അധ്യായം ഒന്ന്
മഴക്കാലത്ത് ഭൂമി കുതിരുന്നു.
മഴയിൽ നിന്നെത്തിയ രണ്ട് മെലിഞ്ഞ പെയിൻറടികാർ ഭൂമിക്ക് പച്ചനിറം പൂശുന്നു.
ഇടയ്ക്ക് മുറിക്കുപുറത്തേക്ക് ഒന്നിറങ്ങാൻ കാത്തു കാത്തിരുന്ന വെയിൽ തിരക്കുപിടിച്ച് ഓടി വന്ന് കുറച്ച് തുണികൾ ഉണക്കാനിടാനായി വരാന്തയിൽ കൊണ്ടുവച്ചു. കട്ടിപ്പുതപ്പുകൾ മുഷിഞ്ഞിട്ടുണ്ടെങ്കിലും അലക്കിയിട്ടാൽ ഉണങ്ങില്ല.
ഒരു കണക്കിന് രാത്രിയിൽ പുതപ്പിന്റെ അല്പം മുഷിഞ്ഞ മണം ഇഷ്ടമാണ്. വെയിലും രണ്ട് മക്കളും രാത്രിയിൽ നടുക്കത്തെ മുറിയിൽ തല മൂടിപ്പുതച്ചാണ് ഉറങ്ങുക. അവൾ എപ്പോഴും ഇരുണ്ട വിഷാദം അണിഞ്ഞു. ഇടയ്ക്കു മാത്രം തെളിഞ്ഞു. അവളുടെ കെട്ടിയോൻ മരിച്ചിട്ട് അഞ്ച് കൊല്ലമായി. വല്യച്ചൻ (കെട്ടിയോന്റെ അപ്പൻ) ചായ്പിൽ കട്ടിലിൽ ഉറങ്ങുന്നുണ്ട്. പറമ്പിലെ കൃഷിയൊക്കെ വല്യച്ചനാണ് നോക്കുന്നത്. വല്യച്ചന് മരണത്തിന്റെ മണമുണ്ട്.
ഒരു ദിവസം രാത്രി വല്യച്ചൻ മരണവുമായി സംസാരിച്ചു.
‘‘അപ്പച്ചോ, അടുത്ത മഴക്കാലത്ത് കൂടെപ്പോരാൻ ഒരുങ്ങിയിരുന്നോണം", മരണം ചിരിച്ചുകൊണ്ട് പറഞ്ഞു.
വല്യച്ചൻ പിച്ചും പേയും പറയുകയും ഉറക്കത്തിൽ പേടിച്ച് എന്തോ പറഞ്ഞ് കരയുകയും ചെയ്തു. അതുകേട്ട് വെയിൽ ഓട്ടുവിളക്ക് കത്തിക്കണോ എന്നോർത്ത് തീപ്പട്ടി തിരഞ്ഞതാണ്. പിന്നെ ഉറങ്ങിപ്പോയി.
വെയിൽ രാവിലെ എണീറ്റ് അടുക്കളപ്പണി കഴിഞ്ഞ് കൊച്ചുങ്ങളെ രണ്ടിനേം സ്കൂളിൽ വിട്ടു. അവർ കുടചൂടി മൺവഴിയേ പോയി. അപ്പോഴും മഴ തോർന്നില്ല.
‘‘എന്റെ വെയ് ലേ ഒന്ന് തെളി’’, അവൾ ചൂലു തൊടാത്ത മുറ്റത്തിറങ്ങി തന്നോടുതന്നെ പറഞ്ഞു. ഇടയ്ക്ക് തെളിഞ്ഞാൽ അത്യാവശ്യം ചിലതൊക്കെ ഉണങ്ങിക്കിട്ടും. പാത്രത്തിൽ കുറച്ച് വറ്റൽ മുളകിരുന്നത് പൂത്തുതുടങ്ങി. മുളക് പൊട്ടിച്ചു നോക്കിയാൽ പുകവരുമെന്നായി. ഇനിയുമിരുന്നാൽ ചീത്തയാകും. കോഴിക്കൂട് തുറന്നിട്ട് രണ്ട് ദിവസമായി. കുറച്ച് ഞുറുക്കു ഗോതമ്പ് കോഴികൾക്ക് കൊടുത്തു. മുട്ടകളും എടുത്തു. വല്യച്ചൻ കാലൻ കുടയുമായി പറമ്പിലൂടെ നടന്ന് കാറ്റത്ത് താഴെ വീണ കുരുമുളകു കൊടിത്തലകൾ പൊക്കി കെട്ടിവയ്ക്കുന്നു.
നടവാതിൽക്കലെ ക്ലോക്കിൽ പതിനൊന്നു മണി അടിച്ചു. ചെണ്ടൻ കപ്പ നാലുകഷണം ഉണക്കമീൻ വറുത്തതും മൺചട്ടിയിലെ കാന്താരി പൊട്ടിച്ചതും കൂട്ടി അവളും കഴിച്ചു. അപ്പോൾ വല്യച്ചനും പറമ്പിൽ നിന്നു വന്നു. അവൾ വല്യച്ചന് കപ്പയും കറികളും തൊണ്ടുകാപ്പിയും ഒരു ക്ഷണം കരിപ്പെട്ടിച്ചക്കരയും കൊടുത്തു. ഒരു കോപ്പ കാപ്പി കരിപ്പെട്ടി ചക്കര പൊട്ടിച്ച് അവളും കുടിച്ചിട്ട് പ്രാതലിനുള്ള പണികൾ നോക്കി. അപ്പോഴാണ് വെയിലു വന്നത്.
ഒരു മണിക്കൂറോളം വെയിൽ മുറ്റത്ത് നിന്നാൽ നന്നായേനെ, അവൾ നിനച്ചു.
അവളുടെ മുഖത്തും വെയിൽ തെളിഞ്ഞു.
അവൾ ഒരു മുറത്തിൽ മുളകുകൾ ഉണക്കാൻ വച്ചു. തുണികളും അയയിൽ വിരിച്ചിട്ടു. കുട്ടികളുടെ ഉടുപ്പുകളും നിക്കറും പാവാടയും അതിലുണ്ടായിരുന്നു.
എത്രനേരം വെയിൽ മുറ്റത്ത് ഈ നില്പ് നില്ക്കും? അവൾ ആകാശത്തേക്ക് നോക്കി. വല്യച്ചൻ പറമ്പിലേക്കു തന്നെ പോയി. അപ്പോൾ വടക്കുപുറത്ത് അയലത്തെ അമ്മിണി ഇരുനാഴി അരി ചോദിച്ചുകൊണ്ടുവന്നു.
‘‘എന്റെ വെയ് ലേ എന്നാലും നീ തെളിഞ്ഞല്ലോ. അങ്ങനെ വേണം. അല്ലാതെ എപ്പോഴും ഇരുണ്ടുമൂടിക്കിടന്നാ എങ്ങനാ? ഞാൻ കുറെ തുണി വെയിലത്തിട്ടിട്ടാ വന്നത്’’, അമ്മണി പറഞ്ഞു.
‘‘ഞാനും കുറെ തുണികൾ മിറ്റത്തിട്ടു അമ്മിണീ’’, വെയിലും പറഞ്ഞു.
‘‘മുന്നറിയിപ്പില്ലാതെ പെട്ടെന്ന് പെയ്യുന്ന മഴകൾ തുണികളിൽ ഊർന്നിറങ്ങിപ്പടർന്ന് ഇറ്റിറ്റു വീഴും. അതാണ് പേടി’’, അതും പറഞ്ഞ്
അമ്മിണി അരി വാങ്ങിപ്പോയി.
ഈ ഗ്രാമത്തിൽ വെയിലുദിച്ചാലും വെയ് ലുദിക്കില്ല. മലകളും മരങ്ങളും മരിച്ച മനുഷ്യരുടെ ഓർമ്മകളും കറുത്ത മേഘങ്ങളും ഇവിടെ സൂര്യനെ ഒളിപ്പിച്ചിരിക്കുന്നു. മുഷിഞ്ഞ പുതപ്പിനുള്ളിലെ നിത്യമായ ഉറക്കമാണിത്.
ഇങ്ങനെ ഓർത്തിട്ട് ഇരുണ്ട മുഖത്തോടെ വെയിൽ അടുക്കളപ്പണിയിലേക്ക് മറഞ്ഞു.
▮
അധ്യായം രണ്ട്
വളരെമുമ്പൊക്കെ തെളിഞ്ഞ വെയിൽക്കാലത്ത് ഉച്ചകഴിയുമ്പോൾ വല്യച്ചൻ ഒരു നാടൻ തോക്കുമായി വേട്ടയ്ക്കിറങ്ങുമായിരുന്നു. ചെറിയ എന്തോ തിളങ്ങുന്ന ലോഹ ഉണ്ടകളും വെടിമരുന്നും ഒക്കെയിട്ട് ഒരു കമ്പി കൊണ്ട് കുത്തിക്കുത്തിയാണ് തോക്ക് നിറയ്ക്കുന്നത്. ചകിരിയും ഉപയോഗിക്കുമെന്ന് തോന്നുന്നു. പറമ്പിലും വയലിലും ഒക്കെ പതുങ്ങി നടന്നാലേ ഒരു പക്ഷിയെ എങ്കിലും കിട്ടുകയുള്ളൂ. വെടിവയ്ക്കാൻ നല്ല പാങ്ങ് വേണം. ചെറിയ അനക്കം മതി പക്ഷികൾ പറന്നുപോകാൻ.
ഗ്രാമത്തിൽ അങ്ങുമിങ്ങുമേ വീടുകളുള്ളൂ. ധാരാളം പക്ഷികളും മുയലും കുറുക്കനും കീരിയും പാക്കാനും കാട്ടുമാക്കാനും പാമ്പുകളും ഒക്കെയുള്ള സ്ഥലങ്ങളാണ്. എവിടേയും കാടുകളാണ്. അങ്ങനെ നടന്നുനടന്ന് വലിയ മരങ്ങളുള്ള ഒരു കുന്നിൻപ്രദേശത്തെത്തി. അവിടെ ഒരു പതിയുണ്ട്. ഒരു മൺപുറ്റും കാണാം. നിലത്തുനോക്കി നടക്കുകയും വേണം, മുള്ളും പാമ്പും ചൊറിയണവും ഒക്കെയുണ്ട്.
പറമ്പിൽ നിന്ന് ഒരു ഉപ്പനും പാടത്തിന്റെ വശത്തുനിന്ന് ഒരു കൊറ്റിയും കിട്ടിയ ഒരു ദിവസം ഇടുങ്ങിയ ഒരു തോടിന്റെ വളവു കടക്കുമ്പോൾ തോട്ടിനുള്ളിലെ കയ്യാലയിൽ ഒരുത്തൻ അകം തിരിഞ്ഞ് ചാരി ചെരിഞ്ഞ് ഒരു പരുവത്തിൽ നില്ക്കുന്നത് കണ്ടു.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. സൂര്യന്റെ രശ്മികൾ കാണാനില്ല. മുമ്പിൽ തുണികൾ അലക്കാൻ വച്ചിരിക്കുന്നു. ചിലതൊക്കെ സോപ്പു പതപ്പിപ്പ് വച്ചിരിക്കുകയാണ്. തോട്ടിൽ ഒരു പാറയും താഴെ ഒരു കുഴിയുമുണ്ട്. അവന്റെ അടിയിൽ ഒരു പെണ്ണിരിക്കുന്നത് വല്യച്ചൻ കണ്ടു. സംഗതി അദ്ദേഹത്തിന് മനസിലായി. അവനും വല്യപ്പൻ കണ്ടു എന്ന കാര്യം മനസിലായി. താൻ വരുന്നതുകണ്ട് പെണ്ണ് അവന്റെ അടിയിൽ കേറിയതാണ്.
അവൾ താണ ജാതിയിൽ പെട്ട ഒരു കയ്യാലപ്പണിക്കാരന്റെ മകളാണ്. പ്രേമമൊന്നുമല്ല, ചൂഷണമാണ്. പക്ഷേ വല്യച്ചൻ ഒന്നും മിണ്ടിയില്ല. നടന്നുപോരുകയാണുണ്ടായത്. പെണ്ണിന്റെ ഇഷ്ടവും കാണുമല്ലോ. അവൾ പിന്നീട് കല്യാണം കഴിച്ചുപോയി. അവിടെ ചിറകെട്ടിയിട്ടുണ്ട്.
വല്യച്ചൻ സഞ്ചി ഭിത്തിയിൽ വച്ചിട്ട് വെള്ളത്തിലിറങ്ങി കാലും മുഖവും കഴുകി. അവിടത്തെ കണ്ടത്തിൽ വെണ്ടക്കൃഷിയുണ്ട്. തോടിന്റെ ഇരുതിട്ടയിലും തോട്ടു തഴയുണ്ട്. ഏരി വെട്ടിയിട്ടാണ് വെണ്ട നട്ടിരിക്കുന്നത്. തന്റെ ചെറുപ്പത്തിൽ ഒരു കൂട്ടുകാരനുമായി അവന്റെ താല്പര്യപ്രകാരം കുന്നുംപുറത്തെ കാശാവും കാട്ടിൽ വച്ച് ഒരുമിച്ച് കിടന്നത് വല്യച്ചനോർത്തു. അവൻ ഒരു മെലിഞ്ഞ ഒരുത്തൻ. തനിക്ക് ഒന്നുമറിയില്ലായിരുന്നു. എന്തൊക്കെയോ തോന്നി എന്നത് ശരിയാണ്. പക്ഷേ ഒരു കൊര മാങ്ങാ തിന്നുന്ന പോലെ. തിരിഞ്ഞും മറിഞ്ഞും കിടന്നു. പക്ഷേ വികാരമെന്നും തനിക്ക് തോന്നിയില്ല. എല്ലാം അവന്റെ താല്പര്യം.
കുറച്ചപ്പുറം ഒരു ഇടുങ്ങിയ വഴിയാണ്. ഇടയ്ക്കിടയ്ക്ക് കല്ലുകളുണ്ട്. ഒരു കൂടാരം പോലെയാണ് കാശാവും കാടുകൾ. വള്ളികൾ നിറഞ്ഞ മരങ്ങളും കുറ്റിച്ചെടികളും അവിടെയുണ്ട്. കരികിലകളുടെ മുകളിലാണ് അവർ കിടന്നത്. അവൻ മുകളിലാണ് കിടന്നത്. അവന്റെ ശരീരം ബലമുളളതായിരുന്നു. അപ്രദേശത്ത് പാമ്പുകളും ഉണ്ട്. അവ ഇണചേരുന്നതുപോലെയായിരുന്നു. തന്റെ വായിൽ കഫം പോലെ എന്തോ നിറഞ്ഞത് വല്യച്ചൻ ഓർത്തു. അത് പിന്നെ ആവർത്തിച്ചില്ല. അവന്റെ കുടുംബം പിന്നീട് മറ്റെങ്ങോട്ടോ പോയി.
വല്യച്ചന് വേട്ട എന്നാൽ നിശ്ശബ്ദമായ ഒരു അന്വേഷണമാണ്. പക്ഷിയെ, മുയലിനെ കിട്ടുക എന്നതല്ല. തോക്കും പിടിച്ച് നിശ്ശബ്ദതയിൽ ചവിട്ടി പമ്മി നടക്കുക എന്നതാണ്. ചിലപ്പോൾ അയലത്തെ ഒരു സഹായി കൂടിയുണ്ടാകും. എല്ലാവരേയും വേട്ടയ്ക്ക് കൊണ്ടുപോകാനാവില്ല. പ്രാചീനകാലത്തെ മനുഷ്യൻ വിശപ്പിനായി വേട്ടയാടി. ഗ്രാമത്തിലുള്ള മനുഷ്യർക്ക് പട്ടിണി മാറ്റാനല്ല വേട്ട. അവർക്ക് വേട്ട ഒരു ചെറു വിനോദമാണ്. അതിലൊരു പ്രാകൃതമായ വന്യതയുടെ നിറമുണ്ട്.
കിട്ടിയ പക്ഷികളെ വല്യച്ചൻ വറുത്തു തിന്നു. മകനും ഭാര്യയ്ക്കും വേണ്ട. ഇപ്പോൾ തോക്കുമായി പക്ഷികളെയെന്നും വെടിവയ്ക്കാൻ പറ്റില്ല. കേസാകും. അതുകൊണ്ട് ഉണ്ടയില്ലാത്ത തോക്ക് തട്ടിമ്പുറത്ത് കിടപ്പാണ്. കുരുമുളകും ചുക്കും മച്ചിൽ വയ്ക്കാൻ പോകുമ്പോൾ ഒടിഞ്ഞു പറിഞ്ഞ് മൂലയ്ക്കുകിടക്കുന്ന തോക്ക് വല്യച്ചൻ കാണും. പഴയ കാലത്തെ വേട്ടക്കാരനെ ഓർമ്മ വരും. നെല്ലും ഇഞ്ചിയും മഞ്ഞളും പച്ചമുളകും കൃഷികൾ എല്ലാ കൊല്ലവുമുണ്ട്. മകൻ മരിച്ചതിൽ പിന്നെ കൃഷിപ്പണികൾ കുറഞ്ഞു. അവനുണ്ടായിരുന്നപ്പോൾ നോക്കി നടത്തിക്കൊള്ളുമായിരുന്നു.
മകനെക്കുറിച്ചോർത്തപ്പോൾ വല്യച്ചന്റെ കണ്ണുനിറഞ്ഞു. ഒരേയൊരു മകനായിരുന്നു. അവന്റെ സ്നേഹത്തിന് അതിരില്ലായിരുന്നു. അതിൻറെ ദുരന്തമേറ്റ ഒരു പാവം പെൺകുട്ടിയുണ്ടിവിടെ. ഞാനും മരിച്ചാൽ അവൾക്ക് ആരുണ്ട്? അവരുടെ കുഞ്ഞുങ്ങൾക്കാരുണ്ട്? അവർക്കായി വീടിന്റെ അറ്റകുറ്റപ്പണികൾ ഉടനെ തീർക്കണം. പറമ്പിലെ ആഞ്ഞിലിയും പ്ലാവും വെട്ടി വേണം മരപ്പണികൾ തീർക്കാൻ. കട്ടിലിലിരുന്ന് അദ്ദേഹം മഴയിലേക്ക് നോക്കിക്കൊണ്ടിരുന്നു. മഴയുടെ തണുപ്പും ഇരുട്ടും ശബ്ദങ്ങളും വല്യച്ചനെ ഓർമ്മകളിൽ നിന്നും തിരിച്ചുകൊണ്ടുവന്നു.
▮
അധ്യായം മൂന്ന്
വെയിലിന്റെ ഭർത്താവ് പോൾ മരിച്ചിട്ട് അഞ്ചു കൊല്ലമായി. മരിച്ചുകഴിഞ്ഞ ആദ്യവർഷങ്ങളിൽ പള്ളിയിൽ പോകുമ്പോഴൊക്കെ വെയിൽ ശവക്കോട്ടയിൽ എത്തുമായിരുന്നു. ഒരു ഇരുണ്ട സ്ഥലമാണ് ശവക്കോട്ട. പളളിയിൽനിന്ന് കുറേ അകലെയാണത്. ചുറ്റുപാടും മരങ്ങൾ ഉള്ളതിനാലും ഉള്ളിൽ പുല്ലും പള്ളയും ഉള്ളതിനാലും സൂര്യൻ നേരേ മുകളിലെത്തുമ്പോഴേ അവിടെ ശരിക്കും വെളിച്ചമുള്ളൂ. അവിടെ ഭിത്തിയോടു ചേർന്ന് പുറത്തൊരു മാവും നിന്നിരുന്നു. പലരും അടുത്തിടെ മരിച്ച തങ്ങളുടെ ആളുകളുടെ കുഴിമാടത്തിനരുകിൽ നിന്ന് പ്രാർത്ഥിക്കുന്നു. കുഴിമാടത്തിൽ പൂക്കൾ വയ്ക്കുന്നു. ആദവും അവ്വയും ചെടികൾ നടുന്നു. വെയിലും പോളിന്റെ കുഴിമാടത്തിൽ മെഴുതിരി കത്തിച്ച് പ്രാർത്ഥിക്കും.അവളുടെ കണ്ണിൽനിന്ന് വേദന തുള്ളി തുള്ളിയായൊഴുകും. മക്കളും വല്യച്ചനും കൂടെയുണ്ടാകും. ഇടയ്ക്ക് മക്കൾ അമ്മയുടെ മുഖത്തുനോക്കും. സിമിത്തേരിയിൽ ഒരു കല്ലറ മാത്രമേ ഉള്ളൂ. അത് നാട്ടിലെ ഒരു പ്രൊഫസറുടേതാണ്. നാട്ടിലെ സാധാരണക്കാരുമായി യാതൊരു ബന്ധവും ജീവിച്ചിരിക്കേ അങ്ങേർക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കേ മൂന്നു വർഷങ്ങൾക്കുമുമ്പ് ആരോ മരിച്ചപ്പോൾ ശവക്കുഴിയെടുത്തവർ മണ്ണോട് ലയിക്കാതെയിരിക്കുന്ന പോളിന്റെ ശരീര ഭാഗങ്ങൾ കണ്ടു എന്നൊരു കേൾവി പരന്നു. മുടി അങ്ങനെ തന്നെയിരിക്കുന്നു. അതൊരു വലിയ ചർച്ചാവിഷയമായിരുന്നു.
ഇനിയിപ്പോൾ ഭർത്താവിന്റെ കുഴിമാടത്തിന്റെ സ്ഥാനത്ത് മറ്റൊരു കുഴിമാടം വരും. കുറെ നാളേക്ക് പിന്നീട് വെയിലും വല്യച്ചനും കുട്ടികളുമൊന്നും പള്ളിയിലേക്കു തന്നെ പോയില്ല. അന്ധവിശ്വാസങ്ങൾ ധാരാളമുള്ള സ്ഥലമാണ്. ശവക്കുഴിയിൽ നിന്ന് മുടിയും അസ്ഥിക്കഷണങ്ങളും പൊട്ടിയ തലയോട്ടിയും കിട്ടാറുണ്ട്. ശവക്കുഴി കുത്തുന്നവർ പലപ്പോഴും ചാരായം കുടിച്ചിട്ടാണ് കുഴികുത്തുന്നത്. രാത്രിയിലായിരിക്കും പണി. ചാരായമാണ് കുഴിക്കുന്നത് എന്നു പറഞ്ഞാൽ മതി. അവശിഷ്ടങ്ങൾ ശവക്കോട്ടയുടെ മൂലയിലുളള അസ്ഥിക്കുഴിയിൽ ഇടുകയാണ് പതിവ്. ചതുരത്തിലുള്ള ഒരു വെട്ടുകൽക്കെട്ടാണത്. അതിലൊന്നും സാധാരണക്കാർ നോക്കാറില്ല. ശവക്കോട്ട, സിമിത്തേരി എന്നൊക്കെ കേൾക്കുമ്പോഴേ ആളുകൾക്ക് പേടിയാണ്. സത്യത്തിൽ പേടിക്കേണ്ട ഒരു കാര്യവുമില്ല. ഒറ്റയ്ക്ക് രാത്രിയിൽ അവിടെ പോയിരിക്കാൻ പലർക്കും പേടിയാണ്. എന്നാൽ അവിടെ ചെറുപ്പക്കാരനായ ഒരു അച്ചനും ഒരു സ്ത്രീയും രാത്രിയിൽ ഇരുന്ന് പ്രണയിച്ചതായി കേട്ടിട്ടുണ്ട്. വെയിൽ അത് ആരോ പറഞ്ഞുകേട്ടതാണ്.
വെയിലിന്റെ സ്വന്തം വീട് കുറെ ദൂരെയാണ്. അവൾ ഈഴവ സമുദായത്തിൽ പെട്ടവളായിരുന്നു . പോളുമായി സ്നേഹത്തിലായി. അങ്ങനെ കല്യാണം കഴിച്ചതാണ്. അതിന്റെ പിന്നിൻ ഒരു കഥയുണ്ട്: ഗ്രാമത്തിലെ ചന്തയിൽ വെച്ചാണ് പോൾ വെയിലിനെ കാണുന്നത്. അമ്മയുമൊത്ത് അവൾ സാധനങ്ങൾ വാങ്ങാൻ ചന്തയിൽ വന്നതാണ്. പോൾ പച്ച മീൻ മേടിക്കാൻ വന്നതായിരുന്നു. ഒറ്റനോട്ടത്തിൽത്തന്നെ അവരുടെ കണ്ണുകൾ തമ്മിൽ കൊളുത്തിപ്പോയി. പോളിന് അവളുടെ കണ്ണുകൾ മറക്കാൻ കഴിഞ്ഞില്ല.
മഞ്ഞുതുള്ളി പോലൊരു പെൺകുട്ടി.
നനഞ്ഞ രണ്ട് ഇലകൾ മാതിരി കണ്ണുകൾ.
അല്പം ചുവന്ന ചുണ്ടിന്റെ വരകളിൽ ഇത്തിരി കറുപ്പുനിറം. പാവാടക്കാരി. വീണ്ടും വീണ്ടും അവളെ നോക്കി. അവളും നോക്കി. പോൾ ജീപ്പിലായിരുന്നു ചന്തയ്ക്കുവന്നത്. തിരിച്ചു പോരുമ്പോൾ അയാൾ വെയിലിന്റെ അമ്മയേയും വിളിച്ചു. വെയിലിന്റെ അമ്മയ്ക്ക് പോളിനെ അറിയാം. അവർ ചിലപ്പോൾ പോളിന്റെ അമ്മയെ കാണാൻ വീട്ടിൽ വരാറുണ്ടായിരുന്നു. അവരെ അവരുടെ വീട്ടുവാതിൽക്കൽ വിട്ടിട്ടാണ് പോൾ പോന്നത്. കാപ്പി കുടിക്കാമെന്നൊക്കെ വെയിലിന്റെ അമ്മ പറഞ്ഞതാണ്. വെയിലിനെ നോക്കി ചിരിച്ചിട്ട് പോൾ മടങ്ങി. പോൾ അതിന്റെ പേരിൽ വെയിലിന്റെ സഹോദരൻ ഗോപിയുമായി കൂട്ടായി.
അങ്ങനെ ഗോപിയുടെ കൂടെ ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നു. അപ്പോൾ അവന്റെ മുമ്പിൽ വെയിൽ സൂത്രത്തിൽ വന്നുപെട്ടു. ഒന്നു ചിരിച്ചിട്ട് മിന്നലുപോലെ പൊയ്ക്കളഞ്ഞു. പോളിന് കൃഷിയായിരുന്നു പ്രധാന തൊഴിൽ. നാട്ടുകാരുടെ ആവശ്യത്തിന് ജീപ്പ് ഓടിക്കുകയും ചെയ്യും. കല്യാണത്തിനും മറ്റും ഓട്ടം പോകുന്ന ജീപ്പാണത്. പ്രധാനമായും ആശുപത്രി ഓട്ടങ്ങൾക്ക് പോകും. പിന്നെ സ്വന്തം പച്ചക്കറികളും റബർ ഷീറ്റും മറ്റും വില്ക്കുവാനായി ചന്തയ്ക്ക് കൊണ്ടുപോകുന്നതും ജീപ്പിലാണ്. നാട്ടിൽ മറ്റുള്ളവർ പച്ചക്കറികൾ ചന്തയ്ക്ക് കൊണ്ടുപോകുന്നത് കാളവണ്ടികളിലാണ്. നാലഞ്ചാളുകൾക്ക് കാളവണ്ടികളുണ്ട്. ചെറിയ കർഷകർ തലച്ചുമടായിട്ടാണ് പയറും പടവലങ്ങയും പാവയ്ക്കയും കോവയ്ക്കയും വെള്ളരിക്കയും വെണ്ടയ്ക്കയും ഒക്കെ കൊണ്ടുപോകുന്നത്.
നാട്ടിൽ ആർക്ക് എന്താവശ്യമുണ്ടെങ്കിലും ഏത് പാതിരായ്ക്കും പോകാൻ പോൾ തയ്യാർ. പണമൊക്കെ പിന്നെ കൊടുത്താൽ മതി. പാവപ്പെട്ടവരോട് പോൾ പൈസ വാങ്ങില്ലായിരുന്നു.
ഒരിക്കൽ ടൗണിൽ വച്ച് അവൻ വെയിലിനെ കണ്ടു: എന്താ ഇവിടെ നില്ക്കുന്നത്? വണ്ടി നിർത്തി അവൻ ചോദിച്ചു.
കയറൂ, അവൻ പെട്ടെന്ന് അവളോട് പറഞ്ഞു. അവൾ മറ്റൊന്നുമോർക്കാതെ മുമ്പിൽ കയറുകയും ചെയ്തു. ജീപ്പിലവർ കുറേ ദൂരം പോയി. രണ്ടു പേരും വികാരഭരിതരായിരുന്നു. അവൻ വിവാഹം കഴിക്കണമെന്ന ആവശ്യം അവളോട് പറഞ്ഞു. പേടിയാ, രണ്ടു മതക്കാരല്ലേ എന്ന് അവൾ പറഞ്ഞു. നിനക്ക് ഇഷ്ടമാണെങ്കിൽ അതൊക്കെ ഞാൻ നോക്കിക്കൊള്ളാം എന്ന് പോൾ പറഞ്ഞു.
അവൾ ഇഷ്ടമാണെന്നു പറഞ്ഞു.
മറ്റൊരിക്കൽ അവർ ജീപ്പിൽ കുന്നിൽ പുറത്തേക്കുപോയി. അവിടെ പോളിന്റെ വീട്ടുകാർക്ക് റബർ തോട്ടമുണ്ട്. അവരുടെ റബറു വെട്ടുന്ന ചാക്കോയും കുടുംബവും അവിടെയാണ് താമസിക്കുന്നത്.
പോൾ അവരുടെ വാതിൽക്കൽ ജീപ്പു നിർത്തി. എന്നിട്ട് ചാക്കോയുടെ വീട്ടിൽ വെയിലുമായി കയറി. ചാക്കോയുടെ ഭാര്യ മോളി അവർക്ക് കട്ടൻ കാപ്പി ഇട്ടുകൊടുത്തു. മോളി പോളിനോട് ഇതാരാണ് എന്ന് ചോദിച്ചു.
ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ, പോൾ പറഞ്ഞു. നല്ല ചേർച്ചയാ, മോളി പറഞ്ഞു.
ചാക്കോ പശുവിന് പുല്ലുപറിക്കാൻ പോയിരിക്കുകയായിരുന്നു. പോളും വെയിലും റബർതോട്ടത്തിലൂടെ നടന്ന് മുകളിലെത്തി. ആ ഭാഗം വിജനമായിരുന്നു. ഒരു വരണ്ട കാലമായിരുന്നു അത്. റബർ മരങ്ങൾ ഇലപൊഴിച്ചു കൊണ്ടിരുന്നു. റബറും കായ്കൾ പൊട്ടുന്ന ഒച്ചകൾ ഇടയ്ക്കിടയ്ക്ക് കേൾക്കാം. ചില കൊമ്പുകൾ ഒടിഞ്ഞ് താഴെ കിടക്കുന്നു. ഓരോ തൊട്ടിയും ഒന്നിനുമേലെയാണ്. ഇറങ്ങാനും കയറാനും കുത്തുകല്ലുകളുണ്ട്. അവിടെ ഒരു പാറക്കൂട്ടമുണ്ട്. അവർ പാറപ്പുറത്തിരുന്ന് സംസാരിച്ചു. ഇവിടെ മുമ്പൊക്കെ കുറുക്കന്മാരുണ്ടായിരുന്നു. ഈ ഭാഗത്തുനിന്ന് അവർ ഓരിയിടുമായിരുന്നു. അപ്പൻ അവയെ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴും കാട്ടുമുയലുകളുണ്ട്. ഞാൻ കണ്ടിട്ടുണ്ട്. ഒരു തരം ഗോതമ്പുനിറമായിരുന്നു. എന്നെക്കണ്ട് ഒന്നു പൊങ്ങി നോക്കിയിട്ട് പാഞ്ഞു കളഞ്ഞു. നല്ല ഉയരമുണ്ടായിരുന്നു.
ഞാനിതൊന്നും കണ്ടിട്ടില്ലല്ലോ, വെയിൽ പറഞ്ഞു. ഈ മലയ്ക്ക് അപ്പുറം ഒരു ചെരിവാണോ? പോളേട്ടൻ അവിടെ പോയിട്ടുണ്ടോ?
ഇല്ലടോ, ഇതുവഴി പോയിട്ടില്ല, മറുവഴിയിലൂടെ പോയിട്ടുണ്ട്, അവിടെ വലിയ കുഴികളുണ്ട്. കുറെ വീട്ടുകാർ താമസിക്കുന്നുണ്ട്. ചെരിവിൽ റബർ കൃഷിയാണ്. അതിന്റെ അപ്പുറത്ത് മറ്റൊരു മലയുണ്ട്. അതിന്റെ മുകൾഭാഗം ചീങ്കല്ലാണ്.
എന്റെ സ്വപ്നങ്ങളിൽ ആ സ്ഥലമൊക്കെ വേറേ സ്ഥലങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഞാനിന്നാള് ഏട്ടനെ സ്വപ്നം കണ്ടു.
അപ്പോൾ ഞാൻ നിന്റെ സ്വപ്നത്തിൽ വരെയെത്തി. അല്ലേ?
വെയിൽ അവനെ പ്രേമപൂർവം നോക്കി.
അപ്പോൾ അവളുടെ മുഖത്ത് ഒരു തുണ്ട് വെയിൽ മഞ്ഞൾ നിറം പുരട്ടി. ശരിക്കും ആ കാഴ്ച പോളിന്റെ മനസിൽ വെട്ടം വീഴ്ത്തി. അത്ര സുന്ദരിയായി അവളെ ആദ്യം കാണുകയായിരുന്നു.
പോളിന് അവളെയോർത്ത് അഭിമാനം തോന്നി.
ഇവിടെയെങ്ങും വീടുകൾ ഒന്നുമില്ലല്ലോ, അവൾ സംശയത്തോടെ പറഞ്ഞു.
ഇവിടെ താഴെയായി ഷീറ്റടിക്കുന്ന ഒരു പെരമാത്രമേയുള്ളൂ. എന്താ പേടിയായോ? പേടിക്കുകയൊന്നും വേണ്ട; അത് പറഞ്ഞിട്ട് പോൾ പാറപ്പുറത്ത് കിടന്നു.
പോളേട്ടനുണ്ടെങ്കിൽ എനിക്ക് പേടിയില്ല. മാത്രമല്ല നിങ്ങളുടെ പറമ്പല്ലേ ഇത്? പിന്നെന്തിന് പേടിക്കണം? ഞാൻ നിങ്ങളെ തട്ടിയെടുത്തു എന്ന് ആളുകൾ പറയുമോ ആവോ?
പോൾ അവളെ നോക്കി ചിരിച്ചു. ഞാൻ ഈ സുന്ദരിപ്പെണ്ണിനെ തട്ടിയെടുത്തെന്ന് ആളുകൾ പറയുമോന്നാ എനിക്ക് പേടി.
വെയിൽ പൊട്ടിച്ചിരിച്ചു.
ഞാനത്ര സുന്ദരിയൊന്നുമല്ല.
അവൻ അവളുടെ കണ്ണിൽത്തന്നെ നോക്കി.
ഇളം വെയിൽ തോട്ടം വിട്ട് താഴെയിറങ്ങാൻ തുടങ്ങി. അവരും പോകാനായി എണീറ്റു. പാറക്കെട്ടിന്റെ മറവിൽവച്ച് അവൻ ചോദിച്ചു, ഞാനൊന്ന് ഉമ്മവച്ചോട്ടെ.
അവൾ സമ്മതിച്ചില്ല, അതൊക്കെ കല്യാണം കഴിഞ്ഞിട്ട്.
എന്നാലും
ഒരു എന്നാലുമില്ല.
പോൾ പിണക്കം നടിച്ചു.
അങ്ങനെ അവൾ സമ്മതിച്ചു. കവിളിൽ തൊട്ടുകാണിച്ചുകൊടുത്തു.
എന്നാൽ അവൻ അവളുടെ ചുണ്ടിലാണ് ചുംബിച്ചത്. അവൾ വിറച്ചുപോയി.
നീ എന്റേതാണ്, അവൻ അവളോടു പറഞ്ഞു. ഇതിനായിരുന്നില്ലേ എന്നെ ഇവിടെ കൊണ്ടുവന്നത്, വീട്ടുകാരറിഞ്ഞാൽ എന്നെ കൊല്ലും, അവൾ പറഞ്ഞു.
ഇതും വേണ്ടേ, നമുക്ക് ഉടനേ കല്യാണം കഴിക്കണം; അവൻ പറഞ്ഞു.
പോളിന് പറമ്പിന്റെ കേറ്റത്തിന്റെ ഉച്ചിയിലുള്ള പാറക്കൂട്ടം ഇഷ്ടമായിരുന്നു. മുമ്പും അവൻ അവിടെപ്പോയി ഒറ്റയ്ക്ക് ഇരിക്കുമായിരുന്നു. അതിനിടയിൽ ഒരു പൊങ്ങല്യവും ഒരു അറയാഞ്ഞിലിയും നിന്നിരുന്നു. വെയിലിനും ആ പാറക്കുട്ടം ഇഷ്ടമായി. കല്യാണം കഴിഞ്ഞാൽ ഇടയ്ക്കൊക്കെ ഇവിടെ വന്ന് ഇരിക്കാമല്ലോ എന്നവൾ ആശിച്ചു.
കല്യാണം നടക്കുമോ, തനിക്ക് അതിനുള്ള യോഗ്യതയുണ്ടോ?, അവൾ ചിന്തയിൽ പെട്ടു.
നീ എന്താ ആലോചിക്കുന്നേ, കത്തുകല്ലിറങ്ങി നടക്കുമ്പോൾ പോൾ അവളോട് ചോദിച്ചു.
ഒന്നുമില്ല, അവൾ പറഞ്ഞു.
ഞാൻ ഉള്ള കാലം നീ ദുഃഖിക്കില്ല, പോൾ അവളോട് പറഞ്ഞു. അവൾക്ക് പോളിനെ വിശ്വാസമായിരുന്നു. നല്ല ചുറുചുറുക്കുള്ള കൃഷിക്കാരൻ. പരസഹായി. അവർ നടന്നുതാഴെ എത്തി. ചാക്കോയോടും മോളിയോടും വർത്തമാനം പറഞ്ഞിട്ട് അവർ ജീപ്പിൽ മടങ്ങുകയും ചെയ്തു. ആറരമണിയായപ്പോഴാണ് വെയിൽ വീട്ടിലെത്തിയത്. അവളുടെ അമ്മ അവളെ വഴക്കുപറഞ്ഞു.
▮
അധ്യായം നാല്
നീയിത് എന്തു ഭാവിച്ചാ? നമ്മുടെ അവസ്ഥ നോക്കണ്ടേ, അവർ വേറേ മതക്കാർ, നമ്മൾ അവർക്കു താഴെ, അവരോ സമ്പന്നർ, എങ്ങനെ ഒക്കും?
പോളേട്ടൻ എന്നെ കല്യാണം കഴിക്കും അമ്മേ, വെയിൽ പറഞ്ഞു.
അതു വേണോ എന്നാണ് ചോദിച്ചത്. അച്ഛൻ സമ്മതിക്കുമോ, നിന്റെ ആങ്ങള സമ്മതിക്കുമോ? നമ്മുടെ ആൾക്കാർ സമ്മതിക്കുമോ?
കാലം മാറുകയാണമ്മേ. എനിക്ക് പോളേട്ടനെ ഇഷ്ടമാണ്. നല്ല മനുഷ്യനാണെന്ന് അമ്മയ്ക്കും അറിയാമല്ലോ?
അതൊക്കെ ശരിയാണ്. നല്ല വീട്ടുകാരാണ്. പക്ഷേ മതവും ജാതിയും വിട്ടുപോയാൽ അത് പ്രശ്നമാകില്ലേ? അമ്മ പറഞ്ഞു.
എന്ത് പ്രശ്നം? ഞങ്ങൾ നന്നായി ജിവിക്കും. നാരായണ ഗുരു പറഞ്ഞതെന്താണമ്മേ, ഒരു ജാതി ഒരു മതം ഒരു ദൈവം എന്നല്ലേ? അവൾ തുടർന്നു. ഞാൻ പേളേട്ടനെ മാത്രമേ കല്യാണം കഴിക്കൂ. നിനക്ക് എന്തെങ്കിലും പറ്റിയോ മോളേ?, അമ്മ പേടിച്ചു ചോദിച്ചു.
എനിക്ക് ഒന്നും പറ്റിയില്ലമ്മേ, ഞാൻ അത്തരക്കാരിയല്ല. പോളേട്ടനും തെറ്റായി ഒന്നും ചെയ്യില്ല.
അച്ഛനറിഞ്ഞപ്പോൾ അത് വിഷയമായി. പക്ഷേ അയാൾ മകളോടൊന്നും പറഞ്ഞില്ല. തന്റെ മകൻ ഗോപിയോട് ഇതിനെപ്പറ്റി പോളിനോട് സംസാരിക്കണമെന്നു പറഞ്ഞു. പോളിനെ കണ്ട് ഗോപി കാര്യം പറഞ്ഞു: നീ അവളെ വിവാഹം കഴിക്കും എന്ന് ഉഷ പറയുന്നു. നിനക്കും അങ്ങനെയാണോ, അത് നടക്കുമോ, നിനക്ക് അതിന് ചങ്കുറപ്പുണ്ടോ, നിന്റെ വീട്ടുകാർ സമ്മതിക്കുമോ?
നടത്താമെന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ ഗോപീ ഞാനവളെ സ്നേഹിച്ചത്. ഞങ്ങൾക്ക് തമ്മിൽ ഇഷ്ടമാണ്. നീ ഞങ്ങളുടെ കൂടെ നിൽക്കണം. ഇതു പറഞ്ഞിട്ട് പോൾ നടന്നുമറഞ്ഞു.
ഗോപി നാരായണ ഗുരുവിന്റെ വാക്കുകൾ ഓർത്തു. മനുഷ്യജീവിതത്തിൽ അതൊന്നും വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ഗോപി ഓർത്തു.
ഒരർത്ഥത്തിൽ ഗുരു ഒരു പരാജയമായിരുന്നു. അല്ല ഗുരുവിനെ പരാജയപ്പെടുത്തി. എല്ലാവരും ഗുരുവിനെ വാഴ്ത്തും. ജാതി പക്ഷേ പോയില്ല. മനുഷ്യർ തമ്മിലുള്ള അന്തരങ്ങൾ കുറഞ്ഞില്ല. പോളിനെയും പോളിന്റെ വീട്ടുകാരെയും അവന് ഇഷ്ടമായിരുന്നു. പോൾ അവന്റെ അപ്പനെയും അമ്മയേയും അറിയിച്ചിരുന്നു. വേറെ ആരേയും താൻ വിവാഹം കഴിക്കില്ലെന്നും പറഞ്ഞു. പോളിന്റെ അമ്മ ഭർത്താവിനോട്, നല്ലൊരു പെൺകുട്ടിയാണത് എന്നു പറഞ്ഞു. ഈഴവരോടും പുലയരോടും പറയരോടും വേട്ടുവരോടും ക്രിസ്ത്യാനികൾ കാണിക്കുന്ന വിവേചനത്തെ അവർ ഒരിക്കലും അംഗീകരിച്ചില്ല. അവർ ദൈവം ഉണ്ടോ എന്ന് സംശയിച്ചിട്ടുണ്ട്. കാരണം വിവേചനങ്ങളുടെ ആകെത്തുകയായി നില്ക്കുകയാണല്ലോ ദൈവവും.
എല്ലാ മനുഷ്യരും ജീവിതത്തിൽ ഒരു നിമിഷമെങ്കിലും ഇങ്ങനെ സംശയിക്കാറുണ്ടെന്നു തോന്നുന്നു. ലിബറൽ ആയ ഒരു കുടുംബത്തിലാണ് അവർ ജനിച്ചുവളർന്നത്. വെയിലിന്റെ അമ്മ അവരുടെ പ്രിയ കൂട്ടുകാരിയായിരുന്നു. തങ്ങൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത കേരളത്തിലെ തദ്ദേശീയരായിരുന്നു എന്നവർക്കറിയാം. അവരുടെ സഹോദരൻ ഒരു വക്കീലായിരുന്നു. അയാൾ പറഞ്ഞ് ചരിത്രമൊക്കെ കുറേ അവർക്കറിയാം. പോളിന്റെ അപ്പനാകട്ടെ കാര്യങ്ങളെ മനസിലാക്കുന്ന ആളുമായിരുന്നു. വലിയ മതഭക്തനായിരുന്നില്ല. അക്കാലത്ത് മതം ഒരു വശത്ത് ഭീകരമായ അധികാരമായിരുന്നു. അവിശ്വാസികളെ പള്ളിയിൽനിന്ന് പുറത്താക്കുന്ന കാലം. അവിശ്വാസികളേയും ആത്മഹത്യ ചെയ്യുന്നവരേയും പുറംപോക്കിൽ അടക്കിയിരുന്ന കാലം. മതത്തോട് കലഹിക്കാന്നൊന്നും അദ്ദേഹം പോയില്ല. അധ്വാനിച്ചാൽ ജീവിക്കാം എന്ന തത്വമായിരുന്ന അദ്ദേഹത്തിന്റേത്. ഒരുതരം വിവേചനവും അയാൾ ഒരിക്കലും വച്ചു പൊറുപ്പിച്ചില്ല. സമ്പന്നനായ അയാളോട് പള്ളിക്കാരും കരുതിനിന്നു.
ഒരു ദിവസം അത്താഴ സമയത്ത് അദ്ദേഹം മകനോടുപറഞ്ഞു: നിനക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ കുറച്ചു കാത്തിരിക്കേണ്ടിവരും. എല്ലാം പെട്ടെന്ന് നടക്കുമെന്ന് കരുതരുത്. ചില കാര്യങ്ങൾ പെട്ടെന്ന് സംഭവിക്കാം. പക്ഷേ പല കാര്യങ്ങളും സംഭവിക്കാൻ കാത്തിരിക്കേണ്ടിവരും. സമചിത്തത കൈവിടാതെ പ്രായോഗികമായി പ്രവർത്തിക്കണം. ആവശ്യമില്ലാത്ത വാക്കുകൾ ഒന്നും ആരോടും പറയരുത്. ഇതിൽ രണ്ട് മതങ്ങളുടെ പ്രശ്നം മാത്രമല്ല ജാതിയുടേയും പ്രശ്നമുണ്ട്.
സംഗതികൾ നാട്ടിൽ എല്ലാവരും അറിഞ്ഞു. സംഗതി വർഗീയ പ്രശ്നമാക്കാൻ ചിലർ ശ്രമിച്ചു. പുരോഗമനവാദികൾ പിന്തുണച്ചു. ആളുകൾ അവിടെയും ഇവിടെയും വിഷയം ചർച്ചചെയ്തു. ഒരു പെൺകുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകുന്നതിൽ ഉള്ളാലെ സന്തോഷിച്ചവരും അസൂയപ്പെട്ടവരുമായ അമ്മമാർ ഉണ്ടായിരുന്നു. അവർ മതത്തിന്റെ, ജാതിയുടെ ഭാഗത്തുനിന്നു. തൊഴിലിടങ്ങളിലും തുണി അലക്കുന്ന തോട്ടിലും മറ്റും മാറുന്ന കാലത്തിന്റെ വിപ്ലവത്തീയോടൊപ്പം പ്രണയത്തീയും ആളിപ്പടർന്നു. തോട്ടുവെള്ളത്തിന് തീ പിടിച്ചു. അത് സ്വാഭാവികം.
വിപ്ലവമുള്ളിടത്ത് പ്രണയവും ഉണ്ടാകും. പ്രണയം വിപ്ലവമാണ്. വെയിൽ തീവെയിലായി സ്വയം പൊള്ളി. അവൾക്ക് പോളിനെ ഒന്ന് കാണാൻ കഴിയാത്തതിൽ കഠിനമായ വേദന തോന്നി. പോളിന്റെ ഒരു വിവരവും അറിയാൻ പറ്റുന്നില്ല. പോളേട്ടന് തന്നെ കാണണമെന്നില്ലേ? തന്നെ ഉപേക്ഷിച്ചോ? അവൾ മുറിയിലിരുന്ന് കരഞ്ഞു.
ഇലകൾ കൊഴിയുന്ന പറമ്പിലെ മരങ്ങൾ കണ്ടപ്പോൾ അവൾക്ക് കുന്നിൻപുറത്തു വച്ച് അവസാനമായി കണ്ട കാര്യം ഓർമ്മ വന്നു. തന്റെ പൊള്ളിയ ചുണ്ടവൾ നാവു കൊണ്ട് നനച്ചു വിതുമ്പി. പോൾ അവൾക്ക് പോസ്റ്റോഫീസ് വഴി ഒരു കത്തയച്ചു. അതിൽ ‘കാത്തിരിക്കണം’ എന്നു മാത്രം എഴുതിയിരുന്നു. ഒപ്പും ഉണ്ടായിരുന്നു. ആ വാക്ക് ജീവജലം മതിരിയായിരുന്നു അവൾക്ക്. അവൾ ആ കത്ത് മാറത്തുവച്ച് ഉറങ്ങി. ഇതിനിടയിൽ പോളിന്റെ അപ്പൻ വീട്ടിൽ ചെന്ന് വെയിലിന്റെ അച്ഛനെ കണ്ടു. പിന്നെ പള്ളിയിൽ പെണ്ണിനെ ചേർത്ത് ചെറിയ രീതിയിൽ കല്യാണവും നടന്നു. അന്യമതസ്ഥർ പള്ളിയിൽ കൂടുന്നതിൽ പള്ളിക്കാർക്ക് താല്പര്യമാണ്. ചില എതിർപ്പുകൾ ഇരു കൂട്ടരുടേയും ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പോളിന്റെ ചുറ്റുപാടും നല്ല സ്വഭാവവും കാരണമായി അതൊക്കെ ഇല്ലാതായി.
പോളിന്റെ ഭാഗം വിജയിക്കും എന്നായപ്പോൾ എല്ലാവരും അയാളുടെ ഭാഗത്തായി. അങ്ങനെ വെയിൽ പോളിന്റേതായി. വിവാഹത്തിൽ കുറച്ചാളുകളെ മാത്രമേ വിളിച്ചുള്ളൂ. പക്ഷേ പോളിനേയും ഭാര്യയേയും കാണാൻ പലരും വീട്ടിലെത്തി. അവർക്ക് ഭക്ഷണം കൊടുത്തു. വെയിലിന് മേരി എന്ന് പള്ളിയിൽ മാമ്മോദീസാ പേരിട്ടു. ശരിക്കും ഉഷ എന്ന പേരായിരുന്നു അവളുടേത്. അവളെ ഉഷ എന്നു തന്നെ അവൾ വിളിച്ചു. (വെയിൽ എന്നത് ഞാനിട്ട പേരാണ്.)
വിവാഹത്തോടെ വെയിൽ തെളിഞ്ഞു. അവളെ പോളിൻറെ അച്ഛനും അമ്മയ്ക്കും വലിയ ഇഷ്ടമായിരുന്നു. പള്ളിയിൽ കുർബാനയ്ക്ക് പോകുമ്പോൾ ആളുകൾ പുതുമണവാളനേയും മണവാട്ടിയേയും അത്ഭുതത്തോടെ നോക്കി നിൽക്കും. ചിരിക്കും. പലരും വർത്തമാനം പറയും.
എന്തൊരു മുടിയാണീ പെൺകുട്ടിക്ക്! സ്ത്രീകൾ അടക്കം പറഞ്ഞു. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടി ഈ നാട്ടിലില്ല. ആരോ പോളിനൊരു കത്തയച്ചു. അതിൻ പുതുദമ്പതികൾക്ക് ആശംസകൾ, നിങ്ങൾ ഇരുവരും ഈ നാടിന്റെ ചരിത്രം തിരുത്തിക്കുറിച്ചു, അങ്ങനെ നാരായണ ഗുരുവും മാർക്സും വിഭാവന ചെയ്ത മാനവ ലോകം പതുക്കെപ്പതുക്കെ വരികയായി എന്ന് എഴുതിയിരുന്നു. രണ്ട് കിളികളുടെ പടവും അതിൽ വരച്ചിരുന്നു. പോളും വെയിലും കത്തുവായിച്ചുചിരിച്ചു.
കണ്ടത്തിലും മലയിലെ റബർ തോട്ടത്തിലും വെയിൽ പോളിനൊപ്പം ജീപ്പിൽ പോയി. റബർ തോട്ടത്തിൽ അവൾ അവന്റെ മടിയിൽ കിടന്നു. ഉമ്മവച്ച് ഉമ്മവച്ച് അവർ കാമാതുരരായി. എങ്കിലും നേരം ഇരുട്ടിയപ്പോൾ വെയിലിന് പേടിയായി. എനിക്ക് പേടിയാകുന്നു പോളേട്ടാ, നമുക്ക് പോകാം, അമ്മച്ചി വഴക്കുപറയും; അവൾ പറഞ്ഞു.
ഞാനില്ലേ പെണ്ണേ, അവൻ പറഞ്ഞു.
അവൻ അവളെ വാരിയെടുത്തു.
ശ്ശോ വിടൂ, അവൾ ചകിതയായി.
ഏതായാലും ഭാര്യയെ അധികം പേടിക്കാൻ വിടാതെ പോൾ പോകാമെന്നു പറഞ്ഞു. അവർ ജീപ്പിൽ മടങ്ങുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ അമ്മ അവനെ വഴക്കുപറഞ്ഞു: നീയീ കൊച്ചിനേയും കൊണ്ട് ഈ രാത്രിയിൽ എവിടെ പോയതാ? മലയിൽ വല്ല പാമ്പോ കുറുക്കനോ ചെന്നായോ ഒക്കെ കാണത്തില്ലേ? മോള് പേടിച്ചുകാണും. മോളേ ഇവൻ ചെറുപ്പം മുതലേ സാഹസികനാണ്. സൂക്ഷിച്ചോണേ.
വെയിൽ കോപം നടിച്ച് പോളിനെ നോക്കി.
പോൾ ചിരിച്ചു. പ്രാർത്ഥനയും രാത്രി ഭക്ഷണവും കഴിഞ്ഞ് അമ്മയും അപ്പനും കിടന്നു.
പോളും ഭാര്യയും നിലാവുകണ്ട് തെക്കുവശത്തെ മുറ്റത്തിരുന്നു. ഇളം കാറ്റിൽ മുറ്റത്തു നിന്ന ഇലഞ്ഞിമരം ചെറുതായി ചില്ലകൾ ആട്ടി. ആകാശത്ത് പൂർണചന്ദ്രൻ.
പോളേട്ടാ ഞാൻ എത്ര ഭാഗ്യവതിയാണ്, അവൾ പറഞ്ഞു.
ഉഷേ ഞാനാണ് ഭാഗ്യവാൻ. അന്ന് നിന്നെ ചന്തയിൽ വച്ച് കണ്ടതുകൊണ്ട്. നിനക്ക് മതം മാറിയതിൽ വിഷമമുണ്ടോ മോളേ?
പെണ്ണങ്ങൾക്ക് മതമില്ല, എനിക്ക് നിങ്ങളാണ് മതം, അവൾ പറഞ്ഞു.
പോളേട്ടന് സ്വന്തം മതത്തിൽ നിന്ന് എന്നേക്കാളും സുന്ദരിയായ ഒരു പെണ്ണിനെ കിട്ടില്ലായിരുന്നോ? പിന്നെ എന്തിനാണ് എന്നെപ്പോലെ ഒരുത്തിയെ കല്യാണം കഴിച്ചത്?
ഇന്നാർക്ക് ഇന്നാരെന്ന് എഴുതിവച്ചിട്ടുണ്ട് കൊച്ചേ. അങ്ങനെ ഒരു പാട്ടുണ്ടല്ലോ. അതങ്ങനെ തന്നെ സംഭവിക്കും. ഞാൻ ജീവിതത്തിൽ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. ഞാൻ ചെറുപ്പം മുതലേ നിന്നെ അറിയും. നിങ്ങളുടെ വീട്ടുകാരെ അറിയാം. നീ എന്നെ അസാധാരണ സൗന്ദര്യത്താൽ നിന്നിലേക്ക് വലിച്ചെടുത്തു. കാന്തം പിടിച്ചു വലിക്കുമ്പോലെ. എനിക്ക് ജീവിതത്തിൽ ഇപ്പോൾ വളരെ സന്തോഷമുണ്ട്. നിനക്കാണ് എന്റെ എല്ലാം.
എനിക്ക് ക്രിസ്തുവിനെ നേരത്തേ അറിയാം. ഞാൻ ബൈബിൾ കോളേജിൽ പഠിക്കുമ്പോൾ വായിച്ചിട്ടുണ്ട്, വെയിൽ പറഞ്ഞു.
ഉഷേ, നീയെന്നോട് ക്ഷമിക്കണം. ഞാനിതൊന്നും വായിച്ചിട്ടില്ല. ബൈബിൾ അറിയാം. വേദപാഠക്ലാസിലും പള്ളിപ്രസംഗത്തിലും കേട്ടിട്ടുണ്ട്. നാരായണഗുരുവിനേയും അറിയാം. കൂടുതലായി ഒന്നും അറിയില്ല, പോൾ പറഞ്ഞു.
അറിയേണ്ടത് അറിഞ്ഞാൽ മതിയല്ലോ കൂടുതൽ അറിയേണ്ടല്ലോ എന്ന് വെയിൽ പറഞ്ഞു.
പിന്നീടവർ മുറിയിലേക്കുപോയി. തുറന്നു കിടന്ന ജനൽ അടഞ്ഞു. ഇരുട്ടും വെളിച്ചവും മാറി മാറി മുറിയിൽ പ്രത്യക്ഷപ്പെട്ടു. താൻ ഈ കൈകളിൽ സുരക്ഷിതയാണെന്ന് അവൾക്കുതോന്നി. അവൾ അവനെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു. ആകാശവും മരങ്ങളും ഇളം കാറ്റുമുള്ള ലോകം ഉണർന്നിരിക്കുന്നു.
▮
അധ്യായം അഞ്ച്
വെയിൽ പ്രീ ഡിഗ്രി വരെ പഠിച്ചതാണ്. ഇംഗ്ലീഷിന് ഒരു പേപ്പർ തോറ്റുപോയിരുന്നു. പോൾ പത്താം ക്ലാസിൽ തോറ്റതോടെ പിന്നെ കൃഷികാര്യങ്ങളുമായി കൂടി. തോറ്റത് നന്നായി എന്ന് പോളിന് തോന്നി. ഇക്കണ്ട കൃഷിഭൂമിയെല്ലാം നോക്കാൻ ആളു വേണമല്ലോ. മാത്രമല്ല, അക്കാലം കൃഷിയുടെ കാലമായിരുന്നു. വിദ്യാഭ്യാസത്തേക്കാളും ആളുകൾക്ക് താല്പര്യം കൃഷിയായിരുന്നു. കൂടുതൽ ഭൂമിയുള്ളവർ കൃഷിക്കാരായി. അല്ലാത്തവർ അവരുടെ കൃഷിപ്പണിക്കാരായി.
മണ്ണും മനുഷ്യരുമായി ഒരു ആത്മീയബന്ധം ഉണ്ടായിരുന്നു. ഒരു പ്രണയം. മനുഷ്യർക്കും ഭൂമിക്കും ഇടയിൽ നെല്ലും തെങ്ങും വാഴയും ഒക്കെ നിന്നു. ഇടിയും മഴയും വെയിലും കാറ്റും കർഷകരെ സ്വാധീനിച്ചു. രാസവളപ്രയോഗം തുടങ്ങിയിട്ടേയുള്ളു. എല്ലുപൊടിയുണ്ടായിരുന്നു. യൂറിയ, എൻ.പി.കെ, പൊട്ടാഷ് ഒക്കെ വരുന്നുണ്ട്. രാസവള പ്രയോഗം, കീടനാശിനികൾ ഒക്കെ ആദ്യകാലത്ത് കൃഷിക്ക് പ്രതീക്ഷ നല്കി. പച്ച മീനും ഉണക്ക മീനും ഇറച്ചിയും കരിപ്പെട്ടിച്ചക്കരയും പുകയിലയും സോപ്പും ഒക്കെയാണ് ആളുകൾ പുറത്തുനിന്ന് വാങ്ങിയിരുന്നത്. കുളിസോപ്പ് എല്ലായിടത്തും ആയിട്ടില്ല. കൊയ്ത്തുകാർക്കും തൊഴിലാളികൾക്കും അധികം അരി പുറത്തുനിന്ന് വാങ്ങേണ്ടിവന്നിരുന്നില്ല. പാടത്തുനിന്ന് കുറെ നെല്ല് കിട്ടും. നെല്ലു പുഴുങ്ങി ഉണങ്ങി മില്ലിൽ കൊണ്ട് കുത്തിച്ചെടുക്കും. ചിലർ വീട്ടിൽ തന്നെ കുത്തും. നിലത്ത് കുഴിച്ചിട്ട ഉരലും ഭൂമിയിൽ വച്ചിരിക്കുന്ന ഉരലും ഉണ്ടായിരുന്നു. എല്ലാവർക്കും റേഷനായി അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും ലഭിച്ചിരുന്നു. കപ്പയും ചക്കയും തൈരും മീനും ചോറും ഇറച്ചിയും എല്ലും കപ്പയും കാച്ചിലും ചേനയും പുട്ടും അടയും ഒക്കെയായിരുന്നു ഭക്ഷണങ്ങൾ.
പോളിന് കണക്ക് ഇത്തിരി ഇഷ്ടമായിരുന്നു. അത് ജീവിതത്തിൽ പ്രയോജനപ്പെട്ടു. അപ്പനെപ്പോലെ ഒന്നാന്തരം കൃഷിക്കാരനായിരുന്നു പോൾ. കുറെ ദൂരെയാണ് പാടം. അവിടെ നെൽകൃഷിയുണ്ടായിരുന്നു. വെണ്ട, പാവൽ, പടവലം, ചേന, മഞ്ഞൾ, ഇഞ്ചി, റബർ എന്നിങ്ങനെ കൃഷികൾ വേറെയും സ്ഥലത്ത്. വീട്ടിൽ കശുമാവുകൾ, പ്ലാവുകൾ, മാവുകൾ, തെങ്ങുകൾ, ചേമ്പ്, കാച്ചിൽ, കപ്പ, കാപ്പി എന്നിവയും. നെല്ലും ചക്കയും കപ്പയും ഒക്കെ ഭാര്യവീട്ടിലും കൊണ്ടു കൊടുക്കുമായിരുന്നു.
വെയിലിന്റെ വീട്ടുകാർ ഇടത്തരക്കാരായിരുന്നു. അവർക്കും കപ്പക്കൃഷിയും വെറ്റിലക്കൊടി, വാഴകൃഷി ഒക്കെയുണ്ടായിരുന്നു. പുറംപണിക്കും പോകും. അല്പം നെൽകൃഷിയും ഉണ്ടായിരുന്നു. പോളിന്റെ വീട്ടിൽ ഒരു ദേശത്തിന്റെ കഥ, ചെമ്മീൻ, കുറ്റവും ശിക്ഷയും, മരണസർട്ടിഫിക്കറ്റ്, മഞ്ഞ്, ആശാൻ കവിതകൾ, ബൈബിൾ, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതം എന്നിങ്ങനെ ചില പുസ്തകങ്ങൾ ഉണ്ടായിരുന്നു. പോളിന്റെ മരിച്ചു പോയ അമ്മാവന്റെ ബുക്കുകളാണവ. അമ്മാവൻ ഡൽഹിയിലായിരുന്നു.
പോൾ അതൊന്നും വായിച്ചിരുന്നില്ല. വായനയിൽ താല്പര്യമില്ല. പത്രം വായിക്കും. എന്നാൽ ഒഴിവുകിട്ടുമ്പോൾ വെയിൽ ഈ പുസ്തകങ്ങൾ വായിക്കുമായിരുന്നു. അവളുടെ നിർബന്ധം കൊണ്ട് അവൾക്കായും തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന മക്കൾക്കായും പോൾ ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കി.
വെയിൽ ഒരുപാടു പുസ്തകങ്ങൾ വായിച്ചു. പോളിന് അവൾ കഥ പറഞ്ഞു കൊടുക്കും. വുതറിംഗ് ഹൈറ്റ്സിന്റെ കഥ അവൾ വിവരിച്ചത് പോളിന് ഇഷ്ടമായി. പോൾ അവളുടെ മടിയിൽ കിടന്ന് കഥ കേൾക്കും, അവർ പാടത്തുപോകുമ്പോൾ തോടിന്റെ വക്കത്ത് കാറ്റുകൊണ്ടിരിക്കും.
ദൂരെ ബസു പോകുന്ന വഴി കാണാം. ഒരു കലുങ്കും തെങ്ങുകളും കാണാം. തൂക്കനാം കുരുവിക്കൂടുകൾ തെങ്ങോലത്തുഞ്ചത്ത് തൂങ്ങിക്കിടന്നു. അതിലൊരെണ്ണം കിട്ടിയാൽ കൊള്ളാമെന്ന് അവൾ അവനോട് പറഞ്ഞു. താഴെ വീഴുകയാണെങ്കിൽ എടുക്കാം. അവൻ പറഞ്ഞു. തന്റെ പണിക്കാരിലൊരാളോട് ഒരു തൂക്കനാം കുരുവിക്കൂട് കിട്ടിയാൽ കൊള്ളാമെന്ന് പോൾ പറഞ്ഞു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ വെയിലിന് തൂക്കനാം കുരുവികൾ ഉപേക്ഷിച്ചുപോയ ഒരു കൂട് കിട്ടി. എത്ര വിചിത്രമായ പണിത്തരം! വെയിലോർത്തു. അവൾ അത് വീട്ടിലെ വരാന്തയിൽ തൂക്കിയിട്ടു. അയൽക്കാരി അമ്മിണി അടുക്കള ഭാഗത്ത് വരുമായിരുന്നു. അവൾ വീട്ടിൽ നിന്ന് ചക്കയും തേങ്ങയും ഇരുമ്പപ്പുളിയും ഒക്കെ കൊണ്ടുപോയി.
മഴക്കാലം വരികയായി.
പുറത്ത് മഴ പെയ്യുന്നത് കേൾക്കാം. പകലും മഴയായിരിക്കും. മച്ചിട്ട വീടാണ്. നല്ല കുളിർമ്മ. അടുക്കള ജോലിയെല്ലാം കഴിഞ്ഞ് വെയിൽ കുളിച്ചു വരും. പിന്നെ ഭക്ഷണം. പത്തു മണിയോടെ അവർ കിടപ്പറയിലെത്തും. പിന്നെ അവർ പരസ്പരം സ്വന്തമാക്കും. അക്കാലത്തൊന്നും ഗൃഹസ്ഥർ രതി ആസ്വദിച്ചു എന്ന് തോന്നുന്നില്ല. ഒരു പാട് കുട്ടികൾ ഓരോ വീട്ടിലുമുണ്ടായി എന്നത് നേരാണ്. പക്ഷേ കലാപരമായി, സെക്സ് ആളുകൾ അനുഭവിച്ചിരുന്നില്ല. ഒന്നാമത് പ്രണയിക്കാനും രമിക്കുവാനും ഇടങ്ങൾ കുറവായിരുന്നു. കാടുകളിൽ അവിഹിതബന്ധങ്ങൾ നടന്നു കാണണം. അത്തരം കാര്യങ്ങൾക്ക് ഇന്നത്തേക്കാളും ഒളിവിടങ്ങളുണ്ടായിരുന്നു. പക്ഷേ അടഞ്ഞ കുടുംബങ്ങളായിരുന്നു കൂടുതൽ.
എന്നാൽ വെയിലും പോളും രാസലീലയാടി.
അവർ വിവാഹം കഴിഞ്ഞാണ് കൂടുതൽ പ്രണയിച്ചത്. ക്ഷീണിച്ചു തളർന്നുകിടക്കുമ്പോൾ എത്ര പറഞ്ഞാലും തീരാത്ത കാര്യങ്ങൾ അവർ തമ്മിൽ പറയും. ജീവിതത്തിലെ ഓരോ ആശകൾ പറയും. ആരാണ് ആദ്യം മരിക്കുക എന്ന് പറയും. നാട്ടിലെ ദുരന്തങ്ങൾ പറയും. മുമ്പ് അയലത്തെ വീട്ടിൽ വേലയ്ക്കുനിന്ന ഒരു പാവം പെൺകുട്ടിയെ അടുത്ത വീട്ടിലെ ഒരുത്തൻ ഗർഭിണിയാക്കിയെന്നും അവൻ ബോംബെയ്ക്കോ മദ്രാസിനോ പോയെന്നും പോൾ പറഞ്ഞു.
വെയിലും അത് അറിഞ്ഞിരുന്നു.
പാവം പെൺകുട്ടി, വെയിൽ ദുഃഖത്തോടെ പറഞ്ഞു. അവളെ ആ വീട്ടുകാർ പറഞ്ഞുവിട്ടു. അത് വർക്കിച്ചേട്ടന്റെ വീട്ടുകാർ എങ്ങനെയോ ഒതുക്കിത്തീർത്തു. പാവപ്പെട്ട പെണ്ണുങ്ങളോട് എന്തുമാകാമെന്നാ, പോൾ പറഞ്ഞു നിർത്തി.
നല്ല മനുഷ്യർ നിസ്സഹായരാണ്, അല്പം കഴിഞ്ഞ് പോൾ പറഞ്ഞു.
പുറത്ത് പെട്ടെന്ന് മഴ ശക്തിപ്പെട്ടു. അവർ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
▮
അധ്യായം ആറ്
വർക്കിച്ചേട്ടന്റെ വീട്ടിൽ വേലയ്ക്കുനിന്ന എൽസ എന്ന കീഴ് ജാതി പെൺകുട്ടിയെ ഗർഭിണിയാക്കിയ അയൽക്കാരൻ യുവാവ് മടങ്ങിയെത്തി. അയാളെ ആരോ തല്ലി. അയാൾ ബോധം കെട്ട് ഓടയിൽ കരികിലകൾക്കിടയിൽ ചോരയൊലിപ്പിച്ചുകിടന്നു എന്ന വാർത്തയുമായാണ് ഒരു ദിവസം ഗ്രാമം പുലർന്നത്. അയാളെ ആരോ ആശുപത്രിയിൽ കൊണ്ടുപോയി. കാലൊരെണ്ണം ഒടിച്ചു കളഞ്ഞിരുന്നു. പോലീസ് എത്ര അന്വേഷിച്ചിട്ടും ആ കേസ് മുന്നോട്ടു പോയില്ല. അർഹതപ്പെട്ട അടിയാണ് കിട്ടിയതെന്ന് പോലീസുകാർക്കും തോന്നിക്കാണും. അവിടം കൊണ്ടും തീർന്നില്ല. ആ കുടുംബം പിന്നീട് ചിതറിപ്പോകുകയാണ് ഉണ്ടായത്. അപ്പനും അമ്മയും അധികം താമസിയാതെ മരിച്ചു. ആ വീട് ആർക്കോ വിറ്റിട്ട് മക്കളെല്ലാം പല വഴി പോയി. അവരാരും നാട്ടിലില്ല.
അങ്ങനെയിരിക്കേ മഴക്കാലം തുടങ്ങി. കൊടുങ്കാറ്റുണ്ടായി. മരങ്ങൾ വീണു. മഴക്കാലത്ത് തോട് കരകവിഞ്ഞു. പാടം കായലായി. തോട്ടിൽ മീൻ പിടുത്തക്കാരുടെ ബഹളം. ഒറ്റാലും വലയും ചൂണ്ടയും കൂടുമായി നടക്കുന്ന മനുഷ്യർ, കുട്ടികൾ. ആറ്റിൽ നിന്ന് മഞ്ഞക്കൂരി കയറുന്നു. വരാലും മുതുമ്പിലയും ത്ലാപ്പയും ചില്ലോനും ആരോനും പള്ളത്തിയും ഒക്കെ പിടിക്കാൻ ആളുകൾ പാഞ്ഞു നടക്കുന്നു. പോളും അപ്പനും രാവിലെ പാടത്തുപോയി. സൂര്യൻ മഴ നനഞ്ഞ് കെട്ടുപോയി. നെല്ലിന്റെ തലപ്പുമാത്രം കാണാം. ചെറുചാറ്റമഴയുണ്ട്. തെങ്ങോലയിൽ നനഞ്ഞിരിക്കുന്ന കാക്കകൾ. അപ്പോഴാണ് ഒരു ആൺകുട്ടി തോട്ടിൽ കാലുതെന്നി വീണ് ഒഴുകിപ്പോയത്. ഒച്ചപ്പാടുകേട്ട് ഓടിയെത്തിയ പോൾ തോട്ടിലേക്ക് എടുത്തുചാടി പുറകേ നീന്തിച്ചെന്ന് പയ്യനെ രക്ഷിച്ചു. കൊച്ചൻ കുറെ വെള്ളം കുടിച്ചു. അതെല്ലാം പോൾ ഞെക്കി കളഞ്ഞു.
പയ്യനെ ജീപ്പിൽ കയറ്റി അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും പയ്യന്റെ വീട്ടുകാർ വന്നു. പോളും അപ്പനും തിരിച്ചുപോരുന്ന വഴിക്ക് അവരുടെ പാടത്ത് പണിക്ക് വരാറുള്ള ഒരാളുടെ വീട് മഴയിലും കാറ്റിലും ഇടിഞ്ഞുവീണു എന്നു കേട്ടു. അവർ അവിടെ എത്തിയപ്പോൾ ആളുകൾ കൂടിയിട്ടുണ്ട്. തൽക്കാലം പോൾ അവരെ ജീപ്പിൽ ബന്ധുവീട്ടിലെത്തിച്ചു. അവർക്ക് കുറച്ചു പൈസ കൂടി കൊടുത്തിട്ടാണ് പോൾ പോയത്. വെയിലിന്റെ വീട്ടുകാർക്ക് കുഴപ്പമൊന്നുമില്ല. സുഖം തന്നെ. കുന്നും മലകളും നിറഞ്ഞ പ്രദേശമാകയാൽ വെള്ളം ഈ നാട്ടിൽ അത്രയ്ക്ക് അപകടമുണ്ടാക്കില്ല. തുടർമഴ മാറാൻ മൂന്നു ദിവസമെടുത്തു.
രാത്രിയിൽ വെയിൽ പോളിനോട് തനിക്ക് ഇനിയും പഠിച്ചാൽ കൊള്ളാമെന്ന് പറഞ്ഞു. അതു നല്ല കാര്യം പോൾ പറഞ്ഞു. അങ്ങനെ തോറ്റുപോയ ഇംഗ്ലീഷ് പേപ്പർ എഴുതിയെടുക്കാനുള്ള ശ്രമം വെയിൽ ആരംഭിച്ചു. ടെക്സ്റ്റുബുക്കുകളൊക്കെ അവളുടെ കൈവശമുണ്ട്. ആയിടയ്ക്കാണ് അവൾ ഗർഭിണിയായത്. വല്യച്ചനും അമ്മച്ചിക്കും സന്തോഷമായി. പ്രസവത്തിനുമുമ്പ് പരീക്ഷ വരുമല്ലോ. പോൾ കരുതി.
പാടത്തു വെള്ളമിറങ്ങിയതോടെ മുങ്ങിക്കിടന്ന നെല്ലോലകൾ തലപൊക്കി. തെങ്ങുകൾ കാറ്റത്താടി. പച്ചത്തത്തകൾ ചിറകടിച്ചു പാഞ്ഞുപോയി. നമുക്ക് വീടുവരെ ഒന്നുപോയാലോ? വെയിൽ കെട്ടിയോനോട് പറഞ്ഞു.
അവരവിടെ എത്തിയപ്പോൾ ഉച്ചകഴിഞ്ഞിരുന്നു. ചായയും പലഹാരവും കഴിച്ചിട്ട് അച്ഛനെയും അമ്മയേയും സഹോദരനേയും കണ്ടിട്ട് അവർ പോന്നു. മകൾ ഗർഭിണിയാണെന്ന കാര്യം വെയിലിന്റെ വീട്ടുകാർ അറിഞ്ഞു. അവർ ഇടയ്ക്ക് അവളെ കാണാൻ വന്നു. പോളിന്റെ അമ്മ പത്രവും ബൈബിളും ഒക്കെ വായിക്കുമായിരുന്നു. ബൈബിളിലെ ചില കഥകൾ മരുമകൾക്കും പറഞ്ഞുകൊടുക്കും. ഹിന്ദു പുരാണത്തിലെ പല കഥകളും അവർക്കറിയാമായിരുന്നു. ഗർഭിണിയായ മരുമകൾക്ക് ചില ഉപദേശങ്ങളും നൽകിയിരുന്നു. എത്ര സന്തോഷപൂർണ്ണമായ ജീവിതമായിരുന്നു അക്കാലത്ത്. എന്നാൽ ക്ഷണികമാണത്. ശാശ്വതമായുള്ളത് ദുഃഖം മാത്രം. വെയിൽ ഓർത്ത് നെടുവീർപ്പിട്ടു.
വെയിൽ ഇതിനിടയിൽ പരീക്ഷ എഴുതി. പോൾ ഒരു കാറുപിടിച്ചാണ് പോയത്. പരീക്ഷ തീരും വരെ അയാൾ കാറിലിരുന്നു. ആദ്യത്തെ പ്രസവമായതിനാൽ വെയിലിനെ അവളുടെ വീട്ടുകാർ വന്നു കൊണ്ടുപോയി.
പോൾ മിക്കവാറും ദിവസം പലഹാരവും പഴങ്ങളുമായി അവിടെ ചെല്ലും. ഉഷ പോളിനെ കാത്തിരിക്കും. പോൾ പോകുമ്പോൾ വേദനയാകും. പകലെല്ലാം ഉഷ പുസ്തകം വായിച്ചിരിക്കും. എം.ടിയുടെ മഞ്ഞും നാലുകെട്ടും കാലവും വായിച്ചു കഴിഞ്ഞു. പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങൾ വായിക്കാനും തുടങ്ങി. തന്റെ മക്കൾ പുസ്തകം വായിക്കുന്നവരായിരിക്കുമോ? അതോ അപ്പനെപ്പോലെയായിരിക്കുമോ?
പുസ്തകം വായിക്കാതെ തന്നെ ചിലർക്ക് ജീവിതം മനസിലാകും എന്ന് വെയിലിന് തോന്നിയിട്ടുണ്ട്. പോളിന് കൃഷിയെപ്പറ്റി വലിയ അറിവുകളുണ്ട്. കൃഷിയുടെ എഴുതപ്പെടാത്ത പുസ്തകമാണയാൾ. ഇടയ്ക്ക് മിഡ് വൈഫ് വീട്ടിൽ വരും.
വീട്ടിൽ തന്നെ യായിരുന്നു ആദ്യ പ്രസവം. പെൺകുഞ്ഞായിരുന്നു. പോൾ വെയിലിന്റെ നെറ്റിയിൽ ചുംബിച്ചു. കുഞ്ഞിനെ സൂക്ഷിച്ചെടുത്തു.
▮
അധ്യായം ഏഴ്
വെയിൽ ദുഃഖമാകുന്നു എന്നു വച്ചാൽ ഇരുണ്ടു മൂടിക്കിടക്കുന്ന ഒരു ഇടം എന്നാണർത്ഥം. ധാരാളം കാടുകൾ നിറഞ്ഞ ഒരു സ്ഥലം, ചതുപ്പുകളും ഉയർന്ന പ്രദേശങ്ങളും ഇരുണ്ടു കിടന്നു. സൂര്യൻ അവിടവിടെയായി കാണപ്പെട്ടു.
അടുത്തുള്ളവരുടെ കണ്ടത്തിൽ പണിക്കുപോയ ഒരു പെൺകുട്ടിയെ പേറ്റുനോവുമൂലം ആളുകൾ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടി അവിവാഹിതയായിരുന്നു. അവളുടെ ഗർഭത്തിന് ഉത്തരവാദി ആരായിരുന്നു എന്നത് ഒരു ചോദ്യമായി. ആഗമ്യഗമനം ആണെന്നൊരു കേൾവിയുമുണ്ടായി. ഈ ഗ്രാമം അധഃപതിക്കുകയാണോ? വല്യച്ചൻ ഓർത്തു.
പളളിക്കാരാണ്. അഗമ്യഗമനം ആണെന്ന് എങ്ങനെ പറയും? ആരാണെന്ന് പെൺകുട്ടി പറയില്ല. ഇതു പോലെ മുമ്പൊരു സംഭവമുണ്ടായി. അതിൻ ഒരു പാട് ചെറുപ്പക്കാരുടെ പേരുകൾ പറഞ്ഞുകേട്ടു. ആ പെൺകുട്ടിയുടെ മകൾ ഇപ്പോൾ വളർന്നിരിക്കുന്നു. അവളെ ഇടക്ക് കാണാറുണ്ട്. പാവപ്പെട്ടവരാണ്. വല്യച്ചൻ തോട്ടിലെ സംഭവത്തിനുശേഷമാണ് ഇതൊക്കെ ഓർക്കുന്നത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഓർക്കുകയാണ് അദ്ദേഹത്തിന്റെ ഇക്കാലത്തെ രീതി. പലതും സ്വപ്നം കാണുകയും ചെയ്യും. മരണത്തോടടുക്കുകയാണ് താനെന്ന് അദ്ദേഹത്തിന് തോന്നിതുടങ്ങി. മകന്റെയും ഭാര്യയുടേയും മരണം ആകസ്മികമായിരുന്നു. ഭാര്യ മരിച്ചത് പ്രായം ചെന്നിട്ടാണ് എന്ന് സമാധാനിക്കാം. മകൻ മരിച്ചത് തനിക്ക് സഹിക്കാൻ കഴിയുന്നില്ല.
ഒരു ദിവസം ഒരാൾ വീട്ടിൽ വന്നു. രാത്രി 8 മണിയായിക്കാണും. മുമ്പ് അയാളെ കണ്ടിട്ടേയുണ്ടായിരുന്നില്ല. അപ്പോഴാണ് പോളിന് ഒരു നെഞ്ചുവേദന വന്നത്. മകനെ ആശുപത്രിയിലേക്ക് ഞങ്ങൾ എല്ലാവരും കൊണ്ടുപോയി. വീട്ടിൽ വന്നയാളാണ് ജിപ്പ് ഓടിച്ചത്. ആശുപത്രിയിലെത്തി അല്പം കഴിഞ്ഞപ്പോൾ മകൻ മരിച്ചു. ഉഷ ബോധം കെട്ടു വീണു. അവന്റെ അമ്മ കുഞ്ഞുങ്ങളെ നോക്കി വീട്ടിലിരുന്നു. അപ്പോൾ ഉഷയുടെ വീട്ടുകാരും നാട്ടുകാരുമെത്തി. പോളിന്റെ മരണത്തോടെ വല്യച്ചനിൽ ഒരു പാട് മാറ്റമുണ്ടായി.
ദുഃസ്വപ്നങ്ങളുടെ ലോകത്താണ് വല്യച്ചനെപ്പോഴും. മരണവുമായി സംസാരിക്കുക. സംഭവങ്ങളെ വിചിത്രമായ രീതിയിൽ കാണുകയൊക്കെ പതിവായി. കൊച്ചുമക്കളാണ് വല്യച്ചനെ ലോകത്തോട് ചേർക്കുന്നത്. ഉഷ പോളിന്റെ മരണം ഇടയ്ക്കിടയ്ക്ക് ഓർക്കാറുണ്ട്. നെഞ്ചുവേദന വന്നിട്ട് പോളേട്ടനാണ് കൂട്ടുകാരനായ ഡ്രൈവറെ വിളിച്ചു വരുത്തിയത്.
ആയിടെ നാട്ടിൽ വന്ന ഒരു വരത്തനായിരുന്നു അത്. പോളേട്ടനും ഞാനും വല്യച്ചനും ജീപ്പിൽ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിലെത്തി കുറെക്കഴിഞ്ഞപ്പോൾ പോളേട്ടൻ മരിച്ചു. മരിക്കുന്നതിനു മുമ്പ് കുഞ്ഞുങ്ങളെ കാണണമെന്നു പറഞ്ഞു. ഉഷേ ഞാൻ പോകുന്നു എന്നു പറഞ്ഞു. എനിക്ക് അത് താങ്ങാനായില്ല. എന്റെ കാമുകനും ഭർത്താവും ആയിരുന്നു പോളേട്ടൻ. എന്നെ ഒരിക്കലും വഴക്കുപറഞ്ഞിട്ടില്ല. ചില സൗന്ദര്യപ്പിണക്കങ്ങളുണ്ടായിട്ടുണ്ട്. അത് സ്നേഹത്തെ വർധിപ്പിക്കുന്നു.
എനിക്ക് ധാരാളം സാരികൾ വാങ്ങിത്തന്നു. സ്വർണവളകൾ വാങ്ങിത്തന്നു. ഗോപിയെ പട്ടണത്തിൽ ഒരു കടയിടാൻ സഹായിച്ചു. എന്റെ അച്ഛന് ചികിത്സയ്ക്ക് പണം കൊടുത്തു. ജീപ്പിലാണ് ആശുപത്രിയിൽ കൊണ്ടുപോകുക. ഞാൻ പോളേട്ടനെ കണ്ടുമുട്ടിയ ചന്ത ഇന്നുമുണ്ട്. ആദ്യമായി ഞങ്ങൾ കണ്ട ദിവസം ഞാനോർക്കുന്നു. ഞങ്ങൾ കുന്നിൻ പുറത്തു പോയതും ആദ്യ ചുംബനവും ഞാൻ മറക്കില്ല. വിവാഹത്തിനു മുമ്പുള്ള ആ ചുംബനം ഒരു മുദ്രയായി അവശേഷിക്കുന്നു. അനശ്വരമായ ചുംബനം അതാണ്. എനിക്ക് പേടിയായിരുന്നു. എങ്കിലും ഒരു ചുംബനം ഞാൻ ആശിച്ചിരുന്നു. അത് പൊള്ളിച്ച ഒരു അനുഭവമായിരുന്നു. കുന്നിൻ മേലേയുള്ള ആ പാറയിൽ ആ ചുംബനം കൊത്തിവച്ചിട്ടുണ്ട്. അത് എനിക്ക് കാണാം. എനിക്കു മാത്രം. ഗർഭകാലങ്ങളിലെ സ്നേഹത്തിന്റെ ആഴം എനിക്കറിയാം. പോളിന്റെ അതേ രൂപത്തിൽ എനിക്കൊരു മകനും എന്റെ രൂപത്തിൽ ഒരു മകളും ഉണ്ട്. കുഞ്ഞുങ്ങൾക്കെന്നെ ജീവനാണ്. എന്റെ ചുണ്ടിന്റെ ചെറുകറുപ്പ് മോൾക്കുമുണ്ട്. എന്റെ മുടിയാണവൾക്ക്. എനിക്ക് ഇവിടെ വല്യച്ചന്റെ തണലുണ്ട്. എന്റെ വീട്ടുകാരുടേയും നാട്ടുകാരുടേയും സ്നേഹമുണ്ട്. എനിക്ക് ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ലാത്ത ദൈവമുണ്ട്. എന്റെ മുറിയിൽ ശിവന്റെ ഫോട്ടോ ഉണ്ട്. ഇവിടെ ആർക്കും അതിന് എതിർപ്പില്ല. കുറച്ചു കാലമേ ഒരുമിച്ചു ജീവിച്ചുള്ളൂ എങ്കിലും എന്റെ ജീവിതം എനിക്ക് വിലപ്പെട്ടതാണ്. അതിനെ വിലപ്പെട്ടതാക്കിയത് പോളേട്ടനാണ്.
▮
അധ്യായം എട്ട്
ഭൂമി നിലമായും കുന്നായും പാറക്കെട്ടുകളായും നിരപ്പുകളായും കാണുന്നു. അത് ഉരുണ്ടതും ചളുങ്ങിയതുമാകുന്നു. അത് എല്ലാ ജീവജാലങ്ങൾക്കും ജീവിതം, ആവാസലോകം.
ഭൂമി പരന്നതാണ് എന്നാണ് പണ്ടുള്ളവർ കരുതിയത്. അതിൽ തെറ്റൊന്നുമില്ല. ഗോളാകൃതിയാണതിനെന്ന്, പരാബോളിക് ആണെന്നുമൊക്കെ പള്ളിക്കൂടങ്ങളിൽ നിന്ന് പഠിക്കാം. ഭൂമിക്ക് വെളിയിൽനിന്ന് നോക്കുമ്പോൾ ഭൂമി ഒരു ഗോളമാണ് എന്നും പഠിക്കാം.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഭൂമി പരന്നുകിടക്കുന്നതായി കാണുന്നു. ആ ബോധത്തിലാണ് കൃഷി നടക്കുന്നത്. ആബേലിന്റെയും കായേന്റെയും അതേ ഭൂപശ്ചാത്തലം തന്നെ. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഭൂമി ഭൂമിയല്ല. ഭൂമിയിൽ ഭൂമിയില്ല, മറ്റു പലതുമാണ്. പരന്നു കിടക്കുമ്പോഴും അത് ഉറച്ചതും വെള്ളം നിറഞ്ഞതും ഗർത്തങ്ങളും താഴ് വാരങ്ങളും വനപ്രദേശങ്ങളും പാടങ്ങളും ഉള്ളതുമാകുന്നു. ഭൂമിക്ക് മണമുണ്ട്. വളരെ ചെറിയ ഒരിടത്തിലെ മണ്ണിനെ അറിഞ്ഞ, പോയ കാലത്തെ ഒരു മനുഷ്യനാണ് വല്യച്ചൻ. പകൽ ഭൂമിക്കുമുകളിൽ ആകാശവും മേഘങ്ങളും സൂര്യനും. രാത്രിയിൽ ഭൂമി മറ്റൊന്നാണ്. നക്ഷത്രങ്ങളും ചന്ദ്രനും ഉള്ള ആകാശത്താഴ് വര.
വൈകാതെ ഞാൻ ഈ ഭൂമി വിട്ടുപോകും. ഭൂമിയെ നെല്ലിനെ, തെങ്ങിനെ, കുരുമുളകിനെ, റബറിനെ, വലിയ മരങ്ങളെ ഒക്കെ വിട്ടുപോകും. ചെറുപ്പത്തിലേ അപ്പനോടൊപ്പം ഞാനൊരു കർഷകനായിത്തീർന്നു. ചാറ്റമഴയത്തും പാളത്തൊപ്പി വച്ച് വരമ്പു വെട്ടി. ഒരു പാട് മഴകൾ നനഞ്ഞു. ഒരു പാട് വെയിൽ കൊണ്ടു. പാടത്ത് ചപ്പുചവറുകൾ ഇട്ട് കാളപൂട്ടി, ഞൗരിയടിച്ചു. വെള്ളം വറ്റിയ കണ്ടങ്ങളിൽ ദൈവവചനങ്ങൾ പോലെ നെൽവിത്തുകൾ വിതച്ചു. നെല്ല് കതിരാകുമ്പോൾ, നെല്ലുവിളയുമ്പോൾ എന്തൊരു രോമാഞ്ചമായിരുന്നു. പറയിലും ചെങ്ങഴിയിലും നെല്ലു നിറച്ചു. കറുത്ത സ്വർണവും നാളികേരവും തട്ടിൻപുറത്ത് നിറച്ചു. റബർ ഷീറ്റുകൾ അടുക്കിവച്ചു. പശുക്കളെ തീറ്റി. ആടുകളെ നോക്കി. കാളകളെ വച്ചു കണ്ടത്തിൽ പൂട്ടി. ഇനി ഞാനീ മണ്ണിൽ കിടന്നുറങ്ങും.
ഒരു ദിവസം വല്യച്ചൻ വെയിലിനെ വിളിച്ചു;
മകളേ, ഇനി കണ്ടത്തിലെ കൃഷി പ്രയാസമാണ്. ഇനിയുള്ള കാലത്ത് കണ്ടം വിറ്റാൽ പൈസയും അധികം കിട്ടില്ല. കാരണം നമ്മുടെ കൃഷി അവസാനിക്കുകയാണ്. കൃഷി നഷ്ടമായി. റബറിന് വിലയില്ല. കൃഷിപ്പണിക്ക് ആളെ കിട്ടാനില്ല. രാസവളം പ്രയോഗിച്ചും മരുന്നടിച്ചും മണ്ണിന്റെ ഗുണം പോയി. പലരും കൃഷിനിർത്തി. ഒരു കാലത്തെ കൃഷിക്കാർ പലരും മരിച്ചു. മക്കൾ ബിസിനസിലേക്കും ജോലികൾക്കും പോയി. ഇവിടത്തെ മക്കൾ നല്ലതുപോലെ പഠിക്കുന്നുണ്ടല്ലോ. അവർ കൃഷിക്കാർ ആവില്ല. അതുകൊണ്ട് കണ്ടം നമുക്ക് വിറ്റാലോ എന്ന് ഞാൻ ആലോചിക്കുകയാണ്. അതുപോലെ കുന്നിൻ പുറത്തെ മൂന്നേക്കർ സ്ഥലത്തിൽ ഒരേക്കർ ഈ നാട്ടിലെ ഭൂമിയില്ലാത്ത മനുഷ്യർക്ക് കൊടുത്താലോ? നമുക്ക് ഇവിടെയും വേറേയും ഭൂമിയുണ്ടല്ലോ.
വെയിൽ പറഞ്ഞു: വല്യച്ചൻ പറഞ്ഞത് ശരിയാണ്. നമ്മൾ കൃഷിയിൽനിന്ന് എന്നേ മാറിപ്പോയി. ഭൂമിയില്ലാത്തവർക്ക് കുറേ ഭൂമി കൊടുക്കാം. നമ്മുടെ നാട്ടുകാരല്ലേ? നമ്മളെ സ്നേഹിക്കുന്നവരല്ലേ?
വല്യച്ചൻ തുടർന്നു: മകളേ, സത്യത്തിൽ ഈ ഭൂമിയൊന്നും നമ്മുടേതല്ല. ആരുടേതുമല്ല. നമ്മൾ അതെല്ലാം വെട്ടിപ്പിടിച്ചതാണ്. അത് ഭൂമിയില്ലാത്തവർക്ക് മടക്കിക്കൊടുക്കണം. നമുക്കുമുമ്പേ ഇവിടെ ഉണ്ടായിരുന്നവർ അവരാണ്. അവരുടേതായിരുന്നു ഇതെല്ലാം. എല്ലാവർക്കും ആവശ്യത്തിന് സ്ഥലം ഭൂമിയിലുണ്ട്. പക്ഷേ കുറേ ആളുകൾ കൂടുതൽ കൈയാളുന്നു. അപ്പോൾ ചിലർക്ക് കിട്ടാതെ വരുന്നു.
കണ്ടം അവർ വിറ്റു. പറഞ്ഞതുപോലെ ഒരേക്കർ സ്ഥലം പാവപ്പെട്ടവർക്ക്, പ്രത്യേകിച്ച്, ദലിതർക്ക് വീതിച്ചുകൊടുത്തു. ബാക്കി രണ്ടേക്കർ റബർ മരങ്ങളുമായി അവിടെ കിടന്നു. ചാക്കോ തന്നെ അത് നോക്കുന്നു.
വല്യച്ചൻ മറ്റൊരിക്കൽ വെയിലിനോടു പറഞ്ഞു:
ഇപ്പോൾ എന്റെ മനസിലെ ഭാരം കുറച്ചു കുറഞ്ഞു. മകൻറെ ഓർമ്മകൾ നമ്മൾ മനുഷ്യർക്കു നല്കിയ സ്ഥലങ്ങളിൽ നിലനിന്നേക്കാം. നമ്മുടെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം ഇവിടത്തെ കർഷകത്തൊഴിലാളികളായിരുന്നു. എന്റെ മകൻ അവർക്കുവേണ്ടി പലതും ചെയ്തിട്ടുണ്ട്. അവൻ അത് ആരോടും പറയാറില്ലായിരുന്നു. മകളേ, എൻറെ മകൻ നിന്നെ സ്നേഹിച്ചു. സ്നേഹമാണ് ഏറ്റവും വലുത്. ഞങ്ങൾ അതു മനസിലാക്കി. പക്ഷേ അവനെ ദൈവം പെട്ടെന്നു വിളിച്ചു. അമ്മയും മരിച്ചു. എനിക്കറിയാം മോൾക്ക് നല്ല ഒരു ജീവിതം ഉണ്ടായില്ല. എത്ര പെട്ടെന്നാണ് മോളുടെ സന്തോഷജീവിതം അവസാനിച്ചത്. പക്ഷേ നിരാശയാവരുത്. മക്കൾക്കായി ഇനി ജീവിക്കണം. എനിക്കിനി മരിക്കാം.
വെയിൽ കുനിഞ്ഞിരുന്ന് ഏങ്ങലടിച്ചു കരഞ്ഞു. മക്കൾ അവളെ ചുറ്റിപ്പിടിച്ചിരുന്നു: വല്യച്ചൻ ഇങ്ങനെയൊന്നും പറയരുത്. ദൈവം ഉടനെ അങ്ങയെ വിളിക്കില്ല. വല്യച്ചൻ പോയാൽ ഞങ്ങൾക്ക് ആരുമില്ല.
നിങ്ങൾക്കുള്ളതെല്ലാം ഇവിടുണ്ട്. ഞങ്ങളെല്ലാം പോയാലും ഇവിടെയൊക്കെത്തന്നെയുണ്ട്. ഭൂമിവിട്ട് ആരും എങ്ങും പോകുന്നില്ല. സ്വർഗവും നരകവും ഇല്ല. ഭൂമിക്കപ്പുറത്ത് മനുഷ്യർക്ക് ഒരു ഇടമില്ല. ഇവിടെ മരിച്ചാലും നമ്മൾ ഇവിടെ ജീവിക്കണം. പല രൂപങ്ങളിൽ ജീവിക്കണം. ജീവിതം ശാശ്വതമാണ്.
▮
അധ്യായം ഒമ്പത്
പോൾ മരിച്ചിട്ട് ഇപ്പോൾ പത്തുപന്ത്രണ്ട് വർഷമായിരിക്കുന്നു. മക്കൾ രണ്ടും കോളേജിൽ പഠിക്കുന്നു. വല്യച്ചന് 80 വയസായി. പഴയതുപോലെ ഓർമ്മയില്ല. ജീവിതരീതിയിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. ചട്ടിയൊന്നും ആരും ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഭക്ഷണരീതി മാറി ചപ്പാത്തിയും ദോശയുമായി. കപ്പ വല്ലപ്പോഴും പലഹാരം പോലെയായി. അരി കടയിൽനിന്ന് വാങ്ങണം. കുറച്ചേറെ പണം ബാങ്കിലുണ്ട്. അതിന്റെ പലിശ കിട്ടും. എല്ലാ മനുഷ്യരും മാറിയിരിക്കുന്നു. പഴയ ലാളിത്യം പോയ്മറഞ്ഞു. ഓലവീടുകൾ എങ്ങുമില്ല. എല്ലായിടത്തും വൈദ്യുതിയെത്തി. പഠിക്കാത്ത കുട്ടികൾ കുറവാണ്. ഇവിടെ ജോലിക്കു നില്ക്കുന്ന ഒരു ചേടത്തിയുണ്ട്. ഇത്രയും വലിയ ഒരു വീടുനോക്കാൻ ഒറ്റയ്ക്കുവയ്യ . ചേടത്തിക്കും ആരുമില്ല.
പോളിനെ ഓർക്കുമ്പോൾ വെയിൽ തണലാകും. ആരുമറിയാതെ പോൾ തന്നെ അമ്പലത്തിൽ കൊണ്ടുപോയത് വെയിൽ ഓർക്കുന്നു. പോളും തന്നോടൊപ്പം അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു. ഇപ്പോഴും പോളേട്ടൻ എന്നോടൊപ്പമുണ്ട്. വെയിൽ ഓർത്തു. ഞങ്ങൾ സിനിമയ്ക്കു പോകുമായിരുന്നു. അമ്മച്ചിയേയും കൊണ്ടുപോയിട്ടുണ്ട്. വല്യച്ചൻ വരില്ല. പിന്നൊരിക്കൽ ഞങ്ങൾ തിരുവന്തപുരത്തിന് ടാക്സി കാറിൽ പോയി. പോളേട്ടൻ മുമ്പും തിരുവന്തപുരം കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായി പോകുകയായിരുന്നു. ഞങ്ങൾ കോവളത്തുപോയി കടൽ കണ്ടു. സാരി ഉയർത്തി ഞാനും തിര വരുന്നിടത്തേക്ക് ഇറങ്ങിനിന്നു. കടൽ കണ്ട് ഞാൻ പേടിച്ചു പോയി. ഒരു തിരവന്ന് എൻറെ കാലുകൾ നനച്ചു. ഞാൻ പോളേട്ടൻറെ കയ്യിൽ പിടിച്ചുനിന്നു. പിന്നെ ഞങ്ങൾ പത്മനാഭപുരം ക്ഷേത്രവും സെക്രട്ടേറിയറ്റും കണ്ടു. മ്യൂസിയത്തിലും സൂവിലും പോയി. തിരിച്ചുപോരുമ്പോൾ ഞാൻ പോളേട്ടന്റെ ദേഹത്തു കിടന്ന് ഉറങ്ങി.
സ്നേഹത്തിന് ശക്തി കൂടുന്തോറും മനുഷ്യർക്ക് ആയുസു കുറയുമോ? പോളേട്ടന്റെ കാര്യത്തിലെങ്കിലും അങ്ങനെയാണ്. ആ കാലത്തെ ആ സ്നേഹം മതി എനിക്ക് അനേകകാലം ജീവിക്കാൻ.
ഈ നാട്ടിൽ ഞങ്ങളെപ്പോലെ സ്നേഹിച്ച് വിവാഹം കഴിച്ച വേറേയും ചിലരുണ്ട്. ഒരു ഈഴവപ്പെൺകുട്ടിയും നാട്ടിലെ ഇറച്ചിവെട്ടുകാരുടെ വീട്ടിലെ ഇളയ മകനും തമ്മിലായിരുന്നു ഒരു പ്രേമം. അവർ ഇരു കൂട്ടരും ഒരു മാതിരി കഷ്ടിച്ച് ജീവിക്കുന്നവരായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു. കാരണം അവൻ ക്രിസ്ത്യാനിയായിരുന്നു.
അങ്ങനെയിരിക്കേ പെൺകുട്ടിയുടെ അടുത്ത വീട്ടിലെ കിണർ പണി ചെയ്യുകയായിരുന്നു ആ ചെറുപ്പുക്കാരൻ. പൊട്ടാതെ വന്ന ഒരു തമര് അഴിച്ചപ്പോൾ പൊട്ടിത്തെറിച്ച് വലിയ അപകടം ഉണ്ടായി. ആ പെൺകുട്ടി വിവരമറിഞ്ഞ് ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉടൻ തന്നെ അയാളെ ആശുപത്രിയിൽ കൊണ്ടുപോയി.
പിന്നീട് അവരുടെ വിവാഹം നടന്നു. പെൺകുട്ടിയെ പള്ളിയിൽ ചേർത്തു. അയാളുടെ കാലിൽ ഒരു കെട്ടുണ്ടായിരുന്നു. അയാൾ പിന്നീട് തുണിയെടുത്ത് ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ ആളുകൾക്ക് കൊടുത്താണ് ജീവിച്ചത്.
അയാൾ ഇവിടെയും വരുമായിരുന്നു. ഒന്നുരണ്ട് തുണിയൊക്കെ ഞാനും വാങ്ങിച്ചിരുന്നു. ഭാര്യയുടെ വിശേഷം ഞാൻ ചോദിച്ചിരുന്നു. എനിക്ക് അവളെ അറിയാം. ഇരുനിറമുള്ള ഒരു സുന്ദരിയായിരുന്നു അവൾ. അവർക്ക് രണ്ടു മക്കളുണ്ടെന്ന് അയാൾ പറഞ്ഞു. അവളെ കാണാനാഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞു.
ഒരു ദിവസം അവൾ വന്നു. ഞാനവൾക്ക് ആഹാരം കൊടുത്തു. വല്യച്ചൻ, ആരാണിത് എന്നെന്നോട് ചോദിച്ചു. ഞാൻ അവളെ പരിചയപ്പെടുത്തി. വല്യച്ചൻ അവളുടെ വീട്ടുകാരെയും ഭർത്താവിന്റെ വീട്ടുകാരെയും അറിയും. അവളോട് ഊണുകഴിഞ്ഞു പോകാമെന്ന് ഞാൻ പറഞ്ഞു. മക്കൾ തന്നെയാണ് എന്നു പറഞ്ഞ് അവൾ പോയി. പോകാൻ നേരത്ത് എൻറെ ഒരു സ്വർണമാല ഞാനവൾക്കു കൊടുത്തു. നിർബന്ധിച്ചപ്പോഴാണ് അവളത് വാങ്ങിയത്.
വല്ലപ്പോഴും ഇങ്ങോട്ട് വരണമെന്ന് ഞാൻ പറഞ്ഞു. എനിക്ക് ആരും ഇവിടെ കൂട്ടില്ല, മക്കളും വല്യച്ചനും മാത്രമേയുള്ളു ഈ വലിയ വീട്ടിൽ. ഈ വീട്ടുവളപ്പു വിശാലമാകയാൽ അയലത്തെ അമ്മിണി മാത്രമേ ഇവിടെ വരാറുള്ളൂ.
അവൾക്ക് എന്നെയും ശരിക്കറിയാം. എന്റെ പ്രണയമാണ് അവളെ പ്രചോദിപ്പിച്ചതെന്ന് അവൾ പറഞ്ഞു. ഞാൻ അവൾ പോകുന്നതു നോക്കി നിന്നു. എന്റെ ജീവിതത്തോട് അവൾക്കുള്ള സാദൃശ്യം എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ അവർ ദരിദ്രരാണ്, ഞാനാകട്ടെ സമ്പന്നയാണ്.
ഞങ്ങളുടെ വിറ്റു പോയ കണ്ടത്തിന്റെ ഇപ്പുറത്ത് ഒരു ക്രിസ്ത്യൻ യുവാവ് ഒരു നായരു പെൺകുട്ടിയെ കല്യാണം കഴിച്ചിരുന്നു. അവർക്ക് പട്ടണത്തിലാണ് ജോലി. ഞങ്ങളുടെ പറമ്പിന്റെ അതിരിൽ നിൽക്കുമ്പോൾ ധൃതിയിൽ മൺവഴിയേ നടന്നു പോകുന്ന അവളെ ഞാൻ കണ്ടിട്ടുണ്ട്. അതിസുന്ദരിയായ ആ സ്ത്രീ തലമുടിയിൽ തുളസിക്കതിർ ചൂടിയിരുന്നു.
ഒരു ദിവസം ഞാനവളോട് സംസാരിച്ചു. അവൾ ഇപ്പോഴും മതം മാറിയിട്ടില്ല എന്നു പറഞ്ഞു. രജിസ്റ്റർ ആയിട്ടായിരുന്നു കല്യാണം. ഭർത്താവിനും ജോലിയുണ്ട്. അത് മറ്റൊരു സ്ഥലത്താണ്. അവളുടെ വീട് പട്ടണത്തിലാണ്. കോളേജിൽ പഠിക്കുമ്പോഴുള്ള പ്രണയമാണെന്ന് അവൾ പറഞ്ഞു. അവർക്ക് ഒരു കുട്ടിയേ ഉള്ളു. മിശ്രവിവാഹങ്ങൾ നാട്ടിൽ വേറേയും നടന്നിട്ടുണ്ട്. ജാതിക്കോ മതത്തിനോ ഉള്ള അധികാരത്തെ പരിഗണിക്കാത്ത മനുഷ്യരുണ്ട്.
▮
അധ്യായം 10
വല്യച്ചൻ വിവാഹം കഴിച്ചത് കുറേ ദൂരെയുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തുനിന്നാണ്. വീട്ടുകാരിയായിട്ടാണ് ഭാര്യ അന്നമ്മ ജീവിച്ചത്. വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ മിടുക്കിയായിരുന്നു. പറമ്പിലെ കൃഷികളിലും അവരുടെ ശ്രദ്ധപതിഞ്ഞു. അവർക്ക് വായിക്കാനും എഴുതുവാനും കഴിഞ്ഞിരുന്നു. സ്നേഹമയി. അയല്ക്കാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവളായി അവർ ജീവിച്ചു.
അവരുടെ വീട്ടിൽനിന്നു കിട്ടിയ വിഹിതം കൊണ്ടു കൂടിയാണ് വലിയ ഒരു വീടുവച്ചത്. പോളിനെ അവൾ നല്ല നിലയിൽ വളർത്തി. പ്രകൃതിയുടെ പുത്രനായി വളർത്തി. അവന് പഠിക്കാൻ താല്പര്യമില്ലായിരുന്നു. കൃഷിയിലായിരുന്നു കമ്പം. കൃഷിയും ഒരു ജ്ഞാനരൂപമാണ്. അവൻ കൃഷിയെ സ്നേഹിച്ചു. അടുത്ത കാലത്ത് അവർക്ക് കുറെ അസുഖങ്ങൾ വന്നു. അതുമൂലം നേരത്തേ മരിച്ചുപോയി. അവരുടെ നന്മ പോളിലുണ്ടായിരുന്നു. അവരെപ്പോലെയാണ് ഉഷയും. പറമ്പിലെ കൃഷിപ്പണികൾ നോക്കും. ജാതിയിലും മതത്തിലും ഒരർത്ഥവുമില്ല എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. എനിക്ക് തൃപ്തിയോടെ പോകാം. വല്യച്ചൻ ഓർത്തു.
ഒരു ദിവസം ചെറുമകനെ വിളിച്ച് വല്യച്ചൻ പറഞ്ഞു: മോൻ ആ ജീപ്പ് ഒന്നെടുത്തേ, എനിക്ക് ഈ നാടൊക്കെ ഒന്നു ചുറ്റിക്കാണണം.
ഞങ്ങളും വരാം വല്യച്ചാ, വെയിൽ പറഞ്ഞു.
അവർ നാലു പേരും കൂടി വിറ്റ കണ്ടത്തിന്റെ അടുത്തുള്ള തോടിന്റെ കരയിലൂടെ നടന്നു. തൂക്കനാം കുരുവിക്കൂടുകളുണ്ടോ എന്ന് വെയിൽ എല്ലായിടത്തും നോക്കി. ഒന്നു പോലും ഇല്ല. കണ്ടമൊക്കെ പുല്ലുകേറിക്കിടക്കുന്നു. നെൽകൃഷിയൊന്നും കണ്ടില്ല. ചിലയിടത്ത് പാവലോ , പടവലമോ കണ്ടു. തോട്ടിൽ വെള്ളം കുറഞ്ഞിരിക്കുന്നു. തോടിന്റെ അരികുകൾ കെട്ടിയിട്ടുണ്ട്. മുമ്പതെല്ലാം മൺഭിത്തികൾ ആയിരുന്നു. ഉറപ്പു നല്കാൻ മരങ്ങളും ആറ്റുവഞ്ഞിയും തോട്ടു തഴകളും ഉണ്ടായിരുന്നു. കട്ടിക്കുപിടിച്ച പല്ലുണ്ടായിരുന്നു. കാർഷിക വികസനത്തിനായിട്ടാണ് തോട്ടുഭിത്തിയൊക്കെ ഉണ്ടാക്കിയത്. ചീപ്പുണ്ടാക്കിയത്. രാസവളങ്ങൾ എത്തിയത്. ട്രാക്ടർ, കൊയ്തു യന്ത്രം ഒക്കെ എത്തിയത്. പക്ഷേ കൃഷിതന്നെ ഇല്ലാതായിരിക്കുന്നു. അത് വല്യച്ചന്റെ നെറ്റിയിൽ ചുളിവുകൾ വീഴ്ത്തി. പോയകാലം മനസിലേക്ക് ഓടി വന്നു. അവിടന്നും ഇവിടന്നും വിളികൾ കേൾക്കുന്നു കാളകളെ പൂട്ടുമ്പോഴുള്ള കാളപൂട്ടുകാരന്റെ ഒച്ചകൾ കേൾക്കുന്നു. മടമുറിഞ്ഞ വെള്ളത്തിന്റെ ആരവം കേൾക്കുന്നു.
പൊങ്ങിപ്പറക്കുന്ന കിളികളെ കാണുന്നു. നനഞ്ഞ നിലത്തെ ഞാറുകാണുന്നു. പാലുറച്ച നെൽക്കതിരുകൾ കാറ്റിലാടുന്നത് കാണുന്നു. താനും തന്റെ മകനും കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു.
ചേറിന്റെ മണം ഓർമ്മയിൽ കത്തുന്നു. വല്യച്ചൻ ഓർത്തു. കൊച്ചുമകളും മകനും അമ്മയോടും വല്യച്ചനോടും ഓരോരോ സംശയങ്ങൾ ചോദിച്ചുകൊണ്ട് നടന്നു. അപ്പോഴാണ് പഴയ ഒരു പണിക്കാരനെ കണ്ടത്. വല്യച്ചനും അയാളും തമ്മിൽ സംസാരിച്ചു. അയാൾ ഇപ്പോൾ ഓട്ടോ ഓടിക്കുകയാണ്. മക്കൾ കോളേജിൽ പഠിക്കുന്നു. വല്യച്ചന് സന്തോഷമായി. വെയിലും അയാളോട് സംസാരിച്ചു. അവിടന്നവർ മടങ്ങിയത് മലയിലേക്കാണ്. ചാക്കോയുടെ വീട്ടിലെത്തി. ചാക്കോ അവിടെയുണ്ടായിരുന്നു. പശുക്കളെ വളർത്തുന്നു. റബർ വെട്ടുന്നു. വെയിൽ ചാക്കോയുടെ ഭാര്യയുമായി സംസാരിച്ചു. അവർ എൽസി നല്കിയ ചായ കുടിച്ചിട്ട് മലമുകളിലേക്ക് കയറി. വല്യച്ചനെ മക്കൾ സഹായിച്ചു. പറമ്പു കിട്ടിയ മനുഷ്യർ അവിടെ വീടുവച്ചിരുന്നു. അവരുമായും വലിച്ചനും വെയിലും സംസാരിച്ചു. പിന്നവർ തങ്ങളുടെ പറമ്പിലെത്തി. അവിടത്തെ പാറക്കൂട്ടത്തിനരുകിൽ വല്യച്ചൻ നിന്നു: പോളിന് ഇവിടം ഇഷ്ടമായിരുന്നു. അവൻ കൊച്ചായിരുന്നപ്പോഴൊക്കെ ഞങ്ങൾ ഇവിടെ വരുമ്പോൾ അവൻ കയറ്റം ഓടിക്കയറി ഇവിടെ വന്നിരിക്കും.
വെയിലിന് ആ പാറക്കൂട്ടം കണ്ടപ്പോൾ മുഖത്ത് ഇരുൾ പരന്നു. അവൾ കരയുന്നത് മകൾ കണ്ടു. അമ്മ എന്തിനാണ് കരയുന്നത്? അവൾ ചോദിച്ചു. വെറുതേ, വെയിൽ പറഞ്ഞു.
മകൾ ഉഷസ്, എന്തിനാണ് അമ്മ കരയുന്നതെന്ന് വീണ്ടും ചോദിച്ചു. നിന്റെ അപ്പായും ഞാനും ഇവിടെ വരുമായിരുന്നു. അതോർത്താണോ അമ്മ കരയുന്നത്? അപ്പായും അമ്മയും കല്യാണത്തിന് മുമ്പും ഇവിടെ വരുമായിരുന്നില്ലേ? മകൾ വെയിലിനെ കെട്ടിപ്പിട്ടിച്ചു നിന്നു . വെയിലിൻറെ മകൻ വീണുകിടന്ന ഒരു മരത്തിൽ കേറി നടക്കുന്നുണ്ടായിരുന്നു. അവൻ പെങ്ങളെ വിളിച്ചു. ഞാൻ വരുന്നില്ല അമ്മേടെ കൂടെയാണ്. അവൾ വിളിച്ചു പറഞ്ഞു. വല്യച്ചൻ ഒരു കല്ലിലിരിക്കുകയായിരുന്നു. ചാക്കോയും വല്യച്ചനും എന്തൊക്കെയോ പറയുന്നുണ്ട്. ദൂരെയായതിനാൽ കേൾക്കാൻ പറ്റുന്നില്ല.
അവിടെ താമസിക്കുന്ന പെൺകുട്ടികൾ ഉഷസിനോട് കൂട്ടുകൂടാൻ വന്നു. അവൾ അവരോട് വിനയപൂർവം സംസാരിച്ചു. പിന്നീടവരെല്ലാം മലയിറങ്ങി. വെയിലിന്റെ വീട്ടിലെത്തി. വെയിലിന്റെ അമ്മയ്ക്കും അച്ഛനും വളരെ സന്തോഷമായി. അമ്മ വെയിലിനേയും മകളയും കെട്ടിപ്പിടിച്ചു. മകനെ അരികിൽ വിളിച്ച് മാറോടണച്ചു. അമ്മയ്ക്ക് കണ്ണീർ വന്നു. വെയിലിന്റെ അച്ഛനും വല്യച്ചനുമായി അസുഖകാര്യങ്ങൾ സംസാരിച്ചിരുന്നു. കടയിൽ ആയതിനാൽ ഗോപിയെ കാണാൻ കഴിഞ്ഞില്ല.അമ്മയും വെയിലും മക്കളും അടുക്കളയിലിരുന്ന് സംസാരിച്ചു കൊണ്ടിരുന്നു.
▮
അധ്യായം 11
അന്നു രാത്രി ഉറങ്ങുമ്പോൾ മകൾ അമ്മയോട് അപ്പയുടേയും അമ്മയുടേയും പ്രേമകഥ പറയാൻ പറഞ്ഞു.
അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ? എന്തിന് പറയുന്നു?
പക്ഷേ മോൾ വിട്ടില്ല.
ഒടുവിൽ വെയിൽ മകളോട് ആ കഥ പറഞ്ഞു. അമ്പടീ കള്ളീ, അപ്പായെ വശീകരിച്ചല്ലേ? ജീപ്പിലൊക്കെ ആറാടി നടന്നു അല്ലേ? കുന്നിൻ പുറത്തു പോയി ഉമ്മ കൊടുത്തുകാണും, ഉഷസ് പറഞ്ഞു.
വെയിൽ മകളെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു കരഞ്ഞു. അങ്ങനെയല്ല, അപ്പായല്ലേ അമ്മയെ സ്വന്തമാക്കിയത്. മതവും ജാതിയും കാരണം എനിക്ക് പേടിയായിരുന്നു. അപ്പാ സാഹസികനായിരുന്നില്ലേ? അമ്മച്ചി എപ്പോഴും അങ്ങനെ പറയുമായിരുന്നു. ഒഴുക്കുവെള്ളത്തിൽ വീണ കുട്ടിയെ രക്ഷിച്ച ആളല്ലേ? നാട്ടുകാരുടെ കണ്ണിലുണ്ണിയല്ലേ? എനിക്ക് അപ്പയെ വേണമായിരുന്നു. നിങ്ങൾ കല്യാണത്തിന് മുമ്പേ പ്രേമിച്ചു. കല്യാണം കഴിഞ്ഞും പ്രേമിച്ചു. ഇപ്പോഴും അമ്മ അപ്പായെ പ്രേമിച്ചുകൊണ്ടിരിക്കുന്നു.
മകൾ അമ്മയുടെ കവിളിൽ ഉമ്മ വച്ചു. അല്ലേലും അമ്മയെപ്പോലെ ഒരു സുന്ദരിയെ അപ്പാ വിടുമോ? അപ്പായുടെ മോൾ അതിലും സുന്ദരിയാണല്ലോ എന്നു പറഞ്ഞ് വെയിൽ അവളെ ഉമ്മവച്ചു. അങ്ങനെ ഓരോന്നു പറഞ്ഞവർ ഉറങ്ങിപ്പോയി.
മകൻ വല്യച്ചന്റെ മുറിയിലാണ് കിടക്കുന്നത്. രാത്രിയിൽ എന്തെങ്കിലും വിഷമമുണ്ടായാൽ അടുത്ത് ഒരാൾ ഉണ്ടാകണമല്ലോ. പക്ഷേ വല്യച്ചൻ പഴയ തടിയാണല്ലോ. ഇപ്പോഴും നല്ല ആരോഗ്യമാണ്. വേലക്കാരി ചേടത്തിയും അടുത്ത മുറിയിലാണ് കിടക്കുന്നത്. മകൻ ഇപ്പോൾ എഞ്ചിനീയറിംഗിന് ചേർന്നു. മകൾ മെഡിസിനും ചേർന്നു പഠിച്ചു.
മകന്റെയും മകളുടേയും പല മത ജാതി വിഭാഗങ്ങളിലുള്ള കൂട്ടുകാർ വീട്ടിൽ വരുമായിരുന്നു. എല്ലാവർക്കും വീട്ടിൽ വരുന്നത് ഇഷ്ടമായിരുന്നു. പറമ്പിന്റെ വളപ്പിൽ ചാമ്പങ്ങയും ഇരുമ്പപ്പുളിയും പേര മരങ്ങളും ഉണ്ടായിരുന്നു. ധാരാളം മാവുകൾ. മാമ്പഴക്കാലത്തുവരുന്നവർക്ക് ധാരാളം മാമ്പഴങ്ങൾ കിട്ടും. നാട്ടുമാവും കോട്ടമാവും മൂവാണ്ടനും കിളിച്ചുണ്ടനും പോയ്ക്കാ മാവും പാണ്ടി മാവും ഒക്കെ പല തരം രുചികൾ ഉള്ളവയായിരുന്നു. വലിയ പേരയ്ക്കകളും ചെറിയ പേരയ്ക്കയും ഉണ്ടായിരുന്നു. ചക്ക വിളയും കാലത്ത് ചക്കപ്പഴങ്ങൾ. ഇവ ഗ്രാമത്തിലെവിടേയുമുണ്ട്. പറമ്പുകൾ കെട്ടിത്തിരിച്ചിട്ടുണ്ട്. കല്ലു കൊണ്ടുള്ള നടകൾ കാണാൻ തന്നെ ഭംഗിയാണ്. അവിടവിടെയായി നാടൻ വാഴകളും തെങ്ങുകളും കവുങ്ങും കുരുമുളകുകൊടി കേറിയ മരങ്ങളും (മുരിക്കും തെങ്ങും മറ്റും) ഒക്കെ കാണാം.
മക്കൾ പഠിക്കുവാൻ പോയി. ഹോസ്റ്റലിലാണ് താമസം. ഇവിടെ വീട്ടിൽ വല്യയച്ചനും വെയിലും വേലക്കാരിയും മാത്രമായി. ഒരു ദിവസം വെയിലിന്റെ അച്ഛനും അമ്മയും വന്നു. കുറച്ചുദിവസം താമസിച്ചിട്ടാണ് അവർ പോയത്.
വെയിൽ നാട്ടിലെ എല്ലാ സ്ത്രീകൾക്കുമായി ഒരു കൂട്ടായ്മ ഉണ്ടാക്കി. അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവിടെ ചർച്ച ചെയ്തു. ഒരു പാടു പേരെ സഹായിച്ചു. സർക്കാരിൽനിന്ന് ചില ആനൂകൂല്യങ്ങൾ ലഭിക്കുന്നതിനായി പ്രവർത്തിച്ചു. വിളിക്കുന്ന വിവാഹങ്ങൾക്കെല്ലാം പോയി. ജാതിയിൽ താണവരെ അവർ തുല്യനിലയിൽ കണ്ടു. വിദ്യാഭ്യാസ കാര്യങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്തു. പള്ളിയിൽനിന്ന് ജാതിയും മതവും നോക്കാതെ പാവങ്ങൾക്ക് അരി കൊടുക്കുന്ന ഒരു ഏർപ്പാട് ഉണ്ടാക്കി. വല്യച്ചന്റെയും മക്കളുടേയും പിന്തുണയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരുമൊക്കെ വെയിലിനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചു. അവർ ഇരു കൂട്ടരോടും സ്നേഹപൂർവ്വം ഇടപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. അതുകൊണ്ട് അവരാരും പിണങ്ങിയുമില്ല. സർക്കാർ നാട്ടിലെ വഴികൾ പലതും ടാറിട്ടു. ആ വഴി രണ്ട് ബസുകൾ വന്നു. നാട്ടിലെ സ്കൂൾ ഹൈസ്കൂളാക്കി. തീരെ പാവപ്പെട്ടവരുടെ വീട്ടിലെത്തി അവരെ ഉദ്ധരിക്കാൻ വേണ്ട കാര്യങ്ങൾ വെയിൽ പറഞ്ഞുകൊടുത്തു. നാട്ടിലൊരു പ്രാഥമികാരോഗ്യകേന്ദ്രം വന്നു. വെയിൽ ഒരു കാറുവാങ്ങി. ജീപ്പ് ഒരോർമ്മ പോലെ വീട്ടിൽ ഉണ്ട്. മകനും മകളും വരുമ്പോൾ അതോടിക്കാറുണ്ട്.
▮
അധ്യായം 12
ക്രിസ്ത്യൻ സമൂഹം നാട്ടിൽ സാമ്പത്തികമായി ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാൽ ഈഴവർ മുതൽ ജാതിയിൽ താണവരുടെ അവസ്ഥ ദയനീയമായിരുന്നു. ഉഷയുടെ വീട്ടുകാർ സാമ്പത്തികമായി അല്പം ഭേദപ്പെട്ടവർ തന്നെ. ഭൂമിയുടെ നല്ലൊരു ഭാഗവും ക്രിസ്ത്യാനികളുടെ കൈവശമായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും വല്യച്ചന് മനസിലായില്ല. താൻ ജനിക്കുമ്പോൾത്തന്നെ ഇത്രയും ഭൂമി തങ്ങൾക്കുണ്ടായിരുന്നു. സ്കൂളിലൊന്നും പോയിട്ടില്ലാത്ത ഒരാളായിരുന്നു അപ്പൻ. അദ്ദേഹത്തിനും മുമ്പേ ഭൂമിയുണ്ടായിരുന്നു. ഭൂമിയിൽ പണിയെടുത്തും പണിയിപ്പിച്ചും അദ്ദേഹം ജീവിച്ചു. നാലാം ക്ലാസുവരെയേ വല്യച്ചൻ പഠിച്ചുള്ളൂ. അന്നീ നാട്ടിൽ പഠിപ്പുള്ളവർ തീരെ കുറവായിരുന്നു. ജോലി കിട്ടുന്നതിലും ലാഭം കൃഷിപ്പണിയായിരുന്നു. ആരുടേയും അടിയാളരായി നില്ക്കുകയും വേണ്ട. കൃഷിയിൽ നിന്നു കിട്ടുന്ന സന്തോഷം ചില്ലറയല്ല.
കാറ്റത്ത് വിളഞ്ഞ വയലുകൾ സ്വർണത്തിരകൾ ഉയർത്തുന്നു. വരമ്പ് മുറിച്ച് അടുത്ത കണ്ടത്തിലേക്കു ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം. കരിമ്പച്ച നിറത്തിൽ നിന്ന് പതുക്കെ മഞ്ഞനിറത്തിലേക്ക് പഴുത്തുമാറുന്ന തണ്ടുകൾ. വിരൽ മുറിക്കുന്ന അവയുടെ മൂർച്ച. നെൽക്കാലിന്റെ ചേറിലുറച്ച ഭാഗം. പാടത്ത് പറക്കുന്ന കിളികൾ. ദൂരെ പുക നിറം മൂടിയ നീലിച്ച മലകൾ. തോട്ടുകരയിലെ തെങ്ങുകൾ.
മലയിലെ സ്ഥലം വെറുതെ കിടക്കുകയായിരുന്നു. അവിടെ കയ്യാല കെട്ടി തൊട്ടിതിരിച്ച് റബറു വച്ചത് താനാണ്. പോൾ ജനിക്കുമ്പോൾ റബർ വെട്ടാൻ തുടങ്ങി. കയ്യാലകെട്ടാനുള്ള വെട്ടുകല്ലും മട്ടിക്കല്ലും കരിങ്കല്ലുമൊക്കെ പറമ്പിലുണ്ടായിരുന്നു. മത്തായിയും താനും കൂടിയാണ് കയ്യാല കെട്ടിയത്. അന്നയാൾക്ക് 50 വയസായിരുന്നു. അയാളുടെ ഭാര്യ ഒറോത, അവർക്ക് 7 മക്കൾ. അവരൊക്കെ പല വഴിയായി. അവരിൽ രണ്ടു പേർക്ക് വീടുവയ്ക്കാൻ 10 സെൻറ് സ്ഥലം വീതം കൊടുത്തു. അവർ പള്ളിയിൽ അങ്ങനെ പോകില്ലായിരുന്നു. സ്കൂളിലും പോയില്ല. എല്ലാവരും നാട്ടിൽ പണികളുമായി ജീവിച്ചു.
അവരുടെ പതിയൊരെണ്ണം മലയിലെ കല്ലുങ്കൂട്ടത്തിനരികിലുണ്ടായിരുന്നു. അതൊക്കെ നശിച്ചുകിടന്നു. ഞങ്ങളതൊക്കെ കൊത്തിക്കിളച്ച് റബർ നട്ടു. പറയരും പുലയരും പതികളൊക്കെ ഉപേക്ഷിച്ചു. പളളിയിൽ കൂടിയപ്പോൾ പിന്നെ പതികളും മറ്റും നോക്കാൻ ആളില്ലാതായി. ഹിന്ദുക്കളായവർ അമ്പലത്തിലേക്ക് പോയി. അവരുടെ നാട്ടാചാര രീതികളൊക്കെ മാറി. അവർ ക്രിസ്തുമതത്തിലേക്ക് പുറപ്പെട്ടവർ എത്തിച്ചേർന്നില്ല.
ഞങ്ങളുടെ ഭാഗത്തും അവരുടെ ഭാഗത്തും പ്രശ്നങ്ങൾ ഉണ്ട്. ഞങ്ങൾ മിക്കവാറും വെളുത്തവരും അവർ മിക്കവാറും കറുത്തവരും ആയിരുന്നു. ഒരു വിഭാഗം മനുഷ്യർ നല്ല നിലയിൽ ജീവിക്കുന്നു എന്നു പറഞ്ഞാൽ അതിനർത്ഥം മറ്റൊരു വിഭാഗം ഗതികെട്ട് ജീവിക്കും എന്നു തന്നെയാണോ?
പതി കൊത്തിക്കിളച്ചതിന്റെ ശാപമാണോ പോൾ നേരത്തേ മരിച്ചത്? പോൾ പലപ്പോഴും അവിടെപ്പോയി ഇരിക്കുമായിരുന്നു. അവനാ പ്രദേശം ഇഷ്ടമായിരുന്നു. അവിടെ പതിയുണ്ടായിരുന്ന കാര്യം താൻ പോളിനോട് പറഞ്ഞിട്ടില്ല. ക്രിസ്ത്യാനികൾ ആകുന്നതിനുമുമ്പ് പറയരും പുലയരും ആയിരിക്കാം ഇവിടങ്ങളിൽ ജീവിച്ചിരുന്നത്. അവരുടെ ദൈവങ്ങൾ ഇല്ലാതാക്കപ്പെട്ടു. ക്രിസ്തുമതത്തിൽ ചേർന്നിട്ടും അവർ രക്ഷപെട്ടില്ല. മെച്ചപ്പെട്ട ജീവിതം അവർക്കുണ്ടായില്ല. അവർക്ക് മതം മാറ്റം കൊണ്ട് അന്തസ് ഉയർന്നുമില്ല. സാമ്പത്തികമായ വളർച്ച ഉണ്ടായതുമില്ല.
ക്രിസ്തുമതത്തിൽ ജാതിയില്ല. എന്റെ മരുമകൾ ഉഷയുടെ ജാതി പോയി. എന്നാൽ ദലിതർ ഏത് മതത്തിൽ ചെന്നാലും ജാതി പോകില്ല. ക്രിസ്തുമതം അവരെ വഞ്ചിക്കുകയായിരുന്നു. ഇത് ക്രിസ്ത്യാനികൾ പറയില്ല. ഞാനെങ്കിലും പറയണമല്ലോ. സിറിയൻ ക്രിസ്ത്യാനികൾ അവരെ താണവരായി കണ്ടു. എന്നാൽ ഇരുകൂട്ടരും ഒരേ ബൈബിൾ വായിച്ചു. ഒരേ ക്രിസ്തുവിൽ വിശ്വസിച്ചു. പരസ്പരം വിവാഹം കഴിച്ചില്ല. ആഹാരം കഴിച്ചില്ല. അവരെ സിറിയൻ ക്രിസ്ത്യാനികൾ കൂടെക്കൂട്ടിയിരുന്നെങ്കിൽ അവർ എല്ലാ തരത്തിലും മെച്ചപ്പെടുമായിരുന്നു.
ബൈബിൾ ഒരു പ്രത്യേക ക്രമീകരണം നടത്തുന്നുണ്ട്. അത് വെള്ളക്കാരുടെ പുസ്തകമാണ്. മത്തായിയുടെ മകന്റെ മകൻ സൈക്കോളജി എം.എസ്സിക്ക് ഇപ്പോൾ പഠിക്കുന്നുണ്ട്. ആരുടേയും സഹായമില്ലാതെ അവരും ചെറുതായി മാറുന്നുണ്ട്. അവരും പുരോഗമിക്കുന്നുണ്ട്. ഇന്നത്തെ സമ്പന്നർ നാളെ ദരിദ്രരാകും. ഇന്ന് അടിയാളരായി നില്ക്കുവാൻ അവശ ക്രിസ്ത്യാനികളെ കിട്ടില്ല. അവർ ഓട്ടോ ഓടിച്ചും കാർഷികേതര തൊഴിലു ചെയ്തും വളരെ മാറിപ്പോയി.
വല്യച്ചൻ ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നു.
ഒരു ദിവസം വല്യച്ചൻ എങ്ങോട്ടോ പോയി. ആരോടും പറയാതെ അതിരാവിലേ പോയി. വെയിലും മക്കളും പലയിടത്തും അന്വേഷിച്ചു. രാത്രിയിലാണ് അദ്ദേഹം മടങ്ങിയെത്തിയത്. പണിക്കാരനായിരുന്ന മത്തായിയുടെ മൂത്ത മകൻ വീട്ടിൽ രോഗിയായി കിടക്കുന്നു എന്ന് കേട്ടാണ് വല്യച്ചൻ പോയത്. കുറെ നാളായി പോയിക്കാണണമെന്ന് വിചാരിച്ചിരുന്നു. പക്ഷേ നടന്നില്ല. അവരുടെ വീട്ടിൽ കുറേ നേരമിരുന്നു. തേവൻ എന്നായിരുന്നു ആ മകന്റെ പേര്. അസുഖകാര്യങ്ങൾ അന്വേഷിച്ച് അവിടെ ഇരുന്നു. പോരാൻ നേരം ആയിരം രൂപയും കൊടുത്തു.
ആരോടും ഒന്നും പറയാതെ പോയതിൽ വല്യച്ചനെ വെയിൽ വഴക്കുപറഞ്ഞു. ഞങ്ങൾ പേടിച്ചുപോയി എന്നു പറഞ്ഞു.
എനിക്ക് ഓർമ്മയും ബോധവും ഒക്കെ കുറഞ്ഞു മകളെ, വല്യച്ചൻ പറഞ്ഞു.
മത്തായിയോടുള്ള തന്റെ ബന്ധം മകളോട് പറഞ്ഞു. മത്തായിയുടെ പണിക്കാരൻ ഞാനായിരുന്നെങ്കിൽ നമ്മളീ നിലയിൽ എത്തില്ലായിരുന്നു മകളേ.
വെയിൽ കുറെക്കാലമായി മുത്തച്ഛനിൽ വരുന്ന ചെറിയ മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരോട് കാരുണ്യമുള്ള മനുഷ്യനാണ്. സാധാരണ ക്രിസ്ത്യാനികളെപ്പോലെയല്ല, ജാതിയിലും മതത്തിലും ഒന്നും പ്രാധാന്യം കൊടുക്കാത്തയാളാണ്. പള്ളിയിൽ അങ്ങനെ പോകാറില്ല. വല്ലപ്പോഴും പോയാലും നടന്നേ പോകാറുള്ളൂ. വീട്ടിൽ കാറും ജീപ്പും ഉണ്ട്. എന്നാലും വല്യച്ചൻ നടന്നേ പോകുകയുള്ളൂ. വല്യച്ചൻ മതപരമായ ഒരു ജീവിതം ജീവിച്ചില്ല. ആളുകൾക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു.
▮
അധ്യായം 13 A
വെയിലിന്റെ മക്കൾ ഉഷസും പോൾസണും അവരുടെ വീട്ടുപറമ്പിലൂടെ ജേഴ്സി പശുവിനെയും ആടുകളെയും തീറ്റുകയായിരുന്നു. അവർ അവിടെ ഒരു മരത്തിന്റെ കവരത്ത് കയറിയിരുന്നു. അപ്പോൾ അയൽക്കാരായ രണ്ട് കുട്ടികൾ അവരുടെ പറമ്പിന്റെ അതിരിലുള്ള കയ്യാലയിൽ പിടിച്ച് എത്തിനോക്കി. തലകൾ മാത്രമേ കാണുന്നുള്ളു.
പോൾസൺ അവരെ കയ്കാട്ടി വിളിച്ചു. അവർ രണ്ടു പേരും മടിച്ചുമടിച്ച് കയറിവന്നു. കറുത്ത നിറമുള്ള കുട്ടികളായിരുന്നു
അവർ. അവർ ഇട്ടിരിക്കുന്നത് കീറിപ്പറിഞ്ഞ നിക്കറുകളാണ്. വെയിൽ കൊണ്ട് അലഞ്ഞതിനാൽ അവരുടെ മുഖങ്ങൾ കരുവാളിച്ചിരുന്നു. ഏഴിലും ആറിലും പഠിക്കുന്ന കുട്ടികളായിരുന്നു അവർ. അവരുടെ വീടുകൾ കുറച്ചു മാറി കാണാം. ചെറിയ വീടുകളായിരുന്നു അവ. തേയ്ക്കാത്ത വെട്ടുകല്ലു വീടുകൾ. അവരുടെ അപ്പന്മാർ കൂലിപ്പണിക്കാരാണ്. അമ്മമാർക്ക് വീട്ടുജോലികളാണ്. അവരിലൊരാൾക്ക് രണ്ട് സഹോദരങ്ങളുണ്ട്. ഒരാൾ ഒറ്റയാനാണ്.
വേനലാകയാൽ അവർ വളരെ ദൂരെയുള്ള ഒരു കിണട്ടിൽ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. തങ്ങളും കുടങ്ങളിൽ വെള്ളം കൊണ്ടുവരും എന്നവർ പറഞ്ഞു. അവിടെ തോട്ടിൽ ഒന്നുരണ്ട് സ്ഥലത്ത് പാറയ്ക്കടിയിൽ വെള്ളമുണ്ട്. അതിലാണ് അവരുടെ ഭാഗത്തുള്ളവരെല്ലാം കുളിക്കുന്നത്. അവരിൽ ഒരു കുട്ടി മുയലുകളെ വളർത്തുന്നുണ്ട്. അവർക്ക് നാട്ടിലെ കഥകളൊക്കെ അറിയാം. അവരിലൊരാളുടെ വീട്ടിലെ കോഴിയെ പാമ്പുപിടിക്കാൻ വന്നതും പാമ്പിനെ അയൽക്കാരെല്ലാവരും ചേർന്ന് കൊന്നതും ഒക്കെ അവർ പറഞ്ഞു. അവരുടെ സിനിമാതാരം ജയനായിരുന്നു. അതിലൊരാൾ ജയനെ അനുകരിച്ചു കാണിച്ചു. അവൻ ഒരു മിമിക്രിക്കാരനാണ്. പക്ഷികളെയും പട്ടികളെയും പൂച്ചകളെയും മറ്റും അവൻ അനുകരിച്ചു.
ഉഷസും പോൾസണും അവന്റെ കഴിവു കണ്ട് അത്ഭുതപ്പെട്ടു. മറ്റേക്കുട്ടി നല്ലതുപോലെ പാടുന്നവനാണ്. അവൻ പാടിയ പാട്ടുകൾ കേട്ടും അവർക്ക് അത്ഭുതമായി. ഉഷസിനും പോൾസണും അവരെ ഇഷ്ടമായി. അവരുടെ പേരുകൾ വിജയൻ എന്നും മണി എന്നുമായിരുന്നു. നേരം അഞ്ചുമണിയാകാറായപ്പോൾ പശുവിനെയും ആടുകളെയും കൊണ്ട് അവർ മടങ്ങി. ആ കുട്ടികളോട് ഇനിയും കാണാമെന്നു പറഞ്ഞ് അവർ പിരിഞ്ഞു.
അവർക്ക് എന്തെല്ലാം കാര്യങ്ങൾ അറിയാം. നമുക്കെന്താണ് ചേട്ടാ ഇത്തരം കാര്യങ്ങൾ ഒന്നും അറിയാത്തത്? ഉഷസ് പോൾസനോട് ചോദിച്ചു.
നമുക്ക് ഒരു പാട് ഭൂമിയും സമ്പത്തുമുണ്ട്. നമ്മൾക്ക് നമ്മുടെ പറമ്പിനും വലിയ വീടിനപ്പുറം ഒരു ലോകമില്ല. അവർക്ക് ഇത്തിര സ്ഥലവും ചെറിയ വീടുകളുമാണ് ഉള്ളത്. അവർക്ക് കുളിക്കാനും വെള്ള മെടുക്കാനും പണിക്കും ദൂരെപ്പോകണം. അവരുടെ വീട് പല വീടുകളാണ്. അവരുടെ വീട്ടുപറമ്പ് നാടു മുഴുവനുമാണ്.
ഒന്നുമില്ലാത്തവർക്ക് എല്ലാമുണ്ട്. കുറെയേറെ ഉള്ളവർക്ക് അത്രയേ ഉണ്ടാകൂ.
അതിബുദ്ധിമാനായ പോൾസൺ മുതിർന്നവരെപ്പോലെ കാര്യങ്ങളെ വിശദീകരിച്ചപ്പോൾ ഉഷസ് അതു കേട്ട് ചിന്തയിൽ പെട്ടു. അവൾ ആടിനെ വലിച്ചും ഉന്തിയും തള്ളിയും കൊണ്ടു പോയി. പോൾസനാകട്ടെ പശുവിന്റെ കയർ അതിന്റെ പുറത്തിട്ടു. പശു മുമ്പിൽ തന്നെ നടന്നുപോയി. പോൾസൺ പുറകേ വെറുതേ നടന്നു.
മൂത്തു പഴുക്കാറായ ചക്കകളെക്കുറിച്ച് അമ്മയോട് പറയണമെന്ന് അവർ കരുതി.
അന്നു രാത്രി തങ്ങൾ കണ്ട കട്ടികളെക്കുറിച്ചും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും അവർ അമ്മയോടു പറഞ്ഞു. അവരുടെ കലാപരമായ കഴിവുകളെക്കുറിച്ച് അവർ അത്ഭുതത്തോടെ സംസാരിച്ചു.
അടുത്ത ദിവസം അവരെ കാണുകയാണെങ്കിൽ കൂട്ടിക്കൊണ്ടുവരാൻ അമ്മ അവരോട് പറഞ്ഞു. പിറ്റേന്ന് അതേ സ്ഥലത്ത് കുട്ടികൾ പശുവിനെ തീറ്റുവാൻ പോയി. അന്നും അവർ വന്നു. അവരിലൊരു കുട്ടി ഒരു ഫിലിം പെട്ടിയുമായിട്ടാണ് വന്നത്. അതിന്റെ ചില്ലിലൂടെ നോക്കിയാൽ നിശ്ചലമായ സിനിമാദൃശ്യങ്ങൾ കാണാം. 40- ഓളം ഫിലിമുകൾ അവരുടെ കയ്യിലുണ്ടായിരുന്നു. അതൊക്കെ കണ്ടു കൊണ്ട് അവർ ഇരുന്നു. വൈകുന്നേരമായപ്പോൾ പോൾസണും ഉഷസും മടങ്ങിയപ്പോൾ അവരേയും വീട്ടിലേക്ക് വിളിച്ചു. വെയിൽ ആ കുട്ടികൾക്ക് വയറു നിറയെ ഭക്ഷണവും പുതിയ ഉടുപ്പുകളും നിക്കറുകളും കൊടുത്തു. രണ്ടു പേർക്കും ഓരോ പുസ്തകവും നല്കി.
▮
അധ്യായം 14
വല്യച്ചൻ ഓർക്കുകയാണ്:
ഒരിക്കൽ താൻ റബർതോട്ടത്തിൽ നില്ക്കുമ്പോൾ വിറകൊടിക്കുന്ന ഒരു സ്ത്രീയെ കണ്ടു. നല്ലതുപോലെ കറുത്ത ഒരു സ്ത്രീ. കാണാൻ പ്രത്യേക ഭംഗിയുണ്ട്. അന്ന് താൻ കല്യാണം കഴിച്ചിട്ടില്ല. അപ്പൻ വീട്ടിലാണ്.
ഇവൾ കുന്നിന്റെ മറുചെരിവിൽ നിന്ന് വന്നവളായിരിക്കാം എന്നു തോന്നി. അവളും തന്നെ നോക്കിച്ചിരിച്ചു. പിന്നെ എന്തോ ആലോചിച്ചുനിന്നു. തനിക്കും ഉള്ളിൽ ഒരു വിറയൽ അനുഭവപ്പെട്ടു. തോട്ടത്തിലായതിനാൽ നേരം ഇരുണ്ടുതുടങ്ങി. അങ്ങുമിങ്ങും ചില രശ്മികൾ. തോട്ടത്തിന് വെളിയിൽ പകൽവെട്ടം ഉണ്ടാകും. റബർകായ്കൾ പൊട്ടുന്ന ശബ്ദം കേൾക്കാം. അവൾ വിറക് കെട്ടുവാൻ ശ്രമിച്ചിട്ട് ശരിയായില്ല. അപ്പോൾ താനൊരു വള്ളി എടുത്തുകൊടുത്തു. കെട്ടിവച്ചിട്ട് അത് പിടിച്ചുതരാമോ എന്നവൾ ചോദിച്ചു. വിറകുപൊക്കാൻ തുടങ്ങിയപ്പോൾ തങ്ങളുടെ കൈകൾ തമ്മിൽ പിണഞ്ഞു. അപ്പോൾ വിറകു വിട്ടിട്ട് തങ്ങൾ ഒരേസമയം തമ്മിൽ കൈകോർത്ത് കെട്ടിപ്പിടിച്ച് പുല്ലിലേക്ക് വീണു. അവളുടെ ചുണ്ടുകൾ കാട്ടിലെ കദളിപ്പഴങ്ങൾ മാതിരി രുചിച്ചു. ഇരുവരും കിതയ്ക്കുന്നുണ്ടായിരുന്നു. കൊടുങ്കാട്ടിൽ തല കുനിച്ചുകയറുന്ന ഒരു തോന്നലുണ്ടായി. അവളെ ഞാനെന്തൊക്കെയോ വിളിച്ചു. അവളും എന്തൊക്കെയോ പറഞ്ഞു. കാടുകൾക്ക് തീപിടിക്കും പോലെ ഒരനുഭവമായിരുന്നത്. തന്റെ കുടുംബജീവിതത്തിൽ അത്തരമൊരു അനുഭൂതി ഉണ്ടായിട്ടില്ല. ചോദിക്കാതെയും പറയാതെയും അന്യന്റെ പറമ്പിൽ നിന്ന് വിറക് എടുക്കുന്നതുപോലെയാണ് അതെടുക്കാൻ വന്ന ആളുമായി ചോദിക്കാതെ രതിയിലേർപ്പെടുന്നതും. അത് ദൈവദൃഷ്ടിയിൽ തെറ്റാണ്. പക്ഷേ ആ തെറ്റിനാണ് രുചിയുള്ള പഴമാകാൻ കഴിയുക.
അവൾ എണീറ്റു. ദേഹത്തു പറ്റിയ ഇലകളും ഇലഞരമ്പുകളും തൂത്തുകളഞ്ഞു. അഴിഞ്ഞ മുടി ഒരുക്കി. പിന്നീട് വിറകുകെട്ട് ഞങ്ങൾ ശരിയാക്കി. വിറക് പിടിച്ചുകൊടുത്തു. അവൾ തിരിഞ്ഞു നോക്കാതെ, ഒന്നും മിണ്ടാതെ വിറകുമായി പോയി. പിന്നീട് പലതവണ റബർ തോട്ടത്തിൽ അവൾ വരുമെന്ന് വിചാരിച്ച് താൻ കാത്തുനിന്നു. അവളെ പിന്നീടൊരിക്കലും കണ്ടുമില്ല. അവൾ കുന്നിന്റെ മറു ചെരിവിലാവാം താമസിച്ചിരുന്നത്. പക്ഷേ താൻ അവളെ അന്വേഷിച്ച് അങ്ങോട്ടൊന്നും പോയുമില്ല. വൈകാതെ തന്റെ കല്യാണം നടന്നു. അപ്പന്റെ തീരുമാനമായിരുന്നു എല്ലാം.
വല്യച്ചൻ മറ്റൊരു ദിവസം വെയിലിനോട് പറഞ്ഞിട്ട് റബർ തോട്ടത്തിലേക്ക് പോയി. ചാക്കോയെക്കണ്ട് വർത്തമാനം പറഞ്ഞിട്ട് കുന്നിന്റെ മുകളിലെ കൽകൂട്ടത്തിലിരുന്നു. തൻറെ മകനെക്കുറിച്ച് അദ്ദേഹം ഓർത്തു.
കുറേ നേരം അങ്ങനെയിരുന്നപ്പോൾ ദാഹം തോന്നി. അടുത്തുകണ്ട വീട്ടുകാരോട് വെള്ളം ചോദിച്ചു. വല്യച്ചൻ കൊടുത്ത സ്ഥലത്തെ താമസക്കാരാണ് എല്ലാവരും. വെള്ളം കൊണ്ടുതന്ന ആളെ വല്യച്ചൻ സൂക്ഷിച്ചുനോക്കി. പണ്ട് വിറകു പെറുക്കാൻ വന്ന ആ സ്ത്രീ. ഇപ്പോൾ തന്നെപ്പോലെ പ്രായമായിരിക്കുന്നു. മുടി നരച്ചിരിക്കുന്നു. ഇതാണോ വീട്? വല്യച്ചൻ ചോദിച്ചു.
ഇത് മകളുടെ വീടാണ്, വെള്ളം കുടിച്ചു കഴിഞ്ഞ് പാത്രം കൊടുത്തിട്ട് വല്യച്ചൻ തിരിഞ്ഞുനോക്കാതെ മലയിറങ്ങി.
മനുഷ്യർ തമ്മിലുള്ള അന്തരങ്ങൾക്ക് ഉത്തരമില്ല. താൻ എന്തിന് ക്രിസ്ത്യാനിയായി? താൻ ക്രിസ്ത്യാനിയാണോ? ആരാണ് ക്രിസ്തു? താൻ എന്തിന് ഈ അസമത്വങ്ങളെ അംഗീകരിക്കണം? പ്രായം കൊണ്ട് ജീവിതം മുഴുവനും മനസിലായി.
താൻ മരിച്ചാൽ ശരീരം തന്റെ പറമ്പിൽ ദഹിപ്പിച്ചാൽ മതിയെന്ന് വല്യച്ചൻ വെയിലിനോടും മക്കളോടും പറഞ്ഞു. അവർ വല്യച്ചന്റെ ആഗ്രഹത്തിന് എതിരുനിന്നുമില്ല. അദ്ദേഹം മരിച്ചപ്പോൾ നാടു മുഴുവൻ കരഞ്ഞു. പള്ളിയിൽനിന്ന് അച്ചന്മാർ വന്ന് പ്രാർത്ഥിച്ചിട്ട് പോയി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ തന്നെ ശവം സ്വന്തം പറമ്പിൽ ദഹിപ്പിച്ചു. പറമ്പിൽ എന്തോ പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു വല്യച്ചൻ. ഒരു കുരുമുളക് കൊടിച്ചോട്ടിൽ വീണു മരിക്കുകയാണുണ്ടായത്. എന്തോ ശബ്ദം കേട്ട് ഓടിച്ചെന്ന വെയിലാണ് വല്യച്ചനെ ആദ്യം കണ്ടത്.
▮
അധ്യായം 15
വല്യച്ചന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടു എന്ന് വെയിലിനു തോന്നി. ഭർത്താവ്, അമ്മച്ചി, വല്യച്ചൻ എല്ലാവരും പോയി. ഇതിനിടയിൽ വെയിലിന്റെ അച്ഛനും മരിച്ചു. അവളും മക്കളും മാത്രം ബാക്കിയായി. ധാരാളം സ്വത്തുണ്ടെങ്കിലും ഒരു വിരക്തി അനുഭവപ്പെടുന്നു.
വല്യച്ചൻ ഒരു വലിയ മനുഷ്യനായിരുന്നു. ഒരിക്കലും വഴക്കു പറഞ്ഞിട്ടില്ല. മകളേ എന്നേ വിളിച്ചിട്ടുള്ളു. പക്ഷേ ഒരിക്കലും ശരിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല വല്യച്ചനെ. മണ്ണിനെയാണ് അദ്ദേഹം സ്നേഹിച്ചത്. വൈന്നേരം മഴ പെയ്യുമെങ്കിൽ വല്യച്ചൻ ഉച്ചയാകുമ്പോൾ പറയും.
പോളേട്ടനും താനും അമ്മച്ചിയും പണിക്കാരും ചേർന്ന് പറമ്പിൽ ചേമ്പും ചേനയും കപ്പയും നട്ടതും പറമ്പിലെ കരിയിലകൾ അടിച്ചു കൂട്ടി തീയിട്ടതും ഒന്നും മറക്കാൻ വയ്യ. മരിക്കുന്നതിന് കുറെ നാൾ മുമ്പ് വല്യച്ചൻ ഒരു അൽസേഷൻ പട്ടിയെ കൊണ്ടു വന്നു. അത് ഇപ്പോൾ ഒരു ബലമാണ്. ഗോപിയുടെ മകൻ ഇവിടെ നിന്നാണ് പഠിക്കുന്നത്. സ്കൂൾ ബസ്സിലാണ് പോകുന്നത്. അങ്ങനെ മക്കൾ ഇല്ലാത്തപ്പോൾ മൂന്നു പേരുണ്ട്.
രാത്രിയിൽ പട്ടിയെ അഴിച്ചുവിടും. അത് മതിലിനുള്ളിൽത്തന്നെയുണ്ടാകും. ഇനി മക്കളാണ് ഒരു തണൽ. വല്യച്ചന്റെ മരണം കഴിഞ്ഞ് ഒരാഴ്ചയോളം അമ്മ കൂടെയുണ്ടായിരുന്നു. മക്കൾ പഠിക്കുവാൻ നഗരത്തിലേക്കു പോയി. വെയിൽ ഒരിക്കലും തളരുന്ന സ്ത്രീയല്ല. അവൾ വീട്ടുപറമ്പിലെ കൃഷിയും കാര്യങ്ങളും ഒക്കെ ആളെ വച്ച് ചെയ്യിച്ചു.
അമ്മ പോയതോടെ വേലക്കാരിയും അവളും ഗോപിയുടെ മകനും തനിച്ചായി. ഇടയ്ക്കിടയ്ക്ക് അമ്മ വരുന്നതാണ് ഒരു ആശ്വാസം. റബർ ഷീറ്റുകൾ വിറ്റതുക ചാക്കോ കൃത്യമായിട്ടേല്പിക്കും. തുകയെല്ലാം ബാങ്കിൽ കൊണ്ടിടുകയേ ഉള്ളൂ.
തേങ്ങാ വിറ്റും കുരുമുളകും ചുക്കും വിറ്റ് നല്ല തുക കിട്ടി. കുരുമുളകിന് അക്കാലത്ത് നല്ല വിലയുണ്ടായിരുന്നു. നാട്ടിലെ സ്കൂളിന്റെ സൗകര്യങ്ങൾ വർധിപ്പിക്കാൻ നല്ലൊരു തുക വെയിൽ കൊടുത്തു. പാവപ്പെട്ട കുട്ടികൾക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്തു. അയലത്തെ അമ്മിണിയുടെ മകന് വിദേശത്തേക്ക് ജോലിക്കു പോകാൻ സഹായം നല്കി. സ്ത്രീകൾക്കായി സ്കൂളിൽ ശനിയാഴ്ച തോറും ഒരു മോട്ടിവേഷൻ ക്ലാസ് നടത്തുന്നതിന് മുൻകൈ എടുത്തു. സ്വർണമൊക്കെ ബാങ്ക് ലോക്കറിലാണ്. അല്പം അകലെയാണെങ്കിലും എതു പ്രശ്നമുണ്ടായാലും അയൽക്കാർ ഓടിയെത്തും.
വെയിൽ മകൾ പഠിക്കുന്ന നഗരത്തിൽ ഒരു ഫ്ലാറ്റുവാങ്ങി. അവിടെ നിന്നാണ് മകൾ പഠിക്കുന്നത്. കൂടെ മറ്റൊരു പെൺകുട്ടിയുമുണ്ട്. അമ്മയോട് ഫ്ലാറ്റിലേക്ക് വരാൻ മകൾ പറയും. വാങ്ങിയ കാലത്ത് ഒരിക്കൽ പോയിരുന്നു. എന്നാൽ വെയിലിന് നാടാണ് ഇഷ്ടം.
ഇടയ്ക്ക് ജീപ്പ് കിടക്കുന്ന ഷെഡിലേക്ക് നോക്കി വെയിൽ നില്ക്കും. കാറ് മകൻ കൊണ്ടുപോയി. നാട്ടിലെ വേട്ടുവ സമുദായത്തിൽപെട്ട വാവ തെങ്ങുകേറാൻ വീട്ടിൽ വരുമായിരുന്നു. അയാളുടെ മകളുടെ കല്യാണം അയാൾ വെയിലിനെ വിളിച്ചു. വെയിൽ കല്യാണത്തിന് പോയി. കുറച്ചാളുകളെ ഉണ്ടായിരുന്നുള്ളൂ. അയൽക്കാരോക്കെ ഇല്ലെന്നു പറയാം. വെയിൽ സദ്യ കഴിച്ചിട്ടാണ് പോന്നത്. ഇത് എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞു. അത് നാട്ടിൽ വലിയ ഒരു മാറ്റമാണ് ഉണ്ടാക്കിയത്.
അക്കാലത്തുതന്നെ കേറ്ററിംഗ് പരിപാടി തുടങ്ങിയിരുന്നു. സമൂഹത്തിൽ മാറ്റങ്ങളും ജീവിത രീതികളും ഭക്ഷണസങ്കല്പങ്ങളും മാറുമ്പോൾ ജാതി കുറെയൊക്കെ ദുർബലമാകും എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ആ സംഭവം. മിശ്രവിവാഹങ്ങൾ പെരുകി. ഹോട്ടലുകൾ, ചായക്കടകൾ, സ്കൂളുകൾ ഒക്കെ ജാതിയെ കുറെ ശിഥിലമാക്കി. നാട്ടിലെ ഏറ്റവും സമ്പന്നയായ വെയിലിന് സാമൂഹ്യമാറ്റത്തിൽ വലിയ ഒരു റോളുണ്ടായിരുന്നു. അവർ പലർക്കും സഹായം ചെയ്തു. വീടുവയ്ക്കാൻ പണം കൊടുത്തു. കൊക്കോ കൃഷി കുറെക്കാലം അവർ നടത്തിയിരുന്നു. കൈതച്ചക്കയും കുറെ സ്ഥലത്തു നട്ടു. നാട്ടിലെ വെറുതെ കിടന്ന സ്ഥലങ്ങളിൽ പാട്ടത്തിന് കൃഷി ചെയ്യാൻ ഒരു കാർഷിക കൂട്ടായ്മ ഉണ്ടാക്കി. പഞ്ചായത്തിൻറെ മേൽനോട്ടവും ഉണ്ടായിരുന്നു. ജനങ്ങളുടെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും അവർ സംഭാവന ചെയ്തു.
ഇടയ്ക്ക് അവർ നാട്ടിലൂടെ ഒറ്റയ്ക്കു നടക്കും. ആളുകളുടെ വിശേഷങ്ങൾ അറിയും. ചില വീടുകളിൽ കയറി വർത്തമാനം പറഞ്ഞിരിക്കും. അവരെ കണ്ടാൽ ഇരിക്കുന്ന ആളുകൾ എണീക്കുമായിരുന്നു. ഒരു ദിവസം നടപ്പിനിടയിൽ അവർ തലകറങ്ങി വീണു. ആളുകൾ അവരെ ആശുപത്രിയിലാക്കി. പിന്നീട് വീട്ടിൽ നിന്ന് പുറത്തിറങ്ങാതായി. പുസ്തകത്തിലെ അക്ഷരങ്ങൾ തെളിയാതെ വന്നപ്പോൾ കണ്ണാടി മാറി. പറമ്പിലേക്ക് പോകുമ്പോൾ ഗോപിയുടെ മകനോ വേലക്കാരി ചേടത്തിയോ കൂടെയുണ്ടാകും. അമ്മിണി വന്നാൽ പലതും പറഞ്ഞിരിക്കും. ഇടയ്ക്കവർ പോളിനെയും വല്യച്ചനെയും ഓർക്കും. അവരൊക്കെ ജീവിച്ചിരുപ്പുണ്ടെന്ന് അവർക്കു തോന്നും. അപ്പോൾ കണ്ണുനിറയും.
▮
അധ്യായം 16
മകൻ പോൾസൺ അമേരിക്കയിലേക്ക് എഞ്ചിനീയറായി ജോലിക്കുപോയി. അവൻ ഒരു ദിവസം ഒരു ഫ്രഞ്ചുകാരിയുമായി വീട്ടിലെത്തി. ഴാങ് എന്നായിരുന്നു അവളുടെ പേര്. Jean എന്ന് എഴുതും. കൂടെ ജോലി ചെയ്യുന്ന എഞ്ചിനീയർ ആണ്. അവർ വിവാഹിതരായിരുന്നു. അക്കാര്യം അമ്മയെ അറിയിച്ചിട്ടുണ്ടായിരുന്നു. ആ സ്വർണമുടിക്കാരിക്ക് ഉഷയെ ഇഷ്ടമായി. മകനും ഭാര്യയും കാറിൽ നാടു ചുറ്റാൻ പോയി. കുന്നിൽ മുകളിലും പാടത്തും പോയി. തോട്ടിൽ ഇരുവരും കുളിച്ചു. വെയിൽ മരുമകൾക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കിക്കൊടുത്തു. ഇത്രയും സമ്പന്നനാണ് പോൾസൺ എന്ന് ആ പെൺകുട്ടി അറിഞ്ഞിരുന്നില്ല. അമേരിക്കയിൽ ഒരു നഗരജീവി മാത്രമായിരുന്നു ആ ഫ്രഞ്ചുകാരി. അവളുടെ വേരുകൾ ഫ്രാൻസിലാണ്. അവിടെ ഒരു ഗ്രാമത്തിലാണ് ആ കുട്ടിയുടെ ബാല്യം കഴിച്ചു കൂട്ടിയത്. ഇടയ്ക്ക് വെയിലിന്റെ മകളും വീട്ടിൽ വന്നിരുന്നു. അവൾക്കും സഹോദരന്റെ ഭാര്യയെ ഇഷ്ടമായി. അവർ ഒരു മാസത്തെ അവധി കഴിഞ്ഞ് യാത്രയായി. വെയിൽ കണ്ണീരോടെ അവരെ യാത്രയയച്ചു.
മകൾ ഡോക്ടറായി. നഗരത്തിലെ ഒരു വലിയ ഹോസ്പിറ്റലിലെ ഹാർട്ടിന്റെ ഡോക്ടറാണ്. അവൾ കൂടെ പഠിച്ച ഒരു തമിഴ് ദലിത് വിഭാഗത്തിൽപ്പെട്ട ഒരു യുവ ഡോക്ടറുമായി പ്രണയത്തിലായിരുന്നു. അമ്മയോട് അവൾ ആ വിവരം പറഞ്ഞു. ഒരു ദിവസം അവൾ ആ യുവാവിനെയും കൂട്ടി വീട്ടിൽ വന്നു. ഇരുണ്ട നിറക്കാരൻ സുന്ദരനായിരുന്നു. ശേഖർ എന്നായിരുന്നു അയാളുടെ പേര്. മകളും ശേഖറും കൂടി ഊരുചുറ്റാൻ പോയി. അവർ നടന്നാണ് പോയത്. കുടയും ചൂടിയുള്ള അവരുടെ പോക്ക് വെയിൽ നോക്കിനിന്നു.
വെയിൽ ഇക്കാലം കൊണ്ട് ധാരാളം പുസ്തകങ്ങൾ വായിക്കുകയുണ്ടായി. ലോക സാഹിത്യത്തിലെയും ഇന്ത്യൻ - മലയാള സാഹിതൃത്തിലേയും ധാരാളം കൃതികൾ. സ്വന്തമായി ഇംഗ്ലീഷ് സംസാരിക്കാനും അവർക്ക് കഴിയും.
വെയിൽ ഓർക്കുകയാണ്, പോളിന്റെ കൂടെയുള്ള ജീവിതമാണ് തന്നെ ഈ നിലയിലെത്തിച്ചത്. തങ്ങൾ ആദ്യം കണ്ടുമുട്ടിയ ചന്തയും ജീപ്പു യാത്രകളും ഒക്കെ വെയിൽ ഓർക്കും. മക്കൾ ഓരോ നിലയിലുമായി. ഇനി എനിക്ക് വിശ്രമിക്കാം. അമ്മയെ നോക്കണം. മാറുന്ന കാലമനുസരിച്ച് ജീവിതത്തിന്റെ വ്യാകരണവും മാറും. മാറുന്ന ലോകത്തെ വല്യച്ചനും പോളേട്ടനും മനസിലാക്കാൻ കഴിഞ്ഞു. പറമ്പിലെ പുല്ലിൽ ധാരാളം പേരയ്ക്കകൾ വീണു കിടപ്പുണ്ട്. അതിൽ കൊള്ളാവുന്നതൊക്കെ വെയിൽ പെറുക്കി ഒരു പ്ലാസ്റ്റിക് കൊട്ടയിൽ വച്ചു. പേരയ്ക്കയുടെ സുഗന്ധം ആ വീട്ടിൽ നിറഞ്ഞു.
ഒരു ചൂരൽ കസേരയിൽ കിടന്ന് വെയിൽ തന്റെ മക്കളെക്കുറിച്ചോർത്തു. അവരിനി ഇവിടെ ജീവിക്കാൻ ഇടയ്ക്കുമാത്രമേ വരികയുള്ളൂ. അവർ മറ്റിടങ്ങളിലേക്കു പറിച്ചുനടപ്പെട്ടു. റബർ തോട്ടം വിറ്റ് തുക രണ്ടു പേർക്കുമായി വീതിക്കാം എന്ന് വെയിൽ മക്കളോട് പറഞ്ഞു.
അതൊക്കെ അവിടെ കിടക്കട്ടെ അമ്മേ, ചാക്കോയ്ക്കും കുടുംബത്തിനും ഒരാശ്രയമല്ലേ, അവിടെ ഒരോർമ്മയായി അത് കിടക്കട്ടെ. അങ്ങനെ ഓർമ്മയായി ആ സ്ഥലം നിലനിർത്തപ്പെട്ടു.
പിന്നീട് വീടിരിക്കുന്ന സ്ഥലത്തെക്കുറിച്ച് അമ്മ അവരോടൊന്നും പറഞ്ഞില്ല.
അമ്മ എന്തിനാണ് തിടുക്കം കൂട്ടുന്നത്, ഞങ്ങൾ ഇങ്ങോട്ട് വരില്ലേ? പോൾസൺ പറഞ്ഞു: അമ്മയുടെ കൂടെ ജീവിച്ച് എന്റെ കൊതി തീർന്നില്ല. ഞങ്ങൾ അടുത്ത അവധിക്കുവരും. അമ്മ നാട്ടുകാര്യം ഒക്കെ നോക്കി സന്തോഷത്തോടെ ഇരിക്കുക.
വെയിൽ വീട്ടിരിക്കുന്നിടത്തെ സ്ഥലത്തെല്ലാം ഓടി നടന്നു. പച്ചപ്പുകളിൽ അത് മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു ചുബിച്ചു. മുറ്റത്തുനിന്ന ഇലഞ്ഞിയിൽ നക്ഷത്രപ്പൂക്കൾ നിറഞ്ഞിരുന്നു. ശീമക്കൊന്നകളിൽ വയലറ്റു പൂക്കൾ. ഇലഞ്ഞിയുടെ തിങ്ങിനിറഞ്ഞ ഇലകൾക്കിടയിൽ വെയിലിന് നൂണുകയറാൻ കഴിഞ്ഞില്ല. പിന്നെ അപരാഹ്നത്തിൽ അവൾ ചാരുകസേരയിൽ ഇരുന്നു. ആങ്ങളയുടെ മകന് താൻ വായിച്ച ഇഡിയറ്റ് എന്ന നോവലിന്റെ കഥ പറഞ്ഞു കൊടുത്തു. അവൻ ഇംഗ്ലീഷ് ബി. എയ്ക്ക് പഠിക്കുന്നു. താൻ വായിച്ച ഫ്രഞ്ച് - റഷ്യൻ നോവലുകളുടെ കഥകൾ വെയിൽ അവന് ഇടയ്ക്ക് പറഞ്ഞുകൊടുക്കും. അമ്മായി ഈ പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ടുണ്ടല്ലോ എന്നോർത്ത് അവന് അത്ഭുതം തോന്നി. അവൻ ഇംഗ്ലീഷിൽ ചെറുകഥകൾ എഴുതുമായിരുന്നു. കോളേജിലെ അറിയപ്പെടുന്ന ഒരു കഥാകൃത്താണ്. പഠിക്കാനും അതിമിടുക്കനാണ്.
ആയിടെ അയ്യങ്കാളിയുടെ ഓർമദിനത്തിന് നാട്ടിലെ ദലിതർ മുഖ്യാതിഥിയായി വച്ചത് വെയിലിനെയായിരുന്നു. തനിക്ക് വരാനിഷ്ടമാണെന്നും പക്ഷേ പ്രായമൊക്കെ ആയതിനാൽ അല്പം പ്രയാസമാണെന്നും വെയിൽ അവരോടു പറഞ്ഞു. അവർ കാറിൽ വന്നു കൊണ്ടു പോകാമെന്നും തിരിച്ചധികം താമസിക്കാതെ പോരാമെന്നും പറഞ്ഞപ്പോൾ വെയിൽ പോയി. വൃദ്ധരെ ആദരിക്കുന്ന പരിപാടിയും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവാർഡുതുക നല്കുന്ന പരിപാടിയും ഉണ്ടായിരുന്നു.
വെയിൽ ആ കുട്ടികൾക്കെല്ലാം ആയിരം രൂപ വീതം നല്കി.
‘‘നിങ്ങൾ എന്റെ ഭർത്താവായ പോളിനേയും ഞങ്ങളുടെ വല്യച്ചനേയും ഒക്കെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം. അവരുടെ കൂടെ ജീവിച്ചതുകൊണ്ടാണ് നിങ്ങളുടെ ഈ പരിപാടിക്ക് നിങ്ങൾ എന്നെ ക്ഷണിച്ചത് എന്നെനിക്കറിയാം. എന്റെ ജീവിതം നിങ്ങൾക്കെല്ലാം അറിയാം. എന്റെ ചെറിയ ജീവിതത്തിൽ നിങ്ങളുടെ സ്നേഹം നേടാൻ എനിക്കു കഴിഞ്ഞു. ഭൂമിയെ, മണ്ണിനെ സ്നേഹിക്കാൻ ഞാൻ പഠിച്ചത് എന്റെ പോളേട്ടനിൽ നിന്നും വല്യച്ചനിൽ നിന്നുമാണ്. അവർ കർഷകരായിരുന്നു. നിങ്ങളെ അവർ സ്നേഹിച്ചിരുന്നു എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. മഹാത്മാവായ അയ്യങ്കാളിയെപ്പറ്റി ഞാൻ ധാരാളം വായിച്ചിട്ടുണ്ട്. ഒരു കൊല്ലക്കാലം നീണ്ടുനിന്ന ആദ്യത്തെ കർഷക സമരം നയിച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹം വലിയൊരു സാമൂഹ്യമാറ്റത്തിന് കാരണമായി. അദ്ദേഹം ദലിത് സമൂഹത്തെ വിദ്യാസമ്പന്നരാകാൻ ഉദ്ബോധിപ്പിച്ചു. അത്തരത്തിൽ ഒരു പാട് പേർക്ക് ഇപ്പോൾ വിദ്യ നേടാൻ കഴിഞ്ഞു. ഇവിടെ വരാനും ഏതാനും വാക്കുകൾ പറയാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവർ പെട്ടെന്ന് പ്രസംഗം അവസാനിപ്പിച്ചു. ആളുകൾ അവരുടെ പ്രസംഗം കേട്ട് ഇളകിമറിഞ്ഞു. പോകാൻ നേരം ധാരാളം സ്ത്രീകൾ അവർക്കു ചുറ്റും കൂടി. കുട്ടികളെ അവർ തന്നോട് ചേർത്തുനിർത്തി. അപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്ന് മുഖം തുടച്ച് അവർ കാറിൽ മടങ്ങി. അന്ന് രാത്രി അവർ ഉറങ്ങിയില്ല.
▮
അധ്യായം 17
വേനൽക്കാലം. വെയിൽ അല്പം കഠിനമാണ്.
അത് പച്ചക്കായ്കളെ പഴുപ്പിക്കുന്നു. തോടുകളെ നക്കിത്തുടയ്ക്കുന്നു. പച്ചഇലകളെ പഴുപ്പിച്ച് കാറ്റുമായി ഒത്തുകൂടി അടർത്തിയിടുന്നു. അങ്ങനെ പറമ്പുകളിൽ കരികില കൂമ്പാരം കൂടുന്നു. പറക്കുന്ന കരിയിലകൾ പോലെ കരിയിലാംപിടകൾ കലപില ചിലച്ചുകൊണ്ട് ചെറുമരങ്ങളിലും ചെടികളിലും ചുറ്റി കൂട്ടമായി അകന്നകന്നു പോകുന്നു. സ്പൂണിങ് എന്നൊരു പക്ഷി ശബ്ദിക്കുന്നു. സന്ധ്യയ്ക്ക് ഇങ്ഹോ എന്നൊരു പക്ഷി പാടുന്നു. അപ്പൂപ്പൻ താടികൾ പറന്നുവരുന്നു. വെയിലിന്റെ മീൻകുളത്തിന് മീതേ ഒരു പൊൻമാൻ തപസിരിക്കുന്നു. ഉയരെ കൊന്നത്തെങ്ങുകളിൽ വിളഞ്ഞുണങ്ങുന്ന തേങ്ങകൾ. തണൽ മരങ്ങൾ, കാടുകൾ ധാരാളമുളളതിനാൽ വേനൽ അത്രയൊന്നും ഗ്രാമത്തെ ബാധിക്കുകയില്ല.
നാട്ടിലെ ഉറവകൾ എങ്ങോട്ടൊക്കെയോ ഒളിച്ചോടുകയാണ്. എങ്കിലും കൽക്കൂട്ടങ്ങളിലെ കുഴികളിലും മറ്റും തട്ടിവിഴുന്നു. വെയിൽ കുറെ കൊപ്രാ തേങ്ങകൾ ഉണക്കാനായി മുറ്റത്ത് ഇട്ടിട്ടുണ്ട്. അവൾ ആരെയൊക്കെയോ കാത്തിരിക്കുന്ന മുഖഭാവത്തോടെ സിറ്റൗട്ടിൽ ഇരിക്കുകയാണ്. ഉഷസിനെയും ഭർത്താവിനെയും കാത്തിരിക്കുകയാണ്. പോൾസണും ഭാര്യയും ക്രിസ്തുമസിനേ വരൂ. ഗോപിയുടെ മകൻ വീട്ടിലേക്ക് രാവിലെ പോയി. വേലക്കാരിയും വെയിലും മാത്രമേ വീട്ടിലുള്ളു. അങ്ങനെ കാത്തിരുന്നു കാത്തിരുന്ന് വെയിൽ മങ്ങി. വെയിൽ ഇരുന്ന് ഉറങ്ങിപ്പോയി.
കോളിങ് ബെൽ മുഴങ്ങിയതുകേട്ട് വെയിൽ ഉണർന്നു. കഴുത്തിൽ വിയർപ്പുണ്ട്.
ദാ അവരെത്തിയല്ലോ, സന്തോഷത്തോടെ കതകുതുറന്നവൾ മുറ്റത്തേക്ക് നോക്കി. ഉഷസും ഭർത്താവും എത്തിയിരിക്കുന്നു.
വെയിൽ തൂവിക്കൊണ്ട് അവൾ എണീറ്റു ചെന്ന് മക്കളെ സ്വീകരിച്ചു. അവർ ടൂറിസ്റ്റ് ടാക്സിയിലാണ് വന്നത്. വെയിൽ മകളെ കെട്ടിപ്പിടിച്ചു. ശേഖർ കാറ് പറഞ്ഞുവിട്ടു. എന്നിട്ട് പെട്ടിയെല്ലാം എടുത്തു മുറിയിൽ വച്ചു. വെയിൽ തന്നെ അടുക്കളയിലെത്തി മക്കൾക്ക് ചായയും പലഹാരവും കൊണ്ടു കൊടുത്തു. വേലക്കാരിയും അവരെ കാണാൻ വന്നു. വെയിൽ ശേഖറിന്റെ വീട്ടുവിശേഷങ്ങൾ ചോദിച്ചു. മക്കൾ വലിയ സൂട് കേസുകൾ കൊണ്ടുവന്നിരുന്നു. അമ്മയ്ക്ക് സാരി, പെർഫ്യും, ഒരു തോൽ പേഴ്സ്, പിന്നെയും ധാരാളം സാധനങ്ങൾ. ഗോപിക്ക് ഷർട്ട്, ലാപ് ടോപ്പ്, വേലക്കാരിക്ക് ഡ്രസുകൾ. ധാരാളം പലഹാരങ്ങൾ. വെയിൽ മകളുടെ മുഖം അല്പം വിളറിയതായി കണ്ടു. അവൾ മകളുടെ വയറിലേക്ക് നോക്കി. മകൾ അമ്മയെ നോക്കി ചിരിച്ചു. രാത്രി ഏറെ വൈകുവോളം അവർ സിറ്റൗട്ടിലിരുന്നു സംസാരിച്ചു കൊണ്ടിരുന്നു.
മകൾ അമ്മയുടെ മടിയിൽ കിടന്നുകൊണ്ടാണ് സംസാരിച്ചത്. മകൾ ഇനി പ്രസവം കഴിഞ്ഞേ പോകുന്നുള്ളു. ശേഖർ രണ്ടുദിവസം കഴിഞ്ഞ് മടങ്ങും. ഇവൾക്ക് അമ്മയെ കെട്ടിപ്പിടിച്ച് കിടക്കണമെന്നാണ് എപ്പോഴും പറയുന്നത്. ഇനി കിടക്കാമല്ലോ, ശേഖർ പറഞ്ഞു.
അതു കേട്ടപ്പോൾ ഉഷസ് കിടന്നുകൊണ്ട് അമ്മയെ വട്ടം പിടിച്ചു. ഇവൾക്ക് ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല, വെയിൽ പറഞ്ഞു.
പിറ്റേന്ന് രാവിലെ ചക്ക വേവിച്ചതും പോത്തിറച്ചിക്കറിയും ആയിരുന്നു. ശേഖർ ആദ്യമായിട്ടാണ് അത്തരം ഭക്ഷണം കഴിക്കുന്നത്. അയാൾക്ക് അത് വളരെ ഇഷ്ടപ്പെട്ടു. ഉച്ചയ്ക്കുമുൻപ് പേരയ്ക്കയും റെമ്പുട്ടാനും പറിച്ചെടുക്കുന്നതിൽ ശേഖറും ഉഷസും വ്യാപൃതരായി. വെയിൽ ഭക്ഷണമുണ്ടാക്കുന്നതിൽ വേലക്കാരിയെ സഹായിച്ചു. അന്നുരാത്രി അവർ മിറ്റത്താണ് ഇരുന്നത്. വീട്ടിലെ ലൈറ്റെല്ലാം കെടുത്തിയിട്ട് ഒരു റാന്തൽ വിളക്കു വെട്ടത്തിലിരുന്ന് അവർ പേരയ്ക്കയും റെമ്പുട്ടാനും കഴിച്ചു കൊണ്ടിരുന്നു. ഉഷസ് ഒരു ഹിന്ദി പാട്ടുപാടി. പിന്നെ ഉഷസിന്റെ പ്രസവത്തെക്കുറിച്ച് സംസാരിച്ചു. അടുത്ത ദിവസം വൈകുന്നേരം അവർ അവർ ജീപ്പിൽ കുന്നിൽപുറത്തുപോയി. അവിടത്തെ വീടുകളിൽ പോയി വർത്തമാനം പറഞ്ഞിരുന്നു. അവർക്ക് വെളളത്തിന്റെ പ്രശ്നമുണ്ടെന്നവർ പറഞ്ഞു. താഴെ നിന്നെവിടെനിന്നെങ്കിലും വെള്ള മെടുക്കാൻ ഒരു കിണർ കുഴിച്ച് മോട്ടർ വച്ച് വെള്ളം വീടുകളിൽ എത്തിക്കാനുള്ള ഒരു പദ്ധതി നമുക്കുണ്ടാക്കാമെന്ന് വെയിൽ പറഞ്ഞു. അതിന്റെ കാര്യങ്ങളൊക്കെ വെയിലും അവിടത്തെ വീട്ടുകാരും ഉഷസും ശേഖറും കൂടിയിരുന്ന് ആലോചിച്ചു. അതിനുള്ള തുക ഏകദേശം കണക്കുകൂട്ടി.
പണം മുഴുവനും ഞങ്ങൾ മുടക്കും, നിങ്ങൾ കാര്യങ്ങൾ നടത്തിക്കൊള്ളുക- വെയിൽ പറഞ്ഞു.
കാര്യങ്ങൾ നടത്തുവാൻ ചിലരെ ചുമതലപ്പെടുത്തി.
അവിടത്തെ കുട്ടികൾ ഓടിവന്ന് വെയിലിന്റെ കയ്യിൽ പിടിച്ചു. അവൾ അവരെ മാറോടണച്ചു. അവർക്ക് മുട്ടായിയും പലഹാരങ്ങളും ഉഷസു കൊടുത്തു. പത്താം ക്ലാസിൽ നല്ല മാർക്കു വാങ്ങി ജയിച്ച ഒരു പെൺകുട്ടിക്ക് ആയിരം രൂപ ഉഷസു കൊടുത്തു. പഠിച്ച് മിടുക്കിയാകണം കേട്ടോ, ഉഷസു പറഞ്ഞു. പിന്നീട് അവർ പാറക്കട്ടങ്ങൾക്കിടയിൽ ഇരുന്നു. ഉഷസും ശേഖറും ഫോട്ടോയെടുത്തു കൊണ്ട് അല്പം ദൂരേക്കുപോയി.
വെയിൽ പോളിനെക്കുറിച്ചോർത്തു. പോൾ തന്നെ ആദ്യമായി ചുംബിച്ചതോർത്തു കണ്ണുനീർ വന്നു. താൻ ചുംബിക്കാൻ സമ്മതിച്ചില്ലല്ലോ എന്നോർത്തപ്പോൾ കരച്ചിൽവന്നു. പെട്ടെന്നവൾക്ക് ഒരു ക്ഷീണവും നെഞ്ചുവേദനയും തോന്നി. മക്കളെ വിളിക്കാനായി പലതവണ ആഞ്ഞതാണ്. പക്ഷേ ശബ്ദം പുറത്തുവന്നില്ല. അവരാകട്ടെ ദൂരെയുമാണ്. റബർ തോട്ടത്തിലെമ്പാടും ഇരുൾ പരന്നു. അല്പം വെയിൽ മാത്രം ബാക്കിയായി. അതും പിന്നെ മാഞ്ഞുപോയി.
(അവസാനിച്ചു)