ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം മൂന്ന്​

3. മജ്‌നുവിന്റെ സാറ

കലെ സമുദ്രത്തിനുനടുവിൽ ധാരാളം ചെടികളും പൂക്കളും ശുദ്ധജല ഉറവകളുമുള്ള ഫലപുഷ്ടി നിറഞ്ഞ ഒരു മരുപ്പച്ചയായി അറേബ്യയുടെ വൻകരകളിൽ നിന്ന് കാഴ്ചപ്പെടുന്ന ദ്വീപ് ബൈബിളിലെ ഏദൻ തോട്ടം തന്നെയാണോ എന്നാണ്​ എക്‌സ്പെഡിഷൻ ഗവേഷണം ചെയ്തത്. പോൾസൻ ജോഹാൻസ് ഉൾപ്പെട്ട ഡെന്മാർക്കുകാരുടെ സംഘം ദിൽമുനിയയിൽ പല സ്ഥലങ്ങൾ ഉത്ഘനനം ചെയ്ത് പ്രാചീനമായ ജനപഥങ്ങളുടെ ശേഷിപ്പുകൾ വെളിച്ചത്ത് കൊണ്ടുവന്നു.

ആയിരക്കണക്കിന് വർഷങ്ങൾ മുന്നേ മൊസോപ്പൊട്ടോമിയയും സിന്ധുനദീതട നാഗരികതയും പരസ്പരം വിനിമയങ്ങൾ ചെയ്യുമ്പോൾ ദിൽമുനിയയിൽ അതിന്റെ വ്യാപാരകേന്ദ്രമായ ധനികനഗരം ഉണ്ടായിരുന്നുവെന്നതിന് അവർ തെളിവുകൾ കണ്ടെത്തി.

‘‘ദിൽമുനിയയുടെ വടക്കേയറ്റത്ത് തകർന്നുകിടന്ന കോട്ടയുടെ അടിയിൽ ഖനനം ചെയ്ത ഗവേഷകനാണ് ദിൽമുനിയയുടെ പുരാതന സുവർണകാലം പറയുന്ന പുസ്തകമെഴുതിയതെന്ന് ഞാൻ വായിച്ചിട്ടുണ്ട്'', ഫാദർ ഹെർമൻ നല്ല പ്രസരിപ്പോടെ ഒഴുക്കിൽ സംസാരിച്ചിരുന്നത് ഒന്ന് നിറുത്തിയപ്പോൾ ജോൺ ഫിലിപ്പ് ഇടപെട്ടു പറഞ്ഞു.

അവ്വൽ ടൗൺഷിപ്പിന്റെ അകത്തു പോകാൻ കഴിയുമോയെന്ന് ഫാദർ ഹെർമൻ ചോദിച്ചു. ഡാനിഷ്‌ സംഘം അന്ന് അവ്വൽ ടൗൺഷിപ്പിലാണ് താമസിച്ചത്. തന്റെ പിതാവ് താമസിച്ചിരുന്ന വീട് ഏത് സെക്ടറിലെന്നറിയില്ലെങ്കിലും അദ്ദേഹം താമസിച്ചിരുന്നതുപോലെയുള്ള വീടുകളും അവിടുത്തെ പരിസരസ്വാധീനവും കാണാൻ ഫാദർ ഹെർമന് ആഗ്രഹമുണ്ടായിരുന്നു.

‘‘എന്നിട്ടുവേണം എന്റെ അച്ഛന് കെട്ടുകഥകളുണ്ടാക്കാൻ എത്രമാത്രം കഴിവുണ്ടായിരുന്നെന്ന് നിശ്ചയിക്കാൻ.''

‘‘അവ്വൽ ടൗൺഷിപ്പിനുള്ളിൽ എവിടെയും നമുക്ക് പോകാം''എന്നുപറഞ്ഞ് അബ്രഹാം ജോസഫ്‌ ഡ്രൈവിങ്​ തുടർന്നു.

വണ്ടിയൊന്ന് നിറുത്താൻ വീണ്ടും ഫാദർ ഹെർമൻ കുറച്ച്​ ഉച്ചത്തിൽ തന്നെ ആവശ്യപ്പെട്ടു. ഓയിൽ ഫീൽഡിലേക്കുള്ള റോഡിലൂടെ വണ്ടി അവ്വൽ ടൗൺഷിപ്പിനെ സമീപിക്കുകയാണ്. അമ്പത് വർഷങ്ങൾക്കുമുമ്പ് അവ്വൽ ടൗൺഷിപ്പ് പണിയുമ്പോൾ അതിനുണ്ടായിരുന്ന ഒരു പ്രത്യേകതയും ഇപ്പോഴില്ല. അന്ന് യൂറോപ്പിൽ ലഭ്യമായിരുന്ന ജീവിതസൗകര്യങ്ങളും അതിന്റെ അനുസാരികളും അവ്വൽ ടൗൺഷിപ്പിൽ മാത്രമാണുണ്ടായിരുന്നത്. ഇന്നിപ്പോൾ അതെല്ലാം ദിൽമുനിയയിലെ ഏതു ചെറിയ ടൗണിലും കിട്ടും.

അറേബ്യയിലാകെയുള്ള ഒരു തുണ്ട് യൂറോപ്പെന്ന പ്രസക്തി അസ്തമിപ്പിച്ചു കൊണ്ട് അവ്വൽ ടൗൺഷിപ്പിനെ ഏറെ ചെറുതാക്കി അനേകം വലിയ യൂറോമാതൃകകൾ രാജ്യത്ത് ഉയർന്നിട്ടുണ്ട്. അവ്വൽ ടൗൺഷിപ്പിന്റെ മതിലിന് വെളിയിലെ അരുതുകളെ നിഷേധിക്കുന്നതിന്റെ അധികലഹരി അന്ന് മതിലിനുള്ളിലുള്ളവർ അനുഭവിച്ചിരുന്നു. ഇപ്പോൾ അരുതുകൾ ആരുടേയും വിഷയമല്ലാതായിരിക്കുന്നു. ദിൽമുനിയയുടെ കാലാവസ്ഥയ്ക്ക് തീരെ ചേരുന്നില്ലെങ്കിലും ഇംഗ്ലണ്ടിലെ പോലെ ഓടിട്ട കൂരകളുള്ള ഭംഗിയുള്ള വീടിൻ കൂട്ടങ്ങളും അവക്കുവെളിയിലെ പൂച്ചെടികളും മാത്രമാണ് ഇപ്പോഴും സവിശേഷമായിരിക്കുന്നത്. സ്വദേശികളെപ്പോലും സ്വാഗതം ചെയ്യാതെ സാഹിബുമാർക്ക് താമസിക്കാൻ പണി കഴിപ്പിച്ചവയാണ് ആ വീടുകൾ. ഇപ്പോഴത്തെ താമസക്കാരിൽ നിന്ന് യൂറോപ്യർക്ക്​ വേറിട്ട് താമസിക്കാൻ വേണ്ടിയായിരുന്നു ആ വീടുകൾ നിർമിച്ചതെന്ന യാഥാർത്ഥ്യം അവർക്കുനേരെ പല്ലിളിച്ചു നിൽക്കുന്നു. പഴയ അവ്വൽ ടൗൺഷിപ്പിന്റെ ചിപ്പിക്കൂട് മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്.

ദിൽമുനിയയിൽ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്നത് മണ്ണിനടിയിൽ കുഴിച്ചിട്ടിട്ടുള്ള കേബിൾ ശൃംഘലയിലൂടെയാണ്. ആകാശത്തേക്ക് വളർന്ന് പന്തലിച്ച വൈദ്യുതി പോസ്റ്റുകളും കമ്പിക്കാലുകളും അവയിലൂടെ അയകെട്ടിയതുപോലെ വലിച്ചുകെട്ടിയ കമ്പികളും അവയിൽ വന്നിരുന്ന് ആത്മഹത്യ ചെയ്യുന്ന പക്ഷികളും ഒന്നും സാധാരണ കാഴ്ചയല്ല. എഴുപതു വർഷങ്ങൾക്കുമുമ്പ് ഓയിൽ ഫീൽഡിൽ വൈദ്യുതി വരുമ്പോൾ അന്നത്തെ നൂതന സാങ്കേതിക വിദ്യയായ പോസ്റ്റുകളും കമ്പികളും ഉപയോഗിച്ച് തലയ്ക്ക് മുകളിലൂടെയുള്ള വിതരണ സമ്പ്രദായമായിരുന്നു അവലംബിച്ചത്. അന്ന് അതേ ഘടനയിലും ചട്ടവട്ടങ്ങളിലും അവ്വൽ ടൗൺഷിപ്പിലും വൈദ്യുതി വന്നു. ടൗൺഷിപ്പിനുചുറ്റും ഉയരത്തിൽ കത്തുന്ന തെരുവുവിളക്കുകൾ ഇപ്പോഴും പഴയതുപോലെ മരത്തിന്റെ പോസ്റ്റുകളിലാണ് പിടിപ്പിച്ചിട്ടുള്ളത്. ടൗൺഷിപ്പിന്റെ കിഴക്കേ ഗേറ്റിനു മുന്നിലെ തെരുവുവിളക്കുകളുടെ നീണ്ട നിരയിലെ ഒരു വിളക്കുകാൽ പോസ്റ്റിനെയാണ് നിറുത്തിയ വണ്ടിയിൽ നിന്നിറങ്ങിയ ഫാദർ ഹെർമൻ സമീപിച്ചത്.

പോസ്റ്റിൽ ആളുയരത്തിനും മുകളിലായി മൂന്നടിയോളം വലിപ്പത്തിലും വൃത്തിയായും ഒരു ഇംഗ്ലീഷ് അക്ഷരം കാലിഗ്രാഫിയിൽ ചിത്രമായി എഴുതിയിരിക്കുന്നു. ചുണ്ണാമ്പ് ചാലിച്ച് പെയിന്റുചെയ്ത അക്ഷരചിത്രം വർഷങ്ങൾ കടന്നുപോയപ്പോൾ ചാരനിറമായെങ്കിലും വലുതായി എഴുതിയിരിക്കുന്നത് കൊണ്ട്​ നന്നായി വായിക്കാം.

‘‘കടന്നുപോയ രണ്ടു മൂന്നു പോസ്റ്റുകളിലെ ഓരോ അക്ഷരചിത്രങ്ങൾ കഴിഞ്ഞാണ് നാം വന്നത്’’, ഫാദർ ഹെർമന്റെ ശബ്ദത്തിൽ പിന്നിലേക്ക് പോകാൻ താത്പര്യമുണ്ട്.

വണ്ടി പോസ്റ്റുകളുടെ തുടക്കത്തിലേക്കുപോയി അക്ഷരങ്ങൾ ഒന്നൊന്നായി വായിച്ചുവന്നു. ടൗൺഷിപ്പിനെ ചുറ്റിയുള്ള പോസ്റ്റുകളിൽ ഓരോന്നിലുമായി രചിക്കപ്പെട്ട ഓരോ ചിത്രാക്ഷരങ്ങളാലെഴുതിയ സന്ദേശവും അതിന്റെ അനേകം ആവർത്തനങ്ങളും വായിക്കാൻ അവർ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചു.

സാറ ഐ ലവ് യൂ, സാറാ ഞാൻ നിന്നെ പ്രേമിക്കുന്നു!

പന്ത്രണ്ടക്ഷരങ്ങളിലെ മന്ത്രത്തിന്റെ ആവർത്തനങ്ങളാണ് ടൗൺഷിപ്പിനുചുറ്റും.
ടൗൺഷിപ്പിനുള്ളിൽ പണ്ടെന്നോ കുടിയിരുന്ന സാറയെ വലയം ചെയ്‌തെഴുതിയ മന്ത്രം കാലമേറെ കഴിഞ്ഞിട്ടും ആകാശത്തിൽ നിൽക്കുന്നു.

തങ്ങൾക്കു പിന്നാലെ വട്ടത്തിൽ വണ്ടിയോടിച്ചു കൊണ്ടിരിക്കുന്ന ബഷീർ ആലത്തിന്റെ ആശയക്കുഴപ്പം പരിഹരിക്കാനായി ജനാലച്ചില്ലുകൾ താഴ്ത്തി വണ്ടി നിറുത്തിയിടുവാൻ അബ്രഹാം ജോസഫ് ആംഗ്യത്തിൽ നിർദ്ദേശം നൽകി.
എത്രയോ കാലമായി പതിവായി കടന്നുപോകുന്ന വഴിയിലെ ഇലക്​ട്രിക്​പോസ്റ്റുകളിലെ ഈ അക്ഷരങ്ങൾ കണ്ണിൽ പെട്ടില്ലല്ലോയെന്ന് അബ്രഹാം ജോസഫ് അതിശയിച്ചു. അഥവാ, കണ്ടവർക്കും അതോരോന്നും ഓരോ അക്ഷരച്ചിത്രം മാത്രമായിരുന്നു. ആ ചിത്രങ്ങളുടെ അർത്ഥം അനുഭവിക്കാതെ അവരും കടന്നു പോയിട്ടുണ്ടാവും. അവ്വൽ ടൗൺഷിപ്പിൽ ജീവിച്ചിരുന്ന ഒരാണിനു തന്റെ ഇഷ്ടവും സ്നേഹവും ഒരാളെ അറിയിക്കുന്നതിന്​ യാതൊരു വിലക്കുമില്ല. ഇനി കാമമോഹം തന്നെയും അയാൾക്ക് പറഞ്ഞ്​ സമ്മതി ചോദിക്കാം. നേരിട്ടറിയിച്ചപ്പോൾ സാറ അയാളെ തിരസ്കരിച്ചുവെന്ന് ഉറപ്പാണ്. സാറ പിന്നീട് ഈ മന്ത്രാക്ഷരങ്ങളുടെ ചിത്രമെഴുത്ത് കാണുകയും തിരിച്ചറിയുകയും അയാളുടെ പ്രേമം സ്വീകരിക്കുകയും ചെയ്‌തോ എന്നറിയാൻ ഇനി വഴിയൊന്നുമില്ലല്ലോ എന്നു ജോൺ ഫിലിപ്പ് സങ്കടപ്പെട്ടു.

യൂറോപ്പും അവിടുത്തെ ജനങ്ങളും ആധുനികതയെ പുൽകിയവരാണെന്നും പൗരസ്ത്യർ മുപ്പതു വർഷം പിന്നിൽ ഓരോ കാര്യത്തിലും അവരെ പിന്തുടരുകയും അനുകരിക്കുകയും ചെയ്യുകയാണെന്നും ജോൺ ഫിലിപ്പ് വിശ്വസിക്കുന്നു. ദിൽമുനിയയിൽ വന്ന് അവരുമായി ഇടപെടാൻ കഴിഞ്ഞത് ജീവിതത്തിലെ നല്ല അവസരമാണെന്നാണ് ജോൺ ഫിലിപ്പിന്റെ വിലയിരുത്തൽ. തന്റെ അഭിലാഷ സാക്ഷാൽക്കാരത്തിന് യൂറോപ്യൻ യുവാവ് കണ്ടെത്തിയ നൂതനമായ മാർഗം ജോൺ ഫിലിപ്പിനെ ആവേശഭരിതനാക്കി. തങ്ങളുടെ ആശയങ്ങൾ പ്രവൃത്തി പഥത്തിൽ കൊണ്ടുവരുവാൻ ഏതറ്റംവരെയും അവർ പോകുമെന്നും അതു നിറവേറി മറ്റുള്ള മനുഷ്യർക്കായി അവർ മാതൃകകൾ സൃഷ്ടിക്കുമെന്നും ജോൺ ഫിലിപ്പിന്റെ ബോധ്യത്തെ ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു ഇലക്​ട്രിക്​പോസ്റ്റുകളിൽ എഴുതിയ പ്രണയ കവിത.

മരത്തിന്റെ പോസ്റ്റുകളിൽ ചെവി ചേർത്തമർത്തിയാൽ അത്​ കാലങ്ങളായി പേറി നിൽക്കുന്ന അക്ഷരച്ചിത്രത്തിൽ നിന്ന്​ തുളുമ്പുന്ന പ്രണയം തുടിക്കുന്നത് കേൾക്കാൻ കഴിയുമെന്ന് ടോണി അബ്രഹാമിനു തോന്നി. പ്രണയമന്ത്രം പോസ്റ്റുകളിൽ അക്ഷരച്ചിത്രങ്ങളായി വരച്ചിട്ടയാളുടെ ആരാധനയുടെ ആവിഷ്‌കാരമാണ് ടോണി അബ്രഹാമിനെ വശീകരിച്ചത്.

വ്യാഴവും വെള്ളിയും വാരാന്ത്യ ദിനങ്ങളിൽ ടൗൺഷിപ്പ് ഉറങ്ങാറില്ല. തിയേറ്ററിൽ നിന്ന്​ സിനിമ കഴിഞ്ഞുവരുന്നവരും കോഫീ ഷോപ്പിൽ നിന്നും ലൈബ്രറിയിൽ നിന്നും വൈകിയിറങ്ങിയവരും സംഭാഷണങ്ങൾ തുടർന്നുകൊണ്ട് റോഡിലുണ്ടാവും. രാവേറെ ചെന്നാലും ആഘോഷവിരുന്നുകൂടലുകൾ കഴിഞ്ഞ് കൈകൾ കോർത്തും ചാഞ്ചാടിയും ആലിംഗനബദ്ധരായും മടങ്ങുന്നവരുടെ ആളനക്കങ്ങളും നീണ്ടുനിൽക്കും. ധാരാളം ആളുകൾ പുലരുംവരെയും ടൗൺഷിപ്പിലെ റോഡുകളിൽ വെളിയിൽത്തന്നെ ഉണ്ടാവും.

പ്രവൃത്തിദിവസങ്ങളിൽ രാത്രി പന്ത്രണ്ടു മണിയോടെ റിഫൈനറിയിലെ രണ്ടാം ഷിഫ്റ്റ് കഴിഞ്ഞ് വരുന്നവർ ഉള്ളിലെത്തിക്കഴിഞ്ഞുമാത്രമാണ് ടൗൺഷിപ്പ് ഗേറ്റിലെ ആൾസഞ്ചാരം ഒതുങ്ങുക. അതിനുശേഷം മാത്രമേ പോസ്റ്റിലെ ചിത്രമെഴുത്ത്‌ സാധ്യമാകു. ഓരോ പോസ്റ്റിലും ആളുയരത്തിനു മേലേക്ക് എത്തിനിൽക്കാൻ ഒരു ഏണിയോ അതുപോലെ എന്തെങ്കിലുമോ കൊണ്ടുപോയി വെളുപ്പിനെ അഞ്ചുമണിവരെ അതിൽ ഒന്നോ രണ്ടോ പടവ് കയറി നിന്നെഴുതാം. പുലർച്ചെ വീണ്ടും ആൾപെരുമാറ്റം ആരംഭിക്കും. അതിനുമുന്നേ ഏണിയുമായി തിരിച്ചുപോകണം.

ഒരു ദിവസം ഒന്നോ രണ്ടോ അക്ഷരചിത്രം മാത്രം.

എത്രയോ ദിനരാത്രങ്ങൾ നീണ്ടുപോയൊരു പൂജയുടെ ലഹരിയാണാ ചിത്രമെഴുത്ത്. ഇടയ്ക്ക് വന്നുപോയ പകലുകളിലൊന്നിലും താൻ ഏർപ്പെട്ടിരിക്കുന്ന യജ്ഞം ഒരു ചാപല്യമെന്ന് അയാൾക്ക്‌ തോന്നിയില്ല. തന്റെ ഓരോ ജീവകോശത്തിലും നിറഞ്ഞുനിൽക്കുന്ന പ്രണയത്തെ കുടഞ്ഞെറിഞ്ഞ് സ്വബോധം വീണ്ടെടുത്ത് ഒരു മാന്യനായി മാറുകയും ചെയ്തില്ല. സാറ അയാളെ സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാളും ചേർന്ന് ഈ പരസ്യപ്രഖ്യാപനത്തെ മാലോകരിൽ നിന്നും മായ്ച്ചു​കളഞ്ഞിട്ട് തങ്ങളുടെ ഉള്ളിൽ സ്മൃതിമണ്ഡപങ്ങളുണ്ടാക്കി അവിടെ പ്രതിഷ്ഠിക്കുമായിരുന്നു. എട്ടുനാടും പരക്കെ നടത്തിയ ഈ പ്രണയംപറച്ചിൽ കണ്ടിട്ടും സാറ അയാളോട്‌ പ്രേമവതിയായില്ലെന്നേ കരുതാനാവൂ. അല്ലെങ്കിൽ ആ മജ്‌നു തന്നെ സ്നേഹിക്കുന്നില്ലെന്ന സാറയുടെ വിശ്വാസത്തോട് കലഹപ്രഖ്യാപനമാവാമിത്. അല്ല, അങ്ങനെയല്ല, സാറാ, നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട് എന്ന വിളംബരം. പക്ഷേ അതവർ പരസ്പരം പറഞ്ഞാൽ മതിയാകുമല്ലോ എന്നതിനാൽ ഇത് ഉറപ്പായും മജ്‌നുവിന്റെ സ്വീകരിക്കപ്പെടാതെ പോയ പ്രേമത്തിന്റെ പരസ്യപ്രഖ്യാപനമാണ്. പിന്നീട് എത്രയോ രാവുകളിലും പകലുകളിലും ഓയിൽ ഫീൽഡിലെ അനന്തമായ തരിശിന്റെ പരപ്പിൽ സാറയുടെ മജ്‌നു ഈ മന്ത്രവും ഉരുവിട്ട് ഏകനായി അലഞ്ഞിട്ടുണ്ടാവും. മജ്‌നുവിന്റെ ഇച്ഛയുടെയും അഭിനിവേശത്തിന്റെയും ആസക്തിയുടെയും ആഴമാണ് പ്രണയത്തിന്റെ അളവാകേണ്ടത്. സാറ തിരിയെ എങ്ങനെ ആയിരുന്നുവെന്നത് പ്രസക്തമല്ലാതാകുംവിധം മജ്‌നു തന്റെ പ്രണയാവിഷ്‌കാരംകൊണ്ട് ജബൽ വസാത്തിനെ അടയാളപ്പെടുത്തി.

പ്രണയോന്മാദത്തിന് അഗാധവും അനേകവുമായ പ്രകാശനവഴികളാണ്. അതിലൊന്നാണ് എമ്മിയെസ് കമ്പനിയുടെ ഡയറക്ടർമാർക്കുവേണ്ടിയുള്ള മുന്തിയ തരം ഡയറിയിലെ ഒരു വർഷത്തിലെ എല്ലാ ദിവസങ്ങളുടെ പേജിലും എല്ലാ വരികളിലും ‘ശാലീന ഐ ലവ് യൂ’ എന്നെഴുതി നിറച്ച് മറ്റൊരു ജീവിയും കാണാതെ അതീവരഹസ്യമായി സൂക്ഷിക്കുന്നത്.

ശാലീന അറിഞ്ഞിട്ടില്ലെങ്കിലും താൻ പ്രണയത്തിലാണെന്ന് ടോണി അബ്രഹാം തിരിച്ചറിഞ്ഞു.

അവ്വൽ ടൗൺഷിപ്പിൽനിന്ന് പുറത്തുവന്നിട്ട് ഇനി നേരെ ഓയിൽ ഫീൽഡിലേക്കാണെന്ന് അബ്രഹാം ജോസഫ് പറഞ്ഞപ്പോൾ ഫാദർ ഹെർമൻ അതിശയിച്ചുപോയി. വഴി അറിയാവുന്നവർക്കെല്ലാം അനായാസം വണ്ടിയോടിച്ചു ഓയിൽ ഫീൽഡിലേക്ക് പോകുന്നതിനു തടസ്സമായിട്ട് ഒന്നുമില്ലെന്ന് ഫാദർ ഹെർമൻ പോൾസന് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു. മുന്നേ സന്ദർശിച്ച പെട്രോൾ വ്യവസായ രാജ്യങ്ങളിൽവച്ച് ഒരു ഓയിൽ ഫീൽഡ് സന്ദർശനം സാധിച്ചില്ല. അതിനായുള്ള അപേക്ഷാ നടപടിക്രമങ്ങൾ ഏറെ സങ്കീർണമാണ്. അപേക്ഷ അനുവദിച്ചു കിട്ടാനായി അധികദിവസങ്ങൾ താമസിക്കണം. അവിടേക്ക് പോകും മുൻപ് ഉടലുഴിഞ്ഞ് പരിശോധിക്കുവാൻ തയ്യാറെടുക്കണം. പ്രത്യേക വേഷവിതാനങ്ങൾ അണിയണം. വേറേ ഇൻഷുറൻസ് പോളിസിയും എടുക്കണം. ഇവിടെ ഓയിൽഫീൽഡിന് വെളിയിൽ വലിയ രാഷ്ട്രീയ സംഘർഷങ്ങൾ തീപിടിച്ച് നിൽക്കുമ്പോഴും അതേ മനുഷ്യർ അകത്തുവന്ന് ഓയിൽ ഫീൽഡിലെയും റിഫൈനറിയിലെയും അവരുടെ പണിയെടുത്തിട്ട് വൈകുന്നേരം തിരിയെപ്പോയി വീണ്ടും അക്രമങ്ങൾ കൂടി ഉൾപ്പെട്ട സമരങ്ങൾ ചെയ്യുന്നുവെന്ന് അബ്രഹാം ജോസഫ് ഫാദറിനു സരസമായി വിവരിച്ചു കൊടുത്തു.

ആർക്കും കടന്നു ചെല്ലാനാവും വിധം തുറന്നു കിടക്കുന്ന ഓയിൽഫീൽഡ് ദിൽമുനിയയുടെ മാത്രം പ്രത്യേകതയാണ്. മുത്തുവാരൽ ജോലി ഇല്ലാതായപ്പോൾ അവർക്ക് ഭക്ഷണം കഴിക്കാൻ വക നൽകിയ ഓയിൽഫീൽഡ് അവർക്ക് ‘അള്ളാഹു ഇറക്കി കൊടുത്ത രിസുക്ക്' ആണ്. അവരുടെ പൊതുബോധത്തിൽ അളവറ്റ ആദരവ് നിറഞ്ഞ ഓയിൽ ഫീൽഡ് വിലക്കുകളില്ലാത്ത അപാരതയുടെ തരിശായി എല്ലാവരെയും ക്ഷണിച്ച് കാത്തിരിക്കുന്നുവെന്ന് ജോൺ ഫിലിപ്പാണ് വിശദീകരിച്ചത്.

ഒക്ടോബർ ഒടുവിൽ മുതൽ ശൈത്യകാലത്തിലെ നാലുമാസങ്ങളിൽ ദിൽമുനിയയിലെ അറബികൾ അവരുടെ മുൻഗാമികളായ ഗോത്രവർഗക്കാർ ജീവിച്ച പ്രാകതനമായ നാടോടി ജീവിതത്തെ തിരിച്ചുപിടിച്ച് അനുഭവിക്കാൻ ഒരു ശ്രമം നടത്തും. അതിനായി അവർ വന്ന് തമ്പടിച്ച് പാർക്കുന്നത് ഓയിൽഫീൽഡിലെ തരിശുനിലങ്ങളിലാണ്. എണ്ണക്കുഴലുകളിലും വാൽവുകളിലും തട്ടിയാവും അവരുടെ തമ്പുകൾ ഉയരുക. തമ്പടിച്ചു പാർക്കാൻ വരുന്നവരുടെ ബാഹുല്യത്താൽ ജബൽ വസാത്തിൽ ഒരു ജനപദം ഉയരും. ഡസെർട്ട് ക്യാമ്പ് എന്നു പേരുള്ള ആ താത്ക്കാലിക നഗരത്തിൽ പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും മുനിസിപ്പാലിറ്റിയുടെ ശാഖയും വാണിഭക്കടകളും വിനോദപ്രദർശനക്കളികളും ഹോട്ടലുകളും ഉണ്ടാവുമെന്ന് പറഞ്ഞപ്പോൾ ഫാദർ ഹെർമൻ അവിശ്വസനീയതയുടെ ശബ്​ദം പുറപ്പെടുവിച്ചു.

ക്യാമ്പ് അനുവദിക്കാൻ പാടില്ലെന്ന് എല്ലാ വർഷവും ഓയിൽ കമ്പനി ആവശ്യമുയർത്തും. മരുകാലാവസ്​ഥയിലെ പ്രകൃതിയെ അനുഭവിക്കാൻ മറ്റൊരു പരപ്പും ദ്വീപിലില്ലാത്തതിനാൽ ജബൽ വസാത്തിൽ ഡെസെർട്ട് ക്യാമ്പ് അനുവദിച്ചിട്ട് അതിനെ അപകടരഹിതമാക്കാൻ ക്യാമ്പിംഗ് സീസൺ മുഴുവനും ഉദ്യോഗസ്ഥർ ഉണർന്നിരിക്കും.

‘‘ജനിതക സവിശേഷതകളുടെയും ആദിമമായ ചോദനകളുടെയും തൃഷ്ണയും തള്ളിക്കയറ്റവും നിഷേധിക്കാൻ എത്ര ആധുനികനായാലും മനുഷ്യന് എളുപ്പമല്ല'' ഫാദർ ഹെർമൻ പറഞ്ഞു.

ജബൽ വസാത്തിലെ ഡെസെർട്ട് ക്യാമ്പിനെ അദ്ദേഹം ഗ്രഹിച്ചതും ഉൾക്കൊണ്ടതും അങ്ങനെയാണ്.

അറേബ്യയിലെ ആദ്യത്തെ ഓയിൽ വെല്ലിനു മുന്നിൽ ഒരു വർഷം മുന്നേ പണിതീർത്ത് സന്ദർശകർക്കായി തുറന്ന ഓയിൽ മ്യൂസിയത്തിന് മരുപ്രദേശത്തിന്റെ ഭൂദൃശ്യങ്ങൾക്ക് ചേരാത്ത ഗോഥിക് ശൈലിയും ഭീമൻ തൂണുകളുമാണ്. ഫാദർ ഹെർമൻ ഓയിൽ മ്യൂസിയത്തിനുള്ളിൽ പോയി വായനയും പഠിക്കലും നടത്തി സമയം ചെലവഴിക്കുമ്പോൾ അബ്രഹാം ജോസഫ് മാത്രം അദ്ദേഹത്തെ പിന്തുടർന്നുപോയി. സംഘാംഗങ്ങളിൽ മറ്റെല്ലാവരും വെളിയിൽതന്നെ നിന്നു. അവരപ്പോൾ ബഷീർ ആലം തയ്യാറാക്കിയ ലൂമിയും കടുംചായയും ലഘു ഭക്ഷണങ്ങളും കഴിച്ചു. അവ്വൽ ടൗൺഷിപ്പിന് ചുറ്റും വണ്ടിയോടിച്ചു കറങ്ങിയത് എന്തിനെന്നും ഇലക്ട്രിക് പോസ്റ്റിന്റെ അടുത്ത് പോയി ഫാദർ ഹെർമൻ എന്താണ് ചെയ്തതെന്നും അറിയാൻ സംഘത്തിൽ എല്ലാവർക്കും ഉദ്വേഗമുണ്ടായിരുന്നു. എത്രയെങ്കിലും തവണ അതുവഴി യാത്രചെയ്തിട്ടുള്ള തന്റെ കണ്ണിൽ അത് പെട്ടില്ലല്ലോയെന്ന് അബ്രഹാം ജോസഫിനുണ്ടായ ആശ്ചര്യം എല്ലാവരും പല തരത്തിൽ ആവർത്തിച്ചു.

വണ്ടിയോടിച്ച് കറങ്ങിയതിന്റെ കാരണം കേട്ട് അവർക്കെല്ലാവർക്കും അമ്പരപ്പാണ് തോന്നിയത്. തനിക്കത് കാണണം എന്നും മടങ്ങിപ്പോകുമ്പോൾ അവിടെ വണ്ടി നിറുത്തി കാണിച്ചു തരണമെന്നും സംഘത്തിലുണ്ടായിരുന്ന ഏക സ്ത്രീ ബഷീർ ആലത്തോട് ആവശ്യപ്പെട്ടു. താരതമ്യം ചെയ്യാൻ എന്തെല്ലാമോ അവരുടെയുള്ളിൽ തിരതള്ളുന്നുണ്ടായിരുന്നു.

അവിടെ കൂടിനിൽക്കുന്ന ഓരോരുത്തരുടെയും ജീവിതത്തെ മാറ്റിമറിക്കാൻ കാരണമായ കണ്ടുപിടിത്തത്തിന്റെ ഉത്ഭവ ബിന്ദുവിലാണ് അവർ നിൽക്കുന്നത്. അവരുടെ നാടിനെയും നാട്ടുകാരെയും മാറ്റിപ്പണിത അത്ഭുത സംഭവത്തിന്റെ പ്രഭവ കേന്ദ്രത്തിൽ. ഒന്നാം ലോക യുദ്ധത്തിൽ സൈനികനായി വന്നപ്പോൾ അവിടുത്തെ ഭൂതല പ്രകൃതി കണ്ട് പരിചയിച്ച ഒരു യൂറോപ്യൻ മേജർ പിന്നീട് അമേരിക്കയിൽ ജോലിയായിട്ടു പോയി. അമേരിക്കയിൽ ജോലിചെയ്യുന്നതിനിടയിൽ എണ്ണ ഖനനത്തിന്റെ വിശദാംശങ്ങളറിഞ്ഞപ്പോൾ മേജർക്ക് ഈ സ്ഥലം ഓർമ വന്നു. അങ്ങനെയാണ് ഇപ്പോൾ ലോകത്തെത്തന്നെ നിയന്ത്രിക്കുന്ന പെട്രോൾ ക്യാപിറ്റലിസം ഇവിടുന്ന് ഉയർന്നുവരുവാൻ ഇടയായത്. എന്നാൽ അവിടെ ചെന്നുനിന്നിട്ടും അകത്തുപോയി കണ്ടും വായിച്ചും കൂടുതലറിയാൻ സംഘത്തിലുള്ളവർ താത്പര്യം കാട്ടുന്നില്ലല്ലോയെന്ന് ജോൺ ഫിലിപ്പ് വ്യാകുലപ്പെട്ടു. അത് സൂചിപ്പിച്ചുകൊണ്ട് ജോൺ ഫിലിപ്പ് സംഘത്തോടായിട്ട് പറഞ്ഞു: ‘‘ഈ സ്ഥലം ഇവിടെയുണ്ടെന്നറിയാവുന്നവരോ ഇവിടെ ഒരിക്കലെങ്കിലും വരാൻ സാധിക്കുന്നവരോ വന്നിട്ടുള്ളവരോ അല്ല ദിൽമുനിയയിലെ ഇന്ത്യാക്കാരിൽ കൂടുതലും.''

ജോൺ ഫിലിപ്പിനെ തൃപ്തനാക്കാൻ എന്ന പോലെ സംഘം ആദ്യത്തെ ഓയിൽ വെല്ലിന്റെ സമീപത്തേക്ക് പോയി. അവർ സംഭാഷണത്തിൽ എണ്ണക്കിണർ എന്ന പദം ആവർത്തിക്കുന്നുണ്ട്.

‘‘ഇംഗ്ലീഷിലെ ഓയിൽ വെൽ അനുപദം തർജ്ജമ ചെയ്തു മലയാളികൾ പരക്കെ പറയുന്ന വാക്കാണ് എണ്ണക്കിണർ. എന്തൊരു തെറ്റിദ്ധാരണയാണെന്നോ അതുണ്ടാക്കുന്നത്?'', ജോൺ ഫിലിപ്പ് ഇടപെട്ടു.

മ്യൂസിയത്തിനുവെളിയിൽ വന്ന ഫാദർ ഹെർമനും പിന്നാലെ അബ്രഹാം ജോസഫും ആദ്യത്തെ ഓയിൽ വെൽ അന്വേഷിച്ചു അവരുടെ അടുത്തെത്തിയപ്പോൾ സംസാരഭാഷ ഇംഗ്ലീഷായി.

‘‘ഞാനിപ്പോൾ അകത്തു വായിച്ചതെയുള്ളൂ.''

കൈവെള്ളയിൽ ഒതുങ്ങുന്ന വലിപ്പം ആംഗ്യത്തിൽ കാണിച്ചിട്ട് ഫാദർ തുടർന്നു, ‘‘നാലിഞ്ചോ ആറു ഇഞ്ചോ വലിപ്പത്തിലെ ഇരുമ്പുകുഴൽ, അത്രതന്നെ. എണ്ണയും മണ്ണും കലർന്ന ദ്രാവകച്ചെളിയാണ് ക്രൂഡ്. അതുള്ളിടം വരെയാണ് കുഴൽ പോകേണ്ടത്. ചിലപ്പോൾ മൂന്നു കിലോമീറ്റർ ഭൂമിക്കുള്ളിലേക്ക് അടിച്ചു താഴ്ത്തും. അവിടുത്തെ പ്രഷർ കൊണ്ട് നുരഞ്ഞു പൊന്തുന്ന ക്രൂഡ് കരയിലേക്ക് അടിച്ചു കയറ്റാൻ പമ്പുകളുടെ സംവിധാനങ്ങളുണ്ട്. പിന്നേയാ ക്രൂഡ് റിഫൈനറിയിലേക്ക് വീണ്ടും പമ്പ് ചെയ്യും .''

‘‘തീറ്റയെടുക്കുന്ന കഴുതയെപ്പോലെ ചലിക്കുന്ന ഒരു സാധനം ഇവിടെല്ലാം കാണാമല്ലോ? അതാണ്​ ഓയിൽ വെല്ലെന്നാണ് ഞാൻ കരുതിയിരുന്നത്.'' കൂട്ടത്തിൽ നിന്നൊരാൾ പറഞ്ഞു.

‘‘എല്ലാവരും അതിൻറടുത്തുപോയിനിന്ന്​ ഫോട്ടോയെടുക്കും. ഓയിൽ വെല്ലെന്നു കരുതി ഞങ്ങളും എടുത്തിട്ടുണ്ട്’’, സംഘത്തിലെ സ്ത്രീയാണ് അതു പറഞ്ഞത്.
‘‘ക്രൂഡ് ഉള്ളിടത്ത് അതിന്​ പൈപ്പിലേക്ക് നുരഞ്ഞുകയറാൻ ആവശ്യത്തിന്​ പ്രഷർ ചിലപ്പോൾ ഇല്ലാതിരിക്കും. അവിടെ പ്രഷർ കൊടുക്കുന്ന പമ്പുകളാണത്. ചിലപ്പോൾ ഒരു സൈഡിൽ നിന്ന് പ്രഷർ കൂട്ടും. ചിലപ്പോൾ എല്ലാ സൈഡിൽ നിന്നും പ്രഷർ കൊടുക്കേണ്ടി വരും. ക്രൂഡ് കിട്ടാൻ ചിലപ്പോൾ പൈപ്പ് നാലഞ്ചു കിലോമീറ്റർ ഭൂമിക്കുള്ളിലേക്ക് അടിച്ചു താഴ്ത്തും’’, ഫാദർ ഹെർമൻ വിശദീകരിച്ചു.

പെട്രോളിന്റെ നാടുകളിൽ കഴിയുന്ന പ്രിയപ്പെട്ടവരെയും ബന്ധുക്കളെയും ഓർത്ത്, പറഞ്ഞതും കേട്ടതും എല്ലാം ചേർത്ത്, അവരുടെ ജീവിതവും ദിനചര്യയും സങ്കൽപ്പിച്ച് നാട്ടിലിരുന്ന് സമയം കഴിക്കുന്ന അനേകം പേരുണ്ട്. കിണർ എന്ന വിളിപ്പേരുകൊണ്ട് അവരുടെ ഭാവനയിൽ വരുന്നത് പത്തിരുപതു മീറ്റർ മാത്രം പരമാവധി ആഴവുമായി മനുഷ്യരോടിണങ്ങി ഒരു വീട്ടുപകരണം പോലെ കഴിഞ്ഞു പോകുന്ന സാധുവായ നാട്ടുകിണറാണ്. അതിന്മേലാണ് സങ്കൽപ്പങ്ങൾ നെയ്യുന്നത്. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഈ എണ്ണക്കിണർ പരികല്പന ഉണ്ടാകുന്നത് ഇംഗ്ലീഷിൽ നിന്ന്​ മലയാളത്തിലേക്ക് വാക്കോടുവാക്ക് തർജ്ജമ ചെയ്യുമ്പോഴാണ്.

ജോൺ ഫിലിപ്പിന്റെ വാക്കുകൾ കേട്ടപ്പോൾ ഫാദർ ഹെർമെന്റ ആ വലിയ ചിരി വീണ്ടും മുഴങ്ങി.
‘‘അങ്ങിനെയാണെങ്കിൽ എണ്ണപ്പാടമോ? മുണ്ടകൻ പാടശേഖരം പോലെ പെട്രോൾ നിറഞ്ഞുകിടക്കുന്ന വലിയ ഏലായുടെ വരമ്പത്ത് കൂടി വസ്ത്രങ്ങൾ ഉയർത്തിപ്പിടിച്ചുനടക്കേണ്ടി വരുമെന്നാണ് ഇങ്ങോട്ട് വരുമ്പോൾ ഞാൻ കരുതിയിരുന്നത്’’, സംഘത്തിലെ സ്ത്രീ വീണ്ടും ഇടപെട്ടു.

എല്ലാവരും അതുകേട്ട് ചിരിക്കുമ്പോൾ വാക്കുകൾ ഉത്പാദിപ്പിക്കുന്ന അർത്ഥങ്ങളും ചിത്രങ്ങളും പേറുന്ന ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വ്യതിരിക്തധ്വനികൾ തർജ്ജമകളിൽ തകിടം മറിയുന്നതിനെക്കുറിച്ച് ജോൺ ഫിലിപ്പ് ടോണി അബ്രഹാമിനോട് വിശദീകരിച്ചു.

ആദ്യത്തെ ഓയിൽവെൽ അല്ല രണ്ടാമത്തേതാണ് ഇവിടെ പെ​ട്രോൾ വ്യവസായം കൊണ്ടുവന്നതെന്നുപറഞ്ഞ് ഫാദർ ഹെർമൻ അവിടുന്ന്​ വെൽ നമ്പർ ടൂവും നോക്കിപ്പോയപ്പോൾ ജോൺ ഫിലിപ്പും ടോണി അബ്രഹാമുമാണ് അദ്ദേഹത്തെ പിൻതുടർന്നത്.

ഫാദർ ഹെർമൻ മടങ്ങിയെത്തിയപ്പോൾ അബ്രഹാം ജോസഫ് വണ്ടിക്കുള്ളിൽ പിടിപ്പിച്ചിരിക്കുന്ന ടെലഫോണിലൂടെ ഇടതടവില്ലാതെ സംഭാഷണങ്ങളിൽ മുഴുകി ഇരിക്കുകയായിരുന്നു. പകൽനേരങ്ങളിൽ എപ്പോഴും തനിയെ വണ്ടിക്കുള്ളിൽ ഫോണുമായി ഇരിക്കുകയും അത്യാവശ്യ കാര്യങ്ങൾക്കുമാത്രം വണ്ടിയിൽ നിന്നിറങ്ങി പുറത്തുവരികയുമാണ് അബ്രഹാം ജോസഫിന്റെ രീതി.

ഇഷ്ടികയുടെ വലിപ്പത്തിലെ കയ്യിൽ കൊണ്ടുനടക്കാവുന്ന ഫോൺ ആയിടെ ഇറങ്ങിയപ്പോൾ ഹജ്ജി മുസ്തഫ ഇബ്രാഹീമിനും അബ്രഹാം ജോസഫിനും വേണ്ടി കമ്പനി രണ്ടെണ്ണം ഒരുമിച്ചാണ് വാങ്ങിയത്. അതിനേക്കാൾ കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും നാലഞ്ചുവർഷങ്ങളായി ഉപയോഗിച്ച് പരിചയമുള്ളതുമാണ് അബ്രഹാം ജോസഫിന് വണ്ടിയിൽ പിടിപ്പിച്ച ഫോൺ. പുതിയ കണ്ടുപിടിത്തങ്ങളെ അതിവേഗം സ്വീകരിക്കുന്നതിലും താമസംവിനാ തന്നെ അവ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലും ദിൽമുനിയ മറ്റേതൊരു രാജ്യത്തെക്കാളും മുന്നിലാണെന്ന് തനിക്ക് കാണാൻ സാധിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് ഫാദർ ഹെർമൻ സീറ്റിലിരുന്നത്. രാജ്യഭരണത്തിൽ ഉൾചേർന്നിരിക്കുന്ന കൊളോണിയൽ ഇഴകളാണ് ആധുനികതയ്ക്ക് കാരണമാകുന്നതെന്നും മുനിസിപ്പാലിറ്റിയും വൈദ്യുതിയും ടെലെഫോണും ബാങ്കുകളും ദിൽമുനിയയിൽ നേരത്തെ ഉണ്ടായത് യൂറോപ്പിന്റെ ആധുനികതയുടെ അനന്തര ഫലം ആണെന്നും ജോൺ ഫിലിപ്പിന്റെ അഭിപ്രായത്തോട് ഫാദർ ഹെർമനും യോജിച്ചു. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments