​​​​​ സെറ്റിങ്സിൽ ലോക്കേഷൻ ഓഫ് ചെയ്തിട്ടു.” ഗെയിമിനെക്കുറിച്ച് പറയുമ്പോൾ ദീപകിന്റെ മുഖത്ത് ഒരു ജാള്യത ഉണ്ടായിരുന്നു. “ എല്ലാ കൊലപാതകങ്ങൾക്കു മുൻപും അവരുടെ വീടും പരിസരവും നിരീക്ഷിക്കുവാനും മറ്റും ജോയൽ ജാക്കിനെ ആണ് ഉപയോഗിച്ചിരുന്നത്. പൈസയ്ക്ക് വേണ്ടി ജാക്ക് അതെല്ലാം ചെയ്തു.” “ ജോയലിന് പരിചയമുള്ള ഒന്നു രണ്ടു സ്ഥലങ്ങൾ അവൻ ഞങ്ങൾക്കു പറഞ്ഞു തന്നു. സുഹാന നേരത്തെ പറഞ്ഞ കൊറിയർ ഓഫീസിന്റെ ലോക്കേഷൻ കേട്ടപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല..”“ അതിനിടയിൽ ജാക്ക് മറ്റൊരു കാര്യം പറഞ്ഞു.” “ ഗംഗയുടെ കാര്യമല്ലേ? ഓ...അതവിടെ പറയേണ്ട ഒരു കാര്യവുമില്ലായിരുന്നു. പാവം, പൈസയ്ക്ക് അത്ര അത്യാവശ്യം ഉണ്ടായിരുന്നെന്ന് തോന്നുന്നു.”“ പണം ആവശ്യമുണ്ടെങ്കിൽ വല്ല പണിയ്ക്കും പോണം. അല്ലാതെ...”“ അത് എന്താണെന്ന് അറിയോ? പെട്ടന്നു ധാരാളം പണം കിട്ടുന്ന ഇത്തരം മാർഗ്ഗങ്ങൾ കണ്ടു പിടിച്ചാൽ പിന്നെ നേരായ വഴിയ്ക്ക് ജോലി ചെയ്യാൻ മനസ്സ് വരില്ല.”
ദീപകിന്റെ അഭിപ്രായം ശെരിയാണെന്ന് സുഹാനയ്ക്കും തോന്നി. “ അവനെന്താണ് പറഞ്ഞത്?”“ ഗംഗ മാഡത്തിന് ഇൻഷൂറൻസിൽ കുറച്ചു പണം കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാൽ പിന്നെ അവർ വിദേശത്തേക്കു കടന്നുകളയും. അതിനു മുൻപു കുറച്ചു കൂടി സമ്പാദിക്കണം. എനിക്കതിൽ നിന്നു കുറച്ചു കൂടി തരാൻ മേഡത്തിന് തോന്നിയാലോ?”

“ ഇൻഷൂറൻസ് എന്നു കേട്ടപ്പോൾ ഞങ്ങൾക്കു സംശയം തോന്നി. എങ്കിലും ഉറപ്പില്ലായിരുന്നു. അവനോടു തന്നെ ചോദിക്കാം എന്നു കരുതി.”“ ആരു? ആർക്കിടെക്ട് ഗംഗയോ?”“ ആ.”“ നീ അവരെ കണ്ടിട്ടുണ്ടോ?”“ ഞാൻ കണ്ടിട്ടില്ല. അവർ മരിച്ചിട്ടില്ല. അവരുടെ വീട്ടിൽ തന്നെയുണ്ട്.”“ നിന്നെ ജോയൽ പറ്റിച്ചതാകും.”“ എയ്...ഒരു ദിവസം ഞാൻ അവരുടെ ശബ്ദം ഫോണിലൂടെ കേട്ടു.”“ അതവരാണെന്ന് നിനക്കു എങ്ങനെ മനസ്സിലായി?”“ ജോയൽ പറഞ്ഞു.”“ അവൻ നിന്നെ പറ്റിച്ചതാണെങ്കിലോ?”“ എനിക്കുറപ്പാ. അന്നു ഗംഗ മാഡം മരിച്ചെന്ന് പറഞ്ഞ ദിവസം ഞാനും അവിടെ ഉണ്ടായിരുന്നതല്ലേ? ആ ആംബുലൻസില്ലേ? അതോടിച്ചിരുന്നത് ഞാൻ ആയിരുന്നു.”“അപ്പോ അന്ന് മരിച്ചതാരാണ്?”“വിസ്മയ, ഗംഗാ മാഡത്തിന്റെ അനിയത്തി.”“ അതെങ്ങനെ?” “ കൂടുതൽ ഒന്നും എനിക്കറിയില്ല.” തട്ടിപ്പുകാരനാണെങ്കിലും അപ്പോൾ ജാക്ക് പറഞ്ഞത് സത്യമാണെന്ന് ദീപകിനും അഹദിനും തോന്നിയിരുന്നു.

“ ഇന്ന് ഭാഗ്യം നമ്മുടെ കൂടെ ആയിരുന്നെന്നു തോന്നുന്നു. അല്ലെങ്കിൽ നമുക്ക് ജാക്കിന്റെ വീട്ടിൽ പോകാൻ തോന്നില്ലായിരുന്നു.”“ അവൻ ഇത്രയും ബുദ്ധി ഇല്ലെന്നു ഗംഗക്കറിയില്ലായിരുന്നു എന്നു തോന്നുന്നു. നിങ്ങൾക്കു രണ്ടു പേർക്കും താൻ പണി കൊടുത്തിട്ടുണ്ട് എന്നാണ് ജോയൽ പറഞ്ഞത്.” ആദ്യമായി സുഹാന വാചാലയായി. കണ്ണുകൾ ക്ഷീണിച്ചിരുന്നെങ്കിലും സുഹാനയുടെ മുഖത്ത് ആവേശം സ്ഫുരിച്ചിരുന്നു.

“ നമ്മൾ ഈ സിനിമകളിൽ ഒക്കെ കാണില്ലേ? അത് പോലെ ആയിരുന്നു ഗംഗയുടെ എൻട്രി ഒക്കെ. ഞാൻ ആദ്യം കരുതിയത് അവർ എന്നെ രക്ഷിക്കാൻ വന്നതാണെന്നാണ്. അവർ നല്ല ഒരെഴുത്തുകാരിയാണ് ട്ടോ.”“ അതെങ്ങനെ മനസ്സിലായി?”“ അവരൊരു കവിത ചൊല്ലി. ഒരു ഇൻസ്റ്റൻറ് കവിത. കൊള്ളായിരുന്നു.”“ നിങ്ങൾ എഴുത്തുകാരെ തട്ടീം മുട്ടീം നടക്കാൻ പറ്റാത്ത അവസ്ഥയായല്ലോ.”
സുഹാനയും ദീപകും ചിരിച്ചു.

സുഹാന ആദ്യമായിട്ടായിരുന്നു പോലീസ് ഇൻററോഗേഷൻ റൂമിൽ പോകുന്നത്. അഹദും ദീപകും മുൻപുള്ള റിപ്പർ രാമു കേസിനുവേണ്ടി അവിടെ സന്ദർശിച്ചിട്ടുണ്ട്. അവിടെ ഒരു റൂമിനുള്ളിൽ നിസ്സഹായയായി ഗംഗ ഇരിക്കുന്നുണ്ടായിരുന്നു. ജോയൽ മറ്റൊരു റൂമിൽ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ആ റൂമിൽ കാമറയും വോയിസ് റിക്കോർഡിങ് ഡിവൈസുകളും മറ്റും സ്ഥാപിച്ചിരുന്നെങ്കിലും മതിയായ ലൈറ്റും ഗ്ലാസ്​ ജനവാതിലുകളും ഒന്നും തന്നെയില്ല എന്നു സുഹാനയ്ക്ക് തോന്നി. അഹദ് വിൻസെൻറിനോട് എന്തോ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നതിനാൽ സുഹാനയും ദീപകും പുറത്തു വെയിറ്റ് ചെയ്തു.

സുഹാനയുടെ കാലുകൾ അപ്പോഴും വിറയ്ക്കുന്നുണ്ടായിന്നു.
തണുത്ത കൈകൾ കൂട്ടിപ്പിണച്ചു സുഹാന വെളുത്ത ടൈൽസ് വിരിച്ച തറയിലേക്ക് കണ്ണു നട്ടിരുന്നു. കുറച്ചു മണിക്കൂറുകൾ മുൻപു നടന്ന സംഭവങ്ങൾ ഓരോന്നായി സുഹാനയുടെ മനസ്സിലൂടെ മിന്നിമറഞ്ഞു കൊണ്ടിരുന്നു. ക്രിക്കറ്റിൽ ചിലപ്പോൾ റീപ്ലേ ചെയ്യുന്നത് പോലെ ചില ഭാഗങ്ങൾ ഒന്നു സാവധാനം കാണുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു സുഹാന ആഗ്രഹിച്ചു.

“ പപ്പയുടെ കാർ ശെരിയായില്ലെ?” സുഹാനയെ ഡിസ്ട്രാക്റ്റ് ചെയ്യിക്കാനാണ് ദീപക് അപ്പോൾ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. “ അത് ഇന്ന് തന്നെ ശരിയാക്കി കിട്ടി. എന്നാലും ആ ഓട്ടോക്കാരനുപോലും അറിയില്ല അവിടെ അങ്ങനെ ഒരു ഓഫീസില്ലെന്ന്. അത്രയ്ക്ക് വിദഗ്ദമായിട്ടാണ് അവർ പുറത്തു സെറ്റു ചെയ്തിരിക്കുന്നത്.” “ വേൾഡ് കപ്പ് കാണാൻ പോയാലോ?”“ ആദ്യം ഈ ഭാരങ്ങളെല്ലാം ഒന്നു ഇറക്കി വെച്ചിട്ടു വേണം ജീവിതം ഒന്നു എൻജോയ് ചെയ്യാൻ.”“ മാഡം, ഇൻററോഗേഷൻ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു, ഒഫീസർ.”

ഗംഗയിരിക്കുന്ന റൂമിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ ആ ലേഡീ പോലീസ് ഓഫീസർ മറ്റൊരു റൂം ചൂണ്ടിക്കാണിച്ചു കൊടുത്തു. ആ ശീതീകരിച്ച റൂമിന്റെ വാതിൽ തുറന്നപ്പോൾ തന്നെ സുഹാനയുടെ ടെൻഷൻ എല്ലാം മാറി. അകത്തു കുറച്ചു പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

“ ഞങ്ങൾക്കു താങ്കളുടെ അനുഭവങ്ങളും വിദഗ്ധാഭിപ്രായവുമാണ് വേണ്ടത്.”
എന്തു മനോഹരമായ ആമുഖം. ഒരു ഒഫീഷ്യൽ മീറ്റിങ്ങിനുപകരം അതൊരു സൗഹൃദ സംഭാഷണമായിട്ടാണ് സുഹാനയ്ക്ക് തോന്നിയത്. കൂടാതെ, സുഹാനയുടെ ധൈര്യത്തേയും മനസ്സാന്നിധ്യത്തേയും അവർ പുകഴ്ത്തുകയും ചെയ്തു. അവിടെ നിന്നു പുറത്തു വന്നപ്പോൾ ഒരു പ്യൂപയിൽ നിന്ന്​ പുറത്തു വന്ന പൂമ്പാറ്റയെപ്പോലെ സുഹാന പറന്നു നടന്നു. പാതി തുറന്നിട്ട ജനാലയിലൂടെ ആ പരുപരുത്ത ശബ്ദം അവർക്കു കേൾക്കാമായിരുന്നു. അത് ഗംഗയുടേതാണെന്ന് ആരും പറഞ്ഞറിയിക്കാതെ തന്നെ സുഹാനക്കറിയാമായിരുന്നു. അഹദും ദീപകും അതിനടുത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു. തനിക്കായി ഒഴിച്ചിട്ട കസേരയിൽ സുഹാന ചെന്നിരുന്നു.

“വെറും ഇൻഷൂറൻസ് തുകയ്ക്ക് വേണ്ടിയാണോ നിങ്ങൾ ഇതെല്ലാം ചെയ്തത്? അപ്പോൾ നിങ്ങളെല്ലാവരെയും പറ്റിക്കുകയായിരുന്നോ? നിങ്ങളുടെ മക്കൾ? ഭർത്താവ്?”“ ഭർത്താവ്...അയാളാണ് എന്നെ ഈ അവസ്ഥയിൽ ആക്കിത്തീർത്തത്. പണം...അതാണ് അയാൾക്കാവശ്യം. പണത്തോടുള്ള ആർത്തി അയാളെ പല നീച കൃത്യങ്ങളിലും കൊണ്ടെത്തിച്ചു...,” ഇനിയും എന്തൊക്കെയോ പറയുവാൻ ഉണ്ടെന്നത് പോലെ അവർ വിദൂരതയിലേക്ക് നോക്കി നിന്നു.

“ എഴുത്ത്...അതായിരുന്നു ഞാൻ ആഗ്രഹിച്ച ജീവിതം. ധാരാളം വായിക്കുക. സ്വസ്ഥമായി എഴുതുക. പണ്ടേ ഞാൻ എഴുതുമായിരുന്നു. വലിയൊരു എഴുത്തുകാരിയാവുക— അതായിരുന്നു എന്റെ​​​​​​​ സ്വപ്നം. പക്ഷേ, അയാളത് സമ്മതിച്ചില്ല. എല്ലാ ദിവസവും ഇക്കാര്യം പറഞ്ഞു അയാളെന്നെ അസ്വസ്ഥയാക്കി. ഞാൻ ജോലി ചെയ്തു പണമുണ്ടാക്കണം—അതായിരുന്നു അയാളുടെ ആവശ്യം. രാവും പകലും അതിനായി അയാൾ എന്നെ നിർബന്ധിച്ചു. മനമില്ലാ മനസ്സോടെ ഞാൻ ജോലിയ്ക്ക് പോയിത്തുടങ്ങി. എഴുതുവാനോ വായിക്കുവാനോ സമയം കിട്ടാതെയായി. വീട്ടിൽ വന്നുവെന്തെങ്കിലും കുത്തിക്കുറിക്കുന്നത് കണ്ടാൽ റിതേഷ് ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. എല്ലാം അവസാനിപ്പിച്ചു ഇറങ്ങിപ്പോന്നാലോ എന്ന്​ കുറെ തവണ ചിന്തിച്ചിട്ടുണ്ട്. എന്നാൽ, മക്കളുടെ മുഖം കാണുമ്പോൾ എല്ലാം മനസ്സിലൊതുക്കി അവിടെത്തന്നെ നില്ക്കും. അങ്ങനെ, അതോടൊപ്പം എഴുത്ത് എന്ന സ്വപ്നവും പൊലിഞ്ഞു. പണമുണ്ടാക്കാനായി അയാൾ ഒരു ഒഫീസ് പണിതു തന്നു. എനിക്കു കഴിവുണ്ട് എന്നയാൾക്കറിയാമായിരുന്നു. ഞാൻ ഡെഡികേറ്റഡ് ആയ ഒരാളാണ്. എന്തു കാര്യം ഏറ്റെടുത്താലും അത് ഭംഗിയായി ചെയ്യാനുള്ള മനസ്സ് എനിക്കുണ്ട്.” പിന്നെ അവരൊന്നു ചിരിച്ചു.

“ ഉം..ചിരിയോന്നും വേണ്ട. വേഗമാകട്ടെ.” ഗംഗ അത് ശ്രദ്ധിച്ചില്ലെന്ന് തോന്നി. മനസ്സിൽ വിരിയുന്ന ചിന്തകൾക്കനുസരിച്ച് അവരുടെ മുഖഭാവം മാറുന്നത് സുഹാന ശ്രദ്ധിച്ചു.
ചോദ്യം ചെയ്യുന്ന പോലീസുകാർ മുഖത്തോടുമുഖം നോക്കി. അടുത്തിരുന്നിരുന്ന സൈക്കാട്രിസ്റ്റ് ദൗത്യം ഏറ്റെടുത്തു,“ പറഞ്ഞോളൂ. പിന്നെന്താണുണ്ടായത്?”
ഗംഗ ഞെട്ടി എഴുന്നേറ്റു, സ്വപ്ത്തിൽ നിന്നെന്നപോലെ. “ ഇൻഷൂറൻസ് പോളിസിയിലെത്തിച്ചേർന്നത് എങ്ങനെയാണ്?”

“ എനിക്കു കുറെ വർക്കുകൾ കിട്ടി. സിനിമാനടി ഹേമ വരെ അവരുടെ ബോട്ടിക് ഡിസൈൻ ചെയ്യാൻ എന്നെ ക്ഷണിച്ചു. അങ്ങനെ ഞാൻ ധാരാളം പണം ഉണ്ടാക്കി. ആദ്യം ഞാനതെല്ലാം ബാങ്കിൽ നിക്ഷേപിച്ചു. അയാൾ ഓരോ കാരണം പറഞ്ഞു അതെല്ലാം കൈക്കലാക്കി. തിരിച്ചു തരാം എന്നു പറഞ്ഞെങ്കിലും തന്നില്ല. എന്റെ​​​​​​​ ആവശ്യങ്ങൾക്കു പോലും ഞാൻ അയാളോട് കെഞ്ചണം. എന്നാലും എന്താണ് കാര്യം എന്നറിയാതെ ഒരു ചില്ലിക്കാശു പോലും എനിക്കു തരില്ല. ഇത്രയൊക്കെ ചെയ്തിട്ടും അയാൾക്കെന്നോട് ഒരു തരി പോലും സ്നേഹമില്ലായിരുന്നു എന്നു ഞാൻ പിന്നീട് തിരിച്ചറിഞ്ഞു. അയാൾ പോണ്ടിച്ചേരിയിലേക്ക് ബിസിനെസ്സ് യാത്രകൾ പോകുന്നത് എന്തിനാണെന്നു എനിക്കു മനസ്സിലായിത്തുടങ്ങി. ഫോണിലും ബ്ലോഗുകളിലുമുള്ള തെളിവുകൾ വെച്ച്​ ഞാൻ ഒരു ദിവസം അയാളോട് അവരെക്കുറിച്ചു അന്വേഷിച്ചു. താൻ വളരെ സോഷ്യൽ ആയ അളാണെന്നും ആരെക്കണ്ടാലും താൻ ഫ്രെണ്ട്ലി ആയിപ്പെരുമാറുമെന്നും അയാൾ സമർഥിച്ചു. അയാൾക്കു ഷോ ഓഫ് ചെയ്യുന്ന സ്വഭാവം ഉണ്ടായിരുന്നു. പാർട്ടികൾക്കും ഗെറ്റുഗെതറുകൾക്കും ഒരുമിച്ച് പോകണമെന്ന് അയാൾക്കു നിർബന്ധമായിരുന്നു. എന്നിട്ട് അവിടെ ചെന്നാൽ അയാൾ പെണ്ണുങ്ങളോട് കൊഞ്ചിക്കുഴയുന്നത് ഞാൻ കാണണം. അതിനു പുറമെ, ഞാൻ ആരോടെങ്കിലും സംസാരിച്ച രീതി അയാൾക്കു ഇഷ്ട്പ്പെട്ടിട്ടില്ലെങ്കിൽ പിന്നെ ഒന്നു രണ്ടാഴ്ച അയാൾ പ്രശ്നമുണ്ടാക്കും. സത്യം പറഞ്ഞാൽ ഡ്രാമ. അതാണതിന്റെ​​​​​​​ പേര്. മിണ്ടാതിരിക്കുക, എന്തെങ്കിലും ചോദിച്ചാൽ ചാടിക്കടിക്കാൻ വരുക. തെറിവാക്കുകൾ പറയുക. ആദ്യം ഞാൻ ഇതിലെല്ലാം വല്ലാതെ അഫക്റ്റ്​ ആകുമായിരുന്നു. പിന്നീട് ഇതെല്ലാം ഒരു വിഷ്യസ് സൈക്കിളാണെന്ന് എനിക്കു മനസ്സിലായിത്തുടങ്ങി. ഞാൻ അതൊന്നും മൈൻറ് ചെയ്യാതെ ജീവിക്കാൻ പഠിച്ചു. അപ്പോഴും നീ നിന്റെ​​​​​​​ ഇഷ്ടത്തിനാണ് ജീവിക്കുന്നത്, എൻറെ പ്രിയപ്പെട്ടവരോടു നീ മോശമായി പെരുമാറി എന്നെല്ലാം പറഞ്ഞു അയാളെന്നെ ഉപദ്രവിക്കുമായിരുന്നു. അങ്ങനെ ഇടവും വലവും തിരിയാനാകാതെ ഞാൻ ശ്വാസം മുട്ടി ജീവിച്ചു. പതിയെ ഞാൻ അതിൽ നിന്നെല്ലാം ഒഴിയാൻ ശ്രമിച്ചു. പക്ഷേ, അയാൾ സമ്മതിച്ചില്ല. ഹാരി പോട്ടെറിലെ ഡിമെൻററെപ്പോലെ അയാൾ നെഗറ്റീവ് എനർജിയിയിലേക്ക് എന്നെ വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. വല്ല ഹൃദ്രോഗമോ കാൻസറോ ആണേങ്കിൽ ചികിത്സിക്കാം. മാനസികരോഗമാണെങ്കിൽക്കൂടി ചികിത്സയുണ്ട്. ഇതിപ്പോൾ ഭാര്യയോട് മാത്രമുള്ള അകാരണമായ ദേഷ്യത്തിനും വെറുപ്പിനും ചികിത്സയുണ്ടോ? ഒരു തരത്തിലുള്ള അബ്യൂസ്, അതാണതിന്റെ​​​​​​​ പേര്. അതാരും തിരിച്ചറിയുന്നുമില്ല. ചികിത്സിക്കപ്പെടുന്നുമില്ല. അതുമായി ജീവിക്കുക, അതാണത്തിന്റെ​​​​​​​ പോം വഴി. അത് ഞാൻ പഠിച്ചു. ജീവിതം എന്നെ പഠിപ്പിച്ചു . ഇതിനിടയിൽ അയാൾ ഡ്രഗ് ബിസിനസ്സുകളും മറ്റും ചെയ്യുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. പിന്നെ, ഒരു ദിവസം അയാൾ ഈ ലൈഫ് ഇൻഷൂറൻസ് പോളിസിയുമായി വീട്ടിൽ വന്നു. ഒരു നാടകം കളിച്ചാൽ അതിൽ നിന്നു കിട്ടുന്ന തുകയും കൊണ്ട് ഞങ്ങൾക്ക് വിദേശത്തേക്കു കടക്കാം എന്നതായിരുന്നു പ്ലാൻ. അപ്പോഴേക്കും എനിക്കു ഒരു കില്ലിങ് പാറ്റേൺ ഉണ്ടായിരുന്നു. അതുകൊണ്ട് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. എന്നെ ആരും സംശയിക്കുക ഇല്ല എന്നതാണു ഞാൻ അതിൽ കണ്ട അഡ്വാൻറേജ്. അങ്ങനെ തീയതികളുടെ പാറ്റേൺ നോക്കി ഞാൻ അത് ചെയ്തു. അതിനായി ഞാൻ എന്റെ​​​​​​​ വിസ്മയയെ ആണ് തിരഞ്ഞെടുത്ത്.”“ നിങ്ങളുടെ ഇരട്ട സഹോദരി?”“ യെസ്. സെറിബ്രൽ പാൾസി ആയിരുന്ന അവളെ പണ്ട് മുതലേ ഞങ്ങളുടെ വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്ന ചേച്ചി ആയിരുന്നു നോക്കിയിരുന്നത്. തമിഴ്നാട്ടിലേക്കു വീട് വെച്ചു മാറിയപ്പോൾ അവർ അവളെ അങ്ങോട്ട് കൊണ്ടുപോയ്ക്കൊള്ളാമെന്ന് ഏറ്റു. മാസാമാസം അവർക്കു കിട്ടുന്ന ഒരു വലിയ തുകയായിരുന്നു അവരെ അതിനു പ്രേരിപ്പിച്ചത്. ഈ പദ്ധതിക്കു വേണ്ടി ഞങ്ങൾ അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു. ഒരു വലിയ തുക കൊടുത്തു വാങ്ങി എന്നു വേണം പറയാൻ. എന്നാൽ, ദിവസങ്ങൾ ചെല്ലും തോറും ഞാൻ വിസ്മയുമായി വളരെ അടുത്തു. ഈ പദ്ധതി നടക്കില്ലെന്ന് റിതേഷിനു തോന്നിത്തുടങ്ങി. അങ്ങനെ നിശ്ചയിച്ച ദിവസം വന്നെത്തി. ഞാൻ അറിയാതെ റിതേഷ് അവൾക്കു വിഷം കൊടുത്തു. ഞാനല്ല, റിതേഷാണ് എന്റെ​​​​​​​ വിസ്മയയെ ഇല്ലാതാക്കിയത്. അത് കൊണ്ട് കൂടിയാണ് ഞാൻ അയാളെ...” “ എന്നിട്ട്?”“ഇൻഷൂറൻസ് പോളിസിയെക്കുറിച്ച് ആർക്കും ഒട്ടും സംശയം തോന്നിയില്ല. പക്ഷേ, ഇവർ ഞങ്ങളുടെ പ്രതീക്ഷകളെല്ലാം തകർത്തു. അഹദ് ആ ചോദ്യം റിതേഷിനോടു ചോദിക്കുന്നത് വരെ അത് ആരും അറിയില്ലെന്നുതന്നെ ഞങ്ങൾ വിചാരിച്ചു. പോലീസ് പോലും അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അതിനിടയിൽ റിതേഷ് എന്റെ​​​​​​​ ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി. അയാൾക്കു എന്തൊക്കെയോ സംശയങ്ങൾ തോന്നിത്തുടങ്ങി . എനിക്കവിടെ കാമുകൻമാരുണ്ടെന്നു പറഞ്ഞു അയാൾ പിന്നെയും എന്നെ ഉപദ്രവിക്കുവാൻ തുടങ്ങി. കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാനും എന്റെ​​​​​​​ സുഹൃത്തുക്കളെക്കുറിച്ചു അറിയുവാനും അയാൾ എന്റെ​​​​​​​ അക്കൗണ്ടിൽ കേറിക്കളിച്ചതായി ഞാനറിഞ്ഞു. അപ്പോൾ ഞാൻ എന്റെ​​​​​​​ വീടിന്റെ​​​​​​​ ഒരു രഹസ്യഅറയിൽ ഒളിച്ചു താമസിക്കുകയായിരുന്നു. അതാർക്കും കണ്ടു പിടിക്കാൻ കഴിയില്ല. അത്രയ്ക്ക് പെർഫെക്റ്റ് ആയിട്ടാണ് ഞാൻ അത് ഡിസൈൻ ചെയ്തിട്ടുള്ളത്. ആർക്കും സംശയം തോന്നാതിരിക്കാൻ ഞാൻ പിന്നെ ആ ഗെയിം അക്കൗണ്ട് ഉപായോഗിച്ചിട്ടുണ്ടായിരുന്നില്ല. അതെന്റെ​​​​​​​ ഗെയിമിലെ ഫ്രൻറ്സിന് എല്ലാം അറിയാമായിരുന്നു. അത് വെച്ചു അയാളെന്നെ ബ്ലാക്മെയിൽ ചെയ്യാനും തുടങ്ങി. ഇൻഷൂറൻസ് തുക മുഴുവൻ അയാൾക്കു കൊടുക്കണമെന്ന് പറഞ്ഞു. അയാൾ എന്തെങ്കിലും കാര്യം ആവശ്യപ്പെട്ടാൽ അതിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. അത് നേടിയെടുക്കുന്നത് വരെ. അങ്ങനെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അതിനിടയിൽ നിങ്ങളുടെ ഡിറ്റക്​ടീവ്​ ഏജൻസി റിതേഷിനെ സംശയിച്ചു തുടങ്ങി. വൈകാതെ, പോലീസും ആ ദിശയിൽ തന്നെ നീങ്ങുന്നു എന്നു ഞങ്ങൾക്ക്​ രഹസ്യ വിവരങ്ങൾ കിട്ടി. അപ്പോൾ, റിതേഷിന്റെ​​​​​​​ മനസ്സിൽ ഉദിച്ച പ്ലാനാണ് റിതേഷിന്റെ​​​​​​​ കൊലപാതക നാടകം. നേരത്തെ എല്ലാവരുടെയും കണ്ണിൽ പൊടി ഇടാൻ കഴിഞ്ഞതുകൊണ്ട് റിതേഷിന് ആ പ്ലാനിൽ വലിയ വിശ്വാസമായിരുന്നു. ക്ലിക്ക് ആയാൽ ഫെയ്ക് വിസയിൽ വിദേശത്തേക്ക് മുങ്ങാനായിരുന്നു പ്ലാൻ. അയാളറിയാതെ എനിക്കു മറ്റൊരു പ്ലാനുണ്ടായിരുന്നു. കൊലപാതക നാടകം അരങ്ങേറുകയാണല്ലോ എന്ന ആശ്വാസത്തോടെ റിതേഷ് സ്വപ്നങ്ങൾ നെയ്തു. ഞാൻ പക്ഷേ, അയാളെ കൊന്നു. അതായിരുന്നു ഞാൻ ഏറ്റവും ആസ്വദി ച്ച കൊലപാതകം. എന്റെ​​​​​​​ നീക്കങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുന്ന ആ ക്യാമറ ...അതാണ് ഞാൻ ഇല്ലാതാക്കിയത്. പണത്തിനുവേണ്ടി മാത്രം എന്നെ സമീപിക്കുന്ന നീചനെയാണ് ഞാൻ കൊന്നത്. അന്ന് ഞാൻ സുഖമായി ഉറങ്ങി. ആദ്യം തന്നെ അത് ചെയ്തിരുന്നെങ്കിൽ അനവധി നിരപരാധികൾ രക്ഷപ്പെടുമായിരുന്നു എന്നു എനിക്കു തോന്നി. എനിക്കു അതായിരുന്നു ആവശ്യം. അയാളായിരുന്നു മരിക്കേണ്ടത്. ഞാൻ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കൊതിച്ചു. മക്കളുടെ കൂടെ സ്വസ്ഥമായി ജീവിക്കാൻ എനിക്കു ആഗ്രഹം തോന്നി. അതിനായി ഞാൻ പുറത്തു പോയി കുറച്ചു ചികിത്സകൾ ചെയ്തു. പർദ്ദയുടെ മറവിൽ എന്നെ ആരും തിരിച്ചറിഞ്ഞില്ല. പ്ലാസ്റ്റിക് സർജറി ചെയ്തു മുഖം പൂർണ്ണമായി മാറ്റുക എന്ന ഐഡിയയായിരുന്നു എനിക്കു. അപ്പോഴാണ് ജോയൽ മറ്റൊരു ഉപായം കണ്ടു പിടിച്ചത്— ഒരു കൊലയാളിയെ കണ്ടു പിടിക്കുക. അങ്ങനെ അവൻ ദീപകിനെ ഇരയാക്കാൻ തീരുമാനിച്ചു. ജോയലിന് ദീപകിനോടു അതിയായ ദേഷ്യമുണ്ടായിരുന്നു. അതിൻറെ തീവ്രത ഞാൻ മനസ്സിലാക്കിയത് പിന്നീടാണ്. സ്കൂളിലെ കഥകൾ മുതൽ ഒരു ദിവസം അവൻ എനിക്കു വിവരിച്ചുതന്നു.

അതിനിടയിൽ ഈ ഗ്രൂപ്പിലെ ഏതോ ഓരോ ഡയറിയിലെ പോയിസൺ കൊണ്ട് സുഹാന ഹോസ്പിറ്റലിൽ ആയി. ദീപകിനെ കൊല്ലുക എന്നത് ജോയലിന്റെ​​​​​​​ പ്ലാൻ ആയിരുന്നു. അത് പൊളിഞ്ഞപ്പോഴാണ് ഞങ്ങൾ ദീപകിനെ വലയിൽ ആക്കാനുള്ള കൂടുതൽ പദ്ധതികൾ തയ്യാറാക്കിയത്. അങ്ങനെ ജോയൽ യമുന ടീച്ചർക്ക്​ ആ ഡയറി സമ്മാനിച്ചു. കേസിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് എന്ന വ്യാജേന ജോയൽ ദീപകിനെ യമുന ടീച്ചറുടെ വീടിനടുത്തുള്ള കഫേയിൽ വിളിച്ച് വരുത്തി. ദീപകിന് ടീച്ചറോടുള്ള ദേഷ്യം വെളിവാക്കുന്ന ആ കത്തും ദീപകിന്റെ​​​​​​​ വാച്ചും ടീച്ചറുടെ മേശയ്ക്കരികിൽ വെച്ചു. ദീപകിന്റെ​​​​​​​ വാച്ചും ഒരു പുസ്തകവും ഒഫീസിൽ നിന്നു മോഷ്ടിക്കുവാൻ ജാക്കിനെയാണ് ഏൽപിച്ചത്. അവൻ പിന്നെ പറഞ്ഞ കാര്യങ്ങളെല്ലാം വൃത്തിയായിട്ടു ചെയ്യും. കുറച്ചു പണം അധികം ചോദിക്കുമെങ്കിലും. പക്ഷേ, ഞങ്ങൾ വിചാരിച്ചതിനെക്കാൾ ഭംഗിയായി പിന്നീട് ദീപക് കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. ഞങ്ങളുടെ മുന്നിൽ ഉള്ള വഴികൾ എല്ലാം അടഞ്ഞു.”

ഗംഗയുടെ വാക്കുകൾ ദീപകിൽ മാറ്റമൊന്നും ഉണ്ടാക്കിയില്ല. അതാണ് ദീപകിന്റെ പ്രത്യേകത, ആരോടും പക വെച്ചു പുലർത്തുന്ന സ്വഭാവം ദീപകിനില്ല. “നിപുൺ, വിക്കി, മൊയ്ദീൻ മാഷ്, ഖദീജ ടീച്ചർ, യമുന ടീച്ചർ...ഇവരെ എല്ലാം തിരഞ്ഞെടുക്കുവാൻ കാരണം? എല്ലാവരും എഴുത്തുകാർ അല്ലല്ലോ? ഗെയിം കളിക്കുന്നവരും?”

“ഇതിൽ ഖദീജ ടീച്ചറും മൊയ്ദീൻ മാഷും ഒഴികെ എല്ലാവരും ഗെയിം കളിക്കുന്നവരാണ്. ഫാസിൽ...അവനെ കൊല്ലാനായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തത്. റൈറ്റേഴ്സ് പ്ലാറ്റ്ഫോർമിൽ എല്ലാവരുടെയും കൃതികളെ വല്ലാതെ വിമർശിക്കുന്ന സ്വഭാവം അവനുണ്ടായിരുന്നു. പലപ്പോഴും സ്വബോധത്തിലല്ല എന്നു തോന്നുന്നു. ഈ എതിർ അഭിപ്രായങ്ങൾ എഴുത്തുകാർക്കു ഒരു തല വേദന ആയിരുന്നെങ്കിലും സൈറ്റിന്റെ​​​​​​​ ട്രാഫിക് കൂടുന്നതിനാൽ റൈറ്റേഴ്സ് പ്ലാറ്റ്ഫോർമിന്റെ നടത്തിപ്പുകാർ അത് പ്രോത്സാഹിപ്പിച്ചിരുന്നു. അവന്റെ​​​​​​​ മാതാപിതാക്കൾ പെട്ട് പോയതാണ്. അവർ എന്താണ് ചെയ്തത് എന്നു ഞങ്ങൾക്കറിയില്ല. ഡയറിയിൽ എഴുതിക്കാണണം. അങ്ങനെ വിഷം അകത്തു ചെന്നിരിക്കണം. അത് സംഭവിച്ചതിനുശേഷമാണ് ഞങ്ങളറിഞ്ഞത്. ഡയറി അയച്ചു കൊടുക്കുന്ന ദിവസം തന്നെ ഓരോരുത്തരുടെയും മരണ തീയതിയും കുറിച്ചിടും. അത് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണ്. തീയതികൾ വെച്ചുള്ള കളി...അതെൻറെ ഐഡിയ ആണ്. ഓരോ മരണത്തിനും മുൻപു ഞങ്ങൾ സ്ഥലം ഒന്നു നിരീക്ഷിക്കും. ഒരു ചടങ്ങിന് വേണ്ടി മാത്രം. എല്ലാം ഇപ്പോൾ ഓട്ടോമാറ്റിക് ആയിക്കൊണ്ടിരിക്കുകയല്ലേ? അത് പോലെ ആണ് ഞങ്ങൾ പ്ലാൻ ചെയ്ത മരണങ്ങളും. ഓട്ടോമാറ്റിക് ആണ്. ബുദ്ധി കൊണ്ടുള്ള കളികളാണ്,” ഗംഗയുടെ വാക്കുകളിൽ അഭിമാനം തുടിക്കുന്നുണ്ടായിരുന്നു. പ്രശംസ അർഹിക്കുന്ന എന്തോ ഒരു കാര്യം ചെയ്തത് പോലെ അവർ എല്ലാവരെയും ഒന്നു നോക്കി.

“ നിങ്ങൾ എങ്ങനെയാണ് ഡയറി എല്ലാവരുടെയും കയ്യിലെത്തിച്ചത്?” “ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചതിനുശേഷം റൈറ്റേഴ്സ് പ്ലാറ്റ്ഫോർമിൽ ഞങ്ങൾ ഒരു മത്സരം നടത്തി—ഒരു ക്രൈം ത്രില്ലർ കഥാമത്സരം. അതിനു സമ്മാനമായി നല്കിയത് ഈ ഡയറി ആയിരുന്നു. അത് പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. മത്സരങ്ങൾ ഒരു ലഹരിയായ മലയാളികൾ ഇതിൽ വീഴും എന്നു ഞങ്ങൾക്കുറപ്പായിരുന്നു. ആ സമ്മാനങ്ങളേറ്റുവാങ്ങുമ്പോൾ ആ പാവങ്ങളറിഞ്ഞു കാണില്ല, അവരുടെ മരണ തീയതി നിശ്ചയിക്കപ്പെട്ടു എന്നു. വളരെ ഓർഗനൈസ്ഡ് ആയിട്ടാണ് കാര്യങ്ങളെല്ലാം ജോയൽ ചെയ്തത്. ഓരോരുത്തരുടെയും ഡയറിയിൽ കുറിച്ചിട്ടിരിക്കുന്ന തീയതി കൃത്യമായി മറ്റൊരു സ്ഥലത്തു എഴുതിവെച്ചിരുന്നു.”

“ കളിയെക്കുറിച്ച് നിങ്ങളറിയുന്നതു എവിടെ നിന്നാണ്?” “ എന്റെ​​​​​​​ ഉറ്റ സുഹൃത്ത് വിദ്യയാണ് പറഞ്ഞത്?” “ പെണ്ണുങ്ങൾക്കു ഗെയിമിൽ താൽപര്യം ഉണ്ടോ?” “ ഉം...കുറെ പേരുണ്ട് കളിക്കുന്നത്. ചിലർ മൈക്ക് ഓഫ് ചെയ്തിട്ട് ആണുങ്ങളുടെ പേർ സ്വീകരിച്ചു കളിക്കും. മറ്റുള്ളവർ സ്വന്തം ഐഡൻറിറ്റിയിൽ തന്നെ കളിക്കും. വലിയ ആൾക്കാരുടെ പേരിൽ കളിക്കുന്ന കുട്ടികൾ പോലുമുണ്ട്. സംസാരിക്കുമ്പോൾ തമ്മിൽ പറയുന്ന കാര്യങ്ങൾ മിക്കപ്പോഴും ഫെയ്ക് ആയിരിയ്ക്കും.”

ജോയൽ തല താഴ്ത്തി എല്ലാം കേട്ടു കൊണ്ടിരുന്നു.
ദീപകിന് മുഖം കൊടുക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. തന്നെ കേസിൽ പെടുത്തുവാൻ നോക്കിയ ജോയലിനോടു ദീപകിന് ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല. അവൻ അങ്ങനെയാണെന്നു ദീപകിന് പണ്ടേ അറിയാമായിരുന്നു എന്നാണ് ദീപക് അതിനുത്തരമായി പറഞ്ഞത്. മറ്റുള്ളവർക്കു പാര വെക്കാൻ നടയ്ക്കുന്നവൻ ആയിരുന്നു അന്നും കുറച്ചു പേർക്കു മുൻപിലെങ്കിലും ജോയൽ. പുറമെ നന്നായി പെരുമാറാനറിയുന്ന അവന് കുറച്ചു കൂട്ടുകാരുണ്ടായിരുന്നെങ്കിലും അവൻ എന്നും ഒറ്റക്കുതന്നെയായിരുന്നു. അകത്തു പൂച്ചയെപ്പോലെ പതുങ്ങി ഇരുന്ന ഇൻസെക്യൂരിറ്റി എപ്പോഴും പുറത്തു ചാടുമായിരുന്നു. അതു തന്നെ ആയിരുന്നു അവന്റെ പ്രശ്നവും.

“ ജോയൽ, നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ?”
ജോയൽ മൗനം പാലിച്ചു. ക്ലോക്കിന്റെ ടിക് ടിക് ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു. “ എഴുത്ത്....എഴുത്തുകാർ...എല്ലാവരെയും ഇല്ലാതാക്കണം,”
ജോയൽ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. അവൻ കൈകൾ കൊണ്ട് മുടിയിൽ പിടിക്കുകയും മേശപ്പുറത്ത് വെക്കുകയും പിന്നേയും മുടി പിടിയ്ക്കുകയും ചെയ്തു. “ ജോയൽ എങ്ങനെ ആണ് നിപുണിനെ കൊലപ്പെടുത്തിയത്? ഈ സ്പെഷ്യൽ ഡയറി ജോയേലിന്റെ​​​​​​​ ആശയം ആയിരുന്നോ?”

“ കൊല്ലും ഞാൻ ...എല്ലാവരെയും...ഇനീം,” ജോയൽ പരിസര ബോധമില്ലാതെ പറയുന്നതാണോ അതോ വിദഗ്ധമായി അഭിനയിക്കുന്നതാണോ എന്ന സംശയം ബാക്കി നിന്നു. അതിനാൽ, രണ്ടു ദിവസം ഒബ്സെർവ് ചെയ്തിട്ടു നുണ പരിശോധനയ്ക്ക് വിധേയനാക്കാം എന്നു സൈക്കാട്രിസ്റ്റ് അഭിപ്രായപ്പെട്ടു.
കുറച്ചു കഴിഞ്ഞപ്പോൾ ജോയൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങി,“ ഞാൻ പണ്ട് മുതലേ, ഹോസ്റ്റെലിൽ നിന്നാണ് പഠിച്ചത്. എന്റെ​​​​​​​ അച്ഛനുമമ്മയും ഉദ്യോഗസ്ഥരായിരുന്നു. എന്നെ ശ്രദ്ധിക്കുവാൻ സമയം ഇല്ലാത്തതിനാൽ എന്നെ ഒരു കോൺവെൻറ് ഹോസ്റ്റലിലാക്കി. ആദ്യമൊന്നും എനിക്കു അവിടെ ഇഷ്ട്മല്ലായിരുന്നു. പതിയെ ഞാൻ കുറച്ചു സുഹൃത്തുക്കളേ ഉണ്ടാക്കിത്തുടങ്ങി. അപ്പോഴേക്കും അച്ഛൻ വന്നു എന്നെ കൂട്ടിക്കൊണ്ടുപോയി, ഏകാന്തത തളം കേട്ടി നില്ക്കുന്ന ആ വലിയ വീട്ടിലേക്ക്. എഴുതാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും എനിക്കൊന്നും എഴുതാൻ കഴിഞ്ഞില്ല. സ്കൂളിൽ മത്സരങ്ങളുണ്ടായപ്പോൾ സഹപാഠികളുടെ കൃതികൾ മോഷ്ടിച്ചു ഞാൻ ഒന്നാമതെത്തി.”

“ അവന് മെക്കാനിക്കൽ കാര്യങ്ങളിൽ നല്ല അറിവാണ്,” ഗംഗ പറഞ്ഞു തുടങ്ങി, “സ്വന്തമായി കുറെ സാധനങ്ങളുണ്ടാക്കും. അവന്റെ​​​​​​​ ആ കഴിവ് കണ്ടെത്തുവാൻ ആർക്കും കഴിഞ്ഞില്ല. സ്വന്തം മുറിയിൽ ഒളിച്ചിരുന്നാണ് ഇങ്ങനെ ഉള്ള കാര്യങ്ങളവൻ ചെയ്തിരുന്നത്. അച്ഛൻ ഭയങ്ങര സ്ട്രിക്റ്റായിരുന്നു. പാഠപുസ്തകങ്ങൾ അല്ലാതെ മറ്റൊന്നും വായിക്കാൻ സമ്മതിക്കില്ല, ചെയ്യാൻ സമ്മതിക്കില്ല. വലുതാകുമ്പോൾ ഐ ഏ എസ് ഒഫീസറാക്കണം എന്നായിരുന്നത്രേ അച്ഛന്റെ​​​​​​​ ആഗ്രഹം. തന്റെ​​​​​​​ ഇഷ്ടങ്ങൾ നോക്കാതെ തീരുമാനങ്ങളെടുക്കുന്ന അച്ഛനോട് ഒരു തരം വാശിയാണ് ജോയലിനു തോന്നിയത്. അങ്ങനെ കുറെ കോഴ്സുകൾക്കു ചേർന്നു . ഒന്നും പൂർത്തിയാക്കാതെ ഇട്ടിട്ടു പോരും. അച്ഛൻ സങ്കടപ്പെടുന്നത് കാണാൻ അവനിഷ്ടമാണ്​ എന്നവൻ എന്നോടു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ ഡയറിയിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഇല്ലേ? ഇതിവന്റെ​​​​​​​ ബുദ്ധിയാണ്.”

“ നിങ്ങൾക്കു പാശ്ചാതാപമുണ്ടോ?”
രണ്ടു പേരും മുഖം താഴ്ത്തിയിരുന്നു. “പറ്റിപ്പോയി. ഇനി രക്ഷ ഇല്ല എന്നറിയാം,” കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ഗംഗ പറഞ്ഞു.

“ സ്വാതന്ത്ര്യം... അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അടിമകളായി ജീവിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. അതിനുവേണ്ടി പോരാടുക ആയിരുന്നു ഞാൻ ചെയ്യേണ്ടത്. മനുഷ്യ മനസ്സ് വളരെ സങ്കീർണ്ണമാണ്. അതെപ്പോഴാണ് താളം തെറ്റുക എന്നറിയില്ല,” ഗംഗ എന്തൊക്കെയോ തത്വങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഒരു കുറ്റവാളിയുടെ വാക്കുകൾ ആണെങ്കിലും എല്ലാവരും അത് കേട്ടിരുന്നു. കാര്യങ്ങൾ വളരെ തൻമയത്വത്തോടെടെ അവതരിപ്പിക്കാനുള്ള കഴിവ് ഗംഗയ്ക്കുണ്ടായിരുന്നു.
ഗംഗ നിശ്ശബ്ദയായപ്പോൾ എല്ലാവരും എഴുന്നേറ്റു. സ്വാതന്ത്ര്യം തേടിയുള്ള ജീവിത യാത്രയുടെ തിരക്കുകളിലേക്ക് മടങ്ങി.

ഒക്ടോബർ 16
വെള്ളിയാഴ്ചപ്രിയപ്പെട്ട ഡയറി, ഒരു പാട് നാളായി ഞാൻ നിന്നോടു സംസാരിച്ചിട്ട്. മനപ്പൂർവ്വമല്ല. എഴുതുവാൻ കൂടി സമയം കിട്ടാത്ത തിരക്കായിരുന്നു എന്നു പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്നു എനിക്കറിയില്ല. കുറച്ചു ദിവസങ്ങൾ കൊണ്ട് കേസിനു വല്ലാത്ത പുരോഗതിയാണുണ്ടായത്. അതിന്നവസാനിച്ചിരിക്കുന്നു.

അങ്ങനെ പറഞ്ഞാൽ ശരിയാകുമോ എന്നെനിക്കറിയില്ല. കാരണം, ഈ കേസ് ഔദ്യോഗികമായി അവസാനിച്ചെങ്കിലും എന്നെ വേട്ടയാടിക്കൊണ്ടിരിക്കും എന്നു തന്നെയാണ് തോന്നുന്നത്. കാരണം എന്തെന്നാൽ ഇതിലെ കുറ്റവാളികളെ സൃഷ്ടിച്ചത് സമൂഹം തന്നെ അല്ലേ എന്നൊരു സംശയം എനിക്കുണ്ട്. അവരിതൊന്നും മനപ്പൂർവ്വം ചെയ്തതല്ല... സാഹചര്യമാണ് അവരെ കുറ്റകൃത്യങ്ങളിൽ കൊണ്ടെത്തിച്ചത്. എല്ലാവരും അങ്ങനെ തന്നെ അല്ലേ എന്നു നീ എന്നോടു ചോദിക്കുമായിരിക്കും. അത് ഒരു കണക്കിനു ശരിയാണ്. മാനസിക വൈകല്യങ്ങൾ ഉള്ളവരൊഴിച്ചാൽ കുറ്റകൃത്യങ്ങളിൽ ചെന്നു പെടുന്നത് അത്തരക്കാരാണ്. ജീവിതത്തിന്റെ​​​​​​​ ഏതോ സ്റ്റേഷനിൽ താളം തെറ്റിയവർ.

നിത്യജീവിതത്തിന്റെ​​​​​​​ വിരസതയിൽ കിടന്നുപിടയുന്നതിനിടയിൽ ഇത്തരം കാര്യങ്ങൾ നമ്മൾ കുറച്ചു കൂടി ശ്രദ്ധിച്ചാൽ കൊള്ളാം എന്ന് എനിക്ക് തോന്നാറുണ്ട്. ഇന്നതെ കാലത്ത് വർദ്ധിച്ചു വരുന്ന ഡിവോർസുകളുടെ കാരണം എന്താണ്? ആ ബന്ധത്തിന്​ മതിയായ പ്രാധാന്യം കൊടുക്കുന്നില്ല എന്നത് തന്നെ. മാതാപിതാക്കളോടൊ ബന്ധുക്കളോടൊ സുഹൃത്തുക്കളോടൊ പെരുമാറുവാൻ നമുക്ക് പെരുമാറ്റച്ചട്ടങ്ങളുണ്ട്. മോശമായി പെരുമാറുവാൻ പാടില്ല എന്ന ചിന്ത ഉണ്ട്. ഭാര്യാഭർതൃബന്ധത്തിന്റെ​​​​​​​ കാര്യം വരുമ്പോൾ അതൊന്നും പാലിക്കേണ്ടതില്ല എന്ന ചിന്തയാണ്.

എന്നാൽ അങ്ങനെ അല്ല. ഏതൊരു ബന്ധത്തെപ്പോലെയും ശ്രദ്ധയും പരിപാലനവും അതിനാവശ്യമാണ്. അതെങ്ങനെ? ചെറിയൊരു പിണക്കമുണ്ടായാൽ അതെങ്ങനെ ഹാൻഡിൽ ചെയ്യണം എന്നു നമ്മുടെ ചെറുപ്പക്കാർക്കറിയില്ല. പ്രശ്നങ്ങളുണ്ടായാൽ ഉടനത്തന്നെ പറയുന്നത് ഡിവോഴ്സ് ചെയ്യാമെന്നോ വീട്ടിൽ നിന്നു ഇറങ്ങി പൊയ്ക്കോളൂ എന്നോമാണ്. ഞാനിതു പറയുമ്പോൾ എനിക്കു അനുഭവങ്ങളില്ലല്ലോ എന്നു നീ ചിന്തിക്കുമായിരിക്കും. എനിക്കു ഒരു പാട് പേരുടെ കഥകൾ അറിയാം. കഥകൾ അല്ല, ജീവിതാനുഭവങ്ങൾ എന്നു വേണം അതിനെ വിളിക്കുവാൻ. അങ്ങനെ, അവർ ഒരു ഭിത്തിക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയുന്ന കുറച്ചു ജീവിതങ്ങൾ മാത്രമായിത്തീരുന്നു. ഒന്നാലോചിച്ചു നോക്കിയാൽ ഈ പ്രശ്നങ്ങളെല്ലാം സ്വയനിർമ്മിതമല്ലേ? സാമ്പത്തിക ബുദ്ധിമുട്ടോ ആരോഗ്യപ്രശ്നങ്ങളോ ഒന്നുമില്ലെങ്കിൽ സന്തോഷമായിരിക്കുവാൻ പിന്നെ എന്താണ് വേണ്ടത്?

വിവാഹം കഴിഞ്ഞാൽ ഭാര്യയോ ഭർത്താവോ നിങ്ങളുടെ അടിമയല്ല. സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉള്ള മനുഷ്യർ മാത്രമാണ്​. നിങ്ങൾക്കു ദേഷ്യം വരുമ്പോൾ ചാടിക്കടിക്കുവാനുള്ള ഉപകരണമല്ല. ചിലർ കരുതുന്നതുപോലെ ദേഷ്യം ഒരു പവർഫുൾ ഇമോഷനേയല്ല. അത് മനസ്സിന്റെ​​​​​​​ ദീനരോദനം മാത്രമാണ്. ആങ്കർ മാനേജ്മെൻറ്, അതൊരു കലയാണ്. അത് സ്വായത്തമാക്കുവാൻ സാധിച്ചില്ലെങ്കിൽ പിന്നെ ചികിത്സിക്കുകയാണ് നല്ലത്. ഗംഗ പറഞ്ഞതു പോലെയുള്ള പ്രശ്നങ്ങൾ പല ഭാര്യാഭർത്താക്കന്മാരും അനുഭവിക്കുന്നുണ്ട് എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. അതവർ ചോദിച്ചതു ശരിയല്ലേ? പുറത്തു നിന്ന്​ നോക്കുമ്പോൾ ഒരു പ്രശ്നവുമില്ല. എല്ലാവരോടും നല്ല പെരുമാറ്റം. എന്നാൽ ഭാര്യയോടുമാത്രം അല്ലെങ്കിൽ ഭർത്താവിനോടു മാത്രം ചാടിക്കടിക്കൽ. അതിനിയും തിരിച്ചറിഞ്ഞു തിരുത്തേണ്ട ഒരു തെറ്റാണ്. സ്മോൾ പോക്സോ പോളിയോയോ പോലെ നിർമാർജ്ജനം ചെയ്യേണ്ട ഒന്നു.

ഇപ്പോൾ, ഗംഗയുടെ കാര്യം തന്നെ എടുക്കട്ടെ. അവരുടെ ബന്ധം തകർന്നില്ലായിരുന്നെങ്കിൽ അവളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാൻ അനുവദിച്ചിരുന്നെങ്കിൽ ഒരു പക്ഷേ, അവളൊരു കുറ്റവാളി ആയി മാറില്ലായിരുന്നു. ഗംഗ കുറ്റക്കാരിയല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷേ, അതിൽ റിതേഷിനും പങ്കില്ലെ? അദൃശ്യമായൊരു പങ്ക്? സ്വന്തം കൂടപ്പിറപ്പിനെ ഇല്ലാതാക്കിയ ആളെ പിന്നെ ഗംഗ എന്തു ചെയ്യണമായിരുന്നു? നിയമത്തിന്നു വിട്ടുകൊടുത്താൽ നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടോ?

പിന്നെയുള്ളത് പണത്തിനുപുറകെയുള്ള ഓട്ടമാണ്. പണത്തിനുമീതെ പരുന്തും പറക്കില്ല എന്നത് സത്യം തന്നെയാണ്. എന്നാൽ, സമാധാനമല്ലേ എപ്പോഴും വലുത്? പണമുണ്ടെങ്കിലേ സമാധാനം ഉണ്ടാവൂ എന്നു ഇപ്പോഴത്തെ ചില ചെറുപ്പക്കാർ വാദിക്കും. അതിനോടു ഞാൻ യോജിക്കുന്നില്ല. അതെന്റെ​​​​​​​ മാത്രം അഭിപ്രായമാണ്. അത്യാവശ്യം പണം കൊണ്ട് സന്തോഷമായി ജീവിക്കുക എന്നത് ഇനിയും ജനങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. പണം തന്നെയാണ് ഓപ്പറേഷൻ ഡയറി എന്ന ഈ കേസിന്റെ​​​​​​​ ക്രൈം ട്രയാംഗിളിലെ മൂന്നാമത്തെ ഘടകം.

നാടോടുമ്പോൾ നടുവേ ഓടണം. എന്നാൽ , ജീവിതത്തെ കീഴടയ്ക്കുവാൻ ടെക്നോളജിയെ അനുവദിക്കരുത്. അത് അപകടം തന്നെ ആണ്. മൊബൈൽ ഫോണുകളും ഗെയിമുകളും ഉപയോഗിക്കുന്നതിന് പരിധി വെക്കുക തന്നെ വേണം. അത് തിരിച്ചറിയാതെ പോകരുത്. മരണപ്പെട്ടവരിൽ മോയ്ദീൻ മാഷും ഖദീജ ടീച്ചറും ഒഴികെ എല്ലാവരും ഗെയിം കളിക്കുന്നവരായിരുന്നല്ലോ. ജോയലിന്റെ​​​​​​​ കാര്യം മറ്റൊന്നാണ്. മതിയായ സ്നേഹം കിട്ടാതെ വളർന്നതിലുള്ള പ്രശ്നം. സ്നേഹവും കരുതലും നല്കേണ്ടത് മാതാപിതാക്കളുടെ ചുമതല തന്നെയാണ്. അതവിടുന്നു കിട്ടിയില്ലെങ്കിൽ മറ്റ് സ്ഥലങ്ങളന്വേഷിച്ചു കുട്ടികൾ പോകും. അതപകടമാണ്. അല്ലെങ്കിൽ അത് മനസ്സിനെ വികൃതമാക്കും. ഭക്ഷണവും വസ്ത്രവും പോലെ തന്നെ പ്രാഥമികാവശ്യമാണ് സ്നേഹം, തുറന്നു സംസാരിക്കാനുള്ള ഒരത്താണി. അത് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ മാനസികാരോഗ്യത്തിനുള്ള പ്രോഗ്രാമുകളോ കൗൺസലിങ്​ സെൻററുകളോ തുടങ്ങണം എന്നുണ്ട്. സുഹാനയ്ക്ക് എന്തായാലും അതിനുള്ള കഴിവുണ്ട്. അതിനെക്കുറിച്ചു അലോചിക്കുക തന്നെ. ഇവിടത്തെ സമൂഹത്തിനുള്ള മറ്റൊരു പ്രശ്നം മാനസികപ്രശ്നങ്ങൾ വരുമ്പോൾ സഹായം തേടാനുള്ള വിമുഖതയാണ്. പനിയൊ ചുമയോ വന്നാൽ ഹോസ്പിറ്റലിലേക്ക് ഓടുന്ന ജനങ്ങൾ ഇത്തരം കാര്യങ്ങൾ വരുമ്പോൾ പുറകോട്ടു വലിയുന്നു. എന്താണിതിനു കാരണം? സൈക്കോളജിസ്റ്റിന്റെ​​​​​​​ അടുത്തോ സൈക്കാട്രിസ്റ്റിൻറെ അടുത്തോ പോകുന്നത് ഒരു മോശം കാര്യമായിട്ടാണിന്നും സമൂഹം കരുതുന്നത്. അത് മാറണം. നിനക്കു ബോറടിക്കുന്നുണ്ടോ?

ഇതെല്ലാം എന്റെ​​​​​​​ മാത്രം കാഴ്ചപ്പാടുകാളാണ്. നിനക്കു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഇനിയും ഗംഗകളും ജോയലുകളും ഉണ്ടാവല്ലേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഇപ്പോൾ നിനക്കു മനസ്സിലായില്ലേ ഈ കേസ് എന്താണെന്നെ വിട്ടു പോകാത്തത് എന്നു? കുറ്റവാളിയെ ജയിലിൽ ആക്കിയത് കൊണ്ട് ഒരു കുറ്റാന്വേഷകന്റെ​​​​​​​ ജോലി തീരുന്നില്ല. അവരെ കുറ്റവാളിയാക്കിയ സാഹചര്യങ്ങൾ കൂടി വിശകലനം ചെയ്തു ഉത്തരവാദിത്വപ്പെട്ടവർക്കു വിവരങ്ങൾ കൈമാറുക തന്നെ. അതാണ് അടുത്ത ദൗത്യം.

എന്തായിരുന്നു സുഹാനയുടെ ആ സർപ്രൈസ് എന്നു നിനക്കു സംശയം തോന്നുന്നില്ലേ? കേസിന്റെ​​​​​​​ കാര്യങ്ങളും വാർത്താ സമ്മേളനങ്ങളും ഒന്നടങ്ങിയപ്പോൾ ആണ് ഞങ്ങളും അതിനെക്കുറിച്ച് സുഹാനയോട് ചോദിച്ചത്. ഡിറ്റെക്റ്റീവ് ഡിവൈസുകൾ അടങ്ങുന്ന ഒരു കിറ്റ് ആയിരുന്നു അവളുടെ കയ്യിൽ. ഡിക്ടറ്റീവ് ഏജൻസിക്കുവേണ്ടി ആത്മാർഥമായി ജോലി ചെയ്യുന്ന രണ്ടു സുഹൃത്തുക്കളെ കിട്ടിയതിൽ ഞാൻ സന്തോഷിക്കുന്നു. നീയും എന്റെ​​​​​​​ പ്രിയപ്പെട്ട സുഹൃത്തുതന്നെ.

ഗേറ്റിനുപുറത്ത്​ വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിന്റെ​​​​​​​ ആരവങ്ങളുയർന്നു . ഇനി അല്പം വിശ്രമിക്കേണ്ട സമയം തന്നെ എന്ന്​ അഹദിന്റെ​​​​​​​ മനസ്സു മന്ത്രിച്ചു.

(അവസാനിച്ചു)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments