ചിത്രീകരണം: ദേവപ്രകാശ്‌

പൊന്നൊഴുകിവന്ന കാലം

ഭാഗം ഒന്ന്​

3. നിധി തേടിപ്പോയവരുടെ ജീവിതങ്ങൾ

വെള്ളിയാഴ്ചയിലെ അവധി ദിവസമായിരുന്നതിനാൽ ഓയിൽ ഫീൽഡിൽ ആളനക്കം കുറവാണ്. ഓയിൽഫീൽഡ് എക്‌സ്പ്ലോറേഷൻ പ്രോജക്റ്റ് വന്നതിനുശേഷം തണുപ്പുകാലത്ത് ജബൽ വസാത്തിൽ തമ്പടിച്ചുതാമസിക്കാൻ വരുന്ന സ്വദേശികൾക്ക് അതിനനുവാദം കൊടുക്കുന്നില്ല. പിന്നെയും തെക്കു കടൽ മുനമ്പിന്റെ ചുറ്റിനും മാത്രമാണ് അവർക്ക് ഇപ്പോൾ അനുവാദമുള്ളത്. അതുകൊണ്ട് ജബൽ വസാത്തിലെ റോഡുകൾ ഒഴിഞ്ഞുതന്നെയാണുള്ളത്.

വളരെ ദൂരെ ഒരിടത്ത് എണ്ണക്കുഴലിന്റെ റിപ്പയർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടുമൂന്നുപേരല്ലാതെ ആരെയും എവിടെയും കാണാനില്ല. ദേഹത്തെ മുഴുവനായി പൊതിയുന്ന നീലനിറത്തിലെ ജോലിക്കുപ്പായം അവരെയും അനന്തതയിൽ ലയിപ്പിക്കുന്നു. നീലാകാശം സചേതനമായ പൊരുളായി തലയ്ക്കുമേലെ പടർന്നു കിടക്കുന്നു. ദൂരത്ത് കാണാവുന്ന ചക്രവാളസീമ പൂർണ്ണവൃത്തത്തിലാണ്. സുഫി കഥക് നർത്തകൻ കാലിന്റെ പെരുവിരലിൽ നിന്നിട്ട്​ ശരീരത്തിന്റെ അതിവേഗ പ്രദക്ഷിണങ്ങൾ പൂർത്തിയാക്കുമ്പോൾ അയാളുടെ വസ്ത്രം കുടയായി വിടർന്നു എല്ലായിടത്തും നിറയുംപോലെ, അനന്തമായപരപ്പായി എട്ടുദിക്കിലും വളർന്ന ആകാശം ചക്രവാളവലയത്തിൽ ഭൂമിയുമായി കവിളുരുമ്മുന്നു.

ദിൽമുനിയയിൽ ജീവിക്കുമ്പോൾ പ്രകൃതി തൊലിയിൽ തൊടും. അവിടുന്ന്​ബോധത്തിലേക്ക് അരിച്ചു കയറും. മണ്ണും മാനവും നക്ഷത്രങ്ങളും ഈ തരിശുനിലത്തിലെ ജീവികളെ ചൂഴ്ന്നു നിൽക്കുന്നു. മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ദേഹത്തുരുമ്മുന്ന പ്രകൃതിജീവിതത്തിന്റെ എല്ലാ തുടിപ്പുകളിലും ഒപ്പമുണ്ടാവും. പ്രകൃതിയുടെ ഭാവങ്ങൾ ശാന്തമാണോ രൗദ്രമാണോ എന്നെപ്പോഴും അന്വേഷിച്ചിട്ട് വേണം മനുഷ്യർക്ക് എന്തിനും പുറപ്പെടാൻ.

ടോണി അബ്രഹാം ഒരുനിമിഷം തല ഉയർത്തി കൈകൾ വിടർത്തി.

മുഖത്തേക്ക് വന്നടിക്കുന്ന കാറ്റിന് സുഖദമായ തണുപ്പ്. അനക്കമില്ലാതെ നിന്ന് ആകാശത്തേക്ക് നോട്ടംപായിച്ച് വലുതായൊന്ന് ശ്വാസമെടുത്ത് അയാൾ ഒരുകവിൾ പ്രപഞ്ചത്തെ അകത്തേക്കെടുത്ത് തന്റെയുള്ളിൽ കെട്ടിയിട്ടു. വളരെക്കാലങ്ങൾക്കുശേഷം ദിഗംബരയായ പ്രകൃതിയെ അനന്തമായ വിശാലതയിൽ കണ്ടനുഭവിക്കുന്നതിന്റെ രസമറിഞ്ഞു.

വിജനത അപാരമായിരിക്കുന്നു. നാട്ടിലാണെങ്കിൽ എല്ലായിടങ്ങളിലും നിറഞ്ഞിരിക്കുന്ന വീടുകളും കെട്ടിടങ്ങളും അവയ്ക്കുവെളിയിൽ നിബിഡമായി വളർന്നുനിൽക്കുന്ന മരങ്ങളുടെ ഇലച്ചാർത്തുകളും മറച്ചതിന്റെ ബാക്കിയായ ആകാശത്തെയാണ് അറിയുന്നതും അനുഭവിക്കുന്നതും. ഇലപ്പഴുതുകളിലൂടെ പരിമിതപ്പെട്ട കാഴ്ചകളായി വെളിച്ചത്തിന്റെ ചെറിയ വലക്കണ്ണികൾ കോർത്തത് പോലെയാണ് അവിടെ സൂര്യനെയും നക്ഷത്രങ്ങളെയും അനുഭവിക്കുന്നതെന്നു അയാൾ ഓർത്തു.

വഞ്ചിഗുഹയിൽ തിരികെക്കയറിയ ബഷീർ ആലം കരുതിവച്ചിരുന്ന പ്രാതൽ വിളമ്പി. ബുനിറിഫയിലെ അബ്​ദുള്ള ഉമ്രാന്റെ മത്ആമിൽ നിന്ന്​ വാങ്ങിയ മട്ടൻ നാഷിഫും ഖുബ്ബൂസും. വലിയ പേരുള്ള ഹോട്ടലുകളും അവിടുത്തെ വിഭവങ്ങളും തേടിപ്പോകുന്ന ധനികസന്താനങ്ങളുടെ ഇടയിൽനിന്ന് രുചിയുടെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ചെറിയ ഇടങ്ങൾ അന്വേഷിച്ചുനടക്കുന്നത് ടോണി അബ്രഹാമിന്റെ ശീലമായിരുന്നു.

കൗതുകരുചികളും വിചിത്രമായ വിഭവചേരുവകളും ഭിന്ന ജനസമൂഹങ്ങളുടെ ആഹാരശൈലികളും അവർ തിരഞ്ഞുനടന്നു. രാജ്യങ്ങളുടെ ഭക്ഷണ രീതികളിലെ സങ്കലനങ്ങൾ പ്രത്യേകം തേടി. മനാനയുടെ നഗരപ്രാന്തങ്ങളിലെ തിരക്കേറിയ ഗലികളിലെ ചെറിയ ചായക്കടകളിലും ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിലും പോയി. ലഭ്യമായ എല്ലാ ഭക്ഷണസവിശേഷതകളും അവയുടെ കലർപ്പുകളും വാങ്ങിക്കഴിച്ച് പരീക്ഷിച്ചു.

നാടുനീളെ അലഞ്ഞു നടക്കാൻ അത്തരം രുചിഅന്വേഷണങ്ങളും പരീക്ഷണങ്ങളും അവർ കാര്യപരിപാടിയായെടുത്തു. മനാനാ നഗരവും പ്രാന്തപ്രദേശങ്ങളും പൂർത്തിയാക്കിയിട്ട് അവർ ചുറ്റുപാടുമുള്ള ജനസാന്ദ്രമായ ചെറുപട്ടണങ്ങളി ലേക്കും തങ്ങളുടെ ആഹാരാന്വേഷണങ്ങൾ വ്യാപിപ്പിച്ചു.

ബുനിറിഫയിലെ സാധാരണക്കാരായ അറബികൾക്ക് വച്ചുവിളമ്പുന്ന കടയാണ് അബ്​ദുള്ള ഉമ്രാൻ മത്ആമെന്ന ചെറിയ ഹോട്ടൽ. എഴുപതുവർഷങ്ങളായി ആ ഹോട്ടൽ നടക്കുന്നു. അബ്​ദുള്ള ഉമ്രാൻ ഈയിടെ മരിച്ചുപോയിട്ട് ഇപ്പോൾ മകനാണ് മത്ആമിന്റെ നടത്തിപ്പുകാരൻ. തീരെ ചെറുതായി മുറിച്ച ആട്ടിറച്ചി കഷണങ്ങളുടെ അത്ര തന്നെ അളവ് ഉരുളക്കിഴങ്ങും വേവിച്ചുചേർത്ത് ചാറു കുറച്ച്​ഉണ്ടാക്കുന്ന മട്ടൻ നാഷിഫിൽ ടോണി അബ്രഹാമിന്റെ രസനയെ പിടിച്ചുകെട്ടുന്ന എന്തോ ഒന്നു അബ്​ദുള്ള ഉമ്രാൻ ചേർക്കുന്നുണ്ടെന്ന്​ എല്ലാവരും കരുതി.

അറബികൾ ഭക്ഷണത്തിൽ എരിവു തീരെകുറച്ചാണ് ചേർക്കാറുള്ളത്.
നാഷിഫിൽ അറബികളുടെ പാകത്തിനു ചേർക്കുന്ന കുറഞ്ഞ എരിവു പോരാത്തതുകൊണ്ട് അരിഞ്ഞിട്ട സലാഡ് ഇലകൾക്കും വെള്ളരിക്കഷ്ണത്തിനും സവാള ഉള്ളിക്കുമൊപ്പം ടോണി അബ്രഹാം നീളൻ പച്ചമുളകും ചേർത്ത് കടിക്കും. എന്നിട്ട് ഒരിറക്ക് കോളയും കുടിയ്ക്കും. ഒപ്പമുള്ള അതിഥികളോടും ചങ്ങാതിമാരോ ടുമെല്ലാം അങ്ങിനെ തന്നെ കഴിയ്ക്കാൻ ആവശ്യപ്പെടും. ഭംഗിയും ആഡംബരവും കുറവുള്ള മേശ കസേരകൾ ആണെങ്കിലും ഉച്ചയ്ക്ക് രണ്ടു മണിക്ക് കട അടയ്ക്കും വരെ അവിടെ അറബികളുടെ തിരക്കാണ്.

സ്ത്രീകൾ അകത്തുപോയിരുന്നു കഴിയ്ക്കുന്നത് അവിടുത്തെ രീതി അല്ലാത്തതിനാൽ സകുടുംബ യാത്രകളിലും ചെറു പിക്‌നിക്കുകളിലും അവിടുന്ന് നാഷിഫും ഖുബ്ബൂസും പാക്കറ്റുകളിൽ വാങ്ങാൻ ടോണി അബ്രഹാം ആവശ്യപ്പെടും.

അടുത്തുള്ളൊരു മരുമരകൂട്ടത്തിന്റെ വരണ്ട നിഴലിൽ നിലത്ത്​ വർത്തമാനപ്പത്രങ്ങൾ വിരിച്ചിരുന്നു എല്ലാവരും കഴിയ്ക്കുന്നത് അയാളുടെ നാഷിഫ് ആഘോഷമാണ്.

ഖുബ്ബൂസിന്റെ ഇത്തിരി മാത്രം വലിപ്പമുള്ള ചീന്തുകൾ ഒരുപാട് ബലം പ്രയോഗിച്ചു വലിച്ചുപൊട്ടിച്ചെടുത്ത് വലിയ അനിഷ്ടത്തോടെ തണുത്ത നാഷിഫിൽ തൊട്ട് സമ്മർദ്ദം പ്രയോഗിച്ചു കഴിച്ചിറക്കുന്ന ടോണി അബ്രഹാമിനെ ബഷീർ ആലം കണ്ണുതുറന്ന് നോക്കിയിരുന്നു. രുചിയും സജീവതയും നഷ്ടപ്പെട്ട് ഇഴഞ്ഞാണ് വഞ്ചിഗുഹയിലെ അവരുടെ പ്രാതൽ നീങ്ങിയത്. ഭക്ഷണം കഴിക്കുകയായിരുന്ന നീണ്ട നേരത്തും അത് കഴിഞ്ഞും അവർ സംസാരിക്കുകയായിരുന്നു.

ദിൽമുനിയയിലെ പഴയ ജീവിതത്തിലേക്കും തന്റെ ഓർമകളുടെ പുതുക്കലിലേക്കും സംഭാഷണത്തെ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴെല്ലാം പൊടുന്നനെ അത് അബ്രഹാം ജോസഫിലേക്കു തിരിച്ചുവരുന്നത് ടോണി അബ്രഹാമിനെ വിഷമിപ്പിച്ചു.

അപ്പയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സംഭവിച്ചിരിക്കുന്നു എന്നറിഞ്ഞ കാര്യങ്ങൾ ബഷീർ ആലത്തിന്റെ ബുദ്ധിയ്‌ക്കോ ഭാവനയ്‌ക്കോ വഴങ്ങുന്നില്ല. വിചിത്രതകളെക്കുറിച്ചുള്ള കേട്ടുകേൾവികളിൽ പോലും വരുന്നില്ല.

ദിൽമുനിയയിൽ ജേതാവായി മാത്രം കാണപ്പെട്ടിരുന്നയാളിന് നാട്ടിൽ സ്ഥിരമായിട്ട് രണ്ടുമൂന്നു വർഷങ്ങൾക്കുള്ളിൽ എന്താണ് പറ്റിയതെന്ന്​ ബഷീർ ആലം ചോദ്യങ്ങൾ ആവർത്തിച്ചു. അയാളെ ശാന്തനാക്കാവുന്ന ഉത്തരങ്ങൾക്കായി ടോണി അബ്രഹാം കഷ്ടപ്പെട്ടു. എമ്മിയെസ് ലേബർ ക്യാമ്പിലും വർക്ക്‌സൈറ്റുകളിലും പണിക്കാർക്ക് അദ്ദേഹം ചെയ്തു കൊടുത്തിട്ടുള്ള ഉപകാരങ്ങൾ ബഷീർ ആലം എണ്ണിപ്പറയാൻ തുടങ്ങുമ്പോൾ പണ്ട് പലതവണ പറഞ്ഞിട്ടുള്ള ആ കാര്യങ്ങൾ ഇപ്പോഴും ഓർമയിലുണ്ടെന്നു പറഞ്ഞ് ടോണി അബ്രഹാം തടഞ്ഞു.

‘യാ അല്ലാഹ്, യാ ഇലാഹ്, അസ്തയിഫിറുള്ളാഹ്...' മനുഷ്യർക്ക് ഇങ്ങനെ ദുർവിധികൾ വരുത്തുന്നതിൽ മാപ്പിരന്നു കൊണ്ട് ബഷീർ ആലം അല്ലാഹുവിനോട് സങ്കടപ്പെട്ടു.

ഗ്രാമത്തിൽ നിന്ന് കൊണ്ടുവന്ന കാസറ്റുകൾ ക്യാമ്പിലുള്ള ബന്ധുക്കൾക്കും നാട്ടുകാർക്കും എത്തിക്കാനായി അവധി കഴിഞ്ഞെത്തിയ നാത്തൂർ ചാച്ച വന്നപ്പോൾ ബഷീർ ആലത്തിന്റെ ഒപ്പം ടോണി അബ്രഹാം ഉണ്ടായിരുന്നു.

എമ്മിയെസ് കമ്പനിയിൽ ലേബർമാരായും ഓപ്പറേറ്റർമാരായും ജോലി ചെയ്യുന്ന അനേകം പേർ അവരുടെ ഗ്രാമത്തിൽ നിന്നുള്ള ഗോത്രക്കാരും ബന്ധുക്കളുമാണ്. അവധിക്കു പോയിവരുന്ന പോലീസുകാർ അവരുടെയെല്ലാം വീടുകളിൽ നിന്ന് കത്തുകളും കാസറ്റുകളും ഇഷ്ടപലഹാരങ്ങളും നാട്ടു മരുന്നുകളും കൊണ്ടുവരും. ആ സാധനങ്ങൾ ഏൽപ്പിക്കുവാനായി മിക്കപ്പോഴും നാത്തൂർ ചാച്ചയാണ് വരിക. ഓഫീസിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വരുന്ന ചാച്ചയുടെ കയ്യിൽ നിന്ന് ബഷീർ ആലം ഏറ്റുവാങ്ങി അതെല്ലാം വൈകുന്നേരം ക്യാമ്പിൽ കൊണ്ടുപോയി വിതരണം ചെയ്യും.

സാങ്കേതിക വിദ്യകൾ വളരുന്നതും വ്യാപിക്കുന്നതും ചിലപ്പോൾ സാധു മനുഷ്യർക്ക് കൂടി ഗുണമാകാറുണ്ട്. അതിന്റെ മികച്ച ഒരു അടയാളപ്പെടുത്തലായിരുന്നു ആദ്യം പാകിസ്ഥാനിലെയും പിന്നീട് ഇന്ത്യയിലെയും വീടുകളിൽ നിന്ന്​ ദിൽമുനിയയിലേക്ക് വന്നു തുടങ്ങിയ കാസറ്റുകൾ. പറയാനുള്ളതെല്ലാം പറഞ്ഞ്​ റെക്കോഡ് ചെയ്ത ശബ്​ദസന്ദേശങ്ങളാണ് അവയിൽ.

കാസറ്റുകൾ വരുന്നതിനുമുന്നേ കുടുംബാംഗങ്ങൾ ഗ്രാമത്തിൽ എഴുത്തറിയാവുന്ന ഒരാളെ സമീപിച്ച് പറഞ്ഞുകൊടുത്ത് എഴുതിച്ച കത്തുകളാണ് വന്നിരുന്നത്. ആധാരമെഴുത്ത് ശൈലിയിലെഴുതിയ ആവശ്യങ്ങളുടെ പട്ടികകളും വികാരരഹിതമായ സംഭവക്കുറിപ്പുകളും ജനന മരണ വിവാഹ അറിയിപ്പുകളും മാത്രമേ അവയിലുണ്ടായിരുന്നുള്ളൂ. ക്യാമ്പിൽ അക്ഷരമറിയുന്ന ഒരാൾ എല്ലാവർക്കുംവേണ്ടി എല്ലാ മറുപടികളും എഴുതി. കത്തയയ്ക്കുന്നവരുടെ ഉള്ളിൽ വൈകാരികതകൾ തിളച്ചുമറിയുമ്പോഴും കത്തുകൾ വരണ്ട്​ ശുഷ്‌കമായ പ്രമാണങ്ങളായിരുന്നു.

രണ്ടിടങ്ങളിലും തങ്ങൾ കടന്നുപോകുന്ന കഠിനമായ ജീവിതത്തിൽ പിടിച്ചു നിൽക്കാൻ കെൽപ്​ നൽകും വിധം സ്നേഹത്തിന്റെയോ വിരഹത്തിന്റെയോ ഒരു കണികപോലുമില്ലാതെ കത്തുകൾ വരികയും പോവുകയും ചെയ്തു. ചില അമ്മമാർ മക്കളെ ഏറെക്കാലം കാണാതിരിക്കുന്നതിലെ വികാരഭാരം പറഞ്ഞു കൊടുക്കുമ്പോൾ എഴുത്തുകാരൻ അയാൾക്ക് തോന്നിയതുപോലെ എഴുതുന്നതായിരുന്നു അവയിലെ പരമാവധി.

ചാരിത്യ്രവതികളായിരിക്കേണ്ടുന്ന ഭാര്യമാർക്ക് അന്യ പുരുഷനു മുന്നിൽ വെളിപ്പെട്ട്​മനോഗതങ്ങൾ പറഞ്ഞെഴുതിക്കാൻ അനുവാദമില്ലാത്തതിനാൽ പ്രത്യേകം കത്തുകൾ എഴുതാൻ ഭാര്യമാർക്കു അവസരം ഉണ്ടായിരുന്നില്ല. അവൾക്കും കുട്ടികൾക്കും സുഖമാണെന്ന കാര്യം അമ്മയുടേയോ അച്ഛേന്റയോ കത്തിൽ ഉണ്ടായിരിക്കും, അത്രമാത്രം.

അക്ഷരവിദ്യ വ്യാപകമായതിനാൽ മലയാളികൾക്ക് അവരുടെ വീടുകളിൽ നിന്ന്​കുടുംബാംഗങ്ങൾ എഴുതിയയച്ച ഇണക്കവും പിണക്കവും പ്രേമവും പരിഭവങ്ങളും രേഖപ്പെടുത്തിയ കത്തുകൾ രണ്ടുമൂന്നാഴ്ചകളുടെ യാത്രാനേരം കഴിഞ്ഞിട്ടാണെങ്കിലും ഓവർസീസ് തപാൽ വഴി എത്തുന്നു. മലയാളികൾ പരസ്പരം എഴുതുന്ന കത്തുകളിലൂടെ നേർക്കുനേർ കൈമാറ്റം ചെയ്യപ്പെട്ട വികാരങ്ങളുടെ പ്രവാഹങ്ങൾ പൊരുതാനും പിടിച്ചുനിൽക്കാനും പടവുകൾ കയറിപ്പോകാനും അവർക്ക് ശക്തി നൽകി.

ഉള്ളത് അകലങ്ങളിലാണെങ്കിലും അവർ സ്നേഹത്തിലും കലഹത്തിലും പരസ്പരം മനസ്സുകളെ തൊട്ടുനിൽക്കുന്നത് ശീലമാക്കി. ഭാര്യയും മക്കളും കുടുംബാംഗങ്ങളും ബന്ധുക്കളും സ്നേഹിതരും കത്തുകളിലൂടെ ഉണ്ടായി. നേരിട്ടാണെങ്കിൽ വാക്കുകൾക്കു പറയാനാവാത്ത വികാരങ്ങൾ കാണാതിരിക്കുമ്പോഴുണ്ടാകുന്ന സ്വാതന്ത്ര്യത്തിൽ അവർ എഴുതി അറിയിച്ചു.

സംഭാഷണത്തിന്റെ പരിസരത്തിലും മനോനിലയിലും ഉടനെ വരാതെ പോകുന്ന പ്രതികരണങ്ങൾ തനിച്ചിരുന്ന് എഴുതുന്ന കത്തുകളിൽ സംഭവിച്ചു. ഓർമിച്ചെടുത്തും ചിന്തയെ തിരുത്തിയും വിനിമയങ്ങൾക്ക് കൂടുതൽ പൂർണതയും സ്പഷ്ടതയും പരസ്പരം നൽകാൻ കത്തെഴുതുന്നവർക്ക് സാധിച്ചു.

പ്രിയപ്പെട്ടവർ ആവശ്യപ്പെട്ട പ്രത്യേക സാധനങ്ങൾ അവധിക്കു പോകുന്നവരുടെ പക്കൽ കൊടുത്തു വിടാനായി തിരഞ്ഞുനടക്കുമ്പോഴും അതിനു പണമുണ്ടാക്കാനായി അധികവേലകൾ ചെയ്യുമ്പോഴും മലയാളികൾ അക്ഷരങ്ങളിലൂടെ പ്രിയമുള്ളവരെ കൈപിടിച്ചു നടന്നു. മരുഭുമിയിലെ കഠിനജീവിതം പൊരുതാൻ ഊർജ്ജം അവർ കത്തുകളിൽ നിന്നു സംഭരിച്ചു.

നാട്ടിൽ എഴുതി പോസ്റ്റ് ചെയ്ത കത്ത് ദിൽമുനിയയിലെത്താൻ രണ്ടു മൂന്നാഴ്ച കഴിയും. ചികിത്സ കഴിഞ്ഞ്​ കുഞ്ഞും കുടുംബവും രോഗത്തെ മറന്ന് അവരുടെ സാധാരണ കാര്യങ്ങളിൽ കടന്നിട്ടുണ്ടാവുമെന്ന് ഓർക്കാതെ മലയാളികളായ അച്ഛന്മാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സുഖമില്ലെന്ന കത്തുകൾ കിട്ടുമ്പോൾ വായിച്ചു ദുഖിതരായിരുന്നു. സ്നേഹിതന്മാർ ചുറ്റിനുംകൂടി അവരെ ആശ്വസിപ്പിച്ചു. കുഞ്ഞിനെ നല്ല ആശുപത്രിയിൽ വേണം കൊണ്ടുപോകാനെന്നും ഇന്നയിന്ന കരുതലുകൾ എടുക്കണമെന്നും, എഴുതിയ കത്ത് നാട്ടിൽ കിട്ടുമ്പോൾ രോഗം കഴിഞ്ഞിട്ട് ഒരു മാസമാകുമെന്നോർക്കാതെ അവർ മറുപടികളെഴുതി.

എഴുതിയും പറഞ്ഞും അറിയിച്ച സുഖവും സ്നേഹവും കടപ്പാടും നന്ദിയും പുലർന്നുപോകാനും നിലനിറുത്താനും വേണ്ടി അവർ കഠിനാദ്ധ്വാനം ചെയ്തു. തീയായി ജ്വലിക്കുകയും മഞ്ഞായി ഉറഞ്ഞു പോവുകയും ചെയ്യുന്ന അന്തരീക്ഷത്തിൽ ദുഷ്‌കരമായ ജോലികൾ ചെയ്തു. കത്തുകളുടെ പിന്നിലെന്തെന്നും പൊരുളെന്തെന്നും അവർ അന്വേഷിച്ചില്ല. കത്തുകളാൽ തങ്ങൾ എളുപ്പത്തിൽ കബളിപ്പിക്കപ്പെടാമെന്ന സാധ്യതയ്ക്കുനേരെ അവർ കണ്ണടച്ചു. എഴുതി അറിയിച്ച സ്നേഹവിരഹങ്ങളിലും കാമനകളിലും കളങ്കത്തിന്റെ സാധ്യതക്കിടം കൊടുക്കാതെ രണ്ടുതലമുറകൾ അവരുടെ യൗവനങ്ങൾ ദിൽമുനിയയിൽ നിക്ഷേപിച്ചു. ദൂരെയിരുന്ന്​ സ്നേഹക്കത്തുകൾ അയച്ചുകൊണ്ടിരിക്കുന്നത് ആ ആൾ പോലും ആകേണ്ടതില്ലെന്നും മറ്റൊരാൾക്ക് എഴുതി കബളിപ്പിക്കാമെന്നും വിദൂരസങ്കല്പങ്ങളിൽ പോലും വരുത്താതെ അവർ കത്തുകളെ വിശ്വസിച്ചു.

ചൂടിലും തണുപ്പിലും പൊടിക്കാറ്റിലും കത്തുകൾ അവർക്ക് ഇണയും കൂട്ടും ആശാകിരണവുമായി. കുടുംബസ്നേഹം കാട്ട്തീപോലെ പടർന്നുപിടിക്കുന്ന ഒരു പ്രതിഭാസമായി മാറാൻ കത്തുകൾ വഴിയൊരുക്കി. നാട്ടിലെ എല്ലാ വീടുകളിൽ നിന്നും ഉറ്റവരെയും ഉടയവരെയും കരകയറ്റാൻ ഏതുതരം ക്ലേശവും സഹിക്കാനൊരുങ്ങി യുവാക്കൾ ഇറങ്ങിപുറപ്പെട്ടു. പുതുതായി രൂപം കൊണ്ട ആ സാമൂഹ്യവ്യവസ്ഥയെ കത്തുകൾ നിയന്ത്രിച്ചു. ഒരു നാട്ടിലെ ചെറുപ്പക്കാർ മുഴുവനും അവരവരുടെ കുടുംബാങ്ങൾക്ക് വേണ്ടി ത്യാഗത്തിനു പുറപ്പെടുന്ന അപൂർവ്വമായ ഒരു വ്യവസ്ഥയാണ് കത്തുകൾ സൃഷ്ടിച്ചത്.

വീടുകളിൽ നിന്നുള്ള സന്ദേശ കാസറ്റുകൾ വന്നുതുടങ്ങിയപ്പോൾ സ്വകാര്യത എന്നൊരു പുതിയ വിഷയമുണ്ടായി. അകലങ്ങളിലേക്ക് സന്ദേശമയക്കാൻ പറഞ്ഞ്​റെക്കോഡ് ചെയ്യുന്നതിന്റെ ഏകാന്തതയിൽ മനുഷ്യരുടെ നിയന്ത്രണങ്ങളും മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന അച്ചടക്കവും അയഞ്ഞുപോകാൻ തുടങ്ങി. മനസ്സിലുള്ളതെല്ലാം അവർ റെക്കോഡറുകൾക്കു മുന്നിൽ ഉരുവിട്ടു. വേർപാടും വിരഹവും രതിയും ദുഃഖവും പകയും പ്രേമവും കാസറ്റുകളിൽ തുളുമ്പി.

ഒരുപാടാളുകൾ പാർക്കുന്ന ക്യാമ്പ് മുറികളിലെ ആൾക്കൂട്ടത്തിൽ വച്ച്​ കാസറ്റ് കേൾക്കുന്നതും മറുപടി റെക്കോഡ് ചെയ്യുന്നതും അസാധ്യമായി. പരിഹാരമായി നിർദ്ദേശങ്ങൾ അനവധി ഉയർന്നുവന്നു. കാസറ്റു കിട്ടിയ ആളിനു മറ്റുള്ളവരില്ലാത്തപ്പോൾ കേൾക്കാനായി ഡ്യുട്ടിനേരത്ത് റൂമിൽ പോകാൻ അനുവാദമുണ്ടാകണം. ഇളവെടുക്കുന്ന നേരത്തിന്​ തുല്യം അധികജോലി വേറെ ദിവസം ചെയ്തുകൊള്ളാം. റൂമിലേക്ക്‌ പോകുവാൻ സൈറ്റിലെ വാഹനം ഏർപ്പാട് ചെയ്യണം. അത്രയും കാര്യങ്ങൾ അനുവദിച്ചു കിട്ടാത്തതിനാൽ ഓരോ തവണ കാസറ്റു വരുമ്പോഴും മുറികളിൽ അസ്വാരസ്യങ്ങളും വഴക്കുകളും ഉണ്ടായി.

പ്രശ്‌നം അബ്രഹാം ജോസഫിനോട് അവതരിപ്പിക്കുവാൻ ക്യാമ്പിൽ എല്ലാവരും ചേർന്നു ബഷീർ ആലത്തിനുമേൽ സമ്മർദ്ദങ്ങളായി. ബഷീർ ആലം വലിയ ശങ്കയോടെയാണ് അബ്രഹാം ജോസഫിനെ സമീപിച്ചത്. അദ്ദേഹം പറയേണ്ടവരോടെല്ലാം പറഞ്ഞു സമ്മതിപ്പിച്ച് അതു കമ്പനിച്ചിട്ടയാക്കി.

‘നിങ്ങളുടെ അപ്പയ്ക്ക്​ എന്തൊരു മനുഷ്യപ്പറ്റ് ആയിരുന്നെന്നോ?', ബഷീർ ആലം ദീർഘമായ നെടുവീർപ്പോടെയാണ് അത് പറഞ്ഞത്. പടുകൂറ്റൻ മണ്ണുമാന്തികളും ക്രെയിനുകളും ഭീമൻ ജെ.സി.ബികളും ഉൾപ്പെടെ ദിൽമുനിയയിൽ ഏറ്റവും പേരുകേട്ട യന്ത്രവിഭവശേഷി എമ്മിയെസ് കമ്പനിയ്ക്കുണ്ടായിരുന്നു. അതിനൊരു കാരണം അവയുടെ പ്രഗരായ മെഷീൻ ഓപ്പറേറ്റർമാരുടെ സാമർത്ഥ്യമാണ്. ഓപ്പറേറ്റർമാരിൽ ആരെങ്കിലും കൂടുതൽ ശമ്പളം മോഹിച്ചു കമ്പനി മാറാനായി ഒരു ചെറുവിരലനക്കിയാൽ അടുത്തദിവസം പുലരുമ്പോൾ ഉറക്കമുണരുന്ന അയാളെ ദിൽമുനിയയിലെ പൊലീസുകാർ കൈവിലങ്ങുവച്ച്​ എയർപോർട്ടിലേക്ക് കൊണ്ടുപോയി നാട്ടിലേക്കുള്ള വിമാനത്തിനുള്ളിലാക്കി തിരിച്ചയയ്ക്കും. വിലങ്ങുവച്ച ജോലിക്കാരുമായി പൊലീസുകാർ പോകുന്ന കാഴ്ച ക്യാമ്പിൽ പതിവാണ്.

മെഷീൻ ഓപ്പറേറ്റർമാരും മറ്റു വിദഗ്ദ്ധ ജോലികൾ ചെയ്യുന്നവരും കമ്പനിയിലെ ജോലികൾ ചെയ്തു നേടുന്ന സവിശേഷ നൈപുണ്യം കമ്പനിയുടെ സ്വത്താണ്. ദ്വീപിലുള്ളിടത്തോളം കാലം എമ്മിയെസ് കമ്പനിക്കുവേണ്ടി ജോലി ചെയ്യുകയാണ് അവർ ചെയ്യേണ്ടത്. അതുമായി വേറെ ജോലിക്ക് ശ്രമിക്കുന്നത് കമ്പനി സ്വത്ത് മോഷ്ടിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് ഔദ്യോഗിക വ്യാഖ്യാനം. പാകിസ്ഥാനികളാണ് കുടുതൽ ഓപ്പറേറ്റർമാരും. അവരിൽ ആരെങ്കിലുമൊക്കെ രക്ഷപ്പെട്ട് വേറെ ജോലി നേടിയിട്ടുണ്ടെങ്കിൽ അത്​ അബ്രഹാം ജോസഫിന്റെ ഇടപെടലിലൂടെയായിരുന്നുവെന്നും ബഷീർ ആലം ഓർമകൾ ചികഞ്ഞു പറഞ്ഞു.

ലൂമി കുടിക്കാൻ അപ്പയുടെ ഓഫീസിലേക്ക് എപ്പോഴും പോയിട്ട് ബഷീർ ആലവുമായുണ്ടായ ബന്ധം വളർന്നു വലുതായെങ്കിലും മറ്റുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാൻ ടോണി അബ്രഹാം ശ്രദ്ധിച്ചിരുന്നു. പതിനാലു വയസ്സ് മുതൽ നാല് കൊല്ലക്കാലം ടോണി അബ്രഹാം ലോകത്തെ മനസ്സിലാക്കാൻ ശ്രമിച്ചത് ബഷീർ ആലത്തിന്റെ ദൃഷ്ടിയിലൂടെയായിരുന്നു. അയാളുടെ ജിജ്​ഞാസകൾ നിവർത്തിച്ചു കൊടുക്കാൻ ബഷീർ ആലം സദാ സന്നദ്ധനായിരുന്നു.

ദിൽമുനിയയിലെ ജീവിതം കാണാൻ ടോണി അബ്രഹാം താത്പര്യപ്പെട്ട ഇടങ്ങളിലെക്കെല്ലാം ബഷീർ ആലം അയാളെ കൊണ്ടുപോയി. ഇഷ്ടയാത്രകൾ അവർ ഒരുമിച്ചു ചെയ്തു. വീട്ടിലെ ഡ്രൈവർമാരോടൊപ്പമുളള പതിവ് ഫാമിലി ഔട്ടിങ്ങുകൾ ഒഴിവാക്കാൻ അയാൾ പഠിച്ചു.

അപ്പ തികച്ചും മറ്റൊരു ലോകത്തിൽ ജീവിക്കുകയും അവിടുത്തെ അതിവേഗസഞ്ചാരങ്ങളിൽ ഏർപ്പെട്ടിരിക്കുകയും ആണെന്ന് ടോണി അബ്രഹാം മനസ്സിലാക്കിയിരുന്നു. അപ്പയുമായി സമാന്തരങ്ങൾ ഒന്നുമില്ലാത്ത തന്റെ അന്വേഷണയാത്രകളുടെ വഴികളിൽ ഒരിക്കലും പരസ്പരം കണ്ടുമുട്ടുകയില്ലെന്ന വിശ്വാസം അങ്ങനെതന്നെ പുലർന്നുപോയി. ഈ വിധം ചെറിയ വിശദാംശങ്ങൾ സജീവ ശ്രദ്ധയിൽ പതിയുന്നുവെങ്കിൽത്തന്നെ അത്​ പരിഗണിക്കുകയല്ല അദ്ദേഹത്തിന്റെ മുൻഗണനയെന്നു അയാൾ മനസ്സിലാക്കി.

ക്യാമ്പിൽ പത്തുപേർ താമസിക്കുന്ന മുറിയിലെ കേടുവന്ന ടേപ്പ് റെക്കോഡറിനു പകരമായി ഒരെണ്ണം ബഷീർ ആലം മനാന സൂഖിൽനിന്ന് വാങ്ങിയ വെള്ളിയാഴ്ചയാണ് ടോണി അബ്രഹാം ആദ്യമായി എമ്മിയെസ് ക്യാമ്പിൽ പോയത്.

ആയിരക്കണക്കിനു മനുഷ്യർ നുരഞ്ഞു പതയുന്ന ഒരിടമായിരുന്നു ക്യാമ്പ്.

തകരപ്പലകകൾ മേഞ്ഞ നിരവധി ഷെഡ്ഡുകളുടെ നിരകൾ ചേർത്ത് വച്ചിരിക്കുന്നു.

പഴയ ഷെഡ്ഡുകളുടെ ചുവരുകളും തകരപ്പലകകളാണ്. പുതിയ ചുവരുകൾ പണിതിട്ടുള്ളത് താബുക്കെന്നു വിളിക്കുന്ന കോൺക്രീറ്റ് ഇഷ്ടികകൾ കൊണ്ടാണ്. കമ്പനി അതിവേഗം വളരുകയും നിരവധി വലിയ കരാർപ്പണികൾ ഏറ്റെടുക്കയും ചെയ്യുമ്പോൾ മാൻപവർ കൂടുതൽ ആവശ്യം വരുന്നു.

ബോംബെയിലേയും ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേയും റിക്രൂട്ട്‌മെൻറ്​ ഏജൻസികൾ വഴി നൂറുകണക്കിന് മനുഷ്യർ ദിവസവും വന്നുചേരുന്നു. കമ്പനിക്ക്​വലിയ കരാർ പണികൾ തുടരെത്തുടരെ ലഭിക്കുന്നതും ആളാവശ്യം ഗുരുതരമാകുന്നതും അതിന്റെ തോതിൽ ക്യാമ്പിൽ ഷെഡ്ഡുകൾ പണിതു ചേർക്കുന്നതും അടിയന്തര നടപടികളുടെ ഒരു തുടർചങ്ങലയാണ്. ഷെഡ്ഡുകൾ താത്ക്കാലിക നിർമാണങ്ങളായതിനാൽ എയർ കണ്ടീഷണറുകൾ പിടിപ്പിക്കാൻ ആവശ്യമായ ത്രീ ഫെയ്​സ് വൈദ്യുതി കണക്ഷന്​ അനുമതിയില്ല. അതിനാൽ തകരച്ചുവരുള്ള മുറികളിൽ എയർ കണ്ടീഷണറകൾ പിടിപ്പിക്കാനുമാവില്ല.

അങ്ങനെ താത്കാലിക നിർമിതികളായ തകരഷെഡ്ഡുകൾ സ്ഥിരമായ മനുഷ്യവാസ സ്ഥലങ്ങളാകുന്നു. നീളത്തിലെ ഒരു നടുമുറ്റത്തിന് ഇരുവശവുമായാണ് ഷെഡ്ഡുകൾ വളർന്നു പോകുന്നത്. നടുമുറ്റത്തിന് ഇരുവശവുമുള്ള ഇറയങ്ങൾ ഓരോ ഷെഡ്ഡിന്റെയും മുൻവശമായ തുറന്ന വരാന്തകളാണ്.

വെള്ളിയാഴ്ച അരദിവസം ജീവിക്കാനിറങ്ങിയവരുടെ തിരക്കിലേക്കാണ് ടോണി അബ്രഹാം ചെന്നു ചേർന്നത്. എമ്മിയെസ്സിൽ എത്തിയിട്ട് ജോലിത്തഴക്കം കൊണ്ട് മേസൻ, കാർപെന്റർ, സ്റ്റീൽ ഫിക്‌സർ, പ്ലംബർ, പെയിന്റർ എന്നിങ്ങനെ പല ട്രെയ്​ഡുകൾ നേടിയവർ പലരും അവിടെ അവരുടെ പഴയ ജോലികൾ ചെയ്യുന്നു. തുന്നൽക്കാരനും മുടിവെട്ടുകാരനും പിന്നിൽ വലിയ ആൾക്കൂട്ടങ്ങളാണ്. റെഡിമെയിഡ് വസ്ത്രങ്ങൾ വിൽക്കുന്നവർ, പാട്ട് കാസറ്റുകൾ കച്ചവടം ചെയ്യുന്നവർ, ചീട്ടുകളിക്കൊരുങ്ങുന്നവർ തുടങ്ങി എല്ലാവരും ബഹളത്തിലാണ്.

ബ്ലാക്കിൽ മദ്യം വിൽക്കുന്നവരുടേത് വലിയ വ്യാപാര ശൃംഘലയാണ്. ആവശ്യക്കാരനെന്നു തോന്നുന്ന ആളെ ആദ്യം എജൻറാണ്​ സമീപിക്കുക. സാധനം വേണം എന്നുറപ്പാക്കി കാശ് കൊടുത്താൽ സംഗതിയിരിക്കുന്ന മുറിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകും. മുറികൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. വാടകക്കെടുത്ത വീഡിയോ പ്ലെയറിൽ നീലച്ചിത്ര പ്രദർശനത്തിന്​ ആളെ കാൻവാസ് ചെയ്യുന്നവരുടെ പ്രവർത്തനശൈലിയും ഏകദേശം അതുപോലെയാണ്.

ബീഡി- സിഗരറ്റ് വില്പനക്കാർ തുടങ്ങി അരദിവസത്തെ ചന്തയിൽ നിന്ന്​പണമുണ്ടാക്കാനിറങ്ങിയവർ കണ്ണുചിമ്മാതെ തിരക്കിലായിരിക്കുന്നു. കാണാൻവന്ന ബന്ധുവിനേയും നാട്ടുകാരനേയും സ്വീകരിക്കുവാനും പിരിവിനുവന്ന പാർട്ടിക്കാരെ കണ്ടു സംസാരിക്കുവാനും മുറിക്കു പുറത്തുവന്നവർ ധാരാളം. നാട്ടിലെ ഇടവക പള്ളി- അമ്പലം - ജമായത്ത് കമ്മിറ്റിക്കാരുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ധനാഭ്യർഥനക്കത്ത് കൊടുക്കാൻ വന്നവർ, സ്റ്റാർ നൈറ്റിന്റെ ടിക്കറ്റ് വില്പനക്കാർ തുടങ്ങിയ അതിഥിസംഘങ്ങളുമുണ്ട്.

പലതരം ചിട്ടികളുടെ ലേലത്തിനൊരുങ്ങുന്നവർ, കടം വാങ്ങി തിരിയെ കൊടുക്കാത്ത ആളുമായി ശണ്ഠ കൂടുന്നവർ, തൊഴിലെടുക്കാതെ പകൽവെളിച്ചത്തിൽ വെറുതെയിരിക്കാൻ പുറത്തിറങ്ങിയവർ തുടങ്ങി ആ മനുഷ്യപ്രളയത്തിലെ ഓരോരുത്തരും കൈവന്ന അരദിവസത്തെ ഫലപ്രദമാക്കുകയാണ്.

ബന്ധുക്കൾക്ക് വിസ എടുക്കാൻ താത്പര്യപ്പെടുന്നവരെ തേടിവരുന്ന വിസാ വ്യാപാര റാക്കറ്റിന്റെ ഏജന്റുമാർ കഴുകൻ കണ്ണുകളുമായി ഇരകളെ നോക്കിനടക്കുന്നുണ്ട്. ഒരാളെ കണ്ടോയെന്ന്​ മറ്റുള്ളവരോടെല്ലാം അന്വേഷിച്ചു നടക്കുന്നവരും അനവധി.

മനുഷ്യർ ആ വരാന്തകളിലൂടെ ഒഴുകുകയാണ്.

കൗമാരക്കാരനായ അപരിചിതനെ ചിലർ ശ്രദ്ധിക്കുന്നുണ്ടെങ്കിലും എല്ലാവരും അവരവരുടെ ഏർപ്പാടുകളിൽ ആഴത്തിൽ വ്യാപൃതരാണ്. അബ്രഹാം ജോസഫിന്റെ മകനാണെന്ന് പറഞ്ഞറിഞ്ഞ കൗതുകവുമായി കുറേപ്പേർ അയാളെ കാണാൻവന്നു. കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ദൃഷ്ടാന്തം പോലൊരു മാതൃക നേരിട്ട് കണ്ടുനിന്നപ്പോൾ ചകിതനായിപ്പോയ ടോണി അബ്രഹാമിൽ പരിഭ്രമം വളർന്നു തുടങ്ങിയിരുന്നു. അവിടെ നിന്നു മടങ്ങിപ്പോകണമെന്നു അയാൾ ബഷീർ ആലത്തിനു സൂചനകൾ നൽകി.

തിരക്കിൽ നിന്നൊഴിയുവാനായി ഒരു ഷെഡ്ഡിന്റെ അടുക്കളഭാഗത്തേക്ക് പ്രത്യേകമായൊരാളെക്കാണാൻ ടോണി അബ്രഹാമിനെ ബഷീർ ആലം കുട്ടിക്കൊണ്ടുപോയി. ഓരോ ഷെഡ്ഡിന്റെയും പിന്നറ്റത്ത് അടുക്കള ഹാളും ടോയ്ലറ്റ് ഭാഗവും ഉണ്ട്. പത്തുപേർ വീതം താമസിക്കുന്ന രണ്ടു മുറികളിൽലുള്ളവർക്ക് ഒരു ടോയ്ലറ്റ് ആണ്. രാവിലെ അഞ്ചു മണിയ്ക്ക് സൈറ്റിലേക്കുള്ള വണ്ടിയിൽ കയറാനായി മൂന്ന് മണിയ്‌ക്കെങ്കിലുമെഴുന്നേറ്റ്​ ടോയ്​ലറ്റിനുവെളിയിൽ വരിനിൽക്കണം.

വരിയിൽ നിൽക്കുന്നവരിൽ പത്രമോ ആഴ്ച്ചപ്പതിപ്പോ വായിച്ചുനിൽക്കുന്നവരെ മലയാളികളെന്ന്​ എളുപ്പം തിരിച്ചറിഞ്ഞു.

അടുക്കളഹാളിൽ മണ്ണെണ്ണസ്റ്റൗകൾ വച്ചതട്ടുകൾ നിരത്തിയിരിക്കുന്നു. അതിലൊന്നിന്റെ പിന്നിൽ നിന്ന്​ തക്കാളിയും ഉള്ളിയും അരിഞ്ഞു പെറുക്കുന്ന ആളെ കണ്ടപ്പോൾ ടോണി അബ്രഹാമിനു മുഖപരിചയം തോന്നി. ചെറുപ്പത്തിൽ ഏറെ കണ്ടിരിക്കുന്നു. ബഷീർ ആലം പരിചയപ്പെടുത്തി, അബ്ദുൽ റഹു​മാൻ അങ്കിൾ.

സ്കൂളിൽ അബ്രഹാം ജോസഫിന്റെ സഹപാഠിയായിരുന്നു. അവർ മൂന്നുപേർ ഫുട്‌ബോൾ ചങ്ങാതിമാരായി കളിച്ചു നടന്നു. കളിഭ്രാന്ത് തലയ്ക്കു പിടിച്ച മൂന്നു പേർക്കും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കോളേജ് അഡ്മിഷൻ കിട്ടാൻ മാർക്ക് ഉണ്ടായില്ല. മൂന്നിലൊരാൾ സുകുമാരൻ പിള്ള, ഐ.ടി.ഐ പഠിച്ചെങ്കിലും ജയിച്ചില്ല. ബോംബെക്ക് പോയതും എമ്മിയെസ് കമ്പനി വിസയിൽ ദിൽമുനിയയിൽ എത്തിയതും മൂന്നുപേരും ഒരുമിച്ചാണ്. വർക്ക്‌സൈറ്റിലെ അപകടത്തിൽ സുകുമാരൻ പിള്ള മരണപ്പെട്ടിട്ട് പത്തു വർഷമാകുന്നു. സുകുമാരൻ പിള്ള ഉണ്ടായിരുന്നപ്പോൾ അബ്​ദുൽ റഹുമാനോടൊപ്പം വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് മനാനയിൽ അബ്രഹാം ജോസഫ് സകുടുംബം താമസിക്കുന്ന വീട്ടിൽ പോകുമായിരുന്നു. മൂന്നിലൊരാൾ പോയതോടെ വെള്ളിയാഴ്ച സന്ദർശനങ്ങൾ അവസാനിച്ചു.

അബ്​ദുൽ റഹുമാൻ ഇപ്പോൾ കമ്പനിയിൽ സീനിയർ ഫോർമാനാണ്. ചിലപ്പോഴൊക്കെ കിട്ടിയ വർദ്ധനകളും ചേർത്ത് ശമ്പളം മെച്ചമായിട്ടുണ്ട്. മൂന്നു പെൺകുട്ടികളാണ്. മുന്നാമത്തെയാളിന്റെ കല്യാണവും ഉടനെയുണ്ടാവും.
രണ്ടുവർഷംകൂടി കഴിയുമ്പോൾ അബ്​ദുൽ റഹുമാൻ ദിൽമുനിയയിലെ 25ാം വർഷം തികയ്ക്കും. ആ അവധി കഴിഞ്ഞു പിന്നെയിങ്ങോട്ടു മടക്കമില്ലെന്നാണ് തീരുമാനം. ഉമ്മയുടെ സഹോദരിയിൽ തുടങ്ങി സ്വന്തം സഹോദരിമാരും മക്കളും ചേർത്ത് ആറേഴു പേരുടെ കല്യാണ സ്ത്രീധനത്തിനായി ബലിയർപ്പിച്ച ജീവിതമാണതെന്ന് അബ്രഹാം ജോസഫ് പറയും. മൂന്ന്​ അളിയന്മാരെയും വിസ അയച്ച്​ കൊണ്ടുവന്നു. ജോലിയും സൗകര്യങ്ങളും ഇഷ്ടപ്പെടാഞ്ഞിട്ട്​ രണ്ടുപേർ ഓരോ കോൺട്രാക്റ്റ് കഴിഞ്ഞപ്പോൾത്തന്നെ തിരിച്ചുപോയി. അവരൊക്കെ സന്തോഷമായിരിക്കുന്നോയെന്ന്​ ടോണി അബ്രഹാം അന്വേഷിച്ചു. കൊടുത്തതിലെ ഏറ്റക്കുറവുകൾ കാരണം അവരൊക്കെ പിണക്കമായി.

അബ്ദുൽ റഹുമാൻ സ്വന്തം മക്കളുടെ ആവശ്യങ്ങൾ നോക്കിത്തുടങ്ങിയപ്പോൾ കുടുംബക്കാർക്ക് മുന്നേപ്പോലെ കൊടുക്കാൻ കഴിയാതായി. അവരൊക്കെ പിണക്കമാണെന്നും അധികം വിവരങ്ങളറിയില്ലെന്നും പറയുമ്പോൾ അബ്​ദുൽ റഹുമാന്റെ മുഖത്ത് മഞ്ഞുകട്ടയുടേതുപോലെ നിർവികാരത ഉറഞ്ഞു കിടന്നു. അബ്​ദുൽ റഹുമാൻ വിസ അയച്ചു കൊണ്ടുവന്ന അളിയന്മാരിൽ രണ്ടുപേർ മടങ്ങിപ്പോയെങ്കിലും ഒരാൾ ഇവിടെ ധനികനായി ജീവിക്കുന്നുണ്ട്​. തറവാടിത്തമുള്ള ട്രേഡിംഗ്​ കമ്പനിയിൽ ആഗോള ബ്രാൻറ്​ സിഗരറ്റിന്റെ സെയിൽസിൽ അളിയന് ജോലി ലഭിക്കാൻ അബ്രഹാം ജോസഫിനെയും ബന്ധപ്പെടുത്തിയിരുന്നു. അളിയന്​ ‘ഡെറ്റ് കളക്റ്റർ’ എന്ന കടം പിരിവുകാരുടെ ടീമിലാണ് ജോലി കിട്ടിയത്.

ദിൽമുനിയയിൽ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന നൂറുകണക്കിന് കച്ചവടക്കാർക്ക് വില്പന നടത്താൻ കൊടുത്ത സിഗരറ്റിന്റെ വില അവർ തിരിച്ചടയ്ക്കാത്തത് വാങ്ങിയെടുക്കലായിരുന്നു മൂന്നുപേരടങ്ങുന്ന ടീം ചെയ്യുന്ന ജോലി. അതിൽ കുറേ കടകളുടെ വിൽപന നടന്നിട്ട് ഉടമസ്ഥർ മാറിയിട്ടുണ്ട്. കുറേ കച്ചവടക്കാർക്ക് ധനികരായ കമ്പനിക്കാർ തുകയിൽ ഇളവ്​ കൊടുത്തിട്ടുണ്ട്. ഡെറ്റ് കളക്റ്റർമാർ ആ കാര്യം കച്ചവടക്കാരെ അറിയിച്ചില്ല, ആർക്കും ഇളവ് കൊടുത്തതുമില്ല. കച്ചവടക്കാരോട് പിരിച്ചുകിട്ടിയ കാശിൽ കൂടുതലും കമ്പനിയിൽ അടയ്ക്കാതെ അവർ സ്വന്തമാക്കി.

വലിയ ​ട്രേഡിംഗ് കമ്പനിയുടെ മേധാവികൾക്കു ദൂര സ്ഥലങ്ങളിലും ഗ്രാമങ്ങൾക്കുള്ളിലും പോയി കച്ചവടം ചെയ്യുന്നവരെയും നിറുത്തിയവരെയും കണ്ടുപിടിച്ച്​ ചോദിക്കാനാവില്ലല്ലോ. ഡെറ്റ് കളക്റ്റർ ടീമിലെ രണ്ടുപേരും അളിയനും ജോലി രാജിവച്ചിട്ട്​ തുടങ്ങിയ ബിൽഡിങ്ങ് മെറ്റീരിയൽസ് കച്ചവടം ഇപ്പോൾ നന്നായി നടക്കുന്നു.

എമ്മിയെസ് കമ്പനിയുടെ ക്യാമ്പിൽ ഫോർമാനായി കഴിയുന്ന അബ്​ദുൽ റഹുമാനോട് അളിയന് തികഞ്ഞ പുച്ഛഭാവമായതിനാൽ അവർ പരസ്പരം അധികം കാണാറില്ല. അബ്​ദുൽ റഹുമാൻ ടോണി അബ്രഹാമിന്​ ചായയും മുട്ട ചിക്കിപ്പൊരിച്ചതും ഉണ്ടാക്കിക്കൊടുത്തു. കുനുകുനെ അരിഞ്ഞ കാബേജും തക്കാളിയും ധാരാളം ചേർത്താണ് മുട്ട ചിക്കിപ്പൊരിച്ചതിനു അത്ര രുചിയുണ്ടാക്കിയതെന്ന്​ മടങ്ങുമ്പോൾ ബഷീർ ആലം ടോണി അബ്രഹാമിനോട് പറഞ്ഞു. ആ രുചിയോർമ്മ ടോണി അബ്രഹാം വളരെക്കാലം ഉള്ളിൽ കൊണ്ടുനടന്നു.

വിസ ശരിയാക്കി കിട്ടാൻ ചങ്ങാതിമാരോടൊപ്പം ബോംബെയിൽ പോയി താമസിച്ച കാലത്തെ കഷ്ടതകൾ അബ്രഹാം ജോസഫ് അത്താഴവേളകളിൽ കുടുംബാംഗങ്ങളോട് നിരന്തരം ആവർത്തിക്കും. നരകതുല്യമായ സാഹചര്യത്തിൽ മൂന്നുമാസം അവിടെ കഴിച്ചുകൂട്ടി. അവർ മൂന്നുപേരും ആദ്യമായാണ് സ്വന്തം വീടുകൾ വിട്ടു പുറത്തേക്കു പോയത്. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും ബാക്കി ടാപ്പ് വെള്ളം കുടിച്ചും അവർ വിശപ്പും ദാഹവുമടക്കി. റിക്രൂട്ട്‌മെൻറ്​ ഏജൻസിയുടെ ഓഫീസിലേക്ക് നിത്യവുമുള്ള യാത്രയും അവിടുത്തെ കാത്തിരിപ്പും വൈകുന്നേരത്തെ മടങ്ങിപ്പോക്കും ആചാരം പോലെ നിർവഹിക്കുന്ന ഇരുപത്തഞ്ചുകാരായ മൂന്ന് ചെറുപ്പക്കാർ ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കാൻ വശമില്ലാത്തതിനാൽ റിക്രൂട്ട്‌മെൻറ്​ ഓഫീസിലെ മലയാളിയെ തിരഞ്ഞ്​ കുഴഞ്ഞ കണ്ണുകളോടെ മിക്കപ്പോഴും കാത്തിരിപ്പിന്റെ പകൽ ഒടുങ്ങും.

ഏറെപ്പേരോട് വിസയ്ക്ക് പണം വാങ്ങി മുങ്ങുന്ന തട്ടിപ്പുകാരായ റിക്രൂട്ട്‌മെൻറ്​ എജൻസികളെക്കുറിച്ചുള്ള കഥകൾ യാത്രയിൽ കണ്ടുമുട്ടുന്ന വിസാന്വേഷികൾ പറയും. അക്കഥകൾ കേട്ടു വർദ്ധിച്ച ഭയത്തോടുകൂടി രാത്രികളിൽ ഉറക്കമില്ലാതെ അവർ കാത്തിരുന്നു. എജൻസിക്കാർ കബളിപ്പിച്ചാൽ മൂന്ന് പേരുടെയും കുടുംബങ്ങളുടെ മുഴുവൻ ആസ്​തികളും ഒറ്റയടിക്ക് നഷ്ടപ്പെട്ടുപോകും. മതിയായ കരാറും ഉറപ്പും ഇല്ലാതെ റിക്രൂട്ട്‌മെൻറ്​ ഏജൻസിയ്ക്ക് പണം കൊടുക്കുന്നതിൽ കടുത്ത ആശങ്കകളുണ്ടായിരുന്ന വീട്ടുകാരോട് നിർബന്ധിച്ചും വഴക്കടിച്ചുമാണ് മൂന്നുപേരും സാഹസത്തിനിറങ്ങിപ്പുറപ്പെട്ടത്.

ഒരുമിച്ചായിരിക്കുവാൻ ഉണ്ടായിരുന്ന ആഗ്രഹമാണ് അന്ന് മൂന്നുപേരെയും നയിച്ചത്. ഒരു ചേച്ചിയുള്ളതിന്റെ കല്യാണം നേരത്തെ കഴിഞ്ഞതിനാൽ അബ്രഹാം ജോസഫിന് പ്രായം കവിഞ്ഞുനിൽക്കുന്ന പെങ്ങന്മാരുടെ കല്യാണബാധ്യതയില്ല. സുകുമാര പിള്ളയ്ക്ക് രണ്ടും അബ്​ദുൽ റഹുമാന് മൂന്നും പെങ്ങന്മാർ അന്നു കല്യാണം കാത്തിരിക്കുന്നുണ്ട്. അബ്​ദുൽ റഹുമാന് കല്യാണം കഴിഞ്ഞൊരു പെങ്ങൾ സ്ത്രീധനബാക്കി വാങ്ങാൻ വീട്ടിൽ വന്നുനിൽക്കുന്നുണ്ട്.

മൂന്നു പേരുകളും ഗ്രൂപ്പ് വിസയിലുണ്ടെന്നും കപ്പലിൽ ടിക്കറ്റ്​ ശരിയായെന്നും റിക്രൂട്ട്‌മെൻറുകാർ അറിയിച്ച രാത്രിയിൽ അവർ ആഘോഷം നടത്തി. അടുത്തുള്ളൊരു ഹോട്ടലിൽ പോയി മട്ടൻകറിയും ചപ്പാത്തിയും കഴിച്ചു നടത്തിയ സന്തോഷാചരണത്തെക്കുറിച്ച് പറയുമ്പോൾ അബ്രഹാം ജോസഫിന്റെ കണ്ണുകളിൽ നക്ഷത്രം തിളങ്ങുന്നതായി ടോണി അബ്രഹാമിന് തോന്നിയിട്ടുണ്ട്. ▮

​​​​​​​(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments