ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം മൂന്ന്​

1 ഡെന്മാർക്കിൽ നിന്നൊരു അതിഥി

ദോശയുടെ ഒരു ചീന്ത് പിച്ചിയെടുത്ത് തക്കാളിചമ്മന്തിയിൽ മുക്കി നനച്ച് വായ് നന്നായി തുറന്ന് അകത്തേക്കുവച്ച് താടികൾ ചേർത്തമർത്തി നുണഞ്ഞ്, ഒന്നാന്തരം എന്ന ഭാവം മുഖത്ത് വിരിയിച്ചു ഫാദർ ഹെർമൻ പോൾസൻ.

അതിവിശിഷ്ട അതിഥിയുടെ തീരെ പ്രതീക്ഷിക്കാതിരുന്ന ശൈലിയിലെ പെരുമാറ്റം കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്ന മറ്റുള്ളവരുടെ നാവിൽ അക്കാഴ്ചയുടെ രുചി ഊറിവന്നു. ഡെന്മാർക്കിൽ നിന്നുവന്ന ബിഷപ്പ് പ്രാതലിനു വരുമെന്ന് പാരിഷ് പ്രീസ്റ്റ് വിളിച്ചറിയിച്ചപ്പോൾ അബ്രഹാം ജോസഫ് മുന്തിയ ഹോട്ടലിൽ നിന്നുള്ള അമേരിക്കൻ ബ്രേക്ക് ഫാസ്റ്റ് ഏർപ്പാട് ചെയ്തു.

നീന്തൽകുളക്കരയിൽ വർണ്ണശബളമായി അലങ്കരിച്ച മേശകളിൽ ഭക്ഷണവിഭവങ്ങൾ സജ്ജീകരിച്ച് ഹോട്ടലുകാർ തയ്യാറാണ്. കടും ചുവപ്പിലെ മേശവിരികൾക്ക് തീനാളങ്ങളുടെ നിറമുള്ള തൊങ്ങലുകൾ. എത്താൻ വൈകിയതിന്റെ വിശദീകരണങ്ങളുമായി ധൃതിപിടിച്ചെത്തുന്ന സ്നേഹിതരെ കുശലാന്വേഷണങ്ങൾ നടത്തി സ്വീകരിക്കുന്നതിൽ വ്യാപൃതനാണ് അബ്രഹാം ജോസഫ്. കിരീടം പോലെയുള്ള തൊപ്പികൾ വച്ച ഹോട്ടൽ വിളമ്പുകാർ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്ക് കാത്തുനിൽക്കുന്നു.

യൂറോപ്യനായ ഒരു ബിഷപ്പ് വീട്ടിലേക്ക് വരുന്ന അവസരത്തിന്റെ പൊലിമ നിലനിറുത്താനും അപൂർവമായ ആ അവസരം ആഘോഷമാക്കാനും ഏറ്റവും അടുത്ത ചില സ്നേഹിതരെയും എപ്പോഴും എല്ലാറ്റിനും കൂടാറുള്ള അഞ്ചാറ് കുടുംബസുഹൃത്തുക്കളെയും മാത്രമാണ്‌ ബ്രേക്ക്ഫാസ്റ്റിനു ക്ഷണിച്ചിട്ടുള്ളത്. യാത്രകളിൽ എപ്പോഴും ലഭിക്കുന്ന അമേരിക്കൻ ബ്രേക്ക്ഫാസ്റ്റിനെക്കാൾ തനിക്കിഷം ആതിഥേയരുടെ നാട്ടിലെ തനതു പ്രാതൽ വിഭവങ്ങളിൽ ഏതെങ്കിലുമാണെന്ന്​ ഫാദർ ഹെർമൻ പോൾസൻ പറഞ്ഞു.

‘‘അങ്ങനെ വല്ലതും ഈ വീട്ടിലെ അടുക്കളയിൽ കിട്ടുമോ?''
തീരെ അപ്രതീക്ഷിതമായ ചോദ്യമെറിഞ്ഞ് ഫാദർ അവിടെ നിറഞ്ഞുനിന്നിരുന്ന ഭയഭക്തി ബഹുമാനഅന്തരീക്ഷത്തിന് ലാഘവം പകരാൻ ശ്രമിച്ചു. ഡെന്മാർക്കിനുവെളിയിൽ എവിടെപ്പോയാലും അവിടുത്തെ മനുഷ്യരുടെ തനതുവിഭവങ്ങൾ കഴിക്കാനൊരു ശ്രമംനടത്തുന്ന ശീലം തനിക്കുണ്ടെന്ന് മുന്നിൽ കൗതുകവുമണിഞ്ഞ് നിൽക്കുന്ന ചെറിയ സംഘത്തോട് ഫാദർ വിശദീകരിച്ചു.

അങ്ങനെ ചെയ്യുമ്പോൾ ആ ജനതയുടെ രുചിചോദനകൾ വായിച്ചെടുക്കാം, അവരെ കുറെയൊക്കെ മനസ്സിലാക്കാം. വളരെ കുറച്ച് അവസരങ്ങളിൽ മാത്രമേ പരീക്ഷണം പരാജയപ്പെട്ടിട്ടുള്ളുവെന്ന് പറഞ്ഞ് ഫാദർ ഉറക്കെചിരിച്ചു; ‘‘എന്റെ പിതാവിൽനിന്ന് കിട്ടിയതാണ് ഈ സ്വഭാവം. ഭക്ഷണത്തിലെ ചേരുവകൾ ഉരുത്തിരിഞ്ഞുവന്ന വഴിയിലൂടെ പുരാതനചരിത്രത്തിലേക്കും ആദിമമായ ഉത്പത്തിയിലേക്കും ഗവേഷണം ചെയ്യാൻ മുതിരുന്നയാളാണ് അദ്ദേഹം. പുരാവസ്തു ഗവേഷകൻ ആയിരുന്നു.’’

ഇംഗ്ലീഷിലെ എസ് എന്ന അക്ഷരത്തിന്റെ സ്ഥാനങ്ങളിൽ ഇസഡ് അക്ഷരത്തിന്റെ ശബ്​ദം പുറത്തുവരുന്ന, ഇടയ്ക്കിടെ അത് ദീർഘിച്ചുപോകുന്ന ഇംഗ്ലീഷ് ഉച്ചാരണം ഫാദറിന്റെ പറച്ചിലുകൾക്ക് നല്ല ഈണവും കേൾവി ഭംഗിയും നൽകുന്നു. അമ്പതുകളിൽ ദിൽമുനിയയിൽ പുരാവസ്തു ഗവേഷണം ചെയ്യാൻ വന്ന ഡാനിഷ് എക്​സ്​പെഡിഷൻ സംഘത്തിൽ തന്റെ പിതാവ്​ പോൾസൻ ജോഹാന്‌സും ഉണ്ടായിരുന്നെന്നും ഡെന്മാർക്കിൽ മടങ്ങിവന്ന പിതാവ് താൻ കണ്ടൊരു മായാലോകം പോലെ ദിൽമുനിയയെ എപ്പോഴും കുടുംബത്തോട് വർണിക്കുമായിരുന്നെന്നും ഫാദർ അവരോടു പറഞ്ഞു. ചെറുപ്പം മുതൽക്കേ ധാരാളം കേട്ട് മനസ്സിൽ പതിഞ്ഞ ചില അടയാളസ്ഥലങ്ങളും ദിൽമുനിയയെ അനന്യമാക്കുന്ന ചില ഭൂതലദൃശ്യങ്ങളും പോയതലമുറകൾ അവരുടെ പിന്മുറക്കാർക്കായി കരുതിവച്ചിരിക്കുന്ന അടയാളങ്ങൾ കുടിയിരിക്കുന്ന ഇടങ്ങളും പോയിക്കാണണമെന്ന്​ ഫാദർ അതീവമായി ആഗ്രഹിച്ചിരുന്നു. പാരിഷ് പ്രീസ്റ്റിനോട് ആ ആഗ്രഹം പറഞ്ഞിട്ട് ഉണ്ടായതാണ് ഈ ദിവസമെന്ന് ഫാദർ ഹെർമൻ കൂട്ടിച്ചേർത്തു.

പല ഭൂഖണഡങ്ങളിലെ ഏറ്റവും മുന്തിയ ആഹാരസാധനങ്ങൾ അളവില്ലാതെ വിളമ്പുന്ന വിരുന്നുകൾ അബ്രഹാം ജോസഫിന്റെ വീട്ടിൽ നടക്കാറുണ്ട്. വിരുന്ന് കഴിയുമ്പോൾ തന്റെ പങ്കെന്ന് കണക്കാക്കുന്ന രണ്ടു ലാർജും ഒളിപ്പിച്ച്​അടുക്കളയിൽ പോയി ഉച്ചയൂണിന്റെ ബാക്കിയിൽ നിന്ന്​ മീൻകറിച്ചട്ടിയിൽ ഇട്ടുവച്ചിരിക്കുന്ന ചോറിൽ മോരും കടുമാങ്ങാ അച്ചാറും ചേർത്തുകുഴച്ച്​ വലിയ ഉരുളകളാക്കി ഉണ്ണുന്നയാളാണ് അവിടെ പാചകപ്പണികൾ ചെയ്യുന്ന ഗോപീദാസൻ. നല്ല സന്തോഷമുള്ള ദിവസമാണെങ്കിൽ ഉപ്പിലിട്ട മാങ്ങയുടെ കഷ്ണങ്ങൾ ചേർത്ത് ഗോപീദാസൻ അരച്ചുണ്ടാക്കുന്ന ചമ്മന്തിയും ഉണ്ടാവും.

ഗോപീദാസൻ മുന്നോട്ടുചെന്ന്​ പ്രശ്‌നപരിഹാരം നിർദ്ദേശിച്ചു. അന്നത്തെ അയാളുടെ പ്രാതലിനുവേണ്ടി കരുതിവച്ചിരിക്കുന്ന നാല് ദോശയുണ്ടാക്കാനുള്ള മാവ് പാകത്തിന് തയ്യാറായി ഇരിപ്പുണ്ടെന്ന്​ ഗോപീദാസൻ അറിയിച്ചു. നീന്തൽ കുളക്കരയിൽ നിന്ന് ആ ചെറിയ സംഘം ആളുകൾ ഫാദർ ഹെർമന്റെ പിന്നാലെ ഗോപീദാസൻ പെരുമാറുന്ന എല്ലാം തികഞ്ഞ വലിയ അടുക്കളയിലേക്ക് നീങ്ങി.

ഗോപീദാസന്റെ നാട്ടിൽ അയാളുടെ അച്ഛന് ചായക്കടയുണ്ട്. ഉച്ചനേരത്ത് ഊണ് റെഡി എന്നെഴുതിയ പലക വെളിയിൽ തൂക്കുന്നതിനാൽ ഹോട്ടൽ എന്നും വിളിക്കാറുണ്ട്. കുടുംബാംഗങ്ങൾ എല്ലാവരുമാണ് ആ ഹോട്ടലിലെ ജോലിക്കാർ. അതുകൊണ്ട് ഗോപീദാസന്​ രുചിയുള്ള നാട്ടുവിഭവങ്ങളുണ്ടാക്കാൻ അറിയാം. ഹോട്ടലിനുമുന്നിലെ റോഡിലൂടെ സ്കൂളിലേക്ക് പോയിരുന്ന പെൺകുട്ടികളിൽ ഒരാൾ പൊരിച്ച പലഹാരങ്ങളെ കൂടുതൽ ഇഷ്ടപ്പെട്ടു. പലഹാരങ്ങൾ പൊരിക്കുന്ന ഗോപീദാസനെയും അവൾക്കു ഇഷ്ടമായപ്പോൾ അവളുടെ വീട്ടിൽ ചെന്ന്​ പ്രേമം പറഞ്ഞ്​, ആലോചിച്ചാണ് ഗോപീദാസൻ വിവാഹിതനായത്.

ഗോപീദാസന്റെ ഭാര്യയ്ക്ക് പലഹാരങ്ങളുടെ വറവുമണം വളരെ പെട്ടെന്ന് മടുപ്പുണ്ടാക്കിത്തുടങ്ങി. ആയിടെ നാട്ടിലെ ചെറുപ്പക്കാർ കൂടുതലും പേർഷ്യയിൽ പോവുകയും പണക്കാരാവുകയും നാട്ടിൽ കാണാൻ കിട്ടാത്ത സാധനങ്ങളുമായി അവധിക്ക് വരാൻ തുടങ്ങുകയും ചെയ്തിരുന്നു. അവധിക്കു വരുന്ന പേർഷ്യാക്കാരുടെ ദേഹത്ത് നിന്നു കുമിയുന്ന സ്​പ്രേയുടെ മണം നാട്ടിൽ എല്ലായിടത്തും പരക്കുന്ന കാലമാണത്. ഗോപീദാസന്റെ ഭാര്യ സ്​പ്രേയുടെ മണങ്ങൾ ആഗ്രഹിച്ചു തുടങ്ങി.

ഭാര്യയുടെ ആഗ്രഹം കടുത്ത സമ്മർദ്ദമായപ്പോഴാണ് പത്തു വർഷങ്ങൾക്കു മുമ്പ് എമ്മിയെസ് കമ്പനിയിൽ ലേബർ ആയി ഗോപീ ദാസന് എൻ.ഒ. സി കിട്ടി ജോലിക്ക് വന്നത്. രണ്ടാംവർഷമായപ്പോൾ ഗോപീദാസൻ സൈറ്റിലെ സർവെയറുടെ സഹായിയായി. അബ്രഹാം ജോസഫിന്റെ നാട്ടുകാരായ മറ്റു രണ്ടു പേരോടൊപ്പം കനമുള്ള ഉപകരണങ്ങളും തോളിലേറ്റി സർവെയരുടെ പിന്നാലെ ഗോപീദാസൻ ഭാരം താങ്ങി നടന്നു. ഗോപീദാസന്റെ പലഹാരമിടുക്കും പാചകപരിചയവും മറ്റു സർവേ ഹെൽപ്പർമാർ പറഞ്ഞാണ് അബ്രഹാം ജോസഫ് അറിയുന്നത്. ഗോപീ ദാസനെ സൈറ്റിലെ ജോലികളിൽ നിന്ന് മാറ്റി അബ്രഹാം ജോസഫ് തന്റെ വീട്ടിൽ കൊണ്ടുപോയി അവിടെ അടുക്കള ജോലികൾ ചെയ്യാൻ നിയോഗിച്ചു. തന്റെയും കുടുംബത്തിന്റെയും പ്രാർഥനകൾ ദൈവം കേട്ടുവെന്നാണ് ഗോപീദാസൻ പറയുന്നത്. അല്ലെങ്കിൽ ജന്മം സഫലമായ ഈ നല്ല അവസരം കിട്ടാതെ കൺസ്ട്രക്ഷൻ സൈറ്റിൽ താൻ നരകിക്കുമായിരുന്നെന്ന് അയാൾ ആവർത്തിക്കും.

അബ്രഹാം ജോസഫ് ഓഫീസിൽ നിന്ന് ഉച്ചയ്ക്ക് ഉണ്ണാനിറങ്ങുമ്പോൾ ‘ഇതാ ഇറങ്ങി' എന്ന് ഗോപീദാസനെ ഫോണിൽ വിളിച്ചറിയിക്കും. ഹാമൂർ എന്നു പേരുള്ള വിലയേറിയ മത്സ്യത്തിന്റെ മുള്ള് മാറ്റിയ മാംസഭാഗം ഘനവടിവിൽ മുറിച്ച ആകൃതിയൊത്ത കഷ്ണങ്ങൾ മസാല പുരട്ടി ഫ്രീസറിൽ സൂക്ഷിച്ചിട്ടുള്ളത് പൊരിക്കാനെടുക്കാനാണ് പുറപ്പെട്ടെന്നറിയിക്കുന്നത്. വീട്ടിലെത്തി ഉണ്ണാനിരിക്കുമ്പോൾ പൊരിച്ച ഹാമൂർ അദ്ദേഹത്തിന്റെ പാകത്തിൽ കൃത്യമായ ചൂട് അളവുകളിൽ മേശപ്പുറത്തുണ്ടാവും. എണ്ണയിൽ പൊരിച്ചെടുക്കുന്ന മീൻ കൂടുതൽ കഴിച്ച്​ കൊളസ്​ട്രോൾ കൂടാതിരിക്കാനായി കുക്കുംബറും കാരറ്റും പച്ച ഇലകളും ചേർത്ത സലാഡാണ് ഒപ്പം കഴിക്കുക. ലെറ്റിയൂസ് ഇലകളുടെ ഓരോ ചെണ്ടിൽ നിന്ന്​ മുകളിലെ പച്ച ഇലകളുടെ അടരുകൾ നല്ലതാണെങ്കിലും നീക്കിക്കളഞ്ഞ്​തളിരുകൾ മാത്രം നുള്ളിയെടുത്ത ഇലകൾ ചേർത്താണ് സലാഡ് തയ്യാറാക്കുക. വൈകുന്നേരങ്ങളിലെ ചായയ്ക്ക് പരിപ്പുവടയോ ഉഴുന്നുവടയോ പഴംപൊരിയോ പോലെയുള്ള നാട്ടുവറവ് പലഹാരങ്ങൾ തന്നെ ചൂടോടെ കഴിക്കാൻ അബ്രഹാം ജോസഫ് വീട്ടിൽ വരും. ഒത്തിരി ചുവന്നുള്ളിയും ഇത്തിരി വെളുത്തുള്ളിയും കൂടുതൽ ജീരകവും ചേർത്ത് തയ്യാറാക്കുന്ന മാവുകൊണ്ട് ഗോപീദാസൻ വറുത്തെടുക്കുന്ന അരി മുറുക്കിൽ അബ്രഹാം ജോസഫ് കുടുംബം ആസക്തരായിപ്പോയിരുന്നു.

അഞ്ചു മിനിട്ടുകൾക്കുള്ളിൽ ഗോപീദാസനും തമിഴൻ സഹായിയും ചേർന്ന് മലയാളികളുടെ തനതു പ്രാതൽ ശരിയാക്കി. അടുക്കള മുറ്റത്തുനിന്ന് നുള്ളിയെടുത്ത മല്ലിയില അരച്ചുചേർത്ത തേങ്ങാച്ചമ്മന്തിയും തക്കാളിച്ചമ്മന്തിയും ആയിരുന്നു ദോശയ്ക്ക് കൂട്ടാൻ. ദോശ ഉണ്ടാക്കുന്ന വിധവും ചമ്മന്തിയുടെ കറിക്കൂട്ടുകളും ഗോപീദാസനോട് പഠിക്കുമ്പോൾ ഫാദർ ഹെർമൻ ഒരു വിദ്യാർഥിയെപ്പോലെ പഠനോത്സുകനായി. പോക്കറ്റിലുണ്ടായിരുന്ന ചെറിയ ബുക്കിൽ ചുരുക്കെഴുത്തായി കുറിപ്പുകളെടുത്തു.

ഗോപീദാസനെ തർജ്ജമ ചെയ്യാൻ ശ്രമിച്ചും കൂടുതൽ വിശദീകരണങ്ങൾ പറഞ്ഞും അടുത്തുതന്നെ നിൽക്കുന്നുണ്ട് അബ്രഹാം ജോസഫിന്റെ ഭാര്യ ലീലാ അബ്രഹാം. പ്രാർഥനയിൽ പങ്കെടുക്കുന്ന മുഖഭാവത്തോടെയും ശരീരരീതികളിലുമാണ് ലീലാ അബ്രഹാമിന്റെ നിൽപ്പ്. തെക്കേ ഇന്ത്യക്കാർക്ക് ദോശയുടെ കൂട്ടാനായി കൂടുതൽ ചേർച്ചയുള്ള മറ്റൊരു വിഭവം ഉണ്ടെന്നുപറഞ്ഞ് സാമ്പാറിനെ വിശദീകരിക്കാൻ ശ്രമിച്ച ലീല അബ്രഹാം ചേരുവകളുടെയും കൂട്ടുകളുടെയും പേരുകളും പാചകവിധിയും എഴുതിയെടുക്കുന്ന ഫാദറിനു മുന്നിൽ നിന്നു വിഷമിച്ചു. കാരണം ഫാദർ ഹെർമൻ സാമ്പാറിൽ ചേർക്കുന്ന ഓരോ മസാലക്കൂട്ടിന്റെയും ഇംഗ്ലീഷ് പേരാണ് കുറിച്ച് വയ്ക്കാൻ ശ്രമിക്കുന്നത്. കൂട്ടത്തിൽ ഉള്ള എല്ലാവരും ചേർന്നു സാമ്പാറിനെ ബുക്കിലാക്കാൻ ശ്രമിക്കുന്ന അഭ്യാസം അനുഷ്ഠിച്ചു.
‘‘ഇത്ര എരിവ് ഒരു ഡെന്മാർക്കുകാരന് സഹിക്കാൻ പ്രയാസമാണ്. പക്ഷേ എരിവ് കുറഞ്ഞാൽ പിന്നെ ചമ്മന്തി അതാവില്ലല്ലോ?''

ഫാദർ ചമ്മന്തി എന്നു പറഞ്ഞിട്ട് ഒന്ന് നിറുത്തി ചമ്മന്തി വീണ്ടും മനപ്പാഠമാക്കുന്നത് എല്ലാവർക്കും കൗതുകക്കാഴ്ചയായി.

ദേഹം വേദനിക്കുന്നത്ര ശക്തിയിൽ ഗോപീദാസനെ പിടിച്ചു കുലുക്കി ഫാദർ ഹെർമൻ ഉറക്കെച്ചിരിച്ചു. കൂടുതൽ ആദരവ് ചേർത്ത് ബഷീർ ആലം തയ്യാറാക്കിയ ലൂമി ഒന്നിലധികം തവണ ഫാദർ കുടിച്ചു. സംസ്കാരങ്ങളുടെ സങ്കലനമാണ്​ലൂമിയെന്നാണ് ഫാദർ ഹെർമൻ അഭിപ്രായപ്പെട്ടത്. സൈറ്റിലെ വണ്ടിയിൽ രാവിലെ കൊണ്ടുവിട്ട ആന്ധ്രാക്കാരായ മൂന്നു പണിക്കാർ വീട്ടുമുറ്റത്തെ മനോഹരമായ പൂന്തോട്ടത്തിൽ ചെടികൾക്ക് വളമിടുകയും അവയുടെ ചില്ലകൾ കോതുകയും ചെയ്തുകൊണ്ട് നിൽക്കുന്നു. അന്നത്തെ അതിഥിയായ യൂറോപ്യൻ പ്രീസ്റ്റിനെ അവർ പണികൾക്കിടയിലും കൗതുകത്തോടെ നോക്കുന്നുണ്ട്.

മതിലിന്റെ തണലിലേക്ക് നീങ്ങി നിലത്തൊങ്ങിയിരുന്ന് തൂക്കുപാത്രം തുറന്ന് അവർ നാസ്ത കഴിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഫാദർ ഹെർമൻ അവരുടെ അടുത്തേക്കുചെന്നു. എണ്ണയും നെയ്യും ചേർക്കാതെ ഉണ്ടാക്കിയതിനാൽ ഉണങ്ങിച്ചുളിഞ്ഞ ചപ്പാത്തിയും ചാറുകൂടിയ ഉരുളക്കിഴങ്ങുകറിയും ഒരു സവാള ഉള്ളി നടുവേ മുറിച്ച പകുതിയും നല്ല നീളവും ചുവപ്പുമുള്ള ഓരോ വറ്റൽ മുളകുമാണ് പാത്രങ്ങളിൽ. ഫാദർ ഹെർമൻ അലിവോടെ അവരോടു ഓരോന്നും തിരക്കി. അവർ പരസ്പരം ചോദിച്ചതും പറഞ്ഞതും രണ്ടു കൂട്ടർക്കും അധികമൊന്നും മനസ്സിലാകുന്നില്ലെന്ന് കണ്ടപ്പോൾ സംഘത്തിൽ നിന്നൊരാൾ പരിഭാഷകനായി മുന്നോട്ടുചെന്നു. ചോദ്യോത്തരങ്ങളിലെ ഭാഷകൾക്കതീതമായ സ്നേഹാംശം പൊടുന്നനെ ഇല്ലാതായെന്ന് തോന്നിയതുകൊണ്ടാവാം, ഫാദർ ഹെർമൻ അയാളെ തടഞ്ഞു. തലേന്നാൾ ജോലി കഴിഞ്ഞെത്തിയിട്ട് പാചകം ചെയ്ത് തൂക്കുപാത്രങ്ങളിൽ അടച്ചുവച്ചിരുന്നതാണെന്നും അവരുടെ ഒരു പകലിലെ ആകെ ഭക്ഷണമാണതെന്നും ഫാദർ ഹെർമൻ മനസ്സിലാക്കി.

വലിപ്പമുള്ള, ചുവന്ന വറ്റൽമുളക് ചവച്ചിറക്കുന്നതിനെപ്പറ്റി കൂടുതൽ അറിയണമെന്നുണ്ടായ ആഗ്രഹം ഭാഷാ തടസ്സങ്ങൾ കാരണം ഫാദർ അമർത്തി. ഒത്തുകൂടലും ബ്രേക്ക്​ഫാസ്റ്റും സാധ്യമാക്കിയതിനു കർത്താവിനു നന്ദി പറഞ്ഞുള്ള ചെറിയ പ്രാർത്ഥന ഫാദർ നയിച്ചത് അകത്തു ഡൈനിംഗ് ഹാളിൽ വച്ചാണ്. വിശാലമായ തീന്മുറിച്ചുവരിൽ സ്ഥാപിച്ചിരിക്കുന്ന ചെമ്പുതകിടിൽ കൊത്തിയ ‘അവസാന അത്താഴ'ത്തിന്റെ വലിയ ചിത്രത്തിനു ചുവട്ടിൽ എല്ലാവരും ഒത്തുചേർന്നു. എല്ലാ ഭാഷകളിലും പ്രാർഥനകൾക്ക് ഒരേ ഈണവും ഭാവവും ആണെന്ന് പങ്കെടുത്തവർക്ക് തോന്നി.

അബ്രഹാം ജോസഫിന്റെ ഭവനം ഫാദർ ഹെർമന് അങ്ങേയറ്റം ഇഷ്ടമായി. അതിനുകാരണം വീട്ടിലെ വിലകൂടിയ ഫർണിച്ചറുകളോ വലിയ ഹാളുകളായ സ്വീകരണമുറിയുടെ നാല് ചുവരുകളിലും പിടിപ്പിച്ചിട്ടുള്ള അത്യാഢംബര ഷോകെയിസുകളിൽ, നിറയെ കലാപരമായി അടുക്കിവച്ചിട്ടുള്ള മനോഹരങ്ങളായ കലാവസ്തുക്കളോ മൊമന്റേകളോ അല്ല. വീടിന്റെ ചുവരുകളെയെല്ലാം അലങ്കരിച്ചിരിക്കുന്ന അറബിയക്ഷരങ്ങളെ ചിത്രങ്ങളായി എഴുതിയ കാലിഗ്രാഫി പെയിന്റിങ്ങുകളും വീടിനുള്ളിൽ അനേകം സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ള തടിയിൽ കൊത്തുപണി ചെയ്‌തെടുത്ത ശില്പങ്ങളുമാണ് അദ്ദേഹത്തെ അഗാധമായി ആകർഷിച്ചത്. മുറ്റത്തെ പൂന്തോട്ടത്തിലെ അലങ്കാരപ്പണികളെക്കുറിച്ച് അദ്ദേഹത്തിനു പുകഴ്ത്താൻ വാക്കുകൾ ഇല്ലാതെവന്നു.

‘‘മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത തരം എന്തൊരു മൗലികതയാണ്. എത്ര ഉയർന്ന കലാബോധത്തിന്റെ ആവിഷ്‌കാരങ്ങളാണ് ഇവിടുത്തെ പൂന്തോട്ടത്തിൽ? ആരാണ് ഇതിന്റെ ലാൻഡ്‌സ്കേപ്പ് ആർക്കിടെക്റ്റ്? ഫാദർ ഹെർമൻ മുറ്റത്തിറങ്ങിയപ്പോൾ ചോദിച്ചു.

‘‘ഹാജ്ജി മുസ്തഫ ഇബ്രാഹിം ഈ വീട് പണിയിച്ചപ്പോൾ ഇംഗ്ലീഷ്‌കാരായ ഇന്റീരിയർ ഡിസൈനറും ആർക്കിടെക്റ്റും ഉണ്ടായിരുന്നു. പക്ഷേ ഫാദറിനെ ആകർഷിച്ച ഒന്നും അവരുടെ ഭാവന അല്ല’’, അബ്രഹാം ജോസഫ് മറുപടി പറഞ്ഞു കൊണ്ട് അതിഥികളുടെ കൂട്ടത്തിൽ നിന്നൊരാളെ ചൂണ്ടിക്കാട്ടി; ‘‘ഇതാ, ഈ നിൽക്കുന്നയാൾ, ഋഷികേശൻ ആചാരി, ഞങ്ങളുടെ സബ്‌ കോൺട്രാക്ടറാണ്. ഇയാൾ സ്വന്തം കൈകൾ കൊണ്ട് ചെയ്തതാണ് ഇതെല്ലാം.''

ശങ്കിച്ച് പിന്നോട്ട് മാറാൻ ശ്രമിച്ച ഋഷികേശൻ ആചാരിയെ അബ്രഹാം ജോസഫ്, ഫാദർ ഹെർമന്റെ മുന്നിലേക്ക് നീക്കിനിറുത്തി. അയാളുടെ ഭാവനയും അയാളുടെ മനോധർമവും അയാളുടെ കരവിരുതുമാണ് സുന്ദരമായ അലങ്കാരങ്ങൾക്കും ആവിഷ്‌കാരങ്ങൾക്കും പിന്നിലെന്ന് അബ്രഹാം ജോസഫ് ഫാദർ ഹെർമന് വിശദീകരിച്ചുകൊടുത്തു. ഋഷികേശൻ ആചാരിക്കൊപ്പമുണ്ടായിരുന്ന അയാളുടെ കമ്പനിയുടെ മാനേജർ രാമചന്ദ്രനാണ് സംസാരിച്ചത്. അവർക്കുടനെ മടങ്ങിപ്പോയിട്ട് ചെയ്യാൻ വർക്ക്‌സൈറ്റിൽ അത്യാവശ്യകാര്യങ്ങളുള്ളതുകൊണ്ട് ക്ഷമാപണം പറഞ്ഞ് ഫാദർ ഹെർമന്റെ നാടുകാണൽ യാത്രയ്ക്ക് കൂടാനാവാതെ അവർ മടങ്ങി.

ഫാദർ ഹെർമന് ഋഷികേശൻ ആചാരിയോട്​ പിന്നെയും കൂടുതൽ ചോദിക്കാനും സംസാരിക്കാനുമുണ്ടായിരുന്നു. ജന്മനാ രൂപപ്പെട്ട പ്രതിഭാവൈശിഷ്ട്യം ഇത്രയധികമുള്ള ഒരാൾ എന്തുകൊണ്ടാണ് ഇവിടെ ഈ വെയിലിലും തണുപ്പിലും കഷ്ടപ്പെട്ട് തന്റെ വൈഭവങ്ങൾ പാഴാക്കിക്കളയുന്നതെന്ന് ഫാദർ ഹെർമൻ ചോദിച്ചു. മനുഷ്യരുടെ എണ്ണം കണക്കിലധികമുള്ള രാജ്യങ്ങളിലെ പ്രജകൾക്ക് നിലനിൽക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ അവരുടെ നൈപുണ്യങ്ങൾ എത്രയോ ഇങ്ങനെ വിഫലമായിപ്പോകുന്നുവെന്നു ഫാദർ ഹെർമൻ സ്വന്തം ചോദ്യത്തിന് ഒരു ദീർഘശ്വാസത്തോടെ ഉത്തരം പറയുകയും ചെയ്തു.

പൊതുവേ മൗനം ഭജിച്ചും ഇടയ്ക്കിടെ ദൈവികകാര്യങ്ങളിൽ മാത്രം മൊഴിമുത്തുകളും സാരോപദേശങ്ങളും ഉരുവിട്ടും ആരാധ്യനായി വെറുതെ ഒരിടത്തിരിക്കുന്ന ഒരു വൈദികനെയാണ് എല്ലാവരും കാത്തിരുന്നത്.

വലിയ ശരീരം കുലുക്കിത്തെറുപ്പിച്ചുകൊണ്ട് ചെറിയ നേരമ്പോക്കുകളുമായി ചുറ്റിനും എല്ലാവരെയും തൊട്ടും തല്ലിയും നിൽക്കുന്ന ഫാദർ ഹെർമൻ എല്ലാവരെയും അതിശയിപ്പിച്ചു. പശ്ചിമേഷ്യയിലെ പാരിഷുകളിലൂടെ ഒരു അവലോകന യാത്രയ്ക്കാണ് ഡെന്മാർക്കിലെ ചർച്ച് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. പെട്രോൾ ധനവളർച്ചയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ രൂപപ്പെടുന്ന ജനസമൂഹങ്ങളുടെ ഘടനകളെ ആസ്പദമാക്കി ഒരു ഗവേഷണപ്രബന്ധം രചിക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. അതിനുവേണ്ടിയുള്ള വിവരശേഖരണവും യാത്രയിൽ ഫാദർ ഹെർമൻ ചെയ്യുന്നുണ്ട്.

ഒരു ബിഷപ്പ് അർഹിക്കുന്ന ഭക്ത്യാദരവുകൾ നിറഞ്ഞ ഉപചാരങ്ങളോടെയാണ് അബ്രഹാം ജോസഫ് അദ്ദേഹത്തെ തന്റെ വണ്ടിയിലേക്ക് നയിച്ചതും മുന്നിൽ വലതുവശത്തെ ഡോർ തുറന്നുപിടിച്ച് സീറ്റിൽ ഫാദർ നന്നായി ഇരിക്കുവോളം ഡോർ അടയ്ക്കാൻ കാത്തുനിന്നതും. അമ്മാതിരി വണങ്ങൽ തനിക്കു പ്രിയമല്ലെന്നു ഫാദറിന്റെ പ്രതികരണങ്ങളിലുണ്ടായിരുന്നു. വണ്ടിയുടെ ഡോർ തനിക്കു തന്നെ അടയ്ക്കണമെന്ന് ഫാദർ ഹെർമൻ തന്റെ പ്രവൃത്തിയിൽ എല്ലാവരെയും മനസ്സിലാക്കി. ഫാദർ ഹെർമനോടൊപ്പം അപ്പയുടെ റെയിഞ്ച് റോവറിലാണ് ടോണി അബ്രഹാം കയറിയത്.

അടുത്തതായി സംഭവിക്കാൻ പോകുന്ന ഉല്ലാസയാത്രയ്ക്ക് പോകാൻ ടോണി അബ്രഹാമിന് തീരെ താത്പര്യമില്ലായിരുന്നു. അതിഥികളുടെ നാടുകാണൽ യാത്രകളിൽ ഒരേതരത്തിൽ ആവർത്തിക്കുന്ന സ്ഥലവിവരണങ്ങൾ അയാൾക്ക് മനഃപാഠമായിട്ടുണ്ട്. കേരളത്തിൽ നിന്നുവരുന്ന സാമൂഹ്യ, സാംസകാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരുമായി ആവർത്തിക്കുന്ന ഇത്തരം യാത്രകൾ ടോണി അബ്രഹാമിനു വിരസമായിത്തുടങ്ങി. യാത്രാസംഘത്തിൽ ചേരാതെ പുസ്തകം വായിച്ച് വീട്ടിലിരുന്ന് വീണുകിട്ടിയ ഒരു സ്കൂളവധി ദിവസം ആഘോഷിക്കാൻ തുനിഞ്ഞതാണ് അയാൾ. കമ്പനിയിൽ എഞ്ചിനീയറായ ജോൺ ഫിലിപ്പാണ് നിർബന്ധിച്ച് യാത്രയ്ക്ക് കൂട്ടിയത്. നന്നായി വായിച്ചും പഠിച്ചും നല്ല അറിവും ഇംഗ്ലീഷിൽ കാര്യങ്ങൾ വിവരിക്കാൻ കഴിവുമുള്ള ജോൺ ഫിലിപ്പിനെ അതിഥികൾ വരുമ്പോൾ അബ്രഹാം ജോസഫ് കൂടെക്കൂട്ടും. പ്രാതൽ സൽക്കാരത്തിനു വന്നവരിൽ കൂടുതലും ഫാദർ ഹെർമനുമായി ഹസ്തദാനം, കൈമുത്തൽ, സകുടുംബം ഒപ്പം നിന്നുള്ള ഫോട്ടോയെടുക്കൽ തുടങ്ങിയ ചടങ്ങുകൾ പൂർത്തിയാക്കി അവരവരുടെ ഉദ്യോഗമോ ബിസിനസോ പരിപാലിക്കാനായി പിരിഞ്ഞുപോയി. അത്രയും പ്രധാനപ്പെട്ടൊരു മീറ്റിംഗിൽ പങ്കെടുക്കാനുള്ളതുകൊണ്ടാണ് പോകുന്നതെന്നും അല്ലെങ്കിൽ ഇത്രമേൽ അസുലഭമായ ഈ സന്ദർഭം നഷ്ടപ്പെടുത്തുക ഇല്ലായിരുന്നെന്നും പോകുമ്പോൾ എല്ലാവരും പറഞ്ഞു.

അവരിൽ ചിലരുടെ ഭാര്യമാർ ലീല അബ്രഹാമുമായി വർത്തമാനം പറഞ്ഞ്​ സമയം പോക്കാൻ ആ വീട്ടിൽ തങ്ങി. ബാക്കി കുറച്ചുപേർ ബഷീർ ആലം ഓടിക്കുന്ന വണ്ടിയിൽ പിന്നാലെയുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് അബ്രഹാം ജോസഫ് തന്റെ വണ്ടി റോഡിലേക്ക് ഇറക്കി. വണ്ടിയിലിരുന്ന് സഞ്ചരിക്കാൻ പോകുന്ന സന്ദർശകന്റെ പ്രാധാന്യത്തിനൊപ്പിച്ച് വീട്ടിലെ ജോലിക്കാർ അധികമായി കഴുകിയും തുടച്ചും പളപളതിളക്കം നൽകിയ റെയിഞ്ച് റോവർ രാജകീയമായ ഗരിമയോടെ റോഡിൽ നീങ്ങിത്തുടങ്ങി. റെയിഞ്ച് റോവറിന്റെയുള്ളിൽ പ്രത്യേകം അടിച്ച സ്​പ്രേയുടെ അതിവിശിഷ്ട പരിമളം നിറഞ്ഞിരിക്കുന്നുണ്ട്. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments