ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിന്‍
Good bye Lenin

അധ്യായം ആറ്
മുന്നില്‍ ഒരാള്‍

റീന പറഞ്ഞുതീരും മുമ്പ് ക്രിസ്റ്റഫര്‍ തൊട്ടുമുന്നില്‍കിടന്ന കാറില്‍ കയറി. അടുത്ത നീക്കമെന്താണെന്നറിയില്ലെങ്കിലും ഇറീനയും കാറില്‍ കയറിയിരുന്നു.

''ഞാന്‍ നാളെ നോവലെഴുതാന്‍ തുടങ്ങും!'', ഡോ. ഇറീന ഒന്നു ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

ക്രിസ്റ്റഫര്‍ റീഡ് എഴുത്തുമുറിയില്‍ നിന്നും വരാന്തയിലേക്കിറങ്ങി. മേപ്പിള്‍ മരങ്ങളില്‍ നിന്നും തണുപ്പിന്റെ സ്ഫടികച്ചിന്തുകള്‍ നിലംപതിക്കുന്ന ശബ്ദം തുടര്‍ച്ചയായി കേള്‍ക്കാം.

സിഗരറ്റ് വലി വല്ലാതെ കിതപ്പിക്കുന്നുണ്ട്.
ആ ശീലം ഒരു ശ്വാസകോശരോഗിയാക്കുമെന്ന് ഡോക്ടര്‍ ഇറീന പലതവണ താക്കീതു ചെയ്തതാണ്. ഒരു മനുഷ്യന് മരണത്തിലേക്കു നടന്നടുക്കേണ്ട പാത മണ്ണിട്ടു തടയാനാവില്ലെന്ന് ക്രിസ്റ്റഫര്‍ അപ്പോഴൊക്കെ മറുപടി പറഞ്ഞു.

എങ്ങനെയാണ് വ്ലാദിമിര്‍ ഇല്ലിച്ച് ഉല്യനോവിന്റെ ജീവിതത്തെ ഒരു നോവലായി പകര്‍ത്തേണ്ടത്? ലെനിന്റെ ജീവചരിത്രകാരന്‍ എന്ന ഖ്യാതി നല്കിയ സ്വീകാര്യതയാണ് പുതുതായി ആരംഭിക്കാന്‍ പോകുന്ന പ്രസാധകരെ ഇങ്ങനെയൊരു ചിന്തയിലേക്ക് പ്രേരിപ്പിച്ചിട്ടുണ്ടാകുക. അവരോട് ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ നിലപാട് അറിയിച്ചതാണ്. അലക്‌സ് അത് സമ്മതിക്കുകയും ചെയ്തു. ക്രിസ്റ്റഫര്‍ ആഞ്ഞൊന്നു പിടിച്ചാല്‍ ശൈത്യകാലത്തിനുമുമ്പ് നോവല്‍ പൂര്‍ത്തിയാക്കാമെന്നും തൊട്ടുപിന്നാലെ വലിയ പരസ്യം നല്കി പ്രസിദ്ധീകരിക്കാമെന്നും പ്രസാധകര്‍ വിശദമാക്കി. പെട്ടെന്നു വേണ്ടിയിരുന്ന ചെറുതല്ലാത്ത സംഖ്യയുടെ മൂന്നിരട്ടി അവര്‍ അഡ്വാന്‍സായി മാത്രം നല്കാമെന്നു പറഞ്ഞപ്പോള്‍ സ്വന്തം കണ്ണ് മഞ്ഞളിച്ചതുപോലെ ക്രിസ്റ്റഫറിനു തോന്നി.

അന്നു രാത്രി റെസ്റ്റോറന്റില്‍വച്ച് ഡോ. ഇറീനയെ കാണാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഒട്ടും വൈകിയില്ല.

'ക്രിസ്റ്റഫര്‍, നിങ്ങളെപ്പോലെ ഒരു ബുദ്ധിജീവിക്കൊപ്പം അത്താഴം കഴിക്കാനുള്ള അവസരം ഞാന്‍ തീര്‍ച്ചയായും വേണ്ടെന്നു വയ്ക്കില്ല.'

രോഗിയെ പരിശോധിക്കുന്നതിനിടയിലാണ് ഡോ. ഇറീന ക്ഷണം സ്വീകരിച്ചത്.

'ഓരോ ഗ്ലാസ് വോഡ്കയില്‍ തുടങ്ങാം' ഡോ. ഇറീന പറഞ്ഞു.

ക്രിസ്റ്റഫറിന് ഒരു സിഗരറ്റ് വലിക്കണമെന്നു തോന്നിയത് ഇറീനയ്ക്ക് മനസ്സിലായി. പുകവലിയന്മാരുടെ വലതു കൈയുടെ രണ്ടുവിരലുകള്‍ ഇടയ്ക്കിടെ ഒരു പ്രത്യേകരീതിയില്‍ ചലിക്കും. അത് നിക്കോട്ടിന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ആ നേരത്ത് ഏതെങ്കിലും രീതിയില്‍ ഏതു തിരക്കിട്ട ജോലികള്‍ക്കിടയില്‍ നിന്നും അവര്‍ അനുയോജ്യമായൊരു സ്ഥലത്തേക്ക് മാറിനില്ക്കും.

'എന്താ ക്രിസ്റ്റഫര്‍ അകത്തുനിന്നും ഒരാള്‍ നിക്കോട്ടിന്‍ ആവശ്യപ്പെടുന്നുണ്ട് അല്ലേ?' ഇറീന.

ക്രിസ്റ്റഫര്‍ മറുപടി പറഞ്ഞില്ല. വോഡ്ക നുണഞ്ഞിറക്കി ഡോ. ഇറീന ക്രിസ്റ്റഫറിനരികിലേക്ക് കസേര നീക്കിയിട്ടു.

'നോക്കൂ ക്രിസ്റ്റഫര്‍, നിങ്ങളുടെ ശ്വാസകോശത്തിലേക്കെത്തേണ്ടത് നിക്കോട്ടിന്‍ പുകയല്ല. ശുദ്ധവായുവാണ്. ഇപ്പോള്‍തന്നെ ശ്വാസകോശം പകുതിയിലേറെ ചുരുങ്ങിയ അവസ്ഥയിലായിട്ടുണ്ടാവണം. കുറച്ചു കാലം മരുന്ന് കഴിച്ചാലത് പൂര്‍വ്വസ്ഥിതി പ്രാപിക്കും. ഇല്ലെങ്കില്‍ ഈ പ്രകൃതി മനുഷ്യന് കനിഞ്ഞു നല്കുന്ന വിലമതിക്കാവാത്തതും എന്നാല്‍ ഇത്രനാളും നമുക്ക് പണം കൊടുത്ത് വാങ്ങേണ്ടി വന്നിട്ടില്ലാത്തതുമായ ഓക്‌സിജന്‍ കിട്ടാതെ നിങ്ങള്‍ മിഴിച്ചുനോക്കുന്നത് കാണേണ്ടിവരും.'

ക്രിസ്റ്റഫര്‍ സ്വന്തം വിരലിലേക്കു നോക്കി. ഇല്ല, നേരത്തെ ഡോ. ഇറീന ശ്രദ്ധിച്ച ആ വിറയല്‍ കാണാനില്ല. എവിടെ നിന്നോ കടന്നുവന്ന ആ സിഗരറ്റ് മണവും ഏതാണ്ട് അകന്നുപോയിരുന്നു.

'നമുക്ക് കാര്യത്തിലേക്കു വരാം ക്രിസ്റ്റഫര്‍. എന്താണ് അടിയന്തിരമായി സംസാരിക്കാനുണ്ടെന്നു പറഞ്ഞത്?' ഡോ. ഇറീന ക്രിസ്റ്റഫറിന്റെ കണ്ണുകളിലേക്കു നോക്കിയിരുന്നു.

രണ്ടുപേരുടെയും മുന്നില്‍ രണ്ടാമത്തെ പെഗ്ഗ് വോഡ്ക വന്നു.

'ലെനിന്റെ ജീവിതം നോവലാക്കാന്‍ പോകുന്നു. ആ ജീവചരിത്രരചനയ്ക്കുവേണ്ടി എല്ലാ വിവരങ്ങളും ഞാന്‍ ശേഖരിച്ചിട്ടുള്ളതാണ്. അതുകൊണ്ടാവും പ്രസാധകര്‍ ഇങ്ങനെയൊന്ന് ആവശ്യപ്പെട്ടത്. പണത്തിന് അത്യാവശ്യമുള്ളതുകൊണ്ട് ഞാനത് സമ്മതിക്കുകയും ചെയ്തു,' ക്രിസ്റ്റഫര്‍.

'എന്നിട്ട്?' ഡോ. ഇറീന

'എന്തോ ഒരാത്മവിശ്വാസക്കുറവ്. അത് പ്രസാധകരുമായി സംസാരിച്ച് പുറത്തിറങ്ങിയ നിമിഷം മുതല്‍ എന്നെ പിടികൂടിയിട്ടുണ്ട്. അഡ്വാന്‍സ് തുക തിരിച്ചുനല്കി ഈ പിരിമുറുക്കത്തില്‍നിന്നും രക്ഷപെടുന്നതെങ്ങനെയെന്ന ആലോചനയിലാണ് ഞാന്‍ ഇപ്പോള്‍.' ക്രിസ്റ്റഫര്‍

ലെനിന്റെ കടുത്ത ആരാധികയാണ് ഡോ. ഇറീന. അദ്ദേഹം ജനിച്ച നാള്‍ മുതല്‍, എന്നുവച്ചാല്‍ 1870 ഏപ്രില്‍ 22 മുതല്‍ മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം വരെ ഓരോ സന്ദര്‍ഭവും ഇറീനയ്ക്ക് കാണാപ്പാഠവുമാണ്. അങ്ങനെയുള്ള ഒരാളോട് ഇക്കാര്യം സംസാരിച്ച് വ്യക്തതവരുത്തണമെന്ന് ക്രിസ്റ്റഫര്‍ റീഡിന് സ്വപ്നത്തില്‍ നിര്‍ദ്ദേശം നല്കിയത് സാക്ഷാല്‍ ലെനിന്‍ തന്നെയാണ്. മനസ്സില്‍ എഴുതി കഴിഞ്ഞ അഞ്ച് അദ്ധ്യായങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ചുണ്ടിന്റെ ഒരു കോണുകൊണ്ടൊന്ന് ചിരിച്ചശേഷം ലെനിന്‍ കോട്ടിന്റെ പോക്കറ്റില്‍നിന്നും ഒരു ചെറിയ ഡയറി പുറത്തെടുത്തു. തന്റെ ജീവിതത്തില്‍ പൂരിപ്പിക്കാതെപോയ ചില സന്ദര്‍ഭങ്ങളെ രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന സൃഷ്ടാവിനെ സ്‌നേഹപൂര്‍വ്വം ലെനിന്‍ നോക്കി. സംഭാഷണം തുടങ്ങിയത് ക്രിസ്റ്റഫറാണ്.

'എനിക്കൊരു ആത്മവിശ്വാസം തോന്നുന്നില്ല; ജീവചരിത്രം എഴുതുന്ന നേരത്തൊന്നും തോന്നാത്ത ഒരു തരം തളര്‍ച്ച എന്നെ പിടികൂടുന്നു.!'

അപ്പോഴും ലെനിന്‍ അതേ ചിരിയോടെ ക്രിസ്റ്റഫറിനെ നോക്കി.

നീണ്ട നിശ്ശബ്ദതയ്ക്കുശേഷം ലെനിന്‍ ആത്മവിശ്വാസം മുറ്റിയൊഴുകുന്ന നോട്ടം നോക്കിയപ്പോള്‍ ഒന്നു പതറിപ്പോയി ക്രിസ്റ്റഫര്‍. ലക്ഷക്കണക്കിനു മനുഷ്യരുടെ കാതുകളിലേക്ക് വിപ്ലവത്തിന്റെ ഉരുകിത്തിളച്ച ലാവ പ്രവഹിപ്പിച്ച നാവില്‍നിന്നും എന്താണ് കേള്‍ക്കാന്‍ പോകുന്നത്? മുന്നിലെത്തിയ ചക്രവര്‍ത്തിയുടെയും അനുചരവൃന്ദത്തിന്റെയും കണ്ണുകളിലേക്ക് ലെനിന്‍ സ്വന്തം കണ്ണില്‍നിന്നും പായിച്ചുവിട്ടത് റഷ്യ എരിച്ചൊടുക്കുമെന്നു തോന്നിച്ച നോട്ടം ആയിരുന്നു. ചരിത്രത്തെ സ്വന്തം ചൂണ്ടുവിരല്‍ത്തുമ്പില്‍ നിര്‍ത്തി, വലതു കാലിന്റെ പെരുവിരല്‍ കുത്തി നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പുതിയ തത്ത്വശാസ്ത്രം രചിച്ച ഒരാള്‍.

'എന്താ മനസ്സിലിപ്പോള്‍?'

ക്രിസ്റ്റഫറിന്റെ ചുമലില്‍ പതുക്കെ വലതു കൈയുടെ നാലുവിരലുകള്‍ അമര്‍ത്തിപ്പിടിച്ച് ലെനിന്‍ ചോദിച്ചു.

'ശൂന്യത!'

ക്രിസ്റ്റഫര്‍ ഓരോ വിരല്‍ത്തുമ്പിലേയും നഖം കടിച്ച് ചവച്ചരച്ച് തുപ്പി. വിയര്‍ത്തൊഴുകിയ ശരീരം തളര്‍ന്ന് നിലംപതിക്കുമോ എന്ന ഭയത്തോടെ തൊട്ടടുത്തു കണ്ട ജനാല തുറന്നിട്ടു.

'ക്രിസ്റ്റഫര്‍, ഡോ. ഇറീനയ്ക്ക് നിന്റെ നല്ല മാര്‍ഗ്ഗദര്‍ശിയാകാന്‍ കഴിയും. എഴുതുന്നതില്‍ വരുന്ന പിശകോ അവതരണരീതിയോ ഒന്നുമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അതൊക്കെ കണ്ടുപിടിച്ചു തിരുത്താന്‍ പരിചയസമ്പന്നരായ എഡിറ്റര്‍മാരെ നിയോഗിക്കാന്‍ നിന്റെ പ്രസാധകര്‍ക്ക് കഴിഞ്ഞെന്നിരിക്കും. എന്നാല്‍ അതിനപ്പുറം ചിലതുകൂടിയുണ്ട്; ഈ സര്‍ഗ്ഗാത്മകപ്പുഴുക്കളുടെ പട്ടുനൂല്‍ നൂല്‍പ്പിന്. അതെന്താണെന്നൊന്നും എണ്ണിപ്പറയാന്‍ എനിക്കറിയില്ല. പക്ഷേ, ഡോ. ഇറീനയ്ക്ക് നീ എഴുതാന്‍ പോകുന്ന പുസ്തകത്തിലേക്ക് ചില നിര്‍ണ്ണായക വഴിത്തിരിവുകള്‍ നിര്‍ദ്ദേശിക്കാനാവും. അത് ഭൂമിയില്‍ ഒരു പക്ഷേ അധികമാര്‍ക്കും സാധിക്കുന്ന കാര്യമല്ല. ഒരാളുടെ ജീവിതത്തെ മറ്റൊരാള്‍ ഇത്രമാത്രം ഗാഢവും ആത്മാര്‍ത്ഥവുമായി പിന്തുടര്‍ന്നാല്‍ എന്താവും സംഭവിക്കുക? അതുതന്നെയാണ് ഇവിടെ സംഭവിച്ചത്. ഡോ. ഇറീനയ്ക്ക് എന്റെ ജീവിതത്തെ ചിലപ്പോഴെങ്കിലും എന്നെക്കാള്‍ നന്നായി പൂരിപ്പിക്കാനാകും!'

ലെനിന്റെ വാക്കുകള്‍ക്കിടയില്‍ ചില ഇടവേളകള്‍ രൂപപ്പെട്ടു. ചില നേരങ്ങളില്‍ സംസാരിക്കാന്‍ ആയാസപ്പെടുന്നതുപോലെ തോന്നി.

വാങ്ങിയതുക പ്രസാധകര്‍ക്കു മടക്കി നല്കുന്നതാണ് നല്ലത്. ലെനിന്റെ ജീവിതത്തിലെ തീപ്പൊള്ളലേല്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഭാവനയുടെ അരണിയില്‍ കടഞ്ഞെടുക്കാനുള്ള പ്രതിഭ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ക്രിസ്റ്റഫര്‍ റീഡ് ക്ഷമാപണം പോലെ സ്വന്തം ചൂണ്ടുവിരല്‍കൊണ്ട് വലതുതുടയില്‍ എഴുതി. അതു വായിച്ചിട്ടെന്നപോലെ ഉത്തരമെന്ന തരത്തിലുള്ള മറുപടി കേട്ട് ക്രിസ്റ്റഫര്‍ ലെനിനെത്തന്നെ നോക്കിയിരുന്നു.

'ചരിത്രരചന ഭൂതകാലത്തിന്റെ തുരങ്കങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ്. നോവല്‍ നേരിന്റെയും ഭാവനയുടെയും പിരിയന്‍ ഗോവണിയിലൂടെയുള്ള ഒരു ഉന്മാദപ്പാച്ചിലും!'

ഇത്രയും പറഞ്ഞശേഷം എണീറ്റു നിൽക്കുക മാത്രമല്ല അത്ഭുതപ്പെടുത്തുംവിധം ഇരുചിറകുകള്‍ വിടര്‍ത്തി വീശി കണ്ണെത്താദൂരത്തേക്ക്, മേഘപാളികള്‍ക്കിടയിലേക്ക് ലെനിന്‍ പറന്നകന്നു. ഒരു അശരീരിപോലെ ഇത്രയും കൂടി കേട്ടു.

'നോക്കൂ ക്രിസ്റ്റഫര്‍, ഡോ. ബെക്തറേവിന്റെ പരിശോധനയില്‍ തെളിഞ്ഞുവന്ന രോഗങ്ങളൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. പ്രത്യേകിച്ച് മരണത്തിന്റെ നേര്‍ത്തതും നെഞ്ചിടിപ്പ് കൂട്ടുന്നതുമായ കാലൊച്ച ആദ്യം അടുത്തുവന്ന ദിവസം മുതല്‍.'

'എന്താണ് ഞാന്‍ ചെയ്യേണ്ടത്? അങ്ങയുടെ ജീവചരിത്രകാരനെന്ന നിലയില്‍ എനിക്ക് ഏറെ പ്രശംസകള്‍ കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ നോവല്‍ രചന കഠിനമായ വേദനയില്‍ അകപ്പെടുത്തുമോ എന്ന ഭയവും എന്നെ ആഞ്ഞുകൊത്തുന്നു!' ക്രിസ്റ്റഫര്‍.

'എന്റെ ജീവിതത്തെ അതിന്റെ പല സ്ഥായികളില്‍ വിവരിക്കാനുള്ള എല്ലാ അവകാശവും ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. മറ്റാര്‍ക്കും പകര്‍പ്പവകാശമില്ലാത്ത എന്റെ ഹൃദയത്തിന്റെ ഇടതുപാളിയില്‍ നിന്നും തൊട്ടെടുത്ത ഈ ഒരു തുള്ളി രക്തം അതിനെ സാധൂകരിക്കട്ടെ.'

അപ്പോള്‍ ചിറകടിയ്‌ക്കൊപ്പം അജ്ഞാതതടങ്ങളില്‍ നിന്നുള്ള മര്‍മ്മരങ്ങളും ക്രിസ്റ്റഫര്‍ കേട്ടു.

ഡോ. ഇറീന അധികവും സംസാരിച്ചിട്ടുള്ളത് ക്രിസ്റ്റഫറിന്റെ നിര്‍ത്താതെയുള്ള പുകവലിയെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ഇറീന നോവല്‍രചനയെക്കുറിച്ച് ഒരക്ഷരംപോലും സംസാരിക്കാത്തതെന്ന് ക്രിസ്റ്റഫര്‍ ചോദിച്ചു.

'നോക്കൂ ക്രിസ്റ്റഫര്‍, ലെനിനെക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുള്ള നിങ്ങളോട് ഞാന്‍ വേറെന്തു സംസാരിക്കാനാണ്. ഒരു ജന്മം മുഴുവന്‍ നമ്മള്‍ ഇതുപോലെ കണ്ടുമുട്ടിയാലും എനിക്ക് ലെനിനെക്കുറിച്ച് പുതുതായി എന്തെങ്കിലും പറയാനുണ്ടാകും.'

ഡോ. ഇറീന വോഡ്ക പകര്‍ന്നു. പിന്നെ ആദ്യമായി ക്രിസ്റ്റഫര്‍ കണ്ട ആ സ്വപ്നത്തെ വ്യാഖാനിക്കാന്‍ ശ്രമിച്ചു. സ്വപ്നത്തില്‍ ലെനിന്‍ തന്റെ പേരു പരാമര്‍ശിച്ചു എന്ന് കേട്ടതോടെ ഡോ. ഇറീനയുടെ ആവേശം ഇരട്ടിച്ചു. തൊട്ടടുത്തു വന്നിരുന്ന കുട്ടികളുടെ കലപിലകളിലേക്ക് തെല്ലിട നോക്കിയ ഇറീന വെന്ത ഒരു കഷ്ണം ക്യാരറ്റ് പച്ചമുളക്കീറും ചേര്‍ത്ത് കടിച്ചു. നല്ല എരിവില്‍ ഗ്ലാസ്സിലെ അവസാന കവിള്‍ വോഡ്കയും കുടിച്ചു. പിന്നെ ക്രിസ്റ്റഫര്‍ ഡോ. ഇറീനയ്‌ക്കൊപ്പം പുറത്തേയ്ക്കു നടന്നു.

തൊട്ടടുത്തുള്ള റൊവാന്‍ മരത്തിന്റെ ചുവട്ടിലെത്തും വരെ അവര്‍ ഒന്നും സംസാരിച്ചില്ല. അത്രനേരവും മനസ്സില്‍ തിണര്‍ത്തുനിന്ന സന്ദേഹങ്ങള്‍ക്കൊക്കെ ഉത്തരം തേടാതെ മടങ്ങില്ലെന്ന് ക്രിസ്റ്റഫര്‍ ഉറച്ചിരുന്നു. ഏറെ നേരമായി അനുഭവിക്കുന്ന പിരിമുറുക്കം എങ്ങനെയൊന്ന് അവസാനിപ്പിക്കുമെന്ന ചോദ്യത്തിനു മാത്രം ഒരുത്തരവും കണ്ടെത്താനായില്ല. ചരിത്രഗ്രന്ഥത്തിന്റെ രചനയ്ക്കുള്ള ഒരുക്കത്തിനിടയിലൊന്നും ഇങ്ങനെയുള്ള വേവലാതികള്‍ ഒട്ടും ബാധിച്ചിരുന്നതല്ല. ഓരോ ദിവസവും തേടിപ്പിടിക്കുന്ന വിവരങ്ങള്‍ നോട്ടുബുക്കില്‍ കുറിച്ചുവച്ച് ഇനി എന്തു പുതിയ അറിവാണ് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുക എന്ന ആകാംഷയായിരുന്നു ഓരോ രാത്രിയിലുമുണ്ടായിരുന്നത്.

ഡോ. ഇറീനയുടെ കണ്ണുകളില്‍ അത്ഭുതത്തിന്റെ നക്ഷത്രങ്ങള്‍ തിളങ്ങി. സ്വന്തം സ്വപ്നങ്ങളില്‍ ലെനിന്‍ പലപ്പോഴും പ്രത്യക്ഷനായിട്ടുള്ളതാണ്. പല വേഷങ്ങളില്‍, പല ഭാഷകള്‍ സംസാരിച്ച്, പല ഭാവങ്ങളില്‍ മനുഷ്യജീവിതത്തിന് മറുവ്യാഖ്യാനം നല്കിയ ആ മനുഷ്യന്‍ അവതരിച്ചിട്ടുണ്ട്. ഉത്തരം ലഭിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച പല ചോദ്യങ്ങള്‍ക്കും കാലാതീതമായ മറുപടി നല്കിയിട്ടേ ഓരോ തവണയും ലെനിന്‍ മടങ്ങിയിട്ടുള്ളൂ. അനിര്‍വ്വചനീയമായ നേര്‍സാക്ഷ്യങ്ങള്‍ നല്കി ഏകാകിയായി നടന്നു പോയിട്ടുണ്ട് ലെനിന്‍.

'നോക്കൂ ക്രിസ്റ്റഫര്‍, നിങ്ങള്‍ക്ക് യാതൊരു ധൈര്യക്കുറവും ഉണ്ടാകേണ്ടതില്ല. ലെനിന്റെ ജീവിതം, സംഭാവന - ഇതുമാത്രമല്ല അദ്ദേഹം കടന്നുപോയ വഴികളെക്കുറിച്ചും ഏറ്റവും കൃത്യതയോടെ രേഖപ്പെടുത്തിയ ആളാണ് നിങ്ങള്‍.'

'ഫിക്ഷന്‍ എനിക്ക് വഴങ്ങുമെന്നു തോന്നുന്നില്ല.'

ക്രിസ്റ്റഫര്‍ കൂടുതല്‍ കൂടുതല്‍ ദുര്‍ബലനാകുന്നതുപോലെ ഡോ. ഇറീനയ്ക്ക് തോന്നി.

ഏറെ നേരം അവര്‍ സംസാരിച്ചില്ല. ഇത്ര നേരമുണ്ടായ നിശ്ശബ്ദത ആദ്യം അലോസരപ്പെടുത്തിയത് ഇറീനയെയാണ്.

'ക്രിസ്റ്റഫറിന്റെ അടുത്ത നീക്കം? കൂടുതല്‍ മദ്യപിച്ച് ബോധം കെട്ടുറങ്ങാണോ? അതോ തുടര്‍ച്ചയായി പുകവലിച്ച് സ്വന്തം ശ്വാസകോശത്തെ പീഡിപ്പിക്കലോ?'

'ഇല്ല, എനിക്ക് മുന്നില്‍ അഗാധമായ കിണര്‍പോലെ രാത്രിയും പകലും ഇറീന നീണ്ടു കിടക്കുന്നു.'

ക്രിസ്റ്റഫറിന്റെ പുരികങ്ങളില്‍ മുയലുകള്‍ ചാടുന്നതുപോലെ ഇറീനയ്ക്കു തോന്നി.

'എനിക്കൊപ്പം വീട്ടിലേക്കു വരുന്നോ? പെപ്പറില്‍ മുക്കിയെടുത്ത പോത്തിറച്ചി വറുത്തതും റൊട്ടിയും. തണുപ്പിലേക്കു തുറന്നിട്ട ജനാലകളുള്ള മുറിയിലെ നീണ്ടുനിവര്‍ന്നു കിടന്നുള്ള ഉറക്കം. ഇതാണ് എന്റെ വക ഓഫര്‍.'

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments