ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം ഒന്ന്​

4. വരലബ്ധികളും ശാപശിക്ഷകളും

രക്കുനിറച്ച ചാക്കുകൾക്കുമേലെയാണ് കപ്പലിൽ യാത്രക്കാർ ഇരുന്നതും കിടന്നുറങ്ങിയതും. ചരക്കുകൾ കൊണ്ടുപോകുന്നതിനിടയിൽ ആളുകളെക്കൂടി കൂട്ടിയെന്ന പരിഗണന മാത്രമേ യാത്രക്കാർക്ക് ലഭിച്ചുള്ളൂ.

കടലിലൂടെ ഏഴു ദിവസം നീണ്ട യാത്രാദുർഘടങ്ങളിൽ ഭാഷ പറഞ്ഞ്​ സഹായിച്ച സമപ്രായക്കാരനായ ബോംബെ മലയാളിയുമായി അവർ ചങ്ങാത്തത്തിലായി. പാലക്കാട്ടുനിന്ന് ബോംബെയിൽ കുടിയേറി അവിടെ മാർവാടിയുടെ കണക്കെഴുത്തുകാരനായിരുന്നു അയാളുടെ അച്ഛൻ. അദ്ദേഹം പെട്ടെന്ന് മരിച്ചപ്പോൾ കോളേജ് വിദ്യാഭ്യാസം നിലച്ചതിനാൽ ഫലത്തിൽ അവരെപ്പോലെ പത്താം ക്ലാസുകാരനാണ്.

ബോംബെയിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്ത്യയിലെ എല്ലാ ഭാഷക്കാരായ കുട്ടികളോടും കലർന്നുപഠിച്ചിരുന്ന അയാൾ സംസാരിക്കുന്ന ഭാഷ ഉച്ചാരണഭംഗിയോടെ ഒഴുകുന്ന ഇംഗ്ലീഷ് ആയിരുന്നു.

ദിൽമുനിയയിൽ ഇലക്​ട്രോണിക്​ ഉത്പന്നങ്ങളുടെ ട്രേഡിംഗിൽ മുൻനിരയിൽ നിൽക്കുന്ന സ്ഥാപനമായ ഹമരിയ എസ്റ്റാബ്ലിഷ്‌മെൻറിന്റെ ജനറൽ മാനേജർ പദവിയിൽ അയാളെത്തി. എളിയ നിലയിൽ നിന്ന്​ സ്ഥാപനത്തോടൊപ്പം വളർന്ന്​ അതിന്റെ അവിഭാജ്യ ഭാഗമാവുകയും ഏറെ ഉയർന്ന തസ്തികയിലെത്തുകയും ചെയ്യുന്നവർ കമ്പനിപേരിനോടൊപ്പം ചേർന്ന്​ അറിയപ്പെടുക ദിൽമുനിയയിലെ വഴക്കമാണ്. നടപ്പാചാരപ്രകാരം അദ്ദേഹം ഹമരിയ രവികുമാർ ആണ്.

അൽ അഫു ചെറിയാൻ, കരീമി നായർ, മിഡിലീസ്​റ്റ്​ ഫ്രാൻസിസ്, ഗ്ലാസ് രവി, ലിഫ്റ്റ് നായർ, അഷ്‌റഫ് രവി, കാനു നായർ, അൽ ഫൗസ് രാജൻ, സയാനി പിള്ള, സയാനി നായർ, മന്നായി ബാബു, പനോരമ ജോസ് തുടങ്ങി ഏറെ പേരുകൾ അങ്ങനെയുണ്ട്. ഇന്ത്യയിലെ പാസ് പോർട്ടുകളിൽ എഴുതുന്ന പേരുകൾക്ക് രണ്ടു ഭാഗങ്ങളുണ്ടാകണം. ഫസ്റ്റ് നെയിം എന്നു വിളിക്കുന്ന പേരും സർനെയിം എന്ന കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പേരുമാണ്​ വേണ്ടത്. ഭൂരിപക്ഷം മലയാളികൾക്കും ഗോത്രപ്പേരുകളോ കുടുംബപ്പെരുകളോ ഇല്ല. അച്​ഛന്റെ പേരും അതുകഴിഞ്ഞ് ആളുടെ വിളിക്കുന്ന പേരും പാസ്പോർട്ടിലും പ്രമാണങ്ങളിലും ഒരാളുടെ പേരായി എഴുതിത്തുടങ്ങിയത് ആരാണെന്നറിയില്ല.

മലയാളികളുടെ പാസ്പോർട്ടിലെ പേര് തുടങ്ങുന്നത് അച്​ഛന്റെ പേരോടുകൂടിയാണ്. കുടിയേറിവരുമ്പോൾ ഒരു മലയാളിക്ക് ആദ്യം നഷ്​ടപ്പെടുന്നത് അവന്റെ പേരാണ്. ഇവിടെയെത്തിയാൽ പാസ്പോർട്ടിൽ എഴുതിയിട്ടുള്ള ആദ്യ പേരായ അച്​ഛന്റെ പേരിലാവും അയാളെ ഔദ്യോഗിക സ്ഥലങ്ങളിൽ പേര് വിളിക്കുക. ദിൽമുനിയ അയാൾക്ക് കൊടുക്കുന്ന ഐ ഡി കാർഡിലും അച്​ഛന്റെ പേരായിരിക്കും അയാളുടെ പേരിന്റെ ആദ്യത്തെ ഭാഗം. ചില പാസ്പോർട്ടിൽ അച്​ഛന്റെ പേരിന്റെ സ്ഥാനത്ത് വീട്ടുപേരായിരിക്കും ചേർത്തിരിക്കുക.

അയാൾ ആശുപത്രിയിൽ പോയി ഡോക്​ടറെ കാണാൻ ഊഴം കാത്തിരിക്കുമ്പോൾ അകത്ത് ഈജിപ്ഷ്യനായ ഡോക്ടർ അറബികൾക്ക് വായിലൊതുങ്ങാത്ത വീട്ടുപേര് മൈക്കിൽക്കൂടി വിളിച്ചുപറയുന്നത് രസകരമാണ്. പടിഞ്ഞാറേ കുനിയിൽ രാജനെ ഡോക്ടർ വിളിക്കുക പട്ടി... നാറി...കൂനി ...യിലെ ...റാജൻ എന്നാണ്. എയർപോർട്ട് അധികാരികൾ അടിയന്തര ആവശ്യത്തിന്​ ഉടനെ ഹാജരാകാൻ മലയാളി യാത്രക്കാരന്റെ പേര് വിളിക്കുന്നതും ഏകദേശം ഈ രീതിയിലായതുകൊണ്ട് പേരുകാരൻ അയാളെയാണ് വിളിക്കുന്നതെന്നറിയാതെ പോകുന്നതാണ് പതിവ്. കുടിയേറ്റക്കാരൻ മലയാളിക്ക് തിരിച്ച്​ നാട്ടിൽ ചെന്നാൽ മാത്രമേ അയാളുടെ പേര് തിരികെ കിട്ടുകയുള്ളൂ.

ധനികരുടെ വിരുന്നു സത്കാരങ്ങളിൽ അബ്രഹാം ജോസഫിനെ ഹമരിയ രവികുമാർ കണ്ടുമുട്ടുമ്പോൾ ദിൽമുനിയയിലേക്ക് ആദ്യം വന്ന കപ്പൽയാത്രയിലെ എന്തെങ്കിലും കൗതുകസംഭവങ്ങൾ ചുറ്റുമുള്ളവരോട് പറഞ്ഞാണ് അവർ സ്നേഹബന്ധം പുതുക്കുന്നത്.

ഒരിക്കൽ ഹമരിയ രവികുമാറും അബ്രഹാം ജോസഫും രണ്ടുപേരുടെയും കുടുംബങ്ങളും അതിഥിപ്രമുഖരായി അവരുടെ സഹസഞ്ചാരിയുടെ വിവാഹവാർഷിക വിരുന്നിൽ പങ്കെടുത്തു. വിവാഹ വാർഷികങ്ങളും പിറന്നാൾ ദിനങ്ങളും ഓണവും ക്രിസ്മസും ഉൾപ്പെടെ എന്തും ഏതു ദിവസത്തിൽ വന്നാലും തൊട്ടടുത്ത വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പകലോ ആ ദിനം ആഘോഷിക്കുന്നതാണ് പതിവ്. അത് പരക്കെ അംഗീകരിച്ചിട്ടുമുണ്ട്. അബ്രഹാം ജോസഫിനെയും ഹമരിയ രവികുമാറിനെയും വിശിഷ്ടാതിഥികളായി പരിചയപ്പെടുത്തിയ മൈക്ക്ധാരി മാസ്റ്റർ ഓഫ് സെറിമണി സ്ഥിരം വിഷയത്തിലേക്ക് നേരെ പോയി. പ്രത്യേകിച്ച് അന്നത്തെ ആതിഥേയനും അവരുടെ കപ്പൽ ചങ്ങാതിയായതുകൊണ്ട് ഹരം കൊണ്ട കപ്പൽക്കഥകളായിരുന്നു ചുരുൾ നിവർന്നത്. അന്ന് കപ്പലിൽ വന്നിറങ്ങിയവർ ആരാരെന്നും അവർ എവിടെവിടെ എന്തെല്ലമായിത്തീർന്നുവെന്നും ഓർമിച്ചെടുക്കുവാനാണ് മൂന്നുപേരോടും ആവശ്യപ്പെട്ടത്. ചോദ്യം വളരെ ലാഘവത്തിലും സരസതയോടെയുമായിരുന്നു.

പക്ഷേ അതിന്റെ ഉത്തരങ്ങൾ ആ രാത്രിയെ അന്നവിടെയുണ്ടായിരുന്ന ആർക്കും മറക്കാൻ കഴിയാത്തതാക്കി.

വിരുന്നുകളിൽ ധാരാളമായി വിളമ്പുന്ന മദ്യത്തിന്​ വഴങ്ങിക്കൊടുക്കാതിരിക്കു ന്നതാണ് അബ്രഹാം ജോസഫിന്റെ രീതി. വേണമെന്നു തോന്നിയാൽ വീട്ടിൽ മടങ്ങിച്ചെന്ന്​ നീന്തൽക്കുളക്കരയിലെ ബാറിൽ നിന്ന്​ അല്പമെടുത്തു കഴിക്കും. പേരുകേട്ട വിലയേറിയ മദ്യ ബ്രാൻഡുകൾ പ്രദർശനത്തിനുവച്ചതുപോലെ തയ്യാറാക്കിയ ബാർ ഷെൽഫാണ് വീട്ടിൽ ഒരുക്കിയിട്ടുള്ളത്. കാഴ്ചഭംഗിയും ആകൃതിയിൽ അപൂർവതയുമുള്ള മദ്യക്കുപ്പികൾ എവിടെ കണ്ടാലും അകത്തുള്ളതെന്തെന്നോ വിലയോ കാര്യമാക്കാതെ അബ്രഹാം ജോസഫ് അത് വാങ്ങി തന്റെ ശേഖരത്തിലേക്ക് കൂട്ടും. അന്നത്തെ വിരുന്നിൽ ആ ചോദ്യം എത്തും മുൻപേ ഹമരിയ രവികുമാറും അബ്രഹാം ജോസഫും പരസ്പരം നിർബന്ധിച്ചും പ്രേരിപ്പിച്ചും അവരുടെ മേൽ വന്നിറങ്ങിയ ഭൂതകാലക്കുളിരിൽ ലയിച്ചു കുറേ കഴിച്ചിട്ടുണ്ടായിരുന്നു.

തങ്ങളുടെ നേർക്കുവന്ന യാദൃച്ഛികമായ ചോദ്യത്തെ വെല്ലുവിളിയായി സ്വീകരിച്ച്​സദസ്സിനെ അവർ സ്തംഭിപ്പിച്ച്​ കയ്യിലെടുത്തു. കപ്പലിലെ സഹസഞ്ചാരികളെ മാത്രമല്ല ഓർത്തെടുക്കേണ്ടതെന്ന്​ അവർ ഭേദഗതി നിർദ്ദേശിച്ചു. രണ്ടുമൂന്നുമാസം ബോംബെ തെരുവുകളിലെ റിക്രൂട്ട്‌മെൻറ്​ ഏജൻസിയുടെ ഓഫീസിനുവെളിയിൽ അലഞ്ഞുനടന്നിരുന്നപ്പോൾ കണ്ടുമുട്ടിയ ഒട്ടേറെ ചെറുപ്പക്കാരെയും മദ്ധ്യവയസ്കരെയും മറക്കാനാവില്ലെന്നവർ ആവർത്തിച്ചു. അവരൊക്കെ ഇപ്പോൾ എവിടെവിടെ അടിഞ്ഞുകിടക്കുന്നുവെന്ന് അന്വേഷിക്കുന്ന ഒരു കടംകഥയുടെ പൂർത്തീകരണത്തിന്​ സാക്ഷ്യം വഹിക്കാൻ സദസ്സൊരുങ്ങി.

കുട്ടികൾ കേൾക്കാൻ പാടില്ലാത്തത് പലതും പറയേണ്ടിവരുമെന്നും കുട്ടികൾ അവരുടെ കളിയിടങ്ങളിലേക്ക് പോകണമെന്നും പറഞ്ഞെങ്കിലും അത് സംഭവിച്ചോയെന്ന് ആരും നോക്കിയില്ല.

ടോണി അബ്രഹാമും അനിയന്മാരും സദസ്സിൽ തന്നെയിരുന്നു.

ഒരുമിച്ചു വന്നവരിൽ വളരെ കുറച്ചുപേർ ഹമരിയ രവികുമാറിനെപ്പോലെ മെട്രോകളിൽ ജനിച്ചുവളർന്ന് ഇംഗ്ലീഷിൽ പഠിച്ച് നഗരജീവിതത്തിന്റെ സഞ്ചാരവേഗങ്ങളിൽ പൊരുതി അതിജീവന സാമർത്ഥ്യം നേടിയവരായിരുന്നു.

ബോംബെയിലെ വെള്ളം കുടിച്ചവർ എന്ന്​ പരസ്പരം തിരിച്ചറിയുന്ന അവരിൽ ചുരുക്കംപേർ ഉയർന്ന പദവികളുടെ ഏണിപ്പടികളിലൂടെ വലിയ പടവുകൾ കയറിപ്പോയപ്പോൾ കുറേപ്പേർ വേറെ രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും കൂടുതൽ സൗഭാഗ്യങ്ങൾ തേടിപ്പോയി. ഡ്രൈവറായാലും മെക്കാനിക്കായാലും കച്ചവടക്കാരനായാലും വർക്ക് സൈറ്റിൽ ഫോർമാനായാലും ബോംബെ ജീവിതപരിചയമുണ്ടായിരുന്നവരെല്ലാം ദിൽമുനിയ ആവശ്യപ്പെടുന്ന ജീവിതതാളം സ്വായത്തമാക്കിയവരെന്ന നിലയിൽ എത്തിച്ചേർന്ന സ്ഥലങ്ങളിൽ മിടുക്കന്മാരായി തുടരുന്നുണ്ട്.

ഡോക്ടർമാരായും എഞ്ചിനീയർമാരായും വിദ്യാഭ്യാസം നേടി വന്നവരിൽ കൂടുതലും മലയാളികളായിരുന്നെങ്കിലും അവരെല്ലാം ചേർന്നാലും വിരലിലെണ്ണാവുന്നത്ര കുറഞ്ഞ സംഖ്യയായിരുന്നു.

എത്തിച്ചേർന്ന നാടിനെ സ്നേഹിച്ചു കിട്ടിയ ജോലിയിലെ സംതൃപ്തിയെക്കുറിച്ച് സ്വയം വിശ്വസിപ്പിച്ച്​ അവരിവിടെയുണ്ട്.

കേരളത്തിൽ നിന്നുവന്ന് കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുമ്പോൾ പള്ളിയിൽവച്ച്​ പരിചയപ്പെട്ട നഴ്‌സുമായി പ്രണയത്തിലായി സംഭവിച്ച വിവാഹത്തിന്റെ വാർഷികമായിരുന്നു.

ആഘോഷിച്ച് ബോധം കെട്ട ആതിഥേയൻ ഒരു ചോദ്യം ഉയർത്തിക്കൊണ്ടേയിരുന്നു; ‘നമ്മുടെ കപ്പലിൽ മലയാളി നഴ്‌സായ ആരും വന്നില്ലേ?'

ഇല്ലായിരുന്നെന്നും മദ്ധ്യവയസ്സ് കഴിഞ്ഞ നാലഞ്ചു പെണ്ണുങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അത് സൂഖിലെ ഏതോ ഭാട്ടിയ കുടുംബക്കാർ ആയിരുന്നെന്നും മറ്റു രണ്ടുപേരും തറപ്പിച്ചു പറഞ്ഞു.

അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്ന് ആതിഥേയൻ വാദിച്ചു. ഈ നാടിന്റെ മുഴുവൻ രോഗങ്ങൾക്കും വേദനയക്കും സാന്ത്വനവും ശുശ്രൂഷയുമായി വന്ന് നാട്ടുകാരുടെ മനസ്സിൽ മലയാളിയെന്ന് കുടിയേറിയ ആ സ്ത്രീകളല്ലേ വലിയ മലയാളി കുടിയേറ്റത്തിന്​ വഴിയൊരുക്കിയതെന്ന ചോദ്യം ആതിഥേയൻ കുഴഞ്ഞ ശബ്ദത്തിൽ ആവർത്തിച്ചു.

കസേരയിൽ വീണു മയക്കംപിടിക്കുംവരെ ആതിഥേയൻ തന്റെ ചോദ്യം വ്യകതമായും പിന്നെ അവ്യകതമായും പിറുപിറുത്തുകൊണ്ടിരുന്നു.

പരക്കെ വിദ്യാഭ്യാസവും ധാരാളം സാക്ഷരതയുമായി നാട്ടുകാർ ഒന്നടങ്കം കുടിയേറിയിട്ടും മലയാളികൾ ശരാശരിയായിരിക്കുന്നത് അവരുടെ പൊതുവേയുള്ള ഉൾക്കർഷേച്ഛയുടെ കുറവാണെന്ന് ഹമരിയ രവികുമാർ പറഞ്ഞപ്പോൾ അബ്രഹാം ജോസഫ് എതിർത്തു.

സംരംഭകന്റെ മനോഭാവം എന്തോ തിന്മയാണെന്ന് പറഞ്ഞുപഠിപ്പിച്ച രാഷ്ട്രീയ പാർട്ടികളും ധനികനെ ശത്രുവായി കാണുന്ന പൊതുബോധവുമാണ് മലയാളിയെ നഗരമനുഷ്യരോട് തോൽപ്പിക്കുന്നതെന്നായിരുന്നു രവികുമാറിന്റെ വാദം. അതുകൊണ്ടാണ് കുടിയേറിപ്പോയ നാടുകളിലും അവരിൽ ഭൂരിപക്ഷവും പരിചാരക വൃത്തിയോട് ബന്ധമുള്ള ജോലികൾ ചെയ്യുന്നതെന്നും നല്ല പഠിപ്പുള്ള മലയാളികളും ഒഴുക്കോടെ ഇംഗ്ലീഷ് പറയാൻ അറിയാഞ്ഞിട്ട്​ പിന്നാക്കം വലിയുന്നതെന്നും പറഞ്ഞ് രവികുമാർ കത്തിക്കയറി.

അവരെല്ലാം ഓഫീസുകളിലെയും കടകളിലെയും റെസ്റ്റാറന്റുകളിലെയും അറബി വീടുകളിലെയും ചെറിയ ജോലികൾ ചെയ്യുന്നു. കല്യാണം കഴിച്ചിട്ട് ഭാര്യയെ കൊണ്ടുവന്ന്​ ദാരിദ്യ്രത്തിൽ ജീവിക്കുന്നു. പിന്നെ ഏറ്റവും അടുത്ത ബന്ധുക്കളെയും കൊണ്ടുവരുന്നു. എല്ലാവരും എല്ലായ്‌പ്പോഴും രണ്ടറ്റവും മുട്ടിയ്ക്കാൻ പാടുപെടുന്നു. അസൂയയും പരദൂഷണവും ഉൾപ്പെട്ട കൊച്ചു കൊച്ചു വിനോദങ്ങളിലേർപ്പെട്ടാണ് അവർ സന്തോഷം കണ്ടെത്തുന്നത്. അല്ലെങ്കിൽ സർവത്ര സൗജന്യമായ ടെലിവിഷൻ പരിപാടികളിൽ നോക്കിയിരിക്കും.

അളിയനെ കൊണ്ടുവരാൻ ചെലവായ പണത്തിന്റെ തിരിച്ചടവ് ഗഡുക്കൾ മുടങ്ങിയതിന് പെങ്ങളോടോ ഭാര്യയോടോ കലഹിക്കുന്നതാണ് പരമാവധി സംഘർഷം. മുന്നോനാലോ പേർ ബിസിനസ് ചെയ്തു വിജയിച്ച്​ വലിയ ധനികരായപ്പോൾ പരാജയത്തിന്റെ അഗാധഗർത്തങ്ങളിൽ വീണുപോയവരുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിയില്ല. അതിനെല്ലാം കാരണം, പണമുണ്ടാകുന്നത് തിന്മയാണെന്നും ധനികൻ പാപിയാണെന്നുമുള്ള മലയാളി സമൂഹത്തിന്റെ പൊതുബോധമാണെന്നു ഹമരിയ രവികുമാർ സമർത്ഥമായി വാദിച്ചു.

ബോംബെയിലെ കഴുത്തറുപ്പൻ ജീവിതമത്സരം അഭികാമ്യമായ ഒരു അവസ്ഥയല്ലെന്നു പറഞ്ഞുകൊണ്ട് അബ്രഹാം ജോസഫിനെ പിന്തുണയ്ക്കാൻ സദസ്സിൽ പലരുമുണ്ടായി. മലയാളികളെ ചൂഴ്ന്നുനിൽക്കുന്നത് ഒരു പതിഞ്ഞ താളത്തിലെ ഗ്രാമീണതയാണെന്നും അതിൽ അടങ്ങിയ സഹജീവി സ്നേഹത്തിനു പകരം വയ്ക്കാൻ ബോംബെ ജീവിതത്തിന്റെ നേട്ടങ്ങൾക്കാവില്ലെന്നും അവർ പറഞ്ഞു.

കൺമുന്നിൽ പിടഞ്ഞുവീഴുന്നയാളിന്റെ ശരീരത്തിനു കുറുകെ കാലെടുത്തുവച്ച്​സ്വന്തം ലക്ഷ്യസ്ഥാനത്തേയ്ക്ക് അതിവേഗം ഓടിപ്പോയി നേട്ടങ്ങൾ കൊയ്യുന്നവരെക്കാൾ നല്ല ജീവിതം നയിക്കുന്നത് അയാളെ ആശുപത്രിയിലാക്കാൻ പോകുമ്പോഴുള്ള നഷ്ടം സഹിക്കുകയും സ്ഥാനം നഷ്ടപ്പെടുകയും ചെയ്യുന്ന ആളാണെന്ന്​ അവർ വാദിച്ചു. അതുകൊണ്ടാണ് ദിൽമുനിയയിൽ ഒരു മലയാളി ചെറിയ ബിസിനസ് ചെയ്ത്​ സാമ്പത്തികനില ഉയർത്തി ഭേദപ്പെട്ട ഇടത്തരക്കാരനാകുമ്പോൾ അന്യദുഃഖത്തിൽ കരുണ കാട്ടുന്നതിന്റെ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.

അവർ ലേബർ ക്യാമ്പുകളിലെ മനുഷ്യർക്ക് വേനലിൽ കുടിവെള്ളവും ഭക്ഷണവും എത്തിച്ചുകൊടുക്കും. സുഖമില്ലാത്തവരെ ആശുപത്രിയിൽ കൊണ്ടുപോകും. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും വളണ്ടിയറാവുകയും ചെയ്യും. ആ വിധം സാമുഹ്യപ്രവർത്തനങ്ങൾ ചെയ്യുന്നതിന്റെ ചിത്രങ്ങൾ രണ്ടു ഇംഗ്ലീഷ് പത്രങ്ങളിലും വന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. അപ്പോൾ മാത്രമാണ് കോൺട്രാക്ട് ലേബറിൽനിന്ന് മോചനം ലഭിച്ചുവെന്ന് അയാൾക്ക് അംഗീകാരം കിട്ടുന്നത്.

തർക്കം പിന്നെയും നീണ്ടുപോകേണ്ടതാണ്.
പക്ഷേ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ്​ കുട്ടികളെ മതപഠനത്തിനയക്കേണ്ടതുള്ളതുകൊണ്ട് നിറുത്താമെന്ന് ആരോ ആവശ്യപ്പെട്ടിട്ടാണ് ആ രാത്രിയിലെ മേളങ്ങൾ അവസാനിച്ചത്. മക്കൾ വളർന്നു വരുമ്പോൾ അവർ കലാസാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകുകയും കുട്ടികൾ മുതിർന്നുകഴിയുമ്പോൾ അതവസനിപ്പിക്കുകയും ചെയ്യുന്നു. വെള്ളിയാഴ്ചകളിൽ അവരവരുടെ ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്ക് പോകുന്നതിൽ അവരൊരു വീഴ്ചയും വരുത്തിയില്ല.

അബ്രഹാം തോമസ്, കുടുംബം പ്രാർത്ഥന കഴിഞ്ഞ് പള്ളിയിൽനിന്ന് മടങ്ങുമ്പോൾ ഭക്ഷണം കഴിക്കാൻ ഏതു ഹോട്ടലിലാണ് പോകേണ്ടതെന്ന പതിവുതർക്കം വണ്ടിക്കുള്ളിൽ മുറുകിയ ഒരു വെള്ളിയാഴ്ചയുടെ കഥ ബഷീർ ആലമിനോട് പറയുമ്പോൾ ടോണി അബ്രഹാം ബലിത്തറയിലെ പുരാതന ശിലയ്ക്കരികിൽ പോയി അതിനോട് ചേർന്നുനിന്നു. സകുടുംബം പള്ളിയിൽ പോകുന്ന ദിവസങ്ങളിൽ മക്കൾ മൂന്നുപേരും പിന്നിലും അമ്മ മുന്നിലുമിരുന്ന്​ യാത്ര ചെയ്യാൻ സൗകര്യമുള്ള മെഴ്‌സിഡസ് ബെൻസ് കാറാണ് അബ്രഹാം ജോസഫ് കൊണ്ടുപോകാറുള്ളത്. ആൺകുട്ടികൾ വളർന്ന്​ കനം വച്ചപ്പോൾ പിന്നിലെ സീറ്റിലെ ചേർന്നിരുപ്പ് പ്രയാസമാകുകയും ഡ്രൈവർമാരോടൊപ്പം വേറെ വണ്ടികളിൽ പോകാൻ അവർ താത്പര്യപ്പെടുകയും ചെയ്തു.

കുടുംബം മുഴുവനും ഒരുമിച്ചായിരിക്കാൻ ചെറിയ ഞെരുക്കം അനുഭവിക്കാൻ അബ്രഹാം ജോസഫ് അവരോടാവശ്യപ്പെട്ടു. ഭക്ഷണം കഴിക്കാൻ പോകേണ്ട മുന്തിയ ഹോട്ടൽ ഏതെന്ന ഗൗരവം കുറഞ്ഞ കാര്യത്തിൽ പോലും കുടുംബത്തിന്​ഒരുമിച്ചു തീരുമാനത്തിലെത്താൻ കഴിയാത്തതിൽ അബ്രഹാം ജോസഫ് ഖിന്നനായിരുന്നു.

വണ്ടിക്കുള്ളിൽ തർക്കം കുറെ മൂക്കുമ്പോൾ തനിക്കു തോന്നുന്ന ഏതെങ്കിലും ഒരു ഹോട്ടലിലേക്ക് അബ്രഹാം ജോസഫ് വണ്ടിയോടിക്കും.

വീട്ടിലെ ജോലിക്കാർ കഴുകിത്തുടച്ചു ശോഭ നൽകിയ മെഴ്‌സിഡസ് ബെൻസ് കാറിന്റെ പുറം ചോക്കലേറ്റ് നിറത്തിൽ തിളങ്ങുമെങ്കിലും അകത്തെ മുഖങ്ങളിൽ അപ്പോൾ അനിഷ്ടവും മ്ലാനതയും നിറയും.

അത്യാഡംബരങ്ങൾ ത്രസിക്കുന്ന റെസ്റ്റോറന്റിലെ വിനയം കവിഞ്ഞൊഴുകുന്ന ശരീരഭാഷയുള്ള ബെയറർമാർ പതിവുകാരോടുള്ള അതിപരിചയത്തോടെ നിർദ്ദേശങ്ങളും കാത്തുനിൽക്കും. അപ്പോഴും മേശയ്ക്കു ചുറ്റുമിരിക്കുന്നതിൽ ഒന്നോ രണ്ടോപേർ മുഖം വീർപ്പിച്ചാവും ഉണ്ടാവുക. വീട്ടിലെ സ്വീകരണമുറിയിൽ എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന നേരങ്ങളെ എങ്ങനെയും തിരിയെ കൊണ്ടുവരണമെന്നാണ് അബ്രഹാം ജോസഫിന്റെ ആഗ്രഹം.

ദേഹത്തണിഞ്ഞിട്ടുള്ള പൊന്നിലും പട്ടിലും ശ്രദ്ധകേന്ദ്രീകരിച്ചു ആദ്ധ്യാത്മിക ചിന്തയിൽ മുഴുകി, താൻ ഈ നാട്ടുകാരിയേ അല്ല എന്നൊരു ഭാവം മുഖത്തുവരുത്തി ഇരിക്കുന്ന അമ്മയെ മനസ്സിലാക്കാൻ അന്ന്​ ടോണി അബ്രഹാമിന് കഴിഞ്ഞിരുന്നില്ല.

വണ്ടിയിൽ പിടിപ്പിക്കാവുന്ന ഫോണുകൾ ഇറങ്ങിയ കാലമാണ്.

അപ്പ ചെയ്യുന്ന ഒരു ഫോൺ സംഭാഷണം ഹോട്ടൽ ഏതെന്ന ചർച്ചയെ മുറിച്ചു ഗൗരവ സ്വഭാവം പൂണ്ടു. പള്ളിയിൽ നിന്നിറങ്ങി വണ്ടിയിലെത്തി ഫോൺ എടുക്കുമ്പോൾ നാലഞ്ചു മണിക്കൂർ നേരത്തെ ഇടവേളയിൽ അനവധി ഫോൺകോളുകൾ വന്നിട്ടുണ്ടാവും. വണ്ടിയിൽ പിടിപ്പിച്ചിരുന്ന ഫോണുകളിൽ മിസ്​ഡ്​ കോൾ എന്നു കാണാനാവുമെങ്കിലും വിളിച്ച നമ്പർ തെളിയാൻ തുടങ്ങിയിരുന്നില്ല.

ഒരു പ്രോജക്​റ്റ്​ ഓഫീസിൽ നിന്ന് അബ്രഹാം ജോസഫിന്റെ പേജറിലേക്ക് വന്ന ധാരാളം മെസേജുകൾ കണ്ടിട്ട് അവിടേക്ക് വിളിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ പൂർത്തീകരിച്ച്​ കൈമാറ്റം ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ഒരു വലിയപ്രോജക്ടിന്റെ അവസാന ഒതുക്കലുകൾ ചെയ്തുതീർക്കുന്ന തീവ്രയത്‌നപരിപാടികൾ നടക്കുകയാണവിടെ.

അതിനിടയിൽ കോൺക്രീറ്റു പമ്പിന്റെ അതിനീളത്തിലെ യന്ത്രക്കയ്യുടെ അറ്റത്തെ ദണ്ഡ് അതിന്റെ സന്ധിയിൽനിന്ന് വേർപെട്ട്​ നാലഞ്ചാൾ പൊക്കത്തിൽ നിന്ന് താഴേക്കു പതിച്ചു. ചുവട്ടിൽ പണികളിലേർപ്പെട്ടുനിന്നിരുന്ന ജോലിക്കാരുടെ മേലെ അതു ചെന്നുവീണു. മൂന്നുപേർ തല പൊട്ടിച്ചിതറി തൽക്ഷണം മരിച്ചു. നാലഞ്ചു പേർക്ക് ഗുരുതരമായ മുറിവുണ്ട്.

അഞ്ചാറു ഫോൺകോളുകളുടെ തുമ്പത്ത് ആരെയെല്ലാമോ ബന്ധപ്പെട്ടുകൊണ്ട് വണ്ടി ആ പ്രോജക്റ്റ് സൈറ്റിലേക്കു പാഞ്ഞുപോയി.

കെന്റക്കി ഫ്രൈഡ്​ ചിക്കൻകാരുടെ വലിയ ബക്കറ്റ് പൊരിച്ച കോഴിയും അനുസാരികളും വാങ്ങി സൈറ്റിലേക്കെത്തിക്കാൻ ഏർപ്പാട് ചെയ്യുന്ന ഫോൺ വിളിയും അതിനിടയിൽ നടന്നു. അപകടം മൂലമുണ്ടായ അധിക ജോലികൾ ചെയ്യാൻ കുടുതൽ ജോലിക്കാരെ ക്യാമ്പിൽ നിന്ന്​ സൈറ്റിലെത്തിക്കാൻ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.

അബ്രഹാം ജോസഫിന്റെ തീരുമാനങ്ങൾ ഉത്തരവുകളും ആജ്ഞകളുമായി പരിവർത്തനം ചെയ്യപ്പെടുന്നതിന്റെ വേഗത കാറിലെ എല്ലാവരും നിശ്ശബ്​ദരായും കൗതുകത്തോടെയും ശ്രദ്ധിച്ചിരുന്നു.

സൈറ്റിൽ അവരെത്തിയപ്പോൾ നാലഞ്ചു മണിക്കൂർ മുന്നേ നടന്ന അപകടത്തിന്റെ പ്രത്യക്ഷ അടയാളങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല. ആംബുലൻസുകൾ അതിവേഗം വന്ന്​ മടങ്ങിപ്പോയി. അഗ്​നിശമനസേനയുടെ വാഹനങ്ങൾ അപ്പോഴും സൈറ്റിലുണ്ട്. പടുകൂറ്റൻ യന്ത്രക്കൈ അറ്റുവീണ സ്ഥലത്തിന്​ അതിരടയാളങ്ങൾ വച്ച് പോലീസ് ടേപ്പ് ചുറ്റിയിട്ടുണ്ട്.

തലകളും തലച്ചോറും ചിതറിത്തെറിച്ചതിന്റെ അവശിഷ്ടങ്ങളും വടുക്കളും പാടുകളും നീക്കി വൃത്തിയാക്കുന്നിടത്തേക്കാണ്​ അബ്രഹാം ജോസഫിന്റെ വണ്ടി ചെന്നുനിന്നത്.

കോൺക്രീറ്റ് പമ്പിന്റെ എഞ്ചിനീയറും മറ്റു ബന്ധപ്പെട്ടവരും അടങ്ങുന്ന സംഘം പോലീസ് അധികാരികളുമായി ഇരുന്ന് അപകടറിപ്പോർട്ട് തയ്യാറാക്കുന്ന പ്രോജക്റ്റ് ഓഫീസിലേക്ക് അബ്രഹാം ജോസഫ് പോയപ്പോൾ കുടുംബം കാറിൽ തന്നെ ഇരുന്നു. ആ അന്തരീക്ഷത്തിൽ അവിടെയിരുന്നു കഴിക്കാൻ മടിതോന്നിയതുകൊണ്ട് കെന്റക്കി ഫ്രൈഡ്​ ചിക്കന്റെ വലിയ ബക്കറ്റ്​ കാറിനുള്ളിലിരുന്ന്​ തണുത്തു.

സൈറ്റിൽ പണികൾ നിറുത്തിവച്ചിട്ടില്ല. എമ്മിയെസ് കമ്പനിയോട് പണി നിറുത്തി വയ്ക്കാൻ ഉത്തരവ് കൊടുക്കാൻ മേലധികാരികൾ അറയ്ക്കും. അന്വേഷണം പൂർത്തിയാക്കി വീഴ്ച കണ്ടെത്തിയാൽ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അതിനുള്ള ധൈര്യം വരില്ല.

വെള്ളിയാഴ്ചകളിൽ ജോലിചെയ്താൽ ഇരട്ടി ശമ്പളം ഓവർ ടൈമായി ജോലിക്കാർക്ക് കിട്ടും. പണി പൂർത്തിയാക്കി പ്രോജക്റ്റ് നിശ്ചിത തീയതിയിൽ കൈമാറേണ്ടത് അനിവാര്യമായതിനാൽ അന്ന് ചെയ്യുന്ന ഓവർ ടൈമിനും പുറമേ കുറേ മണിക്കൂറുകൾ കൊടുക്കുമെന്ന് ജോലിക്കാരോട്‌ പ്രോജക്റ്റ് മാനേജർ വാഗ്ദാനം ചെയ്തു. അത്തരം അവസരങ്ങൾ അപൂർവമായാണ് വന്നുചേരാറ്. ഇത്തിരി അധിക വരുമാനത്തിന്റെ ആഹ്ലാദത്തിലും ഉത്സാഹത്തിലും പണിക്കാർ ഓടിനടന്ന്​ അറ്റവും തുമ്പും ശരിയാക്കി.

പണി പുർത്തീകരിക്കാൻ ആവശ്യമായതെല്ലാം നടപ്പിലാക്കവേയാണ് യന്ത്രക്കൈ അറ്റുവീണത്. അല്പം മുന്നേ അരികത്തു വന്നുനിന്ന മരണം കണ്ടതിന്റെ ബീഭത്സതയും വിഹ്വലതയും അവിടെയാകെ നിറഞ്ഞുനിൽക്കുന്നു.

ഭയവും കരച്ചിലുമടക്കി ചകിതമായ മുഖഭാവങ്ങളോടെ ജീവച്ഛങ്ങളെപ്പോലെ അവർ യാന്ത്രികമായി ജോലികൾ തുടരുന്നുണ്ട്. തന്റെ തൊട്ടരികത്ത് നിന്നയാൾ കുറെ കഷണങ്ങളായി ചിതറിത്തെറിച്ചുപോകുന്നത് കണ്ടുനിന്ന മനുഷ്യരുടെ ദേഹമാസകലം കിടുങ്ങുന്ന വിഹ്വലത അന്തരീക്ഷത്തിൽ ബാഷ്പീകരിച്ചു നിൽക്കുന്നുണ്ട്.

ആന്ധ്രക്കാരാണ് കൂടുതൽ. ഉത്തരേന്ത്യക്കാരും കുറേയുണ്ട്.

സ്വന്തം ഗ്രാമങ്ങളിൽ കൃഷി ചെയ്തും കാലിമേച്ചും സ്വച്ഛജീവിതം പുലർത്തിയിരുന്ന മനുഷ്യർ.

മെഷീനുകളുടെ ഓപ്പറേറ്റർമാരായ പാകിസ്ഥാനികളും മലയാളികളായ ഫോർമാന്മാരും മറ്റു മേൽനോട്ടക്കാരായ മലയാളികളും മരവിച്ച മുഖങ്ങളോടെ അവിടെയുണ്ട്.

മരണാനുഭവത്തിന്റെ നിഴൽ അരികെവന്ന്​ തൊട്ടുപോയിട്ടും ഇത്തിരി മാറിയിരിക്കാൻ അനുവാദമില്ലാത്ത ജോലിയുടെ ആകെ പ്രലോഭനം അവർക്കു കിട്ടുന്ന ഓവർ ടൈം കാശ് മാത്രമാണല്ലോയെന്ന് അമ്മ പറഞ്ഞപ്പോൾ കാറിനുള്ളിൽ ഒരു സവിശേഷ മൗനം നിറഞ്ഞു. അവർ അഞ്ചു പേരും കുടുംബമായി ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ എപ്പോഴും ബില്ല് അമ്പത് ദിനാറിൽ കൂടുതലായിരിക്കും.

കമ്പനിയിൽ ഒരു ലേബർക്ക് കിട്ടുന്ന മാസശമ്പളം നാല്പതു ദിനാർ മാത്രമാണെന്നോർക്കണമെന്ന്​ അബ്രഹാം ജോസഫ് എപ്പോഴും പറയും. താൻ തുടങ്ങിയതും അവിടുന്നാണെന്നു കൂട്ടിച്ചേർക്കും.

ഹെഡ്ഓഫീസിൽ നിന്ന്​ സംഭവസ്ഥലത്തേക്ക് അടിയന്തരമായി പോകാനിറങ്ങിയ ഒരു ഡയറക്ടറുടെ കാറോടിച്ചു ചെന്ന ബഷീർ ആലവും അവിടെ എത്തിയിരുന്നു.

അയാൾ അബ്രഹാം ജോസഫ് കുടുംബത്തിന്റെ അരികിൽ ചെന്നിരിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കാമെന്നു പറഞ്ഞിട്ടും അവർ അതു നിഷേധിച്ച് വണ്ടിയ്ക്കുള്ളിൽ തന്നെ തുടർന്നു. അന്ന് ടോണി അബ്രഹാം വെളിയിലിറങ്ങി ബഷീർ ആലത്തോട് സംസാരിച്ചുനിന്നത് രണ്ടുപേരും അതിന്റെ വിശദാംശങ്ങളിൽ ഓർത്തു.

വളരെക്കാലമായി കാത്തുവച്ചിരിക്കുന്ന ഒരു ചോദ്യം ബഷീർ ആലത്തോട് ചോദിക്കാനുള്ള അവസരമാണ് വഞ്ചിഗുഹയിൽ സംസാരിച്ചിരിക്കുന്ന ഈ നേരമെന്ന് ടോണി അബ്രഹാമിന് തോന്നുകയും അതു ചോദിക്കുകയും ചെയ്തു.

‘ഏകദേശം മുപ്പതുവർഷങ്ങളായി നിറഞ്ഞ വാത്സല്യത്തോടെ എന്നെ നിരന്തരം പിന്തുടരുന്നത് എനിക്ക് ഓർമ്മിക്കാനാവുന്നുണ്ട്. എന്താണിതിനു പിന്നിൽ?'

‘മുപ്പതല്ല, ടോണിയുടെ പ്രായമാണ് ഞാൻ പിന്തുടരുന്ന കാലദൈർഘ്യം. ടോണിക്ക് ഇപ്പോൾ 43 വയസ്സായി. ജനിച്ച ദിവസം മുതലെന്നു പറയുന്നതാണ് കൂടുതൽ ശരി.'

ടോണി അബ്രഹാമിന്റെ അപ്പ അയാളുടെ എല്ലാ താത്പര്യങ്ങളെയും മാനിക്കുന്ന പിതാവാണ്. ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കാനായി ധാരാളം പണം ചെലവഴിക്കുന്നു.

മകന്റെ കാര്യങ്ങൾക്ക് എന്തിനും ഏതിനും എവിടെയും ഉണ്ടാകുന്നു. വേണ്ടതുപോലെ ചെയ്യുന്നു. എന്നിട്ടും മകൻ തിരഞ്ഞെടുത്ത വിപരീത വഴികൾനോക്കി അന്ധാളിച്ചു നിൽക്കുന്നു. ഏറെക്കാലം സ്വപ്നം കണ്ടതുപോലെ ഉന്നത വിജയങ്ങൾ മകന്​ സംഭവിക്കാത്തതിൽ അതീവ ദുഃഖം പേറി നടക്കുന്നു.

ടോണി അബ്രഹാം എങ്ങനെ പെരുമാറിയാലും അപ്പ തിരികെ സ്നേഹിക്കുക മാത്രം ചെയ്യുന്നു. അമേരിക്കയിൽ വിദ്യാർഥിയായിരുന്നപ്പോൾ അപ്പ ഇടയ്ക്കിടെ ടോണി അബ്രഹാമിനെ കാണാൻ പോകുമായിരുന്നു. മകന്റെ ഇഷ്ടഭക്ഷണവിഭവങ്ങൾ അവിടെ ലഭ്യമല്ലെന്നു കരുതുന്ന അപ്പ, അവയിലേതെങ്കിലും തയ്യാറാക്കി അതുമായാണ് അമേരിക്കയിലേക്ക് ദീർഘദൂര വിമാനയാത്ര പോവുക.

പുഴുങ്ങാൻ പാകത്തിന് തൊലി കളഞ്ഞു മുറിച്ച കപ്പയുമായി അദ്ദേഹം മകനെ കാണാൻ പോയിട്ടുണ്ട്. കപ്പയ്ക്ക് കൂട്ടാൻ ഉള്ളിയും മുളകും ഉടച്ച ചമ്മന്തിയുണ്ടാക്കാൻ തയ്യാറാക്കിയ ചേരുവകളും കപ്പ പുഴുങ്ങാൻ വേണ്ടിയുള്ള അലുമിനിയം പാത്രവും കൊണ്ട് ഒരു തവണ അപ്പ വിമാനയാത്ര ചെയ്തുചെന്നു.

ആണും പെണ്ണും കലർന്ന് ഇരുന്നും കിടന്നും പുകയെടുത്തു ലഹരിപ്പുളപ്പിലായിരുന്ന സംഘങ്ങളെ പണിപ്പെട്ട്​ കടന്നുപോയാണ് ഹോസ്റ്റൽ ഡോർമെട്രിയിൽ അപ്പ ടോണി അബ്രഹാമിനെ കണ്ടെത്തിയത്. ചുവന്നുള്ളിയും പുളിയും ഉടച്ചു ചേർത്ത മുളക് ചമ്മന്തിയും മത്തി പൊരിച്ചതും പുഴുങ്ങിയ കപ്പയുമാണ്​ മകന്റെ ലഹരിപദാർഥങ്ങളെന്ന്​ അപ്പ കരുതിയിരുന്നു.

അതിനെയും കടന്നു മകൻ പോകുമോയെന്ന് ഭയന്ന അപ്പ അന്നു മകനെ ധാരാളമായി ഉപദേശിച്ചു.

മക്കൾ മൂന്നുപേരോടും അപ്പ അങ്ങനെത്തന്നെയായിരുന്നു.

അദ്ദേഹം സമ്പാദിച്ചു കൂട്ടിയ സ്വത്ത്​ വിനിയോഗിച്ച്​ മക്കൾ ആരംഭിച്ച ബിസിനസുകൾ നഷ്ടങ്ങളുടെ വഴിയെ പോയിത്തുടങ്ങിയപ്പോൾ അവരെ ശകാരിച്ചില്ല. വേണ്ടത്ര പിടിപാടില്ലാത്ത സംഗതികൾ ചെയ്യാനിറങ്ങിയതിന്​കുറ്റപ്പെടുത്തിയില്ല. പണം നഷ്ടപ്പെട്ടുപോകുന്ന വഴികൾ കണ്ടെത്തി തടയിടാൻ ശ്രമിച്ചതേയുള്ളൂ.

ഒടുവിൽ സമ്പത്തിന്റെ നല്ല ഭാഗം ദിൽമുനിയയിലും നാട്ടിലുമായി ഇളയ മക്കൾ നടത്തിയ ബിസിനസിൽ ഒഴുകിപ്പോയപ്പോഴും അബ്രഹാം ജോസഫ് ശാന്തത കൈവിട്ടില്ല.

അബ്രഹാം ജോസഫിന്റെ വീട്ടിലെ കറണ്ടുബില്ലും എല്ലാ ടെലിഫോണുകളുടെ ബില്ലുകളും, തുക എത്രയായി എന്നു പോലും നോക്കാതെ കമ്പനിയുടെ അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെൻറ്​ നേരിട്ട് അടയ്ക്കുന്നതാണ് കീഴ്​വഴക്കം.

ഒരിക്കൽ അദ്ദേഹം നാട്ടിൽ അവധിക്കുപോയപ്പോൾ ദിൽമുനിയയിലെ ടെലിഫോൺ ബിൽ ആയി വന്നത്, കാണുന്നവർ ഞെട്ടിപ്പോകുന്നൊരു വൻതുകയാണ്. ടെലിഫോൺ കമ്പനിയ്ക്ക് തെറ്റുപറ്റിയതാവും എന്നു കരുതി അക്കൗണ്ട്‌സിൽ നിന്ന്​ വിളിച്ചു ചോദിച്ചപ്പോൾ തെറ്റൊന്നും പറ്റിയിട്ടില്ലെന്നു അവർ ഉത്തരം പറഞ്ഞു.

ഇന്റർനെറ്റിന്റെ ആവിർഭാവത്തിനു ഒപ്പംതന്നെ വളർന്നു വികസിച്ച രതി സൈറ്റുകളിൽ ഒന്നിലേക്ക് മണിക്കൂറുകൾ ദൈർഘ്യമുള്ള കാളുകൾ തുടർച്ചയായി നടത്തിയാണ് ബില്ല് അഞ്ഞൂറ് മടങ്ങ് വലുതായതെന്നു അവർ കാട്ടിക്കൊടുത്തു.

അബ്രഹാം ജോസഫിന്റെ ആ മൊബൈൽ ടെലിഫോൺ ഉപയോഗിച്ചിരുന്നത് ടോണി അബ്രഹാമിന്റെ അനിയൻ മാത്രമാണ്. ബിൽ തുക താൻ നേരിട്ട് അടച്ചു കൊള്ളാമെന്നും കമ്പനി അക്കൗണ്ടിൽ നിന്നു വേണ്ടന്നും അബ്രഹാം ജോസഫ് നാട്ടിൽ നിന്നറിയിച്ചു. അതിന്മേൽ ഒരു വാക്കും പിന്നീട് അദ്ദേഹം ആരോടും പറഞ്ഞില്ലെന്ന യാഥാർത്ഥ്യം അനേകം തവണകൾ ടോണി അബ്രഹാമിന്റെ ഓർമയിൽ പ്രത്യക്ഷപ്പെട്ട് അയാളെ അതിശയിപ്പിച്ചിട്ടുണ്ട്.

വാട്ട് ഈസ് ലവ് (പ്രേമം എന്നാൽ എന്താണ്?) എന്ന ചോദ്യം തന്നോടും ലോകത്തോടും ആവർത്തിച്ച്​ ഭൂമിയുടെ നാനാഭാഗങ്ങളിൽ ടോണി അബ്രഹാം യവ്വനതീക്ഷ്ണതയുടെ ആഘോഷങ്ങളുമായി അലഞ്ഞു നടന്നപ്പോഴും ആവശ്യത്തിന്​ പണം അയച്ചുകൊടുക്കുന്നതിൽ അബ്രഹാം ജോസഫ് വീഴ്ചവരുത്തിയില്ല.

തനിക്കു പിന്നാലെ എമ്മിയെസ്സിൽ തന്റെ പിൻഗാമിയായി വന്ന്​ പിതൃപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകേണ്ടയാളാണ് ടോണി അബ്രഹാമെന്ന,​ എവിടെയോ ഉത്ഭവിച്ച പ്രബലമായ ധാരണയെ അബ്രഹാം ജോസഫും ഏറ്റെടുത്തിരുന്നു. അങ്ങനെ സംഭവിക്കാതെ പോയതിൽ ആശ നഷ്ടപ്പെട്ടതിന്റെ ദുഃഖവും വേദനയും പരിഭവവും സൃഷ്ടിച്ച അകലം ടോണി അബ്രഹാമിനോട് അപ്പയ്ക്കും അമ്മയ്ക്കും ഉണ്ടായതായി അയാൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

നിരാശയിൽ നിന്നും ധർമ്മസങ്കടങ്ങളിൽ നിന്നും ഉളവായതാണെങ്കിലും നീരസത്തിന്റെ നേർത്ത ധാര അപ്പയിൽ നിന്നും അമ്മയിൽ നിന്നുപോലും ഉണ്ടായിട്ടുണ്ട്.

പക്ഷേ ബഷീർ ആലത്തെപ്പോലെ ബന്ധത്തുടർച്ച സൂക്ഷിച്ച മറ്റാരും അയാളുടെ ജീവിതത്തിലില്ല. എന്തു സംഭവിക്കുന്നു എന്ന്​ നിരന്തരമന്വേഷിച്ചു കൊണ്ടിരുന്നതായും ആരുമില്ല.

ഒരിയ്ക്കലും ഒരപ്രിയവും ഉണ്ടാവാതെ, കണിക പോലും അകലമോ ഏറ്റക്കുറച്ചിലോ സംഭവിക്കാതെ ഇത്ര ദീർഘമായ കാലയളവ് ഇങ്ങനെയൊരു അനുയാത്ര തുടർന്നു പോയത് ബഷീർ ആലത്തിന്റെ മാത്രം സമർപ്പണത്തിന്മേലാണ്. അതങ്ങനെ നില നിറുത്താനായി ടോണി അബ്രഹാം അധികമൊന്നും തിരികെ ചെയ്തിട്ടുമില്ല.

അബ്രഹാം ജോസഫിനെപ്പോലെ വിഭവ ധാരാളിത്തത്തിൽ നിന്നല്ല അതുണ്ടായത്. ഒരു എളിയ മനുഷ്യന്റെ തുച്ഛമായ ശേഷിയിൽനിന്നാണ്. ശത്രുരാജ്യങ്ങളിലെ പൗരന്മാരെന്ന അപകടകരമായ വിപരീതത്തിനു കുറുകെയായിരുന്നു ബഷീർ ആലവും ടോണി അബ്രഹാമും.

‘എന്തിനാണ്, എന്തുകൊണ്ടാണ് ഇങ്ങനെ അളവറ്റ വാത്സല്യവുമായി പിന്നാലെ കുടിയത് ?'

ജീവിതകാലം മുഴുവനും ഇത്ര ആർദ്രതയോടെ അയാളെ പിന്തുടർന്ന മറ്റൊരാൾ ഇല്ല. പരസ്പരം കാണാതിരുന്ന 25 വർഷങ്ങളിലും ഒരു കുറവുമില്ലാതെ അതു തുടർന്നു.

അതെല്ലാമുണ്ടാക്കിയ അതിശയം ടോണി അബ്രഹാമിനുള്ളിൽ തടഞ്ഞു നിറുത്താനാവാത്ത ഉദ്വേഗമായി വളരുന്നതിന്റെ സ്തോഭമത്രയും ആ ചോദ്യത്തിൽ നിറഞ്ഞിരുന്നു. ​▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments